2. ചക്രവാതച്ചുഴിയിൽ
അഴികണ്ണിത്തോടിനു മുകളിലൂടെ പറന്നുപറന്ന് പുളവൻ പുതുച്ചിറക്കാവിലെത്തി. നേരം പുലരാറായിട്ടില്ല. നല്ല കുരിരുട്ട്. താഴെ ദേവിയമ്മയുടെ ശ്രീകോവിലിന്റെ താഴികക്കുടം നക്ഷത്രവെളിച്ചത്തിൽ അവ്യക്തമായി കാണാം. ആൽമരത്തിന്റെ ഇലകൾ അനങ്ങുന്ന മർമരം പോലും വായുവിലില്ല. പുളവന്റെ മനസ്സു മന്ത്രിച്ചു,
"സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർധ സാധികേ!
ശരണ്യേ തൃoബകേ ദേവീ നാരായണീ നമോസ്തുതേ !"
അവനറിയാതെ ആ ദേവി സ്തുതി മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. പുളവനു മനസ്സിലായി അവൻ ക്ഷേത്രത്തിലെ മതിലിനുചുറ്റും വായുവിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന്.
പതുക്കെപ്പതുക്കെ കാഴ്ച തെളിഞ്ഞുവരുന്നതായി അനുഭവപ്പെട്ടു.
ഇപ്പോൾ, അനേകായിരം ജീവവർഗങ്ങൾ ഈ ആകാശച്ചുഴിയിൽ കറങ്ങിക്കൊണ്ടിരിക്കുന്നു.
പണ്ട് പാലത്തിനാടിയിലെ അപർണ ഉറക്കെ പുസ്തകം വായിക്കുന്നതുകേട്ടിട്ടുണ്ട്, ചൂടുകാറ്റും തണുത്തകാറ്റും കൂട്ടിയിടിക്കുമ്പോഴാണ് ചുഴലിക്കാറ്റുണ്ടാവുന്നതെന്ന്. കരിമ്പനക്കാവിനു മുകളിൽ വായു ചൂടുപിടിച്ചിരുന്നു. പഴയ ഇലവുമരം വീണുപോയതിൽപ്പിന്നെ ചൂടുകൂടുതലാണ്.അകലെ അമരംകാവിനു മുകളിലെ തണുത്തവായു,
പാറക്കടവും നെടിയശാലയും കടന്ന് കൊടികുത്തി മലയിൽ തട്ടി നെല്ലാപ്പാറയിലിടിച്ച് കറങ്ങി, രൂപം കൊണ്ട ചുഴലിപോലെ തോന്നി. എന്നാൽ രാത്രിയിൽ ചൂടില്ലല്ലോ. പിന്നെങ്ങനെ കാറ്റുണ്ടായി. അതേതോ അജ്ഞാത ശക്തിയുടെ പ്രവർത്തനമാണ്.
കാവിലമ്മുടെ ഭൂതഗണങ്ങൾ കിഴക്കൻ ചക്രവാളത്തിൽ ഗണപതിഹോമത്തിന്
ഹോമകുണ്ഡം കത്തിച്ചപോലെ കിഴക്ക് വെളിച്ചം വീണു തുടങ്ങി.
ഓരോ കറക്കത്തിലും ചിലരെല്ലാം താഴ്ന്നു പോവുന്നത് കാണാമായിരുന്നു. എന്നാൽ പുളവന് ഒരു പഞ്ഞിത്തുണ്ട് കാറ്റിൽ പറക്കുന്ന ലാഘവം തോന്നി. മനസ്സ് ശാന്തമായിക്കൊണ്ടിരുന്നു. ഒരു പ്രത്യേക ശാന്തിയും സമാധാനവും ആനന്ദവും ഉള്ളിൽ ക്രമേണ നിറഞ്ഞു വന്നു. അവന്റെ സ്ഥാനം ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേ ഉയരത്തിൽ നിലനിന്നു.
ക്ഷേത്രത്തിൽ നിന്ന് പ്രഭാതത്തിലെ ശംഖനാദമുയർന്നപ്പോൾ, ആ ചക്രവാതച്ചുഴി ശക്തികുറഞ്ഞ് സുഖകരമായ കുളിർകാറ്റായി മാറി. ക്ഷേത്രനടയിലേക്ക് പുളവൻ താഴ്ന്നു താഴ്ന്നു വന്നു.
ദേവിയമ്മയുടെ ശബ്ദം അശരീരിയായി കാതിൽ മുഴങ്ങി.
" പുളവാ, നീ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
പ്രകൃതി സന്തുലനത്തിന്റെ പാഠങ്ങൾ സഹജീവികൾക്കു പകർന്നു നല്കാനുള്ള ദൗത്യം ഞാൻ നിന്നെ ഏൽപ്പിക്കുന്നു.
പ്രകാശ വേഗത്തിൽ എവിടെയും ചെന്നെത്താനുള്ള വരം, ഏതു തടസ്സത്തെയും തുളച്ചുകയറാനുള്ള മൂർച്ച, നിന്റെ ശിരസ്സിനു നല്കിയിരിക്കുന്നു. ഭൂമിയിലുള്ള ഏതു ജന്തുവിന്റെ ശബ്ദത്തിലു. ഭാഷയിലും നിനക്കു സംസാരിക്കാനാവും!
നിന്റെ ജീവിത ദൗത്യം നിറവേറ്റുക."
അമ്മയെ വണങ്ങി, ആരും കാണാതെ തെക്കേ നടവഴി പ്രകാശ വേഗത്തിൽ
ഇഞ്ചക്കുഴിയിലേക്കു തിരിച്ചെത്തി. എല്ലാം ഒരു സ്വപ്നം കണ്ടുണർന്നതുപോലെയെന്ന തോന്നലുണ്ടാക്കി.
(തുടരും...)