മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

snake and duck story

pulavan paranja kada, story of snake


1. മാറ്റങ്ങളുടെ തുടക്കം

നെല്ലാപ്പാറ മലഞ്ചെരിവുകളിലൂടെ അലസമായൊഴുകുന്ന അഴികണ്ണിത്തോട്. അങ്ങുതാഴെ ആശുപത്രി വളവും കഴിഞ്ഞ് പാലത്തിനാടി പറമ്പിന്റെ അരുകിലുള്ള മാളത്തിലാണ് പുളവന്റെ വാസം. പുളവന്റെ മാളത്തിനടുത്ത് വെള്ളം വറ്റാത്ത ഇഞ്ചക്കുഴിയാണ്. അവിടെയാണ് വേനൽക്കാലത്ത് മീനുകളും തവളകളും നീന്തിക്കുളിക്കാനെത്തുക.

ദിവസവും രാവിലെ ഇഞ്ചക്കുഴി തീർഥത്തിൽ മുങ്ങി, കരിമ്പനക്കാവിലമ്മയെ വലം വെച്ചിട്ടേ പുളവന്റെ നിത്യകർമങ്ങൾ ആരംഭിക്കാറുള്ളു.

സുഖവും ദു:ഖവും സമാധാനവും ചില്ലറ തർക്കങ്ങളും വഴക്കും ഇണക്കവും പിണക്കവുമായി ശാന്തമായി ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്കിടെ കല്ലെറിഞ്ഞു കളിക്കാൻ വരുന്ന 'ചൊള്ളാനിമാഷിന്റെ' കുസൃതിക്കുട്ടന്മാരല്ലാതെ മറ്റു ശല്യക്കാരില്ല. കൂട്ടിന് ചേരപ്പെണ്ണും വില്ലൂന്നിയണ്ണനും പരിസരങ്ങളിലുണ്ട്.

രാവിലെ മുതൽ ഇരുട്ടുന്നിടംവരെ കലപില കൂട്ടുന്ന കരിയിലക്കിളികൾ പകൽ സ്വൈര്യം തരാറില്ല. ഇതാണ് പുളവന്റെ ജീവിത പശ്ചാത്തലം.

നാട്ടിൻപുറത്തിനൊരു മാറ്റമുണ്ടായത്, റബറുവെട്ടി കന്നാര (പൈനാപ്പിൾ) കൃഷി തുടങ്ങിയകാലത്താണ്. അഴികണ്ണിത്തോട്ടിലെ ഒഴുക്കു കുറഞ്ഞു.

വെള്ളം നിറഞ്ഞുനിന്ന കുഴികൾ പായൽ നിറഞ്ഞു. പുളവനുപോലും മുങ്ങി നിവരാൻ വെള്ളമില്ലാതായി. കന്നാരപ്പാടത്തുനിന്ന് ഒലിച്ചിറങ്ങിയ രാസവളങ്ങളും കീടനാശിനികളും കൃത്രിമ ഹോർമോണുകളും വെള്ളത്തിന്റെ രാസസ്വഭാവം മാറ്റി. കൂടാതെ പള്ളിക്കുന്നിലും വെള്ളംനീക്കിപ്പാറയിലും തലയുയർത്തിയ മൊബൈൽ ടവറുകളിൽ നിന്ന് കാണാകിരണങ്ങളുടെ സൂക്ഷമതരംഗങ്ങൾ തിരയടിച്ചു വരുന്നതും അവനറിഞ്ഞു.

ഓരോ പകലും പിന്നിടുമ്പോൾ ശാരീരികവും മാനസികവുമായി ചില മാറ്റങ്ങൾ തന്നിൽ സംഭവിക്കുന്നുണ്ടെന്ന് പുളവനറിഞ്ഞു. ഉടൽ മെലിഞ്ഞു  നീണ്ടു. തല ത്രികോണാകൃതിയിൽ കൂർത്തൂവന്നു.

ശരീരം നിവർത്തിനിർത്തിയാൽ അതിനൊരു കാന്ത സ്വഭാവം. വളഞ്ഞു പുളഞ്ഞ് ഇഴയുമ്പോൾ ആ കാന്തശക്തി അനുഭവപ്പെടാറില്ല. നീണ്ടു കിടക്കുമ്പോൾ താനൊരു 'കാന്തികശരം' പോലെയാവുന്നു.  

ഒരിക്കൽ ഒരു കറുത്തവാവിന്റെ രാത്രിയിൽ, ഏതോ ദുസ്വപ്നം കണ്ട് അവനറിയാതെ ശരീരം നീണ്ടു നിവർന്നു. വായുവിലൂടെ പ്രകാശവേഗത്തിൽ, ഏതോ അജ്ഞാത ശക്തിയുടെ ആകർഷണത്തിനു വിധേയമായി, പുളവൻ 'പുളവാസ്ത്ര'മായി മാറി. തന്റെ മാളം വിട്ട്, അഴികണ്ണിത്തോടിനു മുകളിലൂടെ പുതുച്ചിറക്കാവിന്റെ നേരെ പാഞ്ഞു...

(തുടരും)


2. ചക്രവാതച്ചുഴിയിൽ

അഴികണ്ണിത്തോടിനു മുകളിലൂടെ പറന്നുപറന്ന് പുളവൻ പുതുച്ചിറക്കാവിലെത്തി. നേരം പുലരാറായിട്ടില്ല. നല്ല കുരിരുട്ട്. താഴെ ദേവിയമ്മയുടെ ശ്രീകോവിലിന്റെ താഴികക്കുടം നക്ഷത്രവെളിച്ചത്തിൽ  അവ്യക്തമായി കാണാം. ആൽമരത്തിന്റെ ഇലകൾ അനങ്ങുന്ന മർമരം പോലും വായുവിലില്ല. പുളവന്റെ മനസ്സു മന്ത്രിച്ചു,

"സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർധ സാധികേ!
ശരണ്യേ തൃoബകേ ദേവീ നാരായണീ നമോസ്തുതേ !"

അവനറിയാതെ ആ ദേവി സ്തുതി മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. പുളവനു മനസ്സിലായി അവൻ ക്ഷേത്രത്തിലെ മതിലിനുചുറ്റും വായുവിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന്.
പതുക്കെപ്പതുക്കെ കാഴ്ച തെളിഞ്ഞുവരുന്നതായി അനുഭവപ്പെട്ടു.
ഇപ്പോൾ, അനേകായിരം ജീവവർഗങ്ങൾ ഈ ആകാശച്ചുഴിയിൽ കറങ്ങിക്കൊണ്ടിരിക്കുന്നു.

പണ്ട് പാലത്തിനാടിയിലെ അപർണ ഉറക്കെ പുസ്തകം വായിക്കുന്നതുകേട്ടിട്ടുണ്ട്, ചൂടുകാറ്റും തണുത്തകാറ്റും കൂട്ടിയിടിക്കുമ്പോഴാണ് ചുഴലിക്കാറ്റുണ്ടാവുന്നതെന്ന്. കരിമ്പനക്കാവിനു മുകളിൽ വായു ചൂടുപിടിച്ചിരുന്നു. പഴയ ഇലവുമരം വീണുപോയതിൽപ്പിന്നെ ചൂടുകൂടുതലാണ്.അകലെ അമരംകാവിനു മുകളിലെ തണുത്തവായു,
പാറക്കടവും  നെടിയശാലയും കടന്ന്  കൊടികുത്തി മലയിൽ തട്ടി നെല്ലാപ്പാറയിലിടിച്ച് കറങ്ങി, രൂപം കൊണ്ട ചുഴലിപോലെ തോന്നി. എന്നാൽ രാത്രിയിൽ ചൂടില്ലല്ലോ. പിന്നെങ്ങനെ കാറ്റുണ്ടായി.  അതേതോ അജ്ഞാത ശക്തിയുടെ പ്രവർത്തനമാണ്.

കാവിലമ്മുടെ ഭൂതഗണങ്ങൾ കിഴക്കൻ ചക്രവാളത്തിൽ ഗണപതിഹോമത്തിന്
ഹോമകുണ്ഡം കത്തിച്ചപോലെ കിഴക്ക് വെളിച്ചം വീണു തുടങ്ങി.

ഓരോ കറക്കത്തിലും ചിലരെല്ലാം താഴ്ന്നു പോവുന്നത് കാണാമായിരുന്നു. എന്നാൽ പുളവന് ഒരു പഞ്ഞിത്തുണ്ട് കാറ്റിൽ പറക്കുന്ന ലാഘവം തോന്നി. മനസ്സ് ശാന്തമായിക്കൊണ്ടിരുന്നു. ഒരു പ്രത്യേക ശാന്തിയും സമാധാനവും ആനന്ദവും ഉള്ളിൽ ക്രമേണ നിറഞ്ഞു വന്നു. അവന്റെ സ്ഥാനം ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേ ഉയരത്തിൽ നിലനിന്നു.

ക്ഷേത്രത്തിൽ നിന്ന്  പ്രഭാതത്തിലെ ശംഖനാദമുയർന്നപ്പോൾ, ആ ചക്രവാതച്ചുഴി ശക്തികുറഞ്ഞ് സുഖകരമായ കുളിർകാറ്റായി മാറി. ക്ഷേത്രനടയിലേക്ക്  പുളവൻ താഴ്ന്നു താഴ്ന്നു വന്നു.

ദേവിയമ്മയുടെ ശബ്ദം അശരീരിയായി കാതിൽ മുഴങ്ങി.

" പുളവാ, നീ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
പ്രകൃതി സന്തുലനത്തിന്റെ പാഠങ്ങൾ സഹജീവികൾക്കു പകർന്നു നല്കാനുള്ള ദൗത്യം ഞാൻ നിന്നെ ഏൽപ്പിക്കുന്നു.

പ്രകാശ വേഗത്തിൽ എവിടെയും ചെന്നെത്താനുള്ള വരം, ഏതു തടസ്സത്തെയും തുളച്ചുകയറാനുള്ള മൂർച്ച, നിന്റെ ശിരസ്സിനു നല്കിയിരിക്കുന്നു. ഭൂമിയിലുള്ള ഏതു ജന്തുവിന്റെ ശബ്ദത്തിലു. ഭാഷയിലും നിനക്കു സംസാരിക്കാനാവും! 

നിന്റെ ജീവിത ദൗത്യം നിറവേറ്റുക."

അമ്മയെ വണങ്ങി, ആരും കാണാതെ തെക്കേ നടവഴി പ്രകാശ വേഗത്തിൽ
ഇഞ്ചക്കുഴിയിലേക്കു തിരിച്ചെത്തി. എല്ലാം ഒരു സ്വപ്നം കണ്ടുണർന്നതുപോലെയെന്ന തോന്നലുണ്ടാക്കി.

(തുടരും...)


3. ഓർമകൾ

ആദ്യമായി മുട്ടയ്ക്കുള്ളിലെ നരച്ച വെളിച്ചത്തിൽ നിന്ന് തോടു പൊട്ടിച്ച് പകലിനെക്കണ്ട കാഴ്ച മനസ്സിലുണ്ട്.
അന്ന്, അമ്മ കൂട്ടിനുണ്ടായിരുന്നു. ആദ്യം പടം പൊഴിഞ്ഞ നാൾവരെ അമ്മയ്ക്കൊപ്പമായിരുന്നു. പിന്നീടാണ്
തനിച്ചു പുറത്തിറങ്ങാൻ തോന്നിയത്. കൂട്ടുകാരും നാട്ടുകാരുമുണ്ടായത്.

എന്റെ ആദ്യത്തെ ശത്രു ഒരു വെള്ളരി കൊക്കായിരുന്നു. ഒരിയ്ക്കൽ പരൽമീനുകൾക്കൊപ്പം കള്ളനും പോലീസും കളിച്ചുകൊണ്ടിരുന്നപ്പോൾ, എനിക്കുനേരെ രണ്ടു വെളുത്ത ചിറകുകൾ വീശിയടുത്തു. കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ, എന്റെ നെഞ്ചിൽ എന്തോ അമരുന്നതായി തോന്നി. എന്നെയാരോ വെള്ളത്തിൽനിന്നു പൊക്കി വലിക്കുന്നു. ഞാനാകാശത്തിലേക്കുയർത്തപ്പെട്ടു. എന്നെ കൊത്തിയെടുത്തുകൊണ്ട് വെള്ളരി കൊക്ക് പറക്കുകയായിരുന്നു.

മുളയിനിക്കുന്നേൽ പാടവരമ്പിലേക്ക് താഴ്ന്നിറങ്ങി എന്നെ വരമ്പിൽ വെച്ച് ഒറ്റക്കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു കൊത്താൻ തലതാഴ്ത്തുമ്പോൾ ആരുടെയോ എയർഗണ്ണിൽനിന്ന് ഒരു വെടി മുഴങ്ങി. തീറ്റി മറന്ന് കൊക്ക് പറന്നു.
ഞാൻ പെട്ടെന്നു നീന്തി തോട്ടിൽ ചാടി മൂന്നു തോട്ടിലെ ഇഞ്ചപ്പൊന്തയ്ക്കുള്ളിൽ ഒളിച്ചു.

ശ്വാസം പോലും മുഴുവൻ എടുക്കാൻ കഴിയാതെ പേടിച്ചു വിറച്ചുകൊണ്ട് അവിടെ തളർന്നു കിടന്നപ്പോൾ അരികിലൊരു തൂവൽ മർമരം. കണ്ണുകൾ പതിയെ തുറന്നു നോക്കുന്നതിനിടയിൽ
മൃദുസാന്ത്വനം പോലെ ഒരു നാദം:

"പുളവൻചേട്ടാ, എന്താ പറ്റിയത്? വിറക്കുന്നതെന്തിനാ?"

അത് കുളക്കോഴിപ്പെണ്ണ് മുണ്ടിയായിരുന്നു. അവളെ പലപ്പോഴും വഴിക്ക് കണ്ടുമുട്ടാറുള്ളതാണ്. ആ കൊഞ്ചിക്കുഴയലും കുലുങ്ങിനടത്തവും അത്ര ഇഷ്ടപ്പെടാത്തതുകൊണ്ട് മനപ്പൂർവം ലോഹ്യം നടിക്കാതിരുന്നതാണ്.
അവളിതാ, ആപത്തുകാലത്ത് ഒരു സഹായത്തിനെത്തിയിരിക്കുന്നു.

"ഒന്നും പറയേണ്ട പെണ്ണേ, ഒരാപത്തിൽ നിന്ന് രക്ഷപെട്ടു കിടക്കുവാ. പേടി മുഴുവൻ മാറിയിട്ടില്ല. അതുകൊണ്ടാ വിറയ്ക്കുന്നത്."

"അയ്യയ്യോ, എന്താ ചേട്ടാ പറ്റിയത്?"

"ആ വെള്ളരി കൊക്ക് എന്നെ തിന്നൊടുക്കിയേനെ, ഭാഗ്യത്തിന് ആരോ വെടിവെച്ചപുകൊണ്ട് വിട്ടിട്ടോടിയതാ."

"അല്ലേലും അവളൊരഹങ്കാരിയാ. പൂറത്തു വെളുപ്പുണ്ടന്നെയുള്ളു. അകം കറുപ്പാ. നോക്കി തപസ്സിരിക്കുകയല്ലേ പാവങ്ങളെ കൊത്തിവിഴുങ്ങാൻ!"

"ചേട്ടൻ പേടിക്കേണ്ട, ഈ മാളത്തിലേക്കു കേറി കിടന്നാട്ടെ, ഞാൻ കഴിക്കാനെന്തെങ്കിലും എടുക്കാം..."

"ഉപകാരം, പെണ്ണേ, നിന്റെ നന്മ തിരിച്ചറിയാൻ വൈകിപ്പോയി..."

അന്നുമുതൽ സ്വന്തമായി കൂടെക്കൂട്ടിയതാണ് മുണ്ടിയെ, ജീവിതാവസാനംവരെയുള്ള കൂട്ടിന്.

( തുടരും…)


4. കുറിഞ്ഞിക്കാവിലേക്ക്

ആപത്തുസമയത്ത് ഒരു തുണ കിട്ടിയപ്പോൾ അവന്റെ ശ്വാസം നേരെ വീണു. വിറയൽ മാറി. രാത്രിയിൽ സംഭവിച്ച വിചിത്ര സംഭവങ്ങൾ മുണ്ടിയെ
പറഞ്ഞു കേൾപ്പിച്ചു.

"ചേട്ടൻ അനുഗ്രഹിക്കപ്പെട്ടു കഴിഞ്ഞു. ദേവിയമ്മ പറഞ്ഞതുപോലെ നല്ല കാര്യങ്ങൾ ചെയ്യണം. ചേട്ടനൊരു സഹായിയായി ഈ മുണ്ടി കൂടെ നില്ക്കാം"

ശരി പെണ്ണേ, നമുക്കു പലതം ചെയ്തു തീർക്കാനുണ്ട്.ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇഞ്ചപ്പടർപ്പിനുള്ളിലേക്ക്  മലയണ്ണാന്റെ രണ്ടു കണ്ണുകൾ ആഴ്ന്നിറങ്ങിയത്. നീർക്കോലിയുടെയും കുളക്കോഴിയുടെയും ചങ്ങാത്തം അത്ര രസിക്കാതെ അണ്ണാൻ കളിയാക്കി:

"നട്ടുച്ചയ്ക്കൊരു ശൃംഗാരം. നാണമില്ലാത്ത ജന്തുക്കൾ. ഈ കോഴിപ്പെണ്ണിന്റെ കുലുക്കം കണ്ടപ്പോഴെ വിചാരിച്ചതാ എവന്റെയെങ്ങിലും തോളേക്കേറാനുള്ള പോക്കാണെന്ന്."

കോഴിപ്പെണ്ണിനു നാക്കു ചൊറിഞ്ഞു വന്നു.
അവളു ചോദിച്ചു:

" എന്തുകണ്ടിട്ടാ അണ്ണാ, ഈശകാരങ്ങള്?
ഞാനും പുളവനണ്ണനും തമ്മിൽ മിണ്ടിയാൽ ആകാശം ഇടിഞ്ഞു വീഴില്ല.
പത്തുപേർക്ക് ഗുണം കിട്ടുന്ന കാര്യമാ പറയുന്നത്."

"എന്താ ഇത്ര വലിയ ആനക്കാര്യം? ഞാനും
കൂടി അറിയട്ടെ."

"അതേ, ഇത്തരത്തിലാണ്  മനുഷേന്മാരും
ചില വിവരം കെട്ട ജന്തുക്കളും ജീവിക്കുന്നതെങ്കിൽ ഭൂമി മുടിയും. അതു വേണോ, വേണ്ടയോ?"

"അതിനെന്തു സംഭവിച്ചെന്നാ? കാര്യം പറ പെണ്ണേ."

"പട്ടികളായ പട്ടികളൊക്കെ മനുഷ്യനെ കടിച്ചുകീറാൻ നടക്കണു. ആനയും പുലിയും നാട്ടിലിറങ്ങി മേയുന്നു. ഈച്ചേം കൊതുകും വവ്വാലും രോഗം പരത്തുന്നു. എലികളും കീടങ്ങളും കൃഷി നശിപ്പിക്കുന്നു. മനുഷ്യരുതമ്മിൽ കുത്തും വെട്ടും നടക്കുന്നു. ഇത്തരം ലോകത്തിലെങ്ങനെ സമാധാനമായി ജീവിക്കും?"

"ആ പറഞ്ഞതിൽ കാര്യമുണ്ട്."

"നമ്മളു മിണ്ടാതിരുന്നിട്ടു കാര്യമില്ല. എല്ലാം ശരിയാക്കാൻ നോക്കണം. ആദ്യായിട്ട് വരാൻപോണ ആപത്തിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുക്കണം."

"അതിനു നിങ്ങളെന്തു ചെയ്യാൻ പോകുകാ?"

"ഇന്നലെ രാത്രീല് ദേവിയമ്മ, നാടിന്റെ പരദേവത, പുളവനണ്ണനെ അനുഗ്രഹിച്ച്
ചിലതൊക്കെ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.
ഞങ്ങളതിനെപ്പറ്റിയാ പറഞ്ഞോണ്ടിരുന്നേ."

"നല്ല കാര്യത്തിന് ഞാനെതിരു പറയുന്നില്ല. നടക്കട്ടെ, നടക്കട്ടെ; ഞാൻ പോയേക്കാം!"
അണ്ണാൻ അപ്രത്യക്ഷനായി.

പുളവൻ പറഞ്ഞു: " മുണ്ടീ, നമുക്ക് കുറിഞ്ഞിക്കാവുവരെ പോണം. അവിടുന്നാവട്ടെ നമ്മുടെ തുടക്കം."

"പോകാം, ചേട്ട." ഞാൻ റെഡി.

നെല്ലാപ്പാറ കുന്നിനു തെക്ക് കുറിഞ്ഞി കൂമ്പന്റെ ചുവട്ടിലെ മേൽക്കൂരയില്ലാത്ത വനദുർഗ്ഗാ ക്ഷേത്രമാണ് കുറിഞ്ഞിക്കാവ്.

പുളവൻ നീണ്ടു നിവർന്നു. മുണ്ടിയുടെ കാലിൽ ചുറ്റി. ശരവേഗത്തിൽ നെല്ലാപ്പാറയുടെ മുകളിലൂടെ കുറിഞ്ഞി കാവിലേക്കു പറന്നു!

(തുടരും)


5. അദ്ഭുത വനത്തിൽ

തറനിരപ്പിൽനിന്ന് ആയിരം അടി ഉയരത്തിലേക്കു പാഞ്ഞ പുളവൻ, വലിയൊരു പാറക്കെട്ടിന്റെ മുകളിലൂടെ നീങ്ങുമ്പോൾ, മുണ്ടിയോടു പറഞ്ഞു:
"താഴോട്ടു നോക്കു പെണ്ണേ, ആ കാണുന്നതാ 'നബിസപ്പാറ'. ഏതോ ദ്രോഹികൾ നബീസയെന്ന പെൺകുട്ടിയെ
 കൂട്ടിക്കക്കൊണ്ടുവന്നു പീഡിപ്പിച്ചു തള്ളിയിട്ടു കൊന്ന പാറക്കെട്ടാണത്."

"അയ്യോ, ചേട്ടാ, മിണ്ടാതിരി. എനിക്കു പേടിയാവുന്നു"

"നീ പടിഞ്ഞാറു നോക്ക്, ആകാണുന്ന വലിയ മലയാണ് കോട്ടമല. പാറമട ലോബികൾ ഇടിച്ചു തകർക്കാൻ കാത്തിരിക്കുന്ന കോട്ടമല. നേരേ മുമ്പിൽ കാണുന്ന വൃത്തസ്തൂപം പോലുള്ള ആ കിഴുക്കാംതൂക്കായ കുന്നാണ് കുറിഞ്ഞി കൂമ്പൻ. നമ്മളിനി കുറിഞ്ഞി കൂമ്പന്റെ
ചുവട്ടിലേക്കിറങ്ങുകയാണ്. അവിടെയാണ് പുരാതനമായ വനദുർഗ്ഗാ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ദേവീക്ഷേത്രങ്ങളിലൊന്നായ കുറിഞ്ഞിക്കാവ്!"

"ചേട്ടാ ഇതൊരു കാടാണല്ലോ."

"കാടു തന്നെ. ഇതിനെ കാവെന്നാ വിളിക്കുക. വൻമരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും ഔഷധസസ്യങ്ങളും അപൂർവ്വയിനം സസ്യങ്ങളും ജന്തുക്കളും ഒന്നിച്ചു കഴിയുന്ന കാവ്. നശിപ്പിക്കപ്പടാത്ത പ്രകൃതിയുടെ പവിത്ര മുഖം. ആ കാവിനുള്ളിലെ വനദുർഗ്ഗാ ക്ഷേത്രസന്നിധിയിലേക്കാണു നമ്മൾ ചെന്നിറങ്ങുന്നത്."

"എന്നിട്ട്?"

"ആ തിരുസന്നിധിയിൽ നിന്ന്  എന്റെ ദൗത്യം ആരംഭിക്കുന്നു. കാവിനു ചുറ്റുമുള്ള മുനിയറകളിൽ നിറഞ്ഞു തുളുമ്പുന്ന ആധ്യാത്മിക ചൈതന്യത്തെ ആവഹിച്ചെടുത്ത് നമ്മുടെ  പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.


പരശുരാമന്റെ പാദസ്പർശമേറ്റ് വൈഷ്ണവ ചൈതന്യത്തെ ഉള്ളിലൊതുക്കുന്ന മൺതരികളെ തൊട്ടു നിറുകയിൽ വെച്ച്,  ഒരു മാറ്റത്തിന് നാം കുഴലൂതുന്നു. എന്താ കൂടെ നില്ക്കാൻ താത്പര്യമുണ്ടോ?"

"തീർച്ചയായും"

"എങ്കിൽ സമീപത്തായി ഒഴുകുന്ന കരിയിലത്തോട്ടിൽ മുങ്ങി കയറിവരൂ.  വനദുർഗ്ഗയെ മനസ്സിൽ ധ്യാനിച്ച് ആ ശ്രീകോവിലിന് മൂന്നു പ്രദക്ഷിണം വെക്കൂ."

"ചേട്ടാ വലിയൊരു മൂളൽ കേൾക്കുന്നു. എന്താ അത്?"

"ആവലിയ മരം കണ്ടോ? അതിന്റെ കൊമ്പുകളിൽ തൂങ്ങിനില്ക്കുന്ന കറുത്ത കൂടുകൾ കണ്ടോ?  അത് കാട്ടുതേനീച്ചകളുടെ കൂടാണ്. നൂറുകണക്കിന് കൂടുകളുണ്ട്. അതിലെ ഈച്ചകളുടെ മൂളലാണ് നീ കേൾക്കുന്ന ശബ്ദം."

"ഇവിടെങ്ങും മനുഷ്യരില്ലേ?"

"ഉണ്ട്. പുരാതനമായ കുഴികണ്ടത്തിൽ കുടുംബവക കാവാണിത്. ഈ കോട്ടയം ജില്ലയിൽ ഇതേപോലെ പരിപാലിക്കപ്പെടുന്ന മറ്റൊരു കാവും കാടുമില്ല. നല്ലവരായ നാട്ടുകാർ ഈ വിശുദ്ധ വനത്തിലേക്ക് അതിക്രമിച്ചു കടക്കാറില്ല."

"അദ്ഭുതം തോന്നുന്നു!"

"ശരിയാണ്. ഈ ചുറ്റുവട്ടത്ത് ഇത്രയും മനോഹരമായ ശാന്തിയും തേജസ്സുമുള്ള മറ്റൊരു സങ്കേതമില്ല. ഈ വനത്തിനുള്ളിൽ അനേകായിരം ജീവിവർഗങ്ങൾ സമാധാനത്തോടെ കഴിയുന്നുണ്ട്. അവരെ നമ്മൾ വിളിച്ചുകൂട്ടുന്നു. കുറിഞ്ഞിയിലെ ജന്തു മഹാസഭയ്ക്ക് തുടക്കം കുറിക്കുന്നു."

"നമ്മളെങ്ങനാ എല്ലാ മൃഗങ്ങളേം വിളിച്ചു വരുത്തുക?"

"അതിനു വഴിയുണ്ട്." പുളവൻ നീണ്ടു നിവർന്നു. കണ്ണടച്ചു നിന്ന് ഒരു ശബ്ദം പുറപ്പെടുവിച്ചു. ഉടനെ തേനീച്ചക്കൂട്ടിലെ റാണിയീച്ചകൾ പറന്ന് പുളവന്റെ അടുത്തെത്തി. പുളവൻ ശാന്ത ഗംഭീരമാര സ്വരത്തിൽ പറഞ്ഞു.

"സഹോദരിമാരേ, നിങ്ങളൊരുപകാരം ചെയ്യണം. നിങ്ങടെ കൂട്ടിലെ കുറേ ഈച്ചകളെ വിട്ട് എല്ലാ മൃഗങ്ങളെയും, പക്ഷികളെയും ഇവിടെ വിളിച്ചു വരുത്തണം. വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിയിക്കാനുണ്ട്."

"പറഞ്ഞതുപോലെ മഹാത്മാവേ! ഇന്നലെ
സ്വപ്നത്തിൽ താങ്കളുടെ വരവിനെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും ദേവിയമ്മ പറഞ്ഞിരുന്നു. ജീവലോകത്തിനു വരാനിരിക്കുന്ന വിപത്തിനെ തടയാനുള്ള
താങ്കളുടെ ശ്രമങ്ങൾക്ക്, ഞങ്ങളുടെ പൂർണ സഹകരണമുണ്ടാവും!"

(തുടരും...)


6. കുറിഞ്ഞിക്കാവ് പ്രസംഗം

snake and the fox story

റാണി ഈച്ചകൾ തിരിച്ചുപോയി അരമണിക്കൂറിനുള്ളിൽ ചുറ്റും ജീവിക്കുന്ന മൃഗങ്ങളും പക്ഷികളും ശലഭങ്ങളും ഉരഗങ്ങളും കാവിന്റെ മുറ്റത്തെത്തി. ജലജീവികൾ കരിയിലത്തോട്ടിന്റെ അരുകിൽ നിരന്നു.

അവരെ അഭിസംബോധന ചെയ്തുകൊണ്ട് പുളവൻ  അന്തരീക്ഷത്തിലേക്കുയർന്നു. കാന്തവലയങ്ങളിൽ അവനൊരു മായാമാന്ത്രികനെപ്പോലെ നിലയുറപ്പിച്ചു. സൂര്യരശ്മികൾ അവനൊരു ദിവ്യ പരിവേഷം നല്കി.
പുളവൻ സംസാരിക്കാൻ തുടങ്ങി.

"പ്രിയ ജന്തു വർഗങ്ങളേ,
നിങ്ങളെ ഈ ഉച്ച സമയത്ത് ഇവിടെ വിളിച്ചു കൂട്ടിയതിൽ  ക്ഷമ ചോദിക്കുന്നു.
എങ്കിലും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുമ്പോൾ, നിങ്ങളെന്നെ കുറ്റപ്പെടുത്തില്ല എന്നുറപ്പാണ്.

ഇനി ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്താം.  ഞാൻ ശിവകണ്ഠത്തിലെ വാസുകിയുടെ വംശജൻ, അഴികണ്ണിത്തോട്ടിലെ പുളവൻ!
നമ്മൾ അധിവസിക്കുന്ന പ്രകൃതിയെ പരിരക്ഷിക്കേണ്ടത് നമ്മുടെ കടമയായി മാറിയിരിക്കുന്നു. ഈ ആവശ്യകതയെ നിങ്ങൾക്കു പറഞ്ഞു മനസ്സിലാക്കിത്തരാനാണ് ഈ സമ്മേളനം.
കരിമ്പനക്ചാവ് ഭഗവതിയുടെയും പുതുച്ചിറക്കാവ് ഭദ്രകാളിയുടെയും കുറിഞ്ഞിക്കാവ് വനദുർഗ്ഗയുടെയും പ്രതിനിധിയായി, ദൂതനായി ഞാൻ നിങ്ങളോടു സംസാരിക്കുന്നു. എന്റെ ശബ്ദം നിങ്ങളുടെ സ്വന്തം ഭാഷയിൽ നിങ്ങൾ ശ്രവിക്കപ്പെടും. എന്റെ വാക്കുകൾ മറക്കാതെ നിങ്ങളുടെ മസ്തിഷ്കങ്ങളിൽ നിലനില്ക്കും.

പ്രിയമുള്ളവരേ, ബുദ്ധിശക്തിയിൽ ഏറ്റവും വികാസം നേടിയ മനുഷ്യൻ ഒന്നിനും കഴിയാത്തവനായിമാറിയിരിക്കുന്നു. സ്വന്തം അഹങ്കാരവും സ്വാർഥതയും മനുഷ്യനെ തകർത്തിരിക്കുന്നു. അവനിനി നശിപ്പിക്കുവാനെ കഴിയൂ. സാംസ്കാരിക പുരോഗതി മനുഷ്യവംശത്തെ അന്ധനാക്കിയിരിക്കുന്നു. ഇക്കാര്യങ്ങൾ ദേവലോകവും തിരിച്ചറിഞ്ഞു കഴിഞ്ഞു.  ഇനി പ്രകൃതിയുടെ പ്രതീക്ഷ നമ്മളിലാണ്.
പ്രകൃതിസംരക്ഷണം നമ്മുടെ കടമയാണ്. പഴയതിലും കൂടുതൽ ഉത്തരവാദിത്തം നമ്മളിലേക്ക് വന്നു ഭവിച്ചിരിക്കുന്നു.

ചില കാര്യങ്ങളിൽ ഒരു തിരുത്തൽ നമുക്കാവശ്യമാണ്. മൃഗങ്ങൾ മനുഷ്യനെ ഉപദ്രവിക്കാതിരിക്കുക. മനുഷ്യന്റെ കൂടെ വാലാട്ടി നടന്ന് വേണ്ടാത്തതെല്ലാം കണ്ടു പഠിച്ച നായ്ക്കൾ മനുഷ്യനെ കടിച്ചു കീറുന്നത്, അപലപനീയമാണ്. കാട്ടു മൃഗങ്ങൾ നാട്ടിലേക്കിറങ്ങാതിരിക്കുക. 

കടുവകളും ആനകളും വളരെ മോശമായി നാട്ടിലിറങ്ങി ശല്യം ചെയ്യുന്നില്ലേ? ആരെയും ഉപദ്രവിക്കാതെ സഹകരിക്കുക. ശലഭങ്ങൾ പരാഗണം തുടരുക.നല്ല സസ്യസമ്പത്തിന് വഴിയൊരുക്കുക. കീടങ്ങൾ കൃഷി നശിപ്പിക്കാതിരിക്കുക. ഈച്ചകളും കൊതുകുകളും എലികളും വവ്വാലുകളും ജനന നിയന്ത്രണം പാലിച്ചേ പറ്റൂ. നിങ്ങളുടെ എണ്ണം ഇനി വർധിക്കരുത്. അതുപോലെ പരാദങ്ങളുടെ വംശവർധനവും തടയണം. അതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കണം.

പരിസര ശുചീകരണം ജീവിത വ്രതമാക്കണം. ഔഷധസസ്യങ്ങളെ വിത്തു വിതരണത്തിന് സഹായിക്കണം. മനുഷ്യനെ ഒരിക്കലും ശത്രുവായി കാണരുത്. ബോധം നഷ്ടപ്പെട്ട നിരാലംബനായി കരുതണം. സാംസ്കാരിക മഹാവ്യാധിയുടെ ഇരയാണു മനുഷ്യർ.

മനുഷ്യന്റെ സ്നേഹവും സഹകരണവും പിടിച്ചു പറ്റുക. പിന്നീട് അവരെയും നമ്മുടെ യജ്ഞത്തിലെ പങ്കാളികളാക്കാം. ഭക്ഷ്യ ജാലികയിലെ ഒരു കണ്ണിക്കു പോലും പോറലേല്ക്കാതെ, ശക്തിയും പുഷ്ടിയുമുള്ള പരിസ്ഥിതി വ്യൂഹം നിർമിച്ചെടുക്കാൻ നമുക്കു പ്രതിജ്ഞയെടുക്കാം!

വിശ്വാസം നഷ്ടപ്പെട്ട മനുഷ്യനിൽ വീണ്ടും നന്മയുടെ ഉറവ വളർത്തിയെടുക്കുവാൻ നമ്മുടെ നയപരമായ ഇടപെടലുകൾ കൊണ്ടു സാധിക്കും. അടുത്ത തവണ കുറിഞ്ഞിക്കാവിൽ ആണുങ്ങൾ താലമെടുക്കുമ്പോൾ തലയ്ക്കു മുകളിൽ, വഴിയോരങ്ങളിൽ നമ്മളും സന്തോഷ നൃത്തം ചെയ്തുകൊണ്ട് അണിനിരക്കണം. നമ്മുടെ ശബ്ദം ഓങ്കാരമായി അന്തരീക്ഷത്തിൽ മുഴങ്ങണം. മനുഷ്യർ നമ്മുടെ പ്രകടനവും ശാന്തതയും സഹകരണവും കണ്ട് വിസ്മയിക്കണം.

എന്താ കഴിയില്ലേ"

"കഴിയും ഞങ്ങൾക്കു കഴിയും!"

"ശാന്തമായി പിരിഞ്ഞു പോകൂ. ഈ വാക്കുകൾ നിങ്ങളിലൂടെ അദ്ഭുതം സൃഷ്ടിക്കുന്നത് കാത്തിരുന്നു കാണാം."

മൃഗങ്ങൾ പിരിഞ്ഞു പോയി.

മുണ്ടി ചോദിച്ചു: "അണ്ണാ, ഇങ്ങനെയൊക്കെ പറയാൻ ആരാണണ്ണാ പഠിപ്പിച്ചത്?"

"എനിക്കുമറിയില്ല പെണ്ണേ. അത് ദേവിമാർ എന്നിലൂടെ സംസാരിച്ചതാണ്. ഞാൻ വെറുമൊരുപകരണം മാത്രം."

"അതിശയം തന്നെ!"

(തുടരും...)


7. കുന്നിൻ ചെരുവിലെ പാറമട

snake and the rock mafia story

സമ്മേളനവും പ്രസംഗവും കഴിഞ്ഞ് കുതിച്ചുയർന്ന പുളവനും മുണ്ടിയും കൊടികുത്തിയുടെ തെക്കു കിഴക്കൻ ചെരുവിലൂടെ, ഇഞ്ചക്കുഴിയിലേക്കു തിരിച്ചു പോരുന്നു. അപ്പോഴാണ് തലപെരുപ്പിക്കുന്ന; തലച്ചോറിനെ പിച്ചിച്ചീന്തുന്ന, ഒരു ശബ്ദം ശ്രദ്ധിച്ചത്. 

മുണ്ടി കരഞ്ഞു പറഞ്ഞു.

"ചേട്ടാ, എനിക്കിതു സഹിക്കാൻ വയ്യ. എന്റെ തല പൊട്ടിത്തെറിക്കും. ദൂരേക്കു കൊണ്ടു പോകൂ."

"പേടിക്കാതെ. അതെന്താണെന്നറിയണമല്ലോ. എന്തു തകർത്തുടയ്ക്കുന്നതിനുള്ള ശബ്ദമാണെന്ന് അന്വേഷിക്കേണ്ടേ?

ടർ...ടുർ,ടുർ,ടർ...........ടർ......."

പുളവനാ ശബ്ദതരംഗത്തിന്റെ ഉറവിടം നോക്കി പാഞ്ഞു. അതൊരു പാറയുടെ ചെരുവിൽ നിന്നാണ്. കംപ്രസ്സർ ഉപയോഗിച്ച് പാറ തുളയ്ക്കുന്ന ശബ്ദ- മാണത്.

"ഇത് വലിയ ആപത്തുണ്ടാക്കുന്ന വേലയാണല്ലോ. ഈ അടിപ്പാറ തകർന്നാൽ മേളിലെ മണ്ണും കല്ലും ഉരുൾപൊട്ടലായി മാറും. ആത് എത്ര വീടുകളെ തകർക്കും? എത്രമാത്രം കൃഷിയിടങ്ങൾ ഇല്ലാതാക്കും?
ഇതു തടയണം തടഞ്ഞേ പറ്റൂ!"

"എനിക്കൊന്നും വ്യക്തമാവുന്നില്ല. എന്തോന്നപകടമാ വരാൻ പോണത്?"

"പറയാം. ഈ പാറക്കെട്ടു തകർന്നാൽ അതിനു മുകളിലുള്ള ഭാഗത്തിന് ഉറപ്പില്ലാതാവും. തുടർന്ന് ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ സംഭവിക്കാം. മാത്രമല്ല വെടിപൊട്ടുമ്പോഴുണ്ടാവുന്ന പ്രകമ്പനം ഈ പ്രദേശത്തെ മുഴുവൻ ഇളക്കും. മലമുകളിലിരിക്കുന്ന വലിയ കല്ലുകൾ കണ്ടോ? അവ ഇളകി താഴേട്ടു പതിച്ചാൽ 
എത്ര വീടുകൾ തകർക്കപ്പെടാം. എത്രയെത്ര ജീവിതങ്ങൾ തുടച്ചു മാറ്റപ്പെടാം! ഇതു തടഞ്ഞേ പറ്റൂ"

"ഇതു തടയാനെന്താ വഴി?"

"വഴിയുണ്ട്. നമ്മൾ തേനീച്ചകളെ സഹായത്തിനു വിളിക്കുന്നു. അവരിളകിയാൽ ഈ പണിക്കാർ ജീവനും കൊണ്ട് ഓടിക്കോളും."

"അവരെ വിളിക്കാൻ ഇനി തിരിച്ചു പോവേണ്ടേ?"

"വേണ്ട!  റാണിമാരുടെ മനസ്സിലേക്ക്  എന്റെ മനസ്സിന് കടന്നു ചെല്ലാൻ പറ്റും. ഞാനവർക്ക് നിർദ്ദേശം കൊടുക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ ഇവിടം കാട്ടുതേനീച്ചകൾ കൊണ്ടു നിറയും."

പറഞ്ഞു തീർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ, ഈച്ചകൾ അവിടെ വന്നു നിറഞ്ഞു. ഉടുതുണി പറിച്ച് തലമൂടിക്കൊണ്ട്, പാറ തുളച്ചവർ  കംപ്രസ്സർ സ്റ്റാർട്ടു ചെയ്ത് സ്ഥലം വിട്ടു!

"സമരത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചിരിക്കുന്നു."

"അണ്ണാ എന്നെ വീട്ടിക്കൊണ്ടുവിട്. ഇക്കാര്യങ്ങളൊക്കെ കൂട്ടുകാരോട് ഒന്നു പറയട്ടെ. പുളവനണ്ണന്റെ വീരകഥകൾ!"

(തുടരും…)


8. വികിരണ വള്ളികൾ

snake and fish story

തിരികെ ഇഞ്ചക്കുഴിയിലെത്തി അല്പമൊന്നു വിശ്രമിക്കണമെന്നു തോന്നി. മാളത്തിൽ കയറി വളഞ്ഞു പുളഞ്ഞ് തലയുയർത്തി ചുറ്റിന്മേൽ വെച്ച് കണ്ണിന്റെ പാട വലിച്ചടയ്ക്കാൻ തുടങ്ങുമ്പോഴാണ് ഒരു നിലവിളി കേട്ടത്.  ആ നിലവിളി മീൻ കുഞ്ഞുങ്ങളുടെയാണ്. 

പുളവൻ ചെവിയോർത്തു.

"അയ്യോ, സഹിക്കാൻ വയ്യേ, തലയിപ്പം പൊട്ടിത്തെറിക്കുവേ! മേലു വേദനിക്കുന്നേ, ശരീരം പുകയുന്നേ...
അയ്യോ, അമ്മേ ഭഗവതീ, ഞങ്ങളെ കാത്തോളണേ...!"

മീനുകൾ വാൽതല്ലിക്കരയുകയാണ്. പുളവനവരുടെ അടുത്തെത്തി. 

"കുഞ്ഞുങ്ങളേ, എന്താ പറ്റിയത്?"

വായാടിയായ പരലു പറഞ്ഞു,

"പുളവണ്ണാ കുറച്ചു ദിവസങ്ങളായി ഞങ്ങളു സഹിക്കാൻ തുടങ്ങിയിട്ട്. മേലുവേദന, പനി, തലവേദന,  തളർച്ച എന്നിവകൊണ്ടു പൊറുതി മുട്ടുവാ ഞങ്ങൾക്ക്. നേരം വെളുത്ത് സൂര്യനുദിച്ചാൽ വിഷമം കൂടുവാ. ആരോടു പറയാനാ... സഹിക്കയല്ലാതെ വഴിയില്ലല്ലോ."

"നിങ്ങളു വിഷമിക്കാതെ. നമുക്ക് ഒരു പൊത്തുവരുത്തം കണ്ടു പിടിക്കാം. സമാധാനായിട്ടിരിക്ക്. കരയാതെ, ദേവിയമ്മയെ വിളിച്ചു സങ്കടം പറയുക."

പുളവൻ തോടിന്റെ കരയിലെ വെള്ളമണലിൽ ചുറ്റുകളിട്ട് തലയുയർത്തി ഇരുന്നു. ധ്യാനത്തിലൂടെ, ദേവതമാർ നല്കിയ ദിവ്യ ദൃഷ്ടിയിലൂടെ കാരണ. തിരിച്ചറിഞ്ഞു. വെള്ളംനീക്കിപ്പാറയിലെയും പഞ്ചായത്തു കുന്നിലെയും പള്ളിപ്പറമ്പിലെയും  വീരമലയിലേയും മൊബൈൽ ടവറുകളിൽ നിന്നു വരുന്ന വികിരണ വള്ളികളാണ് ഈ ദീനത്തിനു കാരണം. 

ഈ വികിരണങ്ങളിൽ നിന്നു മറഞ്ഞിരുന്നാലെ രോഗശമനമുണ്ടാവുകയുള്ളു.

പുളവൻ ധ്യാനത്തിൽ നിന്നുണർന്നു. മീനുകളെ നോക്കി പറഞ്ഞു:

മീനുകളേ, നിങ്ങളുടെ വേദനയ്ക്കു കാരണം വികിരണങ്ങളാണ്. അത് നിങ്ങളുടെ കോശങ്ങളെ തുളച്ചു കടക്കുന്നു. കട്ടിയുള്ള പാറയുടെയോ, മൺപാളിയുടെയോ മറവിൽ വൃക്ഷത്തണലിൽ പോയി വിശ്രമിച്ചു- കൊള്ളു, അല്പ സമയം കഴിയുമ്പോൾ സുഖമാവും.

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന മരയോന്തിന് ഒരു സംശയം.
"പുളവനളിയോ, ഈ വികിരണം എന്നൊക്കെ പറയുന്നത് എന്നാ സാധനാ?
തിന്നാൻ കൊള്ളാവുന്നതു വല്ലോം ആണോ?"

"എടോ, ഓന്തേ, ഇതു തീറ്റിയൊന്നൂമല്ല. വായുവിൽക്കൂടി വളരെ വേഗത്തിൽ തുളച്ചുകയറി പോകുന്ന, കണ്ണിനു കാണിൻ കഴിയാത്ത ഊർജ്ജ കിരണങ്ങളാ വികിരണങ്ങൾ. നമുക്കു ചുറ്റുമുള്ള മൊബൈൽ ടവറുകളിൽ നിന്ന്, അവ നാലുപാടും പരക്കുന്നുണ്ട്. അത് നമ്മുടെ ശരീരത്തിലൂടെ തുളഞ്ഞുകയറി പോകുന്നുണ്ട്. ടവറുകളുടെ എണ്ണം കൂടുതലുള്ളിടത്ത് വികിരണങ്ങളു. കൂടുതലായിരിക്കും. ഒത്തിരി നേരം അവ ശരീരത്തു കയറിയതുകൊണ്ടാ മീനുകൾക്ക് പ്രയാസമുണ്ടായത്."

"അതു ശരി. ഇപ്പളാ കാര്യം പിടികിട്ടിയത്. 
അതീന്ന് രക്ഷപെടാൻ വഴിയില്ലേ, അളിയാ?"

"എളുപ്പവഴി അതില്ലാത്തിടത്തു പോയി കിടക്കുക എന്നതാ. കട്ടിയുള്ള കോൺക്രീറ്റ്, കല്ല്, മണ്ണ് ,വലിയ മരം എന്നിവയ്ക്കു പുറകിൽ ഇതിന്റെ ശക്തി കുറവായിരിക്കും." 

"എപ്പോഴും ഫോണുംകൊണ്ടു നടക്കുന്ന കുഞ്ഞുങ്ങൾക്ക് ദോഷമൊന്നുമില്ലേ?"

"ഉണ്ടല്ലോ, അവർക്ക് ഉറക്കക്കുറവ്, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന തുടങ്ങിയ അസുഖങ്ങളാ. എന്നും ആശുപത്രിയിൽ പോക്കല്ലേ, പിള്ളേരെല്ലാം! മനുഷന്മാർക്ക് ബുദ്ധി കിട്ടിട്ടും കാര്യമില്ല. സ്വന്തം ആരോഗ്യം നോക്കാൻ കഴിയാത്ത ബുദ്ധികൊണ്ടെന്താ ഗുണം?"

"അതു ശരിയാ!"

(തുടരും...)


9. പൂവത്തേൽ കുന്നിൽ

snake and the duck story

പുളവന്റെ പുതിയ വിശേഷങ്ങളറിയാതെ വിഷമിച്ചിരിക്കുകയാണ് മുണ്ടി. പുളവൻ പറയുന്നതിലും പ്രവർത്തിക്കുന്നതിലും എന്തോ കാര്യമുണ്ടെന്ന് അവൾക്കറിയാം. എന്നാൽ പൂർണമായി ഒന്നും തിരിയുന്നുമില്ല.

ഏതായാലും ഇന്ന് പുളവന്റെ മാളം വരെയൊന്നു പോകണം. പറ്റിയെങ്കിൽ കൂട്ടിക്കൊണ്ട് പൂവത്തേ കുന്നിലെ പാറയിടുക്കിൽ വളരുന്ന മരുന്നു ചെടിയുടെ രണ്ടില കൊത്തി തിന്നണം.
കുറച്ചു ദിവസമായിട്ട് ഒരു വല്ലാത്ത വയറ്റിൽ വേദന. മരുന്നില കൊത്തി തിന്നാൽ സ്വല്പം ആശ്വാസം കിട്ടും. പക്ഷേ, തനിയെ പോകാൻ പേടിയാ. ആ കുറ്റിക്കാട്ടിൽ കുറുക്കന്മാരുണ്ട്. കണ്ണിൽ പെട്ടാൽ ജീവൻ പോയതു തന്നെ. അതുകൊണ്ട് പുളവനെ കൂട്ടിനു വിളിക്കാം എന്നു തോന്നി.

തോട്ടരികിലൂടെ നീന്തിയും നടന്നും പറന്നും പുളവന്റെ മാളത്തിനടുത്തെത്തി.

മുണ്ടി വിളിച്ചു:- "പുളവണ്ണോ, അണ്ണേ, ഇതു കോഴിപ്പെണ്ണാ, ഒരുപകാരം ചെയ്യുവോ?"

പുളവൻ മാളത്തിൽ നിന്ന് തല പുറത്തിട്ടു ചോദിച്ചു:-. "എന്താ പെണ്ണേ, നിനക്കെന്താ വേണ്ടത്?"

"അണ്ണേ, വല്ലാത്ത വയറ്റു വേദന. ഇത്തിരി മരുന്നു പറിക്കാൻ കൂട്ടു വരാമോ?"

"നിനക്ക് തനിയെ പോകാനറിയില്ലേ?"

"വഴിയറിയാം. പൂവത്തേ കുന്നിലെ പാറയിടുക്കിലാ, മരുന്നു ചെടി. അവിടെ കുറുക്കനുള്ളതുകൊണ്ടാ തനിച്ചു പോകാൻ പേടി. അണ്ണന് സമയമുണ്ടെങ്കിൽ കൂടെ വാ...!"

"വരാം. ഇതാ തയ്യാറായിക്കഴിഞ്ഞു."

പുളവനിഴഞ്ഞും മുണ്ടി നടന്നും കുന്നു കയറാൻ തുടങ്ങി. കുന്നിന്റെ മുകളിലേക്ക് മനുഷ്യർ നടക്കുകയും വണ്ടികൾ കയറിപ്പോകുകയും ചെയ്യുന്ന റോഡുണ്ട്. കയറി പകുതിയെത്തിയപ്പോഴേക്കും മുണ്ടി കിതയ്ക്കാൻ തുടങ്ങി.

മുണ്ടി വിക്കി, വിക്കി പറഞ്ഞു.

"അണ്ണാ, ശ്വാസം മുട്ടുന്നു. തല കറങ്ങുന്നു. കണ്ണിൽ ഇരുട്ടു നിറയുന്നണ്ണാ! ഞാനിവിടെ വീഴും..."

"പേടിക്കാതെ. നീയാ മരത്തിന്റെ ചുവട്ടിൽ ഇരുന്നേ."

അവളവിടെയിരുന്നു. പുളവനവളുടെ നെഞ്ചു തിരുമ്മിക്കൊടുത്ത് ആശ്വസിപ്പിച്ചു.

"മനുഷ്യന്മാരും മൃഗങ്ങളും പറയുന്നത്, പഴയതുപോലെ പൂവത്തേൽ കുന്നു കയറാൻ പറ്റുന്നില്ലെന്നാ! ക്ഷീണിക്കുകയാണു പോലും!" മുണ്ടി അവശയായി പറഞ്ഞു.

"അതെങ്ങനാ സാധിക്കുക? വായുവിൽ ഓക്സിജൻ കുറഞ്ഞു പോയില്ലേ. ഇവിടൊക്കെ എത്ര വലിയ മരങ്ങളുണ്ടായിരുന്നതാ. ആഞ്ഞിലീം പ്ലാവും മാവും തേക്കും വട്ടയും ഇരുപൂളും മരുതും കാടുപിടിച്ചു നിന്നതല്ലേ? അന്ന് അന്തരീക്ഷത്തിൽ കൂടുതൽ പ്രാണവായു നിറഞ്ഞിരുന്നു. അതുകൊണ്ടാ ക്ഷീണം തോന്നാതിരുന്നത്.അതെല്ലാം വെട്ടി വിറ്റപ്പോൾ ഓക്സിജൻ കുറഞ്ഞു, ക്ഷീണോം കൂടി!"

"വണ്ടികളു കൂടിയതുകൊണ്ട് പ്രശ്നമൊന്നുമില്ലേ അണ്ണാ? ഒരു വീട്ടിൽ തന്നെ മൂന്നും നാലും വണ്ടീകളല്ലേ?"

"പ്രശ്നമുണ്ട്. വണ്ടിയുടെ പുകയിൽ കാർബൺ ഡയോക്സൈഡും കാർബൺ മോണോക്സൈഡും ഉണ്ട്.  മുകളിലേക്ക് വണ്ടി കയറുമ്പം പുറംതള്ളുന്ന കാർബൺഡയോക്സൈഡ്, സാന്ദ്രത കൂടുതലായതുകൊണ്ട് താഴോട്ട് വ്യാപിക്കും. അതുകൊണ്ടാ എല്ലാവർക്കും പഴയതിലും കൂടുതൽ ക്ഷീണം"

"എന്റെ ദൈവങ്ങളേ, എന്തൊക്കയാ വരണത്. ജീവിക്കാൻ വയ്യാണ്ടായല്ലോ!"

"ഇതിനെതിരെ പ്രവർത്തിക്കാനും പരിസ്ഥിതി ബലപ്പെടുത്താനുമല്ലേ എന്റെ ശ്രമങ്ങൾ!"

"നല്ലതു ചെയ്യണ്ണാ. ദൈവങ്ങളു തുണയാവട്ടെ!"

"അണ്ണാ, എനിക്ക് ക്ഷീണം മാറി. നമുക്കു കയറാം."

"ശരി, നടക്ക്. അല്ലെങ്കിൽ വേണ്ട, നിന്നെ ഞാൻ വാലുകൊണ്ട് ചുറ്റിപ്പിടിക്കാം. ദിവ്യശക്തികൊണ്ട് പറന്നു പോകാം."

മുണ്ടി സമ്മതിച്ചു. മുണ്ടിയെ ചുറ്റിപ്പിടിച്ചുകൊണ്ട് പുളവൻ പാറയിടുക്കിലേക്ക് മരുന്നു തേടി കുതിച്ചു.

(തുടരും...)


10. തോട്ടിലെ വിഷം

snake and the animals in the forest story

നേരം വെളുത്തു കഴിഞ്ഞു. രത്രിയിൽ മഴ പെയ്തിട്ടുണ്ട്. തോട്ടിലെ വെള്ളം കലങ്ങിയാണ് ഒഴുകുന്നത്. തോട്ടരികിലുള്ള തന്റെ കൂട്ടിൽ നിന്ന് പുറത്തിറങ്ങി നിന്ന്, മുണ്ടി ചിറകു വിടർത്തി തൂവലുകളൊക്കെ നേരെയാക്കി എണ്ണയിട്ടു മിനുക്കാൻ തുടങ്ങി. അപ്പോഴാണ് തോടിന്റെ അരുകിൽ പൊന്തപ്പടർപ്പിനോടു ചേർന്ന് എന്തോ വെളുത്ത കഷണങ്ങൾ പൊങ്ങിക്കിടക്കുന്നതു കണ്ടത്. അവൾ സൂക്ഷിച്ചു നോക്കി.
അത് മീനുകൾ ചത്തു കിടക്കുന്നതാണല്ലോ!

ഒന്നുകൂടി സൂക്ഷിച്ചു നോക്കി. മീനുകൾ മാത്രമല്ല, അവശരായി പ്രാണവെപ്രാളം കാണിക്കുന്ന തവളകളുണ്ട്. പാടത്ത് വെള്ള കൊക്കുകൾ തളർന്നു കിടന്ന് ചിറകനക്കുന്നുണ്ട്. ആമ കുഞ്ഞുങ്ങൾ തുറിച്ച കണ്ണുമായി വേച്ചുവേച്ച് ഇഴയുന്നു. ഈ ജന്തുക്കൾക്കെന്താണു സംഭവിച്ചത്?

ആർക്കും ഒന്നും പറയാൻ കഴിയുന്നില്ല. നാവു കുഴഞ്ഞിരിക്കുന്നു. ഇവരേ സഹായിച്ചേ പറ്റൂ. താനാണേൽ വിവരം കെട്ട കാട്ടു കുളക്കോഴി. തന്റെ ബലം പുളവൻ ചേട്ടനാണ്. ചേട്ടനെ വിളിച്ചു കൊണ്ടു വരാം.

പറ്റാവുന്ന വേഗത്തിൽ മുണ്ടി പുളവന്റെ അടുത്തെത്തി.

അവൾ വിളിച്ചു:

അണ്ണേ, വെക്കം വാ... നമ്മുടെ, മീനും തവളേം, മുളയാനിക്കുന്നൽ പറമ്പിന്റെ താഴെ ചത്തു കിടക്കുന്നു. കുറേ എണ്ണം ശ്വാസമില്ലാതെ പിടയ്ക്കുകയാ. വെക്കം വാ അണ്ണാ!"

പുളവൻ ഒട്ടും സമയം കളയാതെ മുണ്ടിയുടെ കൂടെ ഇറങ്ങിത്തിരിച്ചു.
അവളു പറഞ്ഞതു ശരിയാ. ഒത്തിരി മീനുകൾ ചത്തു പൊന്തിയിട്ടുണ്ട്. ചുറ്റും പലരു. പിടഞ്ഞു മരിച്ചുകൊണ്ടു. ഇരിക്കുന്നു.

പുളവൻ പറഞ്ഞു:- "ഇവിടെ വെള്ളത്തിലെന്തോ വിഷം കലർന്നിട്ടുണ്ട്. ഇന്നലെ രത്രിയിൽ പെയ്ത മഴയ്ക്ക് ഒഴുകിയെത്തിയതാണ്. അതു നേരേ വന്നു കയറിയത്, ഈ ഭാഗത്താണ്. ആ വെള്ളത്തിൽ കിടന്നവർക്കാണ് വിഷബാധ ഏറ്റിരിക്കുന്നത്."

വീണ്ടും പുളവൻ ധ്യാനത്തിൽ മുഴുകി. ജ്ഞാനദൃഷ്ടികൊണ്ട് കാരണം കണ്ടെത്തി. ചുറ്റും വെച്ചിരിക്കുന്ന പൈനാപ്പിൾ ചെടികൾക്ക്, ഇന്നലെ മരുന്നടിക്കുകയുണ്ടായി. ആ മരുന്നും അടുത്തയിട ചേർത്ത രാസവളത്തിന്റെ അംശവും തോട്ടിലേക്ക് ഒലിച്ചിറങ്ങിയതാണ്.

അപ്പോഴാണ് പുത്തൻപുരയ്ക്കലെ ഷാജ്മോൻ ഓക്കാനിച്ചു ഛർദ്ദിക്കുന്ന ഒച്ച കേട്ടത്. അയ്യോ, തൊണ്ട പൊട്ടണേ, എന്നു പറയുന്നുമുണ്ട്. സംശയമില്ല അവരുടെ കിണർവെള്ളത്തിലും വിഷം കലർന്നു കഴിഞ്ഞു. എന്താ ചെയ്യാൻ കഴിയുക?
പുളവൻ ചിന്തയിലാണ്ടു.

ചിന്തയിൽ നിന്നുണർന്ന പുളവൻ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. ഉടനെ മൂന്നുനാല് എലികൾ അങ്ങോട്ടു വന്നു.
പുളവൻ എലികളോടു പറഞ്ഞു:-

സഹോദരങ്ങളേ, നിങ്ങളുടെ ആൾക്കാരെ എല്ലാം കൂട്ടി ഒരു വേലചെയ്യണം. ഈ വെള്ളത്തിൽ വിഷാംശമുണ്ട്. അതു മാറ്റണം. 
അതിനുവേണ്ടി അടുത്തുള്ള പുരയിടങ്ങളിലെ കാട്ടുമഞ്ഞൾ കുത്തിയിളക്കി മുറിച്ച് തോട്ടിൽ കലക്കണം. വേഗം വേണം. താമസിക്കും തോറും കൂടുതൽ ജന്തുക്കൾ ചത്തുകൊണ്ടിരിക്കും.

വീണ്ടും പുളവൻ പന്നിയെലികളെ വിളിച്ചു. അവരോട്  ചുണ്ണാമ്പിന്റെ അംശമുള്ള മണ്ണിളക്കി തോട്ടിലിടാൻ പറഞ്ഞു. അങ്ങനെ ചെയ്താൽ വെള്ളത്തിന്റെ അസിഡിറ്റി കുറയ്ക്കാം പോലും.

പുളവൻ പറഞ്ഞതു പോലെ എലികളും, പെരുച്ചാഴികളും പ്രവർത്തിച്ചു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എല്ലാം നേരെയായി.

അവനവിടെ കൂടിനിന്ന മൃഗങ്ങളോടു പറഞ്ഞു.
" നമുക്ക് കൂടുതലായി പ്രവർത്തിക്കേണ്ടതുണ്ട്. മനുഷ്യരെപ്പൊലെ ഒരു പ്രക്ഷോഭ സമരത്തിന് നമ്മൾ തയ്യാറാവണം.
നാളെ പത്തുമണിക്ക് മൂന്നുതോട് വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാറയിൽ എല്ലാവരും എത്തിച്ചേരുക. നിങ്ങൾ ഈ വിവരം നാടു നീളെ അറിയിക്കുക.

(തുടരും...)


11. തോയിപ്ര സമ്മേളനം

കൃത്യം പത്തുമണിക്കുതന്നെ പക്ഷിമൃഗാദികൾ പാറപ്പുറത്ത് എത്തി.കുരിശുപള്ളിക്കവലയിലെ ആൽ മരത്തിന്റെ മുകളിൽ കയറി നിന്നാണ് പുളവൻ സംസാരിച്ചത്.

"സഹജീവികളേ,
ജീവിതം അസാധ്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മൃഗങ്ങളും പക്ഷികളും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ പേടിച്ച് മാളങ്ങളിലും കൂടുകളിലും പാറയിടുക്കിലും ഒളിച്ചും പതുങ്ങിയും ഇരുന്നാൽ, അധികകാലത്തേക്ക് ജീവിതമുണ്ടാകില്ല. നമുക്ക് പ്രവർത്തിക്കാൻ കഴിയണം. മനുഷ്യനും നല്ല പാഠങ്ങൾ പകർന്നു കൊടുക്കാൻ നമ്മൾക്കു കഴിഞ്ഞേക്കും. 

നമ്മുടെ ഭാഷയിൽ, നമ്മുടെ ശൈലിയിൽ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാവുന്നതാണ്. മരങ്ങളില്ലാത്തിടത്ത് വിത്തു കൊത്തിയിടാൻ പക്ഷികൾക്കും, അണ്ണാനും വവ്വാലുകൾക്കും കഴിയില്ലേ? ആ വിത്തുകൾ മണ്ണിട്ടു മൂടുവാൻ എലികൾക്കു കഴിയില്ലേ? 

നല്ല പൂമ്പൊടി ശേഖരിച്ച് പരാഗണം ചെയ്യിച്ച് മേൽത്തരം സസ്യങ്ങളെ ഉത്പ്പാദിപ്പിക്കാൻ തേനീച്ചകൾക്കും ശലഭങ്ങൾക്കും കഴിയില്ലേ?

കാക്കകൾക്കും പരുന്തുകൾക്കും ഭൂമി വെടിപ്പുള്ളതാക്കാൻ പ്രാപ്തിയില്ലേ?
ഉണ്ട്, ഉണ്ട്, ഉണ്ട്! അതു നമ്മൾ ചെയ്യണം. നമ്മുടെ ചുറ്റുപാടുകൾ മരം കൊണ്ടു നിറയണം. വായു ശുദ്ധമാകണം. മണ്ണിൽ വെള്ളം നില്ക്കണം. പരിസ്ഥിതി സന്തുലനം നിലനിൽക്കണം. അതിന് നിങ്ങൾ തയ്യാറാവുക!"

കാട്ടു മുയലിന് ഒരു സംശയം. അയാൾ ചോദിച്ചു:-
"നിങ്ങള് പറയണതൊക്കെ കാര്യം. 
പക്ഷേ മനുഷ്യന്മാരു കേറി ഇടങ്കോലിടില്ലേ?"

പുളവൻ മറുപടി പറഞ്ഞു:

"മനുഷ്യന്റെ കാലം കഴിഞ്ഞു. പാവങ്ങൾ തമ്മിൽ തല്ലി, മയക്കുമരുന്നും മന്ത്രവാദോം കുരുതീം നടത്തി ബോധം കെട്ടു നടക്കുവാ. 
കുറച്ചുപേർ ശല്യപ്പെടുത്തിയേക്കാം. അവരേ കാര്യമാക്കേണ്ടതില്ല. പതുക്കെ ഒതുങ്ങിക്കൊള്ളും."

പാറപ്പുറത്ത് വെയിലുകൊണ്ടിരുന്ന കുറുനരി പറഞ്ഞു. 

"ഞാൻ എന്തിനും റെഡിയാ. പക്ഷേങ്കില് കൂവാനൊരവസരം ഉണ്ടാക്കിത്തരണം. "

"എല്ലാവർക്കും അവരവരുടെ കഴിവുകൾ പ്രയോഗിക്കാനുള്ള അവസരങ്ങൾ കിട്ടും."
കൂട്ടത്തിൽ കാരണവരായ മഞ്ഞച്ചേര, പറഞ്ഞു: "മനുഷ്യരെ മാറ്റി നിർത്തിക്കൊണ്ട് ഒരു പ്തിക്ഷേധ സമരം നടത്തുന്നത് ശരിയല്ല. അവരെ എങ്ങനെ എങ്കിലും കൂടെ കൂട്ടാൻ പറ്റുമോ?"

പുളവൻ പറഞ്ഞു: "വഴിയുണ്ട്. ഞാൻ ഇന്നു രാത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ്സിന്റെയും
നമ്മുടെ എം. എൽ. ഏ. ശ്രീ പീ.ജെ. ജോസഫിന്റെയും സ്വപ്നത്തിൽ പ്രവേശിക്കും. അവരെ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തും. അവരുടെ സഹായത്തോടെ നമ്മുടെ പദ്ധതികളിൽ ദേശവാസികളേയും പങ്കാളികളാക്കാനുള്ള ശ്രമങ്ങൾ തുടരും.

(തുടരും...)


12. ജന്തു മഹാജാഥ

അന്യജീവികളുടെ മനസ്സിലേക്കും, സ്വപ്നങ്ങളിലേക്കും ചിന്തകളിലേക്കും കടന്നു ചെല്ലാൻ കഴിയുന്ന പുളവമനസ്സ്
നാട്ടിലെ ജനനായകന്മാരുടെ മനസ്സിൽ പ്രകൃതി സംരക്ഷണത്തിന്റെ ത്വര  സൃഷ്ടിച്ചെടുത്തു. സ്വപ്നങ്ങളിലൂടെ അശരീരിയായി അവരുമായി സംവദിച്ചു. അടുത്ത ജനുവരി ഒന്നിന്, കരിങ്കുന്നം പള്ളിമുറ്റത്തു നിന്ന് പുറപ്പുഴ പുതുച്ചിറക്കാവിന്റെ മുമ്പിൽ, ശ്രീ P. J. ജോസഫ്,MLA യുടെ വീട്ടുമുറ്റം വരെ ഒരു മഹാജാഥ എല്ലാ പക്ഷിമൃഗാദികളും മനുഷ്യരും ഒത്തൊരുമിച്ച് നടത്താൻ തീരുമാനിച്ചു.
നാട്ടിലെ ഭാവനാസമ്പന്നരെക്കൊണ്ട് മുദ്രാവാക്യങ്ങൾ എഴുതിച്ചു. ആർട്ടിസ്റ്റുകളെക്കൊണ്ട് പ്ലേക്കാർഡുകൾ ഉണ്ടാക്കിച്ചു. മൃഗങ്ങളെ താളാത്മകമായി ശബ്ദിക്കാൻ പഠിപ്പിച്ചു.നൃത്തം ചെയ്യാൻ പഠിപ്പിച്ചു.

അങ്ങനെ ജനുവരി ഒന്നാം തീയതി വന്നു. രാവിലെ എട്ടുമണിക്കു മുൻപുതന്നെ ജന്തുക്കളും പക്ഷികളും മനുഷ്യരും പള്ളിമുറ്റത്തെത്തി. കുളമാവുകാടുകളിൽ നിന്നെത്തിയ വാനരസംഘം ( അവർ ജവഹർ നവോദയ വിദ്യാലയത്തിലെ കുട്ടികളുടെ ബാന്റുസെറ്റ് പ്രാക്ടീസ് കേട്ട്, അനുകരിക്കുന്നവർ) വാദ്യഘോഷം മുഴക്കി, നൃത്തം ചെയ്തു. സെമിത്തേരിയുടെ
കല്ലറകൾക്കു മുകളിലും പള്ളി നടകളിലും അലസമായി ചിന്തിച്ചിരിക്കാറുള്ള പരേതാത്മാക്കൾ കാക്കകളുടെ ഹൃദയത്തിലേക്ക് ചേക്കേറി. ജാഥയിൽ പങ്കുകൊണ്ടു.

മഹാജാഥ വലിയ വിപ്ലവാവേശത്തോടെ 'കരിങ്കുന്നം- പുറപ്പുഴ' റോഡിലൂടെ മുന്നോട്ടു നീങ്ങി.
ജലജീവികൾ അഴികണ്ണിത്തോട്ടിലൂടെ പുറപ്പുഴയ്ക്കു കുതിച്ചു.നാട്ടിലെ ജന്തു വർഗങ്ങൾ ഒരേ വികാരത്തിൽ, ഒരേ ലക്ഷ്യത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി, ശബ്ദാരവം മുഴക്കി, നൃത്തംവെച്ച്, സഹകരിച്ച്, സമാധാനപരമായി, നടത്തിയ ചരിത്രത്തിലെ ആദ്യ മഹാപ്രദക്ഷിണം!

MLAയുടെ വീടിനു മുമ്പിലെ വിശാലമായ തോട്ടത്തിൽ വലിയ സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എല്ലാ ജീവികൾക്കും വെള്ളവും ഭക്ഷണവും ഒരുക്കിയിരുന്നു. വേണ്ട നിർദ്ദേശങ്ങൾ ഉച്ചഭാഷിണിയിലൂടെ നല്കിക്കൊണ്ടിരുന്നു. വീടിന്റെ പുറകിലെ തോട്ടിലും പാടത്തും ജലജീവികൾക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു!

ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം
അന്തരീക്ഷത്തിലേക്ക് ഒരു വെള്ളിവടിപോലെ ഉയർന്നുനിന്ന പുളവൻ, ഏവരേയും സ്വാഗതം ചെയ്തുകൊണ്ട്, ബഹുമാന്യനായ MLAയെ പ്രസംഗത്തിനു ക്ഷണിച്ചു.
MLA മൈക്കിനു മുമ്പിലെത്തി, മഹാസദസ്സിനെ നോക്കിക്കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി. മനസ്സ് ആനന്ദാതിരേകത്താൽ രോമാഞ്ചമണിഞ്ഞു. ശ്രീ. പീ.ജെ. ജോസഫ് സംസാരിക്കാൻ തുടങ്ങി. 

"പ്രിയ സഹജീവികളേ,
എന്റെ ജീവിതത്തിലെ ഏറ്റവും ചാരിതാർത്ഥ്യം നിറഞ്ഞ ഒരു ദിവസമാണിത്. നാളിതുവരെയുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങക്ക് ഒരു പൂർണത വരുന്നത് ഇന്നാണ്. പ്രപഞ്ച ശക്തിയുടെ ദിവ്യ പ്രഭാവത്താൽ സമസ്ത ജീവിവർഗങ്ങളെയും ഒന്നിച്ചു കാണാനും അവരോട് അല്പം സംസാരിക്കാനും അവസരം കിട്ടിയിരിക്കുന്നു. എന്റെ മനസ്സിന്റെ മനസ്സിലെ ഒരാഗ്രഹമായിരുന്നു പരിസ്ഥിതി സന്തുലനത്തിനുവേണ്ടി പ്രവർത്തിച്ചു മരിക്കുക എന്നത്. എന്റെ രാഷ്ട്രീയ ജീവിതത്തിലും ഗാന്ധിജി സ്റ്റഡി സെന്റർ അധ്യക്ഷനെന്ന നിലയിലും സഹജീവനത്തെയും, സഹകരണത്തെയും പുഷ്ടിപ്പെടുത്തുക എന്ന അടിസ്ഥാന ലക്ഷ്യമുണ്ടായിരുന്നു.

ഇവിടെ കൂടിയിരിക്കുന്ന ജീവി വർഗങ്ങളെ സാക്ഷിയാക്കി ഞാൻ ശപഥം ചെയ്യുന്നു, 'എന്റെ ശിഷ്ടകാല ജീവിതം സഹജീവികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും, ആരോഗ്യമുള്ള ഒരു പരിസ്ഥിതി വ്യൂഹം നിർമിച്ചെടുക്കുന്നതിനും വേണ്ടിയായിരിക്കുമെന്ന്!"

വളരെ നീണ്ടു നിൽക്കുന്ന കയ്യടിയും ഹർഷാരവങ്ങളും മുഴങ്ങി. കുറുക്കന് മതിവരുവോളം കൂവാനുള്ള അവസരവും കിട്ടി.

പുളവൻ തുടർന്നു: " സമയാ സമയങ്ങളിൽ നമുക്കുവേണ്ട നിർദ്ദേശങ്ങൾ പ്രപഞ്ച വിധാതാവിന്റെ ഇംഗിതമനുസരിച്ച് എന്നിലൂടെ വെളിവാക്കപ്പെടും. നമ്മളൊത്തൊരുമിച്ച് പ്രകൃതിമാതാവിന് സേവനം ചെയ്യും!

ഇനി ഈ കൂട്ടുചേരലിന് കൃതജ്ഞത അർപ്പിക്കുവാൻ എന്റെ സോദരിയും കൂട്ടുകാരിയുമായ മുണ്ടിയെ ക്ഷണിക്കുന്നു."

മുണ്ടി പറന്ന് മുറ്റത്തെ മാവിന്റെ കൊമ്പിൽ കയറി ഇരുന്നു. സദസ്സിനെ നോക്കി പറഞ്ഞു. 

"എന്റെ മിത്രങ്ങളേ, വലിയവരായ മനുഷ്യന്മാരേ, നിങ്ങളോട് വലിയ കാര്യങ്ങളൊന്നും പറഞ്ഞു തരാനുള്ള അറിവോ, കഴിവോ എനിക്കില്ല. എങ്കിലും ഈ ജീവി സമൂഹത്തെ ഒന്നിച്ചുകാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. ഈ നിറവും ശബ്ദവും ചലനങ്ങളും ആവേശവും അതിശയം ജനിപ്പിക്കുന്നു. കുളക്കോഴിക്കും ചിലതു ചെയ്യാനുണ്ട് എന്ന തിരിച്ചറിവുണ്ടാവുന്നു. പുളവനണ്ണൻ പറഞ്ഞതനുസരിച്ച് ഇവിടെ വന്നുചേർന്ന നിങ്ങൾക്കെല്ലാം നന്ദി പറയുന്നു. ഈശ്വരന്റെ കൃപാ കടാക്ഷം നിങ്ങളിലുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഓം ശാന്തി:"

എല്ലാവരും നിറഞ്ഞ മനസ്സോടെ, നിശ്ചയദാർഢ്യത്തോടെ, പുത്തൻ പ്രതീക്ഷയോടെ, അടുത്ത അറിയിപ്പിനുവേണ്ടി കാത്തിരിക്കാൻ
തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് തിരിച്ചു പോയി!

 (തുടരും...)


13. അമരങ്കാവിൽ

ഇനിയൊരു വിശ്രമം ആവശ്യമാണ്.മനസ്സിൽ ഊർജം നിറയ്ക്കേണ്ടതുണ്ട്. അതിനുപറ്റിയ വിശ്രമ സങ്കേതം തൊടുപുഴ മുൻസിപ്പാലിറ്റി പരിധിയിൽ കോലാനിയിലുള്ള അമരങ്കാവാണ്. അമരങ്കാവ്-തൊടുപുഴയുടെ സ്വകാര്യാഭിമാനം, ധാർമികനേട്ടം, സാമൂഹിക പ്രതിബദ്ധത, പ്രകൃതിസ്നേഹം- ഒരു പാരിസ്ഥിതിക നിധിശേഖരമെന്നു വിശേഷിപ്പിക്കാവുന്ന സംരക്ഷിത വനമാണ്.

ഏതു ചുട്ടുപൊള്ളുന്ന വേനലിലും കുളിർമ നിറഞ്ഞ വനപ്രദേശം. ശരീരത്തിനും മനസ്സിനും ഊർജം നല്കുന്ന പ്രാണവായു നിറച്ച പ്രകൃതിയുടെ ഓക്സിജൻ പാർലർ! ഏത് ഋണാത്മക ചിന്തകളെയും മനസ്സിൽ നിന്നകറ്റാൻ കഴിവുള്ള ദൃശ്യചാരുത!

മൂന്നേക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന, ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുള്ള കാട്! കാടിനുള്ളിലെ വനദുർഗാക്ഷേത്രം! പശ്ചിമഘട്ടത്തിലെ അപൂർവയിനം വൃക്ഷങ്ങളും മൃഗങ്ങളും പക്ഷികളും ശലഭങ്ങളും ഉരഗങ്ങളും ഒന്നിച്ചു ജീവിക്കുന്ന അമരങ്കാവ്! കാവിനെ സ്വന്തം ഹൃദയം പോലെ കാത്തു സൂക്ഷിക്കുന്ന ദേശവാസികൾ.

ദുർഗാക്ഷേത്രത്തിന്റെ ധനാത്മക ചൈതന്യത്തിൽ അല്പനേരം ധ്യാനിച്ചിരിക്കണം. സർപ്പക്കാവിനകത്തുകയറി ഒന്നു മയങ്ങണം. അടുത്ത ദൗത്യത്തിനുള്ള സന്ദേശം മനസ്സിലേക്ക് പറന്നെത്തണം.
ക്ഷീണിച്ച മനസ്സിലേക്ക് ഒരു ശുഭചിന്തയും കടന്നു വരില്ല. അമരങ്കാവു യാത്ര തനിച്ചു മതി. മുണ്ടിയെ കൂടെക്കൂട്ടിയാൽ, അവളു പേടിക്കും. മാത്രമല്ല പാമ്പും കോഴിയു തമ്മിലുള്ള ചങ്ങാത്തം മറ്റു മൃഗങ്ങളെ അമ്പരപ്പിച്ചേക്കാം!

പുളവൻ നേരെ കോലാനിക്കു പറന്നു.
അഴികണ്ണിത്തോടുകടന്ന്, പുതുച്ചിറക്കാവുതാണ്ടി,നെടിയശാലയ്ക്കു മുകളിലൂടെ പഞ്ചവടിപ്പാലം കടന്ന് അമരങ്കാവിലെത്തി. അമ്പലക്കുളത്തിൽ മുങ്ങി, ശ്രീകൃഷ്ണ ക്ഷേത്രത്തിനു വലം വെച്ച്, അമരങ്കാവിൽ പ്രവേശിച്ചു. ദേവീ സന്നിധിയിലെത്തി ധ്യാനനിദ്രയിൽ ലയിച്ചു.
ഒന്നും കേൾക്കാതെ,കാണാതെ, നിർവികല്പ സമാധിയുടെ ഊഷ്മളതയിൽ പുളവൻ മയങ്ങി.

സമാധിയിൽ നിന്നുണർന്ന് കാട്ടുഫലങ്ങൾ ഭക്ഷിച്ച് വിശപ്പടക്കി.സർപ്പക്കാവിനുള്ളിലേക്ക്, ദീർഘനിദ്രയിൽ ലയിക്കാൻ ഇഴഞ്ഞു നീങ്ങി. ഉറക്കത്തിൽ പുളവനാ സ്വപ്നം കണ്ടു! ദേവതകളുടെ അടുത്ത അരുളപ്പാട് അവനു ലഭിച്ചു. കൊടികുത്തിമലകളെ സംരക്ഷിക്കുക. അതിനുവേണ്ട കർമ്മപദ്ധതികൾക്ക് രൂപം കൊടുക്കുക.

(തുടരും...)


14. കൊടികുത്തിയിലെ പാറ ഖനനം

അടുത്ത ദൗത്യം കൊടികുത്തി മലയിൽ സംഭവിക്കാനിരിക്കുന്ന പാറ ഖനനം തടയുക എന്നതാണ്.
പുറപ്പുഴ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് കൊടികുത്തിമല, അല്ലെങ്കിൽ കുട്ടിവനപ്രദേശം. അഴികണ്ണിത്തോട് ഒഴുകി വലുതായി പുറപ്പുഴ കടന്ന് മാറികയിലെത്തുമ്പോൾ, തോടിനു ജലസമൃദ്ധി ലഭിക്കുന്നത് കൊടികുത്തിമലയിൽ നിന്നുത്ഭവിക്കുന്ന കൊച്ചരുവീകളിൽ നിന്നാണ്.ഈ നാടിന്റെ കാർഷികാഭിവൃത്തി കൊടികുത്തി മലയുമിയി ബന്ധപ്പെട്ടു കിടക്കുന്നു.

അറബിക്കടലിൽ നിന്നുവരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞു നിർത്തി, കരിങ്കുന്നത്തിനും, കുണിഞ്ഞിക്കും പുറപ്പുഴയ്ക്കും മഴ നല്കുന്ന മലനിര;
മൂർഖൻ പാമ്പുകളുടെ ആവാസകേന്ദ്രമായ കാട്ടു പ്രദേശം, തകർത്തു നിരപ്പാക്കാൻ പാറമട ലോബികൾ ലക്ഷ്യമിട്ടിരിക്കുന്നു.

സർക്കാർ വക ഭൂമി തരിശായി കിടന്ന് വനമായി മാറി. ആ വനഭൂമിയും സ്ഥലവാസികളുടെ ഭൂമിയും ഖനനലോബി
കയ്ക്കലാക്കിക്കഴിഞ്ഞു. കിഴുക്കാംതൂക്കായി നാൽപ്പതു ഡിഗ്രി മുതൽ എഴുപതു ഡിഗ്രിവരെ ചെരുവിൽ
കിടക്കുന്ന ഈ മലയിലെ ഖനനം സമീപ പ്രദേശങ്ങളെ ജലദൗർലഭ്യത്താൽ ഉണക്കി കരിക്കും. മാത്രമല്ല, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഉരഗവർഗങ്ങളും കുറുക്കനും മുള്ളൻ പന്നികളും ചത്തൊടുങ്ങുകയും ചെയ്യും.

ഈ പ്രദേശത്തെ ഖനനലോബിയിൽ നിന്ന് സംരക്ഷിക്കുന്നതിനുവേണ്ട പ്രയത്നമാണ് പുളവന്റെ അടുത്ത ദൗത്യം.

പാറ ഖനനത്തിനെതിരെ വലിയ ജനകീയ സമരങ്ങൾ ഉയർന്നു വന്നതുകൊണ്ട്, താത്ക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ജനങ്ങളെ പേടിപ്പിക്കാൻ 'ബ്ലാക്ക് മാനെയും' പ്രേതങ്ങളെയും വരെ വേഷംകെട്ടിച്ചിറക്കി എന്നണ് പറയപ്പെടുന്നത്. സമിപ ഭാവിയിൽ ഖനനം വീണ്ടും തുടങ്ങും. അതിന് അവസരമുണ്ടാകരുത്. മനുഷ്യന്
ചെയ്യാൻ കഴിയാത്തത് , ചെറുജീവികൾക്ക് ചെയ്യാൻ കഴിയും.

ഈ ജൈവമണ്ഡലത്തിലെ പ്രഹരശക്തി കൂടിയ ശലഭങ്ങളെയും ഉരഗങ്ങളെയും ഈ സംരക്ഷണ ദൗത്യം ഏൽപ്പിക്കണം.
അതിനു വേണ്ടി ഒരു ഉരഗ- ഷഡ്പ്പദ സമ്മേളനം സംഘടിപ്പിക്കണം. തികച്ചും ജൈവമിർഗങ്ങളിലൂടെ ഖനന ലോബിയെ പരാജയപ്പെടുത്താനുള്ള സമരത്തിന് തയ്യാറെടുക്കണം.

ജീവീ ർർഗ തലവന്മാരുടെ മനസ്സിലേക്ക് കടന്നുചെന്ന് അവരെ ബോധവത്ക്കരിക്കേണ്ടിയിരിക്കുന്നു.
അടുത്ത ദിവസം കൊടികുത്തിക്കു മുകളിൽ  സംരക്ഷണ സമരസമിതി യോഗം ചേരുന്നു.

(തുടരും...)


15. കൊടികുത്തിമലയിൽ

കൊടികുത്തിയിലെ സമ്മേളന ദിവസമെത്തി. സൂര്യോദയത്തോടെ, വിശാലമായ പാറക്കെട്ടിനു മുകളിൽ പാമ്പും തേളും പഴുതാരയും കടുന്നലും കുളവിയും തേനീച്ചയും കട്ടുറുമ്പും കൂട്ടുകാരും ഒത്തുകൂടി. ഒരുയർന്ന കല്ലിനു മുകളിൽ തലയുയർത്തി വച്ച് പുളവൻ
പറഞ്ഞു:

" സഹജീവികളേ,
നമ്മുടെ നിലനില്പ്, ഈ മലയും ഇതിലെ വനവും നല്കുന്ന ബലത്തിലാണ്. കുടിവെള്ളവും പ്രാണവായുവും ഭക്ഷണവും ഈ കൊടികുത്തി പെയ്യിക്കുന്ന മഴയിൽ നിന്ന് ഉണ്ടാവുന്നു.
ഈ മലമുകളിലെ പാറ പൊട്ടിച്ച് കോട്ടയത്തും ആലപ്പുഴയിലും എർണാകുളത്തും ബഹുനില കെട്ടിടങ്ങൾ പണിയാൻ, നമ്മൾ വിട്ടു കൊടുക്കരുത്."

പത്തി വിടർത്തി തലയാട്ടിക്കൊണ്ടിരുന്ന കരിമൂർഖൻ ചോദിച്ചു:

"എടേ നീർക്കോലീ, നീ പറയുന്നതൊക്കെ എങ്ങനെ സാധിച്ചെടുക്കും?"

"ദേഷ്യപ്പെടാതെ കാർന്നോരെ, പറയാം...
നമ്മൾ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചാൽ മനുഷ്യന്റെ ധൈര്യവും മനസ്സാന്നിധ്യവും തകരും."

"എടാ, ഒന്നു മനസ്സിലാകുന്ന പോലെ പറഞ്ഞേ"

"പറയാം. തേനീച്ചകൾ, ഇവിടുള്ള ഓരോ  പാറയിടുക്കിലും മരത്തിലും പുതിയ കൂടുകൾ വയ്ക്കണം. കടന്നലുകളും കുളവികളും അതുതന്നെ ചെയ്യണം.
ഉറുമ്പുകളും വിഷജന്തുക്കളും ഇവിടെ താവളങ്ങളുണ്ടാക്കണം. പക്ഷേ,ഈ വീടുകളെല്ലാം വെറും ഡമ്മികൾ. സ്ഥിരതാമസം നിങ്ങളുടെ സ്വന്തം കൂട്ടിൽ.
ആരെങ്കിലും പുതുതായി ഖനനത്തിനെത്തിയാൽ കാവലിരിക്കുന്ന ദൂരദർശിനി കണ്ണുകളുള്ള പരുന്തുകൾ നിങ്ങൾക്ക് സൂചന തരും. ഉടനെ കൂട്ടമായി ഈ താത്ക്കാലിക കൂടുകളിലേക്കെത്തുക. അതിഥികളെ ഭയപ്പെടുത്തിയും ചെറുതായി വേദനിപ്പിച്ചും ഇവിടെ നിന്നു തുരത്തുക.

ശ്രദ്ധിക്കണം നമ്മുടെ ആൾക്കാർക്കോ പണിക്കുവരുന്ന പാവം പണിക്കാരനോ, ജീവഹാനിയുണ്ടാവാൻ പാടില്ല.

നമ്മളെ തുരത്താൻ തീയോ, രാസമരുന്നുകളോ ഉപയോഗിച്ചെന്നു വരും. അപ്പോൾ കൂടുവിട്ട് ഉയർന്ന വൃക്ഷക്കൊമ്പുകളിലും സുരക്ഷിതമായ പാറയിടുക്കിലും അഭയം പ്രാപിക്കുക.
ശത്രു പിൻവാങ്ങിയാൽ നിങ്ങൾക്ക് സ്ഥിര വീടുകളിലേക്ക് തിരിച്ചു പോകാം."

" കേട്ടുകൊണ്ടിരുന്ന ഓന്തു പറഞ്ഞു:
"അതു കലക്കും."

"മൂർഖനണ്ണാ, ഞാനൊരു നീർക്കോലി തന്നെ. എന്നാൽ എന്റെ പ്രവർത്തനങ്ങൾ ഈശ്വരാർപ്പിതമാണ്. യജ്ഞ ഭാവേനയാണ്. കർമ്മഫലം സ്വന്ത ലാഭം ലക്ഷ്യമാക്കയല്ല. എന്റെ വാക്കുകൾ ദേവകല്പിതമാണ്."

"ശരിയെടോ, നീ പറഞ്ഞപോലെ ചെയ്യാം."

(തുടരും...)


16. ഒരു മുങ്ങിക്കുളി 

സമ്മേളനം കഴിഞ്ഞു മലയിറങ്ങിയ  പുളവൻ മുണ്ടിയുടെ മൂന്നുതോട്ടിലെ വീടിനരികിലെത്തി. അവൻ വിളിച്ചു:

"കോഴിപ്പെണ്ണേ, നീ എവിടാ, കണ്ടിട്ട് ദിവസം കുറച്ചായല്ലോ"

മുണ്ടി പരിഭവത്തോടെ ഇറങ്ങിവന്നു.

"അണ്ണനിപ്പം തനിച്ചു നടക്കാനല്ലേ ഇഷ്ടം?
ഒന്നു കണ്ടിട്ടും മിണ്ടിയിട്ടും നാളെത്രയായി?"

"പിണങ്ങാതെ പെണ്ണേ, എനിക്ക് അമരങ്കാവിലും കൊടികുത്തിയിലും പോകാനുണ്ടായിരുന്നു. നിന്നെ കൂട്ടി പോകുന്നത് അപകടമായിരിക്കുമെന്നു  കരുതി, തനിച്ചു പോയതാണ്."

"അപ്പം അണ്ണൻ പ്രവർത്തനത്തിൽ തന്നെയായിരുന്നു."

"അതെ."
"എനിക്കൊന്നു മുങ്ങിക്കുളിക്കണം. ആ പാലത്തിന്റെ കീഴെ വെള്ളമില്ലേ?"

"ഇപ്പം വെള്ളമുണ്ട്. രണ്ടാഴ്ച കഴിഞ്ഞാൽ ഉണങ്ങും."

"നീ വരുന്നോ? വല്ലോം മിണ്ടിം പറഞ്ഞും ഇരിക്കാം."

പുളവൻ വെള്ളത്തിൽ ചാടി, പുളഞ്ഞു വളഞ്ഞ് നീന്തിക്കളിച്ചു.                           മുണ്ടി ചോദിച്ചു:  "ഇനിയെന്താ അണ്ണന്റെ അടുത്ത പരിപാടി"

"ഒത്തിരി ആപത്തുകൾക്കെതിരെ മുൻകരുതലുകളെടുക്കണം."

"എന്തൊക്കെ ആപത്തുകളാ വരാനിരിക്കുന്നത്?"

"ശബരി റെയിൽപ്പാത വന്ന് നെല്ലാപ്പാറ കുന്നു തുളച്ചു തുരങ്കമുണ്ടാക്കിയാൽ, അഴികണ്ണി തോടില്ല, കുറിഞ്ഞിക്കാവില്ല, പതിനായീരക്കണക്കിന് ജീവികളും അവശേഷിക്കില്ല!"

"അമ്മമ്മോ..."

"പ്രധാനമന്ത്രിയുടെ ദേശീയപാത വികസനത്തിന്റെ ഭാഗമായ ആറുവരിപ്പാത വരുന്നത്, ഞാനിപ്പോൾ നീന്തുന്ന തോടിനു കുറുകെയാണ്. പാലം പണിതാലും തോടു നികത്തിയിലും വഴിതിരിച്ചു വിട്ടാലും തിരികെ പിടിക്കാൻ പറ്റാത്ത പരിസ്ഥിതി തകർച്ച സംഭവിക്കും.

തൊഴിലുറപ്പുകാർ എല്ലാ വേനലിനും ഈ തോടിന്റെ ഇരുകരകളിലെ കുറ്റിച്ചെടികളും, ഔഷധ സസ്യങ്ങളും വെട്ടിയുണക്കി തീയിടുമ്പോൾ, നശിക്കുന്ന ജീവ സമ്പത്തിന്റെ കണക്ക് പഞ്ചായത്തറിയുന്നില്ല. തടിവെട്ടുകാരും മണലൂറ്റുകാരും നമ്മുടെ  ചുറ്റുപാടിനു വരുത്തുന്ന വൃണപ്പാടുകൾ ഉണങ്ങാതെ അർബുദമായി മാറുന്നതാരും തിരിച്ചറിയുന്നില്ല.

തകർച്ചയുടെ കാട്ടുതീ ആളിപ്പടർന്നടുക്കുമ്പോൾ, മനസ്സിനെ തണുപ്പിക്കാൻ, സമാധിനിപ്പിക്കാൻ, ദേവതകൾ ശക്തി തരണേ എന്നു പ്രാർത്ഥിക്കാനേ കഴിയൂ!"

"നിർത്തണ്ണാ, നിർത്ത്. ഇതു കേട്ടിട്ടു പേടിയാവുന്നു."

നമ്മുടെ ഗ്രാമത്തിന്റെ ഒരു ചെറു മൂലയിൽ,
ഇതാണു സ്ഥിതിയെങ്കിൽ, ഈ ജില്ലയിലും സംസ്ഥാനത്തും രാജ്യത്തും ലോകത്തിലെല്ലായിടത്തും അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക
തകർച്ചകളെപ്പറ്റി ചിന്തിച്ചു നോക്കൂ, പെണ്ണേ..."

മുണ്ടിക്കൊപ്പം നമുക്കോരോരുത്തർക്കും നമ്മുടെ ചുറ്റുപാടിനുണ്ടാവുന്ന മുറിവുകളെപ്പറ്റി ചിന്തിക്കാം. പരിഹാരം കാണാം.

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ