ഭാഗം - 4
ജമീല ഇത്തയുടെ വീട്ടിലേയ്ക്കുള്ള യാത്ര. ബസ്സിന്റെ സൈഡുസീറ്റിൽ കാറ്റുംകൊണ്ട് ഇരിക്കുമ്പോൾ അവൾക്ക് വല്ലാത്ത ആനന്ദം തോന്നി. വളഞ്ഞുപുളഞ്ഞു മലയുടെ അടിവാരം തേടിപ്പോകുന്ന വഴികൾ...ബസ്സ് പാടങ്ങളും തോടുകളും കടന്ന് മുന്നോട്ട് നീങ്ങുകയാണ്.
കാഴ്ചകൾ കണ്ടുതീരുംമുൻപേ മറഞ്ഞുപോകുന്നു. മേഞ്ഞുനടക്കുന്ന പശുക്കൾ, വിവിധതരം കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ, കൃഷിയിടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ. കാഴ്ചകളുടെ ഉത്സവം തന്നെ.
ആസ്ബറ്റോസ് മേഞ്ഞ ഒരു കൊച്ചുവീടാണു ഇത്തയുടേത്. വീടിനുചുറ്റും വിവിധനിറത്തിലുള്ള പൂക്കൾ വിടർന്നുനിൽക്കുന്നു. ചുറ്റുപാടും ഒരുപാട് വീടുകളുണ്ട്.ആട്ടിൻകുട്ടികൾ കൂട്ടിൽ കിടന്ന് കരഞ്ഞു. കോഴികൾ കൊക്കി പറന്നു. വീടിന്റെ തിണ്ണയിലേയ്ക്ക് കയറിക്കൊണ്ട് ഇത്താ വിളിച്ചു.
"ഷാഹിന... ഷാജിദാ..."
മൂത്തമകളായ ഷാഹിന വാതിൽ തുറന്ന് പുറത്തേയ്ക്ക് വന്നു.
"ഉമ്മാ..."
വിസ്മയത്തോടെ മുംതാസിന്റെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ ഉമ്മയ്ക്കരികിലെത്തി. ഇത്താ കൈനീട്ടി...അവൾ കൈയിലിരുന്ന പൊതിവാങ്ങി. ഈ സമയം ഇളയമകളായ ഷാജിദയും അവിടേയ്ക്ക് ഇറങ്ങിവന്നു.അവളും മുംതാസിനെ നോക്കി പുഞ്ചിരിച്ചു.
"മോള് ഇങ്ങോട്ട് കേറ്."
തിണ്ണയിൽ കയറിയിട്ട് കസേര നീക്കിയിട്ടുകൊണ്ട് ഇത്താ പറഞ്ഞു.
"ഞാൻ ഈ ഡ്രസ്സൊക്കെ ഒന്നു മാറിയിടട്ടെ. അന്നേരക്കും മോള് ഇവരെയൊക്കെ ഒന്നു പരിചയപ്പെട്."
മുംതാസിന് ആദിയായി.ആദ്യമായിട്ടാണ് ഇത്തയുടെ വീട്ടിൽ വരുന്നത്.എങ്ങനെ വീട്ടിലുള്ളവരുമായി ഇടപെടും എന്ന് ഓർത്ത് ഒരു ശങ്ക അവൾക്കുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്തവരെ പരിചയപ്പെടുമ്പോൾ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ ആയിരിക്കുമെന്ന് അവൾക്ക് തോന്നി.എങ്കിലും അവൾ പെട്ടെന്നുതന്നെ ഇരുവരെയും പരിചയപ്പെട്ടു.
ഇത്താ ഡ്രസ്സുമാറി എത്തിയപ്പോഴേക്കും മക്കൾ ചായയും പലഹാരങ്ങളും മേശയിൽ നിരത്തിക്കഴിഞ്ഞിരുന്നു. വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം ഭക്ഷണം നന്നായി കഴിപ്പിക്കാനും അവർ ശ്രമിച്ചു. വയറുനിറയെ അവൾ കഴിച്ചു.നല്ല രുചിയുള്ള ഭക്ഷണം.പാലൊഴിച്ച ചായയും പത്തിരിയും മുട്ടക്കറിയുമെല്ലാം.ഇത്തയും മക്കളും നല്ല കൈപ്പുണ്ണ്യമുള്ളവർ ആണെന്ന് അവൾക്ക് മനസ്സിലായി.
തിണ്ണയോടു ചേർന്ന് ഒരു ചെറിയ ചായ്പ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഒരു കട്ടിലും ഏതാനും കസേരകളും ഇട്ടിട്ടുണ്ട്. ചായക്കുശേഷം എല്ലാവരും ഒന്നിച്ചു കുറച്ചുനേരം സംസാരിച്ചിരുന്നു. ളുഹർ ബാങ്ക് വിളിച്ചപ്പോൾ ഇത്താ കസേരയിൽ നിന്നെഴുന്നേറ്റു. പക്ഷേ, അവളെ വിളിച്ചില്ല.ഇത്താ നമസ്കരിക്കാൻ പോവുകയാണെന്നു മനസ്സിലാക്കിക്കൊണ്ട് അവളും മെല്ലെ എഴുന്നേറ്റു.
വുളൂ എടുത്ത് ഇത്തായോടൊപ്പം ളുഹർ നമസ്കരിച്ചു. ഉച്ചനമസ്കാരം കഴിഞ്ഞു ഭക്ഷണം കഴിച്ചാലുള്ളൊരു റാഹത്ത് വേറെതന്നെയാണ്.ഊണും കഴിച്ച് ഏതാനും സമയം വിശ്രമിച്ചിട്ട് ഇത്തയും അവളും വീട്ടിൽ നിന്നിറങ്ങി.ഇത്തയുടെ മക്കൾ അവളെനോക്കി കൈവീശി.
"ഇനിയും വരണേ ഇത്താ..."
അവർ സ്നേഹത്തോടെ പറഞ്ഞു.
"തീർച്ചയായും വരാം.പോകട്ടെ... അസ്സലാമുഅലൈക്കും."
ചിരിക്കുന്ന മുഖത്തോടെ ആ സഹോദരിമാർ അവളെ യാത്രയാക്കി.
വെയിൽ ചൂട് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. വിശാലമായ തെങ്ങിൻ തോപ്പിനുനടുവിലൂടെയാണ് പോകുന്നത്.ദൂരെ കൊയ്ത്തിനുതയ്യാറായ നെൽപ്പാടം സ്വർണ്ണക്കസവുചേലപോലെ തിളങ്ങിക്കാണാം. മനോഹരമായ കാഴ്ച മതിയാകുവോളം നോക്കിക്കണ്ടു.കവലയിലെത്തിയതും ഭാഗ്യത്തിന് ഉടൻതന്നെ ടൗണിലേയ്ക്കുള്ള ബസ്സ് കിട്ടി. ഹോൺ മുഴക്കി പൊടിപറത്തികൊണ്ട് ബസ്സ് കുതിച്ചുപാഞ്ഞു.
പിറ്റേന്ന് പതിവുപോലെ കടയിലെത്തിയപ്പോൾ അന്ന് ഹാജിയാർ വന്നിട്ടില്ല. വേഗം ഡ്രസ്സുമാറി യൂണിഫോം അണിഞ്ഞുകൊണ്ട് വസ്ത്രങ്ങൾ മടക്കി വെച്ചിട്ട് ഒരുഗ്ലാസ് വെള്ളം എടുത്തുകുടിച്ചു. അപ്പോഴേയ്ക്കും ആളുകൾ വന്നുതുടങ്ങിയിരുന്നു. പുറത്തു വെയിലിനു കനം വെച്ചുതുടങ്ങിയിരിക്കുന്നു.വാഹനങ്ങൾ ഹോൺ മുഴക്കിക്കൊണ്ട് നാലുപാടും ചീറിപ്പാഞ്ഞു.എന്നിട്ടും ഹാജിയാർ മാത്രം എത്തിയില്ല.
മാനേജർ ഉൾപ്പെടെയുള്ള എല്ലാരും ഇടയ്ക്കിടയ്ക്ക് മുഖം തിരിച്ച് വാതിൽക്കലേയ്ക്ക് നോക്കുന്നുണ്ട്. മുതലാളിയുടെ കറുത്ത കാർ പാർക്കിംഗ് ഏരിയയിൽ വന്നുനിൽക്കുന്നുണ്ടോ എന്ന്.
വലിയ പാർട്ടികൾക്കൊയൊക്കെ ഡിസ്കൗണ്ട് തീരുമാനിക്കുന്നത് ഹാജിയാരാണ്.ബില്ലിലേയ്ക്കും തുണിയടങ്ങിയകവറുകളുടെ എണ്ണത്തിലേയ്ക്കും മാറിമാറി നോക്കി വിലയിരുത്തും.എന്നിട്ട് പറയും.
"ഡിസ്‌കൗണ്ട് തരാനുള്ളത് ഇല്ലല്ലോ..."
"ഡിസ്‌കൗണ്ട് വേണം മുതലാളി.കുറച്ചേ എടുത്തുള്ളൂ എന്നുകരുതി ഡിസ്‌കൗണ്ട് തരാതിരിക്കല്ലേ."
ബില്ലടിക്കുന്നതിനിടയിൽ ആളുകൾ പരിഭവത്തോടെ ഹാജിയാരെ നോക്കി പറയും.അപ്പോൾ ഹാജിയാർ ഒരിക്കൽക്കൂടി കവറിനുള്ളിൽ എന്തൊക്കെയാണുള്ളതെന്നതിന്റെ ബില്ലുകൾ എടുത്തുനോക്കും.
"ഇതിനു ഡിസ്‌കൗണ്ട് തരാനാവില്ലല്ലോ...പറ്റില്ലച്ച നിങ്ങൾ വേറെ കടയിൽ നിന്നെടുത്തോ."
ഹാജിയാർ അങ്ങനെ പറഞ്ഞാൽ പിന്നെ ഒരുരക്ഷയുമില്ല.ഒന്നുകിൽ നിശ്ചിതവിലക്ക് സാധനം വാങ്ങുക. ഇല്ലെങ്കിൽ അടുത്ത കടയിലേയ്ക്ക് പോവുക.പക്ഷേ, ആരും അതിന് മുതിരാറില്ല. കാരണം ഇത്രനല്ലതും സെലക്ഷനും അടുത്ത് മറ്റെങ്ങും ഇല്ല എന്നതുതന്നെ കാരണം.
ഉച്ചയോടുകൂടിയാണ് അന്ന് ഹാജിയാർ കടയിൽ വന്നത്.മാനേജർ പറഞ്ഞ ഡിസ്‌കൗണ്ട് പോരാത്തതുകൊണ്ടെന്നവണ്ണം ഒരു കല്യാണപ്പാർട്ടി ഹാജിയാരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ചിലർക്ക് ഹാജിയാരെ കണ്ടാലേ സമാധാനമാകൂ...ഡിസ്‌കൗണ്ട് കിട്ടിയാലും ഇല്ലെങ്കിലും ഹാജിയാരുമായുള്ള ബന്ധംവെച്ചുകൊണ്ട് വർഷങ്ങളായി കടയിൽ വരുന്ന ചിലരുണ്ട്. അന്ന് കാത്തുനിന്നയാളും അവരിൽപ്പെട്ട ഒരാളാണ്.
ഹാജിയാരുടെ ടേബിളിൽ ചെന്ന് മനേജർ പറഞ്ഞു.
"മുതലാളി ആ ബില്ലോന്ന് നോക്കിക്കേ..."
അതിനുമറുപടിയായി ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഹാജിയാർ പറഞ്ഞത്.
"എന്നെക്കൊണ്ട് പറ്റില്ല ഇതൊന്നും നോക്കാൻ. നിങ്ങൾ പറഞ്ഞിട്ട് പറ്റാത്തവരോട് വേറെ എവിടെയെങ്കിലും പൊയ്ക്കൊള്ളാൻ പറ."
ഹാജിയാർക്ക് എന്തുപറ്റി. മുഖം കടുപ്പിച്ച് ആരോടും മിണ്ടാതെ അയാൾ കസേരയിലിരുന്നു.സ്റ്റാഫുകളൊക്കെ ഭയത്തോടെ നോക്കിക്കൊണ്ട് ജോലി തുടർന്നു. ഈ സമയം ഹാജിയാർക്ക് ഒരു ഫോൺ വന്നു. അത് അറ്റന്റുചെയ്തിട്ട് ഹാജിയാർ ഉടൻതന്നെ പുറത്തിറങ്ങി കാറിൽ കയറി എവിടേയ്‌ക്കോ പോയി.
അല്പസമയം കഴിഞ്ഞപ്പോൾ മാനേജർക്ക് ഫോൺ വന്നു. ഹാജിയാരുടെ മകൻ മദ്യപിച്ച് വണ്ടിയോടിച്ച് അപകടത്തിൽ പെട്ട് ആശുപത്രിയിലാണെന്ന്. രാവിലെ ഹാജിയാരുമായി വഴക്കിട്ടു വീട്ടിൽനിന്നും പോയതാണത്ര.അപകടം സീരിയസ്സൊന്നുമല്ല.
തുടരും