mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Ruksana Ashraf

ഭാഗം 1

നേരം നാലുമണി  അടുക്കുന്ന സമയം, പോക്കു വെയിൽ  തന്റെ ദൗത്യം നിറവേറ്റികൊണ്ട്, തെല്ലൊരു വിരഹവേദനയോടെ പോകാൻ മടിച്ചു നിൽപ്പുണ്ടായിരുന്നു. അതൊന്നും വക വെക്കാതെ 'നന്ദന'  തന്റെ വീടിന്റെ ഉമ്മറ വശത്തേക്കുള്ള വാതിൽ തുറന്നു.

നന്ദനയുടെ  ആഗമനത്തിൽ അനിലൻ ഓടി കിതച്ചെത്തി അവളെ  പുൽകിയെങ്കിലും, പിടിത്തംവിട്ട് വീടിന്റെ അകത്തേക്ക് കയറാൻ വെമ്പൽ കൊണ്ടു. നന്ദന  ഇപ്പോ ശരിയാക്കി തരാം എന്ന് മനസ്സിൽ കുസൃതിയോടെ പറഞ്ഞു കൊണ്ട് പൂമുഖ വാതിൽ വലിച്ചടച്ചു. മന്ദം മന്ദമായി ഇന്റർ ലോക്ക് ചെയ്ത വിശാലമായ് പരന്നു കിടക്കുന്ന ഇടത്തിലൂടെ കടന്ന് പടിഞ്ഞാറെ വശത്തുള്ള ഉദ്യാനത്തിൽ എത്തി. അവിടെയുള്ള സിമന്റ്‌ ബെഞ്ചിൽ നിറയെ പാരിജാതം കൊഴിച്ചിട്ട, സൗരഭ്യം പരത്തിയ പൂവുകളും, ഇലകളും, വേർപാടിന്റെ ആലസ്യത്തിൽ കിടപ്പുണ്ടായിരുന്നു. എന്തുകൊണ്ടോ  അവയൊന്നും തൂകി കളയാതെ നന്ദന  അവിടെ നിലയുറപ്പിച്ചു. പൂന്തോട്ടത്തിലെ പുതിയ അതിഥികളെ അലസ്യമായി കണ്ണോടിക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും എന്നും ഇതേ സമയത്ത് വരാറുള്ള റെഡ്കളർ ബി  എം ഡബ്ലിയു കാറിന്റെ നേർത്ത ശബ്‌ദം അവരുടെ കാതിൽ വന്നലച്ചതിനാൽ നന്ദന  വേഗത്തിൽ എണീറ്റ് പാഞ്ഞു ഗേറ്റ് തുറന്നു പുറത്തിറങ്ങി.

വേണുവിന്റെ  കാർ ഒഴുകി ഒഴുകി അവസാനം  വന്നു നിന്നത് നന്ദനയുടെ അടുത്തായിരുന്നു. അയാൾ ഡോർ തുറന്നു പുഞ്ചിരിയോടെ പുറത്തിറങ്ങി.
"ഞാൻ നേരം വൈകിയില്ലല്ലോ?"അയാൾ ബാക്ക് ഡോർ തുറന്നു തന്റെ ബാഗിൽ നിന്ന് ഒരു പുസ്തകം പുറത്തെടുത്തു. എന്നിട്ട് ഡോർ അടച്ചു പുസ്തകം നന്ദനക്ക് സമ്മാനിച്ചു.

പ്രകാശന ചടങ്ങ് അല്പം വൈകി. ഗോപുസുന്ദർ സാറിന്റെ വൈഫ്‌ ഹോസ്പിറ്റലിൽ. അവസാനം  സേതു രാമൻ മാഷ് ആണ്‌ പ്രകാശന ചടങ്ങ് നിർവഹിച്ചത്. വേണു മാഷ് തന്റെ  കയ്യിലുള്ള കർചീഫ് എടുത്തു നെറ്റി തുടച്ചു കൊണ്ട് പറഞ്ഞു.  അയാൾ കൂളിംഗ് ഗ്ലാസ്‌ ഇട്ടത് കാരണം അയാളുടെ കണ്ണിൽ വിരിയുന്ന ഭാവങ്ങൾ പിടിച്ചെടുക്കാൻ കഴിയാതെ നന്ദന ഉഴറി  നിന്നു.
"വണ്ടി മാഷിന്റെ പോർച്ചിൽ തന്നെ ഒതുക്കി ഇട്ടോളൂ, നമുക്ക്  ചെറിയമ്മയോട് തണുത്തതെങ്കിലും എടുക്കാൻ പറയാം."
"ഒക്കെ...ഞാനിതാ വരുന്നു." അതും  പറഞ്ഞു അയാൾ തന്റെ വണ്ടി ഗേറ്റ് തുറന്ന്  'നന്ദനം'എന്ന വീടിന്റെ ഇടത്തെ സൈഡിൽ കൂടി കൊണ്ട് പോയി പാർക്ക്‌ ചെയ്തു.

ഇതേ സമയം 'നന്ദന'തന്റെ വീടിന്റെ  അകത്തേക്ക് കയറി ചെറിയമ്മയോട് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറഞ്ഞു, പിന്നെ സ്വീകരണ മുറിയിൽ ഇരുന്നു കൊണ്ട് തന്റെ കയ്യിലുള്ള 'സ്നേഹപൂർവ്വം എന്റെ നന്ദനക്ക്' എന്ന  പുസ്തകത്തിന്റെ പുറം ചട്ട പരിശോധിക്കുകയായിരുന്നു. പിന്നെ അതിന്റെ വക്കുകൾ വലത്തോട്ട് പായിപ്പിച്ചു കൊണ്ട് അതിൽ നിന്ന് വരുന്ന പുതു പുസ്തകത്തിന്റെ ഗന്ധം തന്റെ നാസികയോട് ചേർത്ത് കൊണ്ട് പതുക്കെ ആസ്വദിച്ചു വലിച്ചു.

"നന്ദു...ഒന്നിങ്ങോട്ട് വന്നേ..."വീടിന്റെ ഉമ്മറത്തു നിന്ന് മാഷിന്റെ വിളി കേട്ടതിനാൽ നന്ദന പെട്ടെന്ന് പുറത്തെത്തി. എന്നിട്ട് ചോദിച്ചു.
"എന്താ മാഷേ...."
"നീ ഇത് കണ്ടോ?മുല്ല വള്ളികൾ പുഷ്പിച്ചിരിക്കുന്നു."
"ഇല്ല... ഞാൻ ശ്രദ്ധിച്ചില്ല... ഞാനിന്ന് മാഷിന്റെ പുസ്തക പ്രകാശത്തിന്റെ ഹാങ്ങ്‌ ഓവറിൽ ആയിരുന്നു."
"നല്ല ആളാ... നമ്മൾ എത്ര ദിവസമായി മുല്ല വള്ളികൾ പെറ്റിടുന്നത് കാത്തിരിക്കുന്നു."
നന്ദന കൗതുകത്തോടെ പല വർണത്തിലുള്ള ജെറാനിയം കടന്ന്,വിരിഞ്ഞു നിരനിരയായി നിൽക്കുന്ന സൂര്യകാന്തിയെ ഒന്ന് തലോടി , മതിലിന്റെ ചുവട്ടിലായി മുല്ല വള്ളികൾ പടർന്നു പന്തലിച്ചു പൂവിട്ടു  നിൽക്കുന്ന സ്ഥലത്തെത്തി.പിന്നെ വള്ളികളെയോ, പൂവിനെയോ, നോവിക്കാതെ, ഹർഷ പുളകിതയായി കുനിഞ്ഞു നിന്ന് മുല്ല പൂവിന്റെ ഗന്ധം ആസ്വദിച്ചു. മാഷും അവളെ അടുത്തു തന്നെ ഉണ്ടായിരുന്നു.
"കുട്ടിയേളേ..."ചെറിയമ്മ അകത്തു നിന്ന് വിളിക്കുന്നുണ്ടായിരുന്നു.
"ഇതാ വരുന്നു, ചെറിയമ്മേ, ഒരു സർപ്രൈസ് ഉണ്ട്,"നന്ദന വാതിൽക്കൽ നിൽക്കുന്ന ചെറിയമ്മയെ നോക്കി വിളിച്ചു  പറഞ്ഞു.
"ഞാൻ കണ്ടതാ..."നല്ല മംഗോ ജ്യൂസ്‌ എടുത്തു വെച്ചിട്ടുണ്ട്, വേഗം വാ..."
ഹാളിൽ ഇരുന്നു കൊണ്ട് വേണുവും, നന്ദനയും  ജ്യൂസ് മൊത്തി കുടിക്കുന്നതും നോക്കി ചെറിയമ്മ അവിടെ തന്നെ നിൽക്കുന്നത് കണ്ട് വേണു, നന്ദനയോട് ചോദിച്ചു.

"എന്റെ പുസ്തകത്തെ കുറിച്ചു നീ ചെറിയമ്മയോടെ പറഞ്ഞില്ലേ..."
"ഇല്ല ഞാൻ സർപ്രൈസ് ആക്കി വെച്ചതായിരുന്നു,ചെറിയമ്മയെന്ന പുസ്തക പുഴുവിന് എന്റെ വായന കഴിഞ്ഞിട്ടേ ഞാൻ കാണിക്കുകയുള്ളൂ എന്ന് വിചാരിച്ചിരുന്നു."
"മതി എനിക്കത് മതി തിരക്കിട്ട് വായിക്കുന്നത് എനിക്കിഷ്ടമില്ല, ഐസ് ക്രീം നുണയും പോലെ നുണഞ്ഞു, നുണഞ്ഞു എനിക്ക്  വായിക്കണം. എന്നാലേ  വായനയുടെ മാന്ത്രിക ലോകത്തിലെ അപ്സരസുകളായി നീന്തി തുടിക്കാൻ കഴിയുകയുള്ളൂ..."
ചെറിയമ്മ പറയുന്നത് കേട്ട് നന്ദന കൊച്ചു കുട്ടികളുടെ കൗതുക കണ്ണുകളോടെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
"എന്നാൽ ഞാൻ ഇറങ്ങട്ടെ... എനിക്ക് കുറച്ചു വർക്ക്‌ പെന്റിങ് ഉണ്ട്. പുസ്തകം എഴുത്ത് പ്രമാണിച്ചു ഞാൻ കുറച്ചു ദിവസം കോളേജിൽ നിന്ന് ലീവ് എടുത്തത് പാരയായി, പ്രിൻസിപ്പാൾ സർ,കുട്ടികൾക്ക് മാത്‍സ് ഒന്നും മനസിലാവുന്നില്ല, ട്യൂഷൻ എടുക്കേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ നിന്ന് തിരിയാൻ സമയമുണ്ടാവില്ല."
"അപ്പോൾ യോഗ ചെയ്യേണ്ടേ"നന്ദിനി അയാളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
ആ കണ്ണുകളിൽ നിന്ന് നിർഗമിക്കുന്ന കാന്തിക ശക്തി നേരിടാനാവാതെ അയാൾ കണ്ണുകൾ പിൻവലിച്ചു. എന്നിട്ട് കൂൾ അഭിനയിച്ചു കൊണ്ട് പറഞ്ഞു,
"നന്ദൂ...ഞാൻ പോയി ഫ്രഷ് ആവട്ടെ!എന്നിട്ട് വരാം."
"അത്തായത്തിനുള്ള ചിട്ട വട്ടങ്ങളൊന്നും ഇന്ന് നോക്കേണ്ടട്ടൊ വേണൂ... ഞാൻ ചപ്പാത്തി ഉണ്ടാക്കാം... ഫ്രഷ് ആയി വന്നോളൂ... "ചെറിയമ്മ പറഞ്ഞു.
"ചെറിയമ്മ ബുദ്ധിമുട്ടണമെന്നില്ല!ഒരു തട്ടികൂട്ട് ഉപ്പുമാവ് ഞാൻ പെട്ടെന്ന് റെഡിയാക്കും."
"മ്മ്.. റെഡിയാക്കും! പൂപ്പൽ പിടിച്ച ബ്രെഡ്‌ ചവച്ചരച്ചു ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു മാഷ് വയർ നിറയ്ക്കും, ഇതാണ് സംഭവിക്കാൻ പോകുന്നത്. നന്ദന ചിരിയോടെ പറഞ്ഞു."
"ഞാൻ വന്നേക്കാവേ... അതും പറഞ്ഞ് വേണു യാത്രയായി."

'നന്ദന' മാഷിന്റെ, 'സ്നേഹപൂർവ്വം എന്റെ നന്ദനക്ക്‌ ' എന്നെഴുതിയ പുറം ചട്ടയിലേക്ക് നോക്കി അല്പനേരം ഇരുന്നു. ഒരു വൃക്ഷകൊമ്പിൽ രണ്ട് ഇണപ്രാവുകൾ ഇരിക്കുന്ന ഫോട്ടോ ആയിരുന്നു അത്, ചിറകുകൾ അടിയിലേക്ക്‌ ഒരു വൃത്തം പോലെ, അതിന്റെ നടുവിലായി പ്രണയപൂർവ്വം നോക്കി നിൽക്കുന്ന ഒരു യുവാവും, യുവതിയും.

വേണുഗോപാലൻ നല്ലൊരു എഴുത്തുകാരനാണ്. നോവലുകൾ, ചെറുകഥകൾ ഒക്കെയായി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈയിടെയായി എല്ലാത്തിനും ഒരു ഗ്യാപ് വന്നിരിക്കുന്നു. ഒന്നിനും ഒരു ഉന്മേഷമില്ലായ്മ...

വേണുവിന്റെ തൂലികയിൽ വിരിഞ്ഞിറങ്ങുന്ന ഓരോ സൃഷ്‌ടിയുടെ ആരാധകരാണ്, നന്ദനയും, ചെറിയമ്മയും.അയാളുടെ മൂകാവസ്ഥ പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ആ കണ്ണുകളിൽ കാണാറുള്ള തിളക്കത്തിനും, മുഖത്ത് കാണാറുള്ള ചൈതന്യത്തിനും അല്പം മങ്ങൽ ഏറ്റിട്ടുണ്ടോ എന്ന് സംശയം, എന്നും രാവിലെ എണീറ്റ് ഫ്രഷ് ആയി വേണുവിന്റെ വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള നന്ദനയുടെ വീട്ടിൽ എത്തുന്നത്, എക്സെസൈസ്, യോഗ, ഉദ്യാന പരിപാലനം ഒക്കെ മുന്നിൽ കണ്ടാണ്. നന്ദനയെ കൊണ്ട് ചെയ്യിക്കുക എന്നതാണ് പ്രധാനം. കൂട്ടായി, അവളുടെ  ചെറിയമ്മ ദേവയും, ഉണ്ടായിരിക്കും.

ഒരു ദിവസം ചെറിയമ്മയാണ് വേണുവിനോട് ചോദിച്ചത്.
"വേണു... കുട്ടിയേ... ഈ എഴുത്ത് എന്ന് പറയുന്നത് എല്ലാവർക്കും കിട്ടുന്ന സിദ്ധിയല്ല. അത് കുട്ടിക്ക് കിട്ടിയിട്ടുണ്ട് താനും, നീ എന്തിന് എഴുത്ത് നിർത്തി, നിനക്ക്  എഴുതികൂടെ, ഈയിടെയായി നീ കൂടുതൽ ഡെസ്പ് ആയിരിക്കുന്നു. ഒന്ന് റീലാക്സ് ആവൂ..."
"കാരണം ചെറിയമ്മക്ക് തന്നെ അറിയാമല്ലോ, ഇപ്പോൾ തോന്നുക, നമ്മുടെ വിധി മുഴുവൻ മാറ്റി മറിച്ച ആ ഷോക്ക് നന്ദനയെക്കാളും എന്നെയാണ് ബാധിച്ചത് എന്ന്.അതിനു ശേഷം നന്നായി ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല എനിക്ക്."
 അടുത്തിരിക്കുന്ന നന്ദന ഒന്നും മനസ്സിലാകാത്ത രൂപത്തിൽ വേണുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"എന്താ മാഷിന് വല്ല പ്രണയ നൈരാശ്യമെങ്ങാൻ?
അത് കേട്ട് വേണുവും, ചെറിയമ്മയുടെയും മുഖത്ത് ഞെട്ടൽ പ്രകടമായി. പെട്ടെന്ന് എന്തോ ഓർമ ഓർത്തെടുത്തത് പോലെ നന്ദന പറഞ്ഞു.
"മാഷിന്റെ 'ദേവയാനി'എന്ന നോവൽ ഇല്ലേ... അത് പോലെ എന്നെ കുറിച്ചു ഒരു നോവൽ എഴുതുമോ?"
നന്ദനയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് മാഷ്  വീണ്ടും ഞെട്ടി പോയി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ