12. ജന്തു മഹാജാഥ
അന്യജീവികളുടെ മനസ്സിലേക്കും, സ്വപ്നങ്ങളിലേക്കും ചിന്തകളിലേക്കും കടന്നു ചെല്ലാൻ കഴിയുന്ന പുളവമനസ്സ്
നാട്ടിലെ ജനനായകന്മാരുടെ മനസ്സിൽ പ്രകൃതി സംരക്ഷണത്തിന്റെ ത്വര സൃഷ്ടിച്ചെടുത്തു. സ്വപ്നങ്ങളിലൂടെ അശരീരിയായി അവരുമായി സംവദിച്ചു. അടുത്ത ജനുവരി ഒന്നിന്, കരിങ്കുന്നം പള്ളിമുറ്റത്തു നിന്ന് പുറപ്പുഴ പുതുച്ചിറക്കാവിന്റെ മുമ്പിൽ, ശ്രീ P. J. ജോസഫ്,MLA യുടെ വീട്ടുമുറ്റം വരെ ഒരു മഹാജാഥ എല്ലാ പക്ഷിമൃഗാദികളും മനുഷ്യരും ഒത്തൊരുമിച്ച് നടത്താൻ തീരുമാനിച്ചു.
നാട്ടിലെ ഭാവനാസമ്പന്നരെക്കൊണ്ട് മുദ്രാവാക്യങ്ങൾ എഴുതിച്ചു. ആർട്ടിസ്റ്റുകളെക്കൊണ്ട് പ്ലേക്കാർഡുകൾ ഉണ്ടാക്കിച്ചു. മൃഗങ്ങളെ താളാത്മകമായി ശബ്ദിക്കാൻ പഠിപ്പിച്ചു.നൃത്തം ചെയ്യാൻ പഠിപ്പിച്ചു.
അങ്ങനെ ജനുവരി ഒന്നാം തീയതി വന്നു. രാവിലെ എട്ടുമണിക്കു മുൻപുതന്നെ ജന്തുക്കളും പക്ഷികളും മനുഷ്യരും പള്ളിമുറ്റത്തെത്തി. കുളമാവുകാടുകളിൽ നിന്നെത്തിയ വാനരസംഘം ( അവർ ജവഹർ നവോദയ വിദ്യാലയത്തിലെ കുട്ടികളുടെ ബാന്റുസെറ്റ് പ്രാക്ടീസ് കേട്ട്, അനുകരിക്കുന്നവർ) വാദ്യഘോഷം മുഴക്കി, നൃത്തം ചെയ്തു. സെമിത്തേരിയുടെ
കല്ലറകൾക്കു മുകളിലും പള്ളി നടകളിലും അലസമായി ചിന്തിച്ചിരിക്കാറുള്ള പരേതാത്മാക്കൾ കാക്കകളുടെ ഹൃദയത്തിലേക്ക് ചേക്കേറി. ജാഥയിൽ പങ്കുകൊണ്ടു.
മഹാജാഥ വലിയ വിപ്ലവാവേശത്തോടെ 'കരിങ്കുന്നം- പുറപ്പുഴ' റോഡിലൂടെ മുന്നോട്ടു നീങ്ങി.
ജലജീവികൾ അഴികണ്ണിത്തോട്ടിലൂടെ പുറപ്പുഴയ്ക്കു കുതിച്ചു.നാട്ടിലെ ജന്തു വർഗങ്ങൾ ഒരേ വികാരത്തിൽ, ഒരേ ലക്ഷ്യത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി, ശബ്ദാരവം മുഴക്കി, നൃത്തംവെച്ച്, സഹകരിച്ച്, സമാധാനപരമായി, നടത്തിയ ചരിത്രത്തിലെ ആദ്യ മഹാപ്രദക്ഷിണം!
MLAയുടെ വീടിനു മുമ്പിലെ വിശാലമായ തോട്ടത്തിൽ വലിയ സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എല്ലാ ജീവികൾക്കും വെള്ളവും ഭക്ഷണവും ഒരുക്കിയിരുന്നു. വേണ്ട നിർദ്ദേശങ്ങൾ ഉച്ചഭാഷിണിയിലൂടെ നല്കിക്കൊണ്ടിരുന്നു. വീടിന്റെ പുറകിലെ തോട്ടിലും പാടത്തും ജലജീവികൾക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു!
ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം
അന്തരീക്ഷത്തിലേക്ക് ഒരു വെള്ളിവടിപോലെ ഉയർന്നുനിന്ന പുളവൻ, ഏവരേയും സ്വാഗതം ചെയ്തുകൊണ്ട്, ബഹുമാന്യനായ MLAയെ പ്രസംഗത്തിനു ക്ഷണിച്ചു.
MLA മൈക്കിനു മുമ്പിലെത്തി, മഹാസദസ്സിനെ നോക്കിക്കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി. മനസ്സ് ആനന്ദാതിരേകത്താൽ രോമാഞ്ചമണിഞ്ഞു. ശ്രീ. പീ.ജെ. ജോസഫ് സംസാരിക്കാൻ തുടങ്ങി.
"പ്രിയ സഹജീവികളേ,
എന്റെ ജീവിതത്തിലെ ഏറ്റവും ചാരിതാർത്ഥ്യം നിറഞ്ഞ ഒരു ദിവസമാണിത്. നാളിതുവരെയുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങക്ക് ഒരു പൂർണത വരുന്നത് ഇന്നാണ്. പ്രപഞ്ച ശക്തിയുടെ ദിവ്യ പ്രഭാവത്താൽ സമസ്ത ജീവിവർഗങ്ങളെയും ഒന്നിച്ചു കാണാനും അവരോട് അല്പം സംസാരിക്കാനും അവസരം കിട്ടിയിരിക്കുന്നു. എന്റെ മനസ്സിന്റെ മനസ്സിലെ ഒരാഗ്രഹമായിരുന്നു പരിസ്ഥിതി സന്തുലനത്തിനുവേണ്ടി പ്രവർത്തിച്ചു മരിക്കുക എന്നത്. എന്റെ രാഷ്ട്രീയ ജീവിതത്തിലും ഗാന്ധിജി സ്റ്റഡി സെന്റർ അധ്യക്ഷനെന്ന നിലയിലും സഹജീവനത്തെയും, സഹകരണത്തെയും പുഷ്ടിപ്പെടുത്തുക എന്ന അടിസ്ഥാന ലക്ഷ്യമുണ്ടായിരുന്നു.
ഇവിടെ കൂടിയിരിക്കുന്ന ജീവി വർഗങ്ങളെ സാക്ഷിയാക്കി ഞാൻ ശപഥം ചെയ്യുന്നു, 'എന്റെ ശിഷ്ടകാല ജീവിതം സഹജീവികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും, ആരോഗ്യമുള്ള ഒരു പരിസ്ഥിതി വ്യൂഹം നിർമിച്ചെടുക്കുന്നതിനും വേണ്ടിയായിരിക്കുമെന്ന്!"
വളരെ നീണ്ടു നിൽക്കുന്ന കയ്യടിയും ഹർഷാരവങ്ങളും മുഴങ്ങി. കുറുക്കന് മതിവരുവോളം കൂവാനുള്ള അവസരവും കിട്ടി.
പുളവൻ തുടർന്നു: " സമയാ സമയങ്ങളിൽ നമുക്കുവേണ്ട നിർദ്ദേശങ്ങൾ പ്രപഞ്ച വിധാതാവിന്റെ ഇംഗിതമനുസരിച്ച് എന്നിലൂടെ വെളിവാക്കപ്പെടും. നമ്മളൊത്തൊരുമിച്ച് പ്രകൃതിമാതാവിന് സേവനം ചെയ്യും!
ഇനി ഈ കൂട്ടുചേരലിന് കൃതജ്ഞത അർപ്പിക്കുവാൻ എന്റെ സോദരിയും കൂട്ടുകാരിയുമായ മുണ്ടിയെ ക്ഷണിക്കുന്നു."
മുണ്ടി പറന്ന് മുറ്റത്തെ മാവിന്റെ കൊമ്പിൽ കയറി ഇരുന്നു. സദസ്സിനെ നോക്കി പറഞ്ഞു.
"എന്റെ മിത്രങ്ങളേ, വലിയവരായ മനുഷ്യന്മാരേ, നിങ്ങളോട് വലിയ കാര്യങ്ങളൊന്നും പറഞ്ഞു തരാനുള്ള അറിവോ, കഴിവോ എനിക്കില്ല. എങ്കിലും ഈ ജീവി സമൂഹത്തെ ഒന്നിച്ചുകാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. ഈ നിറവും ശബ്ദവും ചലനങ്ങളും ആവേശവും അതിശയം ജനിപ്പിക്കുന്നു. കുളക്കോഴിക്കും ചിലതു ചെയ്യാനുണ്ട് എന്ന തിരിച്ചറിവുണ്ടാവുന്നു. പുളവനണ്ണൻ പറഞ്ഞതനുസരിച്ച് ഇവിടെ വന്നുചേർന്ന നിങ്ങൾക്കെല്ലാം നന്ദി പറയുന്നു. ഈശ്വരന്റെ കൃപാ കടാക്ഷം നിങ്ങളിലുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഓം ശാന്തി:"
എല്ലാവരും നിറഞ്ഞ മനസ്സോടെ, നിശ്ചയദാർഢ്യത്തോടെ, പുത്തൻ പ്രതീക്ഷയോടെ, അടുത്ത അറിയിപ്പിനുവേണ്ടി കാത്തിരിക്കാൻ
തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് തിരിച്ചു പോയി!
(തുടരും...)