വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ ജില്ലയിൽ നിന്നും കാണാതായ രാഹൂൽ എന്ന കുട്ടിയെക്കുറിച്ചുള്ള വാർത്ത അടിസ്ഥാനമാക്കിയാണ് ഈ കഥാ ബീജം ഉരുത്തിരിഞ്ഞതെങ്കിലും ആ കുട്ടിയുടേയോ കുടുംബത്തിന്റ്റേയോ പരിസരവാസികളുടേയോ ജീവിതങ്ങളുമായോ ചുറ്റുപാടുകളുമായോ യാതൊരു വിധത്തിലുള്ള ബന്ധവും ഈ കഥക്കോ തിരക്കഥക്കോയില്ലെന്ന യാഥാർത്ഥ്യം ആദ്യം തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ.
ഇതിലെ കഥാപാത്രങ്ങൾ സാധാരണ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതും എന്റ ജീവിതാനുഭവങ്ങളിൽ നിന്നടർത്തി ഭാവനക്ക് അനുസരിച്ച് രൂപപ്പെടുത്തിയതുമാണ്. ഭാരതത്തിൽ ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടി വീതം കാണാതാകുന്നുയെന്ന സത്യം നിലനിൽക്കുന്നതിനൊരു കാരണം നമ്മുടെ കണ്ണുകളും മനസ്സും ബോധപൂർവ്വം സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറുന്നുയെന്നുള്ളതാണ്.
ഗുഡ്ഫ്രൈഡേ രജിസ്റ്റർ ചെയ്തിട്ടുള്ള തിരക്കഥയാണ്. ഈ തിരക്കഥ വായിക്കുന്ന പ്രിയ വായനക്കാരെ, ഇത് സിനിമയായി വെള്ളിത്തിരയിൽ കാണുവാൻ ഞാൻ വളരെ ആഗ്രഹിക്കുന്നു. മൊഴിയുടെ വായനക്കാരിലൊരാളിലൂടെയെങ്കിലും ഗുഡ്ഫ്രൈഡേ നല്ലൊരു സംവിധായകനിലേക്ക് എത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
സ്നേഹപൂർവ്വം, ജോമോൻ ആന്റ്റണി
ഭാഗം 1
ഗ്രാഫിക്സിൽ ടൈറ്റിലുകൾ : രക്തമയം ഒഴുകുന്ന പശ്ചാത്തലത്തിൽ -
ന്യൂസ് പേപ്പർ കട്ടിംഗുകൾ. ഉത്തരമില്ലാതെ അനുമോന്റ്റെ തിരോധാനം. സ്വർണ്ണകള്ളകടത്ത് കേസ് പ്രതികൾ ഉടൻ അറസ്റ്റിൽ. ബിഷപ്പിനോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് വൈദികൻ. പ്രണായാഭ്യർത്ഥന നിരസിച്ച യുവതിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. ആൺവേശ്യകളെ തേടി കൊച്ചിയിൽ കൊച്ചമ്മമാർ. തലസ്ഥാനത്ത് സെക്സ് ഡോളികൾ വിപണിയിൽ. മറ്റു പ്രധാന ന്യൂസ് ഹെഡ്ഡിംഗുകൾ ഉൾപ്പെടുത്തി ടൈറ്റിലുകൾ അവസാനിക്കുന്നു.
സീൻ 1
പ്രഭാതം കഴിഞ്ഞ് തുടങ്ങുന്ന സമയം.
വേമ്പനാട് കായലിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിന്റ്റെ ദൃശ്യം അവസാസാനിക്കുന്നത് ദൂരെ മുകൾ കാഴ്ചയിൽനിന്നു കാണുന്ന ഒരു പള്ളിക്കവലയിലാണ്. അങ്ങിങ്ങായ് കലിങ്കിലോ മറ്റോ ഇരിക്കുന്നവരെ ദൃശ്യത്തിൽകാണാം.
ആ കവലയിലെ തിലകന്റെ ചായക്കട -
കടയ്ക്കുള്ളിൽ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ഗണപതിയുടെ ചെറിയ വിഗ്രഹത്തിനു മുന്നിൽ വിളക്കുവെച്ച് പ്രാർത്ഥിയ്ക്കുന്ന തിലകൻ.
തിലകൻ: ഗണപത്യേ .... ഹർത്താലാണെങ്കിലും കസ്റ്റമേഴ്സിന്റെ ക്ഷാമംഉണ്ടാക്കരുതേ...
അതു പറഞ്ഞ് തൊഴുത് പൂർത്തിയാക്കുംബോൾ പിന്നിൽ നിന്ന് സൈക്കിളിന്റെ ബെല്ലടി കേട്ട് അയാൾ തിരിഞ്ഞു നോക്കുന്നു. മുറ്റത്ത് സൈക്കിളിൽ പത്രവിതരണം ചെയ്യുന്ന പയ്യൻ കുഞ്ഞൻ അകത്തേക്ക്പേപ്പർ എറിഞ്ഞ്ചിരിയൊടെ തിലകനോട് -
കുഞ്ഞൻ: ഹർത്താലായിട്ടും ഗണപതിയമ്മാവന് റെസ്റ്റ് കൊടുക്കില്ലേ ചേട്ടാ...
തിലകൻ: ആരുടെ അമ്മാവൻ നിന്റെ അമ്മൂമ്മേടെയോ ..ഒന്നുപോടാ നിന്റെ പാട്ടിന് ..
സൈക്കിളിന്റെ ബെല്ലടിച്ച് മുന്നോട്ടെടുക്കു വാൻ ഒരുങ്ങി അയാളെ കളിയാക്കുംവിധം,
കുഞ്ഞൻ: എന്നാ പാട്ട് പിടിച്ചോ.. നിന്റെമ്മേടെ ജിമിക്കി കമ്മൽ നിന്റപ്പൻ കട്ടോണ്ടു പൊയെ.... നിന്റപ്പന്റെ... ബ്രാണ്ടികുപ്പി.. ഹേയ് .. ഹേയ്..
ക്ഷുഭിതനായി അവനെ തല്ലാൻ കടയിൽനിന്നും ഇറങ്ങിവരുന്നതിലകൻ -
തിലകൻ: എടാ ...നിയ്ക്കടാ അവിടെ...!
അവൻ കുസൃതിയൊപ്പിച്ച വിധം ധൃതിയിൽ സൈക്കിളെടുത്തിരുന്നു. ദേഷ്യത്തിൽ അവനെ നോക്കി തല കുലുക്കി
തിലകൻ: നാളെം വരുമല്ലോനീ…….. നിന്നെഞാൻ എടുത്തോളാം....
അയാളെ തിരിഞ്ഞു നോക്കി കളിയാക്കുന്ന പയ്യൻ
കുഞ്ഞൻ: ഹോയ്....ഹോയ്
അവൻ സൈക്കിൾ മുന്നോട്ട് എടുക്കുംബോൾ എതിരെ വേഗത്തിൽ വരുന്ന പോത്ത് ബഷീറിന്റെ സൈക്കിളിൽ ഇടിക്കാൻ പോകുന്നതു പോലെ വരുംബോൾ ബഷീർ സൈക്കിൾ വെട്ടിച്ചു മാറ്റുന്നു
ബഷീർ: നേരേ നോക്കി ചവിട്ടടാ ഹിമാറേ..
പരുങ്ങലോടെ പയ്യൻ ബഷീറിനെ നോക്കി നോക്കി മുന്നോട്ട്-
ആ രംഗം കണ്ട് രസിച്ചു നിൽക്കുന്ന തിലക്ന്റെ മുന്നിൽ സൈക്കിൾ നിർത്തുന്ന ബഷീർ വെപ്രാളത്തിൽ തിലകനെനോക്കി-
ബഷീർ: തിലകാണ്ണാ നമ്മടെ തങ്കച്ചായൻ വന്നോ രാവിലെ.?
തിലകൻ സംശയിച്ച് അവനെനോക്കി.
തിലകൻ: ഇന്ന് ഹർത്താലല്ലേ ... അങ്ങേരു തെയ്യാമ്മയുടെ മൂട്ടിൽ അടയിരിക്കത്തേയുള്ളു… അല്ല.. രാവിലെ തന്നെ എന്താ കുഴപ്പം..?
അല് പം നിരാശയിൽ, ബഷീർ : ഞങ്ങൾ പിരിവിട്ട് ബംബർ എടുത്തായിരുന്നു, ടിക്കറ്റ് അങ്ങേരുടെ കയ്യിലാ...
പുശ്ചഭാവത്തിൽ തിലകൻ: ബംബറല്ലേ. അത് തിരോന്തോരത്തുള്ള ഒരു ബാങ്ക് മാനേജരു കൊണ്ടുപോയി... വല്ല നൂറോ അഞ്ഞൂറോ കിട്ടിയാലായി .
ബഷീർ: ആണോ..? (തലചൊറിഞ്ഞുകൊണ്ട്) അപ്പോ ...ആ പ്രതീക്ഷവേണ്ടല്ലേ?
അകത്തേക്ക്കയറിക്കോണ്ട് തിലകൻ: അതാനല്ലത്...(പിറുപിറുത്തുകൊണ്ട്) ഇവന്റേയൊക്കെ കാശിനോടുള്ള ആർത്തി എന്നുതീരും ഭഗവാനെ....?
അതു കേട്ടന്ന മട്ടിൽ പരിഹാസത്തിൽ പതിയെപറയുന്ന, ബഷീർ: ഹർത്തലായിട്ടും നാട്ടാരെ വാട്ട ചായ കുടിപ്പിച്ച് കാശൊണ്ടാക്കാൻ കട തുറന്നുവെച്ചിരിക്കുന്ന തെണ്ടിയുടെ വർത്താനം കേട്ടില്ലേ...
അതുകേട്ടവിധം ഇളിഭ്യതയോടെ ബഷീറിനെ നോക്കുന്ന തിലകൻ. അയാളെനോക്കി ആക്കിചിരിക്കുന്ന ബഷീർ.
കട്ട്.
സിൻ 2
രാവിലെ ഓട് മേഞ്ഞ ഇടത്തരംവീട്. നെൽപ്പാടത്തിനോട് ചേർന്നുള്ള പൂഴി നിരത്തുൾപ്പെടുത്തി ദൃശ്യം ആരംഭിച്ച് പിൻഭാഗത്തെത്തുന്നു. വീടിന്റെപിൻഭാഗത്ത്
ചെറിയ പ്ലാസ്റ്റിക് വലയുടെ വേലി ഭേദിക്കാനാകതെ വിശന്ന് അണ്ണാക്ക് തള്ളികരയുന്ന നൂറോളം താറാവുകൾ. ചെറിയ ഒരു പാത്രത്തിൽ തീറ്റയുമായി അടുക്കള ഭാഗത്ത് നിന്നും വരുന്ന നാല്പത്തിയഞ്ചിനടുത്ത് പ്രായമുള്ള വെളുത്ത് തടിച്ച് ഒരു പ്രത്യേക അഴകുള്ള തെയ്യാമ്മ താറാവുകളെ പ്രാകി കൊണ്ട് അവറ്റകൾക്കരികിലെത്തി തീറ്റയെറിഞ്ഞ് -
തെയ്യാമ്മ : ഹോ .. എത്രകൊടുത്താലും അണ്ണാക്കടക്കില്ല..ദാ. തിന്ന്..!
വാശിയോടെ തീറ്റക്കുവേണ്ടി മത്സരിക്കുന്ന താറവുകൾ. അവയുടെ ബഹളംകേട്ട് ഒരു ചെവി പൊത്തി പിന്നോട്ട് തിരിഞ്ഞ്
തെയ്യാമ്മ : ഹോ..എന്തൊരൊച്ച...തങ്കോ…. എടോ തങ്കോ...!
കട്ട്
ദൃശ്യം വീടിനുള്ളിലേക്ക് കടന്ന് ഒരു മുറിയിൽ എത്തിനിൽക്കുംബോൾ -
കട്ടിലിൽ പുതച്ചുമൂടികിടന്നുറങ്ങുന്ന തങ്കൻ. അയാൾ തെയ്യാമ്മയുടെ ശബ്ദം കേട്ട് പുതപ്പ് വീണ്ടും വലിച്ചിട്ട് ചുരുണ്ടുകൂടി. അടുക്കളയിൽ കയ്യിലിരുന്ന പാത്രം മേശയിൽ ശബ്ദത്തോടെ ഇട്ട് ദേഷ്യത്തിൽ തങ്കന്റെ മുറിയിലേക്ക് തെയ്യാമ്മവരുന്നു.
തെയ്യാമ്മ: തങ്കോ ..തങ്കോ ..ഒന്നെണീക്കടോ മനുഷ്യാ... ഹർത്താലാന്ന് വെച്ചെ എന്റെ മൂട്ടിൽ കയറി ഇരിക്കാൻ പോവണോ... എണീക്കടോ.
അയാൾ ഒന്നു കൂടി കുലുങ്ങി ചുരുണ്ടു കിടക്കുംബോൾ, തെയ്യാമ്മക്ക് ദേഷ്യം വരുന്നു. അവർ പുതപ്പ് വലിച്ചെടുക്കുംബോൾ നാണം മറക്കാനെന്നോണം ഇരുകൈകൊണ്ടും അയാൾ മാറു മറച്ചെണീക്കുന്നു.
തങ്കൻ: ഹോ എന്റെ തെയ്യാമ്മേ….നിനക്ക് എന്തിന്റ്റെ കടിയാ..
തെയ്യാമ്മ: ഇന്നേ പാണ്ടി വരുന്ന ദിവസമാണ്.. ആ തെണ്ടിക്ക് കാശ് കൊടുത്തില്ലെങ്കിൽ അവന്റെ കടി മുഴുവൻ എന്നോട് തീർക്കും..
ദേഷ്യത്തിൽ അവർ അടുക്കളയിലേക്ക് പോകുന്നു. താൽപര്യമില്ലാത്ത വിധം പുതപ്പ് വലിച്ചെറിഞ്ഞ് എഴുന്നേൽക്കുന്ന തങ്കൻ.
കട്ട്
വീടിന്റ്റെ പിൻവശം. മണ്ണിൽ കൂട്ടിയ ഇഷ്ടികയടുപ്പിൽ കഞ്ഞികലം തിളക്കുന്നു. ചൂട്ട് അടുപ്പിൽ ഉന്തി തവി കൊണ്ട് കഞ്ഞി ഇളക്കുന്ന തെയ്യാമ്മ. അടുക്കള ഭാഗത്ത് അമ്മിക്കല്ല് വെച്ചിടുള്ള വരാന്തയിൽ - പല്ല് തേക്കുന്ന ബ്രഷിൽ പേസ്റ്റ് പുരട്ടി പേസ്റ്റ് അമ്മിക്കല്ലിന് തട്ടിനു മുകളിൽ തൂക്കിയിട്ടിരിക്കുന്ന ബ്രഷിന്റെ പാട്ടയിൽ തിരികെയിട്ട് പല്ല് തേച്ചുകൊണ്ട് തെയ്യാമ്മക്കരികിലേക്കു വരുന്ന തങ്കൻ.
തെയ്യാമ്മ. തീയൂതുകയാണ്. അതുകണ്ട് നോക്കി നിന്ന് പല്ലു തേക്കുന്ന തങ്കൻ ഇടയ്ക്കിടയ്ക്ക് തെയ്യാമ്മയെ നോക്കുന്നു. കഞ്ഞി നോക്കിയതിനു ശേഷം ഒരു തെങ്ങിൻ ചോട്ടിൽ വെള്ളം പൊഴിച്ചോണ്ടിരുന്ന ഹോസെടുത്ത് തെയ്യാമ്മ വലിയൊരു ബക്കറ്റിൽ വെള്ളം നിറയ്ക്കുന്നു. ആ സമയം തങ്കൻ തെയ്യാമ്മക്കരികിൽ വന്ന് അവരുടെ തോളിൽ ഒന്ന് തൊണ്ടി ചോദിക്കുന്നു.
തങ്കൻ : എടി.. തെയ്യാമ്മേ..... നമ്മുക്ക് പാണ്ടിയുടെ കയ്യീന്നു ഒരു 500 രൂപ കൂടി വാങ്ങിയാലോ?
അയാൾക്ക് ഒരു ആട്ട് കൊടുത്തുകൊണ്ട്,
തെയ്യാമ്മ: ദേ മനുഷ്യാ…എൻറെവായീന്നൊന്നും കേൾക്കണ്ട!
അവരുടെ രൂക്ഷ നോട്ടത്തിൽ പേടിച്ച് വിറച്ച് അയാൾ പിന്തിരിയുന്നു. അയാളെത്തന്നെ അതേ നോട്ടത്തിൽ നോക്കി മറ്റൊരു പാത്രത്തിലേക്ക് വെള്ളം നിറക്കുന്ന തെയ്യാമ്മ.
കട്ട്
(തുടരും)
ഭാഗം 2
സീൻ മൂന്ന്
പകൽ
പൂഴി നിരത്ത്
കറുത്തകൊടിയിൽ നിന്ന്ം ദൃശ്യം ആരംബ്കുംബോൾ ദൂരെയൊരു ഭാഗത്ത് നിന്നും കത്തോലിക്കരുടെ മരണശുശ്രൂഷയിൽ പാടുന്ന ഒപ്പീസ് ഗാനം പശ്ചാത്തലത്തിൽ കേൾക്കാം.: “മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ...”
കറുത്ത കൊടിയുമായി താറാകൂട്ടത്തെ നയിച്ച് വരുന്ന തങ്കൻ. എതിർഭാഗത്തുനിന്നും ധൃതിയിൽസൈക്കിളിൽവരുന്ന ബഷീർ താറാംകൂട്ടത്തിനു മുന്നിൽ സൈക്കിൾ ചെത്തിയെടുത്ത് ബ്രേക്കിട്ട് നിർത്തുന്നു.താറാംക്കൂട്ടത്തെ നിയന്ത്രിച്ച് നിർത്തി അവനെ.അമ്പരപ്പോടെ നോക്കുന്ന,
തങ്കൻ: എന്താടാഎന്തുപറ്റി ?
ബഷീർ : നമ്മളെടുത്ത ബംബർ ടിക്കറ്റ് തങ്കച്ചായന്റ്റെ കയ്യിലല്ലേ....
ഉറപ്പില്ലെന്നവിധം,,
തങ്കൻ : എന്റെ കയ്യിലോ?
സൈക്കിൾ സ്റ്റാൻഡിൽ വെച്ച് മുണ്ടൊന്നു മടക്കിക്കുത്തി ദേഷ്യത്തിൽ,
ബഷീർ : താനല്ലേടോ തന്റെ അണ്ടർവെയർ സേഫായ ലോക്കറാണെന്നും പറഞ്ഞ് അതിൽ തിരികി വെച്ചത്.
താടിയിൽ വിരൽ തൊട്ട് ആലോചനയോടെ,
തങ്കൻ: അതു ശരിയാണല്ലോ.
അയാൾ എന്തോ ഓർക്കുന്നു.
കട്ട് റ്റു
സീൻ മൂന്ന് ഏ
തലേന്ന് രാത്രി
തങ്കന്റെ വീട്
പുറത്തു അകത്തും ചെറിയ വെളിച്ചം.
ഒരു മുറിയിൽ -
ആടിയാടി മൂണ്ട് മാറുന്ന തങ്കൻ. മുണ്ട് നെഞ്ചോടൊപ്പം ഉടുത്ത് അണ്ടർ വയർ ഊരുന്ന അയാൾ കൊഴഞ്ഞ് കൊഴഞ്ഞ് പുറത്തേക്ക് നോക്കി തെയ്യാമ്മയെ തെറി പറയുകയാണ്.
തങ്കൻ : എടി തെയ്യാമ്മ കഴുവേറ്ട മകളെ. നീയെന്താ രാവിലെ പറഞ്ഞേ. ഞാൻ കൊള്ളാത്തവനാന്നോ. അതേടി അതാ നിന്റെ കൊണവതിയാരം സഹിച്ചും നിന്നെ ഞാൻ ഇവടെ കെടത്തണത്.
അകത്തു നിന്ന് ഒരു പാത്രവുമായി വരുന്ന തെയ്യാമ്മ ദേഷ്യത്തിൽ,
തെയ്യാമ്മ : ദേ മനുഷ്യാ പോളക്കള്ളു കുടിച്ചോണ്ട് എന്റെ മേത്ത് കേറാൻ വരല്ലേ. ചവിട്ടിക്കൂട്ടി ഞാൻ മൂലേലിടും.
ഊരിയ അണ്ടർവെയർ വിരലിലിട്ടു കറക്കികൊണ്ട് മൂന്നോട്ട് വന്ന്,
തങ്കൻ : വാടീ വന്ന് ചവിട്ടിക്കൂട്ടെടി... കഴുവേറി.
പൊടുന്നനെ മുന്നോട്ട് വന്ന് ദേഷ്യത്തിൽ തെയ്യാമ്മ അയാളുടെ ചുമലിൽ പാത്രം കൊണ്ടടിക്കുന്നു.
ഇരുട്ട്
തങ്കന്റെ 'അയ്യോ 'എന്ന നിലവിളി ഇരുട്ടിൽ കേൾക്കാം.
കട്ട് റ്റു
സീൻ മൂന്ന് ബി
പകൽ
പൂഴി നിരത്ത്
താറാംകൂട്ടവുമായി നിൽക്കുന്ന തങ്കൻ ചിന്തയിൽ നിന്നുണർന്ന് താടിയിൽ നിന്നും വിരൽ താഴ്ത്തുന്നു.
സൈക്കിൾ സീറ്റിൽ നിന്ന് കൈവിട്ട് അല്പം പരിഭ്രമത്തിൽ അയാൾക്കരികിലേക്ക് നടന്ന്,
ബഷീർ : നിങ്ങളത് തൊലച്ചാ.
തങ്കൻ : ഇല്ല (ചിരിയോടെ) ആ സേഫ് ലോക്കറിൽ തന്നെയുണ്ട്..(എന്തോഓർത്ത് പേടിച്ച്) അയ്യോ അവളണ്ടർവെയറലക്കാനിടും (കറുത്ത കൊടി ബഷീറിനു കൈമാറി ) നീയിതു പിടിച്ചേ... തെയ്യാമ്മേ...!
അയാൾ തിരിഞ്ഞോടുന്നു.താറാംകൂട്ടം അയാൾക്കൊപ്പം തിരിഞ്ഞോടാൻ ശ്രമിക്കുംബോൾ കൊടി നിലത്ത് കുത്തി ബഷീർ അവറ്റയെ തടയുന്നു.
ബഷീർ : നിക്കവിടെ.
തെയ്യാമ്മേയെന്നു വിളിച്ചോടുന്ന തങ്കന്റെ പിൻദൃശ്യം.
കട്ട് റ്റു.
സീൻ 4
പകൽ
തങ്കന്റെ വീട്
അടുക്കളയുടെ പിൻവശം. കുറെ തുണിയും കയ്യിലേന്തി ബക്കറ്റിൽ മുക്കാൻ അടുക്കളയിൽ നിന്നും വരുന്ന തെയ്യാമ്മ. ഓടിയെത്തുന്ന തങ്കൻ തെയ്യാമ്മയുടെ ചുമലിലേക്ക് ചാടി തുണി തട്ടി മാറ്റാൻ നോക്കുന്നു. അവരിരുവരുംനിലത്തുവീഴുന്നു
തെയ്യാമ്മ : ഈശോയെ ഈ മനുഷ്യനെന്നെ കൊന്നു.
അവരിരുവരും എഴു ന്നേൽക്കാൻ ശ്രമിക്കുന്നു
ചാടി എഴുന്നേറ്റ് അവരുടെ കൈയിൽനിന്നും അണ്ടർവെയർ തട്ടിപ്പറിച്ച് പോക്കറ്റിൽ നിന്മ് ലോട്ടറിയെടുത്ത്,
തങ്കൻ :എൻറെ ബംബർ നീയിപ്പൊ മുക്കിക്കൊന്നേന.
എണിക്കാൻ ശ്രമിക്കുന്ന തെയ്യാമ്മ ഒരു കൈ നീട്ടി ,
തെയ്യാമ്മ : ഒന്നു പിടിക്കടോ
ലോട്ടറിയാട്ടികൊണ്ട് അവളെ എണീപ്പിക്കാൻ തന്റെ കൈ നീട്ടി ,
തങ്കൻ : എടീ ലോട്ടറിയടിച്ചാൽ നിനക്ക് പൂരാ പൊടി പൂരം.
അയാളൂടെ കൈയിൽ പിടിച്ച് മറുകൈകൊണ്ട് അയാളുടെ ചെകിടത്ത് അടിച്ച്,
തെയ്യാമ്മ: പൂരം രാത്രീലല്ലേ അതിനു മുന്നേരിക്കട്ടെയിത്. തന്റെ ഒരു ജംബർ.
അവരെ കൈവിട്ട് കവിള് തലോടി,
തങ്കൻ : തെയ്യാമ്മേ.... നീയെന്നെ തല്ലിയല്ലേ.
പ്രതികാര ദാഹിയായി അവരെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുന്ന തങ്കൻ. വീണ്ടും മണ്ണിലേക്ക് ചരിഞ്ഞ് പോയ തെയ്യാമ്മ നിവർന്നിരിക്കാൻ ശ്രമിച്ച് ഭയത്തോടെ നടന്നകലുന്ന അയാളെ നോക്കി മനസ്സിൽ പറയുന്നു.
തെയ്യാമ്മ : മണ്ണഞ്ചേരിയിലേക്ക് മുങ്ങണതാ നല്ലത്.
കട്ട്
സീൻ 5
പകൽ
തിലകന്റെ ചായക്കട.
അതിനോട് ചേർന്നുള്ള ഒഴിഞ്ഞ പ്രദേശത്ത് താറാംകൂട്ടം അനുസരണയോടെ മണ്ണിലുറപ്പിച്ച കൊടിക്ക് പിന്നിൽ നിൽക്കുന്നു. ചായക്കടയുടെ പുറം തിണ്ണയിട്ടിലിരിക്കുന്ന ബഞ്ചിൽ ആകാംക്ഷയോടെ പത്രം നോക്കുന്ന ബഷീറു തങ്കനും. പാത്രം കഴുകുന്നതിനിടയിൽ അകത്തു നിന്നും കുന്നായ്മയോടെ അവരെ നോക്കി,
തിലകൻ : ഒന്നാം സമ്മാനൊക്കെ വലിയ വലിയ ആൾക്കാരു കൊണ്ടു പോയി തിരുവന്തോരത്ത്.
അകത്തേക്ക് നോക്കി ദേഷ്യപ്പെട്ട് –
ബഷീർ : താൻ പറഞ്ഞതല്ലേ .പിന്നേം പിന്നേം ചൊറിയണോ ?.
തിലകൻ : ഒരു സുഖം.
അയാൾ വളിച്ച് ചിരിക്കുന്നു. കടയുടെ മുന്നിൽ ലൂണായിൽ വന്നിറങ്ങുന്ന ബാർബർ വിജയനും മേസ്തരി പൊന്നനും. വിജയൻ ഫാഷനുള്ള ഡ്രസ്സിലാണ്. ഒപ്പം കൂളിംഗ് ഗ്ലാസ്സ് വെച്ചിരിക്കുന്നു. ആകാംക്ഷയോടെ ലോട്ടറി ഫലത്തിലൂടെ പോകുന്ന ബഷീറിന്റേയും തങ്കന്റേയും കണ്ണുകൾ. അതേ ഭാവത്തിൽ അവരുടേ അരികിലേക്ക് വരുന്ന പൊന്നനും വിജയനും. ഗ്ലാസൂരി -
വിജയൻ : അടിച്ചോ?.
ബഷീറിന്റേയും തങ്കന്റെയും കണ്ണുകൾ ലോട്ടറി ഫലത്തിന്റെ അയ്യായിരത്തിന്റെ ബ്ലോക്കിൽ നിൽക്കുന്നു. ശ്വാസം മുട്ടിയെന്നോണം സ്തംഭിച്ച് –
തങ്കൻ : 4252 അടിച്ചെടാ അയ്യായിരം.
ഏവരും കൂടി ആഹ്ലാദത്തിൽ ശബ്ദം വെക്കുന്നു. അസൂയയിൽ അവർക്കരികിലെത്തി,
തിലകൻ : ഓ ചുമ്മാ.
അവരയാളെ ദേഷ്യത്തൊടെ നോക്കുന്നു.
വിജയൻ : എടോ തിലകാ ..ഇന്ന് അയ്യായിരം നാളെ അഞ്ചു കോടീയാകും.. പോയി നാലു ചായ എടുക്കടോ.
തിരിഞ്ഞ് നടന്ന്,
തിലകൻ : ലക്ഷങ്ങൾ അടിച്ചോനും തെണ്ടി കുത്തുപാളയെടുത്ത ചരിത്രമുണ്ട് .ആര്യക്കരയില്.
തങ്കൻ ലോട്ടറി മടക്കി പോക്കറ്റിൽ വെക്കുന്നു. ബഷീർപേപ്പർ മടക്കി ബെഞ്ചിലിടുന്നു.
വിജയന്റേയും പൊന്നന്റേയും റിയാക്ഷൻ.
അകത്തു നിന്നും വന്ന തിലകൻ ചായ മേശമേൽ വെച്ച് കളിയാക്കും വിധം-
തിലകൻ : അതെ ലോട്ടറിയടിച്ചെന്ന് വെച്ച് ഇന്ന് തന്നെ പൈസ കിട്ടും എന്ന് വിചാരിക്കണ്ട. ഹർത്താലാണ്.
ആ സത്യം തിരിച്ചറിഞ്ഞ് ബാർബർ വിജയൻ രണ്ട് കൈകൾ കൊണ്ട് തമ്മിലിടിച്ച്,
വിജയൻ: ശോ.. കഷ്ടമായി പോയല്ലോ
പൊന്നൻ : ഇനിയിപ്പോ എന്ത് ചെയ്യും
ചായ ആറ്റി കുടിക്കുന്ന,
ബഷീർ : നമുക്ക് വഴിയുണ്ടാക്കാം.
മറ്റുള്ളവർ പ്രതീക്ഷയോടെ അവനെ നോക്കുന്നു
ആക്കി തലയാട്ടുന്ന തിലകൻ.
കൊടിക്കു കീഴെ നിശ്ശബ്ദരായിരിക്കുന്ന താറാംക്കൂട്ടം.
കട്ട്
(തുടരും)
ഭാഗം 3
സീൻ 6
പകൽ
ക്രിസ്ത്യൻ പള്ളിപ്പറംബും പരിസരവും
ആകാശ ദൃശ്യത്തിൽ തിലകന്റെ ചായക്കടക്ക് എതിർവശമുള്ള ക്രിസ്ത്യൻ ദേവാലയവും പള്ളിപ്പറംബും. ദൃശ്യത്തിൽ ഒപ്പീസ് കേൾക്കാം. പള്ളിപ്പറംബിന്റെ ഒരു ഭാഗത്തിരിക്കുന്ന നാൽവർ സംഘത്തെ കേന്ദ്രീകരിച്ച് ദൃശ്യം താഴ്ന്ന് നിൽക്കുന്നു. - ബഷീർ, തങ്കൻ, പൊന്നൻ പിന്നെ വിജയനും ആലോചനയോടെ കുത്തിയിരിക്കുകയാണ്. ഒപ്പീസുകേൾക്കുന്ന ഭാഗത്തേക്ക് നോക്കി കുത്തിയിരിക്കുന്ന വിജയൻ തന്റെ കറുത്ത കണ്ണടയൂരി സംശയത്തിൽ ശോകത്തോടെ ആരോടെന്നില്ലാതെ –
വിജയൻ : ആരാ പോയത്..?
നീരസത്തിൽ,
തങ്കൻ : ആ ക്ണാപ്പൻ മൈക്ക് ബാബുവിന്റെ മൈക്ക് ടെസ്റ്റിംഗാ.
പശ്ചാത്തലത്തിലിപ്പോൾ ഒപ്പീസ് ഒരു തമിഴ് അടിപൊളി ഗാനമായി മാറുന്നു. അതുകേട്ട്,
വിജയൻ : ബാബൂന്റെ തലയില് കൊട്ടത്തേങ്ങ വീഴും.അവന്റെ പതിനാറടിയന്തിരത്തിന്റെ ടെസ്റ്റിംഗ്...
ചിരിയോടെ പൊന്നൻ ഒരു കാജാ ബീഡി കത്തിച്ച് വലിച്ച് ബീഡിപൊതിയും തീപ്പെട്ടിയും തങ്കന് കൈമാറുന്നു.അത് വാങ്ങിക്കൊണ്ട് ബഷീറിനെ നോക്കി ,
തങ്കൻ : അതു വിട് .ബഷീറേ നീ ഈ ടിക്കറ്റ് മാറാനുള്ള വഴി പറ.. ഇന്ന് ഹർത്താലാ.ഇന്നാണു കാശിന്റെ ആവശ്യം.
എല്ലാവരും ആലോചനയോടെ ഇരിക്കുന്ന ബഷീറിനെ ശ്രദ്ധിക്കുന്നു.. അവൻ മണ്ണിൽ ഒരു ചെറിയ ചുള്ളിക്കംബ് കൊണ്ട് കണക്കെഴുതുകയാണ്.കണക്കെഴുത്ത് നിർത്തി തലയുയർത്തി അവരോടായിട്ട്,
ബഷീർ : ഇന്നേതായാലുംഹർത്താലാ.ഏജന്റിന്റെ കയ്യീന്നേതായലുംകാശ് മാറി കിട്ടില്ല. നിങ്ങൾക്ക് കാശിന്നു വേണോങ്കി, ഒരു കാര്യം ചെയ്യാം.
കറുത്ത കണ്ണട തിരികെ കണ്ണുകളിൽ ഉറപ്പിച്ച്,
വിജയൻ : പറഞ്ഞ് പണ്ടാരമടക്ക് .
പൊന്നനും തങ്കനും ഉദ്വേഗത്തോടെ ബഷീറിനെ നോക്കുന്നു.
ബഷീർ : ഞാൻ ഒരു കാര്യം ചെയ്യാം ഞായറാഴ്ച അറവിന് ആടിനെമേടിക്കാൻ വച്ചിരിക്കുന്ന കാശൊണ്ട്. അതീന്ന് മറിക്കാം.… ആ ടിക്കറ്റ് ഇങ്ങ് തന്നേ.
തങ്കൻ ടിക്കറ്റ് പോക്കറ്റിൽ നിന്നെടുത്ത് ബഷീറിനു കൊടുക്കുന്നു. അതു വാങ്ങി തിരിച്ചും മറിച്ചും നോക്കിയ ശേഷം പോക്കറ്റിലിട്ട്,
ബഷീർ : അയ്യായിരം രൂപാ നാലായിട്ട് വീതിച്ചാൽ 1250 രൂപാ വെച്ച് ഒരാൾക്ക് വീതം കിട്ടും.
പൊന്നൻ : കിട്ടണോല്ലോ.
അയാൾ കെട്ട ബീഡി അകലേക്ക് വലിച്ചെറിയുന്നു.
ബഷീർ : അതാ പ്രശ്നം.
മറ്റു മൂവരും എന്താ പ്രശ്നം എന്ന വിധം പരസ്പരം നോക്കുന്നു. അവരെ നോക്കി തുടരുന്ന,
ബഷീർ : ഒരു നൂറു രൂപാ വെച്ച് ഞാനിങ്ങെടുക്കും...അപ്പോ ഒരാൾക്ക് ആയിരത്തിയൊരുന്നൂറ്റമ്പത് രൂപ വെച്ച് ഞാൻ തരും.എന്താ...
മൂവരും ആലോചിക്കുന്നു.അവർക്ക് സമ്മതമാണെന്ന് തോന്നും.
തങ്കൻ : ഇതിപ്പോ ലോട്ടറി അടിച്ചതല്ലേ. പോരാഞ്ഞിട്ട് ഹർത്താലും. നീയാ ബാക്കി കാശിങ്ങോട്ട് താ.
പൊന്നനേയും വിജയനേയും നോക്കി,
ബഷീർ : ഒറപ്പിച്ചേ..
വിജയൻ : പറഞ്ഞ് സമയം കളയാണ്ട് കാശ്താ.ബിവറേജസ് നാളേയുള്ളൂ. പിന്നെയുള്ളത് ചള്ളീടെ ഷാപ്പാ.നേരത്തെ ചെന്നില്ലേ കള്ള് കിട്ടൂല്ല.
തന്റെ മുണ്ടിന്റ്റെ മടിക്കുത്തഴിച്ചെടുത്ത നോട്ടു കെട്ടിൽ നിന്നും 3450 രൂപാ എണ്ണി തങ്കന് കൊടുത്ത്,
ബഷീർ : ദാ... 3450 രൂപായുണ്ട്. നിങ്ങൾ വീതിച്ചെട്.
തങ്കൻ ബീഡിപൊതിയും തീപ്പെട്ടിയും പൊന്നനു കൊടുത്ത് ബഷീറിൽ നിന്നും കാശു വാങ്ങിയെണ്ണി പോക്കറ്റിൽ ഇടുന്നു.
ബഷീർ : കണക്ക് ശരിയല്ലേ....എനിക്കേ അത്യാവശ്യമായി മണ്ണഞ്ചേരി വരെ പോകാനുണ്ട്.മിക്കവാറും കൈക്കുകിട്ടുന്ന ഒരു പോത്തും കൊണ്ടേ ഞാൻ വരൂ. ഈസറ്ററും ചെറിയ പെരുന്നാളും അടുത്തിങ്ങു വരികല്ലേ.
അവരോടത് പറഞ്ഞ് ബഷീർ എഴുന്നേറ്റ്ഒ രു ഭാഗത്തേക്ക് നടക്കുന്നു. അവർ തലയാട്ടുന്നു. ബഷീർ കേൾവിക്കപ്പുറമെത്തുംബോൾ -
തങ്കൻ : കമഴ്ന്ന് വീണാലും കാല്പണം കൊണ്ടേ പൊങ്ങു.
അതിഷ്ടപ്പെടാതെ അയാളെ നോക്കി ,
വിജയൻ : എടോ പരട്ട മാപ്പിളേ.. തെണ്ടിത്തരം പറയരുത്. ഹർത്തലായിട്ട് കാശു തന്നതും പോരാഞ്ഞിട്ട്....വാ..കാത്ത് നിൽക്കാൻ സമയമില്ല.
അവർ എഴുന്നേൽക്കുന്നു.താറാംകൂട്ടം നിശ്ശബ്ദരായിരിക്കുന്നത് കണ്ട് ,
തങ്കൻ : പാവങ്ങള് . എന്റെ താറാംകൂട്ടം.
നടന്ന് തുടങ്ങിയ വിജയൻ നിന്ന് നിസ്സാരമായി,
വിജയൻ : അതുങ്ങളെ വല്ല കണ്ടത്തിലോ കരിയിലോ ഇറക്കി വിട്.
തങ്കൻ : തെയ്യാമ്മേടെ സ്വത്താ. രാത്രീല് കിടന്നുറങ്ങേണ്ടതാ.
മനസ്സിൽ പറയുന്ന വിജയൻ,
വിജയൻ : തെയ്യാമ്മ തന്നെ നാട്ടുകാരുടെ സ്വത്താ.പിന്നെയാ.
പത്ര വിതരണം കഴിഞ്ഞ് പള്ളിയുടെ ഭാഗത്തേക്ക് വരുന്ന കുഞ്ഞനെ കാണുന്ന പൊന്നൻ തങ്കനോട് ,
പൊന്നൻ : ദേ കുഞ്ഞൻ വരുന്നുണ്ട്.
അവനെ കണ്ട് സൈക്കിൾ നിർത്താൻ കൈകൊണ്ട് ആംഗ്യം കാട്ടി,
തങ്കൻ : എടാ കുഞ്ഞാനിക്ക് .. നിക്ക് .
അവർക്കരികെ കുഞ്ഞൻ സൈക്കിൾ നിർത്തി തങ്കനെ നോക്കികൊണ്ട്,
കുഞ്ഞൻ : എന്നാ ചിറ്റപ്പ കാര്യം ?
അരികിലെത്തി അവനെ സോപ്പിടാനെന്ന പോലെ തലയിൽ തലോടി ,
തങ്കൻ : കുഞ്ഞാ ..മോനെ ചിറ്റപ്പനൊരുപകാരം ചെയ്യണം.
കുഞ്ഞൻ : കാര്യം പറ ചിറ്റപ്പാ.
താറാകൂട്ടത്തെ ചൂണ്ടി,
തങ്കൻ : ദാ അതുങ്ങൾക്കൊന്ന് ചിറ്റപ്പന്റെ വീടൊന്ന് കാണിച്ച് കൊടുക്കണം.
താറാകൂട്ടത്തെ നോക്കിയിട്ട് കുഞ്ഞൻ തങ്കനോട് ആക്കും പോലെ,
കുഞ്ഞൻ: ഓ.... ഹർത്താലായിട്ട് കള്ള് മോന്താൻ പോകാരിക്കും.
അവനെ തിരുത്തി ,
പൊന്നൻ : ഹർത്താലായിട്ടേവിടെയാ ഷാപ്പ്.. കുഞ്ഞാ നീ പോയിയതുങ്ങൾക്ക് വഴികാട്ടികൊടുക്ക്.
തലയാട്ടി ആലോചനയോടെ ഹാന്റിലിൽ കൈകൊണ്ടിടിച്ച് ,
കുഞ്ഞൻ : വേണോല്ലോ.അതുങ്ങൾക്ക് ഗൂഗിൾ കുഞ്ഞമ്മയെക്കുറിച്ച് ഒന്നും അറിയില്ലല്ലോ.
പരുങ്ങി അവനെ തള്ളിക്കൊണ്ട് ,
തങ്കൻ : നീ സമയം കളയാതെ ചെല്ല് കുഞ്ഞാ.
കുഞ്ഞൻ : പോകാം പക്ഷേ ഒരു കണ്ടിഷൻ.
സംശയത്തിൽ ,
തങ്കൻ : എന്താ.
കുഞ്ഞൻ : എനിക്ക് പൊറോട്ടെം ബീഫും കഴിക്കാനുള്ള കാശു തരണം.
പരിഹാസ ചിരിയോടെ ,
വിജയൻ : കാഷോ .. എത്രയാ വേണ്ടത് ?
വിടില്ലെന്ന മട്ടിൽ ,
കുഞ്ഞൻ : അംബതു രുപാ.
വിജയൻ : അംബതോ... സില്ലി ബോയി.
പോക്കറ്റിൽ നിന്നും പത്തിന്റെ അഞ്ച് നോട്ട് സ്റ്റൈലായി എടുത്ത് കൊടുക്കുന്ന വിജയനിൽ നിന്നും വാങ്ങി പോക്കറ്റിലിട്ട് അല്പം പരുങ്ങലിൽ,
കുഞ്ഞൻ : അതേ ചിറ്റമ്മ ചോദിച്ചാൽ ഞാനെന്തു പറയും.
പെട്ടെന്നിടപെട്ട് ധൃതിയിൽ പറയുന്ന,
വിജയൻ : അടിയന്തിരമായിട്ട് ഒരു മരണമുണ്ടാകും അതിനു പോയെന്ന് പറഞ്ഞാൽ മതി.
കുഞ്ഞൻ തങ്കനെ അതു മതിയോന്ന വിധം നോക്കുംബോൾ മനസില്ലാ മനസ്സോടെ തലയാട്ടികോണ്ട് അയാൾ മൂളുന്നു.
തങ്കൻ : ങും.
സൈക്കിളുമായി തിരിയുന്ന കുഞ്ഞൻ .പശ്ചത്തലത്തിൽ ഒപ്പീസ് വീണ്ടും. ദു:ഖമോ സന്തോഷമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഭാവത്തിൽ ഒപ്പീസു കേൾക്കുന്ന ഭാഗത്തേക്ക് നോക്കി ,
വിജയൻ : ബാബൂ...
ഏവരേയും ഉൾപ്പെടുത്തി ദൃശ്യം മുകളിലേക്കുയരുംബോൾ പള്ളിയുടെ കുരിശു വ്യക്തമായി വരുന്നു.
കട്ട്
സീൻ 7
സന്ധ്യയോട് അടുത്ത സമയം. വയലിനു നടുവിലുള്ള ഒരു ഷാപ്പ്
അകത്ത് ഒരുഭാഗത്ത് മേസ്തരി പൊന്നനും വിജയനും എതിർഭാഗത്തെ ബഞ്ചിൽ തങ്കനും ഇരിക്കുന്നു.അവർ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് ഇരിപ്പ് കണ്ടാലറിയാം. മേശയുടെ ഒരുഭാഗത്ത് ഒഴിഞ്ഞ കുപ്പികളും പ്ലേറ്റും എച്ചിൽ പാത്രങ്ങളും. ആടിയാടി കാജാപൊതിയിൽ നിന്നും ഒരു ബീഡിയേടുത്ത് കത്തിച്ച് പൊതി മേശയിലേക്കിട്ട് പുകയൂതികൊണ്ട്,
പൊന്നൻ : എനിക്കൊരു വീട് പണിയണം മഴ പെയ്താ ചോരാത്ത അടച്ചുറപ്പുള്ള ഒരു വീട്. അതാണ്എന്റെ ആശ. എത്രകൂട്ടിയിട്ടുംകൂട്ടിയിട്ടും നടക്കുന്നില്ലല്ലോ കർത്താവേ.
മേശയിൽ കയ്യൂന്നി ഉറക്കാത്ത ഭാഷയിൽ കണ്ണെവിടെയൊക്കെയോ ഉറപ്പിക്കാൻ ശ്രമിച്ച് ,
വിജയൻ :എനിക്കൊരു ബോംബെ ടൈപ്പ് സലൂൺ നമ്മുടെ നാൽക്കവലയിൽ ഇടണം.എല്ലാം പുതിയ സ്റ്റൈൽ. ബംഗാളിയെ ഞാനിറക്കും. എന്തായിരിക്കും തിരക്ക്.
മുഖം കുനിച്ചിരുന്ന് ആടിയാടി,
തങ്കൻ : കാശ് കൈയ്യീ വന്നിട്ട് വേണം താറാകച്ചോടം നിർത്തി എല്ലം ഇട്ടെറിഞ്ഞ് ഈ നാട് വിട്ട് എനിക്കു പോകാൻ.
സ്ഥിരം മദ്യപാനിയായ ഒരാൾ പതിയായ കള്ളുകുപ്പിയിൽ, ഒരു പാട്ടിന്റെ ശ്രുതിയെന്നോണം വിരൽ തട്ടികൊണ്ട് അകത്ത് നിന്നും അവർക്കരികിലെത്തി നിന്ന് അവരോട് പറയുന്നു :
അയാൾ : നിങ്ങൾ അന്വേഷിക്കുന്നതെല്ലാം നിങ്ങൾക്ക്കിട്ടും.ആദ്യം ഈസമയം ഈ നിമിഷം ആസ്വദിക്കുക.സന്തോഷിക്കുക...!
കൊഴഞ്ഞ് കൊണ്ട് ,
വിജയൻ : അതാ... അതാണ് ശരി .
മദ്യപാനി ഒരുപാട്ടിന് തുടക്കമിടുന്നു. മറ്റേവരും അതേറ്റു പാടുന്നു. സ്വപ്ന സാഫല്യം തേടിയുള്ള യാത്രയാണു പാട്ടിന്റെ കാതൽ. മറ്റു കുടിയൻമാരും അതിൽ പങ്കു ചേരുന്നു. അവർക്കെല്ലാം തങ്കനുംമറ്റും കള്ള് ഓഫർ ചെയ്യുന്നു. അവരുടെ പോക്കറ്റ് കാലിയാകുന്നു. പാട്ട് പാടികൊണ്ട് തന്നെ ഷാപ്പിൽ നിന്നും അവർ ആടിയാടി ഇറങ്ങുന്നു.
കട്ട് റ്റു
രാത്രി. ചെറിയ വെളിച്ചമുള്ള നിരത്ത്
പാട്ടുപാടി ആടിയാടി നടന്നുവരുന്ന മൂവർ സംഘം. പാട്ട് അവസാനിക്കുംബോൾ അവരുടെ മുഖത്തേക്ക് ജീപ്പിന്റെലൈറ്റുകൾതെളിയുന്നു. അവർ ചിമ്മിയ കണ്ണുകൾ കൈകൊണ്ട് പൊത്താൻ ശ്രമിച്ച് തുറക്കുംബോൾ മുൻപിൽ രണ്ട് പോലീസുകാർ. ജീപ്പിന്റെയുള്ളിൽ എസ്.ഐ. റോക്കറ്റ് റോയി. ഭയത്തോടെ മുണ്ടിന്റെ മടക്കി കുത്ത് അഴിച്ച് തങ്കനും മറ്റും പരുങ്ങലോടെ നിൽക്കുന്നു. റോക്കറ്റ് റോയിയെ നോക്കി ,
എച്ച് സി .സുനി: സാറേ ഇവന്മാരത്ര പന്തിയല്ല.
എസ്ഐജീപ്പിൽ നിന്നും ഇറങ്ങി അവരുടെ അരികത്തേക്ക് വന്ന് ,
എസ്.ഐ. റോയി : ഹർത്താലായിട്ട് നീയൊക്കെ ആരുടെ കുളം കുഴിക്കാനാ പോയത്.?
അവർ പരുങ്ങുന്നൂ. ജീപ്പിന്റെ പിൻസീറ്റിലിരിക്കുന്ന ഒരു ചെറുപ്പക്കാരൻ അവരെ നോക്കാൻ ശ്രമിക്കുന്നത് നമ്മൾക്ക് കാണാം. അത് അവനാണ്. എമ്മാനുവേൽ.
തങ്കന്റേയും മറ്റും നില്പും ഭാവവും കണ്ട് മണം പിടിക്കാനെന്നോണം മുഖമൊന്നവരിലേക്ക് ആഞ്ഞ്,
റോക്കറ്റ് റോയി : കള്ളുകുടിച്ചിട്ടുള്ള അർമാദമാണല്ലേ.
അവർ മൂവരും പേടിയോടെ മൂക്ക് പൊത്തുന്നു.
പി.സി ബിജുകുമാർ : സാറേ ലിവന്മാരു നല്ല ഫോമിലാ.
തങ്കന്റെയും വിജയന്റേയും പിന്നിൽ നിൽക്കുന്ന പൊക്കം കുറഞ്ഞ,
പൊന്നൻ : പൊറുക്കണം സാറേ. ഒരു കുപ്പികള്ളും ഒരു പ്ലേറ്റ് കക്കയും. അത്രേ കഴിച്ചുള്ളൂ.
പൊന്നന്റെ സംസാരം ഇഷ്ടപ്പെടാതെ ദേഷ്യത്തിൽ,
റോക്കറ്റ് റോയി : ഛീ.....ഇങ്ങോട്ട് കേറി നിയ്ക്കടാ. (മൂവരേയും ഇരുത്തി നോക്കി) രാത്രീല് കള്ളുംകുടിച്ച് തെറിപ്പാട്ടും പാടി നാട്ടുകാരെ മെനക്കെടുത്തിയുള്ള ആഭാസം. ഞാൻ ആരാന്ന് നിനക്കൊക്കെ അറിയാമോ.?
വിജയൻ: അറിയാം സാർ. ആര്യക്കര പോലീസ്സ്റ്റേഷനിലെ എസ്.ഐ റോയി സാർ.
പി.സി ബിജുകുമാർ : വെറും റോയി സാർ അല്ല.
ബാക്കി പേര് അറിയാമെന്ന വിധം ചിരിച്ച് അടിയാനെ പോലെ നിന്ന്
വിജയൻ : റോക്കറ്റ് റോയി. നാട്ടുകാർക്കെല്ലാം ഭയങ്കര പേടിയാ.
അഭിമാനത്തോടെ പോലീസുകാരെ നോക്കി ചിരിച്ച്,
റോക്കറ്റ് റോയി : ങും !
ആ സമയം ആകാശത്ത് ഒരു വാണം പൊട്ടുന്നു.അതിന്റെ പ്രതിഫലനം വിജയന്റെ കറുത്ത കണ്ണടയിൽ കാണാം. വാണം പൊട്ടുന്ന ശബ്ദം കേട്ട്,
വിജയൻ : സത്യം.
ഭവ്യതയോടെ കൈകൂപ്പി,
തങ്കൻ : പൊന്നു സാറേ ഞങ്ങളെ വിട്ടേക്ക്.പാവങ്ങളാ.നാളെ പണിക്ക് പോകാനുള്ളതാ.
റോക്കറ്റ് റോയി : നിന്റെ പേരെന്താടാ.
തങ്കൻ : ഞാൻ തങ്കൻ ,ഇവൻ വിജയൻ, ലവൻ പൊന്നൻ.
റോക്കറ്റ് റോയി : പേരൊക്കെ കൊള്ളാം. പക്ഷേ.(സുനിയെ നോക്കി)സുനിയപ്പാ ഇവന്മാർക്കെതിരെയുള്ള വകുപ്പേതൊക്കെയാ.
സുനിയപ്പാ എന്ന വിളി ഇഷ്ടപ്പെടാതെ തല ചൊറിഞ്ഞ്,
എച്ച്.സി സുനി : പല വകുപ്പും ഉപവകുപ്പും ഇടാം സാറേ. മാസാവസാനമല്ലേ ട്രഷറിയിൽ ഫണ്ട് കേറണ്ടേ.
പരിതാപത്തോടെ കൈകൂപ്പി,
വിജയൻ : സാറേ...വിട്ടേക്ക് സാറേ.
റോക്കറ്റ് റോയി : ഇവന്മാരെ പിടിച്ച് ജീപ്പിൽ കേറ്റ്. ബാക്കി സ്റ്റേഷനിൽ ചെന്നിട്ട്.
വിജയന്റെ തോളിൽ പിടിച്ച് വലിച്ച്,
എച്ച്.സി സുനി : വാടാ മലരന്മാരെ.
ദയനീയതയോടെ റോയിയെ നോക്കി മൂവരും സുനിയുടെ പിന്നാലെ ജീപ്പിനു പിന്നിലേക്ക് നടക്കുന്നു. ജീപ്പിനുള്ളിലിക്കുന്ന എമ്മാനുവേൽ ചിരിയോടെ ഇതെല്ലാം സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. പൊന്നനേയും മറ്റും നോക്കി തിരിയുന്ന റോക്കറ്റ് റോയിയോട് അടക്കത്തിൽ,
പി.സി. ബിജുകുമാർ :സാറേ സുനി സാറിനെ സുനിയപ്പാന്ന് വിളിക്കുന്നത് സുനി സാറിനിഷ്ടമല്ല.
സംശയത്തിൽ,
റോയി : അതെന്താ.
പി.സി. ബിജുകുമാർ : അയ്യപ്പനെന്നാ സുനി സാറിന്റെ അച്ഛന്റെ പേര്. സുനിയപ്പാന്നു വിളിക്കുംബോൾ സാറ് അവന്റെ തന്തക്ക് വിളിക്കുന്ന ഫീലാ സുനി സാറിന്.
റോക്കറ്റ് റോയി : അങ്ങനെയാണോ.? ജു.ജു.ജു.
പശ്ചാത്തപിക്കും പോലെ തലയാട്ടി റോയി ജീപ്പിലേക്ക് കയറുന്നു.ഡ്രൈവർ സീറ്റിലേക്ക് ബിജുവും. ജീപ്പിന്റെ പിന്നിൽ എമ്മാനുവേൽ സുനിയോടൊപ്പമാണ് ഇരിക്കുന്നത്.എതിർ വശം തങ്കനും മറ്റും. ഒരു കുലുക്കത്തോടെ ജീപ്പ് സ്റ്റാർട്ടായി മുന്നോട്ട് നീങ്ങുന്നു. ജീപ്പ് നീങ്ങുന്നതിനിടയിൽ വിജയനെ നോക്കി ,
എമ്മാനുവേൽ : ഒരു കുപ്പി കള്ളിനെന്താ വില .
വിജയൻ : കള്ളിനോ. (ഒരു വിശദീകരണമെന്നോണം കാലിന്മേൽ കാല് കയറ്റി വെച്ച്) ഒരു കുപ്പി കള്ളിന് 70 രൂപാ. തണുത്തതാണെങ്കിൽ അഞ്ചു രൂപാ കൂടും. നമ്മുടെ മദ്ധ്യകേരളം വരെ വരവ് കള്ളാ കൂടുതലും . ഹാ... പാലക്കാടൻ കള്ളേ. പിന്നെ റേഞ്ച് മാറുംതോറും റേറ്റിന് വ്യത്യാസമുണ്ടാകും.
അതുകേട്ട് റോക്കറ്റ് റോയി തിരിഞ്ഞു നോക്കുന്നു.
റോക്കറ്റ് റോയി : ജീപ്പിലിരുന്ന് അതും എന്റെ മുന്നിൽ വെച്ച് ആരാടാ കള്ളു പുരാണം പറയുന്നത്?.
വിജയൻ ചിരിച്ച് കൊണ്ട് മുഖം പൊത്തുന്നു. അവന്റെ ഇരുപ്പ് കണ്ട്,
എച്ച് .സി. സുനി : കാലു താഴ്ത്തി വെയ്ക്കടാ.
വിജയൻ ഭവ്യതയോടെ അതനുസരിക്കുന്നു.
എമ്മാനുവേലിനെ നോക്കി ,
റോക്കറ്റ് റോയി : നിനക്കെന്താ ഈ രാത്രീല് കള്ള് വേണോ ?
ഭവ്യതയോടെ,
എമ്മാനുവേൽ : ഞാൻ കള്ളു കുടിക്കാറില്ല സാറേ.
റോക്കറ്റ് റോയി : ങും.
അയാൾ അവനെ നോക്കി മൂളിത്തിരിയുന്നു.
എമ്മാനുവേൽ : എനിക്ക് ലിക്വറാ ഇഷ്ടം. റെഡ് ലേബൽ, ശിവാസ് റീഗൽ, സ്മിർനോഫ്, ബ്ലാക്ക് ഡോഗ്.നിവർത്തിയില്ലേ മാത്രം സിഗ്നേച്ചർ കഴിക്കും.
അവനെ രൂക്ഷമായി തിരിഞ്ഞു നോക്കി സുനിയോട്,
റോക്കറ്റ് റോയി : സുനിയപ്പാ ഇവന്റെ പേരിലുള്ള വകുപ്പേതാ?.
വിളി ഇഷ്ടപ്പെടതെ തലചൊറിഞ്ഞ് ,
എച്ച്.സി.സുനി : വകുപ്പ് പലതിലുമിടാം സാറേ. വണ്ടി തടയൽ, പൊതുമുതൽ നശിപ്പിക്കൽ .
തെറ്റൊന്നും ചെയ്തില്ലെന്ന വിധം,
എമ്മാനുവേൽ : അയ്യോ സാറേ ഞാൻ.
എച്ച്.സി. സുനി : ഒന്നും പറയണ്ട.ഞാനേറ്റു.
നിസ്സംഗമായ എമ്മാനുവേലിന്റ്റെ മുഖം. പൊന്നനും മറ്റും സന്തോഷം. ജീപ്പ് ഒരു വളവു തിരിയുംബോൾ കുറ്റിക്കാട്ടിൽ നിന്നും കയറി വരുന്ന, തലയിൽ തോർത്തിട്ട് മൂടിയ അവ്യക്ത മനുഷ്യരൂപം ജീപ്പിനുള്ളിൽ തങ്കനേയും മറ്റും കാണുന്നു. ജീപ്പകന്നു പോകുന്നു.
കട്ട്
(തുടരും)
ഭാഗം 4
സീൻ 8
രാത്രി, ആര്യക്കര പോലീസ് സ്റ്റേഷൻ
വിസ്തൃതിയുളള സ്റ്റേഷൻ മുറ്റത്ത് പോലീസ് ജീപ്പ് വന്ന് നിൽക്കുന്നു. ജീപ്പിൽ നിന്നും റോക്കറ്റ് റോയി ഇറങ്ങി പാറാവുകാരന്റെ സല്യൂട്ട് സ്വീകരിച്ച് അകത്തേക്ക് കയറുന്നു.
ജീപ്പിന്റെ പിന്നിൽ നിന്നും ഡോർ തുറന്നിറങ്ങുന്ന സുനിക്ക് പിന്നാലെ ഇറങ്ങുന്ന തങ്കനും വിജയനും പൊന്നനും പിന്നെ എമ്മാനുവേലും.. സ്റ്റേഷൻ നോക്കി ഭയത്തോടെ,
തങ്കൻ : ഞാൻ ജീവിതത്തിലാദ്യായിട്ടാ പോലീസ് സ്റ്റേഷനിൽ കേറുന്നത്.
പൊന്നൻ :ഞാനും.
നിസ്സാരതയിൽ ,
വിജയൻ : ഇവിടെ ഞാനാദ്യാ.
മുന്നോട്ട് നടക്കുന്ന സുനി മടിച്ച് നിൽക്കുന്ന അവരോട് ,
എച്ച്.സി.സുനി : വാ മലരുകളെ.
പേടിച്ച് നിൽക്കുന്ന അവരോട് സ്റ്റേഷനെ ഒന്നാകമാനം നോക്കി, പിന്നെ തങ്കനോട്,
എമ്മാനുവേൽ : ആരേം കൊന്നിട്ടൊന്നുമില്ലല്ലോ .
ഇല്ലെന്ന വിധം തലയാട്ടി,
തങ്കൻ : ങു ങും...
അയാളെ തട്ടി ,
എമ്മാനുവേൽ : എന്നാൽ വാ.
എമ്മാനുവേലിനു പിന്നാലെ തങ്കനും പൊന്നനും നടക്കുന്നു. അവരുടെ കൂടെ നടന്ന് ,
വിജയൻ : പിന്നല്ലാതെ.
പി.സി.വിജയകുമാർ അവരുടെ പിന്നാലെ നടന്ന് വരുന്നുണ്ട്.
കട്ട് റ്റു
എസ്. ഐ യുടെ മുറി -
റെജിസ്റ്ററിൽ എന്തോ നോട്ട് ചെയ്ത് കസേരയിൽ നിന്നെഴുന്നേൽക്കുംബോൾ ഹാഫ് ഡോർ തുറന്ന് അകത്തേക്ക് വരുന്ന സുനി സല്യൂട്ടടിച്ച്,
എച്ച്.സി.സുനി : സാറേ അവന്മാരെ എന്തു ചെയ്യണം ?
റോക്കറ്റ് റോയി : വല്ലതും തടയുമോ?
സുനി : അദ്ദാ ഗുദ്ദയാ സാറേ. ഇന്ന് രാത്രീലു തന്നെ ഇറക്കി വിട്ടാൽ രാവിലെ പണിക്കുപോയി വൈകിട്ട് കാശു കൊണ്ടു വരാമെന്നു പറഞ്ഞു.
റോക്കറ്റ് റോയി : വിട്ടാലോ ?
സുനി : സാറേ, രാത്രിയാ.അവന്മാരു ഒറ്റക്കല്ല ഇങ്ങോട്ടു വന്നത് . പോലീസ് ജീപ്പിലാ.
ഒന്നാലോചിച്ച്,
റോക്കറ്റ് റോയി : മറ്റവന്റെ കയ്യീന്ന് വല്ലതും തടയുമോ?
സുനി : വല്ല അഞ്ഞൂറോ ആയിരമോ കിട്ടുമോന്നു നോക്കാം സാറേ.
മേശയിൽ നിന്നും തൊപ്പിയെടുത്ത് തലയിൽ വെച്ച്,
റോക്കറ്റ് റോയി : അവന്മാരെ ലോക്കപ്പിലൊന്നും ഇടണ്ട. ചാർജ്ജും ചെയ്യണ്ട. രാവിലെ ആരേങ്കിലും വിളിപ്പിച്ച് ജാമ്യത്തിൽ വിട്. പിന്നെ പന്ത്രണ്ടു മണിക്കു തന്നെ പെട്രോളിംഗിനിറങ്ങണം. ബീറ്റ് ബോക്സൊക്കെ അപ് ഡേറ്റ് ചെയ്ത് മുഹമ്മ കവലയിൽ കിടന്നാൽ മതി.
സുനി : അല്ല സാറിനിന്ന് ഡ്യൂട്ടിയില്ലേ.
ഒന്നു പരുങ്ങി,
റോക്കറ്റ് റോയി : വൈഫിന് ചെറിയ നടുവേദന. ചൂടു പിടിച്ചു തിരുമ്മിക്കൊടുക്കണം. ജീപ്പ് ഞാൻ തിരിച്ചു വിട്ടേക്കാം. ബൈക്കിനു പോയി തണുപ്പടിക്കണ്ട. ഏത്?
സുനി : ശരി സാർ.
ഹാഫ് ഡോർ തുറന്ന് റോക്കറ്റ് റോയി പുറത്തേക്ക് നടക്കുന്നു. തലയാട്ടി അയാളുടെ പിന്നാലെ സുനിയും.
കട്ട് റ്റു
സെല്ലിന് പുറത്തുള്ള ഭിത്തിയോട് ചേർന്ന് നിൽക്കുന്ന നാൽവർ സംഘം. നടന്ന് വരുന്ന റോക്കറ്റ് റോയിയെ കണ്ട് തങ്കനും വിജയനും പൊന്നനും കൈകൾ കൂപ്പുന്നു. എമ്മാനുവേലിന് വിനയമുണ്ട്.
റോക്കറ്റ് റോയി : നിന്റേയൊക്കെ കെട്ടെറങ്ങിയോടാ.
മൂവരും തലയാട്ടുന്നു . എമ്മാനുവേലിന് അവരുടെ
വസ്ഥയിൽ ചിരിയാണ് തോന്നുന്നതെങ്കിലും അത് വ്യക്തമായി പ്രകടിപ്പിക്കുന്നില്ല.
റോക്കറ്റ് റോയി : രാവിലെ ആരെയാന്നു വെച്ചാ ജാമ്യമെടുക്കാൻ വിളിച്ചേക്കണം. വെറുതെ എനിക്കു പണിയുണ്ടാക്കരുത്. ഉം !
തൊപ്പിയൊന്നുരി തിരികെ തലയിൽ വെച്ച് അവരെ ഇരുത്തി നോക്കി പുറത്തേക്ക് നടക്കുന്ന റോയിയുടെ പിന്നാലെ അവിടെ ഉണ്ടായിരുന്ന ബിജു നടക്കുന്നു. അവരുടെ അടുത്തേക്ക് വരുന്ന,
സുനി : നിങ്ങൾ വെറുതെ ഏണി വെച്ചു.സാറങ്ങു വലിഞ്ഞ് കയറി...ങാ ഇരുന്നോ ഇരുന്നോ...
സുനി എസ് .ഐ യുടെ മുറിയിലേക്ക് തിരിഞ്ഞു നടക്കുന്നു.
കട്ട്
സീൻ 8 ഏ
രാത്രി, തങ്കന്റെ വീടും പരിസരവും.
വീടിന്റെ പിന്നിൽ -
പറംബിലെ കുറ്റിച്ചെടികൾ കടന്ന് വരുന്ന തലയിൽ തോർത്തിട്ട അവ്യക്ത രൂപം. അയാളുടെ പിന്നിൽ കോർത്തിരിക്കുന്ന കൈകളിൽ വാലുപോലെ ഒരു ഓലക്കണ. ദൂരയെവിടേയോ പട്ടിയുടെ ഓലിയിടൽ.പമ്മി പമ്മി ഒരു ജനലിന്റെ അരികെയെത്തുന്ന ആ രൂപം പൊട്ടിയ ജനല്പാളിക്കിടയിലൂടെ ഓലക്കണ അകത്തേക്കിട്ട് ഇളക്കുന്നു.
കട്ട് റ്റു
മുറിയുടെ അകത്ത് –
ഹാളിലെ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള ക്രിസ്തുവിന്റെ രൂപത്തിൽ അലങ്കരിച്ചിരിക്കുന്ന സീരിയൽ ലൈറ്റിൽ നിന്നുമുള്ള മഞ്ഞയും നീലയും ചുവപ്പും കലർന്ന മിന്നുന്ന ചെറിയ വെളിച്ചത്തിൽ ആ മുറിയിൽ മദാലസയായി കട്ടിലിൽ കിടക്കുന്ന തെയ്യാമ്മയെ കാണാം. കാലിൽ ഓലക്കണ കൊണ്ടുള്ള പെരുമാറ്റം തിരിച്ചറിഞ്ഞ് കണ്ണുകൾ തുറക്കുന്ന തെയ്യാമ്മ പതിയെ എണീറ്റ് മുടി മാടിക്കെട്ടുംബോൾ ജനിലിൽ ഒരു പ്രത്യേക താളത്തിൽ മെല്ലെയുള്ള കൊട്ട് കേൾക്കുന്നു. ആളെ മനസ്സിലാക്കി അവർ ജനാലയുടെ ഒരു പാളി പയ്യെ തുറന്ന് ഇരുട്ടിലേക്ക് നോക്കി,
തെയ്യാമ്മ : തങ്കൻ വന്നിട്ടില്ലിതുവരെ.
പുറത്ത് നിന്നും പതുങ്ങിയ ശബ്ദത്തിൽ,
അവ്യക്ത രൂപം : അയാളിന്നു വരില്ല.
എന്തോ ആലോചിച്ച് തെയ്യാമ്മ ജനൽ പാളി പൂട്ടി എഴുന്നേൽക്കുന്നു.
കട്ട് റ്റു
സീൻ 8 ബി
രാത്രി
ആര്യക്കര പോലീസ് സ്റ്റേഷൻ
സ്റ്റേഷന്റെ തിണ്ണയിലിട്ടിരിക്കുന്ന കസേരയിൽ തോക്ക് തോളോട് ചായ്ച്ച് നിർത്തി സിഗററ്റ് വലിച്ചിരിക്കുന്ന പാറാവുകാരൻ. മുറ്റത്തെ ഒരു കോണിൽ തലയിൽ തോർത്തിട്ട് കെട്ടി ചെവിമറച്ച് സിഗററ്റ് വലിച്ച് ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന ഒരു പോലീസുകാരൻ.
കട്ട് റ്റു
അകത്ത് എസ്.ഐ യുടെ മുറിയിൽ -
മേശയിൽ കാല് കയറ്റി വെച്ച് കസേരയിലിരുന്ന് ഉറങ്ങുന്ന സുനി.
കട്ട് റ്റു
സെല്ലിന്റെ പുറത്തെ ഭാഗത്തെ ഭിത്തിയിൽ ചാരി തറയിലിരിക്കുന്ന നാൽവർ സംഘം. എമ്മാനുവേൽ ഒരു മൂലയിലാണ് ഇരിക്കുന്നത്.അവൻ മൊബൈലിൽ ഗെയിം കളിക്കുകയാണ്. തൊട്ടടുത്തിരിക്കുന്ന തങ്കൻ അതു നോക്കി ആസ്വദിക്കുന്നു.തങ്കന്റെ അടുത്തിരിക്കുന്ന പൊന്നൻ ബീഡിപ്പൊതിയും തീപ്പെട്ടിയും കയ്യിൽ വെച്ച് പുറത്ത് സിഗററ്റ് വലിക്കുന്ന പാറാവുകാരനെ കൊതിയോടെ നോക്കിയിരിക്കുകയാണ്.വിജയൻ കാല് കവച്ച് നിവർത്തി കൂളിംഗ് ഗ്ലാസ് വെച്ച് വായ് പൊളിച്ച് കൂർക്കം വലിച്ച് ഭിത്തിയിൽ ചാരിയിരുന്ന് ഉറങ്ങുന്നു. അക്ഷമനായി എഴുന്നേൽക്കുന്ന പൊന്നൻ പാറാവുകാരനരികിലെത്തി അയാളെ തട്ടി വിളിക്കുന്നു.
പൊന്നൻ : സാറേ
തിരിഞ്ഞു നോക്കുന്ന പാറാവുകാരനോട് പുക വലിച്ചോട്ടെയെന്ന് ആംഗ്യത്തിലൂടെ പൊന്നൻ ചോദിക്കുന്നു. സിഗററ്റ് വലിച്ചു കൊണ്ട് ചുറ്റിനും നോക്കിയിട്ട് വലിച്ചോളുവെന്ന് പാറാവുകാരൻ പൊന്നനോട് ആംഗ്യം കാണിക്കുന്നു. ഒരു ബീഡി കത്തിച്ച് പൊന്നൻ തങ്കന്റേയും മറ്റും അരികിലെത്തുന്നു. അവർ അന്തം വിട്ട് നോക്കുംബോൾ പൊന്നൻ അവർക്ക് ബീഡിയും തീപ്പെട്ടിയും നൽകുന്നു. ഇപ്പോൾ മുറി നിറയെ പുകപടലമാണ്. മൂവരും ബീഡി വലിക്കുകയാണ്. ബീഡി മണമറിഞ്ഞ് കണ്ണു തുറക്കുന്ന വിജയൻ ചുറ്റും നോക്കുന്നു. പുകപടലമാത്രം.
വിജയൻ : ഞാനേതു സ്വർഗ്ഗലോകത്താ. ആകെ പുക മയം.
അടുത്തിരിക്കുന്ന പൊന്നൻ വിജയനു ബീഡിപ്പൊതിയും തീപ്പെട്ടിയും നൽകുന്നു. അത് വാങ്ങി,
വിജയൻ : വേണ്ടാ വേണ്ടാന്നു വെച്ചാലും വലിച്ചു പോകും.
ബീഡി വലിച്ച് എമ്മാനുവേലിനെ നോക്കി ,
തങ്കൻ : നീയെങ്ങനെ ഇവിടെ വന്നു പെട്ടു.
പുകയൂതി ചിരിക്കുന്ന എമ്മാനുവേൽ. എമ്മാനുവേലിനെ നോക്കി ,
വിജയൻ : പിടിച്ചു പറി, മോഷണം, കത്തിക്കുത്ത് , പെണ്ണു പിടി...
എമ്മാനുവേൽ: ഏയ് അതൊന്നുമല്ല. ഓടിവന്ന വണ്ടിക്ക് വെറുതെയൊന്നു കൈകാണിച്ചതാ.
തങ്കന്റേയും മറ്റും റിയാക്ഷൻ .
കട്ട് റ്റു
സീൻ 8 സി
കഴിഞ്ഞ സന്ധ്യ
മാരാരിക്കുളം റെയിൽവേസ്റ്റേഷൻ
എറണാകുളം ആലപ്പുഴ പാസഞ്ചറിന്റെ വരവും കാത്ത് മാരാരിക്കുളം റെയിൽ വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നു. ഇരുവശത്തും വാഹനങ്ങൾ കുറവാണ്.
ചൂളമിട്ട് പതിയെ വരുന്ന പാസ്സഞ്ചർ ട്രെയിൻ ഒന്നാം നംബർ പ്ലാറ്റ് ഫോമിൽ നിർത്തുന്നു. സ്റ്റോപ്പിലിറങ്ങുന്നത് വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രം.
ബാഗും തൂക്കി അപരിചിതത്തോടെ റെയിൽവേ സ്റ്റേഷന്റെ പുറത്തേക്ക് വരുന്ന എമ്മാനുവേൽ. അവൻ സർവീസ് റോഡിലൂടെ നടന്ന് മെയിൻ റോഡിനരികിലെത്തി. റെയിൽവേ ക്രോസ്സ് കടന്ന് വരുന്ന വാഹനങ്ങൾക്ക് അവൻ കൈകാണിക്കുന്നുണ്ടെങ്കിലും ആരും നിർത്തുന്നില്ല. അവൻ ചുറ്റിനും നോക്കുമോൾ ദൂരെ നിന്നും നടന്നു വരുന്ന മൂന്ന് ചെറുപ്പക്കാരെ കാണുന്നു. മറുഭാഗത്ത് നിന്നും വേഗത്തിൽ ഒരു പോലീസ് ജീപ്പ് വരുന്നത് കണ്ട് എമ്മാനുവേൽ പ്രതീക്ഷയോടെ കൈകൾ വീശി റോഡിന്റെ നടുവിൽ കയറി നിൽക്കുന്നു.
എമ്മാനുവേൽ : സ്റ്റോപ്പ് സ്റ്റോപ്പ്.
പോലീസ് ജീപ്പ് സഡൻ ബ്രേക്കിട്ട് നിർത്തുന്നു. ജീപ്പിനു മുന്നിലിരിക്കുന്ന എസ്.ഐ റോക്കറ്റ് റോയി ക്ഷുഭിതനായി,
റോക്കറ്റ് റോയി : നടുറോട്ടിലാണോടാ അഭ്യാസം.
ജീപ്പിനരികിലെത്തി,
എമ്മാനുവേൽ : സാറേ വണ്ടിയൊന്നും നിർത്തുന്നില്ല. എനിക്കൊരു ലിഫ്റ്റ് തരുമോ?.
റോക്കറ്റ് റോയി : പോലീസ് ജീപ്പ് തടഞ്ഞ് ലിഫ്റ്റ് ചോദിക്കാൻ മാത്രം നീയായോടാ. അതും എന്റെ ജീപ്പിനു മുന്നിൽ.
എമ്മാനുവേൽ : സാറേ അങ്ങനെ പറയരുത്. ആലപ്പുഴ ജില്ലേല് ഹർത്താലാണന്ന്അറിയില്ലായിരുന്നു. എനിക്കൊരു ലിഫ്റ്റ് തരണം സാറേ.
നടന്നു വരുന്ന ചെറുപ്പക്കാർക്ക് പോലീസ് എമ്മാനുവേലിനെ തടഞ്ഞു വെച്ചതായിട്ടാണ് തോന്നുന്നത്. അവർ മുണ്ട് മടക്കികുത്തി ദേഷ്യത്തിൽ ജീപ്പിനരികിലേക്ക് വരുന്നത് കണ്ട് അല്പം പരിഭ്രമത്തിൽ പിന്നിൽ ഇരിക്കുന്ന,
സുനി : സാറേ പ്രശ്നക്കാരാണു വരുന്നതെന്ന് തോന്നുന്നു. ഇത് നമ്മുടെ സ്റ്റേഷൻ പരിധിയുമല്ല.
എമ്മാനുവേലും നടന്നു വരുന്നവരെ നോക്കുന്നു. രംഗം പന്തിയല്ലെന്ന് തോന്നി അവനോട്,
റോക്കറ്റ് റോയി : കേറ് ..കേറ്..ജീപ്പില്.
എമ്മാനുവേൽ: താങ്ക്യൂ സാർ.
അവൻ സന്തോഷത്തോടെ ജീപ്പിൽ കയറുന്നു. ജീപ്പിനരികെ എസ്.ഐ യുടെ അടുത്ത് എത്തി മൂവരിൽ തടിമാടൻ ഉച്ചത്തിൽ എസ്.ഐ റോയിയോട്,
തടിമാടൻ : സാറേ കൊണ്ടു പോകുന്നതൊക്കെ കൊള്ളാം. ജീവനോടെ തിരിച്ചു വിട്ടേക്കണം. (അടുത്ത് നിൽക്കുന്ന സുഹൃത്തിനോട്) എടാ സുരേ..അവന്റെ ഫോട്ടൊയെടുത്ത് വെക്ക്.
സുര : ശരിയണ്ണാ.
അവൻ പിന്നിലോട്ട് ഫോട്ടോയെടുക്കാൻ പോകുമ്പോൾ -
റോക്കറ്റ് റോയി : അതിന്റെയൊന്നും ആവശ്യമൊന്നുമില്ലെന്നേ.
തടിമാടൻ : വേണം സാറേ. സുരേ എടുക്കടാ ഫോട്ടോ.
സുര : എടുക്കുവാ അണ്ണാ.
വിക്ടറി സൈനിൽ വിരൽ ഉയർത്തി ചിരിയോടെ പോസ് ചെയ്യുന്ന എമ്മാനുവേൽ. പിന്നിലുള്ള സുനി മുഖം മറക്കുന്നു. മൊബൈലിൽ ഫോട്ടൊ എടുത്ത്,
സുര : സൂപ്പറയിട്ടുണ്ട് അണ്ണാ.
തടിയനും മറ്റു കൂട്ടുകാരനും മൊബൈലിൽ ഫോട്ടോ വന്ന് നോക്കുന്നു. എസ്.ഐ.യെ നോക്കി,
തടിയൻ : സാറേ പൊളിച്ചിട്ടുണ്ട്. ഇനിവിട്ടോ. ഇവനെ ഇടിച്ച് സൂപ്പാക്കി ലോക്കലിപ്പിലിട്ട് കൊന്നാല് ഞങ്ങള് വന്ന് പ്രക്ഷോഭമുണ്ടാക്കിക്കോളാം.
വണ്ടറടിക്കുന്ന എമ്മാനുവേൽ. ജീപ്പകലുംബോൾ മൂവരും ചിരിയോടെ കൈ വീശുന്നു. ജീപ്പിൽ ഡ്രൈവർ സീറ്റിലുള്ള പി.സി.ബിജുകുമാർ റോയിയെ നോക്കി ചിരിച്ച്,
ബിജു : സാറ് ഡിങ്കനെ അറിയില്ലേ? .ചിത്രകഥയിലുള്ള.
റോക്കറ്റ് റോയി : പിന്നില്ലേ കുട്ടിക്കാലത്തെ ഹീറോ അല്ലായിരുന്നോ.
ബിജു : സാറിന് ഡിങ്കന്റെ സ്വഭാവാ. കാണുന്ന വള്ളിയിലൊക്കെ വെറുതെ തൂങ്ങി ഊഞ്ഞാലാടും.
സുനിക്കും എമ്മാനുവേലിനും ചിരി വന്നു. അത് കേട്ട് മസിലു പിടിച്ച് അവനെ നോക്കി,
റോക്കറ്റ് റോയി : ങും മതി.. മതി ഒണ്ടാക്കിയത്.
പെട്ടന്ന് സീരിയസ്സായി ബിജു ഡ്രവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റോഡിലൂടെ അകന്നു പോകുന്ന ജീപ്പ്.
കട്ട് റ്റു
(തുടരും)
ഭാഗം 5
സീൻ 8 ഡി
രാത്രി - പോലീസ്സ്റ്റേഷൻ
തങ്കനും,പൊന്നനും, വിജയനും എമ്മാനുവേൽ പറയന്നത് ശ്രദ്ധാപൂർവ്വം കേട്ടിരുന്ന ശേഷം അവസാനം ചിരിക്കുന്നു.
വിജയൻ : ട്രെയിനിനു കൈകാണിച്ച അവസ്ഥ.
എമ്മാനുവേൽ : ലോക്കപ്പ് യോഗം ജീവിതത്തിലുണ്ടേലത് സംഭവിക്കും.
വിജയൻ : അതു ശരിയാ. ഇതുവെച്ച് നോക്കുംബോൾ എനിക്ക് രായോഗങ്ങൾ എന്തോരം..ഹോ !
എന്തോ ഓർത്തെന്നോണം അവൻ തലകുടയുന്നു.സംശയത്തിൽ എമ്മലുവിനോട്,
തങ്കൻ : സത്യത്തിൽ നിന്റെ വീടെവിടെയാ.
എമ്മാനുവേൽ : അതിടുക്കിയില്.ചെറുതോണി ഡാമിനടുത്താ.
പൊന്നൻ : നീയിവിടെ എന്തിന് വന്നു?
എമ്മാനുവേൽ : ഇവിടെയടുത്തല്ലേ ചീരപ്പൻ ചിറ?
വിജയൻ : ഓ.നമ്മുടെ അയ്യപ്പനും മാളികപ്പുറത്തമ്മയും ഗണ്ടുമുട്ടിയ സ്ഥലം.
സംശയത്തിൽ ,
തങ്കൻ : അതേതു സ്ഥലം.
വിജയൻ : അത് പഴയ ഹോബീ തീയറ്ററിനു പിന്നിൽ. അതറയണമെങ്കി ചരിത്രം പഠിക്കണം ചരിത്രം.(എമ്മാനുവേലിനെ നോക്കി) അല്ലേടാ.
എമ്മാനുവേൽ : അതേ.ചീരപ്പൻ ചിറയെക്കുറിച്ച് ഒരു പഠനം...ഞാൻ കഥയും ലേഖനവുമൊക്കെയെഴുതാറുണ്ട്.
വിജയൻ : അച്ചായാ ഇവനെഴുത്തുകാരനാ.നമ്മുടെ സ്റ്റാൻഡേർഡിനു പറ്റില്ല.
എമ്മാനുവേൽ : അതിപ്പോ എത്ര തറയാകാനും എനിക്കു പറ്റും.
പൊന്നൻ : ഞങ്ങളെ തറയാക്കണ്ട.രാവിലെ നേരം വെളുത്താൽ സഖാവ് സത്യൻ മാഷിന്റെ മോളെ ഞങ്ങള് വിളിക്കും.ഞങ്ങടെ വാർഡിലെ മെംബറാ. ഞങ്ങളിറങ്ങും.
തങ്കൻ : അല്ല നീയെങ്ങനെ ഇറങ്ങും?.
വിജയൻ : ഇടുക്കീന്നാളെപ്പവരാനാ.
എമ്മാനുവേൽ : ഏതായാലും മെംബർ നിങ്ങളെ ഇറക്കില്ലേ.ആ കൂട്ടത്തിൽ സൈഡായി എന്നെക്കൂടെ ഇറക്കിയാൽ മതി
അവർ മൂവരു പരസ്പരം നോക്കുന്നു
തങ്കൻ : അഹങ്കാരം കൊറച്ച് കുറക്കണം
കണ്ണു തുറിച്ച് അന്തം വിട്ട് ,
എമ്മാനുവേൽ : അഹങ്കാരമോ .എനിക്കോ..ശ്ശെ..ശ്ശെ..എന്തൊക്കെയായിത്.
അവരുടെ പ്രതികരണം.
കട്ട് റ്റു
പോലീസ് സ്റ്റേഷന്റെ മുറ്റത്ത് ജീപ്പിൽ വന്നിറങ്ങി അകത്തേക്ക് കയറുന്ന ബിജു സ്റ്റേഷനിലുള്ളിലെ പുക കണ്ട് പാറാവുകാരനെ നോക്കുന്നു.
ബിജു : എന്നാ പിന്നെ അടിയോടെ കത്തിക്കാമായിരുന്നില്ലേ.
തോക്ക് തോളിൽ ചേർത്ത് കസേരയിലിരിക്കുന്ന,
പാറാവുകാരൻ : ഞാനല്ല, ലവന്മാരാ.
ബിജു : എടാ മലരന്മാരെ..
ബിജു ദേഷ്യത്തിൽ അവരുടെ അരികിലെത്തുംബോൾ കൂർക്കം വലിച്ചുറങ്ങുന്ന നാലുപേരേയുമാണ് കാണുന്നത്. ആ കാഴ്ച്ച കണ്ട് ;
ബിജു : പാവങ്ങൾ.
ബിജു തിരിഞ്ഞ് എസ്.ഐ യുടെ മുറിയിലേക്ക് കയറി മേശയിൽ കാലുകൾ കയറ്റി വെച്ച് കസേരയിലിരുന്ന് ചാരി ഉറങ്ങുന്ന സുനിയെ തട്ടി വിളിക്കുന്നു,
ബിജു : സാറേ പോകാം.
ഞെട്ടിയെഴുന്നേറ്റ് കണ്ണുകൾ തിരുമ്മി,
സുനി : എങ്ങോട്ട് ?
ബിജു : അംബലത്തിൽ തൊഴാൻ പോകാൻ.
തലയിൽ തോർത്ത് കെട്ടിയ പോലീസുകാരൻ ഹാല്ഫ് ഡോറിലൂടെ എത്തി നോക്കി,
അയാൾ : അതിന് നേരം വെളുത്തില്ലല്ലോ സാറേ.
അയാളുടെ സംസാരം കേട്ട് ദേഷ്യം വന്ന് ബിജു തറയിൽ ഷൂ കൊണ്ട് ശക്തിയോടെ ചവിട്ടുംബോൾ സുനി ഭയന്ന് എഴുന്നേൽക്കുന്നു. തലയിൽ തോർത്ത് കെട്ടിയ പോലീസുകാരൻ തല താഴ്ത്തുന്നു.
കട്ട് റ്റു
സെല്ലിനരികെ തങ്കനും പൊന്നനും ഉറങ്ങുകയാണ്. എമ്മാനുവേൽ ഫോണിൽ ഗൂഗിളിൽ കൊമ്രേഡ് സത്യൻ മുഹമ്മ എന്ന് തിരയുന്നു. പേജിൽ സത്യന്റേയും ലക്ഷ്മിയുടേയും ഒരു മുത്തശ്ശന്റേയും ചിത്രം അവൻ കാണുന്നു. പെട്രോളിംഗിനു പോകാനിറങ്ങുന്ന ബിജുവും സുനിയും ഉറങ്ങാതിരിക്കുന്ന എമ്മാനുവേലിനെ കാണുന്നു
സുനി :എന്താടാ നിനക്ക് ഉറക്കമില്ലേ?
എമ്മാനുവേൽ : ഉറങ്ങുവാ സാറേ..
അവൻ ഫോൺ പോക്കറ്റിലിട്ട് കാലുകൾ നിവർത്തി ഭിത്തിയിൽ ചാരിയിരുന്നു കണ്ണുകൾ അടച്ചു.
സുനി : ഉം !. ഉറങ്ങിയാൽ നിനക്കു കൊള്ളാം
മൂളി തിരിഞ്ഞ് പുറത്തേക്ക് നടക്കുന്ന സുനിയുടെ പിന്നാലെ നടക്കുന്ന ബിജു എസ്.ഐ യുടെ മുറിയിലേക്ക് നോക്കി,
ബിജു : ശശി സാറേ ഇവാന്മാരുടെമേലേ ഒരു കണ്ണ് വേണേ.
അകത്ത് നിന്നും വായുകോട്ട വിട്ട്,
ശശി : ഓ...
ഉറക്കം നടിച്ചിരുന്ന എമ്മാനുവേൽ ഒരു കണ്ണ് തുറന്ന് ചുറ്റിനും നോക്കുന്നു. പശ്ചാത്തലത്തിൽ ജീപ്പ് സ്റ്റാർട്ടാക്കുന്ന ശബ്ദം.
കട്ട് റ്റു
സീൻ 8 ഈ
രാത്രി
തങ്കന്റെ വീട്
പുറത്ത് ചെറിയ വെളിച്ചം.
തെയ്യാമ്മയുടെ മുറിയിൽ -
മിന്നുന്ന സീരിയൽ വെളിച്ചത്തിൽ ,കട്ടിലിൽ അർദ്ധനഗ്നയായി കിടക്കുന്ന തെയ്യാമ്മയെ നിഴലുപോലെ കാണാം.അവ്യക്ത രൂപം കമഴ്ന്നി കിടക്കുന്ന അവരുടെമുകളിലാണ്.ആ രൂപം മുകളിലേക്കും താഴേക്കും ഉയരുന്നു. വേദനയിൽ ഞരങ്ങുന്ന,
തെയ്യാമ്മ.: എത്ര ചെയ്താലും അവസാനം ഇങ്ങനെ കുത്തി പഴുപ്പിക്കതെ പറ്റില്ലല്ലേ.ഹോ എന്റെ തൊട വേദനിക്കുന്നു.
അടക്കിയ സ്വരത്തിൽ,
അവ്യക്തരൂപം : ഇത് വേറെ ഒരു സുഖാ...
ഹാളിൽ ക്രിസ്തു രൂപത്തിനെ അലങ്കരിച്ചിരിക്കുന്ന സീരിയൽ ലൈറ്റ് ചീറ്റിയണയുന്നു.
കട്ട്.
സീൻ 9
രാവിലെ - ആര്യക്കര പോലീസ് സ്റ്റേഷൻ
സെല്ലിനപ്പുറത്തിട്ടിരിക്കുന്ന ഫയലുകൾ അടങ്ങിയ മേശയും കസേരയും. ചായയുമായി കസേരയിൽ വന്നിരിക്കുന്ന സുനി. ഭിത്തിയുടെ ഒരരികിലിട്ടിരിക്കുന്ന ബഞ്ചിലിരുന്ന് ചായ കുടിക്കുന്ന തങ്കനും പൊന്നനും വിജയനും. വാഷ് റൂമിൽ നിന്ന് മുഖം കഴുകി ടൊവലുകൊണ്ട് തുടച്ച് തങ്കന്റേയും മറ്റും അരികിലെത്തുന്ന എമ്മാനുവേലിന് ബഞ്ചിലിരുന്ന ചായ എടുത്ത് കൊടുക്കുന്ന,
തങ്കൻ : ദാ. കുടിക്ക്.
എമ്മാനുവേൽ : താങ്ക്യു
അവൻ ചായ വാങ്ങി കൊണ്ട് സുനിയെ നോക്കുന്നു. സുനി എമ്മാനുവേലിനെ തലയാട്ടി വിളീക്കുന്നു.
സുനി : ഇങ്ങോട്ട് വാടാ.
അവൻ പതിയെ ചായയുമായി സുനിക്കരികെയെത്തുന്നു.
എമ്മാനുവേൽ : എന്താ സാറേ .
കാലിയാക്കിയ ചായ ഗ്ലാസ്സ് മേശയിൽ വെച്ച്,
സുനി : കേസാക്കിയിട്ടുണ്ട്. നിന്നെയിറക്കാൻ ആരെങ്കിലും വരുമോ ?
ചുറ്റും നോക്കി ആരും കാണാതെ പോക്കറ്റിൽ നിന്നും ആയിരം രൂപായെടുത്ത് അയാളുടെ ചായ ഗ്ലാസ്സിനടിയിൽ വെച്ച്,
എമ്മാനുവേൽ : അവരിറങ്ങുംബോൾ സൈഡായിട്ട് ഞാൻ പൊയ്ക്കോളാം.
ചുറ്റും നോക്കി ആ കാശ് പോക്കറ്റിൽ തിരുകി,
സുനി : ഏതായാലും എസ്.ഐ സാർ വരട്ടെ.നീയവിടിരിക്ക്
നന്ദിയോടെ സുനിയെ നോക്കി,
എമ്മാനുവേൽ : താങ്ക്യു സാറേ
സുനിയുടെ സംസാരം കേട്ട്,
വിജയൻ : എസ്.ഐ സാറ് റോക്കറ്റ് പോലെ വന്നാൽ മതിയായിരുന്നു.
ദേഷ്യത്തിൽ ചായയുമായി വിജയനരികിലെത്തി,
എമ്മാനുവേൽ : പോലീസ്സ്റ്റേഷനിലാണോ തമാശ.
വിജയൻ : ങേ.. എപ്പോ ?
അതിശയിച്ച് വിജയൻ കണ്ണുകൾ തള്ളി .
കട്ട്
(തുടരും)
ഭാഗം 6
സീൻ 10
പകൽ, രാവിലെ 8.30 നോടടുത്തുള്ള സമയം. സഖാവ് സത്യന്റെ വീട്.
ഒരു മനോഹരമായ തറവാട്. വിസ്തൃതിയുള്ള മുറ്റത്ത് പൂക്കൾ വിടർത്തി നിൽക്കുന്ന ചെടികളും, തുളസിത്തറയും.
ശ്രീ ലക്ഷ്മിയുടെ ശിക്ഷണത്തിൽ നൃത്താഭ്യാസം ചെയ്യാനെത്തിയിരിക്കുന്ന 18- 20 വയസ്സിനടുത്ത് പ്രായമുള്ള കുട്ടികൾ മുറ്റത്ത് നാലു നിരയായി നിന്ന് മുന്നിൽ നിൽക്കുന്ന ലക്ഷ്മിയെ വണങ്ങുന്നു.
കട്ട് റ്റു
സീൻ 10 ഏ
പകൽ
സത്യന്റെ വീടിന്റെ ഒരു വശത്തുള്ള വരാന്ത –
കോച്ചിയിലിരിക്കുന്ന സഖാവ് സത്യൻ. നര ബാധിച്ച താടിയും കഷണ്ടി കയറിയ തലയും,നേർത്ത ഖദർ ഉടുപ്പും കാവിമുണ്ടും അയാളെ അല്പം വ്യത്യസ്തനാക്കുന്നു. കോച്ചിക്കരികെ നടക്കാനുള്ള ഒരു സ്റ്റീൽ സ്റ്റിക്ക്.
ടീപ്പോയിലിരിക്കുന്ന റേഡിയോ അയാൾ പതിയെ ഓൺ ചെയ്യുന്നു.
റേഡിയോയിൽ ഒരു സെമിക്ലാസ്സിക്കൽ സോംഗിന്റെ ആരംഭം.
സത്യനിൽ നിന്നും ദൃശ്യം ആരംഭിച്ച് പിന്നോട്ട് നീങ്ങി വികസിച്ച് മുറ്റത്ത് നൃത്തച്ചുവടുകൾ തീർക്കുന്ന ലക്ഷ്മിയേയും വിദ്യാർത്ഥിനികളേയും ഉൾപ്പെടുത്തി നിൽക്കുന്നു.
ഗാനത്തിന്റെ ചരണങ്ങളുടേയും അനുചരണങ്ങളുടേയും ഇടക്കുള്ള മ്യൂസിക്കിൽ നൃത്തച്ചുവടുകൾ ആയോധനമുറകളിലൊന്നായ കളരിയഭ്യാസത്തിന്റെ ചുവടുകളായി മാറുന്നു. ഗാനം ആസ്വദിച്ച് സ്റ്റീൽ സ്റ്റിക്കിന്റെ സഹായത്തൊടെ വരാന്തയിലൂടെ അല്പം ബുദ്ധിമുട്ടിൽ നടന്നു വരുന്ന സത്യൻ ഉമ്മറത്തെത്തി ലക്ഷ്മിയുടേയും മറ്റും നൃത്ത ച്ചുവടുകൾ ആസ്വദിച്ച് വീക്ഷിക്കുന്നു. റേഡിയോയിൽ ഗാനം അവസാനിക്കുന്നു ഒപ്പം നൃത്തചുവടുകളും. കൊച്ചി എഫ്.എം ന്റെ പരസ്യം റേഡിയോയിൽ അതിനു തുടർച്ചയായി കേൾക്കുന്നു.
ലക്ഷ്മിയെ വണങ്ങി പിരിയാൻ നിൽക്കുന്ന കുട്ടികളോട് –
ലക്ഷ്മി : വീട്ടിലാണെങ്കിലും പ്രാക്ടിസു മുടക്കണ്ട. പിന്നെ ബുധനും ശനിയും ചീരപ്പൻചിറയിൽ ക്ലാസ്സുണ്ട്. പറ്റുന്നവർക്ക് വരാം.
ഒരു വിദ്യാർത്ഥിനി : ശരി ചേച്ചി.
മറ്റു കുട്ടികളും അത് അംഗീരിച്ചെന്ന വിധം തലയാട്ടി ഉമ്മറത്തിന്റെ ഒരു ഭാഗത്തെത്തി തങ്ങളുടെ ബാഗുകൾ എടുത്ത് സത്യനേയും ലക്ഷ്മിയേയും നോക്കി ചിരിച്ച് ഗേറ്റിൻന്റെ അരികിലേക്ക് നടക്കുന്നു. അച്ഛന്റെ സാന്നിധ്യം ലക്ഷ്മിതിരിച്ചറിഞ്ഞിരുന്നു.അവൾ ഉമ്മറത്തേക്ക് കയറുന്നു. ഒരു സ്റ്റെപ്പ് മുന്നോട്ട് വെച്ച് ചിരിയിൽ സത്യൻ മകളെ നോക്കുന്നു.
സത്യൻ : ക്ലാസ്സിക്കൽ ഡാൻസിനൊപ്പം കളരി അഭ്യാസം. .ഇത് നിന്റെ വൈഭവം.
ലക്ഷ്മി : ഇതൊക്കെ എല്ലായിടത്തും സർവ്വ സാധാരണമായി. അച്ഛാ.....ക്ലാസ്സിക്കൽ ഡാൻസിനൊപ്പം കുട്ടികൾക്ക് സെല്ഫ് ഡിഫൻസിനുള്ള ഒരു വഴി. അത്രേയുള്ളൂ.
സത്യൻ : ഉം..അത് നല്ല കാര്യമാ...(സംശയത്തിൽ) അല്ല മോള് പഞ്ചായത്തിൽ പോണില്ലേ.?
ലക്ഷ്മി : പോണം. അതിന് മുൻപ് പോലീസ് സ്റ്റേഷൻ വരെ പോണം.എസ്.ഐ റോയി സാർ വിളിച്ചത് അച്ഛൻ കണ്ടതല്ലേ.
സത്യൻ : അവരെ ജാമ്യത്തിലിറക്കാൻ മോളു തന്നെ പോണോന്നുണ്ടൊ.?
ലക്ഷ്മി : സാരമില്ലച്ഛാ. പാവങ്ങളല്ലേ...അച്ഛൻ കഴിച്ചില്ലല്ലോ? (അകത്തേക്ക് നോക്കി) ഭദ്രേടത്തി.
അകത്തേക്ക് നടക്കുന്ന മകൾക്ക് പിന്നാലെ സത്യൻ നടക്കുന്നു.
കട്ട് റ്റു
അടുക്കളയിൽ -
ചുറുചുറുക്കോടെ അടുക്കളയിൽ പെരുമാറുന്ന മദ്ധ്യവയസ്കയായ ഭദ്ദ്ര ദോശയും ചമ്മന്തിയും ചായയും തയ്യാറാക്കി വെച്ചിരിക്കുന്നു. അടുക്കളയിലേക്ക് വരുന്ന ലക്ഷ്മി ദോശയും ചമ്മന്തിയും വിളംബി വെച്ചിരിക്കുന്ന പ്ലേറ്റുകൾ എടുക്കുന്നു.
ലക്ഷ്മി : ഭദ്രേടത്തി ആ ചായ കൂടിയെടുത്തോളു.. ഭദ്രേടത്തിയും കഴിച്ചോ. പിന്നേ എനിക്കിന്ന് ചോറ് വേണ്ട. ജില്ലാ പഞ്ചായത്ത് വരെ പോണം.
ഭദ്ര : എല്ലം തയ്യാറക്കി വെച്ചിരിക്കുകയാ.
അവർ ചായ എടുത്തു കൊണ്ട് പറഞ്ഞു.
ലക്ഷ്മി : എന്നാലെടുത്തോളു.
അവൾ ഹാളിലേക്ക് നടക്കുന്നു, പിന്നാലെ ഭദ്രയും.
കട്ട്.
സീൻ 11
പകൽ
ഇരുവശങ്ങളിലും നെല്പാടങ്ങളുള്ള ഒരു പൂഴി നിരത്ത്.
നിരത്തിന്റെ ഇരുവശങ്ങളിൽ ചെറുതും വലുതുമായ കടകൾ ഉണ്ട്.
ഹെൽമറ്റ് ധരിച്ച് ബുള്ളറ്റിൽ വരുന്ന ലക്ഷ്മി. എതിരെ പോകുന്ന ചിലർ അവൾക്ക് കൈവീശി തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നു: അവൾ തിരിച്ചും.
നിരത്തിനരികെയുള്ള ഒരു മാടക്കടക്കരികെ ലക്ഷ്മി ബുള്ളറ്റ് നിർത്തുന്നു. കടക്കരികെ നിന്ന് വൃദ്ധയായ കത്രീന ചേടത്തി നാരാങ്ങാ വെള്ളം കുടിക്കുകയാണ്.അവരുടെ കക്ഷത്തിൽ പഴയ ഒരു പ്ലാസ്റ്റിക്ക് സഞ്ചിയും റേഷൻ കാർഡും. കടക്കാരൻ അവരെ നോക്കിയിരിക്കുന്നു.
ലക്ഷ്മി ചിരിയോടെ കത്രീന ചേടത്തിയെ നോക്കുന്നു.
ലക്ഷ്മി : കത്രീന ചേടത്തീ.
കത്രീന ചേടത്തി കാലി ഗ്ലാസും പത്ത് രൂപയും കടക്കരനു കൊടുക്കുന്നു. അത് വാങ്ങിക്കൊണ്ട്,
കടക്കാരൻ : ചേടത്തി, ദേ മെംബറ് വിളിക്കുന്നു.
അവർ തിരിഞ്ഞു ലക്ഷ്മിയെ നോക്കി അടുത്തേക്ക് ചെല്ലുന്നു.കണ്ണുറപ്പിച്ച് നോക്കുന്നു.
കത്രീന : മോളോ ?.
ലക്ഷ്മി : ചേടത്തിയെങ്ങോട്ടാ... ചന്തയിലേക്കാണോ ?
ബുള്ളറ്റിനരികിലെത്തി അവർ നിൽക്കുന്നു.
കത്രീന : വിജയന്റെ റേഷൻ കടേ പോകാ. ഈ മാസത്തെ റേഷൻ വാങ്ങിയില്ല ഇതുവരെ.
ലക്ഷ്മി : എന്റെ കൂടെ പോന്നോളു. ഞാൻ ചേടത്തിയെ ചന്തയില് വിടാം. വണ്ടിയിൽ കേറാൻ പേടിയുണ്ടൊ.
അവരുടെ സംസാരം ശ്രദ്ധിക്കുന്ന,
കടക്കാരൻ : ചേടത്തിക്കിപ്പഴും മധുര പതിനേഴിന്റെ ചുറു ചുറുക്കാ.മെംബറ് ധൈര്യമായിട്ടു കയറ്റിക്കോ.
മുറുക്കി ചുവന്ന മോണ കാട്ടി കടക്കാരനെ നോക്കി ചിരിച്ച് കത്രീന ചേടത്തി സാവകാശം ബുളളറ്റിൽ കയറി ഒരു കൈകൊണ്ട് സഞ്ചിയും റേഷൻ കാർഡും ഭദ്രമാക്കി, മറുകൈകൊണ്ട് ലക്ഷ്മിയുടെ തോളിൽ പിടിച്ച് സുരക്ഷിതയായി ഇരിക്കുന്നു. ലക്ഷ്മി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യ്ത് പിന്നോട്ട് നോക്കി.
ലക്ഷ്മി : ഇരുന്നോ.
കത്രീന : വണ്ടിവിട് മോളെ.
അവൾ പതിയെ ബുള്ളറ്റ് മുന്നോട്ടെടുക്കുന്നു.
കട്ട് റ്റു.
കത്രീനച്ചേടത്തിയേയും വഹിച്ചു കൊണ്ടുള്ള ലക്ഷ്മിയുടെ ബുള്ളറ്റ് ഒരു ചെറിയ ടാർ റോഡിലേക്ക് കയറുന്നു.
ലക്ഷ്മി : പെൻഷനൊക്കെ കിട്ടുന്നുണ്ടല്ലോല്ലേ ചേടത്തി.
കത്രീന : നമ്മുടെ സർക്കാർ വന്നു എല്ലാം ശരിയായി.
ലക്ഷ്മി : മക്കളൊക്കെ വിളിക്കാറുണ്ടോ ?
കത്രീന : വിളിക്കാറുണ്ട് മകളെ.ഇളയവനും കെട്ട്യോളും മക്കളും ഓശാന ഞായറാഴ്ച്ച അവധിക്ക് വരും.
ലക്ഷ്മി : അപ്പച്ചനെങ്ങനെയുണ്ട്.
കത്രീന : ആമവാതമല്ലേ മോളെ. പുറത്തേക്കൊന്നും വിടില്ല.
ലക്ഷ്മി : ചേടത്തിയും അധികം പുറത്തേക്കിറങ്ങണ്ട.
അവൾ ചന്തക്കരികിൽ വണ്ടി നിർത്തി. ചന്തയുടെ തിരക്ക്. അടുത്ത് ഫൂട്ട്പാത്തിൽ പച്ചക്കറി വിൽക്കുന്ന ചെറുപ്പക്കരനായ അഷറഫിനെ അവൾ കാണുന്നു.
ലക്ഷ്മി : അഷറഫേ.ഒന്നു വന്നേ.
അഷറഫ് ചിരിയോടെ അവർക്കരികിലെത്തുന്നു.
അഷറഫ് : ചേടത്തിയെ എവിടുന്നെടുത്തു ?
ലക്ഷ്മി : വെയിലില് നടത്തണ്ടാന്നു കരുതി. ഒരുകൈകൊട്.
കത്രീന ചേടത്തിയെ അഷറഫ് ഇറങ്ങാൻ സഹായിക്കുന്നു. തോളിൽ തൂക്കിയിട്ടിരിക്കുന്ന പേഴ്സിൽ നിന്നും 100 രുപായെടുത്ത് ലക്ഷ്മി കത്രീന ചേടത്തിക്ക് കൊടുക്കുന്നു.
ലക്ഷ്മി : ചേടത്തി റേഷൻ വാങ്ങിയിട്ട് തിരിച്ച് ഓട്ടോയിൽ പോയാൽ മതി കേട്ടോ.
അവർ കാശ് വാങ്ങി മടിയിൽ വെച്ചു.
കത്രീന : ശരിമോളെ.
അവർ പതിയെ ചന്തയിലേക്ക് നടന്നു. ചിരിച്ച് കൊണ്ട് നിൽക്കുന്ന അഷറഫിനോട് –
ലക്ഷ്മി : കച്ചോടമൊക്കെയെങ്ങനെയുണ്ട് അഷറഫേ ?
അഷറഫ് : കുഴപ്പമില്ല മെംബറേ.
ബുള്ള്റ്റ് സ്റ്റാർട്ട് ചെയ്ത് ,
ലക്ഷ്മി : കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കണം.
അഷറഫ് :നമ്മുടെ നാട്ടുകാരൊക്കെത്തന്നെയല്ലേ. ?
ലക്ഷ്മി : ഉം..കാണാം.
അവൾ ബുള്ളറ്റ് മുന്നോടെടുക്കുന്നു. അഷറഫിന്റെ ചിരിക്കുന്ന മുഖം. ബുള്ളറ്റിൽ മുന്നോട്ട് പോകുന്ന ലക്ഷ്മിയെ ചിലർ അഭിവാദ്യം ചെയ്യുന്നു.അവളും.
കട്ട് റ്റു
സീൻ 11 ഏ
പകൽ
ആര്യക്കര പോലീസ്സ്റ്റേഷൻ
സ്റ്റേഷന് കാവൽ നിൽക്കുന്നത് മറ്റൊരു പാറാവുകാരനാണ്.
അകത്ത് എസ്.ഐ യുടെ മുറി.
മേശയിൽ ചാരി നിന്ന് മൊബൈൽ ഫോണിൽ റോയി സംസരിക്കുകയാണ്.
റോയി : അപ്പച്ചന് ആത്സ്മാക്ക് കുറവുണ്ടൊ.തണുപ്പുണ്ടെങ്കിൽ നടക്കാനിറങ്ങമ്പോൽ സ്വെറ്ററിടാൻ പറയണം.
മറുതലക്കൽ അമ്മ : സിസിലിയും ജോക്കുട്ടനും എന്തു പറയുന്നു.
അപ്പോൾ സിവിൽ ഡ്രെസ്സിൽ സുനി അകത്തേക്ക് വന്ന് അയാളെ സല്യൂട്ട് ചെയ്യുന്നു, ഫോണിലൂടെ സംസാരിക്കുന്ന റോയി തലയാട്ടി സല്യൂട്ട് സ്വീകരിക്കുന്നു.
റോയി : സിസിലിക്ക് നടുവേദനക്ക് കുറവുണ്ട്.ജോക്കുട്ടന് കളിയൊഴിഞ്ഞിട്ട് സമയമില്ല.വെക്കേഷനല്ലേ...പിന്നെ അമ്മച്ചിക്ക് അസുഖമൊന്നുമിലല്ലോ ?
അമ്മ : സുഖാമോനെ. എന്നാ ഫോൺ വേച്ചേക്ക്.
റോയി : ശരി അമ്മച്ചി.
അയാൾ ഫോൺ കട്ട് ചെയ്ത് മൊബൈൽ ഫോൺ പോക്കറ്റിലിട്ടു.
റോയി : എടോ അവന്മാരെ ജാമ്യത്തിലിറക്കാൻ ആ മെംബറ് വന്നില്ലേയിതുവരെ.താൻ പറഞ്ഞ പ്രകാരം ഞാൻ അവരെ രാവിലെ തന്നെ വിളിച്ചതാണല്ലോ.
സുനി : അവർ വന്നിട്ടില്ലിതുവരെ സർ. (തന്റെ പോക്കറ്റിൽ നിന്നും ആയിരം രൂപായെടുത്ത് അയാൾക്ക് നീട്ടി) ദാ സാർ. മറ്റവൻ തന്നതാ.
അത് നോക്കിയിട്ട്,
റോയി : ആയിരമോ (ആലോചിച്ച്) അത് നിങ്ങൾ തന്നെ വെച്ചോ.
സുനി : താങ്ക് യൂ സാർ.
സന്തോഷത്തിൽ അവൻ ആ പണം തിരികെ പോക്കറ്റിലിടുന്നു.
റോയി : ഇന്ന് നൈറ്റ് ഡ്യൂട്ടിയിലാരാണ് .
സുനി : അലണ്ടയാണ് സർ.
റോയി : അയാളോടൊക്കെ പാതി ബോധത്തിലെങ്കിലും ഡ്യൂട്ടിയിലിരിക്കാൻ പറയണം. ട്രാഫിക്കിലേക്ക് തന്നെ തിരിച്ചു പോകാതിരിക്കാനാ.
സുനി : പറയാം സാർ.
കട്ട് റ്റു
(തുടരും)
ഭാഗം 7
സീൻ 11 ബി
പകൽ, ആര്യക്കര പോലീസ്സ്റ്റേഷൻ
ലക്ഷ്മി ബുള്ളറ്റിൽ വന്നിറങ്ങി പാറാവുകാരനെ നോക്കി ചിരിച്ച് അകത്തേക്ക് കയറുന്നു. പി.സി.ബിജു കുമാർ സിവിൽ ഡ്രെസ്സിൽ പുറത്തേക്കു വരുന്നു.
ലക്ഷ്മി : ബിജു സാറേ, റോയി സാറുണ്ടോ ?
ബിജു : സാറു മുറിയിലുണ്ട്.
അവൾ ഒരിടനിന്ന് ചോദിച്ചപ്പോൾ അയാൾ ചിരിയോടെ പറഞ്ഞ് നീങ്ങുന്നു. ലക്ഷ്മി അകത്തേക്ക് കടക്കുംബോൾ രണ്ടു മൂന്നു പോലീസുകാർ അങ്ങോട്ടൂം ഇങ്ങോട്ടും പോകുന്നു. മുന്നോട്ട് പോകുംബോൾ അവൾ കാണുന്നത് തന്നെ ഭവ്യതയോടെ നോക്കി നിൽക്കുന്ന തങ്കനേയും, പൊന്നനേയും വിജയനേയുമാണ്. നാലാമനായി ഭിത്തിയുടെ മൂലയിൽ നിൽക്കുന്ന എമ്മാനുവേലിനെ അവൾക്കറിയില്ല. അവളുടെ സാന്നിദ്ധ്യം അവൻ അറിയുന്നുമില്ല. തന്നെ മൈൻഡ് ചെയ്യാതെ നിൽക്കുന്ന എമ്മാനുവേലിനെ നോക്കിയിട്ട് അവരുടെ അടുത്തെത്തിയ അവൾ അവരോട് ചോദിക്കുന്നു.
ലക്ഷ്മി : ഇയാളേതാ ?
വിജയൻ : തത്പര കക്ഷിയാ...
അവളുടെ ശബ്ദം കേട്ട് തലയുയുർത്തുന്ന എമ്മാനുവേൽ ലക്ഷ്മിയെ കാണുന്നു. അവന്റെ മനസ്സിൽ ഗൂഗിളിൽ കണ്ട സത്യന്റേയും ലക്ഷ്മിയുടേയും മുഖങ്ങൾ മിന്നിമായുന്നു. അവൻ അതിശയത്തിൽ ചോദിക്കുന്നു.
എമ്മാനുവേൽ : അയ്യോ സത്യൻ മാഷിന്റെ മോളല്ലേ. മെംബറ് ലക്ഷ്മി മാഡം. അച്ഛനെക്കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്. പുന്നപ്ര വയലാർ സമരം, വൈക്കം സത്യാഗ്രഹം ...
അവന്റ്റെ സംസാരം ഇഷ്ടപ്പെടാതെ കൂട്ടി ച്ചേർത്ത്,,
ലക്ഷ്മി : മലബാർ ലഹള...ഒന്നു മിണ്ടാതെടോ. (മൂവരേയും നോക്കി) ചേട്ടന്മാരു കുടിച്ച കള്ളിന്റെ കെട്ടൊക്കെ ഇറങ്ങിയോ..? മാറില്ലേ ഉപ്പിട്ട് സോഡാ നാരങ്ങാവെള്ളം മേടിച്ച് തരാം.
ഏവരേയും ദേഷ്യം അഭിനയിച്ച് നോക്കിയിട്ട് തിരിയുംബോൾ റോയിയും സുനിയും നടന്ന് അടുത്ത് വരുന്നു.
റോയി : മെംബറെപ്പോഴെത്തി.
അവരെ കണ്ട് തിരിഞ്ഞ്,
ലക്ഷ്മി : ഇപ്പഴെത്തിയതേയുള്ളൂ...റോയി സാറേ കള്ളുകുടിച്ച് ബഹളമുണ്ടാക്കിനടക്കുന്നയിവരെയോക്കെ ഒരു ദിവസമല്ല ഒരാഴ്ച്ച പിടിച്ച് അകത്തിടണം..
റോയി : ഇവന്മാരുടെ ഇന്നലത്തെ പെർഫോമൻസ് കണ്ടപ്പോൾ രാത്രിയിൽ വീട്ടുകാരുടെ തലയിൽ വിളയാടുമെന്ന് തോന്നി. അതുകൊണ്ട് കയ്യോടെ കൂട്ടി.
അവരെ നോക്കിയിട്ട് ,
ലക്ഷ്മി : എവിടെയാ സാറേ ഒപ്പിടേണ്ടത് ?
എമ്മാനുവേലിനെ ചൂണ്ടി ,
റോയി : ദേ അവനു വേണ്ടിക്കൂടി ഒന്ന് ഒപ്പിട്ടേക്കണം.
എമ്മാനുവേലിനെ നോക്കി,
ലക്ഷ്മി : ഏതാ ആ ബുദ്ധിമാൻ ?
സുനി : ചീരപ്പൻചിറയെക്കുറിച്ച് എന്തോ ഗവേഷണം നടത്താൻ വന്നതാണെന്നാ പറഞ്ഞത്. ജീപ്പിന് വട്ടം നിന്ന് ലിഫ്റ്റ് ചോദിച്ച് സാറിന്റെ പെട്ടിയിൽ വീണു.
എമ്മാനുവേലിന്റ്റെ അടുത്തെത്തി അവനെ ആകമാനം ഒന്ന് നോക്കി,
ലക്ഷ്മി : എന്താടോ തന്റെ പേര് ?
ഭവ്യത നടിച്ച്,
എമ്മാനുവേൽ : എമ്മാനുവേൽ .
ഒന്നു ഞെട്ടി ,
തങ്കൻ : അയ്യോ അത് കർത്താവിന്റെ പേരാണല്ലോ ?
അതേയെന്ന വിധം എമ്മാനുവേ ചിരിയോടെ തലയാട്ടുന്നു.
ലക്ഷ്മി : നോട്ടത്തിലും ഭാവത്തിലും കർത്താവിന്റെ സ്വഭാവം കാണുന്നില്ലല്ലോ ?
ഫീലിംഗ് നടിച്ച് ,
എമ്മാനുവേൽ : അടുത്തറിയണം. അടുത്തറിയുംബോൾ നിങ്ങൾക്ക് മനസ്സിലാവും..
അവന്റെ ഭാവം കണ്ട് എല്ലാവർക്കും ചിരിയാണ് വന്നത് എങ്കിലും ചിരി കണ്ട്രോൾ ചെയ്യുന്നു
കട്ട് റ്റു
പോലീസ് സ്റ്റേഷന്റെ മുറ്റത്തുള്ള ഒരു മരത്തിൽന്റെ ചില്ലയിൽ നിന്നും നാല് കാക്കകൾ പറന്നു പോകുന്നു. ഒരു ഭാഗത്ത് ബാഗുമായി നിൽക്കുന്ന എമ്മാനുവേൽ. സ്റ്റാർട്ടാക്കിയ ബുള്ളറ്റിനരികെ നിൽക്കുന്ന തങ്കനും പൊന്നനും വിജയനും. ബുള്ളറ്റിൽ ചാരി നിൽക്കുന്ന ലക്ഷ്മിയോട് നന്ദി പറയുന്ന,
തങ്കൻ : നന്ദിയുണ്ട് മോളെ.
ലക്ഷ്മി : സാരമില്ല അച്ചായാ. ഇനിയിങ്ങൊനൊന്നും ഉണ്ടാകരുത്. വീട്ടിലിരിക്കുന്നവർക്ക് മോശമല്ലേ.
തങ്കൻ : ഇനിയാവർത്തിക്കില്ല മോളെ.
ലക്ഷ്മിയെ ഓർമ്മിപ്പിക്കും വിധം,
വിജയൻ : സോഡാ നാരങ്ങയുടെ കാര്യം പറഞ്ഞായിരുന്നു.
അതുകേട്ട് അവനെ അടിക്കാനോങ്ങി,
ലക്ഷ്മി : ദേ..ഒരു വീക്ക് തന്നാലുണ്ടല്ലോ.
അവൻ ഒഴിഞ്ഞു മാറുന്നു. അപ്പോഴാണ് അവൾ തന്നെ നോക്കി മാറി നിൽക്കുന്ന എമ്മാനുവേലിനെ കാണുന്നത്. ലക്ഷ്മി അവനെ കൈകാട്ടി വിളിക്കുന്നു. അവൻ ബാഗുമായി അവർക്കരികിലെത്തുന്നു.
ലക്ഷ്മി : സഖാവ് സത്യൻ മാഷിനെ നേരത്തെ അറിയാമായിരുന്നോ?
എമ്മാനുവേൽ : (പരുങ്ങി ചിരിച്ച്) ഗൂഗിളിൽ തിരഞ്ഞു.
ലക്ഷ്മി : ഓ ..അങ്ങനെ. ഗൂഗിളിൽ തിരഞ്ഞാലും ചീരപ്പൻ ചിറയെക്കുറിച്ച് ഗവേഷണം നടത്താം.
അവൻ ഒന്നു പരുങ്ങി മുഖം കുനിക്കുന്നു.അവനെ നോക്കി സംശയിച്ച്,
ലക്ഷ്മി : തന്നെക്കണ്ട് നല്ല മുഖ പരിചയമുണ്ടല്ലോ. താൻ ഫേസ് ബുക്കിലാക്റ്റീവാണോ. എമ്മൂച്ചൻ എന്നാണോ ഐ.ഡി. എമ്മാനുവേൽ : ഉം.!
അവൾ ബാഗിൽ നിന്നും ഫോണെടുത്ത് ഫേസ് ബുക്കിൽ എമ്മൂച്ചൻ എന്ന പേര് സേർച്ചു ചെയ്യുന്നു. ആ പേജ് കിട്ടുന്നു. പ്രൊഫൈലിലെപിക്ചറിൽ എമ്മാനുവേലിന്റെ മുഖം. മറ്റു മൂവർക്ക് ആകംക്ഷയാണ്. എമ്മാനുവേലിനു അവൾ തന്നെ തിരിച്ചറിഞ്ഞു എന്ന ബോധവും. പ്രൊഫൈൽ ഫോട്ടൊ അവരെ കാട്ടി,
ലക്ഷ്മി : എമ്മൂച്ചൻ. ‘കിടിലൻ ബ്ലൊഗറാ. തങ്കച്ചായോ ആള് മോശക്കാരനല്ല. നല്ല എഴുത്തുകാരനാ.
താൻ തിരിച്ചറിയപ്പെട്ടതിൽ എമ്മാനുവേലിനു ജാള്യതയുണ്ട്. മറ്റു മൂവരും അതിശയത്തോടെ അവനെ നോക്കുന്നു.ചിരിയോടെ അവനെ നോക്കി,
വിജയൻ : എന്തായാലും കർത്താവ് മോശക്കാരനായിട്ടാ കുരീശേ തൂങ്ങിയത് ?
അത് കേട്ട് ഏവരും ചിരിക്കുന്നു.
കട്ട്
സീൻ 12
പകൽ, മണ്ണഞ്ചേരി മാർക്കറ്റ്
മാംസക്കടകൾ മാത്രം പ്രർത്തിക്കുന്ന ഒരു പ്രദേശം. ആ കടകൾക്ക് മുൻപിൽ ചെറിയ തിരക്കുണ്ട്. മാർക്കറ്റിന്റെ കിഴക്കേയറ്റട്ത്ത് ചെറിയ തോടിനോട് ചേർന്നുള്ള തുറസ്സായ പ്രദേശം. ഇടതൂർന്ന് നിൽക്കുന്ന തെങ്ങുകൾക്കിടയിൽ കാള,പോത്ത് .എരുമ എന്നിവയുടെ ചെറിയ കൂട്ടം. ഒരു പോത്തിനരികെ മൊത്തക്കച്ചവടക്കാരനായ ഇബ്രാഹീംകുട്ടിയോട് വില പേശി നിൽക്കുന്ന ബഷീർ.
ബഷീർ : ഇബ്രാഹിക്കാ. അഞ്ച് കെട്ട് കൂടുതലാ. കുറച്ച് കൂടി താഴ്ത്തി പിടിക്കിക്കാ.
ഇബ്രാഹിം: വരവല്ല.നാടനാ. വീതത്തിൽ അംബതനായിരത്തിക്കൊറച്ച് പറഞ്ഞ് നീ തുപ്പല് വറ്റിക്കണ്ട.
ഇബ്രാഹിം വഴങ്ങില്ലെന്ന് മനസ്സിലാക്കി അണ്ടർവെയറിന്റെ പോക്കറ്റിൽ നിന്നും ചെറിയ ഒരു കെട്ട് നോട്ട് എടുത്ത് അവൻ അയാൾക്ക് നീട്ടുന്നു.
ബഷീർ : അയ്യായിരം രൂപായുണ്ട്. നാല്പത്തിയഞ്ചിന് ഉറപ്പിക്ക് ഇക്കാ.
ഇബ്രാഹിം മനസ്സില്ലാ മനസ്സോടെബഷീർ നീട്ടിയ പണം വാങ്ങുന്നു.
ഇബ്രാഹിം : അയ്യായിരം രൂപാ എനിക്ക് നഷ്ടം. (കാശെണ്ണി നോക്കിയിട്ട്) ബാക്കി കാശ് എപ്പോ തരും?.
ബഷീർ : അടുത്ത ദിവസം കൊണ്ടുവരാമിക്കാ. അതുവരെ ഇവനിവിടെ നിക്കട്ടെ.
ബഷീർ പോത്തിനെ തലോടി.
ഇബ്രാഹിം : അതുവരെ ഇയിനുള്ള പുല്ലും വെള്ളൊമൊക്കെ മാനത്തൂന്ന് പൊട്ടി വീഴുമോ.
ബഷീർ : നമ്മുക്ക് സമാധാനമുണ്ടാക്കാമിക്കാ.
ഒന്നു മൂളിക്കൊണ്ട് ഇബ്രാഹിം കുറച്ചകലെ ഒരു പോത്തിന്റെ മുതുകത്ത് പേരെഴുതിക്കൊണ്ട് നിൽക്കുന്ന ബംഗാളി പയ്യനെ വിളിക്കുന്നു.
ഇബ്രാഹിം : ഉം! . ഹേ ഛോട്ടാ .
അയാളുടെ വിളികേട്ട് ദൂരെയുള്ള ബംഗാളി പയ്യൻ ഛോട്ടാ,
ഛോട്ടാ : ഹാ..ജി..
ഒരു ചെറിയ പെയ്ന്റ് ബക്കറ്റും ബ്രഷുമായി ആ ബംഗാളി പയ്യൻ അവർക്കരികിലേക്ക് ഓടിയെത്തി.
ഛോട്ടാ : ഇക്കാ പേരെഴുതാനാണോ ?
തലയാട്ടി ചിരിച്ച് ,
ബഷീർ : ങാ.
ഛോട്ടാ : എന്താ. പേരു മുയലാളി.
ഇബ്രഹീം : ഇവന്റെ പേരു തന്നെ എഴുതിക്കോ. (ബഷീറിനെ നോക്കിയതിനു ശേഷം നീട്ടീവിളിച്ച്) ബഷീർ.
ഛോട്ടാ : ബഷീർ ?
ബഷീർ : ങാ.... അതേ ബഷീർ.
ഛോട്ടാ : ഇപ്പം എഴുതാം സേട്ടാ.
അവൻ തിരിഞ്ഞ് പോത്തിന്റ്റെ അടുത്തെത്തി ബ്രഷ് പെയിന്റിൽ മുക്കി പോത്തിന്റെ മുതുകത്ത് ബഷീർ എന്ന് മലയാളത്തിൽ എഴുതിയിട്ട് മുഖമുയർത്തി ബഷീറിനെ നോക്കി, മറ്റിരിരുവരും അത് കാണുന്നുണ്ടായിരുന്നു.
ഛോട്ടാ : ഹിന്ദിയിലും എഴുതട്ടേ സേട്ടാ.
ബഷീർ : നീയെഴുതെടാ .
അവൻ ഹിന്ദിയിൽ ബഷീർ എന്ന് എഴുതാൻ തുടങ്ങുന്നു.
കട്ട്
(തുടരും)
ഭാഗം 8
സീൻ 13
പകൽ, തങ്കന്റെ വീടും അതിനോടു ചേർന്നുള്ള പൂഴി നിരത്തും.
എമ്മാനുവേലിനേയും തങ്കനേയും കയറ്റി തന്റെ ലൂണായിൽ വരുന്ന വിജയൻ , വീടിനു മുന്നിലായി വണ്ടി നിർത്തുന്നു.തങ്കനും എമ്മാനുവേലും ലൂണായിൽ നിന്നും ഇറങ്ങുന്നു.തങ്കൻ സാവധാനം വീട്ടിലേക്ക് നടക്കുംബോൾ ,എമ്മാനുവേലിനെ നോക്കി,
വിജയൻ : സരള ജീവനോടെ മിച്ചം വെച്ചാ പിന്നെകാണാം.
വിജയൻ ലൂണായുമായി മുന്നോട്ട് നീങ്ങുന്നു.
തങ്കന്റെ വീട്ടിലോട്ട് കയറണമോ എന്ന ശങ്കയിൽ ബാഗുമായി നിൽക്കുന്ന എമ്മാനുവേലിനെ നടന്നു തുടങ്ങിയ തങ്കൻ ഒരിട നിന്ന് തിരിഞ്ഞു നോക്കുന്നു.
തങ്കൻ : കർത്താവ് പേടിക്കാതെ വാ.
പെട്ടെന്നതു കേട്ട് ധൃതിയിലവൻ തങ്കനൊപ്പം ഓടിയെത്തി നടക്കുന്നു.
വീടിന്റെ പടിഞ്ഞാറുഭാഗത്ത് നിന്നും താറാംതീറ്റയുടെ കാലിപാത്രവുമായി നടക്കാൻ അല്പം ബുധിമുട്ടി വരുന്ന തെയ്യാമ്മ അവരെ കാണുന്നു.തങ്കനോടെന്നോണം,
തെയ്യാമ്മ : ബംബറിടിച്ച് കാശുമായി ആ വഴി കഴുവേറ്റിയെന്നാ ഞാനാദ്യം ഓർത്തത്.
തങ്കൻ : അത്യവശ്യമായി ഒരു മരിപ്പിനു പോകുവാന്ന് പറഞ്ഞ് കുഞ്ഞനെ വിട്ടതല്ലേ.
തെയ്യാമ്മ : ഏതായാലും നിങ്ങള് പോലീസ് സ്റ്റേഷനിൽ നിൽക്കുന്നത് അപ്പുറത്തെ ചീരാൻ സ്റ്റേഷനിൽ ഓട്ടം വന്നപ്പോള് കണ്ടു.നിങ്ങളില്ലാതിരുന്നതുകൊണ്ട് ഒരു രാത്രി സുഖം പിടിച്ച് (പരുങ്ങി തിരുത്തി) അല്ല സമാധനത്തോടെ ഞാനുറങ്ങി.
തങ്കൻ എമ്മാനുവേലിനെ നോക്കി ഇളിഭ്യതയിൽ ചിരിക്കുന്നു.
തങ്കൻ : പറ്റിപ്പോയി തെയ്യാമ്മേ.
എമ്മാനുവേലിനെ നോക്കി ,
തെയ്യാമ്മ : ഇതേതാ പുതിയ അവതാരം.
തങ്കൻ : കർത്താവ്. അല്ല എമ്മാനുവേൽ
തെയ്യാമ്മ : കർത്താവോ . ഈശോയെ
അവർ പെട്ടെന്ന് കുരിശു വരക്കുന്നു.
തങ്കൻ : തെയ്യാമ്മേ എല്ലാം പറയാം....കർത്താവേ നീ കേറി വാ.
അവരെ നോക്കി ചിരിച്ച് തങ്കന്റെ പിന്നാലെ അകത്തേക്ക് കയറുന്ന എമ്മാനുവേൽ വീണ്ടും തെയ്യാമ്മയെ നോക്കുന്നു. തെയ്യാമ്മ പാത്രവുമായി ചിരിയോടെ അവനിൽ ആകൃഷ്ടയായ പോലെ നിൽക്കുന്നു.
തെയ്യാമക്കരികിലേക്ക് ഒരു ഭാഗത്ത് നിന്നും മുണ്ടും ബ്ലൌസുമിട്ട ഒരു വൃദ്ധ കയ്യിൽ സഞ്ചിയുമായി വരുന്നു.
വൃദ്ധ : തങ്കന്റെ കൂടെ ഒരു ചെക്കനും ഉണ്ടാരുന്നല്ലോ.ആരാത് ?
തെയ്യാമ്മ : തങ്കന്റെ പാപ്പന്റെ മോനാ .മദ്രാസീന്ന്.
അവരെ ആക്കും വിധം തെയ്യാമ്മ പറയുന്നു അകത്ത് ഹാളിൽ കസേരയിൽ ഇരിക്കാൻ തുടങ്ങുന്ന എമ്മാനുവേൽ മദ്രാസ്സ് എന്ന് കേട്ട് സംശയിക്കുന്നു.ഷർട്ട് മാറുന്ന തങ്കൻ അതു കേട്ട് പതിയെ ചിരിക്കുന്നു. പുറത്ത് തെയ്യാമ്മയോട് ,
വൃദ്ധ : കല്യാണം കഴിഞ്ഞ് ഞാനും കേളൂം കൂടെ കൊട്ടകയിൽ പോയി കണ്ട സിനിമയാ മദ്രാസിലെ മോൻ...ഹ ഹ..അതൊ ക്കെ ഒരു കാലം ... റേഷൻ വാങ്ങീട്ട് വരാം.
അവരതു പറഞ്ഞ് നിരത്തിലേക്ക് നടക്കുംബോൾ അകത്ത് നിന്നും തങ്കന്റെ സ്വരം.
തങ്കൻ : തെയ്യാമ്മോ .കഴിക്കാനെന്തെങ്കിലും ഉണ്ടാക്കി വെക്ക്.
തെയ്യാമ്മ : ഓ....
കട്ട് റ്റു.
അടുക്കളയുടെ പിൻവശം-
താറാം കൂട്ടത്തെ നോക്കി പല്ലു തേക്കുന്ന തങ്കൻ. ഒറ്റപ്പെട്ട് നില്ക്കുന്ന ടോയിലറ്റിൽ നിന്നുമിറങ്ങി അടുത്തു കണ്ട മാവിൽ നിന്ന് മാവില പറിച്ച് പല്ലു തേച്ചുകൊണ്ട് താറാംകൂട്ടത്തെ നോക്കി എമ്മാനുവേൽ തങ്കന്റെ അരികിലെത്തുന്നു.
എമ്മാനുവേൽ : ഇതെത്രണ്ണമുണ്ട് അച്ചായാ.
മൊന്തയിൽ നിന്നും വെള്ളമൊഴിച്ച് മുഖം കഴുകുന്നതിനിടയിൽ,
തങ്കൻ : പത്ത് ഇരുനൂറെണ്ണം ഉണ്ടാരുന്നു. പനിവന്ന് കൊറേണ്ണം ചത്തു. കൊറേണ്ണത്തിനെ കൊടുത്തു.
എമ്മാനുവേൽ : കോഴീം താറാവും ആടുവളർത്തലുമൊക്കെ വീട്ടിലുമുണ്ട്. അമ്മച്ചിയുടെ വക.
അകത്തേക്ക് നോക്കി വിളിക്കുന്ന ,
തങ്കൻ : തെയ്യാമ്മേ ആ വെളിച്ചെണ്ണക്കുപ്പിയെടുത്തേ.
അയാൾ ബക്കറ്റിൽ നിന്നും മൊന്തയിൽ വെള്ളം നിറച്ച് എമ്മാനുവേലിന് കൊടുക്കുന്നു.അവൻ അതു വാങ്ങി മുഖം കഴുകുന്നു.
വെളിച്ചെണ്ണക്കുപ്പിയുമായി നടക്കാൻ ബുദ്ധിമുട്ടി വരുന്ന തെയ്യാമ്മ തങ്കനരികിലെത്തി നിൽക്കുന്നു. കുപ്പി നീട്ടി,
തെയ്യാമ്മ : ഇന്നാ വെളിച്ചെണ്ണ.
തങ്കൻ : ഇങ്ങോട്ടൊഴിക്ക്.
അവൾ കുപ്പി തുറന്ന് വെളിച്ചെണ്ണ അയാളുടെ കയ്യിൽ ഒഴിച്ചു കൊടുക്കുന്നു. തങ്കൻ അത് രണ്ടു കൈയും കൊണ്ട് കൂട്ടി തിരുമ്മി തലയിലും ശരീരത്തും തേച്ച് പിടിപ്പിക്കുന്നു. എമ്മാനുവേലിന്റെ കയ്യിൽ എണ്ണ ഒഴിച്ച് കൊടുത്ത്,
തെയ്യാമ്മ : കർത്താവിനു കഴിക്കാൻ പുട്ടും മുട്ടക്കറിയും മതിയോ.
അവരുടെ വശ്യനോട്ടത്തിൽ പരിഭ്രമിച്ച് ,
എമ്മാനുവേൽ : എന്തായാലും മതി.
തെയ്യാമ്മ : എന്നാലതുണ്ടാക്കാം.
അത് പറഞ്ഞു അവൾ തിരിഞ്ഞ് നടക്കാൻ അല്പം പ്രയാസമുള്ളത് പോലെ നടക്കുംബോളത് കണ്ട് ,
തങ്കൻ : നിനക്കെന്താ നടക്കാൻ വയ്യേ.
നടന്നുകൊണ്ട്,
തെയ്യാമ്മ :രാത്രീല് പൊങ്ങിയെണീറ്റപ്പോൾ ഇടുപ്പൊന്ന് ഉളുക്കിയതാ.
എമ്മാനുവേൽ : തൈലമിട്ട് തിരുമ്മണം ചേച്ചി, വെച്ചോണ്ടിരുന്നാ വേദന കൂടത്തേയുള്ളൂ.
തെയ്യാമ്മ : ആരോടു പറയാനാ.
തങ്കൻ : അവളതൊന്നും ചെയ്യില്ല.
നിസ്സാരതയിൽ തങ്കൻ പറയുന്നു.
വെറുതെ ചിരിക്കുന്ന എമ്മാനുവേൽ .
കട്ട് റ്റു
സീൻ 13 ഏ
പകൽ, പൂഴി നിരത്ത്
കാരിയറിൽ കൊട്ടകെട്ടി സൈക്കിൾ ചവിട്ടി വരുന്ന മധ്യവയസ്കനായ മോനിച്ചൻ.
മോനിച്ചൻ : മൊട്ടയുണ്ടോ മൊട്ട.മൊട്ട വേണോ മൊട്ട.
കട്ട് റ്റു
സീൻ 13 ബി
പകൽ, തങ്കന്റെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും കാണാവുന്ന ദൂരത്തിലുള്ള കുളം.
കുളത്തിൽ കഴുത്തൊപ്പം മുങ്ങി ശരീരം തേച്ച് വൃത്തിയാക്കുന്ന എമ്മാനുവേൽ. കുളി കഴിഞ്ഞ് കുളത്തിൽത്തന്നെ നിന്ന് തല തുവർത്തുന്ന തങ്കൻ മോനിച്ചന്റെ വിളി കേട്ട് ആ ഭാഗത്തേക്ക് നോക്കുന്നു.
തങ്കൻ : മോനിച്ചാ, ഇങ്ങോട്ടെന്ന് കേറണേ.
മോനിച്ചൻ : ദേ വരുന്നേ..
നിരത്തിനരികിലുള്ള പത്തലുകൾക്കിടയിലൂടെ തങ്കനെ കൈ വീശി കാണിച്ച് സൈക്കിളിൽ മോനിച്ചൻ മുന്നോട്ട് പോകുന്നു. കരക്ക് കയറി കൊണ്ട് ,
തങ്കൻ : കർത്താവേ നീ കുളിച്ചിട്ട് വാ...മോനിച്ചന് മൊട്ടയെടുത്ത് കൊടുക്കട്ടെ.
എമ്മാനുവേൽ : ആട്ടെ, അച്ചായാ.
അവൻ അയാളെ നോക്കി മറുപടി കൊടുത്തു. തങ്കൻ തോർത്ത് കുടഞ്ഞ് ഉടുത്ത് ആയത്തിൽ അടുക്കളഭാഗത്തേക്ക് നടക്കുന്നു.
കട്ട് റ്റു
സീൻ 13 സി
പകൽ, തങ്കന്റെ വീടിന്റെ അടുക്കള
തെയ്യാമ്മ പുട്ടും മുട്ടക്കറിയും പാകം ചെയ്ത് കൊണ്ടിരിക്കുന്നു. സ്റ്റൌവിൽ ആവി കേറുന്ന പുട്ട് കുറ്റിയും തിളക്കുന മുട്ടക്കറി ചട്ടിയും. ഒരിട ജനാലയിലൂടെ നോക്കുംബോൾ അവർ കുളത്തിൽ നീന്തുന്ന എമ്മാനുവേലിനെ കാണുന്നു.തെയ്യാമ്മ തന്നെ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്ന അവൻ മുങ്ങാം കുഴിയിടുന്നു.
തെയ്യാമ്മക്ക് ചിരി വരുന്നു. അവർ തന്റെ പ്രവൃത്തി തുടരുംബോൾ പശ്ചാത്തലത്തിൽ തങ്കന്റെ സ്വരം.
തങ്കൻ : തെയ്യാമ്മേ മൊട്ടക്കൊട്ട ചായ്പിലാണോ? മോനിച്ചൻ വന്നിട്ടുണ്ട്.
തെയ്യാമ്മ : ചായ്പിലുണ്ട്.എണ്ണി കൊടുക്കണേ.
കട്ട് റ്റു
സീൻ 13 ഡി
പകൽ, തങ്കന്റെ വീടിന്റെ മുറ്റം
സൈക്കിൾ സ്റ്റാൻഡിൽ വെക്കുന്ന മോനിച്ചൻ മുണ്ടൊന്നു മടക്കി കുത്ത് അഴിച്ച് കെട്ടി കാരിയറിൽ നിന്നും മുട്ടകൊട്ട അഴിച്ചെടുത്ത് നിലത്ത് വെച്ച് തങ്കനെയും കാത്ത് നിൽക്കുംബോൾ - തങ്കൻ താറാം മുട്ടയുടെ കൊട്ടയുമായി വരുന്നു. അത് തറയിൽ വെച്ചു കൊണ്ട് ,
തങ്കൻ : മോനിച്ചാ എണ്ണിയെടുക്ക്.
കുനിഞ്ഞിരുന്നുകൊണ്ട്,
മോനിച്ചൻ : കഴിഞ്ഞ പ്രാവശ്യം എടുത്തതിലഞ്ചാറെണ്ണം ചീഞ്ഞതാരുന്നു.
കൊട്ടയ്ക്കരികെ കുന്തിച്ചിരിക്കുന്ന ,
തങ്കൻ : ചീഞ്ഞതൊ .അങ്ങനെ വരാൻ വഴിയില്ലാല്ലോ ?
മുട്ട എണ്ണി തന്റെ കൊട്ടയിൽ ഇടുന്നതിനിടയിൽ,
മോനിച്ചൻ : തേങ്ങായും മൊട്ടയും പൊട്ടിച്ച് നോക്കിയെടുക്കുന്ന ഏർപ്പാടില്ലല്ലോ.
തങ്കൻ : നഷ്ടം വേണ്ട ഇതീന്ന് കൊറച്ചോ.എല്ലാം പുതിയതാ.
കട്ട് റ്റു
സീൻ 13 ഈ
പകൽ, തങ്കന്റെ വീടിന്റെ അടുക്കള ഭാഗം
തല തുവർത്തിക്കൊണ്ട് അടുക്കളയിലൂടെ അകത്തേക്ക് കയറുന്ന എമ്മാനുവേൽ തെയ്യാമ്മയെ കണ്ട് വെറുതെ നാണത്തിൽ ചിരിക്കുന്നു.
തെയ്യാമ്മ : നീന്തലൊക്കെ അറിയാമല്ലേ.
എമ്മാനുവേൽ : നാട്ടില് പുഴയിലൊക്കെ കുളിക്കാറുണ്ട്.
തെയ്യാമ്മ : നീന്തല് കാണ്ടാലറിയാം ആളൊരു മിടുക്കനാന്ന് . ആണോ?.
കുസൃതിയോടെ അവർ അവനെ നോക്കുന്നു. നാണത്തിൽ മുഖം കുനിച്ച് ,
എമ്മാനുവേൽ : അങ്ങൊനൊനുമില്ല.
തെയ്യാമ്മ : പുട്ടും മൊട്ടക്കറിയും റെഡിയായിട്ടുണ്ട്.കാപ്പി വേണോ ചായ വേണോ ?
എമ്മാനുവേൽ : എന്തായാലും മതി.
അവൻ അവരുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കി ഒരു മുറിയിലേക്ക് നടക്കുന്നു.
കട്ട് റ്റു
സിൻ 13 എഫ്
പകൽ, തങ്കന്റെ വീടിന്റെ മുറ്റം
മുട്ടകൊട്ട സൈക്കിളിന്റെ കാരിയറിൽ കെട്ടി വെക്കുന്ന,
മോനിച്ചൻ : മൊട്ടക്കൊന്നും ഇവിടെ വലിയ ഡിമാന്റില്ലച്ചായാ.കുമരകം കടന്നു കിട്ടിയാലേ താറാം മുട്ടക്ക് ആവശ്യക്കാരുള്ളൂ.
നൂറിന്റെ നോട്ടുകൾ എണ്ണി പോക്കറ്റിലിട്ട്,
തങ്കൻ : അടുത്താഴ്ച്ച വരണം.
സൈക്കിൾ തിരിച്ച്,
മോനിച്ചൻ : ഓ അടുത്താഴ്ച്ച വരുന്നുണ്ട്.
തങ്കൻ നടന്ന് ഹാളിലേക്ക് കയറി ക്രിസ്തുരൂപത്തിനു താഴെ മേശയിൽ വെച്ചിട്ടുള്ള ബൈബിളിൽ 500 രൂപാ പോക്കറ്റിൽ നിന്നും എടുത്ത് വെക്കുന്നു. ബാക്കിയുള്ള മുന്നൂറ് രൂപാ പോക്കറ്റിൽ തന്നെയിടുന്നു. അടുക്കളയിൽ നിന്നും ആഹാര പാത്രവുമായി വരുന്ന തെയ്യാമ്മ അത് ഡൈനിംഗ് ടേബിളിൽ വെച്ച് ചോദിക്കുന്നു.
തെയ്യാമ്മ : പത്ത് നൂറെണ്ണമില്ലാരുന്നോ.
ക്രിസ്തുരൂപത്തിൽ ചാർത്തിയിരിക്കുന്ന ലൈറ്റ് തെളിയാത്തതുകണ്ട് സ്വിച്ച് ഇട്ട് നോക്കി,
തങ്കൻ : കഴിഞ്ഞ തവണ കൊടുത്തതിൽ അഞ്ചാറെണ്ണം ചീഞ്ഞതായിരുന്നു.
തെയ്യാമ്മ : അതവന്റെ അഭ്യാസമാ.
തങ്കൻ : പോട്ടെ....ഇതെന്താടി കത്താത്തത്.
തെയ്യാമ്മ: വെളുപ്പിനെ വരെ കത്തിയിരുന്നതാ.
തങ്കൻ വീണ്ടും സ്വിച്ച് ഇട്ടു നോക്കുന്നു. അതു കണ്ട് ജുബ്ബായും പാന്റും ഇട്ടു വരുന്ന ,
എമ്മാനുവേൽ : അച്ചായാ മാറിക്കേ. ഞാനൊന്നു നോക്കട്ടെ.
തങ്കൻ : ഇനി കർത്താവ് നോക്കീല്ലാന്നു വേണ്ട.
അയാൾ മാറുംബോൾ എമ്മാനുവേൽ സ്വിച്ച് ഓഫ് ചെയ്ത് കസേര വലിച്ചിട്ട് അതിൽ കയറി സീരിയൽ ലൈറ്റ് പരിശോധിക്കുംബോൾ ലൈറ്റിലെ വിട്ടു പോയ കണക്ഷൻ കണ്ട് അത് കൂട്ടി യോജിപ്പിക്കുന്നു.
എമ്മാനുവേൽ : അച്ചായാ ഒന്നു ഓണാക്കിക്കേ.
തങ്കൻ സ്വിച്ചിടുംബോൾ സീരിയൽ ബൾബ് തെളിയുന്നു. ചിരിയോടെ ,
തെയ്യാമ്മ : കത്താവിന്റെ കാര്യം കർത്താവു തന്നെ നോക്കി...വാ... മണി പത്തരയായി .കഴിക്കാൻ നോക്ക്
അവർ അടുക്കളയിലേക്ക് നടക്കുന്നു. കസേരയിൽ നിന്നിറങ്ങുന്ന എമ്മാനുവേലിനോട് ,
തങ്കൻ : വാ കഴിക്കാം.
അവൻ മേശക്കരികിലേക്ക് കസേര വലിച്ചിടുന്നു.
കട്ട് റ്റു.
അടുക്കളയിൽ -
സ്റ്റൌവ്വിൽ വെച്ചിരിക്കുന്ന കലത്തിൽ പാൽ ചായ തിളച്ച് പൊങ്ങുന്നു.സ്റ്റൌ ഓഫ് ചെയ്ത് അവർ രണ്ട് ഗ്ലാസ്സിലേക്ക് ചായ പകർത്തുന്നു.
പശ്ചാത്തലത്തിൽ തങ്കന്റെ സ്വരം.
തങ്കൻ : കർത്തവിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.
തെയ്യാമ്മ ചായയുമായി ഹാളിലേക്ക് നടക്കുന്നു.
കട്ട് റ്റു
ഹാൾ
ഭക്ഷണം കഴിക്കുന്ന തങ്കനും എമ്മാനുവേലും.
എമ്മാനുവേൽ : അപ്പച്ചനും അമ്മച്ചിയും ചേച്ചിയും.അപ്പച്ചനു കൃഷിയാ,
തങ്കൻ : റബറും ജാതീം ഏലക്കായുമൊക്കെ ആവശ്യത്തിനുണ്ടാകുമല്ലോ.
എമ്മാനുവേൽ : കുറച്ച്.
ചായ ഗ്ലാസ്സ് മേശയിൽ അവർക്കരികെ വെച്ച്,
തെയ്യാമ്മ : ചേച്ചിയെ കെട്ടിച്ച് മക്കളൊക്കെ ആയിക്കാണുമല്ലേ?
എമ്മാനുവേൽ : ഏയ് .കന്യാസ്ത്രീയാ.അടിമാലിയിലെ മദർ തെരേസാ കോൺവെന്റില്..
തെയ്യാമ്മ : ഈ കർത്താവിന് ദൈവവിളി കിട്ടിയില്ലേ?.
എമ്മാനുവേൽ : കുട്ടിക്കാലത്ത് ആഗ്രഹമുണ്ടായിരുന്നു.
തങ്കൻ : അപ്പന്റേം അമ്മയുടേം വയസ്സുകാലത്ത് നോക്കാനൊരാളുവേണ്ടേ...ങാ തെയ്യാമ്മേ.ഇവനിവിടെ രണ്ടു മൂന്നു ദിവസമുണ്ടാകും.
തെയ്യാമ്മ : കർത്താവ് ജോലി അന്വേഷിച്ച് വന്നതാണോ? .
എമ്മാനുവേൽ : ഏയ് അല്ല.
തങ്കൻ : കംബ്യൂട്ടറിലൊക്കെ കഥയെഴുതുന്ന കൂട്ടത്തിലാ എന്തോന്നാ അതിന്റെ പേര് ?
ചിരിയിൽ,
എമ്മാനുവേൽ : ബ്ലോഗർ.
തെയ്യാമ്മ : അതെന്തു കുന്താ. അല്ല മംഗളത്തിലും മനോരമയിലുമൊന്നും എഴുതാറില്ലേ?.ഞാൻ സ്ഥിരം വായനക്കാരിയാ.
എമ്മാനുവേൽ വെറുതെ ചിരിക്കുന്നു. ആഹാരം കഴിച്ച് മതിയാക്കി,
തങ്കൻ : ആഴ്ച്ചയിൽ നാലു മൊട്ടേടെ കാശ് ആ വഴി പോകും.
തെയ്യാമ്മ : ഓ വലിയ ലാഭക്കാരൻ ..
എമ്മാനുവേലും ആഹാരം മതിയാക്കുന്നു. പാത്രം എടുക്കുന്നതിനിടയിൽ,
തെയ്യാമ്മ : കർത്താവിനെ പുറത്തേക്ക് കൊണ്ട് പോകുന്നതൊക്കെ കൊള്ളാം .മാത്തന്റെ ഷാപ്പിൽ കൊണ്ട് പോയി അടിമയിരുത്തരുത്.
ചായകുടിക്കുന്ന തങ്കനും എമ്മാനുവേലും ചിരിക്കുന്നു.
കട്ട്
( തുടരും )
ഭാഗം - 9
സീൻ 14
പകൽ, മുഹമ്മ പഞ്ചായത്ത് ഓഫീസ്.
പുറത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ ഇന്നോവയും പാർക്കിംഗ് ഏരിയയിലായി ലക്ഷ്മിയൂടേതുൾപ്പടെയുള്ള ബുള്ളറ്റും ഇരു ചക്രവാാഹങ്ങളും സൈക്കിളും മറ്റും പാർക്ക് ചെയ്തിരിക്കുന്നു. പഞ്ചായത്തിൽ പല അപേക്ഷകളും നിവേദനങ്ങൾ നൽകാനും അപേക്ഷകളിൽ അനുമതികളും വാങ്ങാനെത്തിയ സ്ത്രികളും പുരുഷന്മാരും വയോധികരും അങ്ങിങ്ങായി നിൽക്കുന്നു. അകത്ത് ജീവനക്കാർ കർമ്മനിരതരാണ്. ജനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നവർ അനുമതി നൽകുന്നവർ എന്നിങ്ങനെ പോകുന്നു ദൃശ്യത്തിൽ. ആ ദൃശ്യം എത്തി നിൽക്കുന്നത് മുറിയുടെ ഒരു മൂലയിൽ ഒരു ഫയലും ചെറിയ നീളൻ ബ്രൌൺ കവറുമായി നിന്ന് അടുത്ത് നിൽക്കുന്ന ഒരു പതിനെട്ടുകാരിയോട് സംസാരിക്കുന്ന ലക്ഷ്മിയിലാണ്.
ലക്ഷ്മി : ഈ ലെറ്ററും വീടിന്റെ എഗ്രിമെന്റിന്റെ കോപ്പിയുമായി വില്ലേജ് ഓഫീസറേ കണ്ടാൽ മതി. സർട്ടിഫിക്കേറ്റ് ഇഷ്യൂ ചെയ്യും.
യുവതി : ശരി ചേച്ചി…താങ്ക്സ്...
ലക്ഷ്മി : ഉം.
യുവതി നന്ദി പറഞ്ഞ് പുറത്തേക്ക് പോകുംബോൾ ലക്ഷ്മി ഫയലുമായി പ്രസിഡന്റിന്റെ മുറിയിലേക്ക് കയറുന്നു.
ലക്ഷ്മി : ഗുഡ്മോണിംഗ് പ്രസിഡന്റേ.
ആഗതയെ കണ്ട് പ്രസിഡ്ന്റിനെ ചെയറിൽ ഇരിക്കുന്ന മധ്യവയസ്കനായ പളനി തലയാട്ടി അവളുടെ വിഷ് സ്വീകരിക്കുന്നു.
പളനി : ലക്ഷ്മിയോ. വരണം. ഇരിക്കണം.
അവൾ ഒരു കസേര നീക്കിയിട്ട് അയാൾക്കഭിമുഖമായിരിക്കുന്നു. ആമുഖമില്ലാതെ അവളെ നോക്കി,
പളനി : ഞാൻ വിളിപ്പിച്ചത് മെംബറ് സജസ്റ്റ് ചെയ്ത നഗരാനുസൃത ഗ്രാമവത്ക്കരണ കുടിവെള്ള പദ്ധതിയുടെ പ്രൊജക്റ്റിന്റെ പുരോഗതി അറിയുവാനാണ്.
ലക്ഷ്മി : ഓരോ വീട്ടിലും നഗര പ്രദേശങ്ങളിലെ പോലെ നേരിട്ട് കുടിവെള്ളം എത്തിക്കുക. അതിന്റെ പ്രൊജക്റ്റ് ഡിസൈൻ ആണിത്.
അവൾ കയ്യിലിരുന്ന ഫയൽ പ്രസിഡ്ന്റിന്റെ അരികിലേക്ക് വെച്ചു. പളനി വെറുതെ അതൊന്നു ഓടിച്ച് നോക്കി.
പളനി : നമ്മുടെ പഞ്ചായത്തിൽ മൊത്തം 9 വാർഡുണ്ട്. ഈ പദ്ധതി ക്രമേണ ഓരോ വാർഡിലും നടപ്പാക്കൻ പഞ്ചായത്തിലെ ഫണ്ട് കൊണ്ട് മാത്രം സാധ്യമാകില്ല.. എം.എൽ.ഏ ഫണ്ടും കൂടി ആശ്രയിക്കേണ്ടി വരും.
ലക്ഷ്മി : അതു വേണ്ടി വരും സഖാവേ...നമ്മുടെ എം .എൽ .ഏയും സർക്കാരും ഭരണത്തിലിരിക്കുംബോഴല്ലേ ഇതൊക്കെ നടക്കൂ.
പളനി : ഉം. അടുത്ത് മീറ്റിംഗിൽ നമ്മുക്കിതവരിപ്പിക്കാം.
ലക്ഷ്മി :ആയിക്കോട്ടെ സഖാവേ.
അകത്തേക്ക് കയറി വന്ന പ്യൂൺ ലക്ഷ്മിയെ ഒന്നു ശ്രദ്ധിച്ചിട്ട് പ്രസിഡ്ന്റിനെ നോക്കി പറയുന്നു.
പ്യൂൺ : സാറേ കഴിഞ്ഞ വർഷം കാണാതായ അനുമോന്റെ അമ്മ സാറിനെ കാണാൻ വന്നിരിക്കുന്നു.
ലക്ഷ്മിയും പളനിയും അല്പം അസ്വസ്ഥതയോടെ ഒരു നിമിഷം പരസ്പരം നോക്കുന്നു.
പളനി : വരാൻ പറയു.
ലക്ഷ്മി ആലോചനയോടെ ഒരു ഭാഗത്തേക്ക് നോക്കുന്നു.പ്യൂൺ പുറത്തേക്ക് നടക്കുന്നു.
കട്ട് റ്റു
സീൻ 14 ഏ
പകൽ
പഞ്ചായത്തിന്റെ അകംഭാഗം .
സന്ദർശകരുടെ കസേരകളിൽ ഒന്നിൽ ഇരിക്കുന്ന നാല്പത് കഴിഞ്ഞ രജിത . അവൾ കൈപ്പത്തികൾ ചേർത്ത് പിടിച്ച് വിഷാദത്തോടെ ഇരിക്കുകയാണ്.
പ്യൂൺ അരികിലെത്തുംബോൾ അവൾ പ്രതീക്ഷയോടെ തലയുയർത്തുന്നു.
പ്യൂൺ : ചേച്ചി ...അകത്തേക്ക് ചെല്ലാൻ പറഞ്ഞു.
അവർ കൈകൾ കൂപ്പിയെഴുന്നേറ്റ് പ്രസിഡന്റിന്റെ മുറിവാതിൽക്കൽ എത്തുന്നു. അവരെ കാണുന്ന,
പളനി : അകത്തേക്ക് വരു.
അവൾ സാവധാനം അകത്തേക്ക് കയറുംബോൾ അവരെ കണ്ട് അനുകംബയോടെ ലക്ഷ്മി എഴുന്നേൽക്കുന്നു.
പളനി : ഇരിക്കു.
രജിത : വേണ്ട സാറേ. ഞാൻ നിന്നോളാം. (ഒരു മൌനത്തിനു ശേഷം) എന്റെ. എന്റെ മോനെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ സാറേ. ഞാൻ മരിക്കണതിന് മുൻപ് അവനെ ഒരു നോക്കു കാണാൻ പറ്റുമോ സാറേ...
രജിത വിങ്ങിപൊട്ടിപ്പോയിരുന്നു. പളനി ആലോചനയോടെ എഴുന്നേൽക്കുന്നു. ഒന്ന് ചിന്തിച്ച് അവളെ വിഷമത്തോടെ നോക്കി,
പളനി : പെങ്ങളെ,നിങ്ങളുടെ ദു:ഖം ഞങ്ങളുടേയും ഈ നാടിന്റേയും ദു:ഖമാ. ലോക്കൽ പോലീസ് എല്ലാ പഴുതുകളടച്ച് അന്വേഷിച്ചിട്ടും ഒരു ഉത്തരവും കിട്ടിയില്ല.അവസാനം അന്വേഷണം ഊർജ്ജിതമാക്കാൻ നമ്മൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.സർക്കാർ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.അവരുടെ അന്വേഷണവും ഫലപ്രദമാകാത്തതിനാൽ സർക്കാരിൽ പ്രഷർ ചെലുത്തി രണ്ടു വട്ടം അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. എല്ലാവരുടേയും നിഗമനം ലോക്കൽ പോലീസിന്റേത് തന്നെ.
രജിത : അങ്ങനെ ആരെങ്കിലും എന്റെ മോനെ അപായപ്പെടുത്തിയിട്ടുണ്ടെങ്കിൽ, എന്റെ മോന്റെ ജഡമെവിടെ ?
ലഷ്മിയും പളനിയും എന്തുപറയണമെന്നവസ്ഥയിലാണ്.
പളനി : കുറ്റാരോപിതനായ ആൾ പെങ്ങളുടെ ഭർത്താവ് തന്നെയല്ലേ.അയാൾ ജീവിച്ചിരിക്കുന്നുമില്ല.
രജിത : ഈ ന്യായവാദങ്ങളൊന്നും എനിക്കിനി കേക്കണ്ട.എനിക്കെന്റെ മോനെ വേണം..അവനെന്തു പറ്റിയെന്നെനിക്കറിയണം.
അവർ വയലന്റായി കരയുംബോൾ ലക്ഷ്മി അവരുടെ അടുത്തി തോളിൽ തൊട്ട് ആശ്വസിപ്പിക്കുന്നു.
ലക്ഷ്മി : ചേച്ചി ഈ അന്വേഷണവും നമ്മുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ലെങ്കിൽ നമ്മുക്ക് സി.ബി.ഐ. യെ സമീപിക്കാം. അതിനുള്ള അവകാശം നമ്മുക്കുണ്ട്.
പളനി : ഞങ്ങളത് നേരത്തെ തീരുമാനിച്ചതാണ്. എന്ത് റിസ്ക്കെടുത്താണെങ്കിലും സർക്കാരിന്റെമേൽ അതിനു വേണ്ടി ഞങ്ങൾ പ്രഷർ ചെലുത്തും.
ലക്ഷ്മി : ചേച്ചി വിഷമിക്കാതെ. ഞങ്ങളും ഈ പഞ്ചായത്ത് മുഴുവനും ചേച്ചീടെ കൂടെയുണ്ട്.
അവൾ വിങ്ങിപ്പൊട്ടി സാരിത്തലപ്പ് കൊണ്ട് കണ്ണീർ തുടച്ചു.
രജിത : എന്നാലും എന്റെ മോൻ..!
രജിത തിരിഞ്ഞു നടക്കുംബോൾ ലക്ഷ്മിയും അനുഗമിക്കുന്നു. വിഷണ്ണനായ പളനിയുടെ മുഖം.
കട്ട് റ്റു
വരാന്ത ഇറങ്ങി സാവകാശം നടന്നു പോകുന്ന രജിതയെ സങ്കടത്തോടെ നോക്കി നിൽക്കുന്ന ലക്ഷ്മി.
കട്ട് റ്റു
വയൽ വരംബിലൂടെ നടന്നുപോകുന്ന രജിതയെ കവർ ചെയ്ത് ഏരിയൽ ദൃശ്യം താഴ്ന്ന് അവരുടെ മുഖം കേന്ദ്രീകരിച്ച് ചുരുങ്ങുന്നു.
അവരുടെ ഓർമ്മയിൽ -
കട്ട് റ്റു
സീൻ 15 (ഭൂതകാലം)
സന്ധ്യയോടടുക്കുന്ന സമയം.
രജിതയുടെ / രഘുവിന്റെ വീട്
ഇഷ്ടികകൊണ്ട് നിർമ്മിച്ച തേക്കാത്ത ഓടിട്ട ചെറിയ വീടാണത്. അന്ന് ദു:ഖവെള്ളിയാണ്. പശ്ചാത്തലത്തിൽ കുരിശിന്റെ വഴി കേൾക്കാം.
ചെറിയ അടുക്കള
അടുപ്പിൽ വെച്ചിരിക്കുന്ന കഞ്ഞിക്കലത്തിന് തീയൂതി ചുമക്കുന്ന രജിത.നൈറ്റിയാണ് വേഷം. അവൾ തന്റെ ജീവിതത്തോട് തന്നെ വെറുപ്പ് തോന്നി നിൽക്കുവാണെന്ന് അടുപ്പ് കത്തിക്കുന്ന രീതിയിലൂടെ മനസ്സിലാക്കാം.
കട്ട് റ്റു.
വാതിൽക്കലത്തെ മുറിയിൽ പായയിലിരിക്കുന്ന രഘു. മെല്ലിച്ച ശരീരം. വിടന്റെ മുഖ ഭാവം. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് മുഖം പറയും. അയാൾക്ക് തൊട്ടപ്പുറത്തിരുന്ന് എട്ടുവയസ്സുകാരനായ അനുമോൻ ന്യൂസ്പേപ്പറിന്റെ കഷണത്തിൽ ബോട്ടുണ്ടാക്കാൻ ശ്രമിക്കുന്നു. കാലിയാകാറായ മദ്യക്കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യം പകർത്തി കുടിച്ച് രഘു ഒരു പ്രത്യേക ഭാവത്തോടെ മകനെ നോക്കുന്നു. വാതിൽക്കൽ വന്ന് അയാളുടെ കുടി നോക്കിപ്പോയ രജിത അടുക്കളയിൽ നിന്നും ദേഷ്യത്തിൽ പറയുന്നത് പശ്ചാത്തലത്തിൽ കേൾക്കാം.
രജിത : ഇയാളുടെ നശിച്ച കള്ളുകുടി ഇന്നുമാറും നാളമാറും എന്നോർത്താ ഇത്രനാളും തള്ളി നീക്കിയത്. കുടുംബം നോക്കില്ല. പണിക്കാണെന്നും പറഞ്ഞ് പോയാൽ തിരിച്ചു വരുന്നത് തോന്നുംബോഴാ. അതും നാലുകാലിൽ. ഭാര്യേം കുഞ്ഞും എങ്ങനെ ജീവിക്കുന്നൂന്ന് അയാൾക്കറിയണ്ട.
വീണ്ടും മദ്യം ഗ്ലാസിൽ പകർത്ത് വലിച്ച് കുടിച്ച്,
രഘു : ഞാൻ വന്നില്ലെങ്കിലെന്നാടി. നിന്റേം കൊച്ചിന്റേം കാര്യം നോക്കാൻ നാട്ടുകാരും രഹസ്യക്കാരുമില്ലേ.
കത്തുന്ന വിറകുമുട്ടിയുമായി വേഗത്തിൽ അടുക്കളയിൽ നിന്നും വന്ന് രഘുവിനെ തലങ്ങും വിലങ്ങും രജിത തല്ലുന്നു.
രജിത : എന്താ.. എന്താടോ താൻ പറഞ്ഞത് രഹസ്യക്കാരുണ്ടെന്നോ...ഫ് പട്ടി.. നിന്റെ ഒരു കുപ്പി..
രജിത മദ്യക്കുപ്പിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞ് വീണ്ടും തല്ലാനായുംബോൾ അനുമോൻ അവളുടെ കാലിൽ പിടിച്ച് കരയുന്നു.
അനുമോൻ :അമ്മേ വേണ്ടമ്മേ. അച്ഛനെ തല്ലണ്ടമ്മേ...
അവൾ മോനെ തള്ളി മാറ്റി,
രജിത : മാറ് നശൂലമേ...ഈ തെണ്ടീടെയല്ലേ വിത്ത്. (രഘുവിനെ കാലുകൊണ്ട് ചവിട്ടാനോങ്ങി പിന്നെ പിൻവാങ്ങി) എന്റെ ജീവിതം നശിപ്പിച്ച താൻ ഒരുകാലത്തും കൊണം പിടിക്കില്ലടോ.
അവൾ കെട്ടു പോയ വിറകു മുട്ടിയുമായി അടുക്കളയിലേക്ക് നടക്കുന്നു. നിശ്ശബ്ദനായി എല്ലാം ഏറ്റു വാങ്ങിയ രഘു ആലോചനയോടെ താടി ചൊറിയുന്നു. ആകാശത്ത് മിന്നലും ഇടിമുഴക്കവും. മദ്യ ലഹരിയിൽ രഘു ക്രോധത്തോടെ, കരഞ്ഞു കൊണ്ടിരിക്കുന്ന അനുമോനെയും പിന്നെ അടുക്കളയിലേക്കും നോക്കുന്നു.
അടുക്കളയിൽ കരഞ്ഞ് കണ്ണീരൊപ്പി തീയൂതുന്ന രജിത നിമിഷങ്ങൾ കടന്നു പോകുന്ന നിശ്ശബ്ദതയിൽ എന്തോ സംശയിച്ച് രഘു ഇരുന്ന മുറിയിലെ വാതിൽക്കൽ വന്നെത്തി നോക്കുന്നു. മുറിയിൽ രഘുവും കുഞ്ഞും ഇല്ല. അനുമോന്റെ അസ്സാന്നിധ്യം അവളിൽ ആധിയുണർത്തി. നെഞ്ചത്ത് കൈവെച്ച് രജിത അനുമോനെ മറ്റൊരു മുറിയിൽ തിരഞ്ഞു.
രജിത : അനുമോനെ ...അനുമോനെ..എന്റെ മോനെ..!
അവൾ കരഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി ഒച്ചയുണ്ടാക്കി.
രജിത: അയ്യോ എന്റെ മോനെ കാണാനില്ല.
അയൽവാസികളായ ശാന്തമ്മയും സഹദേവനും കാര്യമറിയാതെ അവൾക്കരികിലെത്തി,
ശാന്തമ്മ :എന്താ രജി മോളെ. എന്തുണ്ടായി.
കരഞ്ഞു കൊണ്ട് ,
രജിത : ചേച്ചി രഘുവിനേയും അനുമോനേയും കാണാനില്ല.
സഹദേവൻ : രഘുവോ. അവനെപ്പോ വന്നു?.
രജിത : ഉച്ചക്ക് കള്ളുകുടിച്ച് കേറി വന്നതാ. ഇപ്പോ ഞങ്ങള് തമ്മില് കശപിശയുണ്ടായി. അടുക്കളയിൽ നിന്നും തിരിച്ചു വന്നപ്പോൾ രണ്ടു പേരേയും കാണാനില്ല.
ശാന്തമ്മ : ഇന്ന് ദു:ഖവെള്ളിയാഴ്ച്ച പ്രദക്ഷിണമില്ലേ പള്ളി പരിസരത്തെങ്ങാനും പോയതാവും. (സഹദേവനോട്) ചേട്ടാ ഒന്നു പോയി നോക്കിയിട്ട് വാ. (രജിത കരയുംബോൾ) രജി മോളെ നീ കരയാതിരിക്ക്.
ഇരുട്ട് വീണു തുടങ്ങിയിരുന്നു.ആകാശത്ത് ഇടിയും മിന്നലും.
സഹദേവൻ : ഞാൻ നോക്കീട്ട് വരാം. എടാ ശശീ , മധൂ...ഒന്നു വന്നേടാ. അനുമോനെ കാണാനില്ല.. ആ ടോർച്ചുമെടുത്തോ....!
അയാൾ അടുത്ത വീടുകളിലെ ചെറുപ്പക്കാരെ വിളിച്ച് പുറത്തേക്ക് നടക്കുന്നു. രജിത വാതിൽക്കൽ തളർന്നിരുന്നു പോയി. അവളെ ആസ്വസിപ്പിച്ച് നിൽക്കുന്ന ശാന്തമ്മ.
കട്ട്റ്റു
(തുടരും)
ഭാഗം 10
സീൻ 16
രാത്രി, പള്ളിയോട് ചേർന്നുള്ള റോഡ്.
പശ്ചാത്തലത്തിൽ കുരിശിന്റെ വഴി കേൾക്കാം. അലങ്കരിച്ച ലോറിയിൽ ക്രിസ്തുവിന്റെക്രൂശിത രൂപം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വരുന്നു. കുരിശു തോളിലേന്തി ഇരുലൈനുകളിലായി അതിനെ പിന്തുടരുന്നവർ. വിലാപ യാത്ര പള്ളി പരിസരത്തോടടുക്കുംബോൾ ഇടിയും മിന്നലോടും കൂടി ശക്തിയായി മഴ പെയ്യുന്നു. ആൾക്കാർ കുറച്ചു പേർ ചിതറിയോടുന്നു. ചിലർ കുടകൾ നിവർത്തുന്നു. മറ്റു ചിലർ മഴ നനഞ്ഞു കൊണ്ട് തന്നെ വിലാപയാത്ര തുടരുന്നു. ഒരു ലൈനിലുണ്ടായിരുന്ന തെയ്യാമ്മ മഴ നനഞ്ഞ് ഒരു പ്രദേശത്തേക്ക് ഓടുന്നത് അവ്യകതമായി കാണാം. പൊടുന്നനെ കറന്റ്റ് പോകുന്നു. ചുറ്റുമുള്ള പ്രദേശം ഇരുട്ടാകുന്നു.
ഒരു ഭാഗത്ത് നിന്നും മഴ നനഞ്ഞു കൊണ്ട് തന്നെ ടോർച്ചടിച്ച് ശശിയും സഹദേവനും മധുവും അനുമോനെയും രഘുവിനേയും തിരയുന്നുണ്ട്. പിന്നെ ടോർച്ചടിച്ച് പല പ്രദേശങ്ങളിലും. ദൃശ്യം ഇരുൾ മൂടുന്നു.
കട്ട് റ്റു
സീൻ 16 ഏ
രാത്രി
രജിതയുടെ വീട്
വാതിൽക്കൽ കരഞ്ഞു കൊണ്ടിരിക്കുന്ന രജിതക്കരികെ ശാന്തമ്മയുണ്ട്. മറ്റ് രണ്ട് മൂന്ന് സ്ത്രീകൾ കുടപിടിച്ച് നിൽക്കുന്നു.മുറ്റത്ത് റാന്തലിന്റെ പ്രകാശം. പുറത്തു നിന്നും ടോർച്ചടിച്ച് വരുന്ന സഹദേവനും മറ്റും.അവരുടെ കൂടെ രണ്ട് മൂന്നു പേരും കൂടെയുണ്ട്. അവർ മുറ്റം കടന്നെത്തുംബോൾ രജിത പ്രതീക്ഷയോടെ എഴുന്നേൽക്കുന്നു.
സഹദേവൻ : ഈ പരിസരത്തെങ്ങുമില്ല അവൻ. കൊച്ചിനേയും കൊണ്ട് മുങ്ങിയതാവും നാറി.
രജിത : അയ്യോ.. എന്റെ മോൻ ......എടാ ദുഷ്ടാ...നാറി...നിന്നെ കാലപാമ്പ് കടിക്കുമെടാ.
സംഭവമറിഞ്ഞ് ലക്ഷ്മിയും ബുള്ളറ്റിൽ അവിടെ എത്തുന്നു. സഹദേവനും ശശിയും മറ്റും അവൾക്കരികിലെത്തി. അവര കാര്യങ്ങൾ ധരിപ്പിക്കുന്നത് ഇടിമിന്നലിൽ നമ്മുക്ക് കേൾക്കാനകുന്നില്ല. അവസാനം ലക്ഷ്മി തന്റെ മൊബൈൽ ഫോണിൽ നിന്നും പോലീസ്സ്റ്റേഷനിലേക്ക് വിളിക്കുന്നു.
ലക്ഷ്മി : ഹലോ ആര്യക്കര പോലീസ് സ്റ്റേഷൻ...
ആലോചനയാർന്ന ലക്ഷ്മിയുടെ മുഖം. പെട്ടെന്ന് എന്തോ ഓർത്ത് അവൾ തിരിഞ്ഞു നടന്നു കൊണ്ട് ഫോൺ ചെയ്യുന്നു.
കട്ട്
സീൻ 17 (വർത്തമാനകാലം)
പകൽ, വയലോരം.
വരംബിലൂടെ നടന്നു വരുന്ന രജിത ഒരു ദു:ഖ ഭാരത്തോടെ ഓർമ്മയിൽ നിന്നുണരുന്നു.
കട്ട് റ്റു
സീൻ 17 ഏ
പകൽ, വയലോരം.
വയലിൽ മൂന്ന് നാലു സ്ത്രീകൾ തലയിൽ തോർത്ത് ചുറ്റി വെയിലിൽ നിന്ന് രക്ഷ നേടി കളകൾ പറിക്കുന്നു. കൊയ്ത്തൊഴിഞ്ഞ വെള്ളം നിറഞ്ഞ ഒരു പാടത്ത് താറാകൂട്ടത്തെ ഇറക്കി വരംബിലെ ഒരു തൈച്ചോടിന്റെ തണലിൽ ഇരിക്കുന്ന തങ്കനും എമ്മാനുവേലും.
തങ്കൻ : ചീരപ്പഞ്ചിറ ഇവിടെ അടുത്താണെങ്കിലും അതിന്റെ ചരിത്രോ ഐതിഹ്യോമൊന്നും എനിക്കറിയില്ല. ഇടവഴി കേറി നടന്നു പോകാനുള്ള ദൂരേയുള്ളു. ആ ചുറ്റുപാടൊക്കെ കണ്ടാലല്ലേ എഴുതാൻ പറ്റു?
എമ്മാനുവേൽ : അവിടെ പോണം.
തങ്കൻ : നമ്മുടെ മെംബറ് ആഴ്ചയിൽ രണ്ട് ദിവസം അവിടെ പോകാറുണ്ട്. കളരി പഠിപ്പിക്കാനേ.
അവന് അതൊരു പുതിയ അറിവാണ്.
എമ്മാനുവേൽ : കളരിയോ ?
തങ്കൻ : കളരി , ഡാൻസ് സാഹസികത. കുളത്തിൽ മുങ്ങിപ്പോയ ഒരു വയസ്സിത്തള്ളയെ രക്ഷിച്ചതിന് രാഷ്ട്രപതിയുടെ പക്കൽ നിന്നും കൊച്ചിലെ ധീരതക്കുള്ള അവാർഡ് മേടിച്ച ആളല്ലേ.
എമ്മാനുവേൽ : അതുകൊള്ളാല്ലോ.
തങ്കൻ : ഈ നാട്ടില് എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാൻ മെംബറ് മുന്നിൽത്തന്നെയുണ്ടാകും.
എന്തോ ആലോചിച്ച് അവൻ തങ്കനെ നോക്കുന്നു.
എമ്മാനുവേൽ : അച്ചായാ കഴിഞ്ഞ വർഷം ഒരു പയ്യനെ കാണാതെപോയത് ഇവിടെ നിന്നല്ലേ.?
തങ്കൻ : ഹാ .അതൊരു കഷ്ടം....അനുമോൻ നല്ല തങ്കപ്പെട്ട കുട്ടിയാരുന്നു. കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച്ച അവന്റെ അച്ഛൻ രഘു തന്നെ വീട്ടീന്ന് കൂട്ടിക്കൊണ്ട് പോയതാ. രഘുവിനെ ആരോ അപായപ്പെടുത്തി.
തങ്കൻ എന്തോ ഓർക്കുന്നു.
കട്ട് റ്റു
സീൻ 17 ബി (ഭൂതകാലം)
രാവിലെ, ഗ്രാമാന്തരത്തിൽ-
ഒരു വീടിനോട് ചേർന്നുള്ള ഇടവഴിയിലൂടെ ആ വീട്ടിൽ പത്രമിട്ട് സൈക്കിൾ ചവിട്ടി വരുന്ന കുഞ്ഞൻ.ഒരു കുളത്തിനോട് ചേർന്നുള്ള കശുമാവിന്റെ തണ്ട് തലയിൽ തട്ടാതിരിക്കാൻ സൈക്കിൾ നിർത്തി കുനിഞ്ഞ് ഒന്നു തിരിയുംബോൾ ഒരു ജഡം കുളത്തിൽ പൊന്തിക്കിടക്കുന്നത്ത് കണ്ട് അലറുന്നു.
കുഞ്ഞൻ : അമ്മേ ...!
അവന്റെ സ്വരം ദിക്കുകളിൽ അലയടിച്ചു.
കട്ട് റ്റു
സീൻ 17 സി
രാവിലെ, രജിതയുടെ വീട്
പരിഭ്രമത്തോടെ ശാന്തമ്മ മുറ്റത്തേക്ക് ഓടി വരുന്നു.
ശാന്തമ്മ : മോളെ ..മോളെ..
കരഞ്ഞു കലങ്ങിയ മുഖവുമായി ആകുലതയിൽ രജിത പുറത്തേക്ക് വരുന്നു.
രജിത : എന്താ.എന്താ ചേച്ചി.
ശാന്തമ്മ : രഘു , രഘു പോയി മോളെ. ശവം തീട്ടക്കൊളത്തില് പൊങ്ങിയിട്ടുണ്ട്. പത്രമിടുന്ന കുഞ്ഞനാ ആദ്യം കണ്ടത്.
മകനെക്കുറിച്ച് പ്രതീക്ഷയുണ്ടായിരുന്ന അവൾ നെഞ്ചെത്ത് കൈവെച്ച് കരഞ്ഞു.
രജിത : എന്റെ മോൻ...
കട്ട് റ്റു
സീൻ 17 ഡി
പകൽ
തീട്ടക്കുളവും പരിസരവും
കുറച്ചകലെ സർക്കിളിന്റേയും എസ്.ഐ യുടേയും ജീപ്പുകൾ കിടക്കുന്നു: പിന്നെ ആംബുലൻസും. കുളത്തിനരികിൽ പഞ്ചായത്ത് പ്രസിഡന്റും,ലഷ്മിയും സർക്കിൾ ഇൻസ്പെക്ടർ പ്രതാപനും എസ്.ഐ. റോയിയും, കയ്യിലൊരു ഫയലുമായി എച്ച്.സി.സുനിയും,പി.സി.ബിജുകുമാറുംനിൽക്കുന്നു.അവർക്കരികെ കുഞ്ഞനുമുണ്ട്. കുളത്തിൽ നിന്നും ജഡം കരക്കെത്തിക്കുന്നത് കാണാൻ എത്തിയവരുടെ കൂട്ടം കുളക്കരയിലുണ്ട്. കുളത്തിലുള്ള രണ്ടു പേർ ജഡം കരക്കെത്തിക്കുന്നു. മറ്റു രണ്ട് പേർ കുളത്തിൽ അനുമോന്റെ ജഡം തിരയുന്നുണ്ട്. എഫ്.ഐ.ആർ തയ്യാറാക്കുന്ന എച്ച്.സി.സുനിൽകുമാറും എസ്.ഐ റോയിയും ബിജുകുമാറും. കരയിൽ നിന്നവരുടെ സഹായത്തോടെ രഘുവിന്റെ ജഡം സ്ട്രച്ചറിലേക്ക് മാറ്റി ആംബുലൻസിലേക്ക് കൊണ്ടു പോകുന്നു. ജഡം കരക്കെത്തിച്ചവർ വീണ്ടും കുളത്തിന്റെ മധ്യത്തിലേക്ക് നീന്തുന്നു. മുങ്ങാംകുഴിയിട്ട് ജഡം തപ്പുന്ന നാലുപേരേയും ആകാംക്ഷയോടെ നോക്കുകയാണ് എല്ലവരും. സർക്കിളിന്റെ അരികിലെത്തി ,
ലക്ഷ്മി : സാർ...
ലക്ഷ്മിയെ അറിയാവുന്ന റോയി സർക്കിളിനോട്,
റോയി : സാർ ,ഈ വാർഡിലെ മെംബറാ.
സർക്കിൾ : ഉം...!
ലക്ഷ്മി : സർ ഇതൊരു അപകടമരണമാണോ അതോ?.
സർക്കിൾ: ഇങ്ക്വെസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിന് അയക്കട്ടെ. വൈകുന്നേരത്തോടെ അറിയാം. മിസ്സിംഗായ കുട്ടിയെ കണ്ടു കിട്ടിയില്ലെങ്കിൽ കേസ് കോമ്പ്ലികേറ്റഡ് ആകും.
പ്രസിഡന്റ് : ആ പെണ്ണ് ഒരു സാധു സ്ത്രീയാ.വളരെ കഷ്ടപ്പെട്ടാണ് ആ കൊച്ചിനെ നോക്കീരുന്നത്.
സർക്കിൾ : ഉം..(അവർക്കരികിൽ നിന്നിരുന്ന കുഞ്ഞന്റെ തോളിൽ തട്ടി ചിരിച്ച്) നീയാണല്ലേ ബോഡി ആദ്യം കണ്ടത്.
അല്പം, പേടിച്ച്,
കുഞ്ഞൻ : അതേ സാറേ. രാവിലെ പേപ്പറിടാൻ വന്നപ്പോ.
ലക്ഷ്മി അവനെ ചേർത്തു പിടിക്കുന്നു.
സർക്കിൾ : പേടിക്കണ്ട. കേട്ടോ. എന്താ നിന്റെ പേര് ?
കുഞ്ഞൻ : കുഞ്ഞൻ
സുനിയെ നോക്കി,
റോയി : സുനി കുഞ്ഞന്റെ അഡ്രസ്സൊക്കെ എഴുതി എടുത്തിട്ടില്ലേ.
സുനി : കുഞ്ഞന്റേയും ഇന്നലെ മുതൽ ഈ സംഭവത്തിൽ ആക്റ്റീവായിട്ടുള്ളവരുടേയും നംബറും അഡ്രസ്സും എടുത്തിട്ടുണ്ട് സാർ.
സർക്കിൾ : ഗുഡ്.
കുളത്തിൽ നിന്നും ഒരാൾ വിളിച്ചു പറയുന്നു.
അയാൾ : സാറേ ഓരോ ഇഞ്ച്ചും അരിച്ച് പെറുക്കി . ഇതിലൊന്നും ഇല്ല.
സർക്കിൾ അവരോട് കയറിപോരാൻ ആംഗ്യം കാണിച്ച് തിരിഞ്ഞ് ജീപ്പിനരികിലേക്ക് നടക്കുന്നു. പിന്നാലെ മറ്റുള്ളവരും
കട്ട് റ്റു
സീൻ 17 ഈ
പകൽ
രജിതയുടെ വീട്
പുറത്ത് എസ്.ഐ റോക്കറ്റ് റോയി, എച്ച്.സി.സുനിൽകുമാർ, ഡോഗ് സ്ക്വാഡിന്റെ കൂടെയെത്തിയ ഒരു പോലീസുകാരാനും. സഹദേവനും മധുവും ശശിയും പൊന്നനും ശാന്തമ്മയും മറ്റ് രണ്ട് മൂന്ന് സ്ത്രീകളും വീടിന്റെ അതിരുകളിൽ ആകാംഷയോടെ നിൽക്കുന്നു. അകത്ത് അനുമോന്റെ നിക്കറിൽ നിന്നും പോലീസ് ഡോഗായ ജൂലിയെ കൊണ്ട് മണം പിടിപ്പിക്കുന്ന പോലീസുകാരൻ. അത് ശ്രദ്ധിച്ച് വിഷമത്തോടെ നിൽക്കുന്ന രജിത. ജൂലി കുരച്ച് കൊണ്ട് വീടിനു പുറത്തേക്ക് ഓടുന്നു. പരിഭ്രമിക്കുന്ന നാട്ടുകാർ. പല വഴികളിലൂടെ കുരച്ച് കൊണ്ട് ഓടുന്ന ജൂലിയെ പിന്തുടരുന്ന ഡോഗ് സ്ക്വാഡിലെ രണ്ട് പോലീസുകാർ. അതിന്റെ കഴുത്തിൽ ചങ്ങലയിട്ട് ഒരു പോലീസുകാരൻ അതിന്റെ ഓട്ടം നിയന്ത്രിക്കുന്നുണ്ട്. ജൂലിയോടുംബോൾ നാട്ടുകാർ ഭീതിയോടെ നോക്കുന്നു. ജൂലി അവസാനം കുരച്ച് കൊണ്ട് തീട്ടക്കുളത്തിനരികെ വന്നു നിൽക്കുന്നു. എസ്.ഐ റോയിയും എച്ച്.സി.സുനിയും ,പൊന്നനും സഹദേവനും അടങ്ങുന്ന കുറച്ചു പേർ അവരുടെ അടുത്തേക്ക് വരുന്നു.
ജൂലി കുര നിർത്തിയിരുന്നു. നടന്നെത്തിയ റോയിയോട്, ഡോഗ് സ്ക്വാഡിലെ പോലീസുകാരൻ പറയുന്നു.
പോലീസുകാരാൻ: ഇന്നലെ ഇടിച്ചു കുത്തിയുള്ള മഴയല്ലാരുന്നോ സാറേ. ഇവൾക്ക് ട്രേസു ചെയ്യാൻ ബുദ്ധിമുട്ടാകും.
എസ്.ഐ .റോയി. : ഉം.!
അയാൾ ആലോചനയോടെ തലയാട്ടി.
കട്ട് റ്റു
(തുടരും)
ഭാഗം 11
സീൻ 17 എഫ് (വർത്തമാനകാലം)
പകൽ, വയൽ വരംബ്
തൈതെങ്ങിന്റെ ചോട്ടിൽ കഴിഞ്ഞു പോയ സംഭവങ്ങൾ പറഞ്ഞു നിൽക്കുകയാണ് തങ്കൻ.
തങ്കൻ : കുഞ്ഞൻ എന്റെ വകേലെ അനിയന്റെ മോനാ. കുഞ്ഞനും ഷാപ്പിലെ മാത്തനും, സഹദേവനും മധുവും, ശശിയുമൊക്കെ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടി വന്നു. അവസാനം മെംബറും പഞ്ചായത്തും ഇടപ്പെട്ട് അവർക്ക് കേസിൽ പങ്കൊന്നുമില്ലെന്ന് പോലീസുകാരെ ബോധ്യപ്പെടുത്തി.
സംശയം നടിച്ച് ,
എമ്മാനുവേൽ : അനുമോനെ ഇതുവരെ കണ്ടെത്തിയില്ലല്ലേ.?
തങ്കൻ : ഈ നാടായ നാടുമൊത്തം അരിച്ചു പെറുക്കി.രഘു ഒരു തരികിടയായിരുന്നു. മരിച്ചു പോയ അവനല്ലാതെ സത്യം ആർക്കറിയാം.കേസിപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുക്കയാ.അല്ല കർത്താവ് ഇതൊക്കെയെങ്ങനറിഞ്ഞു.
പരുങ്ങൽ കാണിക്കാതെ,
എമ്മാനുവേൽ : റ്റീ വിയിലും ന്യൂസ്പേപ്പറിലുമൊക്കെ വാർത്തയല്ലായിരുന്നോ.
തങ്കൻ : അതു ശരിയാ (ദൂരെ നിന്നും നടന്നു വരുന്നാരെയോ കണ്ടെന്ന പോലെ) പറഞ്ഞു തീർന്നില്ല. ആ കൊച്ചിന്റെ അമ്മ വരുന്നു.
എമ്മാനുവേലും ആ ഭാഗത്തേക്ക് നോക്കുന്നു.തങ്കൻ അവളോട് കുശലം അന്വേഷിക്കാനെന്ന വിധം വരംബിനരികിലെക്ക് നടക്കുന്നു. പിന്നാലെ എമ്മനുവേലും. നടന്നടുത്തെത്തിയ രജിതയെ നോക്കി ചിരിച്ച്,
തങ്കൻ : മോളിതെവിടെ പോയിട്ട് വരുകയാ ?
അവളൊന്നു നിന്നു ഇരുവരേയും നോക്കി.
രജിത : പഞ്ചായത്തു വരെ പോയതാ. മോന്റ്റെ കാര്യത്തിൽ...
ആത്മഗതം കൊണ്ട്,
തങ്കൻ : എന്തു ചെയ്യാനാ എല്ലാവരെയും കൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്യുന്നുണ്ട്. ദൈവം ഒരു വഴി കാണിക്കും.
അവളൊന്നും മിണ്ടാതെ എമ്മാനുവേലിനെ സംശയത്തിൽ നോക്കുന്നു. അതു മനസ്സിലാക്കി,
തങ്കൻ : ഇത് കർത്താവ് - അല്ല എമ്മാനുവേൽ. എഴുത്തുകാരനാ. എഴുത്തും കാര്യങ്ങളുമൊക്കെയായിട്ട് കൊറച്ച് നാള് നമ്മുടെ നാട്ടില് ഉണ്ടാകും.
രജിത : അച്ചായാ ആരായാലും അപരിചിതരെ സൂക്ഷിക്കണം.പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള അച്ചനമ്മമാര് .
എമ്മാനുനുവേലിനെ ഒന്നു സൂക്ഷിച്ച് നോക്കി അവൾ മുന്നോട്ട് നടക്കുന്നു.
അവന്റെ മുഖം വിളറിയത് കണ്ട്,
തങ്കൻ : വിഷമം കൊണ്ടാകും. വാ നാമ്മുക്ക് ഷാപ്പിലോട്ട് വിടാം, ബാക്കി മാത്തൻ പറയും.
അയാൾ അവന്റെ തോളിൽ തട്ടുന്നു.
കട്ട്
സീൻ 17 ജി (ഭൂതകാലം)
പകൽ
ഡി.വൈ .എസ്.പി. ഓഫീസ് ആലപ്പുഴ.
മുറിയിൽ -
ഡി.വൈ.എസ്.പി മോഹനചന്ദ്രൻ,സർക്കിൾ ഇൻസ്പെക്ടർ പ്രതാപൻ , എസ്.ഐ.റോയി. ഇരിക്കുന്ന മോഹനചന്ദ്രന് അഭിമുഖമായി മറ്റു രണ്ട് പേരും നിൽക്കുകയാണ്.
സർക്കിൾ : മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് .ബ്ലഡിൽ ആൽക്കഹോളിന്റെ അംശം വളരെ കൂടുതലാണ്. പിന്നെ അയാളുടെ തോളിൽ എന്തോ കൊണ്ട് അടിച്ച പാടുകൾ ഉണ്ടായിരുന്നു. ഇങ്ക്വൊസ്റ്റിൽ ഐഡെന്റിഫൈ ചെയ്തതാണ്.
എസ്.ഐ റോയി : വഴക്കിട്ടപ്പോൾ തല്ലിയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഭാര്യ പറഞ്ഞിരുന്നു.
മോഹനചന്ദ്രൻ : ഡോഗ് സ്ക്വാഡിൽ നിന്നും ഫോറൻസികിൽ നിന്നും ഇനി പ്രതീക്ഷിക്കാനൊന്നുമില്ലല്ലേ (ആലോചിച്ച്) . സാഹചര്യത്തെളിവുകളിലൂടെയെ ഫർദർ മൂവ്മെന്റ് ഈ കേസിനുണ്ടാകുകയുള്ളൂ. രഘുവിനെയും കാണാതായ കുട്ടിയേയും അവസാനമായി കണ്ടതാരാ.?
റോയി : അത്. (പുറത്തേക്ക് നോക്കി) സുനി...
മോഹനചന്ദ്രൻ വാതിൽക്കലേക്ക് നോക്കുംബോൾ ഹാഫ് ഡോർ തുറന്ന് ഷാപ്പ് മാത്തനുമായി സുനി അകത്തേക്ക് സല്യൂട്ട് ചെയ്യുന്നു. മാത്തൻ കഷണ്ടി കയറിയ ചെറുതായി ഞൊണ്ടുള്ള ഒരു മദ്ധ്യവയസ്കനായ തടിയനാണ്.
മാത്തൻ ഭവ്യതയോടെ നിൽക്കുംബോൾ ,
സുനി : കേറി നിൽക്ക്.
അയാൾ മുന്നോട്ട് കയറി നിൽക്കുന്നു. എല്ലാവരുടേയും നോട്ടം അയാളിലാണ്. മോഹനചന്ദ്രൻ അയാളെ നോക്കി എഴുന്നേൽക്കുന്നു.
മോഹനചന്ദ്രൻ : താനാണോ മരണപ്പെട്ട രഘുവിനേയും കാണാതായ കുട്ടിയേയും അവസാനമായി കണ്ടത്?.
ഭവ്യതയിൽ പേടിച്ച്,
മാത്തൻ : അവസാനം കണ്ടത് ഞാനാണോന്ന് അറിയില്ല. സന്ധ്യയോടടുത്ത് മഴക്ക് മുന്നേ രഘു ഷാപ്പിൽ വന്നിരുന്നു. ആ കൊച്ചുമുണ്ടായിരുന്നു. അതിന്റെ കയ്യിലൊരു ബിസ്കറ്റും. ഷാപ്പ് അവധിയായതിനാൽ കള്ളില്ലായിരുന്നു. കള്ളു വേണോന്ന് നിർബന്ധിച്ചപ്പോ ഞാൻ കഴിക്കാൻ വെച്ചിരുന്ന ലിക്വറിൽ നിന്നും കുറച്ച് കൊടുത്തു. കൊച്ചിനു ബിസ്കറ്റ് വാങ്ങാൻ ഇറങ്ങിയതാന്നാ പറഞ്ഞത്. കള്ളും കുടിച്ച് രഘു കൊച്ചുമായിപ്പോയി.ആള് നല്ല ഫോമിലായിരുന്നു. അവരു പോയി കുറച്ച് കഴിഞ്ഞപ്പോൾ ഛന്നം പിന്നം മഴയും തുടങ്ങി.
ഏവരും അയാളെ പോലീസ് ദൃഷ്ടിയിൽ വീക്ഷിക്കുകയായിരുന്നു.
മോഹനചന്ദ്രൻ : ഇത് നീ പറയുന്ന കഥ.
മാത്തൻ : ഇതാണ് സത്യം സാർ.
മാത്തനെ ഒന്നിരുത്തി നോക്കിയിട്ട് സർക്കിളിനെ നോക്കി,
മോഹനചന്ദ്രൻ : തല്ക്കാലം ഇയാളെ വിട്ടേക്ക് (മാത്തനോട്) എപ്പോൾ വിളിച്ചാലും വരണം.
കൈകൂപ്പി കൊണ്ട്,
മാത്തൻ : വരാം സാറേ.
സർക്കിൾ സുനിയോട് അയാളെ കൊണ്ടുപൊയ്ക്കോളാൻ ആംഗ്യം കാണിക്കുന്നു. സുനി സല്യൂട്ട് നൽകി അയാളുമായി പുറത്തേക്ക് നടക്കുന്നു.
സർക്കിൾ : സർ ഈ കേസിൽ രണ്ട് സാധ്യതകളാണുള്ളത്. മദ്യ ലഹരിയിൽ രഘു കുളത്തിലേക്ക് വീണ് മുങ്ങി മരിച്ചതാവാം. കരയിലുള്ള കുട്ടി നടന്ന് മറ്റെവിടെ എങ്കിലും പോയതാവാം. അല്ലെങ്കിൽ ആരുടേയെങ്കിലും കൈയ്യിൽ അകപ്പെട്ടതവാം. അല്ലെങ്കിൽ രഘുവിനെ ആരെങ്കിലും മനപ്പൂർവ്വം അപായപ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയതാവാം.
കസേരയിൽ ഇരുന്നു കൊണ്ട്,
മോഹ്നചന്ദ്രൻ : ഫോർ വാട്ട് ?
റോയി : സാർ .രഘുവിന് കമ്പത്തെ കൂപ്പിലായിരുന്നു തടിപ്പണി.അവിടുത്തെ ലോക്കൽ തമിഴന്മാരും നാടോടികളുമായി ഒക്കെ നല്ല ചങ്ങാത്തമായിരുന്നു. ഒരു മനുഷ്യകച്ചവടത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല.
മോഹനചന്ദ്രവർമ്മ : എല്ലാ ലൂപ് ഹോൾസും അടച്ച് അന്വേഷിക്കണം. ഈ കേസിന് സഡ്ഡൻ സോഷ്യൽ ഇൻഫ്ലുവെൻസ് ഉണ്ടാകും. നിങ്ങൾക്ക് രണ്ടു പേർക്കുമാണ് ഈ കേസിന്റെ ചുമതല. ഫോളോ അപ്സ് എന്നെ അറിയിക്കണം.
ഇരുവരും : സർ !.
അവർ ഡി.വൈ.എസ്.പി. യെ സല്യൂട്ട് ചെയ്യുന്നു.
കട്ട് റ്റു
സീൻ 17 എച്ച് (വർത്തമാനകാലം)
പകൽ
മാത്തന്റെ കള്ള് ഷാപ്പ്
ഒരു ചായ്പ്പിൽ -
ഡസ്ക്കിൽ പാതിയായ രണ്ട് കുപ്പി കള്ളും കപ്പയും മീൻ കറിയും. ബെഞ്ചിലിരിക്കുന്ന തങ്കനും എമ്മാനുവേലും. അവർക്കഭിമുഖം നിൽക്കുന്ന മാത്തൻ തങ്കൻ ഒഴിച്ചു കൊടുത്ത ഒരു ഗ്ലാസ് കള്ള് കുടിച്ച് ,ചിറി തുടച്ച് ഗ്ലാസ് ഡെസ്ക്കിൽ വെച്ച് കയ്യിലിരുന്ന ബീഡി ചുണ്ടിൽ വെച്ച് കത്തിച്ച് പുകയൂതുന്നു.
മാത്തൻ : ആകൊച്ചിന്റെ കേസിൽ തൂങ്ങി കൊറച്ചു ദിവസത്തെ കച്ചവടം പോയി.ഒള്ള കാര്യം ആരോടും പറയാൻ കൊള്ളില്ലാന്ന് അന്നേ തീരുമാനിച്ചതാ.
സംശയത്തിൽ മാത്തനോട്,
എമ്മാനുവേൽ : അന്ന് രഘുവിന്റെ കൂടെ മറ്റാരും ഇല്ലായിരുന്നോ?.
മാത്തൻ : എന്റെ അനിയാ.ഒള്ളതു മുഴുവൻ പോലീസുകാരോട് പറഞ്ഞതാ.
എമ്മാനുവേൽ കള്ളൊഴിച്ച് കുടിക്കുംബോൾ എമ്മാനുവേൽ ആരാണെന്ന വിധം തങ്കനോട് ആംഗ്യം കാണിച്ച് മാത്തൻ ചോദിക്കുന്നു. കള്ളുകുടിക്കുന്നതിനിടയിൽ എമ്മാനുവേൽ അതു കാണുന്നുണ്ടെങ്കിലും കാണാത്ത മട്ടിൽ കണ്ണുകളടച്ചാണ് കള്ള് കുടിക്കുന്നത്.
തങ്കൻ : നമ്മുക്ക് വേണ്ടപ്പെട്ടതാ.
അവൻ കണ്ടെന്നു മനസ്സിലാക്കി ,
മാത്തൻ : പോലീസ് വേഷോം മാറി വരുന്നത് ഏതു കോലത്തിലാണെന്ന് ദൈവം തംബുരാനെ അറിയൂ.
മാത്തൻ കാലിയായ കള്ളു കുപ്പിയുമായി സ്റ്റോർ റുമിലേക്ക് പോകുന്നു. ബാക്കിയായ കള്ള് ഗ്ലാസ്സിലൊഴിച്ച് കുടിച്ച് അവനെ സംശയത്തിൽ നോക്കി,
തങ്കൻ : കർത്താവ് ഇനി പോലീസു വല്ലതുമാണോ.?
ചിരിച്ച് തള്ളി കൈമലർത്തി,
എമ്മാനുവേൽ : എന്താ തങ്കച്ചായാ....ഏതായാലും തെയ്യാമ്മ ചേച്ചി പറഞ്ഞതിന് വിപരീതമായി.
തങ്കൻ : എന്ത് ?
മാത്തൻ പോയ ഭാഗത്തേക്ക് നോക്കി,
എമ്മാനുവേൽ : ചേട്ടാ കാശെത്രയായി7.?
പശ്ചാത്തലത്തിൽ മാത്തന്റ്റെ ശബ്ദം.
മാത്തൻ : 240 രൂപായായി. രണ്ടു കുപ്പി കള്ളും കപ്പേം കറിയുമല്ലേ.
എമ്മാനുവേൽ : ശരി .. ശരി
അവൻ പോക്കറ്റിൽ നിന്നും 300 രൂപാ എടുത്ത് കുപ്പിയുടെ താഴെ വെച്ചു.
തങ്കൻ : തെയ്യാമ്മ എന്താ പറഞ്ഞത്.
എമ്മാനുവേൽ : തങ്കച്ചായൻ മാത്തന്റെ ഷാപ്പില് എന്നെ അടിമ വെച്ചില്ലേ..ഹി...ഹി
ഇരുവരും ചിരിക്കുന്നു.
കട്ട്
(തുടരും)
ഭാഗം 12
സീൻ 18
രാത്രി, തങ്കന്റെ വീട്
സിറ്റൌട്ടിൽ കത്തി നിൽക്കുന്ന ബൾബിന്റെ പ്രകാശം മുറ്റത്തും ചുറ്റുവട്ടത്തും പരന്ന് കിടക്കുന്നു.
അകത്തെ ഹാളിൽ -
സീരിയൽ ലൈറ്റ് കത്തിനിൽക്കുന്ന ക്രിസ്തുരൂപത്തിനു താഴെ അല്പം മാറി മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന തെയ്യാമ്മയും എമ്മാനുവേലും.തങ്കൻ ചമ്രം പടഞ്ഞ് കണ്ണുകളടച്ച് കൈകൾ കൂപ്പി പ്രാർത്ഥിക്കുകയാണ്.
തെയ്യാമ്മ : കർത്താവിന്റെ മാലാഖ പരിശുദ്ധമറിയത്തോട് വസിച്ച് പരിശുദ്ധാത്മാവിനാൽ മറിയം ഗർഭം ധരിച്ചു.
മൂവരും : നന്മ നിറഞ്ഞ മറിയമേ സ്വസ്തി .....
ആ പ്രാർത്ഥന ചൊല്ലുംബോൾ സ്നേഹ – കാമ തൃഷ്ണയോടെ തെയ്യാമ്മ എമ്മാനുവേലിനെ നോക്കുന്നത് അവൻ കാണുന്നുണ്ടെങ്കിലും പരുങ്ങലോടെ മുഖം മാറ്റി പ്രാർത്ഥനയിൽ മുഴുകുന്നു.
പുറം വിടിന്റെ ദൃശ്യത്തിൽ പ്രാർത്ഥനയുടെ നേർത്ത സ്വരം.
കട്ട് റ്റു
ഹാളിൽ.
പ്രാർത്ഥനുടെ അവസാനാമായി അവർ പരസ്പരം സ്തുതി കൊടുക്കുന്നു.
അവർ : ഈശോ മിശാഹയ്ക്കും സ്തുതി ആയിരിക്കട്ടെ..ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.
ഏവരും ക്രിസ്തുരൂപത്തെ നോക്കി കുരിശു വരക്കുന്നു.
തങ്കൻ ആദ്യം എഴുന്നേൽക്കുന്നു,.
തങ്കൻ : താറാകൂട്ടത്തിന് തീറ്റ കൊടുത്തിട്ട് വരാം.
കൊന്തയും പ്രാർത്ഥനാ പുസ്തകവും മേശയിൽ വെച്ച് തെയ്യാമ്മ എഴുന്നേൽക്കുന്നു: എമ്മാനുവേലും.
തെയ്യാമ്മ : കഞ്ഞിക്ക് ഒരു താറാം മൊട്ട പൊരിക്കട്ടെ.
ശരിയെന്ന് വിധം അവൻ തലയാട്ടി ചിരിക്കുന്നു.
തെയ്യാമ്മ : ഈ ചിരി കാണാൻ നല്ല രസാ.
പുറത്തു നിന്നും തങ്കന്റെ സ്വരം കേൾക്കുംബോൾ എമ്മാനുവേലിനെ പഴയ ഭാവത്തിൽ നോക്കി തെയ്യാമ്മ അടുക്കളയിലേക്ക് പോകുന്നു.
തങ്കൻ : കർത്താവേ. മുറ്റത്തേക്ക് വാ .കുറച്ച് കാറ്റ് കൊള്ളാം.
എമ്മാനുവേൽ സിറ്റൌട്ടിലേക്ക് ഇറങ്ങി മുറ്റത്ത് ബീഡി വലിച്ച് നിൽക്കുന്ന തങ്കനരികെ അവൻ എത്തുന്നു.
തങ്കൻ : നല്ല തണുത്ത കാറ്റ്.കിഴക്കെവിടേയോ മഴ പെയ്യുന്നുണ്ട്.
എമ്മാനുവേൽ :നാട്ടില് മിക്കവാറും രാത്രിയില് മഴയുണ്ടാകും.
പുകഞ്ഞു തീർന്ന ബീഡിയെറിഞ്ഞ് തോളിൽ കിടന്ന തോർത്തുകൊണ്ട് മുഖമൊന്നു തുടച്ച് സംശയത്തിൽ,
തങ്കൻ : എഴുത്തും കാര്യങ്ങളും തുടങ്ങണ്ടേ?.
എമ്മാനുവേൽ : തുടങ്ങണം. അതിനു മുൻപ് താമസിക്കാൻ എനിക്ക് ചെറിയൊരു സെറ്റപ്പ് വേണം.
തങ്കൻ : കുട്ടികളില്ല.ഞങ്ങൾ രണ്ട് പേരേയുള്ളു.ഇവിടെ കൂടിയാൽ പോരെ.
എമ്മാനുവേൽ : അതല്ലച്ചായാ. എഴുത്ത് എപ്പോൾ എങ്ങനെ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. എഴുത്ത് എന്നൊക്കെ പറയുന്നത് കുറച്ച് സ്വാതന്ത്ര്യം വേണ്ട കാര്യമാ.
തങ്കൻ : കർത്താവിനതാണിഷ്ടമെങ്കിൽ നമ്മുക്ക് നോക്കാം.
സിറ്റൌട്ടിൽ വരുന്ന,
തെയ്യാമ്മ : വാ. കഞ്ഞി കുടിക്കാം.
സിറ്റൌട്ടിലേക്ക് നടന്ന് എമ്മാനുവേലിനോട്,
തങ്കൻ:വാ.........കഞ്ഞികുടിക്കാം. (തെയ്യാമ്മയോട്) താമസിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കണമെന്ന് കർത്താവിന് നിർബന്ധം.
തെയ്യാമ്മ : ഇവിടെന്നാ കുഴപ്പം. ഒരു രാത്രിപോലും കിടന്നില്ലല്ലോ.
അർത്ഥം വെച്ച് അവനെ നോക്കി ചിരിച്ച് തെയ്യാമ്മ അകത്തേക്ക് പോകുന്നു. പിന്നാലെ തങ്കനും എമ്മാനുവേലും കയറുന്നു.
കട്ട്
സീൻ 19
പകൽ, ക്രിസ്ത്യൻ ദേവാലയം
അൾത്താരയിൽ വിശുദ്ധ കുർബ്ബാനയർപ്പിക്കുന്ന കാർമ്മിക വൈദികൻ. അതിൽ പങ്കു ചേരുന്ന കന്യാസ്ത്രീകളും, അൾത്താര ശുശ്രൂഷികളും അത്മായരും.
ദിവ്യകാരുണ്യ സ്വീകരണ സമയമാണ് – ഗായക സംഘം അതിനനുസൃതമായ് ഗാനം ആലപിക്കുന്നു. അൾത്താരയുടെ താഴെ പടിയിൽ നിന്ന് വിശുദ്ധ കുർബ്ബാന നൽകുന്ന വൈദികനിൽ നിന്നും കുർബ്ബാന സ്വീകരിക്കുന്ന അത്മായരിൽ തെയ്യാമ്മയുമുണ്ട്. അത്മായർക്കിടയിൽ ദേവാലയത്തിന്റെ പിന്നിലായി മുട്ട് കുത്തി നിന്ന് പ്രാർത്ഥിക്കുന്ന എമ്മാനുവേലും തങ്കനും. ദേവാലയത്തിന്റെ പുറം ദൃശ്യത്തിൽ കുർബ്ബാനയിൽ പങ്കെടുത്ത ചിലർ മടങ്ങിപ്പോകുന്നു. അൾത്താരയിൽ കാസയിൽ നിന്നും വീഞ്ഞ് കുടിക്കുന്ന വൈദികൻ. പശ്ചാത്തലത്തിൽ ഗായക സംഘത്തിന്റെ ഗാനം അവസാനിക്കുന്നു.
കട്ട്
സീൻ 19 ഏ
പകൽ, നാൽക്കവല
വിജയന്റെ ബാർബർ ഷാപ്പ്
ബാർബർ ഷാപ്പിന് മുന്നിൽ വിജയന്റെ ലൂണ. അകത്ത് മുടി മുറിക്കാനായി കാത്തിരിക്കുന്ന ഒരു മദ്ധ്യ വയസ്കനും , കണ്ണാടിയുടെ മുന്നിൽ വെള്ള തുണിയിട്ട് കഴുത്തിനു താഴെ കവറ് ചെയ്തിരിക്കുന്ന ചെറുപ്പക്കാരനും കസേരയിൽ ഇരിക്കുന്നു. ഇടുങ്ങിയ ഒരു പാർട്ടീഷനിൽ നിന്ന് മദ്യം കുടിക്കുന്ന വിജയൻ കയ്യിലിരുന്ന ഷേവിം ക്രീം ഒന്നു മണത്ത് തലകുടഞ്ഞ് പുറത്തേക്ക് നടന്ന് ചെറുപ്പക്കാരനരികിലെത്തി ഏംബക്കം വിടുന്നു. മദ്യത്തിന്റെ വാടയേറ്റ് കൈകൊണ്ട് അത് ആട്ടിമാറ്റി,
ചെറുപ്പാക്കാരൻ : രാവിലെ തന്നെ കേറ്റിയോ. പത്തരക്ക് കല്യാണത്തിനു പോകാനുള്ളതാ. പോകാൻ പറ്റുമോ?
വിജയൻ : ഒരു കൈബലത്തിന് രാവിലെ ചെറുതൊരെണ്ണം അടിക്കണം.നീ ധൈര്യായിട്ട് കണ്ണടച്ചോ. കല്യാണത്തിനല്ല അടിയന്തിരത്തിനു പോകാനുള്ള സെറ്റപ്പ് അടിച്ച് തരാം.
റേഡിയോ ഓൺ ചെയ്ത് വിജയൻ ചീപ്പും കത്രികയുമെടുത്ത്, കൂളിംഗ് ഗ്ലാസ്സ് വെച്ച് മുടിവെട്ടാൻ വരുംബോൾ ,
ചെറുപ്പക്കാരൻ : എടോ ആ കണ്ണടയൊന്ന് മാറ്റ്. എന്റെ ചെവി മുറിച്ചെടുക്കരുത്.
വിജയൻ : മാറ്റാല്ലോ.
അയാൾ കണ്ണാടിയുയർത്തി നെറ്റിയിൽ വെച്ച് റേഡിയോയിലെ പാട്ടിനൊത്ത് താളം പിടിച്ച് മുടി വെട്ടുന്നു.
കട്ട് റ്റു
സീൻ 19 ബി
പകൽ, തിലകന്റെ ചായക്കട
അകത്തും പുറത്തുമായി മൂന്നോ നാലോ പേർ ചായ കുടിക്കാനിരിക്കുന്നു. ചായ അടിക്കുന്ന തിലകൻ.
കട്ട് റ്റു
സീൻ 19 സി
പകൽ, ഇറച്ചിക്കട
നാൽക്കവലയുടെ സ്വൽപ്പം ഉള്ളിലേക്ക് കയറിയാണതുള്ളത്. രണ്ടു പേർ ഇറച്ചി വാങ്ങാനായി നിൽക്കുന്നു. കടയിൽ തൂക്കിയിട്ടിരിക്കുന്ന ചെറുതും വലുതുമായ ഇറച്ചിത്തുണ്ടുകളിലൊന്നിൽ നിന്നും ഇറച്ചി മുറിച്ചെടുത്ത് മരത്തിന്റെ വെട്ട് തട്ടിൽ ഇട്ട് ചെറിയ കഷണങ്ങളായി ബഷീർ മുറിക്കുംബോൾ ചായയുമായി വരുന്ന തിലകൻ അത് കടക്കുള്ളിൽ മേശപ്പെട്ടികരികെ വെക്കുന്നു.
തിലകൻ : ബഷീറേ ചായ കുടിക്ക്
ബഷീർ : ങാ.
ഇറച്ചി വാങ്ങാനെത്തിയവരിൽ,
ഒന്നാമൻ : ബഷീറേ, നിനക്കൊരു സഹായിയെ വെക്കാൻ വയ്യേ. കൊറച്ച് കാശുകൊടുത്താൽ ബംഗാളികളെ കിട്ടുമല്ലോ.
ബഷീർ : എന്നിട്ടു വേണം എന്റെ ഇറച്ചി കൂടി വെട്ടിയെടുക്കാൻ.
രണ്ടാമൻ : അങ്ങനൊക്കെ അവന്മാരു ചെയ്യുമോ.
ബഷീർ : പത്രത്തിൽ വാർയൊന്നും കാണാറില്ലേ. (ഒന്നാമനെ നോക്കി) എത്രയാ വേണ്ടത് ?
ഒന്നാമൻ : ഒരു കിലോ. തൂക്കം കഴിഞ്ഞ് കുറച്ച് എല്ലും നെയ്യുമിട്ടോ.
ബഷീർ : അതിന്റെ കാശ് ആര് തരും?നിങ്ങടെയൊക്കെ വിചാരം ഇതൊക്കെ വെറുതെ കിട്ടുന്നതാന്നാ.
ത്രാസിൽ ഇറച്ചി തൂക്കി കുറച്ച് നെയ്യും എല്ലുമിട്ട് കവറിൽ അയാൾക്ക് കൊടുത്ത് 500 വാങ്ങി പെട്ടിയിലിട്ട് ബാക്കി 200 കൊടുത്ത് ചായ ഒന്നു സിപ്പ് ചെയ്ത് രണ്ടാമനെ നോക്കി,
ബഷീർ : എത്രയാ വേണ്ടത്. പള്ളി പിരിയാറായി. തിരക്കു കൂടും വേഗം പറ.
രണ്ടാമൻ : അരക്കിലോ മതി. തൂക്കത്തിലുള്ള നെയ്യ് മതി.
ബഷീർ ഇറച്ചി മുറിച്ച് തൂക്കി കവറിലിട്ട് അയാൾക്ക് കൊടുത്ത് 150 രൂപാ അയാളിൽ നിന്നും വാങ്ങി പെട്ടിയിലിടുന്നു. ഒന്നാമനും രണ്ടാമനും ഒരുമിച്ച് കടയിൽ നിന്നും പോകുംബോൾ തെയ്യാമ്മ കടയിലേക്ക് വരുന്നു.
ബഷീർ : പള്ളി കഴിഞ്ഞോ തെയ്യാമ്മ ചേച്ചി. തങ്കച്ചായൻ പള്ളിയിൽപ്പോയില്ലേ.
തെയ്യാമ്മ : കഴിഞ്ഞു. തങ്കൻ പൊറകേ വരുന്നുണ്ട് . തിരക്ക് കൂടുന്നതിനു മുന്നേ ഒരു കിലോ എടുത്തേ നീ.
ഒരു വലിയ തുണ്ടിൽ നിന്നും ഇറച്ചിയെടുത്ത് മരത്തിന്റെ മുട്ടിയിൽ ഇട്ട് ,
ബഷീർ : ഇന്നെന്താ ഒരു കിലോ. ഓ തങ്കച്ചായന് പുതിയ കൂട്ടുകാരനെ കിട്ടിയല്ലേ. ആളെങ്ങനാ. കൊള്ളാമോ ചേച്ചി.
താല്പര്യമില്ലെന്ന് നടിച്ച് ,
തെയ്യാമ്മ : കൊഴപ്പമില്ല.രണ്ട് മൂന്നു ദിവസം ഉണ്ടാകും.
ബഷിർ : പറച്ചിലിലൊരു ഇഷ്ടക്കേടുണ്ടാല്ലോ?
തെയ്യാമ്മ : നീ ഇറച്ചി തൂക്കി താ. തങ്കനും ആ ചെക്കനും വരുന്നുണ്ട്.
നടന്നു വരുന്ന തങ്കനേയും എമ്മാനുവേലിനേയും തെയ്യാമ്മ കണ്ടിരുന്നു. ഇറച്ചി തൂക്കി കവറിലിട്ട് ബഷീർ തെയ്യാമ്മയ്ക്ക് കൊടുക്കുന്നു. നടന്നു വരുന്ന തങ്കനും എമ്മാനുവേലും. തങ്കനോട് എന്നോണം
തെയ്യാമ്മ : അതേ ഒരു കിലോ ഇറച്ചി വാങ്ങീട്ടുണ്ട്. കാശ് കൊടുത്തേക്കണം.
തങ്കൻ : ങാ.നീ പൊയ്ക്കോ.
തെയ്യാമ്മ :ഞാൻ പോണെടാ.
ബഷീറിനെ നോക്കി തെയ്യാമ്മ മുന്നോട്ട് നടക്കുന്നു. ബഷീർ ചായ എടുത്ത് കുടിച്ച് അടുത്ത് എത്തി നിൽക്കുന്ന തങ്കനേയും എമ്മാനുവേലിനേയും നോക്കുന്നു.
ബഷീർ : ഇതാണോ തങ്കച്ചായന് പോലീസ് സ്റ്റേഷനീന്നു കിട്ടിയ മൊതല്.
തങ്കൻ : ഇത് ഒന്നൊന്നരമൊതലാ .
ഒരു കിലോ 300 എന്ന കടയിലെ ബോർഡ് എമ്മാനുവേൽ കണ്ട് പോക്കറ്റിൽ നിന്നും മുന്നൂറു രൂപായെടുക്കുന്നു.
എമ്മാനുവേൽ : അച്ചായാ.ദാ.കാശ്.
തങ്കൻ : ഞാൻ കൊടുത്തോളാം.
എമ്മാനുവേൽ : ഹാ സാരമില്ല , ദാ കാശ്.
അവൻ നീട്ടിയ മുന്നൂറ് രൂപാ ബഷീർ വാങ്ങി പെട്ടിയിലിട്ടു.
ബഷീർ : ഞാൻ ബഷീർ. ഇറച്ചി വെട്ടാണ് പണി.ഞായറാഴ്ച്ച മാത്രേയുള്ളൂ. പിന്നെ ക്രിസ്തുമസ്സ് ഈസ്റ്റർ വിഷു, വാവ്...അങ്ങനെയുള്ള വിശേഷ ദിവസങ്ങളിലും വെട്ടും.
തങ്കൻ : ഇവൻ എമ്മാനുവേൽ. കർത്താവിന്റെ പേരാ.
ബഷീർ : നമ്മുക്ക് വിശദമായി പരിചയപ്പെടാം...
തലയാട്ടി ,
എമ്മാനുവേൽ : ശരി.
അവർ നടന്നു നീങ്ങുന്നത് നോക്കി തന്റെ പ്രവൃത്തിയിലേക്ക് നീങ്ങുന്ന ബഷീർ.
കട്ട് റ്റു
സീൻ 19 ഡി
പകൽ, നാൽക്കവല , വിജയന്റെ ബാർബർ ഷാപ്പ്.
വിജയൻ ചെറുപ്പക്കാരന്റെ മുടി വെട്ടി കഴിഞ്ഞിരുന്നു.
വിജയൻ : ഇനി ഒന്നു കണ്ണു തുറന്നേ.
കണ്ണു തുറന്ന് കണ്ണടി നോക്കുന്ന ചെറുപ്പക്കാരന്റെ മുഖം കരച്ചിലിൽന്റെ വക്കോളമെത്തുന്നു.ഏറിയും കുറഞ്ഞും പറ്റേ വെട്ടിയിരിക്കുന്ന മുടി കണ്ട്,
ചെറുപ്പക്കാരൻ : എന്ത് പണിയാടോ ഇത്.ഞാനിനി എങ്ങനെ കല്യാണത്തിനു പോകും.
വിജയൻ : കല്യാണങ്ങൾ ഇനിയും വരും.എന്നാലും ലാഭമായില്ലേ.നാലഞ്ചു മാസത്തേക്ക് മുടിവെട്ടണ്ടല്ലോ.
അവൻ വെള്ള കവർ തുണിമാറ്റിയെഴുന്നേറ്റ് മുഖമൊന്നു നോക്കി വിജയന്റെ കരണത്തടിക്കുന്നു.
ചെറുപ്പക്കാരൻ : ഈ പോക്രിത്തരം ആരോടും ഇനി മേലാൽ കാണിക്കരുത്.
വിജയന്റെ റിയാക്ഷൻ കണ്ട് പേപ്പർ വായിച്ചു കൊണ്ടിരുന്ന വൃദ്ധൻ ചിരിക്കുന്നു.
കട്ട്
(തുടരും)
ഭാഗം 13
സീൻ 20
പകൽ, തങ്കന്റെ വീടിനു പിന്നിലുള്ള പരിസരം.
ഒരു മൺകൂനക്ക് മറവിൽ പറങ്കി മാവിന്റെ തണലിൽ ഇട്ടിരിക്കുന്ന പനമ്പായയിലിരുന്ന് ചീട്ട് കളിക്കുന്ന തങ്കൻ , ബഷീർ ,പൊന്നൻ. എമ്മാനുവേൽ അവരുടെ കളീ മുട്ടുകുത്തി നിന്നു നോക്കുകയാണ്.അവന്റെ നോട്ടം തങ്കന്റെ കയ്യിലാണ്. തങ്കൻ ഒരു ചീട്ട് വലിച്ച് മറ്റൊരു ചീട്ട് കമഴ്ത്തി തന്റെ സെറ്റ് വെക്കുന്നു.
പൊന്നൻ : 12
ബഷീർ : 4
എമ്മാനുവേൽ ഒരു പേപ്പറിൽ അവരുടെ പേരുകൾ എഴുതി പോയന്റ് എഴുതുന്നു. അടുത്ത വിളംബിനായി തങ്കൻ ബഷീറിന് കൊടുത്ത്,
തങ്കൻ : വിജയനെ കണ്ടില്ലല്ലോ ഇതുവരെ?
ബഷീർ ചീട്ട് കുത്തി വിളംബുന്നു. . ഒരു ബീഡി കത്തിച്ച് ,
പൊന്നൻ : ഞായറാഴ്ചയല്ലേ.നാട്ടുകാരുമൊത്തം ക്യൂവിലുണ്ടാകും.
കട്ട് റ്റു
സീൻ 20 ഏ
പകൽ, ടാറിട്ട റോഡിനോട് ചേർന്നുള്ള വിദേശ മദ്യ വില്പന ശാല
മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട ക്യൂവും തിരക്കും.
റോഡിനോട് ചേർന്നുള്ള ഒരു മരത്തിനു താഴെ ബൈക്കിൽ വന്ന് നിൽക്കുന്ന എച്ച്.സി സുനിയും പി.സി.ബിജുകുമാറും. ബിജുവാണ് ബൈക്ക് ഓടിച്ചിരുന്നത്. ബ്രീത് അനലൈസറുമായി സുനി ബൈക്കിൽ നിന്നും ഇറങ്ങുന്നു.ബൈക്ക് സ്റ്റാൻഡിൽ വെച്ച് ബിജുകുമാറും.
ബൈക്കിൽ പോകുന്ന രണ്ടു മൂന്നുപേരെ കൈകാണിച്ച് നിർത്തി ഊതിക്കുന്ന സുനികുമാർ. റിസൾട്ട്. നെഗറ്റീവായതിനാൽ അവരെ പോകാൻ സുനി അനുവദിക്കുന്നു.
മദ്യം വാങ്ങി കുപ്പി കയ്യിൽ പിടിച്ച് പുറത്തു വരുന്ന ബാർബർ വിജയനെ സുനിയും ബിജുകുമാറും കാണുന്നു. കൂളിംഗ് ഗ്ലാസ്സ് വെച്ച് ടെചിംഗ്സ് വാങ്ങിക്കാൻ അടുത്ത കടയിലേക്ക് വരുന്ന വിജയനെ സുനി കൈകാട്ടി വിളിക്കുന്നു. അവരെ കണ്ട് കൂളിംഗ് ഗ്ലാസ് താഴ്ത്തി ഞാനോയെന്ന വിധംകൈകൊണ്ട് ആംഗ്യം കാണിച്ച് അവരെ നോക്കി ചിരിച്ച് അയാൾ അവർക്കരികിലേക്ക് വന്നു.
വിജയാൻ : എന്നെ വിളിച്ചോ സാർ.
സുനി : നീയെങ്ങനാ വന്നത്.
വിജയൻ : എന്റെ സ്വന്തം ലൂണായിൽ.
സുനി : നീ കള്ളു കുടിച്ചുട്ടുണ്ടോ ?
വിജയൻ : ഉണ്ട് സാർ. ദേ നോക്കിക്കേ.
ബലമായി സുനിയിൽ നിന്നും ബ്രീത്ത് അനലൈസർ വാങ്ങി വിജയൻ പല വിധത്തിൽ ഊതുന്നു. കീ കീ ശബ്ദം. കേട്ട്,
സുനി : എന്നാ പോകാം .
വിജയൻ : എന്തിന് ? എങ്ങോട്ട് ?
ബിജുകുമാർ : കള്ളു കുടിച്ച് വണ്ടിയോടിച്ച് വന്നതിന്.
വിജയൻ : അയ്യോ സാറേ ഞാനല്ല ലൂണാ ഓടിച്ചത്.എന്റെ ഫ്രണ്ട് കുട്ടപ്പനാ വണ്ടിയോടിച്ചത്.
സുനി : ഓഹോ.നീ വിളവെടുക്കുകയാണല്ലേ. നീ വണ്ടിയെടുത്തു കൊണ്ടുവാ.
വിജയൻ : സാറേ മദ്യപിച്ചോണ്ട് വണ്ടിയോടിച്ചാലല്ലേ സാറുമ്മാർക്ക് പിടിക്കാൻ പറ്റു. ഞാനിപ്പോ വരാം.സാറേ. സാറേ സ്റ്റേഷനീന്നെറങ്ങിയിട്ട് രണ്ട് ദിവസം ആയിട്ടില്ല.
സുനി : അറിയാമെടാ. നീ വണ്ടിയെടുത്തോണ്ട് വാ.
വിജയൻ : ഇപ്പ വരാം സാറേ.
വിജയൻ ഒരു ഭാഗത്തേക്ക് നടക്കുന്നു. അവർ റോഡിലൂടെ വരുന്ന രണ്ട് മൂന്നുപേരെകൂടേ ചെക്ക് ചെയ്യുന്നു. വിട്ടയക്കുന്നു.
എന്തോ കണ്ട് ,
ബിജുകുമാർ : സുനി സാറേ. ദാ നോക്കിക്കേ.
പെട്ടി ഓട്ടോയിൽ ലൂണാ കയറ്റി കൂളിംഗ്ലാസ്സ് വെച്ച് അതിൽ ചാരി നിന്ന് സ്റ്റൈലായി വരുന്ന വിജയനെ കാണുന്ന സുനി. ഓട്ടോ ഓടിക്കുന്നത് നല്ല താടിയും മുടിയുമുള്ള ഫ്രീക്കനാണ്. അവർക്കരികിലെത്തുംബോൾ ഓട്ടോയിൽ തട്ടിക്കൊണ്ട്,
വിജയൻ: നിർത്ത് നിർത്ത്....
ഫ്രീക്കൻ ഓട്ടൊ നിർത്തുന്നു.പോലീസുകാരെ നോക്കി ,
വിജയൻ : സാറെ .ദേ ഈ വണ്ടി ഓടിക്കുന്ന മൊതലിനെ കണ്ടൊ. ആ മൊതലിന്റെ താടിയും മുടിയും ഇറക്കിയാൽ 300 രൂപാ കിട്ടും. പെട്ടി ഓട്ടോക്കൂലി 200 രൂപാ കഴിച്ച് 100 രൂപാ മിച്ചം. അത് എനിക്കു ലാഭം.പോട്ടെ സാറുമ്മാരെ.
ഇവനാളു കൊള്ളാമല്ലോയെന്ന വിധം നിൽക്കുന്ന പോലീസുകാർ.
വിജയൻ : ആ വണ്ടി പോട്ടെ.
ഫ്രീക്കൻ വണ്ടിയെടുക്കുന്നു. സ്റ്റൈലായി ചിരിച്ച് പോലീസുകാരെ നോക്കി അകന്നുപോകുന്ന പെട്ടിഓട്ടോയിൽ നിൽക്കുന്ന വിജയൻ.
കട്ട് റ്റു
സീൻ 20 ബി
പകൽ, തങ്കന്റ്റെ വീട്
തങ്കന്റെ വീടിനു മുന്നിലുള്ള റോഡിൽ വന്ന് നിൽക്കുന്ന പെട്ടിഓട്ടോയിൽ നിന്നും ചാടിയിറങ്ങുന്ന വിജയൻ ഫ്രീക്കൻ ഡ്രൈവറോട് ,
വിജയൻ : യേ ബ്രോ ഒന്നു വെയ്റ്റണേ. ഓൺലി ഫൈവ് മിനിട്സ്.
ഫ്രീക്കൻ : ഓക്കെ ബ്രോ.
വിജയൻ അരയിൽ നിന്നും കുപ്പിയെടുത്ത് സ്റ്റൈലിൽ തങ്കന്റെ പറംബിലേക്ക് കയറുന്നു.
കട്ട് റ്റു.
സീൻ 20 സി
പകൽ,
ചീട്ടുകളി സ്ഥലം.
മദ്യക്കുപ്പിയുമായി വരുന്ന വിജയനെ കളി ഒരിട നിർത്തി ഏവരും ഉറ്റു നോക്കുന്നു.
വിജയൻ : എന്താ തിരക്ക് അതിനിടക്ക് ഊതിക്കാൻ വേണ്ടി പോലീസു മാമന്മാര്.ഞാൻ പിടി കൊടുക്കുമോ ഞാൻ ആരു മോൻ.ദാ. എനിക്ക് രണ്ടെണ്ണം ഒഴിച്ചേ.
തങ്കൻ വിജയൻ നീട്ടിയ കുപ്പി വാങ്ങി പൊട്ടിച്ച് ഒരു ഗ്ലാസിൽ മദ്യം കട്ടിക്ക് ഒഴിക്കുന്നുത് പിടിച്ച് മേടിച്ച് വെള്ളം പോലുമില്ലതെ കുടിച്ച്
വിജയൻ ഒന്നു കൂടി ഒഴിക്ക്.
വെള്ള കുപ്പി നീട്ടി,
തങ്കൻ : ഇച്ചിരി വെള്ളം കുടിക്കെടാ.
വിജയൻ കുപ്പി വാങ്ങി വെള്ളം കുടിച്ച് ,
വിജയൻ : ഒന്നു കൂടി ഒഴിക്ക്. പെട്ടിയോട്ടോ വെയ്റ്റ് ചെയ്യണ്.
പൊന്നൻ : പെട്ടിയോട്ടോയോ.
തങ്കൻ ഗ്ലാസ്സിൽ വീണ്ടും മദ്യം ഒഴിക്കുന്നു.
വിജയൻ : ങാ പോലീസിനെ വെട്ടിച്ച് ഞാൻ ലൂണായും കൊണ്ട് പെട്ടി ഓട്ടോയിൽ പോന്നു. ഊതിച്ചാൽ പതിനായിരം കോടുക്കണ്ടേ.
ബഷീർ : വിജയാ.നീ ബുദ്ധിമാനാടാ . ബുദ്ധിമാൻ.
ഗ്ലാസ് വാങ്ങി മദ്യം അകത്താക്കി കയ്യിലിരുന്ന വെള്ളക്കുപ്പിയിൽ നിന്നും വെള്ളം കുടിച്ച്,
വിജയൻ : പിന്നെ 9700 ഞാൻ ലാഭിച്ചില്ലേ.
എമ്മാനുവേലിനോട് ,
തങ്കൻ : കർത്താവേ നീ പോയി തെയ്യാമ്മയോട് കുറച്ച് ബീഫ് ഉലത്തിയത് മേടിച്ചോണ്ട് വാ.
എമ്മാനുവേൽ : ങാ.
അവൻ പേപ്പർ താഴെ വെച്ച് എഴുന്നേൽക്കുംബോൾ ബഷീർ അവനെ അത്ര തൃപ്തിയില്ലാതെ നോക്കുന്നു
കട്ട് റ്റു
സീൻ 20 ഡി
തങ്കന്റെ വീട് , അടുക്കളയിൽ-
ബീഫ് ഉലത്തുന്ന തെയ്യാമ്മ അടുക്കളയിലേക്ക് വരുന്ന എമ്മാനുവേലിനെ കാണുന്നു.
തെയ്യാമ്മ : കളി കഴിഞ്ഞോ.
അവൻ അർത്ഥം വെച്ച് തലയാട്ടി.
എമ്മാനുവേൽ : കളി തുടങ്ങിയിട്ടേയുള്ളൂ...അച്ചായൻ കുറച്ച് ബീഫ് തരാൻ പറഞ്ഞു ടെച്ചിങ്സിനെ.
തെയ്യാമ്മ ബീഫ് പരന്ന തവികൊണ്ടിളക്കി അതിൽ രണ്ടുമൂന്ന് കഷ്ണം ബീഫ് എടുത്ത് ഊതി ചൂടാറ്റി ഒരു കഷ്ണമെടുത്ത് അവന്റെ ചുണ്ടിന് നേരേ നീട്ടി.
തെയ്യാമ്മ : ദാ.വെന്താന്നു നോക്കിക്കേ.
അവൻ തെയ്യാമ്മ നീട്ടിയ ബീഫ് വായിൽ വെച്ചുകൊണ്ട് അവരുടെ വിരലിൽ കുസൃതിയോടെ കടിക്കുന്നു.
തെയ്യാമ്മ : ഹാ നൊന്തു...ഒരടി തരുംങും.
എമ്മാനുവേൽ : ബീഫ് സൂപ്പറായിട്ടുണ്ട്.
അവർ അവനെ ഒരു കൈകൊണ്ട് അടിക്കനോങ്ങുംബോൾ അവൻ ഒഴിഞ്ഞു മാറി പറഞ്ഞു. ദ്വയാർതഥത്തിൽ അവനെ തെയ്യാമ്മ നോക്കി.
തെയ്യാമ്മ : അവരുടെ കൂടെക്കൂടി മൂക്കറ്റം കുടിക്കരുത്. തങ്കച്ചായന് തുടങ്ങി കിട്ടിയാൽ മതി. രാത്രിയിൽ ഒരു വെളിവുമുണ്ടാകില്ല.
അവൻ വെരുതെ ചിരിച്ചു.
തെയ്യാമ്മ : ദാ.കൊണ്ട് പോയി കൊടുക്ക് . ടെച്ചിങ്ങില്ലാതെ കരള് വാട്ടണ്ട.... ദേ കർത്താവേ ...ഞാൻ പറഞ്ഞത് കേട്ടല്ലോ.
പ്ലേറ്റിൽ ബീഫ് എടുത്ത് കൊടുത്ത്, തെയ്യാമ്മ അവനെ ഓർമ്മപ്പെടുത്തി.
എമ്മാനുവേൽ : ഓ.. കേട്ടേ.
അവൻ പ്ലേറ്റുമായി പുറത്തേക്ക് ധൃതിയിൽ നടന്നു.
കട്ട് റ്റു
സീൻ 20 ഈ
പകൽ, മണൽക്കൂനക്ക് മറവിലുള്ള സ്ഥലം
പനമ്പായയിലിരുന്ന് തങ്കനും ബഷീറും പൊന്നനും ചീട്ടുകളി നിർത്തി മദ്യപിക്കുകയാണ്. മൂവരുടേയും കയ്യിൽ മദ്യം നിറഞ്ഞ് ഗ്ലാസ്സുണ്ട്. പകുതിയായ ഫുൾബോട്ടിൽ മദ്യക്കുപ്പിയും രണ്ടു കുപ്പി വെള്ളവും ഒരു ഗ്ലാസ്സും,രണ്ട് കുത്ത് ചീട്ടും പനമ്പായയുടെ നടുവിലുണ്ട്. ബീഫുമായി എമ്മാനുവേൽ അവരുടെ അരികിലെത്തി .
തങ്കൻ : കർത്താവെന്താ വഴിമാറിപ്പോയോ.
ബീഫ് പനമ്പായയിൽ വെച്ച് എമ്മാനുവേൽ തങ്കനിരികെ ഇരുന്നു.
എമ്മാനുവേൽ : ചേച്ചി മെഷിനോ മറ്റോ ആണോ. കറിയാകണ്ടേ അച്ചായാ.
എമ്മനുവേലിന് തെയ്യാമമയോടുള്ള സഹതാപം കണ്ട് ബഷീർ പതിയെ ഒന്നു ചിരിച്ച് കാലി ഗ്ലാസ്സ് കുപ്പിക്കരികിൽ വെച്ച് ഒരു കഷ്ണം ബീഫ് എടുത്ത് വായിലിട്ട് ചവക്കുന്നു. തങ്കനും അതുപോലെ തന്നെ ചെയ്യുന്നു. പൊന്നൻ നാല് ഗ്ലാസ്സുകളിലും മദ്യം ഓരോ പെഗ്ഗു വീതം ഒഴിച്ച് വെള്ള മൊഴിച്ച് നേർപ്പിച്ച് നാലാമത്തെ ഗ്ലാസ്സ് എമ്മാനുവേലിനു നീട്ടി. എമ്മാനുവേൽ മനസില്ലാ മനസ്സ് നടിച്ച് മദ്യ ഗ്ലാസ്സ് വാങ്ങി മദ്യം വലിച്ച് കുടിച്ച് ഗ്ലാസ്സ് പൊന്നനു തിരികെ നീട്ടി.
എമ്മാനുവേൽ : ഒന്നുടെ.
അവൻ നീട്ടിയ ഗ്ലാസ്സ് വങ്ങി പൊന്നൻ ഒരു പെഗ്ഗ് കൂടി ഒഴിച്ച് വെള്ളം ഒഴിച്ച് നേർപ്പിച്ച് എമ്മാനുവേലിന് നീട്ടി. ബഷീറും തങ്കനും എമ്മാനുവേലിന്റെ മദ്യപാന രീതി അല്പം അതിശയോടെ നോക്കിയിരിക്കുകയാണ്. പൊന്നൻ നീട്ടിയ ഗ്ലാസ്സ് വാങ്ങി പഴയതു പോലെ തന്നെ മദ്യം അകത്താക്കി ഗ്ലാസ് തിരികെ പനംബായിൽ വെച്ച് ഒരു കഷ്ണം ബീഫ് എടുത്ത് രുചിച്ച് ചവച്ചു.
എമ്മാനുവേൽ : ഹാ...പൊളി ടേസ്റ്റ്.
ബഷീർ : തെയ്യാമ്മ ചേച്ചിക്ക് അണ്ടർകട്ടേ ഞാൻ കൊടുക്കത്തൊള്ളു.
എമ്മാനുവേൽ വീണ്ടും ഒരു കഷണം ബീഫ് എടുത്ത് കഴിച്ചു.
എമ്മാനുവേൽ : അണ്ടർ കട്ട് നല്ലതാ.
തങ്കൻ : തെയ്യാമ്മക്ക് ബീഫ് ഫ്രൈ വെക്കാൻ ഒരു കൈപ്പുണ്ണ്യമുണ്ട്.
എമ്മാനുവേൽ : ബഷീറിക്കാ. നമ്മള് തെക്കോട്ട് പോയാൽ ഇപ്പറയുന്ന ബീഫ് വിശ്വസിച്ച് കഴിക്കൻ പറ്റത്തില്ല .നൈസായിട്ട് പട്ടിയിറച്ചി കേറ്റി വിടും.
ഒരു കഷ്ണം ബീഫ് കഴിച്ച് പൊന്നൻ നെറ്റി ചുളിച്ച് എമ്മാനുവേലിനെ നോക്കി.
പൊന്നൻ : കർത്താവേ . വെറുതെ വിടുവാ പറയല്ലേ.
ചീട്ട് കുത്തെടുത്ത് ഓരോ ചീട്ട് നാലു പേർക്കും വിളംബുന്നതിനിടയിൽ പൊന്നനുത്തരമായി എമ്മാനുവേൽ നിസ്സരതയോടെ പറഞ്ഞു.
എമ്മാനുവേൽ : സത്യം ചേട്ടാ .ഇനീപ്പോ എന്തിറച്ചിയും ബീഫിന്റെ കൂടേ നൈസായിട്ട് ചേർത്താൽ ആരെങ്കിലും അറിയുമോ. അറിയുമോ ഇക്കാ?.
ഗ്ലാസ്സെടുത്ത് മദ്യം കുടിച്ചു കൊണ്ടിരുന്ന ബഷീറിനെ തട്ടി എമ്മാനുവേൽ ചോദിച്ചു. മദ്യം കുടിച്ച് തലകുടഞ്ഞ് ബഷിർ അല്പം തീക്ഷണതയോടെ എമ്മാനുവേലിനെ നോക്കി.
ബഷീർ : അങ്ങനെയുള്ള ഒരറാമ്പെറപ്പും ഞാൻ ചെയ്യില്ല.
എമ്മാനുവേൽ : അല്ല. ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ.
പൊന്നൻ എമ്മാനുവേലിനെ നോക്കി.
പൊന്നൻ : ഒന്ന് കൂടി ഒഴിക്കട്ടെ.
എമ്മാനുവേൽ : കൊറച്ചല്ലേയുള്ളൂ .അതു നാലായിട്ട് ഒഴിച്ച് തീർത്തേക്ക്.
പൊന്നൻ മിച്ചമുണ്ടായിരുന്ന മദ്യം നാലായിട്ട് ഗ്ലാസ്സുകളിൽ ഒഴിക്കുന്നു. എല്ലാവരുടേയും മുന്നിൽ ഓരോ ചീട്ട് കണ്ട് തങ്കൻ എമ്മാനുവേലിനെ നോക്കുന്നു.
തങ്കൻ : കർത്താവെന്തിനാ ഓരോ ചീട്ട് വിളംബി ഇട്ടിരിക്കുന്നത്?.
എമ്മാനുവേൽ : അതൊരു മാജിക്ക് കാണിക്കാനാ. നിങ്ങളാ ചീട്ടിങ്ങു തന്നേ. ഹാ താന്നേ.
അവർ ചീട്ട് എമ്മാനുവേലിനു നൽകി.അതെടുത്ത് അവൻ കുത്തിന്റെ മുകളിൽ വെച്ചു.
തങ്കൻ : അപ്പോ മാജിക്കില്ലെ.
എമ്മാനുവേൽ : മാജിക്കിനു ഒരു മൂടില്ല...ദേ ഞാൻ അടി നിർത്തി.
വെള്ളമൊഴിച്ച് നേർപ്പിച്ച് പൊന്നൻ ഗ്ലാസിൽ വെച്ചിരുന്ന മദ്യം എമ്മാനുവേൽ ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ്സ് കമഴ്ത്തി തങ്കനെ നോക്കി .
എമ്മാനുവേൽ : അപ്പഴേ എന്റെ താമസസ്ഥലത്തിന്റെ കാര്യം എന്തായി .എനിക്ക് എഴുത്ത് തുടങ്ങാനുള്ളതാ.
തങ്കൻ : ങാ ഞാനത് മറന്നു. (ബഷീറിനെ നോക്കി) ബഷീറേ . കർത്താവ്നു പറ്റിയ ഒരു ചെറിയ സെറ്റപ്പുള്ള വീട് വേണം വാടകക്ക്.
പൊന്നൻ : നമ്മുടെ പ്രാന്തൻ തോമ്മാച്ചന്റെ വീട് നോക്കിയാലൊ.
തങ്കൻ : അത് ബഷീറിന്റെ കസ്റ്റഡിയിൽ ത്തന്നെയല്ലേ..അതു നോക്കിയാപ്പോരേ ബഷീറേ.
എമ്മാനുവേൽ : പ്രാന്തൻ തോമ്മാച്ചനെന്നു പറയുംബോൾ.
പൊന്നൻ : അയാളൊന്നും ജീവിച്ചിരിപ്പില്ലന്നേ.
എമ്മാനുവേലിനോട് പൊന്നൻ നിസ്സരതയിൽ പറഞ്ഞു.
ബഷീർ : നിങ്ങൾ കരുതണപോലെ വലിയ സൌകര്യമൊന്നും ഇല്ലവിടെ. അല്ലെങ്കിൽ തന്നെ സത്യൻ മാഷിനെയല്ലേ അവര് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഞാൻ വെല്ലപ്പോഴും അതു തുറന്ന് മാറാല അടിക്കുമെന്നല്ലാതെ...!
തങ്കൻ : കർത്താവേ... നാളെ നമ്മുക്ക് മാഷിനെയൊന്നു പോയി കാണാം.കുറച്ച് ദിവസത്തേക്കല്ലേ വലിയ സൌകര്യമൊന്നും വേണ്ടല്ലോ.
എമ്മാനുവേൽ : മതി അച്ചായാ.
മറ്റ് മൂവരും ഒരുമിച്ച് ഗ്ലാസ്സെടുത്ത് മദ്യ കഴിക്കുംബോൾ എമ്മാനുവേൽ ചീട്ടിലെ മുകളിലത്തെ നാലു ചീട്ടുകൾ എടുത്ത് ദുരൂഹതയോടെ തന്റെ പോക്കറ്റിലേക്കിടുന്നു.
കട്ട്
(തുടരും)
ഭാഗം 14
സീൻ 21
രാത്രി, തങ്കന്റെ വീട്.
പുറത്ത് വെളീച്ചമില്ല.ആകാശത്ത് മിന്നലും ചെറിയ ഇടിമുഴക്കവും കേൾക്കാം. ഒരു മുറിയിൽ വെളിച്ചമുണ്ട്. അകത്ത്, പാതി ചാരിയ മുറിയിൽ മേശയിൽ ലാപ് ടോപ്പ് ഓണാക്കി വെച്ച് എമ്മാനുവേൽ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നു.
സ്റ്റാറ്റസ് : “കണ്ണുകൾക്ക് തിമിരം ബാധിച്ചാലും സത്യം മാഞ്ഞു പോകുന്നില്ല.”
ആ സ്റ്റാറ്റുസ് അപ്ഡേറ്റ് ചെയ്ത് എമ്മാനുവേൽ തന്റെ എമ്മൂച്ചൻ എന്ന പേജിലൂടെ കടന്നു പോകുന്നു.ഫ്രണ്ട്സ് ലിസ്റ്റിൽ ശ്രീ ലക്ഷ്മിയുടെ ഡി.പി കണ്ട് ചിരിച്ച് റിക്വെസ്റ്റ് അക്സപ്റ്റ് ചെയ്യുന്നു
കട്ട് റ്റു
തെയ്യാമ്മയുടെ മുറി. ഹാളിൽ ക്രിസ്തുരൂപത്തിൽ തൂക്കിയിട്ടുള്ള സീരിയൽ ലൈറ്റിന്റെ ചിമ്മുന്ന വെളിച്ചത്തിൽ കൂർക്കം വലിച്ച് മലർന്നു കട്ടിലിൽ കിടക്കുന്ന തങ്കനെ കാണാം. ഉറങ്ങാതെ അസ്വസ്ഥതയോടെ അരികെ കിടക്കുന്ന തെയ്യാമ്മ ശബ്ദം ഉണ്ടാക്കാതെയെഴുന്നേറ്റ് സാവധാനം എമ്മാനുവിലിന്റെ മുറിയിലേക്ക് നടന്നു.
ലാപ്പിൽ ടൈപ്പ് ചെയ്യുന്ന എമ്മാനുവേൽ വാതിലോരം തെയ്യാമ്മയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. അസ്വസ്ഥനായ അവന്റെ തൊണ്ട വരണ്ടു.
തെയ്യാമ്മ അകത്തേക്ക് കയറി വാതിൽ ചാരി വശ്യതയോടെ അവനെ നോക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
തെയ്യാമ്മ : ഉറങ്ങുന്നില്ലേ ?
എമ്മാനുവേൽ : ഉറങ്ങണം .
തെയ്യാമ്മ ലാപ്ടോപിലെ കീബോർഡിൽ വിരലോടിച്ച് നോക്കി.
തെയ്യാമ്മ : കമ്പ്യൂട്ടറൊക്കെഉണ്ടാരുന്നോ..എഴുതാനിതൊക്കെ വേണമല്ലേ.
എമ്മാനുവേൽ : കമ്പ്യൂട്ടറല്ല. ലാപ്ടോപ്പ്. ( ഭയന്ന് ശബ്ദം താഴ്ത്തി) തങ്കച്ചായൻ ...?
തെയ്യാമ്മ : നല്ല ഉറക്കത്തിലാ. (അവന്റെ കരതലം കവർന്ന്) ഇവിടുന്ന് പോണോന്നുണ്ടോ.
അവരുടെ കയ്യിൽ നിന്നും തന്റെ കൈ സ്വതന്ത്രമാക്കി എമ്മാനുവേൽ ആലോചനയോടെ എഴുന്നേറ്റു.
എമ്മാനുവേൽ : നമ്മൾക്കിടയിൽ അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ അത് തെറ്റല്ലേ.?
തെയ്യാമ്മ : ശരിയും തെറ്റും ദൈവത്തിനു മുന്നിൽ അല്ലേ. മനസ്സാക്ഷിയുടെ മുന്നിൽ ഇപ്പോൾ ശരികൾ മാത്രമേയുള്ളൂ.
അവൾ കാമ വിവശതയോടെ അവനെ മാറിലേക്ക് ചേർത്ത് കട്ടിലിലേക്ക് വീണ് കെട്ടിപ്പുണർന്നു. മിന്നൽ വെളിച്ചത്തിൽ അവരുടെ നിഴലാട്ടം. മേശയിൽ ഓണായിരുന്ന ലാപിന്റെ ഡിസ്പ്ലേയുടെ വെളിച്ചം മാഞ്ഞുപോകുംബോൾ തെയ്യാമ്മ എമ്മാനുവേലിന്റെ മാറിലേക്ക് തലവെച്ച് ഒരു കൈകൊണ്ട് കെട്ടിപ്പിടിച്ച് കിടക്കുന്നത് മിന്നൽ വെളീച്ചത്തിൽ കാണാം.
എമ്മാനുവേൽ : കൊറേ പേർക്ക് കുഞ്ഞ്ങ്ങളില്ലാത്തതിന്റെ വേദന... ഒരു കുഞ്ഞ് നഷ്ടപ്പെടുംബോൾ ഒരമ്മക്കുണ്ടാകുന്ന വേദനയറിയുമോ?
തെയ്യാമ്മ : നീയെന്താ ഇപ്പോ ഇതൊക്കെ പറയുന്നത്.
അവന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ അവൾ വിരലുകൾ ഓടിച്ചു.
എമ്മാനുവേൽ : കാണാതായഅനുമോന്റെ അമ്മയെക്കുറിച്ച് ഓർക്കുകയായിരുന്നു.
തെയ്യാമ്മ : പോയതു പോയി . ആ കുഞ്ഞിനെയോർത്ത് ദു:ഖിക്കാനല്ലേ പറ്റു.
തെയ്യാമ്മയുടെ ഉത്തരം കേട്ട് ഉദ്വേഗത്തോടെ എഴുന്നേറ്റ് തലയിണയിൽ ചാരി ഇരുന്ന് അവരെ അവൻ നോക്കി.
എമ്മാനുവേൽ : അനുമോൻ മരിച്ചു പോയെന്നാണോ ..?
തെയ്യാമ്മ എണീറ്റ് വസ്ത്രം നേരെയാക്കി മുടി കെട്ടി വെച്ച് അവനെ നോക്കി.
തെയ്യാമ്മ : എന്താ നീയിങ്ങനെ നോക്കുന്നത് ?
എമ്മാനുവേൽ : പറ..അനുമോൻ മരിച്ചു പോയോ...?
തെയ്യാമ്മ: എനിക്കെങ്ങനെ അറിയാം. വർഷം ഒന്നാകാൻ പോകുന്നില്ലേ... നീയതുമിതും ഓർക്കാതെ കിടന്നുറങ്ങാൻ നോക്ക്.
നിസ്സാരതയിൽ കാപട്യം മറക്കാൻ അവർ ശ്രമിച്ചു.വിഷമം അഭിനയിച്ച്,
എമ്മാനുവേൽ : ഞാൻ തെറ്റു ചെയ്തു. ഞാൻ പാപിയാണ് . എനിക്ക് കുംബസാരിക്കണം.
തെയ്യാമ്മ : ദേ കുംബസാരിക്കുംബോൾ എന്റെ പേരൊന്നും പറഞ്ഞേക്കരുത്.
എമ്മാനുവേൽ : ചേച്ചി കുംബസാരിക്കില്ലേ.
തെയ്യാമ്മ : അതാ പറഞ്ഞത്. ഞാൻ വർഷത്തിൽ രണ്ടു പ്രാവശ്യമേ കുംബസാരിക്കത്തൊള്ളു.ക്രിസ്തുമസ്സിനും, ഈസ്റ്ററിനും. അതും വേറേ പള്ളിയിൽ നിന്നും വരുന്ന അച്ചന്മാരോട്മാത്രം.. അതാവുംബോ നമ്മളെ തിരിച്ചറിയില്ലല്ലൊ.
അത് കേട്ട് ആലോചനയോടെ എമ്മാനുവേൽ മുഖം തിരിക്കുന്നു. ആ സമയം ശക്തമായ ഒരിടിയും മിന്നലും ആകാശത്ത് വീഴുന്നു.
കട്ട്
സീൻ 22
പകൽ, സഖാവ് സത്യൻ മാഷിന്റെ വീട്
സത്യൻ പതിവായിട്ട് ഇരിക്കാറുള്ള വരാന്തയുടെ ഭാഗം. റേഡിയോയിൽ എഫ്.എം മോണിംഗ് സെലക്ഷൻ സോംഗ്സ് തുടരുന്നു. അതാസ്വദിച്ച് കോച്ചിയിൽ ചാരി കിടക്കുകയാണ് സത്യൻ. വരാന്തയുടെ വശത്തുള്ള മുറ്റത്ത് പൈപ്പിൽ നിന്നും ഹോസിലൂടെ വരുന്ന വെള്ളം ഉപയോഗിച്ച് ബുള്ളറ്റ് വൃത്തിയാക്കുകയാണ് ലക്ഷ്മി.കുറച്ചകലെ ബക്കറ്റിൽ നിന്നും തുണിയെടുത്ത് അയയിൽ വിരിക്കുകയാണ് ഭദ്ര.
ലകഷ്മി ബുള്ളറ്റിൽ നിന്നും ഹോസ് മാറ്റി ഭദ്രേടത്തിയെ നോക്കി.
ലകഷ്മി : ഭദ്രേടത്തി പൈപ്പൊന്നു പൂട്ടിയേക്കാമോ ?
ഭദ്ര : പുട്ടിയേക്കാം മോളെ.
അവർ അയയിൽ തുണി വിരിക്കൽ നിർത്തി അടുക്കളയുടെ ഭാഗത്തേക്ക് പോയി പൈപ്പ് പൂട്ടി തിരികെ വന്ന് തന്റെ പ്ര്വൃത്തിയിൽ മുഴുകുന്നു.ലക്ഷ്മി തുണികൊണ്ട് ബുള്ളറ്റിലെ വെള്ളം തുടച്ച് ഉണക്കാൻ തുടങ്ങി. കോച്ചിയിൽ ഇരുന്ന് മുന്നോട്ടാഞ്ഞ് സത്യൻ അവളെ നോക്കി പറഞ്ഞു.
സത്യൻ : വണ്ടി സർവ്വീസ് സെന്ററിൽ കൊടുത്തിരുന്നേ ഇത്രവലിയ കഷ്ടപ്പാടുണ്ടായിരുന്നോ മോളെ.
ലക്ഷ്മി : സർവ്വീസ് സെന്ററീ കൊടുത്താ പറയണ സമയത്ത് കിട്ടില്ലച്ഛാ.
സത്യൻ : അതും ശരിയാ.പണിയില്ലെങ്കിലും പണിയാണെന്നു കാണിക്കാൻ വെച്ചോണ്ടിരിക്കും.
ഭദ്ര തുണിവിരിച്ചിട്ട് പിന്നംബുറത്തേക്ക് പോയിരുന്നു. തങ്കനും എമ്മാനുവേലും മുറ്റത്തു നിന്നും വരുന്നത് ശ്രീലക്ഷ്മി കണ്ട് തന്റെ പ്രവൃത്തി നിർത്തി.
ലക്ഷ്മി : തങ്കച്ചായൻ . ഓ .. വാ.കർത്താവുമുണ്ടല്ലോ.
അടുത്തെത്തിയ തങ്കനെ സഖാവ് സത്യൻ തിരിച്ചറിഞ്ഞ്.അയാളുടെ കൂടെയുള്ള ആളെ തിരിച്ചറിയാതെ സത്യൻ ലക്ഷ്മിയെ നോക്കി.
ലക്ഷ്മി : അച്ഛാ .ഇത് എമ്മാനുവേൽ . പോലീസ് സ്റ്റേഷനീന്ന് ജാമ്യത്തിലിറക്കിയ നാലാമൻ.വലിയ ബ്ലോഗറും കഥയെഴുത്തുകാരനുമൊക്കെയാ.
സത്യൻ : ങാ.വാ.കേറി വാ.
ലക്ഷ്മി :കയറി ഇരിക്കു.
അവർ തിണ്ണയിലേക്ക് കയറി അരപ്ലേസിലിരുന്നു.അവരുടെ പിന്നാലെ തിണ്ണയിലേക്ക് കയറിയ ലക്ഷ്മി അരയിൽ കെട്ടിയിരുന്ന ഷാൾ അഴിച്ച് തോളിലിട്ട് അടുത്തുള്ള വാതിൽ കട്ടിളയിൽ ചാരി നിന്നു. സത്യൻ റേഡിയോയുടെ വോളിയം കുറച്ചു.
സത്യൻ : ഒരു കാലിനല്പം ബലക്കുറവുണ്ട്. വാതത്തിന്റെയാ. വെറുതെയിരിക്കുംബോ റേഡിയോയാ കൂട്ട്.
അതുകേട്ട് അവർ ഒന്ന് ചിരിച്ച് തലയാട്ടുന്നു. ലക്ഷ്മിയെ നോക്കി,
തങ്കൻ : മോള് ബുള്ളറ്റ് തൊടച്ച് വൃത്തിയാക്കുവാരുന്നല്ലേ.വന്നത് ബുദ്ധിമുട്ടായോ?
ലക്ഷ്മി : അതൊന്നും സാരമില്ല .
സത്യൻ : തങ്കന്റെ താറാ കൃഷിയൊക്കെ എങ്ങനെ ?
തങ്കൻ : കഴിഞ്ഞ വർഷത്തെ പക്ഷിപ്പനിയിൽ കൊറേണ്ണം ചത്തൊടുങ്ങി.ബാക്കിയുള്ളതുകൊണ്ട് അങ്ങനെയങ്ങ് പോണു.
സത്യൻ : ഇക്കാലത്ത് സാധാരണക്കാരന് ജീവിവിക്കാൻ വലിയ പ്രയാസാ.പിന്നെ സർക്കാരു നമ്മുടേതായതുകൊണ്ട് ആശ്വാസം.
തങ്കൻ : അതു ശരിയാ.
എമ്മാനുവേലിനെ സത്യൻ ഒന്നു നോക്കി.
സത്യൻ : ചീരപ്പഞ്ചിറയെക്കുറിച്ച് എന്തോ പഠനം നടത്താൻ എത്തിയതാണെന്ന് മോള് പറഞ്ഞു.
എമ്മാനുവേലതിനു മറുപടിയായി ചിരിക്കുന്നു.
സത്യൻ : നാട് എവിട്യാ.
എമ്മാനുവേൽ : ഇടുക്കി ചെറുതോണിയില് .
സത്യൻ : ഇടുക്കിയിലെ തോട്ടം തൊഴിലാളികളെ ബോധവത്ക്കരിക്കാനൊക്കെ വന്നിട്ടുണ്ട്. ചെറുപ്രായത്തില്. അതൊരു കാലം.
അവർ അതുകേട്ട് വെറുതെ ചിരിക്കുന്നു.
തങ്കൻ : മോളിന്ന് പഞ്ചയാത്തില് പോണില്ലേ.
ലക്ഷ്മി :ഇല്ല...എനിക്ക് ക്രൈംബ്രാഞ്ച് ഓഫീസു വരെ പോണം. അനുമോന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട്.
അല്പം നിരാശയിൽ,
സത്യൻ : ഒരു വർഷമാകാറായി. അനുമോൻ എവിടെയാണെന്നോ എന്ത് പറ്റിയെന്നോ ആർക്കറിയാം.
ഒരിട ഏവർക്കും ഇടയിൽ മൌനം.മൌനം ഭേദിച്ച് ,
ലക്ഷ്മി : അച്ചായനെന്താ പതിവില്ലാതെ.
തങ്കൻ : ഇവന് താമസിക്കാൻ പറ്റിയ ഒരു സ്ഥലം തരപ്പെടുത്തണം. നമ്മുടെ തോമ്മാച്ചന്റെ മക്കള് ആ വീട് നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത് സഖാവിനെയല്ലേ. അതു കിട്ടിയിരുന്നെങ്കിൽ.
ഒന്നു സംശയിച്ച്,
സഖാവ് : തോമ്മാച്ചന്റെ വീടോ?.
ലക്ഷ്മി : അത് എമ്മാനുവേലിന് ശരിയാകുമോ.
സത്യൻ : അവിടെ സൌകര്യമൊന്നും അത്രക്കില്ല.
എമ്മാനുവേൽ : അതൊന്നും സാരമില്ല. കുറച്ച് ദിവസം താമസിക്കാനൊരു സ്ഥലം.
സത്യൻ : അതു മതിയെങ്കിൽ. ബഷീറാണു ആ വീടിന്റെ ചുറ്റുപാടൊക്കെ നോക്കുന്നത്. (ലക്ഷ്മിയോട്) അവൻ താക്കോല് കൊണ്ടുപോയിട്ട് കൊണ്ടു വന്നാ മോളെ.
ലക്ഷ്മി :എന്റെ കയ്യിൽ കിട്ടിയില്ലച്ഛാ.
സത്യൻ : തെങ്ങ് നനക്കാൻ, മോട്ടറിന്റെ സ്വിച്ച് അകത്താ.അതിനു മേടിച്ചതാ.മോളെ ബഷീറിനെ വിളിച്ച് താക്കോലു കൊണ്ടു വരാൻ പറയണേ.
ലക്ഷ്മി :ശരി അച്ഛാ.
തങ്കൻ : വാടകയെന്താന്നു വെച്ചാ.
സത്യൻ : അതു സാരമില്ല.കുറച്ച് ദിവസത്തേക്കല്ലേ.
എമ്മാനുവേലും തങ്കനും നന്ദിയോടും ബഹുമാനത്തോടും എഴുന്നേൽക്കുന്നു.
തങ്കൻ :എന്നാൽ ഞങ്ങളങ്ങോട്ട്.
ലക്ഷ്മിയേയും സത്യനേയും നോക്കി ചിരിച്ച് അവർ തിണ്ണയിറങ്ങി നടക്കുംബോൾ പിന്നിൽ നിന്നും ലക്ഷ്മിയുടെ ശബ്ദം.
ലക്ഷ്മി : കർത്താവേ ഒന്നു നിന്നേ.
അവർ നിന്നു തിരിഞ്ഞു നോക്കുംബോൾ ലക്ഷ്മി അവർക്കരികിലെത്തിയിരുന്നു.എന്തോ അർത്ഥം വെച്ച് എമ്മാനുവേലിന്റെ കണ്ണുകളിൽ നോക്കി,
ലക്ഷ്മി : “ കണ്ണുകൾക്ക് തിമിരം ബാധിച്ചാലും സത്യം എന്നും മായാതെ നിൽക്കും.”
എമ്മാനുവേൽ : അതുവെറുതെ ഒരു സ്റ്റാറ്റസ് ഇട്ടതാ.
ലക്ഷ്മി : ഞാനിന്ന് ചീരപ്പഞ്ചിറക്ക് പോകുന്നുണ്ട്.ഒരു സ്പെഷ്യൽ ക്ലാസ്സ്. സമയമുണ്ടെങ്കിൽ പോര്. ഗവേഷണവുമാകാം.
തങ്കൻ : ഹാ.അതു നന്നായല്ലോ.
എമ്മാനുവേൽ : ഓകെ.ഞാൻ റെഡി.
ലക്ഷ്മി : എന്നാ കറക്റ്റ് പതിനൊന്നുമണിക്ക് കുരിശടിക്കു മുന്നിൽ റെഡിയായി നിന്നോ.
തന്റെ ഒരു കൈയുടെ തംബ് കാണിച്ച്,
എമ്മാനുവേൽ : ഡൺ.
ചിരിയോടെ അവൾ തിരിഞ്ഞു നടക്കുന്നു.
കട്ട്
(തുടരും)
ഭാഗം 15
സീൻ 23
പകൽ, പള്ളി കുരിശടി
മാതാവിനു മുന്നിൽ മെഴുകുതിരി കത്തിച്ച് കുരിശുവരച്ച് പ്രാർത്ഥിക്കുന്ന എമ്മാനുവേൽ. കുരിശടിക്കു മുന്നിൽ ബുള്ളറ്റിൽ വന്ന് നിന്ന് ലക്ഷ്മി ഹോണടിക്കുന്നു. ലക്ഷ്മിയെ കണ്ട് പ്രാർത്ഥന നിർത്തി തിരിഞ്ഞ് എമ്മാനുവേൽ അവൾക്കരികിലെത്തി അവൾ പറഞ്ഞ പ്രകാരം ബുള്ളറ്റിൽ കയറി. ബുള്ളറ്റ് നിരത്തിലൂടെ പതിയെ മുന്നോട്ട് നീങ്ങി.
ഗാനം – പരസ്പരം ആരെന്നറിയാതെ സൌഹൃദത്തിന്റെ കൂടൊരുക്കുന്ന രണ്ടുപേരുടെ സഞ്ചാരമാണ് ഗാനത്തിനാധാരം.
ബിൽഡപ് ഷോട്സ്.
ചീരപ്പൻ ചിറയിൽ കുട്ടികൾക്ക് കളരി ക്ലാസ്സ് നടത്തുന്ന ലക്ഷ്മി. ചീരപ്പൻചിറ ചുറ്റിക്കറങ്ങി ഫോട്ടോസ് എടുക്കുന്ന എമ്മാനുവേൽ. ലക്ഷ്മിയോടൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിൽ പോകുന്ന എമ്മാനുവേൽ ലക്ഷ്മിയുടെ കോളേജിലെ സീനിയറും സുഹൃത്തും ഡി.വൈ.എസ്.പി.യുമായ ദിനകറിനെ പരിചയപ്പെടുന്നു. ലക്ഷ്മിയെ ഫോറൻസിക് ബ്യൂറോയിൽ കൊണ്ടു പോയി എമ്മാനുവേൽ തന്റെ സുഹൃത്തായ നിവിൻ തോമസിനെ അവൾക്ക് പരിചയപ്പെടുത്തുന്നു. എമ്മാനുവേലും ലക്ഷ്മിയും ബീച്ചിൽ പോകുന്നു. ഉല്ലാസം പങ്കിടുന്ന നിമിഷങ്ങൾ.
ഗാനാവസാനം-
ബീച്ച് റോഡിൽ ബുള്ളറ്റ് സ്റ്റാർട്ടാക്കിയിരിക്കുന്ന ലക്ഷ്മിയോട്,
എമ്മാനുവേൽ : വേണോങ്കീ ബുള്ളറ്റ് ഞാൻ ഓടിക്കാം.
കളിയാക്കും വിധം അവനെ നോക്കി ചിരിച്ച്,
ലക്ഷ്മി : കർത്താവിന് സ്ത്രീ ശാക്തീകരണം ഇഷ്ടാല്ലല്ലേ .
എമ്മാനുവേൽ :അങ്ങനൊന്നുമില്ല.
ലക്ഷ്മി : എന്നാ കേറ്.
അവൻ ചിരിയോടെ ബുള്ളറ്റിൽ അവളുടെ പിന്നിൽ കയറി ഇരിക്കുന്നു.
ബുള്ളറ്റ് മുന്നോട്ട്.
കട്ട്
സീൻ 24
രാത്രി
വെളിംപ്രദേശത്തോട് ചേർന്നു നിൽക്കുന്ന തൊട്ടടുത്തുള്ള രണ്ട് ഇടത്തരം വീടുകൾ
അതിലൊന്ന് ബഷീറിന്റെ വീടാണ്. രണ്ടാമത്തേതു പ്രാന്തൻ തോമ്മാച്ചന്റേയും.അത് ഇരുട്ട് മൂടി കിടക്കുകയാണ്.ആകാശത്തിടക്കിടെയുണ്ടാകുന്ന മിന്നലിന്റെ വെളിച്ചത്തിൽ തോമ്മച്ചന്റെ വീട് കാണാം. ബഷീറിന്റെ വിടിനുമുന്നിലെ ബൾബ് ലൂസ് കണക്ഷനെന്നതു പോലെ ഇടക്കിടെ തെളിഞ്ഞും കെട്ടും നിൽക്കുന്നു. തുറന്നു കിടക്കുന്ന മുൻവാതിലിലൂടെ ദൃശ്യം അകത്തേക്കു കടക്കുംബോൾ -
മുൻപിലത്തെ മുറിയിൽ ഒരു ചെറിയ റ്റീവി സ്റ്റാൻഡിൽ പഴയ ടി.വി ഓണായിരിക്കുന്നു. അതിൽ സമദാനിയുടെ പ്രഭാഷണം നടക്കുകയാണ്. ദൃശ്യം പിന്നോട്ട് നീങ്ങി വികസിക്കുംബോൾ അടുക്കളയും മുൻപിലത്തെ മുറിയുമായി വേർതിരിക്കുന്ന ഭിത്തിയിലെ മൂന്ന് എയർ ഹോളിലൂടെ അടുക്കളയിലെ വെളിച്ചം കാണാം: അടുക്കളയിലേക്കുള്ള ഓപ്പണിംഗ് തുറന്ന് തന്നെയാണെങ്കിലും. ദൃശ്യം കേന്ദ്രീകരിച്ച് നിൽക്കുന്നത് കട്ടിലിൽ കിടക്കുന്ന അത്തറുമ്മായെയാണ്. കൈലിമുണ്ടും ചട്ടയുമാണ് ആ പടു വൃദ്ധയായ ഉമ്മയുടെ വേഷം. കണ്ണുകൾ തുറന്ന് കിടക്കുന്ന അവർ പ്രഭാഷണം കേൾക്കുന്നുണ്ടെന്ന് തോന്നും. ദൃശ്യം പതിയെ അടുക്കളയിലേക്ക് നീങ്ങുംബോൾ -
അടുക്കളയിൽ അടുപ്പ് പാതകത്തിൽ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന പാത്രങ്ങൾ, അഴുക്കു പിടിച്ച ഗ്യാസ് സ്റ്റൌ കുടുംബിനിയുടെ അസാന്നിദ്ധ്യം വിളിച്ച് പറയുന്നു.
കലത്തിൽ നിന്നും തവി കൊണ്ട് കഞ്ഞിയും ചട്ടിയിൽ നിന്നും തോരനും വിളംബുന്ന ബഷീറിനെ നോക്കി അടുക്കള വാതിൽക്കൽ ഇരിക്കുന്ന ഒരു പൂച്ച കരയുന്നു.
അച്ചാറു കുപ്പി തുറന്ന് ഉമ്മയുടെ മുറിയിലേക്ക് നോക്കി,
ബഷീർ : ഉമ്മാ, കൊറച്ച് അച്ചാറ് വെക്കട്ടെ.
ഉമ്മയുടെ മുറിയിൽ നിന്നും ഉമ്മയുടെ ഞരക്കം കേൾക്കാം .
ഉമ്മ : ഉം .
സ്നേഹം നടിച്ച് സ്വയം പറയുന്ന,
ബഷീർ : ഉമ്മേടെ കാര്യം .കൊച്ചു കുട്ടികളെപ്പോലെ.
ബഷീർ കഞ്ഞി പാത്രത്തിൽ അച്ചാറു വിളംബി അതിൽ ആ സ്പൂൺ തന്നെയിട്ട് കഞ്ഞി പാത്രവുമായി മുറിയിലേക്ക് നടന്നു. ഉമ്മയുടെ അരികിലെത്തി കഞ്ഞിപാത്രം കട്ടിലനരികെ ഇട്ടിരുന്ന ടീപ്പോയിൽ വെച്ച് ഉമ്മയെ പതിയെ താങ്ങി എണീപ്പിക്കുന്ന,
ബഷീർ : എണിക്കുമ്മാ.
അവർ കാല് താഴ്ത്തിയിട്ട് കട്ടിലിൽ ഇരുന്നു. മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ,
ബഷീർ : ഇതാരാ വാതിലു തുറന്നിട്ടത്.ഉമ്മയാണോ?.
ബഷീർ നടന്ന് ചെന്ന് വാതിലടച്ച് തിരികെ ഉമ്മക്കരികെ കട്ടിലിലിരുന്ന് കഞ്ഞി പാത്രം എടുത്ത് അവർക്ക് ഒരു സ്പൂൺ കഞ്ഞി വാരി കൊടുക്കുന്നു.
ബഷീർ : കഞ്ഞി കുടിക്കുമ്മാ.
അവർ അവൻ വരികൊടുത്ത കഞ്ഞി കുടിക്കുന്നു. കഞ്ഞി വാരി ഒടുക്കുന്നതിനിടയിൽ ശബ്ദം താഴ്ത്തി ഉമ്മക്ക് കേൾക്കും വിധം,
ബഷീർ : ഉമ്മാ എന്നെയിങ്ങനെയെത്ര നാളു കഷ്ടപ്പെടുത്തും. ഉമ്മയുള്ളിടത്തോളാം കാലം ജമീലയിങ്ങോട്ട് വരില്ല. വലിയ പെരുന്നാളിന് മുൻപെങ്കിലും പുതിയ വീടിന്റെ പണിതീർത്ത് താമസം തുടങ്ങണം. അവിടേയും ഉമ്മയുണ്ടെങ്കിൽ ജമീല വരില്ല.
ഓരോ പ്രാവശ്യം കഞ്ഞി വായിൽ വെച്ചു കൊടുക്കുംബോഴും ബഷീർ പറഞ്ഞു കൊണ്ടിരുന്നു. ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അതു കണ്ട് ഉമ്മയുടെ കണ്ണുകൾ തുടച്ച്,
ബഷീർ : കരയാൻ പറഞ്ഞതല്ലുമ്മാ.
അവൻ വീണ്ടും കഞ്ഞി വാരിക്കൊടുത്ത് ഒരിട മൌനമിട്ട് ഉമ്മയോട് ,
ബഷീർ : ഉമ്മാക്കു പടച്ചോനോട് ഒന്നു പറയാന്മേലെ എന്നെ ബുദ്ധിമുട്ടിക്കാതെ നേരത്തെയൊന്നു വിളിക്കാൻ.
അവൻ വീണ്ടും കഞ്ഞി കൊടുത്തപ്പോൾ അവർ അതു തട്ടിമാറ്റി. അവനു ദേഷ്യം വന്നു.
ബഷീർ : കഞ്ഞി വച്ചു വാരിക്കോരി തരുന്നതും പോരാഞ്ഞിട്ട് വെടക്കത്തരം കാണിക്കുന്നോ.. ദാ കുടി.
അവൻ ടീപ്പൊയിലിരുന്ന വെള്ളക്കുപ്പി തുറന്ന് ഉമ്മക്ക് നേരേ നീട്ടി. അവർ അത് ദേഷ്യത്തോടെ വാങ്ങി കുടിക്കുന്നു. കഞ്ഞി പാത്രവുമായി എഴുന്നേറ്റ് അടുക്കളയിലൂടെ പുറത്തേക്ക് പോകുന്ന ബഷീർ തെങ്ങിന്റെ ചോട്ടിൽ ബാക്കിയുള്ള കഞ്ഞിയൊഴിക്കുന്നു. അവിടെ ചുറ്റിപറ്റിയുണ്ടായിരുന്ന പൂച്ച ഓടി വന്ന് കരഞ്ഞു കൊണ്ട് അത് തിന്നു തുടങ്ങി. ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് പാത്രം കഴുകി ഇഷ്ടിക കൊണ്ടു കെട്ടിയ അലക്കു കല്ലിൽ കാലു കയറ്റി വെച്ച് അവൻ നിന്ന് അലക്കുകുകാല്ലിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ എന്തോ ദുരൂഹത നിറഞ്ഞു നിൽക്കുന്നു. ദൃശ്യത്തിൽ ഉമ്മയുടെ സ്വരം കേൾക്കാം.
ഉമ്മ :മോനെ എനിക്ക് കഞ്ഞി തന്നാ.
ബഷീറാ ശബ്ദം കേൾക്കുന്നില്ല.
കട്ട്
സീൻ 25
രാത്രി, തോമ്മാച്ചന്റെ വീട്
വീടിനു മുന്നിൽ എന്തോ ആലോചിച്ച് കൈ പിന്നിൽ കെട്ടി നിൽക്കുന്ന ബഷീറിന്റെ കയ്യിൽ നീളമുള്ള ഒരു താക്കോൽ. അവൻ പതിയെ മുൻവാതിൽക്കലെത്തി വാതിൽ തുറന്ന് അകത്ത് കയറി. പുറം ദൃശ്യത്തിൽ ഒരു മുറിയിൽ വെളിച്ചം തെളിയുന്നു. ജനൽ ഗ്ലാസ്സിലൂടെ അകത്ത് ബഷീറിന്റെ പെരുമാറ്റം ന്നമ്മുക്ക് കാണാം. ധൃതിയിൽ എന്തൊക്കെയോ സാധനമെടുത്ത് അവൻ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നു. സംശയമുണർത്തുന്ന സംഗീതം പശ്ചാത്തലത്തിൽ -
കട്ട്
(തുടരും)
ഭാഗം 16
സീൻ 26
രാവിലെ, സഖാവ് സത്യന്റെ വീട്
തുറന്നിട്ടിരിക്കുന്ന ഗേറ്റ് കടന്ന് സൈക്കിൾ ചവിട്ടി മുറ്റത്തേക്ക് ബഷീർ വരുന്നു. ഒരു വശത്ത് നിന്ന് സത്യൻ വാക്കിംഗ് സ്റ്റിക്കിൽ കയ്യൂന്നി പൈപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഹോസ് പിടിച്ച് ചെടികൾക്ക് വെള്ളം നനക്കുന്നു. അയാൾ ബെല്ലടിച്ച് സൈക്കിളിൽ മുറ്റത്തു വന്നു നിന്ന ബഷീറിനെ ശ്രദ്ധിച്ചു. സൈക്കിൾ സ്റ്റാൻഡിൽ വെച്ച് തുറന്നു കിടക്കുന്ന മുൻ വാതിലിലേക്ക് നോക്കി ബഷീർ വിളിക്കുന്നു.
ബഷീർ : മെംബറേ.മെംബറേ...
സത്യൻ : ബഷീറേ.
അടുത്തായിരുന്ന പൈപ്പ് പൂട്ടി സാവധാനം സത്യൻ ബഷീറിന്റെ അരികിലെത്തിയിരുന്നു. ബഷീർ സത്യനെ കാണുന്നത് അപ്പോൾ മാത്രമാണ്.
ബഷീർ : ലക്ഷ്മി മോള് ഇന്നലെ വിളിച്ചിരുന്നു.അന്ന് കൊണ്ടുപോയ താക്കോല് തരാൻ ഞാൻ മറന്നു.
സത്യൻ : തങ്കച്ചന്റെ കൂടെയുള്ള ആ പയ്യന് കുറച്ച് ദിവസം താമസിക്കാനാ. എന്തോ എഴുതാനോ മറ്റോ ആയിട്ട്.
ബഷീർ : എന്നോട് ചോദിച്ചിരുന്നു, ഇന്നലെ രാത്രി തന്നെ മുറിയൊക്കെ വൃത്തിയാക്കിയിട്ടിട്ടുണ്ട്.
സത്യൻ : ഉം.അതു നന്നായി.
ബഷീർ : ദാ. താക്കോൽ.
സത്യനു നേരെ ബഷീർ നീളൻ താക്കോൽ നീട്ടി .അയാളതു വാങ്ങി.
സത്യൻ : പറമ്പിലെ തെങ്ങിലെ തേങ്ങായും ഓലയും ചൂട്ട് കറ്റയുമൊക്കെ നോക്കിയെടുക്കുന്നുണ്ടല്ലോ അല്ലേ.
ബഷീർ : .കൂടുതലായിട്ടൊന്നുമില്ല. കൊറച്ച് നാട്ടുകാരുകൊണ്ടു പോകും. മിച്ചമുള്ളത് വെട്ടിയുണക്കിയാട്ടി വെളിച്ചെണ്ണയാക്കി കടേലു കൊടുക്കും.
സത്യൻ: അതുമതി.എനിക്കിവിടെ അത്യാവശ്യത്തിനുണ്ടല്ലോ.
ബഷീർ : എനിക്കൊന്നു ചന്തവരെ പോണം.
ബഷീർ സൈക്കിൾ സ്റ്റാൻഡിൽ നിന്നിറക്കി തിരിയുംബോൾ,
സത്യൻ : നിന്റെ വീടു പണിയെവിടം വരെയായി.?.
ഒരിടനിന്ന് സത്യനെ നോക്കി,
ബഷീർ : വലിയ പെരുന്നാളിനു മുന്നേ പണിതീർത്ത് താമസം തുടങ്ങണം.
ഉപദേശമെന്നോണം,
സത്യൻ : വീടായിക്കഴിയുംബോൾ ബീവിയുടെ വഴക്കൊക്കെ മാറും. ഇനിയെങ്കിലും സമാധാനായിട്ട് ജീവിക്കൻ നോക്ക്.
ബഷീർ : അവളുടെ പടച്ചോൻ നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ.
സത്യൻ : സമയം കളയണ്ട.
ബഷീർ : ശരിയെന്നാ.
ബഷീർ സൈക്കിള് ചവിട്ടി പുറത്തേക്ക് പോകുന്നത് നോക്കി നിന്ന് തിരിയുംബോൾ ലക്ഷ്മി ഉമ്മറത്തേക്ക് വരുന്നു.
ലക്ഷ്മി : ആരാ അച്ഛാ സൈക്കിളിൽ ബെല്ലടിച്ച് വന്നത് ?
സത്യൻ : തോമ്മാച്ചന്റെ വീടിന്റെ താക്കോലുമായിട്ട് ബഷീറ് വന്നതാ.മുറിയൊക്കെ വൃത്തിയാക്കിയിട്ടിട്ടുണ്ട്, ദാ താക്കോൽ.
അയാൾ നീട്ടിയ താക്കോൽ അവൾ വാങ്ങി അല്പം സംശയത്തോടെ നോക്കുന്നു.
ലക്ഷ്മി : ഈ താക്കോൽ പുതിയതു പോലെയുണ്ടല്ലോ.
ഉമ്മറപടി കയറിക്കൊണ്ട് ,
സത്യൻ : എണ്ണയോ ഓയിലോ ഇട്ടു തുരുംബു കളഞ്ഞതാവും. മോള് പഞ്ചായത്തി പോണവഴി താക്കോല് തങ്കച്ചന്റെ വീട്ടില് കൊടുത്തേക്ക്. അവരെ നടത്തി ബുദ്ധിമുട്ടിക്കണ്ട.
ലക്ഷ്മി : ഉം.
ആലോചനയോടെ താക്കോൽ നോക്കി അവൾ അകത്തേക്ക് നടക്കുന്നു.
കട്ട്
സീൻ 27
പകൽ
തങ്കന്റെ വീട്
പൂഴിറോഡിൽ ബുള്ളറ്റിൽ വന്നു നിൽക്കുന്ന ലക്ഷ്മി തങ്കന്റെ വീട്ടിലേക്ക് നോക്കി ഹോൺ അടിക്കുന്നു. ഹോണടി കേട്ട് സിറ്റൌട്ടിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്ന തെയ്യാമ്മ ലക്ഷ്മിയെ കണ്ട് ചിരിച്ച് അവൾക്കരികിലേക്ക് നടന്നടുക്കുന്നു.
തെയ്യാമ്മ : മെംബറോ?.
ലക്ഷ്മി : തങ്കച്ചായനോ എമ്മാനുവേലോ ഇവിടുണ്ടൊ.?
അടുത്തെത്തി നിന്ന,
തെയ്യാമ്മ : തങ്കച്ചായൻ കുളിക്കയാണ്.
സിറ്റൌട്ടിൽ നിന്നും ഷർട്ടിന്റെ ബട്ടൻസിട്ടുവരുന്ന എമ്മാനുവേൽ ലക്ഷ്മിയെ കണ്ട് ചിരിച്ച്,
എമ്മാനുവേൽ : ഞാനുണ്ട് മെംബറേ .
അവൻ അരികിലെത്തുംബൊൾ ലക്ഷ്മി ബാഗിൽ നിന്നും നീളൻ താക്കൊലെടുത്ത് അവന് നേരെ നീട്ടുന്നു.
ലക്ഷ്മി : ദാ .തോമ്മാച്ചന്റെ വീടിന്റെ താക്കോൽ.
താക്കോൽ ചിരിയോടെ വാങ്ങി,
എമ്മാനുവേൽ : അയ്യോ ഞാനവിടെ വന്നു വാങ്ങുമായിരുന്നല്ലോ .
ലക്ഷ്മി : അതു സാരമില്ല.
വീടിന്റെ ഒരു വശത്ത് നിന്നും തലതുവർത്തി വരുന്ന തങ്കൻ ലക്ഷ്മിയെ കാണുന്നു.
തങ്കൻ : ഇറങ്ങുന്നില്ലേ മോളെ. ഒരു ചായ കുടിച്ചിട്ട് പോകാം.
ലക്ഷ്മി നടന്നു വരുന്ന തങ്കനെ കാണുന്നു.
ലക്ഷ്മി : വേണ്ടച്ചായാ. കുറച്ച് തിരക്കുണ്ട്. താക്കോല് കൊടുത്തിട്ടുണ്ടേ.
തങ്കൻ : ഓ.ശരി.
എമ്മനുവേലിനെ നോക്കി ,
ലക്ഷ്മി : കർത്താവേ, .കർത്താവിന്റെ സൌകര്യം അനുസരിച്ച് താമസം മാറിക്കോ.
എമ്മാനുവേൽ : മെംബറേ ഇങ്ങനെ കർത്താവേ കർത്താവേ എന്നു വിളിച്ച് എന്നെ വെറുതെ കുരിശേ കേറ്റരുതേ.
തെയ്യാമ്മയും ലക്ഷ്മിയും തങ്കനും ചിരിക്കുന്നു.
തങ്കൻ : കർത്താവ് കുരിശിലേറിയത് നമ്മുടെ രക്ഷക്കു വേണ്ടിയല്ലേ. നീയൊരു രക്ഷകനാകില്ലെന്നാർക്കറിയാം.
പൊടുന്നനെ ഒരു ദിക്കിൽ നിന്നും എമ്മാനുവേൽ എമ്മാനുവേൽ എന്ന ക്രിസ്ത്യൻ സോംഗ് കേൾക്കുന്നു. അതുകേട്ട് എല്ലാവരും ചിരിക്കുന്നു.
തങ്കൻ : ബാബുവിന്റെ മൈക്ക് ടെസ്റ്റിംഗാ.
ചിരിച്ചു കൊണ്ട് ലക്ഷ്മി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോകുന്നു. മൂവരും അത് നോക്കി നിൽക്കുന്നു.
കട്ട്
സീൻ 28
പകൽ
തോമ്മാച്ചന്റെ വീട് / എമ്മാനുവേലിന്റെ പുതിയ താമസ സ്ഥലം
പുറത്ത് നിന്നുള്ള ദൃശ്യത്തിൽ രണ്ട് മുറിയും അടുക്കളയും ഉള്ള ആ വീടിന്റെ പരിസരം വൃത്തിയായി കിടപ്പുണ്ട്.
അകത്ത്-
ഒരു മുറിയുടെ വാതിൽ അടച്ച് താഴിട്ട് പൂട്ടിയിരിക്കുകയാണ്. ആദ്യത്തെ മുറിയിൽ ഒരു കട്ടിലും മേശയും കസേരയും, ഇരുവശമുള്ള ജനലഴികളിൽ കെട്ടിയ ഒരു അയയുമുണ്ട്. മുറിയുടെ ഒരു കോണിലുള്ള തടിയുടെ പഴയ അലമാരയിൽ കട്ടിലിൽ തുറന്ന് വെച്ച ബാഗിൽ നിന്നും എമ്മാനുവേൽ വസ്ത്രങ്ങളെടുത്ത് വെക്കുന്നു.
അടുകളയിലേക്ക് നോക്കി ,
ബഷീർ : നിങ്ങളെല്ലാവരും എന്നെ സഹായിക്കാൻ വേണ്ടി ഒരു ദിവസത്തെ പണി കളഞ്ഞ് ഇറങ്ങണ്ടായിരുന്നു.
ദൃശ്യം അടുക്കളയിലേക്ക് നീങ്ങുംബോൾ അടുപ്പ് പാതകത്തിൽ അരലിറ്ററിന്റെ മദ്യ കുപ്പി പൊട്ടിച്ച് മൂന്നു ഗ്ലാസുകളിലേക്ക് വിജയൻ മദ്യം ഒഴിക്കുന്നു. വിജയനും അടുത്ത് നിൽക്കുന്ന പൊന്നന്നും ആദ്യം മദ്യം അകത്താക്കി. അടുപ്പു പാതകത്തിൽ വെച്ചിരിക്കുന്ന മണ്ണെണ്ണ സ്റ്റൌവിന്റെ തിരിയുയർത്തി കത്തിക്കുന്ന തങ്കൻ എമ്മാനുവേലിന്റെ സംസാരം ശ്രദ്ധിച്ച് മറുപടി കൊടുക്കുന്നു.
തങ്കൻ : കർത്താവേ ഇതൊക്കെയാണോ സഹായം.
പൊന്നൻ നീട്ടിയ മദ്യ ഗ്ലാസ്സ് വാങ്ങി മദ്യം അകത്താക്കി ഗ്ലാസ്സ് പൊന്നനു തന്നെ തിരികെ കൊടുത്ത് തങ്കൻ സ്റ്റൌവിന്റെ തിരി താഴ്ത്തി ലിഡ് കൊണ്ട് മൂടി അത് കെടുത്തുന്നു. അടുക്കളയിലേക്ക് വരുന്ന എമ്മാനുവേൽ മദ്യപാന സെറ്റപ്പ് കണ്ട് ചിരിക്കുന്നു.
എമ്മാനുവേൽ : ഇതൊക്കെ എപ്പോ സാധിച്ചു ?
വിജയൻ : കുറ്റം പറയരുതല്ലോ. അരലിറ്ററിന്റെ സ്റ്റോക്കില്ലെങ്കിൽ വിജയനെങ്ങനാ വിജയനാകുന്നത് . ങേ ?.
വിജയൻ തന്റെ കറുത്തകണ്ണട നെറ്റിയിലേക്ക് ഉയർത്തി താഴ്ത്തി പറഞ്ഞു. കുപ്പിയെടുത്ത് പൊന്നൻ എമ്മാലുവേനിനെ നോക്കി,
പൊന്നൻ : ഒരെണ്ണം ഒഴിക്കട്ടെ ?
എമ്മാനുവേൽ : വേണ്ട എനിക്ക് കുറച്ച് പണിയുണ്ട്.
സ്റ്റൌ തൂടച്ച് വൃത്തിയാക്കി,
തങ്കൻ : കർത്താവെ സ്റ്റൌവിന്റെ ഓപ്പ്പറേഷനൊക്കെ അറിയാല്ലോ.
എമ്മാനുവേൽ : അതൊക്കെ അറിയാം അച്ചായാ.
തങ്കൻ : അത്യാവശ്യം കഞ്ഞിയും കറിയും ചായയുമൊക്കെ വെക്കാനുള്ള സെറ്റപ്പുണ്ട്.
അടുപ്പുപാതകത്തിൽ വെച്ചിരുന്ന രണ്ട് ഇടത്തരം കലങ്ങളും ചീനചട്ടിയും , ചായപാത്രവും കാണിച്ച് അയാൾ പറഞ്ഞു.
എമ്മാനുവേൽ : കഞ്ഞി വെക്കാനും കറിവെക്കാനുമൊക്കെ ധാരാളം സമയമുണ്ടല്ലോ.
തങ്കൻ :കർത്താവേ, ഞങ്ങളങ്ങോട്ട് നീങ്ങട്ടെ.
എമ്മാനുവേൽ : ശരി ഇടക്കൊക്കെ വരണം. പിന്നെ അറിയാല്ലോ ഞാനധിക ദിവസമൊന്നും ഉണ്ടാകില്ല.
മദ്യക്കുപ്പി അരയിൽ മുണ്ടുകുത്തിയതിനിടയിൽ ഒളിപ്പിച്ച് തങ്കന്റെ പിന്നാലെ പൊന്നനും കൂടെ വിജയനും നടക്കുന്നു ഒപ്പം എമ്മാനുവേലും. തിരിഞ്ഞു നടന്നു. അടച്ചിട്ട മുറിയുടെ വാതിലിൽ മുട്ടികൊണ്ട് വിജയൻ കറുത്ത കണ്ണട താഴ്ത്തി തങ്കന്റെ തോളിൽ തോണ്ടി ചോദിക്കുന്നു.
വിജയൻ : അതേ ഈ മുറിയെന്താ അടച്ചിട്ടിരിക്കുന്നത് . ഭൂതബാധ വല്ലതുമുണ്ടോ ? ഞാനിവിടെ ആദ്യായിട്ടാണേ.
തങ്കൻ : തോമാച്ചന്റെ വക സാധനങ്ങളൊക്കെയാവും.
എമ്മാനുവേൽ സംശയത്തോടെ ആ ഡോറിലേക്ക് ഒരു വട്ടം നോക്കുന്നു.
കട്ട് റ്റു
മുറ്റം
മുറ്റത്ത് നിന്നും ഒരു പൂച്ച ബഷീറിന്റെ പറംബിലേക്ക് ഓടിപ്പോകുന്നു. എമ്മാനുവേലും മറ്റു മൂവരും മുറ്റത്ത് നിൽക്കുകയാണ്.
തങ്കൻ : അറിയാല്ലോ.ബഷീറിന്റെവീടാ അത്. ഉമ്മ മാത്രേയുള്ളൂ. ഓർമ്മക്കുറവുണ്ട്. അവരവിടെക്കിടന്ന് ഒറ്റക്ക് പിച്ചും പേയുമൊക്കെ പറയും. കർത്താവത് നോക്കാൻ പോകണ്ട. ബഷീർ ഒരു നേരത്താകും വരുന്നത്. പല പണിയല്ലേ.
ബഷീറിന്റെ വീട് ചൂണ്ടി അയാൾ പറഞ്ഞു.ആ ഭാഗത്തേക്ക് നോക്കി ഒന്നുമൂളി,
എമ്മാനുവേൽ : ഉം ! .
എമ്മാനുവേലിനെ കൈകൊടുത്ത് ,
വിജയൻ : ഓകെ.സീ യൂ..ബൈ ബൈ.
എമ്മാനുവേൽ : ശരി.
അവർ മൂവരും നടന്നകലുംബോൾ എമ്മാനുവേൽ മുറിയിലേക്ക് കയറി ബാഗിൽ നിന്നും ലാപ്ടോപ്പ് എടുത്ത് മേശയിൽ വെച്ച് അത് ഓണാക്കി ഡ്രൈവിൽ ഒരു ഫയൽ തിരയുംബോൾ- ദൃശ്യത്തിൽ ഉമ്മയുടെ വിദൂര സ്വരം കേൾക്കാം.
അത്തറുമ്മ : ബഷിറേ മോനെ..ഉമ്മാക്ക് വിശക്കണ്. മോനെ...
അവരുടെ ശബ്ദം കേട്ട് അവൻ സാവധാനം പുറത്തേക്കിറങ്ങി.
കട്ട് റ്റു
(തുടരും)
ഭാഗം 17
സീൻ 28 ഏ
പകൽ / ബഷീറിന്റെ വീട്.
മുറിയിൽ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന അത്തറുമ്മ.
അത്തറുമ്മ : ബഷീറേ ഒന്ന് താങ്ങി താടാ.
മുൻവശത്തെ ജനലിങ്കൽ എമ്മാനുവേൽ ഉദ്വേഗത്തൊടെ അല്പം ദയാവായ്പോടെ പ്രത്യക്ഷപ്പെട്ടു. ജനലിങ്കൽ ആരെയോ കണ്ടെന്ന വിധം എണീക്കാൻ ശ്രമിച്ച് അവർ വിളിക്കുന്നു.
അത്തറുമ്മ : ബഷീറേ..ഒന്ന് താങ്ങി താടാ.. മോനെ.
എമ്മാനുവേൽ പതിയെ മുറിയിലേക്ക് കയറി അവരെ വിളിച്ചു.
എമ്മാനുവേൽ : ഉമ്മാ.
തന്നെയൊന്നു താങ്ങാൻ അവർ ആംഗ്യം കാണിക്കുന്നു. അവൻ അവരെ പതിയെ എഴുന്നേൽപ്പിച്ചു. ടീപ്പോയിലിരിക്കുന്ന കഞ്ഞി അവർ ചൂണ്ടിക്കാണിക്കുംബോൾ അവനത് എടുത്ത് ഉമ്മയുടെ കയ്യിൽ കൊടുക്കുന്നു. അത്തറുമ്മ സാവധാനം സ്പൂണുകൊണ്ട് കഞ്ഞി വാരിക്കുടിക്കാൻ തുടങ്ങി. എമ്മാനുവേൽ മുറി വെറുതെയൊന്ന് നിരീക്ഷിച്ചു. അടുക്കളയെ വേർത്തിരിക്കുന്ന ഭിത്തിയുടെ മധ്യഭാഗത്തിലുള്ള വൃത്താകൃതിയിലുള്ള മൂന്നു ഹോളുകളിലൊന്നിൽ ഒരു ചെറിയ പുസ്തകം തിരുകി വെച്ചിരിക്കുന്നത് അവൻ കണ്ടു. ആ പുസ്തകം എടുക്കാൻ വേണ്ടി എമ്മാനുവേൽ അടുത്തെത്തുംബോൾ ദൃശ്യത്തിൽ ഉമ്മയുടെ സ്വരം.
അത്തറുമ്മ : ജമീല വന്നില്ലേടാ ?.
അവർക്ക് ഓർമ്മക്കൂറവുണ്ടെന്ന് മനസ്സിലാക്കി ചിരിയിൽ പുസ്തകമെടുത്ത് കൊണ്ട്,
എമ്മാനുവേൽ : ഇല്ല ഉമ്മ.
അവൻ ആ പുസ്തകം നിവർത്തി അതിന്റെ പേര് വായിക്കുന്നു.
"ഫെയർ "
എമ്മാനുവേൽ വെറുതെ ചിരിച്ച് പുസ്കം ചുരുട്ടി തിരികെ വെക്കുന്നു.
കട്ട്
സീൻ 29
രാത്രി, എമ്മാനുവേലിന്റെ വീട്
ആകാശത്ത് നിലാവ് തെളിഞ്ഞു നിൽക്കുന്നു.മുൻപിലത്തെ മുറിയിൽ നിന്നുമുള്ള വെളിച്ചം ജനലിലൂടെ മുറ്റത്ത് വീണ് കിടക്കുന്നു. മുറി വാതിൽപ്പൂട്ടി ലാപ് ടൊപ്പിൽ ഫേസ്ബുക്ക് ചെക്ക് ചെയ്യുകയാണ് എമ്മാനുവേൽ. അതിനിടെ മെസ്സഞ്ചറിൽ ലക്ഷ്മി അവന് ഹായ് വെക്കുന്നു.
ലക്ഷ്മി : ഹായ്
റിപ്ലേ കൊടുക്കുന്ന,
എമ്മനുവേൽ : ഹായ്
ലക്ഷ്മി : അത്താഴം കഴിഞ്ഞൊ .പുതിയ താമസസ്ഥലം എങ്ങനെയുണ്ട് ?
എമ്മാനുവേൽ :കഴിഞ്ഞു. കുഴപ്പമില്ല.അത്താഴം കഴിഞ്ഞോ ?
ലക്ഷ്മി : കഴിഞ്ഞു. എഴുത്ത് തുടങ്ങിയോ ?
എമ്മാനുവേൽ : ഇല്ല. ഉടൻ തുടങ്ങണം .
വോയ്സ് മെസ്സേജുകളിൽ ഇൻ്റർ കട്സ്.
ലക്ഷ്മി : കർത്താവിന് ഈ നാടൊക്കെ ഇഷ്ടായോ ?
എമ്മാനുവേൽ : ഓ.. ഇഷ്ടായി.
ലക്ഷ്മി : എന്നാലൊരു പെണ്ണും കെട്ടി ഇവിടെയങ്ങ് സെറ്റിലാക്.
എമ്മാനുവേൽ : അതു വേണോ ?
ലക്ഷ്മി : ഇനി കെട്ടാൻ പോണ ആൾക്ക് ഈ നാടു ഇഷ്ടാല്ലങ്കിലോ? എന്തിനാ വെറുതെ. അതേ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ.
എമ്മാനുവേൽ : നിലവിൽ ആരുമില്ല. അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
ലക്ഷ്മി : കർത്താവേ ഒരു ബുദ്ധിമുട്ടാകില്ലേയത്?
എമ്മാനുവേൽ : ഏയ് ഒരു ബുദ്ധിമുട്ടുമില്ല.
ലക്ഷ്മി : അതേ വന്ന പണി ചെയ്യാൻ നോക്ക്. ഗുഡ്നൈറ്റ്.
എമ്മാനുവേൽ : ഹി..ഹി..ഗുഡ് നൈറ്റ്.
ലക്ഷ്മി ഓഫ് ലൈനാകുംബോൾ മുൻവാതിലിൽ ആരോ മുട്ടൂന്ന ശബ്ദം കേട്ട് എമ്മാനുവേൽ ഒന്നു സംശയിച്ചു. എവിടെയോ പൂച്ചയുടെ കരച്ചിൽ. ഭയാനകത മൂടുന്നതുപോലെ. വീണ്ടും വാതിലിൽ ആരോ മുട്ടുന്നു. എമ്മാനുവേൽ ഭീതിയോടെ എഴുന്നേറ്റ് വാതിൽ തുറക്കണമോ വേണ്ടയോ എന്ന ശങ്കയോടെ ഒരു നിമിഷം ആലോചിച്ച് അവസാനം വാതിൽ തുറക്കുന്നു. വാതിലിനു മുന്നിൽ ബഷീർ. എമ്മാനുവേലിന്റെ നിൽപ്പ് കണ്ട് ,
ബഷീർ : എന്താ പേടിച്ചു പോയോ.
എമ്മാനുവേൽ : ഉം.
ബഷീർ : ഉമ്മ അവിടെക്കിടന്ന് അതുമിതുമൊക്കെ ചെലക്കും. നോക്കാൻ പോകാണ്ട.
അവൻ ഒന്നു പരുങ്ങി,
എമ്മാനുവേൽ : അത് .
ബഷീർ : കഞ്ഞി കുടിച്ചോ ?
എമ്മാനുവേൽ : കുടിച്ചു.
ബഷീർ : എന്നാ കിടന്നോ. എനിക്ക് നല്ല ക്ഷീണമുണ്ട്.
ബഷീർ തിരിച്ച് നടന്നു, എമ്മാനുവേൽ വാതിൽ ചാരി കൊളുത്തിട്ട് കസേരയിൽ വന്നിരുന്നു. അടച്ചിട്ട മുറിയിൽ ആളനക്കം പോലെ ചെറിയ ശബ്ദം. അവൻ പതിയെ എഴുന്നേറ്റ് ആ മുറിഭാഗത്തേക്ക് പോകുംബോൾ ഒരു ചെറിയ എലി മുറിവാതിലിന്റെ കട്ടിളയുടെ താഴെയുള്ള ഒഴിവു ഭാഗത്ത് കൂടെ അടുക്കളയിലേക്ക് ഓടിപ്പോകുന്നു. പൂച്ചയുടെ സ്വരം കേൾക്കാം. അല്പം ആശ്വാസത്തോടെ അവൻ നിൽക്കുംബോൾ ദൃശ്യത്തിൽ ഒരു മുരടനക്കം. എമ്മാനുവേൽ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുംബോൾ മുൻവശത്തെ തുറന്ന് കീടന്നിരുന്ന ജനലിങ്കൽ ബഷിർ നിൽക്കുന്നു. ഭയത്തിൽ ജനാലയുടെ അടുത്തെത്തി ബഷീറിനെ നോക്കി,
എമ്മാനുവേൽ : എന്താ ബഷിറേ?.
ബഷീർ : കിടക്കുംബോ ജനാലയൊക്കെ അടച്ചിട്ട് കിടക്കണം. പാമ്പോ, എലിയോ മരപ്പട്ടിയോയൊക്കെ കേറും...
അവനെ ഒന്നു നോക്കി ബഷീർ തിരിഞ്ഞു നടന്നു. ഉൾഭയം മറക്കാൻ ശ്രമിച്ച് എമ്മാനുവേൽ ജനൽപ്പാളികൾ അടച്ച് തിരിഞ്ഞ് വന്ന് അവൻ ബാഗിൽ നിന്നും ആ നാലു ചീട്ടുകൾ എടുത്ത് സൂക്ഷ്മതയോടെയും ആലോചനയോടെയും നോക്കി മേശ വലിപ്പിൽ നിന്നും എടുത്ത ഒരു എൻവലപ്പിൽ അഡ്രസ്സ് എഴുതി ആ നാലു ചീട്ടുകൾ പ്ലാസ്റ്റിക് കവറിലാക്കി കവറിലിട്ട് ഒട്ടിച്ച് ഒരു വട്ടം കൂടി അഡ്രസ്സ് നോക്കുന്നു. ദൃശ്യം അതിനെ കേന്ദ്രീക്കരിക്കുന്നു.
To,
Mr. Naveen Thomas
Forensic Assistant
Forensic Lab
Alappuzha
കട്ട്
സിൻ 30
രാവിലെ, എമ്മാനുവേലിന്റെ വീട് , അടുക്കള –
അടുപ്പ് പാതകത്തിൽ കത്തുന്ന മണ്ണെണ്ണ സ്റ്റൌവിൽ ചെറിയ ഒരു കലത്തിൽ വെള്ളം തിളക്കുന്നു. തോർത്ത് തലയിൽ കെട്ടി കൈലിമുണ്ടുടുത്ത് നിൽക്കുന്ന എമ്മാനുവേൽ കലത്തിലേക്ക് ചെറിയ ടിന്നുകളിൽ നിന്നും ചായപ്പൊടിയും പഞ്ചസാരയുമെടുത്തിട്ട് അതിളക്കുകയാണ്.
കട്ട് റ്റു
സീൻ 30 ഏ
രാവിലെ, ബഷീറിന്റെ വീട്, പിന്നാംബുറം-
അലക്ക് കൽക്കെട്ടിനോട് ചേർന്നുള്ള ബാത്റൂമിൽ നിന്നും അത്തുറുമ്മായെ കൈപിടിച്ച് നടത്തിക്കൊണ്ട് വരുന്ന ബഷീറിന് ആ കർമ്മം ഒരു ബുദ്ധിമുട്ടണെന്ന് അവന്റ്റെ മുഖം പറയുന്നുണ്ട്.
ബഷീറ് : ഒന്നു വേഗം നടക്കുമ്മാ. എനിക്കു വേറേ പണിയുള്ളതാ
അത്തറുമ്മ : നെനക്കെന്ത് പണി.
അവർ പിറുപിറുത്തു. രസിക്കാതെ,
ബഷീർ : അതു ശരി പണിയില്ലാഞ്ഞിട്ടാ നിങ്ങളെ ഞാൻ പൊന്നു പോലെ നോക്കണേ ?
അത്തറുമ്മ : പൊന്നുപോലെ.. (അവർ തന്റെ കയ്യിൽ നോക്കിയിട്ട് നിന്ന് ബഷീറിനോട്) എന്റെ കയ്യീക്കെടന്ന വളയെന്തിയേ... ബീരാനെന്നെ കെട്ടിയപ്പോളിട്ടതാ.
ബഷീർ : ബീരാനെപ്പോഴെ പോയതാ. ഉമ്മാന്റെ കയ്യില് വളയൊന്നുമില്ലാരുന്നു. വാ...ഇങ്ങോട്ട്..
അവൻ അവരുടെ കൈക്കു പിടിച്ച് വലിച്ചു. അവർ നടക്കാൻ തുടങ്ങി.
അത്തറുമ്മ : രാത്രീയും നോക്കിയതാ. ബീരാനെ ഓർത്തപ്പോ.
ബഷീർ : ഉമ്മാന്റെ ഓർമ്മക്കുറവാ. അതൊക്കെ എപ്പോഴേ പോയതാ.
അത്തറുമ്മ : പടച്ചോന്റെ കണ്ണ് പൂട്ടിക്കെട്ടൻ പറ്റ്വോ.
എമ്മാനുവേൽ : ഉമ്മാന്റെ കയ്യിൽ വളയുണ്ടാരുന്നു. ഇന്നലെ ഞാൻ കണ്ടതാ.
ബഷീർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുംബോൾ പത്തൽ വേലിക്കരികെ എമ്മാനുവേൽ ചായകുടിച്ചു കൊണ്ട് നിൽക്കുന്നു. അവന്റെ സംസാരം ഇഷ്ടപ്പെടാതെ ,
ബഷീർ : അതു ശരി.വളയുടെ കാര്യത്തിൽ എന്നേക്കാളുറപ്പാ.?
എമ്മാനുവേൽ നിന്ന ഭാഗത്തേക്ക് നോക്കി,
അത്തറുമ്മ : ഞാൻ പറഞ്ഞില്ലേ പടച്ചോന്റെ കണ്ണ് കെട്ടാൻ പറ്റൂല്ല.
എമ്മാനുവേൽ ആലോചനയോടെ ബഷീറിനെ നോക്കി ചായകുടിക്കുന്നു.പരിഹസിക്കും പോലെ,
ബഷീർ : ഇതിപ്പോ നിങ്ങൾക്ക് രണ്ടാൾക്കും ഓർമ്മക്കുറവായെന്നാ തോന്നണേ. ഹി.ഹി.
അനുനയത്തിൽ,
എമ്മാനുവേൽ : എന്നാ എനിക്ക് തോന്നിയതാവും, ഇക്കാ ഇന്നു പണിക്കു പോയില്ലേ.?
അത്തറുമ്മായെ അടുക്കള വാതിലിലൂടെ അകത്തേക്ക് കയറ്റുന്നതിനിടയിൽ,
ബഷീർ : ഓ.പോയിട്ട് ഇടക്കൊന്നു വന്നതാ. ഉമ്മാന്റെ കലാപരിപാടിയൊക്കെ കഴിപ്പിക്കേണ്ടേ. (ഉമ്മയോട്) പതിയെ കേറി പൊയ്ക്കോ ഉമ്മാ.
അവർ കയറിപ്പോകുന്നത് നോക്കിയിട്ട് എമ്മാനുവേലിനരികിലേക്ക് നടന്നടുക്കുന്നു. ചായമട്ട് കളഞ്ഞ് ഗ്ലാസ്സ് കാലിയാക്കി,
എമ്മാനുവേൽ : ബഷീറിനു നല്ല കഷ്ടപ്പാടാണല്ലേ..
ബഷീർ : ഇതൊരു കഷ്ടപ്പാടാണോ. പെറ്റു വളർത്തിയ ഉമ്മക്കു വേണ്ടിയല്ലേ
എമ്മാനുവേൽ : അതേ അമ്മമാരെ നോക്കണം. പ്രത്യേകിച്ച് വയസ്സായവരെ.
ബഷീറിന്റെ റിയാക്ഷനിൽ ഉമ്മയുടെ അകന്ന സ്വരം.
അത്തറുമ്മ : ഈ ഒരു വിത്ത് എന്റെ വയറ്റീത്തന്നെ കുരുത്തല്ലോ.
അതിഷ്ടപ്പെടാതെ അകത്തേക്ക് നോക്കി,
ബഷീർ : ഒന്നു മിണ്ടാണ്ടിരി ഉമ്മാ. (ശേഷം ജാള്യത മറച്ച് എമ്മാനുവേലിനെ നോക്കി) എന്താ പറയേണ്ടതെന്ന് ഉമ്മക്ക് ബോധമില്ല.
എമ്മാനുവേൽ : വയസല്ലേ , പോട്ടെ. (എന്തോ ആലോചിച്ച് വീട് ചൂണ്ടി ) ഇക്കാ ആ അടച്ചിട്ട മുറിയിലെന്താണുള്ളത് . ആ മുറിയുടെ താക്കോലുണ്ടൊ ഇക്കായുടെ കയ്യിൽ.
അവന്റെ ചോദ്യം ഇഷ്ടപ്പെടാതെ,
ബഷീർ : അതിനുള്ളിൽ അവരുടെ എന്തോ സാമഗ്രികളൊക്കെയാ.. താക്കോലും അവരുടെ കയ്യീത്തന്നെയാ. അല്ലാ നിങ്ങൾക്ക് എഴുതാൻ ഒരു മുറിപോരെ. അതോ ഇനിയെന്തെങ്കിലും കുഴപ്പമുണ്ടോ.?
നിഗൂഢത നടിച്ച്,
എമ്മാനുവേൽ: എന്തൊക്കെയോ കുഴപ്പമുണ്ട്. ബഷീറിക്കാ ഞാനാ കാണാതായ അനുമോനെക്കുറിച്ച് ഒരു അന്വേഷണ കഥയെഴുതിയാലോന്ന് ആലോചിക്കുകാ.
ചിരിച്ചു കൊണ്ട് ,
ബഷീർ : അന്വേഷണമോ. പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഒരു കൊണോം ഉണ്ടായില്ല. നിങ്ങള് വേറെന്തോ എഴുതാൻ വന്നതല്ലേ, അതെഴുതാൻ നോക്ക്.ഹ..ഹ..ഹ..!
ബഷീർ ചിരിച്ചുകൊണ്ട് അടുക്കളഭാഗത്തേക്ക് നടക്കുംബോൾ കനത്ത സ്വരത്തിൽ,
എമ്മാനുവേൽ : ബഷീറേ.
അവന്റെ വിളികേട്ട് ബഷീർ സംശയത്തോടെ തിരിഞ്ഞു നോക്കുന്നു. ചിരിച്ചു കൊണ്ട്,
എമ്മാനുവേൽ: അനുമോനെവിടെയാണെന്ന് എനിക്കറിയാം.
അവനരികിലേക്ക് നടന്നടുത്ത് അല്പം ഭീതിയിലും ആകംക്ഷയിലും,
ബഷീർ : എവിടെ..എവിടേയാ അനുമോൻ ?
അവന്റെ ഭാവം തിരിച്ചറിയാൻ ശ്രമിച്ച് ,
എമ്മാനുവേൽ : അന്വേഷണം തുടങ്ങീട്ടേയുള്ളൂ. എഴുതിത്തീരട്ടെ. അപ്പോൾ പറയാം.
എമ്മാനുവേൽ സസ്പെൻസ് നിർത്തി ചിരിയോടെ തലക്കെട്ട് അഴിച്ച് കുടഞ്ഞ് തിരിഞ്ഞ് നടക്കുന്നു. ബഷീർ അല്പം ആശങ്കയിലും ഭയത്തിലും അലക്കു കൽകെട്ടിലേക്ക് നോക്കുന്നു. അതിനിടയിൽ നിന്നും ഒരു ചെടി വളർന്ന് പുറത്തേക്ക് വന്നു നിൽക്കുന്നത് ബഷീർ കാണുന്നു.
കട്ട്
(തുടരും)
ഭാഗം 18
സീൻ 31
പകൽ, മണ്ണഞ്ചേരി ചന്ത
അധികം തിരക്കില്ലാത്ത മാംസക്കടകൾ. തോടിനരികെ അറവുമാടുകൾ നിൽക്കുന്ന പ്രദേശം. ഒരു പോത്തിനരികെ നിൽക്കുന്ന ചോട്ടുവും ഇബ്രാഹിമും. ചോട്ടു പതിവുപോലെ പോത്തിന്റെ പുറത്ത് പേരെഴുതാൻ തുടങ്ങുംബോൾ സംശയത്തിൽ ഇബ്രാഹിമിനെ നോക്കി,
ചോട്ടു : അത്തറന്നല്ലേ ഇക്കാ പേര് .
ഇബ്രാഹിം : അ.ത്ത..ർ...
ചിരിച്ച് കൊണ്ട്,
ചോട്ടു : ഇത്താ വേണമല്ലേ. ഇക്ക.
ഇബ്രാഹിം : ഒന്നെഴുതി തൊല. പരീക്ഷയൊന്നുമല്ലലോ.
ചോട്ടൂ : പരീക്ഷയൊക്കെ പാസ്സായാൽ ഞാനീപ്പണിക്ക് വരുമോ ഇക്കാ.
അവൻ ഹിന്ദി മയത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞ് ബ്രഷ് പെയ്ന്റ് ബക്കറ്റിൽ മുക്കി എഴുതാൻ തുടങ്ങുന്നു.ഇബ്രാഹിം അത് നോക്കി തിരിയുംബോൾ നടന്നടുത്തെത്തിയ ബഷീറിനെ കാണുന്നു.
ഇബ്രാഹിം : ബഷീറേ ....നീയാവഴി പോയെന്നാ ഞാൻ കരുതിയേ.
ബഷീർ : എന്റെ അയ്യായിരം പോകില്ലേയിക്ക
ഇബ്രാഹിം : എന്നിട്ടിപ്പോ ബാക്കിയുണ്ടോ കയ്യില്. ഇടക്കുരുവിനെ എടുക്കാനും കണ്ടില്ല
ബഷീർ : ഞങ്ങള് കൊച്ചു കച്ചവടക്കാര് മൂന്നുപേര് ചേർന്ന് അത്തറിനോട് പകുത്ത് മേടിച്ചു.
ഇബ്രാഹിം : ഓന്റെ ഉരുവായിത്.
ചോട്ടു എഴുതുന്ന പോത്തിനെ ചൂണ്ടി അയാൾ പറഞ്ഞു.അവർ നോക്കുംബോൾ ചോട്ടു പോത്തിന്റെ പുറത്ത് അണ്ടർ എന്നെഴുതിയിരിക്കുന്നത് കാണുന്നു.അവരെ നോക്കി,
ചോട്ടു : ശരിയല്ലേ ഇക്കാ.
അവന്റെ എഴുത്ത് നോക്കിക്കൊണ്ട് ബഷീർ അണ്ടർ വെയറിന്റെ പോക്കറ്റിൽ നിന്നും ഒരു കെട്ടു നോട്ടെടുത്ത് ഇബ്രാഹിമിനു നീട്ടുന്നു. ഇബ്രാഹിം അതു വങ്ങി എണ്ണി നോക്കുന്നു.. ചോട്ടുവിനെ തിരുത്തി,
ബഷീർ : എടാ ഇത് അണ്ടിയുടെ ഇണ്ടായാ. അത്തർ . തത്തയുടെ ത്ത യാ വേണ്ടത്.
ചോട്ടു : ഓ മനസ്സിലായി.ഞാനെഴുതാം.
അവൻ ബ്രഷുകൊണ്ട് “ ണ്ട “ ത്ത ആയി മാറ്റുന്നു. ഇബ്രാഹിം നോട്ടെണ്ണുന്നത് കണ്ട് ,
ബഷീർ : എണ്ണാനൊന്നുമില്ല ഇക്കാ.നാല്പത്തഞ്ചുണ്ട്. ബാങ്കീന്നു കിട്ടിയതാ.
ഒന്നു സംശയിച്ച് എണ്ണൽ നിർത്തി കാശ് പോക്കറ്റിലിട്ട്,
ഇബ്രാഹിം : അപ്പോ അയിന് പുല്ലും വെള്ളോം ഞാൻ ഫ്രീ ആയിട്ട് കൊടുത്തെന്ന് വെക്കണം.
ബഷീർ : എന്റെ ഇക്കാ ഇങ്ങനെ എച്ചിത്തരം പറയാതെ.
ഇബ്രാഹിം : എച്ചിത്തരം നിനക്ക് കാണിക്കാം.ഞാൻ പറയുന്നതാ കുഴപ്പം.അല്ല നിനക്ക് ബാങ്ക് ബാലൻസൊക്കെയുണ്ടെങ്കിൽ സക്കറിയാ ബസാറില് ഒരു മുറിയെടുത്ത് കച്ചോടം തുടങ്ങിക്കൂടെ.
ബഷീർ : വീട് പണി കഴിയട്ടെ ഇക്കാ.
ഇബ്രാഹിം : ചെയ്താ നിനക്കു കൊള്ളാം.
അവരെ നോക്കി ചിരിച്ചു കൊണ്ട്,
ചോട്ടു : ഇപ്പ ശരിയായ ഇക്കാ.
എരുമയുടെ പുറത്ത് അത്തർ എന്ന് മലയാളത്തിലും ഹിന്ദിയിലും എഴുതിയിരിക്കുന്നു.അത് കണ്ട്,
ബഷീർ : ഇപ്പ ശരിയായി.
ഇബ്രാഹിമും അതു കണ്ട് ചിരിക്കുന്നു.
കട്ട്
സീൻ 32
പകൽ, തിരക്ക് കുറഞ്ഞ ഒരു ടാറിട്ട റോഡ്
ക്രിസ്ത്യൻ ശവസംസ്ക്കാരത്തിന് വായിക്കുന്ന ബാന്റ് വായന ദൃശ്യമാരംഭിക്കുംബോൾ ദൂരെ നിന്നും കേൾക്കാം. റോഡിന്റെ സൈഡിലൂടെ പോത്തിനെ നടത്തി കൊണ്ട് വരുന്ന ബഷീർ. പതിയെ നടക്കുന്ന അതിനെ ബഷീർ പത്തലുകൊണ്ട് ഇടക്കിടെ അടിക്കുന്നുണ്ട്. ബഷീറിന്റെ മുഖം വലിഞ്ഞു മുറുകിയിരികുകയാണ്. ബഷീറിന്റെ ചിന്തയിൽ അനുമോനെവിടെയാണെന്ന് എനിക്കറിയാമെന്ന് എമ്മാനുവേൽ പറയുന്ന രംഗമാണ് ഇപ്പോൾ. പോത്തിനെ അടിച്ച് നടത്തിക്കൊണ്ടു വരുന്ന ബഷീർ കുറച്ച് ദൂരം പിന്നിട്ടിരുന്നു. ബാന്റ് വായനയോടെ ശവമഞ്ച വണ്ടിയിൽ വിലാപ യാത്ര എതിരെ പോകുന്നു. കണ്ണീരു വീണ പോത്തിന്റ്റെ മുഖവും ശവമഞ്ചത്തിലുള്ള പരേതന്റെ മുഖവും ദൃശ്യത്തിൽ മാറി മാറി വരുനു. അമർഷത്തിൽ ബഷീർ പോത്തിനെ നടത്തിക്കൊണ്ട് വരുന്ന ദൃശ്യത്തിൽ അകന്നു പോകുന്ന വിലാപയാത്രയും ബാന്റ് വായനയും.
കട്ട്
സീൻ 33
വൈകുന്നേരം, രജിതയുടെ വീടിനടുത്തുള്ള കരിയും തെങ്ങും പ്രദേശവും
ഒരു ഭാഗത്തുള്ള വെളിപ്രദേശത്ത് 8 – 15 വയസ്സ് പ്രായമുള്ള കുട്ടികളോടൊപ്പം കബഡി കളിക്കുന്ന എമ്മാനുവേൽ. കബഡികളി ആവേശത്തോടെ മുന്നേറുകയാണ്.
കട്ട് റ്റു
കരിയിൽ താറാക്കൂട്ടത്തെ ഇറക്കി മുട്ടിനു താഴെ വെള്ളത്തിൽ നിന്ന് അവറ്റകളെ നിയന്ത്രിക്കുന്ന തങ്കൻ. കരയിലെ ഒരു ചെറിയ കരിങ്കലിലിരുന്ന് അരലിറ്ററിന്റെ കുപ്പിയിൽ നിന്നും മദ്യം രണ്ട് ഡിസ്പോസിബിൾ ഗ്ലാസുകളിലേക്ക് ഒഴിച്ച് മിനറൽ വാട്ടർ ഒഴിച്ച് ലയിപ്പിക്കുന്ന വിജയൻ പിന്നിൽ നിന്ന് പോത്തിനെ തെങ്ങിൽ കെട്ടി പുല്ലിട്ടു കൊടുക്കുന്ന ബഷീറിനെയും ദൃശ്യത്തിൽ കാണാം. ബഷീർ എന്തോ പറഞ്ഞ് പോത്തിനെ തല്ലുന്നുണ്ട്. മദ്യം വലിച്ചു കുടിക്കുന്ന വിജയൻ പോത്തിന്റ്റെ കരച്ചിൽ കേട്ട് നെ റ്റി ചുളിച്ച് ഒരു വട്ടം അതിനെ നോക്കി, ഗ്ലാസ്സ് കാലിയാക്കി ശ്വാസം വിടുന്നു.
കരിയിലേക്ക് നോക്കി,
വിജയൻ : ഇങ്ങനെ പോയാൽ പെരുന്നാളിനു മുന്നേ പോത്തിന്റ്റെ കഥ കഴിയും. തങ്കച്ചായാ വാ വന്നൊരെണ്ണം കീറീട്ട് പോ ..
അതുകേട്ട്,
തങ്കൻ: ദാ.വരണ്.
തങ്കൻ കരിയിൽ നിന്നും കരയിലേക്ക് കയറുന്നു. വിജയനരികിലെത്തിക്കൊണ്ട് ,
തങ്കൻ : തല്ലി തല്ലി ബഷീറ് പോത്തിനെ തീർക്കുമെന്ന തോന്നണത്.
മദ്യ ഗ്ലാസ് തങ്കന് നീട്ടി,
വിജയൻ : ഇവനിതെന്തിന്റ്റെ കുത്തിക്കഴപ്പാ.
മദ്യം അകത്താക്കുന്ന തങ്കന് കരിങ്കല്ലിൽ ചെറിയ ഇലയിൽ വെച്ചിരുന്ന അച്ചാറു കൊടുത്ത് , കബഡി കളിക്കുന്ന എമ്മാനുവേലിനെ നോക്കി,
വിജയൻ : തങ്കച്ചായാ..കർത്താവീ നാട്ടില് വന്നത് കബഡി കളിക്കാനോ ചരിത്രം പഠിക്കാനോ?.
എമ്മാനുവേലിന്റെ കബഡി കളി ശ്രദ്ധിച്ച് അനിഷ്ടത്തിൽ അവരുടെ അരികിലെത്തി നിന്ന,
ബഷീർ : അവൻ വന്നിരിക്കുന്നത് ചരിത്രം പഠിക്കാനല്ല..
വീടിന്റെ മുറ്റത്ത് അയയിൽ തുണി വിരിക്കുന്ന രജിതയെ ചൂണ്ടി തുടരുന്ന,
ബഷീർ : ദാ.അവളുടെ മോന്റെ കഥയെഴുതാനാ.
കാര്യം മനസ്സിലാക്കാതെ രജിതയെ നോക്കിയിട്ട്,
തങ്കൻ : കഥയെഴുതാനോ.എന്ത് കഥ. ?
ബഷീർ : അനുമോനെ കാണാതായതിനെകുറിച്ചുള്ള അന്വേഷണ കഥ.
വിജയൻ : എന്തു വട്ടാ.ആ ചെറുക്കനെ ആരോ പിടിച്ചുകൊണ്ട് പോയി.ക്രൈംബ്രാഞ്ചും പോലീസും അന്വേഷിച്ച് പിടി കിട്ടിയില്ല. പിന്നെന്തുണ്ടാക്കാനാ..ഓ സിനിമ പിടിക്കാനായിരിക്കും.
തങ്കൻ : ബഷീറേ നീയിതെങ്ങനെ അറിഞ്ഞു ?
ബഷീർ : അവൻ രാവിലെ പറഞ്ഞതാ.അവന് അനുമോനെവിടെയാണെന്ന് അറിയാമെന്ന്.
തങ്കനും വിജയനും സംശയത്തോടെ പരസ്പരം നോക്കുന്നു. കബഡി കളി ആവേശത്തിലാണ്. അത് നോക്കി,
വിജയൻ : കർത്താവ് ആന്വേഷിച്ച് കണ്ടുപിടിക്കട്ടെ. അനുമോനെവിടെയാണെന്ന് അറിയാൻ പറ്റുമല്ലോ.
കുട്ടികളുമായി വളരെ ഇടപഴകി കളിക്കുന്ന എമ്മാനുവേലിനെ നോക്കിയിട്ട്,
ബഷിർ : തങ്കച്ചായാ ഇവനേതാന്നു വല്ല ബോധോമുണ്ടായിട്ടാണോ വീട്ടീ കേറ്റി താമസീപ്പിച്ചത് ?
തങ്കൻ : അതിപ്പോ മെംബറിന് അറിയാവുന്നതല്ലേ. പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ .
ഒരു ഗ്ലാസിൽ മദ്യം ഒഴിച്ച് ,
വിജയൻ : ആ..അതു ശരിയാ.
ബഷീർ : ദാ.അതു കണ്ടില്ലേ പിള്ളേരുമായിട്ടുള്ള അവന്റെ കുത്തിമറി.
കബഡി കളി നോക്കി പറഞ്ഞ ബഷീറിനു വെള്ളമൊഴിച്ച മദ്യ ഗ്ലാസ്സ് നീട്ടി,
വിജയൻ : ദാ...ഇതു പിടി.
മദ്യം വാങ്ങി കുടിക്കുന്ന ബഷീർ. കെട്ടി മറിയുന്ന കുഞ്ഞനേയും എമ്മനുവേലിനേയും മറ്റു രണ്ട് കുട്ടികളേയും നോക്കി,
തങ്കൻ : എടാ അതു നമ്മുടെ കുഞ്ഞനല്ലേ.
ഗ്ലാസ് തിരികെ നൽകി,
ബഷീർ : കുഞ്ഞനായാലും കു***യായാലും പിള്ളേരല്ലേ.
ധൃതിയിൽ കബഡി കളി ശ്രദ്ധിച്ച് ദേഷ്യത്തിൽ അവരുടെ അടുത്തേക്ക് വരുന്ന,
രജിത : നിങ്ങൾക്കൊക്കെ എന്തിന്റെ കേടാ. എവിടുന്നോ വന്ന വരത്തനെ എട്ടും പൊട്ടും തിരിയാത്ത പിള്ളേരോടൊപ്പം കബഡി കളിക്കാൻ വിട്ടിരിക്കുന്നു
വിജയൻ : കുഞ്ഞനും നമ്മുടെ പിള്ളേരുമല്ലേ. ആഭാസക്കളിയൊന്നുമല്ലല്ലോ.
രജിത : കണ്ടാ ആ നാറി, പിള്ളേരുടെ ചന്തിക്കും മൊലേലുമൊകെ പിടിക്കണ പിടുത്തം.
തങ്കൻ : കളിയല്ലേ
ബഷീർ : അവന്റെ കളി.
പോത്ത് അലറുന്നത് കേട്ട് ബഷീർ മാനസിക നില തെറ്റിയത് പോലെ നടന്ന് ചെന്ന് വടിയെടുത്ത് അതിനെ ആഞ്ഞാഞ്ഞ് തല്ലി തിരികെ കബഡി കളി സ്ഥലത്തേക്ക് നടക്കുന്നു. ബഷീറിന്റെ ഭാവ മാറ്റം കണ്ട് വിജയനും തങ്കനും രജിതയും അവന്റെ പിന്നാലെ നടക്കുന്നു. കബഡി കളിയിൽ 12 വയസ്സുള്ള ഒരു പയ്യനെ വട്ടം പിടിച്ച് ഔട്ടാക്കി കെട്ടിമറിഞ്ഞ് കളത്തിന്റെ പുറത്തേക്ക് വീഴുന്ന എമ്മാനുവേലിനേയും പയ്യനേയും നോക്കി ഉച്ചത്തിൽ ,
ബഷീർ : നിർത്തടാ.
ബഷീർ ശക്തിയോടെ നടന്ന് ചെന്ന് ആ പയ്യനെ തള്ളി മാറ്റി എമ്മാനുവേലിനെ വലിച്ചെഴുന്നേൽപ്പിച്ച്,
ബഷീർ : നിനക്കെന്തിന്റെ കഴപ്പാടാ. പിള്ളേരുടെ ചന്തിക്ക് പിടിച്ചാണാ നിന്റെ കളി.
എമ്മാനുവേലിന് കാര്യം മനസ്സിലാകുന്നതിനു മുൻപേ ബഷീർ അവനെ കരണത്ത് അടിച്ചിരുന്നു. വീണ്ടും അവനെ തല്ലാനായുംബോൾ തടഞ്ഞ്,
എമ്മാനുവേൽ : ബഷീറെ വേണ്ട, എന്നോട് കളിവേണ്ട.
ബഷീർ : കളിക്കുമെടാ നിന്നെ ഞാനീ നാട്ടിൽ നിർത്തില്ല.
എമ്മാനുവേലിനെ ബഷീർ വീണ്ടും തല്ലുംബോൾ അത് അവർ തമ്മിലുള്ള ഒരു സംഘട്ടനമായി മാറുന്നു. തടയാനാകാതെ നിൽക്കുന്ന വിജയനും മറ്റും.
രംഗം കണ്ട് ബുള്ളറ്റിൽ വന്നിറങ്ങുന്ന ലക്ഷ്മി ഇരുവരേയും അടിപിടിയിൽ നിന്നും മാറ്റാനായി അവരുടെ അടുത്തേക്ക് ഓടി വരുന്നു.
ലക്ഷ്മി : നിർത്ത്. നിർത്താൻ...
സംഘട്ടനത്തിൽ ഇടപെട്ട് എമ്മാനുവേലിനെ ലക്ഷ്മി തന്റെ കൈകളിൽ ബലമായി പൂട്ടുംബോൾ കുതറി മാറാൻ ശ്രമിച്ച് ബഷീറിനെ നോക്കി കൈ ചൂണ്ടി,
എമ്മാനുവേൽ : നീ വലിയ പുണ്യാളച്ചനൊന്നും ആകണ്ട... നിന്നെ എനിക്കറിയാം.വിടില്ല നിന്നെ ഞാൻ.
ഏവരും കാര്യമറിയാതെ പകച്ച് നിൽക്കുന്നു. ദൃശ്യത്തിലേക്ക് എമ്മാനുവേലിന്റെ മുഖം അടുക്കുന്നു.
എമ്മാനുവേലിന്റെ ഓർമ്മയിൽ-
കട്ട് റ്റു
സീൻ 34 ( ഭൂതകാലം )
രാത്രി, ബഷീറിന്റെ വീട്.
ഹാളിൽ -
ഒരു മുസ്ലീം പ്രോഗ്രാം റ്റീവിയിൽ ശബ്ദമില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നു. അതിന്റെ വെളിച്ചം മാത്രമാണ് ഹാളിലുള്ളത്. ആ വെളിച്ചത്തിൽ കട്ടിലിൽ മലർന്നു കിടന്ന് നെഞ്ചത്ത് ഇരുകൈകളും വെച്ചുറങ്ങുന്ന അത്തറുമ്മയെ കാണാം. വെളിച്ചം കുറഞ്ഞ അടുക്കളയിൽ നിന്നും അത്തറുമ്മായെ എത്തി നോക്കി, സാവധാനം പിന്നിൽ കൈകെട്ടി ബഷീർ അരികിലെത്തി നിന്ന് അവരുടെ ഉറക്കം ശ്രദ്ധിക്കുന്നു. ബഷീറിന്റെ കയ്യിൽ ഒരു പ്ലയറൂണ്ട്. അത്തറുമ്മായുടെ ഉറക്കം പരീക്ഷിക്കാൻ ബഷീർ അവരെ തട്ടി നോക്കി, ഉമ്മായുടെ വളയിട്ട കൈ നെഞ്ചിൽ നിന്നും എടുത്ത് കട്ടിലിൽ വെച്ച് പ്ലയറ് കൊണ്ട് അവൻ ഒറ്റ കട്ടിന് വള മുറിച്ച് അടർത്തി മാറ്റിയെടുത്ത് കൈ തിരികെ നെഞ്ചിൽ വെച്ച് തിരിഞ്ഞ് റ്റീ.വി ഓഫ് ചെയ്ത് അടുക്കളയിഅടുക്കളയിലേക്ക് നടക്കുന്നു. പുറത്ത് നിന്നും ജനൽപാളിയിലൂടെ ആ രംഗം കാണുന്ന എമ്മാനുവേൽ പിന്നോട്ട് ഇരുട്ടിലോട്ട് മാറുനു.
കട്ട് - ഇടവേള -
(തുടരും)
ഭാഗം 19
സീൻ 35 ( വർത്തമാനകാലം )
സന്ധ്യയോടടുത്ത്, ഒരറ്റത്ത് സ്റ്റേജുള്ള പഞ്ചായത്ത് ഗ്രൌണ്ട്
സ്റ്റേജിന്റെ പിന്നിലെ ഇടുങ്ങിയ ഭാഗത്തിരുന്ന് ബീഡിയിൽ കഞ്ചാവ് ചുരുട്ടി വലിക്കുന്ന തെമ്മാടികളെന്ന് തോന്നിക്കുന്ന മൂന്ന് ചെറുപ്പക്കാർ. ഷെഫീഖും, പൊറിഞ്ചുവും കുട്ടനും. മൂവരും വിഭിന്ന പ്രാകൃതക്കാരാണ്. ആസ്വദിച്ച് കഞ്ചാവു പുകയേടുത്ത് ബീഡി പൊറിഞ്ചുവിനു കൈമാറുന്നു.
ഷെഫീഖ് : നല്ല പൊളിസാധനാ.
ഒരു പുകയെടുത്ത് ,
പൊറിഞ്ചു : കൊച്ചീക്കന്റെ സാധനാല്ലേ.പെരുവിരലേ നടക്കാം.
ധൃതി കൂട്ടി,
കുട്ടൻ : താടാ കു***. ഞാനൊന്നേയെടുത്തുള്ളൂ.
പൊറിഞ്ചു : തരാടാ.(അവനൊന്നുകൂടിആഞ്ഞ് വലിച്ച് കുറ്റി കുട്ടന് കൊടുക്കുന്നു ) ദാ.
കെടാറായ ബീഡികുറ്റി വാങ്ങി അവരെ നോക്കി,
കുട്ടൻ : മൈ***ത് തീർന്നല്ലോ..
കുറ്റി കെടാൻ പോണത് കണ്ട് അവനാഞ്ഞാഞ്ഞ് വലിക്കുന്നു. ലഹരിയിൽ മുഴുകിയിരിക്കുന്ന പൊറിഞ്ചൂവും കുട്ടനും ഷെഫീഖും.കുട്ടികൾ കളിക്കുന്നതിന്റെ ആരവം അവർ കേൾക്കുന്നുണ്ട്. അടുത്ത് കിടന്ന ഒരു ഇഷ്ടികയെടുത്ത് തറയിലിട്ട് പൊട്ടിച്ച് ,
ഷെഫീഖ് : അവന്റെയൊക്കെ കോ****ത്തിലെ കളി. വാ..
കിറുങ്ങി ചിരിച്ചെണിക്കുന്ന കുട്ടനും പൊറിഞ്ചുവും..
കട്ട് റ്റു
സീൻ 35 ഏ
സന്ധ്യയോടടുത്ത് പഞ്ചായത്ത് ഗ്രൌണ്ട്
ഗ്രൌണ്ടിന്റെ മധ്യത്തിൽ വോളിബോൾ കളിക്കുന്ന കൌമാരക്കാരായ ആൺകുട്ടികൾ. മധ്യ വയസ്കനായ, പഴയ ജേഴ്സിയും ഷുവും തൊപ്പിയുമണിഞ്ഞ റഫറി ഇടതു വശത്തെ പോസ്റ്റിനോട് ഉയരത്തിൽ ചേർന്ന് നിന്ന് കളി നിയയന്ത്രിക്കുന്നു. അയാൾക്ക് പിന്നിലായി അഞ്ചാറു കുട്ടികൾ കളി ആസ്വദിച്ച് നിൽക്കുന്നു.
ഗ്രൌണ്ടിന്റെ മറ്റൊരറ്റത്ത് ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ച് കൈകൾ കെട്ടി മുന്നിൽ നിൽക്കുന്ന നാൽവരേയും ഒന്നൊന്നായി നോക്കി അതിൽ ചാരി നിൽക്കുന്ന ലക്ഷ്മി.
സൈക്കിൾ സ്റ്റാൻഡിൽ വെച്ച് കൈകൾ കെട്ടി അല്പം തലകുനിച്ച് നിൽക്കുന്ന ബഷീർ. അവനല്പം അകലെയായി ലൂണാ സ്റ്റാൻഡിൽ വെച്ച് അതിൽ താടിക്ക് കൈകൊടുത്തിരിക്കുന്ന വിജയനും അയാൾക്ക് മുന്നിലായി തങ്കനും എമ്മാനുവേലും. എമ്മാനുവേലിന് നിസ്സംഗതയാണ്. ഒത്തുതീർപ്പ് ചർച്ചയാണെന്ന് തോന്നും ഒറ്റ നോട്ടത്തിൽ.
ഏരിയൽ ദൃശ്യം അവരെ കേന്ദ്രീകരിക്കുംബോൾ സ്റ്റേജിലെ ഒരു മൂലയിൽ ബീഡി വലിച്ച് ഷെഫീഖും മറ്റും വന്നിരിക്കുന്നത് അവ്യക്തമായി കാണാം; മധ്യത്തിൽ വോളിബോൾ കളിക്കുന്ന കുട്ടികളേയും. നിശ്ശബ്ദത വെടിഞ്ഞ് എല്ലാവരേയും ഒരിട നോക്കി ബഷീറിനോട്,
ലക്ഷ്മി : എമ്മാനുവേല് ഈ നാട്ടിൽ വന്നതു കൊണ്ട് ബഷീറിന് എന്തെങ്കിലും പ്രശ്നമുണ്ടോ ?
അവളെ നോക്കാതെ അല്പം പരുങ്ങി,
ബഷീർ : അത് കളിക്കിടെ കുട്ടികളെ ഉപദ്രവിച്ചപ്പോൾ നോക്കി നിൽക്കാൻ പറ്റീല്ല. അവസാനം അവൻ എന്നെ മോശക്കാരനാക്കി. എന്നെക്കുറിച്ച് എന്തോ അറിയാന്ന് പോലും.
എമ്മാനുവേലിനെ നോക്കി,
ലക്ഷ്മി : കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന ഇങ്ങേരെക്കുറിച്ച് എന്തറിയാനാ. കർത്താവേ ഇല്ലാത്തതു പറയരുതെ.
എമ്മാനുവേൽ പരുങ്ങി കള്ളം പറയുന്നു..
എമ്മാനുവേൽ : അത്. എനിക്ക് ദേഷ്യം വന്നപ്പോ പറഞ്ഞതാ. സത്യത്തിലൊന്നുമില്ല.
തങ്കൻ : എന്തായാലും കഴിഞ്ഞത് കഴിഞ്ഞു.കൂടിയാൽ രണ്ടാഴ്ച്ച.അതിനുള്ളിൽ കർത്താവ് കർത്താവിന്റെ പണി തീർത്തിട്ടു പോകും.
ബഷീർ : അവനെന്തു പണിക്കാണിവിടെ വന്നത്. ചരിത്രം എഴുതാനോ അതോ കഥയെഴുതാനോ ?
ലൂണായിൽ നിന്നും എഴുന്നേറ്റ്,
വിജയൻ : മെംബറേ, കർത്താവ് കാണാതായ അനുമോനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണെന്ന് കർത്താവ് ബഷീറിനോട് പറഞ്ഞെന്ന് ബഷീർ പറഞ്ഞു. അതിനിപ്പമെന്താ പ്രശ്നം? കർത്താവ് കഥയെഴുതട്ടെ,. നമ്മുക്ക് വായിച്ച് രസിക്കാമല്ലോ.
ലക്ഷ്മി : കർത്താവേ ചരിത്രം മൊത്തം എഴുതിക്കഴിഞ്ഞോ.? അത് കഴിഞ്ഞിട്ടു പോരെ കഥയെഴുത്തൊക്കെ.
എമ്മാനുവേൽ : ഞാനത് തമാശ പറഞ്ഞതാ. എനിക്കതിനെവിടെ നേരം.
ലക്ഷ്മി : ഇപ്പ മനസ്സിലായില്ലേ (രണ്ടു പേരേയും നോക്കി) രണ്ട് പേരും ഇങ്ങോട്ട് വാ...വന്നേ.
എമ്മാനുവേലും ബഷീറും ലക്ഷ്മിയുടെ മുന്നിൽ മടിച്ച് മടിച്ച് പരസ്പരം അടുത്തടുത്ത് വരുന്നു.
ലക്ഷ്മി : ഞാൻ പറഞ്ഞാൽ നിങ്ങളനുസരിക്കുമെന്ന് വിശ്വാസമുള്ളതു കൊണ്ടാ ഞാൻ നിങ്ങളെ വിളിപ്പിച്ചത്. ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നമുണ്ടാകരുത്. പരസ്പരം കൈകൊടുത്ത് കെട്ടിപ്പിടിച്ചേ... (അവർ മടിച്ച് നിൽക്കുംബോൾ) ഹാ ചെയ്യന്നേ.
എമ്മാനുവേലും ബഷീറും മടിച്ച് മടിച്ച് പരസ്പരം കെട്ടിപ്പിടിക്കുന്നു.
തങ്കൻ : ദാ...ഇത്രേയുള്ളൂ കാര്യം.
ലക്ഷ്മി : അപ്പഴേ ഇനി കാര്യത്തിലേക്ക് വരാം അനുമോന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം വൈകുന്നതിൽ പ്രതീഷേധിച്ച് ഒരു പ്രോഗ്രാം ഈ ഗ്രൌണ്ടിൽ നമ്മൾ നടത്താനുദ്ദേശിക്കുകയാ. രജിതയുടെ ഗതി മറ്റാർക്കും ഇനി വന്നുകൂടാ. നമ്മളൊറ്റക്കെട്ടായി നിന്നാലെ ഇതിനൊരുത്തരം കിട്ടു.
ബഷീർ : അതിന് ഞങ്ങള് കൂടെയുണ്ട് മെംബറെ.
എമ്മാനുവേൽ : ഇവിടുള്ളിടത്തോലം കാലം ഞാനും.
ലക്ഷ്മി : എല്ലാ കാര്യങ്ങളും വിശദമായി പിന്നെ പറയാം നിങ്ങളന്നാ പൊയ്ക്കോ.
തങ്കൻ : ശരി (വിജയനെ നോക്കി) പോകാം.
സംശയത്തിൽ,
വിജയൻ : അപ്പോ കർത്താവ്........?
ലക്ഷ്മി : കർത്താവിനെ ഞാൻ കൊണ്ടുവന്നോളാം.
ബഷീർ എമ്മാനുവേലിനെ നോക്കി ചിരിച്ച് സൈക്കിളെടുക്കുന്നു.വിജയനും തങ്കനും ലൂണായിൽ കയറിപ്പോകുന്നു.
വിജയൻ : അപ്പോ റൈറ്റ്.
അവര് പോകുന്നത് നോക്കിയിട്ട് രണ്ടു കൈകളും തിരുമ്മി ലക്ഷ്മിയെ നോക്കി,
എമ്മാനുവേൽ : കളരി നന്നായിട്ടറിയാമല്ലേ. പിടുത്തം ഇത്തിരി കടന്നു പോയി.
ലക്ഷ്മി : വേദനിച്ചല്ലേ. സോറി.
എമ്മാനുവേൽ : സോറിയൊക്കെ അവിടെ നിക്കട്ടെ. (ആലോചിച്ച്) മെംബറിനോട് എനിക്കൊരു കാര്യം പറയാനുണ്ട്.
കുസൃതിയോടെ അവനെ നോക്കി,
ലക്ഷ്മി : എന്താ കാര്യം?. സ്വകാര്യമാണോ?
നിസ്സരതയിൽ,
എമ്മാനുവേൽ : സ്വകാര്യം പറയാൻ മാത്രം നമ്മളു തമ്മിലെന്തു ബന്ധം ?
ഭാവ വെത്യാ സമൊന്നുമില്ലാതെ ,
ലക്ഷ്മി : അതു ശരിയാ. പിന്നെന്താണാവോ ?
ആകാംക്ഷ കൊടുപ്പിച്ച്,
എമ്മാനുവേൽ : അത്. അത് പറയാം.സമയമാകട്ടെ.
ലക്ഷ്മി : സൌകര്യം പോലെ പറഞ്ഞാൽ മതി.വാ.. കേറ്.
ബുള്ളറ്റിൽ കയറിയിരുന്ന് സ്റ്റാാർട്ടാക്കി അവൾ അവനെ വിളിക്കുന്നു. ചിരിയോടെ ബുള്ളറ്റിൽ കയറുന്ന എമ്മനുവേൽ.
കട്ട് റ്റു
സീൻ 35 ബി
സന്ധ്യയോടടുത്ത്, പഞ്ചായത്ത് സ്റ്റേജ്
ഒരു മൂലയിൽ കഞ്ചാവിന്റെ ലഹരിയിലിരിക്കുന്ന ഷെഫീഖും മറ്റും ദൂരെ നിൽക്കുന്ന ലക്ഷ്മിയേയും അവർക്ക് അപരിചിതനായ എമ്മാനുവേലിനേയും നോക്കി ഇരിക്കുകയാണ്.
പൊറിഞ്ചു : മെംബറ് കിടു ചരക്കാണല്ലോ. ഒരു പിടുത്തം പിടിക്കണം.
ഷെഫീഖ് : കൂടെയുള്ള ആ വസൂരിയേതാ. വരത്തനല്ലേ ?
കുട്ടൻ : കുറച്ച് ദിവസമായി അവനിവിടെ കറങ്ങുന്നുണ്ട്.
പൊറിഞ്ചു : കൈക്കു പണിയാകുമോ?
ഷെഫീഖ് : മിക്കവാറും.
അവരുടെ ദൃഷ്ടിയിൽ ദൂരെ ലക്ഷ്മിയും എമ്മാനുവേലും ബുള്ളറ്റിൽ പോകുന്നു.
കട്ട്
സീൻ 36
രാത്രി, എമ്മാനുവേലിന്റെ വീട്
ദൃശ്യത്തിൽ ഹാളിൽ വെളിച്ചമുണ്ട്. ഹാളിന്റെ ഒരു ജനൽപ്പാളി പാതിതുറന്നു കിടക്കുന്നു. ആകാശത്ത് നേരിയ മിന്നലുണ്ട്. പറംബിന്റെ അതിർത്തിയിലെ പത്തൽവേലി കടന്ന് ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി പാതിതുറന്ന ജനലരികിനടുത്തെത്തി ബഷീർ അതിലൂടെ അകത്തേക്ക് നോക്കുന്നു.
ബഷീറിന്റെ ദൃഷ്ടിയിൽ - ഹാളിനുള്ളിൽ കസേരയിലിരുന്ന് മേശമേൽ തുറന്ന് ഓണാക്കി വെച്ചിരിക്കുന്ന ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്ന എമ്മാനുവേൽ.
എന്തോ ആലോചിച്ച് ബഷീർ ജനലരികിൽ നിന്നും പിൻവാങ്ങുന്നു.
കട്ട് റ്റു
(തുടരും)
ഭാഗം 20
എമ്മാനുവേലിന്റ്റെവീട്
ഹാളിൽ -
ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇടുന്ന എമ്മാനുവേൽ. അവനിങ്ങനെ എഴുതുന്നു:
“ഒരുവന്റെ ശീലങ്ങൾ അപരൻ അപഹരിക്കുംബോൾ ; കഥ തുടങ്ങുകയാണ്.”
എമ്മാനുവേൽ ഒരിട ചിന്തിച്ച് പോസ്റ്റ് ചെയ്യുന്നു.
കട്ട് റ്റു
സീൻ 36 ഏ
രാത്രി, സഖാവ് സത്യന്റെ വിട്
പുറത്തും അകത്തും വെളിച്ചമുണ്ട്. അകത്ത് ലക്ഷ്മിയുടെ മുറി. അത് ഒരു കലാകാരിയുടേതെന്ന് വ്യക്തം. ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ മൊബൈലിൽ ഫേസ്ബുക്ക് നോക്കി കസേരയിൽ ഇരിക്കുന്ന ലക്ഷ്മി... ഹോം ഡ്രെസ്സാണ് വേഷം. മൊബൈലിൽ എമ്മാനുവേലിന്റെ സ്റ്റാറ്ററ്റസ് നോട്ടിഫിക്കേഷൻ കാണുന്ന അവൾ അത് ക്ലിക്ക് ചെയ്ത് നോക്കി വായിക്കുന്നു:
ലക്ഷ്മി : “ഒരുവന്റെ ശീലങ്ങൾ അപരൻ അപഹരിക്കുംബോൾ ; കഥ തുടങ്ങുകയാണ്.” ഉം ?
ലക്ഷ്മി അത് കോപ്പി ചെയ്ത് എമ്മാനുവേലിന് പ്രൈവറ്റ് മെസ്സേജിൽ പേസ്റ്റ് ചെയ്ത് കൺഫ്യൂഷന്റെ എമോജിയോടെ ഇടുന്നു.
ഇന്റർകട്സ്:
ലക്ഷ്മിയുടെ മേസ്സേജ് കണ്ട് റിപ്ലേ വോയിസിൽ നൽകുന്ന,
എമ്മാനുവേൽ : “ഒരുവന്റെ ശീലങ്ങൾ അപരൻ അപഹരിക്കുംബോൾ എന്ത് സംഭവിക്കും ?
ആലോചിച്ച്, വോയ്സ് ഇടുന്ന,
ലക്ഷ്മി : ചിലപ്പോൾ ദേഷ്യം വരും.അല്ലെങ്കിൽ വിട്ടുകളയും.
എമ്മാനുവേൽ : എന്റേയും ബഷീറിന്റേയും ഇടയിൽ ഇന്നതാണ് സംഭവിച്ചത്.
ലക്ഷ്മി : മനസ്സിലായില്ല.
എമ്മാനുവേൽ : എല്ലാം മനസ്സിലാക്കിത്തരാം.
ലക്ഷ്മി : മൊത്തത്തിൽ കൺഫ്യൂഷനാണല്ലോ കർത്താവേ.
എമ്മാനുവേൽ : കൺഫ്യൂഷനൊക്കെ മാറ്റാം നാളെയൊന്നു കാണാൻ പറ്റുമൊ.?
ലക്ഷ്മി : ഞാൻ പഞ്ചായത്തിലുണ്ടാണ്ടാകും.. വിളിച്ചാൽ മതി (തെറ്റ് മനസ്സിലാക്കി) ഓ നംബരില്ലല്ലേ കയ്യില്.
എമ്മാനുവേൽ : നംബർ. ഒരു പഞ്ചായത്ത് മെംബറിന്റെ നംബർ കിട്ടാനാണോ പ്രയാസം.
ആ സമയം ലാപിനരികിലിരുന്ന അവന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങുനത് കണ്ട്
എമ്മാനുവേൽ : ഒരു കോൾ വരുന്നു.നാളെ കാണാം.
ലക്ഷ്മി : ഓകെ.ബൈ.
അവൾ ആലോചനയോടെ ഇരിക്കുന്നു. റിംഗ് ചെയ്യുന്ന ഫോൺ ഡിസ്പ്ലെയിൽ വിത്സൺ എന്ന പേരു കണ്ട് വേണ്ടപ്പെട്ട വ്യക്തിയെന്ന പോലെ ഫോണെടുത്ത് എഴുനേൽക്കുന്ന,
എമ്മാനുവേൽ : ഹലോ
കട്ട് റ്റു
സീൻ 36 ബി
രാത്രി, ഹിൽ ഏരിയായിലുള്ള ഒരു വീട്
വിദൂര ദൃശ്യത്തിൽ പൊട്ടുകൾ പോലെ രണ്ട് മൂന്ന് ഭാഗത്ത് വെളിച്ചം കാണാം.
അകത്ത് ഒരു മുറി - ഒരു വശത്തെ ലൈറ്റിൽ നിന്നും കടന്ന് വരുന്ന പ്രകാശത്തിൽ ചാരുകസേരയിൽ പുറം തിരിഞ്ഞിരിക്കുന്ന വിത്സൺ. കയ്യിൽ കൊന്തയിലെ മുത്തു മണികൾ ഉരുട്ടുന്നു. മുറിയിലെ ഒരു മേശയിൽ ക്രിസ്തുരൂപം അതിന് മുന്നിൽ കത്തിച്ച് വെച്ചിരിക്കുന്ന രണ്ട് ചുവന്ന മെഴുകുതിരികളും. ബൈബിളും.
എമ്മാനുവേലിനോട് ഗാഭീര്യമാർന്ന സ്വരത്തിൽ സംസാരിക്കുന്ന,
വിത്സൺ : എന്തായി അവിടുത്തെ കാര്യങ്ങൾ ?
ഇന്റർ കട്ട്സ് :
എമ്മാനുവേൽ : ദൈവഹിതം പോലെ ആ നാലുപേർക്കിടയിൽ തന്നെ ഞാൻ എത്തപ്പെട്ടു.
വിത്സൺ : കർത്താവിന്റെ നിശ്ചയം അതാണ്. ആ കുട്ടിക്ക് നീതികിട്ടണം.
എമ്മാനുവേൽ : സാക്ഷിയുടെ മൊഴി വിശ്വാസ യോഗ്യാമാണെന്നാണ് ഇതുവരെയുള്ള എന്റെ നിഗമനം. തെളിവുകൾ കിട്ടാതെ മുന്നോട്ട് പോകാനാവില്ല.
വിത്സൺ : എമ്മാനുവേൽ നീ താമസീക്കുന്നത് സംഭവം നടന്ന സ്ഥലത്ത് തന്നെയല്ലേ.
എമ്മാനുവേൽ : അതെ അവിടെത്തന്നെയാണ്.
വിത്സൺ : സംശയകരമായ എന്തെങ്കിലും.
എമ്മാനുവേൽ : ഉണ്ട്. ഇവിടെ ഒരു മുറി അടച്ചിട്ടിരിക്കുകയാണ്. എന്തോ ദുരൂഹതയുള്ളതു പോലെ.
വിത്സൺ : സത്യം അതിനകത്ത് ഒളിച്ചിരുപ്പുണ്ടെന്ന് വിശ്വാസമുണ്ടെങ്കിൽ. വൈ ഡോണ്ഡ് യു ബ്രേക് ഇറ്റ് ?
എമ്മാനുവേൽ ഒന്നു ചിന്തിക്കുന്നു. ശക്തമായ മിന്നലും ഒരു ഇടിമുഴക്കവും. പശ്ചാത്തലം ഇരുൾ നിറയുന്നു.
കട്ട്
സീൻ 37
വെളുപ്പാൻ കാലം , മൂന്നുമണിയോടടുത്ത് ബഷീറിന്റെ വീട്, പിന്നാമ്പുറം.
ലൈറ്റിടാതെ അടുക്കള വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ ഒരു കുത്തിരുംബുമായി അലക്കു കൽക്കെട്ടിനരികിലേക്ക് നടക്കുന്ന ബഷീർ എമ്മനുവേലിന്റെ വീട് നീരീക്ഷിച്ച് ചുറ്റുപാടും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി പതിയെ അലക്ക് കൽക്കെട്ടിനരികിലിരുന്ന് കുത്തിരുംബു കൊണ്ട് ശബ്ദം ഉണ്ടാക്കതെ അത് പൊളിക്കാൻ തുടങ്ങുന്നു.
കട്ട് റ്റു
സീൻ 37 ഏ
വെളുപ്പാൻ കാലം , മൂന്നുമണിയോടടുത്ത്, എമ്മാനുവേലിന്റെ വീട്
ഹാളിൽ കിടന്നുറങ്ങുന്ന എമ്മാനുവേൽ എന്തോ ശബ്ദം തുടർച്ചയായി കേൾക്കുന്നത് കേട്ട് കണ്ണ് തുറന്ന് ചുറ്റിനും നോക്കുന്നത് പുറത്ത് നിന്നും കടന്നു വരുന്ന മങ്ങിയ വെളീച്ചത്തിൽ കാണാം. ശബ്ദത്തിന്റെ കേന്ദ്രം മനസ്സിലാക്കി സാവധാനം എഴുന്നേൽക്കുന്ന എമ്മാനുവേൽ പതിയെ ജനൽപാളി തുറന്ന് പുറത്തേക്ക് നോക്കുന്നു.
അവന്റെ ദൃഷ്ടിയിൽ ബഷീർ കുത്തിപ്പൊളിച്ച അലക്കുകല്ലിനുള്ളിലെ ദ്രവിച്ച മരക്കുറ്റിയിൽ നിന്നും എന്തോ പെറുക്കിയെടുത്ത് ഒരു പ്ലാസ്റ്റിക് കൂടിൽ ഇട്ട് ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി കുത്തിരുംബുമായി അടുക്കളയിലേക്ക് നടക്കുന്നു. സംശയിച്ച് വാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്ന എമ്മാനുവേൽ.
കട്ട് റ്റു
ബഷീറിന്റെ വീടിന്റെ പിന്നംബുറത്ത് പൊളിച്ചിട്ടിരിക്കുന്ന അലക്കുക ൽക്കെട്ടിനരികെ എത്തിനിൽക്കുന്ന എമ്മാനുവേൽ മൊബൈലിന്റെ വെളിച്ചത്തിൽ അത് വീക്ഷിക്കുന്നു. കൽക്കെട്ടിനുള്ളിൽ പിളർന്നിരിക്കുന്ന പൊത്തുള്ള മരക്കുറ്റി. അവനെന്തോ ആലോചിച്ച് ചുറ്റും നോക്കി അതിൽ എന്തെങ്കിലും ഉണ്ടൊയെന്ന് പരതുന്നു.അവന്റെ കയ്യിൽ തടഞ്ഞ എന്തോ എടുത്ത് സംശയത്തോടെ നോക്കുന്നു..
കട്ട്
സീൻ 38
രാവിലെ, രജിതയുടെ വീടിനടുത്ത് പോത്തിനെ കെട്ടിയിരുന്ന തെങ്ങും പ്രദേശം.
തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന പോത്തിന് പുല്ല് കൊടുക്കുന്ന ബഷീർ. പഴയ ഷർട്ടും കൈലിമുണ്ടുമാണ് വേഷം. പുല്ല് കാലുകൊണ്ട് തള്ളിയിട്ടുകൊണ്ട് ഒരു കൈയിൽ പത്തലു വടിയുമായി നിൽക്കുന്ന,
ബഷീർ : തിന്ന്...വേഗം തിന്ന്.
രജിത ഒരു ഗ്ലാസ്സ് കട്ടൻ ചായയുമായി ബഷീറിനരികിലേക്ക് വരുന്നു. അതു നീട്ടി,
രജിത : ദാ.ചായ കുടിക്ക്.
അവളെ കണ്ട് പതിവു രീതിയെന്ന വിധം ബഷീർ ചായ ഗ്ലാസ്സ് വാങ്ങുന്നു. പരാതിയെന്ന പോലെ പോത്തിനെ നോക്കി,
രജിത : തീറ്റയെത്ര കൊടുത്താലും രാത്രി നല്ല അമറലാ.
ചായ കുടിച്ച് അതിനെ നോക്കി,
ബഷീർ : കൂട്ടില്ലാതെ നിൽക്കുവല്ലേ. (ഒരിട അവൻ രജിതയെ നോക്കുന്നു ; അവള് തിരിച്ചും) പെരുന്നാളിനു മുൻപ് കൊഴിപ്പിച്ചെടുക്കണം. (വെറുതെ അതിനെ തല്ലിക്കൊണ്ട്) ഹാ ..തിന്ന്...!
ചായ കുടിച്ച് തീർത്ത് ഗ്ലാസ്സ് തിരികെ നൽകി ,
ബഷീർ : തൊഴിലുറപ്പ് പണിയില്ലേ.?
ഗ്ലാസ് വാങ്ങിക്കൊണ്ട്,
രജിത : ആഴ്ച്ചയിൽ രണ്ട് മൂന്ന് ദിവസം പണി കിട്ടും.
പോക്കറ്റിൽ നിന്നും അഞ്ഞൂറു രൂപാ എടുത്ത് അവൾക്ക് നീട്ടിക്കൊണ്ട്,
ബഷീർ : ദാ.ഇതിരിക്കട്ടെ. ഇതിനുള്ള തീറ്റ വാങ്ങീട്ട് ബാക്കി നീ വെച്ചോ.
അവൾ ഒന്നാലോചിച്ച് വാങ്ങി അവന്റെ കണ്ണുകളിലേക്ക് നോക്കുന്നു; അവനും.
ബഷീർ : കണക്കൊന്നും വെക്കണ്ട.
അവൾ ആ രൂപാ ഗ്ലാസ്സിനൊപ്പം ചുരുട്ടി പിടിക്കുന്നു. എന്തോ ഓർത്തെന്നോണം,
രജിത : ആ വരത്തനുമായിട്ടുള്ള പ്രശ്നം തീർപ്പാക്കിയോ.
താല്പര്യമില്ലാതെ,
ബഷീർ : മെംബറിടപെട്ട് സോൾവാക്കിയെങ്കിലും എനിക്കങ്ങോട്ടവനെ പിടിക്കുന്നില്ല.
അല്പം ഈർഷ്യയിൽ,
രജിത : ആദ്യം കണ്ടപ്പോൾത്തനെ എനിക്കും .
ബഷീർ : മെംബറും പഞ്ചായത്തും ചേർന്ന് അനുമോനെ കണ്ടെത്താനായി എന്തോ പരിപാടിയൊക്കെ ചെയ്യാൻ പോണെന്നു കേട്ടു.
നിരാശാഭാവത്തിൽ,
രജിത : പോയതെന്തായാലും എനിക്കല്ലേ.
ചായ ഗ്ലാസുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ ഒന്ന് നിന്ന് ബഷീറിനെ നോക്കി സംശയത്തിൽ,
രജിത : സത്യത്തിൽ അയാൾ ആരാണ് ? സി.ഐ.ഡി. യോ മറ്റോ ആണോ?
ആലോചിച്ച്,
ബഷീർ : എന്റേം സംശയം അതാ.
അവനതു പറയുംബോൾ ദൂരെ നിന്നും ജോഗ്ഗിംഗ് ചെയ്ത് വരുന്ന എമ്മാനുവേലിനെ അവൾ കാണുന്നു. അടക്കത്തിലെന്നോണം,
രജിത : ദാ വരുന്നുണ്ട്...
അവൾ വേഗം തിരിഞ്ഞു നടക്കുന്നു. ആരോടുള്ള ദേഷ്യം എന്നോണം പുല്ല് തിന്നുന്ന പോത്തിനെ ബഷീർ തല്ലുന്നു. അത് കരയുന്നു. അതുകണ്ട് വരുന്ന എമ്മാനുവേൽ ബഷീറിനരികെ ജോഗ്ഗിംഗ് നിർത്തി നിൽക്കുന്നു.
എമ്മാനുവേൽ : തീറ്റകൊടുത്തോണ്ട് അതിനെ പീഢിപ്പിക്കുകയാണോ ഇക്കാ ?
ബഷീർ : തിന്നാൻ മടിയാ.(അവനെ നോക്കി) ഓട്ടം പതിവുള്ളതാണോ.
എമ്മാനുവേൽ : നാട്ടിൽ പതിവുള്ളതാ. ടൌണിൽ പോയപ്പോൾ ഇതൊരെണ്ണം ( ജോഗ്ഗിഗ് ഡ്രെസ്സിൽ പിടിച്ച്) വാങ്ങിച്ചു. എന്നാ പിന്നെ ഇവിടേം ഓടാമെന്ന് വെച്ചു.
ബഷീർ : ഓട്ടം നല്ലതാ. മുന്നേ ഓടുന്നവരുടെ കൂടെ ഓടിയെത്തേണ്ടേ.
എമ്മാനുവേൽ : അതിനിത് ഓട്ട മത്സരമൊന്നുമല്ല ഇക്കാ..ഹി..ഹി..
ചിരിച്ച് കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി എന്തോ ആലോചിക്കുന്നതുപോലെ ബഷീറിനെ നോക്കി,
എമ്മാനുവേൽ : ബഷീറിന്റെ പറംബില് വെളുപ്പിനെ എന്തോ കുത്തിപ്പൊളിക്കണ ഒച്ച കേട്ടല്ലോ.
ബഷീർ : രാത്രീല് ഉമ്മായെ കക്കൂസിൽ കൊണ്ട് പോയപ്പോ അതിൽ തട്ടി ഉമ്മായൊന്നു വീണു. അപ്പോത്തന്നെ അത് പൊളിച്ചു കളയാമെന്ന് വെച്ചു.
എമ്മാനുവേൽ :ഞാനൊർത്തു വല്ല കള്ളന്മാരുമായിരിക്കുമെന്ന്.
സൈക്കിളിൽ പത്രവുമായി അവരെ കടന്ന് പോകുന്ന കുഞ്ഞൻ ഉച്ചത്തിൽ എമ്മാനുവേലിനെ നോക്കി,
കുഞ്ഞൻ :ചേട്ടാ എന്നെ ഓടിത്തോപിക്കാമോ.
ബഷീറിനെ നോക്കി ചിരിച്ചിട്ട് അവന്റ്റെ പിന്നാലെ ഓടിക്കൊണ്ട്,
എമ്മാനുവേൽ : എടാ ഞാനും വരുന്നു.
അവന്റെ പോക്ക് ഇഷ്ടപ്പെടാതെ ബഷീറും തന്റെ വീട്ട് മുറ്റത്ത് നിൽക്കുന്ന രജിതയും പരസ്പരം നോക്കുന്നു.
കട്ട് റ്റു
സീൻ 38 ഏ
രാവിലെ, പള്ളിപറംബ്
പത്രവുമായി സൈക്കിൾ ചവിട്ടുന്ന കുഞ്ഞനൊപ്പം ജോഗ്ഗിംഗ് ചെയ്തു വരുന്ന എമ്മാനുവേൽ. അവർ സംസാരിക്കുകയാണ്.
കുഞ്ഞൻ : ചേട്ടന്റെ വീടെവിടെയാ?
എമ്മാനുവേൽ : ഇടുക്കിയിലാടാ.
കുഞ്ഞൻ : ഇന്നലത്തെ ഇടി സൂപ്പറായിരുന്നു. കാര്യമെന്താന്ന് മാത്രം മനസ്സിലായില്ല.
എമ്മാനുവേൽ : അതു ചുമ്മാ. നീയെത്രാം ക്ലാസ്സിലാ പഠിക്കുന്നത് ?
കുഞ്ഞൻ : എട്ടാം ക്ലാസ്സിലാ. അയ്യോ ചിറ്റമ്മ വരുന്നു.
സാരിയുടുത്ത് പള്ളിയിൽ പോകുന്നതുപോലെ സാരിത്തലപ്പ് തലയിലിട്ട് വരുന്ന തെയ്യാമ്മയെക്കണ്ട് കുഞ്ഞൻ സൈക്കിൾ ആഞ്ഞ് ചവിട്ടി വേറൊരുവഴിക്കു പോകാൻ തുടങ്ങുംബോൾ അവനെക്കണ്ടെന്ന വിധം,
തെയ്യാമ്മ : എടാ കുഞ്ഞാ. നീ വീട്ടിലേക്കൊന്നു വരണേ. കൊറച്ച് മൊട്ട ഒരിടത്ത് കൊടുക്കാനുണ്ട്.
സൈക്കിൾ ചവിട്ടുന്ന കുഞ്ഞൻ തിരിഞ്ഞു നോക്കി,
കുഞ്ഞൻ : ഓ ...ഇപ്പോത്തന്നെ വരാമേ.
ജോഗ്ഗിംഗ് നിർത്തിയ എമ്മാനുവേലിനരികെ തെയ്യാമ്മ എത്തിയിരുന്നു. നടത്തം നിർത്തി എമ്മാനുവേലിനോട് ,
തെയ്യാമ്മ : ഒരു പോക്കാ...വന്നാലായി.
എമ്മാനുവേലിന്റെ കണ്ണുകളിൽ നോക്കി അല്പം നാണത്തോടെ തുടരുന്ന,
തെയ്യാമ്മ : കർത്താവിനെ പിന്നെ വീട്ടിലോട്ട് കണ്ടേയില്ല.
ചിരിച്ച് നാണം പോലെഅഭിനയിച്ച്,
എമ്മാനുവേൽ : എഴുത്തും കാര്യങ്ങളുമൊക്കെയയിട്ട് സമയം കിട്ടിയില്ല.
തെയ്യാമ്മ : ബഷീറുമായിട്ട് വെറുതെ വഴക്കിനൊന്നും നിക്കണ്ട.
എമ്മാനുവേൽ : അതെന്താ, ആള് കാണണ പോലെയല്ലേ?
തെയ്യാമ്മ : അതല്ല. കർത്താവ് വഴക്കിടനൊന്നുമല്ലല്ലോ വന്നത്.
എമ്മാനുവേൽ : അതൊക്കെ കഴിഞ്ഞു. പതിവില്ലാതെയാണോ കുർബ്ബാനക്ക്. (ഒന്നാഞ്ഞ് ചുറ്റും നോക്കി രഹസ്യമെന്നോണം) ഇനി കുംബസാരിക്കാനോ മറ്റോ ആണോ.
തെയ്യാമ്മ : കുംബസാരം ഈസ്റ്ററിനേയുള്ളൂ. (നാണത്തിൽ അർഥം വെച്ച്) അപ്പോ പറഞ്ഞോളാം.
തലയാട്ടി ചിരിച്ച്,
എമ്മാനുവേൽ : ഉം..ഉം ചെല്ല്.
എന്തോ പ്രതീക്ഷിക്കുന്നത് പോലെ ,
തെയ്യാമ്മ : തങ്കച്ചായനും പൊന്നനും വിജയനും കൂടി മുരിങ്ങൂരു ധ്യാനത്തിന് പോണമെന്ന് പറയുന്നത് കേട്ടു. തിലകന്റെ ചായക്കടയിലുണ്ട്... അവര് പോയാ മൂന്ന് നാലു ദിവസം കഴിഞ്ഞേ വരു. അപ്പോ വന്നാ.......
അവൾ അവനെ അത്ഥം വെച്ച് നോക്കി ചിരിച്ചോണ്ട് മുന്നോട്ട് പോകുന്നു. അവരെ നോക്കി ഗൂഢമായി ചിരിക്കുന്ന എമ്മാനുവേൽ.
കട്ട്
(തുടരും)
ഭാഗം 21
സീൻ 38 ബി
രാവിലെ 7.30 നോടടുത്ത്, തിലകന്റെ ചായക്കട
അകത്ത് ബെഞ്ചിലിരിക്കുന്ന തങ്കൻ,പൊന്നൻ. തിലകൻ ചായ അടിച്ചു കൊണ്ടിരിക്കുകയാണ്. അവരോടായി,
തിലകൻ : അപ്പോ നിങ്ങള് നന്നാകാൻ തീരുമാനിച്ചു. കുറച്ച് കൂടി കഴിഞ്ഞിട്ട് പോരായിരുന്നോന്നാ ഞാൻചോദിക്കണേ.
തങ്കൻ : തൊരപ്പത്തരം പറയാണ്ട് ചായ കൊണ്ട് വാടോ.
തിലകൻ ചായയുമായി വരുംബോൾ ജോഗിംഗ് ഡ്രസ്സിൽ കടക്ക് മുന്നിൽ വരുന്ന എമ്മാനുവേലിനെ കാണുന്നു.
തിലകൻ : ദാ പുതിയ കക്ഷി വന്നല്ലോ. നല്ല വേഷം...ദാ കുടി.
അയാൾ മേശയിൽ ചായ ഗ്ലാസ്സുകൾ വെച്ച്പറയുംബോൾ തങ്കനും പൊന്നനും എമ്മനുവേലിനെ നോക്കുന്നു. ഒരു കാല് കടത്തിണ്ണയിൽ റെസ്റ്റ് ചെയ്യും വിധം കയറ്റി വെച്ച് ചിരിച്ചു കൊണ്ട്,
എമ്മാനുവേൽ : അച്ചായനൊക്കെ ധ്യാനത്തിന് പോണന്ന് തെയ്യാമ്മ ചേച്ചി പറഞ്ഞു.
മുന്നോട്ട് വന്ന്,
തിലകൻ : അക്കാര്യം ഞൻ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കുറച്ച് കൂടി കള്ളും ബീഡിയും വലിച്ചു കേറ്റി കരളൊക്കെ വാടി ശരീരം ഒണക്കപ്പത്തലായി റെസ്റ്റു ചെയ്യാൻ സമയമാകുംബോൾ ഈ ധ്യാനത്തിനൊക്കെ പോയാൽ പോരെ... സാറിന് ചായ ഏടുക്കട്ടെ.?
എമ്മാനുവേൽ : വേണ്ട ചേട്ടാ...(തങ്കനേയും പൊന്നനേയും നോക്കി) ധ്യാനത്തിന് പോയാൽ ഒരു മാറ്റോക്കെയുണ്ടാകും.
തിലകൻ : എവിടെ. കൂടിയാ ഒരാഴ്ച്ച. പിന്നേം തുടങ്ങില്ലേ കുടിയും വലിയും.
തിലകന്റെ ചൊറിച്ചിൽ കേട്ട് ദേഷ്യത്തിൽ,
പൊന്നൻ : ഒന്നു മിണ്ടാതിരിയെടാ മൈ***.
അതുകേട്ട് ചിരിക്കുന്ന എമ്മാനുവേൽ. ആ സമയം കുഞ്ഞൻ സൈക്കിള് ചവിട്ടി എന്തോ സംഭവിച്ചത് പോലെ കടക്ക് മുന്നിലെത്തുന്നു.
കുഞ്ഞൻ : ചിറ്റപ്പാ. ബഷീറിക്കായുടെ ഉമ്മാ മരിച്ചു. കൊറച്ച് മുന്നേ.
എമ്മാനുവേലും മറ്റുള്ളവരും സ്തബ്ധതയോടെ അവനെ നോക്കുന്നു.
കട്ട്
സീൻ 39
പകൽ, ബഷീറിന്റെ വീട്
ചെറിയ ടാർപ്പോളിൻ കൊണ്ട് പന്തലുയർത്തിയിരിക്കുന്നു. അതിനു താഴേ വെള്ളയിട്ട് മൂടിയ നീളൻ ഡെസ്കിൽ പച്ചപട്ടിട്ട് മൂടി കിടത്തിയിരിക്കുന്ന അത്തറുമ്മായുടെ ശരീരം. വൃദ്ധരും പല പ്രായത്തിലുമുള്ള സ്ത്രീ പുരുഷന്മാരും അങ്ങിങ്ങായി നിൽക്കുന്നു. ജഡത്തിനരികെയിരുന്ന് ശവസംസ്കാര വേളയിലെ ഖുറാൻ വരികൾ ഉരുവിടുന്ന മുസലിയാർ. വീടിനുമുന്നിലുള്ള പറംബിലായി മൂകതയിൽ നിൽക്കുന്ന തങ്കനും,പൊന്നനും, വിജയനും അവർക്ക് നടുവിലായി എമ്മാനുവേലും നിൽക്കുന്നു.
രണ്ടെണ്ണം അടിക്കാത്തതിന്റെ അസ്വസ്ഥതയാണ് വിജയന്.അടക്കത്തിൽ എമ്മാനുവേലിനോട്,
വിജയൻ : സാധനം കയ്യിലുണ്ട്. രണ്ടെണ്ണം അടിക്കണ്ടേ.
എമ്മാനുവേൽ അവനെ ഒന്നു നോക്കി.
എമ്മാനുവേൽ : വീട് തുറന്ന് കിടക്കുവാ. പോയി അടിക്ക്.
മറ്റുള്ളവരെ നോക്കി, അടിക്കാമെന്ന് കൈകൊണ്ട് ആംഗ്യം കാട്ടി വിളിച്ച് ശബ്ദം താഴ്ത്തി,
വിജയൻ : വാ..അടിക്കാം...പിടിച്ച് നിക്കണ്ടേ.
അവർ എമ്മാനുവേലിനെ നോക്കുംബോൾ തലയാട്ടി അവൻ മൌനാനുവാദം കൊടുക്കുന്നു. അവർ സാവധാനം ഓരോരുത്തരായി എമ്മാനുവേലിന്റെ വീട്ടിലേക്ക് നടക്കുന്നു. ആ സമയം ലക്ഷ്മി ബുള്ളറ്റിൽ വന്നിറങ്ങുന്നത് എമ്മാനുവേൽ കാണുന്നു. ലക്ഷ്മി നടന്ന് എമ്മാനുവേലിനരികെയെത്തി നിൽക്കുംബോൾ പന്തലിലേക്ക് വന്ന ബഷീർ അവർക്കരികിലേക്ക് എത്തുന്നു.
ബഷീർ : രാവിലെ ആയിരുന്നു. പുറത്ത് പോയി തിരിച്ചു വന്നപ്പോൾ....രണ്ട് ദിവസമായിട്ട് ഭക്ഷണം കഴിപ്പ് കുറവായിരുന്നു. ഇനിയിപ്പോ.
ലക്ഷ്മി : ഇവിടുത്തെ കാര്യമെന്താന്നു വെച്ചാ നോക്ക്. പഞ്ചായത്തില് ഞാൻ അറിയിച്ചോളാം.
ബഷീർ : ങും
ഭവ്യത നടിച്ച് ഇരുവരേയും നോക്കി ബഷീർ തിരിഞ്ഞു നടക്കുന്നു. അവൻ പോകുംബോൾ ലക്ഷ്മിയോട് ശബ്ദം കുറച്ച് ,
എമ്മാനുവേൽ : ഡോക്ടറു മരണം ഉറപ്പാക്കിയതാണോ.എന്താണ് മരണ കാരണം.
ലക്ഷ്മി : ബെറ്റിനാ ഡോക്ടർ വന്നിരുന്നു. മരണം ഉറപ്പാക്കി. ഞാൻ പോലീസിലും വിളിച്ചു പറഞ്ഞിട്ടുണ്ട്. കർത്താവേ പ്രായമല്ലേടോ.
എമ്മാനുവേൽ : ങും. അല്ല ഞാൻ ചോദിച്ചെന്നേയുള്ളൂ.
അടക്കത്തിൽ,
ലക്ഷ്മി : എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത് ?
ശാസനപോലെ രഹസ്യത്തിൽ,
എമ്മാനുവേൽ : ഒരാൾ മരിച്ച് കിടക്കുംബോഴാണോ ഇതൊക്കെ ചോദിക്കുന്നത്.
ദേഷ്യത്തിൽ,
ലക്ഷ്മി : ഞാനൊന്നും പറഞ്ഞില്ല. താനൊന്നും കേട്ടുമില്ല.
അതിനിടയിൽ കിടത്തിയിരിക്കുന്ന അത്തറുമ്മായുടെ തലയണമാറ്റി വെക്കുന്ന ബഷീറിനെ എമ്മാനുവേൽ ശ്രദ്ധിക്കുന്നു. അവനത് കാണുന്നില്ല. എമ്മാനുവേലിനു സംശയം.
കട്ട്.
സീൻ 40
സന്ധ്യ, എമ്മാനുവേലിന്റെ വീട്
ഒരു വാങ്ക് വിളിയോടെ സന്ധ്യ ഇരുളിലേക്ക് വീഴുന്നു. ഹാളിലെ ലൈറ്റ് ഓൺ ചെയ്ത് എന്തോ ആലോചിച്ച് ആക്സിൽ ബ്ലേഡുമായി അടച്ചിട്ടിരിക്കുന്ന മുറി വാതിലിനരികെ ആലോചനയോടെ എമ്മാനുവേൽ വന്ന് നിൽക്കുന്നു. അവൻ ചുറ്റും നോക്കിയതിനു ശേഷം താഴ് അറുത്ത് മാറ്റാൻ തുടങ്ങുന്നു.
താഴ് അറുത്ത് മാറ്റി മുറിയിലേക്ക് കടക്കുന്ന അവൻ ഹാളിൽ നിന്നും കടന്നു വരുന്ന വെളിച്ചത്തിൽ മുറിയാകെ തിരഞ്ഞു. കുറേ പഴയ വസ്ത്രങ്ങളും, കസേരയും പൊളിഞ്ഞ അലമാരയും മറ്റും. അവൻ സൂക്ഷ്മമായി പരിശോധിക്കുംബോൾ കസേരയുടെ അടിയിൽ നിന്നും ഒരു ചെറിയ പുസ്തകം അവനു കിട്ടുന്നു. അതെടുത്ത് പുറത്തേക്ക് വരുന്ന അവൻ പേജുകൾ മറിച്ച് നോക്കുംബോൾ ഒരു പേജിൽ എന്തോ കണ്ടെന്ന പോലെ സ്തബ്ധനാകുന്നു. അവൻ ഭയത്തോടെ പുസ്തകം മടക്കി അതിന്റെ പേരു നോക്കുന്നു. ഫെയർ. ആലോചനയോടെ ബുക്ക് നെഞ്ചോടടക്കി പുറത്തേക്ക് വരുന്ന എമ്മാനുവേൽ.
കട്ട്
സീൻ 41
വൈകുന്നേരം, പഞ്ചായത്തോഫീസ്
പുറത്ത് രണ്ടൊ മൂന്നേ പേർ അങ്ങിങ്ങായി നിൽക്കുന്നു. പാർക്കിംഗ് ഏരിയയിൽ രണ്ടോ മൂന്നോ ബൈക്കുകളും പഞ്ചായത്ത് പ്രസിഡന്റിന്റെ ഇന്നോവയും മാത്രം.
ലക്ഷ്മിയുടെ ബുള്ളറ്റിൽ പഞ്ചായത്തോഫീസിലേക്ക് വരുന്ന എമ്മനുവേൽ. പാർക്കിംഗ് ഏരിയയിൽ ബുള്ളറ്റ് നിർത്തുംബോൾ ചായ കെറ്റിലിൽ ചായയുമായി വരുന്ന ഒരു പയ്യൻ എമ്മാനുവേലിനേയും ബുള്ളറ്റിനേയും നോക്കി ഒന്നു നിൽക്കുന്നു.
പയ്യൻ : ഇത് നമ്മുടെ മെംബറ് ചേച്ചീടെ ബുള്ളറ്റല്ലേ. ചേച്ചീടെ കയ്യീന്ന് ചേട്ടൻ വാങ്ങിയോ.
എമ്മാനുവേൽ : വാങ്ങിയതൊന്നുമല്ലടാ ഒരു സ്ഥലം വരെ പോകാൻ എടുത്തതാ. നീ അകത്തേക്ക് പോകുവല്ലേ മെംബറ് ചേച്ചിയോട് ബുള്ളറ്റ് കൊണ്ട് പോയ ചേട്ടൻ ബുള്ളറ്റുമായി വന്നെന്ന് പറയാമോ.
പയ്യൻ : ചായ കൊടൂത്ത് പോണവഴിയിൽ കണ്ടാ പറയാം. ഒരെണ്ണം ചേച്ചിക്കുമുള്ളതാ.
എമ്മാനുവേൽ : ഓ...ശരിയീയെടാ മോനെ.
പയ്യൻ : പോട്ടെ.
അവൻ പഞ്ചായത്തിന്റെ സ്റ്റെപ്പ് കയറുന്നു. അവനെ നോക്കി ചിരിച്ച് എമ്മാനുവേൽ ബുള്ളറ്റിൽ നിന്നിറങ്ങുന്നു.
കട്ട് റ്റു
സീൻ 41ഏ
പഞ്ചായത്തോഫീസ്, പ്രസിഡന്റിന്റെ റൂം
പ്രധാന കസേരയിലിരിക്കുന്ന പളനി. അയാളുടെ മേശയുടെ മുന്നിലിട്ടിരിക്കുന്ന മൂന്നു കസേരകളിലൊന്നിലിരിക്കുന്നത് ലക്ഷ്മിയാണ്. ഇരുവശവും മെംബർമാരയ ലൈലയും രമണി ടീച്ചറുമാണിരി ക്കുന്നത്. അവർക്കു പിന്നിലായി ഒരു അറ്റത്തിരിക്കുന്ന അഴകേശനുൾപ്പടെ ആറു മെംബർമാർ കസേരകളിലിരിക്കുന്നു. ഏവരെയും ഉൾപ്പെടുത്തി ദൃശ്യം ആരംഭിക്കുന്നത് കസേരയിൽ നിന്ന് എഴുന്നേറ്റ് മേശക്കൊരു വശം വന്ന് സംസാരിക്കുന്ന ലക്ഷ്മിയിൽ നിന്നുമാണ്. എല്ലാവരും അവളെ കേൾക്കൻ തുടങ്ങുന്നു.
ലക്ഷ്മി : എൻ . സി.ആർ.ബി റെക്കോർഡ് പ്രകാരം ഇന്ത്യയിൽ നിന്നും ഏകദേശം നാന്നൂറോളം കുട്ടികളാണ് ദിനം പ്രതി കാണാതാകുന്നത്. കൃത്യമായ കണക്കല്ലെങ്കിലും ഇതിൽ എഴുപത് ശതമാനവും പെൺകുട്ടികളാണ്.കഴിഞ്ഞവർഷം കേരളത്തിൽ നിന്നും കാണാതായത് അഞ്ഞൂറ്റി പന്തൊൻപത് കുട്ടികളെയാണ്. കാണാതാകുന്ന ഈ കുട്ടികൾ എവിടെയാണ്? കുറേ കുട്ടികളെ കണ്ടെത്തുന്നു. മറ്റു ചിലരെ കണ്ടെത്താനാകുന്നില്ല. അതിനുള്ള ഏറ്റവും വലിയ സത്യം നമ്മുടെ മുന്നിൽ തന്നെയുണ്ട്. അനുമോന്റെ തിരോധാനം. അന്വേഷണത്തിന് എല്ലാ സാങ്കേതിക സഹായങ്ങൾ ലഭ്യമുണ്ടെങ്കിലും സർക്കാരും പോലീസും ഉത്തരം മുട്ടി നിൽക്കുകയാണ്.
ഇരുന്നുകൊണ്ട്,
അഴകേശൻ : കേസിന് എന്തെങ്കിലും തെളിവുണ്ടങ്കിലല്ലേ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ പറ്റു.
അവനെ നോക്കിയിട്ട് എല്ലവരോടുമായി ,
ലക്ഷ്മി : അഴകേശൻ പറഞ്ഞത് ശരിയാണ്. തെളിവുകളില്ല.പക്ഷേ ഇനിയുമിങ്ങനെയൊരാപത്ത് സംഭവിക്കാതിരിക്കണമെങ്കിൽ ഓരോ കുട്ടികളുടേയും സുരക്ഷ സർക്കാരും നിയമ പാലകരും നാമോരോരുത്തരും ഉറപ്പുവരത്തേണ്ടതുണ്ട്. അതിനുള്ള ഒരു അവബോധവും അനുമോന്റെ തിരോധാനത്തിന് ഉത്തരം കണ്ടെത്താൻ കഴിയാത്തതിലുള്ള പ്രതിഷേധവും പിന്നെ ആയോധനകലകളിലൂന്നിയ സ്ത്രീസുരക്ഷ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് നമ്മളീ പ്രോഗ്രാം ചെയ്യുന്നത്. അതാണെനിക്ക് ഓർമ്മിപ്പിക്കാനുള്ളത്.
പറഞ്ഞ് നിർത്തി അവൾ തന്റെ സീറ്റിലേക്ക് പോകുന്നു. ലക്ഷ്മിയെ അനുകൂലിച്ച്,
പളനി : കക്ഷിഭേദമന്യേ പഞ്ചായത്ത് ഈ ഒരു കാര്യത്തിന് ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. (എതിർകക്ഷിയായ അഴകേശനെനോക്കി) അല്ലേ അഴകേശാ. പിന്നെ നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ ഈ പ്രോഗ്രാം രാജ്യമൊട്ടുക്കും കാണേണ്ട ചുമതല തനിക്കാണ്.
ഉത്സാഹത്തിൽ,
അഴകേശൻ : ലോകം മുഴുവൻ കാണും. എല്ലാ ചാനലുകാരേയും ഞാൻ ഇൻഫോം ചെയ്തോളാം.അതെന്റെ ഉറപ്പ്
പളനി : ഗസ്റ്റുകൾ ആരോക്കെ വേണമെന്ന് നമ്മുക്ക് ചർച്ച ചെയ്ത് തീരുമാനിക്കാം.
ചായയുടെ കെറ്റിലുമായി വാതിൽക്കൽ വരുന്ന പയ്യൻ പളനിയെ നോക്കി,
പയ്യൻ : സാർ.ചായ.
അവനെ കണ്ട്,
പളനി : കൊണ്ടുവാടാ മോനെ.
അവൻ ചായ ആദ്യം പളനിക്കും പിന്നെ ലൈലക്കും ലക്ഷ്മിക്കും രമണി ടീച്ചറിനും കൊടുക്കുന്നു. ലക്ഷ്മിക്ക് ചായ കൊടുക്കുംബോൾ,
പയ്യൻ : ചേച്ചി ഒരു ചേട്ടൻ ബുള്ളറ്റ് കൊണ്ട് വന്നിട്ടുണ്ട്. ചേച്ചിയോട് പറയാൻ പറഞ്ഞു.
അതുകേട്ട് ഒന്നു പരുങ്ങി,
ലക്ഷ്മി : ങാ.
അവന്റെ കയ്യിൽ നിന്നും ബാക്കി ആറു പേരും ചായ വാങ്ങുന്നു. അവൻ കാലി കെറ്റിലുമായി പുറത്തേക്ക് പോകുന്നു. ചായകുടിച്ച് കൊണ്ട് ലക്ഷ്മിയെ നോക്കി,
പളനി : ലക്ഷ്മിയോടൊത്ത് ഒരു ആളെ മിക്കപ്പോഴും കാണാമെന്നൊരു സംസാരം ഉണ്ടല്ലോ. അയാളാണോ?
ചായ കുടിക്കുന്നതിനിടയിൽ, ഒന്നു വിളറി,
ലക്ഷ്മി : എന്റെ ആരുമല്ല സർ. പുള്ളിക്കാരനിവിടെ ചീരപ്പൻചിറയെക്കുറിച്ച് ഒരു റിസേർച്ചിന് വന്നതാ. നമ്മുടെ നാടല്ലേ. ഒരു ഹെല്പ്. അത്രേയുള്ളു.
പളനി : ചോദിച്ചെന്നേയുള്ളൂ. (ചായ ഗ്ലാസ്സ് കാലിയാക്കി) ശരി . എന്നാൽ നമ്മുക്ക് പിരിയാം.
അയാൾ എഴുന്നേൽക്കുന്നു. ഒപ്പം അവരും.
കട്ട് റ്റു
(തുടരും)
ഭാഗം 22
സീൻ 41 ബി
വൈകുന്നേരം, പഞ്ചായത്തോഫീസ്
ബുള്ളറ്റിനരികെ താക്കോല് കറക്കി ചുറ്റിനും നോക്കി നിൽക്കുന്ന എമ്മാനുവേലിനെക്കരികിലേക്ക് കാലി ചായകെറ്റിലുമായി വരുന്ന ,
പയ്യൻ : ചേട്ടാ ഞാൻ പറഞ്ഞിട്ടുണ്ട്..!.
എമ്മാനുവേൽ : താങ്ക്സ് ഡാ.
പയ്യൻ : ഓക്കെ ചേട്ടാ.
അവൻ പുറത്തേക്ക് നടന്ന് പോകുന്നു. ആ സമയം തന്റെയരികിലേക്ക് വരുന്ന ലക്ഷ്മിയെ എമ്മാനുവേൽ കണ്ട് ചിരിച്ച് മുന്നോട്ട് ആയുന്നു. ലക്ഷ്മിയുടെ കയ്യിൽ ഒരു ഫയലുണ്ട്. അവന്റെ അടുത്തെത്തി,
ലക്ഷ്മി : ബുള്ളറ്റൊക്കെ ഓടിച്ച് ടൌണിൽ പോണണ്ട്. ലൈസൻസൊക്കെയുണ്ടാ.
എമ്മാനുവേൽ : ഓ.. ഇന്റർനാഷണൽ ലൈസൻസ് വരെയുണ്ട് .കാണണോ ?.
ചിരിച്ച് കൊണ്ട് ,
ലക്ഷ്മി : കണ്ടാൽ പറയില്ല കേട്ടോ.
താക്കോല് കൊടുത്ത്,
എമ്മാനുവേൽ : എന്തു ചെയ്യാനാ...ദാ... താക്കോല്.
ലക്ഷ്മി : കർത്താവ് തന്നെയെടുത്തോ.
ചുറ്റിനും നോക്കി,
എമ്മാനുവേൽ : എല്ലാരും കാണില്ലേ?.
ലക്ഷ്മി : ഇനിയെന്ത് കാണാനാ. കർത്താവിനെക്കുറിച്ച് മീറ്റിംഗിൽ സംസാരമുണ്ടായി.
ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്ത് അല്പം അദ്ഭുതം കൂറി,
എമ്മാനുവേൽ :ആണോ എന്നിട്ട്?
ബുള്ളറ്റിന്റ്റെ പിന്നിൽ കയറികൊണ്ട്,
ലക്ഷ്മി : പറയാനുള്ളത് പറഞ്ഞു... അല്ലാ... താനെന്തിനാ എപ്പോഴും ടൌണിൽ പോകുന്നത്? നിവിനെ കാണാനാ ?
ബുള്ളറ്റ് മുന്നോട്ട് എടുത്ത് ,
എമ്മാനുവേൽ: ങാ.കുറച്ച് പരിപാടിയുണ്ട്. മെംബററിയാതെ കുറച്ച് പ്ലാനൊക്കെ ഞാൻ തയ്യാറാക്കുന്നുണ്ട്. ഏതായാലും ഇവിടുത്തെ പണി കഴിയാറായി.
കട്ട് റ്റു
ഇരുവശവും തെങ്ങും തോപ്പുള്ള റോഡിലൂടെ ബുള്ളറ്റിൽ പോകുന്ന എമ്മാനുവേലും ലക്ഷ്മിയും.
ലക്ഷ്മി : ഓ. അപ്പോ എല്ലാം എഴുതിക്കഴിഞ്ഞോ. അല്ല ഈ ചരിത്രം പഠിക്കുന്നതിനെന്തിനുവേണ്ടിയാ?.
എമ്മാനുവേൽ : ഒരു ഡോക്യുമെന്ററി ചെയ്യാൻ.
ലക്ഷ്മി : അത് പൊളി.. ഏതായാലും .ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞിട്ടേ പോകാവു.
എമ്മാനുവേൽ : അതത്ത്രേയുള്ളൂ.കുറച്ച് ഡീറ്റൈത്സും കൂടി കളക്റ്റ് ചെയ്യാനുണ്ട്.
അവൻ റോഡിൽ നിന്നും മാറി തെങ്ങും തോപ്പിനിടയിലുടെ കായലിനരികിലേക്ക് ബുള്ളറ്റ് കൊണ്ട് പോകുന്നു. അതു കണ്ട് സംശയിച്ച്
ലക്ഷ്മി : ഇത്തെന്താ ഇങ്ങോട്ട്?.
എമ്മാനുവേൽ : നമ്മുക്ക് കുറച്ച് സംസാരിച്ചിട്ട് പോകാം.
അവൻ ബുള്ളറ്റ് നിർത്തുന്നു. ലക്ഷ്മി ഇറങ്ങി ചുറ്റും നോക്കുന്നു. വിശാലമായ കായൽ പരപ്പ്. മത്സ്യബന്ധനം നടത്തുന്ന രണ്ടോ മൂന്നോ ചെറുവള്ളങ്ങളിൽ ചിലർ.. ബുള്ളറ്റിൽ നിന്നറങ്ങി,
എമ്മാനുവേൽ :നിങ്ങൾ ചെയ്യുന്ന പ്രോഗ്രാമിന്റെ തീം എന്താണ് ?
ലക്ഷ്മി : അനുമോന്റെ തിരോധാനം.
ആലോചിച്ച്,
എമ്മാനുവേൽ : അപ്പോൾ ഒരു തുടക്കവും ഒടുക്കവും ഉണ്ടാകും. എന്തായീരിക്കും ആ ക്ലൈമാക്സ്.
ലക്ഷ്മി : മൊത്തത്തില് ഒരു അവബോധം. പിന്നെ അനുമോന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഇവിടുത്തെ ജനങ്ങളുടെ പ്രതീക്ഷ.
ഒന്ന് ചിരിച്ച് ,
എമ്മാനുവേൽ :ആ കാത്തിരുപ്പ് വെറുതെയാണ്. ഹീ വോണ്ട് കം ബാക്ക് ആസ് ഹീ ഈസ് നോട്ട് ഇൻ ദി വേൾഡ്.
ഒനു ഞെട്ടി ,
ലക്ഷ്മി : വാട്ട് യു മീൻ?
അവളുടെ കണ്ണുകളിൽ നോക്കി,
എമ്മാനുവേൽ : ഐ മെന്റ് വാട്ട് ഐ സെഡ്. ഇനി നിങ്ങളുടെ പ്രോഗ്രാമിൽ ഞാൻ പറയുന്നത് പോലെ ക്ലൈമാക്സ് എഴുതണം.
ലക്ഷ്മി : അതെന്തിന്
എമ്മാനുവേൽ : അനുമോനെന്തു പറ്റിയെന്ന സത്യം അറിയണ്ടേ?
ചിരിച്ച് സംശയിച്ച്,
ലക്ഷ്മി : സത്യത്തിൽ കർത്താവ് ചരിത്രം പഠിക്കാൻ വന്നതോ അതോ അവര് പറഞ്ഞതുപോലെ കഥയെഴു താൻ വന്നതോ.
എമ്മാനുവേൽ : ഒരു എഴുത്തുകാരന്റെ മനസ്സിൽ ഒരു അന്വേഷകന്റെ ത്വരയുണ്ട്. ചുറ്റും കാണുന്നതൊക്കെ നിരീക്ഷിക്കുക. മാലിന്യം അടർത്തി മാറ്റി നല്ലത് സ്വായത്തമാക്കുക.
ലക്ഷ്മി : അതേ ഈ ഫിലോസഫിയൊന്നും എനിക്ക് കിട്ടുന്നില്ല. വാ പോകാം. ചെന്നിട്ട് കുറേ പണിയുള്ളതാ. കൂടുതൽ സംസാരിക്കണമെങ്കിൽ വൈകിട്ട് ചാറ്റിൽ വാ. അല്ലെങ്കില് നംബർ തരാം.
എമ്മാനുവേൽ : 9526427577 ഇതല്ലേ നംബർ ?
ലക്ഷ്മി : ഇതെങ്ങനെ കിട്ടി ?
ബുള്ളറ്റിൽ കയറികൊണ്ട്,
എമ്മാനുവേൽ : അതാണ് കർത്താവീശോമിശിഹാ തംബുരാൻ. വാ..കയറ്.
അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്നു. സംശയത്തോടെ അവൾ കയറുന്നു.
കട്ട്
സീൻ 42
വൈകുന്നേരം, പഞ്ചയത്ത് ഗ്രൗണ്ട്
വോളീബോൾ കോർട്ടിൽ പഴയകുട്ടികൾ തന്നെ വോളിബോൾ കളിക്കുന്നു. ഇടതു പോസ്റ്റിനോട് ചേർന്ന് സ്റ്റൂളിൽ നിന്ന് കളി നിയന്ത്രിക്കുന്ന റഫറി പഴയ ആൾ തന്നെ. അവർ കളിയുടെ അവേശത്തിൽ മുറുകിയിരിക്കുന്നു. ആ ദൃശ്യത്തിൽ സ്റ്റേജിൽ ഡാൻസ് പ്രാക്റ്റീസ് ചെയ്യുന്ന ലക്ഷ്മിയുടെ ശിഷ്യഗണങ്ങളെ കാണാം- അഞ്ചോ ആറോ പേർ. പൊതുവേ സാമർത്ഥ്യം തോന്നുന്ന രുധിരയാണു നടുവിൽ. ആ സമയം ഗ്രൗണ്ടിലെ നിരത്തിലൂടെ ബൈക്കിൽ കഞ്ചാവ് ലഹരിയിൽ കൂക്കി വിളിച്ച് വരുന്ന മൂവർ സംഘം – പൊറിഞ്ചുവും , ഷെഫീഖും കുട്ടനും.സ്റ്റേജിനു മുന്നിൽ ബൈക്ക് വട്ടം ചുറ്റിച്ച് പേൺകുട്ടികളെ ശല്യപ്പെടുത്തുംബോൾ അവർ പ്രക്റ്റീസ് നിർത്തി അല്പം ഭയപ്പാടോടെ നിൽക്കുന്നു.
ഗ്രൗണ്ടിൽ കുട്ടികൾ പൊറിഞ്ചുവും മറ്റും കാട്ടുന്ന അങ്കം കണ്ട് കളി നിർത്തി ആ ഭാഗത്തേക്കു നോക്കുകയാണു; ബോള് നെഞ്ചോട് ചേർത്ത് റഫറിയും.
ആകെ ഒരു പൊടിപടലം – ആ ഭാഗത്തേക്ക് റഫറി നടക്കുന്നു ഒപ്പം കുട്ടികളും. പൊറിഞ്ചു ബൈക്ക് നിർത്തുംബോൾ ഷെഫീഖും കുട്ടനും ചാടിയിറങ്ങുന്നു.
ബൈക്ക് സ്റ്റാൻഡിൽ വെച്ച് പേൺകുട്ടികളെ തുറിച്ച് നോക്കി പല്ലുകടിച്ച് കൊണ്ട് ഇറങ്ങി പൊറിഞ്ചു അവരുടെ അരികിലേക്ക് നടക്കുംബോൾ ഷെഫീഖും കുട്ടനും അവനെ പിന്തുടരുന്നു.
ഇവന്മർ ഇതെന്തിനുള്ള പുറപ്പാടാണെന്ന ഭാവത്തിൽ റഫറി സ്റ്റേജിനരികിലേക്ക് നടന്ന് കൊണ്ട് കൂടെയുള്ള കുട്ടികളോട്,
റഫറി : മക്കളെ വാ.
കുട്ടികൾ അല്പം ഭയത്തോടെ റഫറിയുടെ പിന്നാലെ നടക്കുന്നു. സ്റ്റേജിൽ രുധിരയൊഴികെ മറ്റ് പെൺകുട്ടികൾ ഭയന്ന് രുധിരക്ക് പിന്നിലേക്ക് നീങ്ങുന്നു.
സ്റ്റേജിലേക്ക് കയറിവരുന്ന പൊറിഞ്ചു പെൺകുട്ടികളോട് അലർച്ചയിൽ,
പൊറിഞ്ചു : നിനക്കൊക്കെ ഇവിടെ കിടന്ന് കൂത്താടിയാലേ ഉറക്കം വരത്തൊള്ളാ മൈ***കളേ.
അതിഷ്ടപ്പെടാതെ രുധിര അല്പം സ്വരമുയർത്തി,
രുധിര : ചേട്ടാ മര്യാദക്ക് സംസാരിക്കണം.
രുധിരയുടെ അടുത്ത് എത്തി അവളെയൊന്നാകമാനം നോക്കി,
പൊറിഞ്ചു : എന്തോ....(പിന്നിൽ നിന്ന കുട്ടനെ നോക്കി) ഇവളേതാ അളിയാ...
പരിഹസത്തിൽ ,
കുട്ടൻ : നമ്മടെ പാവാട ശാരദയുടെ മോളാ..
അതുകേട്ട് രുധിരയുടെ മുഖം വലിഞ്ഞു മുറുകുന്നു. അവളെ ഒന്നു ആക്കി ആകമാനം നോക്കി,
പൊറിഞ്ചു: കെട്ടിയവൻ ഇട്ടിട്ടു പോയ പാവാട ശരദയുടെ മോളാണല്ലേ...
കൊതിയോടെ അവൻ അവളോടടുക്കുംബോൾ സ്റ്റേജിലേക്ക് കയറി വരുന്ന റഫറി അവനെ തടഞ്ഞുകൊണ്ട് –
റഫറി : കഞ്ചാവു വലിച്ചു കയറ്റി ഈ പെങ്കൊച്ചുങ്ങളുടെ മേൽ കുതിര കേറാതെ പോ നിങ്ങള് .
അയാളെ ആഞ്ഞ് തള്ളി മാറ്റി ,
പൊറിഞ്ചു : മാറടാ... പെരട്ട കിളവാ.
അലർച്ചയോടെ അയാൾ സ്റ്റേജിൽ നിന്നും താഴേക്ക് വീഴുന്നു. കയ്യിലിരുന്ന ബോൾ തെറിച്ച് ദൂരെ പോകുന്നു. നിലത്തു നിന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടി ചുറ്റും കൂടിയ കുട്ടികളെ നോക്കി ,
റഫറി : അയ്യോ നടുവൊടിഞ്ഞേ..ഒന്നു പിടിക്ക് മക്കളെ.
രണ്ടുമൂന്ന് ആൺകുട്ടികൾ അയാളെ എണിപ്പിക്കാൻ ശ്രമിക്കുന്നു. പരിഹാസ ചിരിയോടെ അയാളെ നോക്കി തിരിഞ്ഞ് രുധിരയോടടുക്കുന്ന പൊറിഞ്ചു.
അവന് പിന്നിൽ അതേ ഭാവത്തിൽ കൂട്ടുകാരും. പെൺകുട്ടികൾ ഭയത്തിലാണ്. രുധിര എന്തോ മനസിൽ ഉറപ്പിച്ച പോലെയും ആൺകുട്ടികൾ താങ്ങിയെണീപ്പിച്ച റഫറി പൊറിഞ്ചുവിനെ നോക്കി,
റഫറി : എടാ നീ തള്ളി താഴെയിട്ടത് ഒരു എക്സ് മിലിട്ടറിയെ ആണെന്ന് ഓർത്തോ.
അയാളെ തിരിഞ്ഞ് നോക്കി,
ഷെഫീഖ് : ഒന്ന് പോടാ കിഴവാ...
റഫറിയുടെ സംസാരം മൈൻഡ് ചെയ്യാതെ പൊറിഞ്ചു കാമാസക്തിയിൽ രുധിരയോട് അടു അവളുടെ കവിൾ ഒരു കൈകൊണ്ട് ഒതുക്കി ,
പൊറിഞ്ചു : മൊത്തത്തിൽ മോൾക്കൊരു ചന്തമാ.
രുധിരയുടെ കൈകളും കാലുകളും ദ്രുതവേഗത്തിൽ ചലിച്ചു. പൊറിഞ്ചു ആഘാതത്തോടെ പറന്ന് സ്റ്റേജിൽ നിന്ന് പുറത്തെ പൂഴിമണ്ണിലേക്ക് വീണു. പൊടിപടലങ്ങൾ ഉയർന്നു പൊങ്ങി. റപഹറിയും ആൺകുട്ടികളും പെൺകുട്ടികളും അംബരന്നു പോയി കുട്ടനും ഷെഫീഖും രുധിരയെ ആക്രമിക്കനൊരുങ്ങി,
ഷെഫീഖ് : എടീ പൊ***** മോളെ.
ക്ഷണനേരം രുധിരയുടെ പ്രത്യാക്രമണത്തിൽ അവരിരുവരും പൊറിഞ്ചുവിനു കൂട്ടായി നിലം പതിച്ചു. വർദ്ധിച്ച ദേഷ്യത്തിൽ രുധിര അവർക്കിടയിലേക്ക് ചാടിയിറങ്ങി തനിക്കറിയാവുന്ന കളരിമുറകൾ പുറത്തെടുത്ത് തന്നെ ആക്രമിക്കനൊരുങ്ങിയ മൂവരെയും നിലം പരിശാക്കുംബോൾ പൊടി പടലങ്ങൾക്കിടയിലൂടെ ബുള്ളറ്റിൽ വരുന്ന ലക്ഷ്മിയെ നമ്മുക്കു കാണാം.
കാര്യമെന്തെന്നറിയാതെ അവർക്കരികിലായി ബുള്ളറ്റ് നിർത്തി പരിഭ്രമത്തിൽ ഇറങ്ങുന്ന ലക്ഷ്മിക്കരികിലേക്ക് കരച്ചിലോടെ രുധിരയോടിയെത്തി അവളുടെ മാറിൽ മുഖം ചേർത്ത് കരയുംബോൾ ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ച് രൂക്ഷമായി പൊറിഞ്ചുവിനെയും കൂട്ടുകാരെയും നോക്കുന്നു. അവർ അവശരായി എഴുന്നേൽക്കുന്നു. ബദ്ധപ്പെട്ട് ബൈക്കിൽ കയറുന്നു. മറ്റു പെൺകുട്ടികളും റഫറിയും ആൺകുട്ടികളും ലക്ഷ്മിയുടെ അരികിലെത്തിയിരുന്നു. ബൈക്കിൽ പോകുന്ന മൂവരേയും രൂക്ഷമായി നോക്കുന്ന ലക്ഷ്മിയോട് നിനക്കൊക്കെ വെച്ചിടുട്ടുണ്ടെന്ന വിധം ആംഗ്യം കാട്ടി ബൈക്ക് ഓടിക്കുന്ന പൊറിഞ്ചു.
ലക്ഷ്മിയെ നോക്കി,
റഫറി : ഇവനമാരെ ഇനി ഇങ്ങനെ വെറുതെ വിട്ട് കൂട മെംബറേ...അയ്യോ..
നടുവ് വേദനിച്ച് അയാൾ ഒന്നു ഞരങ്ങുംബോൾ എന്തോ ഉറപ്പിച്ചെന്ന വിധം തലയാട്ടുന്ന ലക്ഷ്മി.
കട്ട്
(തുടരും)
ഭാഗം 23
സീൻ 43
രാത്രി
പള്ളിപറംബിനരികിലുള്ള ഒരു ഭാഗം. തങ്കൻ, ബഷീർ,പൊന്നൻ, വിജയൻ.മദ്യപാനം കഴിഞ്ഞ് മണ്ണിൽ വട്ടം കൂടിയിരിക്കുന്ന അവരെ ചെറിയ വെളിച്ചത്തിൽ കാണാം. പൊന്നൻ ഒരു കുറ്റി ബീഡി കത്തിക്കുന്നതിൽ നിന്നാണ് ദൃശ്യം ആരംഭിക്കുന്നത്. പുകയെടുക്കുന്നതിനിടയിൽ,
പൊന്നൻ : ഇങ്ങനെ കുടിച്ച് കുടിച്ച് ഓരോ ദിവസവും തള്ളി നീക്കിയിട്ട് എന്ത് കാര്യം.ഒരു മാറ്റം വേണം.
നരബാധിച്ച കുറ്റിതാടി നിരാശയിൽ തടവി,
തങ്കൻ : തെയ്യാമ്മയും പറയുന്നുണ്ട്.
നിസാരതയിൽ,
വിജയൻ : എന്തായാലും എനിക്ക് കിട്ടുന്ന തലക്കും താടിക്കും വലിയ മാറ്റോന്നുമില്ല.
നിലത്ത് ഒരു ചെറിയ കംബുകൊണ്ട് എന്തോ വരച്ച് കുന്തിച്ചിരിക്കുന്ന ബഷീർ ആലോചനയിൽ,
ബഷീർ : പല മാറ്റങ്ങളും കാണുന്നുണ്ട്.
ഗൗരവം അഭിനയിച്ച് മറ്റൊരു ടോണിൽ,
വിജയൻ : താങ്കളെന്താണ് വരച്ച് ഉദ്ദേശിക്കുന്നത്.
വര നിർത്തി എല്ലാവരേയും അർഥം വെച്ച് നോക്കി
ബഷീർ : അവനാരണ്. കർത്താവ്. അവൻ നാട്ടിൽ വന്നതു മുതൽ ഒരു പാട് പ്രശ്നങ്ങൾ.
വിജയൻ : അത് നീയായിട്ട് തന്നെ തുടങ്ങിവെച്ചതല്ലെ.
അതൊന്നും കാര്യമാക്കതെ കെട്ട കുറ്റിബീഡി കളഞ്ഞ് എല്ലവരേയും നോക്കി
പൊന്നൻ : ബീഡിയുണ്ടോ ആരുടേയെങ്കിലും കയ്യിൽ....(ആരും ഉണ്ടെന്നോ ഇല്ലേന്നോ പറയുന്നില്ല.) ഉണ്ടെങ്കിലും ഒരുത്തനും തരത്തില്ല. രാത്രിയല്ലേ. ഞാൻ പോണു.
പൊന്നൻ ദേഷ്യത്തിൽ എഴുന്നേറ്റ് ഒരു ഭാഗത്തേക്ക് പോകുന്നു.
എണിക്കാൻ ഒരുങ്ങി,
തങ്കൻ : ഞാനും പോണു....തെയ്യാമ്മ പറയുന്നതു പോലെ നാളെത്തന്നെ ധ്യാനത്തിനു പോണതാ നല്ലത്..മുരിങ്ങൂരേ..
വിജയൻ : ചെല്ല് പോയി ധ്യാനം കൂടി നന്നാക്..
എണിറ്റ് പോകാൻ തുടങ്ങുന്ന തങ്കനെ നോക്കി വിജയൻ പരിഹസിച്ച് പറഞ്ഞ് ബഷീറിനെ നോക്കുന്നു. ബഷീർ താൻ മറ്റുള്ളവരോട് ചോദിച്ച സംശയത്തിലണിപ്പോഴും. വിജയനോടയി,
ബഷീർ : നിനക്കെന്തു തോന്നുന്നു.
കളിയാക്കും വിധം,
വിജയൻ : എന്ത് ..രണ്ടെണ്ണം അടിക്കാൻ തോന്നുന്നു...ഒന്നു പോടാ കോപ്പേ.
അസംതൃപ്തനായ ബഷീറിനെയാണു നാം കാണുന്നത്.
കട്ട് റ്റു
സീൻ 43ഏ
രാത്രി
പലരുടേയും വീട്ടിലേക്കും മറ്റുമുള്ള ഇടവഴി.
ലൈറ്ററിലുള്ള ടോർച്ചടിച്ച് നടന്ന് വരുന്ന പൊന്നൻ മുന്നിൽ തനിക്കെതിരെ ആരോ നിൽക്കുന്നത് കണ്ട് നിൽക്കുന്നു അല്പം ഭയത്തിൽ. എതിരെ നിൽക്കുന്ന ആൾ സ്വന്തം മുഖത്തിനരികിൽ ലൈറ്റർ കത്തിച്ച് ചെറുതായി ചിരിക്കുംബോൾ പൊന്നൻ അത് എമ്മാനുവേൽ ആണെന്ന് തിരിച്ചറിയുന്നു. പരിഭ്രമം വിട്ട്,
പൊന്നൻ : കർത്താവോ.
എമ്മാനുവേൽ : ബീഡി വേണോ...
പൊന്നൻ : ഉണ്ടെങ്കിൽ ഒരെണ്ണം താ.
എമ്മാനുവേൽ : ഒന്നല്ല ഒരു പാക്കറ്റ്.ദാ
എമ്മാനുവേൽ പോക്കറ്റിൽ നിന്നും ഒരു ബീഡി പാക്കറ്റ് പൊന്നന് നീട്ടുംബോൾ അയാളതു വാങ്ങി പൊട്ടിച്ചു കൊണ്ട്,
പൊന്നൻ : അല്ല നിങ്ങളീരാത്രിയിലെങ്ങോട്ട് പോകുവാ.
എമ്മാനുവേൽ : ഞാനൊന്ന് ഷാപ്പ് വരെ പോകുവാ...ചേട്ടൻ വരുന്നോ
പൊന്നൻ : ഇല്ല .ഇന്നിനി വേണ്ട...കർത്താവ് പോയിട്ട് വാ...
എമ്മാനുവേൽ : എന്നാ ചേട്ടൻ വിട്ടോ.
പൊന്നൻ : ശരി.
കർത്തവ് ചിരിച്ച് അവിടെ നിന്നും നടന്നകലുംബോൾ ബീഡി ചുണ്ടിൽ വെച്ച് സംശയത്തോടെ അവനെനോക്കി മനസ്സിൽ പറയുന്ന
പൊന്നൻ : കർത്താവ് ബീഡിവലിക്കാറില്ലല്ലോ..അത് കർത്താവ് തന്നെയാണോ.
ബീഡി കത്തിച്ച് ഭീതിയോടെ പൊന്നൻ മുന്നോട്ട് നടക്കുംബോൾ പള്ളിപറംബിൽ അവരുടെ സംസാരവും ബീഡി കിട്ടാതെ പൊന്നൻ ദേഷ്യത്തിൽ എണീറ്റ് പോകുന്നതും ഒരു തെങ്ങിൻ മറവിൽ നിന്നു എമ്മാനുവേൽ വീക്ഷിക്കുന്ന ദൃശ്യം തെളിഞ്ഞു വരുന്നു. ചിരിച്ച മുഖവുമായി അരണ്ട വെളിച്ചത്തിൽ നടന്ന് വരുന്ന എമ്മാനുവേൽ
കട്ട്
സീൻ 44
രാത്രി
സഖാവ് സത്യന്റ്റെ വീട്, ലക്ഷ്മിയുടെ മുറി
കുളിച്ച് തോർത്ത് കൊണ്ട് മുടിയിൽ ഈറൻ കെട്ടി നൈറ്റ് ഡ്രെസ്സ് അണിഞ്ഞ് കട്ടിലിൽ വന്നിരിന്ന് കട്ടിലിൽ കിടന്ന മൊബൈൽ ഫോൺ എന്തോ ആലോചനയോടെ ലക്ഷ്മി എടുക്കുന്നു.
കട്ട് റ്റു
സീൻ44 ഏ
രാത്രി
മാത്തന്റ്റെ ഷാപ്പ്
ഒരു ക്യാബിനിൽ ഇരുന്ന് കപ്പയും മീൻ കറിയും കഴിക്കുന്ന എമ്മാനുവേൽ. ഒരു നിറ ഗ്ളാസ്സ് കള്ള് അവൻ ഇടകൈകൊണ്ട് മേശയിൽ വെച്ചു കൊണ്ട് തന്നെ പിടിച്ചിടുണ്ട്. കഴിക്കുന്നതിനിടയി മറ്റൊരു ക്യാബിനിലെ രണ്ട് പേരുടെ സംസാരം അവൻ ശ്രദ്ധിക്കുന്നുണ്ട്. ആ ക്യബിനിൽ നിന്നുള്ള സംസാരം:
ഒന്നാമൻ : എന്നാലും ഇപ്പോഴത്തെ പിള്ളേരുടെ ഒരു ചങ്കുറ്റമേ..പട്ടാപകൽ പെമ്പിള്ളേരെ കേറി പിടിക്കുകയെന്നൊക്കെ പറഞ്ഞാ...
രണ്ടാമൻ : അവനൊക്കെ കഞ്ചാവല്ലേ...നമ്മടെ മെംബറ് ആ നായീന്റ്റെ മക്കളെ അകത്താക്കിയില്ലേ.
അതുകേട്ട് ഭക്ഷണം കഴിച്ചു കഴിഞ്ഞ എമ്മാനുവേൽ ആലോചനയോടെ ഗ്ളാസ്സിലെ കള്ള് വലിച്ചുകുടിച്ച് കൈകഴുകാനായി പുറത്തേക്കിറങ്ങുന്നു.
കട്ട് റ്റു
സീൻ44 ബി
രാത്രി
സഖാവ് സത്യന്റ്റെ വീട്.
ലക്ഷ്മിയുടെ മുറി
ജനലിങ്കൽ നിന്ന് ആരെയോ ഫോൺ ചെയ്യുന്ന ലക്ഷ്മി
കട്ട് റ്റു
സീൻ44 സി
രാത്രി
പൂഴി റോഡ്
വൈദ്യുതി ബൾബുകൾ അങ്ങിങ്ങായി കത്തി നിൽക്കുന്നു. നടന്ന് വരുന്ന എമ്മാനുവേൽ ഫോൺ ചിലക്കുന്നത് കേട്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കുന്നു.
ലക്ഷ്മിയുടെ പേരു തെളിഞ്ഞു നിൽക്കുന്നു. ചെറിയ ചിരിയോടെ അവൻ അത് അറ്റൻഡ് ചെയ്യുന്നു.
എമ്മാനുവേൽ : പറഞ്ഞോ.
ഇൻടർ കട്ട്സ്
ലക്ഷ്മി : എവിടെയാണാവോ ?
എമ്മാനുവേൽ : ഞാനേ ഷാപ്പിലയിരുന്നു ഇപ്പോ വീട്ടിലേക്ക് പോകുന്നു.
ലക്ഷ്മി : കർത്താവ് ആള് കൊള്ളാല്ലോ. കള്ളൊക്കെ കുടിക്കുവോ.
എമ്മാനുവേൽ : ഞാനത്ര വിശുദ്ധനൊന്നുമല്ലന്നേ.
പരിഭവമെന്നോണം,
ലക്ഷ്മി : അതെനിക്ക് തോന്നിടത്തുടങ്ങിയിട്ടുണ്ട്.
എമ്മാനുവേൽ : ആണോ. പക്ഷേ മെംബറ് പൊളിയാ. കഞ്ചാവടിച്ച് ഗ്രൗണ്ടിൽ പ്രശ്നം ഉണ്ടാക്കിയവരെ അകത്തക്കിയില്ലേ. ഷാപ്പീന്നുള്ള ന്യൂസാ.
ലക്ഷ്മി : അത് പിന്നെ വേണ്ട.
എമ്മാനുവേൽ : വേണം . എനിക്കിങ്ങനെയുള്ള യുവതിയെയാണു ഇഷ്ടം.
ലാഘവത്തിൽ കുസൃതിയോടെ,
ലക്ഷ്മി : എന്നാ താൻ ഒന്നു പ്രേമിച്ചു നോക്ക്.
എമ്മാനുവേൽ : അയ്യോ ഞാനൊരു വഴിപോക്കനാണേ.
എമ്മാനുവേൽ സംസാരത്തിനിടയിൽ പൂഴി റോഡ് കടന്ന് രജിതയുടെ വീടിനരികിൽ എത്തിയിരുന്നു. രജിതയുടെ വീടിന്റ്റെ ഒരു ഭാഗത്തേക്ക് തലയിൽ തുണിയിട്ട് ആരോ പതിയെ നടന്നുപോകുന്നത് കണ്ട് ശബ്ദം കുറച്ച് ഫോണിൽ,
എമ്മാനുവേൽ : അതേ ഞാൻ പിന്നെ വിളിക്കാം.
അവൻ ഫോൺ കട്ട് ചെയ്യുംബോൾ ചമ്മിയെന്ന വിധം,
ലക്ഷ്മി : ശ്ശേ..ബോറായി..
അവൾ കട്ടിലിൽ ഇളിഭ്യതയോടെ ഫോണുമായി ഇരിക്കുന്നു.
കട്ട് റ്റു
സീൻ44 ഡി
രാത്രി
രജിതയുടെ വീട്, അടുക്കള വാതിൽ ഭാഗം
രജിത കതക് തുറക്കുംബോൾ അകത്ത് നിന്നും പുറത്തേക്ക് വരുന്ന വെളിച്ചത്തിൽ തോർത്ത് തലയിൽ നിന്നും മാറ്റുന്ന ബഷീറിന്റ്റെ മുഖം വേലിക്കപ്പറത്തെ മറവിൽ നിന്ന് നോക്കുന്ന എമ്മാനുവേൽ കാണുന്നു. ബഷീർ അകത്തേക്ക് പമ്മി കയറുബോൾ രജിത ബഷീറിന്റ്റെ സാന്നിധ്യം മറ്റാരും കണ്ടില്ലെന്നു ഉറപ്പ് വരുത്തി അടുക്കള വാതിൽ അടക്കുന്നു. ആലോചനയോടെ താടി തടവി തിരിയുന്ന എമ്മാനുവേൽ.
കട്ട്
(തുടരും)
ഭാഗം 24
സീൻ 45
രാത്രി, പൊന്നന്റ്റെ ചെറിയ ഓടിട്ട വീട്.
പുറത്ത് മുൻവാതിൽ വശം തൂക്കിയിട്ടിരിക്കുന്ന 40 വാട്ട് ബൾബിന്റ്റെ ചെറിയ വെളിച്ചത്തിൽ സിമന്റ്റ് തേക്കാത്ത വീട് ദൃശ്യത്തിൽ-
അകത്ത്-
ചെറിയ ഇടുക്ക് പോലുള്ള അടുക്കളയിൽ കൈലിമുണ്ട് മാത്രമുടുത്ത പൊന്നൻ ഒരു പൈൻഡു കുപ്പിയിൽ ബാക്കിയുണ്ടയിരുന്ന മദ്യം ഗ്ളാസ്സിലേക്ക് ഒഴിക്കുന്നു.
കാലുറക്കാതെ ആടിയാടി മദ്യം വലിച്ച് കുടിച്ച് തലകുടഞ്ഞ് ഗ്ലാസ് താഴെവെച്ച് മടിയിൽ നിന്നും ബീഡിപാക്കറ്റെടുത്ത് ഒരു ബീഡി എടുത്ത് ചുണ്ടിൽ വെച്ച് ലൈറ്റർ പരതിക്കൊണ്ട് അടുത്തമുറിയിലുള്ള ആരോടോയെന്നവണ്ണം ഉച്ചത്തിൽ,
പൊന്നൻ : തള്ളേ നിങ്ങള് ലൈറ്റർ കണ്ടോ.
ആ മുറിയി നിന്നും വയസ്സായ വിരോണി അമ്മയുടെ സ്വരം:
വിരോണി : നിന്റ്റെ കെട്യോളോട് പോയി ചോദിക്ക്.
അത് കേട്ട് ചുണ്ടിൽ നിന്നും ബീഡി എടുത്ത് പുറത്തേക്ക് നടന്ന് കൊണ്ട്,
പൊന്നൻ : എവിടെ കെട്ട്യോള് ... ഐ.എം.എസിൽ തെണ്ടാൻ പോയപ്പോ ഓർത്തില്ലേ, മകനു ഭാര്യയും മക്കളും അവർക്ക് അഭിമാനവുമുണ്ടെന്ന്.
അയാൾ മുറിയിലേക്ക് കടന്നു വരുംബോൾ നാം കാണുന്നത് ഒരു ഒടിഞ്ഞ കട്ടിലിൽ കൊന്ത ചൊല്ലി ഇരിക്കുന്ന മുഷിഞ്ഞ ചട്ടയും മുണ്ടും ഉടുത്ത വൃദ്ധയായ വിരോണിയെ ആണ്. അവർക്കരികിലുള്ള മേശയിൽ പരിശുദ്ധമാതാവിന്റ്റെ രൂപവും,കത്തി തീരാറായ മെഴുകു തിരിയും. ആടിയാടി അവർക്കരികിലെത്തി രൂക്ഷമായി നോക്കി,
പൊന്നൻ : ആരുടെ അടുപ്പിൽ അരിവേവിക്കാനാണ് കൊന്ത കൊണക്കണത്.
വിരോണി : മക്കള് തലതെറിച്ചവരാണെങ്കിലും പെറ്റതള്ള പ്രാകാറില്ല.
പൊന്നൻ : പ്രാകിയാലും പ്രാർത്ഥിച്ചാലും ഇതിൽ വലുതൊന്നും വരാനില്ല.
മെഴുകുതിരിയിൽ നിന്നും ബീഡി കത്തിച്ച് പുകച്ച് വിട്ട് അവരെ നോക്കി,
പൊന്നൻ : ഞാൻ നാളെ പോകുവാ.കുറച്ച് നാള് ഒറ്റക്ക് ജീവിക്ക്..
അയാൾ ആടിയാടി തുറന്നു കിടക്കുന്ന മുൻ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങുംബോൾ -
ആത്മഗതമെന്നോണം,
വിരോണി : പൂർവ്വപിതാക്കന്മാരാൽ വന്ന് ചേരുന്ന ശാപം. മക്കള്, ഭാര്യ,ഭർത്താവ് , കൂടെപിറപ്പുകൾ..
പ്രാർത്ഥന നിർത്തി വിരോണി പിതാവും പുത്രനും പരിശുദ്ധാൽമാവിനും കുരിശടയാളം വരച്ച് ചൊല്ലുന്നു. രൂപത്തിനു മുന്നിൽ കത്തിയണയുന്ന മെഴുകുതിരി.
കട്ട്
സീൻ 46
രാത്രി
തങ്കന്റ്റെ വീട്,
ചെറിയ വെളിച്ചത്തിൽ വീടിന്റ്റെ പുറം ദൃശ്യം, അകത്ത് ഹാളിൽ തിരുഹൃദയ രൂപത്തിലിട്ടിരിക്കുന്ന സീരിയൽ ബൾബിലെ വെളിച്ചം മിന്നി മറിക്കൊണ്ടിരിക്കുന്നു.
കട്ടിലിൽ ആലോചനയിൽ കിടക്കുന്ന തങ്കനെ ആ വെളിച്ചത്തിൽ കാണാം. മറ്റൊരു മുറിയിൽ കിടക്കുന്ന തെയ്യാമ്മയോടെന്നവണ്ണം
തങ്കൻ : തെയ്യാമ്മേ ..അവൻ ശരിക്കും കർത്താവാണോടി?
തെയ്യാമ്മയുടെ മുറിയിൽ - കട്ടിലിൽ ഒന്ന് തിരിഞ്ഞ് കിടന്നുകൊണ്ട് ,
തെയ്യാമ്മ : കിടന്നുറങ്ങാൻ നോക്ക്. രാവിലെ മുരിങ്ങൂരു പോകാനുള്ളതല്ലെ.
തന്റ്റെ സംശയത്തിൽ നിന്നും മാറാതെ,
തങ്കൻ : അവൻ കർത്താവ് ആണെടി തെയ്യാമ്മേ. ആരെയോ ശിക്ഷിക്കാനും രക്ഷിക്കാനും വന്ന എമ്മാനുവേൽ.
അല്പം ഭയവും ആശങ്കയും കലർന്ന തെയ്യാമ്മയുടെ മുഖം.
കട്ട്
സീൻ 47
പകൽ, തിലകൻന്റ്റെ ചായക്കട.
തങ്കനും പൊന്നനു ചെറിയ ഹാൻഡ് ബാഗുമയി ബഞ്ചിലിരുന്ന് ചായ കുടിക്കുകയാണ്. വാതിലിൻ്റെ കട്ടീളപ്പടിയിൽ വയറിനു കൈകൊടുത്ത് നിൽക്കുന്ന തിലകൻ അല്പം പരിഹാസത്തോടെ അവരെ വീക്ഷിക്കുകയാണ്.
തിലകൻ : നിങ്ങളപ്പോ പോകാൻ തന്നെ തീരുമാനിച്ചു.
ശബ്ദം താഴ്ത്തി സൗമ്യമായി,
തങ്കൻ : ഒരു മാറ്റം വേണ്ടേ.ഞങ്ങള് ഡിവൈനിൽ പോയി രണ്ടാഴ്ച്ച ധ്യാനം കൂടട്ടെ.
നിരുത്സാഹപ്പെടുത്തി,
തിലകൻ : അല്ല പോയിട്ട് ആരെ ബോധിപ്പിക്കാനാ. തിരിച്ചു വന്നാലും പഴയപടിയാകാനല്ലേ. പോകാതിരിക്കണതാ നല്ലതെന്നാ എൻന്റ്റെ അഭിപ്രായം.(ബുള്ളറ്റിൽ കടക്കരികിലേക്ക് വരുന്ന ലക്ഷ്മിയെ കണ്ട്) ങാ..മെംബറു വന്നല്ലോ ബാക്കി മെംബറു പറയട്ടെ.
ബുള്ളറ്റ് നിർത്തി എഞ്ചിൻ ഓഫ് ചെയ്ത് തങ്കനേയും പൊന്നനെയും ചിരിയോടെ നോക്കി,
ലക്ഷ്മി : അല്ല നിങ്ങളിതെങ്ങോട്ടുള്ള യാത്രയാ.?
പരിഹാസ ടോണിൽ,
തിലകൻ : ധ്യാനം കൂടി നന്നാവാൻ പോകുവാ.
അതിഷ്ടപ്പെടാതെ ,
ലക്ഷ്മി : തിലകൻ ചേട്ടൻ കളിയാക്കണ്ട. എങ്ങോട്ടാ തങ്കച്ചായാ.
തിലകന് ചയക്ക് കാശകൊടുത്ത് എഴുന്നേറ്റ് കൊണ്ട്ലക്ഷ്മിയെ നോക്കി,
തങ്കൻ: മുരിങ്ങൂരിലേക്ക്.
തങ്കൻ താഴേക്കിറങ്ങുംബോൾ പൊന്നനും അയാളെ പിന്തുടരുന്നു.
ലക്ഷ്മി : അതേതായാലും നന്നായി. അവിടുത്തെ ഡയറക്ടറച്ചനെ എനിക്ക് പരിചയമുണ്ട്. എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിച്ചാൽ മതി. അല്ല പൊന്നൻ ചേട്ടന്റ്റെ അമ്മ തനിച്ചാകില്ലേ.
അവർ അവൾക്കരികിലെത്തിയിരുന്നു. നിസ്സരതയിൽ,
പൊന്നൻ: അടുത്ത വീട്ടിലെ സരളയോട് പറഞ്ഞിട്ടുണ്ട്. ചോറും കറിയുമൊക്കെ അവരു കൊടുത്തോളും.
ലക്ഷ്മി : അത് നന്നായി.
ഒരുഭാഗത്ത് നിന്നും ബസ് വരുന്നതു കണ്ട് ,
തങ്കൻ : എന്നാൽ ഞങ്ങൾ പോയിട്ടു വരാം.
ഒരു പ്രൈവറ്റ് ബസ് വന്ന് നിൽക്കുംബോൾ അവർ അതിൽ കേറുന്നു. കണ്ടകടർ ബെല്ലടിക്കുംബോൾ ബസ് മുന്നോട്ട് നീങ്ങുന്നു. അവരെ നോക്കി ചിരിച്ച് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ലക്ഷ്മിയോട് ,
തിലകൻ : ഒരു ചായ എടുക്കട്ടെ മെംബറു കൊച്ചെ.
ലക്ഷ്മി : വേണ്ട ചേട്ടാ. ഞാനൊന്നു മൈക്ക് സെറ്റ് ബാബുവിൻന്റ്റെ വീടുവരെ പോകുവാ.പഞ്ചായത്തിൽ നമ്മൾ ഒരു പ്രോഗ്രാമൊക്കെ സംഘടിപ്പിക്കുന്നത് അറിഞ്ഞില്ലേ ചേട്ടൻ.
തിലകൻ : അറിഞ്ഞു. തകർക്കണം.
ലക്ഷ്മി : ശരി ശരി....
ലക്ഷ്മി ബുള്ളറ്റ് മുന്നോട്ടെടുത്ത് നീങ്ങി കഴിയുംബോൾ,
തിലകൻ : ഇവർക്കൊക്കെ എന്തിൻന്റ്റെ കേടാ. പ്രോഗ്രാം പോലും.
അയാൾ കടക്കുള്ളിലേക്ക് തിരിയുന്നു.
കട്ട്
സീൻ 48
പകൽ, എമ്മാനുബവേലിന്റ്റെ താമസസ്ഥലം
അകത്ത് മുറിയിൽ-
മേശയിൽ ലാപ് ടോപ്പ് വെച്ച് കസേരയിൽ ഇരുന്ന് എന്തോ ടൈപ്പ് ചെയ്യുന്ന എമ്മാനുവേൽ. പുറത്ത് ബുള്ളറ്റ് വന്ന് നിൽക്കുന്ന സ്വരം അവൻ കേൾക്കുന്നുണ്ടെങ്കിലും അത്ര കാര്യമാക്കുന്നില്ല.അവൻ ഗൂഗിളിൽ എന്തൊക്കെയോ സേർച്ച് ചെയ്യുകയാണ്. വാതിൽക്കലിൽ സ്ത്രീയുടെ മുരടനക്കം കേട്ട് അവൻ തിരിഞ്ഞു നോക്കുംബോൾ ലക്ഷ്മി, തലേരാത്രിയിലെ ചളിപ്പോടെ എന്നാൽ അത് അത്ര വ്യക്തമാക്കാതെ നിൽക്കുന്നു. അവളെക്കണ്ട് അല്പം അംബരപ്പിൽ ലാപ്ടോപ്പ് അടച്ച് എണീറ്റ് ചിരിച്ചു കൊണ്ട്,
എമ്മാനുവേൽ : ഇതാരു..വാ..കേറി വാ...
അവൾ അകത്തേക്ക് കേറി ചുറ്റും നോക്കി,
ലക്ഷ്മി : ഞാനാദ്യമായിട്ടാ ഇവിടെ...(മുറിക്കുള്ളിലെ ചെറിയ ആർട്ട് വർക്കുകൾ കണ്ട് ) ഈ മുറി ഇങ്ങാനെ മനോഹരമാക്കിയത് കർത്താവാണല്ലേ.
എമ്മാനുവേൽ : ജീവിക്കുന്ന പരിസരവും ചെയ്യുന്ന പ്രവർത്തിയും വൃത്തിയുള്ളതായിരിക്കണം. ലക്ഷ്മി ഇരിക്ക് ....ഒരു ചായ എടുക്കട്ടെ.
കട്ടിലിൽ ഇരുന്നു കൊണ്ട്,
ലക്ഷ്മി : തത്ക്കാലം ഫിലോസഫിയും വേണ്ട ചായയും വേണ്ട.
അവളെ നോക്കി കസേരയിൽ ഇരുന്നു കൊണ്ട്,
എമ്മാനുവേൽ : പിന്നെന്താണാവോ വരവിന്റ്റെ ഉദ്ദേശ്യം.
ലക്ഷ്മി : വെറുതെ ഈ വഴി പോയപ്പോൾഒന്നു കയറി. പിന്നെ നാളെ അച്ഛൻന്റ്റെ പിറന്നാളാണ് . ഉച്ചക്കുള്ള ഊണ് വീട്ടിലാകാം.
താത്പര്യമില്ലെന്ന് നടിച്ച്,
എമ്മാനുവേൽ : അത് ഞാൻ. ശരിയാകില്ല.
ലക്ഷ്മി : വെറുതെ ടോപ് ഗിയർ ഇടണ്ട. വേറേ ആരുമില്ല. കർത്താവിനെ ക്ഷണിക്കണമെന്ന് അച്ഛൻ പ്രത്യേകം പറഞ്ഞു. വരില്ലേ
അല്പം ചിരിച്ച് ജാള്യതയിൽ,
എമ്മാനുവേൽ : വരാം.( എന്തോ ഓർമ്മടുത്തു പോലെ) അല്ല നിങ്ങളുടെ പ്രോഗ്രാം ഫൈനലായോ?
ലക്ഷ്മി : ഞങ്ങളുടെ ഭാഗം ക്ലിയറായിക്കൊണ്ടിരിക്കുന്നു. ക്ളൈമാക്സ് കർത്താവിൻന്റ്റെ കൈയിലാ.
എമ്മാനുവേൽ : അതു ശരിയാ. അതിനെനിക്ക് തന്റ്റെ ഒരു സഹായം വേണം.
അവൻ മേശവലിപ്പിൽ നിന്ന് ഫെയർ എന്ന പുസ്തകമെടുത്ത് പിന്നിലെ പേജ് തുറന്ന് അവളെ കാട്ടുന്നു. അതിന്നുള്ളിൽ എന്തോ കണ്ടെന്നോണം അംബരപ്പോടെ അല്പം ഭയത്തിൽ ലക്ഷ്മി എഴുന്നേൽക്കുന്നു. അവളിൽ നിന്നും പുസ്തകം വാങ്ങി മേശ വലിപ്പിൽ ഇട്ട് എഴുന്നേറ്റുകൊണ്ട്,
എമ്മാനുവേൽ : താനോർക്കും ഡൊക്യുമെന്റ്റെററി ചെയ്യാൻ വന്ന ഞാൻ എന്തിനാണിതിന്റ്റെപിന്നാലെയെന്ന്?
ലക്ഷ്മി : സത്യത്തിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്. അനുമോൻ ജീവിച്ചിരിപ്പില്ലെ?
സത്യമെന്നോണം,
എമ്മാനുവേൽ : ഇല്ല. ഹീ ഈസ് നോമോർ. അനുമോൻ ആ ദു;ഖവെള്ളിയാഴ്ച്ച തന്നെ കൊല്ലപ്പെട്ടു...ആരു കൊന്നു? എങ്ങനെ കൊന്നു...? തെളിവുകൾ സംസാരിക്കും .... അവർക്ക് വിധി കാത്ത് വെച്ചിരിക്കുന്ന ശിക്ഷ നടപ്പാകും ....ഞാനിപ്പോൾ അതിന്റ്റെ പിന്നാലെയാണു...!
അവൾ ആകെ കൺഫ്യൂസ്ഡ് ആയി അവനെ നോക്കുന്നു. പിന്നിലെ ജനാല അഴികൾക്കിടയിൽ അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന ബഷീറിന്റ്റെ മുഖം പകയോടെ ഒരു ഭാഗത്തേക്ക് നീങ്ങുന്നത് എമ്മാനുവേലും ലക്ഷ്മിയും കാണുന്നില്ല.
കട്ട്
സീൻ 49
രാത്രി
ബഷീറിന്റ്റെവീട്
പുറത്ത് വെളിച്ചമില്ല. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറുന്ന ബഷീറിന്റ്റെ പിൻ ദൃശ്യം. മുറിയിൽ ലൈറ്റിട്ട് ഉമ്മ കിടന്നിരുന്ന കട്ടിലിൽ വന്നിരുന്ന് അസ്വസ്ഥമായ കണ്ണുകളോടെ ഭ്രാന്തമായ മുഖത്തോടെ അങ്ങോട്ടും ഇങ്ങോട്ടും കഴുത്ത് തിരിച്ച് എന്തോ ഓർക്കുന്ന ബഷീർ.
അവന്റ്റെ ഓർമ്മയിൽ -
ഇരുണ്ട വെളിച്ചത്തിൽ പേടിയോടെ തിരിഞ്ഞു നോക്കി നോക്കി ഇടവഴികളിലൂടെ ഓടുന്ന ബഷീറെന്ന ഒൻപതു വയസ്സുകാരൻ പെട്ടെന്ന് ഒരു മരത്തിന്റ്റെ വേരിൽ തട്ടിൽ വീഴുന്നു. പശ്ചാത്തലത്തിൽ ഇരുട്ട് വീണുമാറുംബോൾ കട്ടിലിൽ ഇരിക്കുന്ന ബഷീർ കയ്യിലിരിക്കുന്ന പഴയ നിറം മങ്ങിയ തന്റ്റെ ഒൻപതു വയസ്സു പ്രായത്തിലുള്ള ഫോട്ടോ നോക്കി പയ്യെ ഭ്രാന്തനെ പോലെ ചിരിക്കുന്നു. സാവധാനം ആ ഫോട്ടോയിൽ ബഷീറിന്റ്റെ നിലവിലെ ചിത്രം തെളിഞ്ഞു വരുന്നു.
അത് നോക്കി ബഷീർ ഉന്മാദത്തിലെന്നോണം ചിരിക്കുന്നു.
കട്ട്
(തുടരും)
ഭാഗം 25
സീൻ 50
രാത്രി, തങ്കന്റ്റെ വീട്
പുറത്ത് വെളിച്ചമില്ല
ഹാളിൽ -
ക്രിസ്തുരൂപത്തിൽ അലങ്കരിച്ചിരിക്കുന്ന സീരിയൽ ലൈറ്റിന്റ്റെ വെളിച്ചത്തിൽ കട്ടിലിൽ അർദ്ധനഗ്നയായി തെയ്യാമ്മ എമ്മാനുവേലിന്റ്റെ മാറിൽ ചേർന്നു കിടക്കുന്നു. തന്റ്റെ ലക്ഷ്യ സാധ്യത്തിനെന്നോണം അവൻ അവരെ ഒരു കൈകൊണ്ട് തലോടുന്നുണ്ട് ; ഒപ്പം മറുകൈയിൽ എന്തോ ഒളിപ്പിച്ചതു പോലെയുമാണ്.
കട്ട് റ്റു
സീൻ 50 ഏ
രാത്രി, തങ്കന്റ്റെ വീട്
തെയ്യാമ്മയുടെ മുറിയുടെ ജനിലിന്റ്റെ വിടവിലൂടെ ഓലക്കണയിട്ട് ഇളക്കുന്ന ബഷീർ. അവൻ തലയിൽ മുണ്ടിട്ടുണ്ടെങ്കിലും മുഖം വ്യക്തമാണ്. കാല്പെരുമാറ്റം കേട്ട് താറാക്കൂട്ടങ്ങൾ കരയാൻ തുടങ്ങുന്നു. അവൻ ഓലക്കണിയിട്ട് ഇളക്കി പതിയെ ജനലിൽ തട്ടിക്കൊണ്ട്,
ബഷീർ : തെയ്യാമ്മേ .... ഞാനാ ബഷീർ....
രണ്ടുമൂന്നു വട്ടം ജനലിൽ മുട്ടിയിട്ടും , അകത്ത് നിന്നും പ്രതികരണം ഇല്ലാത്തതുകൊണ്ടും, ദൂരെനിന്നും പട്ടിയുടെ കൊരച്ചിൽ അടുത്തു വരുന്നതു കൊണ്ടും ബഷീർ പതിയെ ഇരുട്ടിലേക്ക് പിൻവാങ്ങുന്നു.
കട്ട്
സീൻ 51
പകൽ
സത്യന്റെ വീട്
പുറം ദൃശ്യത്തിൽ മുറ്റത്ത് ലക്ഷ്മിയുടെ ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ചിരിക്കുന്നത് കാണാം. അകത്ത് ഡൈനിംഗ് റൂമിൽ -
ടേബിളിൽ ഗൃഹനാഥന്റെ കസേരയിൽ സഖാവ് സത്യൻ ഇരിക്കുന്നു. അയാൾക്ക് ഇരുവശങ്ങളിലുമായി അഭിമുഖമിരിക്കുന്ന ലക്ഷ്മിയും എമ്മാനുവേലും.
അവർ തൂശനിലയിൽ വിവിധതരം കറികളോടെ വിളംബിയിരിക്കുന്ന ചോറ് കഴിക്കുകയാണ്. ലക്ഷ്മിക്കരികെ നിൽക്കുന്ന ഭദ്ര ലക്ഷ്മിക്കും എമ്മാനുവേലിനും പുളിശ്ശേരി ഒഴിച്ച് കൊടുക്കുന്നു. സത്യന് അവർ പുളിശ്ശേരി ഒഴിക്കാൻ തുടങ്ങുംബോൾ അവരെ തടഞ്ഞ്,
സത്യൻ : കുറച്ച് തോരൻ മതി.
ഭദ്ര പുളിശ്ശേരിയുടെ പാത്രം മേശയിൽ വെച്ച് തോരന്റെ പാത്രമെടുത്ത് എല്ലാവർക്കും വിളംബി കൊടുക്കുന്നു.
സത്യൻ : ഭദ്രയും കഴിച്ചോളു.
ഭദ്ര : ഞാൻ കഴിച്ചോളാം ഏട്ടാ.
ലക്ഷ്മി : അച്ഛന്റെ പിറന്നാളായിട്ട് ആരേയും വിളിച്ചില്ലാന്ന പരാതിയു ണ്ടാവില്ലല്ലോ.
സത്യൻ : എമ്മാനുവേൽ ഒറ്റക്കല്ലേ.ഇങ്ങനെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒരു സന്തോഷാ.
ഭദ്ര ഒരു പാത്രവുമായി അടുക്കളയിലേക്ക് പോകുന്നു.
എമ്മാനുവേൽ : വിട്ടില് ഞങ്ങളെല്ലാരും ഒരുമിച്ചിരുന്നേ ആഹാരം കഴിക്കൂ.
സത്യൻ : കുടുംബമായാൽ അങ്ങനെ വേണം.
ദൃശ്യത്തിൽ സത്യൻ പതിവായി ഇരിക്കാറുള്ള വരാന്തയുടെ വശത്ത് നിന്നും ഒരു നാടോടി സ്ത്രീയുടെ ശബ്ദം കേൾക്കുന്നു.
നാടോടി : അമ്മാ പശിക്കിത്. യതാവത് കൊടുങ്കേ.
ശബ്ദം കേട്ട് അടുക്കളയിൽ നിന്നും വരുന്ന ഭദ്രയോട് ,
സത്യൻ : ഭദ്രേ..ആരാന്നു നോക്കിക്കേ.
ഭദ്ര : ഉം.
അവർ വരന്തയിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
കട്ട് റ്റു
വരാന്തയിൽ -
കറുത്ത , നാൽപ്പത്തിയഞ്ചിനടുത്ത് പ്രായമുള്ള ഒരു നാടോടി സ്ത്രീ രണ്ട് വയസ്സ് തോന്നിക്കുന്ന നല്ല വെളുത്ത ആൺകുഞ്ഞിനെ മടിയിലിരുത്തി തിണ്ണയുടെ പടിയിൽ ഇരിക്കുന്നു.
പുറത്തേക്ക് വന്ന ഭദ്രയെ കണ്ട് ,
നാടോടിസ്ത്രീ : അമ്മാ പശിക്കിത്. യതാവത് കൊടുങ്കേ.
ഭദ്ര നാടോടി സ്ത്രീയേയും സ്നേഹവായ്പ്പോടെ ആൺകുട്ടിയേയും നോക്കി,
ഭദ്ര : കൊണ്ടു വരാം. ഇവിടിരിക്കു.
അവർ തിരിഞ്ഞ് ഡൈനിംഗ് റൂമിലേക്ക് കയറികൊണ്ട് ലക്ഷ്മിയോടും മറ്റിരുവരോടുമെന്നോണം,
ഭദ്ര : തമിഴ് നാടോടി സ്ത്രീയാ. മടിയിൽ ഒരു നല്ല വെളുത്ത കുഞ്ഞുമുണ്ട്.
ഒരു ഉരുള ചോറു കഴിക്കാനെടുക്കുന്ന എമ്മാനുവേൽ അതു കേട്ട് ഒന്നു സംശയിച്ച് എന്തോ ഓർത്ത് കഴിക്കുന്നു.
ലക്ഷ്മി : ഭദ്രേടത്തി നല്ലൊരു ദിവസാല്ലേ. ഒരു പാത്രത്തിൽ ചോറും കറിയും കൊടുത്തേക്കു. നല്ല വിശപ്പുണ്ടാകും .
സത്യൻ : പായസവും കൊടുക്കാൻ മറക്കണ്ട.
ചിരിയോടെ ഭദ്ര അകത്തേക്ക് പോകുന്നു.
ലക്ഷ്മി : അച്ഛന്റെ പിറന്നാള് കൂടാൻ പുതിയ അഥിതികളും.
അവർ ഒരുമിച്ച് ചിരിക്കുന്നു.
സത്യൻ : പിറന്നാളെന്നു പറഞ്ഞാൽ കഴിഞ്ഞു പോയ വർഷങ്ങളെ ഓർമ്മപ്പെടുത്തുന്ന ഒരു മൈൽകുറ്റിയാണ് ഭാര്യ അകാലത്തിൽ മരണപ്പെട്ടതിനുശേഷം ഞാൻ പാർട്ടി നൽകിയ സ്ഥാനമാനങ്ങളിൽ നിന്നെല്ലാം മാറിനിന്നു; ഇവളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും. അദ്ധ്യപകനായതു കൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല. അറിവ് പകർന്ന് കൊടുത്ത കുഞ്ഞുങ്ങളുടെ ആദരം ബോണസ്.
ഒരു പാത്രത്തിൽ ചോറും കറിയുമായി വരാന്തയിലേക്ക് പോകുന്ന ഭദ്രയെ നോക്കിയിട്ട് എമ്മാലുവിനെ അവരെ പോയിന്റു ചെയ്യുന്നതുപോലെ,
സത്യൻ : ഭദ്ര അകന്ന ബന്ധത്തിലുള്ള സഹോദരിയാ. ഭർത്താവ് നഷ്ടപ്പെട്ട അവരെ ക്യാൻസർ ബാധിച്ചപ്പോൾ പ്രായ പൂർത്തിയായ മക്കൾ കയ്യൊഴിഞ്ഞു. കൈവിടാൻ തോന്നിയില്ല.ചികിത്സയുടേയും ഈശ്വരാനുഗ്രഹത്തിന്റേയും ഫലമായി അവർ ഇവിടെ സുഖമായി ജീവിക്കുന്നു.
ഭദ്ര :ആ കുട്ടി ചോറു തിന്നുകൊണ്ട് വരാന്തയിൽ ഓടികളിക്കുവാ.
വരാന്തയിൽ നിന്ന് കേറി വരുന്ന അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
സത്യൻ : കളിക്കട്ടെ. തണലല്ലേ...തെരുവിലെ ചൂടില്ലല്ലോ.
എമ്മാനുവേൽ തൂശനിലയിലിട്ട പായസം കഴിച്ച് തീർന്നത് കണ്ട്,
ലക്ഷ്മി : കുറച്ചു കൂടി പായസം.
എമ്മാനുവേൽ : മതി. വയറു ഗുമ്മായി. (സത്യനെ നോക്കി) ഞാനെണീറ്റോട്ടെ.
സത്യൻ : എണീറ്റോളു.
അവൻ ഇല മടക്കിയെടുത്ത് എണീക്കാനായുംബോൾ ,
ഭദ്ര : അവിടെ വെച്ചേക്കു മോനെ.ഒരുമിച്ചെടുത്തോളാം.
അവരെ നോക്കി ശരിയെന്ന വിധം ചിരിച്ച് തലയാട്ടി എമ്മാനുവേൽ എഴുന്നേറ്റ് വാഷ്ബേസിനരികിലേക്ക് നടക്കുന്നു. എമ്മാനുവേലിനെ വാത്സല്യത്തോടെ നോക്കുന്ന അച്ഛനെ ഇടംകണ്ണിട്ട് ലക്ഷ്മി നോക്കുന്നു;പിന്നെ എമ്മാനുവേലിനേയും.
കട്ട് റ്റു
സീൻ 51 ഏ
പകൽ
സത്യന്റെ വീട്
വശത്തുള്ള വരാന്തയുടെ ഭാഗം.
നാടോടി സ്ത്രീ തിണ്ണപടിയിലിരുന്ന് ചോറു വാരി വിഴുങ്ങുകയാണ്. വരാന്തയുടെ തിണ്ണയിൽ ഒരറ്റത്ത് നിന്നും ഓടി വരുന്ന ആൺകുട്ടി അവർക്കരികിലെത്തി,
ആൺകുട്ടി : മാ..മാ..
അവർ ദേഷ്യത്തോടെ ഒരു ഉരുള ചോറ് അവന്റെ വായിൽ വെച്ച് കൊടുക്കുന്നു.
അത് കഴിച്ച് ചിരിച്ച് കയ്യടിച്ച് അവൻ വരാന്തയുടെ മറ്റേ അറ്റത്തേക്ക് ഓടി ചെന്നു നിൽക്കുന്നത് പുറത്തേക്ക് വന്ന എമ്മാനുവേലിന്റെ മുന്നിലാണ്. അവന്റെ മുന്നിൽ ചിരിയോടെ ഇരുന്ന് അവനെ പിടിച്ച് ഒന്നാകമാനം ശ്രദ്ധിക്കുന്ന എമ്മാനുവേൽ എന്തോ ആലോചിക്കുന്നു.
കുട്ടി അവനെ കണ്ട് ചിരിച്ച്,
ആൺകുട്ടി : ബാപ്..ബാപ്. (സ്വയം നെഞ്ചിലേക്ക് ചൂണ്ടി)മേ ബാപ്...
സംശയിച്ച്,
എമ്മാനുവേൽ : മേ..ബാപ്..?
അതേയെന്ന വിധം കുട്ടി തലയാട്ടി കൈകൊട്ടി ചിരിക്കുന്നു. എന്തോ ഒരു സംശയം ബലപ്പെട്ട് എഴുന്നേറ്റ് അവനെ കൈപിടിച്ച് വരാന്തയിലൂടെ നടത്തി എമ്മാനുവേൽ നാടോടി സ്ത്രീക്കരികെയെത്തുന്നു.
അവർ കുട്ടിയേയും എമ്മാനുവേലിനേയും കാണുന്നു. കുട്ടിയെ സ്നേഹത്തോടെ തന്റെ അരികിലേച്ച് വിളിച്ച്,
നാടോടി സ്ത്രീ : വാ ..ശാപ്പിടുങ്കോ.
അവർ നീട്ടിയ ഉരുള കഴിച്ച് കുട്ടി പഴയതുപോലെ ഓടുന്നു. നാടോടി സ്ത്രീയെ സംശയത്തിൽ നോക്കി,
എമ്മാനുവേൽ : ഉൻ പേരെന്നാ ?
നിഷ്കളങ്കയെ പോലെ,
നാടോടി : ശാന്തിമണി.
എമ്മാനുവേൽ : ഊരെങ്കേ.
ശാന്തിമണി : കച്ചിനാട്.
എമ്മാനുവേൽ : യേ കൊളന്ത ഉങ്കളത് താനാ.
ശാന്തിമണി : ആമാ.
കയ്യിൽ രണ്ട് ഗ്ലാസ് പായസ്സവുമായി അകത്ത് നിന്നും ലക്ഷ്മി അവർക്കരികിലെത്തി നിന്നു.
ശാന്തിമണിയ്ക്ക് പായസം നീട്ടി,
ലക്ഷ്മി : ദാ.അമ്മ പായസം.
അവർ അതു ചിരിയോടെ വാങ്ങുന്നു.എമ്മാനുവേലിനെ നോക്കി,
ലക്ഷ്മി : ആ കുട്ടിയെന്തിയേ?.
എമ്മാനുവേൽ : ദാ.. അവിടെയുണ്ട്.
കുട്ടി കളിക്കുന്ന ഭാഗത്തേക്ക് അവൻ വിരൽ ചൂണ്ടി പറഞ്ഞു. കുട്ടിയെ കണ്ട്,
ലക്ഷ്മി : കളിയാണല്ലോ.
അവൾ പായസവുമായി കുട്ടിക്കരികിലേക്ക് നടക്കുന്നു. ഒരാലോചനയോടെ മുറ്റത്തേക്ക് ഇറങ്ങുന്ന എമ്മാനുവേൽ മാറ്റാരും കാണാത്ത ഭാഗത്ത് നിന്നും പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നംബർ ഡയൽ ചെയ്യുന്നു.
എമ്മനുവേൽ : ഹലോ
കട്ട് റ്റു
മുറ്റത്ത് ഒരു ബക്കറ്റിലിരുന്ന വെള്ളം കൊണ്ട് പാത്രവും മുഖവും വായും വൃത്തിയാക്കി പായസം കുടിക്കാനായി തിരികെ വന്ന് പടിയിലിരുന്ന് ശാന്തിമണി പാത്രം തിണ്ണയിൽ വെക്കുന്നു.
കട്ട് റ്റു
വരാന്തയുടെ അറ്റത്ത് കുട്ടി പായസം ആസ്വദിച്ച് കുടിക്കുന്നത് നോക്കി നിൽക്കുന്ന ലക്ഷ്മി. കുട്ടി പായസത്തിന്റെ രുചി കൊണ്ട് തലയാട്ടും ബോൾ,
ലക്ഷ്മി : പായസം ഇഷ്ടായോ?.
അവൻ ചിരിക്കുന്നു.
പൊടുന്നനെ ലക്ഷ്മി തന്റെ ടോപ്പിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് എടുത്ത് നോക്കുന്നു. ഇൻ കമിംഗ് കോളിൽ എസ്.ഐ റോയിയുടെ പേര് തെളിഞ്ഞു നിൽക്കുന്നു.
കാര്യമെന്തെന്നറിയാതെ ഫോണെടുക്കുന്ന,
ലക്ഷ്മി : ഹലോ സാറേ.
കട്ട് റ്റു
സീൻ 51 ബി
പകൽ
സത്യന്റ്റെ വീട്ടിലേക്ക് തിരിയുന്ന പ്രധാന നിരത്ത്
സൈറൻ മുഴക്കി വരുന്ന പോലീസ് ജീപ്പിന്റ്റെ മുൻസീറ്റിൽ ഇരുന്ന് സംസാരിക്കുന്ന,
എസ്.ഐ റോയി : എസ്.ഐ .റോയിയാണ് .
ഇന്റ്റർകട്സ്
ലക്ഷ്മി : മനസ്സിലായി സാറേ.
എസ്.ഐ റോയി : ശ്രദ്ധിച്ച് കേൾക്കണം . ഒരു നാടോടി സ്ത്രീ ഒരു കുട്ടിയുമായി നിങ്ങളുടെ വീട്ടിൽ എത്തിയിട്ടുണ്ടോ.
ലക്ഷ്മി : ഉവ്വ് .ഉണ്ട് സാർ.
എസ്.ഐ റോയി : ചൈൽഡ് കിഡ്നാപ്പിംഗ് ലോബിയുടെ ഒരു കണ്ണിയാണെന്ന സംശയമുണ്ട്. കേൾക്കുന്നുണ്ടോ.
അൽപം പരിഭ്രമിച്ച്,
ലക്ഷ്മി : കേൾക്കുന്നുണ്ട് സാർ.
എസ്.ഐ റോയി : അവരെ ഒരു കാരണവശാലും രക്ഷപെടാൻ അനുവദിക്കരുത്. വീ ആർ ഓൺ ദി വേ.
ലക്ഷ്മി : ശരി സാർ.
ഫോൺ കട്ട് ചെയ്ത് എന്തു ചെയ്യാണമെന്നറിയാതെ ഒരു നിമിഷം പകച്ച് കുട്ടിയുടെ കയ്യിൽ പിടിച്ച് അവൾ നാടോടി സ്ത്രീയുടെ അരികിലേക്ക് നടക്കുന്നു.
അവർക്കരികിലെത്തുംബോൾ പായസം കുടിച്ച് ഇരിക്കുന്ന അവരെ കയ്യും കെട്ടി നോക്കി നിൽക്കുന്ന എമ്മാനുവേലിനേയും കാണുന്നു.
പൊടുന്നനെ പോലീസ് ജീപ്പ് സൈറൻ മുഴക്കി വീടിന്റെ മുറ്റത്ത് വന്നു നിന്നു. അതിൽ നിന്നും റോയിയും സുനിയും ബിജുകുമാറും മഞ്ജു എന്ന വനിതാ പോലീസും ചാടിയിറങ്ങി. പോലിസ് ജീപ്പിന്റെ ശബ്ദം കേട്ട് പായസം താഴെ വെച്ച് ഭയന്ന് ലക്ഷ്മിയിൽ നിന്നും കുട്ടിയെ വലിച്ച് ശാന്തിമണി രക്ഷപെടാൻ നോക്കുംബോൾ വനിതാ പോലീസ് വന്ന് അവരെ പിടി മുറുക്കുന്നു. കാര്യമെന്തേന്നറിയാതെ സത്യനും ഭദ്രയും പുറത്തേക്ക് വരുന്നു.
സത്യൻ : എന്താ എന്താ മോളെ.
ലക്ഷ്മി : അച്ഛാ ഈ കുട്ടിയെ ഇവർ തട്ടിക്കൊണ്ടു വന്നതാണെന്നു തോന്നുന്നു.
സത്യൻ : ഈശ്വരാ !
ശാന്തിമണിയുടെ കയ്യിൽ നിന്നും മഞ്ജു കുട്ടിയെ പിടിച്ച് വാങ്ങി സുനിക്ക് കൈമാറി , അവളുടെ കഴുത്തിന് പിടിച്ച് തള്ളി.
മഞ്ജു : നടക്കടി.
അവർ ശാന്തിമണിയേയും കുട്ടിയേയും ജീപ്പിലേക്ക് കൊണ്ടുപോകും ബോൾ എസ്. ഐ റോയി ലക്ഷ്മിയേയും സത്യനേയും നോക്കി,
എസ്.ഐ റോയി : ചൈൽഡ് കിഡ്നാപ്പിംഗ് മാഫിയ. സർക്കിളിന്റെ നേരിട്ടുള്ള ഡയറക്ഷനാ.
സംശയത്തിൽ,
ലക്ഷ്മി :ഇവരെ ഇവിടെ സർക്കിളെങ്ങനെ ലൊക്കേറ്റ് ചെയ്തു.
എസ്.ഐ റോയി : അതെനിക്കറിയില്ല.
അയാൾ ജീപ്പിനരികിലേക്ക് പോകുംബോൾ സത്യനും ഭദ്രയും സാവധാനം ഉമ്മറത്തേക്ക് നടക്കുന്നു. ലക്ഷ്മിയും നടക്കാൻ തുടങ്ങുംബോൾ പിന്നിൽ നിൽക്കുന്ന എമ്മാനുവേലിന്റെ ഫോൺ ശബ്ദിക്കുന്നത് അവൾ കേട്ടു.
നംബർ നോക്കി ഫോണേടുത്ത് ലക്ഷ്മിക്ക് എതിർവശത്തേക്ക് തിരിഞ്ഞ്,
എമ്മാനുവേൽ : ഇറ്റ് ഈസ് ഓവർ. ദെ ആർ ടേക്കൺ. വെൽക്കം സർ.
ഫോൺ കട്ട് ചെയ്ത് തിരിഞ്ഞ അവൻ കാണുനത് ദേഷ്യത്തോടും ഉദ്വേഗത്തോടും തന്നെ നോക്കി നിൽക്കുന്ന ലക്ഷ്മിയെയാണ്.
ലക്ഷ്മി : ഹൂ ആർ യു?
അവനെ ബിൽഡപ്പ് ചെയ്യാനെന്നോണം അവൻ ജോലി ചെയ്യുന്ന ചൈൽഡ് ലൈൻ ഓഫീസിലെ തിരക്കും ഫോൺ കോളുകളും ഓഫീസേഴ്സുമായുള്ള ചർച്ചകളും ദൃശ്യവത്ക്കരിക്കപ്പെടുന്നു.
ലക്ഷ്മി : ടെൽ മീ.ഹൂ ആർ യൂ. ?
അവൻ അവൾക്ക് നേരെ തന്റെ ഐ ഡി കാണിക്കുന്നു. അവൾ അതിലെ ഡെസിഗ്നേഷൻ വായിച്ച് ചുണ്ടനക്കി അതിശയിക്കുന്നു.
എമ്മാനുവേൽ: ഫ്രം സി. ഐ .എഫ് . ചൈൽഡ് ലൈൻ ഫൌണ്ടേഷനിലെ ക്രൈം ഇന്റർസെപ്റ്റിംഗ് ഓഫീസർ, എമ്മാനുവേൽ എബ്രഹാം.
ഒരു വിശദീകരണമെന്നൊണം എമ്മാനുവേൽ മുന്നോട്ട് നടക്കുന്നു;പിന്നാലെ കൗതുകത്തോടെ ലക്ഷ്മിയും.
എമ്മാനുവേൽ : ഹിന്ദി സംസാരിക്കൻ തുടങ്ങിയ അതും വളരെ ക്യൂട്ടായിട്ടുള്ള ഒരു രണ്ടു വയസ്സുകാരനെ ഒരു തമിഴ് നാടോടി സ്ത്രീയുടെ ഒക്കത്തു കണ്ടാൽ എന്നെപ്പോലെ ഒരാൾക്ക് തോന്നുന്ന സംശയം. അതാണ് അവരെ ഇപ്പോൾ പോലീസ് സ്റ്റേഷനിലെത്തിച്ചിരിക്കുന്നത്.
ലക്ഷ്മി : എമ്മാനുവേലാണ് ഇൻഫോർമേഷൻ കൊടുത്തത് .അല്ലേ ?
എമ്മാനുവേൽ : അതേ. എന്റെ ഊഹം ശരിയാണെങ്കിൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മിസ്സിംഗ്ഗായിട്ടുള്ള അനേകം കുട്ടികളുടെ വിവരങ്ങൾ ഇവരിൽ നിന്നും കിട്ടിയേക്കാം. ഷീ വുഡ്ബീ ദി ലോവസ്റ്റ് റൂട്ട് ഓഫ് ദി ചൈൽഡ് കിഡ്നാപ്പിംങ് ഗ്യാംഗ് ആൻഡ് മേ ലീഡ് ഹെർ റ്റു ബ്രേക് അപ് ദിസ് ഗ്യാംഗ്.
ലക്ഷ്മി : കഴിഞ്ഞ വർഷം കാണാതായ അനുമോനും ഇത്തരം ആൾക്കാരുടെ കൈയ്യിൽ പെട്ടതാകുമോ.
എമ്മാനുവേൽ : ആയിരിക്കാം. അല്ലായിരിക്കാം..ബട്ട് അനുമോന്റെ തിരോധാ നവുമായി ബന്ധപ്പെട്ട നിഗൂഡതകൾ ഈ നാട്ടിൽ തന്നെയുണ്ട് . അതിന്റെ ചുരുൾ അഴിയണം. അഴിക്കണം.
ലക്ഷ്മി : അപ്പോ ഈ നാട്ടിലേക്കുള്ള വരവിന്റെ ഉദ്ദേശ്യം?
എമ്മാനുവേൽ : യെസ്. കഴിഞ്ഞ ഏപ്രിൽ പതിനാല് രാത്രി ഏഴ് മുപ്പതിന് ഞങ്ങളുടെ ഓഫീസിലേക്ക് ഒരു ഫോൺകോൾ വന്നു. 9526427577. ഇതായിരുന്നു. ആ നംബർ.
അതിശയത്തിൽ,
ലക്ഷ്മി : ഇതെന്റെ നംബരാണ്. ഞാനാണ് വിളിച്ചത് .
അവൻ ഒന്നു നിന്ന് അവളെ നോക്കി.
എമ്മാനുവേൽ : അറിയാം. അന്ന് മുതൽ ഞങ്ങൾ ഈ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിലാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് അനുമോന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണ്ണായകമായൊരു ഇൻഫോർമേഷൻ എനിക്കു കിട്ടുന്നത്. ഇൻഫോർമറെ വെളിപ്പെടുത്താൻ സാധ്യമല്ലാത്തതിനാൽ അതിന്റെ നിജസ്ഥിതി അറിയാനാണ് ഞാനിവിടെ ഈ വേഷത്തിൽ. ഇതുവരെ ഞാൻ തിരിച്ചറിഞ്ഞതിൽ ഇൻഫോർമേഷൻ ശരിയാണെന്നാണ് എന്റെ നിഗമനം.
ലക്ഷ്മി : ആരായിരിക്കും അനുമോന്റെ തിരോധാനത്തിനു പിന്നിൽ?.
അവനൊന്ന് ചിന്തിക്കുംബോൾ, വരാന്തയിലൂടെ സത്യനും പിന്നിൽ ഭദ്രയും നടന്നു വരുന്നു. അവരെ കണ്ട്,
സത്യൻ : മോളെ ആ തമിഴത്തിയേയും കുഞ്ഞിനേയും പോലീസ് കൊണ്ടു പോയി. ഹോ നമ്മുടെ നടുമുറ്റം തന്നെ അതിനു സാക്ഷിയാകേണ്ടി വന്നല്ലോ.
ഭദ്ര : ആ സ്ത്രീയുടെ കയ്യിൽ ഓമനത്തം നിറഞ്ഞ കുഞ്ഞിനെ കണ്ടപ്പോഴെ എനിക്കു സംശയം തോന്നിയതാ.
സത്യൻ : സംഭവിക്കാനുള്ളത് സംഭവിച്ചു.
അല്പം ബഹുമാനത്തിൽ സത്യനെ നോക്കി,
എമ്മാനുവേൽ : അച്ഛാ, ഞാനങ്ങോട്ട്...
സത്യൻ : ഉം.ശരി.
അവൻ എല്ലവരേയും നോക്കി ചിരിച്ച് പതിയെ നടന്നകന്ന് തുടങ്ങുംബോൾ സംശയത്തിൽ ലക്ഷ്മിയെ നോക്കി,
സത്യൻ : എന്നാലും പോലീസ് സ്റ്റേഷനിൽ ഇൻഫോം ചെയ്തതാരാ മോളെ ?
ചിരിയിൽ,
ലക്ഷ്മി : പോലീസ് സ്റ്റേഷനിലല്ലച്ഛാ. ചൈൽഡ് ലൈനിൽ . ദാ ആ നടന്നുപോകുന്നയാൾ തന്നെ. വെൽ നോൺ ബ്ളോഗർ, റൈറ്റർ ആൻഡ് ആൻ ഓഫീസർ ഓഫ് ചൈൽഡ് ലൈൻ ഫൗൻഡേഷൻ...മിസ്റ്റർ.എമ്മാനുവേൽ എബ്രഹാം.
വിശ്വസിക്കാനകാതെ സത്യനും ഭദ്രയും പരസ്പരം നോക്കിയിട്ട് നടന്നകലുന്ന എമ്മാനുവേലിനെ നോക്കി അതിശയത്തോടെ നിൽക്കുന്നു ;
അഭിമാനത്തോടെ ലക്ഷ്മിയും.
കട്ട്
(തുടരും)
ഭാഗം 26
സീൻ 52
സന്ധ്യ, സത്യന്റെ വീട്
ഡൈനിംഗ് റൂമിൽ തന്നെയുള്ള എൽ.ഈ.ഡി റ്റി.വിയിൽ വാർത്ത കണ്ട് കസേരയിലിരിക്കുന്ന സത്യൻ. റ്റി.വി.യിൽ വാർത്തയുമായി ഒരു നൂസ് ചാനലിൽ ജിഷാ രാജേഷ്.
ജിഷ : നമസ്കാരം ഏഴുമണി വാർത്തയിലേക്ക് സ്വാഗതം. ഈ സമയത്തെ പ്രധാന വാർത്തകൾ. സ്വർണ്ണക്കള്ളകടത്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ജിസ്ന. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. കെ.എസ്.ആർ.ടി.സി. ലാഭത്തിലാക്കുമെന്ന് നിയുക്ത എം.ഡി കെ പത്മജാക്ഷൻ. ഇനി ഏറ്റവും പ്രധാനപ്പെട്ട വാർത്തയി ലേക്കാണ് കടക്കുന്നത്. നോർത്തിൻഡ്യൻ ബാലനെ തട്ടിയെടുത്ത് ഭിക്ഷാടനത്തിന് ഇറങ്ങിയ തമിഴ് നാടോടി സ്ത്രീ ആലപ്പുഴയിൽ അറസ്റ്റിൽ. കൂടുതൽ വിവരങ്ങളുമായി ആലപ്പുഴയിൽ നിന്നും റിപ്പോർട്ടർ റോണി വർഗീസ് ചേരുന്നു.
ജിഷ : ഹലോ റോണി.
കട്ട് റ്റു
സീൻ 52 ഏ
കഴിഞ്ഞ പകൽ, സഖാവ് സത്യന്റെ വീട്
ഉമ്മറ മുറ്റത്ത് റിപ്പോർട്ടർ റോണി വർഗീസും ക്യാമറാമാൻ നന്ദു ഫോർട്ട് കൊച്ചിയും. സത്യനും ലക്ഷ്മിയും അവർക്കു പിന്നിലായി ഭദ്രയും ഉമ്മറത്ത് നിലയുറപ്പിച്ചിരിക്കുന്നു. ക്യാമറായെ നോക്കി,
റോണി : ഹലോ ജിഷ. ഞാനിവിടെ സംഭവം നടന്ന സ്ഥലത്ത് നിന്നാണ്. ആലപ്പുഴ ജില്ലയിൽ മുഹമ്മ പഞ്ചായത്തിലെ ഒൻപതാം വാർഡ് മെംബറായ ശ്രീലക്ഷ്മിയുടെ, അതായത് മുൻ ഐ.സി.പി.(എം) ജില്ലാ സെക്രട്ടറിയായിരുന്ന സത്യൻ ദാമോദരൻ മാഷിന്റെ വീട്ടിൽ ഇന്ന് ഉച്ചക്ക് ഏകദേശം ഒന്നിനും ഒന്നരക്കും അടുത്തായിരുന്നു സംഭവം.
തിരിഞ്ഞ് സത്യനേയും മറ്റും നോക്കി ,
റോണി : ശ്രീലക്ഷ്മി മാഡം. സംഭവം ഒന്നു കൃത്യമായി വിവരിക്കാമോ?
ശ്രീലക്ഷ്മി : ഇന്ന് അച്ഛന്റെ പിറന്നാൾ ദിനമായിരുന്നു. ഏകദേശം ഒരു മണിയോടടുത്താണ് ഞങ്ങൾ ഉച്ചയൂണിനിരുന്നത്. ആ സമയത്താണ് ഈ നാടോടി സ്ത്രീ കുട്ടിയുമായി വരാന്തയിലെത്തുനത്.
ഇടക്ക് കയറി,
ഭദ്ര : ഞാനാണ് അവർക്ക് ഭക്ഷണം കൊടുത്തത്.
ലക്ഷ്മി : അതിന് ശേഷമാണ് പോലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ.റോയി സാർ വിളിക്കുന്നതും അവരെ തടഞ്ഞ് നിർത്താൻ ആവശ്യപ്പെടുന്നതും.
റോണി : സത്യൻ മാഷ് ഇതിനെ എങ്ങനെ നോക്കി കാണുന്നു.?
സത്യൻ : ഇന്നൊരു വിശേഷദിനത്തിൽ അവർ ഇവിടെ വെച്ച് പിടിക്കപ്പെട്ടത് നിർഭാഗ്യകരാമാണെങ്കിലും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന മാഫിയയിലെ കണ്ണികളിലൊന്നിനെ പിടികൂടാൻ പോലീസിനെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ട്.
റോണി : കഴിഞ്ഞ വർഷം ഈ നാട്ടിൽ നിന്നും കാണാതായ അനുമോന്റെ തിരോധാനവുമായി ഈ പിടിക്കപ്പെട്ടവർക്ക് എന്തെങ്കിലും ബന്ധമുള്ള തായി തോന്നുന്നുണ്ടോ.?
ലക്ഷ്മി : അതിനെകുറിച്ച് അറിയില്ല. പോലിസ് അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്തുമെന്ന് പ്രതീഷിക്കാം.
റോണി : നന്ദി മാഡം, മാഷേ. അറസ്റ്റിലായവരെകുറിച്ചുള്ള വിശദാശംങ്ങൾ നൽകാൻ സർക്കിൾ ഇൻസ്പെക്ടർ പ്രതാപൻ സാറും എസ്.ഐ റോയി സാറും നമ്മോടൊപ്പം ചേരുന്നു.
കട്ട് റ്റു
സീൻ 52 ബി
കഴിഞ്ഞ പകൽ, ആര്യക്കര പോലീസ്സ്റ്റേഷൻ
മുറ്റത്ത് രണ്ട് പോലീസ് ജീപ്പുകൾ . സ്റ്റേഷന്റെ മുന്നിൽ നിൽക്കുന്ന സർക്കിളും , എസ്.ഐ യും, സുനിയും ബിജുകുമാറും , മഞ്ജുവും.
വിവിധചാനലുകളിലെ ക്യാമറമാൻമാർ അവരെ ഫോക്കസ് ചെയ്യുന്നു. മൈക്കുമായി റിപ്പോർട്ടർമാർ.അവരോട് വിശദീകരിക്കുന്ന,
സർക്കിൾ ഇൻസ്പെക്ടർ : എനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ എസ്.ഐ ആയ റോയിയെ കേസിലേക്ക് ഡയറക്റ്റ് ചെയ്തത്. ആ ലേഡി മെംബറിന്റെ സഹായത്തോടെ അവരെ പിടികൂടാൻ കഴിഞ്ഞതിൽ കേരളാ പോലീസിന് അഭിമാനമുണ്ട്. ഇനിയുള്ള ചോദ്യം ചെയ്യലിൽ ചൈൽഡ് കിഡ്നാപ്പിംഗ് മാഫിയെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ കിട്ടുമെന്നാണ് കരുതുന്നത്.
റോണി : റോയി സാർ ഈ സംഭവത്തെക്കുറിച്ച് എന്തു പറയുന്നു.
റോയി : ഈ സംഘത്തിലൊരാള കുടുക്കാൻ സഹായിച്ചത് വലിയ കാര്യം തന്നെയാണ്. സി.പി.ഓ മഞ്ജുവിന്റ്റേയും ബിജുവിന്റേയും എച്ച്.സി.സുനിയുടേയും സമയോചിതമായ ഇടപെടൽ ഇവരെ പിടി കൂടാൻ വളരെ സഹായിച്ചു.
റോണി : കസ്റ്റഡിയിലായ നാടോടി സ്ത്രീയും കുട്ടിയും എവിടെയാ ണിപ്പോൾ ?
സർക്കിൾ ഇൻസ്പെക്ടർ : മജിസ്ട്റേറ്റിന്റെ നിർദ്ദേശപ്രകാരം കുട്ടിയെ ചൈൽഡ് റെസ്ക്യൂ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ആ സ്ത്രീ ജില്ലാ ജയിലിൽ വനിതാ സെല്ലിലാണ്. അവരെ വിശദമായി ചോദ്യം ചെയ്യും. അനുമോന്റെ തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് പിന്നീട് അവരെ കൈമാറും.
റോണി : നന്ദി സാർ. ഇനിവരും ദിനങ്ങളിൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കാണാതായ കുട്ടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയോടെ ക്യാമറാമാൻ നന്ദു ഫോർട്ട് കൊച്ചിയോടൊപ്പം റോണി വർഗീസ്, ആലപ്പുഴ.
കട്ട് റ്റു
സീൻ 52 സി
രാത്രി, സത്യന്റെ വീട്
വാർത്ത കണ്ടിരിക്കുന്ന സത്യനും അയാൾക്കരികെ നിൽക്കുന ലക്ഷ്മിയും പിന്നിലായി ഭദ്രയും.
എൽ.ഈ.ഡിയിൽ -
ജിഷ : കുട്ടികളുടേയും സ്ത്രീകളുടേയുംമേലുള്ള അതിക്രമങ്ങൾ തടയാൻ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി. കാണാതാകുന്ന ബാല്യങ്ങൾ കൂടുതൽ വാർത്തകൾ ന്യൂസ് ഹവറിൽ.
ലക്ഷ്മി റ്റി.വിയുടെ വോളിയം റിമോട്ടിൽ കുറക്കുന്നു.
ഭദ്ര : മോളെയേതായാലും നാട്ടുകാരറിഞ്ഞു.
അഭിമാനത്തിൽ,
സത്യൻ : അല്ലെങ്കിൽ തന്നെ എന്റെ മോളാന്ന ഖ്യാതിയവൾക്കുണ്ട്.
ലക്ഷ്മി : ഓ..ആ എമ്മനുവേലിനു കിട്ടേണ്ട ഖ്യാതിയാ ചുളിവിൽ നമ്മുക്ക് കിട്ടിയത്. പോലീസുകാരെ ഇൻഫോം ചെയ്ത ചൈൽഡ് ലൈൻകാരുടെ പേര് പോലും അവർ പറഞ്ഞില്ല.
സത്യൻ : അതൊക്കെ ഓരോ ഡിപ്പർട്ട്മെന്റുകൾ തമ്മിലുള്ള മത്സരം അല്ലേ ?
ലക്ഷ്മി : ഇനി നാട്ടുകാരും പഞ്ചായത്തും സ്തുതി പാടി എന്നെ ഒരു വഴിയാക്കും
ആ സമയം അവളുടെ കയ്യിലിരുന്ന ഫോൺ ചിലക്കുന്നു. ഫോണിൽ എമ്മാനുവേലിന്റെ പേരു കണ്ട് സത്യനോട്,
ലക്ഷ്മി : എമ്മാനുവേലാ ...ഹലോ .
റിമോട്ട് അച്ഛനു കൊടുത്ത് അവൾ കുറച്ച് ഫ്രീയായി സംസാരിക്കാൻ പുറത്തേക്കിറങ്ങുന്നു - വരാന്തയിലേക്ക് -
അവളെ നോക്കി ചിരിച്ച് റ്റി.വി.യുടെ വോളിയം കൂട്ടുന്ന സത്യൻ. ഭദ്ര അടുക്കളയിലേക്ക് നടക്കുന്നു.
കട്ട് റ്റു
സീൻ 52 ഡി
രാത്രി, എമ്മാനുവേലിന്റെ വീട്
മുറ്റത്ത് ഒരു മാവിന്റെ താഴെ ലക്ഷ്മിയുമായി സംസാരിക്കുന്ന,
എമ്മാനുവേൽ : ചാനലിൽ ഉഗ്രൻ പ്രകടനം കണ്ടു. മറുതലക്കൽ-
വരാന്തയിലൂടെ നടന്ന്,
ലക്ഷ്മി : ഒന്നു പോ കർത്താവേ. ചാനലുകാർ വന്നുപെടുത്തിയതല്ലേ.
ഇന്റ്റർകട്ട്സ്
എമ്മാനുവേൽ : ഇങ്ങനെ ഒരു നേതാവ് വളർന്നു വരുന്നുണ്ടെന്ന് ലോകം മുഴുവൻ അറിഞ്ഞില്ലേ. ഏതായാലും എന്റെ പേര് വലിച്ചിടാതിരുന്നതിന്, ഒരു താങ്ക്സ്.
ലക്ഷ്മി : കർത്താവ് രക്ഷകനായി ഈ നാട്ടിലവതരിച്ചതല്ലേ. ഇനിയും നിഗൂഢതകൾ നീക്കാനുണ്ടല്ലോ. അതുകൊണ്ട് ഡിസ്ക്ലോസ് ചെയ്യാതിരു ന്നതാ. അല്ല കർത്താവ് എവിടേയാ.
എമ്മാനുവേൽ : ഞാൻ വീട്ടിലാ.
ലക്ഷ്മി : രാത്രീല് കഴിക്കാൻ വല്ലതും ഉണ്ടാക്കിയോ ?
എമ്മാനുവേൽ ; ഞാൻ പുറത്ത് നിന്നും വാങ്ങി. കുറച്ച് കഴിഞ്ഞ് കഴിക്കണം. അതു കഴിഞ്ഞ് വാട്സാപ്പിൽ വന്നാൽ ചാറ്റാം.
അവളൊന്നു കുസൃതിയിൽ അവന്റെ മനസ്സിലിരിപ്പ് അറിയാനെന്നോണം,
ലക്ഷ്മി : ചാറ്റാനോ....എന്താ..ങ്ങേ..?
എമ്മാനുവേൽ : അല്ല. ഉറക്കം വരുന്നില്ലെങ്കിൽ..
ലക്ഷ്മി : ഉറക്കം വരുന്നില്ലെ സ്വയം താരാട്ടു പാടി ഉറങ്ങിക്കോളാം. ഞാൻ സ്ഥലം പഞ്ചായത്ത് മെംബറാണേ. മറക്കണ്ട.
എമ്മാനുവേൽ : ഓ മറക്കുന്നില്ലേ മെംബറേ. മെംബറു തന്നെയല്ലെ പ്രേമം പ്രൊപ്പോസ് ചെയ്തത്.
ലക്ഷ്മി : അയ്യെടാ
എമ്മാനുവേൽ : അതെ നാളെ ഞാൻ ഒരിടം വരെ പോകുവാ
ലക്ഷ്മി : എങ്ങോട്ടാ ?
എമ്മാനുവേൽ : അതു സസ്പൻസ്
ലക്ഷ്മി : എന്നാലങ്ങനെയാകട്ടെ.
എമ്മാനുവേൽ : തൽക്കാലം ഞാനൊരു വീഡിയോ അയച്ച് തരാം . അതിരുന്ന് കാണ്. മൊബൈലിൽ സേർച്ച് ചെയ്ത് ഒരു വീഡിയോ കണ്ടെത്തി അത്
എമ്മാനുവേൽ ലക്ഷ്മിക്ക് വാട്സാപ്പിൽ സെൻഡ് ചെയ്യുന്നു.
കട്ട് റ്റു
സീൻ 52 ഈ
രാത്രി, സത്യന്റെ വീട്
വരാന്തയിൽ നിന്നും മുറിയിലേക്ക് വന്ന് കതകടച്ച് കട്ടിലിൽ ഇരുന്ന് മൊബൈലിൽ എമ്മാനുവേൽ അയച്ച വീഡിയോ കാണുന്ന ലക്ഷ്മി. എന്തോ വൃത്തികേട് കണ്ടതുപോലെ വീഡിയോ കട്ട് ചെയ്ത് നെറ്റി ചുളിച്ച് അവൾ തലകുടഞ്ഞ് ഹെഡ്ഫോൺ ചെവികളിൽ നിന്നും മാറ്റി,
ലക്ഷ്മി : ശ്ശേ.
പിന്നെയവൾ മൊബൈൽ എടുത്ത് എമ്മാനുവേലിനെ വിളിക്കുന്നു.
കട്ട് റ്റു
സീൻ 52 എഫ്
രാത്രി, എമ്മാനുവേലിന്റെ വീട്
ഹാളിൽ നിന്ന് ഫോണിൽ സംസാരിക്കുന്ന എമ്മാനുവേൽ. മറുഭാഗത്ത് ലക്ഷ്മിയാണ്.
ഇന്റ്റർ കട്ട്സ്.
എമ്മാനുവേൽ : എന്തു തോന്നുന്നു
ലക്ഷ്മി : അത് അയാളല്ലേ.
എമ്മാനുവേൽ : അതേ
ലക്ഷ്മി : അവനിത്തരക്കാരനാണോ.
എമ്മാനുവേൽ : അതിനി അറിയാനിരിക്കുന്നതേയുള്ളൂ.
ലക്ഷ്മി : കണ്ടിട്ട് അറപ്പു തോന്നുന്നു.
എമ്മാനുവേൽ : അത് ഡിലിറ്റ് ചെയ്തേക്ക്. ലീക്കാകണ്ട.
ലക്ഷ്മി : ഉം...അതിൽ സംസാരിക്കുന്നതൊക്കെ...
എമ്മാനുവേൽ : അവൻ തന്നെ. ആ ലഹരിയിൽ അവൻ അങ്ങനാവുന്നതാണ്. പിന്നെ കുറച്ച് കാര്യങ്ങൾ കൂടി വൈൻഡ് അപ് ചെയ്യാനുണ്ട്. ഞാൻ ഇടക്ക് വിളിക്കാം. ഗുഡ് നൈറ്റ്.
ലക്ഷ്മി : ശരി . ഗുഡ്നൈറ്റ്.
ഫോൺ കട്ട് ചെയ്ത എമ്മാനുവേൽ എന്തോ ചിന്തിച്ച് തിരിയുന്നു.
ഒരു മൊണ്ടേജിനുള്ള പശ്ചാത്തലസംഗീതം ആരംഭിക്കുന്നു.
കട്ട്
(തുടരും)
ഭാഗം 27 സീൻ 53
പകൽ / രാത്രി
മൊണ്ടേജ് ആരംഭിക്കുന്നത് –
വിശാലമായ ഹൈവേയിലൂടെ ജാവായിൽ വരുന്ന എമ്മാനുവേലിൽ നിന്നാണ്. സ്റ്റൈലിഷ് വസ്ത്ര ധാരണം. ഷേഡ്. ഫാസ്റ്റ് മ്യൂസിക്കിൽ ദൃശ്യങ്ങൾ ആവിഷ്ക്കരിക്കപ്പെടുന്നു.
ഹിൽ ഏരിയായിലുള്ള വീട്ടിൽ വിത്സണും എമ്മാനുവേലുമായിട്ടുള്ള സംസാരം. വിത്സണിന്റ്റെ മുഖം നമ്മുക്ക് വ്യക്തമല്ല. പ്ളാസ്റ്റിക് കവറുകളിലിട്ട ചീട്ടുകളും ഫെയർ എന്ന കൊച്ചു പുസ്തകവും ഫോറൻസിക് ഓഫീസർ നിവിൻ തോമസിനു കൈമാറുന്ന എമ്മാനുവേൽ. അവൻ ലക്ഷ്മിയുമായി ഫോണിൽ സംസാരിക്കുന്നു. ചില സത്യങ്ങൾ കേട്ടെന്നോണം അവൾ അംബരക്കുന്നു. ലക്ഷ്മി രജിതയുടെ വീട്ടിൽ പോകുന്നു. രജിത അവൾക്ക് അനുമോന്റ്റെ ബെർത്ത് സർട്ടിഫിക്കറ്റ് നൽകുന്നു. അതിൽ അനുമോന്റ്റെ ബ്ളഡ് ഗ്രൂപ്പ് ഏ + ആണെന്ന് വ്യക്തമാകുന്നു. രജിതയുടെ വീട്ടിലെ ഹാളിലെ ഒരു ഭാഗത്തുള്ള ഭിത്തിയുടെ രണ്ടുമൂന്നു തട്ടുകളിലൊന്നിൽ താഴെ വെച്ചിരിക്കുന്ന ഒരു ചെറിയ പ്ളാസ്റ്റിക് കുപ്പിയിലെ കുഞ്ഞിപ്പല്ല് കണ്ട് ലക്ഷ്മി ആ കുപ്പിയെടുത്ത് രജിതയെ നോക്കുംബോൾ -
രജിത : മോന്റ്റെ ആദ്യം കൊഴിഞ്ഞ പല്ലാ.
ലക്ഷ്മി : അനുമോനെക്കുറിച്ച് അറിയണ്ടേ. ഞാനിതെടുക്കുവാ. ആവശ്യം കഴിഞ്ഞ് തിരിച്ച് തരാം.
ശരിയെന്ന വിധം തലയാട്ടുന്ന രജിത.
ലക്ഷ്മിയും എമ്മാനുവേലും ഫോണിലൂടെ-
ലക്ഷ്മി : അനുമോൻന്റ്റെ ബ്ളഡ്ഗ്രൂപ്പ് ഏ + ആണ്. പിന്നെ ഡി.എൻ.ഏ മാച്ച് ചെയ്തു നോക്കാൻ അനുമോന്റ്റെ ഒരു കുഞ്ഞിപ്പല്ലും കിട്ടിയിട്ടുണ്ട്.
എമ്മാനുവേൽ : ഗുഡ്.
അസ്വസ്ഥതയോടെ തെയ്യാമ്മ എമ്മാനുവേലിനെ ഫോണിൽ വിളിക്കുന്നു.
എമ്മാനുവേൽ : എന്തു പറ്റി ചേച്ചി ?.
തെയ്യാമ്മ : എനിക്കാകെ ഒരു ഭയം.
എമ്മാനുവേൽ : പേടിക്കണ്ട ചേച്ചി .നിങ്ങൾ സാക്ഷിയാ.. ദൈവസാക്ഷി. ഞാനില്ലേ. ചേച്ചിക്ക് ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം.
അവരുടെ റിയാക്ഷൻ.
ഡി.വൈ.എസ്.പി ദിനകറും സംഘവും തീട്ടക്കുളവും പരിസരവും രജിതയുടെ വീടും സന്ദർശിക്കുന്നു. ലക്ഷ്മിയുടെ സാന്നിദ്ധ്യം. എമ്മാനുവേൽ ജാവയിൽ വരുന്നു. ലക്ഷ്മി എമ്മാനുവേലിനെ ദിനകറിനു പരിചയപ്പെടുത്തുന്നു.
ദൃശ്യം ഇരുളിലേക്ക്.
കട്ട്
സീൻ 54
പകൽ, നാൽക്കവല.
ഒരു പ്രൈവറ്റ് ബസ് സ്റ്റോപ്പിൽ നിർത്തി പോകുംബോൾ തങ്കൻ ബാഗുമായി തിലകന്റ്റെ കടയുടെ അരികിലേക്ക് നടക്കുന്നു. കടയുടെ കട്ടിളപ്പടിയിൽ പിടിച്ച് കട്ടിളയിൽ ചാരി നിന്ന തിലകൻ തങ്കന്റ്റെ സന്നിദ്ധ്യമറിഞ്ഞ് അല്പം പരിഹാസത്തിൽ,
തിലകൻ : ഇരട്ടയായിട്ട് പോയി ഒറ്റയായിട്ട് പോന്നോ. ആളെന്തിയെ, പൊന്നൻ.
പുറത്തെ ബഞ്ചിലേക്ക് കയറി ഇരുന്ന്,
തങ്കൻ : താനൊരു ചായയെടുക്ക്.
കാര്യങ്ങൾ അറിയാനുള്ള തിടുക്കത്തിൽ അകത്തേക്ക് നടന്ന്,
തിലകൻ : ഇപ്പോ എടുത്ത് വെച്ച ഒരു ചായയുണ്ട്. ഇവിടുത്തെ കാര്യങ്ങളൊക്കെ അറിഞ്ഞോ.
തങ്കൻ : കൊച്ചിനെ തട്ടിക്കൊണ്ട് വന്ന കാര്യോക്കെ തെയ്യാമ്മ ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.
അകത്ത് നിന്നും ചായയുമായി വന്ന് തങ്കനു നൽകിക്കൊണ്ട്,
തിലകൻ : നിങ്ങളു വീട്ടിൽ കേറ്റി താമസിപ്പിച്ച ആളില്ലേ. കർത്താവ്. അങ്ങേരു പോലീസു പോലൊരു സാധനമാ.
ചുണ്ട് കൊണ്ട് ചായ ആറ്റിക്കുടിച്ച്,
തങ്കൻ : അതിനു നമ്മുക്കൊന്നും പറ്റീല്ലല്ലോ.
തിലകൻ : പറ്റീല്ലാ. എന്തൊക്കിലൊക്കെ പറ്റാതിരുന്നാൽ നല്ലത്. അനുമോനെ കുറിച്ച് അന്വേഷിക്കാൻ വന്ന സംഘത്തിന്റ്റെ കൂടെ കർത്താവും കൂടിയിട്ടുണ്ട്. അനുമോൻ ജീവിച്ചിരിപ്പില്ലെന്നുള്ളതാണ് പൊതുവേയുള്ള ശ്രുതി.
തങ്കൻ ചായ കുടിച്ചു കൊണ്ട് ആലോചിക്കുന്നു.
തിലകൻ : പൊന്നനെവിടാന്ന് പറഞ്ഞില്ല.
തങ്കൻ : വല്യബുദ്ധിമുട്ടിലാ പൊന്നൻ അവിടെ രണ്ടു ദിവസം പിടിച്ചു നിന്നത്. പിന്നെ ആളെ കാണാനില്ല. കള്ള് കുടിക്കാതെയും ബീഡി വലിക്കാതെയും അവനൊക്കെ നിക്കാൻ പറ്റുമോ.
തിലകൻ : അപ്പോ ആളെ കാണാനില്ലേ. ഇവിടൊന്നും വന്നിട്ടില്ല.
തങ്കൻ : അവിടെ ലഹരിക്കടിമയായവരെ താമസിപ്പിച്ച് ചികിത്സിക്കുന്ന ഒരു സ്ഥലോണ്ട്. അവിടെയുണ്ടാകും.
തങ്കൻ കാലിയായ ഗ്ളാസ്സും കാശും തിലകനു നൽകുന്നു. അതു വാങ്ങി ,
തിലകൻ : ഞാൻ പറഞ്ഞതല്ലേ ധ്യാനത്തിനു പോയിട്ട് ഒരു കാര്യോമില്ലെന്നു. അല്ല നിങ്ങൾക്ക് വല്ല മാറ്റോമുണ്ടോ.
തങ്കൻ അന്നിരുത്തി അയാളെ നോക്കുന്നു. തിലകനൊന്നു പരുങ്ങുന്നു.
തിലകൻ : അല്ല..
കടയുടെ മുന്നിൽ ആ സമയം വിജയൻ ലൂണായിൽ വന്നു നിൽക്കുന്നു. തങ്കനെ കണ്ട് ആഹ്ളാദത്തിൽ,
വിജയൻ : തങ്കച്ചയാ വരുന്നോ.ഒരു അരലിറ്ററു മേടിക്കാൻ പോയതാ. (തങ്കൻ വിജയനരികിലേക്ക് നടക്കുന്നു) തങ്കച്ചായാ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുവാണല്ലോ. നമ്മുടെ കർത്താവേ കാണുന്ന പോലെയല്ല. പുലിയാ. പുലി. (തങ്കൻ ലൂണായിൽ കയറുന്നു, വിജയൻ ലൂണാ മുന്നോട്ട് എടുക്കുന്നു .) അനുമോന്റ്റെ തിരോധാനത്തിനുത്തരം രണ്ടു ദിവസം കഴിഞ്ഞ് പഞ്ചായത്ത് കൂട്ടുന്ന പ്രോഗ്രമിലുണ്ടാകുമെന്നാ നാട്ടാരു പറയണത്. അല്ല ഒരെണ്ണം അടിക്കണോ.
തങ്കൻ: ഇല്ല ഞാനില്ല.
വിജയൻ : നന്നാകാൻ തീരുമാനിച്ചല്ലേ.
തങ്കൻ ആലോചനയിലാണ്.
പൂഴി റോഡിലൂടെ പോകുന്ന ലൂണായിൽ വിജയനും തങ്കനും.
കട്ട്
സീൻ 55
പകൽ
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഓഫീസ്, ആലപ്പുഴ
പുറത്ത് രണ്ടോ മൂന്നോ പോലീസ് ജീപ്പുകൾ. പലതരത്തിൽപ്പെട്ട് അവിടെയെത്തിയവർ അങ്ങിങ്ങിങ്ങായി നിൽക്കുന്നു. കാക്കി പാന്റ്റും കാഷ്വൽ വസ്ത്രവും ധരിച്ച മൂന്നോ നാലോ പോലീസുകാർ അങ്ങോട്ടും ഇങ്ങോട്ടുമായി പോകുന്നു.
കട്ട് റ്റു
അകത്ത് ഡി.വൈ.എസ്.പിയുടെ മുറി.
മേശയിൽ ഡി.വൈ.എസ്.പി പി.ദിനകുമാർ എന്ന നേം ബോർഡ് വെച്ചിട്ടുണ്ട്. പ്രധാന കസേരയിൽ ഇരിക്കുന്ന അയാൾ മേശയിൽ ഇരിക്കുന്ന ലാപ്ടോപ്പ് മടക്കി വെച്ച് അഭിമുഖമിരിക്കുന്ന ലക്ഷ്മിയേയും എമ്മാനുവേലിനേയും നോക്കുന്നു. ഒരു ആമുഖമെന്നോണം എമ്മാനുവേലിനേയും ലക്ഷ്മിയേയും നോക്കി,
ഡി.വൈ.എസ്.പി. ദിനകർ : ലക്ഷ്മി എന്റ്റെ കോളേജിൽ വളരെ ജൂനിയർ ആയിരുന്നു. താൻ ബോട്ടണി അല്ലാരുന്നോ.?
ലക്ഷ്മി : ഫസ്റ്റ് ഇയർ ബോട്ടണി. സാറ് എം.എസ്.സി ഫിസിക്സും. ഫൈനൽ ഇയർ. സാറു വോളീബോൾ ക്യാപ്റ്റനല്ലായിരുന്നോ.
ചിരിയോടെ,
ഡി.വൈ.എസ്.പി. ദിനകർ : ഉം...ആ ഒരു സൗഹൃദത്തിലാണ് എനിക്ക് പെരുമറാനും സംസാരിക്കാനും ഇഷ്ടം. (എമ്മാനുവേലിനെ നോക്കി) എമ്മാനുവേലിന്റ്റെ സമയോചിതമായ ഇടപെടൽ മൂലം ഒരു ഗുജറാത്തി ബാലനെ തമിഴ് നാടോടി സ്ത്രീയിൽ നിന്നും രക്ഷിക്കാൻ പറ്റി. ഐ അപ്രിഷ്യേറ്റ് യു. എന്നാൽ നമ്മുടെ കേസിൽ ഭിക്ഷാടന മാഫിയക്കോ, മറ്റ് ചൈൽഡ് കിഡ്നാപ്പിംഗ് ഏജൻസികൾക്കോ പങ്കില്ലെന്നാണ് എമ്മാനുവേൽ കണ്ടെത്തിയിരിക്കുന്ന തെളിവുകളിൽ നിന്നും മനസ്സിലാക്കേണ്ടത്.
ആ സമയം എസ്.ഐ ഉദയൻ ഹാഫ് ഡോർ തുറക്കുന്നു.
അകത്തേക്ക് വരാൻ ദിനകർ ആംഗ്യം കൊണ്ട് അനുവാദം കൊടുക്കുന്നു.
അയാൾക്ക് മുന്നിലെത്തി സല്യുട്ട് പോലെ അറ്റൻഷൻ പൊസിഷനിൽ ഉപ്പൂറ്റികളുയർത്തി , ഒരു പ്ളാസ്റ്റിക് കവർ ദിനകറിനു നൽകുന്നു . എസ്.ഐ യുടെ സല്യൂട്ട് സ്വീകരിച്ചെന്ന വിധം തലയനക്കി അയാളിൽ നിന്നും ദിനകർ കവർ വാങ്ങുന്നു.
ഒരു വിശദീകരണമെന്നോണം,
എസ്.ഐ.ഉദയരാജ് : സർ. ഫെയർ ബുക്കിൽ കണ്ട രക്തക്കറയുടെ ഗ്രൂപ്പും അനുമോന്റ്റെ ബ്ളഡ് ഗ്രൂപ്പും ഒന്നാണ്. ഏ+. പ്ലേയിങ്ങ് കാർഡ്സിലെ ഫിംഗർ പ്രിന്റ്റുകളിലൊന്ന് ഫെയർ ബൂക്കിലെ ഫിംഗർ പ്രിന്റ്റുമായി മാച്ചാകുന്നുണ്ട്. ആധാർ കാർഡിലൂടെ ട്രേസു ചെയ്തപ്പൊൾ അത് നമ്മൾ സംശയിക്കുന്ന പ്രധാന പ്രതിയുടെ തന്നെയാണെന്ന് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അതിനു വലിയ പ്രസക്തി ഇല്ല. പക്ഷേ മിസ്സിംഗാകുന്നവയെ കണക്റ്റ് ചെയ്യാനുള്ള പോയന്റ്റാണു ഇവർ കളക്റ്റ് ചെയ്ത കുട്ടിയുടെ സ്കൾ പാർട്ട്സും, സ്മാൾ ടൂത്തും ഡി.ൻ.ഏ ടെസ്റ്റിനു അയച്ചിട്ടുണ്ട്. റിസൾട്ട് പോസിറ്റാവാണെങ്കിൽ തെളിവെടുപ്പും ബാക്കിയുള്ള തെളിവകളും കണ്ടെത്തേണ്ടതായിട്ടുണ്ട്. അതുപോലെ ബോഡിയുടെ ശേഷിക്കുന്ന ഭാഗങ്ങളും.
ഡി.വൈ.എസ്.പി. ദിനകർ : ലെറ്റ് വി സീ. ഇതിന്റ്റെയൊക്കെ ഒഫീഷ്യൽ റെക്കോർഡ്സ് ഫയൽ ചെയ്യണം.
എസ്.ഐ ഉദയരാജ് : സർ.
ഡി.വൈ.എസ്.പി. ദിനകർ : വാട്ട് എബൗട് ദി സെക്കൻഡ് ഡിഫൻഡന്റ്റ്
എസ്.ഐ ഉദയരാജ് : ഇന്ന് വ്യാഴാഴ്ച്ചയല്ലേ സർ. അയാളെയിന്നു രാത്രിയിൽ കസ്റ്റഡിയിലെടുക്കും.
ഡി.വൈ.എസ്.പി. ദിനകർ : ഗുഡ്. ക്യാരി ഓൺ. അപ് ഡേറ്റ് മീ ദി ഡീറ്റൈൽസ് ടൈം റ്റു ടൈം.
എസ്.ഐ ഉദയരാജ് : സർ.
പഴയ പോലെ സല്യൂട്ട് നൽകി എസ്.ഐ. ഉദയരാജ് ഹാഫ് ഡോർ തുറന്നടച്ച് പോകുംബോൾ എമ്മാനുവേലിനെ നോക്കി കോമ്പ്ളിമെന്റ്റ് എന്നതുപോലെ,
ഡി.വൈ.എസ്.പി. ദിനകർ : സത്യത്തിൽ എമ്മാനുവേൽ ഞങ്ങളുടെ അന്വേഷണത്തിന്റ്റെ വഴി സുഗമമാക്കി. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടു പേരും നമ്മുടെ നീരീക്ഷണത്തിലാണ്. എതായാലും അനുമോനു എന്തു സംഭവിച്ചുവെന്നതിനുള്ള ഉത്തരം നാളെയുണ്ടാകും. നാളെയല്ലേ പ്രോഗ്രാം ?
ലക്ഷ്മി : അതൊന്ന് ഓർമ്മിപ്പിക്കാനിരിക്കുകയായിരുന്നു.
ഡി.വൈ.എസ്.പി. ദിനകർ : ഓഫ്കോഴ്സ് .ഞാനുണ്ടാകും. അല്ല ബ്ളോഗും വ്ളൊഗും ചെയ്യാൻ വന്ന എമ്മാനുവേൽ അനുമോന്റ്റെ തിരോധനത്തിനുത്തരം തേടാൻ തുടങ്ങിയത് എപ്പോഴാണ്.
എമ്മാനുവേൽ : അതന്വേഷിക്കാൻ തന്നെയാണു ഞാൻ വന്നത്. ഇൻഫോർമറെ ഞാൻ വെളിപ്പെടുത്തില്ല. എന്നാൽ എനിക്ക് കിട്ടിയ വിവരം നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാം. ഈ വോയിസ് ക്ളിപ്പൊന്നു കേട്ട് നോക്കു.
തന്റ്റെ മൊബൈലിൽ ഒരു വോയ്സ് ക്ളിപ് പ്ളേ ചെയ്ത് മേശപ്പുറത്ത് വെച്ച് എമ്മാനുവേൽ എഴുന്നേറ്റ് തിരിഞ്ഞ് നടന്ന് അവർക്ക് പിന്തിരിഞ്ഞു നിൽക്കുന്നു.
പശ്ചാത്തലത്തിൽ തെയ്യാമ്മയുടെ കൊഞ്ചുന്ന സംസാരം.
തെയ്യാമ്മ : എടാ ചെക്കാ നിനക്ക് ആരാണീ പേരിട്ടത്. എമ്മാനുവേലെന്ന്. നല്ല പേരാ എന്നാലും നിനക്കു ജോക്കുട്ടനെന്നോ, മണിക്കുട്ടനെന്നൊ ക്കെയാണെങ്കിൽ,.. അല്ലേ സുന്ദരക്കുട്ടാന്നു വിളിക്കാം....
ഡി.വൈ.എസ്.പി ദിനകർ ഒന്നു പരുങ്ങുന്നു. ലക്ഷ്മിയുടെ കലികയറുന്ന മുഖം.
എമ്മാനുവേലിന്റ്റെ ഓർമ്മയിൽ -
സീൻ 55 ഏ ( സീൻ 50 – തുടർച്ച )
രാത്രി, തങ്കന്റ്റെ വീട്
തെയ്യാമ്മയുടെ മുറിയിൽ -
അർദ്ധനഗ്നരായി കിടക്കുന്ന തെയ്യാമ്മയും എമ്മാനുവേലും.
എമ്മാനുവേലിന്റ്റെ മാറിൽ കെട്ടിപിടിച്ച് അവന്റ്റെ കവിളിൽ ഉമ്മ കൊടുക്കുന്ന തെയ്യാമ്മ. എമ്മാനുവേൽ തെയ്യാമ്മയോട് ചേർന്ന് കെട്ടിപ്പിടിച്ച് കഴുത്തിൽ പതിയെ കടിക്കുന്നു.
ചിണുങ്ങിക്കൊണ്ട്,
തെയ്യാമ്മ : ഹോ വേദനിക്കുന്നു.
അവരെ തലോടിക്കൊണ്ട്,
എമ്മാനുവേൽ: ചേച്ചിക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ ഒരു കാര്യം പറയുമോ.
തെയ്യാമ്മ : ങും. അറിയാമെങ്കിൽ പറയാം.
എമ്മാനുവേൽ : അനുമോനെ കാണാതാവുന്ന ദിവസം അനുമോനെ അവസാനമയി കണ്ടവരിലൊരാളല്ലേ ചേച്ചി.
ഒന്ന് ആലോചിച്ച് അവനു നേരെ നോക്കി മുഖമുയർത്തി,
തെയ്യാമ്മ : നീ പോലീസ് ആണോ?
ഒരു കൈകൊണ്ട് തെയ്യാമ്മയുടെ താടി ചെറുതായി കുലുക്കിക്കൊണ്ട്,
എമ്മാനുവേൽ : പോലീസ് അല്ല. കുട്ടികളുടെയൊക്കെ സുരക്ഷയും ക്ഷേമവും അന്വേഷിക്കുന്ന ഒരു ഓഫീസറാണ്. എന്നോട് സത്യം എന്തു പറഞ്ഞാലും ചേച്ചിക്ക് ഒന്നും സംഭവിക്കില്ല.
ആലോചിച്ച്,
തെയ്യാമ്മ : കുറേ മാസങ്ങളായി ഞാനീ വീർപ്പുമുട്ടൽ സഹിച്ച് കഴിയുന്നു. അനുമോനെ ഞാനാരാത്രി കണ്ടതാണ്.
അവരുടെ ശീൽക്കരാങ്ങൾ , നേരത്തെയുള്ള സംഭാഷണങ്ങൾ കട്ടിലിന്റ്റെ ഒരു ഭാഗത്തിരിക്കുന്ന എമ്മാനുവേലിന്റ്റെ മൊബൈലിൽ റെക്കോർഡ് ചെയ്യപ്പെടുന്നത് അവൾ അറിയുന്നില്ല.
കട്ട് റ്റു
സീൻ 55 ബി
ഡി.വൈ.എസ്.പി യുടെ മുറി
വോയിസ് ക്ളിപ്പ് അവസാനിക്കുംബോൾ എമ്മാനുവേൽ തിരിഞ്ഞ് അവർക്കരികെയെത്തുന്നു.
ലക്ഷ്മി അസ്വസ്ഥയാണെന്ന് ഡി..വൈ.എസ്.പി ദിനകറിനു മനസ്സിലാ കുന്നുണ്ട്.
ഇരുവരേയും നോകിയിട്ട്,
എമ്മാനുവേൽ : മാർഗ്ഗമേതായാലും ലക്ഷ്യമാണു പ്രധാനം.
ഡി.വൈ.എസ്.പി. ദിനകർ : ഇതു എമ്മാനുവേലല്ലേ ...ആ ലേഡിയേതാണ്.
ഇടക്ക് കയറി എമ്മാനുവേലിനെ ഒന്നു രൂക്ഷമായി നോക്കി,
ലക്ഷ്മി : തെയ്യാമ്മ ചേച്ചി. തങ്കച്ചായന്റ്റെ ഭാര്യ. നാട്ടിലെ നല്ല സ്നേഹോള്ള ചേച്ചിയാ..അല്ലേ കർത്താവേ.
അവളെ നോക്കി ഒന്ന് പരുങ്ങി ചിരിച്ച് ഡി.വൈ.എസ്.പി ദിനകറിനോട്,
എമ്മാനുവേൽ : ഈ കേസിലെ ഒരു ക്രെഡിറ്റും എനിക്ക് വേണ്ട സാർ. ഇനിയെല്ലാം നിങ്ങളുടെ കയ്യിലാണ്. എന്തായാലും ഒരു കാരണവശാലും പ്രതികൾ രക്ഷപെടാൻ പാടില്ല. എനിക്ക് ഒരു റിക്വൊസ്റ്റ് ഉണ്ട് സാർ തെയ്യാമ്മ ചേച്ചിയെ മജിസ്ട്റേറ്റിനു മുന്നിൽ രഹസ്യമൊഴിക്കു വേണ്ടി മാത്രമേ ഹാജരാക്കാവു.
ഡി.വൈ.എസ്.പി. ദിനകർ : ഇറ്റ്സ് ഓക്കെ.
കൈകൾ കൂപ്പി മേശയിൽ നിന്നും ഫോൺ എടുത്തു കൊണ്ട് ,
എമ്മാനുവേൽ : വരട്ടെ സാർ...!
ലകഷ്മിയെ ചളിപ്പോടെ നോക്കി അവൻ പുറത്തേക്ക് നടക്കുന്നു.
അല്പം പരുങ്ങി ചമ്മിയെഴുന്നേൽക്കുന്ന ലക്ഷ്മിയെ നോക്കി ചിരിയോടെ
ഡി.വൈ.എസ്.പി. ദിനകർ : ആർ യു ഇൻ ലൗ വിത് ഹിം ?
അവൾ ചെറിയ ചിരി നൽകിക്കൊണ്ട്
ലക്ഷ്മി : വരട്ടെ സാർ..
ഡി.വൈ.എസ്.പി. ദിനകർ : ഓ.കെ.
അവൾ പുറത്തേക്ക്.
ചിരിയോടെ ലാപ്പ് ഓൺ ചെയ്യുന്ന ഡി.വൈ.എസ്.പി. ദിനകർ.
കട്ട് റ്റു
പുറത്ത് വരാന്തയിലൂടെ ലക്ഷ്മിയുടെ ശകാരം ഭയന്ന് ധൃതിയിൽ നടക്കുംബോൾ, പിന്നിൽ നിന്നും ലക്ഷ്മിയുടെ വിളി കേട്ട് എമ്മാനുവേൽ നിൽക്കുന്നു.
ലക്ഷ്മി : ഹേ.. സുന്ദരക്കുട്ടാ.
കളിയാക്കുന്ന ഭാവത്തിൽ നടന്നടുത്ത് കൊണ്ട്, നെഞ്ചിൽ കൈവെച്ച് തിരിഞ്ഞുകൊണ്ട് പരുങ്ങലിൽ,
എമ്മാനുവേൽ : കർത്താവേ ഈ കർത്താവിനെ കാത്തു കൊള്ളേണമേ...
അവന്റ്റെ മുന്നിൽ കൈകെട്ടി നിൽക്കുന്ന ലക്ഷ്മി തലയാട്ടിക്കൊണ്ട് അവനെ അടിമുടി നോക്കി ,
ലക്ഷ്മി : വിശുദ്ധി നഷ്ടപ്പെട്ട... സുന്ദരാ.
പരുങ്ങി,
എമ്മാനുവേൽ : ഒരാവേശത്തിനു ക്ളിപ്പ് ഇട്ടുപോയതാ.
ലക്ഷ്മി : ഏതായാലും ഈ കളി തീരുംബോൾ നമ്മുക്കൊന്നു കാണണം.
എമ്മാനുവേൽ : അതുവേണോ
ലക്ഷ്മി : വേണോട്ടാ...!
അവനെ നോക്കി തലയാട്ടി അവൾ ചിരിക്കുന്നു.
കട്ട്
(തുടരും)