ഭാഗം 12
"എപ്പോഴും വെള്ളം തിരിക്കാൻ അനിതയാണോ വരാറ്.?"ഞാൻ അവളെ നോക്കി.
"അല്ല, അച്ഛനോ, അമ്മയോ ആണ് വരാറുള്ളത്. ഇന്ന് രണ്ടുപേരും ജോലിക്കുപോയതുകൊണ്ട് ഞാൻ വന്നു... അത്രേയുള്ളൂ."
"ആണോ... പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ... ഞാൻ കഴിഞ്ഞദിവസം അച്ഛനെ കാണാൻ വീട്ടിൽ വന്നിരുന്നു.കൂട്ടത്തിൽ വേറൊരാളെയും കാണേണ്ടതുണ്ടായിരുന്നു പക്ഷേ, നിർഭാഗ്യം എന്നല്ലാതെ എന്തുപറയാൻ... ആൾ വീട്ടിൽ ഉണ്ടായിരുന്നില്ല."ഞാൻ കുസൃതിയോടെ അവളെനോക്കി.
"അമ്മ പറഞ്ഞാരുന്നു... വന്നകാര്യം. ഞാൻ കൂട്ടുകാരിയുടെ വീടുവരെ പോയതായിരുന്നു."
"അനിതയെ കാണാൻ നല്ല ഭംഗിയുണ്ട്. ഈ പ്രകൃതിയെപ്പോലെ മനോഹരിയാണെന്നു തന്നെ പറയാം... ഒരു യവനസുന്ദരി."
"പിന്നെ... വെറുതേ കളിയാക്കണ്ട...ഞാനത്ര സുന്ദരിയൊന്നും അല്ലെന്ന് എനിക്കറിയാം."
"അതെ... സത്യം... അനിതയൊരു കാനനസുന്ദരി തന്നെയാണ്. ഇതുവരെ മറ്റെവിടെയും കാണാത്ത സുന്ദരി."
"ഉം... പിന്നെ പിന്നെ സാഹിത്യകാരന്മാർക്ക് പെൺകുട്ടികളെ കാണുമ്പോൾ ഇങ്ങനെ പലതും പറയാൻ തൊന്നും."അവൾ ചിരിച്ചു... ഞാനും.
"പ്ലസ്ടൂ കഴിഞ്ഞില്ലേ ... ഇനിയെന്തിനാണ് പോകുന്നത്.?"
"ഡിഗ്രിക്ക് കൊടുത്തിട്ടുണ്ട് കിട്ടിയാൽ പോകും."
അവൾക്കൊപ്പം ഞാനും മുന്നോട്ടുനടന്നു.കിളികളുടെ കലപില ശബ്ദം, ചീവീടുകളുടെ ശ്രുതിയില്ലാത്ത സംഗീതം, കുന്നിറങ്ങിവരുന്ന എലത്തിന്റെ മണമുള്ള തണുത്ത കാറ്റ് ഇതെല്ലാം ഞങ്ങൾക്ക് അകമ്പടി സേവിച്ചു. പ്രകൃതിഭംഗിയിൽ ലയിച്ച് പലതും പറഞ്ഞും പൊട്ടിച്ചിരിച്ചും ഞങ്ങൾ ഷെഡ്‌ഡിനടുത്തെത്തിയത് അറിഞ്ഞില്ല.
ഷെഡ്‌ഡിലെത്തുമ്പോൾ എന്നെ കാത്തെന്നവണ്ണം മുറ്റത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു.തോട്ടത്തിൽ പണിക്ക് വരാറുള്ള 'പെണ്ണമ്മ ചേട്ടത്തി'.
"ഞാൻ പോകുന്നു... പിന്നെ കാണാം."അനിത യാത്രപറഞ്ഞുപോയിക്കഴിഞ്ഞപ്പോൾ ഷെഡ്‌ഡിലേയ്ക്ക് കടന്നുകൊണ്ട് ഞാൻ ചേട്ടത്തിയെ നോക്കി ചോദിച്ചു.
"എന്തൊക്കെയുണ്ട് വിശേഷം...എന്താ വന്നത്.?"
"അതുപിന്നെ ഒരുകാര്യം പറയാനുണ്ടായിരുന്നു. മോന്റെ വല്ല്യാപ്പയോട് ഒരിക്കൽ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നതാണ്.സഹായിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. മറന്നുപോയോ എന്നറിയില്ല..."
"എന്താണ് പറയൂ..."
"എന്റെ മോള് പ്ലസ്ടൂ കഴിഞ്ഞുനിൽക്കുകയാണ്.തുടർന്ന് പഠിക്കണമെന്നാണ് അവൾ പറയുന്നത്.പക്ഷേ, ഞങ്ങൾക്ക് അതിന് താല്പര്യമില്ല.മറ്റൊന്നും കൊണ്ടല്ല... ഞങ്ങടെ കൈയിൽ അതിനുള്ള കാശില്ല.പക്ഷേ,അവളിങ്ങനെ വാശിപിടിക്കുമ്പോൾ..."ചേച്ചി ഒരുനിമിഷം നിറുത്തി.
"ചേച്ചീ...അവൾ തുടർന്ന് പഠിക്കട്ടെ. പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ അതിന് തടയിടുകയാണോ വേണ്ടത്...എത്ര കഷ്ടപ്പെട്ടിട്ടായാലും കഴിയുന്ന സഹായമൊക്കെ ചെയ്തുകൊടുക്കണം.നാളെ അവൾ ആരായിത്തീരുമെന്ന് ആരുകണ്ടു.?"
"അതൊക്കെ ശരിയാണ്...പക്ഷേ, വല്ല ചെറിയ കോഴ്സുകളോ മറ്റോ പഠിക്കാനാണ് അവൾ ആഗ്രഹിക്കുന്നതെങ്കിൽ സാരമില്ലായിരുന്നു. ഇതിപ്പോൾ നേഴ്സിങ്ങിന് ചേരണമെന്നതാണ് അവളുടെ ആഗ്രഹം. അതിന് ഒരുപാട് പണം വേണം.ഞങ്ങടെ കൈയിൽ അതിനൊക്കെയുള്ള പണം എവിടുന്നാണ്. ഇവളൊരാളുടെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ...ഇളയതുങ്ങടെ കാര്യം കൂടി നോക്കണ്ടേ... ഇത് അറിഞ്ഞപ്പോൾ വല്ല്യാപ്പ കുറച്ചു പണം തന്ന് സഹായിക്കാമെന്ന് പറഞ്ഞിരുന്നു. അതിനെക്കുറിച്ചു വല്ലതും പറഞ്ഞിരുന്നോ എന്നറിയാനാണ് ഞാൻ വന്നത്."ചേച്ചി ഒരു ദീർഘനിശ്വാസമുതിർത്തു.
"ഓ അതാണോ കാര്യം. വല്ല്യാപ്പ ഇതിനെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ല.ചിലപ്പോൾ മറന്നുപോയതാവും...ഇന്നുതന്നെ ഞാൻ ഫോൺ വിളിച്ചു ചോദിച്ചിട്ട് വേണ്ടതുചെയ്യാം. ഒന്നുകൊണ്ടും വിഷമിക്കേണ്ട... അവൾക്ക് ഇഷ്ടമുള്ളത് എന്താണെന്നുവെച്ചാൽ പഠിക്കട്ടെ. ധൈര്യമായി അവളോട് അതിന് തയ്യാറായിക്കൊള്ളാൻ പറയൂ."ഞാൻ പറഞ്ഞു.
ചേച്ചിയുടെ മുഖം സന്തോഷംകൊണ്ട് വിളങ്ങി. അവർ നന്ദിയോടെ എന്നെനോക്കി യാത്രപറഞ്ഞിട്ട് നടന്നുപോയി.
ഹോസിലൂടെ വെള്ളം ഒഴുകിയെത്തി വീപ്പ നിറഞ്ഞിരിക്കുന്നു. ഞാൻ മുണ്ടും ഷർട്ടും മാറി തോർത്ത് ഉടുത്തുകൊണ്ട് മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിയിട്ടു. തുടർന്ന് കുളിച്ചുകയറി.ഈ സമയം ചേട്ടൻ ചൂടുകഞ്ഞിയും പയറുതോരനും ചമ്മന്തിയുമൊക്കെ റെഡിയാക്കിക്കഴിഞ്ഞിരുന്നു. ഞാൻ അതൊക്കെ കഴിച്ചിട്ട് വെറുതേ തട്ടിൻപുറത്തുകയറി കിടന്നു.
എന്റെമനസ്സിൽ പകലത്തെ ഓരോസംഭവങ്ങൾ മിന്നിമറയാൻ തുടങ്ങി.അനിതയുമായുള്ള കണ്ടുമുട്ടലും അവളുടെ മോഹിപ്പിക്കുന്ന ശാലീന സൗന്ദര്യവുമൊക്കെ ഒരിക്കൽക്കൂടി എന്റെ ഹൃദയത്തിൽ കുളിരുപടർത്തി.കുറേസമയം അവളെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി പലവിധ പകൽകിനാവുകൾ കണ്ടുകൊണ്ട് ഞാനങ്ങനെ കിടന്നു.
രാത്രി, പതിവുപോലെ...അന്നത്തെ സംഭവങ്ങളത്രയും ഡയറിത്താളിൽ കോറിയിട്ടുകൊണ്ടിരിക്കുമ്പോഴാണ് പുറത്തൊരു ജീപ്പ് വന്നുനിന്നത്.ഡയറി മടക്കിവെച്ചിട്ട് ഞാൻ എഴുന്നേറ്റ് പുറത്തിറങ്ങി ലൈറ്റടിച്ചുനോക്കി. ജീപ്പിൽ നിന്ന് സിജോയും മറ്റുരണ്ടുപേരും ഇറങ്ങുന്നത് കണ്ടു.
"അബ്ദു... എന്താ കിടക്കുകയായിരുന്നോ... എന്തായാലും നിന്നെ ഈ സമയത്ത് ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ ക്ഷമിക്കണം."ഷെഡ്‌ഡിലേയ്ക്ക് കടന്നുകൊണ്ട് സിജോ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഓ പിന്നെ... നിങ്ങൾ വന്നതുകൊണ്ട് ഇവിടെ എന്ത് ബുദ്ധിമുട്ട്. ഇരിക്കൂ..."ഞാൻ മൂവരേയും നോക്കി പറഞ്ഞു.
"അബ്ദു... ഞങ്ങൾ വെറുതേ നിന്റെ തോട്ടത്തിൽ തോക്കും കൊണ്ട് ഒന്ന് ചുറ്റിയടിക്കാൻ ഇറങ്ങിയതാണ്.ഇവിടെ രാത്രികാലങ്ങളിൽ മുള്ളന്റെ വരവുണ്ടെന്ന് അറിഞ്ഞു."സിജോ എന്നെനോക്കി.
"അതുശരിയാണ്.പലയിടത്തും മണ്ണുകുത്തിയിളക്കിയിട്ടിരിക്കുന്നത് ഞാനും കണ്ടിരുന്നു.പക്ഷേ, തോക്കുപയോഗിച്ചുള്ള കളി അപകടമല്ലേ.?"
"ഓ അതൊന്നും സാരമില്ല...എല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം. ഇടയ്ക്കൊക്കെ ഞങ്ങളിങ്ങനെ രഹസ്യവേട്ടയ്ക്ക് ഇറങ്ങുന്നതാണ്.രണ്ടാഴ്ചമുൻപ് കുറച്ചകലെയുള്ള ഒരു തോട്ടത്തിൽ നിന്ന് ഒരു മുഴുത്ത മുള്ളനെ പൊക്കിയായിരുന്നു."അവൻ ചിരിച്ചു.
"ആണോ... കൊള്ളാല്ലോ."ഞാൻ പറഞ്ഞു.
"പിന്നെ ഇവരെ പരിചയപ്പെടുത്താൻ മറന്നുപോയി... ഇത് ബിജു, ഇത് സന്ദീപ്...എന്റെ അടുത്ത സുഹൃത്തുക്കളും അയൽവാസികളുമാണ്."കൂടെയുള്ള രണ്ടുപേരെയും സിജോ എനിക്ക് പരിചയപ്പെടുത്തി.
"എങ്കിൽ ഇനി ഞങ്ങൾ സമയം പാഴാക്കുന്നില്ല... തോട്ടത്തിലേയ്ക്ക് ഇറങ്ങട്ടെ. പാതിരാത്രിക്ക് മുൻപ് വീട്ടിൽ തിരിച്ചെത്തണം."മൂവരും എഴുന്നേറ്റു.
"നിൽക്ക് കട്ടൻകാപ്പി കുടിച്ചിട്ട് പോകാം..."ഞാൻ പറഞ്ഞു.
"ഇപ്പോൾ വേണ്ടാ... ഞങ്ങൾ ചെറുത് ഓരോന്ന് വീശിയിട്ടുണ്ട്. മടങ്ങാൻ നേരം കയറാം. അപ്പോൾ മതി കാപ്പി."സിജോ പറഞ്ഞു.
"ഇതുകണ്ടോ... കഴിഞ്ഞയാഴ്ച ഞങ്ങൾ വെടിവെച്ച സാധനത്തിന്റെ ഫോട്ടോയാണ്."പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഓണാക്കിക്കൊണ്ട് സന്ദീപ് എനിക്കുനേരെ നീട്ടി.
ഞാൻ ഫോണിന്റെ ഡിസ്‌പ്ലെയിലേയ്ക്ക് നോക്കി. ഒരു മുഴുത്ത മുള്ളൻപന്നി.അതിന്റെ നിറുകയിലെ വെടിയേറ്റ പാടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു.
"കൊള്ളാം.."പറഞ്ഞിട്ട് ഫോൺ തിരികെ കൊടുത്തുകൊണ്ട് ഞാനും അവർക്കൊപ്പം ഹെഡ് ലൈറ്റുമായി പുറത്തേയ്ക്ക് നടന്നു.
പതിനൊന്നുമണിവരെ തോട്ടത്തിലൂടെ തോക്കുമായി ചുറ്റിത്തിരിഞ്ഞെങ്കിലും കാര്യമായിട്ടൊന്നും തടഞ്ഞില്ല.ആകെ കിട്ടിയ ഒരു മരപ്പട്ടിയുമായി ഷെഡ്‌ഡിലെത്തി കട്ടൻകാപ്പിയും കുടിച്ചിട്ട് സിജോയും സുഹൃത്തുക്കളും മടങ്ങിപ്പോയി.
രാത്രിയുടെ നിശബ്ദതയെ ഭംഞ്ചിച്ചുകൊണ്ട് ജീപ്പിന്റെ ശബ്ദം കുന്നിറങ്ങി അകന്നുപോകുമ്പോൾ എന്റെകണ്ണുകൾ മയക്കത്തിലേയ്ക്ക് വഴുതിവീണുകഴിഞ്ഞിരുന്നു.
എന്നും അതിരാവിലെ ഉറക്കമുണരാറുള്ള ഞാനന്ന് ഉണർന്നത് കൃഷ്ണൻകുട്ടി ചേട്ടൻ കുലുക്കി വിളിച്ചപ്പോൾ മാത്രമാണ്.തലേരാത്രിയിലെ നായാട്ടിന്റെ ക്ഷീണവും,വൈകി ഉറങ്ങിയതിന്റെ ആലസ്യവും എന്നെവിട്ടുപോയിരുന്നില്ല. ഞാൻ എഴുന്നേറ്റ് പല്ലുതേപ്പും മറ്റും കഴിച്ച് റെഡിയായി. ഈ സമയം തോട്ടത്തിൽ ജോലിക്കാർ എത്തിക്കഴിഞ്ഞിരുന്നു.ആഴ്ചയുടെ തുടക്കമായതുകൊണ്ടുതന്നെ അന്ന് അധികം ആളുകൾ ഉണ്ടായിരുന്നു. പെട്ടെന്നാണ് അതുസംഭവിച്ചത്.
എലത്തിന്റെ ചുവട്ടിലെ ചപ്പുകൾ നീക്കംചെയ്തുകൊണ്ടിരുന്ന കൃഷ്ണൻകുട്ടി ചേട്ടന്റെ കാലിൽ എന്തോ കടിച്ചു. മുറിവിൽ നിന്ന് രക്തം ഒഴുകുന്നുണ്ട്. വേദനകൊണ്ട് പുളയുകയാണ് ചേട്ടൻ.
"ചേട്ടാ... എന്തുപറ്റി.?"
ഞാനും മറ്റു ജോലിക്കാരും ചേർന്ന് ചേട്ടന്റെ താങ്ങിപ്പിടിച്ചു ഷെഡ്‌ഡിലേയ്ക്ക് കൊണ്ടുവന്നു. അൽപ്പം വെള്ളം കുടിക്കാൻ കൊടുത്തു. തുടർന്ന് തോർത്ത് വലിച്ചുകീറി മുറിവിന്റെ മുകളിലായി അമർത്തികെട്ടി. ശേഷം മുറിവിൽ നിന്നും കുറച്ചുറക്തം ഞെക്കിക്കളഞ്ഞിട്ട് മുറിവ് കഴുകി. രക്തം നിൽക്കുന്നില്ല. ചേട്ടന്റെ മുണ്ടിലും രക്തം പടർന്നിട്ടുണ്ട്.
"ലക്ഷണം കണ്ടിട്ട് കടിച്ചത് പാമ്പ് തന്നെയാണെന്ന് തോന്നുന്നു."തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.
"ചുരുട്ടയാവും... ഇതിവടെ സ്ഥിരമാണ് ഭയക്കാനില്ല.വിഷവൈദ്യന്റെ അടുത്ത് പോയാൽമതി."ദിവാകരൻ ചേട്ടൻ പറഞ്ഞു.
എത്രയും വേഗം വൈദ്യന്റെ അടുത്ത് പോകണം. എന്തുചെയ്യും... ജോസേട്ടൻ വീട്ടിലുണ്ടാവും ആൾക്ക് വണ്ടിയുമുണ്ട്. ഞാൻ ഫോണെടുത്ത് ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.
ഉടൻതന്നെ ജോസേട്ടൻ ജീപ്പുമായി വന്നു. ഞാനും ദിവാകരൻ ചേട്ടനുംകൂടി ചേട്ടനെ താങ്ങി ജീപ്പിൽ കയറ്റി.അടുത്തുള്ള വിഷവൈദ്യന്റെ വീടുലക്ഷ്യമാക്കി ജീപ്പ് പാഞ്ഞു.
വൈദ്യൻ ചേട്ടനെ വിശദമായി പരിശോദിച്ചു.എന്തോമരുന്ന് വെള്ളത്തിൽ ചാലിച്ചെടുത്തു കുടിക്കാനും, വേറെന്തോ ഒന്ന് മൂക്കിൽ വലിക്കാനും കൊടുത്തു. തുടർന്ന് കഷായത്തിനും,മുറിവിൽ ചാലിച്ചിടാനുമൊക്കെയുള്ള മരുന്നുകൾ എടുത്തുതന്നു. എന്നിട്ട് ഞങ്ങളെനോക്കി പറഞ്ഞു.
"ഭയക്കാനൊന്നുമില്ല...വേദനയും നീരും ഇന്നത്തേയ്ക്ക് നന്നായിട്ടുണ്ടാവും.മരുന്നും പത്യവുമൊക്കെ മുറപോലെ ചെയ്യണം.രാത്രി ഉറങ്ങാൻ അനുവദിക്കരുത്."
മരുന്നുംവാങ്ങി ഞങ്ങൾ ഷെഡ്ഢിൽ തിരിച്ചെത്തി.വൈകുന്നേരം വരെ ഞങ്ങൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുകയും മരുന്നുകൾ തയ്യാറാക്കാൻ സഹായിക്കുകയുമൊക്കെ ചെയ്തിട്ട് ദിവാകരൻ ചേട്ടൻ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി.
രാത്രി ഉറക്കമൊഴിച്ച് ചേട്ടൻ ഉറങ്ങാതെ ഞാൻ കാവലിരുന്നു. എന്നെ എപ്പോഴും സ്നേഹത്തോടെ സേവിച്ച ചേട്ടന്റെ വേദന എന്റെയും വേദനയായിമാറി.കാലിന് നല്ല നീരുണ്ട്... വേദനയും.സമയാസമയത്തുള്ള മരുന്നുകൾ കൊടുത്തുകൊണ്ട് കഥകളും,തമാശകളുമൊക്കെ പറഞ്ഞ് ഞങ്ങൾ ഉറങ്ങാതെ പുലരുവോളം കഴിഞ്ഞുകൂടി.
(തുടരും)