ഭാഗം 10
"സിന്ധു എന്തൊക്കെയുണ്ട് വിശേഷങ്ങൾ... പറയൂ..."
"എന്തുവിശേഷം... രാവിലേ വീട്ടിൽ വന്നപ്പോൾ അറിഞ്ഞതൊക്കെത്തന്നെ."
"എന്തുകൊണ്ടാണ് എന്നോട് കാണുമ്പോഴെല്ലാം ഇങ്ങനെ കയർത്തു സംസാരിക്കുന്നത്. എല്ലാവരോടും മാന്യമായി ഇടപെട്ടുകൂടെ... അതല്ലേ സ്ത്രീകളുടെ സൗന്ദര്യം.? "ഞാൻ അവളെ നോക്കി.
"എന്തുചെയ്യാം എനിക്ക് ഇങ്ങനെയൊക്കെയേ സംസാരിക്കാനറിയൂ...എന്റെ ജീവിതസാഹചര്യം എന്നെ ഈ വിധമാക്കി മാറ്റിയെന്ന് വേണമെങ്കിൽ പറയാം."
"അങ്ങനെ പറയരുത്... സാഹചര്യത്തെ പഴിക്കുന്നത് പരാജിതരുടെ സ്ഥിരം സ്വഭാവമാണ്.ഈ പറയുന്ന സാഹചര്യത്തോട് പൊരുതി മുന്നേറിയവരാണ് ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ളവരും,പ്രശസ്തരായവരും ഒക്കെ."
"ശരിയായിരിക്കാം പക്ഷേ,എൻറെ കാര്യത്തിൽ ഞാൻ സാഹചര്യത്തെ പഴിക്കുക തന്നെ ചെയ്യും. ഈ മലയോരത്ത് കിടന്ന് വളരെ കഷ്ടപ്പെട്ടാണ് ഞാൻ സ്കൂൾ പഠനം നടത്തിയത്. കിലോമീറ്ററോളം കാട്ടിലൂടെ നടന്ന്... മഞ്ഞും,മഴയും കൊണ്ട്... തോടും, മേടും താണ്ടി.പത്താം ക്ലാസും, പ്ലസ്ടുവുമൊക്കെ സാമാന്യം നല്ല മാർക്കോട് കൂടി തന്നെയാണ് പാസായത്.ഒരൊറ്റ ദിവസംപോലും ഈശ്വരനെ മനസ്സിൽ കണ്ടു പ്രാർത്ഥിക്കാതെ കിടന്നിട്ടില്ല. കഴിയുമ്പോഴൊക്കെ അമ്പലത്തിൽ പോകാറുമുണ്ട്. എല്ലാവർക്കും സഹായം അല്ലാതെ ദ്രോഹം ഞങ്ങൾ ചെയ്തിട്ടില്ല.എന്നിട്ടും..."അവൾ ഒരുനിമിഷം നിറുത്തി.
"പ്ലസ്ടു പരീക്ഷ കഴിഞ്ഞ സമയത്താണ് വിധിയുടെ ക്രൂരത ഞങ്ങളെ വേട്ടയാടുന്നത്...ഒരു ദിവസം ജോലിക്ക് പോയ അച്ഛൻ പെട്ടെന്ന് മരത്തിൽനിന്ന് വീണ് കിടപ്പിലായത്.ആറുമാസത്തോളം അച്ഛൻ ആശുപത്രിയിൽ കിടന്നു. ചികിത്സയ്ക്കും മറ്റുമായി ഒരുപാട് പണം ചെലവായി.പറയത്തക്ക ബന്ധുക്കൾ ആരുമില്ലാത്ത ഞങ്ങൾ നന്നേ കഷ്ടപ്പെട്ടാണ് ചികിത്സ നടത്തിയത്.ഒരുപാട് പേർ സഹായിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. നിങ്ങടെ വല്ല്യാപ്പ ഉൾപ്പെടെ പലരും.എന്നിട്ടും അച്ഛൻ മരിക്കുമ്പോൾ...ഞങ്ങൾ വലിയ കടക്കാരായി തീർന്നിരുന്നു. ആകെയുള്ള വീട് പോലും പണയത്തിലായി."
"പ്ലസ്ടു കഴിഞ്ഞ് ഞാൻ എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്ന് അന്വേഷിച്ചു. പക്ഷേ, കിട്ടിയില്ല.ഈ മലയോരത്ത് എനിക്ക് പറ്റിയ എന്തുജോലി കിട്ടാനാണ്.പിന്നെ ദൂരെ പോയി നിൽക്കാൻ തയ്യാറായാൽ ജോലി കിട്ടും. അമ്മയെ തനിച്ചാക്കി പോകാൻ മടി.നാട്ടിൽ തന്നെ കുറച്ചുനാള് അമ്മയോടൊപ്പം തോട്ടത്തിൽ ജോലിക്ക് പോയി.അതിനിടയിൽ എനിക്ക് പറ്റിയ ഒരു ജോലി കിട്ടുമോ എന്ന് ഞാൻ തോട്ടം മുതലാളിമാരോടും മറ്റും തിരക്കി കൊണ്ടിരുന്നു.പക്ഷേ,ആരും എന്റെ അപേക്ഷ കൈക്കൊണ്ടില്ല.ചിലരെല്ലാം പറഞ്ഞു...അമ്മയ്ക്കും മകൾക്കും എന്തിനാണ് അധികം ജോലി...ഉള്ളതുപോരെ... പിന്നെ നല്ല സൗന്ദര്യം ഉണ്ടല്ലോ മനസ്സുവെച്ചാൽ ജോലി എടുക്കാതെ കഴിയാമല്ലോ എന്നൊക്കെ."
"ഇതറിഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞു...ഇനി മുതൽ എവിടെയും ജോലി അന്വേഷിച്ചു പോകേണ്ട... തോട്ടത്തിൽ പണിക്ക് വരികയും വേണ്ട എന്ന്.രണ്ടു പേർ മാത്രമുള്ള കുടുംബമാണ് ഞങ്ങളുടേത്... ആഴ്ചയിൽ രണ്ടു പണി കിട്ടിയാലും കഷ്ടിച്ചു കഴിഞ്ഞുകൂടാം.പക്ഷേ,ചില സമയങ്ങളിൽ അതും ഉണ്ടാവില്ല. ഇതിനെല്ലാം പുറമേ കടക്കാരുടെ ശല്യവും. ഇതിനൊക്കെ ചെറിയൊരു പരിഹാരം അമ്മയ്‌ക്കൊരു കൈത്താങ് ഇതൊക്കെ കരുതിയാണ് ഞാൻ ജോലിക്ക് ഇറങ്ങിയത്. എന്റെ ദുരവസ്ഥ അറിഞ്ഞതിൽ പിന്നെ ജോലിക്ക് വിട്ടതുമില്ല.അമ്മ തോട്ടത്തിലും,മുതലാളിമാരുടെ വീട്ടിലെ അടുക്കളയിലുമൊക്കെ രാവന്തിയോളം ജോലിയെടുത്തു.ഈ സമയം എന്റെയൊരു കൂട്ടുകാരി മുഖേനെ ടൗണിലെ ഒരു ബേക്കറി ഷോപ്പിൽ ചെറിയൊരു ജോലി കിട്ടി... ആറുമാസക്കാലം.ഈ സമയത്ത് എങ്ങനെയോ എന്റെ അമ്മയ്ക്ക് ജീവിതം കൈമോശം വന്നു കഴിഞ്ഞിരുന്നു. സൗന്ദര്യവും ആരോഗ്യമുള്ള ഒരു സ്ത്രീക്ക് ദുഷ്ടന്മാർ കൊടികുത്തിവാഴുന്ന സമൂഹത്തിൽ എത്ര നാൾ പിടിച്ചു നിൽക്കാനാവും.ഞാൻ അമ്മയെ കുറ്റപ്പെടുത്തുന്നില്ല... എന്തായാലും അമ്മയെക്കുറിച്ചറിഞ്ഞപ്പോൾ കടയിൽ എന്റെ ജോലിയും നഷ്ടമായി. അന്നുമുതൽ ഇന്നുവരെ ഞാൻ ഒരു ജോലിക്കായി അലയുന്നു. മുൻപ് ചെയ്തതുപോലെ ഒരു സെയിൽസ് ഗേളിന്റെ ജോലി ആയാലും മതി."അവൾ ഒരു ദീർഘനിശ്വാസം ഉതിർത്തിട്ട് മുഖം തുടച്ചു.
"സിന്ധു സമാധാനിക്കൂ...ഒരു തൊഴിലില്ലാതെ,ജീവിക്കാൻ മാർഗമില്ലാതെ ഇന്നും ഒരുപാട് പെൺകുട്ടികൾ ഇതുപോലെ മലയോരങ്ങളിൽ കഴിയുന്നുണ്ട്. പലരും അറിയുന്നില്ലെന്ന് മാത്രം. നിങ്ങളുടെ ജീവിതത്തിൽ ഇത്രയധികം പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു...ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്."
"ശരിയാണ് താങ്കൾ പറഞ്ഞത്...ഞങ്ങളോളം പോലും ഗതിയില്ലാത്ത എത്രയോപേർ ഓരോയിടത്ത് കഴിയുന്നുണ്ടാവും. ഇതിനൊക്കെ എന്നാണ് ഇനിയൊരു മാറ്റം വരിക. അങ്ങനെയൊരു കാലം ഉണ്ടാവുമോ...ചിലർക്ക് എന്നും സുഖം,ചിലർക്ക് എന്നും ദുഃഖം. എന്താണ് ഇങ്ങനെ.?"
"ഏയ് അങ്ങനെയൊന്നും പറയാതെ... എല്ലാം മാറും നിങ്ങൾക്കും ഒരു നല്ലകാലം ഉണ്ടാവും.പോസിറ്റീവായി ചിന്തിക്കൂ..."
"സോറി ഞാൻ വെറുതെ എന്റെ കഥകളൊക്കെ പറഞ്ഞു താങ്കളെ ബോറടിപ്പിച്ചു."
"ഏയ് അങ്ങനെയൊന്നുമില്ല... എനിക്ക് ആരെങ്കിലുമൊക്കെയായി സംസാരിച്ചിരിക്കുന്നത് വലിയ ഇഷ്ടമാണ്. ഈ മലയോരത്ത് വന്നിട്ട് എന്നെ അലട്ടുന്ന ഏക പ്രശ്നംവും ഇതാണ്... ആകെ വർത്തമാനം പറയാനുള്ളത് കൃഷ്ണൻകുട്ടി ചേട്ടനാണ്.ചേട്ടനാണെങ്കിൽ നൂറുകൂട്ടം ജോലികളും. സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല...ഞാൻ സിന്ധുവിനോട് വരാൻ പറഞ്ഞത് ഇതിന് ആയിരുന്നില്ലല്ലോ.!"
അകത്തു കയറി ചെന്ന് ഏതാനും നല്ല പുസ്തകങ്ങൾ നോക്കി എടുത്ത് അവൾക്ക് കൊണ്ടുചെന്ന് കൊടുത്തു.
"ദാ ഇതൊക്കെ വായിക്ക് സമയം പോലെ...നല്ല പുസ്തകങ്ങളാണ്. ഇടയ്ക്കൊക്കെ ഓൺലൈൻ സാഹിത്യഗ്രൂപ്പുകളിലെ എന്റെ എഴുത്തുകളും വായിക്കാൻ മറക്കരുത്.പിന്നെ ജോലിയുടെ കാര്യം ഇന്നുതന്നെ ഞാൻ അന്വേഷിക്കുന്നുണ്ട്. അമ്മയോടൊപ്പം ജോലിക്ക് വരുമ്പോൾ സമയം ഉണ്ടെങ്കിൽ കൂടെ വരിക...നമുക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കാം.സിന്ധുവിനെ പോലുള്ളവരെ എനിക്കിഷ്ടമാണ്."
അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പുസ്തകങ്ങൾ കൈയിൽ ഏറ്റുവാങ്ങി.അവളുടെ കണ്ണുകളിൽ വല്ലാത്തൊരു നീർ തിളക്കം.
"നന്ദി...ഞാൻ പോട്ടെ..."അവൾ തിരിച്ചു നടന്നു.
സായാഹ്നവെയിലേറ്റ് നടന്നുനീങ്ങുന്ന അവളെ ഞാനൊരു നിമിഷം നോക്കി. സൗന്ദര്യവും തന്റെടവുമുള്ള പെൺകുട്ടി.അതിനൊത്ത അറിവും...എത്ര നന്നായി സംസാരിക്കുന്നു.മലയോര മണ്ണിൽ കിടന്ന് നശിച്ചു പോകുന്ന ഒരു പൂമോട്ട്. അവൾ പറഞ്ഞതുപോലെ മോശം സാഹചര്യങ്ങൾ മൂലം ഒന്നും ആകാൻ കഴിയാതെ പോയവൾ.ഇങ്ങനെ എത്രയോ പേർ...അവളെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകി മുറ്റത്ത് ഇട്ട കസേരയിൽ ഞാനങ്ങനെ കുറെ സമയം ഇരുന്നു.ഏലക്കാടുകളിൽ തഴുകിക്കൊണ്ട് ഒരു ഇളംകാറ്റ് വീശി അടിച്ചു.ചുറ്റുംനിന്ന മരങ്ങളുടെ ഇലകൾ മെല്ലെ ഇളകിയാടി. ദൂരെ മലംചെരുവിൽ കോടമഞ്ഞ് പുതഞ്ഞുകയറുന്നുണ്ട്. മൂളംകൂട്ടങ്ങൾ കൂട്ടിമുട്ടി കറകറ നാഥം ഉയർന്നു.
ഒരു പാവം പെണ്ണിന്റെ നിസ്സഹായതയുടെ രോദനങ്ങളാണ് താൻ അൽപം മുൻപ് കേട്ടത്. അവളുടെ വികാരവിക്ഷോഭങ്ങളാണ് താൻ ഇതുവരെ കണ്ടത്. മുരടിച്ചുപോയ ജീവിതത്തിൽ നിന്നും ഒരു മോചനത്തിനായി ഒരു തൊഴിൽ തേടി അവൾ അലയുന്നു. അതിനായി അവൾ കാത്തിരിക്കുന്നു. അത് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ അവളും അമ്മയെപോലെ സാഹചര്യസമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട് വഴിപിഴച്ചവളായി മാറിയേക്കാം.ഇപ്പോൾ തോന്നുന്നു അവൾ പറഞ്ഞത് എത്ര സത്യമാണ്...സാഹചര്യങ്ങളാണ് മനുഷ്യനെ മാറ്റിമറിക്കുന്നത്.
ഒരു ജോലി കിട്ടിയാൽ സിന്ധുവിന്റെ ജീവിതത്തിൽ തീർച്ചയായും ഒരു മാറ്റം ഉണ്ടാവും. അവളുടെ അമ്മയുടെ കഷ്ടപ്പാടുകൾക്ക് കുറച്ചെങ്കിലും ശമനം കിട്ടും.ഒരു പരിധിവരെ അവളുടെ അമ്മയെ നേർവഴിക്ക് നയിക്കാനും ഇത് ഇടയാകും. അതെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾക്ക് അല്പം ശമനം വന്നാൽ...പണത്തിനുവേണ്ടിയുള്ള വഴിവിട്ടജീവിതം അവളുടെ അമ്മ അവസാനിപ്പിക്കും.പണം അതാണ് മനുഷ്യനെ ചീത്തയാക്കുന്നതും ഉത്തമനാക്കുന്നതും.
സിന്ധുവിന് ഒരു ജോലിക്കായി ഞാൻ ഒരുപാട് ആലോചിച്ചു. നിത്യവും വീട്ടിൽ വന്നുപോകാൻ കഴിയുന്നതാവണം ജോലി. ഇല്ലെങ്കിൽ അവളുടെ അമ്മ തനിച്ചാവും. അങ്ങനെയൊരു ജോലി ഈ നാട്ടിൽ എവിടെക്കിട്ടും.ഇവിടെ തനിക്ക് അധികം പരിചയമൊന്നുമില്ല. പിന്നെങ്ങനെ...എന്തുതന്നെയായാലും അവളെ നശിക്കാൻ വിട്ടുകൂടാ. പൊടുന്നനെ എന്റെമനസ്സിൽ ഒരു മുഖം തെളിഞ്ഞു. സിജോയുടെ മുഖം.അവന് ഈ നാട്ടിൽ ഒരുപാട് പരിചയമുണ്ട്. ടൗണിലും മറ്റും ഒരുപാട് ബന്ധങ്ങളുണ്ട്.ബിസിനസ് സ്ഥാപനങ്ങളും. അവൻ വിചാരിച്ചാൽ തീർച്ചയായും സിന്ധുവിന് ഒരു ജോലി വാങ്ങി കൊടുക്കാൻ കഴിയും.ഞാൻ ഉടൻതന്നെ ഫോണെടുത്തു സിജോയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ...തീർച്ചയായും പരിഹാരമുണ്ടാക്കാം എന്ന് അവൻ എനിക്ക് വാക്ക് തന്നു.
ഈ സമയം കൃഷ്ണൻകുട്ടി ചേട്ടൻ കട്ടൻചായയും അവൽ നനച്ചതും കൊണ്ടുവന്ന് മുന്നിൽവെച്ചു.തോട്ടത്തിൽ നിന്നും വെട്ടിപ്പഴിപ്പിച്ച പൂവൻ പഴവും കൂട്ടി ഞാൻ അവൽ നനച്ചത് ആസ്വദിച്ചു കഴിച്ചു.തുടർന്ന് ഷെഡ്ഡിൽ കടന്ന് വായിച്ചുകൊണ്ടിരുന്ന പുസ്തകമെടുത്ത് ഒരധ്യായം കൂടി വായിച്ചു. ശേഷം ഫോണെടുത്ത് വിവിധ ഗ്രൂപ്പുകളിലായി പോസ്റ്റ് ചെയ്യുന്ന തുടർക്കഥയുടെ ഒരു അധ്യായം കൂടി എഴുതി പോസ്റ്റ് ചെയ്തു.മുൻപ് പോസ്റ്റ് ചെയ്ത ഭാഗങ്ങൾക്ക് വായനക്കാർ നൽകിയ ഒരുപാട് കമന്റുകളും മറ്റും വന്ന് കിടക്കുന്നുണ്ട്.ഒന്നും നോക്കാൻ സമയം കിട്ടിയിരുന്നില്ല. കുറച്ച് നോക്കിയപ്പോഴേക്കും കണ്ണ് കഴക്കാൻ തുടങ്ങി.സന്ധ്യമയങ്ങികഴിഞ്ഞിരിക്കുന്നു.തണുപ്പ് അരിച്ചിറങ്ങാൻ തുടങ്ങിയിട്ടുണ്ട്.ചീവീടുകളുടെയും തവളകളുടെയും താളമില്ലാത്ത സംഗീതം അന്തരക്ഷത്തിൽ ഉയർന്നുപൊങ്ങി.ഏതാനും നേരം ചേട്ടനുമായി തോട്ടത്തിലെ ഭാവി കൃഷി കാര്യങ്ങളെ കുറിച്ചും മറ്റും സംസാരിച്ചിരുന്നിട്ട് എട്ടുമണികഴിഞ്ഞപ്പോൾ...ഊണ് കഴിച്ച് ഉറങ്ങാൻ കിടന്നു.
ഏതാനും ദിവസങ്ങൾ കടന്നു പോയി ആദ്യദിനങ്ങളിൽ എന്നോട് കയർത്തു സംസാരിച്ചുകൊണ്ട് എന്നെ ദേഷ്യം പിടിപ്പിച്ച സിന്ധു എന്റെ അടുത്ത കൂട്ടുകാരി ആയി മാറികഴിഞ്ഞിരിക്കുന്നു. മിക്കവാറും ദിവസങ്ങളിൽ ടൗണിലേയ്ക്കുള്ള വഴിയിൽവച്ചും, തോട്ടത്തിൽ വെച്ചും,അമ്മയ്ക്കൊപ്പം ജോലിക്ക് വരുമ്പോഴുമെല്ലാം ഞാൻ അവളെ കണ്ടു.ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.വായനയെക്കുറിച്ചും, എഴുത്തിനെക്കുറിച്ചുമെല്ലാം. ടൗണിൽ പോയി മടങ്ങുമ്പോൾ ചിലപ്പോഴെല്ലാം ഞാൻ അവളുടെ വീട്ടിൽ കയറി. ആ സന്ദർശനം അവൾക്ക് വല്ലാത്ത സന്തോഷം പകരുന്നതായി എനിക്ക് തോന്നി.
സിന്ധുവിന്റെ വീടുമായുള്ള ഈ സൗഹൃദം എന്റെമേൽ ചില അപവാദങ്ങളൊക്കെ കേൾക്കാൻ ഇട വരുത്തി.ഞാനിത് പ്രതീക്ഷിച്ചിരുന്നതാണ്.എന്റെ കൂട്ടുകെട്ട് വഴിപിഴച്ച ലക്ഷ്മിയും മകളും ആയിട്ടാണ് എന്നും, ഞാനാണ് ഇപ്പോൾ അവരുടെ പുതിയ സംരക്ഷകൻ എന്നും,എപ്പോഴും തോട്ടത്തിലെ ഷെഡ്ഡിൽ സിന്ധു കയറിയിറങ്ങുന്നത് താൻ കണ്ടതാണെന്നുമൊക്കെ... അതിരുതർക്കത്തിന്റെ പേരിൽ ഉടക്കിക്കഴിഞ്ഞ തോമസ് ചേട്ടൻ അദ്ദേഹത്തിന്റെ തോട്ടത്തിലെ ജോലിക്കാരോടും മറ്റും പറഞ്ഞു പരത്തി.ചിലർ അത് വിശ്വസിക്കുകയും,ചിലർ അതിൽ സന്തോഷിക്കുകയുമൊക്കെ ചെയ്തു.
"അബ്ദൂ...എനിക്ക് നിന്നോട് ഒരു പ്രത്യേകകാര്യം പറയാനുണ്ട്." ഒരുദിവസം തോട്ടത്തിൽ ജോലിക്ക് വന്ന ദിവാകരൻ ചേട്ടൻ എന്നെ മാറ്റിനിറുത്തിക്കൊണ്ട് മെല്ലെ പറഞ്ഞു.
(തുടരും)