16. ഒരു മുങ്ങിക്കുളി
സമ്മേളനം കഴിഞ്ഞു മലയിറങ്ങിയ പുളവൻ മുണ്ടിയുടെ മൂന്നുതോട്ടിലെ വീടിനരികിലെത്തി. അവൻ വിളിച്ചു:
"കോഴിപ്പെണ്ണേ, നീ എവിടാ, കണ്ടിട്ട് ദിവസം കുറച്ചായല്ലോ"
മുണ്ടി പരിഭവത്തോടെ ഇറങ്ങിവന്നു.
"അണ്ണനിപ്പം തനിച്ചു നടക്കാനല്ലേ ഇഷ്ടം?
ഒന്നു കണ്ടിട്ടും മിണ്ടിയിട്ടും നാളെത്രയായി?"
"പിണങ്ങാതെ പെണ്ണേ, എനിക്ക് അമരങ്കാവിലും കൊടികുത്തിയിലും പോകാനുണ്ടായിരുന്നു. നിന്നെ കൂട്ടി പോകുന്നത് അപകടമായിരിക്കുമെന്നു കരുതി, തനിച്ചു പോയതാണ്."
"അപ്പം അണ്ണൻ പ്രവർത്തനത്തിൽ തന്നെയായിരുന്നു."
"അതെ."
"എനിക്കൊന്നു മുങ്ങിക്കുളിക്കണം. ആ പാലത്തിന്റെ കീഴെ വെള്ളമില്ലേ?"
"ഇപ്പം വെള്ളമുണ്ട്. രണ്ടാഴ്ച കഴിഞ്ഞാൽ ഉണങ്ങും."
"നീ വരുന്നോ? വല്ലോം മിണ്ടിം പറഞ്ഞും ഇരിക്കാം."
പുളവൻ വെള്ളത്തിൽ ചാടി, പുളഞ്ഞു വളഞ്ഞ് നീന്തിക്കളിച്ചു. മുണ്ടി ചോദിച്ചു: "ഇനിയെന്താ അണ്ണന്റെ അടുത്ത പരിപാടി"
"ഒത്തിരി ആപത്തുകൾക്കെതിരെ മുൻകരുതലുകളെടുക്കണം."
"എന്തൊക്കെ ആപത്തുകളാ വരാനിരിക്കുന്നത്?"
"ശബരി റെയിൽപ്പാത വന്ന് നെല്ലാപ്പാറ കുന്നു തുളച്ചു തുരങ്കമുണ്ടാക്കിയാൽ, അഴികണ്ണി തോടില്ല, കുറിഞ്ഞിക്കാവില്ല, പതിനായീരക്കണക്കിന് ജീവികളും അവശേഷിക്കില്ല!"
"അമ്മമ്മോ..."
"പ്രധാനമന്ത്രിയുടെ ദേശീയപാത വികസനത്തിന്റെ ഭാഗമായ ആറുവരിപ്പാത വരുന്നത്, ഞാനിപ്പോൾ നീന്തുന്ന തോടിനു കുറുകെയാണ്. പാലം പണിതാലും തോടു നികത്തിയിലും വഴിതിരിച്ചു വിട്ടാലും തിരികെ പിടിക്കാൻ പറ്റാത്ത പരിസ്ഥിതി തകർച്ച സംഭവിക്കും.
തൊഴിലുറപ്പുകാർ എല്ലാ വേനലിനും ഈ തോടിന്റെ ഇരുകരകളിലെ കുറ്റിച്ചെടികളും, ഔഷധ സസ്യങ്ങളും വെട്ടിയുണക്കി തീയിടുമ്പോൾ, നശിക്കുന്ന ജീവ സമ്പത്തിന്റെ കണക്ക് പഞ്ചായത്തറിയുന്നില്ല. തടിവെട്ടുകാരും മണലൂറ്റുകാരും നമ്മുടെ ചുറ്റുപാടിനു വരുത്തുന്ന വൃണപ്പാടുകൾ ഉണങ്ങാതെ അർബുദമായി മാറുന്നതാരും തിരിച്ചറിയുന്നില്ല.
തകർച്ചയുടെ കാട്ടുതീ ആളിപ്പടർന്നടുക്കുമ്പോൾ, മനസ്സിനെ തണുപ്പിക്കാൻ, സമാധിനിപ്പിക്കാൻ, ദേവതകൾ ശക്തി തരണേ എന്നു പ്രാർത്ഥിക്കാനേ കഴിയൂ!"
"നിർത്തണ്ണാ, നിർത്ത്. ഇതു കേട്ടിട്ടു പേടിയാവുന്നു."
നമ്മുടെ ഗ്രാമത്തിന്റെ ഒരു ചെറു മൂലയിൽ,
ഇതാണു സ്ഥിതിയെങ്കിൽ, ഈ ജില്ലയിലും സംസ്ഥാനത്തും രാജ്യത്തും ലോകത്തിലെല്ലായിടത്തും അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക
തകർച്ചകളെപ്പറ്റി ചിന്തിച്ചു നോക്കൂ, പെണ്ണേ..."
മുണ്ടിക്കൊപ്പം നമുക്കോരോരുത്തർക്കും നമ്മുടെ ചുറ്റുപാടിനുണ്ടാവുന്ന മുറിവുകളെപ്പറ്റി ചിന്തിക്കാം. പരിഹാരം കാണാം.
(അവസാനിച്ചു)