1. മാറ്റങ്ങളുടെ തുടക്കം
നെല്ലാപ്പാറ മലഞ്ചെരിവുകളിലൂടെ അലസമായൊഴുകുന്ന അഴികണ്ണിത്തോട്. അങ്ങുതാഴെ ആശുപത്രി വളവും കഴിഞ്ഞ് പാലത്തിനാടി പറമ്പിന്റെ അരുകിലുള്ള മാളത്തിലാണ് പുളവന്റെ വാസം. പുളവന്റെ മാളത്തിനടുത്ത് വെള്ളം വറ്റാത്ത ഇഞ്ചക്കുഴിയാണ്. അവിടെയാണ് വേനൽക്കാലത്ത് മീനുകളും തവളകളും നീന്തിക്കുളിക്കാനെത്തുക.
ദിവസവും രാവിലെ ഇഞ്ചക്കുഴി തീർഥത്തിൽ മുങ്ങി, കരിമ്പനക്കാവിലമ്മയെ വലം വെച്ചിട്ടേ പുളവന്റെ നിത്യകർമങ്ങൾ ആരംഭിക്കാറുള്ളു.
സുഖവും ദു:ഖവും സമാധാനവും ചില്ലറ തർക്കങ്ങളും വഴക്കും ഇണക്കവും പിണക്കവുമായി ശാന്തമായി ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടെ കല്ലെറിഞ്ഞു കളിക്കാൻ വരുന്ന 'ചൊള്ളാനിമാഷിന്റെ' കുസൃതിക്കുട്ടന്മാരല്ലാതെ മറ്റു ശല്യക്കാരില്ല. കൂട്ടിന് ചേരപ്പെണ്ണും വില്ലൂന്നിയണ്ണനും പരിസരങ്ങളിലുണ്ട്.
രാവിലെ മുതൽ ഇരുട്ടുന്നിടംവരെ കലപില കൂട്ടുന്ന കരിയിലക്കിളികൾ പകൽ സ്വൈര്യം തരാറില്ല. ഇതാണ് പുളവന്റെ ജീവിത പശ്ചാത്തലം.
നാട്ടിൻപുറത്തിനൊരു മാറ്റമുണ്ടായത്, റബറുവെട്ടി കന്നാര (പൈനാപ്പിൾ) കൃഷി തുടങ്ങിയകാലത്താണ്. അഴികണ്ണിത്തോട്ടിലെ ഒഴുക്കു കുറഞ്ഞു.
വെള്ളം നിറഞ്ഞുനിന്ന കുഴികൾ പായൽ നിറഞ്ഞു. പുളവനുപോലും മുങ്ങി നിവരാൻ വെള്ളമില്ലാതായി. കന്നാരപ്പാടത്തുനിന്ന് ഒലിച്ചിറങ്ങിയ രാസവളങ്ങളും കീടനാശിനികളും കൃത്രിമ ഹോർമോണുകളും വെള്ളത്തിന്റെ രാസസ്വഭാവം മാറ്റി. കൂടാതെ പള്ളിക്കുന്നിലും വെള്ളംനീക്കിപ്പാറയിലും തലയുയർത്തിയ മൊബൈൽ ടവറുകളിൽ നിന്ന് കാണാകിരണങ്ങളുടെ സൂക്ഷമതരംഗങ്ങൾ തിരയടിച്ചു വരുന്നതും അവനറിഞ്ഞു.
ഓരോ പകലും പിന്നിടുമ്പോൾ ശാരീരികവും മാനസികവുമായി ചില മാറ്റങ്ങൾ തന്നിൽ സംഭവിക്കുന്നുണ്ടെന്ന് പുളവനറിഞ്ഞു. ഉടൽ മെലിഞ്ഞു നീണ്ടു. തല ത്രികോണാകൃതിയിൽ കൂർത്തൂവന്നു.
ശരീരം നിവർത്തിനിർത്തിയാൽ അതിനൊരു കാന്ത സ്വഭാവം. വളഞ്ഞു പുളഞ്ഞ് ഇഴയുമ്പോൾ ആ കാന്തശക്തി അനുഭവപ്പെടാറില്ല. നീണ്ടു കിടക്കുമ്പോൾ താനൊരു 'കാന്തികശരം' പോലെയാവുന്നു.
ഒരിക്കൽ ഒരു കറുത്തവാവിന്റെ രാത്രിയിൽ, ഏതോ ദുസ്വപ്നം കണ്ട് അവനറിയാതെ ശരീരം നീണ്ടു നിവർന്നു. വായുവിലൂടെ പ്രകാശവേഗത്തിൽ, ഏതോ അജ്ഞാത ശക്തിയുടെ ആകർഷണത്തിനു വിധേയമായി, പുളവൻ 'പുളവാസ്ത്ര'മായി മാറി. തന്റെ മാളം വിട്ട്, അഴികണ്ണിത്തോടിനു മുകളിലൂടെ പുതുച്ചിറക്കാവിന്റെ നേരെ പാഞ്ഞു...
(തുടരും)