ഭാഗം 3
ഒരുപാട് നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ. അയൽവാസികളായിരുന്ന രണ്ടുസുഹൃത്തുക്കൾ തമ്മിൽ പരസ്പരം നോക്കി...പുഞ്ചിരിതൂകി .
"സിജോ..."ഞാൻ വിളിച്ചു.
ആ വിളികേട്ട് അവന്റെ മുഖത്ത് സന്തോഷം വിടർന്നു. അവൻ എന്റെയരികിലേയ്ക്ക് വന്നുകൊണ്ട് കരം കവർന്നു.
"അബ്ദൂ... എന്തൊക്കെയുണ്ടെടാ വിശേഷങ്ങൾ... നീ തോട്ടത്തിൽ എത്തിയിട്ട് ഇന്നാണ് ഇങ്ങോട്ടൊന്ന് വരാൻ പറ്റിയത്... ക്ഷമിക്കെടാ..."
"ഒന്നുപോടാ... സോറി പറയേണ്ടത് ഞാനല്ലേ... ഇവിടെയെത്തി ഇത്രദിവസമായിട്ടും നിന്റെയടുക്കലേയ്ക്ക് ഒന്നുവരാൻ എനിക്കും കഴിഞ്ഞില്ലല്ലോ... വരൂ..."ഞാനവന്റെ കൈ പിടിച്ചുകൊണ്ട് ഷെഡ്‌ഡിനുള്ളിലേയ്ക്ക് ക്ഷണിച്ചു.
ഉടുത്തിരുന്ന ഡബിൾമുണ്ട് മെല്ലെ മാടികുത്തിക്കൊണ്ട് അവൻ ഷെഡ്‌ഡിനുള്ളിലേയ്ക്ക് പ്രവേശിച്ചു.
"ഇരിക്കൂ..."തട്ടിൻപുറത്തുകിടന്ന പുസ്തകങ്ങളും മറ്റും ഒതുക്കിവെച്ചുകൊണ്ട് ഞാൻ പറഞ്ഞു.
"പറയെടാ പിന്നെ...എന്തൊക്കെയുണ്ട് വിശേഷങ്ങൾ... നാട്ടിൽ എല്ലാവർക്കും സുഖമാണോ.?"
ഞാനൊരുനിമിഷം അവനെനോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്റേമനസ്സിൽ കഴിഞ്ഞകാലത്തിലെ ചിത്രങ്ങൾ തെളിഞ്ഞുവന്നുകൊണ്ടിരുന്നു.ഓർമ്മകൾ... ബാല്യകാല സ്മരണകളുടെ ചിത്രങ്ങൾ.
"സിജോ... നിന്റെ വീട്ടിലേയ്ക്ക് ഇവിടുന്ന് എത്രകിലോമീറ്റർ ഉണ്ടാവും.?"
"കൂടിവന്നാൽ ഒരു ഏഴ് കിലോമീറ്റർ... അതില്കൂടുതൽ വരില്ല."അവൻ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"ആണോ... ഞാൻ വന്നിട്ട് ആഴ്ചയൊന്നു കഴിഞ്ഞെങ്കിലും ചുറ്റുപാടുകളെക്കുറിച്ചൊന്നും അധികം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല."
"ഓ അതൊന്നും പ്രശ്നമല്ല... ഇനി പരിചയപ്പെടാല്ലോ... ഞാനും ഏതാനുംദിവസങ്ങളായി തിരക്കിലായിരുന്നു. പുതുതായി കുറച്ചു സ്ഥലം വാങ്ങി... അവിടം വെട്ടിത്തെളിക്കലും മറ്റുമായി...ഏതാനും പണിക്കാരും ഉണ്ടായിരുന്നു. ഇന്നലെയാണ് ഒന്ന് ഫ്രീയായത്."
"ഓ നീയിപ്പോൾ ഹൈറേഞ്ചിലെ പുതിയ കൃഷിപ്രമുഖനാണല്ലോ അല്ലേ... എസ്റ്റേറ്റുകളുടെ മുതലാളി. മാളിയേക്കാൾ വർഗീസ് മുതലാളിയുടെ പുത്രൻ."ഞാൻ തമാശപോലെ പറഞ്ഞിട്ട് അവനെനോക്കി.
"ഒന്നുപോടാ... "അവൻ ചിരിച്ചു.
"സത്യം പറയാല്ലോ ഞാൻ തോട്ടത്തിലെത്തിയ അന്നുതന്നെ നിന്നെവിളിച്ച് സംസാരിക്കണമെന്നും, വീട്ടിലൊരു സന്ദർശനം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നതുമാണ്. ഈ ആഴ്ച എന്തുതന്നെയായാലും നിന്നെക്കാണാൻ വരാനിരുന്നതാണ്."
"ആണോ... പിന്നെ ഒരുകാര്യം ജിൻസിയും മക്കളും വീട്ടിലുണ്ട്. രണ്ടുദിവസമായി അവർ ഹസ്ബന്റിന്റെ വീട്ടിൽ നിന്ന് വന്നിട്ട്. നീ ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ അവൾ എന്നെ ശല്ല്യം ചെയ്യുന്നതാണ് നിന്നെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ട് ചെല്ലാൻ. ജോലി കഴിയട്ടെ എന്നുപറഞ്ഞു ഞാനവളെ തണുപ്പിച്ചുനിറുത്തിയിരിക്കുകയാണ്. ഇതാ ഞാൻ എത്തിച്ചേർന്നിരിക്കുന്നു നിന്നെ ക്ഷണിക്കാനും കൂട്ടിക്കൊണ്ടുപോകാനും. എപ്പോഴാണ് നിനക്ക് വരാൻ കഴിയുക.?"അവൻ എന്നെനോക്കി.
"വരാം... നീ ദൃതി പിടിക്കാതെ. ഇവിടെ ഇരിക്ക്... കട്ടൻ കാപ്പി തരാം."
ഞാൻ അടുപ്പിൽ നിന്ന് കാപ്പി പകർന്ന് രണ്ടുഗ്ലാസിൽ പഞ്ചസാര ഇട്ടശേഷം ഒന്ന് അവനുനേരെ നീട്ടി.
"ആഹാ... നിനക്ക് ഇപ്പോഴും പുസ്തകവായനയും കുത്തിക്കുറിക്കലുമൊക്കെ ഉണ്ടല്ലേ.?"തട്ടിൻപുറത്തുകിടന്ന പുസ്തകങ്ങളും, നോട്ടുബുക്കുകളിലെ കുറിപ്പുകളുമൊക്കെ മറിച്ചുനോക്കിക്കൊണ്ട് അവൻ ചോദിച്ചു.
"ഉം... ചെറുതായി... അതങ്ങനെ പെട്ടെന്ന് എന്നെവിട്ടുപോവില്ലല്ലോ... സ്‌കൂൾപഠനകാലം മുതൽക്ക് തുടങ്ങിയ ഭ്രാന്തല്ലേ... ഇടയ്ക്കൊന്നു മുടങ്ങിപ്പോയതായിരുന്നു. ഓൺലൈൻ സാഹിത്യവും മറ്റും തുടങ്ങിയതോടെ വീണ്ടും ആക്റ്റീവായി."ഞാൻ പുഞ്ചിരിച്ചു.
"ഉം... അതെയതെ അന്നത്തെ നിന്റെ എഴുത്തും, ചിത്രംവരയുമൊക്കെ സ്കൂളിന്റെ ചുമരിലും, മേശപ്പുറത്തുമൊക്കെ ആയിരുന്നല്ലോ?"അവൻ പൊട്ടിച്ചിരിച്ചു.
"ഒന്നുപോടാ... കളിയാക്കാതെ. നീ ചായകുടിക്ക്... ഇല്ലെങ്കിൽ തണുത്തുപോകും. പിന്നെ നിന്റെ എസ്റ്റേറ്റിൽ നിന്നും ഉൽപാദിപ്പിക്കുന്ന ചായയുടെ സ്വദൊന്നും ഇതിന് ഉണ്ടാവില്ലട്ടോ...ഇത് കടയിൽ നിന്ന് വാങ്ങിയ ലോക്കൽ പൊടികൊണ്ടുള്ള കാപ്പിയാണ്."
എന്റേവാക്കുകൾ കേട്ട് അവൻ വീണ്ടും പൊട്ടിച്ചിരിച്ചു. പണ്ട് കുട്ടിക്കാലത്ത് ചിരിക്കാറുള്ള അതേ ചിരി.
"എപ്പോഴാണ് നീ വീട്ടിലേയ്ക്ക് വരുന്നതെന്ന് പറഞ്ഞില്ലല്ലോ...?"
"ഇന്ന് ഏതായാലും സമയമില്ലല്ലോ... നാളെ എന്തായാലും വരാം."
"അപ്പൊ നിന്റെ ഇഷ്ടംപോലെ തന്നെയാവട്ടെ.നാളത്തെ ഉച്ചയൂണ് എന്റെ വീട്ടിൽ. രാവിലേ ഞാൻ ജീപ്പുംകൊണ്ട് വരും.ജിൻസിയെക്കൊണ്ട് ഇനിയും എന്നെ വഴക്ക് കേൾപ്പിക്കരുത്."അവൻ എന്നെനോക്കി.
"ഇല്ല... നാളെ ഞാൻ ഉറപ്പായും വരും."
"പിന്നെ നിന്റെ വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ ... ബാപ്പയ്ക്കും, ഉമ്മയ്ക്കും സുഖം തന്നെ... സഹോദരിക്ക് വിവാഹമായോ.?"
"എല്ലാവരും സുഖമായിട്ടിരിക്കുന്നു. സഹോദരിക്ക് വിവാഹലോചനകൾ നടക്കുന്നു... ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല."ഞാൻ പറഞ്ഞു.
"എങ്കിൽ ശരി... എല്ലാം പറഞ്ഞതുപോലെ. ഞാനിറങ്ങട്ടെ... പോകുന്നവഴി ടൗണിലൊന്നു പോകണം. കുറച്ച് വളവും,കീടനാശിനികളുമൊക്കെ വാങ്ങാനുണ്ട്."അവൻ കൈ തന്നിട്ട് ഇറങ്ങിനടന്നു.
അവന്റെ ജീപ്പ് കണ്ണിൽനിന്ന് മറഞ്ഞതും ഓർമ്മകളുടെ കുളിര് എന്റെമനസ്സിലേയ്ക്ക് വീണ്ടും അരിച്ചെത്തി.
മാളിയേക്കൽ കുടുംബം. ഒരുകാലത്ത് തന്റെ അയൽവാസികളായിരുന്നവർ... ഇന്നവർ നാട്ടിലെ സ്ഥലമെല്ലാം വിറ്റ് ഹൈറേഞ്ചിൽ കുടിയേറിയിരിക്കുന്നു. ബാല്യകാലത്തെ തന്റെ കളിക്കൂട്ടുകാരും, സഹപാഠികളുമൊക്കെയായിരുന്നു സിജോയും, അവന്റെ സഹോദരി ജിൻസിയും. തന്റെ ആത്മമിത്രമായിരുന്ന സിജോ... അവനിന്ന് എത്രമാത്രം മാറിപ്പോയിരിക്കുന്നു. ആ കുസൃതികളും, പൊട്ടിച്ചിരികളുമൊക്കെ ഒഴിച്ചുനിറുത്തിയാൽ അവനിന്നൊരു കുടുംബനാഥനും, കർഷകനും, വലിയ ഭൂസ്വത്തിന്റെ ഉടമയുമൊക്കെയാണ്. കാലചക്രത്തിന്റെ തിരിയലിൽ വന്നുചേർന്ന മാറ്റങ്ങൾ. അവനൊപ്പം പഠിച്ചുകളിച്ചു വളർന്ന താനോ... ജീവിതം തുടങ്ങിയിട്ടുപോലുമില്ല.
സിജോ തനിക്ക് ആത്മാർത്ഥസുഹത്തും, സഹപാഠിയുമൊക്കെയായിരുന്നെങ്കിൽ... അവന്റെ സഹോദരിയായ ജിൻസിയോ... അവൾ തനിക്ക് ആരായിരുന്നു... വെറും അയൽവാസിയും സഹപാഠിയും കളിക്കൂട്ടുകാരിയും മാത്രമായിരുന്നോ... അല്ല... പിന്നെ ആരായിരുന്നു.?
ജിൻസി,അവളെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിന്ന് മായുന്നില്ല. അയൽവാസിയായിരുന്നിട്ടും ഞാനും സിജോയുമൊക്കെ ഒരേസ്‌കൂളിൽ പഠിച്ചിട്ടും... ജിൻസിമാത്രം മറ്റൊരു സ്‌കൂളിലാണ് പത്തുവരെ പഠിച്ചത്...കുറച്ചകലെയുള്ള മനേജുമെന്റു സ്കൂളിൽ. പ്ലസ്ടൂവിന് പഠിക്കാൻ അവൾ ഞാൻപഠിക്കുന്ന സർക്കാർ സ്കൂളിൽ തന്നെ വന്നുചേർന്നു. അങ്ങനെ പ്ലസ്ടൂ പഠനത്തിന്റെ ആദ്യനാളുകളിൽ അവൾ മനസ്സിൽ അതുവരെയില്ലാത്തൊരു അനുഭൂതിപടർത്തിക്കൊണ്ട് കയറിക്കൂടി.അന്ന് അവളെ കണ്ടുമുട്ടിയ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.
അന്നൊരുനാൾ സ്കൂൾ ലൈബ്രറിയിൽ ഇരുന്നുകൊണ്ട് സുഹൃത്തുക്കളുമൊത്തു പുസ്തകം വായിക്കുകയായിരുന്നു ഞാൻ. ഈ സമയത്താണ് ലൈബ്രറിയിലേയ്ക്ക് ജിൻസിയും ഏതാനും സുഹൃത്തുക്കളും കടന്നുവന്നത്. അവളുടെ സൗന്ദര്യവും, സംഭാഷണവും, പൊട്ടിച്ചിരിയുമെല്ലാം സുഹൃത്തുക്കളെപ്പോലെ ഞാനും ശ്രദ്ധിച്ചു. അവളുടെ ശരീരത്തിൽ നിന്നുയർന്ന പൗഡറിന്റെ ഗന്ധം ലൈബ്രറിയിലാകെ പരന്നുനിന്നു. ആധ്യയനവർഷം തുടങ്ങിയ അന്നുമുതൽ കൂട്ടുകാരെപ്പോലെ ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... പുതുതായി ഞങ്ങടെ സ്കൂളിൽ വന്നുചേർന്ന അയൽവാസിയായ അവളെ. നിത്യവും കണ്ടിരുന്നതിൽ നിന്നും കൂടുതലായി എന്തോ ഒരു ആകർഷണീയത ആ സമയങ്ങളിൽ അവളിൽ വന്നുചേർന്നിട്ടുള്ളതുപോലെ എനിക്കുതോന്നി. ഒരുനിമിഷം ഞങ്ങളെ അലക്ഷ്യമായി നോക്കിക്കടന്നുപോയ അവളും കൂട്ടുകാരികളും ലൈബ്രറിയിലെ പുസ്തകസ്റ്റാൻഡിൽ എന്തോ തിരയാൻ തുടങ്ങി. എന്റെ ഇഷ്ടനിറമായ മെറൂൺകളർ ചുരിദാർ ധരിച്ച അവളുടെ നേർക്ക് എന്റേനോട്ടം നീണ്ടുചെന്നു. ആ നിമിഷത്തിലാണ് അവൾ മുഖം തിരിച്ച് എന്റെ നേർക്കു നോക്കിയത്. ഏതാനുംസമയത്തിനുശേഷം ആഗ്രഹിച്ചു വന്നതെന്തോ കിട്ടാത്തതുപോലെ അവൾ മടങ്ങിപ്പോയി. ഈ സമയം ഒരിക്കൽക്കൂടി ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു.
പിറ്റേദിവസം ഇന്റർവ്വൽ സമയത്ത് അവൾ തനിച്ച് ലൈബ്രറിയിൽ വന്നു. ആസമയം ഞാനും തനിച്ചേ ഉണ്ടായിരുന്നുള്ളൂ ലൈബ്രറിയിൽ... പതിവുപോലെ ലൈബ്രറി സ്റ്റാൻഡിൽ അവൾ പുസ്തകം തിരയാൻ തുടങ്ങി.
ഞാൻ ഇതൊന്നും കണ്ടില്ലെന്നമട്ടിൽ ഇടയ്ക്കിടയ്ക്ക് അവളെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ടേബിളിലെ പുസ്തകത്തിലേയ്ക്ക് മുഖംതാഴ്ത്തിയിരുന്നു. ഏതാനും സമയത്തിനുശേഷം അവൾ വെറുംകൈയോടെ മടങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.
"എന്താ ജിൻസി ഇന്നും പുസ്തകമൊന്നും എടുത്തില്ലേ.?"
"ഇല്ല... അതിന് എടുക്കണമെന്ന് ആഗ്രഹിച്ചുവരുന്ന പുസ്തകമൊക്കെ മറ്റുചിലർ സ്വന്തമാക്കി വെച്ചിരിക്കുകയല്ലേ..."കുസൃതിനിറഞ്ഞ മറുപടി. ഒപ്പം ഒരു ചിരിയും.
"ആര് സ്വന്തമാക്കിയെന്ന്... ഏത് പുസ്തകമാണ് ജിൻസി തിരക്കുന്നത്...?"ഞാൻ അവളെ നോക്കി.
"മാധവിക്കുട്ടിയുടെ...'എന്റെ കഥ'."അവൾ വീണ്ടും എന്തോ അർഥംവെച്ചു ചിരിച്ചു.
"ഓ... അതെയോ..."ഞാനവളെനോക്കി പുഞ്ചിരിച്ചു.
അപ്പോഴാണ് അവളുടെ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായത്.ഞാൻ വായിച്ചുകൊണ്ടിരുന്നത് ആ പുസ്തകമായിരുന്നു. ഏതാനും ദിവസങ്ങളായി ഞാനത് വായിക്കാനായി എടുത്തിട്ട്.
"പുസ്തകം വേണോ.?"ഞാനവളെ നോക്കി.
"വേണം... വായിച്ചിട്ടു തന്നാൽ മതി. ഞാൻ വെറുതേ പറഞ്ഞതാ..."അവൾ ചിരിച്ചുകൊണ്ട് വേഗം നടന്നുപോയി.
പിറ്റേദിവസം ഇടവേള സമയത്ത് വരാന്തയിൽ നിന്നുകൊണ്ട് ഞാൻ പുറത്തെ മഴ ആസ്വദിക്കുകയായിരുന്നു.ഈ സമയം അവൾ ടോയ്‌ലറ്റിൽ പോയിട്ട് ഞാൻ നിൽക്കുന്നതിനു മുന്നിലൂടെ നടന്നുവന്നു.
ഈ സമയം ഞാൻ ചോദിച്ചു.
"പുസ്തകം വേണ്ടേ... ഞാൻ വായിച്ചു കഴിഞ്ഞു."
"കിട്ടിയാൽ കൊള്ളാം..."അവൾ ചിരിച്ചു... ഞാനും.
"ഉച്ചയ്ക്ക് തരാം... ഒരുപാട് അന്വേശിച്ചതല്ലേ... മാധവിക്കുട്ടിയുടെ എഴുത്തുകൾ എനിക്കിഷ്ട്ടമാണ്. അപ്പോൾ അവരെ ഇഷ്ട്ടപ്പെടുന്ന... അവരുടെ എഴുത്തിനെ ഇഷ്ട്ടപ്പെടുന്ന ആളുകളേയും ഇഷ്ടപ്പെടണമല്ലോ.അവരുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കരുതല്ലോ...അതുകൊണ്ട് പുസ്തകം തരാം."
ആ മറുപടി കേട്ട് അവൾ പൊട്ടിച്ചിരിച്ചു. ആ സമയം അവളുടെ കവിളുകൾ വല്ലാതെ ചുവന്നുതുടുക്കുന്നത് ഞാൻ കണ്ടു.
(തുടരും)