ഭാഗം 15
"ആഹാ... ഇതെന്താ പകൽക്കിനാവ് കണ്ടു നിൽക്കുവാണോ കർഷകാ.?" അനിത എന്നെ നോക്കി പുഞ്ചിരിച്ചു.
"ഓ വെറുതെ...പുതുതായി കൃഷിതുടങ്ങിയ കൊടിത്തോട്ടം വിളഞ്ഞു നിൽക്കുന്നത് മനസ്സിൽ കണ്ടു നോക്കിയതാണ്.പിന്നെ, ആ കൊടിത്തോട്ടത്തിലൂടെ ഒരു പെണ്ണിനെ കൈയുംപിടിച്ച് നടക്കുന്നതും സ്വപ്നം കണ്ടു വെറുതെ..."
"ഓഹോ അതു കൊള്ളാല്ലോ...ആരാണ് ആ പെണ്ണ്...ആ ലക്ഷ്മി ചേച്ചിയുടെ മകൾ ആയിരിക്കും."
"അതെയെന്ന് വെച്ചോളൂ...എന്താ അവൾക്ക് കുഴപ്പം...നല്ല പെണ്ണല്ലേ.?"
"ഉം...പിന്നെ കൊള്ളാം.അപ്പോൾ ആളുകൾ പറയുന്നതൊക്കെ വെറുതെയല്ല."അവളുടെ ശബ്ദത്തിൽ സങ്കടം കലർന്നു.
"ആളുകൾ എന്തു പറഞ്ഞെന്നാണ്.?"
"എന്തുപറഞ്ഞെന്നോ... അബ്ദുവും ആ പെണ്ണും തമ്മിൽ സ്നേഹത്തിൽ ആണെന്നും, നിങ്ങൾ തമ്മിൽ രഹസ്യബന്ധമുണ്ടെന്നുമൊക്കെ... കേട്ടിട്ട് എനിക്ക് സഹിക്കാനാവുന്നില്ല."
"ആളുകൾ പറഞ്ഞത് സത്യം തന്നെയാണെന്ന് വെച്ചോളൂ..."ഞാൻ കുസൃതിയോടെ അവളെ നോക്കി ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.
"ആയിക്കോട്ടെ എനിക്കെന്താണ്... എങ്കിലും ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല...നല്ലൊരു മനുഷ്യന്റെ കൊച്ചുമകൻ ഇത്രക്കും അധപ്പതിക്കുമെന്നുകരുതിയില്ല.അങ്ങയുടെ സ്വപ്നത്തിലെ കട്ടുറുമ്പ് ആകാൻ ഞാൻ നിൽക്കുന്നില്ല."അവൾ പോകാൻ ഒരുങ്ങി.
"ഏയ്... എന്താണിത് ഞാനൊരു തമാശ പറഞ്ഞെന്നുകരുതി... നീ ഇത്രയ്ക്ക് മണ്ടിയായിപ്പോയല്ലോ.?"ഞാനവളുടെ മിഴികൾ തുടച്ചു.
"എനിക്കറിയാം അബ്ദു നിഷ്കളങ്കനാണെന്ന്. പക്ഷേ, ആളുകൾ ഓരോരോ അപവാദങ്ങൾ പറയുന്നത് കേൾക്കുമ്പോൾ എന്റെ മനസ്സ് തകരുന്നു.അതാണ് ഞാനിപ്പോൾ കാണാൻ വന്നത്."അവൾ ഷാൾ കൊണ്ട് മുഖം തുടച്ചു.
"സാരമില്ല... സങ്കടപ്പെടാതിരിക്കൂ...എല്ലാം നല്ലതിനെന്നുകരുതി സമധാനിക്കൂ."
"ശരിയാണ് നല്ലത് ചെയ്യുന്നവർക്കെന്നും അപവാദവും,പേരുദോഷവുമൊക്കെയെ ബാക്കിയുണ്ടാവൂ... അപവാദങ്ങൾക്ക് മുന്നിൽ പതറാതെ ധൈര്യമായി മുന്നോട്ട് പോകൂ...എന്റെ പ്രാർത്ഥനയും പിന്തുണയും അബ്‌ദുവിന് എന്നും ഉണ്ടാവും...ഞാൻ പോകുന്നു."
അവൾ മുഖം തുടച്ചിട്ട് മുഖത്തൊരു പുഞ്ചിരി വിരിയിച്ചുകൊണ്ട് എന്നെനോക്കി യത്രപറഞ്ഞു നടന്നുപോയി.
"തോട്ടം ഉടമ അസോസിയേഷന്റെ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഇത്തവണ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കണം എന്നാണ് നിന്റെ അഭിപ്രായം.?" ഒരിക്കൽ തോട്ടത്തിൽ വന്നപ്പോൾ സിജോ ചോദിച്ചു.
"മനുഷ്യനും മണ്ണിനും ദ്രോഹം ചെയ്യാത്ത ഒരാളെ പ്രസിഡന്റ് ആക്കണം എന്നാണ് എന്റെ അഭിപ്രായം." ഞാൻ പറഞ്ഞു.
"അങ്ങനെ ഒരാൾ ആരാണ്... അതും നീ തന്നെ പറയ്. ഇപ്പോഴത്തെ പ്രസിഡന്റ് തോമസ് ചേട്ടനാണ് അയാൾ എന്തായാലും വേണ്ട എന്നാണ് ഞങ്ങൾ ചിലരുടെ തീരുമാനം."
"അതുതന്നെയാണ് എന്റെയും അഭിപ്രായം. നമ്മുടെ ജോസ് ചേട്ടനെ പ്രസിഡന്റ് ആക്കിയാൽ എന്താണ് കുഴപ്പം.?"
"കൊള്ളാം അദ്ദേഹം നല്ല മനുഷ്യനാണ്." എന്റെ അഭിപ്രായത്തെ സിജോയും അനുകൂലിച്ചു.
ഏതാനുംസമയം പുതിയ തോട്ടത്തിലെ കൃഷിയെക്കുറിച്ചും, വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നിട്ട് അവൻ പിരിഞ്ഞുപോയി.
ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞുപോയി.നല്ല മഴയാണ്... തിരുവാതിരഞാറ്റുവേല തിരിമുറിയാതെ പെയ്തിറങ്ങുന്ന സമയം.കുരുമുളകുവള്ളികൾ നടാൻ പറ്റിയ സമയം.ഏതാനും പണിക്കാരെ കൂട്ടിക്കൊണ്ട് ഞാൻ പുതുതായി വാങ്ങിയ സ്ഥലത്ത് നാട്ടിയ മുരിക്കിൻകാലുകളുടെ ചുവട്ടിൽ കുരുമുളകുവള്ളികൾ കുഴിച്ചിട്ടു.
ഒടുവിൽ സന്ധ്യയോടുകൂടി കുളികഴിഞ്ഞു ഷെഡ്‌ഡിലെത്തി ഭക്ഷണം കഴിച്ച് തട്ടിൽ കയറി കിടന്നു. ശരീരത്തിനാകെ വല്ലാത്ത വേദന. പകൽ മഴ നനഞ്ഞുകൊണ്ട് ജോലിചെയ്തതിന്റെയാണ്.എഴുതുവാനും വായിക്കുവാനും ഒന്നും തോന്നുന്നില്ല. പുറത്ത് പെയ്യുന്ന മഴയുടെ തണുത്ത കാറ്റ് ആസ്ബറ്റോസ് ഷീറ്റിന്റെ ഇടവഴി ഷെഡ്‌ഡിലേയ്ക്ക് അരിച്ചുകയറുന്നുണ്ട്.
പിറ്റേ ആഴ്ച നടന്ന തോട്ടം ഉടമ അസോസിയേഷന്റെ തിരഞ്ഞെടുപ്പിൽ തോമസുചേട്ടൻ തോൽവി ഏറ്റുവാങ്ങി.പകരം ജോസുചേട്ടൻ ഭൂരിപക്ഷം നേടി പ്രസിഡന്റായി.
തന്റെ പരാജയത്തിന് കാരണക്കാർ ഞാനും, സിജോയും ഒക്കെ ആണെന്നും ഇതിനുള്ള പ്രതികാരം ഉടനെ ചെയ്യുമെന്നുമൊക്കെ പറഞ്ഞുകൊണ്ട് തോമസുചേട്ടൻ പലരോടും വെല്ലുവിളി നടത്തിക്കൊണ്ടിരുന്നു.അയാളെ പ്രോത്സാഹിപ്പിക്കാനും കൂടെ കൂടാനുമൊക്കെ ചിലർ ഉണ്ടായിരുന്നു.അവർക്കെല്ലാം ദിവസവും പാർട്ടിയും മദ്യ സേവയും ഒക്കെ ചേട്ടൻ നടത്തിക്കൊണ്ടിരുന്നു.
ഞാൻ തോട്ടത്തിൽ എത്തിയതിൽപ്പിന്നെയുള്ള തോമസുചേട്ടന്റെ ഈ പരാജയം അയാളുടെ മനസ്സിൽ എന്നോടുള്ള പക വർദ്ധിപ്പിക്കുകയും, ഉള്ളാകെ വിഷം നിറയ്ക്കുകയും ചെയ്തു. ആ വിഷം അയാൾ അപവാദങ്ങളാക്കി പുറത്തേക്ക് ചീറ്റികൊണ്ടിരുന്നു.
ഞാൻ ഇതൊന്നും കേട്ട് ഭയന്നില്ല.എത്രയോ അപവാദങ്ങൾ ഇതിനുമുൻപ് കേട്ടിരിക്കുന്നു.എല്ലാം വരുന്നതുപോലെ കാണുകയും നേരിടുകയും ചെയ്യാം അത്രതന്നെ. എന്റെ ഭാഗത്ത് തെറ്റില്ല... എന്നെ മനസ്സിലാക്കുന്നവർ ഒരുപാട് പേർ ഉണ്ടുതാനും.പിന്നെന്തിന് ഭയക്കണം.
വൈകിട്ടായപ്പോൾ സിജോയും സുഹൃത്തുക്കളും സൗഹൃദസന്ദർശനത്തിനായി ഷെഡ്‌ഡിലെത്തി.
"എടാ നിനക്ക് സ്ഥിരം തലവേദനയായി മാറിയിരിക്കുന്ന ആ തോമസുചേട്ടന് നമുക്കൊരു ചെറിയപണി കൊടുത്താലോ... നീ പറഞ്ഞാൽ മതി ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം. ഇനി ആരെയും കുറിച്ച് അയാൾ അപവാദം പറഞ്ഞുനടക്കരുത്. അതിനുവേണ്ടി മാത്രം ചെറിയൊരു ഇരുട്ടടി."
"ഓ...അതൊന്നും വേണ്ട. ഈ നിസ്സാരകാര്യത്തിന് നമ്മൾ പ്രതികാരത്തിന് ഇറങ്ങിയാൽ അയാളും നമ്മളും തമ്മിൽ എന്ത് വ്യത്യാസം.അയാൾ അയാളുടെ വഴിക്ക് പോകട്ടെ."
"എടാ നീ ഇങ്ങനെ ക്ഷമിച്ചിരുന്നാൽ അയാൾ നിനക്കെതിരെ ഇനിയും പലവിധ പണികളും ഒപ്പിക്കും.അത് ഞങ്ങളും കൂടെ കാണേണ്ടിവരും."
"എന്തായാലും അയാൾ എത്രത്തോളം പോകുമെന്ന് നോക്കാം.എന്നിട്ടു മതി പണി കൊടുക്കുന്നത്."ഞാൻ അവരെ സമാധാനിപ്പിച്ചു.
പിന്നെ അവർ അതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. തോക്കുമായി തോട്ടത്തിൽ ചെറിയൊരു നായാട്ടും നടത്തി വളരെ വൈകിയാണ് അവർ പിരിഞ്ഞുപോയത്. ഒടുവിൽ അത്താഴം കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോൾ സമയം പാതിരാത്രിയോട് അടുത്തിരുന്നു. പതിവ് എഴുത്തും വായനയും ഒന്നും അന്ന് നടന്നില്ല. ഡയറിയെടുത്ത് അന്നത്തെ കാര്യങ്ങൾ മാത്രം പകർത്തി വെച്ചിട്ട് ഉറങ്ങാൻ കിടന്നു.
മനസ്സിനുള്ളിൽ എന്തോ വല്ലാത്തൊരു അസ്വസ്ഥത.എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല. മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു വരാന്തയിലെ കസേരയിൽ ചെന്നിരുന്നു. കൃഷ്ണൻകുട്ടി ചേട്ടന്റെ കൂർക്കംവലി ഉയർന്നു കേൾക്കാം. തോട്ടത്തിലെ കാട്ടുമരങ്ങൾക്കിടയിലൂടെ നിലാവണിഞ്ഞ ആകാശം കാണാം. ഇടയ്ക്കിടെ കണ്ണുചിമ്മുന്ന നക്ഷത്രകൂട്ടങ്ങളും. നിലാവിന്റെയും ഇരുട്ടിന്റെയും പാതിപാതി വസ്ത്രങ്ങൾ ധരിച്ച ലോകം.മനസ്സ് എന്തൊക്കെയോ ആസ്വസ്ഥതകളിൽ പെട്ട് ഉഴറുകയാണ്. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നതുപോലെ... എന്താണ് പതിവില്ലാതെ ഇങ്ങനെയൊരവസ്ഥ.ഒടുവിൽ പുലർച്ചയോടുകൂടി കണ്ണുകൾ മെല്ലെ അടഞ്ഞുപോയപ്പോൾ ഞാൻ ഉറങ്ങാൻ കിടന്നു.
രാവിലേ കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോൾ എന്നെ നടുക്കിക്കൊണ്ട് വീട്ടിൽ നിന്ന് ആ വാർത്തയെത്തി.
"പുലർച്ചെ പള്ളിയിൽ പോയി മടങ്ങുംവഴി വല്ല്യാപ്പയ്‌ക്ക് നെഞ്ചുവേദന ഉണ്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. എത്രയും വേഗം നാട്ടിലെത്തണം."
ഫോൺ കട്ട് ചെയ്ത് താഴെ വയ്ക്കുമ്പോൾ എന്റെ കണ്ണുകൾ സങ്കടം കൊണ്ട് നിറഞ്ഞിരുന്നു. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ... തലചുറ്റുന്നു.
"അള്ളാഹുവേ വല്ല്യാപ്പയ്ക്ക് ഒന്നും വരുത്തരുതേ."
കൃഷ്ണൻകുട്ടി ചേട്ടനോട് വിവരം പറഞ്ഞിട്ട് ഞാൻ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി. ബാഗിനുള്ളിൽ അത്യാവശ്യം കൊണ്ടുപോകേണ്ടുന്ന സാധനങ്ങളൊക്കെ അടുക്കിവെയ്ക്കുമ്പോൾ...തോട്ടത്തിൽ ജോലിക്കാർ ഓരോരുത്തരായി വന്നുതുടങ്ങിയിരുന്നു. കൃഷ്ണൻകുട്ടി ചേട്ടൻ അവരോട് വിവരം പറയുമ്പോൾ ഞാൻ ഡ്രസ്സുമാറി ബാഗുമെടുത്ത് പുറത്തിറങ്ങി.ഈ സമയം വിവരമറിഞ്ഞ് ഓടികിതച്ച് സിന്ധു എന്നെ കാണാൻ വന്നു.
"പോവുകയാണല്ലേ... എല്ലാം ഞാനറിഞ്ഞു. പോയാൽ എന്നാണ് ഇനി മടങ്ങിവരിക.?
"അറിയില്ല... നാട്ടിൽ ചെന്നാലേ എല്ലാം അറിയാനാവൂ...വല്ല്യാപ്പയുടെ അസൂഖം ഭേതമായാൽ ഞാൻ ഉടനേ മടങ്ങിവരും."
"അവിടെ ചെന്നിട്ട് വിളിക്കണേ..."
"വിളിക്കാം..."
"ദാ ഇതുകൂടി ആ ബാഗിൽ വെച്ചോളൂ..."അവൾ ഒരു കവർ നീട്ടി.
"എന്താണിത്.?"
"എന്റെ ഒരു ഡയറിയാണ്. ഞാൻ നടത്തിയ ചില കുത്തിക്കുറിക്കലുകൾ. പിന്നെ എനിക്ക് പറയാനുള്ള ചിലതൊക്കെയും... സമയം പോലെ വായിക്കണം."
"വായിക്കാം."ഡയറിവാങ്ങി ബാഗിൽ വെച്ചുകൊണ്ട് ഞാൻ ബൈക്കിനുനേരെ നടന്നു.
എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഞാൻ ബൈക്കിൽ കയറി. ഈ സമയം വിവരമറിഞ്ഞെത്തിയ അനിതയുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടു. അവൾക്ക് എന്നോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും മാതാപിതാക്കളുടെയും മറ്റും സാന്നിധ്യം അവളെ അതിൽ നിന്ന് വിലക്കുന്നത് ഞാനറിഞ്ഞു .പിന്നീട് ഫോണിൽ വിളിച്ച് സംസാരിക്കാം എന്ന് ഞാൻ ആഗ്യത്തിലൂടെ സൂചന കൊടുത്തിട്ട് വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.
മലയിറങ്ങുന്ന ബൈക്കിന്റെ വേഗതക്കനുസരിച്ച് എന്റെ മനസ്സും പായുകയായിരുന്നു. എത്രയും വേഗം നാട്ടിലെത്താനും എന്നെ ഞാനാക്കിയ എന്റെ വല്ല്യപിതാവിനെ കാണാനുമായി എന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു.
ഒന്നാം ഭാഗം അവസാനിച്ചു.