മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഭാഗം 12

Read Full

സീൻ 18
രാത്രി, തങ്കന്റെ വീട്

സിറ്റൌട്ടിൽ കത്തി നിൽക്കുന്ന ബൾബിന്റെ പ്രകാശം മുറ്റത്തും ചുറ്റുവട്ടത്തും പരന്ന് കിടക്കുന്നു. 

അകത്തെ ഹാളിൽ -

സീരിയൽ ലൈറ്റ് കത്തിനിൽക്കുന്ന ക്രിസ്തുരൂപത്തിനു  താഴെ അല്പം   മാറി മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന തെയ്യാമ്മയും എമ്മാനുവേലും.തങ്കൻ ചമ്രം പടഞ്ഞ് കണ്ണുകളടച്ച് കൈകൾ കൂപ്പി പ്രാർത്ഥിക്കുകയാണ്.

തെയ്യാമ്മ : കർത്താവിന്റെ മാലാഖ പരിശുദ്ധമറിയത്തോട് വസിച്ച് പരിശുദ്ധാത്മാവിനാൽ മറിയം ഗർഭം ധരിച്ചു.

മൂവരും : നന്മ നിറഞ്ഞ മറിയമേ സ്വസ്തി .....

ആ പ്രാർത്ഥന ചൊല്ലുംബോൾ സ്നേഹ – കാമ തൃഷ്ണയോടെ തെയ്യാമ്മ എമ്മാനുവേലിനെ നോക്കുന്നത് അവൻ  കാണുന്നുണ്ടെങ്കിലും പരുങ്ങലോടെ മുഖം മാറ്റി പ്രാർത്ഥനയിൽ മുഴുകുന്നു.
പുറം വിടിന്റെ ദൃശ്യത്തിൽ പ്രാർത്ഥനയുടെ നേർത്ത സ്വരം.

കട്ട് റ്റു


ഹാളിൽ.

പ്രാർത്ഥനുടെ അവസാനാമായി അവർ പരസ്പരം സ്തുതി കൊടുക്കുന്നു.

അവർ : ഈശോ മിശാഹയ്ക്കും സ്തുതി ആയിരിക്കട്ടെ..ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.

ഏവരും ക്രിസ്തുരൂപത്തെ നോക്കി കുരിശു വരക്കുന്നു.
തങ്കൻ ആദ്യം എഴുന്നേൽക്കുന്നു,.

തങ്കൻ : താറാകൂട്ടത്തിന് തീറ്റ കൊടുത്തിട്ട് വരാം.

കൊന്തയും പ്രാർത്ഥനാ പുസ്തകവും മേശയിൽ വെച്ച് തെയ്യാമ്മ എഴുന്നേൽക്കുന്നു: എമ്മാനുവേലും.

തെയ്യാമ്മ : കഞ്ഞിക്ക് ഒരു താറാം മൊട്ട പൊരിക്കട്ടെ.

ശരിയെന്ന് വിധം അവൻ തലയാട്ടി ചിരിക്കുന്നു.

തെയ്യാമ്മ : ഈ ചിരി കാണാൻ നല്ല രസാ.

പുറത്തു നിന്നും തങ്കന്റെ സ്വരം കേൾക്കുംബോൾ എമ്മാനുവേലിനെ പഴയ ഭാവത്തിൽ നോക്കി തെയ്യാമ്മ അടുക്കളയിലേക്ക് പോകുന്നു.

തങ്കൻ : കർത്താവേ. മുറ്റത്തേക്ക് വാ .കുറച്ച് കാറ്റ് കൊള്ളാം.

എമ്മാനുവേൽ സിറ്റൌട്ടിലേക്ക് ഇറങ്ങി മുറ്റത്ത് ബീഡി വലിച്ച് നിൽക്കുന്ന  തങ്കനരികെ അവൻ എത്തുന്നു.

തങ്കൻ : നല്ല തണുത്ത കാറ്റ്.കിഴക്കെവിടേയോ മഴ പെയ്യുന്നുണ്ട്.

എമ്മാനുവേൽ :നാട്ടില് മിക്കവാറും രാത്രിയില് മഴയുണ്ടാകും.

പുകഞ്ഞു തീർന്ന ബീഡിയെറിഞ്ഞ് തോളിൽ കിടന്ന തോർത്തുകൊണ്ട് മുഖമൊന്നു തുടച്ച് സംശയത്തിൽ,

തങ്കൻ : എഴുത്തും  കാര്യങ്ങളും തുടങ്ങണ്ടേ?.

എമ്മാനുവേൽ : തുടങ്ങണം. അതിനു മുൻപ് താമസിക്കാൻ എനിക്ക് ചെറിയൊരു സെറ്റപ്പ് വേണം.

തങ്കൻ : കുട്ടികളില്ല.ഞങ്ങൾ രണ്ട് പേരേയുള്ളു.ഇവിടെ കൂടിയാൽ പോരെ. 

എമ്മാനുവേൽ : അതല്ലച്ചായാ. എഴുത്ത് എപ്പോൾ എങ്ങനെ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. എഴുത്ത് എന്നൊക്കെ  പറയുന്നത് കുറച്ച് സ്വാതന്ത്ര്യം വേണ്ട കാര്യമാ.

തങ്കൻ : കർത്താവിനതാണിഷ്ടമെങ്കിൽ നമ്മുക്ക് നോക്കാം.

സിറ്റൌട്ടിൽ വരുന്ന,

തെയ്യാമ്മ : വാ. കഞ്ഞി കുടിക്കാം.

സിറ്റൌട്ടിലേക്ക് നടന്ന് എമ്മാനുവേലിനോട്,

തങ്കൻ:വാ.........കഞ്ഞികുടിക്കാം. (തെയ്യാമ്മയോട്) താമസിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കണമെന്ന് കർത്താവിന്   നിർബന്ധം.

തെയ്യാമ്മ : ഇവിടെന്നാ കുഴപ്പം. ഒരു രാത്രിപോലും കിടന്നില്ലല്ലോ.

അർത്ഥം വെച്ച് അവനെ നോക്കി ചിരിച്ച് തെയ്യാമ്മ അകത്തേക്ക് പോകുന്നു. പിന്നാലെ  തങ്കനും എമ്മാനുവേലും കയറുന്നു.

കട്ട്


സീൻ 19 
പകൽ, ക്രിസ്ത്യൻ ദേവാലയം

അൾത്താരയിൽ വിശുദ്ധ കുർബ്ബാനയർപ്പിക്കുന്ന കാർമ്മിക വൈദികൻ. അതിൽ പങ്കു ചേരുന്ന കന്യാസ്ത്രീകളും, അൾത്താര ശുശ്രൂഷികളും അത്മായരും.
ദിവ്യകാരുണ്യ സ്വീകരണ സമയമാണ് – ഗായക സംഘം അതിനനുസൃതമായ് ഗാനം ആലപിക്കുന്നു. അൾത്താരയുടെ  താഴെ പടിയിൽ നിന്ന് വിശുദ്ധ കുർബ്ബാന നൽകുന്ന വൈദികനിൽ നിന്നും കുർബ്ബാന സ്വീകരിക്കുന്ന അത്മായരിൽ തെയ്യാമ്മയുമുണ്ട്. അത്മായർക്കിടയിൽ ദേവാലയത്തിന്റെ പിന്നിലായി മുട്ട് കുത്തി നിന്ന് പ്രാർത്ഥിക്കുന്ന എമ്മാനുവേലും തങ്കനും. ദേവാലയത്തിന്റെ പുറം ദൃശ്യത്തിൽ കുർബ്ബാനയിൽ പങ്കെടുത്ത ചിലർ മടങ്ങിപ്പോകുന്നു. അൾത്താരയിൽ കാസയിൽ നിന്നും വീഞ്ഞ് കുടിക്കുന്ന വൈദികൻ. പശ്ചാത്തലത്തിൽ ഗായക സംഘത്തിന്റെ ഗാനം അവസാനിക്കുന്നു.

കട്ട്


സീൻ 19 ഏ
പകൽ, നാൽക്കവല
വിജയന്റെ ബാർബർ ഷാപ്പ്

ബാർബർ ഷാപ്പിന് മുന്നിൽ വിജയന്റെ ലൂണ. അകത്ത് മുടി മുറിക്കാനായി കാത്തിരിക്കുന്ന ഒരു മദ്ധ്യ വയസ്കനും , കണ്ണാടിയുടെ മുന്നിൽ  വെള്ള തുണിയിട്ട് കഴുത്തിനു താഴെ കവറ് ചെയ്തിരിക്കുന്ന ചെറുപ്പക്കാരനും കസേരയിൽ  ഇരിക്കുന്നു.  ഇടുങ്ങിയ ഒരു പാർട്ടീഷനിൽ നിന്ന് മദ്യം കുടിക്കുന്ന വിജയൻ കയ്യിലിരുന്ന ഷേവിം ക്രീം ഒന്നു മണത്ത് തലകുടഞ്ഞ് പുറത്തേക്ക്  നടന്ന് ചെറുപ്പക്കാരനരികിലെത്തി ഏംബക്കം വിടുന്നു. മദ്യത്തിന്റെ വാടയേറ്റ്   കൈകൊണ്ട് അത് ആട്ടിമാറ്റി,

ചെറുപ്പാക്കാരൻ : രാവിലെ തന്നെ കേറ്റിയോ. പത്തരക്ക് കല്യാണത്തിനു പോകാനുള്ളതാ. പോകാൻ പറ്റുമോ?

വിജയൻ : ഒരു കൈബലത്തിന് രാവിലെ ചെറുതൊരെണ്ണം അടിക്കണം.നീ ധൈര്യായിട്ട് കണ്ണടച്ചോ.  കല്യാണത്തിനല്ല അടിയന്തിരത്തിനു പോകാനുള്ള സെറ്റപ്പ് അടിച്ച് തരാം.

റേഡിയോ ഓൺ ചെയ്ത് വിജയൻ  ചീപ്പും കത്രികയുമെടുത്ത്, കൂളിംഗ് ഗ്ലാസ്സ് വെച്ച് മുടിവെട്ടാൻ വരുംബോൾ ,

ചെറുപ്പക്കാരൻ : എടോ ആ കണ്ണടയൊന്ന് മാറ്റ്. എന്റെ ചെവി മുറിച്ചെടുക്കരുത്.

വിജയൻ : മാറ്റാല്ലോ.

അയാൾ കണ്ണാടിയുയർത്തി നെറ്റിയിൽ വെച്ച് റേഡിയോയിലെ പാട്ടിനൊത്ത് താളം പിടിച്ച് മുടി വെട്ടുന്നു.

കട്ട് റ്റു


സീൻ 19 ബി
പകൽ, തിലകന്റെ ചായക്കട

അകത്തും പുറത്തുമായി മൂന്നോ നാലോ പേർ ചായ കുടിക്കാനിരിക്കുന്നു. ചായ അടിക്കുന്ന തിലകൻ.

കട്ട് റ്റു


സീൻ 19 സി
പകൽ, ഇറച്ചിക്കട

നാൽക്കവലയുടെ സ്വൽപ്പം ഉള്ളിലേക്ക് കയറിയാണതുള്ളത്. രണ്ടു പേർ ഇറച്ചി വാങ്ങാനായി നിൽക്കുന്നു. കടയിൽ തൂക്കിയിട്ടിരിക്കുന്ന ചെറുതും വലുതുമായ ഇറച്ചിത്തുണ്ടുകളിലൊന്നിൽ നിന്നും ഇറച്ചി മുറിച്ചെടുത്ത് മരത്തിന്റെ വെട്ട് തട്ടിൽ ഇട്ട് ചെറിയ കഷണങ്ങളായി ബഷീർ മുറിക്കുംബോൾ ചായയുമായി വരുന്ന തിലകൻ അത് കടക്കുള്ളിൽ മേശപ്പെട്ടികരികെ വെക്കുന്നു.

തിലകൻ : ബഷീറേ ചായ കുടിക്ക്

ബഷീർ :    ങാ.

ഇറച്ചി വാങ്ങാനെത്തിയവരിൽ,

ഒന്നാമൻ : ബഷീറേ, നിനക്കൊരു സഹായിയെ വെക്കാൻ വയ്യേ. കൊറച്ച് കാശുകൊടുത്താൽ ബംഗാളികളെ കിട്ടുമല്ലോ.

ബഷീർ : എന്നിട്ടു വേണം     എന്റെ ഇറച്ചി കൂടി വെട്ടിയെടുക്കാൻ.

രണ്ടാമൻ : അങ്ങനൊക്കെ അവന്മാരു ചെയ്യുമോ.

ബഷീർ : പത്രത്തിൽ വാർയൊന്നും കാണാറില്ലേ.  (ഒന്നാമനെ നോക്കി) എത്രയാ വേണ്ടത് ?

ഒന്നാമൻ : ഒരു കിലോ. തൂക്കം കഴിഞ്ഞ് കുറച്ച് എല്ലും നെയ്യുമിട്ടോ.

ബഷീർ : അതിന്റെ കാശ് ആര് തരും?നിങ്ങടെയൊക്കെ വിചാരം ഇതൊക്കെ വെറുതെ കിട്ടുന്നതാന്നാ.

ത്രാസിൽ ഇറച്ചി തൂക്കി കുറച്ച് നെയ്യും എല്ലുമിട്ട് കവറിൽ അയാൾക്ക് കൊടുത്ത് 500 വാങ്ങി പെട്ടിയിലിട്ട് ബാക്കി  200 കൊടുത്ത് ചായ ഒന്നു സിപ്പ് ചെയ്ത് രണ്ടാമനെ നോക്കി,

ബഷീർ : എത്രയാ വേണ്ടത്. പള്ളി പിരിയാറായി. തിരക്കു കൂടും വേഗം പറ.

രണ്ടാമൻ : അരക്കിലോ മതി. തൂക്കത്തിലുള്ള നെയ്യ് മതി.

ബഷീർ ഇറച്ചി മുറിച്ച്  തൂക്കി കവറിലിട്ട് അയാൾക്ക് കൊടുത്ത് 150 രൂപാ അയാളിൽ നിന്നും വാങ്ങി പെട്ടിയിലിടുന്നു. ഒന്നാമനും രണ്ടാമനും ഒരുമിച്ച് കടയിൽ നിന്നും പോകുംബോൾ തെയ്യാമ്മ കടയിലേക്ക് വരുന്നു.

ബഷീർ : പള്ളി കഴിഞ്ഞോ തെയ്യാമ്മ ചേച്ചി. തങ്കച്ചായൻ പള്ളിയിൽപ്പോയില്ലേ.

തെയ്യാമ്മ : കഴിഞ്ഞു. തങ്കൻ പൊറകേ വരുന്നുണ്ട് . തിരക്ക് കൂടുന്നതിനു മുന്നേ ഒരു കിലോ എടുത്തേ നീ.

ഒരു വലിയ തുണ്ടിൽ നിന്നും ഇറച്ചിയെടുത്ത് മരത്തിന്റെ മുട്ടിയിൽ ഇട്ട് ,

ബഷീർ : ഇന്നെന്താ ഒരു കിലോ. ഓ തങ്കച്ചായന് പുതിയ കൂട്ടുകാരനെ കിട്ടിയല്ലേ. ആളെങ്ങനാ. കൊള്ളാമോ ചേച്ചി.

താല്പര്യമില്ലെന്ന് നടിച്ച് ,

തെയ്യാമ്മ : കൊഴപ്പമില്ല.രണ്ട് മൂന്നു ദിവസം ഉണ്ടാകും.

ബഷിർ : പറച്ചിലിലൊരു ഇഷ്ടക്കേടുണ്ടാല്ലോ?

തെയ്യാമ്മ : നീ ഇറച്ചി തൂക്കി താ. തങ്കനും ആ ചെക്കനും വരുന്നുണ്ട്.

നടന്നു വരുന്ന തങ്കനേയും എമ്മാനുവേലിനേയും തെയ്യാമ്മ കണ്ടിരുന്നു. ഇറച്ചി തൂക്കി കവറിലിട്ട് ബഷീർ തെയ്യാമ്മയ്ക്ക് കൊടുക്കുന്നു. നടന്നു വരുന്ന തങ്കനും എമ്മാനുവേലും. തങ്കനോട് എന്നോണം

തെയ്യാമ്മ : അതേ ഒരു കിലോ ഇറച്ചി വാങ്ങീട്ടുണ്ട്. കാശ് കൊടുത്തേക്കണം.

തങ്കൻ : ങാ.നീ പൊയ്ക്കോ.

തെയ്യാമ്മ :ഞാൻ പോണെടാ.

ബഷീറിനെ നോക്കി തെയ്യാമ്മ മുന്നോട്ട് നടക്കുന്നു. ബഷീർ ചായ എടുത്ത് കുടിച്ച് അടുത്ത് എത്തി നിൽക്കുന്ന തങ്കനേയും എമ്മാനുവേലിനേയും  നോക്കുന്നു.

ബഷീർ : ഇതാണോ തങ്കച്ചായന് പോലീസ് സ്റ്റേഷനീന്നു കിട്ടിയ മൊതല്.

തങ്കൻ : ഇത് ഒന്നൊന്നരമൊതലാ .

ഒരു കിലോ 300 എന്ന കടയിലെ ബോർഡ് എമ്മാനുവേൽ കണ്ട് പോക്കറ്റിൽ നിന്നും മുന്നൂറു രൂപായെടുക്കുന്നു.

എമ്മാനുവേൽ : അച്ചായാ.ദാ.കാശ്.

തങ്കൻ : ഞാൻ കൊടുത്തോളാം.

എമ്മാനുവേൽ : ഹാ സാരമില്ല ,  ദാ കാശ്.

അവൻ നീട്ടിയ മുന്നൂറ് രൂപാ ബഷീർ വാങ്ങി പെട്ടിയിലിട്ടു.

ബഷീർ : ഞാൻ ബഷീർ. ഇറച്ചി വെട്ടാണ് പണി.ഞായറാഴ്ച്ച മാത്രേയുള്ളൂ. പിന്നെ ക്രിസ്തുമസ്സ് ഈസ്റ്റർ വിഷു, വാവ്...അങ്ങനെയുള്ള വിശേഷ ദിവസങ്ങളിലും വെട്ടും.

തങ്കൻ : ഇവൻ എമ്മാനുവേൽ. കർത്താവിന്റെ പേരാ.

ബഷീർ : നമ്മുക്ക് വിശദമായി പരിചയപ്പെടാം...

തലയാട്ടി ,

എമ്മാനുവേൽ : ശരി.

അവർ നടന്നു നീങ്ങുന്നത് നോക്കി തന്റെ പ്രവൃത്തിയിലേക്ക് നീങ്ങുന്ന ബഷീർ.

കട്ട് റ്റു


സീൻ 19 ഡി
പകൽ, നാൽക്കവല , വിജയന്റെ ബാർബർ ഷാപ്പ്.

വിജയൻ ചെറുപ്പക്കാരന്റെ മുടി വെട്ടി കഴിഞ്ഞിരുന്നു.

വിജയൻ : ഇനി ഒന്നു കണ്ണു തുറന്നേ.

കണ്ണു തുറന്ന് കണ്ണടി നോക്കുന്ന ചെറുപ്പക്കാരന്റെ മുഖം കരച്ചിലിൽന്റെ വക്കോളമെത്തുന്നു.ഏറിയും കുറഞ്ഞും പറ്റേ വെട്ടിയിരിക്കുന്ന മുടി കണ്ട്,

ചെറുപ്പക്കാരൻ : എന്ത് പണിയാടോ ഇത്.ഞാനിനി എങ്ങനെ കല്യാണത്തിനു പോകും.

വിജയൻ : കല്യാണങ്ങൾ ഇനിയും വരും.എന്നാലും ലാഭമായില്ലേ.നാലഞ്ചു മാസത്തേക്ക് മുടിവെട്ടണ്ടല്ലോ.

അവൻ വെള്ള കവർ തുണിമാറ്റിയെഴുന്നേറ്റ് മുഖമൊന്നു നോക്കി വിജയന്റെ കരണത്തടിക്കുന്നു.

ചെറുപ്പക്കാരൻ : ഈ പോക്രിത്തരം ആരോടും ഇനി മേലാൽ കാണിക്കരുത്.

വിജയന്റെ റിയാക്ഷൻ  കണ്ട് പേപ്പർ വായിച്ചു കൊണ്ടിരുന്ന വൃദ്ധൻ ചിരിക്കുന്നു.
കട്ട്

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ