6. കുറിഞ്ഞിക്കാവ് പ്രസംഗം
റാണി ഈച്ചകൾ തിരിച്ചുപോയി അരമണിക്കൂറിനുള്ളിൽ ചുറ്റും ജീവിക്കുന്ന മൃഗങ്ങളും പക്ഷികളും ശലഭങ്ങളും ഉരഗങ്ങളും കാവിന്റെ മുറ്റത്തെത്തി. ജലജീവികൾ കരിയിലത്തോട്ടിന്റെ അരുകിൽ നിരന്നു.
അവരെ അഭിസംബോധന ചെയ്തുകൊണ്ട് പുളവൻ അന്തരീക്ഷത്തിലേക്കുയർന്നു. കാന്തവലയങ്ങളിൽ അവനൊരു മായാമാന്ത്രികനെപ്പോലെ നിലയുറപ്പിച്ചു. സൂര്യരശ്മികൾ അവനൊരു ദിവ്യ പരിവേഷം നല്കി.
പുളവൻ സംസാരിക്കാൻ തുടങ്ങി.
"പ്രിയ ജന്തു വർഗങ്ങളേ,
നിങ്ങളെ ഈ ഉച്ച സമയത്ത് ഇവിടെ വിളിച്ചു കൂട്ടിയതിൽ ക്ഷമ ചോദിക്കുന്നു.
എങ്കിലും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുമ്പോൾ, നിങ്ങളെന്നെ കുറ്റപ്പെടുത്തില്ല എന്നുറപ്പാണ്.
ഇനി ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്താം. ഞാൻ ശിവകണ്ഠത്തിലെ വാസുകിയുടെ വംശജൻ, അഴികണ്ണിത്തോട്ടിലെ പുളവൻ!
നമ്മൾ അധിവസിക്കുന്ന പ്രകൃതിയെ പരിരക്ഷിക്കേണ്ടത് നമ്മുടെ കടമയായി മാറിയിരിക്കുന്നു. ഈ ആവശ്യകതയെ നിങ്ങൾക്കു പറഞ്ഞു മനസ്സിലാക്കിത്തരാനാണ് ഈ സമ്മേളനം.
കരിമ്പനക്ചാവ് ഭഗവതിയുടെയും പുതുച്ചിറക്കാവ് ഭദ്രകാളിയുടെയും കുറിഞ്ഞിക്കാവ് വനദുർഗ്ഗയുടെയും പ്രതിനിധിയായി, ദൂതനായി ഞാൻ നിങ്ങളോടു സംസാരിക്കുന്നു. എന്റെ ശബ്ദം നിങ്ങളുടെ സ്വന്തം ഭാഷയിൽ നിങ്ങൾ ശ്രവിക്കപ്പെടും. എന്റെ വാക്കുകൾ മറക്കാതെ നിങ്ങളുടെ മസ്തിഷ്കങ്ങളിൽ നിലനില്ക്കും.
പ്രിയമുള്ളവരേ, ബുദ്ധിശക്തിയിൽ ഏറ്റവും വികാസം നേടിയ മനുഷ്യൻ ഒന്നിനും കഴിയാത്തവനായിമാറിയിരിക്കുന്നു. സ്വന്തം അഹങ്കാരവും സ്വാർഥതയും മനുഷ്യനെ തകർത്തിരിക്കുന്നു. അവനിനി നശിപ്പിക്കുവാനെ കഴിയൂ. സാംസ്കാരിക പുരോഗതി മനുഷ്യവംശത്തെ അന്ധനാക്കിയിരിക്കുന്നു. ഇക്കാര്യങ്ങൾ ദേവലോകവും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി പ്രകൃതിയുടെ പ്രതീക്ഷ നമ്മളിലാണ്.
പ്രകൃതിസംരക്ഷണം നമ്മുടെ കടമയാണ്. പഴയതിലും കൂടുതൽ ഉത്തരവാദിത്തം നമ്മളിലേക്ക് വന്നു ഭവിച്ചിരിക്കുന്നു.
ചില കാര്യങ്ങളിൽ ഒരു തിരുത്തൽ നമുക്കാവശ്യമാണ്. മൃഗങ്ങൾ മനുഷ്യനെ ഉപദ്രവിക്കാതിരിക്കുക. മനുഷ്യന്റെ കൂടെ വാലാട്ടി നടന്ന് വേണ്ടാത്തതെല്ലാം കണ്ടു പഠിച്ച നായ്ക്കൾ മനുഷ്യനെ കടിച്ചു കീറുന്നത്, അപലപനീയമാണ്. കാട്ടു മൃഗങ്ങൾ നാട്ടിലേക്കിറങ്ങാതിരിക്കുക.
കടുവകളും ആനകളും വളരെ മോശമായി നാട്ടിലിറങ്ങി ശല്യം ചെയ്യുന്നില്ലേ? ആരെയും ഉപദ്രവിക്കാതെ സഹകരിക്കുക. ശലഭങ്ങൾ പരാഗണം തുടരുക.നല്ല സസ്യസമ്പത്തിന് വഴിയൊരുക്കുക. കീടങ്ങൾ കൃഷി നശിപ്പിക്കാതിരിക്കുക. ഈച്ചകളും കൊതുകുകളും എലികളും വവ്വാലുകളും ജനന നിയന്ത്രണം പാലിച്ചേ പറ്റൂ. നിങ്ങളുടെ എണ്ണം ഇനി വർധിക്കരുത്. അതുപോലെ പരാദങ്ങളുടെ വംശവർധനവും തടയണം. അതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കണം.
പരിസര ശുചീകരണം ജീവിത വ്രതമാക്കണം. ഔഷധസസ്യങ്ങളെ വിത്തു വിതരണത്തിന് സഹായിക്കണം. മനുഷ്യനെ ഒരിക്കലും ശത്രുവായി കാണരുത്. ബോധം നഷ്ടപ്പെട്ട നിരാലംബനായി കരുതണം. സാംസ്കാരിക മഹാവ്യാധിയുടെ ഇരയാണു മനുഷ്യർ.
മനുഷ്യന്റെ സ്നേഹവും സഹകരണവും പിടിച്ചു പറ്റുക. പിന്നീട് അവരെയും നമ്മുടെ യജ്ഞത്തിലെ പങ്കാളികളാക്കാം. ഭക്ഷ്യ ജാലികയിലെ ഒരു കണ്ണിക്കു പോലും പോറലേല്ക്കാതെ, ശക്തിയും പുഷ്ടിയുമുള്ള പരിസ്ഥിതി വ്യൂഹം നിർമിച്ചെടുക്കാൻ നമുക്കു പ്രതിജ്ഞയെടുക്കാം!
വിശ്വാസം നഷ്ടപ്പെട്ട മനുഷ്യനിൽ വീണ്ടും നന്മയുടെ ഉറവ വളർത്തിയെടുക്കുവാൻ നമ്മുടെ നയപരമായ ഇടപെടലുകൾ കൊണ്ടു സാധിക്കും. അടുത്ത തവണ കുറിഞ്ഞിക്കാവിൽ ആണുങ്ങൾ താലമെടുക്കുമ്പോൾ തലയ്ക്കു മുകളിൽ, വഴിയോരങ്ങളിൽ നമ്മളും സന്തോഷ നൃത്തം ചെയ്തുകൊണ്ട് അണിനിരക്കണം. നമ്മുടെ ശബ്ദം ഓങ്കാരമായി അന്തരീക്ഷത്തിൽ മുഴങ്ങണം. മനുഷ്യർ നമ്മുടെ പ്രകടനവും ശാന്തതയും സഹകരണവും കണ്ട് വിസ്മയിക്കണം.
എന്താ കഴിയില്ലേ"
"കഴിയും ഞങ്ങൾക്കു കഴിയും!"
"ശാന്തമായി പിരിഞ്ഞു പോകൂ. ഈ വാക്കുകൾ നിങ്ങളിലൂടെ അദ്ഭുതം സൃഷ്ടിക്കുന്നത് കാത്തിരുന്നു കാണാം."
മൃഗങ്ങൾ പിരിഞ്ഞു പോയി.
മുണ്ടി ചോദിച്ചു: "അണ്ണാ, ഇങ്ങനെയൊക്കെ പറയാൻ ആരാണണ്ണാ പഠിപ്പിച്ചത്?"
"എനിക്കുമറിയില്ല പെണ്ണേ. അത് ദേവിമാർ എന്നിലൂടെ സംസാരിച്ചതാണ്. ഞാൻ വെറുമൊരുപകരണം മാത്രം."
"അതിശയം തന്നെ!"
(തുടരും...)