mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

lekshmi

ഭാഗം 6

സീൻ 10 
പകൽ, രാവിലെ 8.30 നോടടുത്തുള്ള സമയം. സഖാവ് സത്യന്റെ  വീട്.

ഒരു മനോഹരമായ തറവാട്. വിസ്തൃതിയുള്ള മുറ്റത്ത് പൂക്കൾ വിടർത്തി നിൽക്കുന്ന ചെടികളും, തുളസിത്തറയും.
ശ്രീ ലക്ഷ്മിയുടെ ശിക്ഷണത്തിൽ നൃത്താഭ്യാസം ചെയ്യാനെത്തിയിരിക്കുന്ന 18- 20 വയസ്സിനടുത്ത് പ്രായമുള്ള കുട്ടികൾ മുറ്റത്ത് നാലു നിരയായി നിന്ന് മുന്നിൽ നിൽക്കുന്ന ലക്ഷ്മിയെ വണങ്ങുന്നു.

കട്ട് റ്റു


സീൻ 10 ഏ
പകൽ
സത്യന്റെ വീടിന്റെ ഒരു വശത്തുള്ള വരാന്ത –

കോച്ചിയിലിരിക്കുന്ന സഖാവ് സത്യൻ. നര ബാധിച്ച താടിയും കഷണ്ടി കയറിയ തലയും,നേർത്ത ഖദർ ഉടുപ്പും കാവിമുണ്ടും അയാളെ അല്പം വ്യത്യസ്തനാക്കുന്നു. കോച്ചിക്കരികെ നടക്കാനുള്ള ഒരു സ്റ്റീൽ സ്റ്റിക്ക്.
ടീപ്പോയിലിരിക്കുന്ന റേഡിയോ അയാൾ പതിയെ ഓൺ ചെയ്യുന്നു.
റേഡിയോയിൽ ഒരു സെമിക്ലാസ്സിക്കൽ സോംഗിന്റെ ആരംഭം. 
സത്യനിൽ നിന്നും ദൃശ്യം ആരംഭിച്ച് പിന്നോട്ട് നീങ്ങി വികസിച്ച് മുറ്റത്ത് നൃത്തച്ചുവടുകൾ തീർക്കുന്ന ലക്ഷ്മിയേയും വിദ്യാർത്ഥിനികളേയും ഉൾപ്പെടുത്തി നിൽക്കുന്നു.
ഗാനത്തിന്റെ ചരണങ്ങളുടേയും അനുചരണങ്ങളുടേയും ഇടക്കുള്ള മ്യൂസിക്കിൽ നൃത്തച്ചുവടുകൾ ആയോധനമുറകളിലൊന്നായ കളരിയഭ്യാസത്തിന്റെ ചുവടുകളായി മാറുന്നു. ഗാനം ആസ്വദിച്ച് സ്റ്റീൽ സ്റ്റിക്കിന്റെ സഹായത്തൊടെ വരാന്തയിലൂടെ അല്പം ബുദ്ധിമുട്ടിൽ നടന്നു വരുന്ന സത്യൻ ഉമ്മറത്തെത്തി ലക്ഷ്മിയുടേയും മറ്റും നൃത്ത ച്ചുവടുകൾ ആസ്വദിച്ച് വീക്ഷിക്കുന്നു. റേഡിയോയിൽ ഗാനം അവസാനിക്കുന്നു ഒപ്പം നൃത്തചുവടുകളും.    കൊച്ചി എഫ്.എം ന്റെ പരസ്യം റേഡിയോയിൽ  അതിനു തുടർച്ചയായി കേൾക്കുന്നു.

ലക്ഷ്മിയെ വണങ്ങി പിരിയാൻ നിൽക്കുന്ന കുട്ടികളോട് –

ലക്ഷ്മി : വീട്ടിലാണെങ്കിലും പ്രാക്ടിസു മുടക്കണ്ട. പിന്നെ ബുധനും ശനിയും ചീരപ്പൻചിറയിൽ ക്ലാസ്സുണ്ട്. പറ്റുന്നവർക്ക് വരാം.

ഒരു വിദ്യാർത്ഥിനി  : ശരി ചേച്ചി.

മറ്റു കുട്ടികളും അത് അംഗീരിച്ചെന്ന വിധം തലയാട്ടി ഉമ്മറത്തിന്റെ ഒരു ഭാഗത്തെത്തി തങ്ങളുടെ ബാഗുകൾ എടുത്ത് സത്യനേയും ലക്ഷ്മിയേയും നോക്കി ചിരിച്ച് ഗേറ്റിൻന്റെ അരികിലേക്ക് നടക്കുന്നു. അച്ഛന്റെ സാന്നിധ്യം ലക്ഷ്മിതിരിച്ചറിഞ്ഞിരുന്നു.അവൾ ഉമ്മറത്തേക്ക് കയറുന്നു. ഒരു സ്റ്റെപ്പ് മുന്നോട്ട് വെച്ച് ചിരിയിൽ സത്യൻ മകളെ നോക്കുന്നു.

സത്യൻ : ക്ലാസ്സിക്കൽ ഡാൻസിനൊപ്പം കളരി അഭ്യാസം. .ഇത് നിന്റെ വൈഭവം.

ലക്ഷ്മി : ഇതൊക്കെ എല്ലായിടത്തും സർവ്വ സാധാരണമായി. അച്ഛാ.....ക്ലാസ്സിക്കൽ ഡാൻസിനൊപ്പം കുട്ടികൾക്ക് സെല്ഫ്   ഡിഫൻസിനുള്ള  ഒരു വഴി. അത്രേയുള്ളൂ.

സത്യൻ : ഉം..അത് നല്ല കാര്യമാ...(സംശയത്തിൽ) അല്ല മോള് പഞ്ചായത്തിൽ പോണില്ലേ.?

ലക്ഷ്മി : പോണം. അതിന് മുൻപ് പോലീസ് സ്റ്റേഷൻ വരെ പോണം.എസ്.ഐ റോയി സാർ വിളിച്ചത് അച്ഛൻ കണ്ടതല്ലേ.

സത്യൻ : അവരെ ജാമ്യത്തിലിറക്കാൻ മോളു തന്നെ പോണോന്നുണ്ടൊ.?

ലക്ഷ്മി : സാരമില്ലച്ഛാ. പാവങ്ങളല്ലേ...അച്ഛൻ കഴിച്ചില്ലല്ലോ? (അകത്തേക്ക് നോക്കി) ഭദ്രേടത്തി.

അകത്തേക്ക് നടക്കുന്ന മകൾക്ക് പിന്നാലെ സത്യൻ നടക്കുന്നു.

കട്ട് റ്റു

അടുക്കളയിൽ -

ചുറുചുറുക്കോടെ അടുക്കളയിൽ പെരുമാറുന്ന മദ്ധ്യവയസ്കയായ ഭദ്ദ്ര ദോശയും ചമ്മന്തിയും ചായയും തയ്യാറാക്കി വെച്ചിരിക്കുന്നു. അടുക്കളയിലേക്ക് വരുന്ന ലക്ഷ്മി ദോശയും ചമ്മന്തിയും വിളംബി വെച്ചിരിക്കുന്ന പ്ലേറ്റുകൾ എടുക്കുന്നു.

ലക്ഷ്മി : ഭദ്രേടത്തി ആ ചായ കൂടിയെടുത്തോളു.. ഭദ്രേടത്തിയും കഴിച്ചോ. പിന്നേ എനിക്കിന്ന് ചോറ് വേണ്ട. ജില്ലാ പഞ്ചായത്ത്  വരെ പോണം.

ഭദ്ര : എല്ലം തയ്യാറക്കി വെച്ചിരിക്കുകയാ.

അവർ ചായ എടുത്തു കൊണ്ട് പറഞ്ഞു.

ലക്ഷ്മി : എന്നാലെടുത്തോളു.

അവൾ ഹാളിലേക്ക് നടക്കുന്നു, പിന്നാലെ ഭദ്രയും.

കട്ട്.


സീൻ 11
പകൽ
ഇരുവശങ്ങളിലും നെല്പാടങ്ങളുള്ള ഒരു പൂഴി നിരത്ത്.

നിരത്തിന്റെ  ഇരുവശങ്ങളിൽ ചെറുതും വലുതുമായ കടകൾ ഉണ്ട്.
ഹെൽമറ്റ് ധരിച്ച് ബുള്ളറ്റിൽ വരുന്ന ലക്ഷ്മി. എതിരെ പോകുന്ന ചിലർ അവൾക്ക് കൈവീശി തങ്ങളുടെ സ്നേഹം  പ്രകടിപ്പിക്കുന്നു: അവൾ തിരിച്ചും.
നിരത്തിനരികെയുള്ള ഒരു മാടക്കടക്കരികെ ലക്ഷ്മി ബുള്ളറ്റ് നിർത്തുന്നു. കടക്കരികെ നിന്ന് വൃദ്ധയായ കത്രീന ചേടത്തി നാരാങ്ങാ വെള്ളം കുടിക്കുകയാണ്.അവരുടെ കക്ഷത്തിൽ പഴയ ഒരു പ്ലാസ്റ്റിക്ക് സഞ്ചിയും റേഷൻ കാർഡും. കടക്കാരൻ  അവരെ നോക്കിയിരിക്കുന്നു.
ലക്ഷ്മി ചിരിയോടെ കത്രീന ചേടത്തിയെ നോക്കുന്നു.

ലക്ഷ്മി : കത്രീന ചേടത്തീ.

കത്രീന ചേടത്തി കാലി ഗ്ലാസും പത്ത് രൂപയും കടക്കരനു കൊടുക്കുന്നു. അത് വാങ്ങിക്കൊണ്ട്,

കടക്കാരൻ : ചേടത്തി, ദേ മെംബറ് വിളിക്കുന്നു.

അവർ തിരിഞ്ഞു ലക്ഷ്മിയെ  നോക്കി അടുത്തേക്ക് ചെല്ലുന്നു.കണ്ണുറപ്പിച്ച് നോക്കുന്നു.

കത്രീന : മോളോ ?.

ലക്ഷ്മി : ചേടത്തിയെങ്ങോട്ടാ... ചന്തയിലേക്കാണോ ?

ബുള്ളറ്റിനരികിലെത്തി അവർ നിൽക്കുന്നു.

കത്രീന : വിജയന്റെ റേഷൻ കടേ പോകാ. ഈ മാസത്തെ റേഷൻ വാങ്ങിയില്ല ഇതുവരെ.

ലക്ഷ്മി : എന്റെ കൂടെ പോന്നോളു. ഞാൻ ചേടത്തിയെ ചന്തയില് വിടാം. വണ്ടിയിൽ കേറാൻ പേടിയുണ്ടൊ.

അവരുടെ    സംസാരം ശ്രദ്ധിക്കുന്ന,

 കടക്കാരൻ : ചേടത്തിക്കിപ്പഴും മധുര പതിനേഴിന്റെ ചുറു ചുറുക്കാ.മെംബറ് ധൈര്യമായിട്ടു കയറ്റിക്കോ.

മുറുക്കി ചുവന്ന മോണ കാട്ടി കടക്കാരനെ നോക്കി ചിരിച്ച് കത്രീന ചേടത്തി സാവകാശം ബുളളറ്റിൽ കയറി ഒരു കൈകൊണ്ട് സഞ്ചിയും റേഷൻ കാർഡും ഭദ്രമാക്കി,  മറുകൈകൊണ്ട് ലക്ഷ്മിയുടെ തോളിൽ പിടിച്ച് സുരക്ഷിതയായി ഇരിക്കുന്നു. ലക്ഷ്മി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യ്ത് പിന്നോട്ട് നോക്കി.

ലക്ഷ്മി : ഇരുന്നോ.

കത്രീന : വണ്ടിവിട് മോളെ.

അവൾ പതിയെ ബുള്ളറ്റ് മുന്നോട്ടെടുക്കുന്നു.

കട്ട് റ്റു.


കത്രീനച്ചേടത്തിയേയും വഹിച്ചു കൊണ്ടുള്ള ലക്ഷ്മിയുടെ ബുള്ളറ്റ് ഒരു ചെറിയ ടാർ റോഡിലേക്ക് കയറുന്നു.

ലക്ഷ്മി : പെൻഷനൊക്കെ കിട്ടുന്നുണ്ടല്ലോല്ലേ ചേടത്തി.

കത്രീന : നമ്മുടെ സർക്കാർ വന്നു എല്ലാം ശരിയായി.

ലക്ഷ്മി : മക്കളൊക്കെ വിളിക്കാറുണ്ടോ ?

കത്രീന : വിളിക്കാറുണ്ട് മകളെ.ഇളയവനും കെട്ട്യോളും മക്കളും ഓശാന ഞായറാഴ്ച്ച അവധിക്ക്  വരും.

ലക്ഷ്മി : അപ്പച്ചനെങ്ങനെയുണ്ട്.

കത്രീന : ആമവാതമല്ലേ മോളെ. പുറത്തേക്കൊന്നും വിടില്ല.

ലക്ഷ്മി : ചേടത്തിയും അധികം  പുറത്തേക്കിറങ്ങണ്ട.

അവൾ ചന്തക്കരികിൽ വണ്ടി നിർത്തി. ചന്തയുടെ തിരക്ക്. അടുത്ത് ഫൂട്ട്പാത്തിൽ പച്ചക്കറി വിൽക്കുന്ന ചെറുപ്പക്കരനായ അഷറഫിനെ അവൾ കാണുന്നു.

ലക്ഷ്മി : അഷറഫേ.ഒന്നു വന്നേ.

അഷറഫ് ചിരിയോടെ അവർക്കരികിലെത്തുന്നു.

അഷറഫ് : ചേടത്തിയെ എവിടുന്നെടുത്തു ?

ലക്ഷ്മി : വെയിലില് നടത്തണ്ടാന്നു കരുതി. ഒരുകൈകൊട്.

കത്രീന ചേടത്തിയെ അഷറഫ് ഇറങ്ങാൻ സഹായിക്കുന്നു. തോളിൽ തൂക്കിയിട്ടിരിക്കുന്ന പേഴ്സിൽ നിന്നും 100 രുപായെടുത്ത് ലക്ഷ്മി കത്രീന ചേടത്തിക്ക് കൊടുക്കുന്നു.

ലക്ഷ്മി : ചേടത്തി റേഷൻ വാങ്ങിയിട്ട് തിരിച്ച് ഓട്ടോയിൽ പോയാൽ മതി കേട്ടോ.

അവർ കാശ് വാങ്ങി മടിയിൽ വെച്ചു.

കത്രീന : ശരിമോളെ.

അവർ പതിയെ  ചന്തയിലേക്ക് നടന്നു. ചിരിച്ച് കൊണ്ട് നിൽക്കുന്ന അഷറഫിനോട് –

ലക്ഷ്മി : കച്ചോടമൊക്കെയെങ്ങനെയുണ്ട്  അഷറഫേ ?

അഷറഫ് : കുഴപ്പമില്ല മെംബറേ.

ബുള്ള്റ്റ് സ്റ്റാർട്ട് ചെയ്ത് ,

ലക്ഷ്മി : കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കണം.

അഷറഫ് :നമ്മുടെ നാട്ടുകാരൊക്കെത്തന്നെയല്ലേ. ?

ലക്ഷ്മി : ഉം..കാണാം.

അവൾ ബുള്ളറ്റ് മുന്നോടെടുക്കുന്നു. അഷറഫിന്റെ ചിരിക്കുന്ന മുഖം. ബുള്ളറ്റിൽ മുന്നോട്ട് പോകുന്ന ലക്ഷ്മിയെ ചിലർ അഭിവാദ്യം ചെയ്യുന്നു.അവളും.

കട്ട് റ്റു


സീൻ 11 ഏ 
പകൽ 
ആര്യക്കര പോലീസ്സ്റ്റേഷൻ

സ്റ്റേഷന് കാവൽ നിൽക്കുന്നത് മറ്റൊരു പാറാവുകാരനാണ്.

അകത്ത് എസ്.ഐ യുടെ മുറി.

മേശയിൽ ചാരി നിന്ന് മൊബൈൽ ഫോണിൽ റോയി സംസരിക്കുകയാണ്.

റോയി : അപ്പച്ചന് ആത്സ്മാക്ക് കുറവുണ്ടൊ.തണുപ്പുണ്ടെങ്കിൽ നടക്കാനിറങ്ങമ്പോൽ സ്വെറ്ററിടാൻ പറയണം.

മറുതലക്കൽ  അമ്മ : സിസിലിയും ജോക്കുട്ടനും എന്തു പറയുന്നു.

അപ്പോൾ സിവിൽ ഡ്രെസ്സിൽ സുനി അകത്തേക്ക് വന്ന് അയാളെ സല്യൂട്ട് ചെയ്യുന്നു, ഫോണിലൂടെ സംസാരിക്കുന്ന റോയി തലയാട്ടി സല്യൂട്ട് സ്വീകരിക്കുന്നു.

റോയി : സിസിലിക്ക് നടുവേദനക്ക് കുറവുണ്ട്.ജോക്കുട്ടന് കളിയൊഴിഞ്ഞിട്ട് സമയമില്ല.വെക്കേഷനല്ലേ...പിന്നെ അമ്മച്ചിക്ക്  അസുഖമൊന്നുമിലല്ലോ ?

അമ്മ : സുഖാമോനെ. എന്നാ ഫോൺ വേച്ചേക്ക്.

റോയി : ശരി അമ്മച്ചി.

അയാൾ ഫോൺ കട്ട് ചെയ്ത് മൊബൈൽ ഫോൺ പോക്കറ്റിലിട്ടു.

റോയി : എടോ അവന്മാരെ ജാമ്യത്തിലിറക്കാൻ ആ മെംബറ് വന്നില്ലേയിതുവരെ.താൻ പറഞ്ഞ പ്രകാരം ഞാൻ അവരെ രാവിലെ  തന്നെ വിളിച്ചതാണല്ലോ.

സുനി : അവർ വന്നിട്ടില്ലിതുവരെ സർ. (തന്റെ പോക്കറ്റിൽ നിന്നും ആയിരം രൂപായെടുത്ത് അയാൾക്ക് നീട്ടി) ദാ സാർ. മറ്റവൻ തന്നതാ.

അത് നോക്കിയിട്ട്,

റോയി : ആയിരമോ  (ആലോചിച്ച്) അത് നിങ്ങൾ തന്നെ വെച്ചോ.

സുനി : താങ്ക് യൂ സാർ.

 സന്തോഷത്തിൽ    അവൻ ആ പണം തിരികെ പോക്കറ്റിലിടുന്നു.

റോയി : ഇന്ന് നൈറ്റ് ഡ്യൂട്ടിയിലാരാണ് .

സുനി : അലണ്ടയാണ് സർ.

റോയി : അയാളോടൊക്കെ പാതി ബോധത്തിലെങ്കിലും ഡ്യൂട്ടിയിലിരിക്കാൻ പറയണം.    ട്രാഫിക്കിലേക്ക് തന്നെ തിരിച്ചു  പോകാതിരിക്കാനാ.

സുനി : പറയാം സാർ.

കട്ട് റ്റു

(തുടരും) 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ