4. കുറിഞ്ഞിക്കാവിലേക്ക്
ആപത്തുസമയത്ത് ഒരു തുണ കിട്ടിയപ്പോൾ അവന്റെ ശ്വാസം നേരെ വീണു. വിറയൽ മാറി. രാത്രിയിൽ സംഭവിച്ച വിചിത്ര സംഭവങ്ങൾ മുണ്ടിയെ
പറഞ്ഞു കേൾപ്പിച്ചു.
"ചേട്ടൻ അനുഗ്രഹിക്കപ്പെട്ടു കഴിഞ്ഞു. ദേവിയമ്മ പറഞ്ഞതുപോലെ നല്ല കാര്യങ്ങൾ ചെയ്യണം. ചേട്ടനൊരു സഹായിയായി ഈ മുണ്ടി കൂടെ നില്ക്കാം"
ശരി പെണ്ണേ, നമുക്കു പലതം ചെയ്തു തീർക്കാനുണ്ട്.ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇഞ്ചപ്പടർപ്പിനുള്ളിലേക്ക് മലയണ്ണാന്റെ രണ്ടു കണ്ണുകൾ ആഴ്ന്നിറങ്ങിയത്. നീർക്കോലിയുടെയും കുളക്കോഴിയുടെയും ചങ്ങാത്തം അത്ര രസിക്കാതെ അണ്ണാൻ കളിയാക്കി:
"നട്ടുച്ചയ്ക്കൊരു ശൃംഗാരം. നാണമില്ലാത്ത ജന്തുക്കൾ. ഈ കോഴിപ്പെണ്ണിന്റെ കുലുക്കം കണ്ടപ്പോഴെ വിചാരിച്ചതാ എവന്റെയെങ്ങിലും തോളേക്കേറാനുള്ള പോക്കാണെന്ന്."
കോഴിപ്പെണ്ണിനു നാക്കു ചൊറിഞ്ഞു വന്നു.
അവളു ചോദിച്ചു:
" എന്തുകണ്ടിട്ടാ അണ്ണാ, ഈശകാരങ്ങള്?
ഞാനും പുളവനണ്ണനും തമ്മിൽ മിണ്ടിയാൽ ആകാശം ഇടിഞ്ഞു വീഴില്ല.
പത്തുപേർക്ക് ഗുണം കിട്ടുന്ന കാര്യമാ പറയുന്നത്."
"എന്താ ഇത്ര വലിയ ആനക്കാര്യം? ഞാനും
കൂടി അറിയട്ടെ."
"അതേ, ഇത്തരത്തിലാണ് മനുഷേന്മാരും
ചില വിവരം കെട്ട ജന്തുക്കളും ജീവിക്കുന്നതെങ്കിൽ ഭൂമി മുടിയും. അതു വേണോ, വേണ്ടയോ?"
"അതിനെന്തു സംഭവിച്ചെന്നാ? കാര്യം പറ പെണ്ണേ."
"പട്ടികളായ പട്ടികളൊക്കെ മനുഷ്യനെ കടിച്ചുകീറാൻ നടക്കണു. ആനയും പുലിയും നാട്ടിലിറങ്ങി മേയുന്നു. ഈച്ചേം കൊതുകും വവ്വാലും രോഗം പരത്തുന്നു. എലികളും കീടങ്ങളും കൃഷി നശിപ്പിക്കുന്നു. മനുഷ്യരുതമ്മിൽ കുത്തും വെട്ടും നടക്കുന്നു. ഇത്തരം ലോകത്തിലെങ്ങനെ സമാധാനമായി ജീവിക്കും?"
"ആ പറഞ്ഞതിൽ കാര്യമുണ്ട്."
"നമ്മളു മിണ്ടാതിരുന്നിട്ടു കാര്യമില്ല. എല്ലാം ശരിയാക്കാൻ നോക്കണം. ആദ്യായിട്ട് വരാൻപോണ ആപത്തിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുക്കണം."
"അതിനു നിങ്ങളെന്തു ചെയ്യാൻ പോകുകാ?"
"ഇന്നലെ രാത്രീല് ദേവിയമ്മ, നാടിന്റെ പരദേവത, പുളവനണ്ണനെ അനുഗ്രഹിച്ച്
ചിലതൊക്കെ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.
ഞങ്ങളതിനെപ്പറ്റിയാ പറഞ്ഞോണ്ടിരുന്നേ."
"നല്ല കാര്യത്തിന് ഞാനെതിരു പറയുന്നില്ല. നടക്കട്ടെ, നടക്കട്ടെ; ഞാൻ പോയേക്കാം!"
അണ്ണാൻ അപ്രത്യക്ഷനായി.
പുളവൻ പറഞ്ഞു: " മുണ്ടീ, നമുക്ക് കുറിഞ്ഞിക്കാവുവരെ പോണം. അവിടുന്നാവട്ടെ നമ്മുടെ തുടക്കം."
"പോകാം, ചേട്ട." ഞാൻ റെഡി.
നെല്ലാപ്പാറ കുന്നിനു തെക്ക് കുറിഞ്ഞി കൂമ്പന്റെ ചുവട്ടിലെ മേൽക്കൂരയില്ലാത്ത വനദുർഗ്ഗാ ക്ഷേത്രമാണ് കുറിഞ്ഞിക്കാവ്.
പുളവൻ നീണ്ടു നിവർന്നു. മുണ്ടിയുടെ കാലിൽ ചുറ്റി. ശരവേഗത്തിൽ നെല്ലാപ്പാറയുടെ മുകളിലൂടെ കുറിഞ്ഞി കാവിലേക്കു പറന്നു!
(തുടരും)