ഭാഗം 13
അന്നേദിവസം ഭക്ഷണമെല്ലാം ഞാൻതന്നെ ഉണ്ടാക്കി. പിറ്റേന്ന് രാവിലത്തെ കാപ്പിയും മറ്റും ചായക്കടയിൽ നിന്ന് വാങ്ങി. ചായക്കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ, കൃഷ്ണൻകുട്ടി ചേട്ടന് സുഖംപ്രാപിക്കുന്നതുവരെ അതല്ലാതെ വേറെ നിർവാഹമില്ലായിരുന്നു.
എന്തായാലും ചേട്ടന് ഏതാനുംദിവസത്തെ വിശ്രമം വേണ്ടിവരും. വേദനയും നീരും അൽപം കുറഞ്ഞിട്ടുണ്ട് എന്നതല്ലാതെ പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. അതുവരെ ഭക്ഷണം ഉണ്ടാക്കിത്തരാൻ പറ്റിയ ഒരാളെ ഞാൻ പലരോടും അന്വേഷിച്ചു... പക്ഷേ,കിട്ടിയില്ല.
ഒടുവിൽ ഈ അവസ്ഥയറിഞ്ഞപ്പോൾ നാട്ടിൽനിന്ന് ജോലിയില്ലാതെ കഴിഞ്ഞ 'കുഞ്ഞിക്കൊച്ച്' ചേട്ടനെ വീട്ടുകാർ തോട്ടത്തിലേയ്ക്ക് പറഞ്ഞയച്ചു. നാട്ടിലെ പറമ്പിലും പാടത്തുമൊക്കെ ജോലിക്ക് വരാറുള്ള ആളാണ് ചേട്ടൻ.
ഉച്ചയ്ക്കത്തെ ഭക്ഷണവും വാങ്ങി മടങ്ങാനൊരുമ്പോഴാണ് ചേട്ടൻ കവലയിൽ ബസ്സിറങ്ങുന്നത്. തുടർന്ന് ഞങ്ങൾ രണ്ടുപേരുംകൂടി ഷെഡ്‌ഡിലേയ്ക്ക് തിരിച്ചു.ഏതാനുംദിവസങ്ങൾ കടന്നുപോയി. കൃഷ്ണൻകുട്ടി ചേട്ടന് സുഖം പ്രാപിച്ചു ജോലിയും മറ്റും ചെയ്യാവുന്ന സ്ഥിതിയിലായി. ഈ സമയം സഹായത്തിനു വന്ന കുഞ്ഞികൊച്ചു ചേട്ടന് നാട്ടിലേയ്ക്ക് മടങ്ങിപ്പോകാൻ ചെറിയ മടി.നാട്ടിലാണെങ്കിൽ പണികൾ കുറവാണ്.ഇവിടെത്തന്നെ എന്തെങ്കിലുമൊരു ജോലികിട്ടിയെങ്കിൽ നന്നായേനെ... ചേട്ടൻ ആഗ്രഹം പറഞ്ഞു.
ഇവിടിപ്പോൾ തോട്ടം പണിയല്ലാതെ എന്തുകിട്ടാനാണ്... എല്ലാതോട്ടത്തിലും തന്നെ ആളുണ്ട് താനും.ഭാര്യയും രണ്ടുമക്കളും അടങ്ങുന്നതാണ് ചേട്ടന്റെ കുടുംബം.ജോലിയില്ലാതെ ആയാൽ വല്ല്യ കഷ്ടത്തിലാവും സ്ഥിതി.അതുകൊണ്ടുതന്നെ ആ ആവശ്യം കേട്ടില്ലെന്നുനടിച്ചു നാട്ടിലേയ്ക്ക് മടക്കിവിടാനും എനിക്ക് തോന്നിയില്ല.
ഉച്ചയ്ക്കുശേഷം സിജോ വിളിച്ചപ്പോൾ ഞാൻ ചേട്ടന്റെ കാര്യം പറഞ്ഞു. കാര്യമറിഞ്ഞപ്പോൾ അവന്റെ തോട്ടത്തിൽ ചേട്ടനെ ജോലിക്ക് നിറുത്താമെന്ന് അവൻ സമ്മതിച്ചു. തോട്ടത്തിൽ ആളില്ലാതെ കിടക്കുന്ന ഒരു ചെറിയ വീടുണ്ട്. ചേട്ടനും കുടുംബത്തിനും വേണമെങ്കിൽ അവിടെ താമസിക്കുകയും ചെയ്യാം.
വിവരമറിഞ്ഞപ്പോൾ ചേട്ടന് വലിയ സന്തോഷമായി.വൈകുന്നേരത്തോടെ സിജോ വന്നു. ഞാനും ചേട്ടനും അവന്റെകൂടെ പോയി തോട്ടവും വീടുമൊക്കെ നോക്കിക്കണ്ടു. ചേട്ടന് വീടും ജോലിസ്ഥലവുമൊക്കെ ഇഷ്ടമായി.പിറ്റേദിവസം തന്നെ നാട്ടിൽപ്പോയി ഭാര്യയേയും മക്കളേയും കൂട്ടിക്കൊണ്ടുവന്നു ചേട്ടൻ തോട്ടത്തിൽ താമസം തുടങ്ങി.
കട്ടിലും മേശയുമുൾപ്പെടെയുള്ള ചില വീട്ടുസാധനങ്ങളൊക്കെ അവിടെയുണ്ടായിരുന്നു. പോരാത്തതിന് അത്യാവശ്യം വേണ്ടുന്ന ചിലതെല്ലാം സിജോ തന്നെ വാങ്ങിക്കൊടുത്തു. അതുകൊണ്ട് നാട്ടിൽനിന്ന് ഒന്നും കൊണ്ടുവരേണ്ടിവന്നില്ല ചേട്ടന്.അങ്ങനെ ചേട്ടനും കുടുംബവും പഴയ നാട്ടുകാരനായ മുതലാളിയുടെ തോട്ടത്തിലെ ജോലിക്കാരായി മാറി.
പിറ്റേദിവസം തോട്ടം അളക്കലായിരുന്നു. ഞാനും കൃഷ്ണൻകുട്ടി ചേട്ടനും,ദിവാകരൻ ചേട്ടനും,പിന്നെ നാട്ടുകാരായ ഏതാനും പെരും ഞങ്ങടെ ഭാഗത്തുനിന്ന് അളവിൽ പങ്കുചേർന്നു. മറുപക്ഷത്ത് തോമസുചേട്ടനും,അദ്ദേഹത്തിന്റെ രണ്ടു ബന്ധുക്കളും,ഏതാനും ജോലിക്കാരും ഉണ്ടായിരുന്നു. കൂടാതെ മധ്യസ്ഥർ എന്നനിലയ്ക്ക് ജോസുചേട്ടനും, മെമ്പറും, പിന്നെ ഏതാനും ചിലരും.വൈകുന്നേരത്തോടുകൂടി അളവ് കഴിഞ്ഞു.ഞങ്ങൾ പറഞ്ഞതുപോലെ തന്നെ... അതിരുവിട്ട് കടന്നതും ദേഹണ്ണിച്ചതുമൊക്കെ തോമസുചേട്ടനാണെന്ന് അളവുകഴിഞ്ഞപ്പോൾ വെക്തമായി.വൈകുന്നേരം ആയതുകൊണ്ട് അതിര് വേലികെട്ടി തിരിക്കുന്നതും മറ്റും അടുത്തദിവസത്തേയ്ക്ക് മാറ്റിവെച്ചുകൊണ്ട് അതിരുകല്ലുകൾ നാട്ടിയിട്ട് എല്ലാവരും പിരിഞ്ഞു. തോമസുചേട്ടന്റെ മുഖം കടന്നൽ കൊത്തിയതുപോലെ വീർത്തിരുന്നു. അയാൾ പകയോടെ എന്നെയും മറ്റും നോക്കിയിട്ട് ജോലിക്കാരെയും കൂട്ടി വീട്ടിലേയ്ക്ക് മടങ്ങി.
പിറ്റേദിവസം രാവിലേ ഷെഡ്‌ഡിന്റെ മുറ്റത്ത് പല്ലുതേച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാൻ. ഈ സമയം തോട്ടത്തിന്റെ ഇടവഴികൾ താണ്ടി ഓടിക്കിതച്ചുകൊണ്ട് ദിവാകരൻ ചേട്ടൻ എന്റെ അരികിലെത്തി.
"എന്താ ചേട്ടാ... എന്തിനാ ഓടിയത്... നന്നായി കിതയ്ക്കുന്നുണ്ടല്ലോ.?"മുഖം കഴുകിക്കൊണ്ട് ഞാൻ ചേട്ടനെനോക്കി.
"അബ്ദൂ...വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ആ തോമസുചേട്ടന്റെ തീരുമാനം.ഇന്നലെ നമ്മൾ അളന്നുതിരിച്ച് കുഴിച്ചിട്ട അതിരുകല്ലുകളൊക്കെയും അയാൾ ജോലിക്കാരെക്കൊണ്ട് മാറ്റിക്കുഴിച്ചിട്ടിരിക്കുന്നു. പോരാത്തതിന് മുള്ളുവേലി വലിക്കാനുള്ള കാലുകൾ നാട്ടിതുടങ്ങിയിരിക്കുന്നു.അവർ ഏതാനുംപേരുണ്ട്... മദ്യപാനവും ആഘോഷവുമൊക്കെയായി. ചോദിക്കാൻ ചെന്ന എന്നെ അവർ ഭീഷണിപ്പെടുത്തുകയും തല്ലാനൊരുങ്ങുകയുമൊക്കെ ചെയ്തു.എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ എല്ലാം അയാൾ കയ്യേറും."ചേട്ടൻ ശ്വാസംവിടാതെ പറഞ്ഞു.
ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ ഞാൻ നിന്നു. തോട്ടത്തിൽ വിളവെടുപ്പ് തുടങ്ങിയ സമയമായിരുന്നു.ഇതിനിടയിൽ വീണ്ടും അതിരുതർക്കവും മറ്റുമായി മാറിയാൽ...ഇന്നലത്തോടെ എല്ലാം അവസാനിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും തോമസുചേട്ടൻ അടങ്ങിയിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഇത്രപെട്ടെന്ന് അയാൾ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയില്ല.എന്തായാലും അവർക്കിടയിലേയ്ക്ക് ചാടിപ്പുറപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്കുതോന്നി. മധ്യസ്ഥർ ഇടപെട്ടു പരിഹരിച്ച കാര്യത്തിൽ വീണ്ടും ചേട്ടൻ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. നിയമപരമായിത്തന്നെ അയാളെ നേരിടുന്നതാണ് ഉചിതം.ഞാൻ ഫോൺചേയ്‌തു വീട്ടിൽ വിവരം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ബാപ്പയും, വല്ല്യാപ്പയുമൊക്കെ എന്റെ തീരുമാനം തന്നെയാണ് നല്ലതെന്ന് പറഞ്ഞു.
സർക്കിൽ ഇൻസ്പെക്ടർക്ക് ഒരു പരാതി എഴുതി കൊടുക്കുക.
എനിക്ക് വലിയ നിരാശതോന്നി.ആരുമായും മുഷിയരുതെന്നതാണ് എന്റെ ആഗ്രഹം.അതുതന്നെയാണ് വീട്ടുകാർക്കും പറയാനുള്ളത്.പക്ഷേ, എന്തുചെയ്യാം...മനപ്പൂർവ്വം ചിലർ പ്രശ്നത്തിന് ഇറങ്ങിതിരിച്ചാൽ... കൃഷി നഷ്ടമായപ്പോൾ തോട്ടം വിറ്റുകളയാൻ എല്ലാവരും പറഞ്ഞതാണ്.അന്ന് കുടുംബസ്വത്തായിരുന്നു തോട്ടം.പക്ഷേ, ഇന്ന് അത് സ്വന്തമാണ്.തോട്ടം നന്നായി പരിപാലിക്കണമെന്നും, അതുവഴി നല്ലവിളവുണ്ടാക്കി ലാഭം നേടണമെന്നും, കുറച്ചുപേർക്കെങ്കിലും തങ്ങൾ മൂലം ജോലികൊടുക്കണമെന്നുമൊക്കെയുള്ള ചിന്തയാണ് വീണ്ടും ഇവിടേയ്ക്ക് വരാനും ഇത് നിലനിറുത്താനുമൊക്കെ പ്രേരിപ്പിച്ചത്.
പക്ഷേ, എത്രയൊക്കെ ശ്രമിച്ചിട്ടും പ്രശ്നങ്ങൾ വന്നുചേരുന്നു. ഇനി എങ്ങനെ ഇതിനൊരു പരിഹാരം കാണും. ഇനി എന്തൊക്കെ പ്രശ്നങ്ങളെ നേരിടേണ്ടി വരും.സർക്കിൽ ഇൻസ്പെക്ടർ വല്ല്യാപ്പയ്ക്കും ബാപ്പയ്കുമൊക്കെ പരിചയമുള്ള ആളാണ്...നാട്ടുകാരൻ. പോരാത്തതിന് ജോസേട്ടന്റെ സുഹൃത്തുമാണ്. അദ്ദേഹം ഇടപ്പെട്ടു എന്തെങ്കിലുമൊരു പരിഹാരം ഉണ്ടാക്കുമെങ്കിൽ ഉണ്ടാകട്ടെ. ഇതിപ്പോൾ നാലാമത്തെ സന്ധി സംഭാഷണത്തിനാണ് ഒരുങ്ങുന്നത്. എത്രയോ സമയനഷ്ടവും പണനഷ്ടവുമൊക്കെയാണ് ഇതിന്റെപേരിൽ ഉണ്ടായിരിക്കുന്നത്. ഇത്തവണയെങ്കിലും പ്രശ്നം തീർന്നില്ലെങ്കിൽ ഇനി കേസ് കൊടുക്കുകയേ നിവൃത്തിയുള്ളൂ... എന്തായാലും തോറ്റുപിന്മാറാൻ, ഭൂമി വിട്ടുകൊടുക്കാൻ തയ്യാറല്ല.
കാപ്പികുടികഴിഞ്ഞു ഞാനും കൃഷ്ണൻകുട്ടി ചേട്ടനും കൂടി സർക്കിൽ ഇൻസ്പെക്ടറുടെ ഓഫീസിലെത്തി പരാതി നൽകി.അദ്ദേഹം കോർട്ടേഴ്സിൽ നിന്നും സ്റ്റേഷനിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. തോട്ടം അതിരുവിട്ട് കയ്യേറാൻ ശ്രമിക്കുന്നവർക്കെതിരെ എത്രയുംവേഗം നടപടി കൈക്കൊള്ളാമെന്ന് അദ്ദേഹം ഞങ്ങൾക്ക് വാക്ക് തന്നു.ഏതാനും സമയം നാട്ടിലെ വിശേഷങ്ങളും വല്ല്യാപ്പയുമായുള്ള സൗഹൃദത്തേക്കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിച്ചിരുന്നു.
"അബ്ദൂ... തോമസുചേട്ടന് നിങ്ങടെ തോട്ടത്തിന്മേൽ ഒരു നോട്ടമുണ്ട്. അത് എങ്ങനേയും നിങ്ങൾ വിറ്റിട്ടുപോയാൽ കൈക്കലാക്കാമെന്ന് അയാൾക്ക് വിശ്വാസമുണ്ട്. അതിനാണ് ഈ പണികളൊക്കെ ഒപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് നിങ്ങടെ കൈവശം ഇരിക്കുന്നിടത്തോളം കാലം പ്രശ്നങ്ങൾ അവസാനിക്കില്ല. എന്നുകരുതി ഒരിക്കലും നിങ്ങൾ അയാളുടെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കരുത്. ഒരിക്കൽ തോറ്റുപോയാൽ അത് അയാൾക്കൊരു ഓർജമാവും. ഇതൊക്കെ നിന്റെ ബാപ്പയ്ക്കും വല്ല്യാപ്പയ്ക്കു മൊക്കെ അറിയാവുന്ന കാര്യങ്ങളാണ്. നീ കൂടി അറിഞ്ഞിരിക്കാൻ പറഞ്ഞെന്നുമാത്രം."അദ്ദേഹം ഞങ്ങൾക്ക് ധൈര്യം പകർന്നു. വൈകാതെ ഞങ്ങൾ യത്രപറഞ്ഞു പിരിഞ്ഞു.
രണ്ടുദിവസം കഴിഞ്ഞപ്പോൾ സർക്കിളിന്റെ മേൽനോട്ടത്തിൽ... തോമസുചേട്ടൻ സ്ഥാപിച്ച മുള്ളുവേലി നീക്കം ചെയ്യുകയും... പകരം മധ്യസ്ഥർ കൂടി അളന്ന് തിട്ടപ്പെടുത്തിയത് പ്രകാരം തോട്ടത്തിന്റെ അതിര് കല്ലുകൊണ്ട് കെട്ടിതിരിക്കുകയും കാലുകൾ നാട്ടി കമ്പിവേലി ഇടുകയും ചെയ്തു. എനിക്ക് ഇത് വലിയ സന്തോഷം പകർന്നു.തൽക്കാലത്തേയ്ക്ക് അതിരുത്തർക്കത്തിന് ഒരു പരിഹാരമായിരിക്കുന്നു. ഇനി അത്രപെട്ടെന്ന് തോമസുചേട്ടൻ പ്രശ്നത്തിന് ഇറങ്ങില്ലെന്ന് എനിക്ക് തോന്നി.
ദിവസങ്ങൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു. തോട്ടത്തിൽ വിളവെടുപ്പ് തുടങ്ങി.ഇത്തവണ നല്ല വിളവുണ്ടായിരുന്നു. പറിച്ചെടുത്ത എലക്കായ ജോസുചേട്ടന്റെ സ്റ്റോറിൽ കൊണ്ടുപോയി ഉണക്കി. തുടർന്ന് അതുമായി ഞാൻ ജീപ്പിൽ നാട്ടിലേയ്ക്ക് തിരിച്ചു. വീട്ടിൽ എല്ലാവർക്കും എന്റെ ആഗമനം സന്തോഷം പകർന്നു.ഏതാനുംനാളുകൾക്കുശേഷം തോട്ടത്തിൽ നിന്ന് തിരികെയെത്തിയ എന്നെ ഉമ്മയും സഹോദരിയുമൊക്കെ വിവിധതരം പലഹാരങ്ങളും മറ്റും ഉണ്ടാക്കിതന്നുകൊണ്ട് സ്നേഹിച്ചു വീർപ്പുമുട്ടിച്ചു. വല്ല്യാപ്പയും, വല്ലുമ്മയുമൊക്കെ എന്റെ കൃഷിമികവിൽ അനുമോദിക്കുകയും സന്തോഷിക്കുകയും ചെയ്തു.
വീട്ടിൽ മൊത്തത്തിൽ ഒരു ഉത്സവപ്രതീതി.ഞാൻ എല്ലായിടത്തും ഒന്ന് ചുറ്റിയടിച്ചു. മാസം രണ്ടു കഴിഞ്ഞിരിക്കുന്നു വീടുവിട്ടുപോയിട്ട്. രണ്ടാഴ്ച കഴിഞ്ഞു മടങ്ങണമെന്ന ഉദ്ദേശത്തോടെയാണ് പോയതെങ്കിലും വരാൻ കഴിഞ്ഞില്ല. എല്ലാം എന്നെകൊതിപ്പിച്ചു.പാടത്ത് നെല്ല് വിളഞ്ഞിരിക്കുന്നു. കൊയ്തെടുക്കാൻ പാകമായി നിൽക്കുന്ന വളഞ്ഞ നേൽക്കതിരുകൾ.അവിടെ പാറിനടക്കുന്ന വിവിധവർണ്ണത്തിലുള്ള തുമ്പികൾ.കൊയ്ത്ത് അടുത്തദിവസം ആരംഭിക്കുകയാണ്.കുടുംബാഗങ്ങങ്ങൾക്കൊപ്പം ഞാനും ചേർന്ന് വിത്തിറക്കിയ കൃഷിയുടെ വിളവെടുപ്പ്.
മിഷ്യൻവന്നു കൊയ്തുമെതിച്ച നെല്ല് പത്തായത്തിൽ സംഭരിച്ചു.വയ്ക്കോൽ തൊഴുത്തിന്റെ മച്ചിനുമുകളിൽ കയറ്റി അട്ടിയിട്ടു.
പുന്നെല്ലുകുത്തി ഉണ്ടാക്കിയ അരികൊണ്ട് പായസവും, ചോറുമൊക്കെ ഉണ്ടാക്കി ഉമ്മാ എല്ലാവർക്കും നൽകി. ഞായറാഴ്ച ദിവസം ചക്കരച്ചോറ് വെച്ച് ഓത്തുപള്ളിയിലെ കുട്ടികൾക്ക് കൊടുത്തു. ഏലക്കായ വിറ്റുകിട്ടിയ പണത്തിൽനിന്നൊരു വിഹിതം വല്ല്യാപ്പ പള്ളിയുടെ പെയ്ന്റിങ്ങിനും, സാധുക്കൾക്കും സംഭാവന നൽകി. ഏതാനുംദിവസങ്ങൾക്കുശേഷം ഉമ്മ ഉണ്ടാക്കിത്തന്ന അച്ചാറും, ചമ്മന്തിപ്പൊടിയുമൊക്കെയായി ഞാൻ വീണ്ടും തോട്ടത്തിലേയ്ക്ക് മടങ്ങി.
തോട്ടത്തിലെത്തിയ അന്ന് വൈകുന്നേരം എന്നെക്കാണാൻ സിന്ധു വന്നു.
"എന്തൊക്കെയുണ്ട് നാട്ടിൽ വിശേഷങ്ങൾ... എല്ലാവർക്കും സുഖമാണോ... ഞാൻ കരുതി ഇന്നലെ വരുമെന്ന്. അങ്ങനെയാണല്ലോ വിളിച്ചപ്പോൾ പറഞ്ഞത്."അവളെന്നെനോക്കി പുഞ്ചിരിതൂകി.
"നാട്ടിൽ എല്ലാവർക്കും സുഖം. ഇന്നലെ വരാൻ പറ്റിയില്ല... സിന്ധുവിന്റെ ജോലിയൊക്കെ എങ്ങനെ.?"
"എല്ലാം നന്നായിപോകുന്നു. ഷോപ്പിൽ എല്ലാവർക്കും എന്നെ വലിയ ഇഷ്ടമാണ്. വൈകാതെ എനിക്ക് ചില സ്ഥാനകയറ്റങ്ങളൊക്കെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്."
"ആണോ... കൊള്ളാം അഭിനന്ദനങ്ങൾ."
"പിന്നെ എന്റെ ആദ്യശമ്പളം കിട്ടി. ഞാനത് അമ്മയെ ഏൽപ്പിച്ചു.കൂട്ടത്തിൽ എനിക്ക് ജോലിവാങ്ങിത്തന്ന ആൾക്ക് ഒരു സമ്മാനവും വാങ്ങി. ഇതാ..."കൈയിലിരുന്ന കവർ അവൾ എനിക്കുനേരെ നീട്ടി.
ഞാനത് തുറന്നുനോക്കി. ഏതാനും പുതിയ പുസ്തകങ്ങൾ. പ്രശസ്തരായ എഴുത്തുകാരുടെ ബെസ്റ്റ്സ്റ്റെല്ലറുകൾ. ഞാനവളെ നോക്കി.
"താങ്ക്സ്..."
"നന്ദി പറയേണ്ടത് ഞാനല്ലേ...ഇരുളടഞ്ഞ ജീവിതത്തിൽ വെളിച്ചം പകർന്നുകൊണ്ട് എനിക്കൊരു ജോലിവാങ്ങിത്തന്ന അബ്‌ദുവിനോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാവില്ല.കൂട്ടത്തിൽ എന്റെ അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കുകയും നേർവഴിക്ക് ജീവിക്കാൻ പ്രേരിപ്പിച്ചതിനും. അമ്മയ്ക്കിപ്പോൾ ഒരുപാട് മാറ്റമുണ്ട്. ഇത്രനാളും ചെയ്തുപോയ തെറ്റുകളെയോർത്തു കുറ്റബോധവും.ജോലിക്ക് പോകുമ്പോഴും ജോലിസ്ഥലത്ത് നിൽക്കുമ്പോഴുമെല്ലാം എനിക്ക് വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചും മാത്രമായിരിക്കും ചിന്ത.എന്നാൽ ഇന്നതില്ല...ഒരിക്കൽ വീട്ടിൽ വന്നപ്പോൾ നിങ്ങൾ അമ്മയെ ഉപദേശിച്ചിരുന്നില്ലേ...കഴിഞ്ഞതൊക്കെ മറന്നുകൊണ്ട് പുതിയൊരുജീവിതത്തിന് ശ്രമിക്കണമെന്നും, ആവശ്യമില്ലാതെ മറ്റുള്ളവരെ വീട്ടിൽ കയറ്റരുതെന്നും, എന്റെ ഭാവി നോക്കണമെന്നുമൊക്കെ... അത് അമ്മയുടെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. അന്ന് വൈകിട്ട് ജോലികഴിഞ്ഞെത്തിയപ്പോൾ അമ്മ എന്നോട് അതെല്ലാം പറഞ്ഞു.മകന്റെ പ്രായമുള്ള അബ്‌ദുവിന്റെ ഉപദേശങ്ങൾ അമ്മയെ ഒരുപാട് ചിന്തിപ്പിച്ചെന്നും... ഇനിയൊരിക്കലും തെറ്റുകൾ ചെയ്യില്ലെന്നുമൊക്കെ. ആ വാക്കുകളാണ് എന്റെ അമ്മയെ മാറ്റിയത്...എനിക്കുറപ്പുണ്ട്. എനിക്കും എന്റെ അമ്മയ്ക്കും വേണ്ടി അബ്ദു ചെയ്ത എല്ലാ നല്ലപ്രവർത്തികൾക്കും നന്ദി."
അവൾ യാത്രപറഞ്ഞുകൊണ്ട് നടന്നുപോയി.
(തുടരും)