10. തോട്ടിലെ വിഷം
നേരം വെളുത്തു കഴിഞ്ഞു. രത്രിയിൽ മഴ പെയ്തിട്ടുണ്ട്. തോട്ടിലെ വെള്ളം കലങ്ങിയാണ് ഒഴുകുന്നത്. തോട്ടരികിലുള്ള തന്റെ കൂട്ടിൽ നിന്ന് പുറത്തിറങ്ങി നിന്ന്, മുണ്ടി ചിറകു വിടർത്തി തൂവലുകളൊക്കെ നേരെയാക്കി എണ്ണയിട്ടു മിനുക്കാൻ തുടങ്ങി. അപ്പോഴാണ് തോടിന്റെ അരുകിൽ പൊന്തപ്പടർപ്പിനോടു ചേർന്ന് എന്തോ വെളുത്ത കഷണങ്ങൾ പൊങ്ങിക്കിടക്കുന്നതു കണ്ടത്. അവൾ സൂക്ഷിച്ചു നോക്കി.
അത് മീനുകൾ ചത്തു കിടക്കുന്നതാണല്ലോ!
ഒന്നുകൂടി സൂക്ഷിച്ചു നോക്കി. മീനുകൾ മാത്രമല്ല, അവശരായി പ്രാണവെപ്രാളം കാണിക്കുന്ന തവളകളുണ്ട്. പാടത്ത് വെള്ള കൊക്കുകൾ തളർന്നു കിടന്ന് ചിറകനക്കുന്നുണ്ട്. ആമ കുഞ്ഞുങ്ങൾ തുറിച്ച കണ്ണുമായി വേച്ചുവേച്ച് ഇഴയുന്നു. ഈ ജന്തുക്കൾക്കെന്താണു സംഭവിച്ചത്?
ആർക്കും ഒന്നും പറയാൻ കഴിയുന്നില്ല. നാവു കുഴഞ്ഞിരിക്കുന്നു. ഇവരേ സഹായിച്ചേ പറ്റൂ. താനാണേൽ വിവരം കെട്ട കാട്ടു കുളക്കോഴി. തന്റെ ബലം പുളവൻ ചേട്ടനാണ്. ചേട്ടനെ വിളിച്ചു കൊണ്ടു വരാം.
പറ്റാവുന്ന വേഗത്തിൽ മുണ്ടി പുളവന്റെ അടുത്തെത്തി.
അവൾ വിളിച്ചു:
അണ്ണേ, വെക്കം വാ... നമ്മുടെ, മീനും തവളേം, മുളയാനിക്കുന്നൽ പറമ്പിന്റെ താഴെ ചത്തു കിടക്കുന്നു. കുറേ എണ്ണം ശ്വാസമില്ലാതെ പിടയ്ക്കുകയാ. വെക്കം വാ അണ്ണാ!"
പുളവൻ ഒട്ടും സമയം കളയാതെ മുണ്ടിയുടെ കൂടെ ഇറങ്ങിത്തിരിച്ചു.
അവളു പറഞ്ഞതു ശരിയാ. ഒത്തിരി മീനുകൾ ചത്തു പൊന്തിയിട്ടുണ്ട്. ചുറ്റും പലരു. പിടഞ്ഞു മരിച്ചുകൊണ്ടു. ഇരിക്കുന്നു.
പുളവൻ പറഞ്ഞു:- "ഇവിടെ വെള്ളത്തിലെന്തോ വിഷം കലർന്നിട്ടുണ്ട്. ഇന്നലെ രത്രിയിൽ പെയ്ത മഴയ്ക്ക് ഒഴുകിയെത്തിയതാണ്. അതു നേരേ വന്നു കയറിയത്, ഈ ഭാഗത്താണ്. ആ വെള്ളത്തിൽ കിടന്നവർക്കാണ് വിഷബാധ ഏറ്റിരിക്കുന്നത്."
വീണ്ടും പുളവൻ ധ്യാനത്തിൽ മുഴുകി. ജ്ഞാനദൃഷ്ടികൊണ്ട് കാരണം കണ്ടെത്തി. ചുറ്റും വെച്ചിരിക്കുന്ന പൈനാപ്പിൾ ചെടികൾക്ക്, ഇന്നലെ മരുന്നടിക്കുകയുണ്ടായി. ആ മരുന്നും അടുത്തയിട ചേർത്ത രാസവളത്തിന്റെ അംശവും തോട്ടിലേക്ക് ഒലിച്ചിറങ്ങിയതാണ്.
അപ്പോഴാണ് പുത്തൻപുരയ്ക്കലെ ഷാജ്മോൻ ഓക്കാനിച്ചു ഛർദ്ദിക്കുന്ന ഒച്ച കേട്ടത്. അയ്യോ, തൊണ്ട പൊട്ടണേ, എന്നു പറയുന്നുമുണ്ട്. സംശയമില്ല അവരുടെ കിണർവെള്ളത്തിലും വിഷം കലർന്നു കഴിഞ്ഞു. എന്താ ചെയ്യാൻ കഴിയുക?
പുളവൻ ചിന്തയിലാണ്ടു.
ചിന്തയിൽ നിന്നുണർന്ന പുളവൻ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. ഉടനെ മൂന്നുനാല് എലികൾ അങ്ങോട്ടു വന്നു.
പുളവൻ എലികളോടു പറഞ്ഞു:-
സഹോദരങ്ങളേ, നിങ്ങളുടെ ആൾക്കാരെ എല്ലാം കൂട്ടി ഒരു വേലചെയ്യണം. ഈ വെള്ളത്തിൽ വിഷാംശമുണ്ട്. അതു മാറ്റണം.
അതിനുവേണ്ടി അടുത്തുള്ള പുരയിടങ്ങളിലെ കാട്ടുമഞ്ഞൾ കുത്തിയിളക്കി മുറിച്ച് തോട്ടിൽ കലക്കണം. വേഗം വേണം. താമസിക്കും തോറും കൂടുതൽ ജന്തുക്കൾ ചത്തുകൊണ്ടിരിക്കും.
വീണ്ടും പുളവൻ പന്നിയെലികളെ വിളിച്ചു. അവരോട് ചുണ്ണാമ്പിന്റെ അംശമുള്ള മണ്ണിളക്കി തോട്ടിലിടാൻ പറഞ്ഞു. അങ്ങനെ ചെയ്താൽ വെള്ളത്തിന്റെ അസിഡിറ്റി കുറയ്ക്കാം പോലും.
പുളവൻ പറഞ്ഞതു പോലെ എലികളും, പെരുച്ചാഴികളും പ്രവർത്തിച്ചു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എല്ലാം നേരെയായി.
അവനവിടെ കൂടിനിന്ന മൃഗങ്ങളോടു പറഞ്ഞു.
" നമുക്ക് കൂടുതലായി പ്രവർത്തിക്കേണ്ടതുണ്ട്. മനുഷ്യരെപ്പൊലെ ഒരു പ്രക്ഷോഭ സമരത്തിന് നമ്മൾ തയ്യാറാവണം.
നാളെ പത്തുമണിക്ക് മൂന്നുതോട് വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാറയിൽ എല്ലാവരും എത്തിച്ചേരുക. നിങ്ങൾ ഈ വിവരം നാടു നീളെ അറിയിക്കുക.
(തുടരും...)