ഭാഗം 5
"തോട്ടത്തിലേയ്ക്ക് വരുന്നുണ്ടോ... പണിക്കാർ ഊണുകഴിച്ചിട്ട് ഇറങ്ങി."
കൃഷ്ണൻകുട്ടിച്ചേട്ടൻ ചോദിച്ചപ്പോഴാണ് ഞാൻ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ വിട്ടുണർന്നത്. സമയം രണ്ടുമണിയായിരിക്കുന്നു.പ്രകൃതിയിൽ ചെറിയതോതിൽ മഞ്ഞ് പുകഞ്ഞുകയറാൻ തുടങ്ങിയിട്ടുണ്ട്. മഴയ്ക്കുള്ള സാധ്യത കാണുന്നുണ്ട്. ഞാൻ മെല്ലെ തട്ടിൻപുറത്തുനിന്ന് എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.
അന്നത്തെദിവസം കടന്നുപോയി. പിറ്റേദിവസം തോട്ടത്തിൽ എലച്ചെടികളെ നിരീക്ഷിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാൻ.പതിനൊന്നു മണിയോടടുത്തപ്പോൾ തോട്ടത്തിലെ മണ്ണുറോട് താണ്ടി ഒരു ജീപ്പ് ഷെഡ്‌ഡിന്റെ മുറ്റത്തുവന്നു നിന്നു.സിജോയും രണ്ട് പെൺകുട്ടികളും ജീപ്പിൽനിന്നിറങ്ങി.
"ഹലോ... നീ മുഴുവൻസമയ കർഷകനായി കഴിഞ്ഞെന്നു തോന്നുന്നല്ലോ.?"എന്റെ വേഷം കണ്ട് അവൻ ചോദിച്ചു.
"എവിടുന്ന്... ഈ വേഷംകെട്ടൽ മാത്രമേ ഉള്ളൂ... അല്ലാതെ എനിക്ക് എലകൃഷിയെക്കുറിച്ച് എന്തറിയാം. എല്ലാമൊന്നു പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്ന് വേണമെങ്കിൽ പറയാം."ഞാൻ ചിരിച്ചു...അവനും.
"എങ്കിൽ റെഡിയാക്...നമുക്ക് പോകാം.നിന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് ഞാനും ജിൻസിയുടെ പിള്ളേരും കൂടി."അവൻ കുട്ടികളെ ചേർത്തുനിറുത്തിക്കൊണ്ട് പറഞ്ഞു.
"ആണോ... എങ്കിൽ ഇനി വൈകുന്നില്ല. ഉടനേ റെഡിയാകാം."ഒരുനിമിഷം ഞാൻ കുട്ടികളെനോക്കി. ജിൻസിയെപ്പോലെ തന്നെ ഓമനത്തം നിറഞ്ഞ രണ്ടു സുന്ദരികുട്ടികൾ.
ഷെഡ്ഢിൽ കടന്ന് അണിഞ്ഞിരുന്ന ഷർട്ടും, മുണ്ടും മാറ്റി... ഡബിൾമുണ്ടും ഷർട്ടും എടുത്തണിഞ്ഞു. തുടർന്ന് പേഴ്‌സും, ഫോണുമെടുത്തു പോക്കറ്റിൽ വെച്ചുകൊണ്ട് ഷെഡ്ഢിൽ നിന്ന് പുറത്തിറങ്ങി. കൃഷ്ണൻകുട്ടിച്ചേട്ടനോട് ഒരിക്കൽക്കൂടി വിവരം പറഞ്ഞിട്ട് സിജോയ്ക്കും കുട്ടികൾക്കുമൊപ്പം ജീപ്പിൽ കയറി. സിജോ ജീപ്പ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.
ജീപ്പിലിരുന്ന് യാത്രചെയ്യവേ... സീറ്റിൽ പൊതിഞ്ഞുവെച്ചിരുന്ന മദ്യക്കുപ്പിയിൽ എന്റെ കണ്ണുകളുടക്കി.
"ആഹാ... നീ നല്ല കീറാണെന്ന് തോന്നുന്നല്ലോ... രവിലെതന്നെ ഫുൾബോട്ടിൽ ഒരെണ്ണം വാങ്ങിയിട്ടുണ്ടല്ലോ.?"
"ഏയ്... ഞാനങ്ങനെ കഴിക്കാറൊന്നുമില്ല. സുഹൃത്തുക്കളുമൊത്തു ചേരുമ്പോൾ വല്ലപ്പോഴും മാത്രം. ഇത് പപ്പയ്ക്ക് വേണ്ടി വാങ്ങിയതാണ്. നീ കഴിക്കുമോ.?" അവനെന്നെനോക്കി.
"ഏയ്... ഇതുവരെ അങ്ങനൊന്ന് ഇല്ല."
"പുകവലി...?"
"അതുമില്ല..."
"നല്ലത്. ശീലിക്കാതിരിക്കുന്നതാണ് നല്ലത്. ഞാനും ആദ്യമൊക്കെ നിന്നെപ്പോലെയായിരുന്നു. പക്ഷേ, ഈ ഹൈറേഞ്ചിൽ വന്നതോടെ എല്ലാം മാറി. വലിയും, കുടിയുമൊക്കെ ചെറുതായി ശീലിച്ചു. ഇവിടുത്തെ തണുത്ത കാലാവസ്ഥയിൽ ഇതൊന്നുമില്ലാതെ പറ്റില്ല. പിന്നെ സുഹൃത്തുക്കളെല്ലാം കഴിക്കുന്ന കൂട്ടത്തിലും. അങ്ങനെ അതൊരു ശീലമായി തീർന്നു."
"ആണോ... ശരിയാ... ഇവിടുത്തെ കാലവസ്ഥയെ അതിജീവിക്കണമെങ്കിൽ ഇതൊക്കെ വേണ്ടിവരും. എന്താ ചിലസമയത്തെ തണുപ്പ്."ഞാനവനെ അനുകൂലിച്ചു.
വളവുകളും, തിരിവുകളും പിന്നിട്ട് തോട്ടങ്ങൾക്കിടയിലൂടെ ജീപ്പ് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ റോഡരികിൽ കാണുന്ന തോട്ടങ്ങളെ കുറിച്ചും, അതൊക്കെ ആരുടേതാണ് എന്നതിനെക്കുറിച്ചുമെല്ലാം അവൻ എനിക്ക് പറഞ്ഞുതന്നുകൊണ്ടിരുന്നു. എലത്തിന്റെ വിലതകർച്ചയും, തൊഴിലാളി ക്ഷാമവും, വർധിച്ചുവരുന്ന കൂലിച്ചിലവുമെല്ലാം അവൻ സംഭാഷണത്തിൽ ഉൾക്കൊള്ളിച്ചു.
പതിനഞ്ചുമിനുട്ട് നേരത്തേ യാത്രയ്ക്കുശേഷം ജീപ്പ് ആ വീടിന്റെ മുറ്റത്തുചെന്ന് നിന്നു. പഴമനിറഞ്ഞ ഒരു വലിയ വാർക്കവീട്.
"ഇതാ ഞങ്ങടെ വീടെത്തി... ഇറങ്ങിക്കോ..."അവനെന്നെനോക്കി പറഞ്ഞു.
ഞാൻ ജീപ്പിൽനിന്നിറങ്ങി ചുറ്റുപാടും ഒന്നുനിരീക്ഷിച്ചു.ഈ സമയം അകത്തുനിന്ന് വർഗീസുചേട്ടനും, റീത്താമ്മയും, ജിൻസിയും, സിജോയുടെ ഭാര്യയും പൂമുഖത്തേയ്ക്ക് ഇറങ്ങിവന്നു.
ഒരുനിമിഷം എല്ലാവരേയും നോക്കി പുഞ്ചിരിപൊഴിച്ചുകൊണ്ട് ഞാൻ പോർച്ചിൽ നിന്ന് പൂമുഖത്തേയ്ക്ക് കയറി. വർഗീസുചേട്ടൻ എന്റെ കരം കവർന്നു. ജിൻസി കുസൃതിനിറഞ്ഞ മിഴികളോടെ വാതിൽക്കൽ നിന്നുകൊണ്ട് എന്നെനോക്കി പുഞ്ചിരിതൂകി. ആ പഴയനോട്ടവും ചിരിയും അതുപോലെതന്നെ...ഒരുമാറ്റവുമില്ല.കവിളുകൾ വല്ലാതെ ചുവന്നു തുടുത്തിരുന്നു.കുട്ടികൾ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് അകത്തേയ്ക്ക് വലിച്ചു.
"വരൂ... അകത്തിരുന്നു സംസാരിക്കാം."എന്നെ അകത്തേയ്ക്ക് ക്ഷണിച്ചിട്ട് കൈപിടിച്ചുകൊണ്ട് ചേട്ടൻ ഹാളിലേയ്ക്ക് നടന്നു.
ഹാളിലെ സെറ്റിയിൽ സിജോയ്ക്കും കുടുംബാങ്ങങ്ങൾക്കും ഒപ്പം ഞാനും ഇരുന്നു. ചുറ്റുപാടും മിഴികൾകൊണ്ട് ഞാനൊരു പ്രതിക്ഷിണം നടത്തി. വിലപിടിച്ചതും മനോഹരങ്ങളുമായ വിവിധയിനം ഫർണിച്ചറുകൾ.ചുവരുകളൊക്കെയും അലങ്കരിക്കപ്പെട്ടിരിക്കുന്നു. ജനാലകളിലൊക്കെയും പുതിയ കർട്ടനുകൾ. വിവിധയിനം ലൈറ്റുകൾ. പ്രൗഡി വിളിച്ചോതുന്ന മന്ദിരം.
"ദാ...ഇത് കുടിക്ക്."
ഗ്ലാസിൽ ജ്യൂസ് നിറച്ച് ടീപ്പോയിയിൽ കൊണ്ടുവെച്ചിട്ട് ജിൻസി എന്നെനോക്കി പറഞ്ഞു. എന്നിട്ട് പുഞ്ചിരിപൊഴിച്ചുകൊണ്ട് ചുവരിൽ ചാരി മാറി നിന്നു.
ഞാൻ മെല്ലെ ജ്യൂസ് കുടിച്ചു. ഈ സമയം വർഗീസുചേട്ടനും, ഭാര്യയും നാട്ടിലെ വിശേഷങ്ങളൊക്കെ എന്നോട് ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. സൗഹൃദം പുതുക്കലും, വിശേഷം പങ്കുവെക്കലും അരമണിക്കൂറോളം നീണ്ടുപോയി.
ജിൻസി എന്നോട് പഴയ കൂട്ടുകാരെക്കുറിച്ചും, സഹോദരിയെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. ഞാൻ അവളുടെ വീട്ടിലെ വിശേഷങ്ങളും, ഭർത്താവിന്റെ വിവരങ്ങളുമെല്ലാം തിരക്കി.ഒടുവിൽ എല്ലാവരുംകൂടി ഭക്ഷണം കഴിക്കാനിരുന്നു.
ജിൻസിയും നാത്തൂനും ചേർന്ന് ടേബിളിൽ ഭക്ഷണം നിരത്തി. റീത്താമ്മ ഇതെല്ലാം വിളമ്പി. ഞാൻ മെല്ലെ കഴിച്ചുതുടങ്ങി.
"ജിൻസിയാണ് ഇതെല്ലാം പാകം ചെയ്തത്. അബ്ദു വരുമെന്ന് പറഞ്ഞതുകൊണ്ട് രാവിലേ തുടങ്ങിയ പണിയാണ്."റീത്താമ്മ പുഞ്ചിരിയോടെ പറഞ്ഞു.
"ആണോ... കൊള്ളാം. എല്ലാം വിഭവങ്ങളും നന്നായിട്ടുണ്ട്."ഞാൻ ജാള്യതയോടെ മെല്ലെ പറഞ്ഞു.
"പിന്നെ... ഈ മമ്മി വെറുതേ പറയുന്നതാ... ഞാനും, നാത്തൂനും, മമ്മിയുമെല്ലാം കൂടിയാണ് ഇതൊക്കെ ഉണ്ടാക്കിയത്.തനിച്ചോന്നുമല്ല..."അവൾ ചിരിച്ചു. എല്ലാവരും ആ ചിരിയിൽ പങ്കുചേർന്നു.
ഭക്ഷണം കഴിച്ചുകഴിഞ്ഞ് വീണ്ടും ഹാളിലേയ്ക്ക് നടക്കുമ്പോൾ വർഗീസുചേട്ടൻ മെല്ലെ കാതിൽ ചുണ്ടുചേർത്ത് ചോദിച്ചു.
"അബ്ദു... കഴിക്കുമോ... ചെറുത് ഒരെണ്ണം ഒഴിക്കട്ടെ.?"
"ഏയ് വേണ്ട... ഞാൻ മദ്യപിക്കില്ല."
"പിന്നെ... വെറുതേ പറയാതെ. ഈ കാട്ടിൽ വന്നിട്ട് എങ്ങനെയാ ഒരെണ്ണം അടിക്കാതെ പച്ചയായിട്ടു കഴിയുന്നെ.എനിക്കറിയരുതോ...?"ചേട്ടൻ തമാശമട്ടിൽ പറഞ്ഞു.
"ഇല്ല... ഞാൻ കഴിക്കാറില്ല. സത്യമാണ് പറഞ്ഞത്."
"പപ്പാ വെറുതേ നിർബന്ധിക്കണ്ട. അവൻ ഇതൊന്നും ഉപയോഗിക്കില്ല."പിന്നാലെവന്ന സിജോ പറഞ്ഞു.
"ആണോ... അതെന്തായാലും നന്നായി. കുടിച്ചുപടിച്ചാൽ പിന്നെ നിറുത്താനാവില്ല. ചിലപ്പോൾ അതുമതി എല്ലാം നശിക്കാനും.ചെറുപ്പക്കാർ പ്രത്യേകിച്ചും."
"ഞാനും സ്ഥിരമായ ഒരു മദ്യപാനിയൊന്നും അല്ലാട്ടോ... ദിവസവും ഭക്ഷണം കഴിച്ചുകഴിയുമ്പോൾ ഒന്നോ രണ്ടോ പെഗ്ഗ്. പിന്നെ ആരെങ്കിലുമൊക്കെ ഇതുപോലെ വീട്ടിൽ വരുമ്പോൾ കുടിക്കുന്നവരാണെങ്കിൽ ഒരു കമ്പനികൂടൽ...അത്രമാത്രം."ചേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു.
"ഉം... പിന്നെ... പിന്നെ."അവിടേയ്ക്ക് വന്ന ജിൻസി പപ്പയെനോക്കി കളിയാക്കുംപോലെ പറഞ്ഞു.
"ഞാനും ഒരുപക്ഷേ, കുടിയൊക്കെ പേടിച്ചുപോയേനെ... പണ്ട് എന്നെ ആ സഹപാഠി നേർവഴിക്ക് നയിച്ചില്ലായിരുന്നുവെങ്കിൽ... ആ സഹപാഠിയുടെ ഉപദേശവും, ശ്വാസനയും, പ്രാർത്ഥനയുമെല്ലാം എന്നെ ഒരു നല്ലമനുഷ്യനാക്കി എന്ന് വേണമെങ്കിൽ പറയാം."ഞാൻ ജിൻസിയെ ഒളികണ്ണിട്ട് നോക്കിയിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു.
"ആ സഹപാഠി കൊള്ളാമല്ലോ... അതാരാ അങ്ങനൊരാൾ.?"വർഗീസുചേട്ടൻ എന്നെനോക്കി.
"അങ്ങനൊരാൾ ഉണ്ട് അല്ലേ അബ്ദൂ...?"ജിൻസി പറഞ്ഞു. സിജോയും മറ്റും അതുകേട്ട് പൊട്ടിച്ചിരിച്ചു.
രണ്ടുമണി കഴിഞ്ഞപ്പോൾ ഞാൻ സിജോയെ നോക്കി പറഞ്ഞു.
"നമുക്ക് പോയാലോ.?"
"ആ പോകാൻ ദൃതിയായോ... ഒരുപാട് കാലംകൂടി വന്നതല്ലേ... കുറച്ചുകൂടി കഴിഞ്ഞ് ചായയൊക്കെ കുടിച്ചിട്ട് മടങ്ങാം."റീത്താമ്മ വിലക്കി.
"അതെ... കുറച്ച് കഴിഞ്ഞു പോകാം. ഓടിപ്പോയിട്ട് ഇപ്പോൾ അവിടെ എന്തുചെയ്യാനാണ്.?"വർഗീസുചേട്ടൻ എന്നെനോക്കി.
"ഇനിയും സമയംപോലെ ഇവിടേയ്ക്ക് ഇറങ്ങാമല്ലോ... ഞാനിനി ഇവിടെത്തന്നെ ഉണ്ടല്ലോ.?"
"അത്ര ദൃതിയുള്ളവർ പോട്ടേ പപ്പാ... എന്തിനാ വെറുതേ നിർബന്ധിക്കുന്നത്.?"ജിൻസി ചുണ്ടുകോട്ടിക്കൊണ്ട് പറഞ്ഞു.
"എങ്കിൽ പിന്നെ നിർബന്ധിക്കുന്നില്ല...അങ്ങനെയാവട്ടെ."ചേട്ടൻ പറഞ്ഞു.
ഞാൻ എല്ലാവരേയും നോക്കി യാത്രപറഞ്ഞു പോകാനായി ഇറങ്ങി. ജിൻസി എന്നെ കുസൃതിയോടെ നോക്കി പുഞ്ചിരിതൂകി.
ജീപ്പിൽ ചെന്നുകയറി.സിജോ ജീപ്പ് സ്റ്റാർട്ടുചെയ്ത് മുന്നോട്ടെടുക്കാനൊരുങ്ങിയതും ജിൻസി അരികിലേയ്ക്ക് ഓടിയെത്തി.
"ദാ ഇതുകൂടി കൊണ്ടുപോയ്ക്കോ... കുറച്ചുപലഹാരങ്ങളാണ്.അബ്ദു വൈകിട്ടെ മടങ്ങിപ്പോകൂ എന്നുകരുതി ഉണ്ടാക്കിയതാണ്.നിനക്ക് വല്ലാത്ത ദൃദിയല്ലേ... തോട്ടത്തിൽ ചെന്നിട്ട് കഴിക്കാം.പിന്നെ നിന്റെ എഴുത്തുക്കളൊക്കെ ഞാൻ വായിക്കാറുണ്ട് കേട്ടോ..."പറഞ്ഞിട്ട് അവൾ കൈയിലിരുന്ന പലഹാരപ്പൊതി ജീപ്പിന്റെ സീട്ടിലേയ്ക്ക് വെച്ചു.
"ഞാൻ പോട്ടേ... എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചതിനും വിരുന്നൊരുക്കിയതിനും നന്ദി."ഞാൻ ജിൻസിയെ നോക്കി പറഞ്ഞു.
"പോടാ... എന്നെ കളിയാക്കാതെ."അവൾ ചിരിച്ചു. ഞാനും സിജോയും ആ ചിരിയിൽ പങ്കുചേർന്നു.
ജീപ്പ് മുറ്റംകടന്ന് മുന്നോട്ട് പാഞ്ഞു. ജിൻസിയും കുട്ടികളും എന്നെനോക്കി കൈ വീശിക്കാണിച്ചു.
തിരികെ തോട്ടത്തിലെത്തിയ ഞാൻ ഫോണിലെ മെസേജുകൾക്കും മറ്റും മറുപടി കൊടുത്തു. തുടർന്ന് വീട്ടിലേയ്ക്ക് വിളിച്ച് ജിൻസിയുടെ വീട് സന്ദർശിക്കാൻപോയ കാര്യം പറഞ്ഞു. തണുത്തകാറ്റ് എലക്കാടുകളെ തഴുകി വീശിയടിച്ചു.മലഞ്ചെരുവിൽ മഞ്ഞു പുതഞ്ഞുകയറുന്നുണ്ട്.നല്ല തണുപ്പ്.
"ചേട്ടാ... ചായ ചൂടാക്കൂ... കുടിക്കാം. ഇന്ന് ചായയ്ക്ക് ഒരുപാട് വിഭവങ്ങൾ ഉണ്ട്."ഞാൻ പറഞ്ഞു.
"ആണോ... അതെവിടുന്നാ.?"
"സിജോയുടെ വീട് സന്ദർശിക്കാൻപോയപ്പോൾ അവര് നിർബന്ധിച്ചു തന്നുവിട്ടതാണ്."
"ആഹാ... അത് കൊള്ളാല്ലോ..."പറഞ്ഞിട്ട് ചേട്ടൻ കലം കഴുകി വെള്ളമെടുത്ത് അടുപ്പിൽ വെച്ച് തീ ഊതിപ്പിടിപ്പിച്ചു.
(തുടരും)