7. കുന്നിൻ ചെരുവിലെ പാറമട
സമ്മേളനവും പ്രസംഗവും കഴിഞ്ഞ് കുതിച്ചുയർന്ന പുളവനും മുണ്ടിയും കൊടികുത്തിയുടെ തെക്കു കിഴക്കൻ ചെരുവിലൂടെ, ഇഞ്ചക്കുഴിയിലേക്കു തിരിച്ചു പോരുന്നു. അപ്പോഴാണ് തലപെരുപ്പിക്കുന്ന; തലച്ചോറിനെ പിച്ചിച്ചീന്തുന്ന, ഒരു ശബ്ദം ശ്രദ്ധിച്ചത്.
മുണ്ടി കരഞ്ഞു പറഞ്ഞു.
"ചേട്ടാ, എനിക്കിതു സഹിക്കാൻ വയ്യ. എന്റെ തല പൊട്ടിത്തെറിക്കും. ദൂരേക്കു കൊണ്ടു പോകൂ."
"പേടിക്കാതെ. അതെന്താണെന്നറിയണമല്ലോ. എന്തു തകർത്തുടയ്ക്കുന്നതിനുള്ള ശബ്ദമാണെന്ന് അന്വേഷിക്കേണ്ടേ?
ടർ...ടുർ,ടുർ,ടർ...........ടർ......."
പുളവനാ ശബ്ദതരംഗത്തിന്റെ ഉറവിടം നോക്കി പാഞ്ഞു. അതൊരു പാറയുടെ ചെരുവിൽ നിന്നാണ്. കംപ്രസ്സർ ഉപയോഗിച്ച് പാറ തുളയ്ക്കുന്ന ശബ്ദ- മാണത്.
"ഇത് വലിയ ആപത്തുണ്ടാക്കുന്ന വേലയാണല്ലോ. ഈ അടിപ്പാറ തകർന്നാൽ മേളിലെ മണ്ണും കല്ലും ഉരുൾപൊട്ടലായി മാറും. ആത് എത്ര വീടുകളെ തകർക്കും? എത്രമാത്രം കൃഷിയിടങ്ങൾ ഇല്ലാതാക്കും?
ഇതു തടയണം തടഞ്ഞേ പറ്റൂ!"
"എനിക്കൊന്നും വ്യക്തമാവുന്നില്ല. എന്തോന്നപകടമാ വരാൻ പോണത്?"
"പറയാം. ഈ പാറക്കെട്ടു തകർന്നാൽ അതിനു മുകളിലുള്ള ഭാഗത്തിന് ഉറപ്പില്ലാതാവും. തുടർന്ന് ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ സംഭവിക്കാം. മാത്രമല്ല വെടിപൊട്ടുമ്പോഴുണ്ടാവുന്ന പ്രകമ്പനം ഈ പ്രദേശത്തെ മുഴുവൻ ഇളക്കും. മലമുകളിലിരിക്കുന്ന വലിയ കല്ലുകൾ കണ്ടോ? അവ ഇളകി താഴേട്ടു പതിച്ചാൽ
എത്ര വീടുകൾ തകർക്കപ്പെടാം. എത്രയെത്ര ജീവിതങ്ങൾ തുടച്ചു മാറ്റപ്പെടാം! ഇതു തടഞ്ഞേ പറ്റൂ"
"ഇതു തടയാനെന്താ വഴി?"
"വഴിയുണ്ട്. നമ്മൾ തേനീച്ചകളെ സഹായത്തിനു വിളിക്കുന്നു. അവരിളകിയാൽ ഈ പണിക്കാർ ജീവനും കൊണ്ട് ഓടിക്കോളും."
"അവരെ വിളിക്കാൻ ഇനി തിരിച്ചു പോവേണ്ടേ?"
"വേണ്ട! റാണിമാരുടെ മനസ്സിലേക്ക് എന്റെ മനസ്സിന് കടന്നു ചെല്ലാൻ പറ്റും. ഞാനവർക്ക് നിർദ്ദേശം കൊടുക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ ഇവിടം കാട്ടുതേനീച്ചകൾ കൊണ്ടു നിറയും."
പറഞ്ഞു തീർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ, ഈച്ചകൾ അവിടെ വന്നു നിറഞ്ഞു. ഉടുതുണി പറിച്ച് തലമൂടിക്കൊണ്ട്, പാറ തുളച്ചവർ കംപ്രസ്സർ സ്റ്റാർട്ടു ചെയ്ത് സ്ഥലം വിട്ടു!
"സമരത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചിരിക്കുന്നു."
"അണ്ണാ എന്നെ വീട്ടിക്കൊണ്ടുവിട്. ഇക്കാര്യങ്ങളൊക്കെ കൂട്ടുകാരോട് ഒന്നു പറയട്ടെ. പുളവനണ്ണന്റെ വീരകഥകൾ!"
(തുടരും…)