(Remya Ratheesh)
രാവിനു മുകളിൽ കറുപ്പ് കരിമ്പടം നീർത്തി തുടങ്ങിയിരിക്കുന്നു. യാമങ്ങളും ഒരു പാട് ഇഴഞ്ഞു നീങ്ങുകയാണ്. കുന്നിൻ മുകളിലെ ആ ഒറ്റ നില വാടകവീട്ടിൽ ആറു കണ്ണുകൾ ഉറങ്ങാതിരിക്കുകയാണ് അപ്പൊഴും.
ഗെയ്റ്റിൽ നിന്നും പ്രസരിക്കുന്ന മഞ്ഞ നിയോൺ ബൾബിന്റെ പ്രകാശം ഇടവഴിയിലെ കാറ്റാടി മരങ്ങളിൽ തട്ടി സ്വർണ്ണ പ്രഭ വിതറി കൊണ്ടിരിക്കുന്നുണ്ട്. ഒരു പാളി മാത്രം തുറന്നിട്ട ജനാലയ്ക്കരികിൽ നിന്നും ശ്യാമയുടെ നോട്ടം വഴിയരികിലേക്ക് സഞ്ചാരം നടത്തി അരികിലിരിക്കുന്ന പതിനാലു വയസുകാരി നിയയിലേക്കും, പതിനൊന്ന് വയസുകാരൻ അലനിലേക്കും തിരിച്ചെത്തി. ഒരു നിശ്വാസത്തോടെ മകന്റെ ചുരുണ്ട മുടിയിഴകളിൽ തഴുകിയപ്പോൾ ഗാഢമായ ഉറക്കം അവനെ സ്പർശിച്ചു തുടങ്ങിയിരുന്നു. സമയം പതിനൊന്നായെന്ന് ചുമർ ക്ലോക്കിലെ കിളി ചിലച്ചു കൊണ്ട് അറിയിച്ചു. കാത്തിരിപ്പിന്റെ മടുപ്പിൽ നിയക്കും ഉറക്കം വന്നു തുടങ്ങിയിരുന്നു. അവളുടെ മുഖം ശ്യാമയുടെ ചുമലിലേക്ക് തെന്നി വീഴാൻ തുടങ്ങി. ഉറക്കം വന്ന കണ്ണുകൾ വലിച്ചു തുറന്ന് രണ്ടു പേരും അമ്മയോട് പറഞ്ഞു.
"അമ്മേ ഞങ്ങക്ക് ഒറക്കം വെര്ന്നു! അച്ഛനിപ്പൊന്നും വരൂലാന്നാ തോന്ന് ന്നേ?".
അതിന് സമാധാനം പറയാതെ ശ്യാമ അവരുടെ ശിരസ്സെടുത്ത് മടിയിലേക്ക് വെച്ചു. പതിയെ അവരുടെ ശരീരത്തിൽ താളമിടാൻ തുടങ്ങി. അതിന്റെ താളത്തിൽ രണ്ടു പേരും ഗാഢമായ ഉറക്കത്തിലേക്ക് വഴുതി.
രണ്ടു പേരും ഉറങ്ങിയപ്പോൾ ഒരു ഏകാന്തത ശ്യാമയെ തൊട്ടുരുമ്മി വന്നു. അവൾക്കപ്പോൾ സേതുവിനോട് ദേഷ്യം തോന്നി. ടൗണിൽ ചെറിയൊരു കട വാടകയ്ക്കെടുത്ത് ഒരു മാര്യേജ് ബ്യൂറോ നടത്തുകയാണ്. പുലർച്ചെ വീടിന്റെ പടിയിറങ്ങിയാൽ രാത്രി ഏതെങ്കിലും സമയത്തായിരിക്കും കയറി വരിക. അമ്മയ്ക്കും, മക്കൾക്കും അച്ഛനെയൊന്ന് പകൽ വെട്ടത്തിൽ കാണാൻ കിട്ടാറില്ല. അതിന് ശ്യാമ പരിഭവം പറയുകയും ചെയ്യും."എന്താ സേത്വേട്ടാ.. ഇത് ഒര് ദെവ സെങ്കിലും എന്റേം, മക്കൾടെയും ഒപ്പം ചെലവഴിച്ചൂടേ...?" അതിന്റെ മറുപടി ഒരു ചിരിയിലോ, മൗനത്തിലോ അയാൾ ഒളിപ്പിക്കും.പിന്നെ അവളൊന്നും ചോദിക്കില്ല. ചിന്തകളെ കീറിമുറിച്ചു കൊണ്ട് ദൂരെ നിന്നും മുറ്റത്തേക്ക് ടോർച്ചിന്റെ വെട്ടം വലയം സൃഷ്ടിച്ചു. കോളിംങ് ബെല്ലിന്റെ പഞ്ചാക്ഷരി മുറിയിലാകെ മുഴങ്ങി. ഉറക്കത്തിന് വിഘ്നം വന്ന നിയ ചെവിക്കുള്ളിൽ വിരലുകൾ തിരുകി, വീണ്ടും സുഖനിദ്രയിലേക്ക് ആഴ്ന്നു. ശ്യാമ പോയി വാതിൽ തുറന്നു കൊടുത്തു. അകത്തേക്ക് കയറുന്നതിനിടയിൽ ഭംഗി വാക്കെന്ന പോലെ അയാൾ ചോദിച്ചു. "മക്കള് ഒറങ്ങിയോ, ശ്യാമേ!''.
"ഇല്ല" അവളുടെ സ്വരത്തിൽ പരിഹാസം നിറഞ്ഞു. അയാൾ തലച്ചെരിച്ച് അവളെയൊന്ന് നോക്കി. അവളത് ഗൗനിക്കാതെ വാതിൽ വലിച്ചടച്ചു.
കയ്യിലുള്ള ബാഗ് സെറ്റിയിൽ വച്ച് മേശപ്പുറത്തു നിന്നും ജാറോടെ വെള്ളം വായിലേക്ക് കമിഴ്ത്തി. പകുതിയിലേറെ വെള്ളം താടിയിലൂടെ ഒഴുകി ഖദർ ഷർട്ടിനെ നനച്ച് താഴോട്ട് ഒഴുകി. അയാളെ തന്നെ നോക്കുകയായിരുന്നു ശ്യാമ.
"ഏട്ടാ... ചോറ് വേണ്ടെ?"
"വേണ്ട ഞാൻ പുറത്തൂന്നും കഴിച്ചു". പറയുന്നതിനൊപ്പം തന്നെ ഒരു ദീർഘമായ ഏമ്പക്കം പുറപ്പെടുവിക്കുകയും ചെയ്തു. ബിരിയാണിയുടെയും, മദ്യത്തിന്റെയും കുഴഞ്ഞുമറിഞ്ഞൊരു ഗന്ധം വായുവിൽ നിറഞ്ഞു. ശ്യാമയ്ക്ക് അറിയാതൊരു ഓക്കാനം തൊണ്ടക്കുഴിയിലേക്ക് തികട്ടി. വിരലുകൾ കൊണ്ട് നാസികത്തുമ്പിനെ അമർത്തി പിടിച്ച് അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ പരിഭവ വാക്കുകൾ പുറത്ത് ചിതറി.
"ഇവിടൊരുത്തി നൊയമ്പും എട്ത്ത് കാത്തിരിക്ക്ണ വല്ല്യ ഓർമ്മയും ഇണ്ടോ? സേതുവേട്ടന്. എന്നിട്ട് ചോറ് വേണ്ടാത്രേ...'' വിളമ്പി വെച്ച ചോറിൽ വെള്ളമൊഴിച്ച് അടച്ചു വയ്ക്കുന്നതിനിടയിൽ സ്വീകരണമുറിയിലെ വാഷ്ബേസിനരികിൽ നിന്നും നിർത്താതെയുള്ള ഛർദ്ദിലിന്റെ പ്രകമ്പനം അവളുടെ ചെവിയിൽ മൂളിയിറങ്ങി. ഓടി അവിടെ എത്തിയപ്പോഴേക്കും ഛർദ്ദിച്ചവശനായി സേതു, തന്റെ തടിച്ച ശരീരം സോഫയിലേക്ക് ചാരാനുള്ള ശ്രമത്തിലായിരുന്നു. തലയിൽ കൈ വെച്ച് അവളാ കാഴ്ച നോക്കി നിന്നു പോയി. എങ്ങനെയൊക്കെയോ താങ്ങി അയാളെ സോഫയിലേക്ക് കിടത്തുമ്പോൾ കണ്ണുകളിൽ നിന്നും ചൂടു ലാവ ഉരുകിയിറങ്ങി. പുറത്തേക്ക് തെറിച്ചുവീണ ഛർദ്ദിലിന്റെ അവശിഷ്ടങ്ങൾ തൂത്തു വൃത്തിയാക്കുമ്പോൾ അകലെയെവിടെയോ പാതിരാപ്പുള്ളുകൾ കൂവിയതവളറിഞ്ഞു...
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇല്ല ഉറക്കം യാതൊരു വിധത്തിലും കനിയുന്നില്ല. മക്കൾ രണ്ടു പേരും നല്ല ഉറക്കം. താലികെട്ടിയവനാണെങ്കിൽ മുഴുക്കുടിയനെപ്പോലെ സ്വീകരണമുറിയിൽ ബോധമില്ലാതെ കിടന്നുറങ്ങുന്നു. അവൾ അവിടെ നിന്നും പതിയെ എഴുന്നേറ്റു. ജനാലയ്ക്കരികിൽ ചെന്ന് പുറത്തെ ഇരുട്ടിലേക്ക് കുറേ സമയം തുറിച്ചു നോക്കി നിന്നു. മറ്റ് ഇരുട്ടിനെ ഭയമാണ്. എന്നാലിപ്പോൾ ആ ഭയം മാറിയിരിക്കുന്നു. ഇരുട്ടും, ഏകാന്തതയും ആണിപ്പോൾ കൂട്ടുകാർ. തണുത്ത കാറ്റ് ജനൽ കമ്പികളെ തഴുകി മുഖത്ത് പ്രതിധ്വനിച്ചു. അവിടെ നിന്നിട്ടും ഏകാഗ്രത കിട്ടുന്നില്ല. മനസ്സു മുഴുവൻ ബോധംകെട്ട് ഉറങ്ങുന്നവന്റെ അടുത്താണ്. മനസ്സറിയാതെ പാദങ്ങൾ അങ്ങോട്ടേക്ക് നീങ്ങി. സീറോ ബൾബിന്റെ മങ്ങിയ വെട്ടത്തിൽ ശ്വാസോച്ഛാസത്തിൽ സേതുവിന്റെ ശരീരം ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു. ശബ്ദമുണ്ടാക്കാതെ അവൻ കിടന്ന സോഫയുടെ കാൽ കീഴിലേക്കവൾ ഇരുന്നു. കുളിക്കുകയോ, രാവിലെ ധരിച്ച ഡ്രസ് പോലും മാറാതെ ശിരസ്സിൽ കയറിയ ലഹരിയിൽ ഉന്മത്തനായി ഉറങ്ങുകയാണ്. ഇന്ന് ആരെങ്കിലും നന്നായി സൽക്കരിച്ചിട്ടുണ്ടാവും, അല്ലാതെ ഇങ്ങനെ വരില്ല. സ്വന്തം കയ്യീന്ന് കാശെറക്കി കുടിക്കുന്ന ശീലമില്ലെന്നറിയാം. ചോദിക്കുമ്പോൾ പറയും, 'ഞാനൊരു മുഴുക്കുടിയനൊന്നും അല്ലല്ലോ പെണ്ണേ, വല്ലപ്പോഴും ആരെങ്കിലുമൊക്കെ സൽക്കരിക്കുമ്പോഴല്ലേ' എന്ന്.
ആ വല്ലപ്പോഴും തന്നെയാണ് സഹിക്കാനും പാട്. നിറം മങ്ങി തുടങ്ങിയ ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള യാതൊരു ശ്രമവും ഇല്ല. പന്ത്രണ്ട് വർഷമായി പൂച്ച ഇല്ലം മാറുന്നതു പോലെ കുഞ്ഞുങ്ങളെയും കൊണ്ട് വാടക വീട് മാറി മാറി താമസിക്കുന്നു. വരുത്തി കൂട്ടിയ കടങ്ങൾ എങ്ങനെ വീട്ടാനാണ്.ചോദിക്കുമ്പോൾ ചിരിയാണ് എല്ലാറ്റിന്റെയും ഉത്തരം ചിരി ആളെ വശീകരിക്കുന്ന ചിരി. മോള് വളരുകയാണെന്ന വിചാരമൊന്നും ഇല്ല. വീട്ടുകാരും, ബന്ധുക്കളും കുറ്റപ്പെടുത്തുന്നത് തന്നെ മാത്രം. തന്റെ പിടിപ്പുകേട് ആണെന്ന്. താലികെട്ടിയവന് മേലെയാവാൻ ശ്രമിച്ചിട്ടില്ല ഒരിക്കലും. 'അതാണോ.. തന്റെ പിടിപ്പുകേട്'. അവൾ തന്നോട് തന്നെ പലകുറി ചോദിക്കുന്ന ചോദ്യമാണ്. കണ്ണീരിന്റെ നനവോടെ മാറിൽ കിടന്ന താലിച്ചപ്പ് ചുണ്ടോട് ചേർത്തു. മരിക്കുന്നതു വരെ ഇതിങ്ങനെ കഴുത്തിലണിഞ്ഞ്, സേതൂന്റെ പെണ്ണായി ജീവിച്ചാ മതി. ഈ കെട്ട കാലത്തിനപ്പുറം ഒരു നല്ല കാലം വരുമായിരിക്കും. അതു വരെ സേതു വേട്ടനെ ഒരിക്കലും താൻ തള്ളി പറയില്ല. പലതും ഓർത്തും ചിന്തിച്ചും കണ്ണുകൾ എപ്പൊഴോ കൂമ്പിയടഞ്ഞു.
പുലരാൻ ആയപ്പോഴോ മറ്റോ ആണ് സേതൂന്റെ ഉറക്കം ഞെട്ടിയത്. ഒടിച്ചു കുത്തി വെച്ച കാല് നിവർത്തി വയ്ക്കാൻ നോക്കുമ്പോഴാണ് എന്തിലോ തട്ടിയത്. കഴുത്ത് പൊക്കി നോക്കിയപ്പോൾ കാൽക്കീഴിൽ ശ്യാമ! ഉള്ളിലൊരു ആന്തലുണ്ടായി. പിടഞ്ഞെഴുന്നേറ്റ് അവളുടെ ചുമലിൽ തൊട്ടു. പാതി മയക്കത്തിൽ അവളാ സ്പർശനം അറിഞ്ഞു. എന്നിട്ടും അറിയാത്തതുപോലെ കണ്ണടച്ചു തന്നെ ഇരുന്നു. സേതു എഴുന്നേറ്റ് അവളെ എടുത്ത് സോഫയിൽ നേരെ കിടത്തി. കണ്ണുകൾ നിറയുന്നതു കാരണം അത് തുറക്കാൻ അവളുടെ മനസ്സനുവദിച്ചില്ല. ഗാഢമായ ഉറക്കത്തിലെന്ന പോലെ മിഴികൾ ഇറുകെ പൂട്ടി തന്നെ കിടന്നു. ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്ന് മുണ്ടും, ഷർട്ടും അഴിച്ച് മാറ്റി പകരമൊരു ലുങ്കി ചുറ്റി. പിന്നെ ഒരു പായ എടുത്ത് കൊണ്ട് വന്ന് സോഫക്ക് കീഴിൽ വിരിച്ചു. കൈകൾ പിണച്ച് മലർന്ന് നിവർന്ന് കിടന്ന് സീലിംങിലേക്ക് നോക്കി. അവന്റെ മനസ്സിൽ കുറ്റബോധം തലപൊക്കി അതിന്റെ നേരിയ തിളക്കം മിഴിക്കോണിൽ തെളിഞ്ഞു. അരണ്ട വെളിച്ചത്തിൽ പാതി തുറന്ന കണ്ണുകൾ കൊണ്ട് ശ്യാമ അത് കാണുകയും ചെയ്തു. അടക്കിപ്പിച്ച ഗദ്ഗദത്തിന്റെ മാറ്റൊലി പുറത്തേക്ക് വരാതിരിക്കാനവൾ സോഫയിൽ കമിഴ്ന്നു കിടന്നു.
തുടരും