5. അദ്ഭുത വനത്തിൽ
തറനിരപ്പിൽനിന്ന് ആയിരം അടി ഉയരത്തിലേക്കു പാഞ്ഞ പുളവൻ, വലിയൊരു പാറക്കെട്ടിന്റെ മുകളിലൂടെ നീങ്ങുമ്പോൾ, മുണ്ടിയോടു പറഞ്ഞു:
"താഴോട്ടു നോക്കു പെണ്ണേ, ആ കാണുന്നതാ 'നബിസപ്പാറ'. ഏതോ ദ്രോഹികൾ നബീസയെന്ന പെൺകുട്ടിയെ
കൂട്ടിക്കക്കൊണ്ടുവന്നു പീഡിപ്പിച്ചു തള്ളിയിട്ടു കൊന്ന പാറക്കെട്ടാണത്."
"അയ്യോ, ചേട്ടാ, മിണ്ടാതിരി. എനിക്കു പേടിയാവുന്നു"
"നീ പടിഞ്ഞാറു നോക്ക്, ആകാണുന്ന വലിയ മലയാണ് കോട്ടമല. പാറമട ലോബികൾ ഇടിച്ചു തകർക്കാൻ കാത്തിരിക്കുന്ന കോട്ടമല. നേരേ മുമ്പിൽ കാണുന്ന വൃത്തസ്തൂപം പോലുള്ള ആ കിഴുക്കാംതൂക്കായ കുന്നാണ് കുറിഞ്ഞി കൂമ്പൻ. നമ്മളിനി കുറിഞ്ഞി കൂമ്പന്റെ
ചുവട്ടിലേക്കിറങ്ങുകയാണ്. അവിടെയാണ് പുരാതനമായ വനദുർഗ്ഗാ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ദേവീക്ഷേത്രങ്ങളിലൊന്നായ കുറിഞ്ഞിക്കാവ്!"
"ചേട്ടാ ഇതൊരു കാടാണല്ലോ."
"കാടു തന്നെ. ഇതിനെ കാവെന്നാ വിളിക്കുക. വൻമരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും ഔഷധസസ്യങ്ങളും അപൂർവ്വയിനം സസ്യങ്ങളും ജന്തുക്കളും ഒന്നിച്ചു കഴിയുന്ന കാവ്. നശിപ്പിക്കപ്പടാത്ത പ്രകൃതിയുടെ പവിത്ര മുഖം. ആ കാവിനുള്ളിലെ വനദുർഗ്ഗാ ക്ഷേത്രസന്നിധിയിലേക്കാണു നമ്മൾ ചെന്നിറങ്ങുന്നത്."
"എന്നിട്ട്?"
"ആ തിരുസന്നിധിയിൽ നിന്ന് എന്റെ ദൗത്യം ആരംഭിക്കുന്നു. കാവിനു ചുറ്റുമുള്ള മുനിയറകളിൽ നിറഞ്ഞു തുളുമ്പുന്ന ആധ്യാത്മിക ചൈതന്യത്തെ ആവഹിച്ചെടുത്ത് നമ്മുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.
പരശുരാമന്റെ പാദസ്പർശമേറ്റ് വൈഷ്ണവ ചൈതന്യത്തെ ഉള്ളിലൊതുക്കുന്ന മൺതരികളെ തൊട്ടു നിറുകയിൽ വെച്ച്, ഒരു മാറ്റത്തിന് നാം കുഴലൂതുന്നു. എന്താ കൂടെ നില്ക്കാൻ താത്പര്യമുണ്ടോ?"
"തീർച്ചയായും"
"എങ്കിൽ സമീപത്തായി ഒഴുകുന്ന കരിയിലത്തോട്ടിൽ മുങ്ങി കയറിവരൂ. വനദുർഗ്ഗയെ മനസ്സിൽ ധ്യാനിച്ച് ആ ശ്രീകോവിലിന് മൂന്നു പ്രദക്ഷിണം വെക്കൂ."
"ചേട്ടാ വലിയൊരു മൂളൽ കേൾക്കുന്നു. എന്താ അത്?"
"ആവലിയ മരം കണ്ടോ? അതിന്റെ കൊമ്പുകളിൽ തൂങ്ങിനില്ക്കുന്ന കറുത്ത കൂടുകൾ കണ്ടോ? അത് കാട്ടുതേനീച്ചകളുടെ കൂടാണ്. നൂറുകണക്കിന് കൂടുകളുണ്ട്. അതിലെ ഈച്ചകളുടെ മൂളലാണ് നീ കേൾക്കുന്ന ശബ്ദം."
"ഇവിടെങ്ങും മനുഷ്യരില്ലേ?"
"ഉണ്ട്. പുരാതനമായ കുഴികണ്ടത്തിൽ കുടുംബവക കാവാണിത്. ഈ കോട്ടയം ജില്ലയിൽ ഇതേപോലെ പരിപാലിക്കപ്പെടുന്ന മറ്റൊരു കാവും കാടുമില്ല. നല്ലവരായ നാട്ടുകാർ ഈ വിശുദ്ധ വനത്തിലേക്ക് അതിക്രമിച്ചു കടക്കാറില്ല."
"അദ്ഭുതം തോന്നുന്നു!"
"ശരിയാണ്. ഈ ചുറ്റുവട്ടത്ത് ഇത്രയും മനോഹരമായ ശാന്തിയും തേജസ്സുമുള്ള മറ്റൊരു സങ്കേതമില്ല. ഈ വനത്തിനുള്ളിൽ അനേകായിരം ജീവിവർഗങ്ങൾ സമാധാനത്തോടെ കഴിയുന്നുണ്ട്. അവരെ നമ്മൾ വിളിച്ചുകൂട്ടുന്നു. കുറിഞ്ഞിയിലെ ജന്തു മഹാസഭയ്ക്ക് തുടക്കം കുറിക്കുന്നു."
"നമ്മളെങ്ങനാ എല്ലാ മൃഗങ്ങളേം വിളിച്ചു വരുത്തുക?"
"അതിനു വഴിയുണ്ട്." പുളവൻ നീണ്ടു നിവർന്നു. കണ്ണടച്ചു നിന്ന് ഒരു ശബ്ദം പുറപ്പെടുവിച്ചു. ഉടനെ തേനീച്ചക്കൂട്ടിലെ റാണിയീച്ചകൾ പറന്ന് പുളവന്റെ അടുത്തെത്തി. പുളവൻ ശാന്ത ഗംഭീരമാര സ്വരത്തിൽ പറഞ്ഞു.
"സഹോദരിമാരേ, നിങ്ങളൊരുപകാരം ചെയ്യണം. നിങ്ങടെ കൂട്ടിലെ കുറേ ഈച്ചകളെ വിട്ട് എല്ലാ മൃഗങ്ങളെയും, പക്ഷികളെയും ഇവിടെ വിളിച്ചു വരുത്തണം. വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിയിക്കാനുണ്ട്."
"പറഞ്ഞതുപോലെ മഹാത്മാവേ! ഇന്നലെ
സ്വപ്നത്തിൽ താങ്കളുടെ വരവിനെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും ദേവിയമ്മ പറഞ്ഞിരുന്നു. ജീവലോകത്തിനു വരാനിരിക്കുന്ന വിപത്തിനെ തടയാനുള്ള
താങ്കളുടെ ശ്രമങ്ങൾക്ക്, ഞങ്ങളുടെ പൂർണ സഹകരണമുണ്ടാവും!"
(തുടരും...)