13. അമരങ്കാവിൽ
ഇനിയൊരു വിശ്രമം ആവശ്യമാണ്.മനസ്സിൽ ഊർജം നിറയ്ക്കേണ്ടതുണ്ട്. അതിനുപറ്റിയ വിശ്രമ സങ്കേതം തൊടുപുഴ മുൻസിപ്പാലിറ്റി പരിധിയിൽ കോലാനിയിലുള്ള അമരങ്കാവാണ്. അമരങ്കാവ്-തൊടുപുഴയുടെ സ്വകാര്യാഭിമാനം, ധാർമികനേട്ടം, സാമൂഹിക പ്രതിബദ്ധത, പ്രകൃതിസ്നേഹം- ഒരു പാരിസ്ഥിതിക നിധിശേഖരമെന്നു വിശേഷിപ്പിക്കാവുന്ന സംരക്ഷിത വനമാണ്.
ഏതു ചുട്ടുപൊള്ളുന്ന വേനലിലും കുളിർമ നിറഞ്ഞ വനപ്രദേശം. ശരീരത്തിനും മനസ്സിനും ഊർജം നല്കുന്ന പ്രാണവായു നിറച്ച പ്രകൃതിയുടെ ഓക്സിജൻ പാർലർ! ഏത് ഋണാത്മക ചിന്തകളെയും മനസ്സിൽ നിന്നകറ്റാൻ കഴിവുള്ള ദൃശ്യചാരുത!
മൂന്നേക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന, ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുള്ള കാട്! കാടിനുള്ളിലെ വനദുർഗാക്ഷേത്രം! പശ്ചിമഘട്ടത്തിലെ അപൂർവയിനം വൃക്ഷങ്ങളും മൃഗങ്ങളും പക്ഷികളും ശലഭങ്ങളും ഉരഗങ്ങളും ഒന്നിച്ചു ജീവിക്കുന്ന അമരങ്കാവ്! കാവിനെ സ്വന്തം ഹൃദയം പോലെ കാത്തു സൂക്ഷിക്കുന്ന ദേശവാസികൾ.
ദുർഗാക്ഷേത്രത്തിന്റെ ധനാത്മക ചൈതന്യത്തിൽ അല്പനേരം ധ്യാനിച്ചിരിക്കണം. സർപ്പക്കാവിനകത്തുകയറി ഒന്നു മയങ്ങണം. അടുത്ത ദൗത്യത്തിനുള്ള സന്ദേശം മനസ്സിലേക്ക് പറന്നെത്തണം.
ക്ഷീണിച്ച മനസ്സിലേക്ക് ഒരു ശുഭചിന്തയും കടന്നു വരില്ല. അമരങ്കാവു യാത്ര തനിച്ചു മതി. മുണ്ടിയെ കൂടെക്കൂട്ടിയാൽ, അവളു പേടിക്കും. മാത്രമല്ല പാമ്പും കോഴിയു തമ്മിലുള്ള ചങ്ങാത്തം മറ്റു മൃഗങ്ങളെ അമ്പരപ്പിച്ചേക്കാം!
പുളവൻ നേരെ കോലാനിക്കു പറന്നു.
അഴികണ്ണിത്തോടുകടന്ന്, പുതുച്ചിറക്കാവുതാണ്ടി,നെടിയശാലയ്ക്കു മുകളിലൂടെ പഞ്ചവടിപ്പാലം കടന്ന് അമരങ്കാവിലെത്തി. അമ്പലക്കുളത്തിൽ മുങ്ങി, ശ്രീകൃഷ്ണ ക്ഷേത്രത്തിനു വലം വെച്ച്, അമരങ്കാവിൽ പ്രവേശിച്ചു. ദേവീ സന്നിധിയിലെത്തി ധ്യാനനിദ്രയിൽ ലയിച്ചു.
ഒന്നും കേൾക്കാതെ,കാണാതെ, നിർവികല്പ സമാധിയുടെ ഊഷ്മളതയിൽ പുളവൻ മയങ്ങി.
സമാധിയിൽ നിന്നുണർന്ന് കാട്ടുഫലങ്ങൾ ഭക്ഷിച്ച് വിശപ്പടക്കി.സർപ്പക്കാവിനുള്ളിലേക്ക്, ദീർഘനിദ്രയിൽ ലയിക്കാൻ ഇഴഞ്ഞു നീങ്ങി. ഉറക്കത്തിൽ പുളവനാ സ്വപ്നം കണ്ടു! ദേവതകളുടെ അടുത്ത അരുളപ്പാട് അവനു ലഭിച്ചു. കൊടികുത്തിമലകളെ സംരക്ഷിക്കുക. അതിനുവേണ്ട കർമ്മപദ്ധതികൾക്ക് രൂപം കൊടുക്കുക.
(തുടരും...)