mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 17 

സീൻ 28 ഏ 

പകൽ /  ബഷീറിന്റെ വീട്.

മുറിയിൽ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന അത്തറുമ്മ.

അത്തറുമ്മ : ബഷീറേ ഒന്ന് താങ്ങി താടാ.

മുൻവശത്തെ ജനലിങ്കൽ എമ്മാനുവേൽ ഉദ്വേഗത്തൊടെ അല്പം ദയാവായ്പോടെ പ്രത്യക്ഷപ്പെട്ടു. ജനലിങ്കൽ ആരെയോ കണ്ടെന്ന വിധം എണീക്കാൻ ശ്രമിച്ച് അവർ വിളിക്കുന്നു. 

അത്തറുമ്മ : ബഷീറേ..ഒന്ന് താങ്ങി താടാ.. മോനെ.

എമ്മാനുവേൽ പതിയെ മുറിയിലേക്ക് കയറി അവരെ വിളിച്ചു.

എമ്മാനുവേൽ : ഉമ്മാ.

തന്നെയൊന്നു താങ്ങാൻ അവർ ആംഗ്യം കാണിക്കുന്നു. അവൻ അവരെ പതിയെ എഴുന്നേൽപ്പിച്ചു. ടീപ്പോയിലിരിക്കുന്ന കഞ്ഞി അവർ ചൂണ്ടിക്കാണിക്കുംബോൾ അവനത് എടുത്ത് ഉമ്മയുടെ കയ്യിൽ കൊടുക്കുന്നു. അത്തറുമ്മ സാവധാനം സ്പൂണുകൊണ്ട് കഞ്ഞി വാരിക്കുടിക്കാൻ തുടങ്ങി. എമ്മാനുവേൽ മുറി വെറുതെയൊന്ന് നിരീക്ഷിച്ചു. അടുക്കളയെ വേർത്തിരിക്കുന്ന ഭിത്തിയുടെ മധ്യഭാഗത്തിലുള്ള വൃത്താകൃതിയിലുള്ള മൂന്നു ഹോളുകളിലൊന്നിൽ ഒരു ചെറിയ പുസ്തകം തിരുകി വെച്ചിരിക്കുന്നത് അവൻ കണ്ടു. ആ പുസ്തകം എടുക്കാൻ വേണ്ടി എമ്മാനുവേൽ അടുത്തെത്തുംബോൾ ദൃശ്യത്തിൽ ഉമ്മയുടെ സ്വരം.

അത്തറുമ്മ : ജമീല വന്നില്ലേടാ ?.

അവർക്ക് ഓർമ്മക്കൂറവുണ്ടെന്ന് മനസ്സിലാക്കി ചിരിയിൽ പുസ്തകമെടുത്ത് കൊണ്ട്,

എമ്മാനുവേൽ : ഇല്ല ഉമ്മ.

അവൻ ആ പുസ്തകം നിവർത്തി അതിന്റെ പേര് വായിക്കുന്നു.

 "ഫെയർ "

എമ്മാനുവേൽ വെറുതെ ചിരിച്ച് പുസ്കം ചുരുട്ടി തിരികെ വെക്കുന്നു.

കട്ട്


സീൻ 29 
രാത്രി, എമ്മാനുവേലിന്റെ വീട്

ആകാശത്ത് നിലാവ് തെളിഞ്ഞു നിൽക്കുന്നു.മുൻപിലത്തെ മുറിയിൽ നിന്നുമുള്ള വെളിച്ചം ജനലിലൂടെ മുറ്റത്ത് വീണ് കിടക്കുന്നു. മുറി വാതിൽപ്പൂട്ടി ലാപ് ടൊപ്പിൽ ഫേസ്ബുക്ക് ചെക്ക് ചെയ്യുകയാണ് എമ്മാനുവേൽ. അതിനിടെ മെസ്സഞ്ചറിൽ ലക്ഷ്മി അവന് ഹായ് വെക്കുന്നു.

ലക്ഷ്മി : ഹായ്

റിപ്ലേ കൊടുക്കുന്ന,

എമ്മനുവേൽ : ഹായ്

ലക്ഷ്മി : അത്താഴം കഴിഞ്ഞൊ .പുതിയ താമസസ്ഥലം എങ്ങനെയുണ്ട് ?

എമ്മാനുവേൽ :കഴിഞ്ഞു. കുഴപ്പമില്ല.അത്താഴം കഴിഞ്ഞോ ?

ലക്ഷ്മി : കഴിഞ്ഞു. എഴുത്ത് തുടങ്ങിയോ ?

എമ്മാനുവേൽ : ഇല്ല.   ഉടൻ തുടങ്ങണം .

വോയ്സ് മെസ്സേജുകളിൽ ഇൻ്റർ കട്സ്. 

ലക്ഷ്മി : കർത്താവിന് ഈ നാടൊക്കെ ഇഷ്ടായോ ?

എമ്മാനുവേൽ : ഓ.. ഇഷ്ടായി.

ലക്ഷ്മി : എന്നാലൊരു പെണ്ണും കെട്ടി ഇവിടെയങ്ങ് സെറ്റിലാക്.

എമ്മാനുവേൽ : അതു വേണോ ?  

ലക്ഷ്മി : ഇനി കെട്ടാൻ പോണ ആൾക്ക് ഈ നാടു ഇഷ്ടാല്ലങ്കിലോ? എന്തിനാ വെറുതെ. അതേ ആരെയെങ്കിലും കണ്ട്  വെച്ചിട്ടുണ്ടോ.

എമ്മാനുവേൽ : നിലവിൽ ആരുമില്ല. അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

ലക്ഷ്മി : കർത്താവേ ഒരു ബുദ്ധിമുട്ടാകില്ലേയത്?

എമ്മാനുവേൽ : ഏയ്  ഒരു ബുദ്ധിമുട്ടുമില്ല.

ലക്ഷ്മി : അതേ വന്ന പണി ചെയ്യാൻ നോക്ക്. ഗുഡ്നൈറ്റ്.

എമ്മാനുവേൽ : ഹി..ഹി..ഗുഡ് നൈറ്റ്.

ലക്ഷ്മി ഓഫ് ലൈനാകുംബോൾ മുൻവാതിലിൽ ആരോ മുട്ടൂന്ന ശബ്ദം കേട്ട് എമ്മാനുവേൽ ഒന്നു സംശയിച്ചു. എവിടെയോ പൂച്ചയുടെ കരച്ചിൽ. ഭയാനകത മൂടുന്നതുപോലെ. വീണ്ടും വാതിലിൽ ആരോ മുട്ടുന്നു. എമ്മാനുവേൽ ഭീതിയോടെ  എഴുന്നേറ്റ് വാതിൽ തുറക്കണമോ വേണ്ടയോ എന്ന ശങ്കയോടെ ഒരു നിമിഷം ആലോചിച്ച് അവസാനം വാതിൽ തുറക്കുന്നു. വാതിലിനു മുന്നിൽ ബഷീർ. എമ്മാനുവേലിന്റെ നിൽപ്പ് കണ്ട് ,

ബഷീർ : എന്താ പേടിച്ചു പോയോ.

എമ്മാനുവേൽ : ഉം.

ബഷീർ : ഉമ്മ അവിടെക്കിടന്ന് അതുമിതുമൊക്കെ ചെലക്കും.    നോക്കാൻ പോകാണ്ട.

അവൻ ഒന്നു പരുങ്ങി,

എമ്മാനുവേൽ : അത് .

ബഷീർ :  കഞ്ഞി കുടിച്ചോ ?

എമ്മാനുവേൽ : കുടിച്ചു.

ബഷീർ : എന്നാ കിടന്നോ. എനിക്ക് നല്ല ക്ഷീണമുണ്ട്.

ബഷീർ തിരിച്ച് നടന്നു, എമ്മാനുവേൽ വാതിൽ ചാരി കൊളുത്തിട്ട് കസേരയിൽ വന്നിരുന്നു. അടച്ചിട്ട മുറിയിൽ ആളനക്കം പോലെ ചെറിയ ശബ്ദം. അവൻ പതിയെ എഴുന്നേറ്റ്  ആ മുറിഭാഗത്തേക്ക് പോകുംബോൾ ഒരു ചെറിയ  എലി മുറിവാതിലിന്റെ കട്ടിളയുടെ താഴെയുള്ള ഒഴിവു ഭാഗത്ത് കൂടെ അടുക്കളയിലേക്ക് ഓടിപ്പോകുന്നു. പൂച്ചയുടെ സ്വരം കേൾക്കാം. അല്പം ആശ്വാസത്തോടെ അവൻ നിൽക്കുംബോൾ ദൃശ്യത്തിൽ ഒരു മുരടനക്കം. എമ്മാനുവേൽ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുംബോൾ  മുൻവശത്തെ തുറന്ന് കീടന്നിരുന്ന ജനലിങ്കൽ ബഷിർ നിൽക്കുന്നു. ഭയത്തിൽ ജനാലയുടെ അടുത്തെത്തി ബഷീറിനെ നോക്കി,

എമ്മാനുവേൽ : എന്താ ബഷിറേ?.

ബഷീർ : കിടക്കുംബോ ജനാലയൊക്കെ അടച്ചിട്ട് കിടക്കണം. പാമ്പോ, എലിയോ മരപ്പട്ടിയോയൊക്കെ കേറും...

അവനെ ഒന്നു നോക്കി ബഷീർ തിരിഞ്ഞു നടന്നു. ഉൾഭയം മറക്കാൻ ശ്രമിച്ച് എമ്മാനുവേൽ ജനൽപ്പാളികൾ അടച്ച് തിരിഞ്ഞ് വന്ന് അവൻ ബാഗിൽ നിന്നും ആ നാലു ചീട്ടുകൾ എടുത്ത് സൂക്ഷ്മതയോടെയും ആലോചനയോടെയും നോക്കി മേശ വലിപ്പിൽ നിന്നും എടുത്ത ഒരു എൻവലപ്പിൽ അഡ്രസ്സ് എഴുതി ആ നാലു ചീട്ടുകൾ പ്ലാസ്റ്റിക് കവറിലാക്കി കവറിലിട്ട് ഒട്ടിച്ച് ഒരു വട്ടം കൂടി അഡ്രസ്സ് നോക്കുന്നു. ദൃശ്യം അതിനെ കേന്ദ്രീക്കരിക്കുന്നു.

To,
Mr. Naveen Thomas
Forensic Assistant
Forensic Lab
Alappuzha

കട്ട്


സിൻ 30
രാവിലെ, എമ്മാനുവേലിന്റെ വീട് , അടുക്കള –

അടുപ്പ് പാതകത്തിൽ കത്തുന്ന  മണ്ണെണ്ണ സ്റ്റൌവിൽ ചെറിയ ഒരു കലത്തിൽ വെള്ളം തിളക്കുന്നു. തോർത്ത് തലയിൽ കെട്ടി കൈലിമുണ്ടുടുത്ത് നിൽക്കുന്ന എമ്മാനുവേൽ കലത്തിലേക്ക് ചെറിയ ടിന്നുകളിൽ നിന്നും ചായപ്പൊടിയും പഞ്ചസാരയുമെടുത്തിട്ട് അതിളക്കുകയാണ്.

കട്ട് റ്റു


സീൻ 30 ഏ
രാവിലെ, ബഷീറിന്റെ വീട്, പിന്നാംബുറം-

അലക്ക് കൽക്കെട്ടിനോട് ചേർന്നുള്ള ബാത്റൂമിൽ നിന്നും  അത്തുറുമ്മായെ കൈപിടിച്ച് നടത്തിക്കൊണ്ട് വരുന്ന ബഷീറിന് ആ കർമ്മം ഒരു ബുദ്ധിമുട്ടണെന്ന്  അവന്റ്റെ മുഖം പറയുന്നുണ്ട്.

ബഷീറ് : ഒന്നു വേഗം നടക്കുമ്മാ. എനിക്കു വേറേ പണിയുള്ളതാ

അത്തറുമ്മ : നെനക്കെന്ത് പണി.

അവർ പിറുപിറുത്തു. രസിക്കാതെ,

ബഷീർ : അതു ശരി പണിയില്ലാഞ്ഞിട്ടാ നിങ്ങളെ ഞാൻ പൊന്നു പോലെ നോക്കണേ ?

അത്തറുമ്മ : പൊന്നുപോലെ.. (അവർ തന്റെ കയ്യിൽ നോക്കിയിട്ട് നിന്ന് ബഷീറിനോട്) എന്റെ കയ്യീക്കെടന്ന വളയെന്തിയേ... ബീരാനെന്നെ കെട്ടിയപ്പോളിട്ടതാ.

ബഷീർ : ബീരാനെപ്പോഴെ പോയതാ. ഉമ്മാന്റെ കയ്യില് വളയൊന്നുമില്ലാരുന്നു. വാ...ഇങ്ങോട്ട്..

അവൻ അവരുടെ കൈക്കു പിടിച്ച് വലിച്ചു. അവർ നടക്കാൻ തുടങ്ങി.

അത്തറുമ്മ : രാത്രീയും നോക്കിയതാ. ബീരാനെ ഓർത്തപ്പോ.

ബഷീർ : ഉമ്മാന്റെ ഓർമ്മക്കുറവാ. അതൊക്കെ എപ്പോഴേ പോയതാ.

അത്തറുമ്മ : പടച്ചോന്റെ കണ്ണ് പൂട്ടിക്കെട്ടൻ പറ്റ്വോ.

എമ്മാനുവേൽ : ഉമ്മാന്റെ കയ്യിൽ വളയുണ്ടാരുന്നു. ഇന്നലെ ഞാൻ കണ്ടതാ.

ബഷീർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുംബോൾ പത്തൽ വേലിക്കരികെ എമ്മാനുവേൽ ചായകുടിച്ചു കൊണ്ട് നിൽക്കുന്നു. അവന്റെ സംസാരം ഇഷ്ടപ്പെടാതെ ,

ബഷീർ : അതു ശരി.വളയുടെ കാര്യത്തിൽ എന്നേക്കാളുറപ്പാ.?

എമ്മാനുവേൽ നിന്ന ഭാഗത്തേക്ക് നോക്കി,

അത്തറുമ്മ : ഞാൻ പറഞ്ഞില്ലേ പടച്ചോന്റെ കണ്ണ് കെട്ടാൻ പറ്റൂല്ല.

എമ്മാനുവേൽ ആലോചനയോടെ ബഷീറിനെ നോക്കി ചായകുടിക്കുന്നു.പരിഹസിക്കും പോലെ,

ബഷീർ : ഇതിപ്പോ നിങ്ങൾക്ക് രണ്ടാൾക്കും ഓർമ്മക്കുറവായെന്നാ തോന്നണേ. ഹി.ഹി.

അനുനയത്തിൽ,

എമ്മാനുവേൽ : എന്നാ   എനിക്ക് തോന്നിയതാവും, ഇക്കാ ഇന്നു പണിക്കു പോയില്ലേ.?

അത്തറുമ്മായെ അടുക്കള വാതിലിലൂടെ അകത്തേക്ക് കയറ്റുന്നതിനിടയിൽ,

ബഷീർ : ഓ.പോയിട്ട് ഇടക്കൊന്നു വന്നതാ. ഉമ്മാന്റെ കലാപരിപാടിയൊക്കെ കഴിപ്പിക്കേണ്ടേ. (ഉമ്മയോട്) പതിയെ കേറി പൊയ്ക്കോ ഉമ്മാ.

അവർ കയറിപ്പോകുന്നത് നോക്കിയിട്ട് എമ്മാനുവേലിനരികിലേക്ക്  നടന്നടുക്കുന്നു. ചായമട്ട് കളഞ്ഞ് ഗ്ലാസ്സ് കാലിയാക്കി,

എമ്മാനുവേൽ : ബഷീറിനു നല്ല കഷ്ടപ്പാടാണല്ലേ..

ബഷീർ : ഇതൊരു കഷ്ടപ്പാടാണോ. പെറ്റു വളർത്തിയ ഉമ്മക്കു വേണ്ടിയല്ലേ

എമ്മാനുവേൽ : അതേ അമ്മമാരെ നോക്കണം. പ്രത്യേകിച്ച് വയസ്സായവരെ.

ബഷീറിന്റെ  റിയാക്ഷനിൽ ഉമ്മയുടെ അകന്ന സ്വരം.

അത്തറുമ്മ : ഈ ഒരു വിത്ത് എന്റെ വയറ്റീത്തന്നെ കുരുത്തല്ലോ.

അതിഷ്ടപ്പെടാതെ അകത്തേക്ക് നോക്കി,

ബഷീർ : ഒന്നു മിണ്ടാണ്ടിരി ഉമ്മാ. (ശേഷം ജാള്യത മറച്ച് എമ്മാനുവേലിനെ നോക്കി) എന്താ പറയേണ്ടതെന്ന് ഉമ്മക്ക്  ബോധമില്ല.

എമ്മാനുവേൽ : വയസല്ലേ , പോട്ടെ. (എന്തോ ആലോചിച്ച് വീട് ചൂണ്ടി )  ഇക്കാ ആ അടച്ചിട്ട മുറിയിലെന്താണുള്ളത് . ആ മുറിയുടെ  താക്കോലുണ്ടൊ ഇക്കായുടെ  കയ്യിൽ.

അവന്റെ ചോദ്യം ഇഷ്ടപ്പെടാതെ,

ബഷീർ : അതിനുള്ളിൽ അവരുടെ എന്തോ സാമഗ്രികളൊക്കെയാ.. താക്കോലും അവരുടെ കയ്യീത്തന്നെയാ. അല്ലാ നിങ്ങൾക്ക്  എഴുതാൻ ഒരു മുറിപോരെ. അതോ ഇനിയെന്തെങ്കിലും കുഴപ്പമുണ്ടോ.?

നിഗൂഢത നടിച്ച്,

എമ്മാനുവേൽ: എന്തൊക്കെയോ കുഴപ്പമുണ്ട്. ബഷീറിക്കാ ഞാനാ കാണാതായ അനുമോനെക്കുറിച്ച് ഒരു അന്വേഷണ കഥയെഴുതിയാലോന്ന് ആലോചിക്കുകാ.

ചിരിച്ചു കൊണ്ട് ,

ബഷീർ : അന്വേഷണമോ. പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഒരു കൊണോം ഉണ്ടായില്ല. നിങ്ങള് വേറെന്തോ എഴുതാൻ  വന്നതല്ലേ, അതെഴുതാൻ നോക്ക്.ഹ..ഹ..ഹ..!

ബഷീർ ചിരിച്ചുകൊണ്ട് അടുക്കളഭാഗത്തേക്ക് നടക്കുംബോൾ  കനത്ത സ്വരത്തിൽ,

എമ്മാനുവേൽ : ബഷീറേ.

അവന്റെ വിളികേട്ട് ബഷീർ സംശയത്തോടെ തിരിഞ്ഞു നോക്കുന്നു. ചിരിച്ചു കൊണ്ട്,

എമ്മാനുവേൽ: അനുമോനെവിടെയാണെന്ന് എനിക്കറിയാം.

അവനരികിലേക്ക് നടന്നടുത്ത് അല്പം ഭീതിയിലും ആകംക്ഷയിലും,

ബഷീർ : എവിടെ..എവിടേയാ അനുമോൻ ?

അവന്റെ ഭാവം തിരിച്ചറിയാൻ ശ്രമിച്ച് ,

എമ്മാനുവേൽ : അന്വേഷണം തുടങ്ങീട്ടേയുള്ളൂ. എഴുതിത്തീരട്ടെ. അപ്പോൾ പറയാം.

എമ്മാനുവേൽ സസ്പെൻസ് നിർത്തി ചിരിയോടെ  തലക്കെട്ട് അഴിച്ച് കുടഞ്ഞ് തിരിഞ്ഞ് നടക്കുന്നു. ബഷീർ അല്പം ആശങ്കയിലും ഭയത്തിലും അലക്കു കൽകെട്ടിലേക്ക് നോക്കുന്നു. അതിനിടയിൽ നിന്നും ഒരു ചെടി വളർന്ന് പുറത്തേക്ക് വന്നു നിൽക്കുന്നത്  ബഷീർ കാണുന്നു.

കട്ട്

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ