mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സുബഹിബാങ്കിന്റെ ശബ്ദംകേട്ടുകൊണ്ടാണ് 'മുംതാസ്' ഉണർന്നത്. പായും തലയിണയും ചുരുട്ടി തട്ടിൻപുറത്ത് എടുത്തുവെച്ചിട്ട് പുറത്തിറങ്ങുമ്പോൾ ആകാശത്തുനിന്നും ഭൂമിയിലേയ്ക്ക് പ്രഭച്ചൊരിയുന്ന നിലാവിന്റെ നറുവെളിച്ചം തൊടിയിലെങ്ങും നിറഞ്ഞുനിൽക്കുന്നുണ്ട്.

മകരമഞ്ഞിന്റെ കുളിരിൽ കുളിരണിഞ്ഞു നിൽക്കുന്ന മരങ്ങളും പുൽച്ചെടികളും. അടുക്കളയിൽ നിന്നും എന്തൊക്കെയോ തട്ടും മുട്ടും ഉയർന്നുകേൾക്കുന്നുണ്ട്. ഉമ്മാ നേരത്തെ എഴുന്നേറ്റു ചായക്കുള്ള വെള്ളം അടുപ്പിൽ വെക്കുകയാണ്.

"ഉമ്മാ നേരത്തെ എഴുന്നേറ്റോ.?"

"ങ്‌ആ ഞാൻ ഇന്ന് കുറച്ചുനേരത്തേ എഴുന്നേറ്റു."

ഉമ്മയെ നോക്കി സ്നേഹത്തോടെ പുഞ്ചിരിപൊഴിച്ചിട്ട് ഉത്തരത്തിൽ കെട്ടിതൂക്കിയിരുന്ന ടിന്നിൽ നിന്ന് ഉമ്മിക്കരിയും എടുത്തുകൊണ്ടു അവൾ പുറത്തിറങ്ങി. പല്ലുതേപ്പും കുളിയും കഴിച്ച് വുളൂ എടുത്തു തിരികെയെത്തി സുബഹി നമസ്കരിച്ചു. അപ്പോഴേക്കും ഉമ്മ ചായ റെഡിയാക്കി കഴിഞ്ഞിട്ട് പുട്ടുപൊടി എടുത്തു നനക്കാൻ തുടങ്ങിയിരുന്നു.പുട്ടും കടലയുമാണ് ഇന്ന് കാപ്പിക്ക്.

ചായ കുടിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഉമ്മാ അരി അടുപ്പത്തിട്ടുകഴിഞ്ഞു. പുട്ട് ചുടാനും കറിക്കറിയാനും അവളും കൂടി. ഈ സമയം സഹോദരിമാർ ഇരുവരും ഉയർന്നെണീറ്റ് അവിടേയ്ക്ക് വന്നു.കൊണ്ടുപോകാനുള്ള ചോറ് പാത്രത്തിൽ എടുത്തുവെച്ചിട്ട് കാപ്പി കുടിച്ച് ഡ്രസ്സ് മാറി.

"മോളേ വേഗം ഇറങ്ങു.... സമയം ആയി. വൈകിയാൽ അവളങ്ങു പോകും പിന്നെ നീ ബസ്സിൽ കയറി പോകണ്ടേ.?"

ഉമ്മാ പറയുന്നത് അയൽവാസിയായ 'സൽമ' ഇത്തയെക്കുറിച്ചാണ്. ടൗണിലെ ഹോസ്പിറ്റലിൽ ചീട്ടെഴുതുന്ന ജോലിയാണ് ഇത്താക്ക്. സ്വന്തമായി വണ്ടിയുണ്ട്. ആ വണ്ടിയുടെ പിന്നിൽ കയറിയാണ് മുംതാസ് എന്നും ജോലിക്ക് പോകുന്നത്. രണ്ടു വര്ഷമായി ഇത് തുടങ്ങിയിട്ട്.പട്ടണത്തിൽ തുണിക്കടയിൽ സെയിൽസ് ഗേളാണ് അവൾ.

രാവിലെ എട്ടുമണിമുതൽ വൈകിട്ട് അഞ്ചുമണിവരെ നല്ല ജോലിയുണ്ട്. തുണികൾ അടുക്കുക,വരുന്നവരെ എടുത്തുകാണിക്കുക, വീണ്ടും മടക്കിവെക്കുക.എന്തിന് ഒരു തുണിക്കടയിലെ എല്ലാജോലികളും അവൾ ചെയ്യേണ്ടതായിട്ടു ചിലപ്പോൾ വരും.ചോറ് ബാഗിൽ എടുത്തുവെച്ചിട്ട് ഉമ്മയോട് യാത്ര പറഞ്ഞു ഓടിക്കിതച്ച്‌ വഴിയിലെത്തുമ്പോൾ അവളെ കാത്തെന്നവണ്ണം സൽമ ഇത്താ വണ്ടിയുമായി നിൽപ്പുണ്ട്.

"ഒന്ന് വേഗം വാടി..."

ഓടിച്ചെന്നു വണ്ടിയുടെ പിറകിൽ കയറിയിരുന്നുകൊണ്ട് പറഞ്ഞു.

"പോകാം..."

വണ്ടി മുന്നോട്ടുനീങ്ങി.കുണ്ടും കുഴിയും നിറഞ്ഞ ടാറിംഗ്അടർന്നുപോയ റോട്ടിലൂടെ വണ്ടി ലക്ഷ്യസ്ഥാനം തേടി യാത്ര തുടർന്നു.

"എന്താ വൈകിയേ... എണീക്കാൻ വൈകിയോ.?"

"ഏയ്‌ എത്രയൊക്കെ പണിപ്പെട്ടാലും ഒരുങ്ങിയെത്തുമ്പോൾ വൈകും."

അവൾ പറഞ്ഞു.

ഗ്രാമം പിന്നിട്ട് മെയിൻ റോട്ടിലേയ്ക്ക് കയറുംനേരം ഇത്താ വണ്ടിനിറുത്തി ചുറ്റും നോക്കി വാഹനങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് മുന്നോട്ട് നീങ്ങിയത്.

"എന്തിനാണ് ഇത്രക്ക് പേടി. എന്നും നമ്മൾ പോണതല്ലേ ഇതുവഴി ഈ സമയം വണ്ടിയൊന്നും ഉണ്ടാവില്ലെന്ന് അറിയാല്ലോ.?"

"കാര്യമൊക്കെ ശരിതന്നെ...എപ്പോഴാ നമ്മുടെ സമയം മോശമെന്ന് അറിയില്ലല്ലോ...നമ്മൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. പോയാൽ എന്റെ കെട്ട്യോനും മക്കൾക്കും പോയില്ലേ.?"

"അത് നേരാണ് ഇത്താ.ഞാൻ അതൊന്നും ചിന്തിക്കാറില്ല പലപ്പോഴും. ദൃതിമൂലം."

"അതുപോര... നമ്മൾ ഓരോ ചുവടിലും ശ്രദ്ധിക്കണം.പ്രത്യേകിച്ച് നീ.... നിന്നെ ആശ്രയിച്ചാണ് ഒരു കുടുംബം കഴിയുന്നതെന്ന ഓർമ്മവേണം.അള്ളാഹു നിന്നെ കാക്കും."

"ആമീൻ..."

അവൾ പറഞ്ഞു.

തുണിക്കടയിലെത്തുമ്പോൾ കണ്ണിൽ ദേഷ്യം നിറച്ചുകൊണ്ട് ഉടമയായ മജീദ്ഹാജി നിൽക്കുന്നു.

"സമയം എത്രയായി ഇപ്പോഴാണോ വരുന്നത്.?"

അവൾ വേവലാതിയോടെ കൈയിലെ വാച്ചിൽ നോക്കി.

"എട്ടുമണി കഴിഞ്ഞു."

"പണിക്ക് കയറുന്ന സമയം എത്രയാ.?"

"എട്ടുമണി."

"എട്ടുമണി എന്നുപറഞ്ഞാൽ അതിന് കുറച്ചു മുൻപ് എത്താം. വൈകിയിട്ടല്ല എത്തണ്ടേ..."

ഹാജിയാരുടെ ശബ്ദം കനത്തു.

"ഉം..."

ഭയത്തോടെ തല ആട്ടിക്കൊണ്ട് അവൾ അകത്തേയ്ക്ക് കയറി.

കടയിൽ ജോലിക്കാർ എല്ലാം എത്തിക്കഴിഞ്ഞിരുന്നു. അടിച്ചുവാരുന്നവർ,സെയിൽസ് ഗേളുമാർ, ബില്ലടിക്കുന്നവർ,ഇതിനിടയിൽ രാവിലെതന്നെ എത്തിച്ചേർന്ന ചില കസ്റ്റമേഴ്സും. മൊത്തത്തിൽ ശബ്ദമയമായ അന്തരീക്ഷം.ഒൻപതുമണി ആയാൽപ്പിന്നെ കടയിൽ തിരക്ക് അതിന്റെ മൂർദന്ന്യാവസ്ഥയിൽ എത്തിക്കഴിയും.

അവൾ വേഗം ഡ്രസ്സുമാറുന്ന റൂമിലേയ്ക്ക് നടന്നു.ബാഗ് സ്റ്റാൻഡിൽ വെച്ചിട്ട് വേഗന്നു യൂണിഫോം സാരി എടുത്തണിഞ്ഞു. ഈ സമയം സൂപ്പർവൈസറായ ജമീല ഇത്തയുടെ വിളികേട്ടു.

"മുംതാസ് ഒന്നുവേഗം വന്നേ..."

ഇത്തയുടെ ഒരു കാര്യം. മുതലാളി കേട്ടാൽ പിന്നെ... അള്ളാഹുവേ. ഇത്തയുടെ വിളിയിൽ പതിവില്ലാത്ത വല്ല്യ ദേഷ്യവുമുണ്ടോ.

"ഇന്ന് പുതിയ കെട്ടോക്കെ പൊട്ടിച്ചു എടുത്തുവെക്കണം.അതിന് സഹായിക്കാൻ ആരുമില്ല. നിന്റെയൊപ്പം വർക്കുചെയ്തിരുന്ന കുട്ടി ഇന്ന് എത്തിയിട്ടില്ല. അതുകൊണ്ട് ആ ഭാഗംകൂടി നീ നോക്കണം."

പറഞ്ഞിട്ട് ഇത്താ നടന്നുപോയി.

അരമണിക്കൂർ ജോലി ചെയ്തപ്പോഴേക്കും വല്ലാതെ തളർന്നു.രാവിലെ തിന്ന അരക്കഷ്ണം പുട്ട് തീർന്നിരിക്കുന്നു. ഇനി ഉച്ചവരെ പിടിച്ചുനിൽക്കണം. വല്ലാത്ത ദാഹം തോന്നി. ഡ്രസ്സിങ് റൂമിനോട് ചേർന്ന് കുടിവെള്ളബോട്ടിൽ ഇരിപ്പുണ്ട്.പോയി ഒരുഗ്ലാസ് വെള്ളം കുടിച്ചിട്ട് ഒന്ന് നെടുതായി നിശ്വസിച്ചുകൊണ്ട് തിരികെയെത്തുമ്പോൾ കലിതുള്ളി നിൽക്കുന്ന ഹാജിയാരെക്കണ്ട് അവൾ ഭയത്തോടെ മുഖംകുനിച്ചു.

"നിന്നെ കൊണ്ട് പറ്റില്ലെങ്കിൽ ഇപ്പോൾ പറഞ്ഞോ. എത്ര പെൺകുട്ടികളാണെന്നോ ഒരു ജോലിക്കായി കാത്തുനിൽക്കുന്നത്.പുതിയതൊക്കെ എടുത്തുവെച്ചെങ്കിലല്ലേ മനുഷ്യർ കാണൂ...? "

അതുകേട്ടപ്പോൾ കരച്ചിൽ വന്നു.നിറകണ്ണുകൾ ഒപ്പിക്കൊണ്ട് ഹാജിയാരെ നോക്കി ഭവ്യതയോടെ അവൾ പറഞ്ഞു.

"ക്ഷമിക്കണം. വല്ലാത്ത ദാഹം തോന്നിയതുകൊണ്ട് ഇത്തിരി വെള്ളം കുടിക്കാൻ പോയതാ.ഇനി ഇങ്ങനെ ഉണ്ടാവില്ല."

അത് അയാൾ പ്രതീക്ഷിച്ചിരുന്നതല്ലെന്നു തോന്നി.

"ഉം ജോലിസമയത്ത് അതുമാത്രമായിരിക്കണം ശ്രദ്ധ.തീറ്റയും കുടിയുമൊക്കെ അതിന്റെ സമയത്ത്. മനസ്സിലായല്ലോ.?"

ഹാജിയാർ നടന്നുപോയി.

അവൾ ഓരോന്നും എടുത്തു അടുക്കിവെക്കാൻ തുടങ്ങി.ജമീല ഇത്ത ഇതുകണ്ട് ചുണ്ടുകൾ കടിച്ചമർത്തി ചിരിച്ചു. പരിഹാസത്തോടെ.ഇത്തയാണ് മുതലായിയെക്കൊണ്ട് ഓരോരുത്തരെയും വഴക്ക് കേൾപ്പിക്കുന്നത്. മനസ്സലിവില്ലാത്തവൾ.അവൾ ചിന്തിച്ചു.

(തുടരും...)


ഭാഗം - 2

വൈകുന്നേരം കടയിൽ നിന്നിറങ്ങാൻ അൽപ്പം വൈകി. ശനിയാഴ്ച ദിവസമായിരുന്നു. പോരാത്തതിന് മസാവസാനം ശമ്പളദിവസവും.പുതിയ ഐറ്റംസ്സിന്റെ കണക്കെടുപ്പും മറ്റും നടത്തുന്നത് മസാവസാനമാണ്.


ബോംബെയിലെയും, ഗുജറാത്തിലെയുമൊക്കെ വലിയ കമ്പനികളിൽ നിന്നാണ് തുണി വരുന്നത്.ഇങ്ങനുള്ള ദിവസം ഹാജിയാർ വലിയ സന്തോഷത്തിലായിരിക്കും. പ്രതീക്ഷിക്കാത്ത വിധം കച്ചവടം കിട്ടിയ ദിവസമാണെങ്കിൽ പറയുകയും വേണ്ട. അങ്ങനുള്ളദിവസം ഹാജിയാരുടെ വക എന്തെങ്കിലുമൊക്കെ സൽക്കാരം ജോലിക്കാർക്ക് കിട്ടിയെന്നുവരും.

ഒരുമാസത്തെ ശമ്പളം കിട്ടി. അതിന്റെ സന്തോഷം മുംതാസിനും ഉണ്ടായിരുന്നു. വീട്ടിലേയ്ക്ക് എന്തെങ്കിലുമൊക്കെ വാങ്ങണം. ഉമ്മാക്ക് ഒരു നൈറ്റിയും, സഹോദരിമാർക്ക് ഓരോ ചുരിദാർ പീസും അവൾ കടയിൽ നിന്ന് വാങ്ങി.പിന്നെ കുറച്ചു പലഹാരങ്ങളും. എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരുപാട് വൈകി. സൽമ ഇത്ത അഞ്ചുമണിക്കേ മടങ്ങി.ഗ്രാമത്തിലേക്കുള്ള ലാസ്റ്റ്ബസ്സാണ് അവൾക്ക് കിട്ടിയത്.

കവലയിൽ ബസ്സിറങ്ങി വീട്ടിലേക്കുള്ള പോക്കറ്റുറോഡിലൂടെ വേഗംനടന്നു.എങ്ങും ഇരുട്ട് വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. കിളികളുടെയും, മറ്റും കലപില ശബ്ദം. നിശബ്ദത തളംകെട്ടിനിൽക്കുന്ന തെങ്ങിൻതോപ്പുകളും, നേൽപ്പാടങ്ങളും. ചുറ്റുവട്ടം വീടുകൾ കുറവാണ്.

ഉള്ളിൽ ചെറിയ ഭയംതോന്നി.നാട്ടിൽ ഏതാനും നാളുകൾക്കു മുൻപ് രാത്രി സഞ്ചരിച്ച ഒരു പെൺകുട്ടിയെ ഏതോ ആക്രമികൾ ഉപദ്രവിച്ചു കൊലപ്പെടുത്തിയ സംഭവം കണ്മുന്നിൽ തെളിഞ്ഞുനിന്നു.മുന്നോട്ട് നടക്കാനാവാത്തവിധം ഭയം മനസ്സിൽ പിറവിയെടുക്കുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. അറിയാവുന്ന ദിക്കറുകളൊക്കെ ഓതി. അരകിലോമീറ്റർ നടന്നാൽ വീടെത്താം. കുറച്ചുകൂടി മുന്നോട്ടുപോയാൽ കാവാണ്. അതുവഴി കടന്നുപോകുന്ന കാര്യം മനസ്സിലോർത്തപ്പോൾ വല്ലാത്തൊരു നടുക്കമുണ്ടായി. കാലുകൾക്ക് വേഗതയേറി. രണ്ടും കൽപ്പിച്ചു മുന്നോട്ടോടാൻ തന്നെ അവൾ തീരുമാനിച്ചു.

പെട്ടെന്നാണ് മങ്ങിയഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു വണ്ടിയുടെ വെളിച്ചം കണ്ണിൽവന്നുതറച്ചത്.ഭയത്തോടെ വഴിയരികിലേയ്ക്ക് ഒതുങ്ങി നിൽകുമ്പോൾ ഞെട്ടിച്ചുകൊണ്ട് വണ്ടി അരികിൽ വന്നുനിന്നു. ഞെട്ടലോടെ തല ഉയർത്തി ആരെന്നറിയാനായി നോക്കുമ്പോൾ നിറപുഞ്ചിരിയോടെ സൽമ ഇത്ത.

"എന്താടി പേടിച്ചുപോയോ...?"

ഒന്നും മിണ്ടിയില്ല. ശ്വാസം ഒന്ന് വലിച്ചുവിട്ടു. ശരിക്കും പേടിച്ചുപോയി എന്ന് എങ്ങനെ ഇത്തയോട് പറയും.

"എന്താ ഇന്നിത്ര വൈകിയത്.ഞാനോർത്തു നീ എത്തിയിട്ടുണ്ടാവുമെന്ന്. ഉമ്മാ വന്നു പറഞ്ഞപ്പോഴാണ് ഞാൻ വിവരം അറിഞ്ഞത്."

"ഒന്നും പറയണ്ട ഇത്താ... മാസാവസാനമല്ലേ... പോരാത്തത്തിനു ശനിയാഴ്ചയും.കടയിൽ നല്ല തിരക്കായിരുന്നു."

"ഉം വേഗം കയറിക്കോ..."

ഇത്താ വണ്ടി തിരിച്ചു.

"നീ ഇത്ര വയ്കുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെയും കൊണ്ടേ വരുമാരുന്നുള്ളൂ."

ഇത്താ വീടിനുമുന്നിൽ വണ്ടിനിറുത്തി അവളെ ഇറക്കിയിട്ട് നാളെ കാണാമെന്നുപറഞ്ഞുകൊണ്ട് പിരിഞ്ഞുപോയി.

പുറത്തെ ലൈറ്റ് തെളിഞ്ഞുകിടക്കുന്നുണ്ട്. പൂമുഖത്ത് ആരുമില്ല.

"ഉമ്മാ...ഉമ്മാ..."

ഉമ്മാ ഓടിയിറങ്ങിവന്നു.

"എന്താ ഇത്ര വൈകിയത്.?"

"ഞാൻ വിളിച്ചു പറഞ്ഞില്ലാരുന്നോ... ഇന്ന് മാസാവസാനമാണ് കുറച്ചു വയ്കുമെന്ന്."

"എന്നുവെച്ചു ഇത്രതാമസിക്കുമോ...?"

അവൾ മിണ്ടിയില്ല.

"ഇതെന്താ.?"

സഹോദരിമാർ കൈയിലിരുന്ന പൊതികളിലേയ്ക്ക് നോക്കി.

"ഉമ്മാക്ക് ഒരു നൈറ്റി, നിങ്ങൾക്ക് ഓരോ ചുരിദാർതുണി."

സഹോദരിമാർ ആവേശത്തോടെ കവർവാങ്ങി തുറന്നു.ഇരുവർക്കും നല്ല ചുരിദാർ ഒന്നുപോലുമില്ല. വിലകുറഞ്ഞതെങ്കിലും ഇത്താത്ത കൊണ്ടുവന്നത് അവർക്ക് സന്തോഷമായി.

"നിനക്കൊന്നും വാങ്ങിയില്ലേ...?"

ഉമ്മാ അവളെ നോക്കി.

"എനിക്ക് പിന്നെയായാലും വാങ്ങാല്ലോ. ഞാനൊരു ചിട്ടിക്ക് ചേർന്നിട്ടുണ്ട്. അതിന് പണം ഇറക്കണം."

"എന്നാലും നിനക്കുകൂടെ ഒന്ന് വാങ്ങാരുന്നു.ദിവസവും ഇട്ടുകൊണ്ടുപോകാൻ നല്ലതൊന്നും ഇല്ലല്ലോ.?"

"അടുത്തമാസമാവട്ടെ വാങ്ങാം... ഉമ്മാക്കെത്താ ഒരു വല്ലായ്മ.?"

"ചെറിയൊരു തലവേദന.നിന്നെ ഓർത്തിട്ടാവും."

"എന്തിന് ഉമ്മാക്ക് വിശ്രമിച്ചുകൂടാരുന്നോ.?"

അവൾ ഉമ്മയെ ചേർത്തുപിടിച്ചുകൊണ്ട് കസേരയിൽ ഇരുത്തി.

"എനിക്കൊന്നുമില്ല നീ പോയി വസ്ത്രംമാറി കുളിക്കാൻ നോക്ക്. മക്കളെ ഇത്താക്ക് ചായ എടുത്തുകൊടുക്ക്."

ഉമ്മാ അകത്തേയ്ക്ക് നോക്കി പറഞ്ഞു.

അവൾ കുളികഴിഞ്ഞ് എത്തുമ്പോൾ സഹോദരിമാർ പുതിയ ചുരിദാർതുണി കിട്ടിയതിന്റെ സന്തോഷവുമായി ചായ എടുത്തുവെച്ചുകഴിഞ്ഞിരുന്നു.

ഇലയട കൂട്ടി അവൾ ചായകുടിച്ചു.ചായകുടിച്ചിട്ടു നോക്കുമ്പോൾ ഉമ്മാ എന്തോ ആലോചനയിൽ മുഴുകി മുകളിലേയ്ക്ക് നോട്ടമയച്ചുകൊണ്ട് ഇരിക്കുന്നത് കണ്ടു.

"മോളേ ഈ വർഷമെങ്കിലും ഈ വീടൊന്നു പൊളിച്ചു മേയണ്ടേ.?"

"വേണം ഉമ്മാ. ഞാൻ ആ പണിക്കനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തിരക്കല്ലേ...നാളെ ഒന്നുകൂടി കണ്ടുപറയാം."

"ഒരുപാട് കേടുപാടുകൾ ഉണ്ടെങ്കിൽ നമ്മൾ എന്തുചെയ്യും. അതിനുമാത്രം പൈസ നമ്മുടെ കൈയ്യിലുണ്ടാകുമോ.?"

"തികഞ്ഞില്ലെങ്കിൽ മുതലാളിയോട് ചോദിക്കാം. വീടിന്റെ ആവശ്യത്തിനാണെന്നു പറഞ്ഞാൽ കടം തരാതിരിക്കില്ല."

"അതെങ്ങനേലും നടക്കും.എനിക്കതല്ല..."

ഉമ്മാ ഇടയ്ക്കുവെച്ചു നിറുത്തി.

"എന്താണുമ്മാ...?"

"മുഹ്‌സിനാടെ കാര്യം. ഓളെ തുടർന്നു പഠിപ്പിക്കണ്ടെ. കോളേജ് തുറക്കാറായി.എന്നും പറഞ്ഞുകൊണ്ട് അവളുടെ ഒരു കൂട്ടുകാരി ഇന്നിവടെ വന്നിരുന്നു."

അവൾ ഒന്നും മിണ്ടിയില്ല. എന്താണ് പറയുക..എന്തുകണ്ടിട്ടാണ് മറുപടി പറയുക.

"എന്താ മോളേ നീയൊന്നും പറയാത്തത്.?"

"ഞാനെന്താണ് ഉമ്മാ ഇപ്പോൾ പറയുക.എങ്ങനെയും അവളെ തുടർന്നു പഠിപ്പിക്കണം."

"ഞാൻ പറഞ്ഞെന്നേയുള്ളൂ...ങ്ഹാ പടച്ചവൻ എന്തേലും ഒരുവഴി കാട്ടിത്തരാതിരിക്കൂല്ല.നിന്നോടല്ലാതെ ഞാൻ ആരോടാണ് ഇതൊക്കെ പറയുക."

ശരിയാണ്.മൂത്ത മകൾ താനാണ്.ഉമ്മാക്ക് സങ്കടങ്ങൾ പറയാൻ ബാപ്പയോ, ആണ്മക്കളോ ഇല്ല. പക്ഷേ, തന്റെ സങ്കടം താൻ ആരോട് പറയും.

ബാങ്ക് വിളി ഉയർന്നുപൊങ്ങി. ഉമ്മാ തട്ടം നേരെയിട്ടുകൊണ്ട് വുളു എടുക്കാനായി മുറ്റത്തേക്കിറങ്ങി.

അവൾ ആലോചിച്ചു എന്ത് ചെയ്യും.എവിടെ തുടങ്ങും.ആരോട് സഹായം ചോദിക്കും.ആരെങ്കിലും തന്നെ സഹായിക്കുമോ ആയിരംരൂപപോലും നീക്കിയിരുപ്പില്ല. നാലാളുടെ ജീവിതം പോലും തട്ടിമുട്ടിയാണ് കഴിഞ്ഞുപോകുന്നത്.മുറ്റത്തെ ഇരുട്ടിലേയ്ക്ക് നോട്ടമയച്ചുകൊണ്ട് അവൾ കണ്ണുനീർ തുടച്ചു.എന്നിട്ട് സഹോദരിമാരെ കാണിക്കാനായി മുഖത്തൊരു പുഞ്ചിരി വിടർത്തി.സങ്കടങ്ങളുടെ വേദനകലർന്ന ചിരി.

തുടരും

     


ഭാഗം - 3

നഗരത്തിനു തിരക്കേറിക്കൊണ്ടിരുന്നു.വാഹനങ്ങൾ നാലുപാടും ചീറിപ്പാഞ്ഞു.വിവിധതരം കച്ചവടക്കാർ, ജോലിക്കാർ, സ്കൂൾ കുട്ടികൾ എല്ലാംകൂടി ബഹളമയം.


സമയത്തിന് എത്തിച്ചേർന്നതുകൊണ്ട് മുതലാളിയുടെ ഇഷ്ടക്കേട് സമ്പാദിക്കേണ്ടി വന്നില്ല എന്നുള്ള സന്തോഷം മുംതാസിന് ഉണ്ടായിരുന്നു.പതിവുപോലെ കടയുടെ കവാടം കടന്നുവരുമ്പോൾ കൗണ്ടറിൽ ഹാജിയാർ ഉണ്ടായിരുന്നില്ല. അതങ്ങനാണ് നേരത്തേ വരുന്ന ദിവസങ്ങളിൽ അദ്ദേഹം ഉണ്ടാവില്ല. ഒരഞ്ചുമിനുട്ടു വൈകിയാലോ കവാടത്തിൽ തീപറക്കുന്ന നോട്ടവുമായി ഹാജിയാർ നിൽക്കുന്നുണ്ടാകും.മാനേജർക്ക് മുന്നിൽ താനെത്തിയെന്ന് അറിയിപ്പ് കൊടുക്കുമ്പോൾ അവൾ പുഞ്ചിരിയോടെ പറഞ്ഞു.

"സാറേ, ഇന്ന് ഞാൻ നേരത്തേ എത്തിയെന്ന് ഒന്നു പറഞ്ഞേക്കണേ..."

"മുംതാസിന്റെ കഷ്ടകാലം. മുതലാളി ഇപ്പോൾ സുഹൃത്തിന്റെ വണ്ടിയിൽ കയറി പോയതേയുള്ളൂ.മാനേജർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു."

"ങ്‌ഹും..."

അവൾ ഡ്രസ്സിങ് റൂമിലേയ്ക്ക് നടന്നു. ദരിച്ചിരുന്ന ചുരിദാർ മാറ്റി യൂണിഫോം സാരി ഉടുത്തു.അഴിച്ചവസ്ത്രങ്ങൾ മടക്കിവെച്ചു. തുടർന്ന് കുടിവെള്ളം ബോട്ടിലിൽ നിന്ന് ഒരുഗ്ലാസ് വെള്ളം എടുത്തുകുടിച്ചു. വെള്ളം ഉള്ളിൽ ചെന്നപ്പോൾ വല്ലാത്ത ഉന്മേഷം തോന്നി. ഈ സമയം ജമീല ഇത്തയുടെ വിളിയെത്തി.

"മുംതാസ് ഇങ്ങോട്ട് വരൂ... ഇന്നെന്തുപറ്റി നേരത്തെയാണല്ലോ.?"

അൽപം പരിഹാസത്തോടെ ഇത്താ ചോദിച്ചു.

ഇത്തയുടെ നിർദേശപ്രകാരം തുണികൾ അടുക്കിവെക്കുമ്പോൾ മുംതാസ് ആലോചിക്കുകയായിരുന്നു. ജമീല ഇത്താക്ക് എന്താണ്. എന്തിനാണ് ജോലിക്കാരോട് ഇത്ര ദേശ്യം. മറ്റൊരു നിർവാഹവുമില്ലാഞ്ഞിട്ട് ജീവിക്കാൻ വേണ്ടിയല്ലേ ഇവിടെ താനുൾപ്പെടെയുള്ളവർ ജോലിക്ക് വരുന്നത്.ഇത്താ പറയുന്നതൊക്കെ അതുപോലെ അനുസരിക്കാറുമുണ്ട് എന്നിട്ടും...

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് കുറച്ചുസമയം വിശ്രമമുണ്ട്. പതിനഞ്ചുമിനിട്ട്. ഇത്താ പത്രം വായിച്ചുകൊണ്ട് ജനാലക്കടുത്തുള്ള കസേരയിൽ ഇരിക്കുക പതിവാണ്. അന്ന് ഊണുകഴിഞ്ഞ സമയം മുംതാസ് ഇത്തയുടെ അരികിലെത്തി.

"ഇത്താ..."

അവൾ മെല്ലെ വിളിച്ചു.

"എന്താടി ഒന്നു പത്രം നോക്കാൻ സമ്മതിക്കൂല്ലേ.?"

എന്തൊക്കെയോ ചോദിക്കണമെന്ന് കരുതിയിരുന്നെങ്കിലും അതൊക്കെ ഉള്ളിലൊതുക്കിക്കൊണ്ട് അവൾ പറഞ്ഞു.

"ഒന്നൂല്ല വെറുതേ വിളിച്ചതാ..."

"അതല്ല... എന്തോ ഉണ്ട്. എന്തായാലും ചോദിച്ചോള്ളൂ..."

ഇത്ത പുഞ്ചിരിച്ചു.

"അതുപിന്നെ ഇത്തക്കെന്താ ഞങ്ങളോടൊക്കെ എപ്പോഴും ദേഷ്യം.?"

"ആഹാ... ദേഷ്യത്തിന്റെ കാരണം എന്താണെന്നു പറഞ്ഞാൽ നീ അതിന് പരിഹാരം ഉണ്ടാക്കിത്തരുമോ.?"

ഇഷ്ടക്കേടോടെ ശബ്ദം കനപ്പിച്ച് അവർ ചോദിച്ചു.

അവൾ നിശ്ചലയായി നിന്നു. ഒരുവിധത്തിലും ഇടപെടാൻ കൊള്ളുന്ന ആളല്ല ഇത്തയെന്ന് അവൾക്കു തോന്നി.

ഏതാനും നേരം നിശബ്ദയായി എന്തോ ഓർത്തിരുന്നിട്ട് അവളെനോക്കി ഇത്താ പറഞ്ഞു.

"എനിക്ക് നിങ്ങളോടൊന്നും ഒരു ദേഷ്യവുമില്ല. ജീവിതം കൊണ്ട് ഞാൻ ഇങ്ങനെയായിപ്പോയതാണ്."

അവൾ ഒന്നും മിണ്ടിയില്ല. ഇത്താ പറയുന്നത് വിശ്വസിക്കണമോ...എന്നവൾ ചിന്തിച്ചു.

"നിനക്കറിയുമോ...സങ്കടംകൊണ്ട് ഞാൻ ഉരുകുകയാണ്. പാവപ്പെട്ടവരുടെ ജീവിതം എങ്ങനെയെന്ന് നിനക്ക് അറിയാമല്ലോ. ഇരുപത്തഞ്ചു വർഷമായി ഞാൻ ജോലിയെടുക്കുന്നു. നനഞ്ഞൊലിക്കുന്ന ആസ്ബറ്റോസ് പെരയിലാണ് ഞാനും എന്റെ മക്കളും ഇന്നും കിടക്കുന്നത്.മഴക്കാലം അടുക്കാറായ ഉള്ളം പിടയ്ക്കാൻ തുടങ്ങും.വീട് ഇടിഞ്ഞുവീണ് എല്ലാരും മരിക്കുമൊ എന്ന് ഭയക്കും.ഒരുദിവസം ജോലിക്ക് പോയില്ലെങ്കിൽ ആ മാസത്തെ കാര്യം മൊത്തം അവതാളത്തിലാവും.പിന്നെ എങ്ങനെ സന്തോഷിക്കും."

ഇത്തയുടെ അവസ്ഥ കേട്ട് അവൾക്ക് സങ്കടം വന്നു. അവൾ നിറകണ്ണുകളൊപ്പി.

"നീയെന്തിനാണ് സങ്കടപ്പെടണത്. ഇതൊക്കെ ഓരോരുത്തരുടെ വിധിയാണ്."

അവളും പറയാൻ തുടങ്ങി ഇത്താക്കുമുന്നിൽ തന്റെ ഉള്ളിലെ സങ്കടങ്ങൾ.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇത്തയുടെ കൈവിരലുകൾ അവളുടെ കരം കവർന്നു.

"എല്ലാം പടച്ചറബ്ബിന്റെ മുന്നിൽ സമർപ്പിക്കാം അല്ലാതെ നമ്മൾ എന്താ ചെയ്യുക. ദുഃഖത്തിനൊരു സുഖം അവൻ ഈ ഭൂമിയിൽ വെച്ചുതന്നെ തരും എന്ന് വിശ്വസിക്കാം."

അന്നുമുതൽ ഇത്തയുടെ മനസ്സിൽ അവളോടൊരു അനുകമ്പ ഉടലെടുത്തത് അനുഗ്രഹമായി.പിന്നീടുള്ള ദിവസങ്ങളിൽ ഒരു മകളോടുള്ള പോലെ വാത്സല്യം ഇത്താ അവളോട്‌ കാണിച്ചുതുടങ്ങി. മുംതാസിന്റെ പ്രവർത്തി ഗുണം ചെയ്തു എന്നുചുരുക്കം. ഒരു ഞായറാഴ്ച ദിവസം ഇത്താ അവളെ വീട്ടിലേയ്ക്ക് വിരുന്നിനു ക്ഷണിച്ചു.

രാവിലെ ടൗണിൽ നിന്ന് അവളെ കൂട്ടിക്കൊണ്ടുപോകാൻ ഇത്താ വന്നു. ട്രാൻസ്‌പോർട്ടുബസ്സിന്റെ സൈഡുസീറ്റിലിരുന്ന് ഒരു ദീർഘദൂരയാത്ര. യാത്രക്കിടയിൽ തന്റെ നാടിനെക്കുറിച്ചും, ബന്ധുക്കളെക്കുറിച്ചും, തല്ലുകേസിൽ പെട്ട് ജയിലിൽ കഴിയുന്ന മദ്യപാനിയായ ഭർത്താവിനെക്കുറിച്ചുമൊക്കെ ഇത്താ അവളോട്‌ സംസാരിച്ചു.

ഇത്താ ഭർത്താവിനെക്കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മനസ്സിലേയ്ക്ക് വാപ്പയുടെ രൂപം കടന്നുവന്നു.അവളുടെ ബാപ്പയും ഇത്തയുടെ ഭർത്താവിനെപ്പോലെ മദ്യപാനിയായിരുന്നു. ഒരുനാൾ രാത്രി മദ്യപിച്ചുവരുന്നവഴിക്ക് വണ്ടിതട്ടി മരിച്ചു. ഇപ്പോൾ വർഷം അഞ്ചാകുന്നു. ഒരുകണക്കിന് അത് നന്നായി എന്ന് നാട്ടുകാർ പറയുന്നത് കേൾക്കുമ്പോൾ ഉള്ളം പിടയും.

ബാപ്പയെക്കുറിച്ചുള്ള ഓർമ്മകളൊന്നും നല്ലതല്ല. രാത്രി ഒരുസമയത്താവും പണികഴിഞ്ഞുള്ള വാപ്പയുടെ വരവ്. കുടിച്ച് ലക്കുകെട്ടിട്ടുണ്ടാവും മിക്കവാറും. പിന്നെ വീട്ടിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. ഉമ്മയെ കാര്യമില്ലാതെ ചീത്തവിളിക്കും, തല്ലും. കണ്ണിൽ കണ്ടതൊക്കെ എടുത്തെറിയും.തടസ്സം പിടിക്കാൻ ചെന്നാൽ ആരായാലും അവർക്കും കിട്ടും തല്ലും ചീത്തയും. രാത്രി നേരത്തേ ഉമ്മ മക്കളെ കിടത്തിയുറക്കും. പക്ഷേ, മുംതാസ് ഉറങ്ങാതെ ഉറക്കം നടിച്ചു ഭയന്നുകിടക്കും. ഉമ്മയെ ബാപ്പ എന്തെങ്കിലും ചെയ്യുമോ എന്ന ഭയമായിരുന്നു അവൾക്ക്.

ഒരിക്കൽ ബാപ്പ ഉമ്മയെ തല്ലിയപ്പോൾ ഉറങ്ങാതെ കിടന്ന അവൾ എതിർത്തു. കവിളടച്ചുള്ള അടിയായിരുന്നു ബാപ്പയുടെ മറുപടി. കണ്ണിൽ ഇരുട്ടുകയറി.

"തള്ളയെപ്പോലെ നീയും എന്നെ എതിർക്കുന്നോ... കൊന്നുകളയും ഞാൻ."

മുടികുത്തിൽ ചുറ്റിപ്പിടിച്ച് ബാപ്പ അന്ന് ആക്രോഷിച്ചു.

എന്തിനാണ് ബാപ്പ ഇങ്ങനെ ഉപദ്രവിക്കുന്നത്.ആരോടുള്ള പകയാണ് ബാപ്പ മക്കളോടും ഭാര്യയോടും തീർക്കുന്നത്. അവൾ പലപ്പോഴും ചിന്തിക്കും. കുടിച്ചു കൈയിലുള്ള പണം തീർന്നുപോകുമ്പോഴാണ് ബാപ്പക്ക് കലിയിളകുന്നതെന്ന് പിന്നീട് ഉമ്മാ പറഞ്ഞ് അവളറിഞ്ഞു.

ആരും ഒരിക്കലും ഇഷ്ടപെടാത്ത ഒരു സ്വഭാവമായിരുന്നു ബാപ്പയുടേത്.വഴിവിട്ട ജീവിതംകൊണ്ട് വന്നുചേർന്നയോഗം. കൂട്ടുകെട്ടിനാൽ വഴിതെറ്റിപ്പോയ ജീവിതം.

ഉമ്മാ പറഞ്ഞ് അവൾ കേട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞനാളുകളിൽ മാന്യമായി ജോലിചെയ്തു കുടുംബം നോക്കിയിരുന്ന എല്ലാവർക്കും പ്രിയപ്പെട്ട മനുഷ്യനായിരുന്നു ബാപ്പയെന്ന്. കൂട്ടുകെട്ടാണ് വാപ്പയെ വഴിതെറ്റിച്ചത്. കുടിയന്മാരായ കൂട്ടുകാർ വാപ്പയെ കുടിക്കാനും ചീട്ടുകളിക്കാനും പ്രേരിപ്പിച്ചു. പതിയെപതിയെ ബാപ്പ അതിന് അടിമയായി. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഉമ്മാ സഹിച്ച കഷ്ടപ്പാടുകൾ ഒരുമനുഷ്യായുസ്സിൽ സഹിക്കാവുന്നതിനപ്പുറമാണെന്ന് മുംതാസിനു പലപ്പോഴും തോന്നിയിട്ടുണ്ട്. കൂലിപ്പണി ചെയ്ത് ഉമ്മാ മൂന്നുമക്കളെ പോറ്റിവളർത്തി. തളരാതെ ജീവിതം നയിച്ചു.

തുടരും... 

 


ഭാഗം - 4

ജമീല ഇത്തയുടെ വീട്ടിലേയ്ക്കുള്ള യാത്ര. ബസ്സിന്റെ സൈഡുസീറ്റിൽ കാറ്റുംകൊണ്ട് ഇരിക്കുമ്പോൾ അവൾക്ക് വല്ലാത്ത ആനന്ദം തോന്നി. വളഞ്ഞുപുളഞ്ഞു മലയുടെ അടിവാരം തേടിപ്പോകുന്ന വഴികൾ...ബസ്സ്‌ പാടങ്ങളും തോടുകളും കടന്ന് മുന്നോട്ട് നീങ്ങുകയാണ്.


കാഴ്ചകൾ കണ്ടുതീരുംമുൻപേ മറഞ്ഞുപോകുന്നു. മേഞ്ഞുനടക്കുന്ന പശുക്കൾ, വിവിധതരം കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ, കൃഷിയിടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ. കാഴ്ചകളുടെ ഉത്സവം തന്നെ.

ആസ്ബറ്റോസ് മേഞ്ഞ ഒരു കൊച്ചുവീടാണു ഇത്തയുടേത്. വീടിനുചുറ്റും വിവിധനിറത്തിലുള്ള പൂക്കൾ വിടർന്നുനിൽക്കുന്നു. ചുറ്റുപാടും ഒരുപാട് വീടുകളുണ്ട്.ആട്ടിൻകുട്ടികൾ കൂട്ടിൽ കിടന്ന് കരഞ്ഞു. കോഴികൾ കൊക്കി പറന്നു. വീടിന്റെ തിണ്ണയിലേയ്ക്ക് കയറിക്കൊണ്ട് ഇത്താ വിളിച്ചു.

"ഷാഹിന... ഷാജിദാ..."

മൂത്തമകളായ ഷാഹിന വാതിൽ തുറന്ന് പുറത്തേയ്ക്ക് വന്നു.

"ഉമ്മാ..."

വിസ്മയത്തോടെ മുംതാസിന്റെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ ഉമ്മയ്ക്കരികിലെത്തി. ഇത്താ കൈനീട്ടി...അവൾ കൈയിലിരുന്ന പൊതിവാങ്ങി. ഈ സമയം ഇളയമകളായ ഷാജിദയും അവിടേയ്ക്ക് ഇറങ്ങിവന്നു.അവളും മുംതാസിനെ നോക്കി പുഞ്ചിരിച്ചു.

"മോള് ഇങ്ങോട്ട് കേറ്."

തിണ്ണയിൽ കയറിയിട്ട് കസേര നീക്കിയിട്ടുകൊണ്ട് ഇത്താ പറഞ്ഞു.

"ഞാൻ ഈ ഡ്രസ്സൊക്കെ ഒന്നു മാറിയിടട്ടെ. അന്നേരക്കും മോള് ഇവരെയൊക്കെ ഒന്നു പരിചയപ്പെട്."

മുംതാസിന് ആദിയായി.ആദ്യമായിട്ടാണ് ഇത്തയുടെ വീട്ടിൽ വരുന്നത്.എങ്ങനെ വീട്ടിലുള്ളവരുമായി ഇടപെടും എന്ന് ഓർത്ത്‌ ഒരു ശങ്ക അവൾക്കുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്തവരെ പരിചയപ്പെടുമ്പോൾ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ ആയിരിക്കുമെന്ന് അവൾക്ക് തോന്നി.എങ്കിലും അവൾ പെട്ടെന്നുതന്നെ ഇരുവരെയും പരിചയപ്പെട്ടു.

ഇത്താ ഡ്രസ്സുമാറി എത്തിയപ്പോഴേക്കും മക്കൾ ചായയും പലഹാരങ്ങളും മേശയിൽ നിരത്തിക്കഴിഞ്ഞിരുന്നു. വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം ഭക്ഷണം നന്നായി കഴിപ്പിക്കാനും അവർ ശ്രമിച്ചു. വയറുനിറയെ അവൾ കഴിച്ചു.നല്ല രുചിയുള്ള ഭക്ഷണം.പാലൊഴിച്ച ചായയും പത്തിരിയും മുട്ടക്കറിയുമെല്ലാം.ഇത്തയും മക്കളും നല്ല കൈപ്പുണ്ണ്യമുള്ളവർ ആണെന്ന് അവൾക്ക് മനസ്സിലായി.

തിണ്ണയോടു ചേർന്ന് ഒരു ചെറിയ ചായ്പ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഒരു കട്ടിലും ഏതാനും കസേരകളും ഇട്ടിട്ടുണ്ട്. ചായക്കുശേഷം എല്ലാവരും ഒന്നിച്ചു കുറച്ചുനേരം സംസാരിച്ചിരുന്നു. ളുഹർ ബാങ്ക് വിളിച്ചപ്പോൾ ഇത്താ കസേരയിൽ നിന്നെഴുന്നേറ്റു. പക്ഷേ, അവളെ വിളിച്ചില്ല.ഇത്താ നമസ്കരിക്കാൻ പോവുകയാണെന്നു മനസ്സിലാക്കിക്കൊണ്ട് അവളും മെല്ലെ എഴുന്നേറ്റു.

വുളൂ എടുത്ത്‌ ഇത്തായോടൊപ്പം ളുഹർ നമസ്കരിച്ചു. ഉച്ചനമസ്കാരം കഴിഞ്ഞു ഭക്ഷണം കഴിച്ചാലുള്ളൊരു റാഹത്ത് വേറെതന്നെയാണ്.ഊണും കഴിച്ച് ഏതാനും സമയം വിശ്രമിച്ചിട്ട് ഇത്തയും അവളും വീട്ടിൽ നിന്നിറങ്ങി.ഇത്തയുടെ മക്കൾ അവളെനോക്കി കൈവീശി.

"ഇനിയും വരണേ ഇത്താ..."

അവർ സ്നേഹത്തോടെ പറഞ്ഞു.

"തീർച്ചയായും വരാം.പോകട്ടെ... അസ്സലാമുഅലൈക്കും."

ചിരിക്കുന്ന മുഖത്തോടെ ആ സഹോദരിമാർ അവളെ യാത്രയാക്കി.

വെയിൽ ചൂട് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. വിശാലമായ തെങ്ങിൻ തോപ്പിനുനടുവിലൂടെയാണ് പോകുന്നത്.ദൂരെ കൊയ്ത്തിനുതയ്യാറായ നെൽപ്പാടം സ്വർണ്ണക്കസവുചേലപോലെ തിളങ്ങിക്കാണാം. മനോഹരമായ കാഴ്ച മതിയാകുവോളം നോക്കിക്കണ്ടു.കവലയിലെത്തിയതും ഭാഗ്യത്തിന് ഉടൻതന്നെ ടൗണിലേയ്ക്കുള്ള ബസ്സ്‌ കിട്ടി. ഹോൺ മുഴക്കി പൊടിപറത്തികൊണ്ട് ബസ്സ്‌ കുതിച്ചുപാഞ്ഞു.

പിറ്റേന്ന് പതിവുപോലെ കടയിലെത്തിയപ്പോൾ അന്ന് ഹാജിയാർ വന്നിട്ടില്ല. വേഗം ഡ്രസ്സുമാറി യൂണിഫോം അണിഞ്ഞുകൊണ്ട് വസ്ത്രങ്ങൾ മടക്കി വെച്ചിട്ട് ഒരുഗ്ലാസ് വെള്ളം എടുത്തുകുടിച്ചു. അപ്പോഴേയ്ക്കും ആളുകൾ വന്നുതുടങ്ങിയിരുന്നു. പുറത്തു വെയിലിനു കനം വെച്ചുതുടങ്ങിയിരിക്കുന്നു.വാഹനങ്ങൾ ഹോൺ മുഴക്കിക്കൊണ്ട് നാലുപാടും ചീറിപ്പാഞ്ഞു.എന്നിട്ടും ഹാജിയാർ മാത്രം എത്തിയില്ല.

മാനേജർ ഉൾപ്പെടെയുള്ള എല്ലാരും ഇടയ്ക്കിടയ്ക്ക് മുഖം തിരിച്ച് വാതിൽക്കലേയ്ക്ക് നോക്കുന്നുണ്ട്. മുതലാളിയുടെ കറുത്ത കാർ പാർക്കിംഗ് ഏരിയയിൽ വന്നുനിൽക്കുന്നുണ്ടോ എന്ന്.

വലിയ പാർട്ടികൾക്കൊയൊക്കെ ഡിസ്കൗണ്ട് തീരുമാനിക്കുന്നത് ഹാജിയാരാണ്.ബില്ലിലേയ്ക്കും തുണിയടങ്ങിയകവറുകളുടെ എണ്ണത്തിലേയ്ക്കും മാറിമാറി നോക്കി വിലയിരുത്തും.എന്നിട്ട് പറയും.

"ഡിസ്‌കൗണ്ട് തരാനുള്ളത് ഇല്ലല്ലോ..."

"ഡിസ്‌കൗണ്ട് വേണം മുതലാളി.കുറച്ചേ എടുത്തുള്ളൂ എന്നുകരുതി ഡിസ്‌കൗണ്ട് തരാതിരിക്കല്ലേ."

ബില്ലടിക്കുന്നതിനിടയിൽ ആളുകൾ പരിഭവത്തോടെ ഹാജിയാരെ നോക്കി പറയും.അപ്പോൾ ഹാജിയാർ ഒരിക്കൽക്കൂടി കവറിനുള്ളിൽ എന്തൊക്കെയാണുള്ളതെന്നതിന്റെ ബില്ലുകൾ എടുത്തുനോക്കും.

"ഇതിനു ഡിസ്‌കൗണ്ട് തരാനാവില്ലല്ലോ...പറ്റില്ലച്ച നിങ്ങൾ വേറെ കടയിൽ നിന്നെടുത്തോ."

ഹാജിയാർ അങ്ങനെ പറഞ്ഞാൽ പിന്നെ ഒരുരക്ഷയുമില്ല.ഒന്നുകിൽ നിശ്ചിതവിലക്ക് സാധനം വാങ്ങുക. ഇല്ലെങ്കിൽ അടുത്ത കടയിലേയ്ക്ക് പോവുക.പക്ഷേ, ആരും അതിന് മുതിരാറില്ല. കാരണം ഇത്രനല്ലതും സെലക്ഷനും അടുത്ത് മറ്റെങ്ങും ഇല്ല എന്നതുതന്നെ കാരണം.

ഉച്ചയോടുകൂടിയാണ് അന്ന് ഹാജിയാർ കടയിൽ വന്നത്.മാനേജർ പറഞ്ഞ ഡിസ്‌കൗണ്ട് പോരാത്തതുകൊണ്ടെന്നവണ്ണം ഒരു കല്യാണപ്പാർട്ടി ഹാജിയാരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ചിലർക്ക് ഹാജിയാരെ കണ്ടാലേ സമാധാനമാകൂ...ഡിസ്‌കൗണ്ട് കിട്ടിയാലും ഇല്ലെങ്കിലും ഹാജിയാരുമായുള്ള ബന്ധംവെച്ചുകൊണ്ട് വർഷങ്ങളായി കടയിൽ വരുന്ന ചിലരുണ്ട്. അന്ന് കാത്തുനിന്നയാളും അവരിൽപ്പെട്ട ഒരാളാണ്.

ഹാജിയാരുടെ ടേബിളിൽ ചെന്ന് മനേജർ പറഞ്ഞു.

"മുതലാളി ആ ബില്ലോന്ന് നോക്കിക്കേ..."

അതിനുമറുപടിയായി ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഹാജിയാർ പറഞ്ഞത്.

"എന്നെക്കൊണ്ട് പറ്റില്ല ഇതൊന്നും നോക്കാൻ. നിങ്ങൾ പറഞ്ഞിട്ട് പറ്റാത്തവരോട് വേറെ എവിടെയെങ്കിലും പൊയ്ക്കൊള്ളാൻ പറ."

ഹാജിയാർക്ക് എന്തുപറ്റി. മുഖം കടുപ്പിച്ച് ആരോടും മിണ്ടാതെ അയാൾ കസേരയിലിരുന്നു.സ്റ്റാഫുകളൊക്കെ ഭയത്തോടെ നോക്കിക്കൊണ്ട് ജോലി തുടർന്നു. ഈ സമയം ഹാജിയാർക്ക് ഒരു ഫോൺ വന്നു. അത് അറ്റന്റുചെയ്തിട്ട് ഹാജിയാർ ഉടൻതന്നെ പുറത്തിറങ്ങി കാറിൽ കയറി എവിടേയ്‌ക്കോ പോയി.

അല്പസമയം കഴിഞ്ഞപ്പോൾ മാനേജർക്ക് ഫോൺ വന്നു. ഹാജിയാരുടെ മകൻ മദ്യപിച്ച് വണ്ടിയോടിച്ച് അപകടത്തിൽ പെട്ട് ആശുപത്രിയിലാണെന്ന്. രാവിലെ ഹാജിയാരുമായി വഴക്കിട്ടു വീട്ടിൽനിന്നും പോയതാണത്ര.അപകടം സീരിയസ്സൊന്നുമല്ല.

തുടരും


ഭാഗം - 5

വൈകുന്നേരംവരെ കടയിൽ നല്ല തിരക്കായിരുന്നു. വരുന്നവർക്ക് തുണി കാണിച്ചുകൊടുക്കുക, അതെല്ലാം തിരിച്ചു മടക്കി വെക്കുക, പുതിയ കെട്ടുകൾ പൊട്ടിച്ച് സ്റ്റാൻഡിൽ അടുക്കിവെക്കുക. എന്നീ പണികൾ ചെയ്ത് അവൾ അവശതയായി.


പുതിയ കെട്ടിൽനിന്നെടുത്ത വസ്ത്രങ്ങളിലെല്ലാം മാനേജരുടെ നിർദേശപ്രകാരം വിലയെഴുതിയ സ്റ്റിക്കർ ഒട്ടിച്ചു. അടുത്തദിവസം വരുന്ന കസ്റ്റമേഴ്സിനുമുന്നിൽ പ്രലോഭിപ്പിക്കുന്ന തരത്തിൽ അവയെല്ലാം തയ്യാറാക്കിവെച്ചു.

പണിതീരുന്നതുവരെ ആർക്കും പരസ്പരം സംസാരിക്കാൻപോലും കഴിഞ്ഞില്ല. ഹാജിയാരെ കുറിച്ചായിരുന്നു ഊണുകഴിഞ്ഞുള്ള വിശ്രമവേളയിൽ എല്ലാവരുടെയും സംസാരം. രണ്ടുതലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ള സമ്പത്തുണ്ട്. നഗരത്തിലെ ഏറ്റവുംവലിയ തുണിക്കട, പലചരക്കിന്റെ ഹോൾസെയിൽ കട,സ്റ്റേഷനറിക്കട എല്ലാം ഹാജിയാരുടെ വകയാണ്. പോരാത്തതിന് കണക്കില്ലാത്ത ഭൂസ്വത്തും ഉണ്ട്. പറഞ്ഞിട്ടെന്തുഫലം.

രണ്ടുമക്കൾ ആണ് ഹാജിയാർക്ക്. മകളെ നല്ലനിലയിൽ കെട്ടിച്ചയച്ചു. ഇനിയൊരു മകനുള്ളത്...സദാസമയം മദ്യത്തിനും കഞ്ചാവിനും അടിമയായി നടക്കുകയാണ്. ഈകണ്ട സ്വത്തുക്കളെല്ലാം നോക്കിനടത്തേടുന്ന ഒരേയൊരു അവകാശി. ഹാജിയാരും ഭാര്യയും നടത്താത്ത നേർച്ചകളും, ചെയ്യാത്ത ചികിൽസകളും ഇല്ല.

എന്തെല്ലാമുണ്ടെങ്കിലും ഇതൊക്കെ കണ്ടാൽ ആരാണ് തളർന്നുപോകാത്തത്. പക്ഷേ, ഹാജിയാർ ഇതെല്ലാം ധൈര്യപൂർവ്വം തരണംചെയ്തുകൊണ്ട് മുന്നോട്ടുപോവുകയാണ്.

വിശ്രമസമയം കഴിഞ്ഞു... സംസാരം അവസാനിപ്പിച്ചുകൊണ്ട് ജോലിയിൽ തിരികെ പ്രവേശിക്കാൻ തുടങ്ങുംനേരം മാനേജർ ജയരാമൻ എല്ലാവരോടുമായി പറഞ്ഞു.

"ഒരുകണക്കിന്‌നോക്കിയാൽ നമ്മളൊക്കെയാ ഭാഗ്യവാന്മാർ. കിട്ടുന്നത് നാളേക്ക് മാറ്റിവെക്കാനില്ലന്നല്ലേയുള്ളൂ..."

ആരും ഒന്നും മിണ്ടിയില്ല.

എല്ലാവരോടും ദേഷ്യപ്പെട്ടു സംസാരിക്കുന്ന ഹാജിയാരോട് ആദ്യമായി ഒരു ആദരവ് ആളുകളുടെ മനസ്സിൽ ഉടലെടുത്തു. ആളുകളെ മനസ്സിലാക്കുന്നതിൽ തങ്ങൾ പലരും പരാജയപ്പെട്ടെന്ന് അവർക്ക് തോന്നി. പുറമെ പരിക്കനാവുമ്പോഴും അകത്ത് കരയുന്ന മനുഷ്യൻ. പുറം കാഴ്ചയിൽ ഒരാളെ വിലയിരുത്തരുത് ഒരിക്കലും മുംതാസ് മനസ്സിൽ ചിന്തിച്ചു.

പതിവുപോലെ വീട്ടിലെത്തി ചായകുടിച്ചിട്ടു വിശ്രമിക്കുമ്പോൾ ഉമ്മാ വീട് പൊളിച്ചുമേയുന്നതിന്റെയും സഹോദരിയുടെ കോളേജു തുറക്കാൻ പോകുന്നതിന്റെയുമൊക്കെ കാര്യങ്ങൾ ഓർമിപ്പിച്ചു. എല്ലാം കേട്ടുകൊണ്ട് അവൾ മിണ്ടാതിരുന്നു. ഒന്നും പറഞ്ഞില്ല.

ഭക്ഷണം കഴിച്ചതെ ഉമ്മയും സഹോദരിമാരും ഉറങ്ങാൻ കിടന്നു. അവൾ കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല.നല്ല തണുപ്പുണ്ട്. പുതപ്പ് ശരീരത്തിൽ വലിച്ചിട്ടുകൊണ്ട് കണ്ണും തുറന്ന് അങ്ങനെ കിടന്നു.

സഹോദരിമാർക്ക് പ്രായമായി വരികയാണ് മൂത്തവൾക്ക് പതിനെട്ടായി, ഇളയവൾക്ക് പതിനാറും.തനിക്കാണെങ്കിലോ ഇരുപത്തിയാറായി പ്രായം. തന്റെ പ്രായത്തിലുള്ളവരൊക്കെ വിവാഹം കഴിഞ്ഞ് ഒന്നും രണ്ടും കുട്ടികളുമായി.തനായിട്ട് ഇന്നുവരെ ഒരു ചീത്തപ്പേരു കേൾപ്പിച്ചിട്ടില്ല. പക്ഷേ, തന്നെപ്പോലെ സഹോദരിമാർ ജീവിക്കണമെന്നില്ല... ഉമ്മയുടെ ഉള്ളിലെ ആകുലതകളൊക്കെയും അവളുടെ ഉള്ളിലും ആദിപടർത്തി.

പാവം ഉമ്മാ സങ്കടങ്ങളൊക്കെ ഉള്ളിലൊതുക്കി ഉറങ്ങുകയാണ്.ആ മനസ്സ് ഇപ്പോഴും ഓരോന്നോർത്തു നീറുന്നുണ്ടാവും.

"എല്ലാം അറിയുന്ന നാഥാ... ഞങ്ങളെ കാത്തുകൊള്ളണമേ,നല്ലതുവരുത്തണമേ നിന്റെ മാർഗത്തിൽ ജീവിച്ചുമരിക്കാൻ ഭാഗ്യം ചെയ്യണേ."

മനസ്സുകൊണ്ട് അവൾ പ്രാർത്ഥിച്ചു.അങ്ങനെ ഓരോന്നോർത്തുകൊണ്ട് കിടന്ന് പുലർച്ചെയോടടുത്ത്‌ എപ്പോഴോ അവൾ ഉറങ്ങി.

ഹാജിയാർ മാനേജരുമൊത്ത് കാര്യമായ സംസാരത്തിലാണ്.

"എടൊ ഞാനെന്താണ് ചെയ്യുക... താൻ പറ.ഒരു മകനുള്ളത് വഴിപിഴച്ചു നടക്കുന്നത് കണ്ടിട്ട് സഹിക്കണില്ല.നാട്ടുകാരുടെ പരാതിയും കളിയാക്കലും കേട്ട് മടുത്തു.അവനെക്കൊണ്ട് ഒരു പെണ്ണുകെട്ടിച്ചാൽ ചിലപ്പോൾ ശരിയാകുമെന്നാണ് ഭാര്യ പറയുന്നത്.എനിക്കതിൽ പ്രതീക്ഷയൊന്നുമില്ല. അതുമല്ല ഇതെല്ലാം അറിഞ്ഞുവെച്ചുകൊണ്ട് ഏതെങ്കിലും നല്ല കുടുംബത്തിൽ നിന്നൊരു ബന്ധം എന്റെ മകന് കിട്ടുമോ...ഇനി തറവാടും പണവും ഒന്നും വേണ്ടെന്നുവെക്കാം. എന്നാൽ തന്നെയും ഏതെങ്കിലും ഒരു പെൺകുട്ടി എന്റെ മകനെപ്പോലൊരുവനെ വിവാഹം കഴിക്കാൻ തയ്യാറാക്കുമോ.?"

എല്ലാം കേട്ടുകൊണ്ട് മാനേജർ ജയരാമൻ മിണ്ടാതിരുന്നു. ഹാജിയാർ പറഞ്ഞതത്രയും കാര്യങ്ങളാണെന്ന് അയാൾക്കറിയാമായിരുന്നു. ഹാജിയാരുമായി വർഷങ്ങളുടെ ബന്ധമുണ്ട് അയാൾക്ക്. കട തുടങ്ങിയകാലം മുതൽക്ക് ഹാജിയായുടെ മനസാക്ഷിസൂക്ഷിപ്പുകാരനും കടയുടെ മാനേജരുമൊക്കെയാണ് അയാൾ.

"ഞാനൊരു കാര്യം പറഞ്ഞാൽ ഹാജിയാർ ദേഷ്യപ്പെടരുത്.ഞാൻ നോക്കിയിട്ട് മകന്റെ പ്രശ്നത്തിനൊരു പരിഹാരം എന്നത് ഇതുമാത്രമേ കാണുന്നുള്ളൂ... സ്വത്തും പണവുമൊന്നും ഇല്ലെന്നേയുള്ളൂ... നല്ല തങ്കപ്പെട്ട കുട്ടിയാണ്. മകന് എന്തുകൊണ്ടും ചേരുന്നകുട്ടി. ആവശ്യത്തിന് സൗന്ദര്യവും വിദ്യാഭ്യാസവുമുണ്ട്. ത്യാഗം സഹിക്കാനുള്ള മനസ്സും. ഇങ്ങനൊരുകുട്ടിയെ കിട്ടിയിട്ടേ മുതലാളിയുടെ ഭാര്യ പറഞ്ഞതുപോലെ എന്തെങ്കിലും മാറ്റം മകന് ഉണ്ടാകുന്നുണ്ടെങ്കിൽ ഉണ്ടാകൂ."

ആരുടെ കാര്യമാണ് താൻ പറയുന്നത്. ഒന്നും മനസ്സിലാകുന്നില്ല എന്നഭാവത്തിൽ ഹാജിയാർ മാനേജരെ നോക്കിയിരുന്നു.

ജയരാമൻ ഹാജിയാരുടെ അടുത്തേയ്ക്ക് കുറച്ചുകൂടി നീങ്ങിയിരുന്നുകൊണ്ട് എന്തൊക്കെയോ പറഞ്ഞു.എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഹാജിയാരുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

അന്ന് പതിവുപോലെ ജോലിക്കാരെ ശ്രദ്ധിക്കാനോ, അവരോട് ദേഷ്യപ്പെടാനോ ഹാജിയാർ പോയില്ല. എന്തൊക്കെയോ ആലോചിച്ചുകൊണ്ട് തന്റെ കസേരയിൽ അങ്ങനെയിരുന്നു.ഇടക്ക് ജമീലയെ അടുത്തേയ്ക്ക് വിളിച്ച് എന്തൊക്കെയോ സംസാരിച്ചു.

വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങാൻനേരം മുംതാസിനെ ഹാജിയാർ അടുത്തേയ്ക്ക് വിളിച്ചു. എന്നിട്ട് പതിവില്ലാത്തവിധം സ്നേഹത്തോടെ വീട്ടിലെ വിവരങ്ങളൊക്കെ തിരക്കി.അവൾ ഒന്നും മനസ്സിലാകാതെ നിന്നു. ഇതെന്തൊരു അത്ഭുതം.

ബസ്സ്റ്റോപ്പിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. വെയിൽ ചാഞ്ഞുകഴിഞ്ഞിരിക്കുന്നു. പടിഞ്ഞാറുമാനം ചെമ്മാനം കൊണ്ട്നിൽക്കുന്നു.തട്ടുകടക്കാരും,കടലവിൽപ്പനക്കാരും വഴിയരികിൽ നിലയുറപ്പിച്ചുകഴിഞ്ഞു.

ഇത്താ പറഞ്ഞതൊന്നും ഉൾക്കൊള്ളനാവാതെ വിദൂരതയിലേയ്ക്ക് നോക്കി അങ്ങനെ നിൽകുമ്പോൾ വീണ്ടും ഇത്ത പറയുന്നത് കേട്ടു.

"നിർബന്ധിക്കുന്നതായി കരുതണ്ട.ഇത് സ്വയം മനസ്സിരുത്തി നന്നായി ആലോചിച്ച്  തീരുമാനിക്കേണ്ടുന്ന ഒന്നാണ്.നിനക്കൊട്ടും ഇഷ്ടമായില്ലെങ്കിൽ അത് തുറന്നുപറയാം.ഞാൻ തന്നെ അത് ഹാജിയാരോട് പറഞ്ഞോളാം.എന്നുകരുതി നിന്റെ കടയിലുള്ള ജോലിയൊന്നും പോകുമെന്ന് പേടിക്കണ്ട. അതൊക്കെ ഹാജിയാർ ഉറപ്പുതന്നിട്ടുണ്ട്."

എന്ത് മറുപടി പറയണമെന്ന് അവൾക്കറിയില്ലായിരുന്നു. കാരണം ഇതാണ്.

ഹാജിയാരുടെ മകൻ 'മുനീർ' വിവാഹം കഴിക്കുന്നതിൽ എതിർപ്പുണ്ടോ എന്ന് തുറന്നുപറയണം.സമ്മതമെങ്കിൽ ബാക്കിയൊക്കെ ഹാജിയാർ നോക്കിക്കൊള്ളാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.വീട് പുതുക്കി പണിയുന്നത്, സഹോദരിമാരുടെ പഠിപ്പ്, അവരുടെ വിവാഹം ഒക്കെ. ഒറ്റക്കാര്യം മാത്രം ഉറപ്പ് കൊടുക്കണം. ആഭാസനായ ഹാജിയാരുടെ ഏകമകന്റെ ഭാര്യയാകാൻ സമ്മതമാണെന്നുള്ള ഉറപ്പ്.

"അധികമൊന്നും ആലോചിക്കാനില്ല... ആലോചിച്ചതുകൊണ്ട് കാര്യവുമില്ല. അള്ളാഹുവിന്റെ വിധിപോലെയെ വരൂ...സമ്മതിച്ചാൽ നിന്റെ കുടുംബം രക്ഷപ്പെടും."

ഇത്ത പറഞ്ഞുനിറുത്തി.

ഇത്തയുടെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു.ആലോചിക്കുംതോറും ഹൃദയത്തിനുള്ളിൽ വല്ലാത്തൊരു പിടപ്പ് അനുഭവപ്പെടുന്നു.ശരീരം തളരുന്നതുപോലെ.എന്ത് മറുപടി കൊടുക്കും. അനുകൂലമായ മറുപടിയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.മറുപടി അനുകൂലമായില്ലെങ്കിൽ എന്തൊക്കെയാണ് സംഭവിക്കുക എന്ന് പറയാനാവില്ല.ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഹാജിയാരുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടുതന്നെ അവളുടെ ഉള്ളം വല്ലാതെ വിറകൊണ്ടു.

തുടരും... 


ഭാഗം - 6

ഒഴിവുദിനമായിരുന്നിട്ടും അവൾക്ക് ഒട്ടും ഉന്മേഷം തോന്നിയില്ല. മനസ്സിലാകെ വല്ലാത്തൊരു അസ്വസ്ഥത. പലവിധചിന്തകളിൽ പെട്ട് അവൾ ഉഴറി. കാപ്പികുടി കഴിഞ്ഞു മുറിയിലെ ജനലാക്കരികിൽ വന്നിരുന്നു.


മുറ്റത്തുപൂത്തുനിൽക്കുന്ന റോസാച്ചെടിയിൽ വണ്ടുകൾ വന്നിരിക്കുന്നു. ചിലതെല്ലാം തേൻനുകർന്നു തിരിച്ചുപോകുന്നു. സഹോദരിമാരുടെ വക ഇത്തിരിമുറ്റത്തെ പൂന്തോട്ടമാണ്.ഈ സമയത്താണ് മജീദുഹാജിയുടെ വണ്ടി താഴെ വീടിനുമുന്നിൽ വന്നുനിൽക്കുന്നത് കണ്ടത്.ഒരുനിമിഷം ഹോൺ മുഴക്കിയിട്ട് ഹാജിയാർ ഡോർ തുറന്ന് പുറത്തിറങ്ങി.

അവൾ ആതിപൂണ്ട് കസേരയിൽ നിന്നെഴുന്നേറ്റ് അടുക്കളയിലേയ്ക്കോടി ഉമ്മയോട് വിവരം പറഞ്ഞു. അതുകേട്ട് ഉമ്മയും സഹോദരിമാരും അമ്പരന്നു.

ഹാജിയാർ അങ്ങനെ എവിടെയും പോകാറില്ല. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ നേരിട്ട് പോകാറുള്ളൂ... ഇല്ലെങ്കിൽ ആരെയെങ്കിലും പറഞ്ഞുവിടുകയേ ഉള്ളൂ. പ്രധാനപ്പെട്ട ഒന്നിനാണ് ഇപ്പോൾ ഹാജിയാർ വന്നിരിക്കുന്നതെന്നുറപ്പ്. ഉമ്മാ വെപ്രാളത്തോടെ കൈയും മുഖവും കഴുകി തുടച്ചിട്ട് തട്ടം നേരെയിട്ടുകൊണ്ട് പൂമുഖത്തേയ്ക്ക് ചെന്നു. എന്നിട്ട് കസേര തുടച്ചിട്ട് നീക്കിയിട്ടുകൊണ്ട് പൂമുഖത്തേയ്ക്ക് കയറിയ ഹാജിയാരെനോക്കി ബഹുമാനത്തോടെ പറഞ്ഞു.

"ഇങ്ങോട്ട് ഇരിക്കൂ..."

ഹാജിയാർ സലാം പറഞ്ഞിട്ട് കസേരയിൽ ഇരുന്നു. തുടർന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു. എതാനുംനിമിഷം ആരും ഒന്നും മിണ്ടിയില്ല.

"ഇത്രത്തോളം വരേണ്ടുന്ന ഒരുകാര്യമുണ്ടായി അതാണ് വന്നത്... കാര്യം അറിഞ്ഞിട്ടുണ്ടാവുമല്ലോ.?"

ഹാജിയാർ മെല്ലെ ചിരിച്ചു.

"അറിഞ്ഞു..."

ഉമ്മാ വാതിലിനു മറഞ്ഞുനിന്നുകൊണ്ട് ഭവ്യതയോടെ പറഞ്ഞു.

"വണ്ടിയിൽ കുറച്ചു പലഹാരങ്ങൾ ഇരിപ്പുണ്ട്. മുംതാസിനോട് അതെടുത്തുകൊണ്ടുവരാൻ പറയൂ..."

മുംതാസിനു കാര്യം മനസ്സിലായി. തന്നെ രംഗത്തുനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം. അവൾ മെല്ലെയിറങ്ങി കാറിനരികിലേയ്ക്ക് നടന്നു.ഹാജിയാർ ബുദ്ധിമാനാണ്. ഏതൊരുപ്രശ്നത്തിനും പരിഹാരം കാണാൻ മിടുക്കൻ. പൊതിയുമെടുത്തു മെല്ലെയാണ് അവൾ തിരിച്ചെത്തിയത്. മനഃപൂർവ്വം അയൽവക്കത്തെ ചേച്ചിയുമായി സംസാരിച്ചുനിന്നു. അങ്ങനെ സമയം വൈകി. ഈ സമയം ഹാജിയാർ യത്രപറഞ്ഞ് ഇറങ്ങിക്കഴിഞ്ഞിരുന്നു.

വീട്ടിലാകെ ഒരു നിശബ്ദത പരന്നിരിക്കുകയാണ്.ഉമ്മയുടെ മുഖം കനത്തിരുന്നു. എന്നാൽ പെങ്ങന്മാരുടെ മുഖത്ത് വലിയ സന്തോഷം നിറഞ്ഞിട്ടുണ്ട്.

"എന്തിനാണ് ഉമ്മാ ഹാജിയാര് വന്നത്.?"

അവൾ മെല്ലെ ചോദിച്ചു.

"ഇന്നലെ നിന്നോട് പറഞ്ഞയച്ച കാര്യത്തിനുതന്നെ. നിന്നെ പുതുപ്പെണ്ണായി കൊടുക്കുമോ എന്ന് ചോദിക്കാൻ."

ഉമ്മയുടെ ശബ്ദം ശാന്തമായിരുന്നു.

"ഉമ്മാ... ഞാൻ..."

"ഒരേയൊരു ആൺതരിയാണ്.കാണാൻ സുന്ദരൻ.ഇഷ്ടംപോലെ സ്വത്ത്. അൽപം ചീത്തകൂട്ടുകെട്ടൊക്കെ ഉണ്ട്. അതിന്നത്തെകാലത്ത് ആർക്കാണ് ഇല്ലാത്തത്.അതെല്ലാം മാറ്റിയെടുക്കാവുന്നതല്ലേയുള്ളൂ..."

അവൾ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ ഉമ്മാ വീണ്ടും തുടർന്നു.

"ഞാൻ പറഞ്ഞെന്നേയുള്ളൂ... നിർബന്ധിക്കുകയാണെന്നു കരുതരുത്.നീയാണ് തീരുമാനം എടുക്കേണ്ടത്. വേറെ പെൺകുട്ടികളെ കിട്ടാഞ്ഞിട്ടൊന്നും ആവില്ലല്ലോ... ഈ കണ്ട സ്വത്തും ബന്ധവുമൊക്കെയുള്ള ആളല്ലേ.നിന്നെ ഹാജിയാർക്ക് ഒരുപാട് ഇഷ്ടമായിരിക്കണൂ...അതുകൊണ്ടാണ്. മോള് ഈ കാര്യത്തിന് സമ്മതിച്ചാൽ മോളുടെ ഭാവിമാത്രമല്ല ഈ കുടുംബം തന്നെ രക്ഷപ്പെടും."

ഉമ്മാ പറഞ്ഞുനിറുത്തി.

ആധിപിടിച്ച മനസ്സ് വീണ്ടും വെന്തുരുക്കാൻ തുടങ്ങി.എന്തു പറയണമെന്നറിയില്ല.ഒരുഗ്ലാസ് വെള്ളമെടുത്തു കുടിച്ചിട്ട് കൂട്ടിൽനിന്ന് ആടിനെയും അഴിച്ചുകൊണ്ട് ഇറങ്ങിനടന്നു.ഇടവഴി കടന്ന് നേരെ പോയത് തൊട്ടടുത്തുള്ള കുന്നിൻമുകളിലെ പാറയിലേയ്ക്കാണ്. അവിടെ നീണ്ടുപരന്നുകിടക്കുന്ന പാറക്കൂട്ടങ്ങൾക്കരികിൽ ആടിനെ മേയാൻ വിട്ടിട്ട് കല്ലുകളിൽ ഒന്നിൽ കയറിയിരുന്നു.പണ്ടുകാലങ്ങളിൽ നെല്ലും കപ്പയും ഒക്കെ ഉണങ്ങാൻ ഉപയോയിഗിച്ചിരുന്ന പാറയാണ്.അന്നൊക്കെ ഉമ്മയോടൊപ്പം അവളും വരുമായിരുന്നു.മഴക്കാലമായാൽ ആളുകൾ ഇവിടേയ്ക്ക് വരാതാവും.ഇപ്പോൾ ആരും ഒന്നിനും പാറയെ ആശ്രയിക്കാറില്ല.

മേഘാവൃതമായ ആകാശത്ത് കാർമേഘം സൂര്യനെ പൊതിയുന്ന കാഴ്ച.ഏതാനും നേരത്തെ ഇരുട്ട്. വീണ്ടും സൂര്യൻ മറനീക്കി പുറത്തുവരുന്നു. കാർമേഘം പൂർണ്ണമായും മാറിയപ്പോൾ മങ്ങിപ്പോയ പ്രഭ ഇരട്ടിയോടെ തെളിഞ്ഞെത്തുന്നു. കാഴ്ചയുടെ കൗതുകലോകത്തുനിന്ന് മനസ്സ് വീണ്ടും ഭയപ്പെടുത്തുന്ന ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള ചിന്തകളിലേയ്ക്ക് വഴുതിവീണു.

വിവാഹത്തേക്കുറിച്ച് ഇതുവരെ മനസ്സിൽ ഒരു ചിന്തപോലും ഉണ്ടായിട്ടില്ല. പഠിപ്പുനിറുത്തിയ നാളുമുതൽ കുടുംബത്തിന്റെ കഷ്ടതകൾ അകറ്റാൻ ഉമ്മയെ കഴിവുപോലെ ജോലിയെടുത്ത് സഹായിക്കുക എന്നതുമാത്രമായിരുന്നു ചിന്ത.പലപ്പോഴും ദാരിദ്രം പിടികൂടിയിട്ടുണ്ടെങ്കിലും പട്ടിണികിടക്കാതെ കുടുംബത്തെ ഇതുവരെ നോക്കാൻ കഴിഞ്ഞു.. ആ ഒരു ആശ്വാസം ഉണ്ട് മനസ്സിന്.ഇന്നിതാ വല്ലാത്തൊരു പ്രതിസന്ധി തന്നെ കാത്തുനിൽക്കുന്നു. ഹാജിയാരുടെ വഴിപിഴച്ച മകന്റെ ഭാര്യയാവുക.അതുവഴി കുടുംബത്തെകൂടി രക്ഷപ്പെടുത്തുക.

അല്ലെങ്കിൽ പറ്റില്ലെന്നുപറയുക.അതുവഴി നിഷേധി,അഹങ്കാരി,കുടുംബസ്നേഹമില്ലാത്തവൾ,നന്ദിയില്ലാത്തവൾ എന്നിങ്ങനെയെല്ലാം ഉള്ള പേര് സമ്പാദിച്ചുകൊണ്ട് ഉള്ള ജോലിപോലും നഷ്ടപ്പെടുത്തിക്കൊണ്ട് കഴിഞ്ഞുകൂടുക. രണ്ടിൽ ഏത് തിരഞ്ഞെടുക്കും.

ആടിനെ കെട്ടിയിട്ട് തിരികെ പോകുന്നവഴി അവൾ സൽമ ഇത്തയുടെ വീട്ടിൽ കയറി.ഇത്താ തുണിയലക്കുകയാണ്.ദൂരെനിന്നെ ഇത്താ അവളെ കണ്ടിരുന്നു.അലക്കിയ തുണികൾ അയയിൽ തൂക്കിയിട്ട് കൈകഴുകി തുടച്ചുകൊണ്ട് ഇത്താ അവളുടെ അടുക്കലേയ്ക്ക് വന്നു.

"അല്ലാ നീയോ... എന്താ പതിവില്ലാതെ ഈ സമയത്ത്.?"

"ഒന്നൂല്ല വെറുതേ ആടിനെ കെട്ടാൻ പോയതാ..."

"ആടിനെ കെട്ടാനോ ഈ നട്ടുച്ചയ്ക്ക് നിനക്കെന്താ ഭ്രാന്താണോ.?"

അപ്പോഴാണ് ഓർത്തത്‌.സമയം ഉച്ചയാണ്. ആടിനെ തീറ്റാനിറക്കുന്ന സമയമായിട്ടില്ല.സൂര്യൻ കത്തിജ്വലിക്കുകയാണ്.

"എന്താടീ കാര്യം പറയ്...വാ കയറിയിരിക്ക്."

മടിച്ചുമടിച്ച്‌ ഇത്തയുടെ വീട്ടുവരാന്തയിലേയ്ക്ക് അവൾ കയറി.ഇത്തയുടെ കുട്ടികൾ അകത്തിരുന്നു ടീവീ കാണുകയാണ്. ഭർത്താവ് പുറത്തുപോയിരുന്നു.

അതറിഞ്ഞപ്പോൾ അവൾക്ക് അൽപ്പം സമാധാനമായി.ഇത്തയോടു കാര്യം പറയാം.ഒരു പരിഹാരം നിർദേശിക്കാൻ ഇത്താക്ക് കഴിയാതിരിക്കില്ല.

"ഇത്താ..ഞാനൊരു വലിയ പ്രതിസന്ധിയിലാണ്.നിങ്ങൾ ഇതിനൊരു പരിഹാരം നിർദേശിച്ചു തരണം.ദയവായി എന്നെ രക്ഷിക്കണം. മറ്റാരോടും എനിക്ക് ഇത് പറയാനില്ല."

ദുർബലമായ ശബ്ദത്തിൽ അവൾ പറഞ്ഞു.

"കാര്യം എന്തെന്ന് നീ പറ. എന്നെക്കൊണ്ട് കഴിയുന്നതുപോലെ ഞാൻ നിന്നെ സഹായിക്കാം."

ഇത്താ അവളെ ഉറ്റുനോക്കിക്കൊണ്ട് ഇരുന്നു. അവൾ കാര്യങ്ങൾ വിശദീകരിച്ചുപറഞ്ഞുകേൾപ്പിച്ചു.ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നിട്ട് ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ ഇത്താ പറഞ്ഞു.

"നീ സങ്കടപ്പെടണ്ട.ഇതൊരു നല്ല കാര്യമായിട്ടുതന്നെ കരുതണം. നിന്നെ തേടിയെത്തിയൊരു ഭാഗ്യമായിട്ട്. ആ കൊച്ചനെ ഞാൻ കണ്ടിട്ടുണ്ട്. നല്ലവനാണ് സുന്ദരനും.പിന്നെ കൂട്ടുകെട്ടിന്റെ ദുശീലങ്ങൾ...അത് നിന്നെപ്പോലൊരു പെണ്ണ് വിചാരിച്ചാൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ...അള്ളാഹു നിനക്ക് ഇതുവിധിച്ചത് നല്ലതിനുവേണ്ടിയാണെന്ന് എന്റെ മനസ്സ് പറയുന്നു.മനുഷ്യജീവിതത്തിൽ ഇങ്ങനെ എന്തെല്ലാം പ്രതിസന്ധികൾ നമ്മൾ അതിജീവിച്ചാലാണ്."

ഇത്താ അവളെ ചേർത്തുപിടിച്ചു.ഉള്ളിൽ തറക്കുന്ന വാക്കുകൾ. ഇത്ത പറഞ്ഞതുപോലെ ചെയ്യാൻ അവൾ തീരുമാനിച്ചു.ആ ഒരു സംതൃപ്തിയോടെ അവൾ വീട്ടിലേയ്ക്ക് നടന്നു.

വീട്ടിലെത്തുമ്പോൾ ആരും ഊണ് കഴിച്ചിട്ടില്ല. സഹോദരിമാർ രണ്ടുപേരും എന്തോ വലിയ ദുരന്തം സംഭവിച്ചതുപോലെ രണ്ടിടത്തായി ഇരിപ്പുണ്ട്.

"ഉമ്മാ...ഉമ്മാ..."

അവൾ വിളിച്ചു.

"ഉമ്മാ കിടക്കുകയാണ്. തലവേദന എടുക്കുന്നെന്നു പറഞ്ഞു."

മൂത്ത സഹോദരി മെല്ലെ പറഞ്ഞു. അവളുടെ മുഖത്ത് വലിയ ഇഷ്ടക്കേട് നിറഞ്ഞുനിൽക്കുന്നു.

ഉമ്മാ കിടക്കുന്ന മുറിയിലേയ്ക്ക് ചെന്നുകൊണ്ട് കട്ടിലിന്റെ അരികിൽ ഇരുന്നുകൊണ്ട് അവൾ മെല്ലെ പറഞ്ഞു.

"ഉമ്മാ... ഞാൻ കല്ല്യാണക്കാര്യത്തെ കുറിച്ച് നന്നായി ആലോചിച്ചു. ഒരു തീരുമാനത്തിൽ എത്തുകയും ചെയ്തു. എനിക്ക് സമ്മതമാണ്... ഹാജിയാരുടെ മകന്റെ ഭാര്യയാകാൻ എനിക്ക് സമ്മതമാണ്. നമ്മുടെ കുടുംബം രക്ഷപ്പെടാൻ കൂടി വേണ്ടിയിട്ടല്ലേ... പോരാത്തതിന് ആ ചെറുക്കൻ നല്ലവനാണെന്നും ചീത്ത സ്വഭാവമൊക്കെ മാറ്റിയെടുക്കാമെന്നുമൊക്കെ ഉമ്മയെപ്പോലെ സൽമ ഇത്തയും പറഞ്ഞു."

ഉമ്മാ കേട്ടതത്രയും സത്യമാണോ എന്നറിയാനായി അവളുടെ മുഖത്തേയ്ക്ക് ഏതാനുംനിമിഷം നോക്കിയിരുന്നു. എന്നിട്ട് വല്ലാത്തൊരു നെടുവീർപ്പിടെ അവളെ കെട്ടിപ്പിടിച്ചു മുത്തങ്ങൾകൊണ്ട് പൊതിഞ്ഞു.

തുടരും...


ഭാഗം - 7

രണ്ടുദിവസം ജോലിക്ക് പോയില്ല.വെറുതേ ലീവെടുത്തു. മൂന്നാമത്തെ ദിവസം കടയിൽ ചെല്ലുമ്പോൾ മുൻകൂട്ടി പറയാതെ ലീവെടുത്തതിന് ഹാജിയാർ ദേഷ്യപ്പെടുമോ എന്നൊരു ഭയമുണ്ടായിരുന്നെങ്കിലും മകന്റെ ഭാര്യയാകാൻ പോകുന്നവൾ എന്നനിലയിൽ എന്നത്തേയുംപോലെ വഴക്കുപറയില്ലെന്നൊരു തോന്നൽ അവൾക്കുണ്ടായിരുന്നു.


കൃത്യസമയത്തുതന്നെ കടയിലെത്തി പതിവുപോലെ വസ്ത്രങ്ങൾ മാറി സെയിൽസ് സെക്ഷനിലേയ്ക്ക് ചെല്ലുമ്പോൾ ജമീല ഇത്താക്കൊപ്പം മറ്റൊരു പെൺകുട്ടി നിൽക്കുന്നത് കണ്ടു. ഇത്താ അവൾക്ക് ജോലിയെക്കുറിച്ചും മറ്റും പറഞ്ഞുകൊടുക്കുകയാണ്.

"ആരാ ഇത്താ ഈ പുതിയ ആള്.?"

ഇത്താ ഒരു പുഞ്ചിരിയോടെ അവളെനോക്കി. എന്നിട്ട് കരം കവർന്നുകൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.

"നീ ഭാഗ്യമുള്ളവളാണ്. ഈ കുഞ്ഞുപ്രായത്തിൽ തന്നെ ഇവിടുള്ളവരുടെയൊക്കെ ബഹുമാനം നേടിയെടുക്കാനായവൾ."

പൂർണ്ണമായും ഇത്താ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഹാജിയാരുടെ മരുമകളാകാൻ പോകുന്നവൾ എന്ന ധ്വനി ആ വാക്കുകളിൽ നിന്നും അവൾക്ക് മനസ്സിലായി.

ഒന്നും പറഞ്ഞില്ല. വെറുതേ ഇത്തയെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് തന്റെ ജോലിയിൽ വ്യാപൃതയാകാൻ തുടങ്ങുമ്പോൾ ഇത്താ അവൾക്ക് അരികിലെത്തി.

"വേണ്ട... ഇനി നീയിതൊന്നും ചെയ്യേണ്ട. നിനക്ക് പകരക്കാരിയായിട്ടാണ് പുതിയ പെൺകുട്ടി വന്നിട്ടുള്ളത്. അല്ലേലും ഇനി നീയിതു ചെയ്യുകാന്നു പറഞ്ഞാൽ.?"

"പിന്നല്ലാതെ.?"

"ക്യാഷ്യറുടെ സ്ഥാനത്തിരിക്കുക. പണം മേടിച്ചുവെക്കുക. ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തുക. അതൊക്കെയാണ് ഇനി മോളുടെ പണി."

"ആരാ പറഞ്ഞത് ഇങ്ങനൊക്കെ.?"

"ഹാജിയാർ, എല്ലാം എന്നോടും മാനേജരോടും പറഞ്ഞേൽപ്പിച്ചിട്ടുണ്ട്."

ഇത്താ അവളുടെ കൈപിടിച്ച് മാനേജർക്ക് അരികത്തുള്ള കസേരയിൽ കൊണ്ടുചെന്നിരുത്തി. ക്യാഷ്യർ കുറേ പണം കൊടുത്തിട്ട് എണ്ണിനോക്കാൻ പറഞ്ഞു. അത് എണ്ണിനോക്കുമ്പോൾ വല്ലാത്ത പരിഭ്രമം തോന്നി. ശരീരത്തിൽ വിയർപ്പുകണങ്ങൾ മൊട്ടിട്ടു. കസ്റ്റമേഴ്സിന്റെ നടുക്ക് വെന്തുരുകി നിൽക്കേണ്ടുന്ന സമയത്ത്... ഫാനിന്റെ അടിയിൽ കസേരയിൽ ഇരിക്കുമ്പോൾ അവൾക്ക് എന്തൊക്കെയോ തോന്നി. ഈ സമയം പുഞ്ചിരിയോടെ ജയരാമൻ സാർ പറഞ്ഞു.

"പരിഭ്രമം വേണ്ട... സാവധാനം ഓരോന്നും നോക്കി ചെയ്‌താൽ മതി."

"നോട്ടും ചില്ലറയും വെവ്വേറെ വെക്കണം.പണം വാങ്ങുമ്പോഴും ബാക്കി കൊടുക്കുമ്പോഴും രണ്ടുവട്ടം എണ്ണി തിട്ടപ്പെടുത്തണം."

തുടർന്ന് എങ്ങനെയാണു കണക്കുകൾ ശരിയാക്കേണ്ടത് എന്നുമൊക്കെ അയാൾ പറഞ്ഞുകൊടുത്തു.

കടയിൽ തിരക്കേറി വന്നുകൊണ്ടിരുന്നു. വലിയവരുടെയും കുട്ടികളുടെയും ശബ്ദംകൊണ്ട് അവിടമാകെ നിറഞ്ഞു. ഈ സമയം പതിവുപോലെ മാനേജർക്കുള്ള ചായയുമായി അടുത്തുള്ള ബേക്കറിക്കാരൻ കടന്നുവന്നു.ജയരാമൻ സാറിനോപ്പം ഒന്ന് അവൾക്കും കിട്ടി.നല്ല രുചികരമായ ചായ. മറ്റുള്ള സഹപ്രവർത്തകരെ നോക്കിക്കൊണ്ട് അവൾ മടിച്ചുമടിച്ചു ചായ കുടിച്ചു.

ഉച്ചയോടുകൂടി ഹാജിയാർ വന്നു. ഹാജിയാർ വന്നതോടെ കടയിൽ തിരക്ക് ഒന്നുകൂടി കൂടി.ആരെയും ശ്രദ്ധിക്കാതെ യാതൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം നേരെ ക്യാബിനിലേയ്ക്ക് വന്നു. ഇതുകണ്ട് അവൾ ബഹുമാനത്തോടെ എഴുന്നേറ്റുനിന്നു.ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഹാജിയാർ അവളോട്‌ ഇരിക്കാൻ പറഞ്ഞു.

"ജയരാമ... കാര്യങ്ങൾ എല്ലാം പറഞ്ഞുമനസ്സിലാക്കി കൊടുക്കണം.പണത്തിന്റെയും, കണക്കിന്റെയും എല്ലാം. ഇനി ഇതൊക്കെ നോക്കിനടത്തേണ്ടുന്ന ആളാണ് അതോർമ്മ വേണം."

"തീർച്ചയായും."

മാനേജർ മറുപടി പറഞ്ഞു.

അധികം വൈകാതെ ഹാജിയാർ പുറത്തേയ്ക്ക് നടന്നു.കാറിൽ കയറി ഓടിച്ചുപോയി.

വൈകിട്ട് വീട്ടിലെത്തി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ കാര്യങ്ങളെല്ലാം ഉമ്മയോട് വിശദീകരിച്ചു പറഞ്ഞു.എല്ലാം കേട്ടുകഴിഞ്ഞു ഉമ്മാ പറഞ്ഞു.

"നമ്മുടെ കഷ്ടപ്പാടൊക്കെ മാറുകയാണ് മോളേ... ഒരു കുന്നിന് ഒരിറക്കം ഉണ്ടെന്നുപറയുന്നതുപോലെ നമ്മുടെ ദുഃഖത്തിനൊക്കെ പകരം പടച്ചവൻ സന്തോഷം തരുന്നതാണ്."

അവൾ ഒന്നും മിണ്ടാത്തെ എല്ലാം കേട്ടുകൊണ്ട് അങ്ങനെയിരുന്നു.

അത്താഴം കുടിച്ചു കിടക്കാനൊരുങ്ങും നേരം ഉമ്മാ അവളുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു.

"പിന്നെ ഒരുകാര്യം പറയാനുണ്ട്.നമ്മുടെ മുഹ്‌സിനാക്ക് ഒരു കല്യാണലോചന...ചെറുക്കന് അവളെ കണ്ടു വല്ലാതെ ബോധിച്ചിരിക്കണ്. ചെറുക്കന് ഗൾഫിലാണ് ജോലി. സമ്മതമാണെങ്കിൽ അടുത്തദിവസം കാണാൻ വരാന്നു. ഞാൻ പറഞ്ഞു അവള് പഠിക്കുകയാണെന്ന്. അതിന് ഇനിയും പഠിക്കാല്ലോ എന്നുപറഞ്ഞു.കേട്ടപ്പോൾ മുഹ്‌സിനാക്കും സമ്മതം.അവളും ഓനെ കണ്ടിട്ടുണ്ടത്രേ. നിന്റെ കല്യാണത്തിന്റെ കൂടെ ഇതുംകൂടി നടത്തിയാലോ മോളേ.?"

ഉമ്മാ ആകാംഷയോടെ അവളെ നോക്കി.

"നല്ലതാണെങ്കിൽ നടത്താം.പിന്നെ എന്നെ കാണാൻ ഇതുവരെ ആള് വന്നില്ലല്ലോ.?"

"അതെന്നാണെന്നു നമ്മൾ പറഞ്ഞാൽ മതി.ചെറുക്കൻ വരുമെന്നാണ് ഹാജിയാർ പറഞ്ഞത്."

അവൾ പലതും ആലോചിച്ചു. സഹോദരിയുടെ കാര്യം ആലോചിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം മനസ്സിൽ നിറഞ്ഞു. സ്വന്തം കാര്യം ഓർക്കുമ്പോൾ എന്തൊക്കെയോ അസ്വസ്ഥത മനസ്സിൽ നിറയുകയും ചെയ്യുന്നു.

പിറ്റേദിവസം ഉച്ചയോടുകൂടി ഗൾഫുകാരനായ യുവാവും സുഹൃത്തും കൂടി മുഹ്‌സിനാനെ പെണ്ണുകാണാൻ വന്നു. ചെറുക്കനെ എല്ലാവർക്കും ഇഷ്ടമായി.വെളുത്തുമെലിഞ്ഞ സുന്ദരനായ യുവാവ്. വിനയമുള്ള സംസാരവും പെരുമാറ്റവും.

ഉച്ചകഴിഞ്ഞപ്പോൾ മുംതാസിനെ കാണാനായി മുനീറും ഒരു കൂട്ടുകാരനും പിന്നെ ജയരാമൻ സാറും കൂടി വന്നു.ഈ സമയം സൽമ ഇത്തയെയും അവൾ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു.

മുനീറിനെ ഒന്നുരണ്ടുവട്ടം കടയിൽ വന്നുകണ്ടിട്ടുണ്ട്. അന്നൊന്നും കണ്ട ആളെയല്ല നേരിട്ടു കണ്ടപ്പോൾ. മുണ്ടും ഷർട്ടുമാണ് വേഷം.പുഞ്ചിരിയോടെ ഉമ്മാ അവരെ സ്വീകരിച്ചിരുത്തി.

മുനീറും സുഹൃത്തും പുഞ്ചിരിയോടെ കസേരയിലിലിരുന്നു.

അവൾക്ക് ഇറങ്ങിചെല്ലാൻ മടിയായി.

"ഇറങ്ങിചെല്ല്. നിന്നെ കാണാനല്ലേ അവർ വന്നിരിക്കുന്നത്. ഞങ്ങളെ കാണാനല്ലല്ലോ...സൽമ ഇത്ത തമാശയോടെ പറഞ്ഞു."

അവൾ മെല്ലെ തിണ്ണയിലേക്കിറങ്ങി.ഈ സമയം ഉമ്മാ ചായ കൊണ്ടുചെന്ന് കൊടുത്തു. എന്നിട്ട് മുനീറിനെ ആകമാനമൊന്നു നോക്കി പുഞ്ചിരിച്ചിട്ട് അകത്തേയ്ക്ക് നടന്നു.ചുണ്ടിൽ സന്തോഷം നിറഞ്ഞുനിൽക്കുന്നുണ്ട്‌.

ചായ കുടിച്ചുകൊണ്ടിരുന്ന മുനീർ അവളെനോക്കി പുഞ്ചിരിച്ചു. ഈ സമയം ജയരാമൻ സാർ പറഞ്ഞു.

"നിങ്ങൾക്ക് എന്തെകിലും സംസാരിക്കാനോ മറ്റോ ഉണ്ടെങ്കിൽ ആവാം."

മുംതാസിനു പിന്നാലെ മുനീറും അകത്തെ മുറിയിലേയ്ക്ക് നടന്നു.വിലകുറഞ്ഞ കട്ടിലും പഴംതുണികളും നിറഞ്ഞ മുറി. നിറം മങ്ങി അടർന്നുതുടങ്ങിയ ചുമരുകൾ.ആ ചുമരിൽ ചാരി കണ്ണുകളിൽ വിശാദമൊളിപ്പിച്ച പുഞ്ചിരിയുമായി മുംതാസ്.കണ്ണുകളിൽ സങ്കടമാണോ... തന്നോട് അനിഷ്ടം ഉണ്ടാകുമോ...അവൻ ചിന്തിച്ചു.

"പരസ്പരം അറിയുന്നവരായ സ്ഥിതിക്ക് പരിചയപ്പെടലിന്റെ ആവശ്യമൊന്നും ഇല്ലല്ലോ. ബാപ്പയും ഉമ്മയും വലിയ സങ്കടത്തിലാണ്. ഞാനൊരു പെണ്ണുകെട്ടിക്കാണാൻ. പക്ഷേ,അറിഞ്ഞുകൊണ്ട് ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് എന്റെയൊരു ഇത്.നിന്നെ കാണുക, സംസാരിക്കുക...അതിനാണ് വന്നത്.എന്നെക്കുറിച്ച് എല്ലാം മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ...പൂർണ്ണമായും ഇഷ്ടമായാൽ മാത്രം പറഞ്ഞാൽ മതി. ബാധ്യതയുടെയും കടപ്പാടിന്റെയും പുറത്ത് ഒന്നിനും സമ്മതിക്കരുത്."

അവന്റ വാക്കുകർ ഉറച്ചതായിരുന്നു.

അവൾ ഒന്നും മിണ്ടിയില്ല. ഉള്ളിൽ വല്ലാത്ത ചങ്കിടിപ്പോടെ ഏതാനും നേരം നിന്നു.എന്നിട്ട് മെല്ലെ ചോദിച്ചു.

"വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മാത്രമാണോ വിവാഹത്തിന് തയ്യാറായത്.?"

"അതുകൊണ്ട് മാത്രമല്ല.ആദ്യമായി കണ്ടനാൾ മുതൽ എനിക്ക് തന്നെ ഇഷ്ടമായി.തട്ടമിട്ട് ലളിതമായ വസ്ത്രങ്ങൾ അണിഞ്ഞു യാഥാസ്തികയായ ജീവിക്കാൻ വേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന ഒരു പെണ്ണ്. ഇവളെ വധുവായി കിട്ടിയെങ്കിൽ എന്ന് അന്ന് വെറുതേ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇങ്ങനൊരു നിർദേശം വീട്ടുകാർ വെച്ചപ്പോൾ അത് ഉറപ്പായി.നീ തന്നെയാണ് എന്റെ പെണ്ണെന്ന് മനസ്സിലിരുന്നാരോ പറയുന്നതുപോലെ.നിനക്ക് എതിർപ്പൊന്നും ഇല്ലെന്നുകരുതിക്കൊണ്ട് ഞാൻ പോകുന്നു."

അവൻ തിരിച്ചുനടന്നു.പിന്നാലെ അവളും.

പിന്നെ ഒന്നും പറയാൻ തോന്നിയില്ല. പുറത്ത് ജയരാമൻ സാറും സുഹൃത്തും ഉമ്മയുമൊക്കെ സംസാരിച്ചിരിക്കുകയാണ്. മുറിയിൽ നിന്നും പുറത്തിറങ്ങുന്ന തന്റെ മുഖഭാവം അവർ ശ്രദ്ധിക്കുക സോഭാവികം.പുഞ്ചിരിയോടെ അവൾ പുറത്തേയ്ക്ക് നടന്നു.

തുടരും...


ഭാഗം - 8

വിവാഹത്തിന് ഒരുമാസത്തെ അവധിയേയുള്ളൂ. അതിനിടയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതുണ്ട്. അതെന്തൊക്കെയാണെന്ന് ചിന്തിച്ചിരിക്കുമ്പോൾ ഉമ്മാ അവളുടെ അരികിലെത്തി.


"മോളേ നാളെത്തന്നെ വീട് പൊളിച്ചുമേയാനും മറ്റ് അറ്റകുറ്റപ്പണികൾ ചെയ്യാനുമൊക്കെയായി ആളുകൾ വരുമെന്ന് ഹാജിയാർ അറിയിച്ചിട്ടുണ്ട്."

പിറ്റേന്ന് രാവിലെതന്നെ ഹാജിയാർ പറഞ്ഞയച്ചതുപ്രകാരം ഏതാനും ജോലിക്കാർ പണിക്കെത്തി. വീട് പൊളിച്ചുമേയുന്നതിനൊപ്പം ഒരു മുറികൂടി കൂട്ടിയെടുക്കാനാണ് തീരുമാനം.അതിനുവേണ്ടുന്ന സാധനങ്ങളൊക്കെ വണ്ടിയിൽ വന്നെത്തി.

അതിവേഗം പണികൾ ആരംഭിച്ചു. പണിക്കാർക്ക് നിർദേശം കൊടുക്കാനും കൂലികൊടുക്കാനുമൊക്കെയായി ഹാജിയാർ ഇടക്കൊക്കെ വന്നുപോയി. ജോലിക്കാർക്ക് വേണ്ടുന്ന ഭക്ഷണം ഉമ്മയും മക്കളും കൂടി ഉണ്ടാക്കിക്കൊടുത്തു. ജോലിക്കാർ പുറത്തുനിന്ന് ഭക്ഷണം കഴിച്ചുകൊള്ളുമെന്ന് പറഞ്ഞെങ്കിലും ഇതെങ്കിലും ചെയ്യാനുള്ള അവകാശം ഞങ്ങൾക്ക് നൽകണമെന്ന് ഉമ്മാ ഹാജിയാരോട് പറഞ്ഞു.

തുണിയെടുക്കണം. ബന്ധുക്കളെയും,അയൽക്കാരെയും,സുഹൃത്തുക്കളെയുമൊക്കെ ക്ഷണിക്കണം. കല്യാണം ഒന്നല്ല രണ്ടെണ്ണമാണ് ഒരുമിച്ചു നടക്കാൻ പോകുന്നത്.എല്ലാത്തിനും കുടുംബത്തിലെ മൂത്തയാൾ എന്നനിലയിൽ മുംതാസ് ഓടിനടന്നു.സൽമ ഇത്താ ലീവെടുത്ത് ഒരു സഹോദരിയുടെ സ്ഥാനത്തു നിന്നുകൊണ്ട് എല്ലാത്തിനും സഹായം നൽകി. അത് അവൾക്ക് വലിയൊരു ആശ്വാസമായി.

നിറംമങ്ങി ചുമരുകൾ അടർന്നുവീണു ചോർന്നൊലിക്കുന്ന ആ പഴയ വീടല്ല ഇന്ന്.അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു മനോഹര ഭവനമായി അത് മാറിയിരിക്കുന്നു. ഹാജിയാരുടെ ജോലിക്കാർ വീട് പൊളിച്ചുമേഞ്ഞു. ഒരുമുറി കൂട്ടിയെടുത്തു. ചുമരുകൾ തേച്ച് പെയിന്റടിച്ചു. മുറ്റം കെട്ടിതിരിച്ചു. ഹാജിയാരുടെ മകന് വിവാഹം കഴിച്ചു കയറിവരാൻ തക്ക സൗകര്യവും ഭംഗിയുമൊക്കെ ആ വീടിന് കുറച്ചെങ്കിലും കൈവന്നെന്ന് എല്ലാവർക്കും തോന്നി.

ബന്ധുക്കളെയും അയൽക്കാരെയുമൊക്കെ കല്യാണം വിളിച്ചുകഴിഞ്ഞു. മുംതാസിനും സഹോദരിക്കുമുള്ള കല്യാണവസ്ത്രങ്ങൾ കടയിൽ നിന്നുതന്നെ എടുത്തു തയ്ക്കാൻ കൊടുത്തു.ഇനി ഭക്ഷണത്തിനുള്ള സാധനങ്ങളും മറ്റും വാങ്ങണം.ഇറച്ചി ഓർഡർ ചെയ്യണം. ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം നടത്തുന്നതെങ്കിലും തലേദിവസം ചെറിയൊരു പന്തൽ മുറ്റത്തിട്ട് കുറച്ചുപേർക്കെങ്കിലും  ഭക്ഷണം കൊടുക്കണം.പന്തലുകാരെ ഏൽപ്പിക്കണം.മുംതാസ് ആധിയോടെ മനസ്സിലോർത്തു. എല്ലാത്തിനും എങ്ങനാണ് ഹാജിയാരുടെ സഹായം പറ്റുന്നത്.

അന്ന് ഉച്ചയോടുകൂടി ഹാജിയാരുടെ കാർ മുറ്റത്തുവന്നുനിന്നു. എല്ലാം ഹാജിയാർ വേണ്ടതുപോലെ ഇടപാട് ചെയ്തിട്ടുണ്ട്. ഒന്നിനും ഭയക്കേണ്ട.പന്തലുകാരും പാചകക്കാരുമൊക്കെ സമയത്തെത്തും.

ഹാജിയാർ പോയിക്കഴിഞ്ഞതും അപകർഷതകൊണ്ട് തല കുനിഞ്ഞുപോകുന്നതുപോലെ മുംതാസിനു തോന്നി. ഈ സമയം സൽമ ഇത്ത അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

"ഇതിലൊന്നും ഒട്ടും കുറച്ചിൽ മോള് വിചാരിക്കണ്ട.ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കുന്നു എന്നുകരുതിയാൽ മതി.ഇത് ലോകനിയമമാണ്.പടച്ചവൻ പറഞ്ഞിട്ടുള്ളത്."

പൂർണ്ണമായല്ലെങ്കിലും ഇത്തയുടെ വാക്കുകൾ അവൾക്ക് അൽപം ആശ്വാസം പകർന്നു.ഹാജിയാരോടും കുടുംബത്തിനോടുമുള്ള കടപ്പാട് കൂടിക്കൂടി വരികയാണ്.അവൾ മനസ്സിലോർത്തു. കല്യാണദിവസം വന്നെത്തി.

രണ്ടുകല്യാണങ്ങൾ ഒരേദിവസം.ആ നാട്ടിൽ ആദ്യമായിരുന്നു. അതും നാടടച്ചുവിളിച്ചുള്ള കല്യാണം.ടൗണിലെ പേരുകേട്ട ഓടിറ്റോറിയത്തിൽ വെച്ച് സൽക്കാരം.രണ്ടുകൂട്ടം ഇറച്ചി ബിരിയാണി .ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. ചിലരെങ്കിലും ചെറുതായി അസൂയപ്പെടാതിരുന്നില്ല.

രണ്ടുനിക്കാഹുകൾ മുന്നും പിന്നുമായി പള്ളിയിൽ വെച്ച് നടന്നു.വാപ്പയുടെ സ്ഥാനത്തുനിന്ന് നിക്കാഹ് നടത്തിക്കൊടുത്തത് മൂത്താപ്പയാണ്.ഈ സമയം ഉമ്മയുടെ മനസ്സ് തേങ്ങുകയായിരുന്നു. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞുതൂവി.എല്ലാത്തിനും കാരണക്കാരനായ ഹാജിയാരുടെ നന്മക്കായി അവർ മൂകയായി പ്രാർത്ഥിച്ചു.

എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു. വീട്ടിൽ ഏതാനും അടുത്ത ബന്ധുക്കളും,പിന്നെ സൽമ ഇത്തയും കുറച്ച് അയൽക്കാരും മാത്രം.

രണ്ടുജോഡി പുതുപ്പെണ്ണും മണവാളന്മാരും.ഓരോരുത്തരും അവരവർക്കായി പ്രത്യേകം ഒരുക്കിയിരുന്ന മുറിയിൽ കടന്നു.വസ്ത്രങ്ങളും മറ്റും മാറി.

മുംതാസ് അതിസുന്ദരിയായിരുന്നു. വിവാഹവസ്ത്രങ്ങൾ മാറ്റി വീട്ടിലെ വസ്ത്രങ്ങൾ അണിഞ്ഞപ്പോൾ അവളുടെ ഭംഗി ഒന്നുകൂടി കൂടി.ശരീരം നിറയെ ആഭരണങ്ങൾ.മുറിയിലെങ്ങും മുല്ലപ്പൂവിന്റെ സുഗന്ധം.

ആദ്യരാത്രി.എല്ലാവരുടെയും ജീവിതത്തിലെ പ്രാധാന്യമുള്ള രാത്രി.അത്താഴം കഴിഞ്ഞ് അയൽക്കാരൊക്കെ വിടപറഞ്ഞു പോവുകയും മറ്റുള്ളവർ ഉറങ്ങാനായി ഒരുങ്ങുകയും ചെയ്തപ്പോൾ മുനീറിന്റെ ഹൃദയം തുടിക്കുകയായിരുന്നു. മുംതാസിനെ അടുത്തൊന്നു കിട്ടാൻ. മണിയറവാതിൽ തുറന്നുകൊണ്ട് അവൻ അകത്തുകടന്നു.എന്നിട്ട് കതകുചാരി കുറ്റിയിട്ടു.

കട്ടിലിന്റെ ഒരരികിലായി മുംതാസ് ഇരിക്കുന്നു. ഒരു സ്വർഗീയസുന്ദരിയേപ്പോലെ. മണിയറ നന്നായി അലങ്കരിച്ചിട്ടുണ്ട്. മുല്ലപ്പൂവിതറിയ കിടക്ക.മേശപ്പുറത്തു പഴങ്ങൾ നിറഞ്ഞ പാത്രം. അരികത്തായി പാൽനിറച്ച ഗ്ലാസ്.കാൽപെരുമാറ്റം കേട്ടതും അവൾ എഴുന്നേറ്റു.

"അസ്സലാമു അലൈക്കും. കാത്തിരുന്നു മുഷിഞ്ഞോ.?"

അവൾ സലാം മടക്കി. എന്നിട്ട് നാണത്തോടെ തലകുമ്പിട്ടു നിന്നു. എന്ത് പറയണമെന്നറിയില്ല. ആകെയൊരു പരവേഷം.ആദ്യരാത്രിയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത് ഒരുപാട് ഉണ്ട് പക്ഷേ,

അവൻ പതുക്കെ അവൾക്കരികിലേയ്ക്ക് ചെന്നു. എന്നിട്ട് അവളുടെ ചുമലിൽ പിടിച്ച് തന്നോട് ചേർത്തു.

അവന്റെ സ്പർശനമേറ്റ് അവളൊന്നുഞെട്ടിയെങ്കിലും ആ നെഞ്ചിൽ ചേർന്നവൾ അങ്ങനെ നിന്നു.അവളുടെ ഹൃദയം വല്ലാതെ മിടിച്ചു.അതറിഞ്ഞിട്ടെന്നോണം അവൻ ചോദിച്ചു.

"എന്താ ഭയമുണ്ടോ...എന്തിന് സന്തോഷിക്കേണ്ടുന്ന ദിനമല്ലേയിന്ന്."

അവൾ പുഞ്ചിരിക്കാനൊരു ശ്രമം നടത്തി. പക്ഷേ, ആ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി.

"ഞാനൊന്നു ചോദിച്ചോട്ടെ... ഒരിക്കൽ ചോദിച്ചതാണ് എങ്കിലും സങ്കടമാവില്ലെങ്കിൽ..."

അവൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി ഒരുനിമിഷം.

"വാപ്പയുടെ നിർബന്ധമൂലം സഹോദരിമാരുടെ ഭാവിയെക്കരുതി മാത്രമാണോ ഈ വിവാഹത്തിന് തയ്യാറായത്.?"

കൂരമ്പു പോലെ ആ വാക്കുകൾ ഹൃദയത്തിലേയ്ക്ക് തുളഞ്ഞുകയറി.ഒരുനിമിഷം അവൾ ആലോചിച്ചു. ഈ രാത്രി കളവു പറയുന്നത് ശരിയല്ല.സത്യം തന്നെ പറയണം. കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

"നമ്മളെ തമ്മിൽ ബന്ധിപ്പിക്കാൻ ആദ്യത്തെ കാരണം അതാണ്.നിങ്ങളെന്നെ കാണാൻവരുന്നതുവരെ കുടുംബത്തിന്റെ രക്ഷമാത്രമായിട്ടാണ് ഞാൻ ഈ വിവാഹത്തെ കണ്ടത്.പക്ഷേ, അടുത്തുകണ്ടപ്പോൾ സംസാരിച്ചപ്പോൾ..."

അവളൊന്നു നിറുത്തി.

"പറയൂ...ബാക്കികൂടി പറയൂ..."

അവന്റെ ജിജിജ്ഞാസ കലർന്ന ശബ്ദം.

"സത്യമായിട്ടും നിങ്ങളെ എനിക്ക് ഇഷ്ടമായി.അതുവരെ നടന്നതൊക്കെയും നമ്മളെ കൂട്ടിമുട്ടിക്കാൻ പടച്ചവൻ ചെയ്തതാണെന്ന് എനിക്ക് തോന്നി."

"എനിക്ക് സന്തോഷമായി. ഇന്നുമുതൽ നമ്മളൊരു പുതിയ ജീവിതം തുടങ്ങുകയാണ്. നിന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ച അന്നുമുതൽ ഞാൻ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും പൂർണ്ണമായും മാറാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു."

അവന്റെ വാക്കുകൾ തേൻമഴപോലെ അവളുടെ കാതിൽ പെയ്തിറങ്ങി.അവൾ സന്തോഷം നിറഞ്ഞ മുഖത്തോടെ അവനെനോക്കി പുഞ്ചിരിതൂകി.അവൻ കൈവിരൽകൊണ്ട് അവളുടെ കണ്ണുകൾ തുടച്ചു.പൂർണ്ണചന്ദ്രനെപ്പോലെ അവളുടെ മുഖം തിളങ്ങി.

ജനാലവിടവിലൂടെ തണുപ്പിന്റെ കണികകൾ മുറിക്കുള്ളിലേയ്ക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു.ഉറക്കമുണർന്ന പാതിരാപുള്ളുകൾ എവിടെയോ ഇരുന്നു നീട്ടിപ്പാടി.

അവൻ തന്റെ പ്രിയതമയുടെ മുഖത്തേയ്ക്ക് നോക്കി. ഇവളെ സ്വന്തമാക്കാൻ കഴിഞ്ഞ താൻ ലോകത്തിൽ ഏറ്റവും ഭാഗ്യവനാണെന്ന വിശ്വാസത്തോടെ അവളുടെ കണ്ണുകളുടെ ആഴങ്ങളിലേയ്ക്ക് ഏതാനുംനേരം നോക്കിയിരുന്നിട്ട് അവളെ പതുക്കെ നെഞ്ചോട് ചേർത്തണച്ചു അവൻ.

തുടരും ...


ഭാഗം - 9

വിവാഹം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോൾ മുംതാസ് കടയിൽ പോകാൻ തുടങ്ങി. വെറുതെയിരുന്നു മുഷിയുന്നതിലും നല്ലതാണ് കടയിൽ പോയി അവിടുത്തെ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നതെന്ന് മുനീറും വീട്ടുകാരും അവളോട് പറഞ്ഞിരുന്നു. മുനീർ ഇപ്പോൾ പഴയ ആളല്ല, അനാവശ്യ കൂട്ടുകെട്ടുകളൊക്കെ നിറുത്തി ബിസ്സിനസ്സ് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. മദ്യപാനവും, ലഹരിമരുന്ന് ഉപയോഗവുമൊന്നും ഇല്ല.


കടയിൽ വന്നാൽ ജമീല ഇത്താ പഴയതുപോലെ തന്റെ അടുത്ത് വരാറില്ല. എന്തെങ്കിലും ആവശ്യത്തിന് വന്നാൽതന്നെ കാര്യം കഴിച്ച് പെട്ടെന്ന് പൊയ്ക്കളയും. പണ്ടൊക്കെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്ന, പരസ്പരം ദുഃഖങ്ങൾ പങ്കുവെച്ചിരുന്ന ആളാണ് പക്ഷേ, ഇന്ന് താൻ പഴയ ജോലിക്കാരിയല്ല ഉടമസ്ഥ ആണെന്ന ചിന്തയാകുമോ ഇതിനു കാരണം.മുംതാസ് ചിന്തിച്ചു.

ഇത്തയോടുള്ള തന്റെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഒരിക്കലും ഇത്താ തനിക്കൊരു അന്യയല്ല. വലിപ്പചെറുപ്പത്തോടെ പെരുമാറിയിട്ടില്ല. ഹാജിയാരുടെ മരുമകൾ, കടയുടെ ഉടമസ്ഥ എന്നഭാവം ഒരിക്കൽപോലും കാണിച്ചിട്ടില്ല. ഇത്തയോടെന്നല്ല ആരോടും അങ്ങനെ പെരുമാറാൻ തനിക്കാവില്ല. അവൾ ചിന്തിച്ചു... പിന്നെ എന്താണ് ഇത്തയുടെ അകൽച്ചയ്ക്ക് കാരണം.

ജോലികഴിഞ്ഞു പണിക്കാരെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. പുറത്ത് വെയിൽ ചാഞ്ഞുകഴിഞ്ഞു. തട്ടുകടക്കാരുടെയും,അന്തികച്ചവടക്കാരുടെയും ബഹളം എങ്ങും. പതിവുപോലെ ചായകുടിച്ചിട്ടു മുംതാസ് ക്യാബിനിൽ നിന്ന് പുറത്തിറങ്ങി.ജയരാമൻ സാർ അന്നത്തെ കച്ചവടത്തിന്റെ ചില കണക്കുകൾ ശരിയാക്കുന്ന തിരക്കിലാണ്.

ഡ്രസ്സിങ് റൂംമിൽ നിന്നും ഡ്രസ്സുമാറി ദൃതിയിൽ പുറത്തേക്കിറങ്ങുകയാണ് ജമീല ഇത്ത. ഹാൻഡ്ബാഗ് തോളിൽതൂക്കിയിട്ടുണ്ട്.

"ഇത്താ... "

അവൾ വിളിച്ചു.

"എന്താ മോളേ...?"

തലയിലെ തട്ടം ഒന്നുകൂടി നേരെയിട്ടുകൊണ്ട് ശബ്ദംതാഴ്ത്തി ഭവ്യതയോടെ ഇത്താ ചോദിച്ചു.

"എന്താണ് ഇത്താ... എന്നോട് വേണോ ഈ ബഹുമാനമൊക്കെ.?'

"അതുപിന്നെ... മോളേ ഞാൻ."

"ഏതുപിന്നെ ഒന്നുമില്ല."

"ജോലിക്കാര് എന്നും ജോലിക്കാരുതന്നെയല്ലേ മോളേ. ഉടമസ്ഥർ ഉടമസ്തരും."

"ഞാനും ഇത്തയെപ്പോലെ ഈ കടയിലെ ഒരു ജോലിക്കാരി അല്ലെ ഇത്ത.നമ്മളൊന്നിച്ചല്ലേ ഇത്രനാളും ജോലി ചെയ്തിരുന്നത്.?"

"ശരിയാണ്... പക്ഷേ, ഇപ്പോൾ മോള് ഈ കടയുടമസ്ഥന്റെ മരുമകളാണ്.ഈ കടയുടെ അടുത്ത അവകാശി."

"എന്നുകരുതി... നമ്മൾതമ്മിൽ ഒരുമിച്ചുകഴിഞ്ഞനാളുകളൊക്കെ അത്രപെട്ടെന്ന് മറക്കാനാക്കുമോ... ഇത്താക്ക് അറിയാലോ ഞാനെങ്ങനാണ് ഈ സ്ഥാനത്ത് എത്തിയതെന്നൊക്കെ.?"

അവളുടെ വാക്കുകളിൽ സങ്കടം നിറഞ്ഞു. കണ്ണുകൾ നിറഞ്ഞു.

ഇത്താ ഇതുകണ്ട് വല്ലാതായി. അവളുടെ തോളിൽ തട്ടിക്കൊണ്ട്‌ അവർ പറഞ്ഞു.

"മോളേ... എനിക്ക് ഒന്നും അറിയാഞ്ഞിട്ടല്ല. നിന്നോട് പണ്ടുള്ള സ്നേഹം ഒട്ടും കുറഞ്ഞിട്ടുമല്ല. പക്ഷേ, ചില മാറ്റങ്ങൾ അത് നമ്മൾ ഉൾക്കൊള്ളണം. അതിനനുസരിച്ചു പ്രവർത്തിക്കണം.അല്ലെങ്കിൽ പിന്നെ മുന്നോട്ട് ജീവിക്കാൻ നിനക്കോ എനിക്കോ ഒന്നും കഞ്ഞിയില്ല."

ഇത്തയുടെ വാക്കുകളിലെ അർത്ഥവും ഒഴിഞ്ഞുമാറിക്കൊണ്ടുള്ള ആ സംസാരവുമെല്ലാം മുംതാസിനെ വല്ലാതെ സങ്കടപ്പെടുത്തി.എങ്കിലും തുടർന്ന് സംസാരിക്കാൻ കൂട്ടാക്കാതെ അവൾ പറഞ്ഞു.

"ഇത്താ പൊയ്ക്കോളൂ വൈകണ്ട.നമുക്ക് പിന്നെ സംസാരിക്കാം."

ഒരു ഞായറാഴ്ചദിവസം. മുംതാസും ഭർത്താവുംകൂടി ജമീല ഇത്തയുടെ വീട്ടിലേയ്ക്ക് യാത്രതിരിച്ചു. ഒരിക്കൽമാത്രം സഞ്ചരിച്ച ആ വഴി അവൾ ഓർത്തെടുത്തു ഭർത്താവിന് പറഞ്ഞുകൊടുത്തു.ഒരിക്കൽ ഇത്തയുടെ കൂടെ വന്നുപോയതിൽപ്പിന്നെ ഇവിടേയ്ക്ക് വരാൻ കഴിഞ്ഞിട്ടില്ല. കല്യാണംപോലും തിരക്കുകൊണ്ട് കടയിൽ വെച്ച് വിളിക്കുകയാണ്‌ ചെയ്തത്.

പച്ചപ്പ് നിറഞ്ഞ പാടങ്ങളും, തോടുകളും, വയലിൽ പണിയെടുക്കുന്ന തൊഴിലാളികളും, കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികളുമൊക്കെ വീണ്ടും കണ്ണിൽ തെളിഞ്ഞു. മുനീർ ഇതൊക്കെ ആസ്വദിച്ചുകൊണ്ട്‌ മെല്ലെ കറോഡിച്ചു.മുംതാസ് യാത്ര പുറപ്പെടും മുൻപ് ഭർത്താവിനോട് പറഞ്ഞിരുന്നു ഈ മനോഹര കാഴ്ച്ചകളെക്കുറിച്ച്.

ഇത്തയുടെ വീടിനുമുന്നിൽ കാറ് നിറുത്തി ഇരുവരും ഇറങ്ങി.കുറച്ചു പലഹാരങ്ങളും മറ്റും ടൗണിൽ നിന്ന് വാങ്ങി കാറിൽ കരുതിയിരുന്നു.അതെടുത്തുകൊണ്ട് ഭർത്താവിനോപ്പം ഇത്തയുടെ വീട്ടിലേയ്ക്ക് നടന്നു അവൾ. വീട് പഴയതുപോലെ തന്നെയുണ്ട്.പൂച്ചെടികൾ നിറഞ്ഞ മുറ്റം. പുറത്ത് ആരെയും കണ്ടില്ല.

"ഇത്താ..."

പൂമുഖത്തേയ്ക്ക് കയറിക്കൊണ്ട് അവൾ വിളിച്ചു.

അല്പസമയം കഴിഞ്ഞതും വാതിൽ കടന്ന് അപരിചിതനായ ഒരു യുവാവ് പുറത്തുവന്നു.മുംതാസിന് ആളെ മനസ്സിലായില്ല. ഇത്താ ഇങ്ങനൊരാളെക്കുറിച്ച്‌ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്ത മനസ്സിലുണ്ടായി. ഈ സമയം അകത്തുനിന്ന് ഇത്താ ഇറങ്ങിവന്നു.

"അല്ല ഇതാരൊക്കെയാ ഈ വന്നേക്കുന്നെ... കയറിയിരിക്ക്.മക്കളെ..."

ഇത്താ അകത്തേയ്ക്ക് നോക്കി വിളിച്ചു.ഇത്തയുടെ പെണ്മക്കൾ പുറത്തേയ്ക്ക് വന്നു.അവർ അടുക്കളയിൽ എന്തോ ജോലിയിലായിരുന്നു എന്ന് മുംതാസിന് മനസ്സിലായി.കൈയിലും മുഖത്തുമൊക്കെ നനവും അഴുക്കുമുണ്ട്.അവരുടെ മുഖത്ത് തന്നെ കണ്ടിട്ട് വലിയ സന്തോഷമൊന്നും ഉണ്ടായില്ല എന്നത് മുംതാസ് ശ്രദ്ധിച്ചു.

ഈ സമയം മുംതാസ് അടുത്തുനിന്ന യുവാവിനെ പരിചയമില്ലാത്തവിധം വീണ്ടും നോക്കി. അയാളുടെ മുഖഭാവത്തിൽ നിന്നും തങ്ങളുടെ വരവ് ഇഷ്ടമായിട്ടില്ലെന്ന് അവൾക്കുതോന്നി. ഏയ്‌ തന്റെ തോന്നലാവും അവൾ ആശ്വസിച്ചു. ഈ സമയം ആ യുവാവ് പുറത്തേക്കിറങ്ങിപ്പോയി.

"ആരാ ഇത്താ അത്.?"

മുംതാസ് ഇത്തയെ നോക്കി ആകാംഷയോടെ ചോദിച്ചു.

"അതോ എന്റെ ഇളയ ആങ്ങള.'മുജീബ്' ഇന്നലെ വന്നതാണ്."

ഇത്താ അവളുടെ കൈ പിടിച്ച് അകത്തേയ്ക്ക് ആനയിച്ചു.

ചായകുടികഴിഞ്ഞു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്തുപോയ യുവാവ് വീണ്ടും മടങ്ങിയെത്തിയത്.മുംതാസിനു സന്തോഷമായി.മുനീറുമായി സംസാരിക്കാൻ ഒരാളായല്ലോ. സഹോദരനെ അവിടെയിരുത്തിയിട്ട് മുംതാസിന്റെ കൈയും പിടിച്ച് ഇത്താ പുറത്തേയ്ക്ക് നടന്നു.

"മനുഷ്യൻ ആഗ്രഹിക്കുന്നതൊന്ന്. പടച്ചവൻ വിധിക്കുന്നത് മറ്റൊന്ന്. അതാണല്ലോ ദുനിയാവിലെ ജീവിതം..."

ഇത്താ എന്തിന്റെയോ മുഖവുരയെന്നോണം പറഞ്ഞിട്ട് ഒരു ധീർഘനിശ്വാസം ഉതിർത്തു. മുംതാസ് ഇത്തയെ മനസ്സിലാകാത്തതുപോലെ നോക്കി.

"മോൾക്ക് അറിയുമോ നിന്റെ കാര്യത്തിൽ എനിക്ക് ചില കണക്കുകൂട്ടലുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, പടച്ചവന്റെ കണക്കുകൂട്ടലുകൾക്ക് മുകളിൽ അല്ലല്ലോ അതൊന്നും."

"ഇത്താ എന്തൊക്കെയാണ് പറയുന്നത്. ഒന്നും മനസ്സിലാവുന്നില്ല."

"മോളെ ആദ്യമായി കണ്ടപ്പോഴും, അടുത്തറിഞ്ഞപ്പോഴും, പിന്നീട് ഒരിക്കൽ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴുമൊക്കെ എനിക്കൊരു ആഗ്രഹം തോന്നിയിരുന്നു. എന്റെ ഇളയ ആങ്ങളയെ കൊണ്ട് മോളെ കെട്ടിക്കാമെന്നൊരു മോഹം. ഞാനാകാര്യം അവനോടും എന്റെ കുട്ടികളോടുമൊക്കെ പറയുകയും ചെയ്തിരുന്നു. അത് നിന്നോട് പറയാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് ഹാജിയാർ നിന്നെ മരുമകളായിട്ട് കിട്ടണമെന്ന് ആഗ്രഹം അറിയിക്കുന്നത്."

ഇത്തയുടെ വാക്കുകൾകേട്ട് മുംതാസ് ഒന്നുഞെട്ടി. ഏതാനുംസമയം അവൾ മിണ്ടാതിരുന്നു. എന്താണ് ഇത്തയോട് പറയേണ്ടതെന്ന് അവൾക്ക് അറിയില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്തു മറുപടി പറയാനാണ്.ഇത് മനസ്സിലാക്കിക്കൊണ്ടെന്നപോലെ ഇത്താ പറഞ്ഞു.

"കുട്ടികളുടെയും സഹോദരന്റെയും മനസ്സിൽ ഞാൻ അങ്ങനൊരു ആഗ്രഹം കുത്തിനിറച്ചു.അതിന്റെ കുറ്റബോധം ഉള്ളിൽ ഉള്ളതുകൊണ്ടാണ് ഞാൻ നിന്നെക്കാണുമ്പോൾ ഒഴിഞ്ഞുമാറി നടന്നത്. അല്ലാതെ നിന്നെ വെറുത്തിട്ടല്ല."

മുംതാസിന് എല്ലാം മനസ്സിലായി.ഇത്തയുടെ അകൽച്ചയ്ക്കുപിന്നിലെ കാരണവും, സഹോദരന്റെ മുഖത്തെ ഇഷ്ടക്കേടും, കുട്ടികളുടെ മുഖത്തെ സന്തോഷക്കുറവുമൊക്കെ എന്തുകൊണ്ടാണെന്ന്. തനിക്ക് ഇതിൽ എന്തുചെയ്യാൻ കഴിയും. ഒന്നും താൻ അറിഞ്ഞുകൊണ്ടല്ലല്ലോ. അവൾ ചിന്തിച്ചു.

ഇത് മനസ്സിലാക്കിയിട്ടേന്നോണം ഇത്ത പറഞ്ഞു.

"മോള് ഇതോർത്തു വിഷമിക്കണ്ട.ഒന്നും മോളുടെ തെറ്റല്ലല്ലോ...എല്ലാം എന്റെ വെറും അതിമോഹമായിട്ട് കണ്ടാമതി."

ഇത്താ മുഖത്ത് പ്രയാസപ്പെട്ടൊരു പുഞ്ചിരി വിരിയിച്ചുകൊണ്ട് പറഞ്ഞു.

ഏതാനും നിമിഷം അങ്ങനെ നിന്നിട്ട് ഇത്തയുടെ കരം കവർന്നുകൊണ്ട് ആശ്വസിപ്പിക്കുംപോലെ മുംതാസ് പറഞ്ഞു.

"ഇത്താ ഒന്നുകൊണ്ടും നിരാശപ്പെടരുത്.എന്നും എന്തിനും ഞാനുണ്ടാകും.എനിക്കുള്ളതൊക്കെയും ഇത്തയ്ക്കും കൂടിയുള്ളതാണ്.പിന്നെ ഇത്താടെ സഹോദരനെ ഉടൻതന്നെ നല്ലൊരു സുന്ദരിയെക്കൊണ്ട് നമുക്ക് നിക്കാഹ് കഴിപ്പിക്കണം."

അവൾ ഇത്തയുടെ തോളിൽ തട്ടി.

ഇത്താ നന്ദിയോടെയെന്നവണ്ണം അവളെ നോക്കി. എന്നിട്ട് നിറമിഴികളോടെ അവളെ കെട്ടിപ്പുണർന്നു ചുംബിച്ചു.

ഇത്തയുടെ വീട്ടിൽ നിന്ന് മടങ്ങുംനേരം മുംതാസ് മുനീറിന്റെ അടുക്കലേയ്ക്ക് നീങ്ങിയിരുന്നിട്ട് തോളിൽ തല ചാരിക്കൊണ്ട് പറഞ്ഞു.

"ഇത്തയുടെ ആ സഹോദരൻ സുന്ദരനാണല്ലേ.ഇത്തയുമായി ഇത്ര സ്നേഹത്തിൽ കഴിഞ്ഞ എന്നെ സഹോദരനെക്കൊണ്ട് കെട്ടിക്കണമെന്ന് കരുതിയത് സ്വഭാവികമല്ലേ.?"

"എന്തൊക്കെയാണ് നീ പറയുന്നത്.ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞെന്നുകരുതി എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് എന്തിനാണ്.?"

അവൻ സ്നേഹത്തോടെ അവളുടെ മിഴികളിലേയ്ക്ക് നോക്കി പറഞ്ഞു.

അവൾ അവനെനോക്കി പുഞ്ചിരിച്ചുകൊണ്ട് കവിളി നുള്ളി.

തുടരും...


ഭാഗം - 10

മരുമകളളെന്നു പറഞ്ഞാൽ ജീവനാണ് മുനീറിന്റെ ഉമ്മയ്ക്ക്. പാവപ്പെട്ട ഒരുവീട്ടിൽ നിന്നും തന്റെ മകന്റെ ഭാഗ്യംകൊണ്ട് മരുമകളായി വീട്ടിലെത്തിയവളാണ് മുംതാസ് എന്ന് ഉമ്മാ ഉറച്ചു വിശ്വസിച്ചു. അവളെന്തു ജോലിയെടുക്കുമ്പോഴും ഉമ്മാ സഹായത്തിനുണ്ടാവും. ഒരു കൂട്ടുകാരിയെപ്പോലെ.


 
ബന്ധുക്കളും അയൽക്കാരുമൊക്കെ ഇതുകണ്ട് അസൂയയോടെ പലതും പറഞ്ഞു.

"എന്തൊരു സ്നേഹമാണ് അമ്മായിയമ്മയും മരുമകളും തമ്മിൽ. ഇങ്ങനെ ഒന്ന് ലോകത്തെവിടെയും ഉണ്ടാകുമെന്ന് തോന്നുന്നില്ല."

ഇങ്ങനെ നിരവധി അഭിപ്രായങ്ങൾ. ഉമ്മാ അതൊന്നും കേട്ടതായി നടിച്ചില്ല.

"എല്ലാവർക്കും അസൂയയാണ്. താന്തോന്നിയായി നടന്ന തന്റെ മകൻ മുംതാസ് ഭാര്യയായി വന്നതോടെ നന്നായില്ലേ. അതുവഴി തങ്ങടെ കുടുംബം രക്ഷപ്പെട്ടില്ലേ അതിന്റെ അസൂയ."

ഉമ്മാ ഇങ്ങനെ പറഞ്ഞുകൊണ്ട് സമാധാനിക്കും.മുംതാസ് ഇതെല്ലാം കേട്ട് സന്തോഷിക്കും. അവൾക്കും ഒരുപാട് ഇഷ്ടമായി ഭർത്താവിന്റെ ഉമ്മയെ. ഉമ്മയുടെ നിർദേശം അനുസരിച്ചേ അവൾ എന്തും ചെയ്യുകയുള്ളൂ. പുറത്തും മറ്റും പോകുന്നത് ഇരുവരും ഒരുമിച്ചാണ്.

അടുത്തിടെയായി മുംതാസ് കടയിലൊന്നും പോകുന്നില്ല. റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അവൾ ഒരു ഉമ്മയാകാൻ പോകുന്നു. അതിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പ്.

യാതൊന്നും ചെയ്യാൻ ഉമ്മാ അവളെ അനുവദിക്കില്ല. എല്ലാത്തിനും ജോലിക്കാരുണ്ട്. അലക്കാനും തുടയ്ക്കാനും വെക്കാനും ഒക്കെ ആളുണ്ട്. പോരാത്തതിന് മേൽനോട്ടം വഹിച്ചുകൊണ്ട് സഹായിയായി ഉമ്മയും നിൽകും.

ഈ സമയത്താണ് പെട്ടെന്ന് ഒരുനാൾ പുലർച്ചെ മുനീറിന് ഒരു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അടുത്തിടെയായി അവൻ വല്ലാതെ ക്ഷിണിച്ചിട്ടുണ്ടെന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചിരുന്നതാണ്.എല്ലാവരും ഭയന്നുപോയി.ഉടൻതന്നെ ഡോക്ടറെ കാണാൻ കുടുംബാംഗങ്ങൾ തീർച്ചയാക്കി.ഇതുകണ്ട് മുനീർ പുഞ്ചിരിച്ചുകൊണ്ട് കളിയാകുമ്പോലെ പറഞ്ഞു.

"മനുഷ്യനായാൽ ഇതൊക്കെ സാധാരണയാണ്. പ്രശറും ഷുഗറും ഒക്കെ ഉണ്ടാകുമല്ലോ. ഇതിലേതെങ്കിലും ഒന്ന് താഴുകയോ ഉയരുകയോ ചെയ്താൽ പോരെ. അതിന് ഭയക്കേണ്ടകാര്യമൊന്നുമില്ല."

മുംതാസിന്റെ മനസ്സിന് അശ്വാസം കിട്ടിയില്ല. വീട്ടുകാരോട് വിവരം പറഞ്ഞിട്ട് മുംതാസ് മുനീറിനെയും കൊണ്ട് നഗരത്തിലെ പ്രശസ്ത ആശുപതിയിലേയ്ക്ക് തിരിച്ചു.

ജനറൽ മെഡിസിനിൽ ആണ് കാണിച്ചത്.മെയിൻ ഡോക്ടറായ 'മാത്യൂസ് ' സാറിനെ.ജനറൽമെഡിസിനിലെ പേരുകേട്ട ഡോക്ടറാണ് അദ്ദേഹം. ചീട്ടിനുമാത്രം നാനൂറു രൂപയാകും.ഡോകടറെ കാണാൻ ആളുകൾ ക്യൂവാണ്. സ്പെഷ്യൽ ചീട്ടെടുത്തു.മുനീറിനെ വിശദമായി പരിശോധിക്കുകയും ചെറിയ ഏതാനും ചില ചെക്കപ്പുകൾ നടത്തുകയും ചെയ്തു ഡോക്ടർ. ഡോക്ടറുടെ മുഖത്ത് എന്തൊക്കെയോ സംശയം ഉടലെടുക്കുന്നതതായി മുംതാസിന് തോന്നി. അതോടൊപ്പം തന്നെ ഒന്നുമില്ല എല്ലാം തന്റെ വെറും തോന്നലാണ് എന്ന് അവൾ ആശ്വസിക്കുകയും ചെയ്തു.

ഡോക്ടർ മുനീറിന്റെ ജീവിതപശ്ചാത്തലത്തെക്കുറിച്ചും പാരമ്പര്യ രോഗങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. തുടർന്ന് ഏതാനും ബ്ലഡ് ടെസ്റ്റുകളും മറ്റും കുറിച്ചുകൊണ്ട് പറഞ്ഞു. 

"ഇതിന്റെയൊക്കെ റിസൾട്ട് കിട്ടട്ടെ അതിനുശേഷം നമുക്ക് നോക്കാം. ഭയപ്പെടാതെ പോയിട്ട് വരൂ."

ഉച്ചകഴിഞ്ഞപ്പോൾ ഈ ടെസ്റ്റുകളുടെയെല്ലാം റിസൾട്ടുമായി മുനീർ തനിച്ച് ഡോക്ടറെ കാണാനെത്തി.റിസൽറ്റുവാങ്ങി സൂക്ഷ്‌മമായി പരിശോധിച്ചിട്ടു ഏതാനുംനിമിഷം മിണ്ടാതിരുന്നതിനുശേഷം ഡോക്ടർ ആർക്കോ ഫോൺ ചെയ്ത് എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് പറഞ്ഞു.

"കാര്യങ്ങളൊക്കെ വിവേകപൂർവ്വം ഉൾക്കൊള്ളാൻ പ്രാപ്തനാണ് നിങ്ങൾ എന്ന് ഞാൻ കരുതുന്നു.അതുകൊണ്ടുതന്നെ പറയാം."

"എന്താണ് ഡോക്ടർ... എന്തായാലും തുറന്നുപറഞ്ഞുകൊള്ളൂ...എന്തും ഉൾക്കൊള്ളാൻ തയ്യാറായിട്ടാണ് ഞാൻ തനിച്ചുവന്നത്."

ഒരുനിമിഷം ഞെട്ടിപ്പോയി.തലകറങ്ങുന്നതുപോലെ.ഒരുനിമിഷം മേശയിൽ മുറുക്കെപിടിച്ചുകൊണ്ട് അവൻ സ്തംഭിച്ചിരുന്നു. അവന്റെ കണ്ണിൽനിന്നും കണ്ണുനീർതുള്ളികൾ പിറവിയെടുത്തു.

ഈ സമയം ഡോക്ടറുടെ കരങ്ങൾ അവന്റെ തോളിൽ പതിഞ്ഞു.

"സമാധാനിക്കൂ... മുനീർ.നമുക്ക് ചികിൽസിക്കാം. വൈദ്യശാസ്ത്രത്തിനു കഴിയുന്നതൊക്കെ ചെയ്യാം. അതിനുള്ള പണവും ആളും ഒക്കെ താങ്കൾക്കുണ്ടല്ലോ. പിന്നെ പ്രാർത്ഥിക്കാം. ബാക്കിയൊക്കെ ദൈവത്തിന്റെ കൈയിലല്ലേ."

ഇരുകൈകൾകൊണ്ടും മുഖംപൊത്തി അവൻ പൊട്ടികരഞ്ഞു. എന്നിട്ട് ഇടർച്ചയോടെ പറഞ്ഞു.

"നോക്കൂ ഡോക്ടർ... ഈ വിവരം എന്റെ വീട്ടുകാർ അറിയരുത്.എന്റെ ഭാര്യ അവൾ ഗർഭിണിയാണ്.എല്ലാം പഴയതുപോലെ തന്നെ ഇരിക്കട്ടെ. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഞാൻ പെരുമാറും."

ഡോക്ടറുടെ ഉറപ്പും വാങ്ങി വിങ്ങുന്ന ഹൃദയവുമായി അവൻ വീട്ടിലേയ്ക്ക് തിരിച്ചു. ആ യാത്രയിൽ മാനസികമായി ചില തയ്യാറെടുപ്പുകളൊക്കെ അവൻ എടുത്തുകഴിഞ്ഞിരുന്നു. സംയമനത്തോടെ പെരുമാറാനാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.കഴിവതും അമിതസ്നേഹം ആരോടും പ്രകടിപ്പിക്കാതിരിക്കുക. രോഗത്തിന്റെ ഗൗരവം ഭാര്യയും മാതാപിതാക്കളും അറിയാതിരിക്കണമെങ്കിൽ... ആരോഗ്യസംബദ്ധമായ ക്ഷീണം മാത്രമായി പ്രശ്നത്തെ നിസാരവൽകരിക്കുക.പിന്നീട് എല്ലാകാര്യങ്ങളും വഴിയേ ഡോക്ടർ തന്നെ എല്ലാവരോടും പറഞ്ഞുകൊള്ളാമെന്നാണ് വാക്ക്തന്നിരിക്കുന്നത്.

തന്റെ ജീവിതത്തിലെ നല്ല നാളുകൾ വിടപറഞ്ഞിരിക്കുന്നു എന്ന് അവനുതോന്നി. ഇത്ര സ്നേഹനിധിയായ ഒരു പെണ്ണിനെ ആർക്കും കൂട്ടിന് കിട്ടിയിട്ടുണ്ടാവില്ല. അവൾക്കൊപ്പം ഇനിയെത്രനാൾ ജീവിക്കും എന്ന് പറയാനും കഴിയില്ല.

മടങ്ങുംവഴി പള്ളിയിൽ കയറി രണ്ടു റക്കഅത്തു നമസ്കരിച്ചു. തുടർന്ന് പള്ളിയോട് ചേർന്നുള്ള മക്ബറയിൽ പോയി യാസീൻ ഓതിയിട്ട് ആ മഹാനുഭാവനെ സാക്ഷിനിറുത്തി അള്ളാഹുവിനോട് പ്രാർത്ഥിച്ചു. കാരുണ്യവാനായ പടച്ചവൻ ഹൃദയംപൊട്ടി വിളിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ അത് കേൾക്കാതിരിക്കില്ല. അവന്റെ മനസ്സ് അങ്ങനെ ആശ്വസിച്ചു.

പള്ളിയിൽനിന്നിറങ്ങി കടയിൽ നിന്ന് ഏതാനും ഫ്രൂട്സും, കുറച്ച് ബേക്കറിയും വാങ്ങിക്കൊണ്ട് നേരെ വീട്ടിലേയ്ക്ക് തിരിച്ചു. കാർ പോർച്ചിൽ നിർത്തിയിട്ട് ഇറങ്ങുമ്പോൾ ഉമ്മാ പൂമുഖത്ത് നോക്കിയിരിപ്പുണ്ട്.

"എന്താണ് മോനെ പരിശോധനയുടെ റിസൾട്ട്.?"

"ഏയ്‌ ഒന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.മുംതാസ് എവിടെ.?"

അവൻ പൂമുഖത്തേയ്ക്ക് കയറി.

"അവൾ അകത്തു കിടക്കുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചപ്പോൾ ചെറുതായി ശർദിച്ചു.അതിന്റെ ക്ഷീണം."

ഉമ്മാ പറഞ്ഞു.

അവൻ മുറിയിലേയ്ക്ക് ചെന്നു. മുംതാസ് കണ്ണുകൾ തുറന്ന് വാതിൽക്കലേയ്ക്ക് നോക്കികൊണ്ട് കിടക്കുകയാണ്. അവനെ കണ്ടതും ആവേശത്തോടെ അവൾ എഴുനേറ്റു.

"ഡോക്ടർ എന്തുപറഞ്ഞു.?"

"എന്തുപറയാൻ...സാധാരണ മനുഷ്യർക്കൊക്കെ ഉണ്ടാകുന്നതൊക്കെയെ എനിക്കും ഉള്ളൂ. ആരോഗ്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ പറഞ്ഞു."

മുഖത്ത് അല്പംപോലും ദുഃഖം നിഴലിക്കാതെ അവൻ പറഞ്ഞു.

പറഞ്ഞത് വിശ്വാസം വരാത്തതുപോലെ മുഖത്തേയ്ക്ക് അവൾ സൂക്ഷിച്ചു നോക്കാൻ തുടങ്ങിയതും അവൻ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.

"ഞാൻ ഡ്രസ്സുമാറട്ടെ. കുളിച്ചിട്ട് ഒന്ന് കിടക്കണം. യാത്രയുടെ വല്ലാത്ത ക്ഷീണം."

അവൻ പെട്ടെന്ന് വസ്ത്രങ്ങൾ മാറിയിട്ട് പുറത്തേക്കിറങ്ങി.കുളികഴിഞ്ഞു ഇറങ്ങിവരുമ്പോൾ ഉമ്മാ ഡൈനിംങ് ടേബിളിൽ ചായ എടുത്തുവെക്കുകയായിരുന്നു.

"എനിക്കിപ്പോൾ ഒന്നും വേണ്ടുമ്മാ."

അവൻ പറഞ്ഞു.

"അതെന്താ നീ പുറത്തുനിന്നു ചായ കുടിച്ചോ.?"

"അതല്ല...നല്ല ക്ഷീണം ഒന്ന് കിടക്കട്ടെ."

"ഈ സമയത്തോ...നീ കുടിക്കാതെ അവള് കുടിക്കുമോ? അവള് ആണെങ്കിൽ ഉച്ചയ്ക്ക് ചോറുകൂടി ഉണ്ടിട്ടില്ല."

"മോളെ എണീറ്റുവാ ചായ കുടിക്കാം. മുനീറ് നിന്നെ കാത്തിരിക്കുന്നു."

ഉമ്മാ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.

മുംതാസ് മെല്ലെ എഴുന്നേറ്റ് വന്നു. അവൾക്കുവേണ്ടിയല്ല താൻ കഴിക്കാൻ വേണ്ടിയാണ് അവൾ വരുന്നതെന്ന് അവന് മനസ്സിലായിരുന്നു.

അവൻ ഏതാനും ഓറഞ്ചും മുന്തിരിയും എടുത്തു അവളുടെ പ്ളേറ്റിലേക്കിട്ടു. ഒപ്പം ഉമ്മാ ഏതാനും പലഹാരങ്ങളും പ്ളേറ്റിൽ വിളമ്പി.

"എനിക്ക് കുറച്ചു മതിയുമ്മാ... ഇക്കാക്ക് കൊടുത്തോളൂ."

അവൾ പറഞ്ഞു.

"അതുപോര നീ കൂടുതൽ കഴിക്കണം.പഴയതുപോലെയല്ല നിന്റെ വയറ്റിൽ ഒരാളുകൂടിയുണ്ട്."

എല്ലാവരും കൂ‌ടി മെല്ലെ ചായ കുടിക്കാൻ തുടങ്ങി.മറ്റുള്ളവരെ ബോധിപ്പിക്കാനെന്നോണം ഒരു അട കഴിച്ചശേഷം ചായ എടുത്തുകുടിച്ചുകൊണ്ട് അവൻ തീറ്റ അവസാനിപ്പിച്ചു. എന്നിട്ട് മുന്നിലിരുന്ന ഓറഞ്ച് എടുത്തു മുംതാസിന് കൊടുത്തും. ഉമ്മയ്ക്കും.

ഉമ്മാ അതുവാങ്ങി കഴിച്ചുതുടങ്ങി.മുംതാസ് വീണ്ടും മടിച്ചുമടിച്ചിരുന്നു.

"മോനെ പിന്നെ ഒരുകാര്യം. ഇവളുടെ ഉമ്മാ വിളിച്ചിരുന്നു. ഇവളെ കൂട്ടിക്കൊണ്ടുപോകുന്ന കാര്യം പറയാനായിട്ട്.അടുത്തമാസം ആദ്യം കൂട്ടിക്കൊണ്ടുപോകാമെന്നാണ് പറയുന്നേ.അനിയത്തിയുടെ വീട്ടുകാരും ആ മാസം തന്നെ തീരുമാനിച്ചിരിക്കുകയാണ്."

ഉമ്മാ പറഞ്ഞുനിറുത്തിയിട്ട് മകനെനോക്കി.

അവന്റെ മനസ്സ് അപ്പോൾ പാലവിധചിന്തകളാൽ ഇളകിമറിയുകയായിരുന്നു. മുംതാസിന്റെ മുഖത്തേക്ക് നോക്കാൻപോലും അവന് കഴിഞ്ഞില്ല.അവളുടെ മിഴികൾ തന്നെ ശ്രദ്ധിക്കുകയാണെന്നൊരു തോന്നൽ.ഞാനെന്തോ മറച്ചുപിടിക്കുന്നുണ്ടെന്ന സംശയം അവളിൽ ഉടലെടുത്തിട്ടുള്ളതുപോലെ.

ആ അസ്വസ്ഥത മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ അവൻ നന്നേ പ്രയാസപ്പെട്ടു.അങ്ങനെ ഒരുവിധം ചായകുടി കഴിച്ച് അവൻ അവിടുന്ന് എഴുന്നേറ്റു പോയി.

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും മുംതാസ് ആശുപത്രി കാര്യസത്തെക്കുറിച്ച് എന്തൊക്കെയോ അവനോടു ചോദിച്ചെങ്കിലും തന്ത്രപൂർവ്വം ഓരോന്നുപറഞ്ഞുകൊണ്ട് അവൻ ഒഴിഞ്ഞുമാറി. അവന്റെ ഉള്ളം ഉമിത്തീപോലെ നീറിപുകഞ്ഞുകൊണ്ടിരുന്നു.

(തുടരും...)


ഭാഗം - 11

ഡോക്ടറുടെ കൺസൽട്ടിങ് റൂമിനുമുന്നിൽ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ് ഇരുവരും. ആഴ്ച അവസാനദിവസം ആയതിനാൽ നല്ല തിരക്കുണ്ട്.


നേരത്തെ വിളിച്ചു ബുക്ക് ചെയ്തിട്ടും ഉച്ചയോടുകൂടിയുള്ള ചീട്ടാണ് കിട്ടിയിരിക്കുന്നത്. സമയം ഒരുമണിയോട് അടുക്കുന്നു. മുനീറിന്റെ മനസ്സിൽ വല്ലാത്ത ആസ്വസ്ഥതയും ഭയവുമൊക്കെ പെരുകിക്കൊണ്ടിരുന്നു.

ഏതാനും ദിവസങ്ങളായി മുനീറിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വഭാവികത ഉള്ളതുപോലെ മുംതാസിന് തോന്നിത്തുടങ്ങിയിരിക്കുന്നു.വെറും ആരോഗ്യ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെങ്കിൽ പിന്നെന്തിനാണ് ദിവസവും മുനീർ മരുന്ന് കഴിക്കുന്നതെന്ന് അവൾക്ക് സംശയം തോന്നി. അതവൾ അവനോട് പലവട്ടം ചോദിക്കുകയും ചെയ്തു. എന്തുപറയണമെന്നറിയാത്ത അവസ്ഥ. എങ്ങനെ അവളോട്‌ ഇത് തുറന്നുപറയും. പറയാതിരുന്നിട്ടും കാര്യമില്ല. അത് ചിലപ്പോൾ വലിയ ദുരന്തത്തിന് കാരണമായേക്കും.

ഒന്നാമത്തെ പ്രശ്നം മുംതാസ് ഗർഭിണിയാണ് എന്നുള്ളതാണ്. അവൾക്കെന്തെങ്കിലും മാനസികവിഷമം ഉണ്ടായാൽ അത് വയറ്റിൽ വളരുന്ന കുഞ്ഞിനേയും ബാധിക്കും. കുഞ്ഞിനെ പ്രസവിക്കാൻ അവൾ ആരോഗ്യത്തോടെ ഇരുന്നെന്നുതന്നെ വരില്ല. എല്ലാരഹസ്യങ്ങളും ഇത്രനാളും ഒളിച്ചുവെച്ചു. ഇനിയും അത് വയ്യ. ഡോക്ടർ തന്നെ എല്ലാം അവളോട് തുറന്നുപറയട്ടെ. ആ സമയം എന്തുപറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക.

നേഴ്സ് മുനീറിന്റെ പേര് വിളിച്ചതും അവൻ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു. തങ്ങളുടെ ഊഴം വന്നെത്തിയിരിക്കുന്നു. മുംതാസിന്റെ കൈയും പിടിച്ചുകൊണ്ട് അവൻ ഡോക്ടറുടെ റൂമിലേയ്ക്ക് പ്രവേശിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ ഡോക്ടർ അവരെ സ്വാഗതം ചെയ്തു.

"മുനീർ എന്തൊക്കെയുണ്ട് വിശേഷങ്ങൾ...സുഖമല്ലേ.?"

അവൻ വേദനയോടെ അതേയെന്ന് തലയാട്ടി. കാര്യങ്ങളൊക്കെ നേരത്തേ തന്നെ അവൻ ഡോക്ടറെ വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏതാനും നേരം ഇരുവരുടെയും വിശേഷങ്ങളൊക്കെ ചോദിച്ചിട്ട് കുറച്ചുനേരം എന്തിനോ തയ്യാറെടുക്കുമ്പോലെ മിണ്ടാതിരുന്നിട്ട് ഡോക്ടർ മെല്ലെ പറഞ്ഞു.

"മുംതാസിന് ഇരുപത്തഞ്ചു വയസ്സായില്ലേ. ഞാൻ പറയാൻപോകുന്നത് ശാന്തമായിട്ട് കേട്ട് മനസ്സിലാക്കണം. അതായത് കാര്യങ്ങൾ അതിന്റെ ഗൗരവത്തോടെ ഉൾക്കൊള്ളണം. മുംതാസ് ഒരു അമ്മയാക്കാൻ തയ്യാറെടുക്കുകയാണെന്ന ഓർമ്മവേണം."

ഡോക്ടർ ഒരുനിമിഷം നിറുത്തി. എന്നിട്ട് അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.

"ഡോക്ടർ എന്താണെങ്കിലും ധൈര്യമായി പറഞ്ഞുകൊള്ളൂ. പറയാൻ പോകുന്നത് എന്തുതന്നെയായാലും അത് ഉൾക്കൊള്ളാൻ ഞാൻ തയ്യാറാണ്. കാരണം ഒന്നും അള്ളാഹുവിന്റെ തീരുമാനമില്ലാതെ സംഭവിക്കില്ലെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു. മരണത്തേക്കാൾ വലുതായിട്ട് ഒന്നുംതന്നെയില്ലല്ലോ. എന്റെ ഇക്കയുടെ രോഗം എന്താണെങ്കിലും മടിക്കാതെ എന്നോട് തുറന്നുപറഞ്ഞുകൊള്ളൂ. ഇത്രനാളത്തെ ഇക്കയുടെ പെരുമാറ്റത്തിൽനിന്ന് ഞാൻ ചിലതെല്ലാം മനസ്സിലാക്കികഴിഞ്ഞു."

മുംതാസ് ഉറച്ചശബ്ദത്തോടെ പറഞ്ഞു.

ഡോക്ടർ വിശ്വാസം വരാത്തതുപോലെ അവളെനോക്കി. ഈ സമയം ഈറനണിയുന്ന മിഴികൾ ഭാര്യയിൽ നിന്ന് മറക്കാൻ പാടുപെട്ടുകൊണ്ട് മുഖം കുനിച്ച്‌ മുനീർ ഇരുന്നു.

വിദൂരതയിൽ നിന്നെന്നവണ്ണം ഡോക്ടറുടെ ശബ്ദം കേട്ടുതുടങ്ങി.

"മുംതാസിന്റെ ഭർത്താവിന്റെ ശരീരത്തിൽ ഗൗരവമേറിയ ഒരു രോഗത്തിന്റെ അണുക്കൾ കടന്നുകൂടിയിരിക്കുന്നു. പരിശോധനയിൽ അതല്പം കൂടുതലായിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്."

"രോഗം എന്താണെന്നു പറയൂ ഡോക്ടർ."

ശബ്ദം പതറാതെ തന്നെ അവൾ പറഞ്ഞു.

"ബ്ലഡ് ക്യാൻസർ.പൂർണ്ണമായും വൈദ്യശാസ്ത്രത്തിനു കീഴടക്കാനാവാത്ത രോഗം."

ഡോക്ടർ ഒരുനിമിഷം നിറുത്തി.

എല്ലാംകേട്ടിരുന്ന മുംതാസ് ഒന്ന് ധീർഘമായി നിശ്വസിച്ചു. ഇതുകണ്ട് മുനീർ പൊട്ടിപ്പൊട്ടികരഞ്ഞു. ഇതുവരെയും അടക്കിപ്പിടിച്ച അവന്റെ തേങ്ങലുകളൊക്കെയും നിയന്ത്രണമറ്റു പുറത്തുവന്നു. മുംതാസ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഡോക്ടർ പറഞ്ഞു.

"കുറച്ചുനേരം കരയട്ടെ. ആ കരച്ചിലിന് താങ്കളുടെ ആശ്വാസവാക്കുകളേക്കാൾ മനസ്സമാധാനം അയാൾക്ക് നൽകാൻ കഴിയും. ഇത്രനാളും താങ്കളിൽ നിന്നും മറച്ചുപിടിച്ച രോഗത്തിന്റെ രഹസ്യം താങ്കൾ അറിഞ്ഞതിലുള്ള സങ്കടമാണത്."

മുംതാസിന്റെ കരങ്ങൾ അവനെ പതിയെ തലോടി. അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ കരഞ്ഞു. ബാഗിൽ നിന്ന് ടവ്വൽ എടുത്തുകൊണ്ട്‌ അവൾ അവന്റെ കണ്ണുകൾ തുടച്ചു.

ഏതാനും സമയത്തിനുശേഷം മുഖംതുടച്ചുകൊണ്ട് അവൻ മുഖമുയർത്തിയപ്പോൾ ഡോക്ടർ അനുകമ്പയോടെ ഇരുവരെയും നോക്കി പറഞ്ഞു.

"ഇരുവരും നന്നായി ചിന്തിക്കൂ...മുന്നോട്ടുള്ള ജീവിതത്തിനു മനക്കരുത്ത് നേടാനും കാര്യങ്ങളെ തരണം ചെയ്യാനും ചിന്തക്ക് കഴിയും. അനാവശ്യചിന്തകളിലേയ്ക്ക് മനസ്സ് വഴിതെറ്റിപ്പോകാതെ വിശ്വാസം കൊണ്ടും പ്രാർത്ഥനകൊണ്ടും മനസ്സിനെ നിയന്ത്രിക്കണം."

"ഡോക്ടർ, ചിന്തയും വിശ്വാസവും പ്രാർത്ഥനയും ഒക്കെ എന്നുമുണ്ട്. അതൊന്നുമാത്രമാണ് ഞങ്ങളെ ഇന്ന് ഈ നിലയിൽ ഡോക്ടറുടെ മുമ്പിൽ ഇരുത്തിയത്. അത് തുടർന്നും ഉണ്ടാവും. അങ്ങനുള്ളപ്പോൾ ഒരിക്കലും അള്ളാഹുവിന്റെ തീരുമാനത്തിൽ ഞങ്ങൾ തളരില്ല. എന്റെ ഭർത്താവിന്റെ രോഗവിവരം അദ്ദേഹം എന്നോട് തുറന്നുപറയാനാവാതെ വിഷമിച്ചു. ഡോക്ടർ അത് തുറന്നുപറഞ്ഞു. വളരെ നന്നിയുണ്ട്. ഇനിയുള്ള നാളുകൾ ശ്രദ്ധയോടുകൂടി ജീവിക്കാൻ എനിക്ക് കഴിയുമല്ലോ."

അവൾ പുഞ്ചിരിച്ചു.

"നല്ലത്, താങ്കളെപ്പോലുള്ള ഒരു ഭാര്യയെ ആണ് മുനീറിന് ആവശ്യം. വിശ്വാസവും പ്രാർത്ഥനയും ഏതൊരുരോഗിക്കും ആവശ്യമാണ്. ദൈവം വിചാരിച്ചാൽ നടക്കാത്തതൊന്നുമില്ല. നിങ്ങളുടെ ധൈര്യം ചിലപ്പോൾ നിങ്ങളെത്തന്നെ രക്ഷിക്കും. ഇത് ചികിത്സയില്ലാത്തരോഗമൊന്നുമല്ല."

ഡോക്ടർ പറഞ്ഞു നിറുത്തി.

മുനീറിന്റെ മനസ്സിൽ അപ്പോൾ മറ്റൊരു ദുഃഖം വിങ്ങുകയായിരുന്നു.

"ഡോക്ടർ എന്റെ ഭാര്യയുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞ്. ആ കുഞ്ഞിനെ ഒന്ന് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകുമോ.?"

അപ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറുകയും കണ്ണുകൾ വീണ്ടും നിറയുകയും ചെയ്തു. മുംതാസ് അവനെ ചേർത്തുപിടിച്ചു.

"എന്താണിത് പടച്ചവൻ നമ്മളെ അങ്ങനെ കൈവിടുമോ...അതിനുമാത്രം തെറ്റ് എന്താണ് നമ്മൾ ചെയ്തിട്ടുള്ളത്."

അവൾ ആശ്വസിപ്പിച്ചു.

"അതെ, താങ്കൾ ധൈര്യം കൈവിടാതിരിക്കൂ. ഒന്നും സംഭവിക്കില്ല. ഞാൻ എന്റെ സുഹൃത്തായ ഡോക്ടറിനോട് ഒന്ന് സംസാരിക്കട്ടെ. തുടർ ചികിത്സകളെക്കുറിച്ചും മറ്റും. ധൈര്യമായി പോകൂ."

"അങ്ങനെയാവട്ടെ... പോയിട്ട് വരാം."

ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിന്റെ ലിസ്റ്റുമായി ഇരുവരും പുറത്തിറങ്ങി. സമയം രണ്ടുമണികഴിഞ്ഞിരിക്കുന്നു. വീട്ടിലെത്തുമ്പോൾ സമയം വൈകും. കാത്തിരിക്കേണ്ടെന്ന് ഉമ്മയോട് വിളിച്ചുപറഞ്ഞിട്ട് ടൗണിലെ ഹോട്ടലിൽ കയറി ഊണ് കഴിക്കാനിരുന്നു. ഫാമിലി റൂമിൽ ടേബിളിനിരുവശവും മുഖത്തോട് മുഖംനോക്കി ഇരിക്കുമ്പോൾ ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല. ഇരുവരുടെയും മിഴികൾ നിറഞ്ഞിരുന്നു.

മുനീറിനെ നോക്കി മുഖത്തൊരു പുഞ്ചിരി വിരിയിച്ചുകൊണ്ട് മുംതാസ് പറഞ്ഞു.

"ഞാൻ പ്രസവിക്കും നമ്മുടെ കുഞ്ഞിനെ. എന്നിട്ട് ഒരുപാട് കാലം നമ്മൾ ആ കുഞ്ഞുമൊന്നിച്ച് കഴിയും."

അവൻ മറുപടിയൊന്നും പറയാതിരുന്നപ്പോൾ അവൾ വീണ്ടും വിളിച്ചു.

"ഇക്കാ... എന്താ ഒന്നും മിണ്ടാത്തെ."

"എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ ദുക്കിക്കരുത്. മറ്റൊരാളെ വിവാഹം കഴിക്കണം."

മുംതാസ് നടുങ്ങിപ്പോയി. ആ അപ്രതീക്ഷിതമായ സംസാരംകേട്ട് അവളാകെ ഉലഞ്ഞുപോയി.

"ഇക്കാ എന്തൊക്കെയാണ് ഈ പറയുന്നത്."

നിറമിഴികളോടെ അവൾ പറഞ്ഞു.

"കരയരുത് ഇത് ഹോട്ടലാണ്. മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കും."

"എന്തിനാണ് ഇങ്ങനൊക്കെ സംസാരിക്കുന്നെ. മരണത്തെക്കുറിച്ചും മറ്റും പറഞ്ഞ് മനസ്സ് വേദനിപ്പിക്കാതെ മറ്റെന്തെല്ലാം നമുക്ക് പറയാനുണ്ട്."

അവൾ ആ മിഴികളിലേയ്ക്ക് നോക്കി.

"മരണത്തെകുറിച്ച് ചിന്തിക്കുകയും പറയുകയുമൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ്. എന്റെ ആയുസ്സ് ഇനി അധികനാൾ ഇല്ലെന്ന് എനിക്കും നിനക്കും അറിയാം. ഡോക്ടർ പറഞ്ഞതിൽ നിന്ന് അത് നിനക്ക് മനസ്സിലായില്ലെന്നുണ്ടോ.?"

"അതിന് ചികിൽസിക്കാമെന്നല്ലേ ഡോക്ടർ പറഞ്ഞത്. നമ്മളോട് വിശ്വാസത്തോടും പ്രാർത്ഥനയോടും കൂടി ജീവിക്കാനും."

അവൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"അതൊക്കെ ഡോക്ടറന്മാർ രോഗികളെ ആശ്വാസിപ്പിക്കാൻ വേണ്ടി വെറുതേ പറയുന്നതാണെന്ന് ആർക്കാണ് മനസിലാകാത്തത്."

അവൻ പറഞ്ഞു.

ഈ സമയം വെയിറ്റർ ഊണുമായി വന്നു. സംസാരം അവസാനിപ്പിച്ചുകൊണ്ട് ഇരുവരും മെല്ലെ ഭക്ഷണം കഴിച്ചു. തുടർന്ന് ഹോട്ടലിൽ നിന്നിറങ്ങി നേരെ വീട്ടിലേയ്ക്ക് മടങ്ങി.

വീട്ടിലെത്തുമ്പോൾ അവരെക്കാത്തെന്നവണ്ണം ഹാജിയാരും ഭാര്യയും ഇരിക്കുന്നുണ്ട്.

"എന്താണ് ആശുപത്രിയിൽ പോയിട്ട് വിശേഷം. എന്താ ഇത്ര വൈകിയത്.?"

"ശനിയാഴ്ചയല്ലേ നല്ല തിരക്കായിരുന്നു. താമസിച്ചാണ് കണ്ടത്."

മുംതാസ് പറഞ്ഞു.

"മുനീറിന് പ്രശ്നം ഒന്നുമില്ലല്ലോ.?"

ഹാജിയാർ ചോദിച്ചു.

ഇല്ലെന്ന് പുഞ്ചിരിയോടെ മുംതാസ് മറുപടി പറഞ്ഞു. തുടർന്ന് മുറിയിലേയ്ക്ക് നടന്നു. പിന്നാലെ വീട്ടുകാർക്ക് മുഖം കൊടുക്കാതെ അവനും.

മുറിയിലെത്തി വസ്ത്രം മാറുമ്പോൾ മുംതാസ് കണ്ടു വീണ്ടും മുനീറിന്റെ മിഴികൾ നിറഞ്ഞതൂവുന്നത്. മെല്ലെ അരികിലേയ്ക്ക് ചെന്ന് ആ മുഖം കൈയിലെടുത്തു കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

"ഇന്നുമുതൽ നമ്മൾ കരയില്ല. ജനിക്കാനിരിക്കുന്ന നമ്മുടെ കുഞ്ഞിനുവേണ്ടി. ഏറ്റോ.?"

"ങ്‌ഹും."

അവൻ മൂളിയിട്ട് ബെഡ്‌ഡിൽ ഇരുന്നു.

"നീ വിഷമിക്കാനല്ല എന്റെ സമാധാനത്തിനു വേണ്ടി ഞാൻ ചോദിക്കുന്നതാണെന്നു കരുതിയാൽ മതി."

അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി.

"എന്താണ് പറയൂ..."

"കടയിൽ വെച്ച് പറഞ്ഞതുതന്നെ. എനിക്കെന്തെങ്കിലും പറ്റിയാൽ നീ മറ്റൊരു വിവാഹം കഴിക്കണം. എന്നെ ഓർത്ത് ഒരിക്കലും ജീവിതം പാഴാക്കരുത്. എനിക്ക് വാക്കുതരണം."

"ഇല്ല ഒരിക്കലും ഞാനങ്ങനൊരു വാക്കും തരില്ല."

അവളുടെ ശബ്ദം ഉറച്ചതായിരുന്നു.

"എന്തുകൊണ്ട് നീ എനിക്ക് വാക്കുതരില്ല. ഞാൻ ഉടനേയൊന്നും മരിക്കില്ലെന്നു നീ ഇപ്പോഴും വിശ്വസിക്കുന്നുവോ.?"

"തീർച്ചയായും ഒരു രോഗം വന്നെന്നുകരുതി ഉടനേ മരിക്കണമെന്നില്ല. അള്ളാഹുവാണ് അതൊക്കെ തീരുമാനിക്കുന്നത്. ചികിത്സയും പ്രാർത്ഥനയുമൊക്കെ നമുക്ക് മുന്നിലുണ്ട്. രോഗം മാറുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു."

അവൾ തീർത്തുപറഞ്ഞു. അവൻ പിന്നെയൊന്നും പറഞ്ഞില്ല.

(തുടരും...) 


ഭാഗം - 12

ദുഖവും ഭയവുമെല്ലാം കലർന്ന ദിനങ്ങൾ ഒന്നൊന്നായി കടന്നുപോയിക്കൊണ്ടിരുന്നു. മരുന്നും പ്രാർത്ഥനയും സ്നേഹവുമൊക്കെ പകർന്നുനൽകിയ ആത്മബലത്തിൽ മുനീർ ജീവിച്ചു‌പോന്നു എന്നുവേണം പറയാൻ.


ഉള്ള് നീറുമ്പോഴും മുഖത്തുമാത്രം മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ചെറുപുഞ്ചിരി നിറച്ചുവെച്ചു അവനെപ്പോഴും. രോഗവിവരം എല്ലാവരുംതന്നെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഹാജിയാരുടെയും ഭാര്യയുടെയും പ്രാർത്ഥനകൊണ്ട് എപ്പോഴും വീട് മുഖരിതമായി.

മുംതാസിനെ പ്രസവത്തിനായി വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവളുടെ സഹോദരിയെയും കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. അവരെക്കാണാനായി സൽമ ഇത്തയും ജമീല ഇത്തയുമൊക്കെ ഇടക്കിടക്ക് വന്നുപോയി. മുനീർ ദിവസവും വന്ന് മുംതാസിനെ കണ്ടിട്ട് മടങ്ങിപ്പോകും. വരുമ്പോഴേല്ലാം ഇരുവർക്കും ദുഖത്തിന്റെ നിമിഷങ്ങളാണ് ഉണ്ടാവുക. മുംതാസിന്റെ ഉമ്മ അവനോടു പറഞ്ഞ്.

"മോൻ ഒന്നുകൊണ്ടും പേടിക്കണ്ട. ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നില്ലേ. അള്ളാഹു ഒന്നും വരുത്തില്ല."

എല്ലാവരും ഒറ്റക്കും കൂട്ടമായുമൊക്കെ പ്രാർത്ഥിച്ചു. ഒരുപാടുപേരുടെ പ്രാർത്ഥനയുടെ ഫലമാവാം ആയിടെ അവന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അധികം വൈകാതെ മുംതാസിന്റെ പ്രസവം നടന്നു. നല്ല ആരോഗ്യമുള്ള സുന്ദരനായ ഒരു ആൺകുട്ടി. മുനീറിന്റെ സ്വത്തുക്കൾക്ക് ഒരു ഭാവി അവകാശിയായി.

ഈ സമയം തന്നെ മുംതാസിന്റെ സഹോദരിയും പ്രസവിച്ചു. അവൾക്ക് പെൺകുഞ്ഞാണ്. കുട്ടികളുടെ കരച്ചിലും ബഹളത്തിലും ആ വീട് മുഖരിതമായി. കുഞ്ഞിന്റെ മുഖംനോക്കി മുനീർ സർവ്വതും മറന്ന് ഒരുപാട് നേരമിരിക്കും. തന്റെ രോഗത്തേക്കുറിച്ചുള്ള ആവലാതി അവനും മുംതാസുമൊക്കെ തൽക്കാലത്തേയ്ക്ക് മറന്നു. മനസ്സിന് അതുവരെയില്ലാത്ത ഒരു ഉന്മേഷം കൈവന്നതുപോലെ... തന്റെ പ്രാർത്ഥനകൾ അള്ളാഹു കേട്ടിട്ടുണ്ട് എന്ന് മുംതാസ് ഉറച്ചുവിശ്വസിച്ചു.

പ്രസവം കഴിഞ്ഞ് അധികനാൾ കഴിയും മുൻപേ മുംതാസിനെയും കുഞ്ഞിനേയും വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ഹാജിയാരും കുടുംബവും തിടുക്കംകൂട്ടി. അതിൽ മുംതാസിന്റെ വീട്ടുകാർക്ക് ചെറിയ നീരസം തോന്നാത്തിരുന്നില്ല. ആദ്യപ്രസവമാണ്. അത് പെണ്ണിന്റെ വീട്ടിലാണ് കഴിച്ചുകൂട്ടേണ്ടത്. പതിവനുസരിച്ച്‌ തൊണ്ണൂറ് ദിവസമെങ്കിലും കഴിഞ്ഞേ ഭർതൃ വീട്ടിലേയ്ക്ക് പോകാറുള്ളൂ. പക്ഷേ, ഈ സാഹചര്യത്തിൽ... മുംതാസ് ഭർത്താവിന്റെ തീരുമാനത്തിനൊപ്പം നിന്നു. ഭർതൃവീട്ടിലേയ്ക്ക് മടങ്ങാൻ അവൾ തയ്യാറായി.

ഉമ്മയും സഹോദരിമാരും പിന്നെ എതിർത്തില്ല. അവർക്കും കാര്യങ്ങൾ മനസ്സിലാകുമായിരുന്നു.

പഴങ്ങളും പലഹാരങ്ങളും ഉടുപ്പുകളും കളിപ്പാട്ടങ്ങളും കൊണ്ട് ഹാജിയാരുടെ വീട് നിറഞ്ഞു. ഒരുപാട് ആളുകൾ കുഞ്ഞിനെ കാണാനായി വന്നുപോയി. മുനീറിനെക്കൂടാതെ ഹാജിയാരും ഭാര്യയും വേണ്ടുന്നതും വേണ്ടാത്തതുമൊക്കെ വാങ്ങിച്ചുകൂട്ടി. സദാസമയം എല്ലാവരും കുഞ്ഞിന്റെ കൂടെ രസിച്ചിരുന്നു നേരംപോക്കി. ഏതാനുംദിവസങ്ങൾ കടന്നുപോയി.

ഹാജിയാർ പഴയതുപോലെ ബിസിനസ്സ് കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചുതുടങ്ങി. മുനീറും സമയം കിട്ടുമ്പോഴൊക്കെ ബിസിനസ് സ്ഥാപനങ്ങളിൽ പോകാൻ തുടങ്ങി. വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുമ്പോഴാണ് ചിന്തയും മറ്റും കൂടുന്നതെന്ന് അവനുതോന്നി. വരാനുള്ളത് വരട്ടെ. എന്നുകരുതി ജീവിതത്തിൽ ഉള്ളനിമിഷങ്ങളെ എന്തിന് വിരസമാക്കണം.

അന്ന് പതിവുപോലെ അവൻ കടയിലേയ്ക്ക് പോകാൻ ഇറങ്ങുംനേരം മുംതാസ് പറഞ്ഞു.

"അധികം താമസിക്കാതെ ഇങ്ങ് വരണം. മോന് ഇപ്പോൾ ഉപ്പയെ കാണാതെ കിടക്കാൻ വയ്യെന്നായിട്ടുണ്ട്."

"നീ പറഞ്ഞില്ലേലും ഞാനിങ്ങെത്തും. പിന്നെ നീ പറയുന്നത് എന്നെ കരുതിയാണെന്ന് എനിക്കറിയാം. എനിക്കതിനു ഇപ്പോൾ ഒരു പ്രശ്നവുമില്ല നല്ല ഉന്മേഷമുണ്ട്. "

അവൻ ഭാര്യയെ സമാധാനിപ്പിച്ചിട്ടു കാറിൽ കയറി മെല്ലെ ഓടിച്ചുപോയി. നഗരത്തിന് എന്നത്തേയുംപോലെ തിരക്ക് ഏറിവന്നുകൊണ്ടിരുന്നു.

മുംതാസ് അടുത്തിരുന്നു കുഞ്ഞിനെ കളിപ്പിക്കുന്നു. ഹാജിയാരുടെ ഭാര്യ കുട്ടിയുടെ നനഞ്ഞ വസ്ത്രങ്ങളൊക്കെ അലക്കാനായി ബക്കറ്റിൽ എടുത്തിടുകയാണ്. അലക്കാൻ കൊണ്ടുപോകാൻ തയ്യാറായി ജോലിക്കാരി കാത്തുനിൽക്കുന്നു. ഈ സമയം പുറത്തുപോയ ഹാജിയാർ മടങ്ങിയെത്തി. കുട്ടിയെ കാണാനായി അവിടെയ്ക്ക് വന്നു.

ഈ സമയത്താണ് ഹാജിയാരുടെ ഫോൺ ബെല്ലടിച്ചത്. മറുതലക്കൽ നിന്നു മാനേജരുടെ ഭീതികലർന്ന ശബ്ദം.

"ഹാജിയാർ ഒന്ന് വേഗം വരൂ നമ്മുടെ മുനീർ കുഴഞ്ഞുവീണു. ഞങ്ങൾ ആശുപത്രിയിലേയ്ക്ക് പോവുകയാണ്."

പിന്നെയൊന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല ഹാജിയാർക്ക്. ഹാജിയാരും ഭാര്യയും മുംതാസുംകൂടി കാറിൽ ആശുപത്രിയിലേയ്ക്ക് തിരിച്ചു.

ഡോക്ടർ മാത്യൂസ് മുനീറിന്റെ നാഡി പിടിച്ചുനോക്കി. കണ്ണിന്റെ പോളകൾ വിടർത്തിനോക്കി. നെഞ്ചിൽ കുഴൽവെച്ചു പരിശോദിച്ചു. എന്നിട്ട് അടുത്തുനിന്ന നേഴ്സിനെ നോക്കി ഇഞ്ചക്ഷന് ഓർഡർ ഇട്ടുകൊണ്ട് പ്രസ്ക്രിപ്‌ഷൻ എഴുതി.

അല്പസമയത്തിനകം ഇഞ്ചക്ഷൻ എടുത്തു. മുനീറിന് ചെറിയ ആശ്വാസം കൈവന്നതുപോലെ തോന്നി. അവൻ കണ്ണുകൾ പതുക്കെതുറന്നുകൊണ്ട് ചുറ്റും നിന്നവരെ നോക്കി.

ബാപ്പയും ഉമ്മയും മുംതാസും കുഞ്ഞുമെല്ലാം ചുറ്റും നിൽക്കുന്നുണ്ട്. ഉമ്മ അടുത്തിരുന്നുകൊണ്ട് അവന്റെ തലയിൽ കൈവിരലുകളാൽ തഴുകി. മുംതാസ് അവന്റെ കരം കവർന്നുകൊണ്ട് പറഞ്ഞു.

"ഒന്നുമില്ല... കുത്തിവെച്ചിട്ടുണ്. ചെറിയൊരു ക്ഷീണം."

അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. പാതി കൂമ്പിയ മിഴികളുമായി വാടിയ ചേമ്പിൻതണ്ടുകണക്കെ അവൻ കിടന്നു. ഇതുകണ്ട് മുംതാസിന്റെ മിഴികൾ നിറഞ്ഞു. ഈ സമയം കൈഉയർത്തി അവളുടെ കൈയിൽ പിടിച്ചുകൊണ്ടു അവൻ പറഞ്ഞു.

"നമുക്ക് വീട്ടിലേയ്ക്ക് പോകാം. എനിക്കിനി ഇവിടുത്തെ മരുന്നൊന്നും വേണ്ട. എന്റെ ജീവിതം അവസാനിക്കാറായിരിക്കുന്നു."

"ഇല്ല അങ്ങനൊന്നും പറയരുത്. ആരാ പറഞ്ഞെ ജീവിതം അവസാനിക്കാറായെന്ന്. അങ്ങനെ എന്നെയും മോനെയും തനിച്ചാക്കി പോകാനാകുമോ.?"

മനസ്സ് വിങ്ങുമ്പോഴും അവൾ അടുത്തിരുന്നുകൊണ്ട് അവനെ ആശ്വസിപ്പിച്ചു.

"അതെ, മോനെ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട. അസൂഖത്തിന് മരുന്നുണ്ട്. ഇപ്പോൾ കുത്തിവെച്ചു. ഒന്നും ഭയക്കണ്ട."

ഉമ്മ അവനെ ആശ്വസിപ്പിച്ചു.

"ഇല്ലുമ്മ എനിക്കിനി മരുന്നുകൊണ്ടൊന്നും ഫലമില്ല. നിങ്ങളൊക്കെ എന്നെ ആശ്വസിപ്പിക്കാനായി പറയുന്നതാണ് എന്നറിയാം. എനിക്ക് സങ്കടമില്ല. എന്റെ മനസ്സ് പറയുന്നു ഈ ലോകത്തുനിന്ന് പോകാൻ സമയമായെന്ന്. നിങ്ങളെയൊക്കെ കണ്ടുകൊണ്ട് ഇങ്ങനെ അടുത്തിരുന്നു കൈപിടിച്ചുകൊണ്ട് എനിക്ക് പോകണം. ഒന്നുമാത്രം എനിക്ക് പറയാനുണ്ട്. ഞാൻ പോയാലും മുംതാസിനേം എന്റെ മോനേം സങ്കടപ്പെടുത്താതെ നോക്കണം. അവളെ മറ്റൊരാളെകൊണ്ട് വിവാഹം കഴിപ്പിക്കണം."

"അരുത് ഇക്കാ... ഞങ്ങളോട് ഇങ്ങനൊന്നും പറയാതെ."

അവന്റെ വാ പൊത്തിക്കൊണ്ട് അവൾ പറഞ്ഞു. അവൻ അവളുടെ മുഖത്തേയ്ക്ക് ദയനീയമായി നോക്കി. അസാധാരണമായൊരു തിളക്കം ആ മിഴികളിൽ അവൾ കണ്ടു. ഈ സമയം അവൻ വീണ്ടും പറഞ്ഞുതുടങ്ങി.

"അള്ളാഹുവിന്റെ തീരുമാനത്തെ തടയാൻ നമുക്കാവില്ലല്ലോ. എല്ലാവരും ഒരിക്കൽ മരിച്ചെതീരൂ... ഞാൻ കുറച്ചുനേരത്തെ പോകാനൊരുങ്ങുന്നു. എന്റെ ആയുസ്സ് ഇത്രയുമേ അള്ളാഹു വിധിച്ചിട്ടുള്ളൂ... ഒന്നുമാത്രം എനിക്ക് പറയാനുണ്ട്. നീ ചെറുപ്പമാണ് ഒരുപാട് ജീവിതം ഇനിയും ബാക്കിയുണ്ട്. എന്നെ ഓർത്ത് ഒരിക്കലും ജീവിതം പാഴാക്കരുത്. മറ്റൊരുവിവാഹം കഴിച്ചു ജീവിക്കണം. എനിക്കുള്ളതെല്ലാം നിനക്കുകൂടി ഉള്ളതാണ്. പറയൂ എന്റെ അപേക്ഷ നീ കേൾക്കില്ല.?"

ഒന്നും പറയാനാവാതെ തേങ്ങികരഞ്ഞുകൊണ്ട് അവൾ അവന്റെ കവിളിലൂടെ വിരലോടിച്ചു. ആ മുടിയിഴകളെ തലോടി. അവളുടെ ഉമ്മയും സഹോദരിയുമൊക്കെ ചുറ്റുക നിൽപ്പുണ്ട്. അവരും കരയുകയാണ്.

"കുഞ്ഞിനെ എന്റെ അടുത്ത് ഒന്നിരുത്തൂ..."

അവൻ മെല്ലെ പറഞ്ഞു.

മുംതാസ് ഉമ്മയുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങി അവന്റെ അടുത്ത് ചേർത്തുപിടിച്ചു. അവൻ കുഞ്ഞിന്റെ കവിളിൽ വിരലോടിച്ചുകൊണ്ട് അമർത്തി ചുംബിച്ചു. ആ നിമിഷം അവന്റെ കണ്ണുകൾ തുറിച്ചുവന്നു.  ശരീരം ഒന്ന് വെട്ടിവിറച്ചു. വായിൽനിന്നും രക്തം പുറത്തേക്കൊഴുകി. മുംതാസ് കുഞ്ഞിനെ വാരി നെഞ്ചോട് ചേർത്തുകൊണ്ട് അലറികരഞ്ഞു.

"ഇക്കാ... എന്റെ ഇക്കാ."

പുറത്തുനിന്നു ഹാജിയാരും മറ്റുള്ളവരും മുറിയിലേയ്ക്ക് ഓടിയെത്തി. ആരോ ഓടിച്ചെന്ന് ഡോക്ടറെ കൂട്ടികൊണ്ടുവന്നു. ഈ സമയം മുനീറിന്റെ കണ്ണുകൾ പതിയെ അടഞ്ഞു. മുഖം ഒരുവശത്തേയ്ക്ക് ചെരിഞ്ഞു. പരിശോധനയ്ക്കുശേഷം ഡോക്ടർ അവന്റെ മുഖത്തേയ്ക്ക് തുണി വലിച്ചിട്ടു.

ആ സമയം മുറിയിൽ കൂടിനിന്നവരിൽ നിന്നും ആശുപത്രിയെ ഒന്നാകെ നടുക്കിക്കൊണ്ട് ഒരു കൂട്ടനിലവിളി ഉയർന്നുപോങ്ങി. മുംതാസിനേം കുഞ്ഞിനേം ഈ ഭൂമിയിൽ തനിച്ചാക്കി അവർക്ക് സ്നേഹത്തിന്റെ തീരാനൊമ്പരങ്ങളും അവശേഷിപ്പിച്ചുകൊണ്ട് അവൻ യാത്രയായി.

(അവസാനിച്ചു)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ