mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

market

ഭാഗം 7
സീൻ 11 ബി
പകൽ, ആര്യക്കര പോലീസ്സ്റ്റേഷൻ

ലക്ഷ്മി ബുള്ളറ്റിൽ വന്നിറങ്ങി പാറാവുകാരനെ നോക്കി ചിരിച്ച് അകത്തേക്ക് കയറുന്നു. പി.സി.ബിജു കുമാർ സിവിൽ ഡ്രെസ്സിൽ പുറത്തേക്കു വരുന്നു.

ലക്ഷ്മി : ബിജു സാറേ, റോയി സാറുണ്ടോ ?

ബിജു : സാറു മുറിയിലുണ്ട്. 

അവൾ ഒരിടനിന്ന് ചോദിച്ചപ്പോൾ അയാൾ ചിരിയോടെ പറഞ്ഞ് നീങ്ങുന്നു. ലക്ഷ്മി അകത്തേക്ക് കടക്കുംബോൾ രണ്ടു മൂന്നു പോലീസുകാർ അങ്ങോട്ടൂം ഇങ്ങോട്ടും പോകുന്നു. മുന്നോട്ട് പോകുംബോൾ അവൾ കാണുന്നത് തന്നെ ഭവ്യതയോടെ നോക്കി നിൽക്കുന്ന തങ്കനേയും, പൊന്നനേയും വിജയനേയുമാണ്. നാലാമനായി ഭിത്തിയുടെ മൂലയിൽ നിൽക്കുന്ന എമ്മാനുവേലിനെ അവൾക്കറിയില്ല. അവളുടെ സാന്നിദ്ധ്യം അവൻ അറിയുന്നുമില്ല. തന്നെ മൈൻഡ് ചെയ്യാതെ നിൽക്കുന്ന  എമ്മാനുവേലിനെ നോക്കിയിട്ട് അവരുടെ അടുത്തെത്തിയ അവൾ അവരോട് ചോദിക്കുന്നു.

ലക്ഷ്മി : ഇയാളേതാ ?

വിജയൻ : തത്പര കക്ഷിയാ...

അവളുടെ ശബ്ദം കേട്ട് തലയുയുർത്തുന്ന എമ്മാനുവേൽ ലക്ഷ്മിയെ കാണുന്നു. അവന്റെ മനസ്സിൽ ഗൂഗിളിൽ കണ്ട സത്യന്റേയും ലക്ഷ്മിയുടേയും മുഖങ്ങൾ മിന്നിമായുന്നു. അവൻ അതിശയത്തിൽ ചോദിക്കുന്നു.

എമ്മാനുവേൽ : അയ്യോ സത്യൻ മാഷിന്റെ മോളല്ലേ. മെംബറ് ലക്ഷ്മി മാഡം. അച്ഛനെക്കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്. പുന്നപ്ര വയലാർ സമരം, വൈക്കം സത്യാഗ്രഹം ...

അവന്റ്റെ സംസാരം ഇഷ്ടപ്പെടാതെ കൂട്ടി ച്ചേർത്ത്,,

ലക്ഷ്മി : മലബാർ ലഹള...ഒന്നു മിണ്ടാതെടോ. (മൂവരേയും നോക്കി) ചേട്ടന്മാരു കുടിച്ച കള്ളിന്റെ കെട്ടൊക്കെ ഇറങ്ങിയോ..?   മാറില്ലേ ഉപ്പിട്ട് സോഡാ നാരങ്ങാവെള്ളം മേടിച്ച് തരാം.

ഏവരേയും ദേഷ്യം അഭിനയിച്ച് നോക്കിയിട്ട്  തിരിയുംബോൾ റോയിയും സുനിയും നടന്ന് അടുത്ത് വരുന്നു.

റോയി :  മെംബറെപ്പോഴെത്തി.

അവരെ കണ്ട് തിരിഞ്ഞ്,

ലക്ഷ്മി : ഇപ്പഴെത്തിയതേയുള്ളൂ...റോയി സാറേ കള്ളുകുടിച്ച് ബഹളമുണ്ടാക്കിനടക്കുന്നയിവരെയോക്കെ ഒരു ദിവസമല്ല ഒരാഴ്ച്ച പിടിച്ച് അകത്തിടണം..

റോയി : ഇവന്മാരുടെ ഇന്നലത്തെ പെർഫോമൻസ് കണ്ടപ്പോൾ രാത്രിയിൽ വീട്ടുകാരുടെ തലയിൽ വിളയാടുമെന്ന് തോന്നി.  അതുകൊണ്ട് കയ്യോടെ കൂട്ടി.

അവരെ നോക്കിയിട്ട് ,

ലക്ഷ്മി : എവിടെയാ സാറേ ഒപ്പിടേണ്ടത് ?

എമ്മാനുവേലിനെ ചൂണ്ടി ,

റോയി : ദേ അവനു വേണ്ടിക്കൂടി ഒന്ന് ഒപ്പിട്ടേക്കണം.

എമ്മാനുവേലിനെ നോക്കി,

ലക്ഷ്മി : ഏതാ  ആ ബുദ്ധിമാൻ ?

സുനി : ചീരപ്പൻചിറയെക്കുറിച്ച് എന്തോ ഗവേഷണം നടത്താൻ വന്നതാണെന്നാ പറഞ്ഞത്. ജീപ്പിന് വട്ടം നിന്ന് ലിഫ്റ്റ് ചോദിച്ച്   സാറിന്റെ പെട്ടിയിൽ വീണു.

എമ്മാനുവേലിന്റ്റെ അടുത്തെത്തി അവനെ ആകമാനം ഒന്ന് നോക്കി,

ലക്ഷ്മി : എന്താടോ തന്റെ പേര് ?

ഭവ്യത നടിച്ച്,

എമ്മാനുവേൽ : എമ്മാനുവേൽ .

ഒന്നു ഞെട്ടി ,

 തങ്കൻ : അയ്യോ അത് കർത്താവിന്റെ പേരാണല്ലോ ?

അതേയെന്ന വിധം എമ്മാനുവേ ചിരിയോടെ തലയാട്ടുന്നു.

ലക്ഷ്മി : നോട്ടത്തിലും ഭാവത്തിലും കർത്താവിന്റെ സ്വഭാവം  കാണുന്നില്ലല്ലോ ?

ഫീലിംഗ് നടിച്ച് ,

എമ്മാനുവേൽ : അടുത്തറിയണം. അടുത്തറിയുംബോൾ നിങ്ങൾക്ക് മനസ്സിലാവും..

അവന്റെ ഭാവം കണ്ട് എല്ലാവർക്കും ചിരിയാണ് വന്നത് എങ്കിലും ചിരി കണ്ട്രോൾ ചെയ്യുന്നു

കട്ട് റ്റു 


പോലീസ് സ്റ്റേഷന്റെ മുറ്റത്തുള്ള ഒരു മരത്തിൽന്റെ ചില്ലയിൽ നിന്നും നാല് കാക്കകൾ പറന്നു പോകുന്നു. ഒരു ഭാഗത്ത് ബാഗുമായി നിൽക്കുന്ന എമ്മാനുവേൽ. സ്റ്റാർട്ടാക്കിയ ബുള്ളറ്റിനരികെ നിൽക്കുന്ന തങ്കനും പൊന്നനും വിജയനും. ബുള്ളറ്റിൽ  ചാരി നിൽക്കുന്ന  ലക്ഷ്മിയോട്     നന്ദി പറയുന്ന,

തങ്കൻ : നന്ദിയുണ്ട് മോളെ.

ലക്ഷ്മി : സാരമില്ല അച്ചായാ. ഇനിയിങ്ങൊനൊന്നും ഉണ്ടാകരുത്. വീട്ടിലിരിക്കുന്നവർക്ക് മോശമല്ലേ.

തങ്കൻ : ഇനിയാവർത്തിക്കില്ല മോളെ.

ലക്ഷ്മിയെ ഓർമ്മിപ്പിക്കും വിധം,

വിജയൻ : സോഡാ നാരങ്ങയുടെ കാര്യം പറഞ്ഞായിരുന്നു.

അതുകേട്ട് അവനെ അടിക്കാനോങ്ങി,

ലക്ഷ്മി : ദേ..ഒരു വീക്ക് തന്നാലുണ്ടല്ലോ.

അവൻ ഒഴിഞ്ഞു മാറുന്നു. അപ്പോഴാണ്   അവൾ തന്നെ നോക്കി മാറി നിൽക്കുന്ന എമ്മാനുവേലിനെ കാണുന്നത്.  ലക്ഷ്മി അവനെ കൈകാട്ടി വിളിക്കുന്നു. അവൻ ബാഗുമായി അവർക്കരികിലെത്തുന്നു.

ലക്ഷ്മി : സഖാവ് സത്യൻ മാഷിനെ നേരത്തെ അറിയാമായിരുന്നോ?

എമ്മാനുവേൽ : (പരുങ്ങി ചിരിച്ച്) ഗൂഗിളിൽ തിരഞ്ഞു.

ലക്ഷ്മി :  ഓ ..അങ്ങനെ.  ഗൂഗിളിൽ  തിരഞ്ഞാലും  ചീരപ്പൻ ചിറയെക്കുറിച്ച് ഗവേഷണം നടത്താം.

അവൻ ഒന്നു പരുങ്ങി മുഖം കുനിക്കുന്നു.അവനെ നോക്കി സംശയിച്ച്,

ലക്ഷ്മി : തന്നെക്കണ്ട് നല്ല മുഖ പരിചയമുണ്ടല്ലോ. താൻ ഫേസ് ബുക്കിലാക്റ്റീവാണോ. എമ്മൂച്ചൻ എന്നാണോ ഐ.ഡി. എമ്മാനുവേൽ : ഉം.!

അവൾ ബാഗിൽ നിന്നും ഫോണെടുത്ത് ഫേസ് ബുക്കിൽ എമ്മൂച്ചൻ എന്ന പേര് സേർച്ചു ചെയ്യുന്നു. ആ പേജ് കിട്ടുന്നു. പ്രൊഫൈലിലെപിക്ചറിൽ എമ്മാനുവേലിന്റെ മുഖം. മറ്റു മൂവർക്ക് ആകംക്ഷയാണ്. എമ്മാനുവേലിനു അവൾ തന്നെ തിരിച്ചറിഞ്ഞു എന്ന ബോധവും. പ്രൊഫൈൽ ഫോട്ടൊ അവരെ കാട്ടി,

ലക്ഷ്മി : എമ്മൂച്ചൻ. ‘കിടിലൻ ബ്ലൊഗറാ. തങ്കച്ചായോ ആള് മോശക്കാരനല്ല.  നല്ല  എഴുത്തുകാരനാ.

താൻ തിരിച്ചറിയപ്പെട്ടതിൽ എമ്മാനുവേലിനു ജാള്യതയുണ്ട്. മറ്റു മൂവരും അതിശയത്തോടെ അവനെ നോക്കുന്നു.ചിരിയോടെ അവനെ  നോക്കി,

വിജയൻ : എന്തായാലും കർത്താവ് മോശക്കാരനായിട്ടാ കുരീശേ തൂങ്ങിയത് ? 

അത് കേട്ട് ഏവരും ചിരിക്കുന്നു.

കട്ട് 


സീൻ 12 
പകൽ, മണ്ണഞ്ചേരി മാർക്കറ്റ്

മാംസക്കടകൾ മാത്രം പ്രർത്തിക്കുന്ന ഒരു പ്രദേശം. ആ കടകൾക്ക് മുൻപിൽ ചെറിയ തിരക്കുണ്ട്. മാർക്കറ്റിന്റെ കിഴക്കേയറ്റട്ത്ത് ചെറിയ തോടിനോട് ചേർന്നുള്ള തുറസ്സായ പ്രദേശം. ഇടതൂർന്ന് നിൽക്കുന്ന തെങ്ങുകൾക്കിടയിൽ കാള,പോത്ത് .എരുമ എന്നിവയുടെ ചെറിയ കൂട്ടം. ഒരു പോത്തിനരികെ മൊത്തക്കച്ചവടക്കാരനായ ഇബ്രാഹീംകുട്ടിയോട് വില പേശി നിൽക്കുന്ന ബഷീർ.

ബഷീർ : ഇബ്രാഹിക്കാ. അഞ്ച് കെട്ട് കൂടുതലാ. കുറച്ച് കൂടി താഴ്ത്തി പിടിക്കിക്കാ.

ഇബ്രാഹിം: വരവല്ല.നാടനാ. വീതത്തിൽ  അംബതനായിരത്തിക്കൊറച്ച് പറഞ്ഞ് നീ തുപ്പല് വറ്റിക്കണ്ട.

ഇബ്രാഹിം വഴങ്ങില്ലെന്ന് മനസ്സിലാക്കി അണ്ടർവെയറിന്റെ പോക്കറ്റിൽ നിന്നും ചെറിയ ഒരു കെട്ട് നോട്ട് എടുത്ത് അവൻ അയാൾക്ക് നീട്ടുന്നു.

ബഷീർ : അയ്യായിരം രൂപായുണ്ട്. നാല്പത്തിയഞ്ചിന് ഉറപ്പിക്ക് ഇക്കാ.

ഇബ്രാഹിം മനസ്സില്ലാ മനസ്സോടെബഷീർ നീട്ടിയ പണം വാങ്ങുന്നു.

ഇബ്രാഹിം : അയ്യായിരം രൂപാ എനിക്ക് നഷ്ടം. (കാശെണ്ണി നോക്കിയിട്ട്) ബാക്കി കാശ് എപ്പോ തരും?.

ബഷീർ : അടുത്ത ദിവസം കൊണ്ടുവരാമിക്കാ. അതുവരെ ഇവനിവിടെ നിക്കട്ടെ.

ബഷീർ പോത്തിനെ തലോടി.

ഇബ്രാഹിം : അതുവരെ ഇയിനുള്ള പുല്ലും വെള്ളൊമൊക്കെ മാനത്തൂന്ന് പൊട്ടി വീഴുമോ.

ബഷീർ : നമ്മുക്ക് സമാധാനമുണ്ടാക്കാമിക്കാ.

ഒന്നു മൂളിക്കൊണ്ട് ഇബ്രാഹിം കുറച്ചകലെ ഒരു പോത്തിന്റെ മുതുകത്ത് പേരെഴുതിക്കൊണ്ട് നിൽക്കുന്ന ബംഗാളി പയ്യനെ വിളിക്കുന്നു.

ഇബ്രാഹിം : ഉം! . ഹേ ഛോട്ടാ .

അയാളുടെ വിളികേട്ട് ദൂരെയുള്ള ബംഗാളി പയ്യൻ ഛോട്ടാ,

ഛോട്ടാ :  ഹാ..ജി..

ഒരു ചെറിയ പെയ്ന്റ് ബക്കറ്റും ബ്രഷുമായി ആ ബംഗാളി പയ്യൻ അവർക്കരികിലേക്ക് ഓടിയെത്തി.

ഛോട്ടാ : ഇക്കാ പേരെഴുതാനാണോ ?

തലയാട്ടി ചിരിച്ച് ,

ബഷീർ : ങാ.

ഛോട്ടാ : എന്താ. പേരു മുയലാളി.

ഇബ്രഹീം : ഇവന്റെ പേരു തന്നെ എഴുതിക്കോ. (ബഷീറിനെ നോക്കിയതിനു ശേഷം നീട്ടീവിളിച്ച്) ബഷീർ.

ഛോട്ടാ : ബഷീർ ? 

ബഷീർ : ങാ.... അതേ ബഷീർ.

ഛോട്ടാ : ഇപ്പം എഴുതാം സേട്ടാ.

അവൻ   തിരിഞ്ഞ് പോത്തിന്റ്റെ അടുത്തെത്തി  ബ്രഷ് പെയിന്റിൽ മുക്കി പോത്തിന്റെ മുതുകത്ത് ബഷീർ എന്ന് മലയാളത്തിൽ എഴുതിയിട്ട് മുഖമുയർത്തി ബഷീറിനെ നോക്കി, മറ്റിരിരുവരും അത് കാണുന്നുണ്ടായിരുന്നു.

ഛോട്ടാ : ഹിന്ദിയിലും എഴുതട്ടേ സേട്ടാ.

ബഷീർ : നീയെഴുതെടാ .

അവൻ ഹിന്ദിയിൽ  ബഷീർ എന്ന്  എഴുതാൻ തുടങ്ങുന്നു.

കട്ട്

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ