മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 meeting

Jomon Antony

ഭാഗം 21 

Read Full

സീൻ 38 ബി 
രാവിലെ 7.30 നോടടുത്ത്, തിലകന്റെ ചായക്കട

അകത്ത് ബെഞ്ചിലിരിക്കുന്ന തങ്കൻ,പൊന്നൻ. തിലകൻ ചായ അടിച്ചു കൊണ്ടിരിക്കുകയാണ്. അവരോടായി,

തിലകൻ : അപ്പോ നിങ്ങള് നന്നാകാൻ തീരുമാനിച്ചു. കുറച്ച് കൂടി കഴിഞ്ഞിട്ട് പോരായിരുന്നോന്നാ ഞാൻചോദിക്കണേ.

തങ്കൻ : തൊരപ്പത്തരം പറയാണ്ട് ചായ കൊണ്ട് വാടോ.

തിലകൻ ചായയുമായി വരുംബോൾ ജോഗിംഗ് ഡ്രസ്സിൽ കടക്ക് മുന്നിൽ വരുന്ന എമ്മാനുവേലിനെ കാണുന്നു.

തിലകൻ : ദാ പുതിയ കക്ഷി വന്നല്ലോ. നല്ല വേഷം...ദാ കുടി.

അയാൾ മേശയിൽ ചായ ഗ്ലാസ്സുകൾ വെച്ച്പറയുംബോൾ തങ്കനും പൊന്നനും എമ്മനുവേലിനെ നോക്കുന്നു. ഒരു കാല്  കടത്തിണ്ണയിൽ റെസ്റ്റ് ചെയ്യും വിധം കയറ്റി വെച്ച് ചിരിച്ചു കൊണ്ട്,

എമ്മാനുവേൽ : അച്ചായനൊക്കെ ധ്യാനത്തിന് പോണന്ന് തെയ്യാമ്മ ചേച്ചി പറഞ്ഞു.

മുന്നോട്ട് വന്ന്,

തിലകൻ : അക്കാര്യം ഞൻ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. കുറച്ച് കൂടി കള്ളും ബീഡിയും വലിച്ചു കേറ്റി കരളൊക്കെ വാടി  ശരീരം  ഒണക്കപ്പത്തലായി റെസ്റ്റു ചെയ്യാൻ സമയമാകുംബോൾ ഈ ധ്യാനത്തിനൊക്കെ പോയാൽ പോരെ... സാറിന് ചായ ഏടുക്കട്ടെ.?

എമ്മാനുവേൽ : വേണ്ട ചേട്ടാ...(തങ്കനേയും പൊന്നനേയും നോക്കി) ധ്യാനത്തിന് പോയാൽ ഒരു മാറ്റോക്കെയുണ്ടാകും.

തിലകൻ : എവിടെ.  കൂടിയാ ഒരാഴ്ച്ച. പിന്നേം തുടങ്ങില്ലേ കുടിയും വലിയും.

തിലകന്റെ ചൊറിച്ചിൽ കേട്ട് ദേഷ്യത്തിൽ,

പൊന്നൻ : ഒന്നു മിണ്ടാതിരിയെടാ മൈ***.

അതുകേട്ട് ചിരിക്കുന്ന എമ്മാനുവേൽ. ആ സമയം കുഞ്ഞൻ സൈക്കിള് ചവിട്ടി എന്തോ സംഭവിച്ചത് പോലെ കടക്ക് മുന്നിലെത്തുന്നു.

കുഞ്ഞൻ : ചിറ്റപ്പാ. ബഷീറിക്കായുടെ ഉമ്മാ മരിച്ചു. കൊറച്ച് മുന്നേ.

 എമ്മാനുവേലും മറ്റുള്ളവരും  സ്തബ്ധതയോടെ  അവനെ നോക്കുന്നു.

കട്ട്


സീൻ 39
പകൽ, ബഷീറിന്റെ വീട്

ചെറിയ ടാർപ്പോളിൻ   കൊണ്ട് പന്തലുയർത്തിയിരിക്കുന്നു. അതിനു താഴേ വെള്ളയിട്ട് മൂടിയ നീളൻ ഡെസ്കിൽ പച്ചപട്ടിട്ട് മൂടി കിടത്തിയിരിക്കുന്ന അത്തറുമ്മായുടെ ശരീരം. വൃദ്ധരും പല പ്രായത്തിലുമുള്ള സ്ത്രീ പുരുഷന്മാരും അങ്ങിങ്ങായി നിൽക്കുന്നു. ജഡത്തിനരികെയിരുന്ന് ശവസംസ്കാര വേളയിലെ ഖുറാൻ വരികൾ ഉരുവിടുന്ന മുസലിയാർ. വീടിനുമുന്നിലുള്ള പറംബിലായി മൂകതയിൽ നിൽക്കുന്ന തങ്കനും,പൊന്നനും, വിജയനും അവർക്ക് നടുവിലായി  എമ്മാനുവേലും നിൽക്കുന്നു.
രണ്ടെണ്ണം അടിക്കാത്തതിന്റെ അസ്വസ്ഥതയാണ് വിജയന്.അടക്കത്തിൽ എമ്മാനുവേലിനോട്,

വിജയൻ : സാധനം കയ്യിലുണ്ട്. രണ്ടെണ്ണം അടിക്കണ്ടേ.

എമ്മാനുവേൽ അവനെ ഒന്നു നോക്കി.

എമ്മാനുവേൽ : വീട് തുറന്ന് കിടക്കുവാ. പോയി അടിക്ക്.

മറ്റുള്ളവരെ നോക്കി, അടിക്കാമെന്ന് കൈകൊണ്ട് ആംഗ്യം കാട്ടി വിളിച്ച് ശബ്ദം താഴ്ത്തി,

വിജയൻ : വാ..അടിക്കാം...പിടിച്ച് നിക്കണ്ടേ.

അവർ എമ്മാനുവേലിനെ നോക്കുംബോൾ തലയാട്ടി അവൻ മൌനാനുവാദം കൊടുക്കുന്നു. അവർ സാവധാനം ഓരോരുത്തരായി എമ്മാനുവേലിന്റെ വീട്ടിലേക്ക് നടക്കുന്നു. ആ സമയം ലക്ഷ്മി ബുള്ളറ്റിൽ വന്നിറങ്ങുന്നത് എമ്മാനുവേൽ കാണുന്നു. ലക്ഷ്മി നടന്ന് എമ്മാനുവേലിനരികെയെത്തി നിൽക്കുംബോൾ പന്തലിലേക്ക് വന്ന  ബഷീർ അവർക്കരികിലേക്ക് എത്തുന്നു.

ബഷീർ : രാവിലെ ആയിരുന്നു. പുറത്ത് പോയി തിരിച്ചു വന്നപ്പോൾ....രണ്ട് ദിവസമായിട്ട് ഭക്ഷണം കഴിപ്പ് കുറവായിരുന്നു. ഇനിയിപ്പോ.

ലക്ഷ്മി : ഇവിടുത്തെ കാര്യമെന്താന്നു വെച്ചാ നോക്ക്. പഞ്ചായത്തില് ഞാൻ അറിയിച്ചോളാം.

ബഷീർ : ങും 

ഭവ്യത നടിച്ച് ഇരുവരേയും നോക്കി ബഷീർ തിരിഞ്ഞു നടക്കുന്നു. അവൻ പോകുംബോൾ ലക്ഷ്മിയോട് ശബ്ദം കുറച്ച് ,

എമ്മാനുവേൽ : ഡോക്ടറു മരണം ഉറപ്പാക്കിയതാണോ.എന്താണ് മരണ കാരണം.

ലക്ഷ്മി : ബെറ്റിനാ ഡോക്ടർ വന്നിരുന്നു. മരണം ഉറപ്പാക്കി. ഞാൻ പോലീസിലും വിളിച്ചു പറഞ്ഞിട്ടുണ്ട്. കർത്താവേ പ്രായമല്ലേടോ.

എമ്മാനുവേൽ : ങും. അല്ല ഞാൻ  ചോദിച്ചെന്നേയുള്ളൂ.

അടക്കത്തിൽ,

ലക്ഷ്മി : എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത് ?

ശാസനപോലെ  രഹസ്യത്തിൽ,

എമ്മാനുവേൽ : ഒരാൾ മരിച്ച് കിടക്കുംബോഴാണോ ഇതൊക്കെ  ചോദിക്കുന്നത്.

ദേഷ്യത്തിൽ,

ലക്ഷ്മി : ഞാനൊന്നും പറഞ്ഞില്ല. താനൊന്നും  കേട്ടുമില്ല.

അതിനിടയിൽ  കിടത്തിയിരിക്കുന്ന  അത്തറുമ്മായുടെ തലയണമാറ്റി വെക്കുന്ന ബഷീറിനെ എമ്മാനുവേൽ  ശ്രദ്ധിക്കുന്നു. അവനത് കാണുന്നില്ല. എമ്മാനുവേലിനു സംശയം.

കട്ട്.


സീൻ 40
സന്ധ്യ, എമ്മാനുവേലിന്റെ വീട്

ഒരു വാങ്ക് വിളിയോടെ സന്ധ്യ ഇരുളിലേക്ക് വീഴുന്നു. ഹാളിലെ ലൈറ്റ് ഓൺ ചെയ്ത് എന്തോ ആലോചിച്ച് ആക്സിൽ ബ്ലേഡുമായി അടച്ചിട്ടിരിക്കുന്ന മുറി വാതിലിനരികെ ആലോചനയോടെ എമ്മാനുവേൽ വന്ന് നിൽക്കുന്നു. അവൻ ചുറ്റും നോക്കിയതിനു ശേഷം താഴ് അറുത്ത് മാറ്റാൻ തുടങ്ങുന്നു.
താഴ് അറുത്ത് മാറ്റി മുറിയിലേക്ക് കടക്കുന്ന അവൻ ഹാളിൽ നിന്നും കടന്നു വരുന്ന വെളിച്ചത്തിൽ മുറിയാകെ തിരഞ്ഞു. കുറേ പഴയ വസ്ത്രങ്ങളും, കസേരയും പൊളിഞ്ഞ അലമാരയും മറ്റും. അവൻ സൂക്ഷ്മമായി പരിശോധിക്കുംബോൾ കസേരയുടെ അടിയിൽ നിന്നും ഒരു ചെറിയ പുസ്തകം അവനു കിട്ടുന്നു. അതെടുത്ത് പുറത്തേക്ക് വരുന്ന അവൻ പേജുകൾ മറിച്ച് നോക്കുംബോൾ ഒരു പേജിൽ എന്തോ കണ്ടെന്ന പോലെ സ്തബ്ധനാകുന്നു. അവൻ ഭയത്തോടെ പുസ്തകം മടക്കി അതിന്റെ പേരു നോക്കുന്നു. ഫെയർ. ആലോചനയോടെ ബുക്ക് നെഞ്ചോടടക്കി പുറത്തേക്ക് വരുന്ന എമ്മാനുവേൽ.

കട്ട്


സീൻ 41
വൈകുന്നേരം, പഞ്ചായത്തോഫീസ്

പുറത്ത് രണ്ടൊ മൂന്നേ പേർ അങ്ങിങ്ങായി നിൽക്കുന്നു. പാർക്കിംഗ് ഏരിയയിൽ രണ്ടോ  മൂന്നോ ബൈക്കുകളും പഞ്ചായത്ത് പ്രസിഡന്റിന്റെ ഇന്നോവയും മാത്രം.
ലക്ഷ്മിയുടെ ബുള്ളറ്റിൽ പഞ്ചായത്തോഫീസിലേക്ക് വരുന്ന എമ്മനുവേൽ. പാർക്കിംഗ് ഏരിയയിൽ ബുള്ളറ്റ് നിർത്തുംബോൾ ചായ കെറ്റിലിൽ ചായയുമായി വരുന്ന ഒരു പയ്യൻ  എമ്മാനുവേലിനേയും ബുള്ളറ്റിനേയും നോക്കി ഒന്നു നിൽക്കുന്നു.

പയ്യൻ :  ഇത് നമ്മുടെ മെംബറ് ചേച്ചീടെ ബുള്ളറ്റല്ലേ. ചേച്ചീടെ കയ്യീന്ന് ചേട്ടൻ വാങ്ങിയോ.

എമ്മാനുവേൽ : വാങ്ങിയതൊന്നുമല്ലടാ ഒരു സ്ഥലം വരെ പോകാൻ എടുത്തതാ. നീ അകത്തേക്ക് പോകുവല്ലേ മെംബറ്  ചേച്ചിയോട് ബുള്ളറ്റ് കൊണ്ട് പോയ ചേട്ടൻ ബുള്ളറ്റുമായി വന്നെന്ന് പറയാമോ.

പയ്യൻ : ചായ കൊടൂത്ത് പോണവഴിയിൽ കണ്ടാ പറയാം. ഒരെണ്ണം ചേച്ചിക്കുമുള്ളതാ.

എമ്മാനുവേൽ : ഓ...ശരിയീയെടാ മോനെ.

പയ്യൻ : പോട്ടെ.

അവൻ പഞ്ചായത്തിന്റെ സ്റ്റെപ്പ് കയറുന്നു. അവനെ നോക്കി ചിരിച്ച്  എമ്മാനുവേൽ ബുള്ളറ്റിൽ നിന്നിറങ്ങുന്നു.

കട്ട് റ്റു


സീൻ 41ഏ
പഞ്ചായത്തോഫീസ്, പ്രസിഡന്റിന്റെ റൂം

പ്രധാന കസേരയിലിരിക്കുന്ന പളനി. അയാളുടെ മേശയുടെ മുന്നിലിട്ടിരിക്കുന്ന മൂന്നു കസേരകളിലൊന്നിലിരിക്കുന്നത് ലക്ഷ്മിയാണ്. ഇരുവശവും മെംബർമാരയ ലൈലയും രമണി ടീച്ചറുമാണിരി ക്കുന്നത്. അവർക്കു പിന്നിലായി ഒരു അറ്റത്തിരിക്കുന്ന അഴകേശനുൾപ്പടെ ആറു മെംബർമാർ കസേരകളിലിരിക്കുന്നു. ഏവരെയും ഉൾപ്പെടുത്തി ദൃശ്യം ആരംഭിക്കുന്നത്  കസേരയിൽ നിന്ന് എഴുന്നേറ്റ് മേശക്കൊരു വശം വന്ന് സംസാരിക്കുന്ന ലക്ഷ്മിയിൽ നിന്നുമാണ്. എല്ലാവരും അവളെ കേൾക്കൻ തുടങ്ങുന്നു.

ലക്ഷ്മി :  എൻ . സി.ആർ.ബി  റെക്കോർഡ് പ്രകാരം   ഇന്ത്യയിൽ നിന്നും ഏകദേശം നാന്നൂറോളം കുട്ടികളാണ് ദിനം പ്രതി കാണാതാകുന്നത്. കൃത്യമായ കണക്കല്ലെങ്കിലും  ഇതിൽ എഴുപത് ശതമാനവും പെൺകുട്ടികളാണ്.കഴിഞ്ഞവർഷം കേരളത്തിൽ നിന്നും കാണാതായത് അഞ്ഞൂറ്റി പന്തൊൻപത് കുട്ടികളെയാണ്. കാണാതാകുന്ന ഈ കുട്ടികൾ എവിടെയാണ്? കുറേ കുട്ടികളെ കണ്ടെത്തുന്നു. മറ്റു ചിലരെ കണ്ടെത്താനാകുന്നില്ല. അതിനുള്ള ഏറ്റവും വലിയ സത്യം നമ്മുടെ മുന്നിൽ തന്നെയുണ്ട്. അനുമോന്റെ തിരോധാനം. അന്വേഷണത്തിന് എല്ലാ സാങ്കേതിക സഹായങ്ങൾ  ലഭ്യമുണ്ടെങ്കിലും സർക്കാരും പോലീസും ഉത്തരം മുട്ടി  നിൽക്കുകയാണ്.

ഇരുന്നുകൊണ്ട്,

അഴകേശൻ : കേസിന് എന്തെങ്കിലും തെളിവുണ്ടങ്കിലല്ലേ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ പറ്റു.

അവനെ നോക്കിയിട്ട് എല്ലവരോടുമായി ,

ലക്ഷ്മി : അഴകേശൻ പറഞ്ഞത് ശരിയാണ്. തെളിവുകളില്ല.പക്ഷേ  ഇനിയുമിങ്ങനെയൊരാപത്ത് സംഭവിക്കാതിരിക്കണമെങ്കിൽ ഓരോ കുട്ടികളുടേയും സുരക്ഷ  സർക്കാരും നിയമ പാലകരും  നാമോരോരുത്തരും ഉറപ്പുവരത്തേണ്ടതുണ്ട്. അതിനുള്ള ഒരു അവബോധവും അനുമോന്റെ തിരോധാനത്തിന് ഉത്തരം കണ്ടെത്താൻ  കഴിയാത്തതിലുള്ള പ്രതിഷേധവും   പിന്നെ ആയോധനകലകളിലൂന്നിയ   സ്ത്രീസുരക്ഷ എന്നീ കാര്യങ്ങൾ   ഉൾപ്പെടുത്തിയാണ് നമ്മളീ പ്രോഗ്രാം ചെയ്യുന്നത്. അതാണെനിക്ക് ഓർമ്മിപ്പിക്കാനുള്ളത്.

പറഞ്ഞ് നിർത്തി അവൾ തന്റെ സീറ്റിലേക്ക് പോകുന്നു. ലക്ഷ്മിയെ  അനുകൂലിച്ച്,

പളനി : കക്ഷിഭേദമന്യേ പഞ്ചായത്ത് ഈ ഒരു കാര്യത്തിന് ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. (എതിർകക്ഷിയായ  അഴകേശനെനോക്കി)  അല്ലേ അഴകേശാ. പിന്നെ നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ ഈ പ്രോഗ്രാം രാജ്യമൊട്ടുക്കും കാണേണ്ട ചുമതല തനിക്കാണ്. 
ഉത്സാഹത്തിൽ,

അഴകേശൻ : ലോകം മുഴുവൻ കാണും.   എല്ലാ ചാനലുകാരേയും ഞാൻ ഇൻഫോം ചെയ്തോളാം.അതെന്റെ ഉറപ്പ് 

പളനി : ഗസ്റ്റുകൾ ആരോക്കെ വേണമെന്ന് നമ്മുക്ക് ചർച്ച ചെയ്ത് തീരുമാനിക്കാം.

ചായയുടെ കെറ്റിലുമായി വാതിൽക്കൽ വരുന്ന പയ്യൻ പളനിയെ നോക്കി,

പയ്യൻ : സാർ.ചായ.

അവനെ കണ്ട്,

പളനി : കൊണ്ടുവാടാ മോനെ.

അവൻ ചായ ആദ്യം പളനിക്കും പിന്നെ ലൈലക്കും ലക്ഷ്മിക്കും രമണി ടീച്ചറിനും കൊടുക്കുന്നു. ലക്ഷ്മിക്ക് ചായ കൊടുക്കുംബോൾ,

പയ്യൻ : ചേച്ചി ഒരു ചേട്ടൻ  ബുള്ളറ്റ്    കൊണ്ട് വന്നിട്ടുണ്ട്. ചേച്ചിയോട് പറയാൻ പറഞ്ഞു.

അതുകേട്ട് ഒന്നു പരുങ്ങി,

ലക്ഷ്മി : ങാ.

അവന്റെ കയ്യിൽ നിന്നും ബാക്കി ആറു പേരും ചായ വാങ്ങുന്നു. അവൻ കാലി കെറ്റിലുമായി പുറത്തേക്ക് പോകുന്നു. ചായകുടിച്ച് കൊണ്ട് ലക്ഷ്മിയെ നോക്കി,

പളനി : ലക്ഷ്മിയോടൊത്ത് ഒരു ആളെ മിക്കപ്പോഴും കാണാമെന്നൊരു സംസാരം ഉണ്ടല്ലോ. അയാളാണോ?

ചായ കുടിക്കുന്നതിനിടയിൽ, ഒന്നു വിളറി,

ലക്ഷ്മി : എന്റെ ആരുമല്ല സർ. പുള്ളിക്കാരനിവിടെ ചീരപ്പൻചിറയെക്കുറിച്ച് ഒരു റിസേർച്ചിന് വന്നതാ. നമ്മുടെ നാടല്ലേ. ഒരു  ഹെല്പ്. അത്രേയുള്ളു.

പളനി : ചോദിച്ചെന്നേയുള്ളൂ. (ചായ ഗ്ലാസ്സ് കാലിയാക്കി) ശരി  . എന്നാൽ നമ്മുക്ക് പിരിയാം.

അയാൾ എഴുന്നേൽക്കുന്നു. ഒപ്പം അവരും.

കട്ട് റ്റു

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ