ഭാഗം 8
അച്ഛൻ വന്നപാടെ ചാടിക്കേറി ഒന്നും ചോദിക്കരുതെന്ന് അലൻ ശ്യാമയെ ചട്ടം കെട്ടി. നിയയോടും അവനെല്ലാം പറഞ്ഞു. അവൾക്കും ഈയിടെയായി സേതുവിനോട് മനസ്സുകൊണ്ട് ഇത്തിരി അകലം
വന്നിട്ടുണ്ട്. അവർ കണ്ടു വളർന്ന അച്ഛനിൽ നിന്നും, ഇന്ന് കാണുന്ന അച്ഛനിലേക്ക് ഒരു പാട് ദൂരം യാത്ര ചെയ്യേണ്ടി വരുന്നുവെന്ന് രണ്ടു കുട്ടികൾക്കും മനസ്സിലായി തുടങ്ങിയിരുന്നു. ആ അകലം കുറച്ചു കൊണ്ടുവരാൻ പലപ്പോഴും ശ്യാമ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം പരാജയമാണ്. അടുപ്പം കൂട്ടുന്നതിനു പകരം അകലം കൂട്ടിയത് സേതു വേട്ടൻ തന്നെയാണ്. എന്തെങ്കിലും കാര്യം ചോദിക്കാൻ ചെന്നാൽ 'ഇത് വല്ലാത്ത ശല്ല്യാണല്ലോ ' എന്ന് പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പോവാറാണ് പതിവ്. താനടക്കം മൂന്ന് കുട്ടികളാണെന്ന് കാണുന്നവരോടൊക്കെ മേനിപറഞ്ഞ് നടന്ന ആളാണ്. ശരി തന്നെയായിരുന്നു അത്; കുട്ടിക്കളി മാറാതെ ഇടക്കിടെ പൊട്ടത്തരവും, വിഡ്ഢിത്തരവും വിളമ്പി നടക്കുന്നതു കൊണ്ടാവാം കുട്ടികളുടെ കൂട്ടത്തിൽ തന്നെ, തന്നെയും കൂട്ടിയത്. ആയ കാലത്തും, അല്ലാത്തപ്പോഴും വൈകുന്നേരം മക്കൾക്ക് കൊണ്ട് വരുന്ന പലഹാര പൊതിയിൽ ഒരു പങ്ക് തനിക്കും കൂടി ഉണ്ടാകുമായിരുന്നു. ഇപ്പോൾ തന്നെ കണ്ടു കൂടാത്തതുപോലെ മക്കളോടും അങ്ങനെ തന്നെ. 'ശ്യാമ' എന്ന് തികച്ചും വിളിക്കില്ല.' ശ്യാ' എന്നല്ലാതെ.. ഇപ്പൊ അത് മാറി പല ഭാഷകളും കൂടി വിളിയിൽ കടന്നു കൂടിയിട്ടുണ്ട്.
അടുക്കള പണിക്കിടയിലും, തനിച്ചിരിക്കുമ്പോഴും എല്ലാം അലന്റെ ശ്രദ്ധ ശ്യാമയ്ക്ക് ചുറ്റിലും ആയിരുന്നു. പന്ത്രണ്ടിൽ നിന്നും ഇരുപത്തിയൊന്നിന്റെ പക്വതയാണ് അവനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
സേതു വേട്ടൻ കടം വാങ്ങിയവർ വന്ന് പലപ്പോഴും വീട്ടിൽ കുത്തിയിരിപ്പ് സമരം പ്രഖ്യാപിക്കുമ്പോൾ മുതിർന്നൊരു ആളിനെ പോലെ തനിക്ക് സംരക്ഷണ കവചം ഒരുക്കിയത് അവനാണ്.
സമാധാനപരമായൊരു അന്തരീക്ഷം വീട്ടിൽ കിട്ടില്ലെന്നറിയാം. അതു കൊണ്ട് വീട്ടിലേക്ക് പോകാൻ എന്തോ മടുപ്പ് പോലെ സേതുവിന് തോന്നി. പ്രതീക്ഷിക്കാതെ അവളും, മോനും റൂമിലേക്ക് വരുമെന്ന് കരുതിയതേ ഇല്ലായിരുന്നു. എന്തായിരിക്കും ഇന്നത്തെ വരവിന്റെ ഉദ്ദേശം. അവൾക്ക് അത്രമേൽ സംശയമുണ്ടെന്നർത്ഥം. ദൂരേ നിന്നേ അവരെ കണ്ടത് നന്നായി. ഇല്ലെങ്കിൽ.... അതോർത്തപ്പോൾ സേതുവിന്റെ ഉള്ളിൽ ഒരു തണുപ്പ് അരിച്ചു കയറി. എങ്ങനെയെങ്കിലും അവളെ സന്തോഷിപ്പിക്കണം. നാളുകളായി മറന്നു പോയ വൈകുന്നേരം വാങ്ങി കൊണ്ടു പോകുന്ന പലഹാരം അവന്റെ മനസ്സിലുദിച്ചു. ശ്യാമയ്ക്ക് ഏറെ ഇഷ്ടമുള്ള മുളക് ബജി. പൊട്ടിയാണ് അതുകൊണ്ട് തന്നെ ഇത്തിരി സ്നേഹപ്രകടനം കാണിച്ച് വരുതിയിലാക്കാവുന്നതേ ഉള്ളു. അവന്റെ ചുണ്ടിലൊരു ചിരി മിന്നി മറഞ്ഞു.
വീട്ടിലെത്തി കാലു കഴുകി അകത്തേക്ക് കയറുമ്പോൾ നിയ വിളക്ക് കത്തിച്ച് നാമം ചൊല്ലുന്നുണ്ട്. അത് കേട്ടുകൊണ്ട് അലൻ അടുത്ത് നിൽക്കുന്നു. ശ്യാമയെ അവിടെയെങ്ങും കണ്ടില്ല. ചിലപ്പോൾ അടുക്കളയിലാവും.
"അമ്മയെവിടെ...'' അവളെ സന്തോഷിപ്പിക്കലായിരുന്നു ലക്ഷ്യം. പതിവിലും വിപരീതമായുള്ള അച്ഛന്റെ ചോദ്യം കേട്ട് അലനും, നിയയും ഒരു പോലെ ആശ്ചര്യപ്പെട്ടു. മറുപടി പറഞ്ഞത് അലനായിരുന്നു."അമ്മ..അടുക്കളയിൽ ഉണ്ട്".
കയ്യിലുള്ള ബാഗ് ടീപ്പോയിൽ വെച്ച് ബേക്കറിയിൽ നിന്നും വാങ്ങിയ പലഹാരപ്പൊതിയുമായി അടുക്കളയിലേക്ക് നടന്നു. അലനും ശബ്ദമുണ്ടാക്കാതെ അവനു പിറകെ ചെന്നു.
അടുക്കളയോട് ചേർന്നുള്ള വാതിലിനു ചാരി എന്തോ ആലോചിച്ച് നിൽക്കുകയാണ് അവൾ.
"ശ്യാ..." മറന്നു പോയ വിളി വിദൂരയിലെന്നോണം അവൾ കേട്ടു. താൻ സ്വപ്നം കാണുകയാണോ? സേതുവിന്റെ കൈത്തലം തോളിൽ അമർന്നപ്പോഴാണ്. അത് മിഥ്യയല്ല സത്യം തന്നെയാണെന്ന് അവൾക്ക് മനസ്സിലായത്.
"എന്താണിങ്ങനെ ആലോചിച്ച് കൂട്ടുന്നത്". മറുപടി പറയാതെ ഊമയെ പോലെ മിഴിച്ചു നിന്നതേ ഉള്ളൂ. സംശയത്തോടെ അലനപ്പൊഴും വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
"പെട്ടെന്ന് ചായ ഉണ്ടാക്ക് അപ്പോഴേക്കും ഞാൻ കുളിച്ചിട്ട് വരാം. ഉഴുന്നുവടയും, നിനക്ക് ഇഷ്ടമുള്ള മുളക് ബജിയും കൊണ്ട് വന്നിട്ടുണ്ട്. എല്ലാർക്കും ഒന്നിച്ചിരുന്ന് കഴിക്കാം". അവളുടെ കവിളിൽ ഒരു പിച്ച് കൊടുത്തുകൊണ്ട് റൂമിലേക്ക് പോവുന്നതിടയിൽ അലന്റെ മൂക്കിന് പിടിച്ച് ഓമനിക്കാനും മറന്നില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ശ്യാമ തരിച്ചു നിൽക്കുകയായിരുന്നു. പക്ഷെ അച്ഛന്റെ പെരുമാറ്റം എന്തുകൊണ്ടോ അലനെ അത്രയ്ക്കങ്ങ് തൃപ്തിപ്പെടുത്തിയിരുന്നില്ല.
അവനൊരു വേട്ടനായയെ പോലെ ശ്യാമയുടെ ഫോണും കൊണ്ട് സേതുവിനെ പിന്തുടർന്നു. മനസ്സിലുള്ളത് ലക്ഷ്യം കാണാൻ സേതു ബാത്റൂമിൽ കയറുന്നതു വരെ അവൻ കാത്തിരുന്നു. കുളിക്കാൻ കയറിയാൽ കുറച്ചു സമയമെടുക്കുമെന്ന് അവന് നന്നായി അറിയാം. ഡോറിന്റെ ലോക്ക് വീഴുകയും, അകത്തുനിന്ന് മൂളിപ്പാട്ട് പുറത്തേക്ക് കേൾക്കുകയും ചെയ്തതോടെ അലൻ സേതുവിന്റെ ഫോൺ തിരഞ്ഞു. അവസാനം ബാഗിൽ നിന്നും കിട്ടി. അടുത്തൊരു ദിവസം യാദൃശ്ചികമായി കണ്ട ഫോണിന്റെ സ്ക്രീൻ ലോക്ക് ഓർത്തെടുത്ത് ഓപ്പൺ ചെയ്തു.പിന്നെ കീശയിൽ നിന്നും ശ്യാമയുടെ ഫോണെടുത്ത് വാട്സപ്പ് എടുത്ത് വാട്സപ്പ് വെബ് ഓപ്പൺ ചെയ്ത് സേതുവിന്റെ ഫോണുമായി ബന്ധിച്ചു. അവനെന്താണ് ചെയ്യുന്നതെന്ന് നോക്കി കൊണ്ടാണ് നിയ അരികിലേക്ക് വന്നത്.ശബ്ദമുണ്ടാക്കരുതെന്ന് ചുണ്ടത്ത് വിരൽ ചേർത്ത് അവനവളെ നോക്കി ആംഗ്യം കാണിച്ചു. ചെയ്യുന്ന കള്ളം ഗൗരവമേറിയതായതു കൊണ്ടാവണം ക്രമാതീതമായി അവന്റെ ശ്വാസഗതികൾ ഉച്ഛസ്ഥായിയിൽ ആയിക്കൊണ്ടിരുന്നു. തെറ്റാണെന്ന് അറിയാമായിരുന്നുവെങ്കിലും, അച്ഛൻ തെറ്റിലേക്ക് പോവുന്നുവെങ്കിൽ അമ്മയ്ക്കും, ഞങ്ങൾക്കും വേണ്ടി അച്ഛനെ തിരിച്ചുപിടിക്കണമെന്ന വാശിയായിരുന്നു ആ കുട്ടി മനസ്സുനിറയെ! സേതുവിന്റെ ഫോൺ തിരികെ ബാഗിൽ തന്നെ വയ്ക്കുമ്പോഴേക്കും അവനാകെ വിയർപ്പിൽ കുളിച്ചിരുന്നു.
"എടാ അലൂ... നീയെന്താ ഈ കാണിക്കാൻ പോകുന്നേ!"നിയയുടെ സ്വരത്തിൽ വിറ പടർന്നിരുന്നു.
"ഏച്ചി പേടിക്കേണ്ട, അമ്മ സംശയിക്കുന്നതു പോലെ അച്ഛനെന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നമുക്കത് കണ്ടു പിടിക്കണം. അച്ഛൻ വഴി തെറ്റി പോകുന്നുണ്ടെങ്കിൽ നമ്മളത് തിരുത്തി കൊണ്ടുവരണം. അതിനുള്ള ചെറിയ ശ്രമം നീ കൂടി എന്റൊപ്പം നിക്കണം".
"അതൊക്കെ നിക്കാം ഇത് ശരിയാവ്വോ!"
"നോക്കാം നമ്മക്ക്".
അപ്പോഴേക്കും ബാത്റൂമിന്റെ ഡോർ തുറന്ന് തല തുവർത്തിക്കൊണ്ട് സേതു പുറത്തേക്കിറങ്ങി.നിയയേയും, അലനെയും അവിടെ കണ്ട് "ആങ്ങളയും, പെങ്ങളും എന്താ ഇവിടെ പരിപാടി''.
"ഏയ് ഒന്നുല്ല". ഇരുവരും ചുമലുകൾ കുലുക്കി.
അപ്പോഴേക്കും ഇതൊന്നും അറിയാതെ ശ്യാമ നാലു പേർക്കുമുള്ള ചായ മേശപ്പുറത്ത് കൊണ്ടു വെച്ച് അവിടേക്ക് വന്നു.
മങ്ങിപ്പോയ സന്തോഷത്തിന്റെ തിരി ആളി കത്തുന്നതിനിടയിൽ സേതുവിന്റെ ഫോൺ ശബ്ദിച്ചു. ഇടവിട്ട് വരുന്ന മെസേജുകൾ അലോസരം സൃഷ്ടിച്ചു.
"അതൊന്ന് കുറച്ച് സമയത്തേക്ക് മാറ്റിവെക്ക് സേതുവേട്ടാ...''
" കസ്റ്റമറാണ്.. മറുപടി കൊടുത്തില്ലെങ്കിൽ വയറ് കാലിയായിരിക്കും".നിയയും, അലനും പരസ്പരം നോക്കി. ചായ പെട്ടെന്ന് കുടിച്ചു തീർത്ത് സേതു ഫോണും കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു. അലന്റെ കൈകൾ അപ്പോൾ കീശയിലുള്ള ശ്യാമയുടെ ഫോണിനെ തഴുകി കൊണ്ടിരിക്കുകയായിരുന്നു.
തുടരും....