ഭാഗം 9
പിറ്റേദിവസം തോട്ടത്തിൽ ജോലിക്കാർ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കാപ്പികുടി കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. തോട്ടത്തിലെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും തൊഴിലാളികളുടെ വീടോ, വീട്ടുകാരെയോ ഒന്ന് പരിചയപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പലരും സ്നേഹത്തോടെ നിർബന്ധിച്ചിട്ടുണ്ട്... വീട്ടിലേയ്ക്ക് ചെല്ലാൻ.സമയം പോലെ തീർച്ചയായും വരുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഞാൻ
ഒഴിഞ്ഞു മാറുകയായിരുന്നു. ഇന്നെന്തായാലും കുറച്ചുപേരുടെ വീട്ടിലെങ്കിലും ഒന്ന് പോകണം. എന്റെ കൂടെ വീട്ടുകൾ പരിചയപ്പെടുത്താനായി കൃഷ്ണൻകുട്ടി ചേട്ടനേയും കൂട്ടി.
പുതുതായി കുറച്ച് തൈകൾ നടുന്ന തിരക്കിലായിരുന്നു ഇത്രനാൾ... അത് കഴിഞ്ഞു.ഇനി തോട്ടത്തിലെ പഴയ ചെടികളുടെ കാര്യങ്ങൾ നോക്കണം. ഇതിനിടയിൽ കണക്കും മറ്റു കാര്യങ്ങളുമായി നാട്ടിൽ പോകണം.
ആദ്യം ലക്ഷ്മി ചേച്ചിയുടെ വീട്ടിൽ തന്നെ കയറാൻ ഞാൻ തീരുമാനിച്ചു.കൂട്ടത്തിൽ തലേദിവസം മകൾ വന്നു ചോദിച്ചു പോയ പണിക്കൂലി കൊടുക്കുകയും ചെയ്യാം.
കൃഷ്ണൻകുട്ടി ചേട്ടനോട് ചോദിച്ചപ്പോൾ അറിഞ്ഞു...ലക്ഷ്മി ചേച്ചിയുടെ മകൾ പറഞ്ഞത് സത്യമാണെന്ന്... ഏതാനും പണിക്കൂലി ചേച്ചിയ്ക്ക് കൊടുക്കാനുണ്ട് . അവർ എവിടെയോ പോയിരുന്നതിനാൽ ആ ആഴ്ച കൂലി കൊടുക്കാൻ സാധിച്ചിരുന്നില്ലത്രേ.പോരാത്തതിന് ജോലിക്കാർക്കുള്ള ഹാജർ ബുക്കിൽ ചേച്ചിയുടെ പണികൾ എഴുതി ചേർത്തിട്ടുള്ളത് ഞാൻ കാണുകയും ചെയ്തു .
ലക്ഷ്മി ചേച്ചിയുടെ വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ ആരോ ഒരാൾ അവിടെ നിന്ന് ഇറങ്ങി പോകുന്നത് ഞാൻ കണ്ടു.അടുത്തെത്തിയതും എന്നെസൂക്ഷിച്ചു നോക്കിക്കൊണ്ട് എന്തോ അർത്ഥം വെച്ച് എന്നവണ്ണം ചിരിച്ചിട്ട് അയാൾ മുണ്ടും മടക്കിക്കുത്തി വേഗത്തിൽ നടന്നു പോയി.
"അബ്ദു കയറിയിട്ട് വന്നോളൂ... ഞാൻ ആ കവലയിലെ കടയിൽ ഉണ്ടാവും."കൃഷ്ണൻകുട്ടി ചേട്ടൻ മുന്നോട്ട് നടന്നു.
"ഹലോ ഇവിടെ ആരുമില്ലേ..?" ഞാൻ മുറ്റത്തുനിന്ന് വിളിച്ചു ചോദിച്ചു.
"ഉണ്ടല്ലോ...എന്തുവേണം.?" അകത്തുനിന്ന് ഇറങ്ങി വന്ന സിന്ധു എന്നെ നോക്കി ചോദിച്ചു.
"അമ്മ ഇല്ലേ ഇവിടെ.?"
"ഉണ്ട് അപ്പുറത്ത് എന്തോ ജോലിയിലാണ്."അവൾ അനിഷ്ടത്തോടെ എന്നവണ്ണം പറഞ്ഞു.
"ഒന്നു വിളിക്കാമോ.?"
"എന്തിനാണ്...എന്തെങ്കിലും പറയാനാണെങ്കിൽ എന്നോട് പറഞ്ഞോളൂ...ഞാൻ അമ്മയോട് പറഞ്ഞേക്കാം."അവൾ വീണ്ടും പുച്ഛത്തോടെ പറഞ്ഞു.
എന്തൊരു പെണ്ണാണിവൾ...തന്നോട് ഒന്ന് കയറി ഇരിക്കാൻ പോലും പറയാതെ മുറ്റത്തു നിറുത്തി ഇങ്ങനെ സംസാരിക്കാൻ ഞാൻ എന്ത് തെറ്റ് ചെയ്തു.?എനിക്ക് അവളോട് വെറുപ്പ് തോന്നി.
"ഞാൻ വന്നത് അമ്മയെ കാണാനാണ്.സംസാരിക്കാനുള്ളതും അമ്മയോടാണ്.അല്ലാതെ സിന്ധുവിനോട് അല്ല."ഞാൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു.
"ആണോ എങ്കിൽ കാത്തുനിൽക്കുക...അമ്മ വന്നിട്ട് കണ്ടിട്ട് പോയാൽ മതി."അവൾ വീടിന്റെ തൂണിൽ പിടിച്ചുകൊണ്ട് പുച്ഛത്തോടെ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു.
ഞാൻ മുറ്റത്തുനിന്നുകൊണ്ട് വീടിന്റെ പരിസരവും മറ്റുമൊക്കെ ഒന്ന് നോക്കിക്കണ്ടു.വളരെ ദയനീയമായ അവസ്ഥയാണ് അവിടെ എന്ന് എനിക്ക് തോന്നി.
ഈ സമയം വീടിന്റെ പിന്നാമ്പുറത്തുനിന്ന് നൈറ്റിയിൽ നനഞ്ഞ കൈകൾ തുടച്ചുകൊണ്ട് ലക്ഷ്മി ചേച്ചി മുൻവശത്തേയ്ക്ക് നടന്നുവന്നു.
"അല്ല ഇതാര്...ഞങ്ങടെ വീട്ടിലേയ്ക്ക് വരാനുള്ള വഴി ഒക്കെ അറിയുമോ.?"ചേച്ചി എന്നെനോക്കി ചിരിച്ചു.
"അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത്...എനിക്ക് ഇവിടെ വന്നാൽ എന്താ..?"ഞാൻ പുഞ്ചിരിച്ചു.
"ഞാൻ വെറുതെ പറഞ്ഞതാ... മോൻ തോട്ടത്തിൽ വന്ന കാര്യം ആളുകൾ പറഞ്ഞ് അറിഞ്ഞിരുന്നു.പിന്നെ ഇന്നലെ ഇവളും പറഞ്ഞു. കയറിവരൂ... ഇരിക്കൂ.."
മുറ്റത്തുനിന്ന് വരാന്തയിലേയ്ക്ക് കയറിക്കൊണ്ട് ചേച്ചി...അവിടെ കിടന്ന ബെഞ്ച് മുന്നോട്ട് നീക്കിയിട്ടു.
വരാന്തയിലെ തൂണിനോട് ചേർത്തിട്ട ആ പഴയബെഞ്ചിൽ ഞാനിരുന്നു.
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ... നാട്ടിൽ എല്ലാവരും സുഖമായിരിക്കുന്നോ.?"
"സുഖം..."ഞാൻ പറഞ്ഞു.
"കാപ്പി എടുക്കട്ടെ... അതോ ചായയോ.?"
"ഒന്നും വേണ്ട... ഞാനിപ്പോൾ കഴിച്ചതേയുള്ളൂ..."
"നമ്മുടെ വീട്ടിൽ നിന്നൊന്നും കഴിക്കില്ലായിരിക്കും അമ്മേ." സിന്ധു എന്നെ നോക്കി മെല്ലെ പറഞ്ഞു.
"ഏയ് അങ്ങനെയൊന്നുമില്ല... ഇപ്പോൾ കഴിച്ചതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു അത്രയേ ഉള്ളൂ..."ഞാൻ പറഞ്ഞു.
"പിന്നെ എന്താണ് ഇങ്ങോട്ടൊക്കെ... എന്തെങ്കിലും വിശേഷിച്ച്.?"ചേച്ചി എന്നെ നോക്കി.
"വെറുതേ...തോട്ടത്തിലെ ജോലിക്കാരുടെ വീടും അവരുടെ കുടുംബങ്ങങ്ങളേയുമൊക്കെ നേരിൽ പോയി ഒന്ന് പരിചയപ്പെടണമെന്ന് വന്ന അന്ന് മുതൽ വിചാരിക്കുന്നതാണ്. പക്ഷേ, പണിത്തിരക്കുകാരണം ഇപ്പോഴാണ് സമയം കിട്ടിയത്."
"അതെന്തായാലും നന്നായി.വല്ല്യാപ്പയും ഇതുപോലെ തന്നെയാണ്.പക്ഷേ,ഒന്നുണ്ട് ഇതുകൊണ്ടൊക്കെ നമ്മൾ നല്ലതിനെന്നു കരുതുന്നത് ചിലരൊക്കെ മോശമായി മാത്രമേ കാണുകയുള്ളൂ."ചേച്ചി പറഞ്ഞു.
"അതൊന്നും സാരമില്ല.ആളുകൾ എന്തും വിചാരിക്കട്ടെ... നമുക്ക് നമ്മുടേതായ ഒരു മനസ്സുണ്ടല്ലോ... അതിന്റെ സംതൃപ്തിയാണല്ലോ പ്രധാനം."ഞാൻ പറഞ്ഞു.
"മോളേ നീ പോയി ചായ എടുത്തുകൊണ്ട് വാ...ഇല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പോകാം നിങ്ങൾ സംസാരിക്ക്."ചേച്ചി അകത്തേയ്ക്ക് നടന്നു.
"സിന്ധു ഒരുപാട് വായിക്കുമെന്ന് തോന്നുന്നല്ലോ...?"മേശപ്പുറത്ത് ചിതറിക്കിടന്ന പത്രങ്ങളിലേയ്ക്കും ആഴ്ചപതിപ്പുകളിലേയ്ക്കുമൊക്കെ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
"വായിക്കാറുണ്ട്...ചെറിയതോതിൽ..."അവൾ പറഞ്ഞു.
"ഇതല്ലാതെ പുസ്തകങ്ങൾ വായിക്കാറില്ലേ.?"
"ഓ നമ്മളെ പോലുള്ളവർക്ക് പുസ്തകങ്ങളൊക്കെ എവിടെ കിട്ടാനാ...സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് വായിച്ചിരുന്നു. ഇവിടിപ്പോൾ പുസ്തകം കിട്ടണമെങ്കിൽ ടൗണിൽ പോകണം അവിടെയാണ് ലൈബ്രറി ഉള്ളത്. ബുക്ക്സ്റ്റാളിൽ നിന്നൊക്കെ വാങ്ങി വായിക്കാൻ ഞങ്ങൾക്ക് എവിടുന്നാ പണം... പിന്നെ ഇപ്പോൾ എല്ലാം ഫോണിൽ ഉണ്ടല്ലോ...ഓൺലൈൻ."അവൾ പറഞ്ഞു.
"ഉം ശരിയാണ്. പക്ഷേ,ഫോണിലെ വായന മാത്രം പോരാ... നല്ലനല്ല പുസ്തകങ്ങൾ കൂടി വായിക്കണം"
"അതിനൊന്നും സാധിക്കില്ല... സമയവുമില്ല.അതൊക്കെ നിങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്."
"അങ്ങനെയൊന്നുമില്ല...വായന ആർക്കും ആവാം.നല്ലപുസ്തകങ്ങൾ...അത് മനുഷ്യന്റെ അറിവും ചിന്താശക്തിയുമൊക്കെ ഉയർത്തുകയും അവനെ നന്മയിലേയ്ക്ക് നയിക്കുകയുമൊക്കെ ചെയ്യും."
"എന്തിനാണ് അധികം അറിവും ചിന്താശക്തിയുമൊക്കെ...ഉള്ളതൊക്കെത്തന്നെ ധാരാളം.ഇതുകൊണ്ടൊന്നും നമുക്ക് രക്ഷപ്പെടാനാവില്ല.പുസ്തകങ്ങളിലെ സിദ്ധാന്തങ്ങൾക്ക് ഒരുവന്റെ ജീവിതത്തിൽ വെളിച്ചം പകരാനും, വഴികാട്ടിയാകാനുമൊക്കെ കഴിയുമെന്ന് വെറുതെ പറയാം എന്നല്ലാതെ..."
"ഏയ് അതൊന്നും വെറുതെയല്ല സത്യമാണ്.സിന്ധു ഏതുവരെ പഠിച്ചു.?"
"പ്ലസ്ടു വരെ.."
"പിന്നെന്താ തുടർന്നുപോകാതിരുന്നത്.?"
"അതിനുള്ള സാഹചര്യമൊത്തില്ല. അതുകൊണ്ട് പോയില്ല."അവൾ പറഞ്ഞു.
ഈ സമയം ചേച്ചി ചായയും ഒരു പാത്രത്തിൽ ഏതാനും ബേക്കറി പലഹാരങ്ങളും കൊണ്ടുവന്ന് മേശയിൽ വെച്ചു.
"ദാ ചായ കുടിക്കൂ..."പറഞ്ഞിട്ട് ചേച്ചി സൈഡിലേയ്ക്ക് മാറി ചുമരിൽ ചാരി നിന്നു.
"ഇവൾ പ്ലസ്ടു വരെ പഠിച്ചതാ...പിന്നെ പോയില്ല. ആ സമയത്താണ് ഇവളുടെ അച്ഛൻ മരിക്കുന്നത്.പിന്നെ ഞാനൊരാൾ വല്ലപ്പോഴും തോട്ടത്തിൽ ജോലിക്ക് പോയി കിട്ടുന്നതുകൊണ്ട് വീട്ടുചെലവിന്റെ കൂടെ തുടർപഠനവും കൂടി നടക്കില്ല എന്ന് തോന്നിയപ്പോൾ... ഇവൾ തന്നെയാണ് പഠനം വേണ്ടെന്നുവച്ചത്.എങ്ങനെയും പഠിപ്പിക്കാം പോകാൻ പറഞ്ഞിട്ട് ഇവൾ കേട്ടില്ല.ഇപ്പോൾ ഈ വീട്ടിൽ കിടന്ന് മുരടിക്കുകയാണ് ഇവളുടെ ജീവിതം.ഞാൻ അല്പം വഴിവിട്ട ജീവിതം ഒക്കെ നയിച്ചു പോയത് കൊണ്ട് ഇവളെയും ആ കണ്ണുകളോടെയാണ് ആളുകൾ കാണുന്നത്.ആരും ഇവളോട് കൂട്ടുകൂടാൻ വരാറില്ല. ഇവൾ എങ്ങോട്ടും പോകാറുമില്ല. ആ ഒറ്റപ്പെടലാണ് എന്റെ മോളേ ഇങ്ങനെ തന്റേടിയും നിഷേധിയും ഒക്കെ ആക്കി മാറ്റിയത്. ഇവിടുത്തെ ഈ ചുറ്റുപാടിൽ നിന്നൊരു മോചനമായി... എന്തെങ്കിലും ഒരു ചെറിയ ജോലി കിട്ടിയിരുന്നെങ്കിൽ എന്റെ മോൾക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. പക്ഷേ, ഇവിടെ തോട്ടം പണിയല്ലാതെ എന്തുകിട്ടാനാണ്."ചേച്ചി തന്റെ ഹൃദയനൊമ്പരങ്ങൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
അവർ പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നി.അവരുടെ ആ നിസ്സഹായ അവസ്ഥയിൽ വല്ലാത്ത നൊമ്പരവും.ചായ കുടിച്ചു കഴിഞ്ഞു പോകാൻ നേരം പോക്കറ്റിൽ നിന്ന് പണിക്കൂലി എടുത്ത് ചേച്ചിക്ക് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
"സിന്ധുവിന് പറ്റിയ എന്തെങ്കിലും ഒരു ചെറിയ ജോലി കിട്ടുമോ എന്ന് നമുക്ക് നോക്കാം.കഴിയുമെങ്കിൽ ഉച്ചകഴിഞ്ഞ് തോട്ടത്തിലേക്ക് ഒന്ന് വരൂ... വായിക്കാൻ കുറച്ചു പുസ്തകങ്ങൾ തരാം."
"വേണമെന്നില്ല... മറ്റൊന്നുംകൊണ്ടല്ല... എന്നെപ്പോലുള്ളവർ അവിടെ വരുന്നതും പോകുന്നതുമൊക്കെ അത്രനല്ലതല്ല.ഞങ്ങൾമൂലം വെറുതേ ചീത്തപ്പേര് ഉണ്ടാക്കിവെക്കേണ്ട."അവൾ പറഞ്ഞു.
"അതൊന്നും എനിക്ക് പ്രശ്നമല്ല. സിന്ധുവിന് ധൈര്യമുണ്ടെങ്കിൽ വരാം."
പറഞ്ഞിട്ട് ഞാൻ അവിടെനിന്ന് മെല്ലെ ഇറങ്ങിനടന്നു.
ഈ സമയം സിന്ധു എന്നെനോക്കി മെല്ലെ പുഞ്ചിരിച്ചു. അവളുടെ മുഖത്ത് അതുവരെ ഇല്ലാത്തൊരു ഭാവം ഉടലെടുത്തത് ഞാൻ കണ്ടു.
ഞാൻ ചെല്ലുമ്പോൾ എന്നെ കാത്തെന്നവണ്ണം ചേട്ടൻ കവലയിലെ കടത്തിണ്ണയിൽ ആളുകളുമായി സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു.തുടർന്ന് ഞങ്ങൾ ഇരുവരും കൂടി തോട്ടത്തിലെ മറ്റു ചില പണക്കാരുടെ വീടുകളിൽ പോയി. ഒടുവിൽ പനിപിടിച്ചതുമൂലം വിശ്രമത്തിൽ കഴിഞ്ഞിരുന്ന ദിവാകരൻ ചേട്ടന്റെ വീട്ടിൽ ചെന്നു.
ചേട്ടന്റെ പനി മാറിയെങ്കിലും ക്ഷീണം പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. എന്തുതന്നെയായാലും അടുത്തദിവസം മുതൽ ജോലിക്ക് പോയി തുടങ്ങണം എന്നതാണ് ചേട്ടന്റെ തീരുമാനം.അല്ലെങ്കിലും എത്രദിവസമാണ് ഇങ്ങനെ കഴിയുക. ചേട്ടൻ ആവലാതിയോടെ ഞങ്ങളോട് പറഞ്ഞു. ചായകുടിക്കാൻ നിർബന്ധിച്ചെങ്കിലും ഞങ്ങൾ കുടിച്ചില്ല. പോയവീടുകളിൽ നിന്നൊക്കെയും നിർബന്ധത്തിനുവഴങ്ങി ചായ കുടിച്ച് വയർ നിറഞ്ഞിരുന്നു.
വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പൂമുഖത്തിരിക്കുമ്പോഴും എന്റെ കണ്ണുകൾ ഒരാളെ തിരഞ്ഞുകൊണ്ടിരുന്നു.അനിതയെ...ചേട്ടന്റെ മൂത്തമകളെ. ആദ്യമായി കണ്ടനിമിഷം മുതൽ എന്തുകൊണ്ടോ അവളുടെ മുഖം മനസ്സിൽ മായാത്തവിധം പതിഞ്ഞുകഴിഞ്ഞിരുന്നു.സഹോദരിമാരെ രണ്ടുപേരെയും കണ്ടിട്ടും അവളെ മാത്രം എവിടേയും കണ്ടില്ല. ഒടുവിൽ സഹികെട്ട് പോകാനൊരുങ്ങുന്നതിനുമുൻപ് ഞാൻ ചോദിച്ചു.
"അനിത എവിടെ... അവളെമാത്രം കണ്ടില്ലല്ലോ..."
"അവൾ കൂട്ടുകാരിയുടെ വീടുവരെ പോയതാണ്...ഇപ്പോൾ വരേണ്ട സമയമായി."അവളുട അമ്മ മറുപടി നൽകി.
ഉച്ചയോടടുത്തപ്പോൾ അവിടെനിന്ന് യത്രപറഞ്ഞു ഞങ്ങൾ ഇറങ്ങി. അപ്പോഴും അനിതയെ കാണാത്തതിലുള്ള നിരാശ എന്റെയുള്ളിൽ നിറഞ്ഞുനിന്നു.
ഉച്ചയൂണും കഴിഞ്ഞ് തട്ടിൻപുറത്തുകിടന്നുകൊണ്ട് ഫോണിൽ നോക്കുമ്പോഴാണ് പുറത്തുനിന്ന് ആരുടെയോ വിളിയൊച്ച കേട്ടത്.
"ആരോ വിളിക്കുന്നുണ്ടല്ലോ ചേട്ടാ... ആരാണ്.?"ഞാൻ ചേട്ടനെ നോക്കി.
വൈകിട്ടത്തെ കാപ്പിക്കുള്ള ജോലിയിൽ ഏർപ്പെട്ടിരുന്ന ചേട്ടൻ എഴുന്നേറ്റ് പുറത്തുചെന്ന് നോക്കി.
"അതാ പെണ്ണാണ്... ലക്ഷ്മിയുടെ മകൾ."
"ആണോ..." ഞാൻ എഴുന്നേറ്റ് പുറത്തേയ്ക്ക് ചെന്നു.
"സിന്ധു... വരൂ... ഇരിക്കൂ..."ഞാൻ കസേര എടുത്ത് പുറത്തേക്കിട്ടു.
"ഓ ഇല്ല ഞാനിവിടെ നിന്നോളം." അവൾ മുറ്റത്തുനിന്ന കമുകിൽ ചാരിനിന്നുകൊണ്ട് എന്നെ നോക്കി.
ആ സമയം അവളുടെ മുഖത്ത് ഇതിനുമുൻപ് രണ്ടുതവണ കണ്ടപ്പോഴുണ്ടായിരുന്ന ആ പുച്ഛഭാവം എങ്ങോട്ട് പോയി മറഞ്ഞിരുന്നു. പകരം അവിടെ ഒരുതരം നാണം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.
(തുടരും)