ഭാഗം 5
നീലിമയുടെ ഫോൺ നമ്പർ ഉള്ള വിസിറ്റിംങ്ങ് കാർഡ് പേഴ്സിന്റെ ഉള്ളറയിലേക്ക് തിരുകി വെച്ചു കൊണ്ടവൾ വീട്ടിലേക്ക് നടന്നു. മനസ്സ് ഒരാൾക്കു മുന്നിൽ തുറന്നപ്പോൾ ഇത്രയും നാൾ ഉണ്ടായിരുന്ന മാനസികഭാരം മുഴുവൻ ഒഴുകി പോയതു പോലെ തോന്നി.
വീട്ടിലെത്തി തണുത്ത വെള്ളത്തിൽ ഒരു കുളി കഴിഞ്ഞപ്പോൾ നല്ല ഉന്മേഷം. സേതുവേട്ടനും, മക്കളും വരുന്നതുവരെ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കാറാണ് പതിവ്. സ്കൂളിലെ ലൈബ്രറിയിൽ നിന്നും നിയയും, അലനും പുസ്തകങ്ങൾ കൊണ്ടുത്തരും. അക്ഷരങ്ങളാണ് പിന്നെ തന്റെ ഏകാന്തതകളെ നിമഞ്ജനം ചെയ്യുന്നത്. ഇപ്പോ പക്ഷെ വെറുതെ ഇരുന്ന് പാട്ട് കേൾക്കാനാണ് തോന്നുന്നത്. അടുക്കളയിലെ ജനൽപടിയിൽ വെച്ച കൊച്ചുറേഡിയോ എടുത്ത് കൊണ്ടുവന്ന് അരികിൽ വെച്ച് ഓൺ ചെയ്യ്തു. മനോഹരമായ മെലഡി ഗാനങ്ങൾ കേട്ട് കൊണ്ട് കണ്ണുകൾ പൂട്ടി.
വൈകുന്നേരം നാലേ മുപ്പത് ആയപ്പോഴേക്കും സ്കൂൾ ബസിന് കുട്ടികൾ വന്നു. ചായയോടൊപ്പം രാവിലത്തെ പലഹാരത്തിന്റെ മാറ്റി വെച്ച പങ്ക് അവർക്ക് നൽകി. സേതു വരാനായിരുന്നു പിന്നത്തെ കാത്തു നിൽപ്പ്. നീലിമയെ കണ്ട കാര്യം പറയാനുള്ള തിരക്കായിരുന്നു മനസ്സിൽ. പക്ഷെ അയാളന്ന് പതിവിലും വൈകി. വന്നപാടെ കുളിയും കഴിഞ്ഞ് ചായ പോലും കുടിക്കാതെ ഫോണും കൊണ്ട് ഇരിപ്പായി. മനസ്സിലുള്ള സന്തോഷം പങ്കുവയ്ക്കാൻ കഴിയാതെ ശ്യാമ വീർപ്പുമുട്ടി. തന്നോടെന്തെങ്കിലും സംസാരിക്കാൻ തുടങ്ങിയിരുന്നെങ്കിലല്ലേ... ഭക്ഷണം നൽകുന്ന ഉടമസ്ഥന്റെ അടുത്ത് ദേഹമിട്ട് ഉരുമ്മുന്ന പൂച്ചയെ പോലെ അവൾ അവന്റെ ചുറ്റിലും നിന്ന് കറങ്ങി. പക്ഷെ അയാൾ ഫോണിൽ തന്നെ ആയിരുന്നു.
'ആരോടാണ് ഈ അടക്കിപിടിച്ച സംസാരം..?' മനസ്സിൽ ഒരായിരം വട്ടം ആ ചോദ്യം കിടന്ന് വീർപ്പുമുട്ടി. അവസാനം അവൾ സഹികെട്ട് ചോദിക്കുക തന്നെ ചെയ്യ്തു.
"സേതുവേട്ടനിത് ആരോടാണ്. എത്ര നേരായി ഞാനിവിടെ നിക്കുന്നു. എന്നോടൊന്ന് സംസാരിക്കുക പോലും ചെയ്യാത്തതെന്താ!"
"നീയെന്താ ഒരു മാതിരി പിള്ളേരെ പോലെ. എനക്ക് എത്ര മാത്രം കസ്റ്റമർ വരുന്നതാ. അവരെല്ലാം വിളിക്കും അവരോടൊക്കെ സംസാരിക്കണം''.
"ആയിക്കോട്ടെ എല്ലാം ശരി തന്നെ. അപ്പൊ പിന്നെ ആരാണ് എന്നോട് സംസാരിക്കുക".
"പറയുന്നത് കേട്ടാ തോന്നും നിന്നോട് ഇതുവരെ ഞാൻ സംസാരിക്കാൻ നിന്നിട്ടില്ലെന്ന് ''.
''അങ്ങനൊന്നും ഞാൻ പറയില്ല, പക്ഷെ വീട്ടിൽ പോയി വന്നതിനു ശേഷം സേതുവിട്ടനിതുവരെ മനസ്സ് തുറന്നൊന്ന് സംസാരിച്ചിട്ടില്ല. എനിക്കത് മനസ്സിലാവാതൊന്നും ഇല്ല''.
"ഓ... പിന്നേ" പുച്ഛത്തിലയാൾ ചിറി കോട്ടി.
"എനക്കൊന്ന് ഫോൺ വേണായിരുന്നു"
"ആ.. ഇപ്പൊ തരാൻ സൗകര്യംല്ല''
''അതെന്താ!"
"എനക്ക് കൊർച്ച് കോൾ വരാനുണ്ട്".
"ആയിക്കോട്ടെ, ഞാനൊര് കോൾ വിളിച്ചപാടെ തരാം".
"പറ്റില്ല"
"എന്നാ എനിക്കൊരു ഫോൺ വാങ്ങിത്താ..''
''ബെസ്റ്റ് കഞ്ഞി കുടിച്ച് പോവാൻ തന്നെ പാടാന്ന്. അപ്പൊഴാ പുതിയ ഫോൺ".
പരിഹാസത്തോടെ മറുപടി പറഞ്ഞ് സേതു അകത്തേക്ക് കയറി പോയി.
'ഇതെന്താ ഇങ്ങനെ ഒരു മാസം കൊണ്ട് ആളിങ്ങനെ മാറിപ്പോവ്വോ'? അവൾ തന്നോട് തന്നെ ചോദിച്ചു.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോഴും അങ്ങനെ തന്നെ വല്ല കൊച്ചുവർത്തമാനവും പറഞ്ഞാണ് നാല് പേരും കഴിക്കുക. പക്ഷെ സേതു അന്ന് നേരത്തെ കഴിച്ച് എഴുന്നേറ്റു. ചോദിച്ചപ്പോൾ നിങ്ങളെ പോലെ കൊറിച്ചോണ്ടിരിക്കാൻ എനിക്കറിയില്ലെന്ന മറുപടിയും കിട്ടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ശ്യാമ ചിന്താമഗ്നയായി.
പക്ഷെ അവൾ അങ്ങനെ വിടാൻ ഒരുക്കമായിരുന്നില്ല.ഉറങ്ങാൻ കിടന്നപ്പോൾ ചോദിക്കാമെന്ന് വിചാരിച്ചു. പക്ഷെ ഉറങ്ങാൻ ചെന്നപ്പോഴേക്കും അയാൾ കിടന്നിരുന്നു. അവൾ വരുന്നതുവരെ കാത്തു നിൽക്കാറുള്ളതാണ്. പക്ഷെ... ഇന്ന് അവളതൊന്നും കാര്യമാക്കാതെ അവന്റെ നെഞ്ചോട് ചേർന്നു കിടന്നു. അത് ഇഷ്ടമാകാത്തതു പോലെ അവളെ ഇത്തിരി തള്ളി നീക്കി. അതും കൂടി ആയപ്പോൾ അവളുടെ നിയന്ത്രണം വിട്ടു പോയി.
"സേതുവേട്ടാ... എന്തായിങ്ങനെ, എന്നോടെന്താ അന്യയോട് പെരുമാറുന്നതു പോലെ".
"മനുഷ്യന് ചൂടെടുക്ക്ന്നു. ഇത്തിരി അങ്ങോട്ട് കിടക്ക്".
"മറ്റ് ഇങ്ങനെ ആയിരുന്നില്ലല്ലോ. എത്ര ചൂടിലായാലും എന്റെ നിശ്വാസമില്ലാതെ ഒറക്കം വരാത്ത ആളാണല്ലോ..?''
"മൻഷ്യന്റെ കാര്യല്ലേ! എപ്പോം ഒരു പോലെ ആയാലെങ്ങനാ..."
"സത്യം പറ സേതുവേട്ടന് എന്താ പറ്റീത്. ഞാനെന്തേലും തെറ്റ് ചെയ്തോ. എന്ത് പിണക്കം ഒണ്ടേലും ഒരു രാത്രിക്കപ്പുറം പോകാത്തതല്ലേ..!'' വാക്കുകൾക്കൊപ്പം കണ്ണീരും പുറത്ത് ചാടി.
"നാശം ഒറങ്ങാനും സമ്മതിക്കൂലാ..."
ബഹളം കേട്ട് മക്കൾ രണ്ടു പേരും വന്ന് വാതിലിന് മുട്ടി. കണ്ണുകൾ തുടച്ച് വാതിൽ തുറന്ന് ഒന്നുമില്ലെന്ന് പറഞ്ഞ് അവരെ റൂമിലേക്ക് തന്നെ പറഞ്ഞയച്ചു.
"എപ്പം മുതലാ സേതുവേട്ടന് ഞാൻ നാശം പിടിച്ചവളായത്".
"എന്താ നിനക്കിപ്പോ വേണ്ടത്" ക്ഷമകെട്ട പോലെ അയാൾ ചീറി.
"സേതുവേട്ടൻ എന്നിൽ നിന്ന് എന്തേലും ഒളിക്കുന്നുണ്ടോ? എന്നോട് എന്തിനാണ് ഇങ്ങനെ ഷൗട്ട് ചെയ്യുന്നേ!"
"ആ ഒളിക്കുന്നുണ്ട് ഇന്ത്യയിൽ കൊറോണ എത്തിച്ചത് ഞാനാണെന്ന്".
"ദേ സേതുവേട്ടാ... കാര്യം ചോദിക്കുമ്പോ ഒരു മാതിരി കൊഞ്ഞനം കുത്തരുത്".
"ശ്ശെടാ ഇത് വല്ലാത്ത കഷ്ടായല്ലോ?"
ബെഡ്ഷീറ്റും, തലയിണയും ഫോണും എടുത്ത് സ്വീകരണമുറിയിലെ സോഫയിൽ പോയി കിടന്നു. അവന്റെടുത്ത് നിന്ന് അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. ഇത്രനാളും കടബാധ്യതകൾ മാത്രമായിരുന്നു. പക്ഷെ ഇപ്പോ അതിനേക്കാളും വലിയ എന്തോ പ്രശ്നം വരുന്നതു പോലെ അവൾക്കു തോന്നി. എല്ലാം കൂടെ തല പെരുക്കുന്നു. ഭ്രാന്ത് പിടിച്ചതു പോലെ മുടിയിഴകളിൽ പിടിച്ചു വലിച്ചുകൊണ്ട്. ജനൽ തുറന്ന് പുറത്തേക്ക് നോക്കി. തണുത്ത കാറ്റ് മുഖത്തേക്ക് വീശിയടിച്ചു. പുറത്തെ കട്ടക്കറുപ്പ് മൊത്തമായി തന്റെ ജീവിതത്തിലും പടരുന്നതുപോലെ...
രാവിലെ നീലിമയെ കണ്ടതിനു ശേഷം മനസ്സിനൊരു കുളിർമ്മയായിരുന്നു. എല്ലാം പോയി കിട്ടി. കൂട്ടുകാരിയെ കുറിച്ച് വർണ്ണിച്ച് സേതുവേട്ടനെയും, മക്കളെയും കൊണ്ട് അവളെ കാണാൻ പോകണമെന്ന് കരുതിയതാണ്. എല്ലാം പാതി ഉടഞ്ഞു. ഇതുവരെ കാണാത്തൊരു പ്രകൃതം. തന്റെ അസാന്നിധ്യത്തിൽ എന്താണ് സംഭവിച്ചത്.കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടാവുമോ? കീശ കാലിയാവുമ്പോഴാണ് ഇങ്ങനെ ഉണ്ടാവാറ്. എന്നാലും തന്നോട് പറയും. 'ബഡ്ജറ്റ് കുറവാണ് എല്ലാം നോക്കീം കണ്ടും ചെയ്യണേ' എന്ന്. ഇത് അതൊന്നും അല്ല കാര്യമായിട്ട് എന്തോ ഉണ്ട്.അത് താൻ കണ്ടു പിടിച്ചിട്ട് തന്നെ കാര്യം.ഒരു ദൃഢനിശ്ചയം ശ്യാമയുടെ ഉള്ളിൽ രൂപപ്പെടാൻ തുടങ്ങിയിരുന്നു.
തുടരും....