ഭാഗം 11
ശ്യാമയോടും കുട്ടികളോടും താഴെ തന്നെ നിൽക്കാൻ പറഞ്ഞിട്ട് മാധവ് സേതുവിനെയും കൊണ്ട് റൂമിലേക്ക് നടന്നു. സ്റ്റൈപ്പുകൾ ഓരോന്നായി കയറുമ്പോഴും സേതുവിന് തല കറങ്ങുന്നതു പോലെ തോന്നി.
ഒന്നാമത് രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്നത്. രണ്ടാമത് രഹസ്യങ്ങളുടെ തുരുത്തിലേക്കുള്ള അപ്രതീക്ഷിതമായ ഇവരുടെ കടന്നുകയറ്റം. ചാടി പോയാലോ എന്നു പോലും തോന്നിപ്പോയി.
"തുറക്കെടാ...വാതിൽ" അക്ഷമയോടെ കോൺസ്റ്റബിൾ പറഞ്ഞു. ചാവിയിട്ട് തിരിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നത് സേതു അറിയുന്നുണ്ടായിരുന്നു. മുറിയിലേക്ക് കയറിയ മാധവ് ചുറ്റിലും നോക്കി നെറ്റി ചുളിച്ചു. മുറിയാകെ തുണിയും, പേപ്പറും കൊണ്ട് മറച്ചിരിക്കുന്നു. പുറത്ത് നിന്ന് നോക്കുമ്പോൾ അകത്ത് എന്താണ്, ആരാണ് എന്ന് പെട്ടെന്ന് മനസ്സിലാവില്ല.
"നീയാള് കൊളളാലോ? കുട്ടികൾ വന്ന് പറഞ്ഞിട്ട് ഞാനിത്രയും പ്രതീക്ഷിച്ചില്ല. എന്താടാ ഇത്; ഇവിടെ ബ്യൂറോ തന്നെയാണോ നീ നടത്തുന്നത്. അതോ പെൺവാണിഭമോ?" മറുപടി പറയാതെ സേതു തല കുനിച്ചു.
തിരച്ചലിനിടയിൽ അഞ്ചാറ് പെൻഡ്രൈവ്, വില കുറഞ്ഞ രണ്ട് ടച്ച് ഫോൺ, സ്ത്രീകളുടെ ഡ്രസ് എന്നിവയൊക്കെ കണ്ടു കിട്ടി. ഫോണുകളുടെ ലോക്കുകൾ അവനെ കൊണ്ട് തന്നെ തുറപ്പിച്ചു. കോൺടാക്റ്റ് ലിസ്റ്റിൽ എല്ലാം സ്ത്രീകളുടെ നമ്പർ പല പേരിൽ സേവ് ചെയ്തു വെച്ചിരിക്കുന്നു. വിശദമായ ചോദ്യം ചെയ്യലിനിടയിൽ അവൻ തന്നെ ഓരോന്നായി സമ്മതിച്ചു. വിവാഹം ശരിയാവാത്തവരുമായി ബന്ധം സ്ഥാപിക്കും പിന്നെ പതിയെ അവരുമായി അടുക്കും, മാന്യമായി ചാറ്റു തുടങ്ങും.പിന്നെ അത് മറ്റ് തലങ്ങളിലേക്ക് വഴിമാറും. കാശുകാരാണ് വരുന്ന കക്ഷികളെങ്കിൽ അവരോട് കാശും, സ്വർണ്ണവുമൊക്കെ വാങ്ങും. ചിലവര് ഡിവോഴ്സിന്റെ വക്കിൽ എത്തിയവരാവും.അവരോടും കുറച്ച് സ്നേഹം കാണിച്ച് വരുതിയിലാക്കും''.
"മൊത്തത്തിൽ നിന്റെ ചെലവൊക്കെ ഇതു വഴി അങ്ങ് നടക്കുന്നുണ്ട് അല്ലേ... അതിന്റെ കൂടെ ഇത്തിരി മസാലയും. നിനക്കെങ്ങനെ ആ പെണ്ണിനെയും, പിള്ളേരെയും ചതിക്കാൻ തോന്നുന്നെടാ! മക്കള് വളർന്ന് ഹൈടെക്കായെന്ന ബോധം നിനക്കില്ലാതെ പോയല്ലോടാ! ഛെ, വഴി തെറ്റി പോകുന്ന മക്കളെ നേരെ കൊണ്ടുവരാനാ പലരും സ്റ്റേഷനിൽ വരാറ്. ഇത് തിരിച്ചാണല്ലോടാ... നിനക്ക് വല്ല കൂലി പണിക്കും പോയ്ക്കൂടെ? ഇതിനേക്കാളും അന്തസ്സില്ലേടാ അതിന്"
അവനിട്ട് കൊടുക്കാൻ മാധവിന്റെ കൈ തരിച്ചു. പക്ഷെ കുട്ടികളുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ക്ഷമിച്ചു.
"സർ ഇതൊക്കെ!" കോൺസ്റ്റബിൾ കിട്ടിയ തെളിവുകൾ ഉയർത്തി കാട്ടി.
"അതെല്ലാം ഇവന്റെ തലേൽ കെട്ടിവച്ചിട്ട് റോഡ് മൊത്തം നടത്തിക്കാനാ എനിക്ക് തോന്നുന്നത്. പക്ഷെ താഴെ നിൽക്കുന്നില്ലേ മൂന്നാത്മാക്കൾ! അവർക്ക് ഒരു വാക്ക് കൊടുത്തിട്ടില്ലേ... അതോർക്കുമ്പോ, ഇവനിട്ട് ഒരെണ്ണം കൊടുക്കാതെ എനിക്ക് സമാധാനം കിട്ടില്ല". അതും പറഞ്ഞ് കൈ വീശി സേതുവിന്റെ കരണത്ത് തന്നെ ഒരെണ്ണം പൊട്ടിച്ചു. ആ അടിയിൽ അവൻ പിന്നോക്കം വേച്ചുപോയി. ആ ഒരെണ്ണം മാധവിന് അത്ര തൃപ്തി നൽകിയില്ലെങ്കിലും സേതുവിന്റെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചു കൊണ്ട് കലിപ്പ് തീർത്തു.
കിട്ടിയതെല്ലാം വാരിക്കെട്ടി താഴേക്കിറങ്ങുമ്പോൾ മാധവ്, ശ്യാമയ വിളിച്ച് പറഞ്ഞു.
"പെങ്ങളേ... റൂമ് ഞങ്ങള് പൂട്ടി സീല് വച്ചാലോന്നാ വിചാരിക്കുന്നത്".
ശ്യാമ യിൽ ഒരു ഞെട്ടൽ രൂപപ്പെട്ടു.
''അയ്യോ... സാറേ, ഇത് ഞങ്ങളുടെ ഉപജീവനമാണ്, സീല് വെച്ചാ പിന്നേ!''
''ങ്ഹും അതെനിക്കും അറിയാം. അപ്പൊ പിന്നെ എന്താ ചെയ്യാ ഇവനൊരു വെളഞ്ഞ വിത്താ... രണ്ടു ദിവസം അകത്തിട്ടാലോ?''
"സർ..." അലനും, നിയയും ഒന്നിച്ച് വിളിച്ചു. ആ വിളിയിൽ നിറഞ്ഞിരിക്കുന്ന യാചന അയാൾക്ക് മനസ്സിലായി. അയാൾ അവർക്കു നേരെ ചുമ്മാ എന്നർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു.
"ഏതായാലും നിങ്ങൾ സ്റ്റേഷൻ വരെയൊന്ന് വരൂ.പരാതി റജിസ്റ്ററിൽ വയ്ക്കാം. ഇനിയും ഇതുപോലെ എന്തെങ്കിലും ഉഡായിപ്പ് കാണിച്ചാ മേലും, കീഴും നോക്കില്ല പറഞ്ഞേക്കാം, എന്നാലും ഇവൻ ഭാഗ്യമുള്ളോനാ ഒറ്റൊരുത്തി ഇവനെതിരെ പരാതി കൊടുത്തോന്ന് നോക്കിയേ. എല്ലാറ്റിനേയും ഒരു പോലെ കൊണ്ടു പോകുന്നുണ്ടല്ലോ? അതിനെടയിൽ കുടുംബത്തിനേം. ഹോ സമ്മതിക്കണം''.
സ്റ്റേഷനിൽ പോയി പുറത്തേക്കിറങ്ങുമ്പോൾ മാധവും കൂടെ ചെന്നു.
"ഇനിയും ഇമ്മാതിരി പ്രോക്കിത്തരം കാണിക്കാന്ന് നീ മനക്കോട്ടയൊന്നും കെട്ടണ്ട. നീയും, നിന്റെ ഫോണും എല്ലായ്പ്പോഴും ഞങ്ങളുടെ നിരീക്ഷണത്തിൽ തന്നെ ആയിരിക്കും" രണ്ട് ഫോണിലെയും സിമ്മുകൾ ഊരിയെടുത്ത് മാധവ് വിരലുകൾക്കിടയിൽ അമർത്തി തവിടുപൊടിയാക്കി ഫോണ് ശ്യാമയ്ക്ക് കൊടുത്തു.
രാത്രിയിലാണ് മാധവ് വീട്ടിൽ എത്തിയത്. നീലിമ അപ്പോൾ മോന് ഓൺലൈൻ ക്ലാസിന്റെ നോട്ട് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.എന്നത്തേക്കാളും വിഷമം പിടിച്ചു കൊണ്ടുള്ള വരവ് കണ്ടപ്പോൾ തന്നെ മോനോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് അവിടെ നിന്നും എഴുന്നേറ്റു.
"എന്താ ഏട്ടാ...''
"ഏയ്യ് ഒന്നും ഇല്ലെടോ. ഞാനൊന്ന് കുളിച്ചിട്ട് വെരാം".
കുളി കഴിഞ്ഞ് വന്നിട്ടും, ഭക്ഷണം കഴിക്കാനിരുന്നിട്ടും അവന്റെ മുഖത്തെ സന്തോഷമില്ലായ്മ നീലിമയെ സങ്കടപ്പെടുത്തി.
മോൻ ഉറങ്ങിയതിനു ശേഷം അവൾ മാധവിനരികിലെത്തി. "എന്താ ഏട്ടാ ഒരു വിഷമം പോലെ!നേരത്തെ ചോയിക്കണംന്ന് വിചാരിച്ചതാ മോൻ കൂടെ ഉള്ളതോണ്ടാ പിന്നെ മിണ്ടാതിരുന്നത്". അവളുടെ വിരലുകളിൽ തലോടികൊണ്ട് അവൻ പറഞ്ഞു.
"ഇന്നൊരു സംഭവം ഉണ്ടായെടോ... അത് മനസ്സീന്ന് പോണില്ല".
"എന്താത് !'' അവളുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു.
"മിനിഞ്ഞാന്ന് രാത്രി സ്റ്റേഷനീന്ന് എറങ്ങാൻ നേരം രണ്ട് കുട്ടികൾ പരാതിയുമായി വന്നു".
"ങേ കുട്ടികളോ?"
"ആഹ്, ഒരു പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിയും, പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയും സഹോദരി സഹോദരൻമാർ.രണ്ടു പേരും വന്നത് അച്ഛനെതിരെ പരാതി കൊടുക്കാൻ വേണ്ടിയും".
"അയ്യോ അതെന്തിന് അച്ഛൻ കള്ളുകുടിയനോ മറ്റോ ആണോ?"
"അതാണ് പറഞ്ഞ് വരുന്നത് ഞാനും, മൂന്നാല് പോലീസുകാരും കൂടി ചെന്നന്വേഷിച്ചു. അയാളൊരു ബ്യൂറോ നടത്തുകയാണ്. അവിടെ വരുന്ന സ്ത്രീകളുമായി ചാറ്റും, ചീറ്റും അവിഹിതവും ഒന്നും പറയണ്ട. പിള്ളേര് വലുതായതും, ഹൈടെക്കായതും ഒന്നും അയാള് ഓർത്തില്ല. അമ്മയുടെ ഫോണുപയോഗിച്ച് അയാളുടെ ഫോണിലെ സന്ദേശമെല്ലാം പിള്ളേരങ്ങ് ചോർത്തി.അച്ഛൻ ഇനിയും അങ്ങനെ പോവാതിരിക്കാൻ ദയനീയമായി വന്നിട്ട് എന്നോട് പറഞ്ഞു. അച്ഛനെ ഒരു തരത്തിലും ഉപദ്രവിക്കരുതെന്ന്".
"എന്നിട്ട് "
" കേസ് രജിസ്റ്റർ ചെയ്തില്ല. ഭീഷണിപ്പെടുത്തി ഒപ്പു വെപ്പിച്ച് പറഞ്ഞയച്ചു".
"അയാള് ഇനിയും ഇത് ആവർത്തിക്കില്ലെന്ന് എന്താ ഉറപ്പ്". നീലിമയുടെ സ്വരത്തിൽ അരിശം നിറഞ്ഞു.
"ഒരു ഉറപ്പും ഇല്ല. എന്തായാലും നിലവിലൊരു പരാതിയുള്ളതുകൊണ്ട് വഴിമാറി ചിന്തിക്കില്ലെന്ന് വിചാരിക്കാം. ആ അത് പോട്ടെ നേരം ഒരു പാട് വൈകി. രാവിലെ ഉണരേണ്ടതാ... നീ കിടക്കാൻ നോക്ക്". നീലിമ മറുപടി പറയാതെ അയാളുടെ നെഞ്ചിലൂടെ വിരലോടിച്ചു. നേരിൽ കാണാത്ത ആ കുട്ടികളുടെ മുഖം അവളുടെ മനസ്സിൽ ഒരു നൊമ്പരമായി.
ഉറക്കത്തിനിടയിൽ നീലിമ അന്ന് ശ്യാമയെ സ്വപ്നം കണ്ടു.വിജനമായ ഒരു പാതയിൽ നിന്നു കൊണ്ട് കണ്ണീരോടെ തന്നെ മാടി വിളിക്കുന്നു. നടന്നിട്ടും, ഓടിയിട്ടും അവൾക്കരികിലേക്ക് എത്തുന്നതിനു മുന്നേ വഴി രണ്ട് കൈവഴികളായി മാറുന്നു.പിന്നെ കാഴ്ചയിൽ നിന്നും ശ്യാമയെ കാണുന്നേയില്ല. രണ്ടു മൂന്നാവർത്തി അവളുടെ പേര് വിളിച്ചു കൊണ്ട് നീലിമ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.മാധവിനെ നോക്കി നല്ല ഉറക്കം.ശബ്ദമുണ്ടാക്കാതെ കിടക്കയിൽ എഴുന്നേറ്റിരുന്നു.
'എന്തേയിപ്പോ ഇങ്ങനെയൊരു സ്വപ്നം കാണാൻ ! അന്ന് കണ്ടുമുട്ടിയതിന് ശേഷം വിളിക്കാമെന്ന് പറഞ്ഞ് പോയവളാണ്. പക്ഷെ ഇതുവരെയായിട്ടും അവളുടെ കോൾ തന്റെ ഫോണിലേക്ക് വന്നിട്ടില്ല. അന്വേഷിച്ച് വീട് വരെ പോകണമെന്ന് പലകുറി കരുതിയതാണ് പക്ഷെ തിരക്ക് ഒഴിഞ്ഞിട്ട് വേണ്ടെ, എന്തായാലും ഒരു ദിവസം അവളുടെ വീട്ടിലേക്ക് ചെല്ലണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് വീണ്ടുമവൾ കിടന്നു.
തുടരും...