മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

couple in bed

ഭാഗം 14

സീൻ 21
രാത്രി, തങ്കന്റെ വീട്.

പുറത്ത് വെളീച്ചമില്ല.ആകാശത്ത് മിന്നലും ചെറിയ ഇടിമുഴക്കവും കേൾക്കാം. ഒരു മുറിയിൽ വെളിച്ചമുണ്ട്. അകത്ത്, പാതി ചാരിയ മുറിയിൽ മേശയിൽ ലാപ് ടോപ്പ് ഓണാക്കി വെച്ച് എമ്മാനുവേൽ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നു.

സ്റ്റാറ്റസ് : “കണ്ണുകൾക്ക് തിമിരം ബാധിച്ചാലും സത്യം മാഞ്ഞു പോകുന്നില്ല.”

ആ സ്റ്റാറ്റുസ് അപ്ഡേറ്റ് ചെയ്ത് എമ്മാനുവേൽ തന്റെ എമ്മൂച്ചൻ എന്ന പേജിലൂടെ കടന്നു പോകുന്നു.ഫ്രണ്ട്സ് ലിസ്റ്റിൽ ശ്രീ ലക്ഷ്മിയുടെ ഡി.പി കണ്ട് ചിരിച്ച് റിക്വെസ്റ്റ് അക്സപ്റ്റ് ചെയ്യുന്നു

കട്ട് റ്റു


തെയ്യാമ്മയുടെ മുറി.  ഹാളിൽ    ക്രിസ്തുരൂപത്തിൽ തൂക്കിയിട്ടുള്ള  സീരിയൽ ലൈറ്റിന്റെ ചിമ്മുന്ന വെളിച്ചത്തിൽ കൂർക്കം വലിച്ച് മലർന്നു കട്ടിലിൽ കിടക്കുന്ന തങ്കനെ കാണാം. ഉറങ്ങാതെ അസ്വസ്ഥതയോടെ     അരികെ കിടക്കുന്ന തെയ്യാമ്മ ശബ്ദം ഉണ്ടാക്കാതെയെഴുന്നേറ്റ് സാവധാനം  എമ്മാനുവിലിന്റെ മുറിയിലേക്ക് നടന്നു.

ലാപ്പിൽ ടൈപ്പ് ചെയ്യുന്ന എമ്മാനുവേൽ വാതിലോരം തെയ്യാമ്മയുടെ  സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. അസ്വസ്ഥനായ    അവന്റെ തൊണ്ട വരണ്ടു.
തെയ്യാമ്മ അകത്തേക്ക് കയറി  വാതിൽ ചാരി വശ്യതയോടെ അവനെ നോക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

തെയ്യാമ്മ : ഉറങ്ങുന്നില്ലേ ?

എമ്മാനുവേൽ : ഉറങ്ങണം .

തെയ്യാമ്മ ലാപ്ടോപിലെ കീബോർഡിൽ വിരലോടിച്ച് നോക്കി.

തെയ്യാമ്മ : കമ്പ്യൂട്ടറൊക്കെഉണ്ടാരുന്നോ..എഴുതാനിതൊക്കെ വേണമല്ലേ.

എമ്മാനുവേൽ : കമ്പ്യൂട്ടറല്ല. ലാപ്ടോപ്പ്. ( ഭയന്ന് ശബ്ദം താഴ്ത്തി)   തങ്കച്ചായൻ ...?

തെയ്യാമ്മ : നല്ല ഉറക്കത്തിലാ. (അവന്റെ കരതലം കവർന്ന്) ഇവിടുന്ന് പോണോന്നുണ്ടോ. 

അവരുടെ കയ്യിൽ നിന്നും തന്റെ കൈ സ്വതന്ത്രമാക്കി എമ്മാനുവേൽ ആലോചനയോടെ എഴുന്നേറ്റു.

എമ്മാനുവേൽ : നമ്മൾക്കിടയിൽ അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ അത് തെറ്റല്ലേ.?

തെയ്യാമ്മ : ശരിയും തെറ്റും ദൈവത്തിനു മുന്നിൽ അല്ലേ. മനസ്സാക്ഷിയുടെ മുന്നിൽ ഇപ്പോൾ ശരികൾ മാത്രമേയുള്ളൂ.

അവൾ കാമ വിവശതയോടെ അവനെ  മാറിലേക്ക് ചേർത്ത് കട്ടിലിലേക്ക് വീണ് കെട്ടിപ്പുണർന്നു. മിന്നൽ വെളിച്ചത്തിൽ അവരുടെ നിഴലാട്ടം. മേശയിൽ ഓണായിരുന്ന ലാപിന്റെ ഡിസ്പ്ലേയുടെ  വെളിച്ചം  മാഞ്ഞുപോകുംബോൾ തെയ്യാമ്മ എമ്മാനുവേലിന്റെ മാറിലേക്ക് തലവെച്ച് ഒരു കൈകൊണ്ട് കെട്ടിപ്പിടിച്ച് കിടക്കുന്നത് മിന്നൽ വെളീച്ചത്തിൽ കാണാം.

എമ്മാനുവേൽ : കൊറേ പേർക്ക് കുഞ്ഞ്ങ്ങളില്ലാത്തതിന്റെ വേദന... ഒരു കുഞ്ഞ് നഷ്ടപ്പെടുംബോൾ ഒരമ്മക്കുണ്ടാകുന്ന വേദനയറിയുമോ?

തെയ്യാമ്മ : നീയെന്താ ഇപ്പോ ഇതൊക്കെ പറയുന്നത്.

അവന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ അവൾ വിരലുകൾ ഓടിച്ചു.

എമ്മാനുവേൽ : കാണാതായഅനുമോന്റെ അമ്മയെക്കുറിച്ച് ഓർക്കുകയായിരുന്നു.

തെയ്യാമ്മ : പോയതു പോയി . ആ കുഞ്ഞിനെയോർത്ത് ദു:ഖിക്കാനല്ലേ പറ്റു.

തെയ്യാമ്മയുടെ ഉത്തരം കേട്ട് ഉദ്വേഗത്തോടെ എഴുന്നേറ്റ് തലയിണയിൽ ചാരി ഇരുന്ന്  അവരെ അവൻ നോക്കി.

എമ്മാനുവേൽ : അനുമോൻ മരിച്ചു പോയെന്നാണോ ..?

തെയ്യാമ്മ എണീറ്റ് വസ്ത്രം നേരെയാക്കി മുടി കെട്ടി വെച്ച് അവനെ നോക്കി.

തെയ്യാമ്മ : എന്താ നീയിങ്ങനെ നോക്കുന്നത് ?

എമ്മാനുവേൽ : പറ..അനുമോൻ മരിച്ചു പോയോ...?

തെയ്യാമ്മ: എനിക്കെങ്ങനെ അറിയാം. വർഷം ഒന്നാകാൻ പോകുന്നില്ലേ... നീയതുമിതും ഓർക്കാതെ കിടന്നുറങ്ങാൻ നോക്ക്.

നിസ്സാരതയിൽ കാപട്യം മറക്കാൻ അവർ ശ്രമിച്ചു.വിഷമം അഭിനയിച്ച്,

എമ്മാനുവേൽ : ഞാൻ തെറ്റു ചെയ്തു. ഞാൻ പാപിയാണ് . എനിക്ക് കുംബസാരിക്കണം.

തെയ്യാമ്മ : ദേ കുംബസാരിക്കുംബോൾ എന്റെ പേരൊന്നും പറഞ്ഞേക്കരുത്.

എമ്മാനുവേൽ : ചേച്ചി കുംബസാരിക്കില്ലേ.

തെയ്യാമ്മ : അതാ പറഞ്ഞത്. ഞാൻ വർഷത്തിൽ രണ്ടു പ്രാവശ്യമേ കുംബസാരിക്കത്തൊള്ളു.ക്രിസ്തുമസ്സിനും, ഈസ്റ്ററിനും. അതും വേറേ പള്ളിയിൽ നിന്നും വരുന്ന അച്ചന്മാരോട്മാത്രം.. അതാവുംബോ നമ്മളെ തിരിച്ചറിയില്ലല്ലൊ.

അത് കേട്ട് ആലോചനയോടെ എമ്മാനുവേൽ മുഖം തിരിക്കുന്നു. ആ സമയം ശക്തമായ ഒരിടിയും മിന്നലും ആകാശത്ത് വീഴുന്നു.

കട്ട്


സീൻ 22
പകൽ, സഖാവ് സത്യൻ മാഷിന്റെ വീട്

സത്യൻ പതിവായിട്ട് ഇരിക്കാറുള്ള വരാന്തയുടെ ഭാഗം. റേഡിയോയിൽ എഫ്.എം മോണിംഗ് സെലക്ഷൻ സോംഗ്സ് തുടരുന്നു. അതാസ്വദിച്ച് കോച്ചിയിൽ ചാരി കിടക്കുകയാണ് സത്യൻ. വരാന്തയുടെ വശത്തുള്ള മുറ്റത്ത് പൈപ്പിൽ നിന്നും ഹോസിലൂടെ വരുന്ന വെള്ളം ഉപയോഗിച്ച് ബുള്ളറ്റ് വൃത്തിയാക്കുകയാണ് ലക്ഷ്മി.കുറച്ചകലെ ബക്കറ്റിൽ നിന്നും തുണിയെടുത്ത് അയയിൽ വിരിക്കുകയാണ് ഭദ്ര.
ലകഷ്മി ബുള്ളറ്റിൽ നിന്നും ഹോസ് മാറ്റി ഭദ്രേടത്തിയെ നോക്കി.

ലകഷ്മി : ഭദ്രേടത്തി പൈപ്പൊന്നു പൂട്ടിയേക്കാമോ ?

ഭദ്ര : പുട്ടിയേക്കാം മോളെ.

അവർ അയയിൽ തുണി വിരിക്കൽ നിർത്തി അടുക്കളയുടെ ഭാഗത്തേക്ക് പോയി പൈപ്പ് പൂട്ടി തിരികെ വന്ന് തന്റെ പ്ര്വൃത്തിയിൽ മുഴുകുന്നു.ലക്ഷ്മി തുണികൊണ്ട് ബുള്ളറ്റിലെ വെള്ളം തുടച്ച് ഉണക്കാൻ തുടങ്ങി. കോച്ചിയിൽ ഇരുന്ന് മുന്നോട്ടാഞ്ഞ് സത്യൻ അവളെ നോക്കി പറഞ്ഞു.

സത്യൻ : വണ്ടി സർവ്വീസ് സെന്ററിൽ കൊടുത്തിരുന്നേ ഇത്രവലിയ കഷ്ടപ്പാടുണ്ടായിരുന്നോ മോളെ.

ലക്ഷ്മി : സർവ്വീസ് സെന്ററീ കൊടുത്താ പറയണ സമയത്ത് കിട്ടില്ലച്ഛാ.

സത്യൻ : അതും ശരിയാ.പണിയില്ലെങ്കിലും പണിയാണെന്നു കാണിക്കാൻ വെച്ചോണ്ടിരിക്കും.

ഭദ്ര തുണിവിരിച്ചിട്ട് പിന്നംബുറത്തേക്ക് പോയിരുന്നു. തങ്കനും എമ്മാനുവേലും മുറ്റത്തു നിന്നും വരുന്നത് ശ്രീലക്ഷ്മി കണ്ട് തന്റെ പ്രവൃത്തി നിർത്തി.

ലക്ഷ്മി : തങ്കച്ചായൻ . ഓ .. വാ.കർത്താവുമുണ്ടല്ലോ.

അടുത്തെത്തിയ തങ്കനെ സഖാവ് സത്യൻ തിരിച്ചറിഞ്ഞ്.അയാളുടെ കൂടെയുള്ള ആളെ തിരിച്ചറിയാതെ സത്യൻ ലക്ഷ്മിയെ നോക്കി.

ലക്ഷ്മി : അച്ഛാ .ഇത് എമ്മാനുവേൽ . പോലീസ് സ്റ്റേഷനീന്ന് ജാമ്യത്തിലിറക്കിയ നാലാമൻ.വലിയ ബ്ലോഗറും കഥയെഴുത്തുകാരനുമൊക്കെയാ.

സത്യൻ : ങാ.വാ.കേറി വാ.

ലക്ഷ്മി :കയറി ഇരിക്കു.

അവർ തിണ്ണയിലേക്ക് കയറി അരപ്ലേസിലിരുന്നു.അവരുടെ പിന്നാലെ തിണ്ണയിലേക്ക് കയറിയ ലക്ഷ്മി അരയിൽ കെട്ടിയിരുന്ന ഷാൾ അഴിച്ച് തോളിലിട്ട് അടുത്തുള്ള വാതിൽ കട്ടിളയിൽ ചാരി നിന്നു. സത്യൻ റേഡിയോയുടെ വോളിയം കുറച്ചു.

സത്യൻ : ഒരു കാലിനല്പം ബലക്കുറവുണ്ട്. വാതത്തിന്റെയാ. വെറുതെയിരിക്കുംബോ റേഡിയോയാ കൂട്ട്.

അതുകേട്ട് അവർ ഒന്ന് ചിരിച്ച് തലയാട്ടുന്നു. ലക്ഷ്മിയെ നോക്കി,

തങ്കൻ : മോള് ബുള്ളറ്റ് തൊടച്ച് വൃത്തിയാക്കുവാരുന്നല്ലേ.വന്നത് ബുദ്ധിമുട്ടായോ? 

ലക്ഷ്മി : അതൊന്നും സാരമില്ല .

സത്യൻ : തങ്കന്റെ താറാ കൃഷിയൊക്കെ എങ്ങനെ ?

തങ്കൻ : കഴിഞ്ഞ വർഷത്തെ പക്ഷിപ്പനിയിൽ കൊറേണ്ണം ചത്തൊടുങ്ങി.ബാക്കിയുള്ളതുകൊണ്ട് അങ്ങനെയങ്ങ് പോണു.

സത്യൻ : ഇക്കാലത്ത് സാധാരണക്കാരന് ജീവിവിക്കാൻ വലിയ പ്രയാസാ.പിന്നെ സർക്കാരു നമ്മുടേതായതുകൊണ്ട് ആശ്വാസം.

തങ്കൻ : അതു ശരിയാ.

എമ്മാനുവേലിനെ  സത്യൻ ഒന്നു നോക്കി.

സത്യൻ : ചീരപ്പഞ്ചിറയെക്കുറിച്ച് എന്തോ പഠനം നടത്താൻ എത്തിയതാണെന്ന് മോള് പറഞ്ഞു.

എമ്മാനുവേലതിനു മറുപടിയായി ചിരിക്കുന്നു.

സത്യൻ : നാട് എവിട്യാ.

എമ്മാനുവേൽ : ഇടുക്കി ചെറുതോണിയില് .

 സത്യൻ :  ഇടുക്കിയിലെ തോട്ടം തൊഴിലാളികളെ ബോധവത്ക്കരിക്കാനൊക്കെ വന്നിട്ടുണ്ട്. ചെറുപ്രായത്തില്. അതൊരു കാലം.

അവർ അതുകേട്ട് വെറുതെ ചിരിക്കുന്നു.

തങ്കൻ : മോളിന്ന് പഞ്ചയാത്തില് പോണില്ലേ.

ലക്ഷ്മി :ഇല്ല...എനിക്ക് ക്രൈംബ്രാഞ്ച് ഓഫീസു വരെ പോണം. അനുമോന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട്.

അല്പം നിരാശയിൽ,

സത്യൻ : ഒരു വർഷമാകാറായി. അനുമോൻ എവിടെയാണെന്നോ എന്ത് പറ്റിയെന്നോ ആർക്കറിയാം.

ഒരിട ഏവർക്കും ഇടയിൽ മൌനം.മൌനം ഭേദിച്ച് ,

ലക്ഷ്മി : അച്ചായനെന്താ പതിവില്ലാതെ.

തങ്കൻ : ഇവന് താമസിക്കാൻ പറ്റിയ ഒരു സ്ഥലം തരപ്പെടുത്തണം. നമ്മുടെ തോമ്മാച്ചന്റെ മക്കള് ആ വീട് നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത് സഖാവിനെയല്ലേ. അതു കിട്ടിയിരുന്നെങ്കിൽ.

ഒന്നു സംശയിച്ച്,

സഖാവ് : തോമ്മാച്ചന്റെ വീടോ?.

ലക്ഷ്മി : അത്  എമ്മാനുവേലിന് ശരിയാകുമോ.

സത്യൻ : അവിടെ സൌകര്യമൊന്നും അത്രക്കില്ല.

എമ്മാനുവേൽ : അതൊന്നും സാരമില്ല. കുറച്ച് ദിവസം താമസിക്കാനൊരു സ്ഥലം.

സത്യൻ : അതു മതിയെങ്കിൽ. ബഷീറാണു ആ വീടിന്റെ ചുറ്റുപാടൊക്കെ നോക്കുന്നത്. (ലക്ഷ്മിയോട്) അവൻ താക്കോല്  കൊണ്ടുപോയിട്ട് കൊണ്ടു വന്നാ മോളെ.

ലക്ഷ്മി :എന്റെ കയ്യിൽ കിട്ടിയില്ലച്ഛാ.

സത്യൻ : തെങ്ങ് നനക്കാൻ, മോട്ടറിന്റെ സ്വിച്ച് അകത്താ.അതിനു മേടിച്ചതാ.മോളെ ബഷീറിനെ വിളിച്ച് താക്കോലു കൊണ്ടു വരാൻ പറയണേ.

ലക്ഷ്മി :ശരി അച്ഛാ.

തങ്കൻ : വാടകയെന്താന്നു വെച്ചാ.

സത്യൻ : അതു സാരമില്ല.കുറച്ച് ദിവസത്തേക്കല്ലേ.

എമ്മാനുവേലും തങ്കനും നന്ദിയോടും ബഹുമാനത്തോടും എഴുന്നേൽക്കുന്നു.

തങ്കൻ :എന്നാൽ ഞങ്ങളങ്ങോട്ട്. 

ലക്ഷ്മിയേയും സത്യനേയും നോക്കി ചിരിച്ച് അവർ തിണ്ണയിറങ്ങി നടക്കുംബോൾ പിന്നിൽ നിന്നും ലക്ഷ്മിയുടെ ശബ്ദം.

ലക്ഷ്മി : കർത്താവേ ഒന്നു നിന്നേ.

അവർ നിന്നു തിരിഞ്ഞു നോക്കുംബോൾ ലക്ഷ്മി അവർക്കരികിലെത്തിയിരുന്നു.എന്തോ അർത്ഥം വെച്ച്  എമ്മാനുവേലിന്റെ കണ്ണുകളിൽ നോക്കി,

ലക്ഷ്മി : “ കണ്ണുകൾക്ക് തിമിരം ബാധിച്ചാലും സത്യം എന്നും മായാതെ നിൽക്കും.”

എമ്മാനുവേൽ : അതുവെറുതെ ഒരു സ്റ്റാറ്റസ് ഇട്ടതാ.

 ലക്ഷ്മി : ഞാനിന്ന് ചീരപ്പഞ്ചിറക്ക് പോകുന്നുണ്ട്.ഒരു സ്പെഷ്യൽ ക്ലാസ്സ്. സമയമുണ്ടെങ്കിൽ പോര്. ഗവേഷണവുമാകാം.

തങ്കൻ : ഹാ.അതു നന്നായല്ലോ.

എമ്മാനുവേൽ : ഓകെ.ഞാൻ റെഡി.

ലക്ഷ്മി : എന്നാ കറക്റ്റ് പതിനൊന്നുമണിക്ക് കുരിശടിക്കു മുന്നിൽ റെഡിയായി നിന്നോ.

തന്റെ ഒരു കൈയുടെ തംബ് കാണിച്ച്,

എമ്മാനുവേൽ : ഡൺ.

ചിരിയോടെ അവൾ തിരിഞ്ഞു നടക്കുന്നു.

കട്ട്

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ