ഭാഗം 4
വേറെ ബാച്ചിലാണെങ്കിലും എല്ലാദിവസവും ജിൻസിയെ സ്‌കൂൾവരാന്തയിലും, ലൈബ്രറിയിലും, മുറ്റത്തുമൊക്കെ വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തുപോന്നു. സ്‌കൂൾവിട്ടുപോകുന്നതും വരുന്നതുമെല്ലാം പലപ്പോഴും ഒന്നിച്ചായിമാറി.അങ്ങനെ അറിയാതെയെന്നവണ്ണം എന്റെയും അവളുടേയും മനസ്സുകൾ തമ്മിൽ അടുത്തു. ഒരിക്കലും പിരിയാനാകാത്തവിധം ആ സ്നേഹബന്ധം വളർന്നു.
ഒരുപരിധിവരെ എന്നെ ഇന്നത്തെ ഈ അവസ്ഥയിൽ എത്തിച്ചത് അവൾ മാത്രമാണ്. ക്ലാസിൽ പഠിക്കാൻ ഏറ്റവും പിന്നോക്കം നിന്ന എന്നെ പഠിക്കാൻ പ്രേരിപ്പിച്ചതും,എന്നിലെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചതും അവൾമാത്രമാണ്. എന്റെ ഹോബികളായിരുന്ന എഴുത്തും, വായനയും, ചിത്രം വരയുമൊക്കെ.
"അബ്ദൂ... നിനക്ക് എഴുതാനും വരയ്ക്കാനുമൊക്കെയുള്ള കഴിവുണ്ട്. ഒരുപാട് വായനാനുഭവവും. ഇങ്ങനെ ഉഴപ്പാതെ... വെറുതേ കുത്തിക്കുറിച്ച് നടക്കാതെ എന്തെങ്കിലുമൊക്കെ കാര്യമായി എഴുതൂ..."ഒരിക്കൽ അവൾ ഉപദേശിച്ചു.
"പിന്നെ... എന്റെ എഴുത്തൊക്കെ എന്ത്... വെറും പൈങ്കിളി. ഇത് നന്നാക്കാൻ ശ്രമിച്ചാലൊന്നും നടപ്പില്ല. അല്ലെങ്കിൽ തന്നെ മെച്ചപ്പെടുത്തിയിട്ട് എന്തിനാണ്.?"
"പിന്നെ... വെറുതേ പറയാതെ. ആര് പറഞ്ഞു നിന്റെ എഴുത്ത് കൊള്ളില്ലെന്ന്... അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് എഴുതുന്നത്... വെറുതേ ഇരുന്നുകൂടെ.?"
"അത് വെറുതേ ഒരു നേരമ്പോക്കിന്.കൂട്ടുകാർക്കിടയിൽ ഹീറോ ആകാൻ വേണ്ടി.പിന്നെ ചെറിയൊരു ആത്മസംതൃപ്തിയും... അത്രമാത്രം."ഞാൻ ചിരിച്ചു.
"ഞാനൊന്നു ചോദിക്കട്ടെ... അബ്‌ദുവിന് എന്നോടുള്ള സ്നേഹം ആത്മാർത്ഥമല്ലേ.?"
"അതെ... എന്തേ അങ്ങനെ ചോദിച്ചത്. നിനക്ക് വിശ്വാസം വരുന്നില്ലേ.?"
"ഉണ്ട്... എനിക്ക് വിശ്വാസമാണ്.എങ്കിൽ ആ ഇഷ്ടത്തെ മുൻനിറുത്തി ഞാൻ ആവശ്യപ്പെടുന്നു... ഇനിയെങ്കിലും നീ നിന്റെ പഠനത്തേയും, എഴുത്തിനേയും, വരയേയുമൊക്കെ സീരിയസ്സായി കാണണം."
"ശ്രമിക്കാം... എന്നേ ഇപ്പോൾ പറയാനാവൂ... ഉറപ്പ് പറയാനാവില്ല."ഞാൻ വീണ്ടും ചിരിച്ചു.
"മതി... നീ ആത്മാർഥമായി ശ്രമിച്ചാൽ മതി. എന്നെക്കൊണ്ടുകഴിയുന്ന എല്ലാവിധ പ്രോത്സാഹനവുമായി ഞാൻ കൂടെയുണ്ടാവും."
"പിന്നെയേ... ഞാൻ പഠിത്തത്തിൽ പിന്നൊക്കമാണെന്ന് അറിയാമല്ലോ... അതുകൊണ്ട് എന്റെ എഴുത്തുകളിൽ പലപ്പോഴും തെറ്റുണ്ടാവും...നല്ല ഭാഷയൊന്നും ഉണ്ടാവില്ല."
"അതൊക്കെ ശരിയാവും. നന്നായി വായിച്ചാൽ മതി. പിന്നെ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചുകൊള്ളൂ... ഞാൻ കണ്ടെത്തിത്തരാം. എഴുതുന്ന രചനകൾ എന്നെകാണിച്ചാൽ തിരുത്തിതരുകയും ചെയ്യാം."
അങ്ങനെ... എഴുതുന്ന കവിതകളും, കഥകളുമൊക്കെ അവൾ തെറ്റ് തിരുത്തിത്തന്നു. തമ്മിൽ കാണുമ്പോൾ എഴുത്തുകളെക്കുറിച്ച് സംസാരിച്ചു... നിർദേശങ്ങൾ നൽകി. ആ വർഷത്തെ സ്‌കൂൾമാഗസിനിലും, ഒന്നുരണ്ട് ആഴ്ചപ്പതിപ്പുകളിലുമൊക്കെ എന്റെ രചനകൾ അച്ചടിച്ചുവന്നു. സ്കൂളിൽ എല്ലാവർക്കും ഇടയിൽ ഞാനൊരു ഹീറോയായി. അതുവരെ അലമ്പനായി കഴിഞ്ഞ എന്റെ പെട്ടെന്നുള്ള ഉയർച്ച എല്ലാവരിലും അത്ഭുതമുളവാക്കി. ഇതിൽ എന്നേക്കാൾ കൂടുതൽ സന്തോഷം കൊണ്ടത് അവളായിരുന്നു. ഇനിയും ഒരുപാട് വായിക്കണം.നല്ലനല്ല എഴുത്തുകൾ സൃഷ്ടിക്കണം. ഒടുവിൽ എല്ലാംകൂട്ടിച്ചേർത്ത് പുസ്തകമാക്കണം.അവൾ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
വൈകാതെ ഞങ്ങടെ പ്രണയബന്ധം സുഹൃത്തുക്കൾക്കിടയിൽ പരസ്യമായി. ആദ്യം ഞങ്ങൾ ചൂളിപ്പോയെങ്കിലും ഉള്ളിൽ അതിയായ സന്തോഷം തോന്നി. കാരണം ഞങ്ങടെ ബന്ധം അത്രമേൽ ആത്മാർത്ഥത നിറഞ്ഞതായിരുന്നു.
ആസമയത്ത് എനിക്കൊരു ദുശ്ശീലമുണ്ടായിരുന്നു.പഠിക്കാൻ മടിയനായ ഞാൻ പലപ്പോഴും ബുദ്ധിമുട്ടുള്ള പീരീടുകളിൽ ക്ലാസ് കട്ടുചെയ്ത് സുഹൃത്തുക്കളുമൊത്തു പുറത്തുപോകും. എക്സാം ഉള്ള ദിവസങ്ങളിൽ ക്ലാസിൽ വരാതെ സിനിമയ്ക്ക് പോകും.
ഇത് മനസ്സിലാക്കിയ അവൾ എന്നേ പലതവണ വിലക്കി. എന്നിട്ടും ഞാനെന്റെ പ്രവൃത്തി തുടർന്നുപോന്നു. ഇതുകണ്ട് അവൾ എന്നോട് പിണങ്ങി മിണ്ടാതായി.
അന്ന് എക്സാം ഉള്ളൊരു ദിവസം ഞാൻ സുഹൃത്തുക്കളുമൊത്ത് അടുത്തുള്ള മൊട്ടക്കുന്നുകൾ സന്ദർശിക്കാൻ പോയി. പിറ്റേദിവസം ക്ലാസിൽ എത്തിയപ്പോൾ ഈ വിവരം സുഹൃത്തുക്കളിൽ നിന്ന് ജിൻസി എങ്ങനെയോ അറിഞ്ഞിരുന്നു.സ്‌കൂൾവരാന്തയിൽ വെച്ച് എന്നെക്കണ്ട അവൾ മുഖംവീർപ്പിച്ച് മിണ്ടാതെപോയി. ആ സമയം അവളുടെ മുഖത്ത് വല്ലാത്ത ദുഃഖം നിറഞ്ഞുനിൽക്കുന്നതായി എനിക്ക് തോന്നി. കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു.
ഞാൻ അവളുടെ പിന്നാലെ ചെന്ന് ഇടനാഴിയിൽ വെച്ച് അവളെ വിളിച്ചു.
"ജിൻസി... നിനക്ക് എന്തുപറ്റി... എന്താണ് എന്നോട് മിണ്ടിയാൽ.?"
അവൾ കണ്ണീരണിഞ്ഞ മിഴികളോടെ എന്നെനോക്കി. അവളുടെ ചുണ്ടുകൾ സങ്കടത്താൽ വിറകൊണ്ടു. കൈയിലിരുന്ന ടവ്വൽകൊണ്ട് മുഖം തുടച്ചിട്ട് അവൾ മുഖംതാഴ്ത്തി മിണ്ടാതെ നിന്നു.
"ജിൻസി... എന്താ നിനക്ക്... എന്തിനാണ് എന്നോടിങ്ങനെ മുഖം വീർപ്പിച്ച് നടക്കുന്നെ... പറയൂ.?"ഞാൻ അവളുടെ അരികിലേയ്ക്ക് ചെന്നുകൊണ്ട് കൈയിൽ പിടിച്ചു.
"അബ്ദൂ... കള്ളനാണ്. പെരും കള്ളൻ... എന്നോട് പറയുന്നതും, പ്രവർത്തിക്കുന്നതുമെല്ലാം കളവാണ്. ഇന്നലെ പരീക്ഷയ്ക്കു കയറാതെ സുഹൃത്തുക്കളുമൊത്തു ചുറ്റാൻ പോയതല്ലേ... ഞാൻ എല്ലാം അറിഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞതോ... ബന്ധുവിന്റെ വീട്ടിൽ പോയതാണെന്ന്. ഇനി ഞാൻ ഒന്നും പറയുന്നില്ല. എല്ലാം നിന്റെ ഇഷ്ടംപോലെ നടക്കട്ടെ. ഒന്നുമാത്രം ഞാൻ പറയുന്നു... പരീക്ഷ വരികയാണ്. ആത്മാർത്ഥതയോടെ പഠിച്ചാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ... ഒടുവിൽ ദുഖിക്കേണ്ടിവരും."അവൾ വീണ്ടും കണ്ണുനീർ തുടച്ചു.
"ജിൻസി... ക്ഷമിക്ക്. ഇനിയൊരിക്കലും ഞാൻ അങ്ങനൊന്നും ചെയ്യില്ല. കൂട്ടുകാരെല്ലാംകൂടി വെറുതേ നിർബന്ധിച്ചപ്പോൾ ഒരു രസത്തിന് പറ്റിപ്പോയി."
"പിന്നെ ഒരു കൂട്ടുകാർ... ആർക്കും ഇല്ലാത്തതുപോലെ.കൂട്ടുകാർ നിർബന്ധിച്ചെന്നുകരുതി എന്തും ചെയ്യുമോ... സ്വന്തം ഭാവിയെങ്കിലും നോക്ക്."അവൾ സങ്കടത്തോടെ പറഞ്ഞു.
അവളുടെ സ്നേഹമൂറുന്ന ആ വാക്കുകൾക്കുമുന്നിൽ... ആ കണ്ണുനീരിന്റെ മുന്നിൽ... ഞാൻ നിസ്സഹായനായി എന്തുപറയണമെന്നറിയാതെ നിന്നു. ഒടുവിൽ ഞാൻ അവളെനോക്കി പറഞ്ഞു.
"പറയൂ... ഞാൻ എന്തുചെയ്യണം. ജിൻസി പറയുന്നതുപോലെ ചെയ്യാം...വാക്ക്..."
"സത്യമാണോ... എങ്കിൽ ഇനിയൊരിക്കലും അബ്ദു ക്ലാസ് കട്ടുചെയ്യരുത്.പരീക്ഷ അടുത്തെത്തിക്കഴിഞ്ഞു. ഇനിയും ഉഴപ്പിയാൽ പാസ്സാവില്ല. അതുകൊണ്ട് ആത്മാർഥമായി പഠിക്കാൻ നോക്കണം. നോട്ടോ... മറ്റോ ഇല്ലാത്തതുണ്ടെങ്കിൽ ഞാൻ സംഘടിപ്പിച്ചു തരാം. ഇനിയും എന്റെ വാക്ക് തെറ്റിച്ചാൽ... പിന്നെ നീയും ഞാനും തമ്മിൽ ഒരുബന്ധവും ഉണ്ടായിരിക്കില്ല." അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. ആ കണ്ണുകൾ വല്ലാതെ തിളങ്ങി.
"ഇല്ല... ഇനി ഞാൻ ഉഴപ്പില്ല. നിന്റെ വാക്കുകൾ മറന്ന് പ്രവർത്തിക്കുകയുമില്ല.നിന്റെ സ്നേഹത്തെ നഷ്ടപ്പെടുത്തില്ല."
എന്റെ വാക്കുകൾകേട്ട് അവളുടെ കണ്ണുകൾ തിളങ്ങി. മൃദുവായി പുഞ്ചിരിച്ചുകൊണ്ട് അവൾ നടന്നുപോയി.
പരീക്ഷകഴിഞ്ഞ് സ്കൂൾ അടയ്ക്കുന്നതിന്റെ അന്ന് വൈകിട്ട് സ്കൂൾ മുറ്റത്തെ മരത്തണലിൽ വെച്ച് ഞാനും അവളും തമ്മിൽ കണ്ടു... സംസാരിച്ചു.പലതിനേയും കുറിച്ച്.
"അബ്ദൂ... ഇനി എന്താണ് നിന്റെ പ്ലാൻ...?"അവൾ എന്നെനോക്കി.
"എന്ത് പ്ലാൻ... പ്ലസ്ടൂ പാസാകുമോ എന്നുതന്നെ ഉറപ്പില്ല. പാസ്സായാൽ തുടർന്നു പഠിക്കണം. ഇല്ലെങ്കിൽ വീട്ടുകാർക്കൊപ്പം കൃഷിയും മറ്റുമൊക്കെ ചെയ്ത് ഒതുങ്ങി ക്കൂടണം."
"ജിൻസിയുടെ ഭാവി പ്ലാൻ എന്തൊക്കെയാണ്.?"
"എന്ത് ഭാവി... തുടർന്നു പഠിക്കാൻ പോണമെന്നുണ്ട്. അധികം വൈകാതെ വിവാഹം കഴിച്ചയക്കണം എന്നതാണ് വീട്ടുകാരുടെ തീരുമാനം. അതിനായി അകന്നബന്ധത്തിലുള്ള ഒരാളെ വീട്ടുകാർ കണ്ടെത്തുകയും ചെയ്തുകഴിഞ്ഞു."
"ആണോ... നല്ലത്..."ഞാൻ ചിരിച്ചു.
"നിനക്ക് എല്ലാം തമാശയാണ്... ഇങ്ങനൊക്കെ പറയാൻ എന്തെളുപ്പം."അവൾ ഇടർച്ചയോടെ പറഞ്ഞിട്ട് എന്നെനോക്കി.
"എന്നെ മറക്കാൻ... ഞാൻ മറ്റൊരാളുടേത് ആകുന്നത് ഉൾക്കൊള്ളാൻ അബ്‌ദുവിന് കഴിയുമോ.?"അവൾ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി.
"കഴിയില്ല... പക്ഷേ,അതിന് ശ്രമിച്ചല്ലേ പറ്റൂ... അതാണല്ലോ ബന്ധങ്ങളും, കടപ്പാടുകളുമൊക്കെ നമുക്ക് പറഞ്ഞുവെച്ചിട്ടുള്ളത്. അയൽവാസികളായ പരസ്പരസൗഹൃദത്തിൽ കഴിയുന്ന രണ്ട് മതവിഭാഗത്തിൽ പെട്ട നമ്മുടെ വീട്ടുകാർ തമ്മിൽ എന്തിനാണ് വെറുതേ സ്പർദ ഉണ്ടാക്കുന്നത്."
"അതുക്കൊള്ളാം... അപ്പൊ ഇതൊന്നും ചിന്തിക്കാതെയാണോ... എന്നെ സ്നേഹിച്ചത്. പരസ്പരം ഒന്നാകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തർത്ഥമാണ് നമ്മുടെ സ്നേഹബന്ധത്തിനുള്ളത്.?"
"ശരിതന്നെ.പിന്നെ... എന്ത് ചെയ്യാനാണ് നിന്റെ തീരുമാനം പറയൂ...?"
"എല്ലാവരുടേയും അനുവാദം വാങ്ങിക്കൊണ്ട് തന്നെ നിന്നെ വിവാഹം കഴിക്കാൻ." അവളുടെ ശബ്ദം ആർദ്രമായി.
"ജിൻസി... അതിന് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... മാളിയേക്കൽ വർഗീസ് മുതലാളി... നിന്റെ അപ്പൻ അതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.?"
"ഇല്ല... ആരൊക്കെ സമ്മതിച്ചാലും എന്റെ അപ്പൻ സമ്മതിക്കില്ല... എനിക്കറിയാം. പക്ഷേ, ഞാൻ പോരാടും...മരണംവരെ... നിനക്കായി കാത്തിരിക്കും."അവൾ ആവേശത്തോടെ പറഞ്ഞു.
"എങ്കിൽ സന്തോഷം. പക്ഷേ, ഒന്നുണ്ട്... ഞാൻ സ്വന്തം കാലിൽ നിൽക്കുന്നതുവരെ, സ്വന്തമായി പത്ത് കാശുണ്ടാക്കുന്നതുവരെ... നീ എനിക്കായി കാത്തിരിക്കണം. തയ്യാറാണോ.?"
"തീർച്ചയായും... നിനക്കുവേണ്ടി എത്രനാൾ കാത്തിരിക്കാനും ഞാൻ തയ്യാറാണ്."അവൾ എന്റെ കൈയിൽ പിടിച്ചു.
ആ കൈയിൽ ചുംബിച്ചുകൊണ്ട് സ്കൂൾ മുറ്റത്തുനിന്ന് അവളോട് യാത്രപറഞ്ഞു പിരിഞ്ഞു. ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞുതൂവുന്നുണ്ടായിരുന്നു.
അന്ന് സ്കൂൾ മുറ്റം കടക്കുമ്പോഴും,വീട്ടിലേയ്ക്ക് തിരിക്കുമ്പോഴുമെല്ലാം എന്റെ മനസ്സ് വല്ലാതെ വിങ്ങുകയായിരുന്നു. എന്തൊക്കെയോ നഷ്ടപ്പെടാൻ പോകുന്നതുപോലൊരു തോന്നൽ.
(തുടരും)