ഭാഗം 12
ജീവിതത്തിന്റെ ഒഴുക്ക് എന്നും ഒരു പോലെയല്ല എന്നും അതിലിടയ്ക്ക് ആഴമേറിയ കയവും, ചുഴിയും നിറഞ്ഞതാണെന്നും അവസാനം മരണത്തോട് അടുക്കുമ്പോൾ പല അവസ്ഥാന്തരങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുമെന്നും കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ ശ്യാമയ്ക്ക് മനസ്സിലായി തുടങ്ങിയിരുന്നു. ദാമ്പത്യത്തിന്റെ നൈർമ്മല്യമാകെ കെട്ടുപോയിരിക്കുന്നു.
സേതു അടുത്ത് വരുമ്പോഴൊക്കെ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചോടി പോകുവാനുള്ള ഒരു വ്യഗ്രത അവളുടെ മനസ്സിൽ രൂപപ്പെട്ടു തുടങ്ങിയിരുന്നു. അവളെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുപോവാൻ വിനയൻ ഒരു പാട് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സേതുവെന്ന വൃക്ഷത്തിൽ അള്ളി പിടിച്ചു വളരുന്ന ഇത്തിൾക്കണ്ണിയാണ് അവളും, അവളുടെ മനസ്സും എന്ന് അവൻ തിരിച്ചറിഞ്ഞു.
ആ സംഭവം ശ്യാമയുടെ വീട്ടുകാരും,സേതുവിന്റെ വീട്ടുകാരും എല്ലാം അറിഞ്ഞു. 'ഇത്രേം ആഭാസത്തരം കയ്യിലുള്ള ഒരുവനെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്നും, അവനെ ഒഴിവാക്കി പിള്ളേരെയും കൂട്ടി രക്ഷപ്പെടാൻ നോക്ക് ' എന്ന ഉപദേശമായിരുന്നു അവർക്കെല്ലാം പറയാനുണ്ടായിരുന്നത്.
പക്ഷെ അവളതിനൊന്നും ചെവികൊടുക്കാതെ പഴയതുപോലെ ചോറും കറികളും ഉണ്ടാക്കി മക്കളെയും, ഭർത്താവിനെയും പരിപാലിക്കാനും മറ്റുമായിരുന്നു അവൾക്ക് ഉത്സാഹം അതിനിടയ്ക്കും ,കൺമുന്നിൽ കണ്ട സംശയത്തിന്റെ വേരുകൾ പൂർണ്ണമായും അവളുടെ ഉള്ളിൽ നിന്നും അഴുകി പോയിരുന്നില്ല.
'ഇനിയങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന്' പലയാവർത്തി അവൻ പറഞ്ഞുവെങ്കിലും
അവൾക്കത് പലപ്പോഴും വിശ്വാസമായി തോന്നിയില്ല. ഫോണും നോക്കിയിരിക്കുമ്പോൾ മറ്റവളുമാരായിരിക്കുമോ മറുപുറമെന്ന് വെറുതെ നിനയ്ക്കും. അവന്റെ യാത്രകളിലെല്ലാം സംശയത്തിന്റെ പായലിനെ കൂട്ടുപിടിച്ച് പറ്റികയറാൻ തുടങ്ങി. അതു കണ്ട് അലനും, നിയയും ഒരു പോലെ പറഞ്ഞു.
"അമ്മയ്ക്ക് ഭ്രാന്താണെന്ന് ", തെറ്റ് തിരിച്ചറിഞ്ഞ് നല്ല വഴിക്ക് വന്ന അച്ഛനെ വീണ്ടും സംശയത്തിന്റെ വാക്കുപയോഗിച്ച് തിരികെ പറഞ്ഞയക്കുമോ എന്ന പേടിയായിരുന്നു ഇരുവർക്കും.
മനസ്സിനെ പഴയ വഴിയെ നടത്തിക്കരുതെന്ന് ആയിരം വട്ടം ചിന്തിച്ചാലും, രാത്രികാലങ്ങളിൽ അവളോട് ചേർന്നു കിടക്കുന്ന സേതുവിൽ നിന്ന് അന്യ പെണ്ണിന്റെ ഗന്ധം പ്രസരിക്കുന്നതായി അവൾക്ക് തോന്നും. പിന്നെ ഒരു ഉന്മാദിയെ പോലെ എഴുന്നേറ്റിരുന്ന് അവനെ തട്ടിത്തെറിപ്പിച്ച് പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി നിൽക്കും. എല്ലാ ദിവസവും ഇത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.
വർത്തമാനം പറയാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നവൾ പതിയെ സംസാരം കുറച്ച്; നീണ്ടു നിൽക്കുന്ന ആലോചനകളിൽ മുഴുകി ഒരു തരം ആത്മ ലഹരി തിരയുകയായിരുന്നു.ഏത് സമയത്തും തുറിച്ചു നോക്കിയുള്ള അവളുടെ ചിന്ത കാണുമ്പോൾ സേതുവിന്റെ ഉള്ളിൽ ഭയം ചേക്കേറി തുടങ്ങി.
ഓരോ ദിവസം കഴിയും തോറും ശ്യാമ അവരിൽ നിന്നും ഒരു പാട് ദൂരം മനസ്സുകൊണ്ട് സഞ്ചരിക്കാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോഴാണ്
അവളെ ഡോക്ടറിനെ കാണിക്കാൻ സേതുവും, വിനയനും തീരുമാനിച്ചത്.കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന ശ്യാമ കടുത്ത ഡിപ്രഷനിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും നല്ലൊരു കൗൺസിലിംഗ് ആവശ്യമുണ്ടെന്നും ഡോക്ടർ നിർദ്ദേശിച്ചു.
"അതിപ്പോ" വിനയനും,സേതുവും ഒരു പോലെ ചോദിച്ചു.
"ഞങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ നല്ലൊരു മനശാസ്ത്രജ്ഞ ഉണ്ട്. എപ്പൊഴും തിരക്കാണ്.ഞാൻ തന്നെ വിളിച്ചു പറയാം''.ഡോക്ടർ ഫോൺ ചെയ്യുന്നതും നോക്കി അക്ഷമയോടെ അവർ കാത്തു നിന്നു.
"ഒരു അര മണിക്കൂർ കഴിഞ്ഞ് പോയാ മതി. ചീട്ടില് ഞാൻ എഴുതാം അപ്പൊ ടോക്കണൊന്നും എടുക്കണ്ട".
ഡോക്ടർ എഴുതിയ ചീട്ടുമായി 'മനോരോഗ വിദഗ്ദ ' എന്ന ബോർഡിന് കീഴിലിരിക്കുമ്പോൾ സേതുവിന്റെ ഉള്ളം വിങ്ങിപ്പൊട്ടി. അകത്തേക്ക് ചെല്ലാൻ നഴ്സ് വന്നറിയിച്ചപ്പോൾ വിനയനായിരുന്നു ആദ്യം കയറിയത്.
ഒരു വക്കീലിനു മുന്നിൽ ഇരിക്കുന്നതു പോലെയായിരുന്നു അവന് തോന്നിയത്.
''ഡോക്ടർ ഞാൻ പേഷ്യന്റിന്റെ അനിയനാണ് പേര് വിനയൻ".
" ആ വിനയൻ പറയൂ.."
"ഏച്ചിക്കു വേണ്ടിയിട്ടാണ് ഞാൻ വന്നത്".
"ആഹാ പേഷ്യന്റ് വന്നിട്ടില്ലേ?"
" ഉണ്ട്, ഏച്ചിയും, ഹസും പുറത്തിരിക്കുകയാണ്."
"അതെന്താ അവര് കയറാഞ്ഞത് ...?"
"അവര് കയറുന്നതിനു മുന്നേ എനിക്ക് കുറച്ച് കാര്യം ഡോക്ടറോട് പറയാനുണ്ടായിരുന്നു. അതാണ് മുന്നേ കയറിയത്.അങ്ങേര് കാരണാ.. എന്റെ ഏച്ചി, ഇന്നൊരു ഡിപ്രഷൻ സ്റ്റേജിൽ എത്തിയത്". അതിനു ശേഷം ശ്യാമയുടെ വിവാഹം കഴിഞ്ഞതു മുതൽ സേതുവിനെ പോലീസ് പിടിച്ചതു വരെയുള്ള കാര്യങ്ങൾ ഓരോന്നായി അവൻ പറഞ്ഞു കേൾപ്പിച്ചു.
നീലിമ എല്ലാം സാകൂതം കേട്ടിരുന്നു.വിനയൻ ഇടക്ക് പറഞ്ഞ കാര്യങ്ങളൊക്കെ താൻ വേറെ എവിടെ നിന്നൊക്കെയോ കേട്ടിട്ടുണ്ടല്ലോ എന്ന് അവൾ ആലോചിക്കുകയും ചെയ്തു. പക്ഷെ എവിടെ നിന്നെന്ന് പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞില്ല.
" ശരി വിനയൻ പുറത്തിരിക്കൂ, എന്നിട്ട് ഏച്ചിയോട് വരാൻ പറയൂ".
നഴ്സിന്റെ പിറകിലായി വന്ന യുവതിയെ കണ്ട് നീലിമ സ്തബ്ദയായി.
" ശ്യാമു...!"നീലിമയുടെ വിളിയിലാണ് ശ്യാമ മുഖമുയർത്തിയത്. അവളുടെ കണ്ണുകളിൽ അമ്പരപ്പും, ഞെട്ടലും ഒരു പോലെ പ്രകടമായി.
"മോളേ നീ.." നീലിമ അടുത്തേക്ക് ചെന്ന് ശ്യാമയെ ചേർത്തണച്ചു.
"സിതാര ഇപ്പോൾ ഒ.പിയിലേക്ക് പോയിക്കോളു ഞാൻ വിളിപ്പിക്കാം". റൂമിലുള്ള നഴ്സിനെ നോക്കി നീലിമ പറഞ്ഞു.
നഴ്സ് പോയതിനു ശേഷം ശ്യാമ പൊട്ടിക്കരഞ്ഞു പോയി. അത് തടയാൻ നീലിമ മിനക്കെട്ടില്ല. 'കരയട്ടെ, മനസ്സ് ഫ്രീ ആകുന്നതു വരെ കരയട്ടെ'. തെല്ലൊന്നടങ്ങിയപ്പോൾ ശ്യാമയുടെ മുടിയിഴകളിൽ അവൾ പതിയെ തഴുകി.
"റിലാക്സ്, ഡീയർ റിലാക്സ്... ഇനി പറയൂ നിന്റെ മനസ്സിൽ എന്താണെന്ന്. കുറേയൊക്കെ വിനയൻ പറഞ്ഞു. എന്നാലും നീ കൂടി പറയൂ"
"നീലൂ... എനിക്ക്"
"എവിടെ തുടങ്ങും എന്ന അങ്കലാപ്പ് വേണ്ട. നിനക്കെന്താണോ പറയാൻ തോന്നുന്നത്, അത്; അതു വെച്ച് തുടങ്ങിയാ മതി".
അവൾ പറഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം വിനയൻ പറഞ്ഞതുപോലെ തന്നെയായിരുന്നു.പക്ഷെ അതിൽ ഒരു ഭാര്യയുടെ അങ്കലാപ്പും, ആത്മസംഘർഷങ്ങളും ഇഴചേർന്നിരുന്നുവെന്ന് മാത്രം.
"നീലു എന്ത് തന്നെയായാലും സേതു വേട്ടൻ ഇല്ലാതെ പറ്റില്ലെനിക്ക് പക്ഷെ അദ്ദേഹത്തോടിപ്പോ അടുത്ത് ഇടപഴകാനും പറ്റുന്നില്ല. അരികെ വരുമ്പോ വേറെ ആരുടെയോ ഗന്ധമാ എനിക്ക് അനുഭവപ്പെടുന്നത്.വീണ്ടും പഴയ ചാറ്റും കാര്യങ്ങളുമൊക്കെ ഉണ്ടെന്ന് തന്നെയാ ഞാൻ സംശയിക്കുന്നത്".
" ശ്യാമൂ... നീയാദ്യം മനസ്സിൽ നിന്ന് ആ സംശയത്തിന്റെ വേരങ്ങ് പിഴുത് കളയ്".
"നീലൂ അതാണ് എനിക്ക് പറ്റാത്തത്''
" പറ്റണം" അതൊരു ഉറച്ച ശാസനയായിരുന്നു.
"ഇല്ലെങ്കിൽ ഇപ്പൊ നിന്റെ കൂടെയുള്ള സേതുവേട്ടനെ പിന്നെയൊരിക്കലും നിനക്ക് കിട്ടിയെന്ന് വരില്ല. വിനയനും, നീയും പറഞ്ഞ കാര്യം വച്ചു നോക്കുമ്പോൾ സേതുവേട്ടന് ഇടയ്ക്കൊരു അബദ്ധം പറ്റി, ആ അബദ്ധം ഒരു ഭാര്യക്കും അംഗീകരിക്കാൻ പറ്റാത്തതുമാണ്. പക്ഷെ അയാൾ തെറ്റ് തിരിച്ചറിഞ്ഞ് നിങ്ങടെ കൂടെ തന്നെയുണ്ടല്ലോ?. നഷ്ടപ്പെടാതിരിക്കാൻ ക്ഷമിച്ചു നിന്നേ പറ്റൂ".
"ക്ഷമിക്കുന്നു ഭൂമിയോളം;പക്ഷെ ഭാര്യയുടെ സ്ഥാനത്ത് ഭാര്യയെപ്പോലെ കണ്ട് ഒരാളെയല്ല മൂന്നു പേരെ അത് ഞാനെങ്ങനെ ഉൾക്കൊള്ളും".
"അതാണ് ശ്യാമു എനിക്കും അറിയാനുള്ളത് സേതുവേട്ടൻ അങ്ങനെയൊരു അവിഹിതത്തിലേക്ക് പോകാൻ ഒരു പരിധി വരെ നീയും കാരണമാണോ..! ഞാനുദ്ദേശിച്ചത് എന്താണെന്ന് വെച്ചാൽ നിങ്ങൾ തമ്മിൽ... ഭാര്യാഭതൃബന്ധം ഉണ്ടായിരുന്നില്ലേ?"
"നീ ചോദിച്ചത് ശരിയാ... ഞങ്ങൾക്കിടയിൽ ഒരു വലിയ ഗ്യാപ്പ് വന്നിരുന്നു.അമ്മയ്ക്ക് സുഖമില്ലാതിരുന്ന സമയത്ത് ഒരു മാസത്തോളം ഞാൻ വീട്ടിൽ പോയിരുന്നു. തിരികെ വന്നതിനു ശേഷമാണ് സേതുവേട്ടൻ ഒരു പാട് മാറിയതു പോലെ തോന്നിയത്. പക്ഷെ ആ ഒരു മാസം കൊണ്ടൊക്കെ...എനിക്കത് വിശ്വസിക്കാൻ പറ്റണില്ലെടി"
"സേതുവേട്ടന് ഇപ്പൊ എത്ര വയസ്സായി"
"നാൽപ്പത്"
"മോളേ... ശ്യാമൂ നിന്നോട് ഞാനൊരു സത്യം പറയട്ടെ?"എന്താണെന്നർത്ഥത്തിൽ അവൾ നീലിമയെ മിഴിച്ചു നോക്കി.
"ഈ നാൽപ്പത് എന്നു പറയുന്നത് ചെറിയ പ്രായല്ല. പുരുഷനായാലും, സ്ത്രീ ആയാലും ഇരുപതിലേക്ക് പോകുന്ന പ്രായമാണത്!.
ജീവിതത്തിന്റെ പാതിയും തീർന്നതിനാൽ, പുതിയ ഇഷ്ടങ്ങളും, പ്രണയവും എല്ലാം പൊട്ടി മുളയ്ക്കുന്നത് അപ്പോഴായിരിക്കും. നഷ്ടസ്വപ്നങ്ങളെ മറവിയുടെ ഗർത്തത്തിലേക്ക് വലിച്ചെറിഞ്ഞ് ജീവിതത്തിന്റെ പുതുവസന്തം തേടി അവർ യാത്രയാവും, അവിടെ അവർ ഒന്നും കാണില്ല അവരുടെ സുഖവും സന്തോഷവും അല്ലാതെ... ആ ഒരു അവസ്ഥയിൽ ആയിരുന്നിരിക്കണം സേതുവേട്ടനും വഴിമാറി പോയത്.ഭർത്താവിനും മക്കൾക്കും വേണ്ടി തന്നെയായിരുന്നു നിന്റെ ജീവിതം പക്ഷെ... ഭർത്താവിന്റെ കൂട്ടുകാരിയോ, കാമുകിയോ ആവാൻ നിനക്ക് സാധിച്ചില്ല. അവർക്കു വേണ്ടി വെച്ചു വിളമ്പി ഊട്ടി ഒരു ഭാര്യയുടെ റോള് നീ നന്നായി ചെയ്തു. പക്ഷെ അയാൾക്ക് വേണ്ടിയിരുന്നത്.അടുത്തിരുന്ന് കുറുമ്പും, പരിഭവവും, പറഞ്ഞ് പിണങ്ങി മാറി നിൽക്കുന്ന ഒരു കാമുകിയെ ആയിരുന്നു. ഭാര്യയിൽ നിന്ന് അത് കിട്ടാതായപ്പോൾ അയാൾ മറ്റ് വഴി തേടി. അതിൽ പെട്ട മറ്റൊരു ഭാഗം കിടപ്പറയാണ്. സ്ത്രീകളെ പോലെയല്ല പുരുഷന്മാർ തൊണ്ണൂറുകളിൽ എത്തിയാലും അവർക്ക് വികാരത്തിന് ഒരു കുറവും വരില്ല.കേട്ടിട്ടില്ലേ വയോധികർ പിഞ്ചു കുട്ടികളെ വരെ പീഡിപ്പിച്ചു എന്ന്. അതൊക്കെ ഇതിന് ഉദാഹരണമാണ്. കുട്ടികളൊക്കെ ഇത്തിരി മുതിർന്നാൽ പിന്നെ സ്ത്രീകൾ പൊതുവെ ഒതുങ്ങി ജീവിക്കാൻ തുടങ്ങും. ചുരുക്കം ചിലർ സ്വാതന്ത്ര്യം തേടി അലയും.അക്കൂട്ടത്തിൽ പെട്ടവരാ നമ്മളൊക്കെ, ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?" ഉണ്ടെന്നർത്ഥത്തിൽ ശ്യാമ തല കുലുക്കി.
" അപ്പോ മനസ്സിലുള്ള സംശയമൊക്കെ എടുത്ത് മാറ്റി പുതിയൊരു ജീവിതം തുടങ്ങ്, സേതുവിന്റെ ഭാര്യയായിട്ടല്ല, കാമുകിയായിട്ട്. ചെറുപ്പത്തിലെ വിവാഹം കഴിച്ചവരല്ലെ നിങ്ങള് ഇനിയൊന്ന് ഇരുപതിലേക്ക് തന്നെ തിരിച്ച് നടക്ക് ഓക്കെ... ആ പിന്നേ സ്നേഹം ഒരു പാടങ്ങ് അതിര് വിടരുത് അധികമായാൽ അമൃതും വിഷമാണെന്ന് അറിയാലോ?'' എല്ലാം ശരിയെന്നർത്ഥത്തിൽ ശ്യാമ തലയാട്ടി.
"എന്നാ മോള് പോയി സേതുവേട്ടനോട് വരാൻ പറ, പിന്നെ നമ്മൾ സുഹൃത്തുക്കൾ ആണെന്ന് പറയണ്ട കെട്ടോ, ആൾക്ക് ഞാനും കുറച്ച് ഉപദേശം കൊടുക്കട്ടെ".
കാർമേഘമൊഴിഞ്ഞ നീലാകാശം പോലെ മുഖത്തൊരു പുഞ്ചിരിയുമായി ശ്യാമ അവിടെ നിന്നും എഴുന്നേറ്റു.
സേതു അകത്തേക്ക് വരുമ്പോൾ നീലിമ കുറച്ച് ഗൗരവത്തിലായിരുന്നു.
"ഡോക്ടർ"
"ആ ഇരിക്കൂ.. പേര് "
"സേതുനാഥ് ''
"ഇപ്പൊ ഇവിടെ നിന്ന് ഇറങ്ങി പോയ ആളെ അറിയോ!"
"ആ.. എന്റെ ഭാര്യ"
"ഉറപ്പാണോ?''
''ഡോക്ടർ എന്തേ അങ്ങനെ ചോയിച്ചത് ".
"അല്ല കുറച്ചു കൂടി കഴിഞ്ഞാൽ ഒരു ഭ്രാന്തി എന്ന് പറയേണ്ടി വന്നേനേം"
" ഡോക്ടർ "
"ഉള്ള കാര്യം പറഞ്ഞതാ, നിങ്ങൾ അത്രയ്ക്കും അവൾക്ക് മെൻറൽ ഷോക്ക് കൊടുത്തിട്ടുണ്ട് അതോണ്ടാവും അവർക്ക് നിങ്ങളെ എങ്ങനെ എങ്കിലും ഒഴിവാക്കിയാ മതിയെന്നുണ്ട് ഇപ്പോ..?"
" പക്ഷെ ഡോക്ടർ എനിക്ക് അവളെ വേണം"
"എന്നിട്ടാണോ മിസ്റ്റർ നിങ്ങൾ കണ്ട പെണ്ണുങ്ങളെ തേടി പോയത്".
"അങ്ങനെയൊരു തെറ്റുപറ്റി, പോലീസ് പിടിച്ചതിനു ശേഷം ഞാനാ തെറ്റ് ആവർത്തിച്ചിട്ടില്ല".
"ആവർത്തിച്ചിട്ടില്ലെന്ന് നിങ്ങൾ പറയുന്നു.പക്ഷെ ആ പെണ്ണിന്റെ മനസ്സിൽ അതൊക്കെ ഇപ്പൊഴും ഉണ്ട്".
"അവൾക്കെന്നെ സംശയാ.."
"കല്ല്യാണം കഴിഞ്ഞിട്ട് എത്ര കൊല്ലായി!"
"പതിനാറ്"
"ആ പതിനാറ് വർഷത്തിനിടയ്ക്ക് എപ്പോഴെങ്കിലും അവൾ നിങ്ങളെ സംശയിച്ചിട്ടുണ്ടോ?"
"ഇല്ല"
"ഇല്ല അല്ലേ! അപ്പോ സംശയിക്കാനുള്ള അവസരം താങ്കൾ തന്നെയാണ് ഒരുക്കിയത്. നിങ്ങളെ കുറിച്ച് ആരെങ്കിലും പറഞ്ഞ് കൊടുത്ത വാർത്തയല്ല. അവൾ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ട കാര്യങ്ങളാണ് അത് അത്ര പെട്ടെന്നൊന്നും അവളുടെ മനസ്സീന്ന് പോവില്ല. പിന്നെ പഴയതിന്റെ ആവർത്തനം വല്ലതും ഇപ്പൊഴും ഉണ്ടെങ്കിൽ അതൊക്കെ ഇന്നത്തോടെ നിർത്തുക. അവളുടെ ലോകം നിങ്ങൾ മാത്രമാണ്. നിങ്ങക്ക് തന്നെ അറിയുന്ന കാര്യമല്ലേ, ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികൾ തരണം ചെയ്തു.ശ്രീരാമന്റെ കൂടെ വനവാസത്തിന് ഇറങ്ങി പുറപ്പെട്ട സീതയെ പോലെ ഏതെല്ലാം മുൾക്കാട്ടിലേക്ക് അവൾ നിങ്ങടെ കൂടെ വന്നു. ഒരു പരാതിയോ, പരിഭവമോ ഒരിക്കലെങ്കിലും ആ പാവം പറഞ്ഞിട്ടുണ്ടോ? എന്നിട്ട് നിങ്ങളോ ഒരു മാസം അവൾ കൂടെ ഇല്ലാതായപ്പോൾ സത്യവാന്റെ സ്വഭാവം കാണിച്ചില്ലേ...! അകലെയുള്ള മരുപച്ച തേടി ഇനിയും പോവാതിരിക്കുക".ഉള്ളിലെ ബാഷ്പധാര ഉരുകി സേതുവിന്റെ കണ്ണിനെ ഈറനണിയിച്ചു കൊണ്ടിരുന്നു.അതു കണ്ട് കൊണ്ട് നീലിമ പറഞ്ഞു. "ഈ കണ്ണീർ കണത്തിന് വല്ല സത്യവും ഉണ്ടെങ്കിൽ ദയവ് ചെയ്ത് പഴയതിലേക്ക് തിരിച്ച് നടക്കരുത് അപേക്ഷയാണ്''. അത്രയും പറഞ്ഞ് നീലിമ എഴുന്നേറ്റ് പോയി ശ്യാമയെ വിളിച്ചു.
മുന്നിലിരിക്കുന്ന ശ്യാമയേയും,സേതുവിനെയും മാറി മാറി നോക്കി നീലിമ സംസാരം തുടർന്നു.
"എന്നോട് സംസാരിച്ചു കഴിഞ്ഞതിനു ശേഷം രണ്ടു പേർക്കും എന്തു തോന്നുന്നു. മനസ്സിൽ എന്തെങ്കിലും ഇനിയും തങ്ങിനിൽപ്പുണ്ടോ..?"
ഇല്ലെന്ന് രണ്ടു പേരും തലയാട്ടി. സേതു ശ്യാമയുടെ കൈകളിൽ അമർത്തി പിടിച്ചു.അതിലൊരു കരുതലിന്റെയും, വാൽസല്യത്തിന്റെയും സ്നേഹലാളനം അവൾ തിരിച്ചറിഞ്ഞു.
"അപ്പൊ പുതിയൊരു ജീവിതം തുടങ്ങുവല്ലേ..?" പുഞ്ചിരിയോടെ പുറത്ത് ഇറങ്ങുമ്പോഴാണ് എസ് ഐ മാധവ് അങ്ങോട്ട് വന്നത്. ഉച്ചക്ക് ശേഷം ഷോപ്പിംങിന് പോവാൻ തീരുമാനിച്ചതായിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും നീലിമയെ കാണാത്തതു കൊണ്ട് അന്വേഷിച്ച് വന്നതാണ്.സേതുവിനെ കണ്ട് അയാളുടെ നെറ്റി ചുളിഞ്ഞു.
"എന്താടാ ഇവിടെ, പിന്നേം വല്ല പ്രശ്നോം ഉണ്ടാക്കിയോ?''
"ഇല്ല സർ ഞങ്ങളൊന്ന് ഡോക്ടറെ കാണാൻ വേണ്ടി'' പുറത്തെ സംസാരം കേട്ടാണ് നീലിമ പുറത്തേക്ക് വന്നത്.
"അല്ല നിങ്ങൾ പോയില്ലേ..?''
"ഇല്ല അപ്പോഴാണ് സർ"
"ആ നീലൂ ഞാനന്ന് രണ്ട് കുട്ടികളുടെ കാര്യം പറഞ്ഞില്ലേ, അതിലെ നായകനും, വില്ലനുമാ ഈ നിൽക്കുന്നത്".
"നീലൂ... അപ്പൊ ഇത് '' ശ്യാമ സംശയത്തോടെ ചോദിച്ചു.
"ഇതാണ് എന്റെ പുരുഷൻ! ഞാനറിയാതെ നിങ്ങളൊക്കെ എവിടെയൊക്കെ വച്ച് കണ്ടെന്ന് മനസ്സിലായത് ഇന്നാണ്. ആ മാധവേട്ടാ... ഇതാണ് എന്റെ ശ്യാമു അന്ന് പറഞ്ഞില്ലേ? യാദൃശ്ചികമായി കണ്ടു മുട്ടിയെന്ന് പിന്നെ കാണുന്നത്, ദാ ഈ കോലത്തിലാ".
"അപ്പൊ...'' മാധവ് പാതി നിർത്തി
"ഇപ്പൊ എല്ലാം കലങ്ങി തെളിഞ്ഞു അവരിപ്പോ നാൽപ്പതിൽ നിന്ന് ഇരുപതിലേക്ക് തിരിച്ചു നടക്കുകയാണ്. അതിന്റെ അർത്ഥം മനസ്സിലാവാതെ സേതുവും, മാധവും പരസ്പരം നോക്കി. നീലിമയുടെയും, ശ്യാമയുടെയും ചുണ്ടിൽ ഒരു ഗൂഢസ്മിതം മിന്നി മറഞ്ഞു.
അവസാനിച്ചു.