ഭാഗം 8
"ആണോ... അതുകൊള്ളാല്ലോ... എങ്കിൽ പറയൂ... സിന്ധു ഇവിടുത്തെ തൊഴിലാളിയാണോ.?"
"അല്ല... എന്റെ അമ്മ ഇവിടുത്തെ തൊഴിലാളിയാണ്. പേര് ലക്ഷ്മി... കുന്നുപുറത്തു ലക്ഷ്മി എന്നുപറഞ്ഞാലേ ആളുകൾ അറിയൂ..."
"ഓഹോ... ഇപ്പോൾ മനസ്സിലായി. ഇത് ആദ്യമേ അങ്ങ് പറഞ്ഞാൽ മതിയായിരുന്നല്ലോ... ഞാൻ തോട്ടത്തിൽ എത്തിയിട്ട് കുറച്ചുദിവസങ്ങളെ ആയുള്ളൂ... ജോലിക്കാരെയൊക്കെ പരിചയസപ്പെട്ടു വരുന്നതേയുള്ളൂ. ചേച്ചിയെ അറിയാം. മോളേ അറിയില്ലായിരുന്നു."
"അതെനിക്ക് മനസ്സിലായി..."അവൾ ലാഘവത്തോടെ പറഞ്ഞു.
"എന്നിട്ടാണോ എന്നോട് ഇങ്ങനെയൊക്കെ സംസാരിച്ചത്. എന്താ നിങ്ങൾ കഴിഞ്ഞദിവസങ്ങളിലൊന്നും ഇവിടെ ഇല്ലായിരുന്നോ.?"
"ഇല്ലായിരുന്നു...ദൂരെയുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു.ഇന്നാണ് മടങ്ങിയെത്തിയത്.അമ്മയ്ക്ക് രണ്ടുമൂന്ന് പണിയുടെ കൂലി കിട്ടാനുണ്ട്. അതുവാങ്ങിക്കാനാണ് ഞാൻ വന്നത്."
"ആണോ... നേരത്തേ പറഞ്ഞുകൂടായിരുന്നോ.?"
"അതിന് പറയേണ്ടവരെ കണ്ടാലല്ലേ പറയാൻ പറ്റൂ..."അവൾ വീണ്ടും തർക്കം ഉന്നയിച്ചു.
"സിന്ധു എന്തിനാണ് വീണ്ടും ഉടക്കാൻ ശ്രമിക്കുന്നത്.?"
"ഓ... ഞാനിങ്ങനെയാണെന്ന് വെച്ചോളൂ..."
"എങ്ങനെ എനിക്ക് മനസ്സിലാകുന്നില്ല."ഞാൻ പുഞ്ചിരിച്ചു.
"മനസ്സിലാവില്ല... ഞങ്ങൾ വെറും സാധാരണക്കാരല്ലേ... നിങ്ങളൊക്കെ വലിയ പണക്കാർ ഞങ്ങളെപ്പോലുള്ള പട്ടിണിപ്പാവങ്ങൾ നിങ്ങൾക്കുവേണ്ടി ഈ മലയോരത്ത് കിടന്ന് നരകിക്കുന്നത് നിങ്ങടെയൊന്നും കണ്ണിൽ പിടിക്കില്ല.കാര്യംകഴിഞ്ഞാൽ പിന്നെ നിങ്ങൾക്കെന്നും ഞങ്ങളെപ്പോലുള്ളവരോട് പുച്ഛമാണ്."
"ഓഹോ... ഈ തോട്ടത്തിൽ പണിക്ക് വന്നിട്ടും ഇതാണോ അവസ്ഥ.?"
"എന്നുഞാൻ പറഞ്ഞില്ല... പൊതുവെയുള്ള കാര്യം പറഞ്ഞതാണ്."
"അതുകൊള്ളാം...പൊതുവെയുള്ള കാര്യം പറയാൻ നിങ്ങളാരാണ് തോട്ടങ്ങളിൽ പണിയെടുക്കുന്നവരുടെ നേതാവോ...?"ഞാൻ വെറുതേ അവളെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചു.
"എന്നുതന്നെ വെച്ചോളൂ... പിന്നെ എനിക്ക് നിങ്ങളോട് സംസാരിച്ചു നിൽക്കാൻ സമയമില്ല. പൈസ കിട്ടിയിരുന്നെങ്കിൽ അങ്ങ് പോകാമായിരുന്നു."
"അതിന് സിന്ധുവിനെ മുൻപ് എനിക്ക് അറിയില്ല. ലക്ഷ്മി ചേച്ചിയുടെ മകളാണെന്ന് പറഞ്ഞു... പക്ഷേ, സത്യമാണോ എന്നറിയില്ലല്ലോ... ചേട്ടനോട് ചോദിക്കാമെന്നുവെച്ചാൽ ആള് ഇവിടെ ഇല്ലാതാനും. പിന്നെങ്ങനെ ഞാൻ പണം തരും."വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചു.
"വേണ്ട... എനിക്ക് നിങ്ങടെ പൈസ വേണ്ട. ഇവിടെവരെ വന്നതിനും, സംസാരിച്ചതിനും, തർക്കിച്ചതിനും സോറി. ഞാൻ ആദ്യമേ പറഞ്ഞല്ലോ... ഇതൊന്നും പറഞ്ഞാൽ നിങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാവില്ലെന്ന്.ചേട്ടൻ വന്നിട്ട് ഞാൻ വന്ന് പൈസ വാങ്ങിക്കൊള്ളാം. ഞാൻ പോകുന്നു."അവൾ ദേഷ്യത്തോടെ എന്നെനോക്കിയിട്ട് വെട്ടിതിരിഞ്ഞു നടന്നു.
അവളുമായി കുറച്ചുനേരംകൂടി സംസാരിക്കണമെന്ന ആഗ്രഹത്തോടെ തർക്കിച്ച എനിക്ക് നിരാശതോന്നി. അവളെ ദേഷ്യംപിടിപ്പിക്കണ്ടായിരുന്നു. അവൾ വല്ലാതെ കോപിച്ചിരിക്കുന്നു.
"സിന്ധൂ... നിൽക്കൂ...ഇതാ പൈസ കൊണ്ടുപോയ്ക്കോളൂ..."ഞാൻ അവളെ വിളിച്ചു പറഞ്ഞു.
"വേണ്ടാ... അതുകൂടി താങ്കൾ എടുത്തോളൂ... ഒരുദിവസം പൈസ കിട്ടിയില്ലെന്നുകരുതി ഞങ്ങൾ പട്ടിണികിടന്ന് ചത്തുപോവത്തൊന്നുമില്ല."അവൾ തിരിഞ്ഞുനോക്കാതെ വിളിച്ചുപറഞ്ഞിട്ട് നടന്നുപോയി.
അവൾ നടന്നുപോകുന്നതും നോക്കി ഞാൻ കുറച്ചുനേരം അങ്ങനെ നിന്നു. തന്റെ അടുക്കൽ വന്നിട്ടുപോയ സിന്ധു ഒരു സുന്ദരിയും ധീരയുമാണെന്ന് എനിക്ക് മനസ്സിലായി.
ഈ സമയം രണ്ടുപേർ അകലെനിന്ന് നടന്നുവരുന്നത് ഞാൻ കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോൾ ആളെ മനസ്സിലായി. അടുത്തുള്ള തോട്ടത്തിന്റെ ഉടമ തോമസുചേട്ടനും, അദ്ദേഹത്തിന്റെ പണിക്കാരനും.
"അല്ലാ ഇതാരൊക്കെയാണ്... എന്താണ് ഈ വൈകിയ നേരത്ത് അപ്രതീക്ഷിതമായൊരു വരവ്.?"ഞാൻ ഇരുവരേയും നോക്കി പുഞ്ചിരിച്ചു.
"ഓ വെറുതേ... രാവിലേ മുതൽക്ക് ഇങ്ങോട്ട് ഇറങ്ങണമെന്ന് കരുതുന്നതാണ്. തോട്ടത്തിലെ പണിയുടെ തിരക്കും മറ്റും കാരണം ഇപ്പോഴാണ് സമയമൊത്തത്.എന്താ ആ ലക്ഷ്മിയുടെ മകൾ ദേഷ്യപ്പെട്ട് പോകുന്നത് കണ്ടല്ലോ... എന്തുണ്ടായി.?"
"ഓ അതുവെറുതേ അമ്മയുടെ പണിക്കൂലി ചോദിക്കാൻ വന്നതാണ്. എനിക്ക് ആളെ അറിയില്ലല്ലോ... അതുപറഞ്ഞു വെറുതേ ഉടക്കി."
"സൂക്ഷിച്ചോണം... കാഞ്ഞവിത്താണ്.അല്ല... അമ്മ ആരാ മുതല് അറിയുമോ.?"തോമസുചേട്ടൻ എന്നെനോക്കി ചിരിച്ചു.
"കുറച്ചൊക്കെ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. കൂടുതലായി അറിയില്ല."
"കൂടുതൽ അറിയാതിരിക്കുന്നതാണ് നല്ലത്. കഴിയുമെങ്കിൽ തോട്ടത്തിൽ പോലും കയറ്റരുത്. ഞാൻ ഇവൾക്കൊന്നും എന്റെ തോട്ടത്തിൽ ജോലി കൊടുക്കത്തില്ല."
"അതെന്താ ചേട്ടാ അങ്ങനെ...?"
"എന്താണെന്നോ... അത് ഞാൻ പറയണോ... രണ്ടും പഠിച്ച കള്ളികളാണ്. കൈയിൽ കിട്ടണത് കടത്തിക്കൊണ്ട് പോകും. പോരാത്തതിന് അറു പിഴയും. എന്തിനും മടിക്കാത്ത കൂട്ടങ്ങൾ. പണിക്ക് വരുന്ന ആണുങ്ങളെക്കൊണ്ടുപോലും പണിയെടുപ്പിക്കില്ല... ഇവളുടെ തള്ള. അതൊക്കെ പോട്ടെന്നുവെക്കാം. കൂലിക്കുവേണ്ടി തർക്കവും പടയും ഇവളുടെയൊക്കെ പതിവാണ്."
"എന്തുതന്നെയായാലും നമ്മൾ പണികൊടുക്കാതിരിക്കുന്നത് ശരിയാണോ... അവർ പിന്നെ ജോലിക്ക് എവിടെപ്പോകും. അവരും ഈ തോട്ടങ്ങളിലെ ജോലിക്ക് അർഹരല്ലേ...?"
"ജോലി, ഇവൾക്കൊക്കെ കാശിന് വേറെ പണിയുണ്ടല്ലോ. പിന്നെന്തിനാണ് ഇതുകൂടി.?"ചേട്ടൻ ചിരിച്ചു.
"അതൊന്നും എനിക്കറിയില്ല. നമുക്ക് നോക്കേണ്ടുന്ന കാര്യവുമില്ലല്ലോ... ജോലി ചെയ്‌താൽ കൂലി."അതാണ് എന്റെ പോളിസി.
"ഇതാണ് നിങ്ങടെ കുഴപ്പം. തന്റെ വല്ല്യാപ്പയും ബാപ്പയുമൊക്കെ ഇതേ സിന്ധാന്തക്കാരാണ്. നിങ്ങളെപ്പോലുള്ള ചിലർചേർന്നാണ് ഇവളെയൊക്കെ ഈ മലയോരത്ത് വെച്ചുപൊറുപ്പിക്കുന്നത്. ഇല്ലെങ്കിൽ പണ്ടേ ഞാൻ ഇവളെയൊക്കെ ഈ നാട് കടത്തിവിട്ടേനെ. അമ്മ രാവും പകലുമില്ലാതെ ബിസ്സിനസ്സ് നടത്തുകയാണ്.എപ്പോഴും കാണും വീട്ടിൽ ഒന്നും രണ്ടുംപേർ.ഇപ്പോൾ മകളെക്കൂടി ബിസ്സിനസ്സിൽ പങ്കുചേർക്കുന്നുണ്ടോ എന്നാണ് സംശയം...അങ്ങനൊരു കേട്ടുകേൾവി ഉണ്ട്."തോമസുചേട്ടൻ പുച്ഛത്തോടെ പറഞ്ഞുനിറുത്തി.
ആ സംസാരം എനിക്കത്ര പിടിച്ചില്ല. അയാൾ പറയുന്നതത്രയും സത്യമാണെന്ന് എനിക്ക് തോന്നിയതുമില്ല.
"അതൊക്കെ പോട്ടേ... ഞങ്ങളിപ്പോൾ വന്നത് മറ്റൊരുകാര്യം പറയാനാണ്. നമ്മുടെ തോട്ടങ്ങളുടെ അതിരുകൾ തമ്മിൽ ബന്ധപ്പെട്ട് ചെറിയൊരു തർക്കം ഉണ്ടായതൊക്കെ അറിഞ്ഞിരിക്കുമല്ലോ. എന്നാണ് നമ്മുക്ക് അതൊന്ന് ക്ലിയർ ചെയ്ത്... അതായത് ഒരളവുകാരനെ വിളിച്ച് അളന്നുതിട്ടപ്പെടുത്തി അതിരുകെട്ടി തിരിക്കേണ്ടത്.?"
"ഓ അതാണോ കാര്യം. ഇതിന്റെ തീരുമാനം മുൻപ് വല്ല്യാപ്പ പറഞ്ഞിട്ടുണ്ടല്ലോ... ഞങ്ങൾക്ക് അതിരുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ല. അതായത് ഞങ്ങൾ വിലകൊടുത്ത് അളന്നുമേടിച്ച സ്ഥലം തന്നെയാണ് കൈവശം വെച്ചിരിക്കുന്നത്. അതിന് കൃത്യമായ അതിരുകളും, രേഖകളും ഉണ്ട്. അതിരുവിട്ട് കയറി തോട്ടം തെളിച്ചതും പണിതതുമൊക്കെ ചേട്ടനും പണിക്കാരുമാണ്. ആ സ്ഥിതിക്ക് അതിരുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചേട്ടൻ തന്നെ ഒരളവുകാരനെ വിളിച്ച് അളപ്പിക്കണം. അപ്പോൾ അറിയാമല്ലോ സ്ഥലം കൂടുതലൊ കുറവോ എന്ന്. ഞങ്ങടെ ഭാഗത്താണ് തെറ്റെങ്കിൽ സ്ഥലം വിട്ടുതരാൻ ഞങ്ങൾ തയ്യാറാണ്. അളവുകൂലിയും കൊടുക്കാം. അല്ലാതെയിപ്പോൾ..."ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
"ഓഹോ... ഇതുതന്നെയാണോ ഇപ്പോഴും പറയുന്നേ... കൊള്ളാം."
"ഇതല്ലേ ചേട്ടാ ന്യായം.?"
"ന്യായവും അന്യായവും ഒക്കെനോക്കി മാത്രം കാര്യം നടത്താൻ തീരുമാനിച്ചാൽ ബുദ്ധിമുട്ടാവും. ഇതൊരിക്കൽക്കൂടി പറയാനാണ് ഞങ്ങൾ വന്നത്."
"എന്ത് ബുദ്ധിമുട്ടാണ് ചേട്ടാ... ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഭയവുമില്ല."
"അപ്പോൾ തെറ്റുമുഴുവൻ എന്റെ ഭാഗത്തുമാത്രം... ആയിക്കോട്ടെ. ഞാൻ അടുത്തദിവസം തന്നെ ജോലിക്കാരെ വെച്ച് തെളിച്ച് തൈ വെച്ചിടത്തോളം സ്ഥലം അതിര് കയ്യാല വെയ്ക്കാൻ പോകുകയാണ്."
"ഞങ്ങൾ പറഞ്ഞതുപോലെ തർക്കം ഉണ്ടായസ്ഥിതിക്ക് അളന്നിട്ട് കയ്യാല വെച്ചുകൊള്ളൂ... അല്ലാതെ നടപ്പില്ല."ഞാൻ സൗമ്യനായി പറഞ്ഞു.
"ഓഹോ... ഇല്ലെങ്കിൽ എന്തുസംഭവിക്കുമെന്ന് ഞാനൊന്നു കാണട്ടെ."
"അതൊക്കെ അപ്പോൾ കാണാം. വെറുതേ പേടിപ്പിക്കാതെ ചേട്ടാ... ഞങ്ങളും ഈ നാട്ടിൽത്തന്നെ ജനിച്ചുവളർന്നവരാണ്. മണ്ണിനോടും, പ്രകൃതോയോടുമൊക്കെ മല്ലടിച്ചിട്ടാണ് ഇത്രത്തോളം എത്തിയതും.ഇതിനിടയ്ക്ക് ചേട്ടനെപ്പോലുള്ള ഒരുപാട് ആളുകളെ കണ്ടിട്ടുമുണ്ട്."ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"എങ്കിൽ ശരി. ഞങ്ങൾ ഇറങ്ങുന്നു."തോമസുചേട്ടൻ ദേഷ്യത്തോടെ എന്നെനോക്കി പറഞ്ഞിട്ട് പണിക്കാരാനേയും കൂട്ടി പോകാനിറങ്ങി.
"ചേട്ടൻ ഇപ്പോഴെത്തും.അല്പസമയം കൂടി ഇരുന്നാൽ കട്ടൻ കുടിച്ചിട്ട് പോകാം."ഞാൻ പറഞ്ഞു.
"വേണ്ടാ... അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ."പുച്ഛത്തോടെ പറഞ്ഞിട്ട് അയാൾ ദേഷ്യപ്പെട്ട് മടങ്ങിപ്പോയി.
ഞാൻ ആ പോക്ക് നോക്കി അങ്ങനെ ഇരുന്നു. എന്തൊരുമനുഷ്യനാണ്... ഇഷ്ടംപോലെ ഭൂമി സ്വന്തമായിട്ട് ഉണ്ട്. എന്നിട്ടും അയൽക്കാരന്റെ അതിര് കടന്നെടുക്കലും, ദേഹണ്ണിക്കലുമാണ് ജോലി. അയൽക്കാരിൽ മിക്കവരുമായി ഇതേകാരണത്തിന്റെ പേരിൽ ചേട്ടൻ പലപ്പോഴും ഉടക്കികഴിഞ്ഞതാണ്.
രണ്ടുപേരുമായിട്ട് ഞങ്ങൾ തോട്ടം അതിര് പങ്കിടുന്നുണ്ട്. ഒന്ന് ഈ തോമസുചേട്ടനും, മറ്റേത് ജോസുചേട്ടനുമാണ്. ജോസുചേട്ടൻ ആരുമായും മുഷിയാനും, തർക്കിക്കാനുമൊന്നും പോകാറില്ല. നല്ലൊരു മനുഷ്യൻ. നാട്ടുകാർക്കൊക്കെയും സമ്മതൻ.
തോമസുചേട്ടൻ തോട്ടത്തിന്റെ അതിര് വിട്ടുകടക്കാനും ദേഹണ്ണിക്കാനുമൊക്കെ തുടങ്ങിയിട്ട് നാളുകൾ കുറേയായി. പലതവണ നേരിട്ടും മാധ്യസ്ഥർ മുഖേനയുമൊക്കെ സന്ധി ഉണ്ടാക്കിയിട്ടുള്ളതാണ്. പക്ഷേ, ചേട്ടൻ അടങ്ങിയില്ല. ഒടുവിൽ സ്ഥലം അളന്ന് തീരുമാനിക്കാം എന്നുപറഞ്ഞപ്പോൾ അതിനും സമ്മതമല്ല.ഞങ്ങൾ ആളെ വിളിച്ച് അളപ്പിക്കണമത്രേ.
തോമസുചേട്ടന് ഈ മലയോരത്ത് അൽപം സ്വാധീനക്കൂടുതലുണ്ട്. ആദ്യകാലത്ത് ഇവിടെ കുടിയേറിയതും തോട്ടം സ്ഥാപിച്ചതുമൊക്കെ ചേട്ടനാണ്. പോരാത്തതിന് രാഷ്ട്രീയക്കാരുമായൊക്കെ ചെറിയ ബന്ധങ്ങളുമുണ്ട്. ഒരുകാലത്ത് ഒന്നുമല്ലാതെ മലയോരത്ത് കുടിയേറിയ ചേട്ടനിന്ന് കൊടീശ്വരനാണ്.കാരണം പലിശയ്ക്ക് പണം കൊടുക്കുന്നത് തന്നെ. പലിശയ്ക്ക് പണം കൊടുക്കാനും, മേടിക്കാനുമൊക്കെ ചെറിയൊരു ഗുണ്ടാസംഘം തന്നെ ചേട്ടന് ഉണ്ട് താനും.
കൃഷ്ണൻകുട്ടി ചേട്ടൻ മടങ്ങിയെത്തിയപ്പോൾ ഞാൻ വിവരം പറഞ്ഞു.അതുകേട്ടപ്പോൾ ചേട്ടന് ചെറിയ ഭയമായി.
"അയാൾ ഇതെന്തുഭാവിച്ചാണ്... ഇത്രയൊക്കെ ഉണ്ടായിട്ടും മുതലിനോടുള്ള മനുഷ്യന്റെ ആർത്തി തീരുന്നില്ലെന്നു വെച്ചാൽ... ഇതിന്റെ പേരിൽ ഇനി എന്തൊക്കെയാണ് ഉണ്ടാവുക."ചേട്ടൻ പറഞ്ഞു.
"എന്തുണ്ടാവാൻ... ഒന്നുമുണ്ടാവില്ല... ചേട്ടൻ ഭയക്കാതിരിക്കൂ.ഇതൊക്കെ അയാളുടെ വെറും നമ്പരുകളാണ്. ഈ ഓലപ്പാമ്പ് കാട്ടി വിരട്ടിയാലൊന്നും നമ്മൾ തളരില്ല.കാരണം ന്യായം നമ്മുടെ ഭാഗത്താണ്."
ചേട്ടനോട് അങ്ങനെ പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചെങ്കിലും എന്റെ മനസ്സിൽ ചെറിയ അസ്വസ്ഥത ഉടലെടുത്തുകഴിഞ്ഞിരുന്നു. എല്ലാവരോടും സ്നേഹത്തോടും, സഹോദര്യത്തോടും കൂടി കഴിയണമെന്നുകരുതിയാണ് തോട്ടത്തിലേയ്ക്ക് പുറപ്പെട്ടത്. അതാണ് ഇങ്ങോട്ട് പോരുമ്പോൾ വീട്ടിൽനിന്ന് പറഞ്ഞയച്ചിട്ടുള്ളതും. പക്ഷേ, എന്തുചെയ്യാം ചിലർ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാനായി ഇറങ്ങിതിരിച്ചാൽ.
തോമസുചേട്ടനുമായി മുഷിയാൻ താല്പര്യമുണ്ടായിട്ടല്ല. എന്നുകരുതി വിലകൊടുത്ത് അളന്നുവാങ്ങിയ സ്ഥലം എങ്ങനെയാണ് വെറുതേ വിട്ടുകൊടുക്കുക.വെറുതെകിട്ടിയതാണെങ്കിൽ സാരമില്ലായിരുന്നു.തന്റെ കാരണവന്മാർ എത്രയോകാലം വിയർപ്പൊഴുക്കി കൃഷിയെടുത്തും മറ്റുമുണ്ടാക്കിയ പണംകൊടുത്തു വാങ്ങിയതാണ് ഈ തോട്ടം.അന്നുരാത്രി പലവിധ ചിന്തകളുമായി ഞാൻ ഉറങ്ങാതെ കിടന്നു.
(തുടരും)