(Jomon Antony)
സീൻ 1
രാത്രി.
നഗരം
തിരക്കൊഴിഞ്ഞ ഒരു പ്രദേശം.
പ്രകാശ പൂരിതമായി നിൽക്കുന്ന ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ പുറം ദൃശ്യം.
കട്ട് റ്റു.
സീൻ 1 ഏ
രാത്രി.
നഗരം , തിരക്കൊഴിഞ്ഞ ഒരു പ്രദേശം.
വർക്കിംഗ് വിമൻസ് ഹോസ്റ്റൽ.
ഒന്നാം നിലയിലെ ഒരു മുറി.
അരണ്ട വെളിച്ചം മുറിയിൽ വീണുകിടക്കുന്നു.
തുറന്നിട്ട ജനലരികിൽ ദൂരെ കണ്ണു നട്ട്, മനോവ്യഥയിലും നിരാശയിലും നിൽക്കുന്ന മരിയയുടെ നിഴൽരൂപത്തിന്റെ പിൻദൃശ്യം.
അവളുടെ കാഴ്ച്ചയിൽ-
അകലെ കളർമുത്തുകളായി മിന്നിമായുന്ന വാഹനങ്ങളുടെ ലൈറ്റുകളുടെ തിളക്കം പൂർണ്ണമായും മഞ്ഞ നിറം കൈവരിക്കുംബോൾ ദൃശ്യം ഒരു മെഴുകുതിരി നാളത്തിലേക്ക് ലയിക്കുന്നു.
കട്ട്.
സീൻ 2
രാത്രി (തുടർച്ച)
മരിയയുടെ മുറി.
മുറിയുടെ ഒരു ഭാഗത്ത് ടീപ്പോയിൽ വെച്ചിരിക്കുന്ന ക്രിസ്തു രൂപത്തിൻ മുൻപിൽ കത്തി നില്ക്കുന്ന മെഴുകു തിരി.
കണ്ണുകളടച്ച് മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന മരിയ.
മരിയയുടെ മുഖം ഇപ്പോൾ വ്യക്തമാണ്.
ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന സൊന്ദര്യമാർന്ന മുഖത്ത് വിഷാദത്തിന്റേയും നിരാശയുടേയും നിഴൽപ്പാടുകൾ.
പ്രാർത്ഥിക്കുംബോൾ അവളുടെ ചുണ്ടുകൾ വിതുംബുകയും കണ്ണീർമുത്തുകൾ കവിളിൽ കൂടി ഊർന്നിറങ്ങുകയും ചെയ്യുന്നു.
ദൃശ്യത്തിൽ ഇരുൾനിറയുന്നു.
കട്ട്.
സീൻ 3
രാത്രി. (തുടർച്ച)
മരിയയുടെ മുറി.
കസേരയിലിരുന്ന് ടേബിൾ ലാമ്പ് ഓണാക്കുംബോൾ ദൃശ്യത്തിലേക്ക് വരുന്ന പ്രകാശം.
ടേബിൾ ലാമ്പിനരികെ ഒരു ഡബിൾ ഫോട്ടോ ഫ്രേം മടക്കി വെച്ചിരിക്കുന്ന്ത് പെട്ടന്ന് ശ്രദ്ധിക്കില്ല ആരും.
ഡയറിയിൽ എന്തോ കുറിക്കാനിരിക്കുന്ന മരിയ ചുവരിലെ ക്ലോക്കിലേക്ക് നോക്കുന്നു. പന്ത്രണ്ടിന് പത്ത് മിനിറ്റ് സമയം ബാക്കി നിൽക്കുന്നു.
ഇപ്പോൾ മരിയയുടെ മുഖത്ത് അത്ര നിരാശയോ വിഷാദമോ ഇല്ല: കരഞ്ഞു തീർത്തതുകൊണ്ടാവാം.
അവൾ ഡയറി തുറന്ന് മെല്ലെ എഴുതിത്തുടങ്ങി.
ഡയറിയുടെ പേജിൽ തിയതി വ്യക്തമാണ്: 19.06.2008.
അവൾ എഴുതിത്തുടങ്ങുംബോൾ പശ്ചാത്തലത്തിൽ മരിയയുടെ ശബ്ദം:
“ആർക്കാണന്നറിയില്ല…എന്തിനാണന്നറിയില്ല. പക്ഷേ എനിക്കിതു എഴുതാതിരിക്കാൻ കഴിയുന്നില്ല... ആരും ഓർക്കാനിഷ്ടപ്പെടാത്ത ഒരിക്കലും ആഘോഷിക്കാത്ത എന്റെ പിറന്നാളാണ് നാളെ…എന്റെ ഇരുപതാം പിറന്നാൾ….മറ്റാരേക്കാളും നഷ്ടം എനിക്കാണ് ഉണ്ടായത്…എന്നിട്ടും എല്ലാരും എന്നെ പഴിക്കുന്നു..ഞാനവശ്യപ്പെടാതെ കിട്ടിയ…എന്റെ ജന്മം…….”
അവൾ മേശയിലിരുന്ന ഫോട്ടോഫ്രൈം തുറന്ന് പപ്പായേയും അമ്മയേയും നോക്കി.
മാനസിക വേദനയോടെ അമ്മയുടെ മുഖത്ത് തലോടി.
ദൃശ്യം ഇരുട്ടിലേക്ക്.
പശ്ചാത്തലത്തിലെ ആർദ്രമായ സംഗീതത്തിലേക്ക് അമ്മയുടെ പ്രസവ വേദനയും പിറന്ന് വീണ കുഞ്ഞിന്റെ കരച്ചിലും ലയിച്ചുയരുന്നു.
പെട്ടന്ന് പശ്ചാത്തലത്തിൽ പരിഭ്രമിക്കുന്ന നേഴ്സിന്റെ സ്വരം:
“ഡോക്ടർ..ഡോക്ടർ….”
“എന്റെ മോളെ…എന്റെ പൊന്നുമോളെ …..”
ആരുടേയോ അലറിക്കരച്ചിൽ പൊടുന്നനെ കേൾക്കായി…….
കട്ട്.
സീൻ 4
പ്രഭാതം
ഒരു സെമിത്തേരി.
മുഴങ്ങുന്ന പള്ളി മണി,
മഞ്ഞേറ്റു കിടക്കുന്ന കല്ലറകൾ.
സിസിലി ജോസഫ്
ജനനം:12.04.1960
മരണം:20.06.1988.
ഒരു കല്ലറയുടെ മാറിൽ ആലേഖനം ചെയ്യപ്പെട്ട വിവരവും അവരുടെ പഴയ ചിത്രവും:മരിയയുടെ അമ്മയാണ്.
കല്ലറയിൽ പൂക്കൾ അർപ്പിച്ച് മെഴുകുതിരി തെളിച്ച് പ്രാർത്ഥിക്കുന്ന മരിയ.
വിദൂര ദൃശ്യത്തിൽ മരിയ.
പശ്ചാത്തലത്തിൽ അവളുടെ സ്വരം:
“മമ്മാ…ഇന്ന് മമ്മായുടെ ഓർമ്മ ദിനമാണ്…എനിക്കു ജന്മം തന്ന് മമ്മ എന്നെപിരിഞ്ഞ് പോയിട്ട് ഇരുപത് വർഷായി….പപ്പാ ആരോടൊ ഒത്ത് എവിടേയോ സുഖമായിട്ട് ജീവിക്കുന്നു….ഞാൻ ജനിച്ചതുകൊണ്ടാണ് മമ്മ മരിച്ചതെന്ന് പലരും ഇപ്പോഴും അടക്കം പറയുന്നു…ഓരോരുത്തരും അവരവരുടെ ജന്മദിനത്തിൽ സന്തോഷിക്കുംബോൾ ഞാൻ മാത്രം കരയകയാണ്…എന്റെ മമ്മയെ ഓർത്ത്…എനിക്കാരുമില്ല മമ്മാ………”
മുട്ടുകുത്തി കല്ലറയിൽ കൈമുട്ടു വെച്ച് നെറ്റി താങ്ങികരയുന്ന മരിയ…..
കട്ട് റ്റു (തുടർച്ച)
നിരത്ത്
നിരത്തിന്റെ ഇരുവശവും മഞ്ഞ് പുതച്ചു നിൽക്കുന്ന മരങ്ങൾ.
അതിന്റെ ഓരത്തു കൂടെ പതിയെ നടന്നു പോകുന്ന മരിയയുടെ അകലുന്ന ദൃശ്യം.
“ഇതൊരു ദു:ഖം മാത്രം….ആഘോഷിക്കുവാനും ആഹ്ലാദിക്കുവാനും ജന്മദിനം പോലുംഅറിയാത്തഎത്രയോ അനാഥ ദു:ഖങ്ങൾ ഈ ഭൂ വീഥിയിൽ….”
മരിയയുടെ ദൃശ്യം മറയുന്നതോടൊപ്പം ഈ വാക്കുകൾ സ്ക്രീനിൽ തെളിയുന്നു.
(ശുഭം)