mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Anusha)

പുലർച്ചെ അഞ്ചേ മുപ്പതിന്‌ തന്നെ ബസ് നാട്ടിലെത്തി. ബസിറങ്ങി, ബസ് പോകുന്നത് നോക്കി അവൾ നിന്നു. പിന്നെ മെല്ലെ ഓട്ടോ സ്റ്റാന്റിലേക്ക് തിരിഞ്ഞു. അവിടെ ഓട്ടോ ഇല്ല. മഴ ആയതോണ്ട്  വരാത്തതാവുമോ. കാത്തു നില്ക്കണോ. മഴ ഇപ്പോ പെയ്യുന്നില്ല. നടന്നാലോ. അവൾ ആലോചിച്ചു. കാത്തു നിന്നില്ല. നടന്നു. ബാഗിന് ഭാരമില്ല. നാട്ടിലേക്കുള്ള യാത്രകൾ ഇങ്ങനെയാണ്. തിരിച്ചു പോവുമ്പോഴും

ഇങ്ങനെ തന്നെ പോകണമെന്ന് ആഗ്രഹിക്കാറുണ്ട്. നടക്കാറില്ല. ചെലപ്പോ വീട്ടിലെ പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്നും പഴയ ഏതെങ്കിലും പ്രിയപ്പെട്ട പുസ്തകങ്ങളും പെറുക്കി പോവാറുണ്ട്. അത് ഭാരമല്ല. ആനന്ദമാണ്‌. ഭാരം കുറയ്ക്കുന്ന ഇന്നലെകളുടെ സന്തോഷങ്ങൾ. അമ്മ തന്നു വിടുന്ന തന്റെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങൾ, പിന്നെയും ബാഗ് നിറഞ്ഞ് എന്തെങ്കിലുമൊക്കെ ഉണ്ടാവും. പിന്നെ അവൾ കണ്ടില്ലെന്നു നടിക്കുന്ന അവരുടെ കണ്ണിലെ ഈർപ്പവും ദീർഘനിശ്വാസങ്ങളും. വന്നിറങ്ങിയതല്ലേ ഉള്ളൂ. എന്തിന്‌ തിരിച്ചു പോകുന്നതിനെ പറ്റി ഇപ്പഴേ ചിന്തിക്കുന്നു. അവൾ ചിന്തകളെ ബോധപൂർവം പറഞ്ഞു വിട്ടു.

രാത്രി പെയ്ത മഴയിൽ നനഞ്ഞ് കുളിച്ച് ഒന്നു കൂടി കറുത്ത് സുന്ദരനായി റോഡ് നീണ്ടു പുളഞ്ഞു പോകുന്നു. ടൌൺ ഹാൾ കഴിഞ്ഞിട്ടുള്ള വലിയ വളവിനടുത്ത് വലിയൊരു മരം ഇപ്പോഴും ഇറ്റിറ്റായി കരയുന്നു. അതിന്റെ പൂക്കളെല്ലാം താഴെ വീണു ചിതറിക്കിടക്കുന്നു. ഉണങ്ങിയ ഒരു കമ്പും റോഡിൽ വീണു കിടക്കുന്നത് അവൾ കണ്ടു. കുട എടുത്തിട്ടുണ്ടോ എന്ന് രാത്രി വിളിച്ചപ്പോ അമ്മ അവളോട് ചോദിച്ചിരുന്നു. നാട്ടിൽ നല്ല മഴയാണ്‌.

 

വരുന്നുണ്ടെങ്കിൽ എത്തീട്ട് വിളിക്കണംന്ന് പറഞ്ഞു. ഇതിപ്പോ ഇരുട്ടൊന്നു മാറീട്ടുണ്ട്. നേരത്തെ വെളിച്ചമാവാൻ തുടങ്ങി. മഴ പെയ്ത് വഴിയെല്ലാം തെളിഞ്ഞിട്ടുണ്ട്. ഓട്ടോ ഇല്ലാത്തതും ഓട്ടോയ്ക്ക് കാത്തു നില്ക്കാഞ്ഞതും നന്നായേ ഉള്ളൂവെന്ന് അവൾക്ക് തോന്നി. ആ നടത്തം അവളെ അത്ര സന്തോഷിപ്പിച്ചു. മാർക്കറ്റിലെത്തിയപ്പോൾ അവിടെ അടച്ചിട്ട കടയുടെ തിണ്ണകളും നടപ്പാതകളുമൊക്കെ ശൂന്യം. നാട് ഇങ്ങനെ മാറിപ്പോയോ? അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂട്ടമായും നിര നിരയായും അവിടെയെല്ലം കുന്തിച്ചിരിക്കുന്നതും സംസാരങ്ങളിൽ ഏർപ്പെടുന്നതും തന്നെ തേടി ഇന്നേതെങ്കിലും ആൾ വരുമോ, ജോലി കിട്ടുമോ എന്നാലോചനകളിൽ മുഴുകി നെടുവീർപ്പിടുന്നതും പാൻമസാല ചവച്ച് ചുവന്നു മഞ്ഞച്ച പല്ലുകൾ കാൺകെ നീണ്ട കോട്ടുവ ഇടുന്നതും അവൾ ഓർമിച്ചു. പണ്ട് ഡ്രൈവിംഗ് പഠിക്കാൻ വേണ്ടി വളരെ രാവിലെ ഈ വഴിയ്ക്ക് വരുമ്പോൾ കണ്ട കാഴ്ചകൾ ഇപ്പോൾ കാണാനില്ല. എന്തൊക്കെ മാറിയിരിക്കുന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. പബ്ലിക് ലൈബ്രറിയുടെ ബോർഡ്. അതിന്നും ആ ചെറിയ ഇടുങ്ങിയ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഒരു തീപ്പെട്ടിക്കൂടു പോലെ അവശേഷിച്ചിരിക്കുന്നു. ഇന്ന് സ്നേഹത്തിന്റെ വേദനിപ്പിക്കുന്ന ഓർമകൾ അവിടെയുമുണ്ട്. അവൾ മുന്നോട്ട് തന്നെ നടന്നു. തണുത്ത കാറ്റ് മുഖത്ത് വീശി കടന്നു പോയി. ഡോക്ടറുടെ ക്ലിനിക്കും കാവിലേക്കുള്ള വഴിയും കടന്ന്‌ പിന്നെയും മുന്നോട്ട്. വീടെത്തിയപ്പോൾ ആറു മണിയായി. അമ്മ ഉണർന്നിരുന്നു. അവളെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തപ്പോഴാണ്‌ കോളിംഗ് ബെല്ലിന്റെ ശബ്ദം. അച്ഛൻ ഉണർന്നിരുന്നില്ല. ഉറങ്ങിക്കോട്ടേന്ന് കരുതി. വിളിച്ചില്ല.  ചായ ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് വെപ്രാളപ്പെട്ട് അമ്മ അടുക്കളയിലേക്ക് നടന്നു.

തിരക്കില്ല. മെല്ലെ മതി. "ഞാൻ കുളിച്ച് വന്നിട്ട് അമ്പലത്തിൽ പോയി തൊഴുത് വരാംന്ന് വിചാരിക്കുന്നുണ്ട്." അവൾ പറഞ്ഞു. ഓട്ടോയിലല്ല വന്നത്, നടന്നൂന്ന് പറഞ്ഞാൽ അമ്മ എന്തെങ്കിലും പറയുമെന്നാണ്‌ അവൾ കരുതിയത്. മഴ ഉണ്ടായിരുന്നില്ലേന്ന്‌ മാത്രം അമ്മ ചോദിച്ചു. ഇല്ലെന്ന മറുപടിയിൽ സംതൃപ്തം. അതിനിപ്പോ വേഗം നേരം വെളുക്കലുണ്ടല്ലോ ഇപ്പോ. അഞ്ചര, അഞ്ചേ നാല്പത് ഒക്കെ ആവുമ്പോ. ഞാൻ എന്നാലും ആറു മണി കണക്കാവും എണീക്കുമ്പോ. അമ്മ പറഞ്ഞു. വിശക്കുന്നുണ്ടാവില്ലേ. ഇന്നലെ ബസിൽ കയറും മുൻപെന്തേലും കഴിച്ചോ? അമ്മയുടെ സ്നേഹം വിഷമം ഒക്കെ വാക്കുകളിൽ. “നീരറുത്ത് വച്ച വെളിച്ചെണ്ണ ഉണ്ട്ട്ടോ കുളിമുറീന്റെ പുറത്ത് സ്റ്റാന്റില്‌”. അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. അലമാരയിൽ നിന്നും, അലക്കി വെളുപ്പിച്ച് ഉണക്കി മടക്കി വച്ച എന്റെ തോർത്തും പഴയ ഉടുപ്പുകളുടെ കൂട്ടത്തിൽ നിന്നു കൈയിൽ കിട്ടിയ ഒരെണ്ണവുമെടുത്ത് കുളിമുറിയിലേക്ക് കയറി. എണ്ണ തേച്ചില്ലല്ലോ എന്നോർത്തത് അപ്പഴാണ്‌. ആ പതിവൊന്നും ഇപ്പോ ഇല്ല. എന്നാലും പുറത്തിറങ്ങി, വെളിച്ചെണ്ണ കുപ്പി എടുത്ത് തുളസി ഇട്ട് കാച്ചിയ വെളിച്ചെണ്ണ കൈയിലേക്കൊഴിച്ചു. രണ്ടു കൈയിലും പകർന്ന് മൂർദ്ധാവിലും മുടിയിലും നല്ല പോലെ തേച്ചു. അമ്മയുടെ നീരറുത്ത വെളിച്ചെണ്ണയുടെ ചരിത്രത്തിലേക്ക് ഒരു ചിന്ത നീണ്ടു പോയി. കുട്ടിക്കാലത്ത് ഞങ്ങളുടെ വീടിന്റെ വഴിയുടെ ഇരുവശവും സ്റ്റെപ്പുകൾക്കടുത്ത് നിറയെ ചുവന്ന ചെമ്പരത്തിപ്പൂക്കൾ പൂത്തു നിന്നിരുന്നു. അടുപ്പത്തു വച്ചിരിക്കുന്ന ചൂടു ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി ചൂടായി വരുമ്പോൾ, താഴെ വഴിയരികിൽ പോയി പറിച്ചു കൊണ്ടു വന്ന ചുവന്ന ചെമ്പരത്തിപ്പൂക്കൾ നന്നായി കഴുകി, അതിന്റെ പച്ച കളഞ്ഞ് അമ്മ വെളിച്ചെണ്ണയിലേക്ക് ഇടും. നന്നായി കാച്ചിയെടുത്ത ആ വെളിച്ചെണ്ണ ഇരുമ്പു ചീനച്ചട്ടിയിൽ തന്നെ വച്ചു മൂടി അടുക്കളയിലൊരു മൂലയ്ക്കുള്ള മരം കൊണ്ടുള്ള സ്റ്റാന്റിന്റെ കീഴിൽ, ചൂടു മാറുന്നതു വരെ കുട്ടികളുടെ കൈകാലുകൾ തട്ടിമറിക്കാത്തിടത്ത് സൂക്ഷിച്ചു. ആ കാച്ചിയ വെളിച്ചെണ്ണയുടെ മണവും ചൂടിൽ വാടി കരിഞ്ഞ് ഇപ്പോ പൊടിയുമെന്ന പരുവത്തിലായ പൂക്കളെയും അവളോർമിച്ചു. പിന്നീട് എപ്പഴൊക്കെയോ തെച്ചിപൂവിലേക്കും വെളിച്ചെണ്ണ മണം മാറിയിരുന്നു.

ചുവന്ന തെച്ചിപ്പൂവുകൾ മുറ്റത്തിനരികിൽ ഗന്ധരാജനോട് ചേർന്നു നിന്ന് മുപ്പത്തഞ്ചു കൊല്ലങ്ങൾക്കിപ്പുറവും പൂത്തിരുന്നു. അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബത്തിൽ മുറ്റത്ത് ആ തെച്ചിച്ചെടി തീരെ കുറ്റിച്ചെടിയായിട്ട് കണ്ട് അവൾ അദ്ഭുതപ്പെട്ടിട്ടുണ്ട്. അവരുടെ കല്യാണത്തിന്‌ മുൻപ്, കുഞ്ഞായിശുമ്മത്താത്തയുടെ ഗൾഫിലുള്ള മോൻ വാങ്ങിയ ഞങ്ങളുടെ പഴയ സ്ഥലത്തിന്ന് മൂന്ന് പറമ്പ് താഴെ മലയുടെ താഴെ, വയലിന്റെയും കുളത്തിന്റെയും കരയിലേക്ക് വീടു വച്ചു മാറിയ സമയത്തെപ്പഴോ, അച്ഛൻ ഒരു ക്യാമറ വീട്ടിൽ കൊണ്ടു വന്നിരുന്നുവത്രേ. അന്നു സെറ്റും മുണ്ടും ഉടുത്ത്, കൊഴിഞ്ഞു തീർന്നു കൊണ്ടിരുന്ന മുടി വട്ടത്തിൽ ചുറ്റിക്കെട്ടി നെറ്റിയിൽ ഭസ്മം തൊട്ട് ചുണ്ടിന്‌ തൊട്ടു നിന്ന മുൻപിലെ രണ്ടു പല്ലുകളെ മെല്ലെ വായ്ക്കകത്തു വച്ച്, പല്ലു കാണിക്കാതെ മുറ്റത്തെ തെങ്ങിൻ തൈയുടെ ചുവട്ടിൽ അച്ഛമ്മ ശ്രീത്വത്തോടെ ചിരിച്ചു നിന്നപ്പഴും ഈ തെച്ചിച്ചെടി ഉണ്ടായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത്, ശരിക്കും ഒരു കുറ്റിക്കാട് പോലെ മരമായി വളർന്നും വേരുകളിൽ നിന്ന് മുള പൊട്ടി വീണ്ടും വീണ്ടും വളർന്നും വള്ളികൾ പിണഞ്ഞ് തൂങ്ങിയാടിയും ഒരിരുണ്ട കൊച്ചു കാടായിമാറിയ തെച്ചിമരക്കൂട്ടത്തിൽ മഞ്ഞക്കുറി തൊട്ട ചുവന്ന തെച്ചിപ്പൂ സുന്ദരികൾ പൂത്തു നിന്നു. ഇടയിൽ ഇരുണ്ട പച്ചപ്പിൽക്കണ്ട കടും ചുവപ്പു തെച്ചിപ്പഴങ്ങളെ ‘ഒരു ദേശത്തിന്റെ കഥ’യിലെ ശ്രീധരനെപ്പോലെ ഞങ്ങളും നൊട്ടി നുണഞ്ഞിരുന്നു. തെച്ചിപ്പൂ ഇട്ടു കാച്ചിയ വെളിച്ചെണ്ണ സൂക്ഷിച്ച കുപ്പിയ്ക്കടിയിൽ, സേമിയക്കോൽ പോലെ നീണ്ട തെച്ചിപ്പൂ കാലുകൾ കൂട്ടമായി കിടന്നു. അവയെ കയ്യിലേക്ക് തട്ടി പിഴിഞ്ഞ് മുടിയിൽ തേച്ചുരച്ചു. രസകരമായ തെച്ചിപ്പൂ ഓർമകൾക്ക് ശേഷം, അച്ഛമ്മയുടെ ‘തല മിന്നിച്ച’യ്ക്ക് പരിഹാരമെന്നോണം ആരോ പറഞ്ഞതനുസരിച്ച് പിന്നീട് കാച്ചിയ വെളിച്ചെണ്ണയിൽ ചിലപ്പോൾ തുളസിയിലകളും മറ്റു ചിലപ്പോൾ കൃഷ്ണതുളസിപ്പൂവുകളും ഇടം പിടിച്ചു. അച്ഛമ്മ പോയി. പിറകെ തെച്ചിപ്പൂക്കാടും പോയി. അച്ഛമ്മയുടെ ഓർമയായി ഇപ്പോഴും വേരിൽ മുളച്ച് തളിർത്ത് മഴക്കാലത്ത് വളർന്നു പൊങ്ങിയ തെച്ചിച്ചെടിയിൽ പൂക്കൾ പിന്നീട് അത്ര ഉണ്ടായില്ല. അച്ഛന്‌ തുമ്മലും ജലദോഷവും സ്ഥിരമായപ്പോഴാണ്‌ വീട്ടിലെ ഉണക്കി വച്ച കുരുമുളകുമണികൾ തുളസിയിലകളുടെ കൂട്ടോടെയോ അല്ലാതെയോ ഒക്കെ കാച്ചി വെളിച്ചെണ്ണ നീരറുക്കാൻ തുടങ്ങിയത്. അവളെന്തൊക്കെയോ ആലോചിച്ചു കൊണ്ടേയിരുന്നു.  കുളിമുറിയിലെ സ്റ്റാന്റിൽ ഷാംപൂ ഉണ്ട്. ചേച്ചിയുടെ ഷാംപൂവിൽ തന്നെയായിരുന്നു പണ്ടും കുളി. ഒന്നും മാറിയിട്ടില്ല. മുല്ലപ്പൂവിന്റെ മണമുള്ള തലമുടിയുമായി കുളിച്ചിറങ്ങി. ഇതാണ്‌ തനിക്ക് പണ്ടും പറ്റാത്തത്. എണ്ണ തേച്ചു കുളി കൊള്ളാം. ഷാംപൂ ഉപയോഗിച്ചാൽ പിന്നെ തലവേദനയാണ്‌. അതിന്റെ വാസന തലയ്ക്ക് പിടിച്ചിട്ടാണോ എന്താണെന്നറിയില്ല. തല വേദനിച്ചോണ്ടേ ഇരിക്കും. മുടി ഇഴയെടുത്ത് പിന്നിയിട്ട്, നെറ്റിയിൽ ഒരു പൊട്ടു തൊട്ട് കുറച്ച് ചില്ലറ പൈസകൾ പെറുക്കി കൈയിൽ ഇട്ട് അമ്പലത്തിലേക്ക് ഇറങ്ങി. പറമ്പിൽ പുല്ലിനിടയിലൂടെ നടന്നു പോകുമ്പോൾ അമ്മ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു. പുല്ലിലെന്തെങ്കിലും ഉണ്ടാവും. ഒക്കെ കാട് പിടിച്ച് കിടക്കാണ്‌. നോക്കി പോയ്ക്കോ. നല്ല വഴിക്ക് പോയ്ക്കോന്ന് പറഞ്ഞാൽ കേൾക്കേ ഇല്ല. പുല്ലിൽ നടക്കണോ?

"ഞാൻ നോക്കുന്നുണ്ട്, നടക്കാൻ പറ്റുന്നുണ്ടല്ലോ" പറഞ്ഞു കൊണ്ട് അവൾ
പറമ്പ് നടന്നു കയറി റോഡിലേക്കിറങ്ങി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ