9. പൂവത്തേൽ കുന്നിൽ
പുളവന്റെ പുതിയ വിശേഷങ്ങളറിയാതെ വിഷമിച്ചിരിക്കുകയാണ് മുണ്ടി. പുളവൻ പറയുന്നതിലും പ്രവർത്തിക്കുന്നതിലും എന്തോ കാര്യമുണ്ടെന്ന് അവൾക്കറിയാം. എന്നാൽ പൂർണമായി ഒന്നും തിരിയുന്നുമില്ല.
ഏതായാലും ഇന്ന് പുളവന്റെ മാളം വരെയൊന്നു പോകണം. പറ്റിയെങ്കിൽ കൂട്ടിക്കൊണ്ട് പൂവത്തേ കുന്നിലെ പാറയിടുക്കിൽ വളരുന്ന മരുന്നു ചെടിയുടെ രണ്ടില കൊത്തി തിന്നണം.
കുറച്ചു ദിവസമായിട്ട് ഒരു വല്ലാത്ത വയറ്റിൽ വേദന. മരുന്നില കൊത്തി തിന്നാൽ സ്വല്പം ആശ്വാസം കിട്ടും. പക്ഷേ, തനിയെ പോകാൻ പേടിയാ. ആ കുറ്റിക്കാട്ടിൽ കുറുക്കന്മാരുണ്ട്. കണ്ണിൽ പെട്ടാൽ ജീവൻ പോയതു തന്നെ. അതുകൊണ്ട് പുളവനെ കൂട്ടിനു വിളിക്കാം എന്നു തോന്നി.
തോട്ടരികിലൂടെ നീന്തിയും നടന്നും പറന്നും പുളവന്റെ മാളത്തിനടുത്തെത്തി.
മുണ്ടി വിളിച്ചു:- "പുളവണ്ണോ, അണ്ണേ, ഇതു കോഴിപ്പെണ്ണാ, ഒരുപകാരം ചെയ്യുവോ?"
പുളവൻ മാളത്തിൽ നിന്ന് തല പുറത്തിട്ടു ചോദിച്ചു:-. "എന്താ പെണ്ണേ, നിനക്കെന്താ വേണ്ടത്?"
"അണ്ണേ, വല്ലാത്ത വയറ്റു വേദന. ഇത്തിരി മരുന്നു പറിക്കാൻ കൂട്ടു വരാമോ?"
"നിനക്ക് തനിയെ പോകാനറിയില്ലേ?"
"വഴിയറിയാം. പൂവത്തേ കുന്നിലെ പാറയിടുക്കിലാ, മരുന്നു ചെടി. അവിടെ കുറുക്കനുള്ളതുകൊണ്ടാ തനിച്ചു പോകാൻ പേടി. അണ്ണന് സമയമുണ്ടെങ്കിൽ കൂടെ വാ...!"
"വരാം. ഇതാ തയ്യാറായിക്കഴിഞ്ഞു."
പുളവനിഴഞ്ഞും മുണ്ടി നടന്നും കുന്നു കയറാൻ തുടങ്ങി. കുന്നിന്റെ മുകളിലേക്ക് മനുഷ്യർ നടക്കുകയും വണ്ടികൾ കയറിപ്പോകുകയും ചെയ്യുന്ന റോഡുണ്ട്. കയറി പകുതിയെത്തിയപ്പോഴേക്കും മുണ്ടി കിതയ്ക്കാൻ തുടങ്ങി.
മുണ്ടി വിക്കി, വിക്കി പറഞ്ഞു.
"അണ്ണാ, ശ്വാസം മുട്ടുന്നു. തല കറങ്ങുന്നു. കണ്ണിൽ ഇരുട്ടു നിറയുന്നണ്ണാ! ഞാനിവിടെ വീഴും..."
"പേടിക്കാതെ. നീയാ മരത്തിന്റെ ചുവട്ടിൽ ഇരുന്നേ."
അവളവിടെയിരുന്നു. പുളവനവളുടെ നെഞ്ചു തിരുമ്മിക്കൊടുത്ത് ആശ്വസിപ്പിച്ചു.
"മനുഷ്യന്മാരും മൃഗങ്ങളും പറയുന്നത്, പഴയതുപോലെ പൂവത്തേൽ കുന്നു കയറാൻ പറ്റുന്നില്ലെന്നാ! ക്ഷീണിക്കുകയാണു പോലും!" മുണ്ടി അവശയായി പറഞ്ഞു.
"അതെങ്ങനാ സാധിക്കുക? വായുവിൽ ഓക്സിജൻ കുറഞ്ഞു പോയില്ലേ. ഇവിടൊക്കെ എത്ര വലിയ മരങ്ങളുണ്ടായിരുന്നതാ. ആഞ്ഞിലീം പ്ലാവും മാവും തേക്കും വട്ടയും ഇരുപൂളും മരുതും കാടുപിടിച്ചു നിന്നതല്ലേ? അന്ന് അന്തരീക്ഷത്തിൽ കൂടുതൽ പ്രാണവായു നിറഞ്ഞിരുന്നു. അതുകൊണ്ടാ ക്ഷീണം തോന്നാതിരുന്നത്.അതെല്ലാം വെട്ടി വിറ്റപ്പോൾ ഓക്സിജൻ കുറഞ്ഞു, ക്ഷീണോം കൂടി!"
"വണ്ടികളു കൂടിയതുകൊണ്ട് പ്രശ്നമൊന്നുമില്ലേ അണ്ണാ? ഒരു വീട്ടിൽ തന്നെ മൂന്നും നാലും വണ്ടീകളല്ലേ?"
"പ്രശ്നമുണ്ട്. വണ്ടിയുടെ പുകയിൽ കാർബൺ ഡയോക്സൈഡും കാർബൺ മോണോക്സൈഡും ഉണ്ട്. മുകളിലേക്ക് വണ്ടി കയറുമ്പം പുറംതള്ളുന്ന കാർബൺഡയോക്സൈഡ്, സാന്ദ്രത കൂടുതലായതുകൊണ്ട് താഴോട്ട് വ്യാപിക്കും. അതുകൊണ്ടാ എല്ലാവർക്കും പഴയതിലും കൂടുതൽ ക്ഷീണം"
"എന്റെ ദൈവങ്ങളേ, എന്തൊക്കയാ വരണത്. ജീവിക്കാൻ വയ്യാണ്ടായല്ലോ!"
"ഇതിനെതിരെ പ്രവർത്തിക്കാനും പരിസ്ഥിതി ബലപ്പെടുത്താനുമല്ലേ എന്റെ ശ്രമങ്ങൾ!"
"നല്ലതു ചെയ്യണ്ണാ. ദൈവങ്ങളു തുണയാവട്ടെ!"
"അണ്ണാ, എനിക്ക് ക്ഷീണം മാറി. നമുക്കു കയറാം."
"ശരി, നടക്ക്. അല്ലെങ്കിൽ വേണ്ട, നിന്നെ ഞാൻ വാലുകൊണ്ട് ചുറ്റിപ്പിടിക്കാം. ദിവ്യശക്തികൊണ്ട് പറന്നു പോകാം."
മുണ്ടി സമ്മതിച്ചു. മുണ്ടിയെ ചുറ്റിപ്പിടിച്ചുകൊണ്ട് പുളവൻ പാറയിടുക്കിലേക്ക് മരുന്നു തേടി കുതിച്ചു.
(തുടരും...)