mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

police

Jomon Antony

Read Full

ഭാഗം 3

സീൻ 6
പകൽ
ക്രിസ്ത്യൻ പള്ളിപ്പറംബും പരിസരവും

ആകാശ ദൃശ്യത്തിൽ തിലകന്റെ ചായക്കടക്ക് എതിർവശമുള്ള ക്രിസ്ത്യൻ ദേവാലയവും പള്ളിപ്പറംബും. ദൃശ്യത്തിൽ ഒപ്പീസ് കേൾക്കാം. പള്ളിപ്പറംബിന്റെ ഒരു ഭാഗത്തിരിക്കുന്ന നാൽവർ സംഘത്തെ കേന്ദ്രീകരിച്ച് ദൃശ്യം താഴ്ന്ന് നിൽക്കുന്നു. - ബഷീർ, തങ്കൻ, പൊന്നൻ പിന്നെ വിജയനും ആലോചനയോടെ കുത്തിയിരിക്കുകയാണ്. ഒപ്പീസുകേൾക്കുന്ന ഭാഗത്തേക്ക് നോക്കി കുത്തിയിരിക്കുന്ന വിജയൻ തന്റെ കറുത്ത കണ്ണടയൂരി സംശയത്തിൽ ശോകത്തോടെ ആരോടെന്നില്ലാതെ –

വിജയൻ : ആരാ പോയത്..? 

നീരസത്തിൽ,

തങ്കൻ : ആ ക്ണാപ്പൻ മൈക്ക് ബാബുവിന്റെ  മൈക്ക് ടെസ്റ്റിംഗാ.

പശ്ചാത്തലത്തിലിപ്പോൾ ഒപ്പീസ് ഒരു തമിഴ് അടിപൊളി ഗാനമായി മാറുന്നു. അതുകേട്ട്,

വിജയൻ : ബാബൂന്റെ തലയില് കൊട്ടത്തേങ്ങ വീഴും.അവന്റെ പതിനാറടിയന്തിരത്തിന്റെ ടെസ്റ്റിംഗ്...

ചിരിയോടെ പൊന്നൻ ഒരു കാജാ ബീഡി കത്തിച്ച് വലിച്ച് ബീഡിപൊതിയും തീപ്പെട്ടിയും തങ്കന്  കൈമാറുന്നു.അത് വാങ്ങിക്കൊണ്ട് ബഷീറിനെ നോക്കി ,

തങ്കൻ : അതു വിട് .ബഷീറേ നീ ഈ ടിക്കറ്റ് മാറാനുള്ള വഴി പറ.. ഇന്ന് ഹർത്താലാ.ഇന്നാണു കാശിന്റെ ആവശ്യം.

എല്ലാവരും  ആലോചനയോടെ ഇരിക്കുന്ന ബഷീറിനെ ശ്രദ്ധിക്കുന്നു.. അവൻ മണ്ണിൽ ഒരു ചെറിയ ചുള്ളിക്കംബ് കൊണ്ട് കണക്കെഴുതുകയാണ്.കണക്കെഴുത്ത് നിർത്തി തലയുയർത്തി    അവരോടായിട്ട്,

ബഷീർ :  ഇന്നേതായാലുംഹർത്താലാ.ഏജന്റിന്റെ കയ്യീന്നേതായലുംകാശ് മാറി കിട്ടില്ല. നിങ്ങൾക്ക്  കാശിന്നു വേണോങ്കി,  ഒരു കാര്യം ചെയ്യാം.

കറുത്ത കണ്ണട തിരികെ കണ്ണുകളിൽ ഉറപ്പിച്ച്,

വിജയൻ : പറഞ്ഞ് പണ്ടാരമടക്ക് .

പൊന്നനും തങ്കനും  ഉദ്വേഗത്തോടെ  ബഷീറിനെ നോക്കുന്നു.

ബഷീർ : ഞാൻ  ഒരു കാര്യം ചെയ്യാം  ഞായറാഴ്ച  അറവിന് ആടിനെമേടിക്കാൻ വച്ചിരിക്കുന്ന  കാശൊണ്ട്. അതീന്ന്  മറിക്കാം.…   ആ ടിക്കറ്റ് ഇങ്ങ് തന്നേ.

തങ്കൻ ടിക്കറ്റ് പോക്കറ്റിൽ നിന്നെടുത്ത്  ബഷീറിനു കൊടുക്കുന്നു. അതു  വാങ്ങി തിരിച്ചും മറിച്ചും നോക്കിയ ശേഷം പോക്കറ്റിലിട്ട്,

ബഷീർ : അയ്യായിരം രൂപാ നാലായിട്ട് വീതിച്ചാൽ 1250 രൂപാ വെച്ച് ഒരാൾക്ക് വീതം കിട്ടും.

പൊന്നൻ : കിട്ടണോല്ലോ.

അയാൾ കെട്ട ബീഡി അകലേക്ക് വലിച്ചെറിയുന്നു.

ബഷീർ : അതാ പ്രശ്നം.

മറ്റു മൂവരും എന്താ പ്രശ്നം എന്ന വിധം പരസ്പരം നോക്കുന്നു. അവരെ നോക്കി തുടരുന്ന,

ബഷീർ : ഒരു നൂറു രൂപാ വെച്ച് ഞാനിങ്ങെടുക്കും...അപ്പോ  ഒരാൾക്ക് ആയിരത്തിയൊരുന്നൂറ്റമ്പത്  രൂപ വെച്ച് ഞാൻ  തരും.എന്താ...

മൂവരും ആലോചിക്കുന്നു.അവർക്ക് സമ്മതമാണെന്ന് തോന്നും.

തങ്കൻ : ഇതിപ്പോ ലോട്ടറി അടിച്ചതല്ലേ. പോരാഞ്ഞിട്ട് ഹർത്താലും. നീയാ ബാക്കി കാശിങ്ങോട്ട് താ.

പൊന്നനേയും വിജയനേയും നോക്കി,

ബഷീർ : ഒറപ്പിച്ചേ..

വിജയൻ :  പറഞ്ഞ് സമയം കളയാണ്ട് കാശ്താ.ബിവറേജസ് നാളേയുള്ളൂ. പിന്നെയുള്ളത് ചള്ളീടെ ഷാപ്പാ.നേരത്തെ ചെന്നില്ലേ കള്ള് കിട്ടൂല്ല.

തന്റെ മുണ്ടിന്റ്റെ മടിക്കുത്തഴിച്ചെടുത്ത നോട്ടു കെട്ടിൽ നിന്നും 3450 രൂപാ എണ്ണി തങ്കന് കൊടുത്ത്,

ബഷീർ : ദാ... 3450 രൂപായുണ്ട്. നിങ്ങൾ വീതിച്ചെട്.

തങ്കൻ ബീഡിപൊതിയും തീപ്പെട്ടിയും പൊന്നനു കൊടുത്ത് ബഷീറിൽ നിന്നും കാശു വാങ്ങിയെണ്ണി പോക്കറ്റിൽ ഇടുന്നു.

ബഷീർ : കണക്ക് ശരിയല്ലേ....എനിക്കേ അത്യാവശ്യമായി മണ്ണഞ്ചേരി വരെ പോകാനുണ്ട്.മിക്കവാറും കൈക്കുകിട്ടുന്ന ഒരു   പോത്തും കൊണ്ടേ ഞാൻ വരൂ.  ഈസറ്ററും  ചെറിയ  പെരുന്നാളും അടുത്തിങ്ങു വരികല്ലേ.

അവരോടത്  പറഞ്ഞ് ബഷീർ എഴുന്നേറ്റ്ഒ രു ഭാഗത്തേക്ക് നടക്കുന്നു. അവർ തലയാട്ടുന്നു. ബഷീർ കേൾവിക്കപ്പുറമെത്തുംബോൾ -

തങ്കൻ : കമഴ്ന്ന് വീണാലും കാല്പണം കൊണ്ടേ പൊങ്ങു.

അതിഷ്ടപ്പെടാതെ അയാളെ നോക്കി ,

വിജയൻ : എടോ പരട്ട മാപ്പിളേ.. തെണ്ടിത്തരം പറയരുത്. ഹർത്തലായിട്ട് കാശു തന്നതും പോരാഞ്ഞിട്ട്....വാ..കാത്ത്  നിൽക്കാൻ സമയമില്ല.

അവർ എഴുന്നേൽക്കുന്നു.താറാംകൂട്ടം നിശ്ശബ്ദരായിരിക്കുന്നത് കണ്ട് ,

തങ്കൻ : പാവങ്ങള് . എന്റെ താറാംകൂട്ടം.

നടന്ന് തുടങ്ങിയ വിജയൻ നിന്ന്    നിസ്സാരമായി,

വിജയൻ : അതുങ്ങളെ വല്ല കണ്ടത്തിലോ കരിയിലോ ഇറക്കി വിട്.

തങ്കൻ : തെയ്യാമ്മേടെ  സ്വത്താ. രാത്രീല് കിടന്നുറങ്ങേണ്ടതാ.

മനസ്സിൽ പറയുന്ന വിജയൻ,

വിജയൻ : തെയ്യാമ്മ തന്നെ നാട്ടുകാരുടെ സ്വത്താ.പിന്നെയാ.

പത്ര വിതരണം കഴിഞ്ഞ് പള്ളിയുടെ ഭാഗത്തേക്ക് വരുന്ന കുഞ്ഞനെ കാണുന്ന പൊന്നൻ തങ്കനോട് ,

പൊന്നൻ : ദേ കുഞ്ഞൻ വരുന്നുണ്ട്.

അവനെ കണ്ട്  സൈക്കിൾ നിർത്താൻ കൈകൊണ്ട് ആംഗ്യം കാട്ടി,

തങ്കൻ : എടാ കുഞ്ഞാനിക്ക് .. നിക്ക് .

അവർക്കരികെ കുഞ്ഞൻ സൈക്കിൾ നിർത്തി തങ്കനെ നോക്കികൊണ്ട്,
കുഞ്ഞൻ : എന്നാ ചിറ്റപ്പ കാര്യം ?

അരികിലെത്തി അവനെ സോപ്പിടാനെന്ന പോലെ തലയിൽ തലോടി ,

തങ്കൻ : കുഞ്ഞാ ..മോനെ ചിറ്റപ്പനൊരുപകാരം ചെയ്യണം. 

കുഞ്ഞൻ : കാര്യം പറ ചിറ്റപ്പാ.

താറാകൂട്ടത്തെ ചൂണ്ടി,

തങ്കൻ : ദാ അതുങ്ങൾക്കൊന്ന് ചിറ്റപ്പന്റെ വീടൊന്ന്  കാണിച്ച് കൊടുക്കണം.

താറാകൂട്ടത്തെ നോക്കിയിട്ട് കുഞ്ഞൻ തങ്കനോട് ആക്കും പോലെ,

കുഞ്ഞൻ: ഓ.... ഹർത്താലായിട്ട് കള്ള് മോന്താൻ പോകാരിക്കും.

അവനെ തിരുത്തി ,

പൊന്നൻ : ഹർത്താലായിട്ടേവിടെയാ ഷാപ്പ്..  കുഞ്ഞാ നീ പോയിയതുങ്ങൾക്ക് വഴികാട്ടികൊടുക്ക്.

തലയാട്ടി  ആലോചനയോടെ ഹാന്റിലിൽ കൈകൊണ്ടിടിച്ച് ,

കുഞ്ഞൻ : വേണോല്ലോ.അതുങ്ങൾക്ക് ഗൂഗിൾ കുഞ്ഞമ്മയെക്കുറിച്ച് ഒന്നും അറിയില്ലല്ലോ.

പരുങ്ങി അവനെ തള്ളിക്കൊണ്ട് ,

തങ്കൻ : നീ സമയം കളയാതെ ചെല്ല് കുഞ്ഞാ.

കുഞ്ഞൻ : പോകാം പക്ഷേ ഒരു കണ്ടിഷൻ.

സംശയത്തിൽ ,

തങ്കൻ : എന്താ.

കുഞ്ഞൻ : എനിക്ക് പൊറോട്ടെം ബീഫും കഴിക്കാനുള്ള കാശു തരണം.

പരിഹാസ ചിരിയോടെ ,

വിജയൻ : കാഷോ .. എത്രയാ വേണ്ടത് ?

വിടില്ലെന്ന മട്ടിൽ ,

കുഞ്ഞൻ : അംബതു രുപാ.

വിജയൻ : അംബതോ... സില്ലി ബോയി.

പോക്കറ്റിൽ നിന്നും പത്തിന്റെ അഞ്ച് നോട്ട് സ്റ്റൈലായി എടുത്ത് കൊടുക്കുന്ന വിജയനിൽ നിന്നും വാങ്ങി പോക്കറ്റിലിട്ട് അല്പം പരുങ്ങലിൽ,

കുഞ്ഞൻ : അതേ ചിറ്റമ്മ ചോദിച്ചാൽ ഞാനെന്തു പറയും.

പെട്ടെന്നിടപെട്ട് ധൃതിയിൽ പറയുന്ന,

വിജയൻ : അടിയന്തിരമായിട്ട്    ഒരു മരണമുണ്ടാകും അതിനു പോയെന്ന് പറഞ്ഞാൽ മതി.

കുഞ്ഞൻ  തങ്കനെ അതു മതിയോന്ന വിധം നോക്കുംബോൾ മനസില്ലാ മനസ്സോടെ തലയാട്ടികോണ്ട് അയാൾ മൂളുന്നു.

തങ്കൻ : ങും.

സൈക്കിളുമായി തിരിയുന്ന കുഞ്ഞൻ .പശ്ചത്തലത്തിൽ ഒപ്പീസ് വീണ്ടും. ദു:ഖമോ സന്തോഷമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഭാവത്തിൽ ഒപ്പീസു കേൾക്കുന്ന ഭാഗത്തേക്ക് നോക്കി ,

വിജയൻ : ബാബൂ...
ഏവരേയും ഉൾപ്പെടുത്തി ദൃശ്യം മുകളിലേക്കുയരുംബോൾ പള്ളിയുടെ കുരിശു വ്യക്തമായി വരുന്നു.

കട്ട്


സീൻ 7
സന്ധ്യയോട്  അടുത്ത  സമയം. വയലിനു നടുവിലുള്ള ഒരു  ഷാപ്പ്

അകത്ത് ഒരുഭാഗത്ത് മേസ്തരി പൊന്നനും വിജയനും എതിർഭാഗത്തെ ബഞ്ചിൽ തങ്കനും ഇരിക്കുന്നു.അവർ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് ഇരിപ്പ് കണ്ടാലറിയാം. മേശയുടെ ഒരുഭാഗത്ത് ഒഴിഞ്ഞ കുപ്പികളും പ്ലേറ്റും എച്ചിൽ പാത്രങ്ങളും. ആടിയാടി കാജാപൊതിയിൽ നിന്നും ഒരു ബീഡിയേടുത്ത് കത്തിച്ച് പൊതി മേശയിലേക്കിട്ട് പുകയൂതികൊണ്ട്,

പൊന്നൻ : എനിക്കൊരു വീട്  പണിയണം മഴ പെയ്താ ചോരാത്ത അടച്ചുറപ്പുള്ള ഒരു വീട്. അതാണ്എന്റെ ആശ.  എത്രകൂട്ടിയിട്ടുംകൂട്ടിയിട്ടും  നടക്കുന്നില്ലല്ലോ  കർത്താവേ.

മേശയിൽ കയ്യൂന്നി ഉറക്കാത്ത ഭാഷയിൽ കണ്ണെവിടെയൊക്കെയോ ഉറപ്പിക്കാൻ ശ്രമിച്ച് ,

വിജയൻ :എനിക്കൊരു ബോംബെ ടൈപ്പ് സലൂൺ നമ്മുടെ നാൽക്കവലയിൽ ഇടണം.എല്ലാം പുതിയ സ്റ്റൈൽ. ബംഗാളിയെ  ഞാനിറക്കും. എന്തായിരിക്കും തിരക്ക്.

മുഖം കുനിച്ചിരുന്ന് ആടിയാടി,

തങ്കൻ : കാശ് കൈയ്യീ വന്നിട്ട് വേണം താറാകച്ചോടം നിർത്തി എല്ലം ഇട്ടെറിഞ്ഞ്  ഈ നാട് വിട്ട് എനിക്കു പോകാൻ.

സ്ഥിരം മദ്യപാനിയായ ഒരാൾ പതിയായ കള്ളുകുപ്പിയിൽ, ഒരു പാട്ടിന്റെ ശ്രുതിയെന്നോണം വിരൽ തട്ടികൊണ്ട് അകത്ത് നിന്നും അവർക്കരികിലെത്തി നിന്ന് അവരോട് പറയുന്നു :

അയാൾ : നിങ്ങൾ  അന്വേഷിക്കുന്നതെല്ലാം  നിങ്ങൾക്ക്കിട്ടും.ആദ്യം  ഈസമയം  ഈ നിമിഷം ആസ്വദിക്കുക.സന്തോഷിക്കുക...!

കൊഴഞ്ഞ് കൊണ്ട് ,

വിജയൻ : അതാ... അതാണ് ശരി .

മദ്യപാനി ഒരുപാട്ടിന് തുടക്കമിടുന്നു. മറ്റേവരും അതേറ്റു പാടുന്നു. സ്വപ്ന സാഫല്യം  തേടിയുള്ള യാത്രയാണു പാട്ടിന്റെ കാതൽ. മറ്റു കുടിയൻമാരും അതിൽ പങ്കു ചേരുന്നു. അവർക്കെല്ലാം തങ്കനുംമറ്റും കള്ള് ഓഫർ ചെയ്യുന്നു. അവരുടെ പോക്കറ്റ് കാലിയാകുന്നു. പാട്ട് പാടികൊണ്ട് തന്നെ ഷാപ്പിൽ നിന്നും അവർ ആടിയാടി ഇറങ്ങുന്നു.

കട്ട് റ്റു 


രാത്രി. ചെറിയ വെളിച്ചമുള്ള നിരത്ത്

പാട്ടുപാടി  ആടിയാടി  നടന്നുവരുന്ന മൂവർ സംഘം.   പാട്ട്    അവസാനിക്കുംബോൾ  അവരുടെ മുഖത്തേക്ക് ജീപ്പിന്റെലൈറ്റുകൾതെളിയുന്നു.  അവർ  ചിമ്മിയ കണ്ണുകൾ കൈകൊണ്ട് പൊത്താൻ ശ്രമിച്ച് തുറക്കുംബോൾ മുൻപിൽ രണ്ട് പോലീസുകാർ. ജീപ്പിന്റെയുള്ളിൽ എസ്.ഐ. റോക്കറ്റ് റോയി. ഭയത്തോടെ മുണ്ടിന്റെ മടക്കി കുത്ത് അഴിച്ച് തങ്കനും മറ്റും പരുങ്ങലോടെ നിൽക്കുന്നു. റോക്കറ്റ് റോയിയെ നോക്കി ,

എച്ച് സി .സുനി: സാറേ  ഇവന്മാരത്ര പന്തിയല്ല.

എസ്ഐജീപ്പിൽ നിന്നും ഇറങ്ങി അവരുടെ അരികത്തേക്ക് വന്ന് ,

എസ്.ഐ. റോയി : ഹർത്താലായിട്ട്  നീയൊക്കെ  ആരുടെ  കുളം കുഴിക്കാനാ പോയത്.?

അവർ പരുങ്ങുന്നൂ. ജീപ്പിന്റെ പിൻസീറ്റിലിരിക്കുന്ന ഒരു ചെറുപ്പക്കാരൻ അവരെ നോക്കാൻ ശ്രമിക്കുന്നത് നമ്മൾക്ക് കാണാം. അത് അവനാണ്. എമ്മാനുവേൽ.

തങ്കന്റേയും മറ്റും നില്പും ഭാവവും കണ്ട് മണം പിടിക്കാനെന്നോണം മുഖമൊന്നവരിലേക്ക് ആഞ്ഞ്,

റോക്കറ്റ് റോയി : കള്ളുകുടിച്ചിട്ടുള്ള അർമാദമാണല്ലേ.

അവർ മൂവരും പേടിയോടെ മൂക്ക് പൊത്തുന്നു.

പി.സി ബിജുകുമാർ : സാറേ ലിവന്മാരു നല്ല ഫോമിലാ.

തങ്കന്റെയും വിജയന്റേയും പിന്നിൽ നിൽക്കുന്ന പൊക്കം കുറഞ്ഞ,

പൊന്നൻ : പൊറുക്കണം സാറേ. ഒരു കുപ്പികള്ളും ഒരു പ്ലേറ്റ് കക്കയും. അത്രേ കഴിച്ചുള്ളൂ.

പൊന്നന്റെ സംസാരം ഇഷ്ടപ്പെടാതെ ദേഷ്യത്തിൽ,

റോക്കറ്റ് റോയി : ഛീ.....ഇങ്ങോട്ട് കേറി നിയ്ക്കടാ. (മൂവരേയും ഇരുത്തി നോക്കി) രാത്രീല് കള്ളുംകുടിച്ച് തെറിപ്പാട്ടും പാടി  നാട്ടുകാരെ മെനക്കെടുത്തിയുള്ള ആഭാസം. ഞാൻ ആരാന്ന് നിനക്കൊക്കെ അറിയാമോ.?

വിജയൻ:  അറിയാം സാർ. ആര്യക്കര പോലീസ്സ്റ്റേഷനിലെ എസ്.ഐ റോയി സാർ.

പി.സി ബിജുകുമാർ : വെറും റോയി സാർ അല്ല.

ബാക്കി പേര് അറിയാമെന്ന വിധം ചിരിച്ച് അടിയാനെ പോലെ നിന്ന്

വിജയൻ : റോക്കറ്റ് റോയി. നാട്ടുകാർക്കെല്ലാം ഭയങ്കര പേടിയാ.

അഭിമാനത്തോടെ  പോലീസുകാരെ നോക്കി ചിരിച്ച്,

റോക്കറ്റ് റോയി : ങും !

ആ സമയം ആകാശത്ത് ഒരു വാണം പൊട്ടുന്നു.അതിന്റെ പ്രതിഫലനം വിജയന്റെ കറുത്ത കണ്ണടയിൽ കാണാം. വാണം പൊട്ടുന്ന ശബ്ദം കേട്ട്,

വിജയൻ : സത്യം.

ഭവ്യതയോടെ കൈകൂപ്പി,

തങ്കൻ  : പൊന്നു സാറേ ഞങ്ങളെ വിട്ടേക്ക്.പാവങ്ങളാ.നാളെ പണിക്ക് പോകാനുള്ളതാ.

റോക്കറ്റ് റോയി : നിന്റെ പേരെന്താടാ.

തങ്കൻ : ഞാൻ തങ്കൻ ,ഇവൻ വിജയൻ, ലവൻ പൊന്നൻ.

റോക്കറ്റ് റോയി :  പേരൊക്കെ കൊള്ളാം. പക്ഷേ.(സുനിയെ നോക്കി)സുനിയപ്പാ ഇവന്മാർക്കെതിരെയുള്ള വകുപ്പേതൊക്കെയാ.

സുനിയപ്പാ എന്ന വിളി ഇഷ്ടപ്പെടാതെ തല ചൊറിഞ്ഞ്,

എച്ച്.സി സുനി : പല വകുപ്പും ഉപവകുപ്പും ഇടാം സാറേ. മാസാവസാനമല്ലേ ട്രഷറിയിൽ ഫണ്ട് കേറണ്ടേ.

പരിതാപത്തോടെ കൈകൂപ്പി,

വിജയൻ : സാറേ...വിട്ടേക്ക് സാറേ.

റോക്കറ്റ് റോയി : ഇവന്മാരെ പിടിച്ച് ജീപ്പിൽ കേറ്റ്. ബാക്കി സ്റ്റേഷനിൽ ചെന്നിട്ട്.

വിജയന്റെ തോളിൽ പിടിച്ച് വലിച്ച്,

എച്ച്.സി സുനി : വാടാ മലരന്മാരെ.

ദയനീയതയോടെ റോയിയെ നോക്കി മൂവരും സുനിയുടെ പിന്നാലെ ജീപ്പിനു പിന്നിലേക്ക് നടക്കുന്നു. ജീപ്പിനുള്ളിലിക്കുന്ന  എമ്മാനുവേൽ ചിരിയോടെ  ഇതെല്ലാം സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. പൊന്നനേയും മറ്റും നോക്കി  തിരിയുന്ന റോക്കറ്റ് റോയിയോട് അടക്കത്തിൽ,

പി.സി. ബിജുകുമാർ :സാറേ സുനി സാറിനെ സുനിയപ്പാന്ന് വിളിക്കുന്നത് സുനി സാറിനിഷ്ടമല്ല.
സംശയത്തിൽ,

റോയി : അതെന്താ.

പി.സി. ബിജുകുമാർ : അയ്യപ്പനെന്നാ സുനി സാറിന്റെ അച്ഛന്റെ പേര്. സുനിയപ്പാന്നു വിളിക്കുംബോൾ സാറ് അവന്റെ തന്തക്ക്  വിളിക്കുന്ന ഫീലാ സുനി സാറിന്.

റോക്കറ്റ് റോയി : അങ്ങനെയാണോ.? ജു.ജു.ജു.

പശ്ചാത്തപിക്കും പോലെ തലയാട്ടി റോയി ജീപ്പിലേക്ക് കയറുന്നു.ഡ്രൈവർ സീറ്റിലേക്ക് ബിജുവും. ജീപ്പിന്റെ പിന്നിൽ എമ്മാനുവേൽ സുനിയോടൊപ്പമാണ് ഇരിക്കുന്നത്.എതിർ വശം തങ്കനും മറ്റും. ഒരു കുലുക്കത്തോടെ ജീപ്പ് സ്റ്റാർട്ടായി മുന്നോ‍ട്ട് നീങ്ങുന്നു. ജീപ്പ്  നീങ്ങുന്നതിനിടയിൽ വിജയനെ നോക്കി ,

എമ്മാനുവേൽ : ഒരു കുപ്പി കള്ളിനെന്താ വില .

വിജയൻ : കള്ളിനോ. (ഒരു വിശദീകരണമെന്നോണം കാലിന്മേൽ കാല് കയറ്റി വെച്ച്) ഒരു കുപ്പി കള്ളിന് 70 രൂപാ. തണുത്തതാണെങ്കിൽ അഞ്ചു രൂപാ കൂടും. നമ്മുടെ മദ്ധ്യകേരളം വരെ വരവ് കള്ളാ കൂടുതലും . ഹാ... പാലക്കാടൻ കള്ളേ. പിന്നെ റേഞ്ച് മാറുംതോറും റേറ്റിന് വ്യത്യാസമുണ്ടാകും.

അതുകേട്ട് റോക്കറ്റ് റോയി തിരിഞ്ഞു നോക്കുന്നു.

റോക്കറ്റ് റോയി : ജീപ്പിലിരുന്ന് അതും എന്റെ മുന്നിൽ വെച്ച് ആരാടാ കള്ളു പുരാണം പറയുന്നത്?.

വിജയൻ ചിരിച്ച് കൊണ്ട്  മുഖം പൊത്തുന്നു. അവന്റെ ഇരുപ്പ് കണ്ട്,

എച്ച് .സി. സുനി : കാലു താഴ്ത്തി വെയ്ക്കടാ.

വിജയൻ ഭവ്യതയോടെ അതനുസരിക്കുന്നു. 

എമ്മാനുവേലിനെ നോക്കി ,

റോക്കറ്റ് റോയി : നിനക്കെന്താ ഈ രാത്രീല് കള്ള് വേണോ ?

ഭവ്യതയോടെ,

എമ്മാനുവേൽ : ഞാൻ കള്ളു കുടിക്കാറില്ല സാറേ.

റോക്കറ്റ് റോയി : ങും.

അയാൾ   അവനെ നോക്കി മൂളിത്തിരിയുന്നു.

എമ്മാനുവേൽ : എനിക്ക് ലിക്വറാ ഇഷ്ടം. റെഡ് ലേബൽ, ശിവാസ് റീഗൽ, സ്മിർനോഫ്, ബ്ലാക്ക് ഡോഗ്.നിവർത്തിയില്ലേ മാത്രം  സിഗ്നേച്ചർ കഴിക്കും.

അവനെ രൂക്ഷമായി തിരിഞ്ഞു നോക്കി സുനിയോട്,

റോക്കറ്റ് റോയി : സുനിയപ്പാ ഇവന്റെ പേരിലുള്ള വകുപ്പേതാ?.

വിളി  ഇഷ്ടപ്പെടതെ തലചൊറിഞ്ഞ് ,

എച്ച്.സി.സുനി : വകുപ്പ് പലതിലുമിടാം സാറേ. വണ്ടി തടയൽ,  പൊതുമുതൽ നശിപ്പിക്കൽ .

തെറ്റൊന്നും ചെയ്തില്ലെന്ന വിധം,

എമ്മാനുവേൽ : അയ്യോ സാറേ ഞാൻ.

എച്ച്.സി. സുനി : ഒന്നും പറയണ്ട.ഞാനേറ്റു.

നിസ്സംഗമായ എമ്മാനുവേലിന്റ്റെ മുഖം. പൊന്നനും മറ്റും  സന്തോഷം. ജീപ്പ് ഒരു വളവു തിരിയുംബോൾ  കുറ്റിക്കാട്ടിൽ   നിന്നും കയറി വരുന്ന, തലയിൽ തോർത്തിട്ട് മൂടിയ അവ്യക്ത മനുഷ്യരൂപം ജീപ്പിനുള്ളിൽ തങ്കനേയും മറ്റും കാണുന്നു. ജീപ്പകന്നു പോകുന്നു.

കട്ട്

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ