മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Abbas Edamaruku )

കൂരക്കൂരിരുട്ട്... നല്ല തണുപ്പ്.അകമ്പടിയായി പ്രകൃതിദത്തമായ സംഗീതംപൊഴിച്ചുകൊണ്ട് ചീവീടുകളുടെ ശബ്ദവും. ഏലക്കാടുകളിൽ നിന്ന് വീശിയടിക്കുന്ന കാറ്റിനനുസരിച്ച് ആടിയുലയുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചം.

ആ വെളിച്ചത്തിൽ ഇരുന്നുകൊണ്ട് ഞാൻ തോട്ടത്തിലെ പണിക്കാരുടേയും മറ്റും കൂലിച്ചിലവുകളുടെ കണക്കുകൾ ബുക്കിൽ എഴുതിച്ചേർത്തു. എലത്തോട്ടത്തിലെ നടത്തിപ്പുകാരനായി ഹൈറേഞ്ചിൽ എത്തിച്ചേർന്നിട്ട് ആഴ്ച ഒന്നാവുന്നു.മസാവസാനം വീട്ടിൽ ചെല്ലുമ്പോൾ തോട്ടത്തിലെ കണക്കുകൾ തയ്യാറാക്കിയ ബുക്ക് വല്ല്യാപ്പയെ കാണിക്കാനുള്ളതാണ്.

കുഞ്ഞുനാൾമുതൽ അടച്ചുറപ്പുള്ള മുറിയിലും, മെത്തയിലുമെല്ലാം കിടന്നുറങ്ങിയ എനിക്ക് തോട്ടത്തിലെ സാഹചര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കി. പ്രത്യേകിച്ചും വൈദ്യുതി ഇല്ലാത്ത അവസരങ്ങൾ. ഒരു കാറ്റോ, മഴയോ ഉണ്ടായാൽ അന്നത്തേയ്ക്ക് പിന്നെ കറണ്ട് ഉണ്ടാവില്ല. വൈദ്യുതി വെളിച്ചം കണ്ടിടപഴകിയ കണ്ണുകൾക്ക് മണ്ണെണ്ണവിളക്കിന്റെ പ്രകാശം വല്ലാതെ ബുദ്ധിമുട്ട് തീർത്തു. എന്തെങ്കിലുമൊന്ന് വായിക്കാനോ, കുത്തികുറിക്കാനോ കഴിയുന്നില്ല. കുറച്ചുവായിക്കുമ്പോഴേയ്ക്കും കണ്ണുകൾ വല്ലാതെ കഴയ്ക്കുന്നു. ഇരുട്ട് എങ്ങും വന്യത പടർത്തിക്കൊണ്ട് പൊതിഞ്ഞുനിൽക്കുന്നു. ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ നാട്ടിൽനിന്നും പോന്നപ്പോൾ കെട്ടിപ്പെറുക്കി കൊണ്ടുവന്ന പുസ്തകങ്ങളൊക്കെയും തൊടാതെ ഇരിക്കുകയേയുള്ളൂ. എങ്കിലും മനസ്സിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. ഇതുപോലെ എത്രയോ മനുഷ്യരാണ് ഒറ്റപ്പെട്ട മലയോരങ്ങളിൽ പ്രകൃതിയോടും, വന്യജീവികളോടുമൊക്കെ പടപൊരുതി ജീവിക്കുന്നത്. അവരൊക്കെയും മനസ്സുണ്ടായിട്ടല്ലല്ലോ ജീവിക്കാൻ വേണ്ടിയല്ലേ കഷ്ടപ്പെടുന്നത്. എന്തിന് തന്റെ വല്ല്യാപ്പയും,ബാപ്പയും, കൊച്ചാപ്പമാരുമൊക്കെ ഇവിടെവെച്ച് എത്രയോ ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്. അവരൊക്കെ കഷ്ടപ്പെട്ടതുവെച്ചുനോക്കുമ്പോൾ തന്റെ ബുദ്ധിമുട്ടുകൾ ഒരു ബുദ്ധിമുട്ടാണോ... എന്തുകൊണ്ട് അവരെപ്പോലെ ആകാൻ തനിക്കും കഴിയുന്നില്ല. കണക്കെഴുതി പൂർത്തിയാക്കിയിട്ട് പവർബാങ്കിൽ കണക്റ്റുചെയ്തിരുന്ന ഫോൺ എടുത്ത് വാട്സാപ്പിലെയും, ഫെസ്‌ബുക്കിലെയുമൊക്കെ സന്ദേശങ്ങൾക്ക് മറുപടി കൊടുക്കാൻ തുടങ്ങി.

എത്രയോ മെസേജുകളാണ് വാട്സാപ്പിലും മെസഞ്ചറിലും വന്നുകിടക്കുന്നത്. എലത്തോട്ടത്തിലെ താമസത്തേക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചും, ആഹാരത്തെക്കുറിച്ചുമെല്ലാം തിരക്കിക്കൊണ്ടുള്ള ബന്ധുക്കളുടേയും, സുഹൃത്തുക്കളുടെയുമൊക്കെ മെസേജുകൾ. സ്നേഹവും, കരുതലും നിറഞ്ഞ കുടുംബാഗങ്ങളുടെ കുറിപ്പുകൾ.

ഇരുപത്തഞ്ചുകൊല്ലം ഞാൻ വളർന്ന നാട്, വീട്... കുടുംബാങ്ങങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ... അവരുടെയൊക്കെയും ഓർമ്മകൾ മനസ്സിലേയ്ക്ക് ഓടിയെത്തുന്നു. തോട്ടത്തിൽ എത്തിയിട്ട് ഒരാഴ്ചയെ ആയുള്ളൂവെങ്കിലും ഒരുമാസം ആയതുപോലെ.എന്നെ തോട്ടത്തിലേയ്ക്ക് യാത്രയാക്കാൻ വേണ്ടി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ട് എന്നെ സ്നേഹിച്ച എന്റെ കൂട്ടുകാർ, യാത്രപറഞ്ഞിറങ്ങും നേരം നിറകണ്ണുകൾതുടച്ചുകൊണ്ട് നിന്ന ഉമ്മ, സഹോദരി... എല്ലാവരുടേയും മുഖങ്ങൾ ഓർമ്മകൾ... മെസേജിലൂടെയും, കോളിലൂടെയുമെല്ലാമായി ഞാനൊരിക്കൽക്കൂടി ഓർത്തെടുത്തു.

മെസേജുകൾക്കൊക്കെയും മറുപടി കൊടുത്തുകഴിഞ്ഞപ്പോൾ കണ്ണുകൾ വേദനിക്കാൻ തുടങ്ങി. വിളക്കിന്റെ തിരിനാളം നിഴലാട്ടം കണക്കെ ആടിയുലഞ്ഞുകൊണ്ടിരുന്നു.സിഗ്‌നലിന്റെ അഭാവം മൂലം ചാർജ് നഷ്ടപ്പെടാതിരിക്കാൻ ഫോൺ ഓഫാക്കി വെച്ചിട്ട് ഞാൻ ടോർച്ചുമെടുത്തുകൊണ്ട് മെല്ലെ പുറത്തേക്കിറങ്ങി. പുറത്തെങ്ങും കൂരക്കൂരിരുട്ട്. അടുത്തതോട്ടിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ഇരമ്പൽ കേൾക്കാം. ചീവീടിന്റെ ശബ്ദം കാറ്റടിച്ചപ്പോൾ കൂടിയും കുറഞ്ഞും കേട്ടുകൊണ്ടിരുന്നു. അങ്ങനെ നോക്കിനിൽക്കവേ കണ്ടു... ഷെഡ്‌ഡിനരികെ പണിസാധനങ്ങൾ അടുക്കിവെച്ചിരിക്കുന്നതിനിടയിൽ ഒരു നായ നിൽക്കുന്നു. തനിക്ക് ആഹാരമാക്കാൻ പറ്റിയതെന്തോ കണ്ട് തിരച്ചിൽ നടത്തുകയാണ് ആ ജീവി. തോട്ടത്തിൽ പണിക്ക് വരുന്ന ആരുടെയോ ആണ് ആ നായ. പകൽ അതിനെ കണ്ട കാര്യം ഞാനോർത്തു. കുനിഞ്ഞ് ഒരു കല്ലെടുത്ത് അതിനെ ഓടിക്കാനൊരുങ്ങിയതും കുരച്ചുകൊണ്ട് അത് ഇരുളിലേയ്ക്ക് ഓടിമറഞ്ഞു.

സമയം രാത്രി പത്തുമണി. ഞാൻ മെല്ലെ തട്ടിൻ മുകളിൽ കയറിക്കിടന്നു. ഷെഡ്‌ഡിന്റെ മൂലയിലുള്ള തട്ടിൽ പുതച്ചുമൂടി ഉറക്കംപിടിച്ചുകഴിഞ്ഞിരുന്ന കൃഷ്ണൻകുട്ടി ചേട്ടന്റെ കൂർക്കംവലി ഇതിനകം ഉയർന്നുതുടങ്ങിയിരുന്നു. ഇടയ്ക്കിടയ്ക്ക് കൊതുകുകടി ഏറ്റിട്ടെന്നവണം ചേട്ടൻ ഞരങ്ങുകയും, മൂളുകയും, തിരിയുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. വീശിയടിച്ച കാറ്റിൽ തണുപ്പ് ഷെഡ്‌ഡിനുള്ളിലേയ്ക്ക് അരിച്ചുകയറി. പുതപ്പ് വലിച്ചിട്ടുകൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കെയടച്ചു. മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

പ്രഭാതം പക്ഷികളുടെ നിറുത്താതെയുള്ള കലപില ശബ്ദം കേട്ട് ഞാൻ കണ്ണുകൾ തുറന്നു. എലക്കാടുകളെ തഴുകിയെത്തുന്ന സുഗന്ധമുള്ള കാറ്റ് അപ്പോഴും ഷെഡ്‌ഡിനുള്ളിലേയ്ക്ക് അരിച്ചെത്തുന്നുണ്ട്. ഞാൻ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കി. മഞ്ഞ് പൂർണ്ണമായും മാറിയിട്ടില്ല.ഫോണെടുത്ത് ഓൺചെയ്തു നോക്കി. പതിവ് മെസേജുകൾക്ക് മറുപടി കൊടുത്തു. തുടർന്ന് പല്ലുതേപ്പും മറ്റും കഴിച്ച് തിരികെ എത്തുമ്പോൾ... കൃഷ്ണൻകുട്ടിച്ചേട്ടൻ കട്ടൻചായ റെഡിയാക്കി കഴിഞ്ഞിരുന്നു. തട്ടുമ്പുറത്തിരുന്നുകൊണ്ട് ചൂടുചായ ആസ്വദിച്ചു കുടിച്ചു. ഈ സമയം ചേട്ടൻ കാപ്പിക്കുള്ള കപ്പ പുഴുങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കാപ്പികുടി കഴിഞ്ഞപ്പോഴേയ്ക്കും പണിക്കാർ ഓരോരുത്തരായി വന്നുതുടങ്ങിയിരുന്നു. അവർക്കുവേണ്ടുന്ന നിർദേശങ്ങൾ കൊടുക്കുകയും, അവർ ആരൊക്കെയാണെന്നുള്ള വിവരം ഹാജർബുക്കിൽ രേഖപെടുത്തുകയും ചെയ്തുകൊണ്ടിരിക്കവേയാണ് ഒരു പെൺകുട്ടി എനിക്കരികിലേയ്ക്ക് നടന്നുവന്നത്.

"അച്ഛന് നല്ല സുഖമില്ല... പനിയാണ്. ഇവിടെവന്ന് കുറച്ച് പൈസ വാങ്ങിക്കൊണ്ടുവരാൻ എന്നോട് പറഞ്ഞു."അവൾ എന്നെനോക്കി സങ്കടത്തോടെ പറഞ്ഞു.

"ആണോ... അച്ഛന്റെ പേരെന്താണ്...?"ഞാൻ അവളെ നോക്കി.

"അത് ഇവിടെ പണിക്കുവരുന്ന ദിവാകരന്റെ മോളാണ്..."ഈ സമയം കൃഷ്ണൻകുട്ടിച്ചേട്ടൻ എനിക്കരികിലേയ്ക്ക് വന്നുകൊണ്ട് അവളെനോക്കി പറഞ്ഞു.

"ആണോ... എനിക്കറിയില്ലല്ലോ... മോള് ഇവിടെ നിൽക്കൂ... ഞാനിപ്പോൾ വരാട്ടോ..."പറഞ്ഞിട്ട് ഞാൻ ഷെഡ്‌ഡിനുള്ളിൽ കടന്ന് ഷർട്ട് മാറി പേഴ്സിൽ നിന്ന് കുറച്ചുപണം എടുത്ത് പോക്കറ്റിൽ വെച്ചുകൊണ്ട് ഫോണും എടുത്ത് പുറത്തിറങ്ങി. കൃഷ്ണൻകുട്ടി ചേട്ടനോട് അത്രത്തോളം പോയി വരാമെന്ന് പറഞ്ഞിട്ട് ആ പെൺകുട്ടിയ്ക്ക് പിന്നെലെ അവളുടെ വീട്ടിലേയ്ക്ക് നടന്നു.

കൃഷ്ണൻകുട്ടിച്ചേട്ടന്റെ അപ്പോഴത്തെ മുഖഭാവത്തിൽ നിന്ന് ചേട്ടനും കൂടി എനിക്കൊപ്പം വരാൻ ആഗ്രഹമുണ്ടെന്ന് തോന്നി. എങ്കിലും കൂടെ വിളിച്ചില്ല. തോട്ടത്തിൽ എന്തൊക്കെ പണികളാണ് ചെയ്യേണ്ടതെന്ന് അറിയാവുന്നത് ചേട്ടനുമാത്രമാണ്. ചേട്ടനാണ് പണിക്കാർക്ക് വേണ്ടുന്ന നിർദേശങ്ങൾ കൊടുത്തുകൊണ്ട് ഓരോന്നും നോക്കിക്കണ്ടു ചെയ്യിക്കുന്നത്. ചേട്ടന്റെ സാന്നിധ്യമില്ലെങ്കിൽ പണിക്കാർ ഉഴപ്പുകയും ചെയ്യുന്ന ജോലി ഭംഗിയാവുകയുമില്ല.

ഉരുളൻകല്ലുകളും, കരിയിലകളും, പുൽനാമ്പുകളും നിറഞ്ഞ മൺപാത താണ്ടി ഞങ്ങൾ നടന്നു.ചുറ്റും ഏലചെടികളാണ്. ഇടയ്ക്കിടയ്ക്ക് കാപ്പിച്ചെടികളും, വന്മരങ്ങളും ഉണ്ട്‌. ഇടയ്ക്കിടയ്ക്കായി ചെറിയ ഷെഡ്ഡുകൾ കാണാം. ഓരോ തോട്ടത്തിലേയും പണിക്കാരുടെ താവളങ്ങൾ. അങ്ങകലെയായി തലയുയർത്തിനിൽക്കുന്ന കുന്നുകൾ കാണാം. ആ കുന്നുകളുടെ ഉച്ചിയിലേയ്ക്ക് നോക്കിയാൽ അത് ആകാശത്തെ ചുംബിക്കുകയാണെന്നു തോന്നും. സൂര്യൻ ഉദിച്ചുപോങ്ങിയതോടെ അന്തരക്ഷത്തിന് ചെറുതായി ചൂട് പിടിച്ചിട്ടുണ്ട്. നെറ്റിത്തടത്തിലൂറിയ വിയർപ്പുതുള്ളികൾ ഞാൻ കൈകൊണ്ട് തുടച്ചുമാറ്റി.

"ദാ... ആ കാണുന്നതാണ് എന്റെ വീട്."

അരമണിക്കൂർ നീണ്ട നടത്തത്തിനൊടുവിൽ ദൂരെ കുന്നിൻമുകളിലേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.

റോഡിനപ്പുറത്തായി കുന്നിന്റെ മുകളിൽ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞുണ്ടാക്കിയ ഒരു കൊച്ചുവീട്. മൺകട്ടകൊണ്ടുള്ള ചുവരുകൾ. വഴിയരികിൽ കണ്ടുവന്നതുപോലത്തെ പണിക്കാർക്ക് പാർക്കാനുള്ള ഷെഡ്‌ഡാവും അതെന്നാണ് ഞാൻ ആദ്യം കരുതിയത്. അത്രയ്ക്ക് ദയനീയമായിരുന്നു അതിന്റെ അവസ്ഥ.

അവളോടൊപ്പം ഞാൻ ആ വീട്ടുമുറ്റത്തേയ്ക്ക് കയറിച്ചെന്നു. പൂമുഖത്തെ പഴകി ദ്രവിച്ച കസേരയിൽ മൂടിപ്പുതച്ചു ദിവാകരൻ ചേട്ടൻ ഇരിക്കുന്നു. എന്നെക്കണ്ട് വിളറിയ പുഞ്ചിരിയോടെ ദയനീയത നിറഞ്ഞ മിഴികളാൽ എന്നെ നോക്കി. പനിച്ചുവിറക്കുന്ന ആ മനുഷ്യന്റെ കവിളും, ചുണ്ടുകളും വല്ലാതെ തിണർത്തിരുന്നു. കണ്ണുകൾക്ക് വല്ലാത്ത ചുവപ്പ്. ചെറിയതോതിൽ അയാൾ ഞരങ്ങുന്നതുപോലെ തോന്നി.

"ചേട്ടാ... "ഞാൻ മെല്ലെ വിളിച്ചു.

"പനി എപ്പോഴാണ് തുടങ്ങിയത്... മരുന്ന് എന്തെങ്കിലും കഴിച്ചാരുന്നോ.?" ഞാൻ അദ്ദേഹത്തിന്റെ കരം കവർന്നുകൊണ്ട് മെല്ലെ അരികിലായി കസേരയിൽ ഇരുന്നു.

"ഇന്നലെ രാത്രി തുടങ്ങിയതാണ്...ഇ വിടെ ഉണ്ടായിരുന്ന മരുന്നൊക്കെ കഴിച്ചു കുറവില്ല..."തളർന്ന ശബ്ദത്തിൽ അദ്ദേഹം മറുപടി പറഞ്ഞു.

"ആണോ... ഇനിയിപ്പോൾ എവിടെയാ മരുന്നിന് പോവുക... ടൗണിൽ പോകണ്ടേ.?"

"ഉം... ടൗണിൽ പോണം."ആ മനുഷ്യൻ നിസ്സഹായതയോടെ എന്നെ നോക്കി.

ഞാൻ ചുറ്റുപാടും ഒന്ന് മിഴികൾ പായിച്ചു. കാലപ്പഴക്കത്താൽ ഇടിഞ്ഞുവീഴാറായ വീട്. അതിന്റെ വാതുക്കൾ പിടിച്ചുകൊണ്ട് മൂന്ന് പെൺകുട്ടികൾ.ഒരാൾ എന്നെ ക്ഷണിക്കാൻ വന്നവൾ. മറ്റുരണ്ടുപേർ അവളുടെ മൂത്തതാണ്. മൂത്തയാൾക്ക് ഒരു പതിനെട്ടു വയസ്സെങ്കിലും പ്രായം ഉണ്ടാവണം. ഒരുനിമിഷം എന്റെ കണ്ണുകൾ അവളുടെ മിഴികളുമായി ഇടഞ്ഞു. പൊടുന്നനെ അവൾ മിഴികൾ പിൻവലിച്ചുകൊണ്ട് വാതിലിനു പിന്നിൽ മറഞ്ഞു.മുറ്റത്തെ കോണിൽ കോഴികൂട്ടിൽ ഏതാനും കോഴികൾ കിടന്നു കൊക്കുന്നുണ്ട്. ഈ സമയം ചേട്ടന്റെ ഭാര്യ അവിടേയ്ക്ക് വന്നു. അലക്കിമുഷിഞ്ഞ ഒരു നൈറ്റിയാണ് വേഷം. അൻപതിനോടടുത്ത പ്രായം. കണ്ണുകളിൽ വല്ലാത്ത ദൈന്യത തളംകെട്ടി നിൽക്കുന്നു. എന്നെനോക്കി അവർ മെല്ലെ പുഞ്ചിരിച്ചു.

ഞാൻ അവരെയും കുട്ടികളേയും പരിചയപ്പെട്ടു.മൂത്തപെൺകുട്ടി പ്ലസ്ടൂ കഴിഞ്ഞ് നിൽക്കുന്നു. രണ്ടാമത്തവൾ പത്തിലും, ഇളയവൾ ആറിലും പഠിക്കുന്നു.ഈ സമയം വാതിലിനു മറഞ്ഞുനിന്ന മൂത്തകുട്ടിയെ നോക്കി അവർ പറഞ്ഞു.

"അനിതെ നീ പോയി കുറച്ചു ചായ എടുക്ക്."

'അനിത' ആ പേര് ഞാൻ ഒരുനിമിഷം മനസ്സിൽ ഉരുവിട്ടു. ചായ വേണ്ടെന്ന് പറയണമെന്ന് തോന്നിയെങ്കിലും പറഞ്ഞില്ല. ഞാനങ്ങനെ പറഞ്ഞാൽ അത് അവർക്കൊരു വിഷമം ആയെങ്കിലോ എന്നുകരുതി.പിന്നെ പാരമ്പര്യമായി പകർന്നുകിട്ടിയ ഇടയ്ക്കിടയ്ക്കുള്ള ചായകുടി ശീലവും എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.

ഞാൻ വീണ്ടും അവരുമായി വിശേഷങ്ങൾ പങ്കുവെക്കുന്ന തിരക്കിൽ വ്യാപൃഥനായി.നിമിഷനേരംകൊണ്ട് ആ കുടുംബവുമായി വല്ലാത്തൊരു ആത്മബന്ധം ഞാൻ സ്ഥാപിച്ചെടുത്തു.

ഈ സമയം അനിത ചായ കൊണ്ടുവന്നു. പാകത്തിന് കടുപ്പവും മധുരവുമുള്ള ആ ചൂടുകാപ്പി മെല്ലെ ആസ്വദിച്ചു കുടിച്ചുകൊണ്ട് വാതിലിനു മറവിൽ ഒളിച്ച അവൾ കേൾക്കാൻ പാകത്തിൽ ഞാൻ പറഞ്ഞു.

"കാപ്പി നന്നായിട്ടുണ്ട്."

ഒടുവിൽ പോകാന്നേരം ഏതാനും രൂപ ചേട്ടന്റെ കൈയിൽ വെച്ചുകൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.

"ഞാൻ ഇറങ്ങുന്നു... എത്രയും വേഗം പോയി മരുന്ന് വാങ്ങണം. പിന്നെ നന്നായി റസ്റ്റെടുക്കണം. പനി ശരിക്കും മാറിയിട്ട് തോട്ടത്തിൽ ജോലിക്ക് വന്നാൽ മതി.പൈസയ്ക്ക് ഇനിയും ആവശ്യം വരികയാണെങ്കിൽ ആരെയെങ്കിലും തോട്ടത്തിലേയ്ക്ക് പറഞ്ഞുവിടണം. എന്റെ നമ്പറിൽ വിളിച്ചാലും മതി."

ഒരിക്കൽക്കൂടി ചേട്ടന്റെ പനിച്ചൂടാർന്ന കരം കവർന്നിട്ട് മെല്ലെ തിരിഞ്ഞുനടന്നു .ഈ സമയം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നന്ദിയോടെ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.

( തുടരും )


ഭാഗം 2 

തിരികെ മടങ്ങുംനേരം തോട്ടത്തിനടുത്തായുള്ള വഴിയരികിലെ ആ കൊച്ചുവീടിനുനേർക്ക് ഞാനൊന്നു സൂക്ഷിച്ചു നോക്കി പുറത്തെങ്ങും ആരുമില്ല.വാതിൽ അടഞ്ഞുകിടക്കുന്നു. മുറ്റത്തിന്റെ കോണിലുള്ള കൂട്ടിൽ നിന്നുകൊണ്ട് ആടുകൾ കെട്ടിതൂക്കിയിട്ട പ്ലാവിലകൾ കടിച്ചുതിന്നുന്നുണ്ട്.


തോട്ടത്തിൽ പണിക്കുവരാറുള്ള ലക്ഷ്മി ചേച്ചിയുടെ വീടാണത്. ചേച്ചിയും ഏകമകൾ സിന്ധുവുമാണ് ആ വീട്ടിൽ താമസം. ചേച്ചി ആളിത്തിരി പിശകാണെന്നാണ് എല്ലാവരും പറഞ്ഞുള്ള അറിവ്. മുൻപ് പലതവണ വെല്ല്യാപ്പയുമൊത്തു തോട്ടം സന്ദർശിക്കാൻ വന്നപ്പോഴൊക്കെ ചേച്ചിയെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. ഞാൻ തോട്ടത്തിലെ നടത്തിപ്പുകാരനായി എത്തിയിട്ട് ഇതുവരെ ചേച്ചിയെ പണിക്ക് കണ്ടതുമില്ല. അന്വേഷിച്ചപ്പോൾ ദൂരെ ഏതോ ബന്ധുവിന്റെ വീട്ടിൽ പോയതാണെന്ന് അറിയാൻ കഴിഞ്ഞു.കുന്നുംപുറത്തു ലക്ഷ്മി അങ്ങനെയാണ് ചേച്ചിയെ എല്ലാവരും വിളിക്കുന്നത്‌. തോട്ടത്തിലെത്തി ആഴ്ച ഒന്നുകഴിഞ്ഞിട്ടും അയൽവാസിയായ ചേച്ചിയെ ഒന്നുപരിചയപ്പെടാൻ കഴിയാതത്തിൽ എനിക്ക് നിരാശ തോന്നി. ഒപ്പം ഉള്ളിൽ വല്ലാത്തൊരു കുളിരും.ഈ മലയോരത്തെ ചെറുപ്പക്കാരുടെയൊക്കെ ഉറക്കംകെടുത്തുന്ന ചേച്ചിയെ ഒന്ന് കാണാൻ വല്ലാത്ത കൊതി. എന്തായാലും ഇനിയുള്ളദിവസങ്ങൾ താൻ ഇവിടെയുണ്ടല്ലോ...സാവദാനം പരിചയപ്പെടാം. ഞാൻ മനസ്സിൽ കരുതി.

തോട്ടത്തിലെത്തുമ്പോൾ പണിക്കാർ കാപ്പി കുടിക്കാനുള്ള തിരക്കിലാണ്. അതിനായി ചായ ചൂടാക്കിവെച്ചിട്ട് കൃഷ്ണൻകുട്ടിച്ചേട്ടൻ അവരെ കൂക്കി വിളിക്കുന്ന ശബ്ദം അകലെനിന്നെ ഞാൻ കേട്ടിരുന്നു. എല്ലാം ചേട്ടന് കിറുകൃത്യമാണ്.പണിയുടെകാര്യത്തിലും, പണിയെടുപ്പിക്കുന്ന കാര്യത്തിലുമെല്ലാം.സമയം അറിയാൻ ചേട്ടന് വാച്ചു നോക്കേണ്ടുന്ന ആവശ്യംപോലുമില്ല. വർഷങ്ങളുടെ പരിചയം.ഇരുപതു വർഷത്തോളമായി ചേട്ടൻ വല്ല്യാപ്പയുടെ വിശ്വാസ്തനായി ഞങ്ങടെ തോട്ടത്തിലെ കാവൽക്കാരനായി കൂടിയിട്ട്.

എന്നെക്കണ്ടതും ചേട്ടൻ അരികിലേയ്ക്ക് വന്നു സുഹൃത്തിന്റെ വിവരങ്ങൾ തിരക്കാൻ.

"ദിവകരന് എങ്ങനുണ്ട്.?"

"നല്ല പനിയുണ്ട്...ഭയക്കാനൊന്നുമില്ല. മരുന്നിനുപോകാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്."

"നിങ്ങളെല്ലാവരും കൃത്യസമയത്തുതന്നെ കാപ്പികുടിച്ചല്ലേ...ഞാനിതുവരെ കഴിച്ചിട്ടില്ല...വല്ലാത്ത വിശപ്പ്..."പണിക്കാരെ നോക്കി പറഞ്ഞിട്ട് ഞാൻ ഷെഡ്‌ഡിലേയ്ക്ക് കയറി.

ചേട്ടൻ കൈ കഴുകിക്കൊണ്ട് എന്റെപിന്നാലെ ഷെഡ്‌ഡിലേയ്ക്ക് കടന്നു. എന്നിട്ട് വേവിച്ചുവെച്ചിരുന്ന ചെണ്ടൻ കപ്പയും, കാന്താരിമുളകിന്റെ ചമ്മന്തിയും പ്ലേറ്റിലേയ്ക്ക് പകർന്നുതന്നു. ഞാൻ ആസ്വദിച്ചു കാപ്പി കുടിച്ചു.

ഈ സമയം എന്റെ കാലിന്റെ മുട്ടിന്റെ മടക്കിൽ വല്ലാത്ത ചൊറിച്ചിൽ തോന്നി. നോക്കുമ്പോൾ... ഒരു തോട്ടപ്പുഴു കടിച്ച് ചോരകുടിച്ചു വീർത്തിരിക്കുന്നു. മുറിവിൽനിന്നും രക്തം ഒഴുകിയിറങ്ങുന്നുണ്ട്. ആദ്യമായിട്ടല്ല തോട്ടപ്പുഴു കടിക്കുന്നതെങ്കിലും ഞാൻ അറപ്പോടെ ഒരു പേപ്പർ കഷ്ണം കൂട്ടി അതിനെ പറിച്ചെടുത്തുകൊണ്ട് ചേട്ടനെനോക്കി.

ചേട്ടൻ അതിനെ കൈയിൽ വാങ്ങി ലൈറ്റർ തെളിച്ചുകൊണ്ട് പൊള്ളിച്ചിട്ട് മുറ്റത്തേക്കെറിഞ്ഞു. തുടർന്ന് കടിച്ചയിടത്ത് ബീഡിക്കവറിന്റെ അൽപ്പം കടലാസുകഷ്ണം ഒട്ടിച്ചുവെച്ചു.

മുൻപ് പലപ്പോഴും തോട്ടം സന്ദർശിക്കാൻ വന്നപ്പോൾ തോട്ടപ്പുഴു കടിച്ചിട്ടുണ്ട്. മഴക്കാലത്തെ പുഴുവിന്റെ ശല്യത്തേക്കുറിച്ച് വല്ല്യാപ്പയും മറ്റും പറഞ്ഞ് കേട്ടിട്ടുണ്ട്. പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കിയിട്ട് തട്ടിന്റെ പുറത്ത് വെച്ചു. ചാർജ് കുറവാണ്... കറണ്ട് ഇനിയും എത്തിയിട്ടില്ല.

ഡ്രസ്സുമാറി... ഒരു തോർത്തെടുത്തു തലയിൽ കെട്ടി. തുടർന്ന് ഞാൻ തോട്ടത്തിലേയ്ക്ക് വരാനൊരുങ്ങിയപ്പോൾ...വല്ല്യാപ്പ പാടത്താളി എന്ന പച്ചമരുന്ന് വെളിച്ചെണ്ണയിലിട്ട് കാച്ചി പ്രത്യേകം തയ്യാറാക്കി തന്നയച്ച എണ്ണ കാലിൽ തേച്ചുപിടിപ്പിച്ചു. തോട്ടപ്പുഴു കടിക്കാതിരിക്കാനാണിത്. എന്തായാലും എണ്ണ കൊണ്ടുവന്നത് വലിയൊരു അനുഗ്രഹമായി എന്നാണ് ഇതറിഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞത്.ഒരു വെട്ടുകത്തിയുമെടുത്തുകൊണ്ട് ഞാൻ മെല്ലെ തോട്ടത്തിലേയ്ക്കിറങ്ങി.

തോട്ടത്തിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. എലത്തോട്ടത്തിനുള്ളിലെ ചെറിയ ഷെഡ്ഡ് തന്റെ ഗൃഹമായി മാറിയിരിക്കുന്നു. ഷെഡ്ഢിനെ രണ്ടായി ഭാഗിച്ച് ഒരുഭാഗം കിടക്കാനുള്ള സ്ഥലമായും... ബാക്കിയുള്ള സ്ഥലം അടുക്കളയ്ക്കും, വളവും, മരുന്നുമൊക്കെ വെയ്ക്കുന്നതിനുമായും മാറ്റിവെച്ചിരിക്കുന്നു. പലപ്പോഴും അടുക്കളയിൽ നിന്നുയരുന്ന പുകപടലങ്ങൾ പുറത്തേയ്ക്ക് പോകാതെ ഷെഡ്ഢിനുള്ളിൽ തന്നെ തങ്ങിനിൽക്കും.അപ്പോൾ വല്ലാത്ത അസ്വസ്ഥത തന്നെയാണ്. പിന്നെ പുകയിൽ നിന്ന് രക്ഷപെടാനുള്ള ഏകമാർഗം തൈതൽ ഉപയോഗിച്ചുള്ള മറയുടെ ഒരുഭാഗം ഉയർത്തി വെയ്ക്കുക എന്നതുമാത്രമാണ്. അപ്പോൾ മാത്രമേ പുക പുറത്തുപോയി ശുദ്ധവായുവും വെളിച്ചവും ഉള്ളിൽ കടക്കുകയുള്ളൂ. ഏക്കറുകണക്കിന് പരന്നുകിടക്കുന്ന എലതോട്ടമാണ്.തോട്ടത്തിന്റെ വലിപ്പത്തോട് ബന്ധപ്പെടുത്തി നോക്കിയാൽ ഷെഡ്ഡ് വളരെ ചെറുതാണ്. നാട്ടിൽനിന്ന് കൂടുതൽ ആളുകൾ വരുമ്പോൾ വളരെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടുക. തൊഴിലാളികൾ കൂടുതലുള്ള ദിവസങ്ങളിലും വളരെ ബുദ്ധിമുട്ടാണ്. മഴയോ മറ്റോ വന്നാൽ കുടയോ, പ്ലാസ്റ്റിക്കോ ചൂടി മുറ്റത്തും ഇറമ്പിലുമൊക്കെ നിൽക്കേണ്ടി വരും. സീസണിൽ മാത്രമേ പണിക്കാർ കൂടുതലുണ്ടാവൂ... ആദ്യമായി താനിവടെ എത്തിച്ചേർന്നദിവസം കൂടുതൽ ജോലിക്കാരുണ്ടായിരുന്നു. അന്ന് പുതുതായി തൈകൾ നടുന്ന ദിവസമായിരുന്നു. ഞാൻ തോട്ടത്തിൽ നടത്തിപ്പുകാരനായി എത്തിച്ചേരുന്നതിനുമുൻപ് സ്ഥിരമായി ഒരാൾ കൃഷ്ണൻകുട്ടിച്ചേട്ടൻ മാത്രമായിരിക്കും കാവലിന് ഉണ്ടാവുക. വല്ല്യാപ്പ വന്ന് ഒന്നൊരാണ്ടോ ദിവസങ്ങൾ തങ്ങി ചേട്ടനെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചുകൊണ്ട് പൈസയും കൊടുത്തിട്ട് മടങ്ങുകയാണ് ചെയ്യാറ്.

തങ്ങൾക്ക് സ്ഥിരമായി തോട്ടമുടമയുടെ സാന്നിധ്യം കിട്ടിയതിൽ തൊഴിലാളികൾ സന്തോഷിച്ചു. ഏറ്റവുംകൂടുതൽ സന്തോഷം കൃഷ്ണൻകുട്ടി ചേട്ടനാണ്. രാത്രികാലങ്ങളിൽ മിണ്ടിപ്പറയാൻ ഒരാളായല്ലോ... എടുത്തുപറയത്തക്ക ബന്ധുക്കളൊന്നും ഇല്ലാത്ത ചേട്ടന്റെ ജീവിതമത്രയും ഇതുപോലുള്ള തോട്ടങ്ങളിൽ കാവൽക്കാരനായും മറ്റുമാണ് ജീവിച്ചുതീർത്തിട്ടുള്ളത്. എന്റെ ആഗ്രഹപ്രകാരം... ചേട്ടനുംകൂടി പലപ്രാവശ്യം വല്ല്യാപ്പയുടെ അടുക്കൽ നിർബന്ധിച്ചു പറഞ്ഞതുകൊണ്ടും,ധൈര്യം പകർന്നതുകൊണ്ടും മാത്രാമാണ് എനിക്ക് ഇവിടേയ്ക്ക് വരാനായത്. എന്നെ തനിച്ച് തോട്ടത്തിലേയ്ക്ക് അയയ്ക്കാൻ കുടുംബങ്ങങ്ങളിൽ ആർക്കും താല്പര്യമുണ്ടായിരുന്നില്ല. ഒടുവിൽ എന്റെ നിർബന്ധത്തിന് വീട്ടുകാർ മനസ്സില്ല മനസ്സോടെ വഴങ്ങുകയായിരുന്നു.തോട്ടത്തിലെത്തിയ ആദ്യദിനം മുതൽ എനിക്കുവേണ്ടുന്ന നിർദേശങ്ങളും, കരുതലുമൊക്കെ തന്നുകൊണ്ട് വല്ല്യാപ്പയ്ക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ പിന്നാലെത്തന്നെയുണ്ട് ചേട്ടൻ.

ആദ്യമായിട്ട് തറവാട്ടുവക തോട്ടത്തിലെ മേൽനോട്ടക്കാരനായി എത്തിയിരിക്കുന്നു .സ്‌കൂൾപഠനം കഴിഞ്ഞ് നാട്ടിലെ കൃഷിയിലും മറ്റും പങ്കുചേർന്നിട്ടുണ്ടെങ്കിലും എലത്തോട്ടത്തിലെ പണികളെക്കുറിച്ചും, അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും, ജീവിതരീതികളെക്കുറിച്ചുമൊന്നും അധികം അറിവുണ്ടായിരുന്നില്ല. വല്ല്യാപ്പ വല്ലുമ്മയോടും, സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞുകേൾക്കാറുള്ള അറിവ് മാത്രമായിരുന്നു ഏക മുതൽക്കൂട്ട്.

മക്കളേയും,മരുമക്കളേയുമെല്ലാം ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ്‌ വല്ല്യാപ്പ.കുടുംബങ്ങങ്ങളെപ്പോലെതന്നെ മറ്റുള്ളവരുടെ ദുഃഖവും വല്ല്യാപ്പയ്ക്ക് താങ്ങാനാവില്ല.അദ്ദേഹത്തിന്റെ കൊച്ചുമകനായി ജനിച്ച് ജീവിക്കാൻ കഴിഞ്ഞതിൽ വല്ലാത്ത അഭിമാനം തോന്നിയ പല സന്ദര്ഭങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

വല്ല്യാപ്പയോട് യാത്രപറഞ്ഞുകൊണ്ട് ഇവിടേയ്ക്ക് തിരിച്ച സമയം ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. കൈകൾ ചേർത്തു കെട്ടിപ്പുണർന്നുകൊണ്ട് തോളിൽ മുഖം ചേർക്കുമ്പോൾ ചുളിവുകൾ വീണ ആ കൺപോളകൾ നീരഞ്ഞിട്ടുണ്ടായിരുന്നു.നിയന്ത്രിക്കാനാവാത്ത സങ്കടത്താൽ ആ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു.

എലത്തോട്ടത്തിലെ പ്രത്യേകത നിറഞ്ഞ കാലാവസ്ഥ. മഞ്ഞുമൂടിയ പ്രഭാതം,തണുപ്പ് കൂടുതലുള്ള രാത്രി,സദാ പെയ്യുന്ന മഴ, തണുത്ത കാറ്റ്...ഇതിനോട് ഇടപഴകിയുള്ള ജീവിതം...ഒരാഴ്ചത്തെ താമസംകൊണ്ട് ശരീരം വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു. മുടിയൊക്കെ ചെമ്പിച്ച്, ശരീരമാകെ മൊരിച്ചിൽ പിടിച്ച്... പിന്നെ വിട്ടുമാറത്ത ജലദോഷവും, തുമ്മലുമെല്ലാം. കുറച്ചുനാൾ കഴിയുമ്പോൾ എല്ലാം ശരിയാകും എന്നാണ് കൃഷ്ണൻകുട്ടി ചേട്ടൻ പറഞ്ഞത്.ആദ്യമായിട്ട് തോട്ടത്തിൽ എത്തുന്നവരുടെ അവസ്ഥ ഇതൊക്കെത്തന്നെയാണ്... വര്ഷങ്ങളുടെ ജീവിതപരിചയമുള്ള ചേട്ടൻ എന്നോട് പറഞ്ഞു. അതു ശരിയായിരിക്കും... ഇല്ലെങ്കിൽ തന്നെയും ശരിയായല്ലേ പറ്റൂ... എന്തും സഹിക്കാൻ തയ്യാറായിത്തന്നെയാണ് ഇങ്ങോട്ട് പുറപ്പെട്ടത്. വല്ല്യാപ്പയെപ്പോലെ നല്ലൊരു മനുഷ്യനാകണം. നല്ലൊരു കർഷകനും, മനുഷ്യസേന്ഹിയുമൊക്കെ ആവണം.അതിന് അനുഭവസമ്പത്തും ജീവിതപരിചയങ്ങളും വേണം.വല്ല്യാപ്പയുടെ ആദ്യനാളുകൾപോലെ തന്റെയും തുടക്കം ഇവിടെന്നുതന്നെയാവണം.എന്തായാലും തോട്ടത്തിൽ വന്നനാളുകളിലുള്ള ബുദ്ധിമുട്ട് ഇപ്പോൾ തോന്നുന്നില്ല.

തോട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലത്ത് താമസിക്കുന്നതിൽ കൂടുതൽ പേരും വളരെ നിർധനരാണ്.മറ്റുള്ളവരുടെ തോട്ടങ്ങളിൽ പണിയെടുത്തുകൊണ്ട് അന്നന്നുള്ള അന്നത്തിന് വകകണ്ടെത്തുന്നവർ... പാവങ്ങൾ. മഞ്ഞും മഴയുമൊന്നും വകവെയ്ക്കാതെ തുച്ഛമായ കൂലിയ്ക്കുവേണ്ടി എല്ലാദിവസവും ജോലിക്ക് പോകുന്നവർ. അവർക്ക് അവധിദിനങ്ങളോ, ആഘോഷങ്ങളോ ഒക്കെയും തന്നെ കുറവാണ്.അന്നന്നുകിട്ടുന്ന രൂപക്കൊണ്ട് വൈകിട്ട് ജോലികഴിഞ്ഞു പോകുന്നവഴി ടൗണിലെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിൽ പോകുന്നവർ.കപ്പയും, കിഴങ്ങുമൊക്കെ ഭക്ഷണമാക്കിയവർ.പറയത്തക്ക സമ്പാദ്യങ്ങളോ... നാളെയെന്ന നാളുകൾക്കായി കരുതലുകളോ ഒന്നുംതന്നെ ഇല്ലാത്തവർ.

തോട്ടത്തിൽ പുതുതായി എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ... പുരോഗതികൾ വരുത്താനാകുമോ എന്ന് ഞാൻ ആലോചിച്ചു. അതിന് ആദ്യമേ തൊഴിലാളികളുമായി നല്ല സൗഹൃദം സ്ഥാപിക്കണം.അവരാണ് തോട്ടത്തിന്റെ നിലനിൽപ്പിന് ആധാരം.ആദ്യം അവരുടെ മനസ്സിൽ ഇടപിടിക്കണം.പിന്നെ അവരുടെ കുടുംബവുമായി സൗഹൃദം സ്ഥാപിക്കണം.

ഉച്ചയോടെ തോട്ടത്തിലെ ചുറ്റിക്കറങ്ങൽ അവസാനിപ്പിച്ച് ഷെഡ്‌ഡിൽ തിരികെയെത്തി.കാലിലും മറ്റും വിശദമായി പരിശോദിച്ചു.ഭാഗ്യത്തിന് പുഴുക്കൾ ഒന്നും കടിച്ചിട്ടില്ല. വല്ല്യാപ്പ തന്നയച്ച എണ്ണയുടെ ഗുണം. ഈ സമയം പണിക്കാർ കഞ്ഞികുടിക്കാൻ കയറിക്കഴിഞ്ഞിരുന്നു.അടുപ്പത്തുനിന്ന് അപ്പോൾ വെച്ചിറക്കിയ കഞ്ഞിയും, ചമ്മന്തിയും, അച്ചാറും ചേട്ടൻ സ്റ്റീൽ പ്ലേറ്റുകളിൽ പകർന്നെടുത്തു.സ്പൂണുപയോഗിച്ച് മെല്ലെ ചൂടാറ്റി ഞാൻ കഞ്ഞി ആസ്വദിച്ചു കുടിച്ചു.

കഞ്ഞികുടിച്ചശേഷം അൽപനേരം ഫോണിൽ നോക്കി തട്ടുമ്പുറത്തങ്ങനെ വെറുതേ കിടന്നു. തോട്ടപ്പുഴു കടിച്ച സ്ഥലത്ത് വല്ലാത്ത ചൊറിച്ചിൽ തോന്നി.പുഴുക്കൾ രണ്ടുമൂന്നുതരം ഉണ്ടെന്നാണ് വല്ല്യാപ്പ പറഞ്ഞിട്ടുള്ളത്.ചിലത് കടിച്ചാൽ അറിയില്ല ചോര കാണുമ്പോഴേ അറിയൂ.മറ്റുചിലത് കടിച്ചാൽ വല്ലാത്ത ചൊറിച്ചിലായിരിക്കും.അത് ദിവസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും.

തോട്ടത്തിലേയ്ക്ക് ഒരു ജീപ്പ് വരുന്നതിന്റെ ശബ്ദം കേട്ടു ഞാൻ മെല്ലെ ഷെഡ്ഢിൽ നിന്ന് പുറത്തേയ്ക്കിറങ്ങി. ജീപ്പ് നിറുത്തി ഇറങ്ങിയ ആളെകണ്ട്‌ ഞാൻ അത്ഭുതംകൊണ്ടു. പുഞ്ചിരിയോടെ ആളെ നോക്കിക്കൊണ്ട് ഞാൻ മെല്ലെ അരികിലേയ്ക്ക് നടന്നു.

(തുടരും)


ഭാഗം 3

ഒരുപാട് നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ. അയൽവാസികളായിരുന്ന രണ്ടുസുഹൃത്തുക്കൾ തമ്മിൽ പരസ്പരം നോക്കി...പുഞ്ചിരിതൂകി .

"സിജോ..."ഞാൻ വിളിച്ചു.

ആ വിളികേട്ട് അവന്റെ മുഖത്ത് സന്തോഷം വിടർന്നു. അവൻ എന്റെയരികിലേയ്ക്ക് വന്നുകൊണ്ട് കരം കവർന്നു.


"അബ്ദൂ... എന്തൊക്കെയുണ്ടെടാ വിശേഷങ്ങൾ... നീ തോട്ടത്തിൽ എത്തിയിട്ട് ഇന്നാണ് ഇങ്ങോട്ടൊന്ന് വരാൻ പറ്റിയത്... ക്ഷമിക്കെടാ..."

"ഒന്നുപോടാ... സോറി പറയേണ്ടത് ഞാനല്ലേ... ഇവിടെയെത്തി ഇത്രദിവസമായിട്ടും നിന്റെയടുക്കലേയ്ക്ക് ഒന്നുവരാൻ എനിക്കും കഴിഞ്ഞില്ലല്ലോ... വരൂ..."ഞാനവന്റെ കൈ പിടിച്ചുകൊണ്ട് ഷെഡ്‌ഡിനുള്ളിലേയ്ക്ക് ക്ഷണിച്ചു.

ഉടുത്തിരുന്ന ഡബിൾമുണ്ട് മെല്ലെ മാടികുത്തിക്കൊണ്ട് അവൻ ഷെഡ്‌ഡിനുള്ളിലേയ്ക്ക് പ്രവേശിച്ചു.

"ഇരിക്കൂ..."തട്ടിൻപുറത്തുകിടന്ന പുസ്തകങ്ങളും മറ്റും ഒതുക്കിവെച്ചുകൊണ്ട് ഞാൻ പറഞ്ഞു.

"പറയെടാ പിന്നെ...എന്തൊക്കെയുണ്ട് വിശേഷങ്ങൾ... നാട്ടിൽ എല്ലാവർക്കും സുഖമാണോ.?"

ഞാനൊരുനിമിഷം അവനെനോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്റേമനസ്സിൽ കഴിഞ്ഞകാലത്തിലെ ചിത്രങ്ങൾ തെളിഞ്ഞുവന്നുകൊണ്ടിരുന്നു.ഓർമ്മകൾ... ബാല്യകാല സ്മരണകളുടെ ചിത്രങ്ങൾ.

"സിജോ... നിന്റെ വീട്ടിലേയ്ക്ക് ഇവിടുന്ന് എത്രകിലോമീറ്റർ ഉണ്ടാവും.?"

"കൂടിവന്നാൽ ഒരു ഏഴ് കിലോമീറ്റർ... അതില്കൂടുതൽ വരില്ല."അവൻ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"ആണോ... ഞാൻ വന്നിട്ട് ആഴ്ചയൊന്നു കഴിഞ്ഞെങ്കിലും ചുറ്റുപാടുകളെക്കുറിച്ചൊന്നും അധികം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല."

"ഓ അതൊന്നും പ്രശ്നമല്ല... ഇനി പരിചയപ്പെടാല്ലോ... ഞാനും ഏതാനുംദിവസങ്ങളായി തിരക്കിലായിരുന്നു. പുതുതായി കുറച്ചു സ്ഥലം വാങ്ങി... അവിടം വെട്ടിത്തെളിക്കലും മറ്റുമായി...ഏതാനും പണിക്കാരും ഉണ്ടായിരുന്നു. ഇന്നലെയാണ് ഒന്ന് ഫ്രീയായത്."

"ഓ നീയിപ്പോൾ ഹൈറേഞ്ചിലെ പുതിയ കൃഷിപ്രമുഖനാണല്ലോ അല്ലേ... എസ്റ്റേറ്റുകളുടെ മുതലാളി. മാളിയേക്കാൾ വർഗീസ് മുതലാളിയുടെ പുത്രൻ."ഞാൻ തമാശപോലെ പറഞ്ഞിട്ട് അവനെനോക്കി.

"ഒന്നുപോടാ... "അവൻ ചിരിച്ചു.

"സത്യം പറയാല്ലോ ഞാൻ തോട്ടത്തിലെത്തിയ അന്നുതന്നെ നിന്നെവിളിച്ച് സംസാരിക്കണമെന്നും, വീട്ടിലൊരു സന്ദർശനം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നതുമാണ്. ഈ ആഴ്ച എന്തുതന്നെയായാലും നിന്നെക്കാണാൻ വരാനിരുന്നതാണ്."

"ആണോ... പിന്നെ ഒരുകാര്യം ജിൻസിയും മക്കളും വീട്ടിലുണ്ട്. രണ്ടുദിവസമായി അവർ ഹസ്ബന്റിന്റെ വീട്ടിൽ നിന്ന് വന്നിട്ട്. നീ ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ അവൾ എന്നെ ശല്ല്യം ചെയ്യുന്നതാണ് നിന്നെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ട് ചെല്ലാൻ. ജോലി കഴിയട്ടെ എന്നുപറഞ്ഞു ഞാനവളെ തണുപ്പിച്ചുനിറുത്തിയിരിക്കുകയാണ്. ഇതാ ഞാൻ എത്തിച്ചേർന്നിരിക്കുന്നു നിന്നെ ക്ഷണിക്കാനും കൂട്ടിക്കൊണ്ടുപോകാനും. എപ്പോഴാണ് നിനക്ക് വരാൻ കഴിയുക.?"അവൻ എന്നെനോക്കി.

"വരാം... നീ ദൃതി പിടിക്കാതെ. ഇവിടെ ഇരിക്ക്... കട്ടൻ കാപ്പി തരാം."

ഞാൻ അടുപ്പിൽ നിന്ന് കാപ്പി പകർന്ന് രണ്ടുഗ്ലാസിൽ പഞ്ചസാര ഇട്ടശേഷം ഒന്ന് അവനുനേരെ നീട്ടി.

"ആഹാ... നിനക്ക് ഇപ്പോഴും പുസ്തകവായനയും കുത്തിക്കുറിക്കലുമൊക്കെ ഉണ്ടല്ലേ.?"തട്ടിൻപുറത്തുകിടന്ന പുസ്തകങ്ങളും, നോട്ടുബുക്കുകളിലെ കുറിപ്പുകളുമൊക്കെ മറിച്ചുനോക്കിക്കൊണ്ട് അവൻ ചോദിച്ചു.

"ഉം... ചെറുതായി... അതങ്ങനെ പെട്ടെന്ന് എന്നെവിട്ടുപോവില്ലല്ലോ... സ്‌കൂൾപഠനകാലം മുതൽക്ക് തുടങ്ങിയ ഭ്രാന്തല്ലേ... ഇടയ്ക്കൊന്നു മുടങ്ങിപ്പോയതായിരുന്നു. ഓൺലൈൻ സാഹിത്യവും മറ്റും തുടങ്ങിയതോടെ വീണ്ടും ആക്റ്റീവായി."ഞാൻ പുഞ്ചിരിച്ചു.

"ഉം... അതെയതെ അന്നത്തെ നിന്റെ എഴുത്തും, ചിത്രംവരയുമൊക്കെ സ്കൂളിന്റെ ചുമരിലും, മേശപ്പുറത്തുമൊക്കെ ആയിരുന്നല്ലോ?"അവൻ പൊട്ടിച്ചിരിച്ചു.

"ഒന്നുപോടാ... കളിയാക്കാതെ. നീ ചായകുടിക്ക്... ഇല്ലെങ്കിൽ തണുത്തുപോകും. പിന്നെ നിന്റെ എസ്റ്റേറ്റിൽ നിന്നും ഉൽപാദിപ്പിക്കുന്ന ചായയുടെ സ്വദൊന്നും ഇതിന് ഉണ്ടാവില്ലട്ടോ...ഇത് കടയിൽ നിന്ന് വാങ്ങിയ ലോക്കൽ പൊടികൊണ്ടുള്ള കാപ്പിയാണ്."

എന്റേവാക്കുകൾ കേട്ട് അവൻ വീണ്ടും പൊട്ടിച്ചിരിച്ചു. പണ്ട് കുട്ടിക്കാലത്ത് ചിരിക്കാറുള്ള അതേ ചിരി.

"എപ്പോഴാണ് നീ വീട്ടിലേയ്ക്ക് വരുന്നതെന്ന് പറഞ്ഞില്ലല്ലോ...?"

"ഇന്ന് ഏതായാലും സമയമില്ലല്ലോ... നാളെ എന്തായാലും വരാം."

"അപ്പൊ നിന്റെ ഇഷ്ടംപോലെ തന്നെയാവട്ടെ.നാളത്തെ ഉച്ചയൂണ് എന്റെ വീട്ടിൽ. രാവിലേ ഞാൻ ജീപ്പുംകൊണ്ട് വരും.ജിൻസിയെക്കൊണ്ട് ഇനിയും എന്നെ വഴക്ക് കേൾപ്പിക്കരുത്."അവൻ എന്നെനോക്കി.

"ഇല്ല... നാളെ ഞാൻ ഉറപ്പായും വരും."

"പിന്നെ നിന്റെ വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ ... ബാപ്പയ്ക്കും, ഉമ്മയ്ക്കും സുഖം തന്നെ... സഹോദരിക്ക് വിവാഹമായോ.?"

"എല്ലാവരും സുഖമായിട്ടിരിക്കുന്നു. സഹോദരിക്ക് വിവാഹലോചനകൾ നടക്കുന്നു... ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല."ഞാൻ പറഞ്ഞു.

"എങ്കിൽ ശരി... എല്ലാം പറഞ്ഞതുപോലെ. ഞാനിറങ്ങട്ടെ... പോകുന്നവഴി ടൗണിലൊന്നു പോകണം. കുറച്ച് വളവും,കീടനാശിനികളുമൊക്കെ വാങ്ങാനുണ്ട്."അവൻ കൈ തന്നിട്ട് ഇറങ്ങിനടന്നു.

അവന്റെ ജീപ്പ് കണ്ണിൽനിന്ന് മറഞ്ഞതും ഓർമ്മകളുടെ കുളിര് എന്റെമനസ്സിലേയ്ക്ക് വീണ്ടും അരിച്ചെത്തി.

മാളിയേക്കൽ കുടുംബം. ഒരുകാലത്ത് തന്റെ അയൽവാസികളായിരുന്നവർ... ഇന്നവർ നാട്ടിലെ സ്ഥലമെല്ലാം വിറ്റ് ഹൈറേഞ്ചിൽ കുടിയേറിയിരിക്കുന്നു. ബാല്യകാലത്തെ തന്റെ കളിക്കൂട്ടുകാരും, സഹപാഠികളുമൊക്കെയായിരുന്നു സിജോയും, അവന്റെ സഹോദരി ജിൻസിയും. തന്റെ ആത്മമിത്രമായിരുന്ന സിജോ... അവനിന്ന് എത്രമാത്രം മാറിപ്പോയിരിക്കുന്നു. ആ കുസൃതികളും, പൊട്ടിച്ചിരികളുമൊക്കെ ഒഴിച്ചുനിറുത്തിയാൽ അവനിന്നൊരു കുടുംബനാഥനും, കർഷകനും, വലിയ ഭൂസ്വത്തിന്റെ ഉടമയുമൊക്കെയാണ്. കാലചക്രത്തിന്റെ തിരിയലിൽ വന്നുചേർന്ന മാറ്റങ്ങൾ. അവനൊപ്പം പഠിച്ചുകളിച്ചു വളർന്ന താനോ... ജീവിതം തുടങ്ങിയിട്ടുപോലുമില്ല.

സിജോ തനിക്ക് ആത്മാർത്ഥസുഹത്തും, സഹപാഠിയുമൊക്കെയായിരുന്നെങ്കിൽ... അവന്റെ സഹോദരിയായ ജിൻസിയോ... അവൾ തനിക്ക് ആരായിരുന്നു... വെറും അയൽവാസിയും സഹപാഠിയും കളിക്കൂട്ടുകാരിയും മാത്രമായിരുന്നോ... അല്ല... പിന്നെ ആരായിരുന്നു.?

ജിൻസി,അവളെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിന്ന് മായുന്നില്ല. അയൽവാസിയായിരുന്നിട്ടും ഞാനും സിജോയുമൊക്കെ ഒരേസ്‌കൂളിൽ പഠിച്ചിട്ടും... ജിൻസിമാത്രം മറ്റൊരു സ്‌കൂളിലാണ് പത്തുവരെ പഠിച്ചത്...കുറച്ചകലെയുള്ള മനേജുമെന്റു സ്കൂളിൽ. പ്ലസ്ടൂവിന്‌ പഠിക്കാൻ അവൾ ഞാൻപഠിക്കുന്ന സർക്കാർ സ്കൂളിൽ തന്നെ വന്നുചേർന്നു. അങ്ങനെ പ്ലസ്ടൂ പഠനത്തിന്റെ ആദ്യനാളുകളിൽ അവൾ മനസ്സിൽ അതുവരെയില്ലാത്തൊരു അനുഭൂതിപടർത്തിക്കൊണ്ട് കയറിക്കൂടി.അന്ന് അവളെ കണ്ടുമുട്ടിയ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

അന്നൊരുനാൾ സ്കൂൾ ലൈബ്രറിയിൽ ഇരുന്നുകൊണ്ട് സുഹൃത്തുക്കളുമൊത്തു പുസ്തകം വായിക്കുകയായിരുന്നു ഞാൻ. ഈ സമയത്താണ് ലൈബ്രറിയിലേയ്ക്ക് ജിൻസിയും ഏതാനും സുഹൃത്തുക്കളും കടന്നുവന്നത്. അവളുടെ സൗന്ദര്യവും, സംഭാഷണവും, പൊട്ടിച്ചിരിയുമെല്ലാം സുഹൃത്തുക്കളെപ്പോലെ ഞാനും ശ്രദ്ധിച്ചു. അവളുടെ ശരീരത്തിൽ നിന്നുയർന്ന പൗഡറിന്റെ ഗന്ധം ലൈബ്രറിയിലാകെ പരന്നുനിന്നു. ആധ്യയനവർഷം തുടങ്ങിയ അന്നുമുതൽ കൂട്ടുകാരെപ്പോലെ ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... പുതുതായി ഞങ്ങടെ സ്കൂളിൽ വന്നുചേർന്ന അയൽവാസിയായ അവളെ. നിത്യവും കണ്ടിരുന്നതിൽ നിന്നും കൂടുതലായി എന്തോ ഒരു ആകർഷണീയത ആ സമയങ്ങളിൽ അവളിൽ വന്നുചേർന്നിട്ടുള്ളതുപോലെ എനിക്കുതോന്നി. ഒരുനിമിഷം ഞങ്ങളെ അലക്ഷ്യമായി നോക്കിക്കടന്നുപോയ അവളും കൂട്ടുകാരികളും ലൈബ്രറിയിലെ പുസ്തകസ്റ്റാൻഡിൽ എന്തോ തിരയാൻ തുടങ്ങി. എന്റെ ഇഷ്ടനിറമായ മെറൂൺകളർ ചുരിദാർ ധരിച്ച അവളുടെ നേർക്ക് എന്റേനോട്ടം നീണ്ടുചെന്നു. ആ നിമിഷത്തിലാണ് അവൾ മുഖം തിരിച്ച് എന്റെ നേർക്കു നോക്കിയത്. ഏതാനുംസമയത്തിനുശേഷം ആഗ്രഹിച്ചു വന്നതെന്തോ കിട്ടാത്തതുപോലെ അവൾ മടങ്ങിപ്പോയി. ഈ സമയം ഒരിക്കൽക്കൂടി ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു.

പിറ്റേദിവസം ഇന്റർവ്വൽ സമയത്ത് അവൾ തനിച്ച് ലൈബ്രറിയിൽ വന്നു. ആസമയം ഞാനും തനിച്ചേ ഉണ്ടായിരുന്നുള്ളൂ ലൈബ്രറിയിൽ... പതിവുപോലെ ലൈബ്രറി സ്റ്റാൻഡിൽ അവൾ പുസ്തകം തിരയാൻ തുടങ്ങി.

ഞാൻ ഇതൊന്നും കണ്ടില്ലെന്നമട്ടിൽ ഇടയ്ക്കിടയ്ക്ക് അവളെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ടേബിളിലെ പുസ്തകത്തിലേയ്ക്ക് മുഖംതാഴ്ത്തിയിരുന്നു. ഏതാനും സമയത്തിനുശേഷം അവൾ വെറുംകൈയോടെ മടങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.

"എന്താ ജിൻസി ഇന്നും പുസ്തകമൊന്നും എടുത്തില്ലേ.?"

"ഇല്ല... അതിന് എടുക്കണമെന്ന് ആഗ്രഹിച്ചുവരുന്ന പുസ്തകമൊക്കെ മറ്റുചിലർ സ്വന്തമാക്കി വെച്ചിരിക്കുകയല്ലേ..."കുസൃതിനിറഞ്ഞ മറുപടി. ഒപ്പം ഒരു ചിരിയും.

"ആര് സ്വന്തമാക്കിയെന്ന്... ഏത് പുസ്തകമാണ് ജിൻസി തിരക്കുന്നത്...?"ഞാൻ അവളെ നോക്കി.

"മാധവിക്കുട്ടിയുടെ...'എന്റെ കഥ'."അവൾ വീണ്ടും എന്തോ അർഥംവെച്ചു ചിരിച്ചു.

"ഓ... അതെയോ..."ഞാനവളെനോക്കി പുഞ്ചിരിച്ചു.

അപ്പോഴാണ് അവളുടെ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായത്.ഞാൻ വായിച്ചുകൊണ്ടിരുന്നത് ആ പുസ്തകമായിരുന്നു. ഏതാനും ദിവസങ്ങളായി ഞാനത് വായിക്കാനായി എടുത്തിട്ട്.

"പുസ്തകം വേണോ.?"ഞാനവളെ നോക്കി.

"വേണം... വായിച്ചിട്ടു തന്നാൽ മതി. ഞാൻ വെറുതേ പറഞ്ഞതാ..."അവൾ ചിരിച്ചുകൊണ്ട് വേഗം നടന്നുപോയി.

പിറ്റേദിവസം ഇടവേള സമയത്ത് വരാന്തയിൽ നിന്നുകൊണ്ട് ഞാൻ പുറത്തെ മഴ ആസ്വദിക്കുകയായിരുന്നു.ഈ സമയം അവൾ ടോയ്‌ലറ്റിൽ പോയിട്ട് ഞാൻ നിൽക്കുന്നതിനു മുന്നിലൂടെ നടന്നുവന്നു.

ഈ സമയം ഞാൻ ചോദിച്ചു.

"പുസ്തകം വേണ്ടേ... ഞാൻ വായിച്ചു കഴിഞ്ഞു."

"കിട്ടിയാൽ കൊള്ളാം..."അവൾ ചിരിച്ചു... ഞാനും.

"ഉച്ചയ്ക്ക് തരാം... ഒരുപാട് അന്വേശിച്ചതല്ലേ... മാധവിക്കുട്ടിയുടെ എഴുത്തുകൾ എനിക്കിഷ്ട്ടമാണ്. അപ്പോൾ അവരെ ഇഷ്ട്ടപ്പെടുന്ന... അവരുടെ എഴുത്തിനെ ഇഷ്ട്ടപ്പെടുന്ന ആളുകളേയും ഇഷ്ടപ്പെടണമല്ലോ.അവരുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കരുതല്ലോ...അതുകൊണ്ട് പുസ്തകം തരാം."

ആ മറുപടി കേട്ട് അവൾ പൊട്ടിച്ചിരിച്ചു. ആ സമയം അവളുടെ കവിളുകൾ വല്ലാതെ ചുവന്നുതുടുക്കുന്നത് ഞാൻ കണ്ടു.

(തുടരും)


ഭാഗം 4

വേറെ ബാച്ചിലാണെങ്കിലും എല്ലാദിവസവും ജിൻസിയെ സ്‌കൂൾവരാന്തയിലും, ലൈബ്രറിയിലും, മുറ്റത്തുമൊക്കെ വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തുപോന്നു. സ്‌കൂൾവിട്ടുപോകുന്നതും വരുന്നതുമെല്ലാം പലപ്പോഴും ഒന്നിച്ചായിമാറി.അങ്ങനെ അറിയാതെയെന്നവണ്ണം എന്റെയും അവളുടേയും മനസ്സുകൾ തമ്മിൽ അടുത്തു. ഒരിക്കലും പിരിയാനാകാത്തവിധം ആ സ്നേഹബന്ധം വളർന്നു.


ഒരുപരിധിവരെ എന്നെ ഇന്നത്തെ ഈ അവസ്ഥയിൽ എത്തിച്ചത് അവൾ മാത്രമാണ്. ക്ലാസിൽ പഠിക്കാൻ ഏറ്റവും പിന്നോക്കം നിന്ന എന്നെ പഠിക്കാൻ പ്രേരിപ്പിച്ചതും,എന്നിലെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചതും അവൾമാത്രമാണ്. എന്റെ ഹോബികളായിരുന്ന എഴുത്തും, വായനയും, ചിത്രം വരയുമൊക്കെ.

"അബ്ദൂ... നിനക്ക് എഴുതാനും വരയ്ക്കാനുമൊക്കെയുള്ള കഴിവുണ്ട്. ഒരുപാട് വായനാനുഭവവും. ഇങ്ങനെ ഉഴപ്പാതെ... വെറുതേ കുത്തിക്കുറിച്ച് നടക്കാതെ എന്തെങ്കിലുമൊക്കെ കാര്യമായി എഴുതൂ..."ഒരിക്കൽ അവൾ ഉപദേശിച്ചു.

"പിന്നെ... എന്റെ എഴുത്തൊക്കെ എന്ത്... വെറും പൈങ്കിളി. ഇത് നന്നാക്കാൻ ശ്രമിച്ചാലൊന്നും നടപ്പില്ല. അല്ലെങ്കിൽ തന്നെ മെച്ചപ്പെടുത്തിയിട്ട് എന്തിനാണ്.?"

"പിന്നെ... വെറുതേ പറയാതെ. ആര് പറഞ്ഞു നിന്റെ എഴുത്ത് കൊള്ളില്ലെന്ന്... അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് എഴുതുന്നത്... വെറുതേ ഇരുന്നുകൂടെ.?"

"അത്‌ വെറുതേ ഒരു നേരമ്പോക്കിന്.കൂട്ടുകാർക്കിടയിൽ ഹീറോ ആകാൻ വേണ്ടി.പിന്നെ ചെറിയൊരു ആത്മസംതൃപ്തിയും... അത്രമാത്രം."ഞാൻ ചിരിച്ചു.

"ഞാനൊന്നു ചോദിക്കട്ടെ... അബ്‌ദുവിന് എന്നോടുള്ള സ്നേഹം ആത്മാർത്ഥമല്ലേ.?"

"അതെ... എന്തേ അങ്ങനെ ചോദിച്ചത്. നിനക്ക് വിശ്വാസം വരുന്നില്ലേ.?"

"ഉണ്ട്... എനിക്ക് വിശ്വാസമാണ്.എങ്കിൽ ആ ഇഷ്ടത്തെ മുൻനിറുത്തി ഞാൻ ആവശ്യപ്പെടുന്നു... ഇനിയെങ്കിലും നീ നിന്റെ പഠനത്തേയും, എഴുത്തിനേയും, വരയേയുമൊക്കെ സീരിയസ്സായി കാണണം."

"ശ്രമിക്കാം... എന്നേ ഇപ്പോൾ പറയാനാവൂ... ഉറപ്പ് പറയാനാവില്ല."ഞാൻ വീണ്ടും ചിരിച്ചു.

"മതി... നീ ആത്മാർഥമായി ശ്രമിച്ചാൽ മതി. എന്നെക്കൊണ്ടുകഴിയുന്ന എല്ലാവിധ പ്രോത്സാഹനവുമായി ഞാൻ കൂടെയുണ്ടാവും."

"പിന്നെയേ... ഞാൻ പഠിത്തത്തിൽ പിന്നൊക്കമാണെന്ന് അറിയാമല്ലോ... അതുകൊണ്ട് എന്റെ എഴുത്തുകളിൽ പലപ്പോഴും തെറ്റുണ്ടാവും...നല്ല ഭാഷയൊന്നും ഉണ്ടാവില്ല."

"അതൊക്കെ ശരിയാവും. നന്നായി വായിച്ചാൽ മതി. പിന്നെ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചുകൊള്ളൂ... ഞാൻ കണ്ടെത്തിത്തരാം. എഴുതുന്ന രചനകൾ എന്നെകാണിച്ചാൽ തിരുത്തിതരുകയും ചെയ്യാം."

അങ്ങനെ... എഴുതുന്ന കവിതകളും, കഥകളുമൊക്കെ അവൾ തെറ്റ് തിരുത്തിത്തന്നു. തമ്മിൽ കാണുമ്പോൾ എഴുത്തുകളെക്കുറിച്ച് സംസാരിച്ചു... നിർദേശങ്ങൾ നൽകി. ആ വർഷത്തെ സ്‌കൂൾമാഗസിനിലും, ഒന്നുരണ്ട് ആഴ്ചപ്പതിപ്പുകളിലുമൊക്കെ എന്റെ രചനകൾ അച്ചടിച്ചുവന്നു. സ്കൂളിൽ എല്ലാവർക്കും ഇടയിൽ ഞാനൊരു ഹീറോയായി. അതുവരെ അലമ്പനായി കഴിഞ്ഞ എന്റെ പെട്ടെന്നുള്ള ഉയർച്ച എല്ലാവരിലും അത്ഭുതമുളവാക്കി. ഇതിൽ എന്നേക്കാൾ കൂടുതൽ സന്തോഷം കൊണ്ടത് അവളായിരുന്നു. ഇനിയും ഒരുപാട് വായിക്കണം.നല്ലനല്ല എഴുത്തുകൾ സൃഷ്ടിക്കണം. ഒടുവിൽ എല്ലാംകൂട്ടിച്ചേർത്ത് പുസ്തകമാക്കണം.അവൾ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

വൈകാതെ ഞങ്ങടെ പ്രണയബന്ധം സുഹൃത്തുക്കൾക്കിടയിൽ പരസ്യമായി. ആദ്യം ഞങ്ങൾ ചൂളിപ്പോയെങ്കിലും ഉള്ളിൽ അതിയായ സന്തോഷം തോന്നി. കാരണം ഞങ്ങടെ ബന്ധം അത്രമേൽ ആത്മാർത്ഥത നിറഞ്ഞതായിരുന്നു.

ആസമയത്ത് എനിക്കൊരു ദുശ്ശീലമുണ്ടായിരുന്നു.പഠിക്കാൻ മടിയനായ ഞാൻ പലപ്പോഴും ബുദ്ധിമുട്ടുള്ള പീരീടുകളിൽ ക്ലാസ് കട്ടുചെയ്ത് സുഹൃത്തുക്കളുമൊത്തു പുറത്തുപോകും. എക്സാം ഉള്ള ദിവസങ്ങളിൽ ക്ലാസിൽ വരാതെ സിനിമയ്ക്ക് പോകും.

ഇത് മനസ്സിലാക്കിയ അവൾ എന്നേ പലതവണ വിലക്കി. എന്നിട്ടും ഞാനെന്റെ പ്രവൃത്തി തുടർന്നുപോന്നു. ഇതുകണ്ട് അവൾ എന്നോട് പിണങ്ങി മിണ്ടാതായി.

അന്ന് എക്സാം ഉള്ളൊരു ദിവസം ഞാൻ സുഹൃത്തുക്കളുമൊത്ത് അടുത്തുള്ള മൊട്ടക്കുന്നുകൾ സന്ദർശിക്കാൻ പോയി. പിറ്റേദിവസം ക്ലാസിൽ എത്തിയപ്പോൾ ഈ വിവരം സുഹൃത്തുക്കളിൽ നിന്ന് ജിൻസി എങ്ങനെയോ അറിഞ്ഞിരുന്നു.സ്‌കൂൾവരാന്തയിൽ വെച്ച് എന്നെക്കണ്ട അവൾ മുഖംവീർപ്പിച്ച് മിണ്ടാതെപോയി. ആ സമയം അവളുടെ മുഖത്ത് വല്ലാത്ത ദുഃഖം നിറഞ്ഞുനിൽക്കുന്നതായി എനിക്ക് തോന്നി. കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു.

ഞാൻ അവളുടെ പിന്നാലെ ചെന്ന് ഇടനാഴിയിൽ വെച്ച് അവളെ വിളിച്ചു.

"ജിൻസി... നിനക്ക് എന്തുപറ്റി... എന്താണ് എന്നോട് മിണ്ടിയാൽ.?"

അവൾ കണ്ണീരണിഞ്ഞ മിഴികളോടെ എന്നെനോക്കി. അവളുടെ ചുണ്ടുകൾ സങ്കടത്താൽ വിറകൊണ്ടു. കൈയിലിരുന്ന ടവ്വൽകൊണ്ട് മുഖം തുടച്ചിട്ട് അവൾ മുഖംതാഴ്ത്തി മിണ്ടാതെ നിന്നു.

"ജിൻസി... എന്താ നിനക്ക്... എന്തിനാണ് എന്നോടിങ്ങനെ മുഖം വീർപ്പിച്ച് നടക്കുന്നെ... പറയൂ.?"ഞാൻ അവളുടെ അരികിലേയ്ക്ക് ചെന്നുകൊണ്ട് കൈയിൽ പിടിച്ചു.

"അബ്ദൂ... കള്ളനാണ്. പെരും കള്ളൻ... എന്നോട് പറയുന്നതും, പ്രവർത്തിക്കുന്നതുമെല്ലാം കളവാണ്. ഇന്നലെ പരീക്ഷയ്ക്കു കയറാതെ സുഹൃത്തുക്കളുമൊത്തു ചുറ്റാൻ പോയതല്ലേ... ഞാൻ എല്ലാം അറിഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞതോ... ബന്ധുവിന്റെ വീട്ടിൽ പോയതാണെന്ന്. ഇനി ഞാൻ ഒന്നും പറയുന്നില്ല. എല്ലാം നിന്റെ ഇഷ്ടംപോലെ നടക്കട്ടെ. ഒന്നുമാത്രം ഞാൻ പറയുന്നു... പരീക്ഷ വരികയാണ്. ആത്മാർത്ഥതയോടെ പഠിച്ചാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ... ഒടുവിൽ ദുഖിക്കേണ്ടിവരും."അവൾ വീണ്ടും കണ്ണുനീർ തുടച്ചു.

"ജിൻസി... ക്ഷമിക്ക്. ഇനിയൊരിക്കലും ഞാൻ അങ്ങനൊന്നും ചെയ്യില്ല. കൂട്ടുകാരെല്ലാംകൂടി വെറുതേ നിർബന്ധിച്ചപ്പോൾ ഒരു രസത്തിന് പറ്റിപ്പോയി."

"പിന്നെ ഒരു കൂട്ടുകാർ... ആർക്കും ഇല്ലാത്തതുപോലെ.കൂട്ടുകാർ നിർബന്ധിച്ചെന്നുകരുതി എന്തും ചെയ്യുമോ... സ്വന്തം ഭാവിയെങ്കിലും നോക്ക്."അവൾ സങ്കടത്തോടെ പറഞ്ഞു.

അവളുടെ സ്നേഹമൂറുന്ന ആ വാക്കുകൾക്കുമുന്നിൽ... ആ കണ്ണുനീരിന്റെ മുന്നിൽ... ഞാൻ നിസ്സഹായനായി എന്തുപറയണമെന്നറിയാതെ നിന്നു. ഒടുവിൽ ഞാൻ അവളെനോക്കി പറഞ്ഞു.

"പറയൂ... ഞാൻ എന്തുചെയ്യണം. ജിൻസി പറയുന്നതുപോലെ ചെയ്യാം...വാക്ക്..."

"സത്യമാണോ... എങ്കിൽ ഇനിയൊരിക്കലും അബ്ദു ക്ലാസ് കട്ടുചെയ്യരുത്.പരീക്ഷ അടുത്തെത്തിക്കഴിഞ്ഞു. ഇനിയും ഉഴപ്പിയാൽ പാസ്സാവില്ല. അതുകൊണ്ട് ആത്മാർഥമായി പഠിക്കാൻ നോക്കണം. നോട്ടോ... മറ്റോ ഇല്ലാത്തതുണ്ടെങ്കിൽ ഞാൻ സംഘടിപ്പിച്ചു തരാം. ഇനിയും എന്റെ വാക്ക് തെറ്റിച്ചാൽ... പിന്നെ നീയും ഞാനും തമ്മിൽ ഒരുബന്ധവും ഉണ്ടായിരിക്കില്ല." അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. ആ കണ്ണുകൾ വല്ലാതെ തിളങ്ങി.

"ഇല്ല... ഇനി ഞാൻ ഉഴപ്പില്ല. നിന്റെ വാക്കുകൾ മറന്ന് പ്രവർത്തിക്കുകയുമില്ല.നിന്റെ സ്നേഹത്തെ നഷ്ടപ്പെടുത്തില്ല."

എന്റെ വാക്കുകൾകേട്ട് അവളുടെ കണ്ണുകൾ തിളങ്ങി. മൃദുവായി പുഞ്ചിരിച്ചുകൊണ്ട് അവൾ നടന്നുപോയി.

പരീക്ഷകഴിഞ്ഞ് സ്കൂൾ അടയ്ക്കുന്നതിന്റെ അന്ന് വൈകിട്ട് സ്കൂൾ മുറ്റത്തെ മരത്തണലിൽ വെച്ച് ഞാനും അവളും തമ്മിൽ കണ്ടു... സംസാരിച്ചു.പലതിനേയും കുറിച്ച്.

"അബ്ദൂ... ഇനി എന്താണ് നിന്റെ പ്ലാൻ...?"അവൾ എന്നെനോക്കി.

"എന്ത് പ്ലാൻ... പ്ലസ്ടൂ പാസാകുമോ എന്നുതന്നെ ഉറപ്പില്ല. പാസ്സായാൽ തുടർന്നു പഠിക്കണം. ഇല്ലെങ്കിൽ വീട്ടുകാർക്കൊപ്പം കൃഷിയും മറ്റുമൊക്കെ ചെയ്ത് ഒതുങ്ങി ക്കൂടണം."

"ജിൻസിയുടെ ഭാവി പ്ലാൻ എന്തൊക്കെയാണ്.?"

"എന്ത് ഭാവി... തുടർന്നു പഠിക്കാൻ പോണമെന്നുണ്ട്. അധികം വൈകാതെ വിവാഹം കഴിച്ചയക്കണം എന്നതാണ് വീട്ടുകാരുടെ തീരുമാനം. അതിനായി അകന്നബന്ധത്തിലുള്ള ഒരാളെ വീട്ടുകാർ കണ്ടെത്തുകയും ചെയ്തുകഴിഞ്ഞു."

"ആണോ... നല്ലത്..."ഞാൻ ചിരിച്ചു.

"നിനക്ക് എല്ലാം തമാശയാണ്... ഇങ്ങനൊക്കെ പറയാൻ എന്തെളുപ്പം."അവൾ ഇടർച്ചയോടെ പറഞ്ഞിട്ട് എന്നെനോക്കി.

"എന്നെ മറക്കാൻ... ഞാൻ മറ്റൊരാളുടേത്‌ ആകുന്നത് ഉൾക്കൊള്ളാൻ അബ്‌ദുവിന് കഴിയുമോ.?"അവൾ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി.

"കഴിയില്ല... പക്ഷേ,അതിന് ശ്രമിച്ചല്ലേ പറ്റൂ... അതാണല്ലോ ബന്ധങ്ങളും, കടപ്പാടുകളുമൊക്കെ നമുക്ക് പറഞ്ഞുവെച്ചിട്ടുള്ളത്. അയൽവാസികളായ പരസ്പരസൗഹൃദത്തിൽ കഴിയുന്ന രണ്ട് മതവിഭാഗത്തിൽ പെട്ട നമ്മുടെ വീട്ടുകാർ തമ്മിൽ എന്തിനാണ് വെറുതേ സ്പർദ ഉണ്ടാക്കുന്നത്."

"അതുക്കൊള്ളാം... അപ്പൊ ഇതൊന്നും ചിന്തിക്കാതെയാണോ... എന്നെ സ്നേഹിച്ചത്. പരസ്പരം ഒന്നാകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തർത്ഥമാണ് നമ്മുടെ സ്നേഹബന്ധത്തിനുള്ളത്.?"

"ശരിതന്നെ.പിന്നെ... എന്ത് ചെയ്യാനാണ് നിന്റെ തീരുമാനം പറയൂ...?"

"എല്ലാവരുടേയും അനുവാദം വാങ്ങിക്കൊണ്ട് തന്നെ നിന്നെ വിവാഹം കഴിക്കാൻ." അവളുടെ ശബ്ദം ആർദ്രമായി.

"ജിൻസി... അതിന് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... മാളിയേക്കൽ വർഗീസ് മുതലാളി... നിന്റെ അപ്പൻ അതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.?"

"ഇല്ല... ആരൊക്കെ സമ്മതിച്ചാലും എന്റെ അപ്പൻ സമ്മതിക്കില്ല... എനിക്കറിയാം. പക്ഷേ, ഞാൻ പോരാടും...മരണംവരെ... നിനക്കായി കാത്തിരിക്കും."അവൾ ആവേശത്തോടെ പറഞ്ഞു.

"എങ്കിൽ സന്തോഷം. പക്ഷേ, ഒന്നുണ്ട്... ഞാൻ സ്വന്തം കാലിൽ നിൽക്കുന്നതുവരെ, സ്വന്തമായി പത്ത് കാശുണ്ടാക്കുന്നതുവരെ... നീ എനിക്കായി കാത്തിരിക്കണം. തയ്യാറാണോ.?"

"തീർച്ചയായും... നിനക്കുവേണ്ടി എത്രനാൾ കാത്തിരിക്കാനും ഞാൻ തയ്യാറാണ്."അവൾ എന്റെ കൈയിൽ പിടിച്ചു.

ആ കൈയിൽ ചുംബിച്ചുകൊണ്ട് സ്കൂൾ മുറ്റത്തുനിന്ന് അവളോട്‌ യാത്രപറഞ്ഞു പിരിഞ്ഞു. ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞുതൂവുന്നുണ്ടായിരുന്നു.

അന്ന് സ്കൂൾ മുറ്റം കടക്കുമ്പോഴും,വീട്ടിലേയ്ക്ക് തിരിക്കുമ്പോഴുമെല്ലാം എന്റെ മനസ്സ് വല്ലാതെ വിങ്ങുകയായിരുന്നു. എന്തൊക്കെയോ നഷ്ടപ്പെടാൻ പോകുന്നതുപോലൊരു തോന്നൽ.

(തുടരും)


ഭാഗം 5

"തോട്ടത്തിലേയ്ക്ക് വരുന്നുണ്ടോ... പണിക്കാർ ഊണുകഴിച്ചിട്ട് ഇറങ്ങി."

കൃഷ്ണൻകുട്ടിച്ചേട്ടൻ ചോദിച്ചപ്പോഴാണ് ഞാൻ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ വിട്ടുണർന്നത്. സമയം രണ്ടുമണിയായിരിക്കുന്നു.പ്രകൃതിയിൽ ചെറിയതോതിൽ മഞ്ഞ് പുകഞ്ഞുകയറാൻ തുടങ്ങിയിട്ടുണ്ട്. മഴയ്ക്കുള്ള സാധ്യത കാണുന്നുണ്ട്. ഞാൻ മെല്ലെ തട്ടിൻപുറത്തുനിന്ന് എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.


അന്നത്തെദിവസം കടന്നുപോയി. പിറ്റേദിവസം തോട്ടത്തിൽ എലച്ചെടികളെ നിരീക്ഷിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാൻ.പതിനൊന്നു മണിയോടടുത്തപ്പോൾ തോട്ടത്തിലെ മണ്ണുറോട് താണ്ടി ഒരു ജീപ്പ് ഷെഡ്‌ഡിന്റെ മുറ്റത്തുവന്നു നിന്നു.സിജോയും രണ്ട് പെൺകുട്ടികളും ജീപ്പിൽനിന്നിറങ്ങി.

"ഹലോ... നീ മുഴുവൻസമയ കർഷകനായി കഴിഞ്ഞെന്നു തോന്നുന്നല്ലോ.?"എന്റെ വേഷം കണ്ട് അവൻ ചോദിച്ചു.

"എവിടുന്ന്... ഈ വേഷംകെട്ടൽ മാത്രമേ ഉള്ളൂ... അല്ലാതെ എനിക്ക് എലകൃഷിയെക്കുറിച്ച് എന്തറിയാം. എല്ലാമൊന്നു പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്ന് വേണമെങ്കിൽ പറയാം."ഞാൻ ചിരിച്ചു...അവനും.

"എങ്കിൽ റെഡിയാക്...നമുക്ക് പോകാം.നിന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് ഞാനും ജിൻസിയുടെ പിള്ളേരും കൂടി."അവൻ കുട്ടികളെ ചേർത്തുനിറുത്തിക്കൊണ്ട് പറഞ്ഞു.

"ആണോ... എങ്കിൽ ഇനി വൈകുന്നില്ല. ഉടനേ റെഡിയാകാം."ഒരുനിമിഷം ഞാൻ കുട്ടികളെനോക്കി. ജിൻസിയെപ്പോലെ തന്നെ ഓമനത്തം നിറഞ്ഞ രണ്ടു സുന്ദരികുട്ടികൾ.

ഷെഡ്ഢിൽ കടന്ന് അണിഞ്ഞിരുന്ന ഷർട്ടും, മുണ്ടും മാറ്റി... ഡബിൾമുണ്ടും ഷർട്ടും എടുത്തണിഞ്ഞു. തുടർന്ന് പേഴ്‌സും, ഫോണുമെടുത്തു പോക്കറ്റിൽ വെച്ചുകൊണ്ട് ഷെഡ്ഢിൽ നിന്ന് പുറത്തിറങ്ങി. കൃഷ്ണൻകുട്ടിച്ചേട്ടനോട് ഒരിക്കൽക്കൂടി വിവരം പറഞ്ഞിട്ട് സിജോയ്ക്കും കുട്ടികൾക്കുമൊപ്പം ജീപ്പിൽ കയറി. സിജോ ജീപ്പ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.

ജീപ്പിലിരുന്ന് യാത്രചെയ്യവേ... സീറ്റിൽ പൊതിഞ്ഞുവെച്ചിരുന്ന മദ്യക്കുപ്പിയിൽ എന്റെ കണ്ണുകളുടക്കി.

"ആഹാ... നീ നല്ല കീറാണെന്ന് തോന്നുന്നല്ലോ... രവിലെതന്നെ ഫുൾബോട്ടിൽ ഒരെണ്ണം വാങ്ങിയിട്ടുണ്ടല്ലോ.?"

"ഏയ്‌... ഞാനങ്ങനെ കഴിക്കാറൊന്നുമില്ല. സുഹൃത്തുക്കളുമൊത്തു ചേരുമ്പോൾ വല്ലപ്പോഴും മാത്രം. ഇത് പപ്പയ്ക്ക് വേണ്ടി വാങ്ങിയതാണ്. നീ കഴിക്കുമോ.?" അവനെന്നെനോക്കി.

"ഏയ്‌... ഇതുവരെ അങ്ങനൊന്ന് ഇല്ല."

"പുകവലി...?"

"അതുമില്ല..."

"നല്ലത്. ശീലിക്കാതിരിക്കുന്നതാണ് നല്ലത്. ഞാനും ആദ്യമൊക്കെ നിന്നെപ്പോലെയായിരുന്നു. പക്ഷേ, ഈ ഹൈറേഞ്ചിൽ വന്നതോടെ എല്ലാം മാറി. വലിയും, കുടിയുമൊക്കെ ചെറുതായി ശീലിച്ചു. ഇവിടുത്തെ തണുത്ത കാലാവസ്ഥയിൽ ഇതൊന്നുമില്ലാതെ പറ്റില്ല. പിന്നെ സുഹൃത്തുക്കളെല്ലാം കഴിക്കുന്ന കൂട്ടത്തിലും. അങ്ങനെ അതൊരു ശീലമായി തീർന്നു."

"ആണോ... ശരിയാ... ഇവിടുത്തെ കാലവസ്ഥയെ അതിജീവിക്കണമെങ്കിൽ ഇതൊക്കെ വേണ്ടിവരും. എന്താ ചിലസമയത്തെ തണുപ്പ്."ഞാനവനെ അനുകൂലിച്ചു.

വളവുകളും, തിരിവുകളും പിന്നിട്ട് തോട്ടങ്ങൾക്കിടയിലൂടെ ജീപ്പ് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ റോഡരികിൽ കാണുന്ന തോട്ടങ്ങളെ കുറിച്ചും, അതൊക്കെ ആരുടേതാണ് എന്നതിനെക്കുറിച്ചുമെല്ലാം അവൻ എനിക്ക് പറഞ്ഞുതന്നുകൊണ്ടിരുന്നു. എലത്തിന്റെ വിലതകർച്ചയും, തൊഴിലാളി ക്ഷാമവും, വർധിച്ചുവരുന്ന കൂലിച്ചിലവുമെല്ലാം അവൻ സംഭാഷണത്തിൽ ഉൾക്കൊള്ളിച്ചു.

പതിനഞ്ചുമിനുട്ട് നേരത്തേ യാത്രയ്ക്കുശേഷം ജീപ്പ് ആ വീടിന്റെ മുറ്റത്തുചെന്ന് നിന്നു. പഴമനിറഞ്ഞ ഒരു വലിയ വാർക്കവീട്.

"ഇതാ ഞങ്ങടെ വീടെത്തി... ഇറങ്ങിക്കോ..."അവനെന്നെനോക്കി പറഞ്ഞു.

ഞാൻ ജീപ്പിൽനിന്നിറങ്ങി ചുറ്റുപാടും ഒന്നുനിരീക്ഷിച്ചു.ഈ സമയം അകത്തുനിന്ന് വർഗീസുചേട്ടനും, റീത്താമ്മയും, ജിൻസിയും, സിജോയുടെ ഭാര്യയും പൂമുഖത്തേയ്ക്ക് ഇറങ്ങിവന്നു.

ഒരുനിമിഷം എല്ലാവരേയും നോക്കി പുഞ്ചിരിപൊഴിച്ചുകൊണ്ട് ഞാൻ പോർച്ചിൽ നിന്ന് പൂമുഖത്തേയ്ക്ക് കയറി. വർഗീസുചേട്ടൻ എന്റെ കരം കവർന്നു. ജിൻസി കുസൃതിനിറഞ്ഞ മിഴികളോടെ വാതിൽക്കൽ നിന്നുകൊണ്ട് എന്നെനോക്കി പുഞ്ചിരിതൂകി. ആ പഴയനോട്ടവും ചിരിയും അതുപോലെതന്നെ...ഒരുമാറ്റവുമില്ല.കവിളുകൾ വല്ലാതെ ചുവന്നു തുടുത്തിരുന്നു.കുട്ടികൾ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് അകത്തേയ്ക്ക് വലിച്ചു.

"വരൂ... അകത്തിരുന്നു സംസാരിക്കാം."എന്നെ അകത്തേയ്ക്ക് ക്ഷണിച്ചിട്ട് കൈപിടിച്ചുകൊണ്ട് ചേട്ടൻ ഹാളിലേയ്ക്ക് നടന്നു.

ഹാളിലെ സെറ്റിയിൽ സിജോയ്ക്കും കുടുംബാങ്ങങ്ങൾക്കും ഒപ്പം ഞാനും ഇരുന്നു. ചുറ്റുപാടും മിഴികൾകൊണ്ട് ഞാനൊരു പ്രതിക്ഷിണം നടത്തി. വിലപിടിച്ചതും മനോഹരങ്ങളുമായ വിവിധയിനം ഫർണിച്ചറുകൾ.ചുവരുകളൊക്കെയും അലങ്കരിക്കപ്പെട്ടിരിക്കുന്നു. ജനാലകളിലൊക്കെയും പുതിയ കർട്ടനുകൾ. വിവിധയിനം ലൈറ്റുകൾ. പ്രൗഡി വിളിച്ചോതുന്ന മന്ദിരം.

"ദാ...ഇത് കുടിക്ക്."

ഗ്ലാസിൽ ജ്യൂസ് നിറച്ച് ടീപ്പോയിയിൽ കൊണ്ടുവെച്ചിട്ട് ജിൻസി എന്നെനോക്കി പറഞ്ഞു. എന്നിട്ട് പുഞ്ചിരിപൊഴിച്ചുകൊണ്ട് ചുവരിൽ ചാരി മാറി നിന്നു.

ഞാൻ മെല്ലെ ജ്യൂസ് കുടിച്ചു. ഈ സമയം വർഗീസുചേട്ടനും, ഭാര്യയും നാട്ടിലെ വിശേഷങ്ങളൊക്കെ എന്നോട് ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. സൗഹൃദം പുതുക്കലും, വിശേഷം പങ്കുവെക്കലും അരമണിക്കൂറോളം നീണ്ടുപോയി.

ജിൻസി എന്നോട് പഴയ കൂട്ടുകാരെക്കുറിച്ചും, സഹോദരിയെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. ഞാൻ അവളുടെ വീട്ടിലെ വിശേഷങ്ങളും, ഭർത്താവിന്റെ വിവരങ്ങളുമെല്ലാം തിരക്കി.ഒടുവിൽ എല്ലാവരുംകൂടി ഭക്ഷണം കഴിക്കാനിരുന്നു.

ജിൻസിയും നാത്തൂനും ചേർന്ന് ടേബിളിൽ ഭക്ഷണം നിരത്തി. റീത്താമ്മ ഇതെല്ലാം വിളമ്പി. ഞാൻ മെല്ലെ കഴിച്ചുതുടങ്ങി.

"ജിൻസിയാണ് ഇതെല്ലാം പാകം ചെയ്തത്. അബ്ദു വരുമെന്ന് പറഞ്ഞതുകൊണ്ട് രാവിലേ തുടങ്ങിയ പണിയാണ്."റീത്താമ്മ പുഞ്ചിരിയോടെ പറഞ്ഞു.

"ആണോ... കൊള്ളാം. എല്ലാം വിഭവങ്ങളും നന്നായിട്ടുണ്ട്."ഞാൻ ജാള്യതയോടെ മെല്ലെ പറഞ്ഞു.

"പിന്നെ... ഈ മമ്മി വെറുതേ പറയുന്നതാ... ഞാനും, നാത്തൂനും, മമ്മിയുമെല്ലാം കൂടിയാണ് ഇതൊക്കെ ഉണ്ടാക്കിയത്.തനിച്ചോന്നുമല്ല..."അവൾ ചിരിച്ചു. എല്ലാവരും ആ ചിരിയിൽ പങ്കുചേർന്നു.

ഭക്ഷണം കഴിച്ചുകഴിഞ്ഞ് വീണ്ടും ഹാളിലേയ്ക്ക് നടക്കുമ്പോൾ വർഗീസുചേട്ടൻ മെല്ലെ കാതിൽ ചുണ്ടുചേർത്ത് ചോദിച്ചു.

"അബ്ദു... കഴിക്കുമോ... ചെറുത്‌ ഒരെണ്ണം ഒഴിക്കട്ടെ.?"

"ഏയ്‌ വേണ്ട... ഞാൻ മദ്യപിക്കില്ല."

"പിന്നെ... വെറുതേ പറയാതെ. ഈ കാട്ടിൽ വന്നിട്ട് എങ്ങനെയാ ഒരെണ്ണം അടിക്കാതെ പച്ചയായിട്ടു കഴിയുന്നെ.എനിക്കറിയരുതോ...?"ചേട്ടൻ തമാശമട്ടിൽ പറഞ്ഞു.

"ഇല്ല... ഞാൻ കഴിക്കാറില്ല. സത്യമാണ് പറഞ്ഞത്."

"പപ്പാ വെറുതേ നിർബന്ധിക്കണ്ട. അവൻ ഇതൊന്നും ഉപയോഗിക്കില്ല."പിന്നാലെവന്ന സിജോ പറഞ്ഞു.

"ആണോ... അതെന്തായാലും നന്നായി. കുടിച്ചുപടിച്ചാൽ പിന്നെ നിറുത്താനാവില്ല. ചിലപ്പോൾ അതുമതി എല്ലാം നശിക്കാനും.ചെറുപ്പക്കാർ പ്രത്യേകിച്ചും."

"ഞാനും സ്ഥിരമായ ഒരു മദ്യപാനിയൊന്നും അല്ലാട്ടോ... ദിവസവും ഭക്ഷണം കഴിച്ചുകഴിയുമ്പോൾ ഒന്നോ രണ്ടോ പെഗ്ഗ്. പിന്നെ ആരെങ്കിലുമൊക്കെ ഇതുപോലെ വീട്ടിൽ വരുമ്പോൾ കുടിക്കുന്നവരാണെങ്കിൽ ഒരു കമ്പനികൂടൽ...അത്രമാത്രം."ചേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു.

"ഉം... പിന്നെ... പിന്നെ."അവിടേയ്ക്ക് വന്ന ജിൻസി പപ്പയെനോക്കി കളിയാക്കുംപോലെ പറഞ്ഞു.

"ഞാനും ഒരുപക്ഷേ, കുടിയൊക്കെ പേടിച്ചുപോയേനെ... പണ്ട് എന്നെ ആ സഹപാഠി നേർവഴിക്ക് നയിച്ചില്ലായിരുന്നുവെങ്കിൽ... ആ സഹപാഠിയുടെ ഉപദേശവും, ശ്വാസനയും, പ്രാർത്ഥനയുമെല്ലാം എന്നെ ഒരു നല്ലമനുഷ്യനാക്കി എന്ന് വേണമെങ്കിൽ പറയാം."ഞാൻ ജിൻസിയെ ഒളികണ്ണിട്ട് നോക്കിയിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു.

"ആ സഹപാഠി കൊള്ളാമല്ലോ... അതാരാ അങ്ങനൊരാൾ.?"വർഗീസുചേട്ടൻ എന്നെനോക്കി.

"അങ്ങനൊരാൾ ഉണ്ട് അല്ലേ അബ്ദൂ...?"ജിൻസി പറഞ്ഞു. സിജോയും മറ്റും അതുകേട്ട് പൊട്ടിച്ചിരിച്ചു.

രണ്ടുമണി കഴിഞ്ഞപ്പോൾ ഞാൻ സിജോയെ നോക്കി പറഞ്ഞു.

"നമുക്ക് പോയാലോ.?"

"ആ പോകാൻ ദൃതിയായോ... ഒരുപാട് കാലംകൂടി വന്നതല്ലേ... കുറച്ചുകൂടി കഴിഞ്ഞ് ചായയൊക്കെ കുടിച്ചിട്ട് മടങ്ങാം."റീത്താമ്മ വിലക്കി.

"അതെ... കുറച്ച് കഴിഞ്ഞു പോകാം. ഓടിപ്പോയിട്ട് ഇപ്പോൾ അവിടെ എന്തുചെയ്യാനാണ്.?"വർഗീസുചേട്ടൻ എന്നെനോക്കി.

"ഇനിയും സമയംപോലെ ഇവിടേയ്ക്ക് ഇറങ്ങാമല്ലോ... ഞാനിനി ഇവിടെത്തന്നെ ഉണ്ടല്ലോ.?"

"അത്ര ദൃതിയുള്ളവർ പോട്ടേ പപ്പാ... എന്തിനാ വെറുതേ നിർബന്ധിക്കുന്നത്.?"ജിൻസി ചുണ്ടുകോട്ടിക്കൊണ്ട് പറഞ്ഞു.

"എങ്കിൽ പിന്നെ നിർബന്ധിക്കുന്നില്ല...അങ്ങനെയാവട്ടെ."ചേട്ടൻ പറഞ്ഞു.

ഞാൻ എല്ലാവരേയും നോക്കി യാത്രപറഞ്ഞു പോകാനായി ഇറങ്ങി. ജിൻസി എന്നെ കുസൃതിയോടെ നോക്കി പുഞ്ചിരിതൂകി.

ജീപ്പിൽ ചെന്നുകയറി.സിജോ ജീപ്പ് സ്റ്റാർട്ടുചെയ്ത് മുന്നോട്ടെടുക്കാനൊരുങ്ങിയതും ജിൻസി അരികിലേയ്ക്ക് ഓടിയെത്തി.

"ദാ ഇതുകൂടി കൊണ്ടുപോയ്ക്കോ... കുറച്ചുപലഹാരങ്ങളാണ്.അബ്ദു വൈകിട്ടെ മടങ്ങിപ്പോകൂ എന്നുകരുതി ഉണ്ടാക്കിയതാണ്.നിനക്ക് വല്ലാത്ത ദൃദിയല്ലേ... തോട്ടത്തിൽ ചെന്നിട്ട് കഴിക്കാം.പിന്നെ നിന്റെ എഴുത്തുക്കളൊക്കെ ഞാൻ വായിക്കാറുണ്ട് കേട്ടോ..."പറഞ്ഞിട്ട് അവൾ കൈയിലിരുന്ന പലഹാരപ്പൊതി ജീപ്പിന്റെ സീട്ടിലേയ്ക്ക് വെച്ചു.

"ഞാൻ പോട്ടേ... എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചതിനും വിരുന്നൊരുക്കിയതിനും നന്ദി."ഞാൻ ജിൻസിയെ നോക്കി പറഞ്ഞു.

"പോടാ... എന്നെ കളിയാക്കാതെ."അവൾ ചിരിച്ചു. ഞാനും സിജോയും ആ ചിരിയിൽ പങ്കുചേർന്നു.

ജീപ്പ് മുറ്റംകടന്ന് മുന്നോട്ട് പാഞ്ഞു. ജിൻസിയും കുട്ടികളും എന്നെനോക്കി കൈ വീശിക്കാണിച്ചു.

തിരികെ തോട്ടത്തിലെത്തിയ ഞാൻ ഫോണിലെ മെസേജുകൾക്കും മറ്റും മറുപടി കൊടുത്തു. തുടർന്ന് വീട്ടിലേയ്ക്ക് വിളിച്ച് ജിൻസിയുടെ വീട് സന്ദർശിക്കാൻപോയ കാര്യം പറഞ്ഞു. തണുത്തകാറ്റ് എലക്കാടുകളെ തഴുകി വീശിയടിച്ചു.മലഞ്ചെരുവിൽ മഞ്ഞു പുതഞ്ഞുകയറുന്നുണ്ട്.നല്ല തണുപ്പ്.

"ചേട്ടാ... ചായ ചൂടാക്കൂ... കുടിക്കാം. ഇന്ന് ചായയ്ക്ക് ഒരുപാട് വിഭവങ്ങൾ ഉണ്ട്‌."ഞാൻ പറഞ്ഞു.

"ആണോ... അതെവിടുന്നാ.?"

"സിജോയുടെ വീട് സന്ദർശിക്കാൻപോയപ്പോൾ അവര് നിർബന്ധിച്ചു തന്നുവിട്ടതാണ്."

"ആഹാ... അത് കൊള്ളാല്ലോ..."പറഞ്ഞിട്ട് ചേട്ടൻ കലം കഴുകി വെള്ളമെടുത്ത് അടുപ്പിൽ വെച്ച് തീ ഊതിപ്പിടിപ്പിച്ചു.

(തുടരും)

 


ഭാഗം 6

വിവിധതരത്തിലുള്ള മധുരപലഹാരങ്ങൾ. എല്ലാം എനിക്ക് ഇഷ്ടപ്പെട്ടവ തന്നെ. എന്റെ ഇഷ്ടം മനസ്സിൽ വെച്ചുകൊണ്ടുതന്നെയാണ് ജിൻസി ഓരോന്നും ഉണ്ടാക്കിയിരിക്കുന്നത്. ചൂടുചായയും പലഹാരങ്ങളും കഴിച്ചുകഴിഞ്ഞപ്പോൾ മനസ്സിന് ഒരു പുത്തൻ ഉണർവ്വ് വന്നതുപോലെ.അതിന്റെ പ്രധാന കാരണം ജിൻസിയുമായുള്ള പുനഃസമാഗമം തന്നെ.

ഞാൻ ഫോൺ കൈയിലെടുത്തു. എന്നിട്ട് ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധസാഹിത്യ ഗ്രൂപ്പുകളിലായി പോസ്റ്റ് ചെയ്തിട്ടുള്ള തുടർകഥയുടെ ബാക്കി ഭാഗം എഴുതാൻ തുടങ്ങി.


"എന്താണ് അബ്ദൂ... എപ്പോഴും ഈ ഫോണിൽ ഇങ്ങനെ കുത്തിക്കൊണ്ടിരിക്കുന്നത്.?"ഏതാനുംസമയം കഴിഞ്ഞപ്പോൾ കൃഷ്ണൻകുട്ടി ചേട്ടൻ പുഞ്ചിരിയോടെ എന്നെനോക്കി ചോദിച്ചു.

"ഒരു കഥ എഴുതുകയാണ് ചേട്ടാ... ഒരു തുടർക്കഥ."

"ആഹാ... അതുകൊള്ളാല്ലോ... ഇപ്പൊ എഴുത്തും വായനയുമൊക്കെ ഓൺലൈൻ ആണല്ലോ അല്ലേ... ആട്ടെ എന്തു കഥയാണ് എഴുതുന്നത്.?"

"ഒരു പഴയകഥ, സ്‌കൂൾപഠനകാലത്തെ പ്രണയവും ആ ഓർമ്മകളുമൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കഥ."

"ആണോ... എങ്കിൽ ഞാനൊന്നു ചോദിക്കട്ടെ... ഇന്ന് സന്ദർശിക്കാൻപോയ ആ വീട്ടിലെ പെങ്കൊച്ചല്ലേ കഥയിലെ നായിക... നാട്ടിലെ നിങ്ങടെ പഴയ അയൽവാസി."ചേട്ടൻ ഒളികണ്ണിട്ട് എന്നെനോക്കി.

"അതെ... എങ്ങനെ മനസ്സിലായി.?"ഞാൻ പുഞ്ചിരിച്ചുകൊണ്ട് ചേട്ടനെ നോക്കി.

"അതൊക്കെ മനസ്സിലായി... അപ്പൊ എഴുതുന്നത് വെറും കഥയല്ല. ആത്മകഥയും കൂടി ആണല്ലേ.?"

"തീർച്ചയായും അതെ..."ഞാൻ പറഞ്ഞു.

ചേട്ടൻ നല്ലൊരു വായനക്കാരനും, ആസ്വാദകനും, വിമർശകനുമൊക്കെയാണ്. ആഴ്ചപതിപ്പുകളും, പത്രങ്ങളുമൊക്കെ സ്ഥിരമായി വായിക്കുന്നതിനുപുറമേ പുസ്തകങ്ങളും വായിക്കാറുണ്ട്. ഒറ്റപ്പെട്ടുള്ള ജീവിതത്തിൽ കൂട്ടായി കൂടെ കൂട്ടിയതാണ് ഈ വായനയെ. ഒരുപാട് നല്ല പുസ്തകങ്ങൾ ചേട്ടന്റെ കൈവശമുണ്ട്.

"അബ്ദൂ... ഈ കഥയെഴുതുമ്പോൾ നഷ്ടപ്രണയത്തിന്റെ വേദന നിന്നെ നൊമ്പരപ്പെടുത്തുന്നില്ലേ.?"ചേട്ടൻ എന്നെ സൂക്ഷിച്ചു നോക്കി.

"കുറച്ചൊക്കെ ഇല്ലാതില്ല. എല്ലാം ഞാനായിട്ടുതന്നെ വരുത്തിതീർത്ഥതാണല്ലോ എന്നോർക്കുമ്പോൾ അധികം സങ്കടവുമില്ല."ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.

"ഞാനൊന്നുകൂടി ചോദിക്കട്ടെ ... ഇഷ്ടമായില്ലെങ്കിൽ മറുപടി പറയണ്ട. പലപ്പോഴും ഇതിനെക്കുറിച്ച് നിന്നോട് ചോദിക്കണമെന്ന് വിചാരിച്ചിട്ടും വേണ്ടെന്നു വെച്ചതാണ്. എങ്കിലും സത്യാവസ്ഥ നിന്റെ അടുക്കൽ നിന്നുതന്നെ അറിയാൻ ഒരാഗ്രഹം."

"എന്താ ചേട്ടാ ചോദിക്കൂ... എന്നോട് എന്തിനാണ് ഈ മുഖവുരയൊക്കെ...?"

"അതുപിന്നെ വേറൊന്നുമല്ല... അല്പംമുൻപ് പറഞ്ഞതുതന്നെ. എന്തുകൊണ്ട് നീ ആ പെങ്കൊച്ചിനെ സ്വന്തമാക്കാൻ ശ്രമിച്ചില്ല. അതിന്റെ പിന്നിലെ കാരണങ്ങൾ ഒന്നറിഞ്ഞാൽ കൊള്ളാം."

"ഓ... ഇതാണോ കാര്യം... ഇതിനാണോ ഇത്രയധികം തന്ത്രപ്പെട്ടത്.അതിന്റെ പിന്നിൽ അങ്ങനെ പറയാത്തക്ക കാരണങ്ങൾ ഒന്നുമില്ല.അതൊരു വലിയ കഥയുമല്ല... ഞാൻ പറയാം."ഫോൺ ഓഫാക്കി വെച്ചിട്ട് ഞാൻ ചേട്ടനുവേണ്ടി ആ കഥ പറയാൻ തുടങ്ങി.

"പഠിക്കാൻ വളരെ മോശമായിരുന്ന ഞാൻ അവളൊരാളുടെ സ്നേഹവും, പ്രോത്സാഹനവും, ഉപദേശവും, പിന്തുണയുമെല്ലാം കൊണ്ടുമാത്രമാണ്... പ്ലസ്ടൂ പാസ്സായത്. സ്കൂളിൽ നിന്നും ബുക്ക് വാങ്ങി മടങ്ങുംനേരം ആണ് ജിൻസി ആ വിവരം എന്നോട് പറഞ്ഞത്. ഇനി തുടർന്നുപഠിക്കാൻ അവൾ പോകുന്നില്ലത്രേ. അടുത്തബന്ധത്തിലുള്ള ഒരു പയ്യനുമായി അവളുടെ വിവാഹം വീട്ടുകാർ നിച്ചയിച്ചു കഴിഞ്ഞിരിക്കുന്നു."

"ആദ്യം അവൾ തമാശ പറയുകയാണെന്ന് തോന്നിയെങ്കിലും പിന്നീട് അത് സത്യമാണെന്ന് ഞാനറിഞ്ഞു. അവൾക്ക് വിവാഹം പറഞ്ഞുവെച്ച പയ്യന്റെ വീട്ടിൽ അവനും അമ്മയും തനിച്ചേയുള്ളൂ. അപ്പൻ അടുത്തകാലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇഷ്ടംപോലെ ഭൂസ്വത്തും,നല്ല വിദ്യാഭ്യാസവും, ജോലിയുമൊക്കെ... ഉള്ള ആളാണ്‌ ആ പയ്യൻ .ബന്ധുകൂടിയായ ജിൻസിയെ ഭാര്യയാക്കാൻ അവനും മരുമകളാക്കാൻ അവന്റെ അമ്മയും വല്ലാതെ ആഗ്രഹിക്കുന്നു. അവർ നേരിട്ടുവന്ന് ജിൻസിയുടെ പപ്പയോടും മമ്മിയോടും ആഗ്രഹം അറിയിച്ചു. ചെറുക്കന്റെ സ്വഭാവത്തെക്കുറിച്ചും, അവന്റെ കുടുംബത്തേക്കുറിച്ചുമെല്ലാം നന്നായി അറിയാവുന്നതുകൊണ്ടുതന്നെ മറ്റൊന്നും ആലോചിക്കാതെ ജിൻസിയുടെ വീട്ടുകാർ അവർക്ക് മകളെ കൊടുക്കാമെന്നു ഉറപ്പും നൽകി."

"പ്ലസ്ടൂ പാസായാൽ തുടർപഠനത്തിന് ജിൻസിയുമൊത്തു കോളേജിൽ പോകണമെന്നും, കോളേജുജീവിതം അടിച്ചുപൊളിച്ചു കഴിയണമെന്നുമെല്ലാം ആഗ്രഹിച്ചുകഴിഞ്ഞിരുന്ന എന്റെ മനസ്സിൽ ആ വാർത്ത വല്ലാത്തൊരു നടുക്കം സമ്മാനിച്ചു. അന്ന് ഒരുപാട് നേരത്തെ അലച്ചിലിനുശേഷം സന്ധ്യയോടുകൂടിയാണ് ഞാൻ വീട്ടിലെത്തിയത്. മനസ്സുനിറച്ചും സങ്കടവും, നിരാശയും തളംകെട്ടി നിന്നു. കുളിക്കുകയോ, ആഹാരം കഴിക്കുകയോ ചെയ്യാതെ കട്ടിലിൽ ചെന്ന് കിടന്നു. രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പലവിധ ചിന്തകളാൽ മനസ്സ് നീറി. എന്റെ പ്രണയിനി... പരസ്പരം ഒരുമിച്ചുചേരുന്നതും സ്വപ്നംകണ്ട് കഴിഞ്ഞിട്ട് ഒടുവിൽ വിട്ടുപിരിയേണ്ടുന്ന അവസ്ഥ. ഇതുവരേയും പടുത്തുയർത്തിയ മോഹങ്ങളുടെ മണിമാളികകളത്രയും തകർന്നടിയാൻ പോകുന്നു ."

"എന്തായാലും രാവിലേ തന്നെ ജിൻസിയെ കാണണം. ഒരിക്കൽക്കൂടി പരസ്പരം കണ്ടുസംസാരിച്ച് ഒരു ഉറച്ച തീരുമാനത്തിലെത്തണം. നേരം പുലരുന്നതും കാത്ത് ഉറങ്ങാതെ നെടുവീർപ്പുകളുമായി അങ്ങനെ കിടന്നു.പുലർച്ചെ എപ്പോഴോ ചെറുതായൊന്നു മയങ്ങി. ആ സമയം വല്ലാത്തൊരു സ്വപ്നം കണ്ടു... യഥാർഥ്യത്തിലേയ്ക്ക് നയിക്കുന്ന നടുക്കുന്ന ഒരു സ്വപ്നം. ജിൻസി മറ്റൊരാളുടെ കൈയും പിടിച്ച് പള്ളിനട ഇറങ്ങിവരുന്നു. വിവാഹവേഷത്തിലാണ് അവൾ. അവളുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞുനിൽക്കുന്നു."

ഞാൻ ഞെട്ടിയുണർന്നു... കുറേനേരം അങ്ങനെ കിടന്നു. ഒടുവിൽ 'ഉമ്മാ' വാതിലിൽ തട്ടി വിളിച്ചപ്പോൾ മുറിതുറന്ന് പുറത്തിറിങ്ങി.

"എന്തൊരു കോലമാണിത്... ഇന്നലെ വന്നപാടെ ഒന്നും കഴിക്കാതെ കയറിക്കിടന്നതല്ലേ... നിനക്ക് എന്തുപറ്റി... എന്താ കൺപോളകളൊക്കെ വീർത്തിരിക്കുന്നത് നീ ഉറങ്ങിയില്ലേ.?"ഉമ്മാ എന്നെ നോക്കി ചോദിച്ചു.

"ഒന്നുമില്ല... വല്ലാത്ത ജലദോഷം. ഉറങ്ങാൻപറ്റിയില്ല..."ഞാൻ കള്ളംപറഞ്ഞു. എന്നിട്ട് ഉടൻതന്നെ കുളിച്ച് വേഷം മാറി കാപ്പിയും കുടിച്ച് പുറത്തേക്കിറങ്ങി.

"എങ്ങോട്ടാ രാവിലേ തന്നെ... ഇന്നലത്തെപ്പോലെ എവിടെയെങ്കിലുമൊക്കെ കറങ്ങിനടന്നിട്ട് സന്ധ്യയാകുമ്പോൾ കയറിവരാനാണോ... കോളേജിൽ ചേരുന്നതിന് ആപ്ലിക്കേഷൻകൊടുക്കാനൊന്നും പോകുന്നില്ലേ നീയ്... അതോ പഠിക്കണ്ടാന്ന് വെച്ചോ.?"ഉമ്മാ കുറ്റപ്പെടുത്തുമ്പോലെ പറഞ്ഞിട്ട് എന്നെനോക്കി.

"തീരുമാനിച്ചിട്ടില്ല..."

അത്രയും പറഞ്ഞിട്ട് വീട്ടിൽനിന്നിറങ്ങി നടന്നു. ജിൻസിയുടെ വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ്സ് പലവിധ ചിന്തകളാൽ ഇളകിമറിയുകയായിരുന്നു. എങ്ങനെ അവളെ അഭിമുഖീകരിക്കും, എങ്ങനെ അവളോട്‌ തന്റെ മനസ്സിലുള്ള കാര്യങ്ങൾ സംസാരിക്കും. അവളുടെ വീട്ടുകാർ അവിടെ ഉണ്ടാവില്ലേ... അവർ ഇതറിയുമ്പോൾ എങ്ങനെ പ്രതികരിക്കും. അവർ തകർന്നുപോവില്ലേ... അവരുടെ മനസ്സിൽ എനിക്ക് ഇതുവരെയുള്ള സ്ഥാനം നഷ്ടപ്പെടില്ലേ.? എല്ലാം നന്നായി ഭവിക്കണേ... ഞാൻ പ്രാർത്ഥിച്ചു.

ഇലഞ്ഞേലിപാടത്തിന്റെ നടുവിലൂടെ മുന്നോട്ട് നടക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു. ഏതാനും ദിവസങ്ങൾക്കുമുൻപ് ഞാനും അവളുംകൂടി ഈ പാടവരമ്പത്തുനിന്ന് ഹൃദയങ്ങൾ കൈമാറിയതാണ്. അന്ന് പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന അവളുടെ അപ്പനും ജോലിക്കാർക്കുമുള്ള ഉച്ചഭക്ഷണവുമായി വന്നതായിരുന്നു അവൾ. ഈ സമയം ഞാൻ വല്ല്യാപ്പയ്ക്കും ബാപ്പയ്ക്കുമൊപ്പം പാടത്ത് ഉഴവിൽ സഹായിക്കുകയായിരുന്നു.

ചോറ് കൊണ്ടുവന്ന് വരമ്പിൽ വെച്ചിട്ട് അപ്പനും ജോലിക്കാരും ജോലിനിറുത്തി എത്തുന്നതും കാത്ത് നിൽക്കുകയായിരുന്നു അവൾ. ജോലിമതിയാക്കി വീട്ടിൽ പോകാനൊരുങ്ങിയ ഞാൻ അവളുടെ അരികിലേയ്ക്ക് ചെന്നു. ഞങ്ങൾ പലതും പറഞ്ഞു. ചിരിച്ചു.

പൂട്ടിയടിച്ച പാടത്തിന്റെ വരമ്പത്തുനിന്ന് സംസാരിച്ചപ്പോൾ ഞങ്ങടെ നിഴൽ പാടത്തെ തെളിവെള്ളത്തിൽ കണ്ണാടിപോലെ പ്രതിഫലിച്ചു. ഇരുവരുടേയും നിഴലുകൾ തെളിവെള്ളത്തിൽ ചിത്രങ്ങൾ തീർത്തപ്പോൾ ഞങ്ങൾ മറ്റൊരു ലോകത്തായിരുന്നു. ഏതാനും സമയം കണ്ണിൽ കണ്ണിൽ നോക്കി അങ്ങനെ നിന്നു. അവളുടെ അപ്പനും ജോലിക്കാരും അവിടേയ്ക്ക് വന്നപ്പോൾ ഞങ്ങൾ അവിടുന്ന് വീട്ടിലേയ്ക്ക് നടന്നു. ഈ സമയം ജോലിക്കാർ ഞങ്ങളെ പ്രത്യേകം നോക്കുകയും, എന്തൊക്കെയോ പറഞ്ഞു പുഞ്ചിരിക്കുന്നതും ഞങ്ങൾ കണ്ടു.

"നമ്മൾ ഒന്നായിതീർന്നിട്ട് ഒരുദിവസം ഈ പാടത്തേയ്ക്ക് വരണം. എന്നിട്ട് ചേറിലൂടെ പരസ്പരം കൈകോർത്തു പിടിച്ചുകൊണ്ട് നടക്കണം."അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് വീട്ടിലേയ്ക്ക് കയറിപ്പോകും നേരം പറഞ്ഞു.

പ്രകൃതിദത്തമായ ഭംഗിയും, കൃഷിയുമെല്ലാം എന്നെപ്പോലെതന്നെ അവളേയും വല്ലാതെ ആകർഷിച്ചിരുന്നു.ഇരുമനസ്സുകളുടെ ഐക്യം. ഇനി അവളുടെ ആഗ്രഹംപോലെ പരസ്പരം കൈപിടിച്ച് പാടത്തുകൂടി നടക്കാനാകുമോ... ഒരേ സ്വപ്‌നങ്ങൾ കണ്ടുകൊണ്ട് ഇതുവരെ മുന്നോട്ടുനീങ്ങിയ ഇരുമനസ്സുകൾ ഇനിമുതൽ രണ്ടുതരം സ്വപ്നങ്ങൾ കാണേണ്ടി വരുമോ.? എന്തൊക്കെ പ്രതീക്ഷകളായിരുന്നു... അതെല്ലാം തകർന്നടിയാൻ പോവുന്നു.

ജിൻസിയുടെ വീട്ടുമുറ്റത്തെത്തി കോളിങ് ബെല്ലിൽ വിരലമർത്തി കാത്തുനിന്നു. വാതിൽ തുറന്നത് അവൾ തന്നെയാണ്. അപ്രതീക്ഷിതമായി എന്നെ കണ്ട് അവളുടെ കവിളുകൾ ചുവന്നുതുടുത്തു. ആ കണ്ണുകളിൽ ആയിരം ദീപങ്ങൾ ഒന്നിച്ചുവിടർന്നു. പുഞ്ചിരിയോടെ അവൾ എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു.

"ഇരിക്കൂ... എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരു വരവ്.?"അവൾ ആകാംഷയോടെ എന്നെനോക്കി.

"പെട്ടെന്ന് വരണമെന്നും... നിന്നെ കണ്ട് ചിലതെല്ലാം സംസാരിക്കണമെന്നും തോന്നി... വന്നു അത്രതന്നെ."ഞാൻ പറഞ്ഞു.

"എല്ലാവരും എവിടെ.?"

"പപ്പയും മമ്മിയും ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയാണ്. ഞാനും സിജോയും മാത്രമേ ഇവിടുള്ളൂ..."പറഞ്ഞിട്ട് ഫാൻ ഓൺചെയ്തുകൊണ്ട് അവൾ എനിക്കെതിരെ സോഫയിൽ വന്നിരുന്നു.

തണുത്തകാറ്റ് വീശിയപ്പോൾ വിയർപ്പണിഞ്ഞ ശരീരത്തിന് അൽപ്പം ആശ്വാസം കിട്ടി. എങ്കിലും മനസ്സിലെ ചൂട് വർധിച്ചുവന്നുകൊണ്ടിരുന്നു. എങ്ങനെ സംസാരിക്കണം, എവിടുന്ന് തുടങ്ങണം എന്നൊന്നുമറിയാതെ ഞാനൊരുനിമിഷം വിഷമിച്ചിരുന്നു. എന്നിട്ട് മെല്ലെ പറഞ്ഞുതുടങ്ങി.

"സിജോ എവിടെ.?"

"ചേട്ടായി അകത്തിരുന്ന് ടിവി കാണുകയാണ്.അല്ലെങ്കിലും ചേട്ടായിക്ക് അറിയാത്തതൊന്നും അല്ലല്ലോ... നമ്മൾ തമ്മിലുള്ള ബന്ധം.എന്താണ് പറഞ്ഞോളൂ..."

"കല്ല്യാണാലോചനയെ പറ്റി എന്താണ് ജിൻസിയുടെ അവസാന തീരുമാനം.അതറിയാനാണ് ഞാനിപ്പോൾ വന്നത്."

"ഓ... അതോ... എന്റെ തീരുമാനം ഞാനൊരിക്കൽ പറഞ്ഞിരുന്നല്ലോ... നിനക്കുവേണ്ടി വീട്ടുകാരോട് പോരാടാനും, എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്നും.എന്താ നിനക്ക് ഇപ്പോഴും എന്നെ വിശ്വാസമല്ലേ...അതോ ഇഷ്ടമല്ലേ.?"

"ഇഷ്ടമാണ്...വിശ്വാസവുമാണ് പക്ഷേ,"

"എന്തുപക്ഷേ, എന്തായാലും തുറന്നുപറയൂ..."അവൾ എന്റെ മിഴികളിലേയ്ക്ക് നോക്കി.

"നമ്മുടെ ഈ തീരുമാനം നമുക്ക് എല്ലാത്തരത്തിലും സന്തോഷം പകരുമെന്ന് തോന്നുന്നുണ്ടോ... നമ്മൾമൂലം ഒരുപാട് പേർ വേദനിക്കില്ലേ... പരസ്പര സൗഹൃദത്തിലും, സ്നേഹത്തിലും കഴിയുന്ന രണ്ടുകുടുംബങ്ങൾ ശത്രുതയിലാവില്ലേ... നമ്മൾ രണ്ടുപേർ ചെയ്യുന്ന ത്യാഗം കൊണ്ട് അതുമൂലം സഹിക്കേണ്ടിവരുന്ന വേദനകൊണ്ട് മറ്റുള്ളവരുടെ സന്തോഷം എക്കാലവും നിലനിൽക്കുമെങ്കിൽ...നമ്മുടെ കുടുംബങ്ങൾ തമ്മിൽ എക്കാലവും സൗഹൃദത്തോടെ ജീവിക്കുമെങ്കിൽ ആ നന്മയെ കരുതി നമുക്ക് ഒരു ത്യാഗം ചെയ്തുകൂടെ. പരസ്പരം ഒന്നാകാതെ നമുക്ക് മരണം വരേയും പ്രണയിച്ചുകൂടെ.?"

"അബ്ദൂ... നീ എന്തൊക്കെയാണ് ഈ പറയുന്നത്... നിനക്ക് എങ്ങനെ കഴിയുന്നു വീണ്ടും ഇങ്ങനെ എന്നോട് പറയാൻ... ഒരിക്കൽ നീ ഇതുപറഞ്ഞപ്പോൾ ഞാനത്ര കാര്യമാക്കിയില്ല. പക്ഷേ, ഈ അവസരത്തിൽ നീ ഇതുതന്നെ പറയുമ്പോൾ... ഞാൻ മനസ്സിലാക്കുന്നു ഇത് വേറുംവാക്കുകളല്ലെന്ന്.പറയൂ ഞാനെന്തു വേണം.?"

"ഞാൻ പറഞ്ഞത് കാര്യമായിട്ടുതന്നെയാണ്.ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം.നീയും ആലോചിക്ക്... നന്നായി മനസ്സിരുത്തി ആലോചിക്ക്. മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി... നമ്മുടെ കുടുംബങ്ങൾ തമ്മിൽ അകലാതിരിക്കാൻവേണ്ടി നമുക്ക് ഒരു ത്യാഗം ചെയ്യാൻ കഴിഞ്ഞാൽ അത് മനസ്സിന് എക്കാലവും സന്തോഷം പകരും.നമ്മുടെ ഒരുമിച്ചുച്ചേരൽ കൊണ്ട് പോലും നമുക്ക് നേടിയെടുക്കാൻ കഴിയാത്ത ആനന്ദം അതുകൊണ്ട് നമുക്ക് ലഭിക്കും."ഞാൻ അവളെനോക്കി.

അവൾ മിണ്ടിയില്ല. ഏതാനുംനിമിഷം തലകുമ്പിട്ടങ്ങനെ ഇരുന്നു. അവളുടെ കണ്ണിൽനിന്നും കണ്ണുനീർതുള്ളികൾ അടർന്നു വീഴുന്നത് ഞാൻ വേദനയോടെ കണ്ടു.

ഏതാനുംസമയം കഴിഞ്ഞപ്പോൾ ചുരിദാറിന്റെ ഷാളുയർത്തി കണ്ണുനീർ തുടച്ചിട്ട് അവൾ എഴുന്നേറ്റ് അകത്തേയ്ക്ക് നടന്നു.സിജോയുടെ മുറിയിൽ നിന്ന് ടിവി പ്രോഗ്രാമിന്റെ ശബ്ദം ഹാളിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. ജിൻസിയുടെ പപ്പയും മമ്മിയും വീട്ടിൽ ഇല്ലാത്തത് നന്നായെന്ന് എനിക്കുതോന്നി.

അല്പസമയം കഴിഞ്ഞപ്പോൾ ഒരുഗ്ലാസിൽ ജ്യൂസ് കൊണ്ടുവന്ന് അവൾ എനിക്കുനൽകി. അവളുടെ മുഖത്തുനോക്കാതെ ടീപ്പോയിയിൽ കിടന്ന പത്രത്തിലേയ്ക്ക് അലക്ഷ്യമായി നോക്കിക്കൊണ്ട് ഞാൻ മെല്ലെ ജ്യൂസ് കുടിച്ചു. അവളോട്‌ അങ്ങനെ പറയേണ്ടി വന്നതിലുള്ള സങ്കടംകൊണ്ട് എന്റെ മനസ്സ് വിങ്ങുകയായിരുന്നപ്പോൾ.

(തുടരും)

 


ഭാഗം 7

ചായകുടികഴിഞ്ഞു നോക്കുമ്പോൾ ജിൻസി അടുത്തില്ല. ഞാൻ ചുറ്റും നോക്കി. ഹാളിലെ ജനാലയ്ക്കരികിൽ ചെന്ന് പുറത്തേയ്ക്ക് നോട്ടമയച്ചുകൊണ്ട് നിൽക്കുകയാണവൾ.

"ജിൻസി..."അടുത്തേയ്ക്ക് ചെന്നുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു.

അവൾ മുഖം തിരിച്ച് എന്നെനോക്കി. ആത്മനൊമ്പരത്തിന്റെ പ്രതിഫലനം ആ കണ്ണുകളിൽ ഞാൻ കണ്ടു.അവൾ കരയുകയാണ്.


"എന്താണിത്... ഞാൻ പറഞ്ഞതത്രയും ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ വിട്ടുകളയൂ... ഇനി ഞാൻ നിന്നെ അതുപറഞ്ഞുകൊണ്ട് വേദനിപ്പിക്കില്ല വരൂ..."അവളുടെ കൈയിൽ പിടിച്ചുകൊണ്ട് ഞാൻ സെറ്റിക്കരികിലേയ്ക്ക് നടന്നു.

സെറ്റിയിലിരുന്ന് അവൾ കണ്ണുകൾ തുടച്ചു. ശേഷം മുഖത്തൊരു പുഞ്ചിരി വിടർത്തികൊണ്ട് എന്നെ നോക്കി.

"നിന്റെ തീരുമാനം ഉചിതമാണെന്ന് നിനക്ക് തോന്നിയെങ്കിൽ... ആ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ...ഞാൻ തയ്യാറാണ് നിന്റെ തീരുമാനത്തിനൊപ്പം ചലിക്കാൻ. എനിക്ക് സങ്കടമില്ല. മറിച്ച്... നമ്മുടെ കുടുംബങ്ങളുടെ സന്തോഷത്തെ കരുതിയാണല്ലോ... നീ ഈ തീരുമാനം എടുത്തത്,നമ്മൾ ഈ ത്യാഗത്തിനൊരുങ്ങുന്നത് എന്നോർക്കുമ്പോൾ സന്തോഷമേയുള്ളൂ മനസ്സിൽ. ആദ്യം നീ ഇത് പറഞ്ഞപ്പോൾ ഞാൻ വെറുമൊരു കൗമാരക്കാരിയുടെ സ്ഥാനത്തുനിന്നുകൊണ്ട് മാത്രമേ ഇതിനെക്കുറിച്ച് ചിന്തിച്ചുള്ളൂ... പക്ഷേ,ഇപ്പോൾ നിന്റെ സ്ഥാനത്തുനിന്ന് ഒരു നന്മയെ മനസ്സിൽ കണ്ടുകൊണ്ട് മനസ്സിരുത്തി ചിന്തിച്ചപ്പോൾ എനിക്ക് നീ പറഞ്ഞത് മനസ്സിലായി. ഒരു നല്ലകാര്യത്തിനുവേണ്ടി നമ്മൾ തമ്മിൽ വിട്ടുപിരിയുന്നതിൽ എനിക്ക് ദുഖമില്ല. നീ പറഞ്ഞതുപോലെ ഈ ഒരു ത്യാഗംകൊണ്ട് എക്കാലവും നമ്മുടെ കുടുംബാംഗങ്ങൾ സന്തോഷിക്കുകയും, മരണം വരേയും നമുക്ക് ഇതോർത്ത് ആനന്ദിക്കാൻ കഴിയുകയും ചെയ്യും."അവൾ വീണ്ടും മിഴികൾ തുടച്ചു.

"പിന്നെ ഒരുകാര്യം...തമ്മിൽ പിരിഞ്ഞാലും നമ്മൾ ആഗ്രഹിച്ചിരുന്നതുപോലെ...എന്റെ ഇഷ്ടംപോലെ നീ നല്ലൊരു കർഷകനും, എഴുത്തുകാരനുമൊക്കെയാവണം.നിന്റെ വല്ല്യാപ്പയെപ്പോലെ നാട് അംഗീകരിക്കുന്ന ഒരു മനുഷ്യനാവണം. ഇതെന്റെ ആഗ്രഹമാണ്. നീ എന്റെ ആഗ്രഹം നിറവേറ്റിതരില്ലേ.?"അവൾ എന്നെനോക്കിക്കൊണ്ട് ഒരിക്കൽക്കൂടി മുഖം തുടച്ചു. അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞുകൊണ്ടിരുന്നു.

"തീർച്ചയായും നിന്റെ ആഗ്രഹംപോലെ ഞാൻ ജീവിക്കും. നിന്റെ വാക്കുകൾ എനിക്ക് എക്കാലവും ജീവിതത്തിലെ വഴികാട്ടിയും, വെളിച്ചെവുമൊക്കെയായിരിക്കും. ഞാൻ ആഗ്രഹിച്ചിരുന്നതൊക്കെ തന്നെയാണ് നീ എന്നോട് ആയിതീരണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത് . സന്തോഷമായി എനിക്ക്."ഞാൻ മെല്ലെ സെറ്റിയിൽ നിന്ന് എഴുന്നേറ്റു.

"ഞാൻ പോട്ടേ..."എന്റെ ശബ്ദം ഇടറി.

"നിൽക്കൂ... ഞാനിപ്പോൾ വരാം."അവൾ എഴുന്നേറ്റ് വീടിനകത്തേയ്ക്ക് നടന്നു.

ഏതാനും സമയം കഴിഞ്ഞപ്പോൾ അവൾ തിരികെ വന്നു.

"ഇതാ...ഒരു പേന.എന്റെയൊരു സമ്മാനമാണിത്.ഇതല്ലാതെ നിനക്കുതരാൻ എന്റെ കൈയിൽ ഒന്നുമില്ല. ഈ പേന... ഇതെന്റെ ഓർമ്മപകരുന്ന സാന്നിധ്യമായി എന്നും നിന്റെ കൂടെയുണ്ടാവണം.ഇതുകൊണ്ട് എഴുതുമ്പോൾ നീ എന്നെ ഓർമ്മിക്കണം. നിന്റെ നല്ലജീവിതം എനിക്ക് നീ നൽകുന്ന വാക്കാണ് അതു നീ മറക്കരുത്."അവൾ എന്റെ കണ്ണുകളിലേയ്ക്ക് നോക്കി.

ഞാൻ ആ പേനവാങ്ങി പോക്കറ്റിൽ വെച്ചു. എന്നിട്ട് അവളുടെ കൈയിൽ ചുണ്ടുകൾചേർത്ത് ചുംബിച്ചിട്ട് നിറമിഴികൾ തുടച്ചുകൊണ്ട് യാത്രപറഞ്ഞു തിരിച്ചു നടന്നു.

അവൾ എന്നെനോക്കി കൈവീശിക്കൊണ്ട് യാത്രയാക്കി.

ഗെയിറ്റുകടന്ന് പുറത്തേയ്ക്ക് നടക്കുമ്പോൾ എന്റെ പിന്നാലെ നടന്നെത്തിക്കൊണ്ട് 'സിജോ' എന്റെ തോളിൽ കൈവെച്ചു. അവന്റെ മിഴികളിൽ ഒരുതരം പ്രത്യേകഭാവം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.

"അബ്ദൂ... നന്നീടാ... നിന്നെപ്പോലൊരു അയൽവാസിയായ സുഹൃത്തിനെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. നിന്റെ തീരുമാനം നന്നായി. നിന്റെ മനസ്സ് വലിയ മനസ്സാണ്. ഞാൻ മുറിയിൽ ഇരുന്നുകൊണ്ട് നീ ജിൻസിയോട് പറഞ്ഞതെല്ലാം കേൾക്കുന്നുണ്ടായിരുന്നു."അവന്റെ ശബ്ദം ഇടറി. കണ്ണുനീർതുള്ളികൾ മുണ്ടിന്റെ തുമ്പുയർത്തി തുടച്ചുകൊണ്ട് അവൻ തിരിഞ്ഞുനടന്നു.

ജീവിതത്തിൽ അമൂല്യമായ ഒന്നിനെയാണ് നഷ്ടപ്പെടുത്തിയതെന്ന തോന്നൽ എന്റെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. ഹൃദയം വിരഹവേദനയിൽ വിങ്ങുന്നത് ഞാനറിഞ്ഞു.

തിരികെ വീട്ടിലെത്തി സങ്കടം കൊണ്ട് ആരോടും മിണ്ടാതെ മുറിയിലേയ്ക്ക് നടന്നു. എന്റെ ഈ ഭാവം കണ്ട് പിന്നാലെ എത്തിക്കൊണ്ട് ഉമ്മാ ചോദിച്ചു.

"എന്താമോനെ നിനക്കുപറ്റിയത്... ഇന്നലെമുതൽ ഞാൻ കാണുന്നു എന്തോ വിഷമമുള്ളതുപോലെ.?"

"ഒന്നുമില്ലുമ്മാ..."

"അല്ലാ എന്തോ ഉണ്ട്... നീ കള്ളം പറയുകയാണ്."

"ഞാനിനി തുടർന്നുപഠിക്കാൻ പോകുന്നില്ല."അതുകേട്ട് ഉമ്മയും സഹോദരിയും ഞെട്ടി.

"എന്താ നീ പറയുന്നത്. ഇത്രനാളും തുടർന്നുപഠിക്കണമെന്ന് പറഞ്ഞുകൊണ്ടിരുന്നിട്ട് പെട്ടെന്നെന്താണ് ഇങ്ങനൊരു മാറ്റം.?"ഉമ്മാ എന്നെനോക്കി.

"അത്‌ വേറൊന്നുമല്ല... പഠിക്കാൻ ഞാൻ മോശമാണല്ലോ... കഷ്ടിച്ചാണ് പത്താം ക്ലാസും പ്ലസ്ടൂവും ഒക്കെ പാസായത്. അതുകൊണ്ടുതന്നെ ഇനിയും പഠിച്ച് പാസാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല. എന്തിനാണ് വെറുതേ സമയവും പണവുമൊക്കെ കളയുന്നത്."ഞാൻ പറഞ്ഞൊഴിഞ്ഞു.

അതു പറയുമ്പോൾ എന്റെ മനസ്സിൽ ജിൻസിയോടൊത്തു പഠിക്കാനായില്ലല്ലോ എന്ന സങ്കടമായിരുന്നു.

വൈകുന്നേരം ഭക്ഷണം കഴിച്ചുകഴിഞ് നാട്ടുവർത്തമാനം പറഞ്ഞിരിക്കും നേരം ഉമ്മാ ഈ വിവരം ബാപ്പയോടും വല്ല്യാപ്പയോടുമൊക്കെ പറഞ്ഞു.

"പഠിക്കാൻ പോകുന്നില്ലെങ്കിൽ പിന്നെ എന്തുചെയ്യാനാണ് നിന്റെ തീരുമാനം.?"ബാപ്പ എന്നെനോക്കി.

"നിങ്ങളോടൊപ്പം ഇവിടുത്തെ കൃഷിയിലും മറ്റും പങ്കുചേരണമെന്നാണ് ആഗ്രഹം."

"നിനക്ക് അതാണ്‌ ഇഷ്ടമെങ്കിൽ പിന്നെ ഞാനൊന്നും പറയുന്നില്ല. നിന്റെ ആഗ്രഹംപോലെ തന്നെ നടക്കട്ടെ. പ്ലസ്ടൂ ജയിച്ച സ്ഥിതിക്ക് കുറച്ചുകൂടി പഠിക്കാമായിരുന്നു. നിനക്ക് താൽപര്യമില്ലെങ്കിൽ പിന്നെ നിർബന്ധിച്ചിട്ടു കാര്യമില്ലല്ലോ."ബാപ്പ മുറിയിലേയ്ക്ക് കയറിപ്പോയി.

പിറ്റേദിവസം മുതൽ വല്ല്യാപ്പയ്ക്കും, ബാപ്പയ്ക്കും, പണിക്കാർക്കുമൊപ്പം ഞാനും കൃഷിയിടത്തിലേയ്ക്ക് ഇറങ്ങി.

അന്ന് ആദ്യമായി പാടത്തേയ്ക്ക് ഇറങ്ങിയ രംഗം ഇന്നും മറക്കാനാവുന്നില്ല.

വല്ല്യാപ്പ വാത്സല്ല്യത്തോടെ എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചുകൊണ്ട് അനുഗ്രഹിക്കുകയും... ആനന്ദാശ്രുക്കളോടെ ഞവരിയുടെ പിടി എന്റെ കൈയിൽ തരുകയും ചെയ്തു. ഈ കാഴ്ചകണ്ട് ഉമ്മയുടേയും സഹോദരിയുടേയും മിഴികൾ ഈറനണിഞ്ഞു.

സ്വന്തം ഗ്രാമത്തിൽ കുടുംബാഗങ്ങൾക്കൊപ്പം ഇഷ്ടതൊഴിലായ കൃഷി ചെയ്തുകൊണ്ട് ജീവിക്കാനുള്ള തുടക്കം. എന്റെ പ്രണയിനിക്ക് കൊടുത്ത വാക്കുപോലെ അവളുടെ ആഗ്രഹം പോലെ... എന്റെ മനസ്സ് വല്ലാതെ സന്തോഷിച്ചു. ഉള്ളിന്റെയുള്ളിൽ സന്തോഷം തിരതല്ലി.

കൃഷിയുടേയും എഴുത്തിന്റേയും സന്തോഷംനിറഞ്ഞ നിമിഷങ്ങളിലൂടെ ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഇതിനിടയിൽ പറഞ്ഞുറപ്പിച്ച പ്രകാരം ജിൻസിയുടെ വിവാഹം നടന്നു. ഞാനൊരു മുഴുവൻസമയ കർഷകനായി.യുവകർഷകനുള്ള നിരവധി പുരസ്‌കാരങ്ങൾ എന്നെത്തേടിയെത്തി. ഒരുപാട് കഥകളും കവിതകളുമൊക്കെ എഴുതി. ചിലതെല്ലാം പ്രസിദ്ധീകരിച്ചുവന്നു. ഇപ്പോഴിതാ... വല്ല്യാപ്പയുടെ ആരോഗ്യപ്രശ്നത്തേതുടർന്ന് കുടുംബസ്വത്തായ എലത്തോട്ടത്തിലെ നടത്തിപ്പുകാരനായി ഈ മലയോരത്തിലും എത്തിച്ചേർന്നിരിക്കുന്നു.

ഞാൻ എന്റെ കഴിഞ്ഞകാല കഥകൾ പറഞ്ഞുനിറുത്തിയിട്ട് കൃഷ്ണൻകുട്ടി ചേട്ടനെ നോക്കി. ചേട്ടന്റെ കണ്ണുകളിൽ വിസ്മയവും, സന്തോഷവുമെല്ലാം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.

"എന്താ ചേട്ടാ എന്റെ കഥ കേട്ട് അത്ഭുതം തോന്നിയോ.?"

"പിന്നെ നിന്റെ ജീവിതകഥ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഇതിൽ സ്നേഹവും,നന്മയും, ത്യാഗവും, കടപ്പാടുമൊക്കെയുണ്ട്. ഞാനൊരുകാര്യം ചോദിക്കട്ടെ... നീ ഇന്നും അവൾ പറഞ്ഞതുപോലെ അവളെക്കുറിച്ച് ഓർക്കാറുണ്ടോ, അവൾ സമ്മാനിച്ച ആ പേനകൊണ്ട് എഴുതുന്നുണ്ടോ.?"

"ഉണ്ടല്ലോ... അവൾ സമ്മാനിച്ച ആ ഹീറോ പേനയിൽ മഷി ഒഴിച്ചാണ് ഞാനിന്നും കഥകളും, കവിതകളുമൊക്കെ എഴുതുന്നത്.ചിലപ്പോഴെല്ലാം നാട്ടിൽ ഞങ്ങൾ ഒരുമിക്കാറുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവളുടെ ഓർമ്മകൾ ഒരു നോവായി മനസ്സിനെ വേദനിപ്പിക്കാറുമുണ്ട്."

"നിന്നെ പിരിഞ്ഞതിൽ അവൾക്ക് ഇപ്പോൾ ദുഃഖമുണ്ടോ... നീ ചോദിച്ചിട്ടുണ്ടോ.?"

"ഇല്ല എന്നെപ്പോലെതന്നെ അവളും ഇന്ന് സന്തോഷവതിയാണ്. ഭർത്താവും കുട്ടികളുമൊക്കെയൊത്ത് സുഖമായി ജീവിക്കുന്നു."

ഒരു യുവകർഷകന്റെ അനുഭവകഥകൾ കേട്ട് കൃഷ്ണൻകുട്ടിച്ചേട്ടൻ പിന്നെയും വിസ്മയം കൊള്ളുന്നത് ഞാൻ കണ്ടു.

കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ സമയം അഞ്ചുമണിയായിരുന്നു. തോട്ടത്തിന്റെ ചില ഭാഗങ്ങളിൽ മഞ്ഞു പുകഞ്ഞുകയറുന്നുണ്ട്. തണുത്തകാറ്റ് വീശിയടിച്ചു. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം.ഞാൻ ഫോൺ കൈയിലെടുത്ത് എഴുതിക്കൊണ്ടിരുന്ന തുടർകഥയുടെ ബാക്കിഭാഗം ടൈപ്പ് ചെയ്യാൻ തുടങ്ങി.

ഈ സമയത്താണ് പുറത്തുനിന്ന് ഒരു പെൺകുട്ടിയുടെ വിളിയൊച്ച ഉയർന്നുകേട്ടത്. കൃഷ്ണൻകുട്ടിച്ചേട്ടൻ ബീഡി വാങ്ങുന്നതിനായി അടുത്തുള്ള പീടികയിലേയ്ക്ക് പോയിരിക്കുകയാണ്. ഞാൻ പുറത്തേയ്ക്കിറങ്ങി.

പത്തിരുപതു വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി. ചുരിദാറാണ് അവളുടെ വേഷം.അരയോളം എത്തുന്ന കാർകൂന്തൽ.തടിച്ചുരുണ്ട മേനി. തുടുത്ത കവിളുകൾ. കണ്ണുകൾക്ക് വല്ലാത്ത തിളക്കം. അവൾ എന്നെ വിസ്മയത്തോടെ നോക്കുന്നത് ഞാൻ കണ്ടു. ആരാണിവൾ... ഈ സായാഹ്നത്തിൽ അവൾക്ക് എന്താണ് ഇവിടെ കാര്യം. ഞാൻ ആകാംഷയോടെ അവളെ നോക്കി.

"ആരാ മനസ്സിലായില്ലല്ലോ.?"

"അതെങ്ങനെ മനസ്സിലാവും... നമ്മൾ തമ്മിൽ ആദ്യമായിട്ടാണല്ലോ കാണുന്നത്... പിന്നെങ്ങനെ.?"

"അതെ... അതാണ് ചോദിച്ചത്...കുട്ടി ഏതാണെന്നു പറയൂ..."ഞാൻ അവളെ നോക്കി.

"ഞാൻ ആരുടേയും കുട്ടിയൊന്നുമല്ല. എനിക്ക് പേരുണ്ട്."അവൾ ചുണ്ടുകോട്ടി.

"ആയിക്കോട്ടെ... പറയൂ എന്താണ് പേര്... എന്തിനാണ് വിളിച്ചത്.?"

"അത് പറയേണ്ടവരോട് പറഞ്ഞോളാം.ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ.?"അവൾ പുച്ഛഭാവത്തിൽ എന്നെനോക്കി.

"ഓഹോ... അതുകൊള്ളാം. ഇവിടിപ്പോൾ പറയേണ്ടവർ ആരാണെന്നുകൂടി പറഞ്ഞാൽ കൊള്ളാം."ഞാൻ ചിരിച്ചു.

"കൃഷ്ണൻകുട്ടി ചേട്ടൻ ഇല്ലേ ഇവിടെ, ഇല്ലെങ്കിൽ തോട്ടത്തിന്റെ ഉടമസ്ഥർ ആരെങ്കിലും ഉണ്ടാകുമല്ലോ.?"

"അവരാരും ഇപ്പോൾ ഇവിടില്ല. ആരാണെന്നും, ആവശ്യം എന്താണെന്നും തൽക്കാലം എന്നോട് പറഞ്ഞോളൂ... ഞാൻ അവരോട് പറഞ്ഞോളാം."

"അതിനെനിക്ക് സമ്മതമല്ലെങ്കിലോ.?"അവൾ വീണ്ടും പുച്ഛത്തോടെ എന്നെനോക്കി.

"എങ്കിൽ മടങ്ങിപോയ്ക്കോ... കൂടുതൽ പറഞ്ഞു മുഷിയാൻ എനിക്കും താല്പര്യമില്ല."

"ശ്ശെടാ.. ഇതൊക്കെപ്പറയാൻ താങ്കളാരാണ്. കാണേണ്ടവരെ കണ്ട് പറയേണ്ടുന്ന കാര്യം പറഞ്ഞിട്ട് ഞാൻ പൊക്കൊള്ളാം."അവൾ വിടുന്ന ഭാവമില്ല.

"ഒരിക്കൽക്കൂടി ഞാൻ പറയുന്നു... ഇവിടിപ്പോൾ ഞാൻ മാത്രമേ ഉള്ളൂ. എന്തേലും പറയാനുണ്ടെങ്കിൽ പറഞ്ഞിട്ട് പോകാൻ.അല്ലാതെ മനപ്പൂർവ്വം ഉടക്കാൻ നിൽക്കാതെ."

"ഉടക്കാൻ നിന്നാൽ..."അവൾ എന്നെനോക്കി.

ഒരുനിമിഷം എന്തുപറയണമെന്നറിയാതെ ഞാൻ നിന്നു. എന്തൊരു പെണ്ണാണിവൾ.ഒരു പിടിയുംകിട്ടുന്നില്ല. സൗദര്യവും അതിനൊത്ത തന്റെടവുമുള്ള ഒരു പുലിക്കുട്ടി.അസാമാന്യ ധൈര്യമുള്ളവൾ.യാതൊരു പരിചയവുമില്ലാത്ത തന്റെനേർക്ക് നോക്കി എത്ര ധൈര്യത്തിലാണ് തർക്കിക്കുന്നത്.

"പേരെന്താണ്...വീടെവിടെയാണ്...ഇവിടുള്ളവരുമായി എന്താണ് ബന്ധം...ദയവായി പറയൂ."ഞാൻ ശബ്ദംതാഴ്ത്തി ചോദിച്ചു.

"പേര് സിന്ധു. വീട് ഇവിടെ അടുത്തുതന്നെയാണ്. ഇവിടുള്ളവരുമായുള്ള ബന്ധം... മുതലാളി തൊഴിലാളി ബന്ധം."അവൾ പുഞ്ചിരിയോടെ മറുപടി നൽകി.

(തുടരും)

 


ഭാഗം 8

"ആണോ... അതുകൊള്ളാല്ലോ... എങ്കിൽ പറയൂ... സിന്ധു ഇവിടുത്തെ തൊഴിലാളിയാണോ.?"

"അല്ല... എന്റെ അമ്മ ഇവിടുത്തെ തൊഴിലാളിയാണ്. പേര് ലക്ഷ്മി... കുന്നുപുറത്തു ലക്ഷ്മി എന്നുപറഞ്ഞാലേ ആളുകൾ അറിയൂ..."

"ഓഹോ... ഇപ്പോൾ മനസ്സിലായി. ഇത് ആദ്യമേ അങ്ങ് പറഞ്ഞാൽ മതിയായിരുന്നല്ലോ... ഞാൻ തോട്ടത്തിൽ എത്തിയിട്ട് കുറച്ചുദിവസങ്ങളെ ആയുള്ളൂ... ജോലിക്കാരെയൊക്കെ പരിചയസപ്പെട്ടു വരുന്നതേയുള്ളൂ. ചേച്ചിയെ അറിയാം. മോളേ അറിയില്ലായിരുന്നു."


"അതെനിക്ക് മനസ്സിലായി..."അവൾ ലാഘവത്തോടെ പറഞ്ഞു.

"എന്നിട്ടാണോ എന്നോട് ഇങ്ങനെയൊക്കെ സംസാരിച്ചത്. എന്താ നിങ്ങൾ കഴിഞ്ഞദിവസങ്ങളിലൊന്നും ഇവിടെ ഇല്ലായിരുന്നോ.?"

"ഇല്ലായിരുന്നു...ദൂരെയുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു.ഇന്നാണ് മടങ്ങിയെത്തിയത്.അമ്മയ്ക്ക് രണ്ടുമൂന്ന് പണിയുടെ കൂലി കിട്ടാനുണ്ട്. അതുവാങ്ങിക്കാനാണ് ഞാൻ വന്നത്."

"ആണോ... നേരത്തേ പറഞ്ഞുകൂടായിരുന്നോ.?"

"അതിന് പറയേണ്ടവരെ കണ്ടാലല്ലേ പറയാൻ പറ്റൂ..."അവൾ വീണ്ടും തർക്കം ഉന്നയിച്ചു.

"സിന്ധു എന്തിനാണ് വീണ്ടും ഉടക്കാൻ ശ്രമിക്കുന്നത്.?"

"ഓ... ഞാനിങ്ങനെയാണെന്ന് വെച്ചോളൂ..."

"എങ്ങനെ എനിക്ക് മനസ്സിലാകുന്നില്ല."ഞാൻ പുഞ്ചിരിച്ചു.

"മനസ്സിലാവില്ല... ഞങ്ങൾ വെറും സാധാരണക്കാരല്ലേ... നിങ്ങളൊക്കെ വലിയ പണക്കാർ ഞങ്ങളെപ്പോലുള്ള പട്ടിണിപ്പാവങ്ങൾ നിങ്ങൾക്കുവേണ്ടി ഈ മലയോരത്ത് കിടന്ന് നരകിക്കുന്നത് നിങ്ങടെയൊന്നും കണ്ണിൽ പിടിക്കില്ല.കാര്യംകഴിഞ്ഞാൽ പിന്നെ നിങ്ങൾക്കെന്നും ഞങ്ങളെപ്പോലുള്ളവരോട് പുച്ഛമാണ്."

"ഓഹോ... ഈ തോട്ടത്തിൽ പണിക്ക് വന്നിട്ടും ഇതാണോ അവസ്ഥ.?"

"എന്നുഞാൻ പറഞ്ഞില്ല... പൊതുവെയുള്ള കാര്യം പറഞ്ഞതാണ്."

"അതുകൊള്ളാം...പൊതുവെയുള്ള കാര്യം പറയാൻ നിങ്ങളാരാണ് തോട്ടങ്ങളിൽ പണിയെടുക്കുന്നവരുടെ നേതാവോ...?"ഞാൻ വെറുതേ അവളെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചു.

"എന്നുതന്നെ വെച്ചോളൂ... പിന്നെ എനിക്ക് നിങ്ങളോട് സംസാരിച്ചു നിൽക്കാൻ സമയമില്ല. പൈസ കിട്ടിയിരുന്നെങ്കിൽ അങ്ങ് പോകാമായിരുന്നു."

"അതിന് സിന്ധുവിനെ മുൻപ് എനിക്ക് അറിയില്ല. ലക്ഷ്മി ചേച്ചിയുടെ മകളാണെന്ന് പറഞ്ഞു... പക്ഷേ, സത്യമാണോ എന്നറിയില്ലല്ലോ... ചേട്ടനോട് ചോദിക്കാമെന്നുവെച്ചാൽ ആള് ഇവിടെ ഇല്ലാതാനും. പിന്നെങ്ങനെ ഞാൻ പണം തരും."വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചു.

"വേണ്ട... എനിക്ക് നിങ്ങടെ പൈസ വേണ്ട. ഇവിടെവരെ വന്നതിനും, സംസാരിച്ചതിനും, തർക്കിച്ചതിനും സോറി. ഞാൻ ആദ്യമേ പറഞ്ഞല്ലോ... ഇതൊന്നും പറഞ്ഞാൽ നിങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാവില്ലെന്ന്.ചേട്ടൻ വന്നിട്ട് ഞാൻ വന്ന് പൈസ വാങ്ങിക്കൊള്ളാം. ഞാൻ പോകുന്നു."അവൾ ദേഷ്യത്തോടെ എന്നെനോക്കിയിട്ട് വെട്ടിതിരിഞ്ഞു നടന്നു.

അവളുമായി കുറച്ചുനേരംകൂടി സംസാരിക്കണമെന്ന ആഗ്രഹത്തോടെ തർക്കിച്ച എനിക്ക് നിരാശതോന്നി. അവളെ ദേഷ്യംപിടിപ്പിക്കണ്ടായിരുന്നു. അവൾ വല്ലാതെ കോപിച്ചിരിക്കുന്നു.

"സിന്ധൂ... നിൽക്കൂ...ഇതാ പൈസ കൊണ്ടുപോയ്ക്കോളൂ..."ഞാൻ അവളെ വിളിച്ചു പറഞ്ഞു.

"വേണ്ടാ... അതുകൂടി താങ്കൾ എടുത്തോളൂ... ഒരുദിവസം പൈസ കിട്ടിയില്ലെന്നുകരുതി ഞങ്ങൾ പട്ടിണികിടന്ന് ചത്തുപോവത്തൊന്നുമില്ല."അവൾ തിരിഞ്ഞുനോക്കാതെ വിളിച്ചുപറഞ്ഞിട്ട് നടന്നുപോയി.

അവൾ നടന്നുപോകുന്നതും നോക്കി ഞാൻ കുറച്ചുനേരം അങ്ങനെ നിന്നു. തന്റെ അടുക്കൽ വന്നിട്ടുപോയ സിന്ധു ഒരു സുന്ദരിയും ധീരയുമാണെന്ന് എനിക്ക് മനസ്സിലായി.

ഈ സമയം രണ്ടുപേർ അകലെനിന്ന് നടന്നുവരുന്നത് ഞാൻ കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോൾ ആളെ മനസ്സിലായി. അടുത്തുള്ള തോട്ടത്തിന്റെ ഉടമ തോമസുചേട്ടനും, അദ്ദേഹത്തിന്റെ പണിക്കാരനും.

"അല്ലാ ഇതാരൊക്കെയാണ്... എന്താണ് ഈ വൈകിയ നേരത്ത് അപ്രതീക്ഷിതമായൊരു വരവ്.?"ഞാൻ ഇരുവരേയും നോക്കി പുഞ്ചിരിച്ചു.

"ഓ വെറുതേ... രാവിലേ മുതൽക്ക് ഇങ്ങോട്ട് ഇറങ്ങണമെന്ന് കരുതുന്നതാണ്. തോട്ടത്തിലെ പണിയുടെ തിരക്കും മറ്റും കാരണം ഇപ്പോഴാണ് സമയമൊത്തത്.എന്താ ആ ലക്ഷ്മിയുടെ മകൾ ദേഷ്യപ്പെട്ട് പോകുന്നത് കണ്ടല്ലോ... എന്തുണ്ടായി.?"

"ഓ അതുവെറുതേ അമ്മയുടെ പണിക്കൂലി ചോദിക്കാൻ വന്നതാണ്. എനിക്ക് ആളെ അറിയില്ലല്ലോ... അതുപറഞ്ഞു വെറുതേ ഉടക്കി."

"സൂക്ഷിച്ചോണം... കാഞ്ഞവിത്താണ്.അല്ല... അമ്മ ആരാ മുതല് അറിയുമോ.?"തോമസുചേട്ടൻ എന്നെനോക്കി ചിരിച്ചു.

"കുറച്ചൊക്കെ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. കൂടുതലായി അറിയില്ല."

"കൂടുതൽ അറിയാതിരിക്കുന്നതാണ് നല്ലത്. കഴിയുമെങ്കിൽ തോട്ടത്തിൽ പോലും കയറ്റരുത്. ഞാൻ ഇവൾക്കൊന്നും എന്റെ തോട്ടത്തിൽ ജോലി കൊടുക്കത്തില്ല."

"അതെന്താ ചേട്ടാ അങ്ങനെ...?"

"എന്താണെന്നോ... അത് ഞാൻ പറയണോ... രണ്ടും പഠിച്ച കള്ളികളാണ്. കൈയിൽ കിട്ടണത് കടത്തിക്കൊണ്ട് പോകും. പോരാത്തതിന് അറു പിഴയും. എന്തിനും മടിക്കാത്ത കൂട്ടങ്ങൾ. പണിക്ക് വരുന്ന ആണുങ്ങളെക്കൊണ്ടുപോലും പണിയെടുപ്പിക്കില്ല... ഇവളുടെ തള്ള. അതൊക്കെ പോട്ടെന്നുവെക്കാം. കൂലിക്കുവേണ്ടി തർക്കവും പടയും ഇവളുടെയൊക്കെ പതിവാണ്."

"എന്തുതന്നെയായാലും നമ്മൾ പണികൊടുക്കാതിരിക്കുന്നത് ശരിയാണോ... അവർ പിന്നെ ജോലിക്ക് എവിടെപ്പോകും. അവരും ഈ തോട്ടങ്ങളിലെ ജോലിക്ക് അർഹരല്ലേ...?"

"ജോലി, ഇവൾക്കൊക്കെ കാശിന് വേറെ പണിയുണ്ടല്ലോ. പിന്നെന്തിനാണ് ഇതുകൂടി.?"ചേട്ടൻ ചിരിച്ചു.

"അതൊന്നും എനിക്കറിയില്ല. നമുക്ക് നോക്കേണ്ടുന്ന കാര്യവുമില്ലല്ലോ... ജോലി ചെയ്‌താൽ കൂലി."അതാണ് എന്റെ പോളിസി.

"ഇതാണ് നിങ്ങടെ കുഴപ്പം. തന്റെ വല്ല്യാപ്പയും ബാപ്പയുമൊക്കെ ഇതേ സിന്ധാന്തക്കാരാണ്‌. നിങ്ങളെപ്പോലുള്ള ചിലർചേർന്നാണ് ഇവളെയൊക്കെ ഈ മലയോരത്ത് വെച്ചുപൊറുപ്പിക്കുന്നത്. ഇല്ലെങ്കിൽ പണ്ടേ ഞാൻ ഇവളെയൊക്കെ ഈ നാട് കടത്തിവിട്ടേനെ. അമ്മ രാവും പകലുമില്ലാതെ ബിസ്സിനസ്സ് നടത്തുകയാണ്.എപ്പോഴും കാണും വീട്ടിൽ ഒന്നും രണ്ടുംപേർ.ഇപ്പോൾ മകളെക്കൂടി ബിസ്സിനസ്സിൽ പങ്കുചേർക്കുന്നുണ്ടോ എന്നാണ് സംശയം...അങ്ങനൊരു കേട്ടുകേൾവി ഉണ്ട്‌."തോമസുചേട്ടൻ പുച്ഛത്തോടെ പറഞ്ഞുനിറുത്തി.

ആ സംസാരം എനിക്കത്ര പിടിച്ചില്ല. അയാൾ പറയുന്നതത്രയും സത്യമാണെന്ന് എനിക്ക് തോന്നിയതുമില്ല.

"അതൊക്കെ പോട്ടേ... ഞങ്ങളിപ്പോൾ വന്നത് മറ്റൊരുകാര്യം പറയാനാണ്. നമ്മുടെ തോട്ടങ്ങളുടെ അതിരുകൾ തമ്മിൽ ബന്ധപ്പെട്ട് ചെറിയൊരു തർക്കം ഉണ്ടായതൊക്കെ അറിഞ്ഞിരിക്കുമല്ലോ. എന്നാണ് നമ്മുക്ക് അതൊന്ന് ക്ലിയർ ചെയ്ത്... അതായത് ഒരളവുകാരനെ വിളിച്ച് അളന്നുതിട്ടപ്പെടുത്തി അതിരുകെട്ടി തിരിക്കേണ്ടത്.?"

"ഓ അതാണോ കാര്യം. ഇതിന്റെ തീരുമാനം മുൻപ് വല്ല്യാപ്പ പറഞ്ഞിട്ടുണ്ടല്ലോ... ഞങ്ങൾക്ക് അതിരുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ല. അതായത് ഞങ്ങൾ വിലകൊടുത്ത് അളന്നുമേടിച്ച സ്ഥലം തന്നെയാണ് കൈവശം വെച്ചിരിക്കുന്നത്. അതിന് കൃത്യമായ അതിരുകളും, രേഖകളും ഉണ്ട്‌. അതിരുവിട്ട് കയറി തോട്ടം തെളിച്ചതും പണിതതുമൊക്കെ ചേട്ടനും പണിക്കാരുമാണ്. ആ സ്ഥിതിക്ക് അതിരുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചേട്ടൻ തന്നെ ഒരളവുകാരനെ വിളിച്ച് അളപ്പിക്കണം. അപ്പോൾ അറിയാമല്ലോ സ്ഥലം കൂടുതലൊ കുറവോ എന്ന്. ഞങ്ങടെ ഭാഗത്താണ് തെറ്റെങ്കിൽ സ്ഥലം വിട്ടുതരാൻ ഞങ്ങൾ തയ്യാറാണ്. അളവുകൂലിയും കൊടുക്കാം. അല്ലാതെയിപ്പോൾ..."ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

"ഓഹോ... ഇതുതന്നെയാണോ ഇപ്പോഴും പറയുന്നേ... കൊള്ളാം."

"ഇതല്ലേ ചേട്ടാ ന്യായം.?"

"ന്യായവും അന്യായവും ഒക്കെനോക്കി മാത്രം കാര്യം നടത്താൻ തീരുമാനിച്ചാൽ ബുദ്ധിമുട്ടാവും. ഇതൊരിക്കൽക്കൂടി പറയാനാണ് ഞങ്ങൾ വന്നത്."

"എന്ത് ബുദ്ധിമുട്ടാണ് ചേട്ടാ... ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഭയവുമില്ല."

"അപ്പോൾ തെറ്റുമുഴുവൻ എന്റെ ഭാഗത്തുമാത്രം... ആയിക്കോട്ടെ. ഞാൻ അടുത്തദിവസം തന്നെ ജോലിക്കാരെ വെച്ച് തെളിച്ച്‌ തൈ വെച്ചിടത്തോളം സ്ഥലം അതിര് കയ്യാല വെയ്ക്കാൻ പോകുകയാണ്."

"ഞങ്ങൾ പറഞ്ഞതുപോലെ തർക്കം ഉണ്ടായസ്ഥിതിക്ക് അളന്നിട്ട് കയ്യാല വെച്ചുകൊള്ളൂ... അല്ലാതെ നടപ്പില്ല."ഞാൻ സൗമ്യനായി പറഞ്ഞു.

"ഓഹോ... ഇല്ലെങ്കിൽ എന്തുസംഭവിക്കുമെന്ന് ഞാനൊന്നു കാണട്ടെ."

"അതൊക്കെ അപ്പോൾ കാണാം. വെറുതേ പേടിപ്പിക്കാതെ ചേട്ടാ... ഞങ്ങളും ഈ നാട്ടിൽത്തന്നെ ജനിച്ചുവളർന്നവരാണ്. മണ്ണിനോടും, പ്രകൃതോയോടുമൊക്കെ മല്ലടിച്ചിട്ടാണ് ഇത്രത്തോളം എത്തിയതും.ഇതിനിടയ്ക്ക് ചേട്ടനെപ്പോലുള്ള ഒരുപാട് ആളുകളെ കണ്ടിട്ടുമുണ്ട്."ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"എങ്കിൽ ശരി. ഞങ്ങൾ ഇറങ്ങുന്നു."തോമസുചേട്ടൻ ദേഷ്യത്തോടെ എന്നെനോക്കി പറഞ്ഞിട്ട് പണിക്കാരാനേയും കൂട്ടി പോകാനിറങ്ങി.

"ചേട്ടൻ ഇപ്പോഴെത്തും.അല്പസമയം കൂടി ഇരുന്നാൽ കട്ടൻ കുടിച്ചിട്ട് പോകാം."ഞാൻ പറഞ്ഞു.

"വേണ്ടാ... അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ."പുച്ഛത്തോടെ പറഞ്ഞിട്ട് അയാൾ ദേഷ്യപ്പെട്ട് മടങ്ങിപ്പോയി.

ഞാൻ ആ പോക്ക് നോക്കി അങ്ങനെ ഇരുന്നു. എന്തൊരുമനുഷ്യനാണ്... ഇഷ്ടംപോലെ ഭൂമി സ്വന്തമായിട്ട് ഉണ്ട്‌. എന്നിട്ടും അയൽക്കാരന്റെ അതിര് കടന്നെടുക്കലും, ദേഹണ്ണിക്കലുമാണ് ജോലി. അയൽക്കാരിൽ മിക്കവരുമായി ഇതേകാരണത്തിന്റെ പേരിൽ ചേട്ടൻ പലപ്പോഴും ഉടക്കികഴിഞ്ഞതാണ്.

രണ്ടുപേരുമായിട്ട് ഞങ്ങൾ തോട്ടം അതിര് പങ്കിടുന്നുണ്ട്. ഒന്ന് ഈ തോമസുചേട്ടനും, മറ്റേത് ജോസുചേട്ടനുമാണ്. ജോസുചേട്ടൻ ആരുമായും മുഷിയാനും, തർക്കിക്കാനുമൊന്നും പോകാറില്ല. നല്ലൊരു മനുഷ്യൻ. നാട്ടുകാർക്കൊക്കെയും സമ്മതൻ.

തോമസുചേട്ടൻ തോട്ടത്തിന്റെ അതിര് വിട്ടുകടക്കാനും ദേഹണ്ണിക്കാനുമൊക്കെ തുടങ്ങിയിട്ട് നാളുകൾ കുറേയായി. പലതവണ നേരിട്ടും മാധ്യസ്ഥർ മുഖേനയുമൊക്കെ സന്ധി ഉണ്ടാക്കിയിട്ടുള്ളതാണ്. പക്ഷേ, ചേട്ടൻ അടങ്ങിയില്ല. ഒടുവിൽ സ്ഥലം അളന്ന് തീരുമാനിക്കാം എന്നുപറഞ്ഞപ്പോൾ അതിനും സമ്മതമല്ല.ഞങ്ങൾ ആളെ വിളിച്ച് അളപ്പിക്കണമത്രേ.

തോമസുചേട്ടന് ഈ മലയോരത്ത് അൽപം സ്വാധീനക്കൂടുതലുണ്ട്. ആദ്യകാലത്ത് ഇവിടെ കുടിയേറിയതും തോട്ടം സ്ഥാപിച്ചതുമൊക്കെ ചേട്ടനാണ്. പോരാത്തതിന് രാഷ്ട്രീയക്കാരുമായൊക്കെ ചെറിയ ബന്ധങ്ങളുമുണ്ട്. ഒരുകാലത്ത് ഒന്നുമല്ലാതെ മലയോരത്ത് കുടിയേറിയ ചേട്ടനിന്ന് കൊടീശ്വരനാണ്.കാരണം പലിശയ്ക്ക് പണം കൊടുക്കുന്നത് തന്നെ. പലിശയ്ക്ക് പണം കൊടുക്കാനും, മേടിക്കാനുമൊക്കെ ചെറിയൊരു ഗുണ്ടാസംഘം തന്നെ ചേട്ടന് ഉണ്ട് താനും.

കൃഷ്ണൻകുട്ടി ചേട്ടൻ മടങ്ങിയെത്തിയപ്പോൾ ഞാൻ വിവരം പറഞ്ഞു.അതുകേട്ടപ്പോൾ ചേട്ടന് ചെറിയ ഭയമായി.

"അയാൾ ഇതെന്തുഭാവിച്ചാണ്... ഇത്രയൊക്കെ ഉണ്ടായിട്ടും മുതലിനോടുള്ള മനുഷ്യന്റെ ആർത്തി തീരുന്നില്ലെന്നു വെച്ചാൽ... ഇതിന്റെ പേരിൽ ഇനി എന്തൊക്കെയാണ് ഉണ്ടാവുക."ചേട്ടൻ പറഞ്ഞു.

"എന്തുണ്ടാവാൻ... ഒന്നുമുണ്ടാവില്ല... ചേട്ടൻ ഭയക്കാതിരിക്കൂ.ഇതൊക്കെ അയാളുടെ വെറും നമ്പരുകളാണ്. ഈ ഓലപ്പാമ്പ് കാട്ടി വിരട്ടിയാലൊന്നും നമ്മൾ തളരില്ല.കാരണം ന്യായം നമ്മുടെ ഭാഗത്താണ്."

ചേട്ടനോട് അങ്ങനെ പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചെങ്കിലും എന്റെ മനസ്സിൽ ചെറിയ അസ്വസ്ഥത ഉടലെടുത്തുകഴിഞ്ഞിരുന്നു. എല്ലാവരോടും സ്നേഹത്തോടും, സഹോദര്യത്തോടും കൂടി കഴിയണമെന്നുകരുതിയാണ് തോട്ടത്തിലേയ്ക്ക് പുറപ്പെട്ടത്. അതാണ് ഇങ്ങോട്ട് പോരുമ്പോൾ വീട്ടിൽനിന്ന് പറഞ്ഞയച്ചിട്ടുള്ളതും. പക്ഷേ, എന്തുചെയ്യാം ചിലർ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാനായി ഇറങ്ങിതിരിച്ചാൽ.

തോമസുചേട്ടനുമായി മുഷിയാൻ താല്പര്യമുണ്ടായിട്ടല്ല. എന്നുകരുതി വിലകൊടുത്ത് അളന്നുവാങ്ങിയ സ്ഥലം എങ്ങനെയാണ് വെറുതേ വിട്ടുകൊടുക്കുക.വെറുതെകിട്ടിയതാണെങ്കിൽ സാരമില്ലായിരുന്നു.തന്റെ കാരണവന്മാർ എത്രയോകാലം വിയർപ്പൊഴുക്കി കൃഷിയെടുത്തും മറ്റുമുണ്ടാക്കിയ പണംകൊടുത്തു വാങ്ങിയതാണ് ഈ തോട്ടം.അന്നുരാത്രി പലവിധ ചിന്തകളുമായി ഞാൻ ഉറങ്ങാതെ കിടന്നു.

(തുടരും)


ഭാഗം 9

പിറ്റേദിവസം തോട്ടത്തിൽ ജോലിക്കാർ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കാപ്പികുടി കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. തോട്ടത്തിലെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും തൊഴിലാളികളുടെ  വീടോ, വീട്ടുകാരെയോ ഒന്ന് പരിചയപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പലരും സ്നേഹത്തോടെ നിർബന്ധിച്ചിട്ടുണ്ട്... വീട്ടിലേയ്ക്ക് ചെല്ലാൻ.സമയം പോലെ തീർച്ചയായും വരുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഞാൻ


ഒഴിഞ്ഞു മാറുകയായിരുന്നു. ഇന്നെന്തായാലും കുറച്ചുപേരുടെ വീട്ടിലെങ്കിലും ഒന്ന് പോകണം. എന്റെ കൂടെ വീട്ടുകൾ പരിചയപ്പെടുത്താനായി കൃഷ്ണൻകുട്ടി ചേട്ടനേയും കൂട്ടി.

പുതുതായി കുറച്ച് തൈകൾ നടുന്ന തിരക്കിലായിരുന്നു ഇത്രനാൾ... അത് കഴിഞ്ഞു.ഇനി തോട്ടത്തിലെ പഴയ ചെടികളുടെ കാര്യങ്ങൾ നോക്കണം. ഇതിനിടയിൽ കണക്കും മറ്റു കാര്യങ്ങളുമായി നാട്ടിൽ പോകണം.

ആദ്യം ലക്ഷ്മി ചേച്ചിയുടെ വീട്ടിൽ തന്നെ കയറാൻ ഞാൻ തീരുമാനിച്ചു.കൂട്ടത്തിൽ തലേദിവസം മകൾ വന്നു ചോദിച്ചു പോയ പണിക്കൂലി കൊടുക്കുകയും ചെയ്യാം.

കൃഷ്ണൻകുട്ടി ചേട്ടനോട് ചോദിച്ചപ്പോൾ അറിഞ്ഞു...ലക്ഷ്മി ചേച്ചിയുടെ മകൾ പറഞ്ഞത് സത്യമാണെന്ന്... ഏതാനും പണിക്കൂലി ചേച്ചിയ്ക്ക് കൊടുക്കാനുണ്ട് . അവർ എവിടെയോ പോയിരുന്നതിനാൽ ആ ആഴ്ച കൂലി കൊടുക്കാൻ സാധിച്ചിരുന്നില്ലത്രേ.പോരാത്തതിന് ജോലിക്കാർക്കുള്ള ഹാജർ ബുക്കിൽ ചേച്ചിയുടെ പണികൾ എഴുതി ചേർത്തിട്ടുള്ളത് ഞാൻ കാണുകയും ചെയ്തു .

ലക്ഷ്മി ചേച്ചിയുടെ വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ ആരോ ഒരാൾ അവിടെ നിന്ന് ഇറങ്ങി പോകുന്നത് ഞാൻ കണ്ടു.അടുത്തെത്തിയതും എന്നെസൂക്ഷിച്ചു നോക്കിക്കൊണ്ട് എന്തോ അർത്ഥം വെച്ച് എന്നവണ്ണം ചിരിച്ചിട്ട് അയാൾ മുണ്ടും മടക്കിക്കുത്തി വേഗത്തിൽ നടന്നു പോയി.

"അബ്ദു കയറിയിട്ട് വന്നോളൂ... ഞാൻ ആ കവലയിലെ കടയിൽ ഉണ്ടാവും."കൃഷ്ണൻകുട്ടി ചേട്ടൻ മുന്നോട്ട് നടന്നു.

"ഹലോ ഇവിടെ ആരുമില്ലേ..?" ഞാൻ മുറ്റത്തുനിന്ന് വിളിച്ചു ചോദിച്ചു.

"ഉണ്ടല്ലോ...എന്തുവേണം.?" അകത്തുനിന്ന് ഇറങ്ങി വന്ന സിന്ധു എന്നെ നോക്കി ചോദിച്ചു.

"അമ്മ ഇല്ലേ ഇവിടെ.?"

"ഉണ്ട് അപ്പുറത്ത് എന്തോ ജോലിയിലാണ്."അവൾ അനിഷ്ടത്തോടെ എന്നവണ്ണം പറഞ്ഞു.

"ഒന്നു വിളിക്കാമോ.?"

"എന്തിനാണ്...എന്തെങ്കിലും പറയാനാണെങ്കിൽ എന്നോട് പറഞ്ഞോളൂ...ഞാൻ അമ്മയോട് പറഞ്ഞേക്കാം."അവൾ വീണ്ടും പുച്ഛത്തോടെ പറഞ്ഞു.

എന്തൊരു പെണ്ണാണിവൾ...തന്നോട് ഒന്ന് കയറി ഇരിക്കാൻ പോലും പറയാതെ മുറ്റത്തു നിറുത്തി ഇങ്ങനെ സംസാരിക്കാൻ ഞാൻ എന്ത് തെറ്റ് ചെയ്തു.?എനിക്ക് അവളോട് വെറുപ്പ് തോന്നി.

"ഞാൻ വന്നത് അമ്മയെ കാണാനാണ്.സംസാരിക്കാനുള്ളതും അമ്മയോടാണ്.അല്ലാതെ സിന്ധുവിനോട് അല്ല."ഞാൻ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു.

"ആണോ എങ്കിൽ കാത്തുനിൽക്കുക...അമ്മ വന്നിട്ട് കണ്ടിട്ട് പോയാൽ മതി."അവൾ വീടിന്റെ തൂണിൽ പിടിച്ചുകൊണ്ട് പുച്ഛത്തോടെ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ മുറ്റത്തുനിന്നുകൊണ്ട് വീടിന്റെ പരിസരവും മറ്റുമൊക്കെ ഒന്ന് നോക്കിക്കണ്ടു.വളരെ ദയനീയമായ അവസ്ഥയാണ് അവിടെ എന്ന് എനിക്ക് തോന്നി.

ഈ സമയം വീടിന്റെ പിന്നാമ്പുറത്തുനിന്ന് നൈറ്റിയിൽ നനഞ്ഞ കൈകൾ തുടച്ചുകൊണ്ട് ലക്ഷ്മി ചേച്ചി മുൻവശത്തേയ്ക്ക് നടന്നുവന്നു.

"അല്ല ഇതാര്...ഞങ്ങടെ വീട്ടിലേയ്ക്ക് വരാനുള്ള വഴി ഒക്കെ അറിയുമോ.?"ചേച്ചി എന്നെനോക്കി ചിരിച്ചു.

"അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത്...എനിക്ക് ഇവിടെ വന്നാൽ എന്താ..?"ഞാൻ പുഞ്ചിരിച്ചു.

"ഞാൻ വെറുതെ പറഞ്ഞതാ... മോൻ തോട്ടത്തിൽ വന്ന കാര്യം ആളുകൾ പറഞ്ഞ് അറിഞ്ഞിരുന്നു.പിന്നെ ഇന്നലെ ഇവളും പറഞ്ഞു. കയറിവരൂ... ഇരിക്കൂ.."

മുറ്റത്തുനിന്ന് വരാന്തയിലേയ്ക്ക് കയറിക്കൊണ്ട് ചേച്ചി...അവിടെ കിടന്ന ബെഞ്ച് മുന്നോട്ട് നീക്കിയിട്ടു.

വരാന്തയിലെ തൂണിനോട് ചേർത്തിട്ട ആ പഴയബെഞ്ചിൽ ഞാനിരുന്നു.

"എന്തൊക്കെയുണ്ട് വിശേഷങ്ങൾ... നാട്ടിൽ എല്ലാവരും സുഖമായിരിക്കുന്നോ.?"

"സുഖം..."ഞാൻ പറഞ്ഞു.

"കാപ്പി എടുക്കട്ടെ... അതോ ചായയോ.?"

"ഒന്നും വേണ്ട... ഞാനിപ്പോൾ കഴിച്ചതേയുള്ളൂ..."

"നമ്മുടെ വീട്ടിൽ നിന്നൊന്നും കഴിക്കില്ലായിരിക്കും അമ്മേ." സിന്ധു എന്നെ നോക്കി മെല്ലെ പറഞ്ഞു.

"ഏയ്‌ അങ്ങനെയൊന്നുമില്ല... ഇപ്പോൾ കഴിച്ചതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു അത്രയേ ഉള്ളൂ..."ഞാൻ പറഞ്ഞു.

"പിന്നെ എന്താണ് ഇങ്ങോട്ടൊക്കെ... എന്തെങ്കിലും വിശേഷിച്ച്.?"ചേച്ചി എന്നെ നോക്കി.

"വെറുതേ...തോട്ടത്തിലെ ജോലിക്കാരുടെ വീടും അവരുടെ കുടുംബങ്ങങ്ങളേയുമൊക്കെ നേരിൽ പോയി ഒന്ന് പരിചയപ്പെടണമെന്ന് വന്ന അന്ന് മുതൽ വിചാരിക്കുന്നതാണ്. പക്ഷേ, പണിത്തിരക്കുകാരണം ഇപ്പോഴാണ് സമയം കിട്ടിയത്."

"അതെന്തായാലും നന്നായി.വല്ല്യാപ്പയും ഇതുപോലെ തന്നെയാണ്.പക്ഷേ,ഒന്നുണ്ട് ഇതുകൊണ്ടൊക്കെ നമ്മൾ നല്ലതിനെന്നു കരുതുന്നത് ചിലരൊക്കെ മോശമായി മാത്രമേ കാണുകയുള്ളൂ."ചേച്ചി പറഞ്ഞു.

"അതൊന്നും സാരമില്ല.ആളുകൾ എന്തും വിചാരിക്കട്ടെ... നമുക്ക് നമ്മുടേതായ ഒരു മനസ്സുണ്ടല്ലോ... അതിന്റെ സംതൃപ്തിയാണല്ലോ പ്രധാനം."ഞാൻ പറഞ്ഞു.

"മോളേ നീ പോയി ചായ എടുത്തുകൊണ്ട് വാ...ഇല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പോകാം നിങ്ങൾ സംസാരിക്ക്."ചേച്ചി അകത്തേയ്ക്ക് നടന്നു.

"സിന്ധു ഒരുപാട് വായിക്കുമെന്ന് തോന്നുന്നല്ലോ...?"മേശപ്പുറത്ത് ചിതറിക്കിടന്ന പത്രങ്ങളിലേയ്ക്കും ആഴ്ചപതിപ്പുകളിലേയ്ക്കുമൊക്കെ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.

"വായിക്കാറുണ്ട്...ചെറിയതോതിൽ..."അവൾ പറഞ്ഞു.

"ഇതല്ലാതെ പുസ്തകങ്ങൾ വായിക്കാറില്ലേ.?"

"ഓ നമ്മളെ പോലുള്ളവർക്ക് പുസ്തകങ്ങളൊക്കെ എവിടെ കിട്ടാനാ...സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് വായിച്ചിരുന്നു. ഇവിടിപ്പോൾ പുസ്തകം കിട്ടണമെങ്കിൽ ടൗണിൽ പോകണം അവിടെയാണ് ലൈബ്രറി ഉള്ളത്. ബുക്ക്സ്റ്റാളിൽ നിന്നൊക്കെ വാങ്ങി വായിക്കാൻ ഞങ്ങൾക്ക് എവിടുന്നാ പണം... പിന്നെ ഇപ്പോൾ എല്ലാം ഫോണിൽ ഉണ്ടല്ലോ...ഓൺലൈൻ."അവൾ പറഞ്ഞു.

"ഉം ശരിയാണ്. പക്ഷേ,ഫോണിലെ വായന മാത്രം പോരാ... നല്ലനല്ല പുസ്തകങ്ങൾ കൂടി വായിക്കണം"

"അതിനൊന്നും സാധിക്കില്ല... സമയവുമില്ല.അതൊക്കെ നിങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്."

"അങ്ങനെയൊന്നുമില്ല...വായന ആർക്കും ആവാം.നല്ലപുസ്തകങ്ങൾ...അത് മനുഷ്യന്റെ അറിവും ചിന്താശക്തിയുമൊക്കെ ഉയർത്തുകയും അവനെ നന്മയിലേയ്ക്ക് നയിക്കുകയുമൊക്കെ ചെയ്യും."

"എന്തിനാണ് അധികം അറിവും ചിന്താശക്തിയുമൊക്കെ...ഉള്ളതൊക്കെത്തന്നെ ധാരാളം.ഇതുകൊണ്ടൊന്നും നമുക്ക് രക്ഷപ്പെടാനാവില്ല.പുസ്തകങ്ങളിലെ സിദ്ധാന്തങ്ങൾക്ക് ഒരുവന്റെ ജീവിതത്തിൽ വെളിച്ചം പകരാനും, വഴികാട്ടിയാകാനുമൊക്കെ കഴിയുമെന്ന് വെറുതെ പറയാം എന്നല്ലാതെ..."

"ഏയ്‌ അതൊന്നും വെറുതെയല്ല സത്യമാണ്.സിന്ധു ഏതുവരെ പഠിച്ചു.?"

"പ്ലസ്ടു വരെ.."

"പിന്നെന്താ തുടർന്നുപോകാതിരുന്നത്.?"

"അതിനുള്ള സാഹചര്യമൊത്തില്ല. അതുകൊണ്ട് പോയില്ല."അവൾ പറഞ്ഞു.

ഈ സമയം ചേച്ചി ചായയും ഒരു പാത്രത്തിൽ ഏതാനും ബേക്കറി പലഹാരങ്ങളും കൊണ്ടുവന്ന് മേശയിൽ വെച്ചു.

"ദാ ചായ കുടിക്കൂ..."പറഞ്ഞിട്ട് ചേച്ചി സൈഡിലേയ്ക്ക് മാറി ചുമരിൽ ചാരി നിന്നു.

"ഇവൾ പ്ലസ്ടു വരെ പഠിച്ചതാ...പിന്നെ പോയില്ല. ആ സമയത്താണ് ഇവളുടെ അച്ഛൻ മരിക്കുന്നത്.പിന്നെ ഞാനൊരാൾ വല്ലപ്പോഴും തോട്ടത്തിൽ ജോലിക്ക് പോയി കിട്ടുന്നതുകൊണ്ട് വീട്ടുചെലവിന്റെ കൂടെ തുടർപഠനവും കൂടി നടക്കില്ല എന്ന് തോന്നിയപ്പോൾ... ഇവൾ തന്നെയാണ് പഠനം വേണ്ടെന്നുവച്ചത്.എങ്ങനെയും പഠിപ്പിക്കാം പോകാൻ പറഞ്ഞിട്ട് ഇവൾ കേട്ടില്ല.ഇപ്പോൾ ഈ വീട്ടിൽ കിടന്ന് മുരടിക്കുകയാണ് ഇവളുടെ ജീവിതം.ഞാൻ അല്പം വഴിവിട്ട ജീവിതം ഒക്കെ നയിച്ചു പോയത് കൊണ്ട് ഇവളെയും ആ കണ്ണുകളോടെയാണ് ആളുകൾ കാണുന്നത്.ആരും ഇവളോട് കൂട്ടുകൂടാൻ വരാറില്ല. ഇവൾ എങ്ങോട്ടും പോകാറുമില്ല. ആ ഒറ്റപ്പെടലാണ് എന്റെ മോളേ ഇങ്ങനെ തന്റേടിയും നിഷേധിയും ഒക്കെ ആക്കി മാറ്റിയത്. ഇവിടുത്തെ ഈ ചുറ്റുപാടിൽ നിന്നൊരു മോചനമായി... എന്തെങ്കിലും ഒരു ചെറിയ ജോലി കിട്ടിയിരുന്നെങ്കിൽ എന്റെ മോൾക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. പക്ഷേ, ഇവിടെ തോട്ടം പണിയല്ലാതെ എന്തുകിട്ടാനാണ്."ചേച്ചി തന്റെ ഹൃദയനൊമ്പരങ്ങൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.

അവർ പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നി.അവരുടെ ആ നിസ്സഹായ അവസ്ഥയിൽ വല്ലാത്ത നൊമ്പരവും.ചായ കുടിച്ചു കഴിഞ്ഞു പോകാൻ നേരം പോക്കറ്റിൽ നിന്ന് പണിക്കൂലി എടുത്ത് ചേച്ചിക്ക് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.

"സിന്ധുവിന് പറ്റിയ എന്തെങ്കിലും ഒരു ചെറിയ ജോലി കിട്ടുമോ എന്ന് നമുക്ക് നോക്കാം.കഴിയുമെങ്കിൽ ഉച്ചകഴിഞ്ഞ് തോട്ടത്തിലേക്ക് ഒന്ന് വരൂ... വായിക്കാൻ കുറച്ചു പുസ്തകങ്ങൾ തരാം."

"വേണമെന്നില്ല... മറ്റൊന്നുംകൊണ്ടല്ല... എന്നെപ്പോലുള്ളവർ അവിടെ വരുന്നതും പോകുന്നതുമൊക്കെ അത്രനല്ലതല്ല.ഞങ്ങൾമൂലം വെറുതേ ചീത്തപ്പേര് ഉണ്ടാക്കിവെക്കേണ്ട."അവൾ പറഞ്ഞു.

"അതൊന്നും എനിക്ക് പ്രശ്നമല്ല. സിന്ധുവിന് ധൈര്യമുണ്ടെങ്കിൽ വരാം."

പറഞ്ഞിട്ട് ഞാൻ അവിടെനിന്ന് മെല്ലെ ഇറങ്ങിനടന്നു.

ഈ സമയം സിന്ധു എന്നെനോക്കി മെല്ലെ പുഞ്ചിരിച്ചു. അവളുടെ മുഖത്ത് അതുവരെ ഇല്ലാത്തൊരു ഭാവം ഉടലെടുത്തത് ഞാൻ കണ്ടു.

ഞാൻ ചെല്ലുമ്പോൾ എന്നെ കാത്തെന്നവണ്ണം ചേട്ടൻ കവലയിലെ കടത്തിണ്ണയിൽ ആളുകളുമായി സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു.തുടർന്ന് ഞങ്ങൾ ഇരുവരും കൂടി തോട്ടത്തിലെ മറ്റു ചില പണക്കാരുടെ വീടുകളിൽ പോയി. ഒടുവിൽ പനിപിടിച്ചതുമൂലം വിശ്രമത്തിൽ കഴിഞ്ഞിരുന്ന ദിവാകരൻ ചേട്ടന്റെ വീട്ടിൽ ചെന്നു.

ചേട്ടന്റെ പനി മാറിയെങ്കിലും ക്ഷീണം പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. എന്തുതന്നെയായാലും അടുത്തദിവസം മുതൽ ജോലിക്ക് പോയി തുടങ്ങണം എന്നതാണ് ചേട്ടന്റെ തീരുമാനം.അല്ലെങ്കിലും എത്രദിവസമാണ് ഇങ്ങനെ കഴിയുക. ചേട്ടൻ ആവലാതിയോടെ ഞങ്ങളോട് പറഞ്ഞു. ചായകുടിക്കാൻ നിർബന്ധിച്ചെങ്കിലും ഞങ്ങൾ കുടിച്ചില്ല. പോയവീടുകളിൽ നിന്നൊക്കെയും നിർബന്ധത്തിനുവഴങ്ങി ചായ കുടിച്ച് വയർ നിറഞ്ഞിരുന്നു.

വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പൂമുഖത്തിരിക്കുമ്പോഴും എന്റെ കണ്ണുകൾ ഒരാളെ തിരഞ്ഞുകൊണ്ടിരുന്നു.അനിതയെ...ചേട്ടന്റെ മൂത്തമകളെ. ആദ്യമായി കണ്ടനിമിഷം മുതൽ എന്തുകൊണ്ടോ അവളുടെ മുഖം മനസ്സിൽ മായാത്തവിധം പതിഞ്ഞുകഴിഞ്ഞിരുന്നു.സഹോദരിമാരെ രണ്ടുപേരെയും കണ്ടിട്ടും അവളെ മാത്രം എവിടേയും കണ്ടില്ല. ഒടുവിൽ സഹികെട്ട് പോകാനൊരുങ്ങുന്നതിനുമുൻപ് ഞാൻ ചോദിച്ചു.

"അനിത എവിടെ... അവളെമാത്രം കണ്ടില്ലല്ലോ..."

"അവൾ കൂട്ടുകാരിയുടെ വീടുവരെ പോയതാണ്...ഇപ്പോൾ വരേണ്ട സമയമായി."അവളുട അമ്മ മറുപടി നൽകി.

ഉച്ചയോടടുത്തപ്പോൾ അവിടെനിന്ന് യത്രപറഞ്ഞു ഞങ്ങൾ ഇറങ്ങി. അപ്പോഴും അനിതയെ കാണാത്തതിലുള്ള നിരാശ എന്റെയുള്ളിൽ നിറഞ്ഞുനിന്നു.

ഉച്ചയൂണും കഴിഞ്ഞ് തട്ടിൻപുറത്തുകിടന്നുകൊണ്ട് ഫോണിൽ നോക്കുമ്പോഴാണ് പുറത്തുനിന്ന് ആരുടെയോ വിളിയൊച്ച കേട്ടത്.

"ആരോ വിളിക്കുന്നുണ്ടല്ലോ ചേട്ടാ... ആരാണ്.?"ഞാൻ ചേട്ടനെ നോക്കി.

വൈകിട്ടത്തെ കാപ്പിക്കുള്ള ജോലിയിൽ ഏർപ്പെട്ടിരുന്ന ചേട്ടൻ എഴുന്നേറ്റ് പുറത്തുചെന്ന് നോക്കി.

"അതാ പെണ്ണാണ്... ലക്ഷ്മിയുടെ മകൾ."

"ആണോ..." ഞാൻ എഴുന്നേറ്റ് പുറത്തേയ്ക്ക് ചെന്നു.

"സിന്ധു... വരൂ... ഇരിക്കൂ..."ഞാൻ കസേര എടുത്ത് പുറത്തേക്കിട്ടു.

"ഓ ഇല്ല ഞാനിവിടെ നിന്നോളം." അവൾ മുറ്റത്തുനിന്ന കമുകിൽ ചാരിനിന്നുകൊണ്ട് എന്നെ നോക്കി.

ആ സമയം അവളുടെ മുഖത്ത് ഇതിനുമുൻപ് രണ്ടുതവണ കണ്ടപ്പോഴുണ്ടായിരുന്ന ആ പുച്ഛഭാവം എങ്ങോട്ട് പോയി മറഞ്ഞിരുന്നു. പകരം അവിടെ ഒരുതരം നാണം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.

(തുടരും)


ഭാഗം 10

"സിന്ധു എന്തൊക്കെയുണ്ട് വിശേഷങ്ങൾ... പറയൂ..."

"എന്തുവിശേഷം... രാവിലേ വീട്ടിൽ വന്നപ്പോൾ അറിഞ്ഞതൊക്കെത്തന്നെ."

"എന്തുകൊണ്ടാണ് എന്നോട് കാണുമ്പോഴെല്ലാം ഇങ്ങനെ കയർത്തു സംസാരിക്കുന്നത്. എല്ലാവരോടും മാന്യമായി ഇടപെട്ടുകൂടെ... അതല്ലേ സ്ത്രീകളുടെ സൗന്ദര്യം.? "ഞാൻ അവളെ നോക്കി.


"എന്തുചെയ്യാം എനിക്ക് ഇങ്ങനെയൊക്കെയേ സംസാരിക്കാനറിയൂ...എന്റെ ജീവിതസാഹചര്യം എന്നെ ഈ വിധമാക്കി മാറ്റിയെന്ന് വേണമെങ്കിൽ പറയാം."

"അങ്ങനെ പറയരുത്... സാഹചര്യത്തെ പഴിക്കുന്നത് പരാജിതരുടെ സ്ഥിരം സ്വഭാവമാണ്.ഈ പറയുന്ന സാഹചര്യത്തോട് പൊരുതി മുന്നേറിയവരാണ് ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ളവരും,പ്രശസ്തരായവരും ഒക്കെ."

"ശരിയായിരിക്കാം പക്ഷേ,എൻറെ കാര്യത്തിൽ ഞാൻ സാഹചര്യത്തെ പഴിക്കുക തന്നെ ചെയ്യും. ഈ മലയോരത്ത് കിടന്ന് വളരെ കഷ്ടപ്പെട്ടാണ് ഞാൻ സ്കൂൾ പഠനം നടത്തിയത്. കിലോമീറ്ററോളം കാട്ടിലൂടെ നടന്ന്... മഞ്ഞും,മഴയും കൊണ്ട്... തോടും, മേടും താണ്ടി.പത്താം ക്ലാസും, പ്ലസ്ടുവുമൊക്കെ സാമാന്യം നല്ല മാർക്കോട് കൂടി തന്നെയാണ് പാസായത്.ഒരൊറ്റ ദിവസംപോലും ഈശ്വരനെ മനസ്സിൽ കണ്ടു പ്രാർത്ഥിക്കാതെ കിടന്നിട്ടില്ല. കഴിയുമ്പോഴൊക്കെ അമ്പലത്തിൽ പോകാറുമുണ്ട്. എല്ലാവർക്കും സഹായം അല്ലാതെ ദ്രോഹം ഞങ്ങൾ ചെയ്തിട്ടില്ല.എന്നിട്ടും..."അവൾ ഒരുനിമിഷം നിറുത്തി.

"പ്ലസ്ടു പരീക്ഷ കഴിഞ്ഞ സമയത്താണ് വിധിയുടെ ക്രൂരത ഞങ്ങളെ വേട്ടയാടുന്നത്...ഒരു ദിവസം ജോലിക്ക് പോയ അച്ഛൻ പെട്ടെന്ന് മരത്തിൽനിന്ന് വീണ് കിടപ്പിലായത്.ആറുമാസത്തോളം അച്ഛൻ ആശുപത്രിയിൽ കിടന്നു. ചികിത്സയ്ക്കും മറ്റുമായി ഒരുപാട് പണം ചെലവായി.പറയത്തക്ക ബന്ധുക്കൾ ആരുമില്ലാത്ത ഞങ്ങൾ നന്നേ കഷ്ടപ്പെട്ടാണ് ചികിത്സ നടത്തിയത്.ഒരുപാട് പേർ സഹായിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. നിങ്ങടെ വല്ല്യാപ്പ ഉൾപ്പെടെ പലരും.എന്നിട്ടും അച്ഛൻ മരിക്കുമ്പോൾ...ഞങ്ങൾ വലിയ കടക്കാരായി തീർന്നിരുന്നു. ആകെയുള്ള വീട് പോലും പണയത്തിലായി."

"പ്ലസ്ടു കഴിഞ്ഞ് ഞാൻ എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്ന് അന്വേഷിച്ചു. പക്ഷേ, കിട്ടിയില്ല.ഈ മലയോരത്ത് എനിക്ക് പറ്റിയ എന്തുജോലി കിട്ടാനാണ്.പിന്നെ ദൂരെ പോയി നിൽക്കാൻ തയ്യാറായാൽ ജോലി കിട്ടും. അമ്മയെ തനിച്ചാക്കി പോകാൻ മടി.നാട്ടിൽ തന്നെ കുറച്ചുനാള് അമ്മയോടൊപ്പം തോട്ടത്തിൽ ജോലിക്ക് പോയി.അതിനിടയിൽ എനിക്ക് പറ്റിയ ഒരു ജോലി കിട്ടുമോ എന്ന് ഞാൻ തോട്ടം മുതലാളിമാരോടും മറ്റും തിരക്കി കൊണ്ടിരുന്നു.പക്ഷേ,ആരും എന്റെ അപേക്ഷ കൈക്കൊണ്ടില്ല.ചിലരെല്ലാം പറഞ്ഞു...അമ്മയ്ക്കും മകൾക്കും എന്തിനാണ് അധികം ജോലി...ഉള്ളതുപോരെ... പിന്നെ നല്ല സൗന്ദര്യം ഉണ്ടല്ലോ മനസ്സുവെച്ചാൽ ജോലി എടുക്കാതെ കഴിയാമല്ലോ എന്നൊക്കെ."

"ഇതറിഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞു...ഇനി മുതൽ എവിടെയും ജോലി അന്വേഷിച്ചു പോകേണ്ട... തോട്ടത്തിൽ പണിക്ക് വരികയും വേണ്ട എന്ന്.രണ്ടു പേർ മാത്രമുള്ള കുടുംബമാണ് ഞങ്ങളുടേത്... ആഴ്ചയിൽ രണ്ടു പണി കിട്ടിയാലും കഷ്ടിച്ചു കഴിഞ്ഞുകൂടാം.പക്ഷേ,ചില സമയങ്ങളിൽ അതും ഉണ്ടാവില്ല. ഇതിനെല്ലാം പുറമേ കടക്കാരുടെ ശല്യവും. ഇതിനൊക്കെ ചെറിയൊരു പരിഹാരം അമ്മയ്‌ക്കൊരു കൈത്താങ് ഇതൊക്കെ കരുതിയാണ് ഞാൻ ജോലിക്ക് ഇറങ്ങിയത്. എന്റെ ദുരവസ്ഥ അറിഞ്ഞതിൽ പിന്നെ ജോലിക്ക് വിട്ടതുമില്ല.അമ്മ തോട്ടത്തിലും,മുതലാളിമാരുടെ വീട്ടിലെ അടുക്കളയിലുമൊക്കെ രാവന്തിയോളം ജോലിയെടുത്തു.ഈ സമയം എന്റെയൊരു കൂട്ടുകാരി മുഖേനെ ടൗണിലെ ഒരു ബേക്കറി ഷോപ്പിൽ ചെറിയൊരു ജോലി കിട്ടി... ആറുമാസക്കാലം.ഈ സമയത്ത് എങ്ങനെയോ എന്റെ അമ്മയ്ക്ക് ജീവിതം കൈമോശം വന്നു കഴിഞ്ഞിരുന്നു. സൗന്ദര്യവും ആരോഗ്യമുള്ള ഒരു സ്ത്രീക്ക് ദുഷ്ടന്മാർ കൊടികുത്തിവാഴുന്ന സമൂഹത്തിൽ എത്ര നാൾ പിടിച്ചു നിൽക്കാനാവും.ഞാൻ അമ്മയെ കുറ്റപ്പെടുത്തുന്നില്ല... എന്തായാലും അമ്മയെക്കുറിച്ചറിഞ്ഞപ്പോൾ കടയിൽ എന്റെ ജോലിയും നഷ്ടമായി. അന്നുമുതൽ ഇന്നുവരെ ഞാൻ ഒരു ജോലിക്കായി അലയുന്നു. മുൻപ് ചെയ്തതുപോലെ ഒരു സെയിൽസ് ഗേളിന്റെ ജോലി ആയാലും മതി."അവൾ ഒരു ദീർഘനിശ്വാസം ഉതിർത്തിട്ട് മുഖം തുടച്ചു.

"സിന്ധു സമാധാനിക്കൂ...ഒരു തൊഴിലില്ലാതെ,ജീവിക്കാൻ മാർഗമില്ലാതെ ഇന്നും ഒരുപാട് പെൺകുട്ടികൾ ഇതുപോലെ മലയോരങ്ങളിൽ കഴിയുന്നുണ്ട്. പലരും അറിയുന്നില്ലെന്ന് മാത്രം. നിങ്ങളുടെ ജീവിതത്തിൽ ഇത്രയധികം പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു...ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്."

"ശരിയാണ് താങ്കൾ പറഞ്ഞത്...ഞങ്ങളോളം പോലും ഗതിയില്ലാത്ത എത്രയോപേർ ഓരോയിടത്ത് കഴിയുന്നുണ്ടാവും. ഇതിനൊക്കെ എന്നാണ് ഇനിയൊരു മാറ്റം വരിക. അങ്ങനെയൊരു കാലം ഉണ്ടാവുമോ...ചിലർക്ക് എന്നും സുഖം,ചിലർക്ക് എന്നും ദുഃഖം. എന്താണ് ഇങ്ങനെ.?"

"ഏയ് അങ്ങനെയൊന്നും പറയാതെ... എല്ലാം മാറും നിങ്ങൾക്കും ഒരു നല്ലകാലം ഉണ്ടാവും.പോസിറ്റീവായി ചിന്തിക്കൂ..."

"സോറി ഞാൻ വെറുതെ എന്റെ കഥകളൊക്കെ പറഞ്ഞു താങ്കളെ ബോറടിപ്പിച്ചു."

"ഏയ് അങ്ങനെയൊന്നുമില്ല... എനിക്ക് ആരെങ്കിലുമൊക്കെയായി സംസാരിച്ചിരിക്കുന്നത് വലിയ ഇഷ്ടമാണ്. ഈ മലയോരത്ത് വന്നിട്ട് എന്നെ അലട്ടുന്ന ഏക പ്രശ്നംവും ഇതാണ്... ആകെ വർത്തമാനം പറയാനുള്ളത് കൃഷ്ണൻകുട്ടി ചേട്ടനാണ്.ചേട്ടനാണെങ്കിൽ നൂറുകൂട്ടം ജോലികളും. സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല...ഞാൻ സിന്ധുവിനോട് വരാൻ പറഞ്ഞത് ഇതിന് ആയിരുന്നില്ലല്ലോ.!"

അകത്തു കയറി ചെന്ന് ഏതാനും നല്ല പുസ്തകങ്ങൾ നോക്കി എടുത്ത് അവൾക്ക് കൊണ്ടുചെന്ന് കൊടുത്തു.

"ദാ ഇതൊക്കെ വായിക്ക് സമയം പോലെ...നല്ല പുസ്തകങ്ങളാണ്. ഇടയ്ക്കൊക്കെ ഓൺലൈൻ സാഹിത്യഗ്രൂപ്പുകളിലെ എന്റെ എഴുത്തുകളും വായിക്കാൻ മറക്കരുത്.പിന്നെ ജോലിയുടെ കാര്യം ഇന്നുതന്നെ ഞാൻ അന്വേഷിക്കുന്നുണ്ട്. അമ്മയോടൊപ്പം ജോലിക്ക് വരുമ്പോൾ സമയം ഉണ്ടെങ്കിൽ കൂടെ വരിക...നമുക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കാം.സിന്ധുവിനെ പോലുള്ളവരെ എനിക്കിഷ്ടമാണ്."

അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പുസ്തകങ്ങൾ കൈയിൽ ഏറ്റുവാങ്ങി.അവളുടെ കണ്ണുകളിൽ വല്ലാത്തൊരു നീർ തിളക്കം.

"നന്ദി...ഞാൻ പോട്ടെ..."അവൾ തിരിച്ചു നടന്നു.

സായാഹ്നവെയിലേറ്റ് നടന്നുനീങ്ങുന്ന അവളെ ഞാനൊരു നിമിഷം നോക്കി. സൗന്ദര്യവും തന്റെടവുമുള്ള പെൺകുട്ടി.അതിനൊത്ത അറിവും...എത്ര നന്നായി സംസാരിക്കുന്നു.മലയോര മണ്ണിൽ കിടന്ന് നശിച്ചു പോകുന്ന ഒരു പൂമോട്ട്. അവൾ പറഞ്ഞതുപോലെ മോശം സാഹചര്യങ്ങൾ മൂലം ഒന്നും ആകാൻ കഴിയാതെ പോയവൾ.ഇങ്ങനെ എത്രയോ പേർ...അവളെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകി മുറ്റത്ത് ഇട്ട കസേരയിൽ ഞാനങ്ങനെ കുറെ സമയം ഇരുന്നു.ഏലക്കാടുകളിൽ തഴുകിക്കൊണ്ട് ഒരു ഇളംകാറ്റ് വീശി അടിച്ചു.ചുറ്റുംനിന്ന മരങ്ങളുടെ ഇലകൾ മെല്ലെ ഇളകിയാടി. ദൂരെ മലംചെരുവിൽ കോടമഞ്ഞ് പുതഞ്ഞുകയറുന്നുണ്ട്. മൂളംകൂട്ടങ്ങൾ കൂട്ടിമുട്ടി കറകറ നാഥം ഉയർന്നു.

ഒരു പാവം പെണ്ണിന്റെ നിസ്സഹായതയുടെ രോദനങ്ങളാണ് താൻ അൽപം മുൻപ് കേട്ടത്. അവളുടെ വികാരവിക്ഷോഭങ്ങളാണ് താൻ ഇതുവരെ കണ്ടത്. മുരടിച്ചുപോയ ജീവിതത്തിൽ നിന്നും ഒരു മോചനത്തിനായി ഒരു തൊഴിൽ തേടി അവൾ അലയുന്നു. അതിനായി അവൾ കാത്തിരിക്കുന്നു. അത് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ അവളും അമ്മയെപോലെ സാഹചര്യസമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട് വഴിപിഴച്ചവളായി മാറിയേക്കാം.ഇപ്പോൾ തോന്നുന്നു അവൾ പറഞ്ഞത് എത്ര സത്യമാണ്...സാഹചര്യങ്ങളാണ് മനുഷ്യനെ മാറ്റിമറിക്കുന്നത്.

ഒരു ജോലി കിട്ടിയാൽ സിന്ധുവിന്റെ ജീവിതത്തിൽ തീർച്ചയായും ഒരു മാറ്റം ഉണ്ടാവും. അവളുടെ അമ്മയുടെ കഷ്ടപ്പാടുകൾക്ക് കുറച്ചെങ്കിലും ശമനം കിട്ടും.ഒരു പരിധിവരെ അവളുടെ അമ്മയെ നേർവഴിക്ക് നയിക്കാനും ഇത് ഇടയാകും. അതെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾക്ക് അല്പം ശമനം വന്നാൽ...പണത്തിനുവേണ്ടിയുള്ള വഴിവിട്ടജീവിതം അവളുടെ അമ്മ അവസാനിപ്പിക്കും.പണം അതാണ് മനുഷ്യനെ ചീത്തയാക്കുന്നതും ഉത്തമനാക്കുന്നതും.

സിന്ധുവിന് ഒരു ജോലിക്കായി ഞാൻ ഒരുപാട് ആലോചിച്ചു. നിത്യവും വീട്ടിൽ വന്നുപോകാൻ കഴിയുന്നതാവണം ജോലി. ഇല്ലെങ്കിൽ അവളുടെ അമ്മ തനിച്ചാവും. അങ്ങനെയൊരു ജോലി ഈ നാട്ടിൽ എവിടെക്കിട്ടും.ഇവിടെ തനിക്ക് അധികം പരിചയമൊന്നുമില്ല. പിന്നെങ്ങനെ...എന്തുതന്നെയായാലും അവളെ നശിക്കാൻ വിട്ടുകൂടാ. പൊടുന്നനെ എന്റെമനസ്സിൽ ഒരു മുഖം തെളിഞ്ഞു. സിജോയുടെ മുഖം.അവന് ഈ നാട്ടിൽ ഒരുപാട് പരിചയമുണ്ട്. ടൗണിലും മറ്റും ഒരുപാട് ബന്ധങ്ങളുണ്ട്.ബിസിനസ് സ്ഥാപനങ്ങളും. അവൻ വിചാരിച്ചാൽ തീർച്ചയായും സിന്ധുവിന് ഒരു ജോലി വാങ്ങി കൊടുക്കാൻ കഴിയും.ഞാൻ ഉടൻതന്നെ ഫോണെടുത്തു സിജോയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ...തീർച്ചയായും പരിഹാരമുണ്ടാക്കാം എന്ന് അവൻ എനിക്ക് വാക്ക് തന്നു.

ഈ സമയം കൃഷ്ണൻകുട്ടി ചേട്ടൻ കട്ടൻചായയും അവൽ നനച്ചതും കൊണ്ടുവന്ന് മുന്നിൽവെച്ചു.തോട്ടത്തിൽ നിന്നും വെട്ടിപ്പഴിപ്പിച്ച പൂവൻ പഴവും കൂട്ടി ഞാൻ അവൽ നനച്ചത് ആസ്വദിച്ചു കഴിച്ചു.തുടർന്ന് ഷെഡ്ഡിൽ കടന്ന് വായിച്ചുകൊണ്ടിരുന്ന പുസ്തകമെടുത്ത് ഒരധ്യായം കൂടി വായിച്ചു. ശേഷം ഫോണെടുത്ത് വിവിധ ഗ്രൂപ്പുകളിലായി പോസ്റ്റ് ചെയ്യുന്ന തുടർക്കഥയുടെ ഒരു അധ്യായം കൂടി എഴുതി പോസ്റ്റ് ചെയ്തു.മുൻപ് പോസ്റ്റ് ചെയ്ത ഭാഗങ്ങൾക്ക് വായനക്കാർ നൽകിയ ഒരുപാട് കമന്റുകളും മറ്റും വന്ന് കിടക്കുന്നുണ്ട്.ഒന്നും നോക്കാൻ സമയം കിട്ടിയിരുന്നില്ല. കുറച്ച് നോക്കിയപ്പോഴേക്കും കണ്ണ് കഴക്കാൻ തുടങ്ങി.സന്ധ്യമയങ്ങികഴിഞ്ഞിരിക്കുന്നു.തണുപ്പ് അരിച്ചിറങ്ങാൻ തുടങ്ങിയിട്ടുണ്ട്.ചീവീടുകളുടെയും തവളകളുടെയും താളമില്ലാത്ത സംഗീതം അന്തരക്ഷത്തിൽ ഉയർന്നുപൊങ്ങി.ഏതാനും നേരം ചേട്ടനുമായി തോട്ടത്തിലെ ഭാവി കൃഷി കാര്യങ്ങളെ കുറിച്ചും മറ്റും സംസാരിച്ചിരുന്നിട്ട് എട്ടുമണികഴിഞ്ഞപ്പോൾ...ഊണ് കഴിച്ച്‌ ഉറങ്ങാൻ കിടന്നു.

ഏതാനും ദിവസങ്ങൾ കടന്നു പോയി ആദ്യദിനങ്ങളിൽ എന്നോട് കയർത്തു സംസാരിച്ചുകൊണ്ട് എന്നെ ദേഷ്യം പിടിപ്പിച്ച സിന്ധു എന്റെ അടുത്ത കൂട്ടുകാരി ആയി മാറികഴിഞ്ഞിരിക്കുന്നു. മിക്കവാറും ദിവസങ്ങളിൽ ടൗണിലേയ്ക്കുള്ള വഴിയിൽവച്ചും, തോട്ടത്തിൽ വെച്ചും,അമ്മയ്ക്കൊപ്പം ജോലിക്ക് വരുമ്പോഴുമെല്ലാം ഞാൻ അവളെ കണ്ടു.ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.വായനയെക്കുറിച്ചും, എഴുത്തിനെക്കുറിച്ചുമെല്ലാം. ടൗണിൽ പോയി മടങ്ങുമ്പോൾ ചിലപ്പോഴെല്ലാം ഞാൻ അവളുടെ വീട്ടിൽ കയറി. ആ സന്ദർശനം അവൾക്ക് വല്ലാത്ത സന്തോഷം പകരുന്നതായി എനിക്ക് തോന്നി.

സിന്ധുവിന്റെ വീടുമായുള്ള ഈ സൗഹൃദം എന്റെമേൽ ചില അപവാദങ്ങളൊക്കെ കേൾക്കാൻ ഇട വരുത്തി.ഞാനിത് പ്രതീക്ഷിച്ചിരുന്നതാണ്.എന്റെ കൂട്ടുകെട്ട് വഴിപിഴച്ച ലക്ഷ്മിയും മകളും ആയിട്ടാണ് എന്നും, ഞാനാണ് ഇപ്പോൾ അവരുടെ പുതിയ സംരക്ഷകൻ എന്നും,എപ്പോഴും തോട്ടത്തിലെ ഷെഡ്ഡിൽ സിന്ധു കയറിയിറങ്ങുന്നത് താൻ കണ്ടതാണെന്നുമൊക്കെ... അതിരുതർക്കത്തിന്റെ പേരിൽ ഉടക്കിക്കഴിഞ്ഞ തോമസ് ചേട്ടൻ അദ്ദേഹത്തിന്റെ തോട്ടത്തിലെ ജോലിക്കാരോടും മറ്റും പറഞ്ഞു പരത്തി.ചിലർ അത് വിശ്വസിക്കുകയും,ചിലർ അതിൽ സന്തോഷിക്കുകയുമൊക്കെ ചെയ്തു.

"അബ്ദൂ...എനിക്ക് നിന്നോട് ഒരു പ്രത്യേകകാര്യം പറയാനുണ്ട്." ഒരുദിവസം തോട്ടത്തിൽ ജോലിക്ക് വന്ന ദിവാകരൻ ചേട്ടൻ എന്നെ മാറ്റിനിറുത്തിക്കൊണ്ട് മെല്ലെ പറഞ്ഞു.

(തുടരും)


ഭാഗം 11

"പറയുമ്പോൾ എന്നോട് ഒന്നും തോന്നരുത്. നാട്ടിലെ സംസാരം ഞാൻ നിന്നോട് പറയുന്നു എന്നേയുള്ളൂ..."മുഖവുരയോടെ ദിവാകരൻ ചേട്ടൻ പറഞ്ഞുതുടങ്ങി.

"ആ ലക്ഷ്മിയും അവളുടെ മകളുമായിട്ടുള്ള സൗഹൃദം അത്ര നല്ലതല്ല. എല്ലാവരാലും വെറുക്കപ്പെട്ടവരാണ് അവർ... വഴിപിഴച്ചവർ.


ആ കുടുംബവുമായിട്ടുള്ള സൗഹൃദം അപകടമാണ്. പേരുദോഷം കേൾക്കാൻ അതുമതി. നീ നല്ലതിനെ കരുതി ആയിരിക്കും സൗഹൃദം കൂടുന്നത്.പക്ഷേ, ആളുകൾ അങ്ങനെ കരുതണമെന്നില്ല. മറ്റു തോട്ടത്തിലെ പണിക്കാരെ ഇതിനെപ്പറ്റി പലതും പറയുന്നത് ഞാൻ കേട്ടു.അതുകൊണ്ട് പറയുവാണ്...നീയും ലക്ഷ്മിയുടെ മകളും ആയിട്ട് അടുപ്പത്തിലാണെന്നും അവൾ ഇടയ്ക്കിടെ ഇവിടെ വന്നു പോകുന്നുണ്ട് എന്നുമൊക്കെയാണ് ആളുകൾ പറയുന്നത്."

"അതൊന്നും സാരമില്ല ചേട്ടാ ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. ഇതെല്ലാം കേൾക്കേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. ഒരാളെയെങ്കിലും നമ്മൾ മൂലം കൈപിടിച്ചുയർത്താനും, നേർവഴിക്ക് നയിക്കാനും കഴിഞ്ഞാൽ അതൊരു വലിയ കാര്യമല്ലേ... അത്രയേ ഞാൻ കരുതുന്നുള്ളൂ."

"അതൊക്കെ വലിയ കാര്യം തന്നെയാണ്. പക്ഷേ,ആളുകൾ ഇതൊന്നും ചിന്തിക്കുകയോ...സത്യം എന്തെന്ന് മനസ്സിലാക്കുകയോ ചെയ്യുന്നില്ല. കൂടുതൽ പേരും ഒരാളുടെ കുറ്റം കണ്ടെത്താനും പറയാനും മാത്രമേ ശ്രമിക്കൂ...അതാണ് ഇന്നത്തെ ലോകം. ആ തോമസ് ചേട്ടനാണ് എല്ലാത്തിന്റേയും പിന്നിൽ. നിങ്ങൾ തമ്മിലുള്ള അതിരുവിഷയത്തിന്റെ ചൊരുക്ക് തീർക്കുകയാണെന്ന് തോന്നുന്നു."

"അതും ഒരു കാരണമാണ്."ഞാൻ പറഞ്ഞു.

"എന്തായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.എന്തു കൊള്ളരുതായ്മയ്ക്കും മടിക്കാത്ത ആളാണ് തോമസുചേട്ടൻ."പറഞ്ഞിട്ട് ദിവാകരൻ ചേട്ടൻ ജോലിക്ക് ഇറങ്ങി.

രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു പോയി. ഈ സമയം സിന്ധുവിന് ടൗണിലുള്ള സിജോയുടെ ഷോപ്പിൽ ഒരു സെയിൽസ്ഗേളിന്റെ ജോലി ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് അവന്റെ ഫോൺകോൾ എന്നെ തേടിയെത്തി.

രാവിലെ കാപ്പികുടിയും കഴിഞ്ഞ് ഞാൻ ലക്ഷ്മിചേച്ചിയുടെ വീട്ടിലേക്ക് നടന്നു.ചേച്ചിയുടെ വീട്ടിലേക്ക് കയറും നേരം ഇടവഴിയിലൂടെ നടന്നു പോയ രണ്ടുപേർ എന്നെനോക്കി എന്തൊക്കെയോ പറയുകയും, ചിരിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു.ഞാനതൊന്നും കേൾക്കാത്ത മട്ടിൽ മെല്ലെ വീട്ടുമുറ്റത്തേക്ക് കയറി. സിന്ധു മുറ്റം തൂക്കുകയാണ്.എന്നെ കണ്ടതും അവൾ തൂക്കൽ മതിയാക്കി... ചൂൽ പിന്നിൽ ഒളിപ്പിച്ചുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.

"ആഹാ...മണി പത്തായല്ലോ ഇപ്പോഴാണോ മുറ്റമടിക്കുന്നത്.സൂര്യൻ ഉദിച്ചുയരുന്നതിനുമുൻപ് മുറ്റം അടിക്കണം എന്നല്ലേ.?"ഞാനവളെനോക്കി.

"ഇന്നല്പം വൈകിപ്പോയി എന്നും നേരത്തെ തൂക്കാറുള്ളതാണ്."അവൾ ജാള്യതയോടെ പുഞ്ചിരിച്ചു.

"എന്തായാലും നാളെമുതൽ അതിരാവിലെ ഇതൊക്കെ ചെയ്യേണ്ടിവരും.സിന്ധുവിന് ടൗണിൽ ഒരു ജോലി ശരിയായിട്ടുണ്ട്."ഞാൻ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ നന്ദിയോടെ എന്നെ നോക്കി.അവളുടെ കണ്ണുകളിൽ ആനന്ദക്കണ്ണുനീരിന്റെ തിളക്കം.

"നാളെ രാവിലത്തെ ബസ്സിന് തന്നെ ജോലിക്ക് പുറപ്പെടണം.എല്ലാം ഞാൻ പറനഞ്ഞേൽപ്പിച്ചിട്ടുണ്ട്. അവിടെയെത്തിയിട്ട് എന്നെ വിളിച്ചാൽ മതി.ഞാൻ അന്നേരം സിജോയെ വിളിച്ചുകൊള്ളാം. അവൻ വന്ന് പരിചയസപ്പെട്ടുകൊള്ളും."

ഈ സമയം ലക്ഷ്മി ചേച്ചി പൂമുഖത്തേയ്ക്ക് ഇറങ്ങിവന്നു. വിവരമറിഞ്ഞപ്പോൾ ചേച്ചിയ്ക്കും സന്തോഷം അടക്കാനായില്ല. ഏതാനും സമയം അവിടെ സംസാരിച്ചു നിന്നിട്ട് രാവിലേ കാണാമെന്നു പറഞ്ഞത് ഞാൻ തിരിച്ചു നടന്നു.

പിറ്റേദിവസം രാവിലെ തന്നെ ജോലിക്ക് പുറപ്പെടാൻ തയ്യാറായി സിന്ധു കുളിച്ചൊരുങ്ങി കവലയിലെ ബസ് സ്റ്റോപ്പിലെത്തി. നല്ല ഭംഗിയുള്ള ചുരിദാറാണ് അവൾ അണിഞ്ഞിരിക്കുന്നത്.തോളിൽ ഒരു ബാഗുതൂക്കിയിട്ടുണ്ട് . പിന്നിയിട്ട മുടി.തുടുത്ത കവിളുകൾ പൗഡർ പൂശി മനോഹരമാക്കിയിരിക്കുന്നു.കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം. ഞാൻ അവൾക്ക് അരികിലേയ്ക്ക് ചെന്നു.

"അപ്പോൾ എല്ലാം ഇന്നലെ പറഞ്ഞതുപോലെ.എന്നും ഈ ബസ്സിനുതന്നെ പോയാൽ മതി. ടൗണിലെ കട എവിടെയാണെന്ന് അറിയാമല്ലോ. അവിടെ ചെന്നിട്ട് എന്നെ വിളിക്കാൻ മറക്കണ്ട."

അവൾ നന്ദിയോടെ എന്നെ നോക്കി പുഞ്ചിരിച്ചു. ആ മിഴികൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. ഈ സമയം ബസ്സ്‌ വന്നു.

"അബ്ദൂ... ഞാൻ പോകുന്നു."അവൾ ബസ്സിനുനേർക്ക് നടന്നു.

ബാഗും തൂക്കി ബസ്സിനരികിലേയ്ക്ക് നടക്കുന്ന സിന്ധുവിനെ ഞാനൊരുനിമിഷം നോക്കി നിന്നു. എന്റെയുള്ളിൽ സന്തോഷം നിറഞ്ഞു .

പിറ്റേദിവസം സ്ഥലം മെമ്പറുടെ വീട്ടിൽവെച്ച് തോട്ടത്തിന്റെ അതിരുതർക്കവുമായി ബന്ധപ്പെടുത്തി ഒരു യോഗം ഉണ്ടായിരുന്നു.ഞാനും കൃഷ്ണൻകുട്ടി ചേട്ടനും, പിന്നെ തോമസുചേട്ടനും അദ്ദേഹത്തിന്റെ കുറച്ചു ശിങ്കിടികളും, പിന്നെ ജോസേട്ടനും, അയൽക്കാരായ വേറെ ഏതാനും പേരും മാത്രമേ യോഗത്തിന് ഉണ്ടായിരുന്നുള്ളൂ. മെമ്പർ തന്നെ എല്ലാവരോടും കാര്യം അവതരിപ്പിച്ചു.

"ഇന്നുതന്നെ എല്ലാവരും കൂടി ഈ പ്രശ്നത്തിന് ഒരു തീരുമാനം ഉണ്ടാക്കണം."മെമ്പർ പറഞ്ഞു.

"എന്തുതീരുമാനം... എന്റെ തീരുമാനം ഞാൻ നേരത്തേ പറഞ്ഞു കഴിഞ്ഞതാണ്.പിന്നെയും നിങ്ങൾക്കാണ് നിർബന്ധം.ഞാൻ തെളിച്ചിടത്തോളം സ്ഥലം എന്റേതാണ്.ഞാൻ അതിൽ അതിര് കെട്ടും."തോമസുചേട്ടൻ പുച്ഛത്തോടെ പറഞ്ഞു.

"അതെങ്ങനെ ശരിയാവും... തർക്കം ഉണ്ടായസ്ഥിതിക്ക് ഇതാണോ ന്യായം." മെമ്പർ ചോദിച്ചു.

"പിന്നല്ലാതെ...തർക്കം ഉണ്ടെങ്കിൽ ഉള്ളവർ ആളെ വിളിച്ചു സ്ഥലം അളക്കട്ടെ.എനിക്ക് ഉറപ്പുണ്ട്... ഞാൻ തെളിച്ചത് എന്റെ സ്ഥലം തന്നെയാണെന്ന്."തോമസുചേട്ടൻ ദേഷ്യത്തോടെ പറഞ്ഞു.

"ഇതു തന്നെയാണ് ഞങ്ങളുടേം അഭിപ്രായം.ഞങ്ങൾ കൈവശം വെച്ചിരിക്കുന്നത് ഞങ്ങടെ സ്ഥലമാണ്.ആ സ്ഥലം കയ്യേറിയാണ് ഇപ്പോൾ അതിരുവിട്ട് തെളിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്. പിന്നെന്തിന് വെറുതെ ഞങ്ങൾ സ്ഥലം അളക്കണം.?"ഞാൻ ചോദിച്ചു.

"ഇതിങ്ങനെ പോയാൽ ഒരിക്കലും അവസാനിക്കില്ല.തർക്കം നീണ്ട് ഒടുവിൽ വലിയ വിഷയത്തിൽ ചെന്ന് അവസാനിക്കുകയും ചെയ്യും.അതുകൊണ്ട് ഞാനൊരു പോംവഴി പറയാം.രണ്ട് കൂട്ടരും ചേർന്ന് പപ്പാതി പണം മുടക്കി ആളെ വിളിച്ച് സ്ഥലം അളക്കട്ടെ.അപ്പോൾ അറിയാം ആരുടെ ഭാഗത്താണ് കൂടുതൽ എന്ന്. എന്നിട്ട് അന്നുതന്നെ മാധ്യസ്ഥരുടെ മുന്നിൽ വച്ച് അതിരുകെട്ടി തിരിക്കുകയും ആവാം."ജോസേട്ടൻ തന്റെ അഭിപ്രായം പറഞ്ഞിട്ട് എല്ലാവരേയും മാറിമാറി നോക്കി.

"ചേട്ടൻ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നു.നിങ്ങൾ രണ്ടുപേരും പരസ്പരം ചെറിയ വിട്ടു വീഴ്ചകളൊക്കെ ചെയ്താലേ ഇതിനൊരു പരിഹാരമാകൂ.തർക്കം തീരണമെങ്കിൽ രണ്ടുകൂട്ടരുടെയും സ്ഥലം അളന്ന് തിട്ടപ്പെടുത്തണം. എന്താ സമ്മതമാണോ.?"മെമ്പർ ചോദിച്ചു.

"സമ്മതമാണ്."ഞാൻ പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

അതുകേട്ടതും തോമസുചേട്ടന്റെ മുഖം വിളറിവെളുത്തു. അയാൾ എല്ലാവരേയും തുറിച്ചുനോക്കി. എന്റെ അഭിപ്രായത്തോട് യോജിക്കാതെ നിർവാഹമില്ലെന്നായി.

"എല്ലാവരും ഇതാണ് പറയുന്നതെങ്കിൽ പിന്നെ ഞാനായിട്ട് എതിര് നിൽക്കുന്നില്ല. എന്നാണ് സഥലം അളക്കുന്നതെന്നു കൂടി യോഗം തന്നെ അങ്ങ് തീരുമാനിച്ചേക്ക്."ചേട്ടൻ കോപത്തോടെ പറഞ്ഞു.

അങ്ങനെ... അടുത്ത ശനിയാഴ്ച സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിരുകെട്ടാമെന്ന തീരുമാനത്തോടെ യോഗം പിരിഞ്ഞു.

യോഗം കഴിഞ്ഞു കവലയിലെത്തി ചായ കുടിച്ചിട്ട് ഞങ്ങൾ തോട്ടത്തിലേക്ക് നടന്നു.യോഗത്തിൽ വച്ച് എടുത്ത തീരുമാനവും ഞാൻ അതിനെ അനുകൂലിച്ചതുമൊക്കെ... എന്തുകൊണ്ടും നന്നായെന്ന് കൃഷ്ണൻകുട്ടി ചേട്ടൻ പറഞ്ഞു. ഇതുകൊണ്ടെങ്കിലും എല്ലാം അവസാനിക്കുമല്ലോ.

"ചേട്ടാ നമുക്ക് ലക്ഷ്മി ചേച്ചിയുടെ വീട്ടിൽ ഒന്ന് കയറിയിട്ട് പോകാം. സിന്ധുവിന്റെ ജോലിയെകുറിച്ച് ഒക്കെ അറിയാം."

"ഞാൻ കയറുന്നില്ല... നീ കയറിയിട്ട് വന്നേക്കൂ..."ചേട്ടൻ മുന്നോട്ട് നടക്കാനൊരുങ്ങി.

"വരൂന്നേ...നമുക്ക് വേഗം മടങ്ങാം."ഞാൻ ചേട്ടനേയും കൂട്ടി വീടിന്റെ മുറ്റത്തേക്ക് കയറി.

ഈ സമയം ആരോ ഒരാൾ വീട്ടിൽനിന്നിറങ്ങി ഞങ്ങളെ വകവെക്കാതെ നടന്നു പോയി.

"ചേച്ചീ..."ഞാൻ വിളിച്ചു.

"ആ... നിങ്ങളോ... ഇതെവിടെ പോയതാണ് രണ്ടുപേരും കൂടി.? കയറിയിരിക്കൂ..."ചേച്ചി പറഞ്ഞു.

"ഞങ്ങൾ ആ മെമ്പറുടെ വീട് വരെ പോയതാണ്."പറഞ്ഞിട്ട് ഞങ്ങൾ പൂമുഖത്തേക്ക് കയറി.

"ആരാ ചേച്ചീ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിപോയത്.?"

"അതുപിന്നെ..."ചേച്ചി മെല്ലെ ഉള്ളിലേയ്ക്ക് വലിഞ്ഞു.

"എന്തിനാണ് ലക്ഷ്മി കണ്ണിൽ കണ്ടവരെയൊക്കെ വീട്ടിൽ വിളിച്ച് കയറ്റുന്നത്.വെറുതേ ആളുകളെക്കൊണ്ട് പറയിക്കാൻ...ഒരിക്കൽ തെറ്റുപറ്റി എന്നുവെച്ച് അതിങ്ങനെ ആവർത്തിക്കണോ...ഒന്നുമല്ലേലും ഒരു പെങ്കൊച്ച് വളർന്നുവരുന്നത് എങ്കിലും ഓർക്കണ്ടേ നീ.?"

"ശരിയാണ് ചേട്ടാ പലപ്പോഴും ആഗ്രഹിക്കുന്നതാണ് എല്ലാം അവസാനിപ്പിക്കണമെന്ന് കഴിയുന്നില്ല."ചേച്ചി പറഞ്ഞു.

"കഴിയണം ഇനിയും എല്ലാം അവസാനിപ്പിച്ചില്ലെങ്കിൽ... നിന്റെ മകളുടെ ഭാവികൂടി നശിക്കും. ആ പെങ്കൊച്ച് ജോലിക്ക് പോയിരിക്കുന്ന സമയത്ത് നിന്റെ ഈ പ്രവർത്തി അത്ര നന്നല്ല."ചേട്ടൻ പറഞ്ഞുനിറുത്തി.

"അതെ ചേച്ചി...ഇനി എല്ലാം മാറണം. അതിന് നമ്മൾ സ്വയം തീരുമാനിക്കണം." ഞാൻ ചേട്ടനെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു.

തുടർന്ന് സിന്ധുവിന്റെ ജോലിയെക്കുറിച്ചും മറ്റും അന്വേഷിച്ചിട്ട് ഞങ്ങൾ അവിടുന്ന് ഇറങ്ങി നടന്നു.

"ചേട്ടാ...എന്തായാലും ചേട്ടന്റെ ഉപദേശം നന്നായി.ഞാൻ പറയണമെന്ന് ആഗ്രഹിച്ചതൊക്കെയാണ് ചേട്ടൻ പറഞ്ഞത്.സിന്ധുവിന് നമ്മൾ ഒരു ജോലി വാങ്ങി കൊടുത്തു.അതുപോലെ ചേച്ചിയെ കൂടി ഒന്ന് നന്നാക്കിയെടുക്കാൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു."

"എല്ലാം നടക്കുമെന്നേ...പതിയെ ആണെന്ന് മാത്രം. നീ സമാധാനിക്ക്...നിന്റെ ഈ നല്ല മനസ്സ് ദൈവം കാണാതിരിക്കുമോ.?"ചേട്ടൻ എന്റെ തോളിൽ തട്ടി.

തിരികെ ഷെഡ്‌ഡിലെത്തുമ്പോൾ ഹോസിൽ വെള്ളം വരുന്നില്ല. തോട്ടത്തിന്റെ ഉയർന്ന പ്രദേശത്തുള്ള അരുവിയിലെ പാറക്കുഴിയിൽ നിന്നാണ് ഹോസിട്ട് ഷെഡ്‌ഡിലേയ്ക്ക് വെള്ളം കൊണ്ടുവരുന്നത്. ആ പ്രദേശത്തുള്ള മിക്കവരും അവിടുന്നുതന്നെയാണ് വെള്ളം കൊണ്ടുപോകുന്നത്.

ചേട്ടനോട് ഊണിനുള്ള പണി നോക്കിക്കൊള്ളാൻ പറഞ്ഞിട്ട് ഞാൻ വെള്ളം തിരിച്ചുകൊണ്ടുവരാനായി തോട് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് നടന്നു.

ഞാൻ നടന്ന് തോടിന്റെ അരികിലെത്തി.പാറപ്പുറത്തുകൂടി വെള്ളിത്തേര് കണക്കെ ജലം ഒഴുകിയിറങ്ങുന്നു.കടുത്ത വേനലിലും വറ്റാത്ത തോട്. കല്ലിടകളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന പാൽഞണ്ടുകൾ.ചുറ്റും ഈറ്റക്കാടാണ്.മെല്ലെ തോട്ടിലിറങ്ങി ഹോസ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു. ഹോസിന്റെ ആഗ്രഭാഗത്ത് തലേരാത്രിയിൽ പെയ്ത മഴയിൽ കരിയിലകൾ വന്ന് അടഞ്ഞിരിക്കുന്നു... അതാണ് വെള്ളം വരാത്തത്. അത് നീക്കം ചെയ്തിട്ട് അടുത്തുള്ള ജോയിന്റ് ഊരി വെള്ളം വലിച്ചു വിട്ടശേഷംവീണ്ടും കണക്ട് ചെയ്തു.തുടർന്ന് തോട്ടിലെ ജലം കൊണ്ട് കൈയ്യും, മുഖവും കഴുകി. നല്ല തണുപ്പ്...കാട്ടരുവിയിലെ ശുദ്ധജലം ഒരുകവിൾ കുടിച്ചു. ഈ സമയം പിന്നിൽ ആരോ വന്നുനിൽക്കുന്നതുപോലെ തോന്നി. തിരിഞ്ഞുനോക്കുമ്പോൾ...ചുണ്ടിൽ നിറപുഞ്ചിരിയുമായി അനിത നിൽക്കുന്നു.

"ഇതാര് അനിതയോ... ഇവിടെ എങ്ങനെയെത്തി.?"ഞാനവളെ നോക്കി വിസ്മയം കൊണ്ടു.

"മാഷ് ഇവിടെ വന്നതെന്തിനാണ്?"അവൾ കുസൃതിയോടെ ചോദിച്ചു.

"വെള്ളം തിരിക്കാൻ..."ഞാൻ പറഞ്ഞു.

"ഞാനും അതിനുതന്നെയാണ് വന്നതെന്ന് വെച്ചോളൂ... ഞങ്ങൾക്കും വേണ്ടേ വെള്ളം. ഇന്നലെ മുതൽ വെള്ളം വരുന്നില്ല. തലേരാത്രിയിലെ മഴയത്ത് ഹോസിൽ ചപ്പ് കയറി അടഞ്ഞതാവണം."പറഞ്ഞിട്ട് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തോട്ടിലേക്കിറങ്ങി.

"അനിത അവിടെത്തന്നെ നിന്നുകൊള്ളൂ...ഞാൻ നോക്കാം എന്താണ് പറ്റിയതെന്ന്."അവളെ നോക്കി പറഞ്ഞിട്ട് ഒരിക്കൽ കൂടി തോട്ടിലിറങ്ങി നിരവധി ഹോസുകളിൽ നിന്ന് അവളുടേത് എന്ന് ചൂണ്ടിക്കാണിച്ച ഹോസിലെ കരടുകൾ നീക്കം ചെയ്ത് വെള്ളം നിറച്ചു വിട്ടു.തുടർന്ന് അവർക്കരികിലേക്ക് മെല്ലെ നടന്നു.

(തുടരും)


ഭാഗം 12

"എപ്പോഴും വെള്ളം തിരിക്കാൻ അനിതയാണോ വരാറ്.?"ഞാൻ അവളെ നോക്കി.

"അല്ല, അച്ഛനോ, അമ്മയോ ആണ് വരാറുള്ളത്. ഇന്ന് രണ്ടുപേരും ജോലിക്കുപോയതുകൊണ്ട് ഞാൻ വന്നു... അത്രേയുള്ളൂ."


"ആണോ... പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ... ഞാൻ കഴിഞ്ഞദിവസം അച്ഛനെ കാണാൻ വീട്ടിൽ വന്നിരുന്നു.കൂട്ടത്തിൽ വേറൊരാളെയും കാണേണ്ടതുണ്ടായിരുന്നു പക്ഷേ, നിർഭാഗ്യം എന്നല്ലാതെ എന്തുപറയാൻ... ആൾ വീട്ടിൽ ഉണ്ടായിരുന്നില്ല."ഞാൻ കുസൃതിയോടെ അവളെനോക്കി.

"അമ്മ പറഞ്ഞാരുന്നു... വന്നകാര്യം. ഞാൻ കൂട്ടുകാരിയുടെ വീടുവരെ പോയതായിരുന്നു."

"അനിതയെ കാണാൻ നല്ല ഭംഗിയുണ്ട്. ഈ പ്രകൃതിയെപ്പോലെ മനോഹരിയാണെന്നു തന്നെ പറയാം... ഒരു യവനസുന്ദരി."

"പിന്നെ... വെറുതേ കളിയാക്കണ്ട...ഞാനത്ര സുന്ദരിയൊന്നും അല്ലെന്ന് എനിക്കറിയാം."

"അതെ... സത്യം... അനിതയൊരു കാനനസുന്ദരി തന്നെയാണ്. ഇതുവരെ മറ്റെവിടെയും കാണാത്ത സുന്ദരി."

"ഉം... പിന്നെ പിന്നെ സാഹിത്യകാരന്മാർക്ക് പെൺകുട്ടികളെ കാണുമ്പോൾ ഇങ്ങനെ പലതും പറയാൻ തൊന്നും."അവൾ ചിരിച്ചു... ഞാനും.

"പ്ലസ്ടൂ കഴിഞ്ഞില്ലേ ... ഇനിയെന്തിനാണ് പോകുന്നത്.?"

"ഡിഗ്രിക്ക് കൊടുത്തിട്ടുണ്ട് കിട്ടിയാൽ പോകും."

അവൾക്കൊപ്പം ഞാനും മുന്നോട്ടുനടന്നു.കിളികളുടെ കലപില ശബ്ദം, ചീവീടുകളുടെ ശ്രുതിയില്ലാത്ത സംഗീതം, കുന്നിറങ്ങിവരുന്ന എലത്തിന്റെ മണമുള്ള തണുത്ത കാറ്റ് ഇതെല്ലാം ഞങ്ങൾക്ക് അകമ്പടി സേവിച്ചു. പ്രകൃതിഭംഗിയിൽ ലയിച്ച് പലതും പറഞ്ഞും പൊട്ടിച്ചിരിച്ചും ഞങ്ങൾ ഷെഡ്‌ഡിനടുത്തെത്തിയത് അറിഞ്ഞില്ല.

ഷെഡ്‌ഡിലെത്തുമ്പോൾ എന്നെ കാത്തെന്നവണ്ണം മുറ്റത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു.തോട്ടത്തിൽ പണിക്ക് വരാറുള്ള 'പെണ്ണമ്മ ചേട്ടത്തി'.

"ഞാൻ പോകുന്നു... പിന്നെ കാണാം."അനിത യാത്രപറഞ്ഞുപോയിക്കഴിഞ്ഞപ്പോൾ ഷെഡ്‌ഡിലേയ്ക്ക് കടന്നുകൊണ്ട് ഞാൻ ചേട്ടത്തിയെ നോക്കി ചോദിച്ചു.

"എന്തൊക്കെയുണ്ട് വിശേഷം...എന്താ വന്നത്.?"

"അതുപിന്നെ ഒരുകാര്യം പറയാനുണ്ടായിരുന്നു. മോന്റെ വല്ല്യാപ്പയോട് ഒരിക്കൽ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നതാണ്.സഹായിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. മറന്നുപോയോ എന്നറിയില്ല..."

"എന്താണ് പറയൂ..."

"എന്റെ മോള് പ്ലസ്ടൂ കഴിഞ്ഞുനിൽക്കുകയാണ്.തുടർന്ന് പഠിക്കണമെന്നാണ് അവൾ പറയുന്നത്.പക്ഷേ, ഞങ്ങൾക്ക് അതിന് താല്പര്യമില്ല.മറ്റൊന്നും കൊണ്ടല്ല... ഞങ്ങടെ കൈയിൽ അതിനുള്ള കാശില്ല.പക്ഷേ,അവളിങ്ങനെ വാശിപിടിക്കുമ്പോൾ..."ചേച്ചി ഒരുനിമിഷം നിറുത്തി.

"ചേച്ചീ...അവൾ തുടർന്ന് പഠിക്കട്ടെ. പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ അതിന് തടയിടുകയാണോ വേണ്ടത്...എത്ര കഷ്ടപ്പെട്ടിട്ടായാലും കഴിയുന്ന സഹായമൊക്കെ ചെയ്തുകൊടുക്കണം.നാളെ അവൾ ആരായിത്തീരുമെന്ന് ആരുകണ്ടു.?"

"അതൊക്കെ ശരിയാണ്...പക്ഷേ, വല്ല ചെറിയ കോഴ്സുകളോ മറ്റോ പഠിക്കാനാണ് അവൾ ആഗ്രഹിക്കുന്നതെങ്കിൽ സാരമില്ലായിരുന്നു. ഇതിപ്പോൾ നേഴ്സിങ്ങിന് ചേരണമെന്നതാണ് അവളുടെ ആഗ്രഹം. അതിന് ഒരുപാട് പണം വേണം.ഞങ്ങടെ കൈയിൽ അതിനൊക്കെയുള്ള പണം എവിടുന്നാണ്. ഇവളൊരാളുടെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ...ഇളയതുങ്ങടെ കാര്യം കൂടി നോക്കണ്ടേ... ഇത് അറിഞ്ഞപ്പോൾ വല്ല്യാപ്പ കുറച്ചു പണം തന്ന് സഹായിക്കാമെന്ന് പറഞ്ഞിരുന്നു. അതിനെക്കുറിച്ചു വല്ലതും പറഞ്ഞിരുന്നോ എന്നറിയാനാണ് ഞാൻ വന്നത്."ചേച്ചി ഒരു ദീർഘനിശ്വാസമുതിർത്തു.

"ഓ അതാണോ കാര്യം. വല്ല്യാപ്പ ഇതിനെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ല.ചിലപ്പോൾ മറന്നുപോയതാവും...ഇന്നുതന്നെ ഞാൻ ഫോൺ വിളിച്ചു ചോദിച്ചിട്ട് വേണ്ടതുചെയ്യാം. ഒന്നുകൊണ്ടും വിഷമിക്കേണ്ട... അവൾക്ക് ഇഷ്ടമുള്ളത് എന്താണെന്നുവെച്ചാൽ പഠിക്കട്ടെ. ധൈര്യമായി അവളോട്‌ അതിന് തയ്യാറായിക്കൊള്ളാൻ പറയൂ."ഞാൻ പറഞ്ഞു.

ചേച്ചിയുടെ മുഖം സന്തോഷംകൊണ്ട് വിളങ്ങി. അവർ നന്ദിയോടെ എന്നെനോക്കി യാത്രപറഞ്ഞിട്ട് നടന്നുപോയി.

ഹോസിലൂടെ വെള്ളം ഒഴുകിയെത്തി വീപ്പ നിറഞ്ഞിരിക്കുന്നു. ഞാൻ മുണ്ടും ഷർട്ടും മാറി തോർത്ത് ഉടുത്തുകൊണ്ട് മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിയിട്ടു. തുടർന്ന് കുളിച്ചുകയറി.ഈ സമയം ചേട്ടൻ ചൂടുകഞ്ഞിയും പയറുതോരനും ചമ്മന്തിയുമൊക്കെ റെഡിയാക്കിക്കഴിഞ്ഞിരുന്നു. ഞാൻ അതൊക്കെ കഴിച്ചിട്ട് വെറുതേ തട്ടിൻപുറത്തുകയറി കിടന്നു.

എന്റെമനസ്സിൽ പകലത്തെ ഓരോസംഭവങ്ങൾ മിന്നിമറയാൻ തുടങ്ങി.അനിതയുമായുള്ള കണ്ടുമുട്ടലും അവളുടെ മോഹിപ്പിക്കുന്ന ശാലീന സൗന്ദര്യവുമൊക്കെ ഒരിക്കൽക്കൂടി എന്റെ ഹൃദയത്തിൽ കുളിരുപടർത്തി.കുറേസമയം അവളെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി പലവിധ പകൽകിനാവുകൾ കണ്ടുകൊണ്ട് ഞാനങ്ങനെ കിടന്നു.

രാത്രി, പതിവുപോലെ...അന്നത്തെ സംഭവങ്ങളത്രയും ഡയറിത്താളിൽ കോറിയിട്ടുകൊണ്ടിരിക്കുമ്പോഴാണ് പുറത്തൊരു ജീപ്പ് വന്നുനിന്നത്.ഡയറി മടക്കിവെച്ചിട്ട് ഞാൻ എഴുന്നേറ്റ് പുറത്തിറങ്ങി ലൈറ്റടിച്ചുനോക്കി. ജീപ്പിൽ നിന്ന് സിജോയും മറ്റുരണ്ടുപേരും ഇറങ്ങുന്നത് കണ്ടു.

"അബ്ദു... എന്താ കിടക്കുകയായിരുന്നോ... എന്തായാലും നിന്നെ ഈ സമയത്ത് ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ ക്ഷമിക്കണം."ഷെഡ്‌ഡിലേയ്ക്ക് കടന്നുകൊണ്ട് സിജോ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഓ പിന്നെ... നിങ്ങൾ വന്നതുകൊണ്ട് ഇവിടെ എന്ത് ബുദ്ധിമുട്ട്. ഇരിക്കൂ..."ഞാൻ മൂവരേയും നോക്കി പറഞ്ഞു.

"അബ്ദു... ഞങ്ങൾ വെറുതേ നിന്റെ തോട്ടത്തിൽ തോക്കും കൊണ്ട് ഒന്ന് ചുറ്റിയടിക്കാൻ ഇറങ്ങിയതാണ്.ഇവിടെ രാത്രികാലങ്ങളിൽ മുള്ളന്റെ വരവുണ്ടെന്ന് അറിഞ്ഞു."സിജോ എന്നെനോക്കി.

"അതുശരിയാണ്.പലയിടത്തും മണ്ണുകുത്തിയിളക്കിയിട്ടിരിക്കുന്നത് ഞാനും കണ്ടിരുന്നു.പക്ഷേ, തോക്കുപയോഗിച്ചുള്ള കളി അപകടമല്ലേ.?"

"ഓ അതൊന്നും സാരമില്ല...എല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം. ഇടയ്ക്കൊക്കെ ഞങ്ങളിങ്ങനെ രഹസ്യവേട്ടയ്ക്ക് ഇറങ്ങുന്നതാണ്.രണ്ടാഴ്ചമുൻപ് കുറച്ചകലെയുള്ള ഒരു തോട്ടത്തിൽ നിന്ന് ഒരു മുഴുത്ത മുള്ളനെ പൊക്കിയായിരുന്നു."അവൻ ചിരിച്ചു.

"ആണോ... കൊള്ളാല്ലോ."ഞാൻ പറഞ്ഞു.

"പിന്നെ ഇവരെ പരിചയപ്പെടുത്താൻ മറന്നുപോയി... ഇത് ബിജു, ഇത് സന്ദീപ്...എന്റെ അടുത്ത സുഹൃത്തുക്കളും അയൽവാസികളുമാണ്."കൂടെയുള്ള രണ്ടുപേരെയും സിജോ എനിക്ക് പരിചയപ്പെടുത്തി.

"എങ്കിൽ ഇനി ഞങ്ങൾ സമയം പാഴാക്കുന്നില്ല... തോട്ടത്തിലേയ്ക്ക് ഇറങ്ങട്ടെ. പാതിരാത്രിക്ക് മുൻപ് വീട്ടിൽ തിരിച്ചെത്തണം."മൂവരും എഴുന്നേറ്റു.

"നിൽക്ക് കട്ടൻകാപ്പി കുടിച്ചിട്ട് പോകാം..."ഞാൻ പറഞ്ഞു.

"ഇപ്പോൾ വേണ്ടാ... ഞങ്ങൾ ചെറുത്‌ ഓരോന്ന് വീശിയിട്ടുണ്ട്. മടങ്ങാൻ നേരം കയറാം. അപ്പോൾ മതി കാപ്പി."സിജോ പറഞ്ഞു.

"ഇതുകണ്ടോ... കഴിഞ്ഞയാഴ്ച ഞങ്ങൾ വെടിവെച്ച സാധനത്തിന്റെ ഫോട്ടോയാണ്."പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഓണാക്കിക്കൊണ്ട് സന്ദീപ് എനിക്കുനേരെ നീട്ടി.

ഞാൻ ഫോണിന്റെ ഡിസ്‌പ്ലെയിലേയ്ക്ക് നോക്കി. ഒരു മുഴുത്ത മുള്ളൻപന്നി.അതിന്റെ നിറുകയിലെ വെടിയേറ്റ പാടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു.

"കൊള്ളാം.."പറഞ്ഞിട്ട് ഫോൺ തിരികെ കൊടുത്തുകൊണ്ട് ഞാനും അവർക്കൊപ്പം ഹെഡ് ലൈറ്റുമായി പുറത്തേയ്ക്ക് നടന്നു.

പതിനൊന്നുമണിവരെ തോട്ടത്തിലൂടെ തോക്കുമായി ചുറ്റിത്തിരിഞ്ഞെങ്കിലും കാര്യമായിട്ടൊന്നും തടഞ്ഞില്ല.ആകെ കിട്ടിയ ഒരു മരപ്പട്ടിയുമായി ഷെഡ്‌ഡിലെത്തി കട്ടൻകാപ്പിയും കുടിച്ചിട്ട് സിജോയും സുഹൃത്തുക്കളും മടങ്ങിപ്പോയി.

രാത്രിയുടെ നിശബ്ദതയെ ഭംഞ്ചിച്ചുകൊണ്ട് ജീപ്പിന്റെ ശബ്ദം കുന്നിറങ്ങി അകന്നുപോകുമ്പോൾ എന്റെകണ്ണുകൾ മയക്കത്തിലേയ്ക്ക് വഴുതിവീണുകഴിഞ്ഞിരുന്നു.

എന്നും അതിരാവിലെ ഉറക്കമുണരാറുള്ള ഞാനന്ന് ഉണർന്നത് കൃഷ്ണൻകുട്ടി ചേട്ടൻ കുലുക്കി വിളിച്ചപ്പോൾ മാത്രമാണ്.തലേരാത്രിയിലെ നായാട്ടിന്റെ ക്ഷീണവും,വൈകി ഉറങ്ങിയതിന്റെ ആലസ്യവും എന്നെവിട്ടുപോയിരുന്നില്ല. ഞാൻ എഴുന്നേറ്റ് പല്ലുതേപ്പും മറ്റും കഴിച്ച് റെഡിയായി. ഈ സമയം തോട്ടത്തിൽ ജോലിക്കാർ എത്തിക്കഴിഞ്ഞിരുന്നു.ആഴ്ചയുടെ തുടക്കമായതുകൊണ്ടുതന്നെ അന്ന് അധികം ആളുകൾ ഉണ്ടായിരുന്നു. പെട്ടെന്നാണ് അതുസംഭവിച്ചത്.

എലത്തിന്റെ ചുവട്ടിലെ ചപ്പുകൾ നീക്കംചെയ്തുകൊണ്ടിരുന്ന കൃഷ്ണൻകുട്ടി ചേട്ടന്റെ കാലിൽ എന്തോ കടിച്ചു. മുറിവിൽ നിന്ന് രക്തം ഒഴുകുന്നുണ്ട്. വേദനകൊണ്ട് പുളയുകയാണ് ചേട്ടൻ.

"ചേട്ടാ... എന്തുപറ്റി.?"

ഞാനും മറ്റു ജോലിക്കാരും ചേർന്ന് ചേട്ടന്റെ താങ്ങിപ്പിടിച്ചു ഷെഡ്‌ഡിലേയ്ക്ക് കൊണ്ടുവന്നു. അൽപ്പം വെള്ളം കുടിക്കാൻ കൊടുത്തു. തുടർന്ന് തോർത്ത് വലിച്ചുകീറി മുറിവിന്റെ മുകളിലായി അമർത്തികെട്ടി. ശേഷം മുറിവിൽ നിന്നും കുറച്ചുറക്തം ഞെക്കിക്കളഞ്ഞിട്ട് മുറിവ് കഴുകി. രക്തം നിൽക്കുന്നില്ല. ചേട്ടന്റെ മുണ്ടിലും രക്തം പടർന്നിട്ടുണ്ട്.

"ലക്ഷണം കണ്ടിട്ട് കടിച്ചത് പാമ്പ് തന്നെയാണെന്ന് തോന്നുന്നു."തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.

"ചുരുട്ടയാവും... ഇതിവടെ സ്ഥിരമാണ് ഭയക്കാനില്ല.വിഷവൈദ്യന്റെ അടുത്ത് പോയാൽമതി."ദിവാകരൻ ചേട്ടൻ പറഞ്ഞു.

എത്രയും വേഗം വൈദ്യന്റെ അടുത്ത് പോകണം. എന്തുചെയ്യും... ജോസേട്ടൻ വീട്ടിലുണ്ടാവും ആൾക്ക് വണ്ടിയുമുണ്ട്. ഞാൻ ഫോണെടുത്ത് ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.

ഉടൻതന്നെ ജോസേട്ടൻ ജീപ്പുമായി വന്നു. ഞാനും ദിവാകരൻ ചേട്ടനുംകൂടി ചേട്ടനെ താങ്ങി ജീപ്പിൽ കയറ്റി.അടുത്തുള്ള വിഷവൈദ്യന്റെ വീടുലക്ഷ്യമാക്കി ജീപ്പ് പാഞ്ഞു.

വൈദ്യൻ ചേട്ടനെ വിശദമായി പരിശോദിച്ചു.എന്തോമരുന്ന് വെള്ളത്തിൽ ചാലിച്ചെടുത്തു കുടിക്കാനും, വേറെന്തോ ഒന്ന് മൂക്കിൽ വലിക്കാനും കൊടുത്തു. തുടർന്ന് കഷായത്തിനും,മുറിവിൽ ചാലിച്ചിടാനുമൊക്കെയുള്ള മരുന്നുകൾ എടുത്തുതന്നു. എന്നിട്ട് ഞങ്ങളെനോക്കി പറഞ്ഞു.

"ഭയക്കാനൊന്നുമില്ല...വേദനയും നീരും ഇന്നത്തേയ്ക്ക് നന്നായിട്ടുണ്ടാവും.മരുന്നും പത്യവുമൊക്കെ മുറപോലെ ചെയ്യണം.രാത്രി ഉറങ്ങാൻ അനുവദിക്കരുത്."

മരുന്നുംവാങ്ങി ഞങ്ങൾ ഷെഡ്ഢിൽ തിരിച്ചെത്തി.വൈകുന്നേരം വരെ ഞങ്ങൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുകയും മരുന്നുകൾ തയ്യാറാക്കാൻ സഹായിക്കുകയുമൊക്കെ ചെയ്തിട്ട് ദിവാകരൻ ചേട്ടൻ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി.

രാത്രി ഉറക്കമൊഴിച്ച് ചേട്ടൻ ഉറങ്ങാതെ ഞാൻ കാവലിരുന്നു. എന്നെ എപ്പോഴും സ്നേഹത്തോടെ സേവിച്ച ചേട്ടന്റെ വേദന എന്റെയും വേദനയായിമാറി.കാലിന് നല്ല നീരുണ്ട്... വേദനയും.സമയാസമയത്തുള്ള മരുന്നുകൾ കൊടുത്തുകൊണ്ട് കഥകളും,തമാശകളുമൊക്കെ പറഞ്ഞ് ഞങ്ങൾ ഉറങ്ങാതെ പുലരുവോളം കഴിഞ്ഞുകൂടി.

(തുടരും)


ഭാഗം 13

അന്നേദിവസം ഭക്ഷണമെല്ലാം ഞാൻതന്നെ ഉണ്ടാക്കി. പിറ്റേന്ന് രാവിലത്തെ കാപ്പിയും മറ്റും ചായക്കടയിൽ നിന്ന് വാങ്ങി. ചായക്കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്‌ എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ, കൃഷ്ണൻകുട്ടി ചേട്ടന് സുഖംപ്രാപിക്കുന്നതുവരെ അതല്ലാതെ വേറെ നിർവാഹമില്ലായിരുന്നു.


എന്തായാലും ചേട്ടന് ഏതാനുംദിവസത്തെ വിശ്രമം വേണ്ടിവരും. വേദനയും നീരും അൽപം കുറഞ്ഞിട്ടുണ്ട് എന്നതല്ലാതെ പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. അതുവരെ ഭക്ഷണം ഉണ്ടാക്കിത്തരാൻ പറ്റിയ ഒരാളെ ഞാൻ പലരോടും അന്വേഷിച്ചു... പക്ഷേ,കിട്ടിയില്ല.

ഒടുവിൽ ഈ അവസ്ഥയറിഞ്ഞപ്പോൾ നാട്ടിൽനിന്ന് ജോലിയില്ലാതെ കഴിഞ്ഞ 'കുഞ്ഞിക്കൊച്ച്' ചേട്ടനെ വീട്ടുകാർ തോട്ടത്തിലേയ്ക്ക് പറഞ്ഞയച്ചു. നാട്ടിലെ പറമ്പിലും പാടത്തുമൊക്കെ ജോലിക്ക് വരാറുള്ള ആളാണ്‌ ചേട്ടൻ.

ഉച്ചയ്ക്കത്തെ ഭക്ഷണവും വാങ്ങി മടങ്ങാനൊരുമ്പോഴാണ് ചേട്ടൻ കവലയിൽ ബസ്സിറങ്ങുന്നത്. തുടർന്ന് ഞങ്ങൾ രണ്ടുപേരുംകൂടി ഷെഡ്‌ഡിലേയ്ക്ക് തിരിച്ചു.ഏതാനുംദിവസങ്ങൾ കടന്നുപോയി. കൃഷ്ണൻകുട്ടി ചേട്ടന് സുഖം പ്രാപിച്ചു ജോലിയും മറ്റും ചെയ്യാവുന്ന സ്ഥിതിയിലായി. ഈ സമയം സഹായത്തിനു വന്ന കുഞ്ഞികൊച്ചു ചേട്ടന് നാട്ടിലേയ്ക്ക് മടങ്ങിപ്പോകാൻ ചെറിയ മടി.നാട്ടിലാണെങ്കിൽ പണികൾ കുറവാണ്.ഇവിടെത്തന്നെ എന്തെങ്കിലുമൊരു ജോലികിട്ടിയെങ്കിൽ നന്നായേനെ... ചേട്ടൻ ആഗ്രഹം പറഞ്ഞു.

ഇവിടിപ്പോൾ തോട്ടം പണിയല്ലാതെ എന്തുകിട്ടാനാണ്... എല്ലാതോട്ടത്തിലും തന്നെ ആളുണ്ട് താനും.ഭാര്യയും രണ്ടുമക്കളും അടങ്ങുന്നതാണ് ചേട്ടന്റെ കുടുംബം.ജോലിയില്ലാതെ ആയാൽ വല്ല്യ കഷ്ടത്തിലാവും സ്ഥിതി.അതുകൊണ്ടുതന്നെ ആ ആവശ്യം കേട്ടില്ലെന്നുനടിച്ചു നാട്ടിലേയ്ക്ക് മടക്കിവിടാനും എനിക്ക് തോന്നിയില്ല.

ഉച്ചയ്ക്കുശേഷം സിജോ വിളിച്ചപ്പോൾ ഞാൻ ചേട്ടന്റെ കാര്യം പറഞ്ഞു. കാര്യമറിഞ്ഞപ്പോൾ അവന്റെ തോട്ടത്തിൽ ചേട്ടനെ ജോലിക്ക് നിറുത്താമെന്ന് അവൻ സമ്മതിച്ചു. തോട്ടത്തിൽ ആളില്ലാതെ കിടക്കുന്ന ഒരു ചെറിയ വീടുണ്ട്. ചേട്ടനും കുടുംബത്തിനും വേണമെങ്കിൽ അവിടെ താമസിക്കുകയും ചെയ്യാം.

വിവരമറിഞ്ഞപ്പോൾ ചേട്ടന് വലിയ സന്തോഷമായി.വൈകുന്നേരത്തോടെ സിജോ വന്നു. ഞാനും ചേട്ടനും അവന്റെകൂടെ പോയി തോട്ടവും വീടുമൊക്കെ നോക്കിക്കണ്ടു. ചേട്ടന് വീടും ജോലിസ്ഥലവുമൊക്കെ ഇഷ്ടമായി.പിറ്റേദിവസം തന്നെ നാട്ടിൽപ്പോയി ഭാര്യയേയും മക്കളേയും കൂട്ടിക്കൊണ്ടുവന്നു ചേട്ടൻ തോട്ടത്തിൽ താമസം തുടങ്ങി.

കട്ടിലും മേശയുമുൾപ്പെടെയുള്ള ചില വീട്ടുസാധനങ്ങളൊക്കെ അവിടെയുണ്ടായിരുന്നു. പോരാത്തതിന് അത്യാവശ്യം വേണ്ടുന്ന ചിലതെല്ലാം സിജോ തന്നെ വാങ്ങിക്കൊടുത്തു. അതുകൊണ്ട് നാട്ടിൽനിന്ന് ഒന്നും കൊണ്ടുവരേണ്ടിവന്നില്ല ചേട്ടന്.അങ്ങനെ ചേട്ടനും കുടുംബവും പഴയ നാട്ടുകാരനായ മുതലാളിയുടെ തോട്ടത്തിലെ ജോലിക്കാരായി മാറി.

പിറ്റേദിവസം തോട്ടം അളക്കലായിരുന്നു. ഞാനും കൃഷ്ണൻകുട്ടി ചേട്ടനും,ദിവാകരൻ ചേട്ടനും,പിന്നെ നാട്ടുകാരായ ഏതാനും പെരും ഞങ്ങടെ ഭാഗത്തുനിന്ന് അളവിൽ പങ്കുചേർന്നു. മറുപക്ഷത്ത് തോമസുചേട്ടനും,അദ്ദേഹത്തിന്റെ രണ്ടു ബന്ധുക്കളും,ഏതാനും ജോലിക്കാരും ഉണ്ടായിരുന്നു. കൂടാതെ മധ്യസ്ഥർ എന്നനിലയ്ക്ക് ജോസുചേട്ടനും, മെമ്പറും, പിന്നെ ഏതാനും ചിലരും.വൈകുന്നേരത്തോടുകൂടി അളവ് കഴിഞ്ഞു.ഞങ്ങൾ പറഞ്ഞതുപോലെ തന്നെ... അതിരുവിട്ട് കടന്നതും ദേഹണ്ണിച്ചതുമൊക്കെ തോമസുചേട്ടനാണെന്ന് അളവുകഴിഞ്ഞപ്പോൾ വെക്തമായി.വൈകുന്നേരം ആയതുകൊണ്ട് അതിര് വേലികെട്ടി തിരിക്കുന്നതും മറ്റും അടുത്തദിവസത്തേയ്ക്ക് മാറ്റിവെച്ചുകൊണ്ട് അതിരുകല്ലുകൾ നാട്ടിയിട്ട് എല്ലാവരും പിരിഞ്ഞു. തോമസുചേട്ടന്റെ മുഖം കടന്നൽ കൊത്തിയതുപോലെ വീർത്തിരുന്നു. അയാൾ പകയോടെ എന്നെയും മറ്റും നോക്കിയിട്ട് ജോലിക്കാരെയും കൂട്ടി വീട്ടിലേയ്ക്ക് മടങ്ങി.

പിറ്റേദിവസം രാവിലേ ഷെഡ്‌ഡിന്റെ മുറ്റത്ത് പല്ലുതേച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാൻ. ഈ സമയം തോട്ടത്തിന്റെ ഇടവഴികൾ താണ്ടി ഓടിക്കിതച്ചുകൊണ്ട് ദിവാകരൻ ചേട്ടൻ എന്റെ അരികിലെത്തി.

"എന്താ ചേട്ടാ... എന്തിനാ ഓടിയത്... നന്നായി കിതയ്ക്കുന്നുണ്ടല്ലോ.?"മുഖം കഴുകിക്കൊണ്ട് ഞാൻ ചേട്ടനെനോക്കി.

"അബ്ദൂ...വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ആ തോമസുചേട്ടന്റെ തീരുമാനം.ഇന്നലെ നമ്മൾ അളന്നുതിരിച്ച് കുഴിച്ചിട്ട അതിരുകല്ലുകളൊക്കെയും അയാൾ ജോലിക്കാരെക്കൊണ്ട് മാറ്റിക്കുഴിച്ചിട്ടിരിക്കുന്നു. പോരാത്തതിന് മുള്ളുവേലി വലിക്കാനുള്ള കാലുകൾ നാട്ടിതുടങ്ങിയിരിക്കുന്നു.അവർ ഏതാനുംപേരുണ്ട്... മദ്യപാനവും ആഘോഷവുമൊക്കെയായി. ചോദിക്കാൻ ചെന്ന എന്നെ അവർ ഭീഷണിപ്പെടുത്തുകയും തല്ലാനൊരുങ്ങുകയുമൊക്കെ ചെയ്തു.എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ എല്ലാം അയാൾ കയ്യേറും."ചേട്ടൻ ശ്വാസംവിടാതെ പറഞ്ഞു.

ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ ഞാൻ നിന്നു. തോട്ടത്തിൽ വിളവെടുപ്പ് തുടങ്ങിയ സമയമായിരുന്നു.ഇതിനിടയിൽ വീണ്ടും അതിരുതർക്കവും മറ്റുമായി മാറിയാൽ...ഇന്നലത്തോടെ എല്ലാം അവസാനിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും തോമസുചേട്ടൻ അടങ്ങിയിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഇത്രപെട്ടെന്ന് അയാൾ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയില്ല.എന്തായാലും അവർക്കിടയിലേയ്ക്ക് ചാടിപ്പുറപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്കുതോന്നി. മധ്യസ്ഥർ ഇടപെട്ടു പരിഹരിച്ച കാര്യത്തിൽ വീണ്ടും ചേട്ടൻ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. നിയമപരമായിത്തന്നെ അയാളെ നേരിടുന്നതാണ് ഉചിതം.ഞാൻ ഫോൺചേയ്‌തു വീട്ടിൽ വിവരം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ബാപ്പയും, വല്ല്യാപ്പയുമൊക്കെ എന്റെ തീരുമാനം തന്നെയാണ് നല്ലതെന്ന് പറഞ്ഞു.

സർക്കിൽ ഇൻസ്പെക്ടർക്ക് ഒരു പരാതി എഴുതി കൊടുക്കുക.

എനിക്ക് വലിയ നിരാശതോന്നി.ആരുമായും മുഷിയരുതെന്നതാണ് എന്റെ ആഗ്രഹം.അതുതന്നെയാണ് വീട്ടുകാർക്കും പറയാനുള്ളത്.പക്ഷേ, എന്തുചെയ്യാം...മനപ്പൂർവ്വം ചിലർ പ്രശ്നത്തിന് ഇറങ്ങിതിരിച്ചാൽ... കൃഷി നഷ്ടമായപ്പോൾ തോട്ടം വിറ്റുകളയാൻ എല്ലാവരും പറഞ്ഞതാണ്.അന്ന് കുടുംബസ്വത്തായിരുന്നു തോട്ടം.പക്ഷേ, ഇന്ന് അത് സ്വന്തമാണ്.തോട്ടം നന്നായി പരിപാലിക്കണമെന്നും, അതുവഴി നല്ലവിളവുണ്ടാക്കി ലാഭം നേടണമെന്നും, കുറച്ചുപേർക്കെങ്കിലും തങ്ങൾ മൂലം ജോലികൊടുക്കണമെന്നുമൊക്കെയുള്ള ചിന്തയാണ് വീണ്ടും ഇവിടേയ്ക്ക് വരാനും ഇത് നിലനിറുത്താനുമൊക്കെ പ്രേരിപ്പിച്ചത്.

പക്ഷേ, എത്രയൊക്കെ ശ്രമിച്ചിട്ടും പ്രശ്നങ്ങൾ വന്നുചേരുന്നു. ഇനി എങ്ങനെ ഇതിനൊരു പരിഹാരം കാണും. ഇനി എന്തൊക്കെ പ്രശ്നങ്ങളെ നേരിടേണ്ടി വരും.സർക്കിൽ ഇൻസ്പെക്ടർ വല്ല്യാപ്പയ്ക്കും ബാപ്പയ്കുമൊക്കെ പരിചയമുള്ള ആളാണ്‌...നാട്ടുകാരൻ. പോരാത്തതിന് ജോസേട്ടന്റെ സുഹൃത്തുമാണ്. അദ്ദേഹം ഇടപ്പെട്ടു എന്തെങ്കിലുമൊരു പരിഹാരം ഉണ്ടാക്കുമെങ്കിൽ ഉണ്ടാകട്ടെ. ഇതിപ്പോൾ നാലാമത്തെ സന്ധി സംഭാഷണത്തിനാണ് ഒരുങ്ങുന്നത്. എത്രയോ സമയനഷ്ടവും പണനഷ്ടവുമൊക്കെയാണ് ഇതിന്റെപേരിൽ ഉണ്ടായിരിക്കുന്നത്. ഇത്തവണയെങ്കിലും പ്രശ്നം തീർന്നില്ലെങ്കിൽ ഇനി കേസ് കൊടുക്കുകയേ നിവൃത്തിയുള്ളൂ... എന്തായാലും തോറ്റുപിന്മാറാൻ, ഭൂമി വിട്ടുകൊടുക്കാൻ തയ്യാറല്ല.

കാപ്പികുടികഴിഞ്ഞു ഞാനും കൃഷ്ണൻകുട്ടി ചേട്ടനും കൂടി സർക്കിൽ ഇൻസ്പെക്ടറുടെ ഓഫീസിലെത്തി പരാതി നൽകി.അദ്ദേഹം കോർട്ടേഴ്സിൽ നിന്നും സ്റ്റേഷനിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. തോട്ടം അതിരുവിട്ട് കയ്യേറാൻ ശ്രമിക്കുന്നവർക്കെതിരെ എത്രയുംവേഗം നടപടി കൈക്കൊള്ളാമെന്ന് അദ്ദേഹം ഞങ്ങൾക്ക് വാക്ക് തന്നു.ഏതാനും സമയം നാട്ടിലെ വിശേഷങ്ങളും വല്ല്യാപ്പയുമായുള്ള സൗഹൃദത്തേക്കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിച്ചിരുന്നു.

"അബ്ദൂ... തോമസുചേട്ടന് നിങ്ങടെ തോട്ടത്തിന്മേൽ ഒരു നോട്ടമുണ്ട്. അത് എങ്ങനേയും നിങ്ങൾ വിറ്റിട്ടുപോയാൽ കൈക്കലാക്കാമെന്ന് അയാൾക്ക് വിശ്വാസമുണ്ട്. അതിനാണ് ഈ പണികളൊക്കെ ഒപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് നിങ്ങടെ കൈവശം ഇരിക്കുന്നിടത്തോളം കാലം പ്രശ്നങ്ങൾ അവസാനിക്കില്ല. എന്നുകരുതി ഒരിക്കലും നിങ്ങൾ അയാളുടെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കരുത്. ഒരിക്കൽ തോറ്റുപോയാൽ അത് അയാൾക്കൊരു ഓർജമാവും. ഇതൊക്കെ നിന്റെ ബാപ്പയ്ക്കും വല്ല്യാപ്പയ്ക്കു മൊക്കെ അറിയാവുന്ന കാര്യങ്ങളാണ്. നീ കൂടി അറിഞ്ഞിരിക്കാൻ പറഞ്ഞെന്നുമാത്രം."അദ്ദേഹം ഞങ്ങൾക്ക് ധൈര്യം പകർന്നു. വൈകാതെ ഞങ്ങൾ യത്രപറഞ്ഞു പിരിഞ്ഞു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ സർക്കിളിന്റെ മേൽനോട്ടത്തിൽ... തോമസുചേട്ടൻ സ്ഥാപിച്ച മുള്ളുവേലി നീക്കം ചെയ്യുകയും... പകരം മധ്യസ്ഥർ കൂടി അളന്ന് തിട്ടപ്പെടുത്തിയത് പ്രകാരം തോട്ടത്തിന്റെ അതിര് കല്ലുകൊണ്ട് കെട്ടിതിരിക്കുകയും കാലുകൾ നാട്ടി കമ്പിവേലി ഇടുകയും ചെയ്തു. എനിക്ക് ഇത് വലിയ സന്തോഷം പകർന്നു.തൽക്കാലത്തേയ്ക്ക് അതിരുത്തർക്കത്തിന് ഒരു പരിഹാരമായിരിക്കുന്നു. ഇനി അത്രപെട്ടെന്ന് തോമസുചേട്ടൻ പ്രശ്നത്തിന് ഇറങ്ങില്ലെന്ന് എനിക്ക് തോന്നി.

ദിവസങ്ങൾ ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു. തോട്ടത്തിൽ വിളവെടുപ്പ് തുടങ്ങി.ഇത്തവണ നല്ല വിളവുണ്ടായിരുന്നു. പറിച്ചെടുത്ത എലക്കായ ജോസുചേട്ടന്റെ സ്റ്റോറിൽ കൊണ്ടുപോയി ഉണക്കി. തുടർന്ന് അതുമായി ഞാൻ ജീപ്പിൽ നാട്ടിലേയ്ക്ക് തിരിച്ചു. വീട്ടിൽ എല്ലാവർക്കും എന്റെ ആഗമനം സന്തോഷം പകർന്നു.ഏതാനുംനാളുകൾക്കുശേഷം തോട്ടത്തിൽ നിന്ന് തിരികെയെത്തിയ എന്നെ ഉമ്മയും സഹോദരിയുമൊക്കെ വിവിധതരം പലഹാരങ്ങളും മറ്റും ഉണ്ടാക്കിതന്നുകൊണ്ട് സ്നേഹിച്ചു വീർപ്പുമുട്ടിച്ചു. വല്ല്യാപ്പയും, വല്ലുമ്മയുമൊക്കെ എന്റെ കൃഷിമികവിൽ അനുമോദിക്കുകയും സന്തോഷിക്കുകയും ചെയ്തു.

വീട്ടിൽ മൊത്തത്തിൽ ഒരു ഉത്സവപ്രതീതി.ഞാൻ എല്ലായിടത്തും ഒന്ന് ചുറ്റിയടിച്ചു. മാസം രണ്ടു കഴിഞ്ഞിരിക്കുന്നു വീടുവിട്ടുപോയിട്ട്. രണ്ടാഴ്ച കഴിഞ്ഞു മടങ്ങണമെന്ന ഉദ്ദേശത്തോടെയാണ് പോയതെങ്കിലും വരാൻ കഴിഞ്ഞില്ല. എല്ലാം എന്നെകൊതിപ്പിച്ചു.പാടത്ത് നെല്ല് വിളഞ്ഞിരിക്കുന്നു. കൊയ്തെടുക്കാൻ പാകമായി നിൽക്കുന്ന വളഞ്ഞ നേൽക്കതിരുകൾ.അവിടെ പാറിനടക്കുന്ന വിവിധവർണ്ണത്തിലുള്ള തുമ്പികൾ.കൊയ്ത്ത് അടുത്തദിവസം ആരംഭിക്കുകയാണ്.കുടുംബാഗങ്ങങ്ങൾക്കൊപ്പം ഞാനും ചേർന്ന് വിത്തിറക്കിയ കൃഷിയുടെ വിളവെടുപ്പ്.

മിഷ്യൻവന്നു കൊയ്തുമെതിച്ച നെല്ല് പത്തായത്തിൽ സംഭരിച്ചു.വയ്ക്കോൽ തൊഴുത്തിന്റെ മച്ചിനുമുകളിൽ കയറ്റി അട്ടിയിട്ടു.

പുന്നെല്ലുകുത്തി ഉണ്ടാക്കിയ അരികൊണ്ട് പായസവും, ചോറുമൊക്കെ ഉണ്ടാക്കി ഉമ്മാ എല്ലാവർക്കും നൽകി. ഞായറാഴ്ച ദിവസം ചക്കരച്ചോറ് വെച്ച് ഓത്തുപള്ളിയിലെ കുട്ടികൾക്ക് കൊടുത്തു. ഏലക്കായ വിറ്റുകിട്ടിയ പണത്തിൽനിന്നൊരു വിഹിതം വല്ല്യാപ്പ പള്ളിയുടെ പെയ്ന്റിങ്ങിനും, സാധുക്കൾക്കും സംഭാവന നൽകി. ഏതാനുംദിവസങ്ങൾക്കുശേഷം ഉമ്മ ഉണ്ടാക്കിത്തന്ന അച്ചാറും, ചമ്മന്തിപ്പൊടിയുമൊക്കെയായി ഞാൻ വീണ്ടും തോട്ടത്തിലേയ്ക്ക് മടങ്ങി.

തോട്ടത്തിലെത്തിയ അന്ന് വൈകുന്നേരം എന്നെക്കാണാൻ സിന്ധു വന്നു.

"എന്തൊക്കെയുണ്ട് നാട്ടിൽ വിശേഷങ്ങൾ... എല്ലാവർക്കും സുഖമാണോ... ഞാൻ കരുതി ഇന്നലെ വരുമെന്ന്. അങ്ങനെയാണല്ലോ വിളിച്ചപ്പോൾ പറഞ്ഞത്."അവളെന്നെനോക്കി പുഞ്ചിരിതൂകി.

"നാട്ടിൽ എല്ലാവർക്കും സുഖം. ഇന്നലെ വരാൻ പറ്റിയില്ല... സിന്ധുവിന്റെ ജോലിയൊക്കെ എങ്ങനെ.?"

"എല്ലാം നന്നായിപോകുന്നു. ഷോപ്പിൽ എല്ലാവർക്കും എന്നെ വലിയ ഇഷ്ടമാണ്. വൈകാതെ എനിക്ക് ചില സ്ഥാനകയറ്റങ്ങളൊക്കെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്."

"ആണോ... കൊള്ളാം അഭിനന്ദനങ്ങൾ."

"പിന്നെ എന്റെ ആദ്യശമ്പളം കിട്ടി. ഞാനത് അമ്മയെ ഏൽപ്പിച്ചു.കൂട്ടത്തിൽ എനിക്ക് ജോലിവാങ്ങിത്തന്ന ആൾക്ക് ഒരു സമ്മാനവും വാങ്ങി. ഇതാ..."കൈയിലിരുന്ന കവർ അവൾ എനിക്കുനേരെ നീട്ടി.

ഞാനത് തുറന്നുനോക്കി. ഏതാനും പുതിയ പുസ്തകങ്ങൾ. പ്രശസ്തരായ എഴുത്തുകാരുടെ ബെസ്റ്റ്സ്റ്റെല്ലറുകൾ. ഞാനവളെ നോക്കി.

"താങ്ക്സ്..."

"നന്ദി പറയേണ്ടത് ഞാനല്ലേ...ഇരുളടഞ്ഞ ജീവിതത്തിൽ വെളിച്ചം പകർന്നുകൊണ്ട് എനിക്കൊരു ജോലിവാങ്ങിത്തന്ന അബ്‌ദുവിനോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാവില്ല.കൂട്ടത്തിൽ എന്റെ അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കുകയും നേർവഴിക്ക് ജീവിക്കാൻ പ്രേരിപ്പിച്ചതിനും. അമ്മയ്ക്കിപ്പോൾ ഒരുപാട് മാറ്റമുണ്ട്. ഇത്രനാളും ചെയ്തുപോയ തെറ്റുകളെയോർത്തു കുറ്റബോധവും.ജോലിക്ക് പോകുമ്പോഴും ജോലിസ്ഥലത്ത് നിൽക്കുമ്പോഴുമെല്ലാം എനിക്ക് വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചും മാത്രമായിരിക്കും ചിന്ത.എന്നാൽ ഇന്നതില്ല...ഒരിക്കൽ വീട്ടിൽ വന്നപ്പോൾ നിങ്ങൾ അമ്മയെ ഉപദേശിച്ചിരുന്നില്ലേ...കഴിഞ്ഞതൊക്കെ മറന്നുകൊണ്ട് പുതിയൊരുജീവിതത്തിന് ശ്രമിക്കണമെന്നും, ആവശ്യമില്ലാതെ മറ്റുള്ളവരെ വീട്ടിൽ കയറ്റരുതെന്നും, എന്റെ ഭാവി നോക്കണമെന്നുമൊക്കെ... അത് അമ്മയുടെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. അന്ന് വൈകിട്ട് ജോലികഴിഞ്ഞെത്തിയപ്പോൾ അമ്മ എന്നോട് അതെല്ലാം പറഞ്ഞു.മകന്റെ പ്രായമുള്ള അബ്‌ദുവിന്റെ ഉപദേശങ്ങൾ അമ്മയെ ഒരുപാട് ചിന്തിപ്പിച്ചെന്നും... ഇനിയൊരിക്കലും തെറ്റുകൾ ചെയ്യില്ലെന്നുമൊക്കെ. ആ വാക്കുകളാണ് എന്റെ അമ്മയെ മാറ്റിയത്...എനിക്കുറപ്പുണ്ട്. എനിക്കും എന്റെ അമ്മയ്ക്കും വേണ്ടി അബ്ദു ചെയ്ത എല്ലാ നല്ലപ്രവർത്തികൾക്കും നന്ദി."

അവൾ യാത്രപറഞ്ഞുകൊണ്ട് നടന്നുപോയി.

(തുടരും)


ഭാഗം 14

"സമ്മാനം ഉഗ്രനായിരിക്കുന്നല്ലോ.!"കൃഷ്ണൻകുട്ടിച്ചേട്ടൻ എന്റെ കൈയിലിരുന്ന പുസ്തകങ്ങളിലേയ്ക്ക് നോക്കി പറഞ്ഞപ്പോൾ ഞാൻ പുഞ്ചിരിച്ചു.

"എന്തുതന്നെയായാലും സിന്ധുവിന് സന്തോഷമായല്ലോ... അവളുടെ അമ്മയ്ക്കും ഒരുപാട് മാറ്റം ഉണ്ടെന്നല്ലേ പറഞ്ഞത്. അതിനോളം വലിയ എന്തുസമ്മാനമാണ് നമുക്ക് കിട്ടാനുള്ളത്.?" ഞാൻ പറഞ്ഞു.


"അതുശരിയാണ്, അവർ പാവങ്ങളാണ്... മുൻപൊരിക്കൽ ഇവിടെവന്നപ്പോൾ പറഞ്ഞതുപോലെ സാഹചര്യങ്ങളാണ് അവരെ ഇങ്ങനെയാക്കി തീർത്തത്. നിന്റെ ഇടപെടൽകൊണ്ട് ആ കൊച്ചിനൊരു ജോലി കിട്ടി. അതുവഴി ജീവിതത്തിലെ വിരസതനിറഞ്ഞ ദിനങ്ങൾക്കും, ബുദ്ധിമുട്ടുകൾക്കുമൊക്കെയൊരു മോചനവും. ഇരുവരും ഇപ്പോൾ പുതിയമനുഷ്യരായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം അമ്പലത്തിലൊക്കെ പോയിട്ട് മടങ്ങിവരുന്നത് കണ്ടു."

"ആണോ... നല്ലത്. എല്ലാം ശരിയാകുമെന്നെ... കൈപിടിച്ചുയർത്താനും ചേർത്തുനിറുത്താനും ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ എത്ര വഴിപിഴച്ചവരും നല്ലവരായി തീരും."

"അതൊക്കെ ശരിതന്നെ... പിന്നെ, എനിക്കൊരുകാര്യം പറയാനുണ്ട്. മറ്റൊന്നുമല്ല... ഇനിയും നീ കൂടെക്കൂടെ അവരുടെ ക്ഷേമം അന്വേഷിക്കാനും, സഹായിക്കാനുമൊക്കെയായി ആ വീട്ടിൽ പോകരുത്.അവരിന്ന് നല്ലവരാണ്.നമുക്ക് ദോഷമായിട്ട് ഒന്നുംതന്നെ ചെയ്യില്ലെന്നും വിചാരിക്കാം.പക്ഷേ, ഒന്നോർക്കണം... അവർ രണ്ടു പെണ്ണുങ്ങളാണ്. ആൺതുണയില്ലാത്ത വീടാണ് അവരുടേത്.വിവാഹപ്രായമായ പെണ്ണാണ് സിന്ധു.നാട്ടുകാർ ഇപ്പോൾത്തന്നെ പലതും പറയുന്നുണ്ട്. ഇനിയും അതുപറയിക്കാൻ നീ ഇടയാക്കരുത്.നമുക്ക് ശത്രുക്കൾ ഈ നാട്ടിലും ഉണ്ടെന്നകാര്യം മറക്കരുത്.അതായത് ഒടുക്കം ആ പെണ്ണ് നിന്റെ തലയിലാവരുതെന്ന്."

കൃഷ്ണൻകുട്ടി ചേട്ടൻ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ലക്ഷ്മിച്ചേച്ചിയുടെ വീട്ടിൽ പോകുന്നതും വരുന്നതുമൊക്കെ ആളുകൾ ശ്രദ്ധിക്കുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഇതിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ സംസാരമുണ്ടെന്ന് ഒരിക്കൽ ദിവാകരൻ ചേട്ടൻ തന്നോട് സൂചിപ്പിച്ചതുമാണ്.അവിടെപ്പോകുന്നത് കൃഷ്ണൻകുട്ടി ചേട്ടനും അത്ര ഇഷ്ടമല്ല.അറിഞ്ഞുകൊണ്ട് ഞാനൊരു അബദ്ധത്തിൽ ചെന്ന് ചാടരുത് എന്ന ഉദ്ദേശമാണ് ചേട്ടന്റെ മനസ്സിൽ.അതുകൊണ്ടാണ് ചേട്ടൻ തന്നെ ഉപദേശിക്കുന്നത്.

എനിക്കും വല്ല്യാപ്പയ്കുമൊക്കെ പലപ്പോഴും ഈ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എല്ലാവരേയും ആത്മാർഥമായി സ്നേഹിക്കുകയും, വിശ്വസിക്കുകയും,സഹായിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ ഫലം.നമ്മൾ സ്നേഹിക്കുകയും, വിശ്വസിക്കുകയുമൊക്കെ ചെയ്യുന്നവർ തിരിച്ചും അതുപോലെ നമ്മളെ മനസ്സിലാക്കണമെന്നില്ല എന്നകാര്യം പലപ്പോഴും മറന്നുപോകും.അതാണ്‌ ഈ കുത്തുവാക്കുകൾ കേൾക്കാനിടയാക്കുന്ന കാരണം.

അതെ,കൃഷ്ണൻകുട്ടി ചേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്. അറിഞ്ഞുകൊണ്ട് അബദ്ധത്തിൽ ചെന്ന് ചാടരുത്.ഞാൻ മനസ്സിലുറപ്പിച്ചു.

നല്ല തണുപ്പുള്ള രാത്രി. എന്തെങ്കിലുമൊക്കെ വായിക്കുകയോ, എഴുതുകയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും കറണ്ട് പോയിരിക്കുന്നു. ലക്ഷണം കണ്ടിട്ട് ഇന്നിനി വരുമെന്ന് തോന്നുന്നുമില്ല. വിളക്കുവെട്ടത്തിൽ കഞ്ഞികുടിച്ചിട്ട് തട്ടിൻപുറത്തുകയറി ഓരോന്ന് ആലോചിച്ചുകൊണ്ട് അങ്ങനെ കിടന്നു. അറിയാതെ എന്റെമനസ്സ് അനിതയെക്കുറിച്ചുള്ള ഓർമ്മകളിലേയ്ക്ക് ഊളിയിട്ടു. ഞാൻ എന്തുകൊണ്ട് അവളെ ഇത്രമാത്രം സ്നേഹിക്കുന്നു... എന്തുകൊണ്ട് അവളുടെ മുഖവും ആ ഓർമ്മകളും എപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു...ഈ മലയോരത്തെ പാവപ്പെട്ട പെൺകുട്ടിക്കായി എന്തുകൊണ്ടാണ് എന്റെ ഹൃദയം തുടിക്കുന്നത്...ഒന്നുമാത്രമറിയാം...മറ്റുപെൺകുട്ടികൾക്കൊന്നും ഇല്ലാത്തൊരു ആകർഷണീയത അവൾക്കുണ്ട്. എന്റെ മനസ്സിനുള്ളിൽ പറിച്ചെറിയാനാവാത്തവിധം അവളുടെ രൂപം വേരാഴ്ത്തിയിരിക്കുന്നു. അവളെ മറക്കാൻ തനിക്കാവില്ല.ആ ഓർമ്മകൾ എന്റെ ഉറക്കത്തെ ഇല്ലാതാക്കി. തിരിഞ്ഞും മറിഞ്ഞും കിടന്നു... ഉറക്കം വരുന്നില്ല. മഴയ്ക്കുശേഷമുള്ള തണുത്തകാറ്റ് ഷെഡ്‌ഡിലേയ്ക്ക് അരിച്ചുകയറുന്നുണ്ട്. ഒടുവിൽ പുലർച്ചയോടുകൂടി അവളെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി ഒരുപാട് സ്വപ്നങ്ങൾ കണ്ട് ഞാൻ മെല്ലെ മയങ്ങി.

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു ഷെഡ്‌ഡിലെത്തുമ്പോൾ ഫോൺ അടിക്കുന്നത് കണ്ട് ഞാനെടുത്തുനോക്കി. വീട്ടിൽ നിന്നാണ്... കോൾ ബട്ടൺ അമർത്തിയിട്ട് ഫോൺ കാതോട് ചേർത്തു.

അടുത്തഞായറാഴ്ച വീട്ടിൽനിന്ന് എല്ലാവരുംകൂടി ഇടുക്കിക്ക് ഒരു വണ്ടേ ടൂർ പ്ലാൻ ചെയ്തിരിക്കുന്നു. കൂട്ടത്തിൽ തോട്ടം സന്ദർശിക്കാനും വരുന്നുണ്ട്. വിവരമറിഞ്ഞ് എനിക്കും, ചേട്ടനും വല്ലാത്ത സന്തോഷം തോന്നി. ഒപ്പം ചെറിയ ആശങ്കയും.ഞായറാഴ്ചയ്ക്ക് ഇനി രണ്ടുദിവസമേയുള്ളൂ...അതിനിടയിൽ എന്തെല്ലാം ഒരുക്കങ്ങൾ നടത്തണം.ഷെഡ്‌ഡും പരിസരവുമൊക്കെ ആകെ അലങ്കോലമായി കിടക്കുകയാണ്.എല്ലാം ഒന്ന് വൃത്തിയാക്കണം. ഒപ്പം വിരുന്നിനുള്ള തയ്യാറെടുപ്പുകൾ നടത്തണം.അന്നും പിറ്റേന്നും ഞങ്ങൾ വിശ്രമമില്ലാതെ പരിശ്രമിച്ചു.ഷെഡ്‌ഡും പരിസരവുമൊക്കെ അടിച്ചുതെളിച്ച് വൃത്തിയാക്കി. വീട്ടുകാർ വരുമ്പോൾ ഭക്ഷണമൊരുക്കാൻ വേണ്ടുന്നതൊക്കെ വാങ്ങിവെച്ചു. ഭക്ഷണവും മറ്റും ഒരുക്കാനായി ജോലിക്കാരോട് നേരത്തേ വരണമെന്ന് പറഞ്ഞേൽപ്പിച്ചു.

ഉച്ചയോടുകൂടി ചുറ്റിക്കറങ്ങലൊക്കെ അവസാനിപ്പിച്ച് വീട്ടുകാർ ഷെഡ്‌ഡിലെത്തിച്ചേർന്നു. അവരെ സ്വീകരിക്കാനും, പരിചയപ്പെടാനുമൊക്കെ തൊഴിലാളികൾ ആവേശംകൊണ്ടു.എല്ലാവരും ചേർന്ന് ഊണുകഴിച്ചു.പരിചയപ്പെടലും, ഓർമ്മപുതുക്കലുമൊക്കെ കഴിഞ്ഞു പോകാന്നേരം വല്ല്യാപ്പ എല്ലാവരേയും അടുക്കലേയ്ക്ക് വിളിച്ചുകൊണ്ട് പറഞ്ഞു.

"നിങ്ങളുടെ സ്നേഹവും സഹകരണവുമൊക്കെ എനിക്ക് നന്നായി അറിയാം. എങ്കിലും ഇന്നത്തെ ഈ അവസരസത്തിൽ നിങ്ങളുടെ സാന്നിധ്യവും സഹകരണവുമൊക്കെ എന്നെയും കുടുംബത്തേയും വല്ലാതെ സന്തോഷിപ്പിക്കുന്നു. എനിക്കും കുടുംബാഗങ്ങൾക്കും ഇന്ന് നിങ്ങൾ നൽകിയ സ്വീകരണത്തിന് നന്ദിപറയുന്നതോടൊപ്പം... എന്റെ കൊച്ചുമകനെ നിങ്ങളിൽ ഒരാളായിക്കണ്ടു സ്നേഹിക്കണമെന്നും, സഹായസഹകരണങ്ങൾ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു. ഇവന് അറിയാത്തതൊക്കെ നിങ്ങൾ പറഞ്ഞുകൊടുക്കുകയും,അവന്റെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊക്കെ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അപേക്ഷിക്കുന്നു. എന്റെ അടുത്തലമുറ ഭരിക്കാനുള്ളവനാണ് ഇവൻ.എന്റെ സ്വത്തും പാരമ്പര്യവുമൊക്കെ കാത്ത് സംരക്ഷിക്കേണ്ടവൻ."

വല്ല്യാപ്പയുടെ വാക്കുകൾകേട്ട് എല്ലാവരുടേം കണ്ണുകൾ നിറഞ്ഞു. തങ്ങളെ ഇത്രനാളും സംരക്ഷിക്കുകയും, സഹായിക്കുകയുമൊക്കെ ചെയ്ത മനുഷ്യന്റെ വാക്കുകൾ അവർക്ക് സന്തോഷം പകർന്നു.

"എനിക്ക് നിങ്ങളോട് ഒരുകാര്യം കൂടി പറയാനുണ്ട്... എന്റെ കൊച്ചുമകന്റെ കൃഷിയോടുള്ള താൽപര്യം കണക്കിലെടുത്ത് അവന്റെ ആഗ്രഹപ്രകാരം തോട്ടത്തിനോട് ചേർന്നുകിടക്കുന്ന ഒരേക്കർ സ്ഥലം കൂടി ഞാൻ വാങ്ങി അവന് കൃഷിചെയ്യുവാനായി നൽകുകയാണ്.എലത്തോട്ടത്തിനോട് ചേർന്ന് ഒരേക്കർ കുരിമുളക് തോട്ടം. അതാണ് അവന്റെ ലക്ഷ്യം. ഈയൊരു സംരംഭത്തിനും എല്ലാവരുടേയും പിന്തുണ്ട ഉണ്ടാവണം."ഒടുവിൽ എല്ലാവരോടും യാത്രപറഞ്ഞുകൊണ്ട് വീട്ടുകാർ മടങ്ങിപ്പോകുമ്പോൾ സമയം നാലുമണി കഴിഞ്ഞിരുന്നു. പോകുന്നവഴി... ജോസേട്ടന്റെയും, സിജോയുടേയുമൊക്കെ വീടുകളിൽ കയറിയിട്ടാണ് അവർ നാട്ടിലേയ്ക്ക് മടങ്ങിയത്.

അടുത്തദിവസംതന്നെ പണിക്കാരെയൊക്കെ വിളിച്ചുകൂട്ടി പുതുതായി വാങ്ങിയ സ്ഥലത്ത് കുരുമുളക് തോട്ടം സ്ഥാപിക്കുന്നതിനെക്കുറിച്ച് ഞാൻ കൂടിയാലോചിച്ചു. അതിന്റെ ഉത്തരവാദിത്വവും നടത്തിപ്പുമൊക്കെ ഞാൻ ദിവാകരൻ ചേട്ടനെ ഏൽപ്പിച്ചു. എല്ലാവർക്കും ആ തീരുമാനം ഇഷ്ടമായി. എന്നാണ് പണിതുടങ്ങേണ്ടത് എന്നതിനെക്കുറിച്ചും മറ്റും തീരുമാനമെടുത്തുകൊണ്ട് യോഗം പിരിഞ്ഞു.ദിവാകരൻചേട്ടന്റെ മുഖത്ത് സന്തോഷം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു.

കുരുമുളക് തോട്ടത്തിനുള്ള സ്ഥലം ഞങ്ങൾക്ക് തന്ന ജോസേട്ടനെ ഞാൻ വീട്ടിൽപോയി കണ്ടു. പുതിയപദ്ധതികളെക്കുറിച്ചും മറ്റും ദീർഘനേരം സംസാരിച്ചു. കുരിമുളകുവള്ളികൾ പടർത്തുന്നതിനാവശ്യമായ മുരിക്കുമരത്തിന്റെ കമ്പുകൾ കുറച്ചൊക്കെ ചേട്ടന്റെ തോട്ടത്തിൽ നിന്ന് മുറിച്ചെടുത്തുകൊള്ളാൻ പറഞ്ഞപ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ടായി.

ദിവസങ്ങൾ കടന്നുപോകവേ...ഒരു വ്യാഴാഴ്ച ദിവസം പുതിയസ്ഥസലത്ത് പണിയാരംഭിച്ചു. സ്ത്രീകൾ കാടുവെട്ടിത്തെളിക്കുകയും, പുരുഷന്മാർ പാഴ്മരങ്ങൾ മുറിച്ചുമാറ്റുകയും, വലിയമരങ്ങളുടെ ശികിരങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. അടുത്തദിവസം ജോസേട്ടന്റെയും, വേറെചില അയൽക്കാരുടെയും പറമ്പുകളിൽ കയറി കൃഷിക്കാവശ്യമായ മുരിക്കിൻ കാലുകൾ ഞങ്ങൾ മുറിച്ചെടുത്തു. യാതൊരു ബന്ധവുമില്ലാത്ത അയൽക്കാരുടെ സ്നേഹവും, സഹകരണവുമൊക്കെ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. എല്ലാം വല്ല്യാപ്പയുടെ മഹത്വമാണെന്ന് കൃഷ്ണൻകുട്ടി ചേട്ടൻ എന്നോട് പറഞ്ഞു. പണിയില്ലാതെ കഴിഞ്ഞിരുന്ന ഏതാനും ചെറുപ്പക്കാരെക്കൂടി ഞാൻ പണിക്ക് കൂട്ടി. അടുത്തദിവസംതന്നെ കുഴികൾ എടുത്ത് മുരിക്കിൻകമ്പുകൾ നട്ടു. ഇനി ഏതാനും ദിവസത്തെ ഇടവേള... മുരിക്കിൻ കമ്പുകൾ തളിർത്തു തുടങ്ങിയിട്ട് വേണം ഇനി കുരുമുളക് വള്ളികൾ നടാൻ.

പുതിയതോട്ടത്തിലെ ജോലികളെല്ലാം ഒരാൾ പകയോടെ നിരീക്ഷിച്ചുകൊണ്ടിരിന്നു.'തോമസുചേട്ടൻ' എലത്തോട്ടത്തിന്റെകൂടെ പുതുതായി സ്ഥലംവാങ്ങി കൊടിത്തോട്ടം സ്ഥാപിക്കാനിറങ്ങിയത് ചേട്ടനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

ഒരുദിവസം രാവിലേ ജോലിക്ക് എത്തിയപ്പോൾ ദിവാകരൻ ചേട്ടൻ പറഞ്ഞു.

"വല്ല്യാപ്പയ്ക്കും കൊച്ചുമകനും ഭ്രാന്താണെന്നാണ് തോന്നുന്നു...ഇന്നത്തെകാലത്ത് വിവരമുള്ള ആരെങ്കിലും കൈയിലിരിക്കുന്ന രൂപാകൊടുത്ത് ഈ മലമുക്കിൽ ആർക്കും വേണ്ടാതെ കിടക്കുന്ന ഭൂമിവാങ്ങി കൃഷിയിറക്കുമോ.?തോമസുചേട്ടൻ കാണുന്നവരോടൊക്കെ ഇതാണ് പറഞ്ഞുനടക്കുന്നത്."

"അതും ഒരുകണക്കിന് ശരിയാണ്...ഇന്നത്തെകാലത്ത് പണംകൊണ്ട് ചെയ്യാൻകഴിയുന്ന ഒരുപാട് ബിസ്സിനസുകളുണ്ട്. എന്നിട്ടും ഞങ്ങൾ കൃഷിക്കിറങ്ങിതിരിക്കുമ്പോൾ...തോമസുചേട്ടനെ കുറ്റം പറയാനാവില്ല...പിന്നെ, കുറേപ്പണം ഉണ്ടാക്കുന്നതിൽ അല്ലല്ലോ കാര്യം... അതെങ്ങനെ ഉണ്ടാക്കിയെന്നും, അതുണ്ടാക്കിയപ്പോൾ അനുഭവിച്ച സംതൃപ്തിയിലുമൊക്കെയല്ലേ കാര്യങ്ങൾ. തൊഴിലിൽ ഏറ്റവും മഹത്വമേറിയത് കൃഷിയാണെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. കൃഷിചെയ്യണമെങ്കിൽ ഭൂമിവേണം.അത് മലയോരത്ത് ആയാലെന്ത്,നാട്ടിൽ ആയാലെന്ത്."ഞാൻ പറഞ്ഞു.

എന്റെ വാക്കുകൾകേട്ട് ദിവാകരൻ ചേട്ടൻ പുഞ്ചിരിച്ചുകൊണ്ട് നടന്നുപോയി.

തോട്ടത്തിൽ പുതുതായി മോട്ടിട്ട് ഇലകൾ വിടർത്തി നിന്ന മുരിക്കിൻ തളുപ്പുകളിലേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു ഞാൻ. വിടർന്ന തളിരുകൾ...വിടരാൻ മോട്ടിട്ട് നിൽക്കുന്ന തളിർപ്പുകൾ.പാറിനടക്കുന്ന ചിത്രശലഭങ്ങൾ. ഒരുനാൾ ഈ തളിർപ്പുകളൊക്കെ വളർന്നുവലുതാവും. ആ മരങ്ങളിലൊക്കെയും കുരുമുളകുവള്ളികൾ നിറതിരിയിട്ടുനിൽക്കും. അന്നിവടെ വീശിയടിക്കുന്ന കാറ്റിനുപോലും കുരുമുളകിന്റെ ഗന്ധമായിരിക്കും.

അങ്ങനെ ഓരോന്നോർത്തു വരാൻപോകുന്ന വസന്തകാലവും മനസ്സിൽകണ്ടു മനോരാജ്യത്തിൽ മുഴുകിനിൽക്കുമ്പോഴാണ് ഇടവഴിതാണ്ടി വിടർന്ന കണ്ണുകളുമായി മറ്റൊരുവസന്തം കണക്കെ അനിത നടന്നുവന്നത്.

(തുടരും)


ഭാഗം 15

"ആഹാ... ഇതെന്താ പകൽക്കിനാവ് കണ്ടു നിൽക്കുവാണോ കർഷകാ.?" അനിത എന്നെ നോക്കി പുഞ്ചിരിച്ചു.

"ഓ വെറുതെ...പുതുതായി കൃഷിതുടങ്ങിയ കൊടിത്തോട്ടം വിളഞ്ഞു നിൽക്കുന്നത് മനസ്സിൽ കണ്ടു നോക്കിയതാണ്.പിന്നെ, ആ കൊടിത്തോട്ടത്തിലൂടെ ഒരു പെണ്ണിനെ കൈയുംപിടിച്ച് നടക്കുന്നതും സ്വപ്നം കണ്ടു വെറുതെ..."


"ഓഹോ അതു കൊള്ളാല്ലോ...ആരാണ് ആ പെണ്ണ്...ആ ലക്ഷ്മി ചേച്ചിയുടെ മകൾ ആയിരിക്കും."

"അതെയെന്ന് വെച്ചോളൂ...എന്താ അവൾക്ക് കുഴപ്പം...നല്ല പെണ്ണല്ലേ.?"

"ഉം...പിന്നെ കൊള്ളാം.അപ്പോൾ ആളുകൾ പറയുന്നതൊക്കെ വെറുതെയല്ല."അവളുടെ ശബ്ദത്തിൽ സങ്കടം കലർന്നു.

"ആളുകൾ എന്തു പറഞ്ഞെന്നാണ്.?"

"എന്തുപറഞ്ഞെന്നോ... അബ്ദുവും ആ പെണ്ണും തമ്മിൽ സ്നേഹത്തിൽ ആണെന്നും, നിങ്ങൾ തമ്മിൽ രഹസ്യബന്ധമുണ്ടെന്നുമൊക്കെ... കേട്ടിട്ട് എനിക്ക് സഹിക്കാനാവുന്നില്ല."

"ആളുകൾ പറഞ്ഞത് സത്യം തന്നെയാണെന്ന് വെച്ചോളൂ..."ഞാൻ കുസൃതിയോടെ അവളെ നോക്കി ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.

"ആയിക്കോട്ടെ എനിക്കെന്താണ്... എങ്കിലും ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല...നല്ലൊരു മനുഷ്യന്റെ കൊച്ചുമകൻ ഇത്രക്കും അധപ്പതിക്കുമെന്നുകരുതിയില്ല.അങ്ങയുടെ സ്വപ്നത്തിലെ കട്ടുറുമ്പ് ആകാൻ ഞാൻ നിൽക്കുന്നില്ല."അവൾ പോകാൻ ഒരുങ്ങി.

"ഏയ്‌... എന്താണിത് ഞാനൊരു തമാശ പറഞ്ഞെന്നുകരുതി... നീ ഇത്രയ്ക്ക് മണ്ടിയായിപ്പോയല്ലോ.?"ഞാനവളുടെ മിഴികൾ തുടച്ചു.

"എനിക്കറിയാം അബ്ദു നിഷ്കളങ്കനാണെന്ന്. പക്ഷേ, ആളുകൾ ഓരോരോ അപവാദങ്ങൾ പറയുന്നത് കേൾക്കുമ്പോൾ എന്റെ മനസ്സ് തകരുന്നു.അതാണ്‌ ഞാനിപ്പോൾ കാണാൻ വന്നത്."അവൾ ഷാൾ കൊണ്ട് മുഖം തുടച്ചു.

"സാരമില്ല... സങ്കടപ്പെടാതിരിക്കൂ...എല്ലാം നല്ലതിനെന്നുകരുതി സമധാനിക്കൂ."

"ശരിയാണ് നല്ലത് ചെയ്യുന്നവർക്കെന്നും അപവാദവും,പേരുദോഷവുമൊക്കെയെ ബാക്കിയുണ്ടാവൂ... അപവാദങ്ങൾക്ക് മുന്നിൽ പതറാതെ ധൈര്യമായി മുന്നോട്ട് പോകൂ...എന്റെ പ്രാർത്ഥനയും പിന്തുണയും അബ്‌ദുവിന് എന്നും ഉണ്ടാവും...ഞാൻ പോകുന്നു."

അവൾ മുഖം തുടച്ചിട്ട് മുഖത്തൊരു പുഞ്ചിരി വിരിയിച്ചുകൊണ്ട് എന്നെനോക്കി യത്രപറഞ്ഞു നടന്നുപോയി.

"തോട്ടം ഉടമ അസോസിയേഷന്റെ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഇത്തവണ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കണം എന്നാണ് നിന്റെ അഭിപ്രായം.?" ഒരിക്കൽ തോട്ടത്തിൽ വന്നപ്പോൾ സിജോ ചോദിച്ചു.

"മനുഷ്യനും മണ്ണിനും ദ്രോഹം ചെയ്യാത്ത ഒരാളെ പ്രസിഡന്റ് ആക്കണം എന്നാണ് എന്റെ അഭിപ്രായം." ഞാൻ പറഞ്ഞു.

"അങ്ങനെ ഒരാൾ ആരാണ്... അതും നീ തന്നെ പറയ്. ഇപ്പോഴത്തെ പ്രസിഡന്റ് തോമസ് ചേട്ടനാണ് അയാൾ എന്തായാലും വേണ്ട എന്നാണ് ഞങ്ങൾ ചിലരുടെ തീരുമാനം."

"അതുതന്നെയാണ് എന്റെയും അഭിപ്രായം. നമ്മുടെ ജോസ് ചേട്ടനെ പ്രസിഡന്റ് ആക്കിയാൽ എന്താണ് കുഴപ്പം.?"

"കൊള്ളാം അദ്ദേഹം നല്ല മനുഷ്യനാണ്." എന്റെ അഭിപ്രായത്തെ സിജോയും അനുകൂലിച്ചു.

ഏതാനുംസമയം പുതിയ തോട്ടത്തിലെ കൃഷിയെക്കുറിച്ചും, വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നിട്ട് അവൻ പിരിഞ്ഞുപോയി.

ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞുപോയി.നല്ല മഴയാണ്... തിരുവാതിരഞാറ്റുവേല തിരിമുറിയാതെ പെയ്തിറങ്ങുന്ന സമയം.കുരുമുളകുവള്ളികൾ നടാൻ പറ്റിയ സമയം.ഏതാനും പണിക്കാരെ കൂട്ടിക്കൊണ്ട് ഞാൻ പുതുതായി വാങ്ങിയ സ്ഥലത്ത് നാട്ടിയ മുരിക്കിൻകാലുകളുടെ ചുവട്ടിൽ കുരുമുളകുവള്ളികൾ കുഴിച്ചിട്ടു.

ഒടുവിൽ സന്ധ്യയോടുകൂടി കുളികഴിഞ്ഞു ഷെഡ്‌ഡിലെത്തി ഭക്ഷണം കഴിച്ച് തട്ടിൽ കയറി കിടന്നു. ശരീരത്തിനാകെ വല്ലാത്ത വേദന. പകൽ മഴ നനഞ്ഞുകൊണ്ട് ജോലിചെയ്തതിന്റെയാണ്.എഴുതുവാനും വായിക്കുവാനും ഒന്നും തോന്നുന്നില്ല. പുറത്ത് പെയ്യുന്ന മഴയുടെ തണുത്ത കാറ്റ് ആസ്ബറ്റോസ് ഷീറ്റിന്റെ ഇടവഴി ഷെഡ്‌ഡിലേയ്ക്ക് അരിച്ചുകയറുന്നുണ്ട്.

പിറ്റേ ആഴ്ച നടന്ന തോട്ടം ഉടമ അസോസിയേഷന്റെ തിരഞ്ഞെടുപ്പിൽ തോമസുചേട്ടൻ തോൽവി ഏറ്റുവാങ്ങി.പകരം ജോസുചേട്ടൻ ഭൂരിപക്ഷം നേടി പ്രസിഡന്റായി.

തന്റെ പരാജയത്തിന് കാരണക്കാർ ഞാനും, സിജോയും ഒക്കെ ആണെന്നും ഇതിനുള്ള പ്രതികാരം ഉടനെ ചെയ്യുമെന്നുമൊക്കെ പറഞ്ഞുകൊണ്ട് തോമസുചേട്ടൻ പലരോടും വെല്ലുവിളി നടത്തിക്കൊണ്ടിരുന്നു.അയാളെ പ്രോത്സാഹിപ്പിക്കാനും കൂടെ കൂടാനുമൊക്കെ ചിലർ ഉണ്ടായിരുന്നു.അവർക്കെല്ലാം ദിവസവും പാർട്ടിയും മദ്യ സേവയും ഒക്കെ ചേട്ടൻ നടത്തിക്കൊണ്ടിരുന്നു.

ഞാൻ തോട്ടത്തിൽ എത്തിയതിൽപ്പിന്നെയുള്ള തോമസുചേട്ടന്റെ ഈ പരാജയം അയാളുടെ മനസ്സിൽ എന്നോടുള്ള പക വർദ്ധിപ്പിക്കുകയും, ഉള്ളാകെ വിഷം നിറയ്ക്കുകയും ചെയ്തു. ആ വിഷം അയാൾ അപവാദങ്ങളാക്കി പുറത്തേക്ക് ചീറ്റികൊണ്ടിരുന്നു.

ഞാൻ ഇതൊന്നും കേട്ട് ഭയന്നില്ല.എത്രയോ അപവാദങ്ങൾ ഇതിനുമുൻപ് കേട്ടിരിക്കുന്നു.എല്ലാം വരുന്നതുപോലെ കാണുകയും നേരിടുകയും ചെയ്യാം അത്രതന്നെ. എന്റെ ഭാഗത്ത് തെറ്റില്ല... എന്നെ മനസ്സിലാക്കുന്നവർ ഒരുപാട് പേർ ഉണ്ടുതാനും.പിന്നെന്തിന് ഭയക്കണം.

വൈകിട്ടായപ്പോൾ സിജോയും സുഹൃത്തുക്കളും സൗഹൃദസന്ദർശനത്തിനായി ഷെഡ്‌ഡിലെത്തി.

"എടാ നിനക്ക് സ്ഥിരം തലവേദനയായി മാറിയിരിക്കുന്ന ആ തോമസുചേട്ടന് നമുക്കൊരു ചെറിയപണി കൊടുത്താലോ... നീ പറഞ്ഞാൽ മതി ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം. ഇനി ആരെയും കുറിച്ച് അയാൾ അപവാദം പറഞ്ഞുനടക്കരുത്. അതിനുവേണ്ടി മാത്രം ചെറിയൊരു ഇരുട്ടടി."

"ഓ...അതൊന്നും വേണ്ട. ഈ നിസ്സാരകാര്യത്തിന് നമ്മൾ പ്രതികാരത്തിന് ഇറങ്ങിയാൽ അയാളും നമ്മളും തമ്മിൽ എന്ത് വ്യത്യാസം.അയാൾ അയാളുടെ വഴിക്ക് പോകട്ടെ."

"എടാ നീ ഇങ്ങനെ ക്ഷമിച്ചിരുന്നാൽ അയാൾ നിനക്കെതിരെ ഇനിയും പലവിധ പണികളും ഒപ്പിക്കും.അത് ഞങ്ങളും കൂടെ കാണേണ്ടിവരും."

"എന്തായാലും അയാൾ എത്രത്തോളം പോകുമെന്ന് നോക്കാം.എന്നിട്ടു മതി പണി കൊടുക്കുന്നത്."ഞാൻ അവരെ സമാധാനിപ്പിച്ചു.

പിന്നെ അവർ അതിനെക്കുറിച്ച്‌ ഒന്നും മിണ്ടിയില്ല. തോക്കുമായി തോട്ടത്തിൽ ചെറിയൊരു നായാട്ടും നടത്തി വളരെ വൈകിയാണ് അവർ പിരിഞ്ഞുപോയത്. ഒടുവിൽ അത്താഴം കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോൾ സമയം പാതിരാത്രിയോട് അടുത്തിരുന്നു. പതിവ് എഴുത്തും വായനയും ഒന്നും അന്ന് നടന്നില്ല. ഡയറിയെടുത്ത് അന്നത്തെ കാര്യങ്ങൾ മാത്രം പകർത്തി വെച്ചിട്ട് ഉറങ്ങാൻ കിടന്നു.

മനസ്സിനുള്ളിൽ എന്തോ വല്ലാത്തൊരു അസ്വസ്ഥത.എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല. മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു വരാന്തയിലെ കസേരയിൽ ചെന്നിരുന്നു. കൃഷ്ണൻകുട്ടി ചേട്ടന്റെ കൂർക്കംവലി ഉയർന്നു കേൾക്കാം. തോട്ടത്തിലെ കാട്ടുമരങ്ങൾക്കിടയിലൂടെ നിലാവണിഞ്ഞ ആകാശം കാണാം. ഇടയ്ക്കിടെ കണ്ണുചിമ്മുന്ന നക്ഷത്രകൂട്ടങ്ങളും. നിലാവിന്റെയും ഇരുട്ടിന്റെയും പാതിപാതി വസ്ത്രങ്ങൾ ധരിച്ച ലോകം.മനസ്സ് എന്തൊക്കെയോ ആസ്വസ്ഥതകളിൽ പെട്ട് ഉഴറുകയാണ്. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നതുപോലെ... എന്താണ് പതിവില്ലാതെ ഇങ്ങനെയൊരവസ്ഥ.ഒടുവിൽ പുലർച്ചയോടുകൂടി കണ്ണുകൾ മെല്ലെ അടഞ്ഞുപോയപ്പോൾ ഞാൻ ഉറങ്ങാൻ കിടന്നു.

രാവിലേ കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോൾ എന്നെ നടുക്കിക്കൊണ്ട് വീട്ടിൽ നിന്ന് ആ വാർത്തയെത്തി.

"പുലർച്ചെ പള്ളിയിൽ പോയി മടങ്ങുംവഴി വല്ല്യാപ്പയ്‌ക്ക് നെഞ്ചുവേദന ഉണ്ടായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. എത്രയും വേഗം നാട്ടിലെത്തണം."

ഫോൺ കട്ട് ചെയ്ത് താഴെ വയ്ക്കുമ്പോൾ എന്റെ കണ്ണുകൾ സങ്കടം കൊണ്ട് നിറഞ്ഞിരുന്നു. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ... തലചുറ്റുന്നു.

"അള്ളാഹുവേ വല്ല്യാപ്പയ്ക്ക് ഒന്നും വരുത്തരുതേ."

കൃഷ്ണൻകുട്ടി ചേട്ടനോട് വിവരം പറഞ്ഞിട്ട് ഞാൻ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി. ബാഗിനുള്ളിൽ അത്യാവശ്യം കൊണ്ടുപോകേണ്ടുന്ന സാധനങ്ങളൊക്കെ അടുക്കിവെയ്ക്കുമ്പോൾ...തോട്ടത്തിൽ ജോലിക്കാർ ഓരോരുത്തരായി വന്നുതുടങ്ങിയിരുന്നു. കൃഷ്ണൻകുട്ടി ചേട്ടൻ അവരോട് വിവരം പറയുമ്പോൾ ഞാൻ ഡ്രസ്സുമാറി ബാഗുമെടുത്ത് പുറത്തിറങ്ങി.ഈ സമയം വിവരമറിഞ്ഞ് ഓടികിതച്ച് സിന്ധു എന്നെ കാണാൻ വന്നു.

"പോവുകയാണല്ലേ... എല്ലാം ഞാനറിഞ്ഞു. പോയാൽ എന്നാണ് ഇനി മടങ്ങിവരിക.?

"അറിയില്ല... നാട്ടിൽ ചെന്നാലേ എല്ലാം അറിയാനാവൂ...വല്ല്യാപ്പയുടെ അസൂഖം ഭേതമായാൽ ഞാൻ ഉടനേ മടങ്ങിവരും."

"അവിടെ ചെന്നിട്ട് വിളിക്കണേ..."

"വിളിക്കാം..."

"ദാ ഇതുകൂടി ആ ബാഗിൽ വെച്ചോളൂ..."അവൾ ഒരു കവർ നീട്ടി.

"എന്താണിത്.?"

"എന്റെ ഒരു ഡയറിയാണ്. ഞാൻ നടത്തിയ ചില കുത്തിക്കുറിക്കലുകൾ. പിന്നെ എനിക്ക് പറയാനുള്ള ചിലതൊക്കെയും... സമയം പോലെ വായിക്കണം."

"വായിക്കാം."ഡയറിവാങ്ങി ബാഗിൽ വെച്ചുകൊണ്ട് ഞാൻ ബൈക്കിനുനേരെ നടന്നു.

എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഞാൻ ബൈക്കിൽ കയറി. ഈ സമയം വിവരമറിഞ്ഞെത്തിയ അനിതയുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടു. അവൾക്ക് എന്നോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും മാതാപിതാക്കളുടെയും മറ്റും സാന്നിധ്യം അവളെ അതിൽ നിന്ന് വിലക്കുന്നത് ഞാനറിഞ്ഞു .പിന്നീട് ഫോണിൽ വിളിച്ച് സംസാരിക്കാം എന്ന് ഞാൻ ആഗ്യത്തിലൂടെ സൂചന കൊടുത്തിട്ട് വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.

മലയിറങ്ങുന്ന ബൈക്കിന്റെ വേഗതക്കനുസരിച്ച്‌ എന്റെ മനസ്സും പായുകയായിരുന്നു. എത്രയും വേഗം നാട്ടിലെത്താനും എന്നെ ഞാനാക്കിയ എന്റെ വല്ല്യപിതാവിനെ കാണാനുമായി എന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു.

ഒന്നാം ഭാഗം അവസാനിച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ