ഭാഗം 6
വിവിധതരത്തിലുള്ള മധുരപലഹാരങ്ങൾ. എല്ലാം എനിക്ക് ഇഷ്ടപ്പെട്ടവ തന്നെ. എന്റെ ഇഷ്ടം മനസ്സിൽ വെച്ചുകൊണ്ടുതന്നെയാണ് ജിൻസി ഓരോന്നും ഉണ്ടാക്കിയിരിക്കുന്നത്. ചൂടുചായയും പലഹാരങ്ങളും കഴിച്ചുകഴിഞ്ഞപ്പോൾ മനസ്സിന് ഒരു പുത്തൻ ഉണർവ്വ് വന്നതുപോലെ.അതിന്റെ പ്രധാന കാരണം ജിൻസിയുമായുള്ള പുനഃസമാഗമം തന്നെ.
ഞാൻ ഫോൺ കൈയിലെടുത്തു. എന്നിട്ട് ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധസാഹിത്യ ഗ്രൂപ്പുകളിലായി പോസ്റ്റ് ചെയ്തിട്ടുള്ള തുടർകഥയുടെ ബാക്കി ഭാഗം എഴുതാൻ തുടങ്ങി.
"എന്താണ് അബ്ദൂ... എപ്പോഴും ഈ ഫോണിൽ ഇങ്ങനെ കുത്തിക്കൊണ്ടിരിക്കുന്നത്.?"ഏതാനുംസമയം കഴിഞ്ഞപ്പോൾ കൃഷ്ണൻകുട്ടി ചേട്ടൻ പുഞ്ചിരിയോടെ എന്നെനോക്കി ചോദിച്ചു.
"ഒരു കഥ എഴുതുകയാണ് ചേട്ടാ... ഒരു തുടർക്കഥ."
"ആഹാ... അതുകൊള്ളാല്ലോ... ഇപ്പൊ എഴുത്തും വായനയുമൊക്കെ ഓൺലൈൻ ആണല്ലോ അല്ലേ... ആട്ടെ എന്തു കഥയാണ് എഴുതുന്നത്.?"
"ഒരു പഴയകഥ, സ്‌കൂൾപഠനകാലത്തെ പ്രണയവും ആ ഓർമ്മകളുമൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കഥ."
"ആണോ... എങ്കിൽ ഞാനൊന്നു ചോദിക്കട്ടെ... ഇന്ന് സന്ദർശിക്കാൻപോയ ആ വീട്ടിലെ പെങ്കൊച്ചല്ലേ കഥയിലെ നായിക... നാട്ടിലെ നിങ്ങടെ പഴയ അയൽവാസി."ചേട്ടൻ ഒളികണ്ണിട്ട് എന്നെനോക്കി.
"അതെ... എങ്ങനെ മനസ്സിലായി.?"ഞാൻ പുഞ്ചിരിച്ചുകൊണ്ട് ചേട്ടനെ നോക്കി.
"അതൊക്കെ മനസ്സിലായി... അപ്പൊ എഴുതുന്നത് വെറും കഥയല്ല. ആത്മകഥയും കൂടി ആണല്ലേ.?"
"തീർച്ചയായും അതെ..."ഞാൻ പറഞ്ഞു.
ചേട്ടൻ നല്ലൊരു വായനക്കാരനും, ആസ്വാദകനും, വിമർശകനുമൊക്കെയാണ്. ആഴ്ചപതിപ്പുകളും, പത്രങ്ങളുമൊക്കെ സ്ഥിരമായി വായിക്കുന്നതിനുപുറമേ പുസ്തകങ്ങളും വായിക്കാറുണ്ട്. ഒറ്റപ്പെട്ടുള്ള ജീവിതത്തിൽ കൂട്ടായി കൂടെ കൂട്ടിയതാണ് ഈ വായനയെ. ഒരുപാട് നല്ല പുസ്തകങ്ങൾ ചേട്ടന്റെ കൈവശമുണ്ട്.
"അബ്ദൂ... ഈ കഥയെഴുതുമ്പോൾ നഷ്ടപ്രണയത്തിന്റെ വേദന നിന്നെ നൊമ്പരപ്പെടുത്തുന്നില്ലേ.?"ചേട്ടൻ എന്നെ സൂക്ഷിച്ചു നോക്കി.
"കുറച്ചൊക്കെ ഇല്ലാതില്ല. എല്ലാം ഞാനായിട്ടുതന്നെ വരുത്തിതീർത്ഥതാണല്ലോ എന്നോർക്കുമ്പോൾ അധികം സങ്കടവുമില്ല."ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.
"ഞാനൊന്നുകൂടി ചോദിക്കട്ടെ ... ഇഷ്ടമായില്ലെങ്കിൽ മറുപടി പറയണ്ട. പലപ്പോഴും ഇതിനെക്കുറിച്ച് നിന്നോട് ചോദിക്കണമെന്ന് വിചാരിച്ചിട്ടും വേണ്ടെന്നു വെച്ചതാണ്. എങ്കിലും സത്യാവസ്ഥ നിന്റെ അടുക്കൽ നിന്നുതന്നെ അറിയാൻ ഒരാഗ്രഹം."
"എന്താ ചേട്ടാ ചോദിക്കൂ... എന്നോട് എന്തിനാണ് ഈ മുഖവുരയൊക്കെ...?"
"അതുപിന്നെ വേറൊന്നുമല്ല... അല്പംമുൻപ് പറഞ്ഞതുതന്നെ. എന്തുകൊണ്ട് നീ ആ പെങ്കൊച്ചിനെ സ്വന്തമാക്കാൻ ശ്രമിച്ചില്ല. അതിന്റെ പിന്നിലെ കാരണങ്ങൾ ഒന്നറിഞ്ഞാൽ കൊള്ളാം."
"ഓ... ഇതാണോ കാര്യം... ഇതിനാണോ ഇത്രയധികം തന്ത്രപ്പെട്ടത്.അതിന്റെ പിന്നിൽ അങ്ങനെ പറയാത്തക്ക കാരണങ്ങൾ ഒന്നുമില്ല.അതൊരു വലിയ കഥയുമല്ല... ഞാൻ പറയാം."ഫോൺ ഓഫാക്കി വെച്ചിട്ട് ഞാൻ ചേട്ടനുവേണ്ടി ആ കഥ പറയാൻ തുടങ്ങി.
"പഠിക്കാൻ വളരെ മോശമായിരുന്ന ഞാൻ അവളൊരാളുടെ സ്നേഹവും, പ്രോത്സാഹനവും, ഉപദേശവും, പിന്തുണയുമെല്ലാം കൊണ്ടുമാത്രമാണ്... പ്ലസ്ടൂ പാസ്സായത്. സ്കൂളിൽ നിന്നും ബുക്ക് വാങ്ങി മടങ്ങുംനേരം ആണ് ജിൻസി ആ വിവരം എന്നോട് പറഞ്ഞത്. ഇനി തുടർന്നുപഠിക്കാൻ അവൾ പോകുന്നില്ലത്രേ. അടുത്തബന്ധത്തിലുള്ള ഒരു പയ്യനുമായി അവളുടെ വിവാഹം വീട്ടുകാർ നിച്ചയിച്ചു കഴിഞ്ഞിരിക്കുന്നു."
"ആദ്യം അവൾ തമാശ പറയുകയാണെന്ന് തോന്നിയെങ്കിലും പിന്നീട് അത് സത്യമാണെന്ന് ഞാനറിഞ്ഞു. അവൾക്ക് വിവാഹം പറഞ്ഞുവെച്ച പയ്യന്റെ വീട്ടിൽ അവനും അമ്മയും തനിച്ചേയുള്ളൂ. അപ്പൻ അടുത്തകാലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇഷ്ടംപോലെ ഭൂസ്വത്തും,നല്ല വിദ്യാഭ്യാസവും, ജോലിയുമൊക്കെ... ഉള്ള ആളാണ് ആ പയ്യൻ .ബന്ധുകൂടിയായ ജിൻസിയെ ഭാര്യയാക്കാൻ അവനും മരുമകളാക്കാൻ അവന്റെ അമ്മയും വല്ലാതെ ആഗ്രഹിക്കുന്നു. അവർ നേരിട്ടുവന്ന് ജിൻസിയുടെ പപ്പയോടും മമ്മിയോടും ആഗ്രഹം അറിയിച്ചു. ചെറുക്കന്റെ സ്വഭാവത്തെക്കുറിച്ചും, അവന്റെ കുടുംബത്തേക്കുറിച്ചുമെല്ലാം നന്നായി അറിയാവുന്നതുകൊണ്ടുതന്നെ മറ്റൊന്നും ആലോചിക്കാതെ ജിൻസിയുടെ വീട്ടുകാർ അവർക്ക് മകളെ കൊടുക്കാമെന്നു ഉറപ്പും നൽകി."
"പ്ലസ്ടൂ പാസായാൽ തുടർപഠനത്തിന് ജിൻസിയുമൊത്തു കോളേജിൽ പോകണമെന്നും, കോളേജുജീവിതം അടിച്ചുപൊളിച്ചു കഴിയണമെന്നുമെല്ലാം ആഗ്രഹിച്ചുകഴിഞ്ഞിരുന്ന എന്റെ മനസ്സിൽ ആ വാർത്ത വല്ലാത്തൊരു നടുക്കം സമ്മാനിച്ചു. അന്ന് ഒരുപാട് നേരത്തെ അലച്ചിലിനുശേഷം സന്ധ്യയോടുകൂടിയാണ് ഞാൻ വീട്ടിലെത്തിയത്. മനസ്സുനിറച്ചും സങ്കടവും, നിരാശയും തളംകെട്ടി നിന്നു. കുളിക്കുകയോ, ആഹാരം കഴിക്കുകയോ ചെയ്യാതെ കട്ടിലിൽ ചെന്ന് കിടന്നു. രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പലവിധ ചിന്തകളാൽ മനസ്സ് നീറി. എന്റെ പ്രണയിനി... പരസ്പരം ഒരുമിച്ചുചേരുന്നതും സ്വപ്നംകണ്ട് കഴിഞ്ഞിട്ട് ഒടുവിൽ വിട്ടുപിരിയേണ്ടുന്ന അവസ്ഥ. ഇതുവരേയും പടുത്തുയർത്തിയ മോഹങ്ങളുടെ മണിമാളികകളത്രയും തകർന്നടിയാൻ പോകുന്നു ."
"എന്തായാലും രാവിലേ തന്നെ ജിൻസിയെ കാണണം. ഒരിക്കൽക്കൂടി പരസ്പരം കണ്ടുസംസാരിച്ച് ഒരു ഉറച്ച തീരുമാനത്തിലെത്തണം. നേരം പുലരുന്നതും കാത്ത് ഉറങ്ങാതെ നെടുവീർപ്പുകളുമായി അങ്ങനെ കിടന്നു.പുലർച്ചെ എപ്പോഴോ ചെറുതായൊന്നു മയങ്ങി. ആ സമയം വല്ലാത്തൊരു സ്വപ്നം കണ്ടു... യഥാർഥ്യത്തിലേയ്ക്ക് നയിക്കുന്ന നടുക്കുന്ന ഒരു സ്വപ്നം. ജിൻസി മറ്റൊരാളുടെ കൈയും പിടിച്ച് പള്ളിനട ഇറങ്ങിവരുന്നു. വിവാഹവേഷത്തിലാണ് അവൾ. അവളുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞുനിൽക്കുന്നു."
ഞാൻ ഞെട്ടിയുണർന്നു... കുറേനേരം അങ്ങനെ കിടന്നു. ഒടുവിൽ 'ഉമ്മാ' വാതിലിൽ തട്ടി വിളിച്ചപ്പോൾ മുറിതുറന്ന് പുറത്തിറിങ്ങി.
"എന്തൊരു കോലമാണിത്... ഇന്നലെ വന്നപാടെ ഒന്നും കഴിക്കാതെ കയറിക്കിടന്നതല്ലേ... നിനക്ക് എന്തുപറ്റി... എന്താ കൺപോളകളൊക്കെ വീർത്തിരിക്കുന്നത് നീ ഉറങ്ങിയില്ലേ.?"ഉമ്മാ എന്നെ നോക്കി ചോദിച്ചു.
"ഒന്നുമില്ല... വല്ലാത്ത ജലദോഷം. ഉറങ്ങാൻപറ്റിയില്ല..."ഞാൻ കള്ളംപറഞ്ഞു. എന്നിട്ട് ഉടൻതന്നെ കുളിച്ച് വേഷം മാറി കാപ്പിയും കുടിച്ച് പുറത്തേക്കിറങ്ങി.
"എങ്ങോട്ടാ രാവിലേ തന്നെ... ഇന്നലത്തെപ്പോലെ എവിടെയെങ്കിലുമൊക്കെ കറങ്ങിനടന്നിട്ട് സന്ധ്യയാകുമ്പോൾ കയറിവരാനാണോ... കോളേജിൽ ചേരുന്നതിന് ആപ്ലിക്കേഷൻകൊടുക്കാനൊന്നും പോകുന്നില്ലേ നീയ്... അതോ പഠിക്കണ്ടാന്ന് വെച്ചോ.?"ഉമ്മാ കുറ്റപ്പെടുത്തുമ്പോലെ പറഞ്ഞിട്ട് എന്നെനോക്കി.
"തീരുമാനിച്ചിട്ടില്ല..."
അത്രയും പറഞ്ഞിട്ട് വീട്ടിൽനിന്നിറങ്ങി നടന്നു. ജിൻസിയുടെ വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ്സ് പലവിധ ചിന്തകളാൽ ഇളകിമറിയുകയായിരുന്നു. എങ്ങനെ അവളെ അഭിമുഖീകരിക്കും, എങ്ങനെ അവളോട് തന്റെ മനസ്സിലുള്ള കാര്യങ്ങൾ സംസാരിക്കും. അവളുടെ വീട്ടുകാർ അവിടെ ഉണ്ടാവില്ലേ... അവർ ഇതറിയുമ്പോൾ എങ്ങനെ പ്രതികരിക്കും. അവർ തകർന്നുപോവില്ലേ... അവരുടെ മനസ്സിൽ എനിക്ക് ഇതുവരെയുള്ള സ്ഥാനം നഷ്ടപ്പെടില്ലേ.? എല്ലാം നന്നായി ഭവിക്കണേ... ഞാൻ പ്രാർത്ഥിച്ചു.
ഇലഞ്ഞേലിപാടത്തിന്റെ നടുവിലൂടെ മുന്നോട്ട് നടക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു. ഏതാനും ദിവസങ്ങൾക്കുമുൻപ് ഞാനും അവളുംകൂടി ഈ പാടവരമ്പത്തുനിന്ന് ഹൃദയങ്ങൾ കൈമാറിയതാണ്. അന്ന് പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന അവളുടെ അപ്പനും ജോലിക്കാർക്കുമുള്ള ഉച്ചഭക്ഷണവുമായി വന്നതായിരുന്നു അവൾ. ഈ സമയം ഞാൻ വല്ല്യാപ്പയ്ക്കും ബാപ്പയ്ക്കുമൊപ്പം പാടത്ത് ഉഴവിൽ സഹായിക്കുകയായിരുന്നു.
ചോറ് കൊണ്ടുവന്ന് വരമ്പിൽ വെച്ചിട്ട് അപ്പനും ജോലിക്കാരും ജോലിനിറുത്തി എത്തുന്നതും കാത്ത് നിൽക്കുകയായിരുന്നു അവൾ. ജോലിമതിയാക്കി വീട്ടിൽ പോകാനൊരുങ്ങിയ ഞാൻ അവളുടെ അരികിലേയ്ക്ക് ചെന്നു. ഞങ്ങൾ പലതും പറഞ്ഞു. ചിരിച്ചു.
പൂട്ടിയടിച്ച പാടത്തിന്റെ വരമ്പത്തുനിന്ന് സംസാരിച്ചപ്പോൾ ഞങ്ങടെ നിഴൽ പാടത്തെ തെളിവെള്ളത്തിൽ കണ്ണാടിപോലെ പ്രതിഫലിച്ചു. ഇരുവരുടേയും നിഴലുകൾ തെളിവെള്ളത്തിൽ ചിത്രങ്ങൾ തീർത്തപ്പോൾ ഞങ്ങൾ മറ്റൊരു ലോകത്തായിരുന്നു. ഏതാനും സമയം കണ്ണിൽ കണ്ണിൽ നോക്കി അങ്ങനെ നിന്നു. അവളുടെ അപ്പനും ജോലിക്കാരും അവിടേയ്ക്ക് വന്നപ്പോൾ ഞങ്ങൾ അവിടുന്ന് വീട്ടിലേയ്ക്ക് നടന്നു. ഈ സമയം ജോലിക്കാർ ഞങ്ങളെ പ്രത്യേകം നോക്കുകയും, എന്തൊക്കെയോ പറഞ്ഞു പുഞ്ചിരിക്കുന്നതും ഞങ്ങൾ കണ്ടു.
"നമ്മൾ ഒന്നായിതീർന്നിട്ട് ഒരുദിവസം ഈ പാടത്തേയ്ക്ക് വരണം. എന്നിട്ട് ചേറിലൂടെ പരസ്പരം കൈകോർത്തു പിടിച്ചുകൊണ്ട് നടക്കണം."അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് വീട്ടിലേയ്ക്ക് കയറിപ്പോകും നേരം പറഞ്ഞു.
പ്രകൃതിദത്തമായ ഭംഗിയും, കൃഷിയുമെല്ലാം എന്നെപ്പോലെതന്നെ അവളേയും വല്ലാതെ ആകർഷിച്ചിരുന്നു.ഇരുമനസ്സുകളുടെ ഐക്യം. ഇനി അവളുടെ ആഗ്രഹംപോലെ പരസ്പരം കൈപിടിച്ച് പാടത്തുകൂടി നടക്കാനാകുമോ... ഒരേ സ്വപ്‌നങ്ങൾ കണ്ടുകൊണ്ട് ഇതുവരെ മുന്നോട്ടുനീങ്ങിയ ഇരുമനസ്സുകൾ ഇനിമുതൽ രണ്ടുതരം സ്വപ്നങ്ങൾ കാണേണ്ടി വരുമോ.? എന്തൊക്കെ പ്രതീക്ഷകളായിരുന്നു... അതെല്ലാം തകർന്നടിയാൻ പോവുന്നു.
ജിൻസിയുടെ വീട്ടുമുറ്റത്തെത്തി കോളിങ് ബെല്ലിൽ വിരലമർത്തി കാത്തുനിന്നു. വാതിൽ തുറന്നത് അവൾ തന്നെയാണ്. അപ്രതീക്ഷിതമായി എന്നെ കണ്ട് അവളുടെ കവിളുകൾ ചുവന്നുതുടുത്തു. ആ കണ്ണുകളിൽ ആയിരം ദീപങ്ങൾ ഒന്നിച്ചുവിടർന്നു. പുഞ്ചിരിയോടെ അവൾ എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു.
"ഇരിക്കൂ... എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരു വരവ്.?"അവൾ ആകാംഷയോടെ എന്നെനോക്കി.
"പെട്ടെന്ന് വരണമെന്നും... നിന്നെ കണ്ട് ചിലതെല്ലാം സംസാരിക്കണമെന്നും തോന്നി... വന്നു അത്രതന്നെ."ഞാൻ പറഞ്ഞു.
"എല്ലാവരും എവിടെ.?"
"പപ്പയും മമ്മിയും ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയാണ്. ഞാനും സിജോയും മാത്രമേ ഇവിടുള്ളൂ..."പറഞ്ഞിട്ട് ഫാൻ ഓൺചെയ്തുകൊണ്ട് അവൾ എനിക്കെതിരെ സോഫയിൽ വന്നിരുന്നു.
തണുത്തകാറ്റ് വീശിയപ്പോൾ വിയർപ്പണിഞ്ഞ ശരീരത്തിന് അൽപ്പം ആശ്വാസം കിട്ടി. എങ്കിലും മനസ്സിലെ ചൂട് വർധിച്ചുവന്നുകൊണ്ടിരുന്നു. എങ്ങനെ സംസാരിക്കണം, എവിടുന്ന് തുടങ്ങണം എന്നൊന്നുമറിയാതെ ഞാനൊരുനിമിഷം വിഷമിച്ചിരുന്നു. എന്നിട്ട് മെല്ലെ പറഞ്ഞുതുടങ്ങി.
"സിജോ എവിടെ.?"
"ചേട്ടായി അകത്തിരുന്ന് ടിവി കാണുകയാണ്.അല്ലെങ്കിലും ചേട്ടായിക്ക് അറിയാത്തതൊന്നും അല്ലല്ലോ... നമ്മൾ തമ്മിലുള്ള ബന്ധം.എന്താണ് പറഞ്ഞോളൂ..."
"കല്ല്യാണാലോചനയെ പറ്റി എന്താണ് ജിൻസിയുടെ അവസാന തീരുമാനം.അതറിയാനാണ് ഞാനിപ്പോൾ വന്നത്."
"ഓ... അതോ... എന്റെ തീരുമാനം ഞാനൊരിക്കൽ പറഞ്ഞിരുന്നല്ലോ... നിനക്കുവേണ്ടി വീട്ടുകാരോട് പോരാടാനും, എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്നും.എന്താ നിനക്ക് ഇപ്പോഴും എന്നെ വിശ്വാസമല്ലേ...അതോ ഇഷ്ടമല്ലേ.?"
"ഇഷ്ടമാണ്...വിശ്വാസവുമാണ് പക്ഷേ,"
"എന്തുപക്ഷേ, എന്തായാലും തുറന്നുപറയൂ..."അവൾ എന്റെ മിഴികളിലേയ്ക്ക് നോക്കി.
"നമ്മുടെ ഈ തീരുമാനം നമുക്ക് എല്ലാത്തരത്തിലും സന്തോഷം പകരുമെന്ന് തോന്നുന്നുണ്ടോ... നമ്മൾമൂലം ഒരുപാട് പേർ വേദനിക്കില്ലേ... പരസ്പര സൗഹൃദത്തിലും, സ്നേഹത്തിലും കഴിയുന്ന രണ്ടുകുടുംബങ്ങൾ ശത്രുതയിലാവില്ലേ... നമ്മൾ രണ്ടുപേർ ചെയ്യുന്ന ത്യാഗം കൊണ്ട് അതുമൂലം സഹിക്കേണ്ടിവരുന്ന വേദനകൊണ്ട് മറ്റുള്ളവരുടെ സന്തോഷം എക്കാലവും നിലനിൽക്കുമെങ്കിൽ...നമ്മുടെ കുടുംബങ്ങൾ തമ്മിൽ എക്കാലവും സൗഹൃദത്തോടെ ജീവിക്കുമെങ്കിൽ ആ നന്മയെ കരുതി നമുക്ക് ഒരു ത്യാഗം ചെയ്തുകൂടെ. പരസ്പരം ഒന്നാകാതെ നമുക്ക് മരണം വരേയും പ്രണയിച്ചുകൂടെ.?"
"അബ്ദൂ... നീ എന്തൊക്കെയാണ് ഈ പറയുന്നത്... നിനക്ക് എങ്ങനെ കഴിയുന്നു വീണ്ടും ഇങ്ങനെ എന്നോട് പറയാൻ... ഒരിക്കൽ നീ ഇതുപറഞ്ഞപ്പോൾ ഞാനത്ര കാര്യമാക്കിയില്ല. പക്ഷേ, ഈ അവസരത്തിൽ നീ ഇതുതന്നെ പറയുമ്പോൾ... ഞാൻ മനസ്സിലാക്കുന്നു ഇത് വേറുംവാക്കുകളല്ലെന്ന്.പറയൂ ഞാനെന്തു വേണം.?"
"ഞാൻ പറഞ്ഞത് കാര്യമായിട്ടുതന്നെയാണ്.ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം.നീയും ആലോചിക്ക്... നന്നായി മനസ്സിരുത്തി ആലോചിക്ക്. മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി... നമ്മുടെ കുടുംബങ്ങൾ തമ്മിൽ അകലാതിരിക്കാൻവേണ്ടി നമുക്ക് ഒരു ത്യാഗം ചെയ്യാൻ കഴിഞ്ഞാൽ അത് മനസ്സിന് എക്കാലവും സന്തോഷം പകരും.നമ്മുടെ ഒരുമിച്ചുച്ചേരൽ കൊണ്ട് പോലും നമുക്ക് നേടിയെടുക്കാൻ കഴിയാത്ത ആനന്ദം അതുകൊണ്ട് നമുക്ക് ലഭിക്കും."ഞാൻ അവളെനോക്കി.
അവൾ മിണ്ടിയില്ല. ഏതാനുംനിമിഷം തലകുമ്പിട്ടങ്ങനെ ഇരുന്നു. അവളുടെ കണ്ണിൽനിന്നും കണ്ണുനീർതുള്ളികൾ അടർന്നു വീഴുന്നത് ഞാൻ വേദനയോടെ കണ്ടു.
ഏതാനുംസമയം കഴിഞ്ഞപ്പോൾ ചുരിദാറിന്റെ ഷാളുയർത്തി കണ്ണുനീർ തുടച്ചിട്ട് അവൾ എഴുന്നേറ്റ് അകത്തേയ്ക്ക് നടന്നു.സിജോയുടെ മുറിയിൽ നിന്ന് ടിവി പ്രോഗ്രാമിന്റെ ശബ്ദം ഹാളിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. ജിൻസിയുടെ പപ്പയും മമ്മിയും വീട്ടിൽ ഇല്ലാത്തത് നന്നായെന്ന് എനിക്കുതോന്നി.
അല്പസമയം കഴിഞ്ഞപ്പോൾ ഒരുഗ്ലാസിൽ ജ്യൂസ് കൊണ്ടുവന്ന് അവൾ എനിക്കുനൽകി. അവളുടെ മുഖത്തുനോക്കാതെ ടീപ്പോയിയിൽ കിടന്ന പത്രത്തിലേയ്ക്ക് അലക്ഷ്യമായി നോക്കിക്കൊണ്ട് ഞാൻ മെല്ലെ ജ്യൂസ് കുടിച്ചു. അവളോട് അങ്ങനെ പറയേണ്ടി വന്നതിലുള്ള സങ്കടംകൊണ്ട് എന്റെ മനസ്സ് വിങ്ങുകയായിരുന്നപ്പോൾ.
(തുടരും)