ഭാഗം 7
ചായകുടികഴിഞ്ഞു നോക്കുമ്പോൾ ജിൻസി അടുത്തില്ല. ഞാൻ ചുറ്റും നോക്കി. ഹാളിലെ ജനാലയ്ക്കരികിൽ ചെന്ന് പുറത്തേയ്ക്ക് നോട്ടമയച്ചുകൊണ്ട് നിൽക്കുകയാണവൾ.
"ജിൻസി..."അടുത്തേയ്ക്ക് ചെന്നുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു.
അവൾ മുഖം തിരിച്ച് എന്നെനോക്കി. ആത്മനൊമ്പരത്തിന്റെ പ്രതിഫലനം ആ കണ്ണുകളിൽ ഞാൻ കണ്ടു.അവൾ കരയുകയാണ്.
"എന്താണിത്... ഞാൻ പറഞ്ഞതത്രയും ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ വിട്ടുകളയൂ... ഇനി ഞാൻ നിന്നെ അതുപറഞ്ഞുകൊണ്ട് വേദനിപ്പിക്കില്ല വരൂ..."അവളുടെ കൈയിൽ പിടിച്ചുകൊണ്ട് ഞാൻ സെറ്റിക്കരികിലേയ്ക്ക് നടന്നു.
സെറ്റിയിലിരുന്ന് അവൾ കണ്ണുകൾ തുടച്ചു. ശേഷം മുഖത്തൊരു പുഞ്ചിരി വിടർത്തികൊണ്ട് എന്നെ നോക്കി.
"നിന്റെ തീരുമാനം ഉചിതമാണെന്ന് നിനക്ക് തോന്നിയെങ്കിൽ... ആ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ...ഞാൻ തയ്യാറാണ് നിന്റെ തീരുമാനത്തിനൊപ്പം ചലിക്കാൻ. എനിക്ക് സങ്കടമില്ല. മറിച്ച്... നമ്മുടെ കുടുംബങ്ങളുടെ സന്തോഷത്തെ കരുതിയാണല്ലോ... നീ ഈ തീരുമാനം എടുത്തത്,നമ്മൾ ഈ ത്യാഗത്തിനൊരുങ്ങുന്നത് എന്നോർക്കുമ്പോൾ സന്തോഷമേയുള്ളൂ മനസ്സിൽ. ആദ്യം നീ ഇത് പറഞ്ഞപ്പോൾ ഞാൻ വെറുമൊരു കൗമാരക്കാരിയുടെ സ്ഥാനത്തുനിന്നുകൊണ്ട് മാത്രമേ ഇതിനെക്കുറിച്ച് ചിന്തിച്ചുള്ളൂ... പക്ഷേ,ഇപ്പോൾ നിന്റെ സ്ഥാനത്തുനിന്ന് ഒരു നന്മയെ മനസ്സിൽ കണ്ടുകൊണ്ട് മനസ്സിരുത്തി ചിന്തിച്ചപ്പോൾ എനിക്ക് നീ പറഞ്ഞത് മനസ്സിലായി. ഒരു നല്ലകാര്യത്തിനുവേണ്ടി നമ്മൾ തമ്മിൽ വിട്ടുപിരിയുന്നതിൽ എനിക്ക് ദുഖമില്ല. നീ പറഞ്ഞതുപോലെ ഈ ഒരു ത്യാഗംകൊണ്ട് എക്കാലവും നമ്മുടെ കുടുംബാംഗങ്ങൾ സന്തോഷിക്കുകയും, മരണം വരേയും നമുക്ക് ഇതോർത്ത് ആനന്ദിക്കാൻ കഴിയുകയും ചെയ്യും."അവൾ വീണ്ടും മിഴികൾ തുടച്ചു.
"പിന്നെ ഒരുകാര്യം...തമ്മിൽ പിരിഞ്ഞാലും നമ്മൾ ആഗ്രഹിച്ചിരുന്നതുപോലെ...എന്റെ ഇഷ്ടംപോലെ നീ നല്ലൊരു കർഷകനും, എഴുത്തുകാരനുമൊക്കെയാവണം.നിന്റെ വല്ല്യാപ്പയെപ്പോലെ നാട് അംഗീകരിക്കുന്ന ഒരു മനുഷ്യനാവണം. ഇതെന്റെ ആഗ്രഹമാണ്. നീ എന്റെ ആഗ്രഹം നിറവേറ്റിതരില്ലേ.?"അവൾ എന്നെനോക്കിക്കൊണ്ട് ഒരിക്കൽക്കൂടി മുഖം തുടച്ചു. അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞുകൊണ്ടിരുന്നു.
"തീർച്ചയായും നിന്റെ ആഗ്രഹംപോലെ ഞാൻ ജീവിക്കും. നിന്റെ വാക്കുകൾ എനിക്ക് എക്കാലവും ജീവിതത്തിലെ വഴികാട്ടിയും, വെളിച്ചെവുമൊക്കെയായിരിക്കും. ഞാൻ ആഗ്രഹിച്ചിരുന്നതൊക്കെ തന്നെയാണ് നീ എന്നോട് ആയിതീരണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത് . സന്തോഷമായി എനിക്ക്."ഞാൻ മെല്ലെ സെറ്റിയിൽ നിന്ന് എഴുന്നേറ്റു.
"ഞാൻ പോട്ടേ..."എന്റെ ശബ്ദം ഇടറി.
"നിൽക്കൂ... ഞാനിപ്പോൾ വരാം."അവൾ എഴുന്നേറ്റ് വീടിനകത്തേയ്ക്ക് നടന്നു.
ഏതാനും സമയം കഴിഞ്ഞപ്പോൾ അവൾ തിരികെ വന്നു.
"ഇതാ...ഒരു പേന.എന്റെയൊരു സമ്മാനമാണിത്.ഇതല്ലാതെ നിനക്കുതരാൻ എന്റെ കൈയിൽ ഒന്നുമില്ല. ഈ പേന... ഇതെന്റെ ഓർമ്മപകരുന്ന സാന്നിധ്യമായി എന്നും നിന്റെ കൂടെയുണ്ടാവണം.ഇതുകൊണ്ട് എഴുതുമ്പോൾ നീ എന്നെ ഓർമ്മിക്കണം. നിന്റെ നല്ലജീവിതം എനിക്ക് നീ നൽകുന്ന വാക്കാണ് അതു നീ മറക്കരുത്."അവൾ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി.
ഞാൻ ആ പേനവാങ്ങി പോക്കറ്റിൽ വെച്ചു. എന്നിട്ട് അവളുടെ കൈയിൽ ചുണ്ടുകൾചേർത്ത് ചുംബിച്ചിട്ട് നിറമിഴികൾ തുടച്ചുകൊണ്ട് യാത്രപറഞ്ഞു തിരിച്ചു നടന്നു.
അവൾ എന്നെനോക്കി കൈവീശിക്കൊണ്ട് യാത്രയാക്കി.
ഗെയിറ്റുകടന്ന് പുറത്തേയ്ക്ക് നടക്കുമ്പോൾ എന്റെ പിന്നാലെ നടന്നെത്തിക്കൊണ്ട് 'സിജോ' എന്റെ തോളിൽ കൈവെച്ചു. അവന്റെ മിഴികളിൽ ഒരുതരം പ്രത്യേകഭാവം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.
"അബ്ദൂ... നന്നീടാ... നിന്നെപ്പോലൊരു അയൽവാസിയായ സുഹൃത്തിനെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. നിന്റെ തീരുമാനം നന്നായി. നിന്റെ മനസ്സ് വലിയ മനസ്സാണ്. ഞാൻ മുറിയിൽ ഇരുന്നുകൊണ്ട് നീ ജിൻസിയോട് പറഞ്ഞതെല്ലാം കേൾക്കുന്നുണ്ടായിരുന്നു."അവന്റെ ശബ്ദം ഇടറി. കണ്ണുനീർതുള്ളികൾ മുണ്ടിന്റെ തുമ്പുയർത്തി തുടച്ചുകൊണ്ട് അവൻ തിരിഞ്ഞുനടന്നു.
ജീവിതത്തിൽ അമൂല്യമായ ഒന്നിനെയാണ് നഷ്ടപ്പെടുത്തിയതെന്ന തോന്നൽ എന്റെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. ഹൃദയം വിരഹവേദനയിൽ വിങ്ങുന്നത് ഞാനറിഞ്ഞു.
തിരികെ വീട്ടിലെത്തി സങ്കടം കൊണ്ട് ആരോടും മിണ്ടാതെ മുറിയിലേയ്ക്ക് നടന്നു. എന്റെ ഈ ഭാവം കണ്ട് പിന്നാലെ എത്തിക്കൊണ്ട് ഉമ്മാ ചോദിച്ചു.
"എന്താമോനെ നിനക്കുപറ്റിയത്... ഇന്നലെമുതൽ ഞാൻ കാണുന്നു എന്തോ വിഷമമുള്ളതുപോലെ.?"
"ഒന്നുമില്ലുമ്മാ..."
"അല്ലാ എന്തോ ഉണ്ട്... നീ കള്ളം പറയുകയാണ്."
"ഞാനിനി തുടർന്നുപഠിക്കാൻ പോകുന്നില്ല."അതുകേട്ട് ഉമ്മയും സഹോദരിയും ഞെട്ടി.
"എന്താ നീ പറയുന്നത്. ഇത്രനാളും തുടർന്നുപഠിക്കണമെന്ന് പറഞ്ഞുകൊണ്ടിരുന്നിട്ട് പെട്ടെന്നെന്താണ് ഇങ്ങനൊരു മാറ്റം.?"ഉമ്മാ എന്നെനോക്കി.
"അത് വേറൊന്നുമല്ല... പഠിക്കാൻ ഞാൻ മോശമാണല്ലോ... കഷ്ടിച്ചാണ് പത്താം ക്ലാസും പ്ലസ്ടൂവും ഒക്കെ പാസായത്. അതുകൊണ്ടുതന്നെ ഇനിയും പഠിച്ച് പാസാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല. എന്തിനാണ് വെറുതേ സമയവും പണവുമൊക്കെ കളയുന്നത്."ഞാൻ പറഞ്ഞൊഴിഞ്ഞു.
അതു പറയുമ്പോൾ എന്റെ മനസ്സിൽ ജിൻസിയോടൊത്തു പഠിക്കാനായില്ലല്ലോ എന്ന സങ്കടമായിരുന്നു.
വൈകുന്നേരം ഭക്ഷണം കഴിച്ചുകഴിഞ് നാട്ടുവർത്തമാനം പറഞ്ഞിരിക്കും നേരം ഉമ്മാ ഈ വിവരം ബാപ്പയോടും വല്ല്യാപ്പയോടുമൊക്കെ പറഞ്ഞു.
"പഠിക്കാൻ പോകുന്നില്ലെങ്കിൽ പിന്നെ എന്തുചെയ്യാനാണ് നിന്റെ തീരുമാനം.?"ബാപ്പ എന്നെനോക്കി.
"നിങ്ങളോടൊപ്പം ഇവിടുത്തെ കൃഷിയിലും മറ്റും പങ്കുചേരണമെന്നാണ് ആഗ്രഹം."
"നിനക്ക് അതാണ് ഇഷ്ടമെങ്കിൽ പിന്നെ ഞാനൊന്നും പറയുന്നില്ല. നിന്റെ ആഗ്രഹംപോലെ തന്നെ നടക്കട്ടെ. പ്ലസ്ടൂ ജയിച്ച സ്ഥിതിക്ക് കുറച്ചുകൂടി പഠിക്കാമായിരുന്നു. നിനക്ക് താൽപര്യമില്ലെങ്കിൽ പിന്നെ നിർബന്ധിച്ചിട്ടു കാര്യമില്ലല്ലോ."ബാപ്പ മുറിയിലേയ്ക്ക് കയറിപ്പോയി.
പിറ്റേദിവസം മുതൽ വല്ല്യാപ്പയ്ക്കും, ബാപ്പയ്ക്കും, പണിക്കാർക്കുമൊപ്പം ഞാനും കൃഷിയിടത്തിലേയ്ക്ക് ഇറങ്ങി.
അന്ന് ആദ്യമായി പാടത്തേയ്ക്ക് ഇറങ്ങിയ രംഗം ഇന്നും മറക്കാനാവുന്നില്ല.
വല്ല്യാപ്പ വാത്സല്ല്യത്തോടെ എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചുകൊണ്ട് അനുഗ്രഹിക്കുകയും... ആനന്ദാശ്രുക്കളോടെ ഞവരിയുടെ പിടി എന്റെ കൈയിൽ തരുകയും ചെയ്തു. ഈ കാഴ്ചകണ്ട് ഉമ്മയുടേയും സഹോദരിയുടേയും മിഴികൾ ഈറനണിഞ്ഞു.
സ്വന്തം ഗ്രാമത്തിൽ കുടുംബാഗങ്ങൾക്കൊപ്പം ഇഷ്ടതൊഴിലായ കൃഷി ചെയ്തുകൊണ്ട് ജീവിക്കാനുള്ള തുടക്കം. എന്റെ പ്രണയിനിക്ക് കൊടുത്ത വാക്കുപോലെ അവളുടെ ആഗ്രഹം പോലെ... എന്റെ മനസ്സ് വല്ലാതെ സന്തോഷിച്ചു. ഉള്ളിന്റെയുള്ളിൽ സന്തോഷം തിരതല്ലി.
കൃഷിയുടേയും എഴുത്തിന്റേയും സന്തോഷംനിറഞ്ഞ നിമിഷങ്ങളിലൂടെ ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഇതിനിടയിൽ പറഞ്ഞുറപ്പിച്ച പ്രകാരം ജിൻസിയുടെ വിവാഹം നടന്നു. ഞാനൊരു മുഴുവൻസമയ കർഷകനായി.യുവകർഷകനുള്ള നിരവധി പുരസ്‌കാരങ്ങൾ എന്നെത്തേടിയെത്തി. ഒരുപാട് കഥകളും കവിതകളുമൊക്കെ എഴുതി. ചിലതെല്ലാം പ്രസിദ്ധീകരിച്ചുവന്നു. ഇപ്പോഴിതാ... വല്ല്യാപ്പയുടെ ആരോഗ്യപ്രശ്നത്തേതുടർന്ന് കുടുംബസ്വത്തായ എലത്തോട്ടത്തിലെ നടത്തിപ്പുകാരനായി ഈ മലയോരത്തിലും എത്തിച്ചേർന്നിരിക്കുന്നു.
ഞാൻ എന്റെ കഴിഞ്ഞകാല കഥകൾ പറഞ്ഞുനിറുത്തിയിട്ട് കൃഷ്ണൻകുട്ടി ചേട്ടനെ നോക്കി. ചേട്ടന്റെ കണ്ണുകളിൽ വിസ്മയവും, സന്തോഷവുമെല്ലാം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.
"എന്താ ചേട്ടാ എന്റെ കഥ കേട്ട് അത്ഭുതം തോന്നിയോ.?"
"പിന്നെ നിന്റെ ജീവിതകഥ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഇതിൽ സ്നേഹവും,നന്മയും, ത്യാഗവും, കടപ്പാടുമൊക്കെയുണ്ട്. ഞാനൊരുകാര്യം ചോദിക്കട്ടെ... നീ ഇന്നും അവൾ പറഞ്ഞതുപോലെ അവളെക്കുറിച്ച് ഓർക്കാറുണ്ടോ, അവൾ സമ്മാനിച്ച ആ പേനകൊണ്ട് എഴുതുന്നുണ്ടോ.?"
"ഉണ്ടല്ലോ... അവൾ സമ്മാനിച്ച ആ ഹീറോ പേനയിൽ മഷി ഒഴിച്ചാണ് ഞാനിന്നും കഥകളും, കവിതകളുമൊക്കെ എഴുതുന്നത്.ചിലപ്പോഴെല്ലാം നാട്ടിൽ ഞങ്ങൾ ഒരുമിക്കാറുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവളുടെ ഓർമ്മകൾ ഒരു നോവായി മനസ്സിനെ വേദനിപ്പിക്കാറുമുണ്ട്."
"നിന്നെ പിരിഞ്ഞതിൽ അവൾക്ക് ഇപ്പോൾ ദുഃഖമുണ്ടോ... നീ ചോദിച്ചിട്ടുണ്ടോ.?"
"ഇല്ല എന്നെപ്പോലെതന്നെ അവളും ഇന്ന് സന്തോഷവതിയാണ്. ഭർത്താവും കുട്ടികളുമൊക്കെയൊത്ത് സുഖമായി ജീവിക്കുന്നു."
ഒരു യുവകർഷകന്റെ അനുഭവകഥകൾ കേട്ട് കൃഷ്ണൻകുട്ടിച്ചേട്ടൻ പിന്നെയും വിസ്മയം കൊള്ളുന്നത് ഞാൻ കണ്ടു.
കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ സമയം അഞ്ചുമണിയായിരുന്നു. തോട്ടത്തിന്റെ ചില ഭാഗങ്ങളിൽ മഞ്ഞു പുകഞ്ഞുകയറുന്നുണ്ട്. തണുത്തകാറ്റ് വീശിയടിച്ചു. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം.ഞാൻ ഫോൺ കൈയിലെടുത്ത് എഴുതിക്കൊണ്ടിരുന്ന തുടർകഥയുടെ ബാക്കിഭാഗം ടൈപ്പ് ചെയ്യാൻ തുടങ്ങി.
ഈ സമയത്താണ് പുറത്തുനിന്ന് ഒരു പെൺകുട്ടിയുടെ വിളിയൊച്ച ഉയർന്നുകേട്ടത്. കൃഷ്ണൻകുട്ടിച്ചേട്ടൻ ബീഡി വാങ്ങുന്നതിനായി അടുത്തുള്ള പീടികയിലേയ്ക്ക് പോയിരിക്കുകയാണ്. ഞാൻ പുറത്തേയ്ക്കിറങ്ങി.
പത്തിരുപതു വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി. ചുരിദാറാണ് അവളുടെ വേഷം.അരയോളം എത്തുന്ന കാർകൂന്തൽ.തടിച്ചുരുണ്ട മേനി. തുടുത്ത കവിളുകൾ. കണ്ണുകൾക്ക് വല്ലാത്ത തിളക്കം. അവൾ എന്നെ വിസ്മയത്തോടെ നോക്കുന്നത് ഞാൻ കണ്ടു. ആരാണിവൾ... ഈ സായാഹ്നത്തിൽ അവൾക്ക് എന്താണ് ഇവിടെ കാര്യം. ഞാൻ ആകാംഷയോടെ അവളെ നോക്കി.
"ആരാ മനസ്സിലായില്ലല്ലോ.?"
"അതെങ്ങനെ മനസ്സിലാവും... നമ്മൾ തമ്മിൽ ആദ്യമായിട്ടാണല്ലോ കാണുന്നത്... പിന്നെങ്ങനെ.?"
"അതെ... അതാണ് ചോദിച്ചത്...കുട്ടി ഏതാണെന്നു പറയൂ..."ഞാൻ അവളെ നോക്കി.
"ഞാൻ ആരുടേയും കുട്ടിയൊന്നുമല്ല. എനിക്ക് പേരുണ്ട്."അവൾ ചുണ്ടുകോട്ടി.
"ആയിക്കോട്ടെ... പറയൂ എന്താണ് പേര്... എന്തിനാണ് വിളിച്ചത്.?"
"അത് പറയേണ്ടവരോട് പറഞ്ഞോളാം.ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ.?"അവൾ പുച്ഛഭാവത്തിൽ എന്നെനോക്കി.
"ഓഹോ... അതുകൊള്ളാം. ഇവിടിപ്പോൾ പറയേണ്ടവർ ആരാണെന്നുകൂടി പറഞ്ഞാൽ കൊള്ളാം."ഞാൻ ചിരിച്ചു.
"കൃഷ്ണൻകുട്ടി ചേട്ടൻ ഇല്ലേ ഇവിടെ, ഇല്ലെങ്കിൽ തോട്ടത്തിന്റെ ഉടമസ്ഥർ ആരെങ്കിലും ഉണ്ടാകുമല്ലോ.?"
"അവരാരും ഇപ്പോൾ ഇവിടില്ല. ആരാണെന്നും, ആവശ്യം എന്താണെന്നും തൽക്കാലം എന്നോട് പറഞ്ഞോളൂ... ഞാൻ അവരോട് പറഞ്ഞോളാം."
"അതിനെനിക്ക് സമ്മതമല്ലെങ്കിലോ.?"അവൾ വീണ്ടും പുച്ഛത്തോടെ എന്നെനോക്കി.
"എങ്കിൽ മടങ്ങിപോയ്ക്കോ... കൂടുതൽ പറഞ്ഞു മുഷിയാൻ എനിക്കും താല്പര്യമില്ല."
"ശ്ശെടാ.. ഇതൊക്കെപ്പറയാൻ താങ്കളാരാണ്. കാണേണ്ടവരെ കണ്ട് പറയേണ്ടുന്ന കാര്യം പറഞ്ഞിട്ട് ഞാൻ പൊക്കൊള്ളാം."അവൾ വിടുന്ന ഭാവമില്ല.
"ഒരിക്കൽക്കൂടി ഞാൻ പറയുന്നു... ഇവിടിപ്പോൾ ഞാൻ മാത്രമേ ഉള്ളൂ. എന്തേലും പറയാനുണ്ടെങ്കിൽ പറഞ്ഞിട്ട് പോകാൻ.അല്ലാതെ മനപ്പൂർവ്വം ഉടക്കാൻ നിൽക്കാതെ."
"ഉടക്കാൻ നിന്നാൽ..."അവൾ എന്നെനോക്കി.
ഒരുനിമിഷം എന്തുപറയണമെന്നറിയാതെ ഞാൻ നിന്നു. എന്തൊരു പെണ്ണാണിവൾ.ഒരു പിടിയുംകിട്ടുന്നില്ല. സൗദര്യവും അതിനൊത്ത തന്റെടവുമുള്ള ഒരു പുലിക്കുട്ടി.അസാമാന്യ ധൈര്യമുള്ളവൾ.യാതൊരു പരിചയവുമില്ലാത്ത തന്റെനേർക്ക് നോക്കി എത്ര ധൈര്യത്തിലാണ് തർക്കിക്കുന്നത്.
"പേരെന്താണ്...വീടെവിടെയാണ്...ഇവിടുള്ളവരുമായി എന്താണ് ബന്ധം...ദയവായി പറയൂ."ഞാൻ ശബ്ദംതാഴ്ത്തി ചോദിച്ചു.
"പേര് സിന്ധു. വീട് ഇവിടെ അടുത്തുതന്നെയാണ്. ഇവിടുള്ളവരുമായുള്ള ബന്ധം... മുതലാളി തൊഴിലാളി ബന്ധം."അവൾ പുഞ്ചിരിയോടെ മറുപടി നൽകി.
(തുടരും)