mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 18

സീൻ 31
പകൽ, മണ്ണഞ്ചേരി ചന്ത

അധികം തിരക്കില്ലാത്ത മാംസക്കടകൾ. തോടിനരികെ അറവുമാടുകൾ നിൽക്കുന്ന പ്രദേശം. ഒരു പോത്തിനരികെ നിൽക്കുന്ന ചോട്ടുവും ഇബ്രാഹിമും.  ചോട്ടു പതിവുപോലെ പോത്തിന്റെ പുറത്ത് പേരെഴുതാൻ തുടങ്ങുംബോൾ സംശയത്തിൽ ഇബ്രാഹിമിനെ നോക്കി,

ചോട്ടു : അത്തറന്നല്ലേ ഇക്കാ പേര് .

ഇബ്രാഹിം : അ.ത്ത..ർ...


ചിരിച്ച് കൊണ്ട്,
ചോട്ടു : ഇത്താ വേണമല്ലേ. ഇക്ക.

ഇബ്രാഹിം : ഒന്നെഴുതി തൊല. പരീക്ഷയൊന്നുമല്ലലോ.

ചോട്ടൂ : പരീക്ഷയൊക്കെ പാസ്സായാൽ ഞാനീപ്പണിക്ക് വരുമോ ഇക്കാ.

അവൻ ഹിന്ദി മയത്തിൽ   ചിരിച്ചുകൊണ്ട് പറഞ്ഞ്  ബ്രഷ് പെയ്ന്റ്  ബക്കറ്റിൽ മുക്കി  എഴുതാൻ തുടങ്ങുന്നു.ഇബ്രാഹിം അത് നോക്കി തിരിയുംബോൾ നടന്നടുത്തെത്തിയ ബഷീറിനെ കാണുന്നു.

ഇബ്രാഹിം : ബഷീറേ ....നീയാവഴി പോയെന്നാ ഞാൻ കരുതിയേ.

ബഷീർ : എന്റെ അയ്യായിരം പോകില്ലേയിക്ക

ഇബ്രാഹിം : എന്നിട്ടിപ്പോ ബാക്കിയുണ്ടോ കയ്യില്. ഇടക്കുരുവിനെ എടുക്കാനും കണ്ടില്ല

ബഷീർ : ഞങ്ങള് കൊച്ചു കച്ചവടക്കാര് മൂന്നുപേര് ചേർന്ന് അത്തറിനോട് പകുത്ത് മേടിച്ചു.

ഇബ്രാഹിം : ഓന്റെ ഉരുവായിത്.

ചോട്ടു എഴുതുന്ന പോത്തിനെ ചൂണ്ടി അയാൾ പറഞ്ഞു.അവർ നോക്കുംബോൾ ചോട്ടു പോത്തിന്റെ പുറത്ത് അണ്ടർ എന്നെഴുതിയിരിക്കുന്നത് കാണുന്നു.അവരെ നോക്കി,

ചോട്ടു : ശരിയല്ലേ ഇക്കാ.

അവന്റെ എഴുത്ത് നോക്കിക്കൊണ്ട് ബഷീർ അണ്ടർ വെയറിന്റെ പോക്കറ്റിൽ നിന്നും ഒരു കെട്ടു നോട്ടെടുത്ത് ഇബ്രാഹിമിനു നീട്ടുന്നു. ഇബ്രാഹിം  അതു വങ്ങി എണ്ണി നോക്കുന്നു.. ചോട്ടുവിനെ തിരുത്തി,

ബഷീർ : എടാ ഇത് അണ്ടിയുടെ ഇണ്ടായാ. അത്തർ .    തത്തയുടെ  ത്ത യാ  വേണ്ടത്.

ചോട്ടു : ഓ മനസ്സിലായി.ഞാനെഴുതാം.

അവൻ ബ്രഷുകൊണ്ട്  “ ണ്ട “ ത്ത ആയി മാറ്റുന്നു. ഇബ്രാഹിം നോട്ടെണ്ണുന്നത് കണ്ട് ,

ബഷീർ : എണ്ണാനൊന്നുമില്ല ഇക്കാ.നാല്പത്തഞ്ചുണ്ട്. ബാങ്കീന്നു കിട്ടിയതാ.

ഒന്നു സംശയിച്ച് എണ്ണൽ നിർത്തി  കാശ് പോക്കറ്റിലിട്ട്,

ഇബ്രാഹിം : അപ്പോ അയിന് പുല്ലും വെള്ളോം ഞാൻ ഫ്രീ ആയിട്ട് കൊടുത്തെന്ന് വെക്കണം.

ബഷീർ : എന്റെ ഇക്കാ ഇങ്ങനെ എച്ചിത്തരം പറയാതെ.

ഇബ്രാഹിം : എച്ചിത്തരം നിനക്ക് കാണിക്കാം.ഞാൻ പറയുന്നതാ കുഴപ്പം.അല്ല നിനക്ക് ബാങ്ക് ബാലൻസൊക്കെയുണ്ടെങ്കിൽ  സക്കറിയാ ബസാറില് ഒരു മുറിയെടുത്ത് കച്ചോടം തുടങ്ങിക്കൂടെ.

ബഷീർ : വീട് പണി കഴിയട്ടെ ഇക്കാ.

ഇബ്രാഹിം : ചെയ്താ നിനക്കു കൊള്ളാം.

അവരെ നോക്കി ചിരിച്ചു കൊണ്ട്,

ചോട്ടു : ഇപ്പ ശരിയായ ഇക്കാ.

എരുമയുടെ പുറത്ത് അത്തർ എന്ന് മലയാളത്തിലും ഹിന്ദിയിലും എഴുതിയിരിക്കുന്നു.അത് കണ്ട്,

ബഷീർ : ഇപ്പ ശരിയായി.

ഇബ്രാഹിമും അതു കണ്ട് ചിരിക്കുന്നു.

കട്ട്


സീൻ 32
പകൽ, തിരക്ക് കുറഞ്ഞ ഒരു ടാറിട്ട റോഡ്

ക്രിസ്ത്യൻ ശവസംസ്ക്കാരത്തിന് വായിക്കുന്ന ബാന്റ് വായന ദൃശ്യമാരംഭിക്കുംബോൾ ദൂരെ നിന്നും കേൾക്കാം. റോഡിന്റെ സൈഡിലൂടെ പോത്തിനെ നടത്തി കൊണ്ട് വരുന്ന ബഷീർ. പതിയെ നടക്കുന്ന അതിനെ ബഷീർ പത്തലുകൊണ്ട് ഇടക്കിടെ അടിക്കുന്നുണ്ട്. ബഷീറിന്റെ മുഖം വലിഞ്ഞു മുറുകിയിരികുകയാണ്.  ബഷീറിന്റെ ചിന്തയിൽ  അനുമോനെവിടെയാണെന്ന് എനിക്കറിയാമെന്ന്  എമ്മാനുവേൽ പറയുന്ന രംഗമാണ് ഇപ്പോൾ. പോത്തിനെ  അടിച്ച് നടത്തിക്കൊണ്ടു വരുന്ന ബഷീർ കുറച്ച് ദൂരം പിന്നിട്ടിരുന്നു. ബാന്റ് വായനയോടെ ശവമഞ്ച വണ്ടിയിൽ വിലാപ യാത്ര എതിരെ പോകുന്നു. കണ്ണീരു വീണ പോത്തിന്റ്റെ മുഖവും ശവമഞ്ചത്തിലുള്ള പരേതന്റെ മുഖവും ദൃശ്യത്തിൽ മാറി മാറി വരുനു. അമർഷത്തിൽ ബഷീർ പോത്തിനെ നടത്തിക്കൊണ്ട് വരുന്ന ദൃശ്യത്തിൽ അകന്നു പോകുന്ന വിലാപയാത്രയും ബാന്റ് വായനയും.

കട്ട്


സീൻ 33
വൈകുന്നേരം, രജിതയുടെ വീടിനടുത്തുള്ള കരിയും തെങ്ങും പ്രദേശവും

ഒരു ഭാഗത്തുള്ള വെളിപ്രദേശത്ത് 8 – 15 വയസ്സ് പ്രായമുള്ള കുട്ടികളോടൊപ്പം കബഡി കളിക്കുന്ന എമ്മാനുവേൽ. കബഡികളി ആവേശത്തോടെ മുന്നേറുകയാണ്.

കട്ട് റ്റു


കരിയിൽ താറാക്കൂട്ടത്തെ ഇറക്കി മുട്ടിനു താഴെ വെള്ളത്തിൽ നിന്ന് അവറ്റകളെ നിയന്ത്രിക്കുന്ന തങ്കൻ. കരയിലെ ഒരു ചെറിയ കരിങ്കലിലിരുന്ന് അരലിറ്ററിന്റെ കുപ്പിയിൽ നിന്നും മദ്യം രണ്ട് ഡിസ്പോസിബിൾ ഗ്ലാസുകളിലേക്ക് ഒഴിച്ച് മിനറൽ വാട്ടർ ഒഴിച്ച് ലയിപ്പിക്കുന്ന വിജയൻ പിന്നിൽ നിന്ന് പോത്തിനെ  തെങ്ങിൽ കെട്ടി പുല്ലിട്ടു കൊടുക്കുന്ന ബഷീറിനെയും ദൃശ്യത്തിൽ കാണാം. ബഷീർ എന്തോ പറഞ്ഞ് പോത്തിനെ  തല്ലുന്നുണ്ട്. മദ്യം വലിച്ചു കുടിക്കുന്ന വിജയൻ പോത്തിന്റ്റെ കരച്ചിൽ  കേട്ട് നെ റ്റി ചുളിച്ച് ഒരു വട്ടം അതിനെ നോക്കി, ഗ്ലാസ്സ് കാലിയാക്കി ശ്വാസം വിടുന്നു. 
കരിയിലേക്ക് നോക്കി,

വിജയൻ : ഇങ്ങനെ പോയാൽ പെരുന്നാളിനു മുന്നേ പോത്തിന്റ്റെ കഥ കഴിയും. തങ്കച്ചായാ വാ വന്നൊരെണ്ണം കീറീട്ട് പോ ..

അതുകേട്ട്,

തങ്കൻ: ദാ.വരണ്.

തങ്കൻ കരിയിൽ നിന്നും കരയിലേക്ക് കയറുന്നു. വിജയനരികിലെത്തിക്കൊണ്ട് ,

തങ്കൻ : തല്ലി തല്ലി ബഷീറ് പോത്തിനെ തീർക്കുമെന്ന തോന്നണത്. 

മദ്യ ഗ്ലാസ് തങ്കന് നീട്ടി,

വിജയൻ : ഇവനിതെന്തിന്റ്റെ കുത്തിക്കഴപ്പാ.

മദ്യം അകത്താക്കുന്ന തങ്കന് കരിങ്കല്ലിൽ ചെറിയ ഇലയിൽ വെച്ചിരുന്ന അച്ചാറു കൊടുത്ത് , കബഡി കളിക്കുന്ന എമ്മാനുവേലിനെ നോക്കി,

വിജയൻ : തങ്കച്ചായാ..കർത്താവീ നാട്ടില് വന്നത് കബഡി കളിക്കാനോ ചരിത്രം പഠിക്കാനോ?.

എമ്മാനുവേലിന്റെ കബഡി കളി ശ്രദ്ധിച്ച് അനിഷ്ടത്തിൽ  അവരുടെ അരികിലെത്തി നിന്ന,

ബഷീർ : അവൻ വന്നിരിക്കുന്നത് ചരിത്രം പഠിക്കാനല്ല..

വീടിന്റെ മുറ്റത്ത് അയയിൽ തുണി വിരിക്കുന്ന രജിതയെ ചൂണ്ടി തുടരുന്ന,

ബഷീർ : ദാ.അവളുടെ  മോന്റെ കഥയെഴുതാനാ.

കാര്യം മനസ്സിലാക്കാതെ രജിതയെ നോക്കിയിട്ട്,

തങ്കൻ : കഥയെഴുതാനോ.എന്ത് കഥ. ?

ബഷീർ : അനുമോനെ കാണാതായതിനെകുറിച്ചുള്ള  അന്വേഷണ കഥ.

വിജയൻ : എന്തു വട്ടാ.ആ ചെറുക്കനെ ആരോ പിടിച്ചുകൊണ്ട് പോയി.ക്രൈംബ്രാഞ്ചും  പോലീസും അന്വേഷിച്ച് പിടി കിട്ടിയില്ല. പിന്നെന്തുണ്ടാക്കാനാ..ഓ സിനിമ പിടിക്കാനായിരിക്കും.

തങ്കൻ : ബഷീറേ നീയിതെങ്ങനെ അറിഞ്ഞു ?

ബഷീർ : അവൻ രാവിലെ പറഞ്ഞതാ.അവന് അനുമോനെവിടെയാണെന്ന് അറിയാമെന്ന്.

തങ്കനും വിജയനും  സംശയത്തോടെ  പരസ്പരം നോക്കുന്നു. കബഡി കളി ആവേശത്തിലാണ്. അത് നോക്കി,

വിജയൻ : കർത്താവ് ആന്വേഷിച്ച് കണ്ടുപിടിക്കട്ടെ. അനുമോനെവിടെയാണെന്ന് അറിയാൻ പറ്റുമല്ലോ.

കുട്ടികളുമായി വളരെ ഇടപഴകി കളിക്കുന്ന എമ്മാനുവേലിനെ നോക്കിയിട്ട്,

ബഷിർ : തങ്കച്ചായാ ഇവനേതാന്നു വല്ല ബോധോമുണ്ടായിട്ടാണോ വീട്ടീ കേറ്റി താമസീപ്പിച്ചത് ?

തങ്കൻ : അതിപ്പോ‍ മെംബറിന് അറിയാവുന്നതല്ലേ. പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ .

ഒരു ഗ്ലാസിൽ മദ്യം ഒഴിച്ച് ,

വിജയൻ : ആ..അതു ശരിയാ.

ബഷീർ : ദാ.അതു കണ്ടില്ലേ പിള്ളേരുമായിട്ടുള്ള അവന്റെ കുത്തിമറി.

കബഡി കളി നോക്കി പറഞ്ഞ  ബഷീറിനു    വെള്ളമൊഴിച്ച  മദ്യ ഗ്ലാസ്സ്  നീട്ടി,

വിജയൻ : ദാ...ഇതു പിടി.

മദ്യം വാങ്ങി കുടിക്കുന്ന ബഷീർ. കെട്ടി മറിയുന്ന കുഞ്ഞനേയും എമ്മനുവേലിനേയും മറ്റു രണ്ട് കുട്ടികളേയും നോക്കി,

തങ്കൻ : എടാ അതു നമ്മുടെ കുഞ്ഞനല്ലേ.

ഗ്ലാസ് തിരികെ നൽകി,

ബഷീർ : കുഞ്ഞനായാലും കു***യായാലും പിള്ളേരല്ലേ.

ധൃതിയിൽ കബഡി കളി ശ്രദ്ധിച്ച് ദേഷ്യത്തിൽ അവരുടെ അടുത്തേക്ക് വരുന്ന,

രജിത : നിങ്ങൾക്കൊക്കെ എന്തിന്റെ കേടാ. എവിടുന്നോ വന്ന വരത്തനെ എട്ടും പൊട്ടും തിരിയാത്ത പിള്ളേരോടൊപ്പം കബഡി കളിക്കാൻ വിട്ടിരിക്കുന്നു

വിജയൻ : കുഞ്ഞനും നമ്മുടെ   പിള്ളേരുമല്ലേ. ആഭാസക്കളിയൊന്നുമല്ലല്ലോ.

രജിത :  കണ്ടാ ആ നാറി, പിള്ളേരുടെ  ചന്തിക്കും മൊലേലുമൊകെ പിടിക്കണ പിടുത്തം.

തങ്കൻ : കളിയല്ലേ

ബഷീർ : അവന്റെ കളി.

പോത്ത്  അലറുന്നത് കേട്ട് ബഷീർ മാനസിക നില തെറ്റിയത് പോലെ നടന്ന് ചെന്ന് വടിയെടുത്ത് അതിനെ ആഞ്ഞാഞ്ഞ് തല്ലി തിരികെ കബഡി കളി സ്ഥലത്തേക്ക് നടക്കുന്നു. ബഷീറിന്റെ ഭാവ മാറ്റം കണ്ട് വിജയനും തങ്കനും രജിതയും അവന്റെ പിന്നാലെ നടക്കുന്നു. കബഡി കളിയിൽ 12 വയസ്സുള്ള ഒരു പയ്യനെ വട്ടം പിടിച്ച് ഔട്ടാക്കി കെട്ടിമറിഞ്ഞ് കളത്തിന്റെ പുറത്തേക്ക് വീഴുന്ന എമ്മാനുവേലിനേയും പയ്യനേയും നോക്കി ഉച്ചത്തിൽ ,

ബഷീർ : നിർത്തടാ.

ബഷീർ ശക്തിയോടെ നടന്ന് ചെന്ന് ആ പയ്യനെ തള്ളി മാറ്റി എമ്മാനുവേലിനെ വലിച്ചെഴുന്നേൽപ്പിച്ച്,

ബഷീർ : നിനക്കെന്തിന്റെ കഴപ്പാടാ. പിള്ളേരുടെ ചന്തിക്ക് പിടിച്ചാണാ നിന്റെ കളി.

എമ്മാനുവേലിന് കാര്യം മനസ്സിലാകുന്നതിനു മുൻപേ ബഷീർ അവനെ കരണത്ത് അടിച്ചിരുന്നു. വീണ്ടും അവനെ തല്ലാനായുംബോൾ തടഞ്ഞ്,

എമ്മാനുവേൽ : ബഷീറെ വേണ്ട, എന്നോട് കളിവേണ്ട.

ബഷീർ : കളിക്കുമെടാ നിന്നെ ഞാനീ നാട്ടിൽ നിർത്തില്ല.

എമ്മാനുവേലിനെ ബഷീർ വീണ്ടും തല്ലുംബോൾ അത് അവർ തമ്മിലുള്ള ഒരു സംഘട്ടനമായി മാറുന്നു. തടയാനാകാതെ നിൽക്കുന്ന വിജയനും മറ്റും.
രംഗം കണ്ട് ബുള്ളറ്റിൽ വന്നിറങ്ങുന്ന ലക്ഷ്മി ഇരുവരേയും അടിപിടിയിൽ നിന്നും മാറ്റാനായി അവരുടെ അടുത്തേക്ക് ഓടി വരുന്നു.

ലക്ഷ്മി : നിർത്ത്. നിർത്താൻ...

സംഘട്ടനത്തിൽ ഇടപെട്ട് എമ്മാനുവേലിനെ ലക്ഷ്മി തന്റെ കൈകളിൽ ബലമായി പൂട്ടുംബോൾ കുതറി മാറാൻ ശ്രമിച്ച് ബഷീറിനെ നോക്കി കൈ ചൂണ്ടി,

എമ്മാനുവേൽ : നീ വലിയ പുണ്യാളച്ചനൊന്നും ആകണ്ട... നിന്നെ എനിക്കറിയാം.വിടില്ല നിന്നെ ഞാൻ.

ഏവരും കാര്യമറിയാതെ പകച്ച് നിൽക്കുന്നു. ദൃശ്യത്തിലേക്ക് എമ്മാനുവേലിന്റെ മുഖം അടുക്കുന്നു.

എമ്മാനുവേലിന്റെ ഓർമ്മയിൽ-

കട്ട് റ്റു 


സീൻ 34 ( ഭൂതകാലം ) 
രാത്രി, ബഷീറിന്റെ വീട്.
ഹാളിൽ -

ഒരു മുസ്ലീം പ്രോഗ്രാം റ്റീവിയിൽ ശബ്ദമില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നു. അതിന്റെ വെളിച്ചം മാത്രമാണ് ഹാളിലുള്ളത്. ആ വെളിച്ചത്തിൽ കട്ടിലിൽ മലർന്നു കിടന്ന് നെഞ്ചത്ത് ഇരുകൈകളും വെച്ചുറങ്ങുന്ന അത്തറുമ്മയെ കാണാം. വെളിച്ചം കുറഞ്ഞ അടുക്കളയിൽ നിന്നും അത്തറുമ്മായെ എത്തി നോക്കി, സാവധാനം പിന്നിൽ കൈകെട്ടി ബഷീർ അരികിലെത്തി നിന്ന് അവരുടെ ഉറക്കം ശ്രദ്ധിക്കുന്നു. ബഷീറിന്റെ കയ്യിൽ ഒരു പ്ലയറൂണ്ട്. അത്തറുമ്മായുടെ ഉറക്കം പരീക്ഷിക്കാൻ ബഷീർ അവരെ തട്ടി നോക്കി,  ഉമ്മായുടെ വളയിട്ട കൈ നെഞ്ചിൽ നിന്നും എടുത്ത് കട്ടിലിൽ വെച്ച് പ്ലയറ് കൊണ്ട് അവൻ ഒറ്റ കട്ടിന് വള  മുറിച്ച് അടർത്തി മാറ്റിയെടുത്ത് കൈ തിരികെ നെഞ്ചിൽ വെച്ച് തിരിഞ്ഞ് റ്റീ.വി ഓഫ് ചെയ്ത് അടുക്കളയിഅടുക്കളയിലേക്ക് നടക്കുന്നു. പുറത്ത് നിന്നും ജനൽപാളിയിലൂടെ  ആ രംഗം കാണുന്ന എമ്മാനുവേൽ പിന്നോട്ട് ഇരുട്ടിലോട്ട് മാറുനു.

കട്ട്  - ഇടവേള -

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ