(Molley George)
വാഹനാപകടത്തെ തുടർന്ന് ഓർമ്മകൾ നഷ്ടമാകുന്ന ഗോപികയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടത്തുകയാണ് കൂട്ടുകാരിയും, മുൻ സഹപാഠിയുമായ ശ്രീലക്ഷ്മി. കൗമാര ജീവിതത്തിന്റെ, വർണ്ണാഭമായ ഇഴകളിൽ മാത്രം ജീവിക്കുന്ന കൂട്ടുകാരിയെ, വർത്തമാനകാലത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് നെയ്തടുപ്പിക്കുന്ന ശ്രമകരമായ ദൗത്യം... മറ്റുള്ളവരോടുള്ള കടപ്പാടുകളും, സ്വന്തം ഉത്തരവാദിത്തങ്ങളും തമ്മിലുള്ള വടംവലിയിൽ സ്‌നേഹവും, അതിലൂന്നിയ വിശ്വാസവും ഏതു പക്ഷം ചേരുന്നു?...
രാവിലെ പുറപ്പെട്ടുവെങ്കിലും കോഴിക്കോട്ടെത്തിയപ്പോൾ മണി മൂന്നായി.നീണ്ട യാത്രയായതിനാൽ നല്ല ക്ഷീണം തോന്നുന്നുണ്ട്. പക്ഷേ ഗോപികയെ കാണാനുള്ള ആകാംക്ഷ കൊണ്ട് തളർച്ചയോ ക്ഷീണമോ വകവയ്ക്കാതെ അവർ നേരേ കാഷ്വാലിറ്റിയിലേയ്ക്കാണ് പോയത്. ഇടയ്ക്കിടെയുള്ള ഫോൺ വിളിയുമായി ഗോപികയുടെ ബന്ധുക്കൾ അവരുടെ വരവും കാത്ത് റിസപ്ഷനിൽ കാത്തു നിന്നിരുന്നു. ഗോപികയുടെ സഹോദരനും ഭർത്താവിന്റെ അനിയനും അവരെ കാഷ്വാലിറ്റിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
ഗോപികയുടെ ബന്ധുക്കൾ മാത്രമല്ല ,ഹോസ്പിറ്റലിലെ ഡോക്ടേഴ്സും കാത്തിരിക്കുന്നത് അവളെയാണ്, ശ്രീലക്ഷ്മിയെ. കാരണം ഗോപികയുടെ ഭൂതകാല ഓർമ്മകൾക്ക് ജീവൻ നൽകാൻ ശ്രീലക്ഷ്മിക്കേ സാധിക്കൂ എന്നാണ് അവളുടെ അമ്മയും സഹോദരനും ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് വന്ന ഒരു ഫോൺ കോൾ ആണ് അവരുടെ പെട്ടന്നുള്ള യാത്രയ്ക്കു കാരണം. ഫോണെടുത്തപ്പോൾ പരിചിതമല്ലാത്ത സ്വരം.
"മോളേ ശ്രീ ലക്ഷ്മീ..ഞാൻ ഗോപികയുടെ അമ്മയാണ് . "
"ഗോപിക" പെട്ടന്ന് എനിക്ക് ഓർമ്മ കിട്ടിയില്ല. ഞാനൽപ്പം ആലോചിച്ചതേ അമ്മ പറഞ്ഞു.
"മോളേ ശ്രീലക്ഷ്മീ ...നിങ്ങൾ എട്ടാം ക്ലാസു മുതൽ പത്തുവരെ ഒന്നിച്ചാണ് പഠിച്ചത്."
"അയ്യോ അമ്മേ .. എവിടെ എന്റെ ഗോപു?"
ഗോപികയെ കൂട്ടുകാരെല്ലാം ഗോപു എന്നാണ് വിളിച്ചിരുന്നത്. പത്താം ക്ലാസ്സിനു ശേഷം അവർ പിരിഞ്ഞിട്ട് നീണ്ട 25വർഷങ്ങൾ കഴിഞ്ഞു. അതിനു ശേഷം ഒരു വിവരവുമില്ല. പക്ഷേ ഓർമ്മയുടെ പവിഴച്ചെപ്പിൽ സൂക്ഷിച്ച ആ സൗഹൃദം അവളുടെ മനസിലുണ്ടായിരുന്നു. എന്നെങ്കിലും ഒരിക്കൽ കൂടി അവളെ കാണുവാൻ സാധിക്കുമോ എന്നും ചിന്തിച്ചിരുന്നു.
അപ്രതീക്ഷിതമായി ഗോപികയുടെ അമ്മ വിളിച്ചപ്പോൾ ഏറെ സന്തോഷത്തോടെയാണ് ശ്രീലക്ഷ്മി അവളെക്കുറിച്ച് ചോദിച്ചത്. പക്ഷേ മറുതലയ്ക്കൽ നിന്നും ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
അവൾക്കൊന്നും മനസിലായില്ല. അമ്മയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി സഹോദരനാണ് കാര്യങ്ങൾ എല്ലാം വിശദമായ് പറഞ്ഞത്. മൂന്നാഴ്ച മുൻപ് ഉണ്ടായ ഒരു വാഹനാപകടത്തിൽ ഗോപികയ്ക്ക് പരുക്കേറ്റു.
കൈയ്ക്കും കാലിനുമൊക്കെയുള്ള പരുക്ക് സാരമുള്ളതല്ല.പക്ഷേ ബോധമില്ലാതെ കോമയിൽ ആയിരുന്നു. നീണ്ട പതിനെട്ടു ദിവസം. കഴിഞ്ഞ ദിവസമാണ്ആണ് ബോധം തെളിഞ്ഞത്. സ്വന്തം അമ്മയേയോ, ഭർത്താവിനേയോ,
എന്തിനേറേ ജീവന്റെ ജീവനായ മക്കളെപ്പോലും അവൾ തിരിച്ചറിഞ്ഞില്ല. ഇടയ്ക്കിടെ " ശ്രീ ലക്ഷ്മീ .. ശ്രീ ."
എന്നു മാത്രം പറയുന്നുണ്ട്. ആ പേര് ഒഴിച്ച് മറ്റൊന്നും അവൾക്കറിയില്ല. അവളുടെ കൂട്ടുകാരിലോ ബന്ധുക്കളിലോ ഇങ്ങനെ ഒരാളെ ആർക്കും അറിയില്ല. പഴയ കൂട്ടുകാരിൽ ആരോ ആണ് പറഞ്ഞത് ശ്രീലക്ഷ്മി എന്ന ക്ലാസ് മേറ്റിനെക്കുറിച്ച്.
ഡോക്ടേഴ്സിന്റെ നിർദ്ദേശപ്രകാരമാണ് അവർ തിരുവനന്തപുരത്തുള്ള ശ്രീലക്ഷ്മിയെ തേടിപ്പിടിച്ച് വിളിച്ചത്.
കാഷ്വലിറ്റിയ്ക്ക് മുൻപിൽ എത്തിയപ്പോൾ ഗോപികയുടെ അമ്മയെന്നു തോന്നുന്ന സ്ത്രീ വന്ന് അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് കരഞ്ഞു. "മോളേ.. എന്റെ മോള് .." അവൾ ഗദ്ഗദത്തോടെ തേങ്ങലടക്കി.
"അമ്മേ.. വിഷമിക്കേണ്ട എല്ലാം ശരിയാവും." ശ്രീലക്ഷ്മി അവരെ ആശ്വസിപ്പിച്ചു. കുറേ ബന്ധുക്കൾ അവൾക്ക് ചുറ്റും കൂടി. അവൾക്കാരേയും പരിചയമില്ല. പക്ഷേ അവരെല്ലാം ശ്രീലക്ഷ്മിയുടെ വരവോടെ വളരെ പ്രതീക്ഷയിലാണ്. ശ്രീയ്ക്കാണെങ്കിൽ ആകെ ടെൻഷ നും.
ഒരു സിസ്റ്റർ വന്നു പറഞ്ഞു ഗോപികയെ ഇന്ന് റൂമിലേയ്ക്ക് മാറ്റുമെന്നും അതിനു ശേഷം ശ്രീലക്ഷ്മിയെ കാണിക്കാനുമാണ് ഡോക്ടർ പറഞ്ഞത് എന്ന്. ഗോപികയുടെ അമ്മയേയും, അഛനേയും സഹോദരനേയും,ഭർത്താവിനേയും മക്കളെ രണ്ടു പേരെയും അവൾ പരിചയപ്പെട്ടു. മക്കളുടേം ഭർത്താവിന്റേം പേര് അവൾ ചോദിച്ച് മനസിലാക്കി.
അപകടത്തിനു ശേഷം പതിനെട്ടാം ദിവസമാണ് ബോധം തെളിഞ്ഞത്. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാതെ ആളെ തിരിച്ചു കിട്ടിയ സന്തോഷം ഒരു വശത്ത്. പ്രിയപ്പെട്ടവരെ ആരെയും ഓർമ്മയില്ലാത്ത ദുഃഖം മറുവശത്ത്.
ശ്രീലക്ഷ്മിയെ ഡോക്ടർ വിളിക്കുന്നു എന്നറിയിച്ചപ്പോൾ കുറച്ചൊരു ഉൽകണ്ഠയോടെയാണ് അവൾ
പോയി ഡോക്ടറെ കണ്ടത്. കൂടെ ഭർത്താവും ഗോപികയുടെ സഹോദരനും. നീണ്ട അര മണിക്കൂർ ക്ലാസ്.
ഡോക്ടർ പറഞ്ഞതനുസരിച്ച് വേണം ഇനി അവൾക്കു മുൻപിലുള്ള 'നാടകം.'
തുടരും ...