kerala village

Jomon Antony

വർഷങ്ങൾക്ക്  മുൻപ്  ആലപ്പുഴ ജില്ലയിൽ നിന്നും കാണാതായ രാഹൂൽ എന്ന കുട്ടിയെക്കുറിച്ചുള്ള വാർത്ത അടിസ്ഥാനമാക്കിയാണ് ഈ കഥാ ബീജം ഉരുത്തിരിഞ്ഞതെങ്കിലും  ആ കുട്ടിയുടേയോ കുടുംബത്തിന്റ്റേയോ പരിസരവാസികളുടേയോ ജീവിതങ്ങളുമായോ ചുറ്റുപാടുകളുമായോ യാതൊരു വിധത്തിലുള്ള ബന്ധവും ഈ കഥക്കോ തിരക്കഥക്കോയില്ലെന്ന  യാഥാർത്ഥ്യം ആദ്യം തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ.

ഇതിലെ കഥാപാത്രങ്ങൾ സാധാരണ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതും എന്റ ജീവിതാനുഭവങ്ങളിൽ നിന്നടർത്തി ഭാവനക്ക് അനുസരിച്ച് രൂപപ്പെടുത്തിയതുമാണ്. ഭാരതത്തിൽ ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടി വീതം കാണാതാകുന്നുയെന്ന സത്യം നിലനിൽക്കുന്നതിനൊരു കാരണം  നമ്മുടെ കണ്ണുകളും മനസ്സും ബോധപൂർവ്വം സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറുന്നുയെന്നുള്ളതാണ്.

ഗുഡ്ഫ്രൈഡേ രജിസ്റ്റർ ചെയ്തിട്ടുള്ള തിരക്കഥയാണ്. ഈ തിരക്കഥ വായിക്കുന്ന പ്രിയ വായനക്കാരെ,  ഇത് സിനിമയായി വെള്ളിത്തിരയിൽ കാണുവാൻ ഞാൻ വളരെ ആഗ്രഹിക്കുന്നു. മൊഴിയുടെ വായനക്കാരിലൊരാളിലൂടെയെങ്കിലും ഗുഡ്ഫ്രൈഡേ നല്ലൊരു സംവിധായകനിലേക്ക് എത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

സ്നേഹപൂർവ്വം, ജോമോൻ ആന്റ്റണി 

 

ഭാഗം  1

ഗ്രാഫിക്സിൽ ടൈറ്റിലുകൾ : രക്തമയം ഒഴുകുന്ന പശ്ചാത്തലത്തിൽ -

ന്യൂസ് പേപ്പർ കട്ടിംഗുകൾ. ഉത്തരമില്ലാതെ അനുമോന്റ്റെ തിരോധാനം. സ്വർണ്ണകള്ളകടത്ത് കേസ് പ്രതികൾ ഉടൻ അറസ്റ്റിൽ. ബിഷപ്പിനോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് വൈദികൻ. പ്രണായാഭ്യർത്ഥന നിരസിച്ച യുവതിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. ആൺവേശ്യകളെ തേടി കൊച്ചിയിൽ  കൊച്ചമ്മമാർ. തലസ്ഥാനത്ത് സെക്സ് ഡോളികൾ വിപണിയിൽ. മറ്റു പ്രധാന ന്യൂസ് ഹെഡ്ഡിംഗുകൾ ഉൾപ്പെടുത്തി  ടൈറ്റിലുകൾ അവസാനിക്കുന്നു.

സീൻ 1  
പ്രഭാതം കഴിഞ്ഞ് തുടങ്ങുന്ന സമയം.
വേമ്പനാട് കായലിനോട് ചേർന്നുള്ള   ഒരു ഗ്രാമത്തിന്റ്റെ  ദൃശ്യം അവസാസാനിക്കുന്നത്  ദൂരെ മുകൾ കാഴ്ചയിൽനിന്നു കാണുന്ന ഒരു പള്ളിക്കവലയിലാണ്. അങ്ങിങ്ങായ് കലിങ്കിലോ മറ്റോ ഇരിക്കുന്നവരെ ദൃശ്യത്തിൽകാണാം.

ആ കവലയിലെ തിലകന്റെ ചായക്കട -
കടയ്ക്കുള്ളിൽ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ഗണപതിയുടെ ചെറിയ വിഗ്രഹത്തിനു  മുന്നിൽ വിളക്കുവെച്ച്  പ്രാർത്ഥിയ്ക്കുന്ന തിലകൻ.

തിലകൻ: ഗണപത്യേ .... ഹർത്താലാണെങ്കിലും കസ്റ്റമേഴ്സിന്റെ ക്ഷാമംഉണ്ടാക്കരുതേ...

അതു   പറഞ്ഞ്  തൊഴുത് പൂർത്തിയാക്കുംബോൾ  പിന്നിൽ നിന്ന് സൈക്കിളിന്റെ ബെല്ലടി കേട്ട് അയാൾ തിരിഞ്ഞു നോക്കുന്നു. മുറ്റത്ത് സൈക്കിളിൽ പത്രവിതരണം ചെയ്യുന്ന പയ്യൻ കുഞ്ഞൻ അകത്തേക്ക്പേപ്പർ എറിഞ്ഞ്ചിരിയൊടെ തിലകനോട് -

കുഞ്ഞൻ: ഹർത്താലായിട്ടും ഗണപതിയമ്മാവന്  റെസ്റ്റ് കൊടുക്കില്ലേ ചേട്ടാ... 

തിലകൻ: ആരുടെ  അമ്മാവൻ നിന്റെ അമ്മൂമ്മേടെയോ ..ഒന്നുപോടാ നിന്റെ പാട്ടിന് ..

സൈക്കിളിന്റെ ബെല്ലടിച്ച് മുന്നോട്ടെടുക്കു വാൻ ഒരുങ്ങി അയാളെ കളിയാക്കുംവിധം, 
കുഞ്ഞൻ: എന്നാ  പാട്ട് പിടിച്ചോ.. നിന്റെമ്മേടെ ജിമിക്കി കമ്മൽ നിന്റപ്പൻ കട്ടോണ്ടു പൊയെ.... നിന്റപ്പന്റെ... ബ്രാണ്ടികുപ്പി.. ഹേയ് .. ഹേയ്..

ക്ഷുഭിതനായി അവനെ തല്ലാൻ കടയിൽനിന്നും ഇറങ്ങിവരുന്നതിലകൻ -
തിലകൻ: എടാ ...നിയ്ക്കടാ  അവിടെ...!

അവൻ കുസൃതിയൊപ്പിച്ച വിധം ധൃതിയിൽ സൈക്കിളെടുത്തിരുന്നു. ദേഷ്യത്തിൽ അവനെ നോക്കി തല കുലുക്കി

തിലകൻ: നാളെം വരുമല്ലോനീ…….. നിന്നെഞാൻ എടുത്തോളാം....

അയാളെ തിരിഞ്ഞു നോക്കി കളിയാക്കുന്ന പയ്യൻ
കുഞ്ഞൻ: ഹോയ്....ഹോയ്

അവൻ സൈക്കിൾ മുന്നോട്ട് എടുക്കുംബോൾ എതിരെ വേഗത്തിൽ വരുന്ന  പോത്ത് ബഷീറിന്റെ സൈക്കിളിൽ ഇടിക്കാൻ പോകുന്നതു പോലെ വരുംബോൾ ബഷീർ സൈക്കിൾ വെട്ടിച്ചു മാറ്റുന്നു
ബഷീർ: നേരേ നോക്കി ചവിട്ടടാ ഹിമാറേ..

പരുങ്ങലോടെ പയ്യൻ ബഷീറിനെ നോക്കി നോക്കി മുന്നോട്ട്- 
ആ രംഗം കണ്ട് രസിച്ചു നിൽക്കുന്ന തിലക്ന്റെ മുന്നിൽ സൈക്കിൾ നിർത്തുന്ന ബഷീർ വെപ്രാളത്തിൽ തിലകനെനോക്കി-

ബഷീർ: തിലകാണ്ണാ നമ്മടെ തങ്കച്ചായൻ വന്നോ രാവിലെ.?

തിലകൻ സംശയിച്ച് അവനെനോക്കി.    

തിലകൻ:  ഇന്ന് ഹർത്താലല്ലേ ... അങ്ങേരു തെയ്യാമ്മയുടെ മൂട്ടിൽ അടയിരിക്കത്തേയുള്ളു… അല്ല.. രാവിലെ തന്നെ എന്താ കുഴപ്പം..?
അല് പം  നിരാശയിൽ, ബഷീർ : ഞങ്ങൾ പിരിവിട്ട് ബംബർ എടുത്തായിരുന്നു, ടിക്കറ്റ് അങ്ങേരുടെ കയ്യിലാ...

പുശ്ചഭാവത്തിൽ തിലകൻ: ബംബറല്ലേ. അത് തിരോന്തോരത്തുള്ള ഒരു ബാങ്ക് മാനേജരു കൊണ്ടുപോയി... വല്ല നൂറോ അഞ്ഞൂറോ കിട്ടിയാലായി  .    

ബഷീർ: ആണോ..? (തലചൊറിഞ്ഞുകൊണ്ട്) അപ്പോ ...ആ പ്രതീക്ഷവേണ്ടല്ലേ?

അകത്തേക്ക്കയറിക്കോണ്ട് തിലകൻ: അതാനല്ലത്...(പിറുപിറുത്തുകൊണ്ട്) ഇവന്റേയൊക്കെ കാശിനോടുള്ള ആർത്തി എന്നുതീരും ഭഗവാനെ....?

അതു കേട്ടന്ന മട്ടിൽ പരിഹാസത്തിൽ പതിയെപറയുന്ന, ബഷീർ:  ഹർത്തലായിട്ടും നാട്ടാരെ വാട്ട ചായ കുടിപ്പിച്ച് കാശൊണ്ടാക്കാൻ കട തുറന്നുവെച്ചിരിക്കുന്ന തെണ്ടിയുടെ വർത്താനം  കേട്ടില്ലേ...

അതുകേട്ടവിധം ഇളിഭ്യതയോടെ ബഷീറിനെ നോക്കുന്ന തിലകൻ. അയാളെനോക്കി ആക്കിചിരിക്കുന്ന ബഷീർ.

കട്ട്.


സിൻ 2 
രാവിലെ ഓട് മേഞ്ഞ ഇടത്തരംവീട്. നെൽപ്പാടത്തിനോട് ചേർന്നുള്ള പൂഴി നിരത്തുൾപ്പെടുത്തി ദൃശ്യം ആരംഭിച്ച് പിൻഭാഗത്തെത്തുന്നു. വീടിന്റെപിൻഭാഗത്ത് 
ചെറിയ പ്ലാസ്റ്റിക് വലയുടെ വേലി ഭേദിക്കാനാകതെ വിശന്ന് അണ്ണാക്ക് തള്ളികരയുന്ന നൂറോളം താറാവുകൾ. ചെറിയ ഒരു പാത്രത്തിൽ തീറ്റയുമായി അടുക്കള ഭാഗത്ത് നിന്നും വരുന്ന നാല്പത്തിയഞ്ചിനടുത്ത് പ്രായമുള്ള വെളുത്ത് തടിച്ച് ഒരു പ്രത്യേക അഴകുള്ള തെയ്യാമ്മ താറാവുകളെ പ്രാകി കൊണ്ട്  അവറ്റകൾക്കരികിലെത്തി തീറ്റയെറിഞ്ഞ് -

തെയ്യാമ്മ : ഹോ .. എത്രകൊടുത്താലും അണ്ണാക്കടക്കില്ല..ദാ. തിന്ന്..!

വാശിയോടെ തീറ്റക്കുവേണ്ടി മത്സരിക്കുന്ന താറവുകൾ. അവയുടെ ബഹളംകേട്ട് ഒരു ചെവി പൊത്തി പിന്നോട്ട് തിരിഞ്ഞ് 

തെയ്യാമ്മ    : ഹോ..എന്തൊരൊച്ച...തങ്കോ…. എടോ തങ്കോ...!

കട്ട്


ദൃശ്യം വീടിനുള്ളിലേക്ക് കടന്ന് ഒരു മുറിയിൽ  എത്തിനിൽക്കുംബോൾ - 

കട്ടിലിൽ പുതച്ചുമൂടികിടന്നുറങ്ങുന്ന തങ്കൻ. അയാൾ തെയ്യാമ്മയുടെ ശബ്ദം കേട്ട് പുതപ്പ് വീണ്ടും വലിച്ചിട്ട് ചുരുണ്ടുകൂടി. അടുക്കളയിൽ കയ്യിലിരുന്ന പാത്രം മേശയിൽ ശബ്ദത്തോടെ ഇട്ട് ദേഷ്യത്തിൽ തങ്കന്റെ മുറിയിലേക്ക് തെയ്യാമ്മവരുന്നു.

തെയ്യാമ്മ: തങ്കോ ..തങ്കോ ..ഒന്നെണീക്കടോ മനുഷ്യാ... ഹർത്താലാന്ന് വെച്ചെ  എന്റെ മൂട്ടിൽ കയറി ഇരിക്കാൻ പോവണോ...  എണീക്കടോ.

അയാൾ ഒന്നു കൂടി കുലുങ്ങി ചുരുണ്ടു കിടക്കുംബോൾ, തെയ്യാമ്മക്ക് ദേഷ്യം വരുന്നു. അവർ പുതപ്പ് വലിച്ചെടുക്കുംബോൾ നാണം മറക്കാനെന്നോണം ഇരുകൈകൊണ്ടും അയാൾ മാറു മറച്ചെണീക്കുന്നു. 

തങ്കൻ: ഹോ എന്റെ  തെയ്യാമ്മേ….നിനക്ക് എന്തിന്റ്റെ  കടിയാ..

തെയ്യാമ്മ: ഇന്നേ പാണ്ടി വരുന്ന ദിവസമാണ്.. ആ തെണ്ടിക്ക് കാശ് കൊടുത്തില്ലെങ്കിൽ  അവന്റെ കടി മുഴുവൻ എന്നോട്  തീർക്കും.. 

ദേഷ്യത്തിൽ അവർ  അടുക്കളയിലേക്ക് പോകുന്നു. താൽപര്യമില്ലാത്ത വിധം പുതപ്പ് വലിച്ചെറിഞ്ഞ് എഴുന്നേൽക്കുന്ന തങ്കൻ.

കട്ട്


വീടിന്റ്റെ പിൻവശം. മണ്ണിൽ കൂട്ടിയ ഇഷ്ടികയടുപ്പിൽ കഞ്ഞികലം തിളക്കുന്നു. ചൂട്ട് അടുപ്പിൽ ഉന്തി തവി കൊണ്ട് കഞ്ഞി  ഇളക്കുന്ന തെയ്യാമ്മ. അടുക്കള ഭാഗത്ത് അമ്മിക്കല്ല് വെച്ചിടുള്ള വരാന്തയിൽ  - പല്ല് തേക്കുന്ന ബ്രഷിൽ പേസ്റ്റ് പുരട്ടി പേസ്റ്റ് അമ്മിക്കല്ലിന് തട്ടിനു മുകളിൽ തൂക്കിയിട്ടിരിക്കുന്ന ബ്രഷിന്റെ പാട്ടയിൽ തിരികെയിട്ട് പല്ല് തേച്ചുകൊണ്ട് തെയ്യാമ്മക്കരികിലേക്കു വരുന്ന തങ്കൻ. 
തെയ്യാമ്മ. തീയൂതുകയാണ്. അതുകണ്ട് നോക്കി നിന്ന് പല്ലു തേക്കുന്ന തങ്കൻ ഇടയ്ക്കിടയ്ക്ക് തെയ്യാമ്മയെ നോക്കുന്നു. കഞ്ഞി നോക്കിയതിനു ശേഷം ഒരു തെങ്ങിൻ ചോട്ടിൽ വെള്ളം പൊഴിച്ചോണ്ടിരുന്ന  ഹോസെടുത്ത് തെയ്യാമ്മ  വലിയൊരു ബക്കറ്റിൽ വെള്ളം നിറയ്ക്കുന്നു. ആ സമയം തങ്കൻ തെയ്യാമ്മക്കരികിൽ വന്ന് അവരുടെ തോളിൽ ഒന്ന് തൊണ്ടി ചോദിക്കുന്നു.

തങ്കൻ : എടി.. തെയ്യാമ്മേ..... നമ്മുക്ക് പാണ്ടിയുടെ കയ്യീന്നു ഒരു 500 രൂപ കൂടി വാങ്ങിയാലോ?

അയാൾക്ക് ഒരു ആട്ട് കൊടുത്തുകൊണ്ട്,
തെയ്യാമ്മ: ദേ മനുഷ്യാ…എൻറെവായീന്നൊന്നും കേൾക്കണ്ട!

അവരുടെ രൂക്ഷ നോട്ടത്തിൽ പേടിച്ച് വിറച്ച് അയാൾ പിന്തിരിയുന്നു. അയാളെത്തന്നെ  അതേ നോട്ടത്തിൽ നോക്കി മറ്റൊരു പാത്രത്തിലേക്ക് വെള്ളം നിറക്കുന്ന തെയ്യാമ്മ.

കട്ട്

(തുടരും) 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ