mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 4

സീൻ 8
രാത്രി, ആര്യക്കര പോലീസ് സ്റ്റേഷൻ

വിസ്തൃതിയുളള സ്റ്റേഷൻ മുറ്റത്ത് പോലീസ് ജീപ്പ് വന്ന് നിൽക്കുന്നു. ജീപ്പിൽ നിന്നും റോക്കറ്റ് റോയി ഇറങ്ങി പാറാവുകാരന്റെ സല്യൂട്ട് സ്വീകരിച്ച് അകത്തേക്ക് കയറുന്നു.
ജീപ്പിന്റെ പിന്നിൽ നിന്നും ഡോർ തുറന്നിറങ്ങുന്ന സുനിക്ക് പിന്നാലെ ഇറങ്ങുന്ന തങ്കനും വിജയനും പൊന്നനും പിന്നെ എമ്മാനുവേലും.. സ്റ്റേഷൻ നോക്കി ഭയത്തോടെ, 

തങ്കൻ : ഞാൻ ജീവിതത്തിലാദ്യായിട്ടാ പോലീസ് സ്റ്റേഷനിൽ കേറുന്നത്.

പൊന്നൻ :ഞാനും.

നിസ്സാരതയിൽ ,

വിജയൻ : ഇവിടെ ഞാനാദ്യാ.

മുന്നോട്ട് നടക്കുന്ന സുനി മടിച്ച് നിൽക്കുന്ന അവരോട് ,

എച്ച്.സി.സുനി : വാ മലരുകളെ.

പേടിച്ച് നിൽക്കുന്ന അവരോട് സ്റ്റേഷനെ ഒന്നാകമാനം നോക്കി, പിന്നെ തങ്കനോട്, 

എമ്മാനുവേൽ : ആരേം കൊന്നിട്ടൊന്നുമില്ലല്ലോ .

ഇല്ലെന്ന വിധം തലയാട്ടി,

തങ്കൻ : ങു ങും...

അയാളെ തട്ടി ,

എമ്മാനുവേൽ : എന്നാൽ വാ.

എമ്മാനുവേലിനു  പിന്നാലെ തങ്കനും പൊന്നനും നടക്കുന്നു. അവരുടെ കൂടെ നടന്ന് ,

വിജയൻ :  പിന്നല്ലാതെ.

പി.സി.വിജയകുമാർ അവരുടെ പിന്നാലെ നടന്ന് വരുന്നുണ്ട്.

കട്ട് റ്റു 


എസ്. ഐ യുടെ മുറി -
റെജിസ്റ്ററിൽ എന്തോ നോട്ട് ചെയ്ത് കസേരയിൽ നിന്നെഴുന്നേൽക്കുംബോൾ ഹാഫ് ഡോർ തുറന്ന് അകത്തേക്ക് വരുന്ന സുനി സല്യൂട്ടടിച്ച്,
എച്ച്.സി.സുനി : സാറേ  അവന്മാരെ എന്തു ചെയ്യണം ?
റോക്കറ്റ് റോയി : വല്ലതും തടയുമോ?
സുനി : അദ്ദാ ഗുദ്ദയാ സാറേ. ഇന്ന് രാത്രീലു തന്നെ ഇറക്കി വിട്ടാൽ രാവിലെ പണിക്കുപോയി വൈകിട്ട് കാശു കൊണ്ടു  വരാമെന്നു പറഞ്ഞു.                      
റോക്കറ്റ് റോയി : വിട്ടാലോ ?
സുനി : സാറേ, രാത്രിയാ.അവന്മാരു ഒറ്റക്കല്ല  ഇങ്ങോട്ടു വന്നത് . പോലീസ് ജീപ്പിലാ.
ഒന്നാലോചിച്ച്,
റോക്കറ്റ് റോയി :  മറ്റവന്റെ കയ്യീന്ന് വല്ലതും തടയുമോ?
സുനി : വല്ല അഞ്ഞൂറോ ആയിരമോ കിട്ടുമോന്നു നോക്കാം സാറേ.
മേശയിൽ നിന്നും തൊപ്പിയെടുത്ത്  തലയിൽ വെച്ച്,
റോക്കറ്റ് റോയി : അവന്മാരെ ലോക്കപ്പിലൊന്നും ഇടണ്ട. ചാർജ്ജും ചെയ്യണ്ട. രാവിലെ ആരേങ്കിലും വിളിപ്പിച്ച് ജാമ്യത്തിൽ  വിട്. പിന്നെ പന്ത്രണ്ടു മണിക്കു തന്നെ പെട്രോളിംഗിനിറങ്ങണം. ബീറ്റ് ബോക്സൊക്കെ അപ് ഡേറ്റ് ചെയ്ത്  മുഹമ്മ കവലയിൽ കിടന്നാൽ മതി.
സുനി : അല്ല സാറിനിന്ന് ഡ്യൂട്ടിയില്ലേ.
ഒന്നു പരുങ്ങി,
റോക്കറ്റ് റോയി : വൈഫിന് ചെറിയ നടുവേദന. ചൂടു പിടിച്ചു തിരുമ്മിക്കൊടുക്കണം. ജീപ്പ് ഞാൻ തിരിച്ചു വിട്ടേക്കാം. ബൈക്കിനു പോയി തണുപ്പടിക്കണ്ട. ഏത്?
സുനി : ശരി സാർ.
ഹാഫ് ഡോർ തുറന്ന് റോക്കറ്റ് റോയി പുറത്തേക്ക് നടക്കുന്നു. തലയാട്ടി അയാളുടെ പിന്നാലെ സുനിയും.

കട്ട് റ്റു 


സെല്ലിന് പുറത്തുള്ള ഭിത്തിയോട് ചേർന്ന് നിൽക്കുന്ന  നാൽവർ സംഘം. നടന്ന് വരുന്ന റോക്കറ്റ് റോയിയെ കണ്ട് തങ്കനും വിജയനും പൊന്നനും കൈകൾ കൂപ്പുന്നു. എമ്മാനുവേലിന്  വിനയമുണ്ട്.
റോക്കറ്റ് റോയി : നിന്റേയൊക്കെ കെട്ടെറങ്ങിയോടാ.
മൂവരും തലയാട്ടുന്നു . എമ്മാനുവേലിന് അവരുടെ
വസ്ഥയിൽ ചിരിയാണ് തോന്നുന്നതെങ്കിലും അത് വ്യക്തമായി പ്രകടിപ്പിക്കുന്നില്ല.
റോക്കറ്റ് റോയി : രാവിലെ ആരെയാന്നു വെച്ചാ ജാമ്യമെടുക്കാൻ വിളിച്ചേക്കണം. വെറുതെ എനിക്കു പണിയുണ്ടാക്കരുത്. ഉം !
തൊപ്പിയൊന്നുരി തിരികെ തലയിൽ വെച്ച് അവരെ ഇരുത്തി നോക്കി പുറത്തേക്ക് നടക്കുന്ന റോയിയുടെ പിന്നാലെ അവിടെ ഉണ്ടായിരുന്ന ബിജു നടക്കുന്നു. അവരുടെ അടുത്തേക്ക് വരുന്ന,
സുനി : നിങ്ങൾ വെറുതെ ഏണി വെച്ചു.സാറങ്ങു വലിഞ്ഞ് കയറി...ങാ ഇരുന്നോ ഇരുന്നോ...
സുനി എസ് .ഐ യുടെ മുറിയിലേക്ക്  തിരിഞ്ഞു   നടക്കുന്നു.

കട്ട് 


സീൻ 8 ഏ
രാത്രി, തങ്കന്റെ വീടും പരിസരവും.

വീടിന്റെ പിന്നിൽ -

പറംബിലെ കുറ്റിച്ചെടികൾ കടന്ന് വരുന്ന തലയിൽ തോർത്തിട്ട അവ്യക്ത രൂപം. അയാളുടെ പിന്നിൽ കോർത്തിരിക്കുന്ന കൈകളിൽ വാലുപോലെ ഒരു ഓലക്കണ. ദൂരയെവിടേയോ പട്ടിയുടെ ഓലിയിടൽ.പമ്മി പമ്മി ഒരു ജനലിന്റെ അരികെയെത്തുന്ന ആ രൂപം പൊട്ടിയ ജനല്പാളിക്കിടയിലൂടെ ഓലക്കണ അകത്തേക്കിട്ട് ഇളക്കുന്നു.

കട്ട് റ്റു


മുറിയുടെ അകത്ത് –

ഹാളിലെ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള ക്രിസ്തുവിന്റെ രൂപത്തിൽ  അലങ്കരിച്ചിരിക്കുന്ന സീരിയൽ ലൈറ്റിൽ നിന്നുമുള്ള മഞ്ഞയും നീലയും ചുവപ്പും കലർന്ന മിന്നുന്ന ചെറിയ വെളിച്ചത്തിൽ ആ മുറിയിൽ മദാലസയായി കട്ടിലിൽ കിടക്കുന്ന തെയ്യാമ്മയെ കാണാം. കാലിൽ ഓലക്കണ കൊണ്ടുള്ള പെരുമാറ്റം തിരിച്ചറിഞ്ഞ് കണ്ണുകൾ തുറക്കുന്ന തെയ്യാമ്മ പതിയെ എണീറ്റ് മുടി മാടിക്കെട്ടുംബോൾ ജനിലിൽ ഒരു പ്രത്യേക താളത്തിൽ മെല്ലെയുള്ള കൊട്ട് കേൾക്കുന്നു. ആളെ മനസ്സിലാക്കി അവർ ജനാലയുടെ ഒരു പാളി പയ്യെ തുറന്ന് ഇരുട്ടിലേക്ക് നോക്കി,

തെയ്യാമ്മ : തങ്കൻ വന്നിട്ടില്ലിതുവരെ.
പുറത്ത് നിന്നും പതുങ്ങിയ ശബ്ദത്തിൽ,
അവ്യക്ത രൂപം : അയാളിന്നു വരില്ല.
എന്തോ ആലോചിച്ച് തെയ്യാമ്മ ജനൽ പാളി പൂട്ടി എഴുന്നേൽക്കുന്നു.

കട്ട് റ്റു


സീൻ 8 ബി
രാത്രി
ആര്യക്കര പോലീസ് സ്റ്റേഷൻ

സ്റ്റേഷന്റെ തിണ്ണയിലിട്ടിരിക്കുന്ന കസേരയിൽ തോക്ക് തോളോട് ചായ്ച്ച് നിർത്തി സിഗററ്റ് വലിച്ചിരിക്കുന്ന പാറാവുകാരൻ. മുറ്റത്തെ ഒരു കോണിൽ തലയിൽ തോർത്തിട്ട് കെട്ടി ചെവിമറച്ച് സിഗററ്റ് വലിച്ച് ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന ഒരു പോലീസുകാരൻ.

കട്ട് റ്റു


അകത്ത് എസ്.ഐ യുടെ മുറിയിൽ -
മേശയിൽ കാല് കയറ്റി വെച്ച് കസേരയിലിരുന്ന് ഉറങ്ങുന്ന സുനി.

കട്ട് റ്റു


സെല്ലിന്റെ പുറത്തെ ഭാഗത്തെ ഭിത്തിയിൽ ചാരി  തറയിലിരിക്കുന്ന  നാൽവർ സംഘം. എമ്മാനുവേൽ ഒരു മൂലയിലാണ് ഇരിക്കുന്നത്.അവൻ മൊബൈലിൽ ഗെയിം കളിക്കുകയാണ്. തൊട്ടടുത്തിരിക്കുന്ന തങ്കൻ അതു നോക്കി ആസ്വദിക്കുന്നു.തങ്കന്റെ അടുത്തിരിക്കുന്ന പൊന്നൻ ബീഡിപ്പൊതിയും തീപ്പെട്ടിയും കയ്യിൽ വെച്ച് പുറത്ത് സിഗററ്റ് വലിക്കുന്ന പാറാവുകാരനെ കൊതിയോടെ നോക്കിയിരിക്കുകയാണ്.വിജയൻ കാല് കവച്ച് നിവർത്തി കൂളിംഗ് ഗ്ലാസ് വെച്ച് വായ് പൊളിച്ച് കൂർക്കം വലിച്ച്  ഭിത്തിയിൽ ചാരിയിരുന്ന് ഉറങ്ങുന്നു. അക്ഷമനായി എഴുന്നേൽക്കുന്ന പൊന്നൻ പാറാവുകാരനരികിലെത്തി  അയാളെ തട്ടി വിളിക്കുന്നു.
പൊന്നൻ : സാറേ
തിരിഞ്ഞു നോക്കുന്ന പാറാവുകാരനോട് പുക വലിച്ചോട്ടെയെന്ന് ആംഗ്യത്തിലൂടെ പൊന്നൻ  ചോദിക്കുന്നു. സിഗററ്റ് വലിച്ചു കൊണ്ട് ചുറ്റിനും നോക്കിയിട്ട് വലിച്ചോളുവെന്ന് പാറാവുകാരൻ പൊന്നനോട് ആംഗ്യം കാണിക്കുന്നു. ഒരു ബീഡി കത്തിച്ച് പൊന്നൻ തങ്കന്റേയും മറ്റും അരികിലെത്തുന്നു. അവർ അന്തം വിട്ട് നോക്കുംബോൾ പൊന്നൻ അവർക്ക് ബീഡിയും തീപ്പെട്ടിയും നൽകുന്നു. ഇപ്പോൾ മുറി നിറയെ പുകപടലമാണ്. മൂവരും ബീഡി വലിക്കുകയാണ്. ബീഡി മണമറിഞ്ഞ് കണ്ണു തുറക്കുന്ന വിജയൻ ചുറ്റും നോക്കുന്നു. പുകപടലമാത്രം.

വിജയൻ : ഞാനേതു സ്വർഗ്ഗലോകത്താ. ആകെ പുക മയം.
അടുത്തിരിക്കുന്ന പൊന്നൻ വിജയനു ബീഡിപ്പൊതിയും തീപ്പെട്ടിയും നൽകുന്നു. അത് വാങ്ങി,
വിജയൻ : വേണ്ടാ വേണ്ടാന്നു വെച്ചാലും വലിച്ചു പോകും.
ബീഡി വലിച്ച് എമ്മാനുവേലിനെ നോക്കി ,
തങ്കൻ : നീയെങ്ങനെ ഇവിടെ വന്നു പെട്ടു.
പുകയൂതി ചിരിക്കുന്ന എമ്മാനുവേൽ. എമ്മാനുവേലിനെ നോക്കി ,
വിജയൻ : പിടിച്ചു പറി, മോഷണം, കത്തിക്കുത്ത് , പെണ്ണു പിടി...
എമ്മാനുവേൽ:  ഏയ് അതൊന്നുമല്ല. ഓടിവന്ന വണ്ടിക്ക് വെറുതെയൊന്നു കൈകാണിച്ചതാ.
തങ്കന്റേയും മറ്റും റിയാക്ഷൻ .

കട്ട് റ്റു 


സീൻ 8 സി
കഴിഞ്ഞ സന്ധ്യ
മാരാരിക്കുളം റെയിൽവേസ്റ്റേഷൻ

എറണാകുളം ആലപ്പുഴ പാസഞ്ചറിന്റെ വരവും കാത്ത് മാരാരിക്കുളം റെയിൽ വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നു. ഇരുവശത്തും വാഹനങ്ങൾ കുറവാണ്.
ചൂളമിട്ട് പതിയെ വരുന്ന പാസ്സഞ്ചർ ട്രെയിൻ ഒന്നാം നംബർ പ്ലാറ്റ് ഫോമിൽ നിർത്തുന്നു. സ്റ്റോപ്പിലിറങ്ങുന്നത് വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രം.
ബാഗും തൂക്കി അപരിചിതത്തോടെ റെയിൽവേ സ്റ്റേഷന്റെ പുറത്തേക്ക് വരുന്ന എമ്മാനുവേൽ. അവൻ സർവീസ് റോഡിലൂടെ നടന്ന് മെയിൻ റോഡിനരികിലെത്തി. റെയിൽവേ ക്രോസ്സ് കടന്ന് വരുന്ന വാഹനങ്ങൾക്ക് അവൻ കൈകാണിക്കുന്നുണ്ടെങ്കിലും  ആരും നിർത്തുന്നില്ല. അവൻ ചുറ്റിനും നോക്കുമോൾ ദൂരെ നിന്നും നടന്നു വരുന്ന മൂന്ന് ചെറുപ്പക്കാരെ കാണുന്നു. മറുഭാഗത്ത് നിന്നും വേഗത്തിൽ ഒരു പോലീസ് ജീപ്പ് വരുന്നത് കണ്ട്  എമ്മാനുവേൽ   പ്രതീക്ഷയോടെ കൈകൾ വീശി റോഡിന്റെ നടുവിൽ കയറി നിൽക്കുന്നു.
എമ്മാനുവേൽ : സ്റ്റോപ്പ് സ്റ്റോപ്പ്.
പോലീസ് ജീപ്പ് സഡൻ ബ്രേക്കിട്ട് നിർത്തുന്നു. ജീപ്പിനു മുന്നിലിരിക്കുന്ന എസ്.ഐ റോക്കറ്റ് റോയി ക്ഷുഭിതനായി,
റോക്കറ്റ് റോയി : നടുറോട്ടിലാണോടാ അഭ്യാസം.
ജീപ്പിനരികിലെത്തി,
എമ്മാനുവേൽ : സാറേ വണ്ടിയൊന്നും നിർത്തുന്നില്ല. എനിക്കൊരു ലിഫ്റ്റ് തരുമോ?.
റോക്കറ്റ് റോയി : പോലീസ് ജീപ്പ് തടഞ്ഞ് ലിഫ്റ്റ് ചോദിക്കാൻ മാത്രം നീയായോടാ. അതും എന്റെ ജീപ്പിനു മുന്നിൽ.
എമ്മാനുവേൽ : സാറേ അങ്ങനെ പറയരുത്. ആലപ്പുഴ ജില്ലേല് ഹർത്താലാണന്ന്അറിയില്ലായിരുന്നു. എനിക്കൊരു ലിഫ്റ്റ് തരണം സാറേ.
നടന്നു വരുന്ന ചെറുപ്പക്കാ‍ർക്ക് പോലീസ് എമ്മാനുവേലിനെ തടഞ്ഞു വെച്ചതായിട്ടാണ് തോന്നുന്നത്. അവർ മുണ്ട് മടക്കികുത്തി ദേഷ്യത്തിൽ ജീപ്പിനരികിലേക്ക് വരുന്നത് കണ്ട് അല്പം പരിഭ്രമത്തിൽ പിന്നിൽ ഇരിക്കുന്ന,
സുനി : സാറേ പ്രശ്നക്കാരാണു വരുന്നതെന്ന് തോന്നുന്നു. ഇത് നമ്മുടെ സ്റ്റേഷൻ പരിധിയുമല്ല.
എമ്മാനുവേലും നടന്നു വരുന്നവരെ നോക്കുന്നു. രംഗം പന്തിയല്ലെന്ന് തോന്നി അവനോട്,
റോക്കറ്റ് റോയി : കേറ് ..കേറ്..ജീപ്പില്.
എമ്മാനുവേൽ: താങ്ക്യൂ സാർ.
അവൻ സന്തോഷത്തോടെ ജീപ്പിൽ കയറുന്നു. ജീപ്പിനരികെ എസ്.ഐ യുടെ അടുത്ത് എത്തി മൂവരിൽ തടിമാടൻ ഉച്ചത്തിൽ എസ്.ഐ റോയിയോട്,
തടിമാടൻ : സാറേ കൊണ്ടു പോകുന്നതൊക്കെ കൊള്ളാം. ജീവനോടെ തിരിച്ചു വിട്ടേക്കണം. (അടുത്ത് നിൽക്കുന്ന സുഹൃത്തിനോട്)                                      എടാ സുരേ..അവന്റെ ഫോട്ടൊയെടുത്ത് വെക്ക്.
സുര : ശരിയണ്ണാ.
അവൻ പിന്നിലോട്ട് ഫോട്ടോയെടുക്കാൻ പോകുമ്പോൾ -
റോക്കറ്റ്  റോയി : അതിന്റെയൊന്നും ആവശ്യമൊന്നുമില്ലെന്നേ.
തടിമാടൻ : വേണം സാറേ. സുരേ എടുക്കടാ ഫോട്ടോ.
സുര : എടുക്കുവാ അണ്ണാ.
വിക്ടറി സൈനിൽ വിരൽ ഉയർത്തി ചിരിയോടെ പോസ് ചെയ്യുന്ന എമ്മാനുവേൽ. പിന്നിലുള്ള സുനി മുഖം മറക്കുന്നു. മൊബൈലിൽ ഫോട്ടൊ എടുത്ത്,
സുര : സൂപ്പറയിട്ടുണ്ട് അണ്ണാ.
തടിയനും മറ്റു കൂട്ടുകാരനും മൊബൈലിൽ ഫോട്ടോ വന്ന് നോക്കുന്നു. എസ്.ഐ.യെ നോക്കി,
തടിയൻ : സാറേ പൊളിച്ചിട്ടുണ്ട്. ഇനിവിട്ടോ. ഇവനെ ഇടിച്ച് സൂപ്പാക്കി ലോക്കലിപ്പിലിട്ട് കൊന്നാല് ഞങ്ങള് വന്ന്  പ്രക്ഷോഭമുണ്ടാക്കിക്കോളാം.
വണ്ടറടിക്കുന്ന എമ്മാനുവേൽ. ജീപ്പകലുംബോൾ മൂവരും ചിരിയോടെ കൈ വീശുന്നു. ജീപ്പിൽ ഡ്രൈവർ സീറ്റിലുള്ള പി.സി.ബിജുകുമാർ റോയിയെ നോക്കി ചിരിച്ച്,
ബിജു : സാറ് ഡിങ്കനെ അറിയില്ലേ? .ചിത്രകഥയിലുള്ള.
റോക്കറ്റ്  റോയി : പിന്നില്ലേ  കുട്ടിക്കാലത്തെ ഹീറോ അല്ലായിരുന്നോ.
ബിജു : സാറിന് ഡിങ്കന്റെ സ്വഭാവാ. കാണുന്ന വള്ളിയിലൊക്കെ വെറുതെ തൂങ്ങി ഊഞ്ഞാലാടും.
സുനിക്കും എമ്മാനുവേലിനും ചിരി വന്നു. അത് കേട്ട് മസിലു പിടിച്ച് അവനെ നോക്കി,
റോക്കറ്റ്   റോയി : ങും മതി.. മതി ഒണ്ടാക്കിയത്.
പെട്ടന്ന് സീരിയസ്സായി ബിജു ഡ്രവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റോഡിലൂടെ അകന്നു പോകുന്ന ജീപ്പ്.
കട്ട് റ്റു

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ