mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

god friday

ഭാഗം 16

സീൻ 26 
രാവിലെ, സഖാവ് സത്യന്റെ വീട്

തുറന്നിട്ടിരിക്കുന്ന ഗേറ്റ് കടന്ന് സൈക്കിൾ ചവിട്ടി മുറ്റത്തേക്ക് ബഷീർ വരുന്നു. ഒരു വശത്ത് നിന്ന് സത്യൻ വാക്കിംഗ് സ്റ്റിക്കിൽ കയ്യൂന്നി പൈപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഹോസ് പിടിച്ച് ചെടികൾക്ക് വെള്ളം നനക്കുന്നു. അയാൾ ബെല്ലടിച്ച്  സൈക്കിളിൽ മുറ്റത്തു വന്നു നിന്ന ബഷീറിനെ ശ്രദ്ധിച്ചു. സൈക്കിൾ സ്റ്റാൻഡിൽ വെച്ച് തുറന്നു കിടക്കുന്ന മുൻ വാതിലിലേക്ക് നോക്കി ബഷീർ വിളിക്കുന്നു.

ബഷീർ : മെംബറേ.മെംബറേ...

സത്യൻ : ബഷീറേ. 

അടുത്തായിരുന്ന പൈപ്പ് പൂട്ടി സാവധാനം സത്യൻ ബഷീറിന്റെ അരികിലെത്തിയിരുന്നു. ബഷീർ സത്യനെ കാണുന്നത് അപ്പോൾ മാത്രമാണ്.

ബഷീർ : ലക്ഷ്മി മോള് ഇന്നലെ വിളിച്ചിരുന്നു.അന്ന് കൊണ്ടുപോയ താക്കോല് തരാൻ ഞാൻ മറന്നു.

സത്യൻ : തങ്കച്ചന്റെ കൂടെയുള്ള ആ പയ്യന് കുറച്ച് ദിവസം താമസിക്കാനാ. എന്തോ എഴുതാനോ മറ്റോ ആയിട്ട്.

ബഷീർ : എന്നോട് ചോദിച്ചിരുന്നു, ഇന്നലെ രാത്രി തന്നെ മുറിയൊക്കെ വൃത്തിയാക്കിയിട്ടിട്ടുണ്ട്.

സത്യൻ : ഉം.അതു നന്നായി.

ബഷീർ : ദാ. താക്കോൽ.

സത്യനു നേരെ ബഷീർ നീളൻ താക്കോൽ നീട്ടി .അയാളതു വാങ്ങി.

സത്യൻ : പറമ്പിലെ തെങ്ങിലെ തേങ്ങായും ഓലയും ചൂട്ട്  കറ്റയുമൊക്കെ നോക്കിയെടുക്കുന്നുണ്ടല്ലോ അല്ലേ.

ബഷീർ : .കൂടുതലായിട്ടൊന്നുമില്ല. കൊറച്ച് നാട്ടുകാരുകൊണ്ടു പോകും. മിച്ചമുള്ളത് വെട്ടിയുണക്കിയാട്ടി വെളിച്ചെണ്ണയാക്കി  കടേലു കൊടുക്കും.

സത്യൻ: അതുമതി.എനിക്കിവിടെ അത്യാവശ്യത്തിനുണ്ടല്ലോ.

ബഷീർ : എനിക്കൊന്നു ചന്തവരെ പോണം.

ബഷീർ സൈക്കിൾ സ്റ്റാൻഡിൽ നിന്നിറക്കി തിരിയുംബോൾ,

സത്യൻ : നിന്റെ വീടു പണിയെവിടം വരെയായി.?.

ഒരിടനിന്ന് സത്യനെ നോക്കി,

ബഷീർ : വലിയ പെരുന്നാളിനു മുന്നേ പണിതീർത്ത് താമസം തുടങ്ങണം.

ഉപദേശമെന്നോണം,

സത്യൻ : വീടായിക്കഴിയുംബോൾ ബീവിയുടെ വഴക്കൊക്കെ മാറും. ഇനിയെങ്കിലും സമാധാനായിട്ട് ജീവിക്കൻ നോക്ക്.

ബഷീർ : അവളുടെ പടച്ചോൻ നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ.

സത്യൻ : സമയം കളയണ്ട.

ബഷീർ : ശരിയെന്നാ.

ബഷീർ സൈക്കിള് ചവിട്ടി പുറത്തേക്ക് പോകുന്നത് നോക്കി നിന്ന് തിരിയുംബോൾ ലക്ഷ്മി ഉമ്മറത്തേക്ക് വരുന്നു.

ലക്ഷ്മി : ആരാ അച്ഛാ സൈക്കിളിൽ ബെല്ലടിച്ച് വന്നത് ?

സത്യൻ : തോമ്മാച്ചന്റെ വീടിന്റെ താക്കോലുമായിട്ട് ബഷീറ് വന്നതാ.മുറിയൊക്കെ വൃത്തിയാക്കിയിട്ടിട്ടുണ്ട്, ദാ താക്കോൽ. 

അയാൾ നീട്ടിയ താക്കോൽ അവൾ വാങ്ങി അല്പം സംശയത്തോടെ നോക്കുന്നു.

ലക്ഷ്മി : ഈ താക്കോൽ പുതിയതു പോലെയുണ്ടല്ലോ.

ഉമ്മറപടി കയറിക്കൊണ്ട് ,

സത്യൻ : എണ്ണയോ ഓയിലോ ഇട്ടു തുരുംബു  കളഞ്ഞതാവും. മോള് പഞ്ചായത്തി പോണവഴി താക്കോല് തങ്കച്ചന്റെ വീട്ടില്  കൊടുത്തേക്ക്. അവരെ നടത്തി  ബുദ്ധിമുട്ടിക്കണ്ട.

ലക്ഷ്മി : ഉം.

ആലോചനയോടെ താക്കോൽ നോക്കി അവൾ അകത്തേക്ക് നടക്കുന്നു.

കട്ട്


സീൻ 27
പകൽ
തങ്കന്റെ വീട് 

പൂഴിറോഡിൽ ബുള്ളറ്റിൽ വന്നു നിൽക്കുന്ന ലക്ഷ്മി തങ്കന്റെ വീട്ടിലേക്ക് നോക്കി ഹോൺ അടിക്കുന്നു. ഹോണടി കേട്ട് സിറ്റൌട്ടിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്ന തെയ്യാമ്മ ലക്ഷ്മിയെ കണ്ട് ചിരിച്ച് അവൾക്കരികിലേക്ക് നടന്നടുക്കുന്നു.

തെയ്യാമ്മ : മെംബറോ?.

ലക്ഷ്മി : തങ്കച്ചായനോ എമ്മാനുവേലോ ഇവിടുണ്ടൊ.?

അടുത്തെത്തി നിന്ന,

തെയ്യാമ്മ : തങ്കച്ചായൻ കുളിക്കയാണ്.

സിറ്റൌട്ടിൽ നിന്നും ഷർട്ടിന്റെ ബട്ടൻസിട്ടുവരുന്ന എമ്മാനുവേൽ ലക്ഷ്മിയെ കണ്ട്  ചിരിച്ച്,

എമ്മാനുവേൽ :  ഞാനുണ്ട് മെംബറേ .

അവൻ അരികിലെത്തുംബൊൾ ലക്ഷ്മി ബാഗിൽ നിന്നും നീളൻ താക്കൊലെടുത്ത് അവന് നേരെ നീട്ടുന്നു.

ലക്ഷ്മി : ദാ .തോമ്മാച്ചന്റെ വീടിന്റെ താക്കോൽ.

താക്കോൽ ചിരിയോടെ വാങ്ങി,

എമ്മാനുവേൽ : അയ്യോ ഞാനവിടെ വന്നു വാങ്ങുമായിരുന്നല്ലോ .

ലക്ഷ്മി : അതു സാരമില്ല.

വീടിന്റെ ഒരു വശത്ത് നിന്നും തലതുവർത്തി വരുന്ന തങ്കൻ ലക്ഷ്മിയെ കാണുന്നു.

തങ്കൻ : ഇറങ്ങുന്നില്ലേ മോളെ. ഒരു ചായ കുടിച്ചിട്ട് പോകാം. 

ലക്ഷ്മി നടന്നു വരുന്ന തങ്കനെ കാണുന്നു.

ലക്ഷ്മി : വേണ്ടച്ചായാ. കുറച്ച് തിരക്കുണ്ട്. താക്കോല് കൊടുത്തിട്ടുണ്ടേ.

തങ്കൻ : ഓ.ശരി.

എമ്മനുവേലിനെ നോക്കി ,

ലക്ഷ്മി : കർത്താവേ, .കർത്താവിന്റെ സൌകര്യം അനുസരിച്ച് താമസം മാറിക്കോ.

എമ്മാനുവേൽ : മെംബറേ ഇങ്ങനെ കർത്താവേ കർത്താവേ എന്നു വിളിച്ച് എന്നെ വെറുതെ കുരിശേ കേറ്റരുതേ.

തെയ്യാമ്മയും  ലക്ഷ്മിയും തങ്കനും ചിരിക്കുന്നു.

തങ്കൻ : കർത്താവ് കുരിശിലേറിയത് നമ്മുടെ രക്ഷക്കു വേണ്ടിയല്ലേ. നീയൊരു രക്ഷകനാകില്ലെന്നാർക്കറിയാം.

പൊടുന്നനെ ഒരു ദിക്കിൽ നിന്നും എമ്മാനുവേൽ എമ്മാനുവേൽ എന്ന ക്രിസ്ത്യൻ സോംഗ് കേൾക്കുന്നു. അതുകേട്ട് എല്ലാവരും ചിരിക്കുന്നു.

തങ്കൻ : ബാബുവിന്റെ മൈക്ക് ടെസ്റ്റിംഗാ.

ചിരിച്ചു കൊണ്ട് ലക്ഷ്മി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോകുന്നു. മൂവരും അത് നോക്കി നിൽക്കുന്നു.

കട്ട്


സീൻ 28 

പകൽ 
തോമ്മാച്ചന്റെ വീട് / എമ്മാനുവേലിന്റെ പുതിയ താമസ സ്ഥലം

പുറത്ത് നിന്നുള്ള ദൃശ്യത്തിൽ രണ്ട് മുറിയും അടുക്കളയും ഉള്ള ആ വീടിന്റെ പരിസരം വൃത്തിയായി കിടപ്പുണ്ട്.

അകത്ത്- 
ഒരു മുറിയുടെ വാതിൽ അടച്ച് താഴിട്ട് പൂട്ടിയിരിക്കുകയാണ്. ആദ്യത്തെ മുറിയിൽ ഒരു കട്ടിലും മേശയും കസേരയും, ഇരുവശമുള്ള ജനലഴികളിൽ കെട്ടിയ ഒരു അയയുമുണ്ട്. മുറിയുടെ ഒരു കോണിലുള്ള തടിയുടെ പഴയ അലമാരയിൽ കട്ടിലിൽ തുറന്ന് വെച്ച ബാഗിൽ നിന്നും എമ്മാനുവേൽ വസ്ത്രങ്ങളെടുത്ത്  വെക്കുന്നു.
അടുകളയിലേക്ക് നോക്കി ,

ബഷീർ : നിങ്ങളെല്ലാവരും എന്നെ സഹായിക്കാൻ വേണ്ടി ഒരു ദിവസത്തെ പണി കളഞ്ഞ് ഇറങ്ങണ്ടായിരുന്നു.

ദൃശ്യം അടുക്കളയിലേക്ക് നീങ്ങുംബോൾ അടുപ്പ് പാതകത്തിൽ അരലിറ്ററിന്റെ മദ്യ കുപ്പി പൊട്ടിച്ച് മൂന്നു ഗ്ലാസുകളിലേക്ക് വിജയൻ മദ്യം ഒഴിക്കുന്നു. വിജയനും അടുത്ത് നിൽക്കുന്ന പൊന്നന്നും ആദ്യം മദ്യം അകത്താക്കി. അടുപ്പു പാതകത്തിൽ വെച്ചിരിക്കുന്ന മണ്ണെണ്ണ സ്റ്റൌവിന്റെ തിരിയുയർത്തി കത്തിക്കുന്ന തങ്കൻ എമ്മാനുവേലിന്റെ സംസാരം ശ്രദ്ധിച്ച് മറുപടി കൊടുക്കുന്നു.

തങ്കൻ : കർത്താവേ ഇതൊക്കെയാണോ സഹായം.

പൊന്നൻ നീട്ടിയ മദ്യ ഗ്ലാസ്സ്  വാങ്ങി മദ്യം അകത്താക്കി ഗ്ലാസ്സ് പൊന്നനു തന്നെ തിരികെ കൊടുത്ത് തങ്കൻ  സ്റ്റൌവിന്റെ തിരി താഴ്ത്തി ലിഡ് കൊണ്ട് മൂടി അത് കെടുത്തുന്നു. അടുക്കളയിലേക്ക് വരുന്ന എമ്മാനുവേൽ മദ്യപാന സെറ്റപ്പ് കണ്ട് ചിരിക്കുന്നു.

എമ്മാനുവേൽ : ഇതൊക്കെ എപ്പോ സാധിച്ചു ?

വിജയൻ : കുറ്റം പറയരുതല്ലോ. അരലിറ്ററിന്റെ സ്റ്റോക്കില്ലെങ്കിൽ വിജയനെങ്ങനാ വിജയനാകുന്നത് . ങേ ?.

വിജയൻ തന്റെ കറുത്തകണ്ണട നെറ്റിയിലേക്ക് ഉയർത്തി താഴ്ത്തി പറഞ്ഞു. കുപ്പിയെടുത്ത് പൊന്നൻ എമ്മാലുവേനിനെ നോക്കി,

പൊന്നൻ : ഒരെണ്ണം ഒഴിക്കട്ടെ ?

എമ്മാനുവേൽ :  വേണ്ട   എനിക്ക് കുറച്ച് പണിയുണ്ട്.

സ്റ്റൌ തൂടച്ച് വൃത്തിയാക്കി,

തങ്കൻ : കർത്താവെ സ്റ്റൌവിന്റെ ഓപ്പ്പറേഷനൊക്കെ അറിയാല്ലോ.

എമ്മാനുവേൽ : അതൊക്കെ അറിയാം അച്ചായാ.

തങ്കൻ : അത്യാവശ്യം കഞ്ഞിയും കറിയും ചായയുമൊക്കെ വെക്കാനുള്ള സെറ്റപ്പുണ്ട്.

അടുപ്പുപാതകത്തിൽ വെച്ചിരുന്ന രണ്ട് ഇടത്തരം കലങ്ങളും ചീനചട്ടിയും , ചായപാത്രവും കാണിച്ച് അയാൾ പറഞ്ഞു.

എമ്മാനുവേൽ : കഞ്ഞി വെക്കാനും കറിവെക്കാനുമൊക്കെ ധാരാളം സമയമുണ്ടല്ലോ.

തങ്കൻ :കർത്താവേ,  ഞങ്ങളങ്ങോട്ട് നീങ്ങട്ടെ.

എമ്മാനുവേൽ : ശരി ഇടക്കൊക്കെ വരണം. പിന്നെ അറിയാല്ലോ ഞാനധിക ദിവസമൊന്നും ഉണ്ടാകില്ല.

മദ്യക്കുപ്പി അരയിൽ മുണ്ടുകുത്തിയതിനിടയിൽ ഒളിപ്പിച്ച് തങ്കന്റെ പിന്നാലെ പൊന്നനും കൂടെ വിജയനും നടക്കുന്നു ഒപ്പം എമ്മാനുവേലും. തിരിഞ്ഞു നടന്നു.  അടച്ചിട്ട മുറിയുടെ വാതിലിൽ മുട്ടികൊണ്ട് വിജയൻ കറുത്ത കണ്ണട താഴ്ത്തി തങ്കന്റെ തോളിൽ തോണ്ടി ചോദിക്കുന്നു.

വിജയൻ : അതേ ഈ മുറിയെന്താ അടച്ചിട്ടിരിക്കുന്നത് . ഭൂതബാധ വല്ലതുമുണ്ടോ ? ഞാനിവിടെ ആദ്യായിട്ടാണേ.

തങ്കൻ : തോമാച്ചന്റെ വക സാധനങ്ങളൊക്കെയാവും.

എമ്മാനുവേൽ സംശയത്തോടെ ആ ഡോറിലേക്ക് ഒരു വട്ടം നോക്കുന്നു.

കട്ട് റ്റു


മുറ്റം 

മുറ്റത്ത് നിന്നും ഒരു പൂച്ച ബഷീറിന്റെ പറംബിലേക്ക് ഓടിപ്പോകുന്നു. എമ്മാനുവേലും മറ്റു മൂവരും മുറ്റത്ത് നിൽക്കുകയാണ്.

തങ്കൻ : അറിയാല്ലോ.ബഷീറിന്റെവീടാ അത്. ഉമ്മ മാത്രേയുള്ളൂ. ഓർമ്മക്കുറവുണ്ട്. അവരവിടെക്കിടന്ന് ഒറ്റക്ക് പിച്ചും പേയുമൊക്കെ പറയും. കർത്താവത് നോക്കാൻ പോകണ്ട. ബഷീർ ഒരു നേരത്താകും വരുന്നത്. പല പണിയല്ലേ.

ബഷീറിന്റെ വീട് ചൂണ്ടി അയാൾ പറഞ്ഞു.ആ ഭാഗത്തേക്ക് നോക്കി ഒന്നുമൂളി,

എമ്മാനുവേൽ : ഉം ! .

എമ്മാനുവേലിനെ കൈകൊടുത്ത് ,

വിജയൻ : ഓകെ.സീ യൂ..ബൈ ബൈ.

എമ്മാനുവേൽ : ശരി.

അവർ മൂവരും നടന്നകലുംബോൾ എമ്മാനുവേൽ മുറിയിലേക്ക് കയറി ബാഗിൽ നിന്നും ലാപ്ടോപ്പ് എടുത്ത് മേശയിൽ വെച്ച് അത് ഓണാക്കി ഡ്രൈവിൽ ഒരു ഫയൽ തിരയുംബോൾ- ദൃശ്യത്തിൽ  ഉമ്മയുടെ വിദൂര സ്വരം കേൾക്കാം.

അത്തറുമ്മ : ബഷിറേ മോനെ..ഉമ്മാക്ക് വിശക്കണ്. മോനെ...

അവരുടെ ശബ്ദം കേട്ട് അവൻ സാവധാനം പുറത്തേക്കിറങ്ങി.

കട്ട് റ്റു

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ