(Remya Ratheesh)
രാവിനു മുകളിൽ കറുപ്പ് കരിമ്പടം നീർത്തി തുടങ്ങിയിരിക്കുന്നു. യാമങ്ങളും ഒരു പാട് ഇഴഞ്ഞു നീങ്ങുകയാണ്. കുന്നിൻ മുകളിലെ ആ ഒറ്റ നില വാടകവീട്ടിൽ ആറു കണ്ണുകൾ ഉറങ്ങാതിരിക്കുകയാണ് അപ്പൊഴും.
ഗെയ്റ്റിൽ നിന്നും പ്രസരിക്കുന്ന മഞ്ഞ നിയോൺ ബൾബിന്റെ പ്രകാശം ഇടവഴിയിലെ കാറ്റാടി മരങ്ങളിൽ തട്ടി സ്വർണ്ണ പ്രഭ വിതറി കൊണ്ടിരിക്കുന്നുണ്ട്. ഒരു പാളി മാത്രം തുറന്നിട്ട ജനാലയ്ക്കരികിൽ നിന്നും ശ്യാമയുടെ നോട്ടം വഴിയരികിലേക്ക് സഞ്ചാരം നടത്തി അരികിലിരിക്കുന്ന പതിനാലു വയസുകാരി നിയയിലേക്കും, പതിനൊന്ന് വയസുകാരൻ അലനിലേക്കും തിരിച്ചെത്തി. ഒരു നിശ്വാസത്തോടെ മകന്റെ ചുരുണ്ട മുടിയിഴകളിൽ തഴുകിയപ്പോൾ ഗാഢമായ ഉറക്കം അവനെ സ്പർശിച്ചു തുടങ്ങിയിരുന്നു. സമയം പതിനൊന്നായെന്ന് ചുമർ ക്ലോക്കിലെ കിളി ചിലച്ചു കൊണ്ട് അറിയിച്ചു. കാത്തിരിപ്പിന്റെ മടുപ്പിൽ നിയക്കും ഉറക്കം വന്നു തുടങ്ങിയിരുന്നു. അവളുടെ മുഖം ശ്യാമയുടെ ചുമലിലേക്ക് തെന്നി വീഴാൻ തുടങ്ങി. ഉറക്കം വന്ന കണ്ണുകൾ വലിച്ചു തുറന്ന് രണ്ടു പേരും അമ്മയോട് പറഞ്ഞു.
"അമ്മേ ഞങ്ങക്ക് ഒറക്കം വെര്ന്നു! അച്ഛനിപ്പൊന്നും വരൂലാന്നാ തോന്ന് ന്നേ?".
അതിന് സമാധാനം പറയാതെ ശ്യാമ അവരുടെ ശിരസ്സെടുത്ത് മടിയിലേക്ക് വെച്ചു. പതിയെ അവരുടെ ശരീരത്തിൽ താളമിടാൻ തുടങ്ങി. അതിന്റെ താളത്തിൽ രണ്ടു പേരും ഗാഢമായ ഉറക്കത്തിലേക്ക് വഴുതി.
രണ്ടു പേരും ഉറങ്ങിയപ്പോൾ ഒരു ഏകാന്തത ശ്യാമയെ തൊട്ടുരുമ്മി വന്നു. അവൾക്കപ്പോൾ സേതുവിനോട് ദേഷ്യം തോന്നി. ടൗണിൽ ചെറിയൊരു കട വാടകയ്ക്കെടുത്ത് ഒരു മാര്യേജ് ബ്യൂറോ നടത്തുകയാണ്. പുലർച്ചെ വീടിന്റെ പടിയിറങ്ങിയാൽ രാത്രി ഏതെങ്കിലും സമയത്തായിരിക്കും കയറി വരിക. അമ്മയ്ക്കും, മക്കൾക്കും അച്ഛനെയൊന്ന് പകൽ വെട്ടത്തിൽ കാണാൻ കിട്ടാറില്ല. അതിന് ശ്യാമ പരിഭവം പറയുകയും ചെയ്യും."എന്താ സേത്വേട്ടാ.. ഇത് ഒര് ദെവ സെങ്കിലും എന്റേം, മക്കൾടെയും ഒപ്പം ചെലവഴിച്ചൂടേ...?" അതിന്റെ മറുപടി ഒരു ചിരിയിലോ, മൗനത്തിലോ അയാൾ ഒളിപ്പിക്കും.പിന്നെ അവളൊന്നും ചോദിക്കില്ല. ചിന്തകളെ കീറിമുറിച്ചു കൊണ്ട് ദൂരെ നിന്നും മുറ്റത്തേക്ക് ടോർച്ചിന്റെ വെട്ടം വലയം സൃഷ്ടിച്ചു. കോളിംങ് ബെല്ലിന്റെ പഞ്ചാക്ഷരി മുറിയിലാകെ മുഴങ്ങി. ഉറക്കത്തിന് വിഘ്നം വന്ന നിയ ചെവിക്കുള്ളിൽ വിരലുകൾ തിരുകി, വീണ്ടും സുഖനിദ്രയിലേക്ക് ആഴ്ന്നു. ശ്യാമ പോയി വാതിൽ തുറന്നു കൊടുത്തു. അകത്തേക്ക് കയറുന്നതിനിടയിൽ ഭംഗി വാക്കെന്ന പോലെ അയാൾ ചോദിച്ചു. "മക്കള് ഒറങ്ങിയോ, ശ്യാമേ!''.
"ഇല്ല" അവളുടെ സ്വരത്തിൽ പരിഹാസം നിറഞ്ഞു. അയാൾ തലച്ചെരിച്ച് അവളെയൊന്ന് നോക്കി. അവളത് ഗൗനിക്കാതെ വാതിൽ വലിച്ചടച്ചു.
കയ്യിലുള്ള ബാഗ് സെറ്റിയിൽ വച്ച് മേശപ്പുറത്തു നിന്നും ജാറോടെ വെള്ളം വായിലേക്ക് കമിഴ്ത്തി. പകുതിയിലേറെ വെള്ളം താടിയിലൂടെ ഒഴുകി ഖദർ ഷർട്ടിനെ നനച്ച് താഴോട്ട് ഒഴുകി. അയാളെ തന്നെ നോക്കുകയായിരുന്നു ശ്യാമ.
"ഏട്ടാ... ചോറ് വേണ്ടെ?"
"വേണ്ട ഞാൻ പുറത്തൂന്നും കഴിച്ചു". പറയുന്നതിനൊപ്പം തന്നെ ഒരു ദീർഘമായ ഏമ്പക്കം പുറപ്പെടുവിക്കുകയും ചെയ്തു. ബിരിയാണിയുടെയും, മദ്യത്തിന്റെയും കുഴഞ്ഞുമറിഞ്ഞൊരു ഗന്ധം വായുവിൽ നിറഞ്ഞു. ശ്യാമയ്ക്ക് അറിയാതൊരു ഓക്കാനം തൊണ്ടക്കുഴിയിലേക്ക് തികട്ടി. വിരലുകൾ കൊണ്ട് നാസികത്തുമ്പിനെ അമർത്തി പിടിച്ച് അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ പരിഭവ വാക്കുകൾ പുറത്ത് ചിതറി.
"ഇവിടൊരുത്തി നൊയമ്പും എട്ത്ത് കാത്തിരിക്ക്ണ വല്ല്യ ഓർമ്മയും ഇണ്ടോ? സേതുവേട്ടന്. എന്നിട്ട് ചോറ് വേണ്ടാത്രേ...'' വിളമ്പി വെച്ച ചോറിൽ വെള്ളമൊഴിച്ച് അടച്ചു വയ്ക്കുന്നതിനിടയിൽ സ്വീകരണമുറിയിലെ വാഷ്ബേസിനരികിൽ നിന്നും നിർത്താതെയുള്ള ഛർദ്ദിലിന്റെ പ്രകമ്പനം അവളുടെ ചെവിയിൽ മൂളിയിറങ്ങി. ഓടി അവിടെ എത്തിയപ്പോഴേക്കും ഛർദ്ദിച്ചവശനായി സേതു, തന്റെ തടിച്ച ശരീരം സോഫയിലേക്ക് ചാരാനുള്ള ശ്രമത്തിലായിരുന്നു. തലയിൽ കൈ വെച്ച് അവളാ കാഴ്ച നോക്കി നിന്നു പോയി. എങ്ങനെയൊക്കെയോ താങ്ങി അയാളെ സോഫയിലേക്ക് കിടത്തുമ്പോൾ കണ്ണുകളിൽ നിന്നും ചൂടു ലാവ ഉരുകിയിറങ്ങി. പുറത്തേക്ക് തെറിച്ചുവീണ ഛർദ്ദിലിന്റെ അവശിഷ്ടങ്ങൾ തൂത്തു വൃത്തിയാക്കുമ്പോൾ അകലെയെവിടെയോ പാതിരാപ്പുള്ളുകൾ കൂവിയതവളറിഞ്ഞു...
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇല്ല ഉറക്കം യാതൊരു വിധത്തിലും കനിയുന്നില്ല. മക്കൾ രണ്ടു പേരും നല്ല ഉറക്കം. താലികെട്ടിയവനാണെങ്കിൽ മുഴുക്കുടിയനെപ്പോലെ സ്വീകരണമുറിയിൽ ബോധമില്ലാതെ കിടന്നുറങ്ങുന്നു. അവൾ അവിടെ നിന്നും പതിയെ എഴുന്നേറ്റു. ജനാലയ്ക്കരികിൽ ചെന്ന് പുറത്തെ ഇരുട്ടിലേക്ക് കുറേ സമയം തുറിച്ചു നോക്കി നിന്നു. മറ്റ് ഇരുട്ടിനെ ഭയമാണ്. എന്നാലിപ്പോൾ ആ ഭയം മാറിയിരിക്കുന്നു. ഇരുട്ടും, ഏകാന്തതയും ആണിപ്പോൾ കൂട്ടുകാർ. തണുത്ത കാറ്റ് ജനൽ കമ്പികളെ തഴുകി മുഖത്ത് പ്രതിധ്വനിച്ചു. അവിടെ നിന്നിട്ടും ഏകാഗ്രത കിട്ടുന്നില്ല. മനസ്സു മുഴുവൻ ബോധംകെട്ട് ഉറങ്ങുന്നവന്റെ അടുത്താണ്. മനസ്സറിയാതെ പാദങ്ങൾ അങ്ങോട്ടേക്ക് നീങ്ങി. സീറോ ബൾബിന്റെ മങ്ങിയ വെട്ടത്തിൽ ശ്വാസോച്ഛാസത്തിൽ സേതുവിന്റെ ശരീരം ഉയരുകയും താഴുകയും ചെയ്യുന്നുണ്ടായിരുന്നു. ശബ്ദമുണ്ടാക്കാതെ അവൻ കിടന്ന സോഫയുടെ കാൽ കീഴിലേക്കവൾ ഇരുന്നു. കുളിക്കുകയോ, രാവിലെ ധരിച്ച ഡ്രസ് പോലും മാറാതെ ശിരസ്സിൽ കയറിയ ലഹരിയിൽ ഉന്മത്തനായി ഉറങ്ങുകയാണ്. ഇന്ന് ആരെങ്കിലും നന്നായി സൽക്കരിച്ചിട്ടുണ്ടാവും, അല്ലാതെ ഇങ്ങനെ വരില്ല. സ്വന്തം കയ്യീന്ന് കാശെറക്കി കുടിക്കുന്ന ശീലമില്ലെന്നറിയാം. ചോദിക്കുമ്പോൾ പറയും, 'ഞാനൊരു മുഴുക്കുടിയനൊന്നും അല്ലല്ലോ പെണ്ണേ, വല്ലപ്പോഴും ആരെങ്കിലുമൊക്കെ സൽക്കരിക്കുമ്പോഴല്ലേ' എന്ന്.
ആ വല്ലപ്പോഴും തന്നെയാണ് സഹിക്കാനും പാട്. നിറം മങ്ങി തുടങ്ങിയ ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള യാതൊരു ശ്രമവും ഇല്ല. പന്ത്രണ്ട് വർഷമായി പൂച്ച ഇല്ലം മാറുന്നതു പോലെ കുഞ്ഞുങ്ങളെയും കൊണ്ട് വാടക വീട് മാറി മാറി താമസിക്കുന്നു. വരുത്തി കൂട്ടിയ കടങ്ങൾ എങ്ങനെ വീട്ടാനാണ്.ചോദിക്കുമ്പോൾ ചിരിയാണ് എല്ലാറ്റിന്റെയും ഉത്തരം ചിരി ആളെ വശീകരിക്കുന്ന ചിരി. മോള് വളരുകയാണെന്ന വിചാരമൊന്നും ഇല്ല. വീട്ടുകാരും, ബന്ധുക്കളും കുറ്റപ്പെടുത്തുന്നത് തന്നെ മാത്രം. തന്റെ പിടിപ്പുകേട് ആണെന്ന്. താലികെട്ടിയവന് മേലെയാവാൻ ശ്രമിച്ചിട്ടില്ല ഒരിക്കലും. 'അതാണോ.. തന്റെ പിടിപ്പുകേട്'. അവൾ തന്നോട് തന്നെ പലകുറി ചോദിക്കുന്ന ചോദ്യമാണ്. കണ്ണീരിന്റെ നനവോടെ മാറിൽ കിടന്ന താലിച്ചപ്പ് ചുണ്ടോട് ചേർത്തു. മരിക്കുന്നതു വരെ ഇതിങ്ങനെ കഴുത്തിലണിഞ്ഞ്, സേതൂന്റെ പെണ്ണായി ജീവിച്ചാ മതി. ഈ കെട്ട കാലത്തിനപ്പുറം ഒരു നല്ല കാലം വരുമായിരിക്കും. അതു വരെ സേതു വേട്ടനെ ഒരിക്കലും താൻ തള്ളി പറയില്ല. പലതും ഓർത്തും ചിന്തിച്ചും കണ്ണുകൾ എപ്പൊഴോ കൂമ്പിയടഞ്ഞു.
പുലരാൻ ആയപ്പോഴോ മറ്റോ ആണ് സേതൂന്റെ ഉറക്കം ഞെട്ടിയത്. ഒടിച്ചു കുത്തി വെച്ച കാല് നിവർത്തി വയ്ക്കാൻ നോക്കുമ്പോഴാണ് എന്തിലോ തട്ടിയത്. കഴുത്ത് പൊക്കി നോക്കിയപ്പോൾ കാൽക്കീഴിൽ ശ്യാമ! ഉള്ളിലൊരു ആന്തലുണ്ടായി. പിടഞ്ഞെഴുന്നേറ്റ് അവളുടെ ചുമലിൽ തൊട്ടു. പാതി മയക്കത്തിൽ അവളാ സ്പർശനം അറിഞ്ഞു. എന്നിട്ടും അറിയാത്തതുപോലെ കണ്ണടച്ചു തന്നെ ഇരുന്നു. സേതു എഴുന്നേറ്റ് അവളെ എടുത്ത് സോഫയിൽ നേരെ കിടത്തി. കണ്ണുകൾ നിറയുന്നതു കാരണം അത് തുറക്കാൻ അവളുടെ മനസ്സനുവദിച്ചില്ല. ഗാഢമായ ഉറക്കത്തിലെന്ന പോലെ മിഴികൾ ഇറുകെ പൂട്ടി തന്നെ കിടന്നു. ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്ന് മുണ്ടും, ഷർട്ടും അഴിച്ച് മാറ്റി പകരമൊരു ലുങ്കി ചുറ്റി. പിന്നെ ഒരു പായ എടുത്ത് കൊണ്ട് വന്ന് സോഫക്ക് കീഴിൽ വിരിച്ചു. കൈകൾ പിണച്ച് മലർന്ന് നിവർന്ന് കിടന്ന് സീലിംങിലേക്ക് നോക്കി. അവന്റെ മനസ്സിൽ കുറ്റബോധം തലപൊക്കി അതിന്റെ നേരിയ തിളക്കം മിഴിക്കോണിൽ തെളിഞ്ഞു. അരണ്ട വെളിച്ചത്തിൽ പാതി തുറന്ന കണ്ണുകൾ കൊണ്ട് ശ്യാമ അത് കാണുകയും ചെയ്തു. അടക്കിപ്പിച്ച ഗദ്ഗദത്തിന്റെ മാറ്റൊലി പുറത്തേക്ക് വരാതിരിക്കാനവൾ സോഫയിൽ കമിഴ്ന്നു കിടന്നു.
തുടരും
ഭാഗം 2
പുലരാൻ നേരമാണ് ശരിക്കുമൊന്ന് ഉറങ്ങിയത്.അതുകൊണ്ട് തന്നെ ഉണരാൻ ശ്യാമ വൈകി.ഉണർന്നിട്ടും പല ചിന്തകൾ മനസ്സിനെ മൂടി. ചിന്തിക്കപ്പെടുന്നതാണ് പല ദു:ഖങ്ങൾക്കും കാരണമെന്ന്
അവൾക്കറിയാം. പക്ഷെ അതിലേക്ക് ഇറങ്ങി പോകാതിരിക്കാൻ ആവതും ശ്രമിക്കാറുണ്ട്.പക്ഷെ കഴിഞ്ഞ കാലങ്ങൾ തന്നെ അവിടെ തന്നെയാണ് കൊണ്ടെത്തിക്കാറുള്ളത്. കുറേ സമയം കൂടി അവിടെ തന്നെ കിടന്നു. താഴേക്ക് നോക്കിയപ്പോൾ സേതു കിടന്നിടം ശൂന്യം. ആള് എപ്പാഴാണോ എഴുന്നേറ്റ് പോയത്. മോഹങ്ങളെയെല്ലാം നൊമ്പരങ്ങളുടെ നെരിപ്പോടിലേക്ക് വലിച്ചെറിഞ്ഞ് അവളും കിടക്ക വിട്ട് എഴുന്നേറ്റു.ആടിത്തീരേണ്ട പകലുകളിലേക്ക് മടുപ്പോടെ കാലെടുത്തു വയ്ക്കുമ്പോൾ കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്നും സേതു പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.തലേന്നത്തെ സംഭവങ്ങളുടെ അവശിഷ്ടങ്ങൾ ഉള്ളിൽ കിടന്ന് തികട്ടിയതു കൊണ്ടാവാം രണ്ടു പേരുടെയും നോട്ടങ്ങൾ ഒന്നു ചേരാതിരിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു.
നിശബ്ദമായി അടുക്കളപ്പണികളോട് സ്വകാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പിന്നിൽ നേർത്ത ചലനം സേതു വേട്ടനാണെന്ന് മനസിലായപ്പോൾ ഉള്ളിലൊരു കുളിര്. വർഷങ്ങളായി അങ്ങനെയൊരു ദിനചര്യ തന്നെ ഇല്ലായിരുന്നു. കെട്ടി കൊണ്ടുവന്ന സമയത്ത് അടുക്കളയിലും, അലക്കു കല്ലിനടുത്തും, പാത്രം കഴുകുന്നയിടത്തും ഒന്നിച്ച് കാണുമ്പോഴൊക്കെ സേതുവേട്ടന്റെ അമ്മ ഉച്ചത്തിലും മുഷിച്ചിലിലും പറയാറുണ്ട്. "ഹോ... ഇങ്ങനെയൊരു അച്ചിക്കോന്തൻ മോനാന്നല്ലോപ്പാ... അന്റെ വയറ്റി പെറന്നതെന്ന്". അതു കേൾക്കുമ്പോ ശുണ്ഠിയെടുത്ത് അമ്മയോട് അദ്ദേഹം കയർക്കുകയും ചെയ്യും. ആ ഒരു നിമിഷങ്ങളാണ് വർഷങ്ങളായ് തങ്ങൾക്ക് കൈവിട്ട് പോയത്. അതു കൊണ്ട് തന്നെ ആകാംക്ഷയും, അത്ഭുതവും കുഴഞ്ഞൊരു ചോദ്യം അവളിൽ നിന്നും പുറത്തേക്ക് തെറിച്ചു.
"അല്ലാ ഇതെന്താന്ന്, ഭവാന് ഇന്ന് അടുക്കളയിൽ കാര്യം".
കറിക്ക് ചിരവി വെച്ച തേങ്ങയിൽ നിന്നും ഒരു നുള്ള് എടുത്ത് വായിലിട്ടു കൊണ്ട് അവൻ പറഞ്ഞു. "ഞാനിന്ന് നിന്റേം, മക്കൾ ടെയും ഒപ്പം തന്നെ ഇണ്ടാവും''.
"ഓ... പിന്നെ എന്തിനാ സേതു വേട്ടാ ഇങ്ങനെ കൊതിപ്പിക്കുന്നേ! ഇത്തരം വാക്കുകൾ എത്ര കേട്ടിരിക്കുന്നു".
''അല്ലെടി പെണ്ണേ ഇത് സത്യം". അവനവളുടെ നിറകയിൽ കൈ ചേർത്തു. അവളത് വിശ്വസിച്ച മട്ടിൽ ആ കൈത്തലമെടുത്ത് കവിളോട് ചേർത്തു.
പന്ത്രണ്ടു വർഷത്തിനു ശേഷം നാലുപേരും പുറത്തേക്കിറങ്ങി. പുതിയ ആകാശവും, പുതിയ ഭൂമിയും, പുതിയ കടലും. ശ്യാമയേയും, സേതുവിനെയും തനിച്ചു വിട്ട് നിയയും, അലനും ദൂരേക്ക് മാറി.
നിറം മാറി വരുന്ന സന്ധ്യയും, കടലും എന്നത്തേയും പോലെ തന്നെ. പൂഴിത്തരികളിൽ ഓറഞ്ചും, മഞ്ഞയും ചേർന്നൊരു നിറം പുണർന്നു തുടങ്ങിയിരുന്നു. സേതു ഇട കണ്ണിട്ട് അരികിലിരിക്കുന്ന തന്റെ പ്രേയസിയെ നോക്കി. മുടിയിഴകളിൽ ചിലയിടങ്ങളിൽ വെള്ളി രേഖകൾ പൊങ്ങിയിട്ടുണ്ട്. അലസമായ വേഷം, ഒരിക്കലും ഡ്രസ്സിന്റെ കാര്യത്തിലവൾ ശ്രദ്ധ കൊടുത്തിട്ടില്ലെന്ന് അറിയാം. തന്നെയും, മക്കളെയും ഭംഗിയാക്കി നിർത്തുന്നതിലായിരുന്നു അവൾക്ക് താൽപ്പര്യം. ഇസ്തിരി പൊട്ടാത്ത തന്റെ ഡ്രസ്സിലേക്കും, ഡൈ ചെയ്ത് കറുപ്പിച്ച മുടിയിഴകളിലേക്കും അലസമായവൻ കൈ വിരലോടിച്ചു. അപ്പോഴേക്കും ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ടച്ച് ഫോണിന്റെ സ്ക്രീൻ മിന്നുകയും, കെടുകയും ചെയ്തു കൊണ്ടിരുന്നു. ചേർന്നിരിക്കുന്ന ശ്യാമ കാണാതെ വാട്സപ്പിൽ വന്ന സന്ദേശം വായിച്ച് അതിന് മറുപടി കൊടുത്ത് ആനന്ദ നിർവൃതി കൊണ്ടു. അതിന്റെ പ്രകാശം അവന്റെ മുഖത്തും കാണായി.
"ആരാ സേതുവേട്ടാ..."
"ഓ അതൊരു കസ്റ്റമറാ" ഉദാസീനമായ അവന്റെ മറുപടിയിൽ അവൾ തൃപ്തി കൊണ്ടു. കുറച്ചൂടെ അവനോട് ചേർന്നിരുന്ന് മനോരാജ്യം കണ്ടു. ദൂരെ ആള്‍ക്കൂട്ടത്തില്‍നിന്നും ആര്‍പ്പുവിളികളില്‍ നിന്നും മാറി കടപ്പുറത്തെ പൂഴിമണ്ണിൽ ഇപ്പോൾ താനും,സേതുവേട്ടനും മാത്രമേ ഉള്ളുവെന്നവൾക്ക് തോന്നി. എന്നിട്ടും നിസ്സംഗതയുടെ ഒരു ആലസ്യം മനസ്സിലെപ്പോഴും തങ്ങിനിൽക്കുന്നു. ആവര്‍ത്തിക്കാത്ത ചിലതുണ്ട്, ഇവിടെ. മാറിമാറി വരുന്ന തണുത്ത കാറ്റ്. കടലിന്റെ ഇരമ്പലിനെ സാന്ദ്രമാക്കുന്ന കുട്ടികളുടെ ശബ്ദ കോലാഹലങ്ങൾ. യുവമിഥുനങ്ങള്‍, ജീവിതത്തിന്റെ വിരസതയകറ്റാൻ വന്നിരിക്കുന്ന വയോജനങ്ങൾ. ഇതെല്ലാം കണ്ടപ്പോൾ
'കാടിന്റെ പാട്ടും കടൽ പാട്ടുമൊന്നെന്നു കാറ്റുപറഞ്ഞൊന്നു ഞാനറിഞ്ഞു
രണ്ടുമൊരുപോൽ കറമ്പികളാണെന്നുവി ണ്ടലം ചൊന്നതും ഞാനറിഞ്ഞു
കാടിരമ്പുന്ന കടലിരമ്പും പോലെ- യാടുന്നു പച്ചത്തിരകൾ പോലെ
കാടു നിശ്ശബ്ദം കടൽക്കയം പോൽ, കാടുപേ ടിയാക്കുന്നു കടലുപോലെ!'
എന്ന സുഗതകുമാരിയുടെ വരികളാണ് അവൾക്ക് ഓർമ്മ വന്നത്.
സുഖകരമായ ഇരിപ്പിൽ നിന്നും "നമ്മക്കിനി പോയ്ക്കൂടെ'' എന്ന സേതുവിന്റെ സ്വരമാണ് അവളെ പൂർവ്വസ്ഥിതിയിലെത്തിച്ചത്. വർണ്ണങ്ങൾ വിരിഞ്ഞിറങ്ങിയ ആ കടൽക്കാഴ്ച്ചയിലേക്ക് ഒരു വട്ടം കൂടി അവളുടെ മിഴികൾ ആർത്തിയോടെ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. മനസ്സവിടെ വച്ച് ശരീരം മാത്രമായിരുന്നു അവരെ പിന്തുടർന്നു കൊണ്ടിരുന്നത്.
എത്രയോ നാളുകൾക്ക് ശേഷമായിരുന്നു ശാന്തമായി അവളന്ന് ഉറങ്ങാൻ കിടന്നത് സേതുവിന്റെ മാറോട് ചേർന്ന് കിടക്കുമ്പോൾ എന്തെന്നില്ലാത്തൊരു സുരക്ഷിതം അവൾ അനുഭവിക്കുന്നുണ്ടായിരുന്നു. കടവും, കടക്കാരും, വാടക വീടും മറന്നു. ഇപ്പോൾ സ്വർഗ്ഗം മാത്രം താനും,സേതുവേട്ടനും മക്കളും ചേർന്ന സ്വർഗ്ഗം മാത്രം. അവളുടെ മുടിയിഴകളിൽ സേതുവിന്റെ വിരലുകൾ തഴുകുന്നുണ്ടായിരുന്നു. നിദ്രയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ നെറ്റിയിൽ സേതുവിന്റെ ചുണ്ടുകളുടെ ചൂടുള്ള ചുംബനം അവളറിഞ്ഞു.
പതിവുപോലെ ദിവസങ്ങൾ കടന്നു പോകുന്നതിനിടയിലാണ് ഒരു ദിവസം അനിയൻ വന്നത്. അമ്മയ്ക്ക് ബാലൻസിന്റെ പ്രശ്നം കൊണ്ട് സുഖമില്ലാതെ ആസ്പത്രിയിൽ ആണെന്നും, ഒരു മാസമെങ്കിലും റെസ്റ്റ് വേണ്ടി വരുമെന്നും വന്ന് അറീച്ചത്. അവന്റെ ഭാര്യ പ്രസവിച്ചു കിടക്കുന്നതു കൊണ്ട് സഹായത്തിന് അവൾ പോയേ പറ്റൂ അത്രേ. സേതുവേട്ടനെ ഒറ്റയ്ക്ക് വിട്ടിട്ട് പോകുന്നതിന്റെ വിഷമം. പക്ഷെ പോയേ പറ്റൂ അവസാനം അവൾ അനിയനൊപ്പം മക്കളെയും കൂട്ടി ഇറങ്ങി.
ഒരു മാസം ഒരു വർഷത്തെ ഇടവേളയായിരുന്നു. തിരികെ വന്ന അന്നത്തെ ദിവസം തന്നെ അവൾക്കെന്തോ ഒരു അപരിചിതത്വം തോന്നി. സേതുവേട്ടന് എന്തോ മാറ്റം പോലെ കുറച്ച് നാൾ വിട്ടു നിന്നതിന്റെ പരിഭവമാണെന്ന് കരുതി ആശ്വസിച്ചു. പക്ഷെ ഉറക്കത്തിലെപ്പോഴോ തന്റെ വലതു ഭാഗം ശൂന്യമാണെന്നവൾ അറിഞ്ഞു. ബാത്റൂമിൽ പോയതാവുമെന്ന് കരുതി വിളിക്കാതിരുന്നു. അടക്കിപിടിച്ച സംസാരം പക്ഷേ കാതിൽ അലോസരം സൃഷ്ടിച്ചു. 'ഈ പാതിരായ്ക്ക് സേതു വേട്ടൻ ഇതാരോടാ...!' മനസ്സിൽ തികട്ടിയ ചോദ്യം നെഞ്ചിലൊരു ഭാരമായി. കുറച്ച് കഴിഞ്ഞ് സംസാരം മതിയാക്കി അരികിൽ വന്നു കിടന്നു. താൻ ഉറക്കത്തിൽ തന്നെയാണോ എന്നുറപ്പിച്ച് 'തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിനിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാൻ ' എന്ന സിനിമാ പാട്ടിന്റെ വരികൾ മൂളികൊണ്ട് തലവഴി പുതപ്പിട്ട് മൂടി.
'സേതു വേട്ടൻ ആരോടായിരിക്കും, എന്തായിരിക്കും!' ആ ഒരു കനൽ ശ്യാമയുടെ ഉള്ളിൽ നീറികത്താൻ തുടങ്ങി.
തുടരും....
ഭാഗം 3
പാതിരായ്ക്ക് ആരാണ് വിളിച്ചതെന്ന് അറിയാനുള്ള ജിജ്ഞാസ ഉണ്ടായിരുന്നുവെങ്കിലും, പുലർന്നാൽ സേതു വേട്ടൻ പറയുമെന്ന് തന്നെയാണ് കരുതിയത്. വീട്ടിലെത്താൻ എത്ര വൈകിയാലും അന്നന്നത്തെ
എല്ലാ സംഭവങ്ങളും പാർട്ടിയിൽ പെടാത്ത ദിവസമൊഴികെ പരസ്പരം പറഞ്ഞു തീർത്താണ് രണ്ടു പേരും ഉറങ്ങിയിരുന്നത്. പക്ഷെ ഇന്നലെ വന്ന ഫോൺകോളിനെ പറ്റി ഒരക്ഷരം പറയുന്നില്ല. കഴിഞ്ഞ ദിവസത്തെ ആളാണോ ഇതെന്ന് പോലും ശ്യാമയ്ക്ക് സംശയം തോന്നി. രാവിലത്തെ പ്രഭാത ഭക്ഷണം നാലുപേരും ഒന്നിച്ചാണ് കഴിക്കാറ്. ഇന്ന് അതും തെറ്റി ആരെയോ അർജന്റായി കാണാനുണ്ടെന്ന വാക്കും പറഞ്ഞ് മക്കളെപ്പോലും കൂട്ടാതെ ഗെയിറ്റും കടന്ന് പോകുന്നയാളെ നിർന്നിന്മേഷയായി അവൾ നോക്കി. കാഴ്ചയിൽ നിന്നും മറയുന്നതു വരെ കൈ വീശി കാണിക്കുന്ന ആളാണ്. പക്ഷെ തിരിഞ്ഞൊന്ന് നോക്കിയതുപോലും ഇല്ല. അടക്കിപിടിച്ച തേങ്ങലുകൾ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടി. മക്കളും കരുതുന്നുണ്ടാവും. അച്ഛനെന്താ പറ്റിയതെന്ന്. 'തിരക്കാവുമെന്ന് ' മക്കൾ കേൾക്കേ പറഞ്ഞ് അവളും ആശ്വാസം കൊണ്ടു.
സേതു ഇറങ്ങുന്നതിനൊപ്പം തന്നെ അവളുടെ അടുക്കളപ്പണിയും പടിയിറങ്ങും. പിന്നെ പ്രത്യേകിച്ചൊരു പണിയും ഇല്ലാതെ ഭർത്താവും മക്കളും തിരികെ വരുന്നതും നോക്കിയിരിപ്പാണ്. മറ്റുള്ള ദിവസങ്ങളിൽ അച്ഛനും മക്കളും ഒന്നിച്ചാണ് ഇറങ്ങുക. നിയയും, അലനും ഒരേ സ്കൂളിൽ ആണ്. ടൗൺ എത്തുന്നതിന് മുന്നേയുള്ള സ്കൂളിൽ അവരെ ഇറക്കിവിട്ടതിനു ശേഷമാണ്. കടയിലേക്ക് പോവുക. പക്ഷെ ഇന്ന് പതിവുകളെല്ലാം തെറ്റിയല്ലോ മക്കളെ ബസ് കയറ്റി കൊടുക്കണം. വാതിലും പൂട്ടി മക്കളെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ചിന്താഭാരം കനത്തു.
'ടൗണിൽ തന്നെ ഉയർന്ന നിലവാരത്തിലുള്ള സിബിഎസ് ഇ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു രണ്ടു പേരും.വിവാഹശേഷം കുറച്ച് നാൾമാത്രം നീണ്ടു നിന്ന സ്വർഗ്ഗം! ഇടയ്ക്കെപ്പോഴോ തലവര സമാന്തര രേഖകളായി പരിണമിച്ചു. അതിന്റെ അനന്തരഫലം ചെറുപ്രായത്തിൽ തന്നെ മക്കളെയും തൊട്ടുരുമ്മി. സി ബി എസ് ഇ യിൽ നിന്നും, രണ്ടു പേരും എയ്ഡഡ് സ്കൂളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. പിഴുതുമാറ്റിയപ്പോഴുള്ള ചെറിയ വാട്ടം കുറച്ചു ദിവസം മാത്രമേ നീണ്ടുനിന്നുള്ളു.പിന്നെയവർ ഉഷാറായി ക്ലാസിൽ ഒന്നാമതായി '.
ശിരസിനു ചുറ്റുമുള്ള ബാധ്യതയുടെ കറക്കം ഇനിയൊരിക്കലും ഒഴിഞ്ഞു പോവില്ല. മക്കളിലാണ് പ്രതീക്ഷ. അവളുടെ ചിന്തകൾക്ക് മേൽ ബസിന്റെ ഹോണടി മുഴങ്ങി. രാവിലെ തന്നെ ആയതു കൊണ്ട് ബസിൽ നിന്ന് തിരിയാൻ പറ്റാത്ത തിരക്കാണ്. മക്കളെയും കൊണ്ട് അള്ളി പിടിച്ച് കയറുമ്പോൾ ശ്വാസം മുട്ടി.
"അമ്മ വരണ്ട ഞങ്ങൾ പോയ്ക്കോളാം" എന്ന് നിയ പറഞ്ഞുവെങ്കിലും നിഷേധത്തിലവൾ തലയാട്ടി. എന്നും വരികയും, പോവുകയും ചെയ്യുന്ന ബസാണ്. പക്ഷെ സേതു വേട്ടനില്ലാതെ അവരെ തനിച്ചു വിടാൻ മനസിനെന്തോ ആധിപോലെ! വൈകുന്നേരം സ്കൂൾ ബസിനു വരും എന്നാലും ഒരു സമാധാനമില്ലായ്മ.
പല വിധത്തിലുള്ള സുഗന്ധദ്രവ്യങ്ങളുടെയും, വൃത്തികെട്ട വിയർപ്പിന്റെ ഗന്ധവും കുത്തി നിറച്ച ബസിനുള്ളിൽ നിന്നും അവൾക്ക് തല പെരുക്കി. വായക്കുള്ളിൽ ഉമിനീർ കുഴഞ്ഞുമറിഞ്ഞു. തുപ്പുവാൻ കൊതിച്ചുവെങ്കിലും ,അത് സാധ്യമല്ലെന്ന് അവളുടെ അന്തരംഗം മന്ത്രിച്ചു. സ്കൂളിനടുത്തുള്ള ഇറങ്ങിയപ്പോഴേക്കും പുളിവെള്ളം തികട്ടി. അതു കണ്ട് നിയ പറഞ്ഞു. "ഇതാണ് അമ്മയോട് അപ്പൊഴേ പറഞ്ഞത്. പോരണ്ടാന്ന്, അമ്മയ്ക്കിതൊന്നും ശീലമില്ലല്ലോ? നമ്മക്കൊക്കെ ഇതിപ്പോ ശീലായി.." ശ്യാമയുടെ കണ്ണുനിറഞ്ഞു. 'ശരിയാണ് തനിക്കാണ് ഇതൊക്കെ അപരിചിതം'. സേതു വേട്ടന്റെ ഒന്നിച്ച് കൂടിയതിനു ശേഷം ബസിന്റെ ഉൾഭാഗം താൻ ശരിക്കും കണ്ടിട്ടില്ല. പുറത്തേക്കിറങ്ങുമ്പോൾ ആരുടെയെങ്കിലും വണ്ടിക്ക്, അതിനു ശേഷം കാറ് വാങ്ങിച്ചു. പിന്നെ അതിലായി. എല്ലാം ഇപ്പോൾ മാഞ്ഞു പോയൊരു സ്വപ്നം മാത്രമാണ്. താനിപ്പോഴും അതിൽ നിന്നും മോചിതയായിട്ടില്ലെന്ന് മാത്രം. മക്കൾ രണ്ടു പേരും കൈ വീശി സ്കൂൾ ഗെയ്റ്റ് കടന്നു പോകുന്നത് അവൾ നോക്കി നിന്നു. തിരികെ വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോൾ അരികിലായി ഒരു കാർ വന്നു നിന്നു. ഡോർ തുറന്ന് ഒരു യുവതി അവൾക്കരികിലേക്ക് വന്നു. ലോയറുടെ വേഷമായിരുന്നു ആ പെണ്ണിന്.
"ഹലോ... ശ്യാമു!''
ആകാംക്ഷയിൽ ശ്യാമയുടെ കണ്ണുകൾ മിഴിഞ്ഞു. ഓർമ്മകൾ പത്താം ക്ലാസിലേക്ക് പോയി.
'നീലിമ...!' തന്റെ ആത്മമിത്രം ഒന്നു മുതൽ പത്തുവരെ കൂടെ പഠിച്ചവൾ. അവളോടുള്ള ഇഷ്ടത്തിനെക്കാളും ആരാധനയായിരുന്നു ഏറെ. അല്പസ്വല്പം സാഹിത്യവാസനകൾ ഉള്ള കൂട്ടത്തിലാണ്.പഠിക്കുന്ന സമയത്ത് നോട്ടുബുക്കുകളിൽ അവൾ കുത്തി കുറിക്കുന്ന കഥകളിലെല്ലാം ശങ്കറിനെയും, മേനകയേയും തിരഞ്ഞിരുന്ന കാലം. പത്ത് കഴിഞ്ഞ് മാർക്ക് ലിസ്റ്റ് വാങ്ങാൻ ചെന്നപ്പോഴാണ് അവസാനമായി അവളെ കണ്ടത്. മിലിട്ടറിക്കാരനായ പപ്പയുടെ കൂടെ കുടുംബത്തോടെ ഡൽഹിക്ക് പോവുകയാണെന്നും, തുടർപഠനം അവിടെയാണെന്നും കെട്ടിപിടിച്ച് കരഞ്ഞ് പറഞ്ഞത് ഓർമ്മയിൽ തെളിഞ്ഞു.പിന്നെ മാസത്തിൽ ഡൽഹിയുടെ മണമുള്ള കത്തുകളിലൂടെയായി കഥയും കവിതയും പങ്കുവെക്കൽ അവസാനമായി വന്ന കത്തിലെ വരികൾ ഇപ്പോഴും ഓർമ്മയിൽ ഒളിമങ്ങാതെ ഇരിപ്പുണ്ട്.
'നീയറിയുന്നുവോ എൻ നൊമ്പരം
നിന്നെ സ്മരിച്ച് നിറയുന്നു മിഴികൾ.
നിന്നെ മാത്രം കാണുമൊരു വേളയുദിക്കുമോ...?
എന്നാത്മാവിലൊരു പൊൻകതിരായി വീശും ഇളം തെന്നൽ പോലെ...!
എന്നുമെൻ ഹൃത്തിൽ നീ നിറയുന്നൊരു നേരം.
കൂട്ടുകാരി നിന്നെ നിനച്ച് കേഴുന്ന വേഴാമ്പൽ പോലിന്നു ഞാനും...'
ഓർമ്മകൾ ചിലന്തിവല കെട്ടിത്തുടങ്ങുന്നതിനിടയ്ക്ക് നീലിമ വന്ന് പൂണ്ടടക്കം ശ്യാമയെ കെട്ടിപിടിച്ചു.
"എടീ... പെണ്ണേ! എത്ര നാളായി നിന്നെയൊന്ന് കണ്ടിട്ട്". നീലിമയുടെ സ്വരത്തിൽ സ്നേഹവും, വാൽസല്യവും ഒരു പോലെ നിറഞ്ഞു. ഒരു പാട് നാളുകൾക്ക് ശേഷമുള്ള ആ സമാഗമത്തിന്റെ അങ്കലാപ്പിലായിരുന്നു ശ്യാമയും.
"വാ... ചോദിക്കട്ടെ", നീലിമ അവളുടെ കൈകൾ കവർന്നു. സ്നേഹാധിക്യത്തിൽ അവളുടെ കൈകൾ തണുത്ത് ഐസു പോലെയായി തീർന്നിരുന്നു. ഏതോ ഉൾപ്രേരണ പോലെ നീലിമയ്ക്കൊപ്പം കാറിൽ കയറുമ്പോൾ ശ്യാമയുടെ ഉള്ളം പെരുമ്പറ കൊട്ടുകയായിരുന്നു.
"നീയെന്താടീ.. ഒന്നും മിണ്ടാത്തെ?" ഡ്രൈവ് ചെയ്യുന്നതിനിടയിൽ നീലിമ വീണ്ടും ചോദിച്ചു.
"നീലു... എനിക്ക് എനിക്ക്...എനിയും വിശ്വസിക്കാൻ പറ്റിയിട്ടില്ലെടി! നിന്നെയിവിടെ വീണ്ടും കാണുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും..." വികാര തളളിച്ച കൊണ്ട് വാക്കുകൾ ഇടമുറിഞ്ഞു.
" ഹോ..ഭാഗ്യം ഞാൻ കരുതി നിനക്കെന്നേ മനസിലായില്ലെന്ന്. നീ ബസിറങ്ങി പോകുന്നതു കണ്ടു. ഉറപ്പിക്കാൻ വേണ്ടി ഇവിടെ കാത്തു നിൽക്കുകയായിരുന്നു. അത് പോട്ടെ... നീ വിശേഷങ്ങൾ പറ കേക്കട്ടേ..? ഭർത്താവ് കുട്ടികൾ ,കുടുംബം എല്ലാം പറ".
"നീലൂ... അത്" ശ്യാമ വാക്കുകൾക്കായി പരതി.
"എന്തേ എന്നോട് പറയാൻ പറ്റാത്ത രഹസ്യ ജീവിതമാണോ നിന്റെ.."
"അതല്ല "
"പിന്നെയെന്താടാ.."
"എന്റെ വിശേഷങ്ങൾ പറഞ്ഞ് തൊടങ്ങിയാ ഇന്നൊന്നും തീരാൻ പോവുന്നില്ല മോളേ...''
"ആഹാ... അത്രയ്ക്ക് സംഭവബഹുലമാണോ! എന്നാ അതൊന്ന് കേട്ടിട്ട് തന്നെ കാര്യം''.
വണ്ടിക്കുള്ളിൽ മുഴങ്ങികൊണ്ടിരുന്ന ക്ലബ് എഫ്എമ്മിന്റെ ശബ്ദം കുറച്ചു വെച്ച് നീലിമ ഫോൺ കൈയിലെടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്തു.
"ഹലോ... നിഖിൽ; ഞാൻ കുറച്ചു കഴിഞ്ഞേ എത്തുകയുള്ളു. ഏതെങ്കിലും ക്ലൈന്റ്സ് വന്നാൽ വെയ്റ്റ് ചെയ്യാൻ പറയൂ... " മറുതലയ്ക്കൽ എന്തായിരിക്കും പറഞ്ഞിരിക്കുക എന്ന് ശ്യാമ ഊഹിച്ചു. പെണ്ണ് തന്നെ വിടാൻ ഭാവമില്ല. നിറഞ്ഞ ഏസിക്കുള്ളിൽ ഇരുന്നിട്ടും വല്ലാത്തൊരു ഉഷ്ണം മനസ്സിനെയും, ശരീരത്തെയും ബാധിച്ചത് അവളറിഞ്ഞു. ഫോൺ വച്ചതിനു ശേഷം അവൾ ശ്യാമയെ നോക്കി. വിളറി വെളുത്ത ഭാവത്തിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ അവൾ കാര്യമന്വേഷിച്ചു.
"ആർ യൂ ഓക്കെ ബേബി... "
"ആഹ്...'' ദൂരത്തെവിടെ നിന്നോ കേട്ട പോലെ ശ്യാമ പ്രതികരിച്ചു.
"നിനക്ക് തിരക്കൊന്നും ഇല്ലല്ലോ...?"
" ഇല്ല"
"ഓക്കെ ഡീയർ.. നമുക്ക് കുറച്ച് സമയം നമ്മുടേതായ ആ പഴയ കാലത്തേക്ക് പോകണം." നീലിമയുടെ സ്വരത്തിൽ സന്തോഷം തിര തല്ലുന്നുണ്ടായിരുന്നു. മനസ്സിനൊരു ഏകാഗ്രത കിട്ടാത്തതുപോലെ ശ്യാമ പുറം കാഴ്ചകളിലേക്ക് മിഴികൾ പായിച്ചു. നീലിമയോട് പങ്കു വയ്ക്കേണ്ട കാര്യങ്ങളോർത്ത് അവൾക്ക് തല കറങ്ങി. ഇടംകണ്ണിട്ട് അവളെ നോക്കുമ്പോൾ നേരത്തെ കുറച്ചു വെച്ച പാട്ടിന്റെ ശബ്ദം ഒന്നൂടെ ഉച്ചത്തിൽ വയ്ക്കുന്ന തിരക്കിലായിരുന്നു അവൾ.ശ്യാമയ്ക്ക് കാറിൽ നിന്നും ഇറങ്ങി ഓടിയാലോ എന്നു പോലും തോന്നി. വീണ്ടും കണ്ടുമുട്ടിയ ആ നിമിഷത്തെ ശപിച്ചു കൊണ്ട് സീറ്റിലേക്കവൾ ശിരസ് ചേർത്തു.
തുടരും....
ഭാഗം 4
പാതയോരത്ത് പൂത്തുനിൽക്കുന്ന വാകമരങ്ങളും പിന്നിട്ട്; വണ്ടി മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. അവസാനം ജവഹർ ബീച്ച് എന്ന ബോർഡിനു മുന്നിൽ ഒച്ചിനെ പോലെ വണ്ടിയുടെ വേഗം കുറയുന്നതും ശ്യാമ അറിഞ്ഞു. തികഞ്ഞ നിശബ്ദത കണ്ടാവണം നീലിമ ചോദിച്ചു.
''ഡീ... നീ ഒറങ്ങിപ്പോയോ!!"
"ഇല്ലെടാ.." മാഞ്ഞു പോയ ചിരി മുഖത്ത് വിരിയിച്ച് ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ചുറ്റിലും ശ്യാമയുടെ ശ്രദ്ധ പോകുന്നുണ്ടായിരുന്നു. വർക്കിങ് ദിവസം ആയതോണ്ടാവാം, ഒന്നോ രണ്ടോ ലോട്ടറി വിൽപ്പനക്കാരൊഴികെ വേറെയാരും അവിടെ ഉണ്ടായിരുന്നില്ല. ശാന്ത സുന്ദരമായ അന്തരീക്ഷം. അവളുടെ മനസും ഒന്ന് ശാന്തമായി. രാവിലെ ആയതു കൊണ്ടാവാം വെയിലിന് അത്ര തീവ്രത വന്നു തുടങ്ങിയിരുന്നില്ല.
"വാടാ... നമുക്ക് അങ്ങോട്ട് ഇരിക്കാം".
ശ്യാമയുടെ കൈകൾ കവർന്നുകൊണ്ട് കാറ്റാടി മരത്തിന്റെ കീഴിലുള്ള ഒഴിഞ്ഞ ബെഞ്ചിലേക്ക് ഇരിക്കാൻ നീലിമ ശ്യാമ യെ ക്ഷണിച്ചു.ഇരിക്കുന്നതിന് ഒപ്പം തന്നെ ശ്യാമയുടെ വിശേഷങ്ങൾ അറിയാൻ അവൾ തിടുക്കം കാട്ടുകയും ചെയ്തു.
"ആദ്യം നിന്റെ കേക്കട്ട്". ശ്യാമ നീലിമയുടെ തോളിൽ തട്ടി.
"എന്റെ വിശേഷങ്ങൾ എന്നു പറയാൻ..."
വാക്കുകൾ ഇത്തിരി നീട്ടികൊണ്ടവൾ പറയാൻ തുടങ്ങി.
'പoനമെല്ലാം ഡൽഹിയിൽ വച്ചു തന്നെ പൂർത്തിയാക്കി. പിന്നെ പപ്പയുടെ ഫ്രണ്ടിന്റെ മകൻ മാധവുമായി വിവാഹം കഴിഞ്ഞു.അതിൽ തളിരിട്ടൊരു മകൻ! അഞ്ചിൽ പഠിക്കുന്നു. മാധവ് പോലീസിൽ ആണ്.ഈ അടുത്തിടെയാണ് എസ് ഐ ആയി ഇങ്ങോട്ട് സ്ഥലം മാറ്റം കിട്ടിയത്. ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ കൗൺസിലിംഗ് വിഭാഗത്തിൽ കുറച്ചു നാളെ ആയുള്ളു ഞാനും ജോലിക്ക് കയറിയിട്ട്. എല്ലാം കൂടെ സുന്ദരമായ ജീവിതം".
"അപ്പോ നീയൊരു മനോരോഗ വിദഗ്ധയാണ്...! അതിനിടയിൽ എഴുത്തൊക്കെ ഉപേക്ഷിച്ചോ?".
"ഇല്ലെടി, മോളേ... അതൊക്കെ സൈഡായി പോകുന്നുണ്ട്. സാഹിത്യത്തെക്കാളും, കുറച്ച് ഗൗരവമേറിയ കാര്യങ്ങളാണ് എഴുതുന്നതെന്നു മാത്രം.
ആ... അത് വിട് നിന്റെ മനസ്സിൽ എന്തേലും വെഷമം ഉണ്ടെങ്കിൽ എന്നോട് പറയാം ട്ടോ''.
"ഏയ് എനിക്കെന്തു വെഷമം" ശ്യാമ തല കുടഞ്ഞു.
"അല്ലാ എന്തോ ഉള്ളതുപോലെ നിന്നെ കണ്ടപ്പോ തോന്നി".
"ഊം.. അത് നിന്റെ ജോലി അങ്ങനെയല്ലേ! കാണുന്നവരെയെല്ലാം ആ വിധത്തിൽ നോക്ക്ന്നതുകൊണ്ടാ..." ശ്യാമ പണിപ്പെട്ടൊരു ചിരിയോടെ പറഞ്ഞു. ആ ചിരിയിൽ നീലിമയും ചേർന്നു.പക്ഷെ നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന അവളുടെ മിഴികളിലേക്ക് പിന്നെ നോക്കാൻ ശ്യാമയ്ക്ക് എന്തോ ഭയം തോന്നി. പറയുവാനുള്ള വാക്കുകളൊക്കെ മനസ്സിന്റെ തമോഗർത്തങ്ങളിൽ ശ്വാസം മുട്ടി മരിക്കുന്നത് അവളറിഞ്ഞു. നീലുവിൽ നിന്ന് മോചനമില്ലെന്ന് വ്യക്തമായി.കാരണം അവളുടെ സാമീപ്യം മനസ്സ് തുറക്കണമെന്ന് തന്നെയാണ് പറയുന്നത്. എന്നിരുന്നാലും ശ്യാമ മനസ്സ് തുറക്കുക തന്നെ ചെയ്യ്തു.
"നീലൂ..."
"എന്താ പെണ്ണേ... "
"എന്റെ വിശേഷങ്ങൾ അത് അത്ര പെട്ടെന്നൊന്നും പറഞ്ഞാൽ തീരൂലെടാ"
"സാരൂല എത്ര വരെ ആയാലും ഞാനത് കേൾക്കും"
"ഊം"
തുടക്കം അത് ഭയങ്കരമായൊരു പ്രശ്നം തന്നെ ആയിരുന്നു. ചാരു ബെഞ്ചിൽ വിരലുകൾ കൊണ്ട് ചിത്രമിട്ടു കൊണ്ട് ആലോചനയോടെ ശ്യാമ പറഞ്ഞു തുടങ്ങി.
പതിനേഴ് വയസായപ്പോഴാണ് സേതു വേട്ടന്റെ ആലോചന വന്നത്. "നിനക്കറിയാലോ ആ പ്രായത്തിലാണ് പെങ്കുട്ട്യോള് കൂടുതലായ് സ്വപ്നം കാണുന്നതെന്ന്. ഒട്ടുമുക്കാലും പ്രേമം തലയ്ക്ക് പിടിക്കുന്നതും ആ സമയത്താണെന്ന്. അതുപോലെ തന്നെയായിരുന്നു എനിക്കും, കാണാൻ സുന്ദരൻ. ഇരുപത്തഞ്ചാമത്തെ വയസ്സിൽ ടൗണിൽ സ്വപ്രയത്നത്താൽ നേടിയെടുത്ത രണ്ട് ഷോപ്പുകൾ ഒന്ന് ടെക്സ്റ്റൈൽസും, മറ്റൊന്ന് അതിനോട് ചേർന്ന് ഒരു ബ്യൂറോയും. അമ്മയും, ഒരു പെങ്ങളും മാത്രം. പെങ്ങളെ ഒത്തിരി ദൂരെ ആയിരുന്നു കെട്ടിച്ചു വിട്ടത്. വീട്ടുകാർക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടു. അവരുടെ പറച്ചിലിൽ എനിക്കും.പ്രായപൂർത്തിയാവാൻ മോതിരമിട്ട് ഉറപ്പിച്ചു. അതിനു ശേഷം പലപ്പോഴും ഞങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ കൂടെ ബൈക്കിലും, കാറിലുമൊക്കെ ചുറ്റിയടിച്ചു. മറക്കാൻ പറ്റാത്ത പ്രണയാതുരമായ ദിനങ്ങൾ. അതിന്റെ ആലസ്യം പ്രീഡിഗ്രി റിസൽട്ടിലും തെളിഞ്ഞു. മാർക്ക് വളരെ കുറവ് കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ?. കല്ല്യാണം കഴിഞ്ഞതിനു ശേഷവും മക്കൾ പിറന്നതിനു ശേഷവും, ജീവിതം ശരിക്കും ആഘോഷമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഞങ്ങൾ കാണാത്ത സ്ഥലങ്ങൾ ഉണ്ടായിരുന്നില്ല, കഴിക്കാത്ത ആഹാരങ്ങളും. പക്ഷെ ഇന്ന്..." അവളറിയാതെ ഉള്ളിലെ നീരൊഴുക്ക് പുറത്തേക്ക് പ്രവഹിച്ചു. നീലിമ കാണാതിരിക്കാൻ പണിപ്പെട്ടുവെങ്കിലും ഉള്ളം ഉച്ചത്തിൽ പൊട്ടിപ്പോവുക തന്നെ ചെയ്യ്തു. ഒരു കഥ കേൾക്കുന്ന മൂഡിലായിരുന്നു നീലിമ.ഒരു പകപ്പ് അവളുടെ ഭാവത്തിലും കടന്നു വന്നു. സ്വയം ആശ്വസിക്കാനും, അവളെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന മട്ടിൽ ശ്യാമയെ ചേർത്തു പിടിച്ചു.
ആ ചേർത്തു പിടിക്കലിൽ ശ്യാമയും ആശ്വാസം കൊണ്ടു. കുറച്ചു നേരം രണ്ടു പേർക്കുമിടയിൽ ഒരു നിശബ്ദത കളിയാടി. കണ്ണുകൾ തുടച്ചു കൊണ്ട് അവൾ വീണ്ടും തുടർന്നു.
"നിനക്കറിയോ മോൾടെ ബർത്ത്ഡേ ആയിരുന്നു ഒരാഴ്ച മുന്നേ. നേരാംവണ്ണം ചോറ് പോലും വെച്ച് കൊടുക്കാൻ കഴിവുകെട്ടവരായി പോയെടി ഞങ്ങൾ. അത്രയ്ക്കും ഗതി കെട്ടവരാ ഞങ്ങളിപ്പോ?"
"എന്തേ ഇങ്ങനൊക്കെ വരാൻ"
"എന്റെ പിടിപ്പുകേടെന്ന് സേതു വേട്ടന്റെ വീട്ടുകാര്. വിധിയാണെന്ന് എന്റെ വീട്ടുകാര്. ഇതിനിടയിൽ ഉരുകി തീർന്നത് ഞങ്ങൾ മൂന്ന് ജന്മങ്ങൾ ".
"സേതുവേട്ടന് എന്തേലും ദുശ്ശീലങ്ങൾ ഉണ്ടായിരുന്നോ...? ഐ മീൻ.. മദ്യപാനമോ, മറ്റോ...?''
"മദ്യപാനമായിരുന്നില്ല, അതിനെക്കാളും വലിയ ലഹരി ഒന്ന് വെച്ചാ രണ്ട്. രണ്ട് വെച്ചാ നാല്...അങ്ങനെ"
"ഓഹ്,ചൂതാട്ടം!!"
"ആ അത് തന്നെ അതിൽ നിന്നാണ് ഓടിട്ട വീട് മാറ്റി രണ്ടുനില വീടാക്കിയതും, രണ്ട് ഷോപ്പും കാറുമൊക്കെ വാങ്ങിയത്. പക്ഷെ ഞാനിതൊന്നും അറിഞ്ഞിരുന്നില്ല. കിടപ്പാടം പോലും നഷ്ടപ്പെട്ടു. അമ്മയെ പെങ്ങള് കൂടെ കൂട്ടി. കടകൾ രണ്ടും നഷ്ടത്തിലായി. ബ്യൂറോ മാത്രം കൈവിട്ടില്ല. അതും ഇപ്പോ സ്വന്തല്ല അതിൽ നിന്ന് കിട്ടുന്നത് വീടിനും കടയ്ക്കും വാടക കൊടുക്കാനെ തികയൂ.. രണ്ട് വർഷമാകുന്നു ഇപ്പൊ വീട് മാറാതെ ഇവിടെ തന്നെ. കടം കേറി മുടിഞ്ഞപ്പോ വീട്ടുകാര് പറഞ്ഞു അവര്ടെ കൂടെ പോയി നിക്കാൻ ഞാനും മക്കളും മാത്രം. സേതു വേട്ടനെ ഒഴിവാക്കിയിട്ട് ഞാനെങ്ങനാടീ... എന്റെ ആത്മാവാണ് അതിപ്പോ? അതില്ലാതെ ഞാനെങ്ങനെ...!"എത്ര നിയന്ത്രിച്ചും ശ്യാമ ഉറക്കെ കരഞ്ഞു പോയി.
" ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഒരു പരിധി വരെ ഞാനും കാരണാ... ഒരിക്കൽ പോലും ഞാൻ ചോയിച്ചിട്ടില്ല, അമിതമായ ആർഭാഢത്തിൽ ഞാനും വീണു പോയി.
ജീവിതത്തെ പക്വതയോടെ നോക്കി കാണാൻ ഇതുവരെയായിട്ടും പഠിച്ചിട്ടില്ല. പൊട്ടക്കിണറ്റിലെ തവളയെ പോലെ സേതുവേട്ടനും, മക്കളും മാത്രമായ എന്റെ ലോകം! അതിനുള്ളിൽ മാത്രം ഒതുങ്ങിപ്പോയ ജീവിതം.വൈകീട്ട് വരുമ്പോ കൊണ്ട് വരുന്നത് വെച്ചുണ്ടാക്കി, വിളമ്പി ഊട്ടി പരിപാലിക്കുന്ന ഉത്തമ ഭാര്യയും, അമ്മയും ആയി ജീവിക്കുക അതു മാത്രമായിരുന്നു ഞാൻ ചെയ്തോണ്ടിരുന്നത്.ഒരിക്കലും ചോദ്യം ചെയ്യാൻ മുതിരാതെ പറയുന്നത് കേട്ട് തലയാട്ടുന്ന ഒരു മണ്ടി". കണ്ണീരിനൊപ്പം തന്നെ മൂക്കുപിഴിഞ്ഞ് മുഖമമർത്തി തുടച്ച്
കേട്ടിരിക്കാൻ ഒരു ആള് ഉണ്ടായല്ലോ എന്ന ആശ്വാസത്തിൽ അവൾ പതിയെ നീലിമയുടെ തോളിൽ തല ചായ്ച്ചു.
ആശ്വാസം തേടുന്നവളോട് എന്തു പറയുമെന്ന ചിന്തയിലായിരുന്നു നീലിമ.
" നിന്നോട് എനിക്ക് ബഹുമാനം തോന്നുകയാ ശ്യാമൂ.. ഇത്രേം പ്രശ്നം ഉണ്ടായിട്ടും.സേതുവിനെ കുറ്റപ്പെടുത്താതെ, മാറ്റി നിർത്താതെ ചേർത്തുനിർത്തുന്നുവല്ലോ..?"
"എനിക്ക് അങ്ങനെയേ പറ്റൂ നീലു.അച്ഛനും, അനിയനും ശേഷം ഞാൻ കണ്ട, വിശ്വസിച്ച മൂന്നാമത്തെ പുരുഷനാണ് എന്റെ സേതു വേട്ടൻ, മറുത്തൊന്ന് ചിന്തിക്കാൻ എനിക്ക് പറ്റില്ലെടോ?"
"എല്ലാം ശെരിയാകും,നീ വെഷമിക്കാതിരി"
" ങ്ഹും.. ആ വിശ്വാസം എനക്കിപ്പോ ഇല്ല. വരുന്നിടത്തു വെച്ച് കാണാം എന്ന ചിന്തയിലാണ്. എന്നാലും ഈയിടെയായി എന്തോ ഒരു ഭയം മനസ്സിൽ സേതുവേട്ടൻ ഞങ്ങളിൽ നിന്നും അകന്നേക്കുമോ എന്നൊരു തോന്നൽ ".
"അതെന്താ...!''
"ഏയ്യ് ഒന്നുല്ല" ഉള്ളിലുള്ള സംശയം അതവൾ അവിടെ തന്നെ അടച്ചു വെച്ചു.
അത്യധികം വിഷമവൃത്തത്തിൽ പെട്ടുഴലുന്നവളോട് കൂടുതൽ ഭംഗിവാക്കു പറയുന്നത് അവളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് തോന്നിയതു കൊണ്ട് നീലിമയും നിശബ്ദത പാലിച്ചു.
അപ്പോഴേക്കും ഫോൺ റിങ് ചെയ്യാൻ തുടങ്ങി,നിഖിലായിരുന്നു.
"എന്താണ് നിഖിൽ "
"മേഡം രണ്ട് പേഷ്യന്റ്സ് വന്നിട്ടുണ്ട്".
"ഓക്കെ ഞാൻ വരുവാണ് ഇരിക്കാൻ പറയൂ "
"ഓക്കെ മാം ശരി..."
ഫോൺ കട്ട് ചെയ്യ്ത് ശ്യാമയെ നോക്കി. തികഞ്ഞ ചിന്താഭാരത്തിൽ ദൂരത്തെവിടെയോ നോക്കിയിരിപ്പാണ്.
" ശ്യാമൂ.. ഹോസ്പിറ്റലിൽ നിന്നാണ്. പേഷ്യന്റ്സ് വന്നിട്ടുണ്ടെന്ന്. നിന്റെ കൂടെ കൊർച്ച് സമയം കൂടി ഇരിക്കണംന്ന്ണ്ട്
പക്ഷെ..."
"സാരൂലെടാ... നീ പോയ്ക്കോ?"
"അപ്പോ നീയോ..?''
''ഞാൻ കൊറച്ചൂടെ ഇവിടെ ഇരിക്കട്ടെ..."
"അതൊന്നും വേണ്ട നീ എന്റൊപ്പം വാ.. "
അവളുടെ ഉള്ളിലുറങ്ങിയ കനലിനെ ചിക്കിയുണർത്തിയത് താനാണ്. ഈ അവസരത്തിൽ അവളെ ഇവിടെ തനിച്ച് വിട്ട് പോകുന്നത് ശരിയല്ലെന്ന് നീലിമയുടെ ഉള്ളം മന്ത്രിച്ചു.
" പറ്റില്ല, നീ ഒപ്പം വന്നേ പറ്റൂ" അവളുടെ സ്വരത്തിൽ ശാഠ്യം നിറഞ്ഞു.
അവസാനം മനസ്സില്ലാ മനസ്സോടെ ശ്യാമ അവിടെ നിന്നും എഴുന്നേറ്റു.തിരിച്ചു പോകുമ്പോൾ നീലിമയുടെ ഉള്ളവും കലുഷിതമായിരുന്നു.പ്രീയപ്പെട്ടവൾ ഒരു മഹാതുരുത്തിൽ പെട്ടതു പോലെ...
ശ്യാമ പറഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി, നീലിമയും ഇറങ്ങാനൊരുങ്ങി.പക്ഷെ ശ്യാമ അവളെ തടഞ്ഞു. "ഇപ്പൊ നീ വരണ്ട ഒരൂസം നിങ്ങൾ എല്ലാരും കൂടെ വന്നാ മതി" അത് ധാരണയാക്കിയപ്പോലെ അവൾക്കു നേരെ കൈ വീശി വണ്ടി മുന്നോട്ടെടുത്ത് കുറച്ച് ദൂരം പോയി. പിന്നെ എന്തോ ഓർത്തതു പോലെ റിവേഴ്സ് എടുത്ത് പിറകോട്ട് വന്നു.
"എന്തു പറ്റി!" ശ്യാമയുടെ സ്വരത്തിൽ ഉദ്വേഗം നിറഞ്ഞു.
" നിന്റെ നമ്പർ വാങ്ങിയില്ലല്ലോടീ.."
"അതിനെനിക്ക് ഫോണും, നമ്പറും ഒന്നും ഇല്ലെന്റെ പെണ്ണേ! ആരെയെങ്കിലും വിളിക്കണമെങ്കിൽ സേതുവേട്ടൻ വരണം".
" ഓഹോ... അങ്ങനെയാണോ? അപ്പൊ പിന്നെ എന്തു ചെയ്യും".
" നിന്റെ നമ്പർ ഇങ്ങ് താ.. ഞാൻ വിളിക്കാം".
"ആ.. അത് ശെരിയാ'' നീലിമ പേഴ്സ് തുറന്ന് തന്റെ വിസിറ്റിംങ് കാർഡെടുത്ത് അവൾക്ക് നേരെ നീട്ടി.
" വിളിക്കണെ...''
''ആ... നീ പൊക്കോ?'' ചെറുചിരിയോടെ അവൾക്കു നേരെ കൈ വീശി. വണ്ടി മുന്നോട്ടേക്ക് വീണ്ടും എടുക്കുമ്പോൾ അവിടെ തന്നെ തറഞ്ഞു നിൽക്കുന്ന ശ്യാമയെ സൈഡ് മിറ റിലൂടെ കണ്ടു. എന്തുകൊണ്ടോ ഒരു കരച്ചിൽ ഉള്ളിൽ പൊട്ടുന്നത് നീലിമ അറിഞ്ഞു. അതിന്റെ പ്രതികരണം കണ്ണുകളിൽ വ്യക്തമായി. പതിയെ പതിയെ ശ്യാമ കാഴ്ചയ്ക്കും അകലെയായി.
തുടരും.....
ഭാഗം 5
നീലിമയുടെ ഫോൺ നമ്പർ ഉള്ള വിസിറ്റിംങ്ങ് കാർഡ് പേഴ്സിന്റെ ഉള്ളറയിലേക്ക് തിരുകി വെച്ചു കൊണ്ടവൾ വീട്ടിലേക്ക് നടന്നു. മനസ്സ് ഒരാൾക്കു മുന്നിൽ തുറന്നപ്പോൾ ഇത്രയും നാൾ ഉണ്ടായിരുന്ന മാനസികഭാരം മുഴുവൻ ഒഴുകി പോയതു പോലെ തോന്നി.
വീട്ടിലെത്തി തണുത്ത വെള്ളത്തിൽ ഒരു കുളി കഴിഞ്ഞപ്പോൾ നല്ല ഉന്മേഷം. സേതുവേട്ടനും, മക്കളും വരുന്നതുവരെ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കാറാണ് പതിവ്. സ്കൂളിലെ ലൈബ്രറിയിൽ നിന്നും നിയയും, അലനും പുസ്തകങ്ങൾ കൊണ്ടുത്തരും. അക്ഷരങ്ങളാണ് പിന്നെ തന്റെ ഏകാന്തതകളെ നിമഞ്ജനം ചെയ്യുന്നത്. ഇപ്പോ പക്ഷെ വെറുതെ ഇരുന്ന് പാട്ട് കേൾക്കാനാണ് തോന്നുന്നത്. അടുക്കളയിലെ ജനൽപടിയിൽ വെച്ച കൊച്ചുറേഡിയോ എടുത്ത് കൊണ്ടുവന്ന് അരികിൽ വെച്ച് ഓൺ ചെയ്യ്തു. മനോഹരമായ മെലഡി ഗാനങ്ങൾ കേട്ട് കൊണ്ട് കണ്ണുകൾ പൂട്ടി.
വൈകുന്നേരം നാലേ മുപ്പത് ആയപ്പോഴേക്കും സ്കൂൾ ബസിന് കുട്ടികൾ വന്നു. ചായയോടൊപ്പം രാവിലത്തെ പലഹാരത്തിന്റെ മാറ്റി വെച്ച പങ്ക് അവർക്ക് നൽകി. സേതു വരാനായിരുന്നു പിന്നത്തെ കാത്തു നിൽപ്പ്. നീലിമയെ കണ്ട കാര്യം പറയാനുള്ള തിരക്കായിരുന്നു മനസ്സിൽ. പക്ഷെ അയാളന്ന് പതിവിലും വൈകി. വന്നപാടെ കുളിയും കഴിഞ്ഞ് ചായ പോലും കുടിക്കാതെ ഫോണും കൊണ്ട് ഇരിപ്പായി. മനസ്സിലുള്ള സന്തോഷം പങ്കുവയ്ക്കാൻ കഴിയാതെ ശ്യാമ വീർപ്പുമുട്ടി. തന്നോടെന്തെങ്കിലും സംസാരിക്കാൻ തുടങ്ങിയിരുന്നെങ്കിലല്ലേ... ഭക്ഷണം നൽകുന്ന ഉടമസ്ഥന്റെ അടുത്ത് ദേഹമിട്ട് ഉരുമ്മുന്ന പൂച്ചയെ പോലെ അവൾ അവന്റെ ചുറ്റിലും നിന്ന് കറങ്ങി. പക്ഷെ അയാൾ ഫോണിൽ തന്നെ ആയിരുന്നു.
'ആരോടാണ് ഈ അടക്കിപിടിച്ച സംസാരം..?' മനസ്സിൽ ഒരായിരം വട്ടം ആ ചോദ്യം കിടന്ന് വീർപ്പുമുട്ടി. അവസാനം അവൾ സഹികെട്ട് ചോദിക്കുക തന്നെ ചെയ്യ്തു.
"സേതുവേട്ടനിത് ആരോടാണ്. എത്ര നേരായി ഞാനിവിടെ നിക്കുന്നു. എന്നോടൊന്ന് സംസാരിക്കുക പോലും ചെയ്യാത്തതെന്താ!"
"നീയെന്താ ഒരു മാതിരി പിള്ളേരെ പോലെ. എനക്ക് എത്ര മാത്രം കസ്റ്റമർ വരുന്നതാ. അവരെല്ലാം വിളിക്കും അവരോടൊക്കെ സംസാരിക്കണം''.
"ആയിക്കോട്ടെ എല്ലാം ശരി തന്നെ. അപ്പൊ പിന്നെ ആരാണ് എന്നോട് സംസാരിക്കുക".
"പറയുന്നത് കേട്ടാ തോന്നും നിന്നോട് ഇതുവരെ ഞാൻ സംസാരിക്കാൻ നിന്നിട്ടില്ലെന്ന് ''.
''അങ്ങനൊന്നും ഞാൻ പറയില്ല, പക്ഷെ വീട്ടിൽ പോയി വന്നതിനു ശേഷം സേതുവിട്ടനിതുവരെ മനസ്സ് തുറന്നൊന്ന് സംസാരിച്ചിട്ടില്ല. എനിക്കത് മനസ്സിലാവാതൊന്നും ഇല്ല''.
"ഓ... പിന്നേ" പുച്ഛത്തിലയാൾ ചിറി കോട്ടി.
"എനക്കൊന്ന് ഫോൺ വേണായിരുന്നു"
"ആ.. ഇപ്പൊ തരാൻ സൗകര്യംല്ല''
''അതെന്താ!"
"എനക്ക് കൊർച്ച് കോൾ വരാനുണ്ട്".
"ആയിക്കോട്ടെ, ഞാനൊര് കോൾ വിളിച്ചപാടെ തരാം".
"പറ്റില്ല"
"എന്നാ എനിക്കൊരു ഫോൺ വാങ്ങിത്താ..''
''ബെസ്റ്റ് കഞ്ഞി കുടിച്ച് പോവാൻ തന്നെ പാടാന്ന്. അപ്പൊഴാ പുതിയ ഫോൺ".
പരിഹാസത്തോടെ മറുപടി പറഞ്ഞ് സേതു അകത്തേക്ക് കയറി പോയി.
'ഇതെന്താ ഇങ്ങനെ ഒരു മാസം കൊണ്ട് ആളിങ്ങനെ മാറിപ്പോവ്വോ'? അവൾ തന്നോട് തന്നെ ചോദിച്ചു.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോഴും അങ്ങനെ തന്നെ വല്ല കൊച്ചുവർത്തമാനവും പറഞ്ഞാണ് നാല് പേരും കഴിക്കുക. പക്ഷെ സേതു അന്ന് നേരത്തെ കഴിച്ച് എഴുന്നേറ്റു. ചോദിച്ചപ്പോൾ നിങ്ങളെ പോലെ കൊറിച്ചോണ്ടിരിക്കാൻ എനിക്കറിയില്ലെന്ന മറുപടിയും കിട്ടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ശ്യാമ ചിന്താമഗ്നയായി.
പക്ഷെ അവൾ അങ്ങനെ വിടാൻ ഒരുക്കമായിരുന്നില്ല.ഉറങ്ങാൻ കിടന്നപ്പോൾ ചോദിക്കാമെന്ന് വിചാരിച്ചു. പക്ഷെ ഉറങ്ങാൻ ചെന്നപ്പോഴേക്കും അയാൾ കിടന്നിരുന്നു. അവൾ വരുന്നതുവരെ കാത്തു നിൽക്കാറുള്ളതാണ്. പക്ഷെ... ഇന്ന് അവളതൊന്നും കാര്യമാക്കാതെ അവന്റെ നെഞ്ചോട് ചേർന്നു കിടന്നു. അത് ഇഷ്ടമാകാത്തതു പോലെ അവളെ ഇത്തിരി തള്ളി നീക്കി. അതും കൂടി ആയപ്പോൾ അവളുടെ നിയന്ത്രണം വിട്ടു പോയി.
"സേതുവേട്ടാ... എന്തായിങ്ങനെ, എന്നോടെന്താ അന്യയോട് പെരുമാറുന്നതു പോലെ".
"മനുഷ്യന് ചൂടെടുക്ക്ന്നു. ഇത്തിരി അങ്ങോട്ട് കിടക്ക്".
"മറ്റ് ഇങ്ങനെ ആയിരുന്നില്ലല്ലോ. എത്ര ചൂടിലായാലും എന്റെ നിശ്വാസമില്ലാതെ ഒറക്കം വരാത്ത ആളാണല്ലോ..?''
"മൻഷ്യന്റെ കാര്യല്ലേ! എപ്പോം ഒരു പോലെ ആയാലെങ്ങനാ..."
"സത്യം പറ സേതുവേട്ടന് എന്താ പറ്റീത്. ഞാനെന്തേലും തെറ്റ് ചെയ്തോ. എന്ത് പിണക്കം ഒണ്ടേലും ഒരു രാത്രിക്കപ്പുറം പോകാത്തതല്ലേ..!'' വാക്കുകൾക്കൊപ്പം കണ്ണീരും പുറത്ത് ചാടി.
"നാശം ഒറങ്ങാനും സമ്മതിക്കൂലാ..."
ബഹളം കേട്ട് മക്കൾ രണ്ടു പേരും വന്ന് വാതിലിന് മുട്ടി. കണ്ണുകൾ തുടച്ച് വാതിൽ തുറന്ന് ഒന്നുമില്ലെന്ന് പറഞ്ഞ് അവരെ റൂമിലേക്ക് തന്നെ പറഞ്ഞയച്ചു.
"എപ്പം മുതലാ സേതുവേട്ടന് ഞാൻ നാശം പിടിച്ചവളായത്".
"എന്താ നിനക്കിപ്പോ വേണ്ടത്" ക്ഷമകെട്ട പോലെ അയാൾ ചീറി.
"സേതുവേട്ടൻ എന്നിൽ നിന്ന് എന്തേലും ഒളിക്കുന്നുണ്ടോ? എന്നോട് എന്തിനാണ് ഇങ്ങനെ ഷൗട്ട് ചെയ്യുന്നേ!"
"ആ ഒളിക്കുന്നുണ്ട് ഇന്ത്യയിൽ കൊറോണ എത്തിച്ചത് ഞാനാണെന്ന്".
"ദേ സേതുവേട്ടാ... കാര്യം ചോദിക്കുമ്പോ ഒരു മാതിരി കൊഞ്ഞനം കുത്തരുത്".
"ശ്ശെടാ ഇത് വല്ലാത്ത കഷ്ടായല്ലോ?"
ബെഡ്ഷീറ്റും, തലയിണയും ഫോണും എടുത്ത് സ്വീകരണമുറിയിലെ സോഫയിൽ പോയി കിടന്നു. അവന്റെടുത്ത് നിന്ന് അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. ഇത്രനാളും കടബാധ്യതകൾ മാത്രമായിരുന്നു. പക്ഷെ ഇപ്പോ അതിനേക്കാളും വലിയ എന്തോ പ്രശ്നം വരുന്നതു പോലെ അവൾക്കു തോന്നി. എല്ലാം കൂടെ തല പെരുക്കുന്നു. ഭ്രാന്ത് പിടിച്ചതു പോലെ മുടിയിഴകളിൽ പിടിച്ചു വലിച്ചുകൊണ്ട്. ജനൽ തുറന്ന് പുറത്തേക്ക് നോക്കി. തണുത്ത കാറ്റ് മുഖത്തേക്ക് വീശിയടിച്ചു. പുറത്തെ കട്ടക്കറുപ്പ് മൊത്തമായി തന്റെ ജീവിതത്തിലും പടരുന്നതുപോലെ...
രാവിലെ നീലിമയെ കണ്ടതിനു ശേഷം മനസ്സിനൊരു കുളിർമ്മയായിരുന്നു. എല്ലാം പോയി കിട്ടി. കൂട്ടുകാരിയെ കുറിച്ച് വർണ്ണിച്ച് സേതുവേട്ടനെയും, മക്കളെയും കൊണ്ട് അവളെ കാണാൻ പോകണമെന്ന് കരുതിയതാണ്. എല്ലാം പാതി ഉടഞ്ഞു. ഇതുവരെ കാണാത്തൊരു പ്രകൃതം. തന്റെ അസാന്നിധ്യത്തിൽ എന്താണ് സംഭവിച്ചത്.കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടാവുമോ? കീശ കാലിയാവുമ്പോഴാണ് ഇങ്ങനെ ഉണ്ടാവാറ്. എന്നാലും തന്നോട് പറയും. 'ബഡ്ജറ്റ് കുറവാണ് എല്ലാം നോക്കീം കണ്ടും ചെയ്യണേ' എന്ന്. ഇത് അതൊന്നും അല്ല കാര്യമായിട്ട് എന്തോ ഉണ്ട്.അത് താൻ കണ്ടു പിടിച്ചിട്ട് തന്നെ കാര്യം.ഒരു ദൃഢനിശ്ചയം ശ്യാമയുടെ ഉള്ളിൽ രൂപപ്പെടാൻ തുടങ്ങിയിരുന്നു.
തുടരും....
ഭാഗം 6
തലേ ദിവസത്തെ തുടർച്ച പോലെ രാവിലെ സേതുവിനെ അടുക്കളയിലേക്കും കണ്ടില്ല. കടയിലേക്ക് പോകുന്ന സമയത്തിനും മുന്നേ ചായ കുടിക്കുന്നതിനാണ് അവിടേക്ക് വന്നത്. ഒന്നും മിണ്ടാതെ, തന്നെ
ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ പ്രാതൽ കഴിച്ച് എഴുന്നേൽക്കാൻ നേരം അവൾ തന്നെയാണ് സംസാരത്തിന് തുടക്കമിട്ടത്.
"എനക്കൊന്ന് വീട് വരെ പോകണംന്ന് ണ്ട് "ആ.." അത്ര മാത്രം കൂടുതൽ ചോദ്യമോ, പറച്ചിലോ ഒന്നും ഇല്ല. പിന്നെ സംസാരം തുടരാൻ അവൾക്കും താൽപ്പര്യം തോന്നിയില്ല.
ഇറങ്ങാൻ നേരം ചോറുമായി പോകുമ്പോൾ വാ തുറന്നു.
"എനിക്കിന്ന് ചോറ് വേണ്ട"
"അതെന്തേ!"
"ഒന്ന് എറണാകുളം വരെ പോകണം വരുമ്പോ നേരം വൈകും, ചിലപ്പോ ഇന്ന് എത്താനും വഴിയില്ല".
"സേതുവേട്ടനിത് നേരത്തെ പറഞ്ഞൂടായിരുന്നോ? ഞാനിത്രേം നേരത്തെ എണീച്ച് ചോറ് ഉണ്ടാക്കുമായിരുന്നോ!"
"ആ, ഇപ്പൊഴാ തോന്നിയത്" മക്കളെ പോലും നോക്കാതെ ഗെയിറ്റ് കടന്നു പോകുമ്പോൾ വിളിച്ചു പറയുന്നതു കേട്ടു." വീട്ടിൽ നിന്നും ഇന്ന് വരാൻ നോക്കണ്ട, അവിടെ നിന്നോ ഞാനേതായാലും എത്താൻ വഴിയില്ല". കണ്ടതിൽ വെച്ചുള്ള സേതുവിന്റെ ആ മാറ്റം കണ്ട് അവൾ അവിടെ തന്നെ തറഞ്ഞു നിന്നു പോയി.
പതിവില്ലാതെ മക്കളെയും കൊണ്ട് വീട്ടിലേക്ക് ചെന്നപ്പോൾ അച്ഛനും, അമ്മയും ആകാംക്ഷ കൊണ്ടു. സേതു വേട്ടനെ അവിടെ നിർത്തി കൊണ്ട് താൻ പോകാൻ താൽപ്പര്യ പെടാറില്ലെന്ന് അവർക്ക് നന്നായി അറിയാം. അമ്മയ്ക്ക് സുഖമില്ലാത്തപ്പോൾ ആ ഒരു മാസം കഴിച്ചുകൂട്ടിയത് അവർ കണ്ടതാണ്.
അതു കൊണ്ട് തന്നെ അമ്മയുടെ വക ചോദ്യം വരിക തന്നെ ചെയ്യ്തു.
"അല്ലാ ഇതെന്താണ്! ഇന്ന് കാക്ക മലർന്ന് പറക്ക്വല്ലോ?. എന്താടീ മോളേ സേതു അവിടെ ഇല്ലേ".
" ഇല്ല!"
"ആഹാ വെർതെയല്ല നീ ഇങ്ങോട്ട് പോന്നത്''.
"സേതുവേട്ടന് എറണാകുളം വരെയൊന്ന് പോണംന്ന്, നാളെയെ എത്തൂ... അമ്മയ്ക്ക് ഇപ്പൊ എങ്ങനെയ്ണ്ട്".
"ആ എന്റെ ഭേദംണ്ട് "
"വിനയൻ പോയോ".
"ഇല്ല, അവൻ റോഡിന് പോയിരിക്ക്വാ. നിങ്ങക്കെന്താ കുടിക്കാൻ വേണ്ടെ?".
" ഒന്നും വേണ്ടമ്മേ.. ഇത്തിരി വെർതെ ഇരിക്കട്ടെ".
"ഊം സ്വന്തം വീട്ടില് അല്ലേ പെങ്കുട്ട്യോൾക്ക് വെറ്തെ ഇരിക്കാൻ പറ്റുള്ളു''.
അതിന് മറുപടി പറയാതെ വിദൂരയിലേക്കവൾ നോട്ടം മാറ്റി.
റോഡിന് പോയി വരുമ്പോൾ വിനയൻ പുതിയൊരു വാർത്തയും കൊണ്ടാണ് വന്നത്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ ലോക് ഡൗണിന് സാധ്യതയുണ്ടെന്ന്. ചിലപ്പോൾ എല്ലാം അടച്ചിടലിലേക്ക് വഴി മാറിയേക്കും.
"ഇനിയിപ്പോ സ്കൂൾ എല്ലാം അടച്ചേക്കും കൊറോണ അത്രയ്ക്കും രൂക്ഷമാണ്. നിന്റെ കെട്ടിയോനോട് വീട്ടി തന്നെ അടങ്ങിയിരിക്കാൻ പറഞ്ഞേക്ക്".
"ഊം.. ഞാൻ പറഞ്ഞിട്ടൊന്നും കാര്യല്ല. ഇവിടേന്ന് പോയേ പിന്നെ ഒരു വല്ലാത്ത സ്വഭാവാ. നേരെ ചൊവ്വേ എന്നോടൊന്ന് മിണ്ടുന്നും കൂടിയില്ല". അമ്മ കേൾക്കാതെ അവനു മാത്രം കേൾക്കാൻ പാകത്തിൽ അവൾ പറഞ്ഞു.
"വീണ്ടും തൊടങ്ങിയോ!'' മറുപടി പറയാതെ ശ്യാമ മുഖം കുനിച്ചു.
"നിങ്ങള കാര്യത്തിൽ ഞാനിനി എടപ്പെടില്ലാന്ന് തീരുമാനിച്ചതാ. പറയുന്നതിനും ഒരു കണക്കില്ലേ? ചെറിയ കുട്ടിയൊന്നും അല്ലല്ലോ..?'' അത്രയും പറഞ്ഞ് അവനവിടെ നിന്നും എഴുന്നേൽറ്റ് മുറിക്ക് പുറത്തേക്ക് ഇറങ്ങി.
"വിനു കുട്ടാ..." അവൻ തിരിഞ്ഞുനോക്കി.
"എന്താ ഏച്ചി"
"അത്...എനക്കൊരു പഴേ ഫോൺ തര്വോ?''.
"ഏച്ചി എന്തേ അങ്ങനെ ചോയിച്ചേ?''.
"നിനക്കറിയാലോ ഒരു ഫോണ് മാത്രേ ഉള്ളൂന്ന്. സേതുവേട്ടൻ എവിടേലും പോയാ ഒന്ന് വിളിച്ച് അന്വേഷിക്കാൻ പോലും പറ്റുന്നില്ലല്ലോ?".
"ഞാൻ നോക്കട്ടെ എന്റെ പഴേത് ഇവിടെ എവിടെയോ ഉണ്ട്.നമ്പറും വേണ്ടി വരില്ലേ".
"ആ, നീ എല്ലാം ശരിയാക്കി നാളെ നമ്മള് പോകുന്നേല് എടക്ക് തന്നാ മതി".
"ഊം ഓക്കെ നോക്കട്ട്". ഒരു മൂളി പാട്ടും പാടി പുറത്തേക്ക് പോയി.
പിറ്റേന്ന് ശ്യാമയും പിള്ളേരും പോവുന്നതിനിടയ്ക്ക് ഫോണും, പുതിയ സിമ്മും വിനു അവളെ ഏൽപ്പിച്ചു. അലൻ അവളുടെ കയ്യിൽ നിന്നും അത് തട്ടിപറിച്ച് അവന്റെ കീശയിൽ തിരുകി. വിനുവായിരുന്നു അവളെയും, പിള്ളേരെയും വീട്ടിൽ കൊണ്ട് ചെന്നു വിട്ടത്. സേതു എത്തിയിട്ട് ഉണ്ടായിരുന്നില്ല.'എന്തേലും, ഉണ്ടേൽ അറീക്കണെ' എന്നറീച്ച് അവനവിടെ നിന്നും ഇറങ്ങി.
പുതിയ നമ്പറിൽ സേതുവേട്ടനെയൊന്ന് വിളിച്ചാലോ..! അവൾ അയാളുടെ നമ്പർ ഡയൽ ചെയ്തു.' താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ തിരക്കിലാണ് '. പിന്നീട് വിളിക്കുക എന്ന അറിയിപ്പ് കിട്ടി. തുടർച്ചയായുള്ള വിളികളിലെല്ലാം അതേ മറുപടി തന്നെ ലഭിച്ചു കൊണ്ടിരുന്നു. ശ്യാമയ്ക്ക് ആകെ ടെൻഷനായി.അവളുടെ പരവേശം കണ്ട് അലനും, നിയയും ഒരു പോലെ ദേഷ്യപ്പെട്ടു.
"അമ്മയെന്താണ് ഇങ്ങനെ, അച്ഛനിങ്ങ് വരില്ലേ? ഫോൺ കയ്യിൽ കിട്ടിയതു കൊണ്ടല്ലേ ഈ പരവേശം.ഇത് ഇല്ലാതിരിക്കുന്നതായിരുന്നു സമാധാനം".
"എന്നാലും എത്ര നേരായ് ഞാൻ വിളിക്കുന്നു. അപ്പോഴെല്ലാം ബിസി എന്നാണല്ലോ പറയുന്നത്".
"ചെലപ്പോ അവിടെ റെയ്ഞ്ച് ഉണ്ടാവില്ല. അതോണ്ടാവും".അങ്ങനെ ആയിരിക്കട്ടെ എന്ന് അവളും സമാധാനിച്ചു.
രാത്രി എട്ട് ഒമ്പത് മണി ആയപ്പോഴാണ് സേതു വീട്ടിലെത്തിയത്. കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് ശ്യാമ ചോദ്യമെറിഞ്ഞത്.
''ഞാനെത്ര വട്ടം സേതുവേട്ടനെ വിളിച്ചു".
''വിനുവിന്റെ ഫോണിൽ നിന്നായിരുന്നോ, അതിൽ നിന്നൊന്നും കോൾ വന്നില്ലല്ലോ?. ചിലപ്പോ റേഞ്ച് ഇല്ലാത്തോണ്ടാവും."
"അല്ല, എന്റെ ഫോണിൽ നിന്ന് ''
''അതിന് നിനക്കെവ്ട് ന്നാ ഫോണ്"
"വിനൂന്റെ പഴേ ഫോണ്, അതിൽ പുതിയ സിമ്മും ഇട്ടു തന്നു അവൻ".
മറുപടിയായി അമർത്തിയൊന്ന് മൂളി. പിന്നെ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ച് എഴുന്നേറ്റു.
യാത്രാവിശേഷങ്ങൾ പറയുമെന്ന് കരുതിയെങ്കിലും ഒന്നും ഉണ്ടായില്ല. കിടക്കാൻ നേരവും ഫോണിൽ തന്നെയായിരുന്നു ശ്രദ്ധ.
ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും കൊറോണ വ്യാപനം കൂടിയതിന്റെ അടിസ്ഥാനത്തിൽ ലോക് ഡൗൺ നിലവിൽ വന്നു. സ്കൂളുകളും, കടകളും, മറ്റ് സ്ഥാപനങ്ങളും, അടക്കാൻ മുഖ്യമന്ത്രി ഉത്തരവിറക്കി. എല്ലാവരും വീട്ടിൽ സ്വസ്ഥം. ഒരു ദിവസം പോലും വീട്ടിൽ നിൽക്കാത്ത ആൾ, ഫോണും തോണ്ടി കൊണ്ട് വീട്ടിൽ തന്നെ ഉണ്ടല്ലോ എന്ന സമാധാനത്തിലായിരുന്നു ശ്യാമ. അച്ഛനും, അമ്മയും മക്കളും ചേർന്ന പഴയ ആ സ്വർഗ്ഗം വീണ്ടും തിരിച്ചു വരികയാണെന്ന് അവൾക്ക് തോന്നി. അധികം ആർഭാഢങ്ങൾ ഒന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെയായിരുന്നു എന്നും. അതിനിടയിൽ സ്നേഹപ്രകടനങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും, എവിടെയോ ഒരു അകലം അവൾക്ക് ഇടയ്ക്കിടെ ഫീല് ചെയ്യുന്നുണ്ടായിരുന്നു.
നീണ്ട ഇടവേളകൾക്ക് ശേഷം ലോക് ഡൗൺ മാറുകയും ഷോപ്പുകൾ അധികം ആൾക്കാരില്ലാതെ തുറന്ന് പ്രവർത്തിക്കാമെന്നുള്ള അറീപ്പിനു ശേഷം സേതു വീണ്ടും ബ്യൂറോയിൽ പോകാൻ തുടങ്ങി. ആറുമണിക്ക് മുന്നേ വീട്ടിലും എത്തി തുടങ്ങി.
ജൂൺ മാസം പിറന്നിട്ടും സ്കൂളുകൾ ഒന്നും തുറന്നില്ല. പഠനമെല്ലാം ഓൺലൈൻ ക്ലാസുകളിലേക്ക് വഴിമാറി.
നിയക്കും, അലനും ശ്യാമയുടെ ഫോണായിരുന്നു ക്ലാസുകൾ അറ്റൻഡു ചെയ്യാൻ ഏക രക്ഷ. അതിനിടയിൽ അച്ഛൻ ആരോടോ ചാറ്റുന്നുണ്ടെന്നും, വീഡിയോ കോളുകൾ ചെയ്യുന്നുണ്ടെന്നുമുള്ള സംശയം അലനാണ് പുറത്തേക്കെടുത്തിട്ടത്. ആ സംശയം ശ്യാമയിലൊരു നടുക്കം സമ്മാനിച്ചു.
തുടരും....
ഭാഗം 7
ആ സംശയം അതൊരിക്കലും യാഥാർത്ഥ്യമാവരുതേ എന്ന പ്രാർത്ഥനയായിരുന്നു അവളുടെ ഉള്ളിൽ. പക്ഷെ കണ്ണുകളും, മനസ്സും സദാ അവനെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. മാറി നിന്ന് ഫോൺ
ചെയ്യൽ, അടക്കിപിടിച്ച സംസാരം അവന്റെ ഇങ്ങനെയുള്ള പ്രവർത്തികൾ എല്ലാം തന്നെ സംശയത്തിന് വഴിവെക്കുന്ന തരത്തിലേക്ക് വഴിമാറി കൊണ്ടിരുന്നു. മനസ്സിൽ സംശയത്തിന്റെ വിത്ത് മുള പൊട്ടാൻ തുടങ്ങിയതിനു ശേഷം ചെയ്യാൻ തുടങ്ങിയ ജോലികളെല്ലാം യാന്ത്രികമായി തുടങ്ങി.
ഒരു ദിവസം അവളുടെ കണ്ണിൽ തന്നെ അത് പെടുകയും ചെയ്യ്തു. ഇരുളിന്റെ മറവിലിരുന്ന് ഒരു സ്ത്രീരൂപത്തിന്റെ ശൃംഗാര ഭാവം! അവിടെ അവളുടെ സമനില തെറ്റുകയായിരുന്നു. നിരന്തരമായ വഴക്കും, വക്കാണവും, ബഹളവും. വീട്ടിൽ നിരന്തരം അരങ്ങേറിക്കൊണ്ടിരുന്ന അപശബ്ദങ്ങളിൽ കുട്ടികളും ഭയചകിതരായി.അവർ വിനയനെ വിളിച്ച് കാര്യം പറഞ്ഞു. പക്ഷെ തന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലെന്നും, എല്ലാം ശ്യാമയുടെ സംശയമാണെന്നും സേതുവരുത്തി തീർത്തു.
"എങ്ങോട്ട് തിരിഞ്ഞാലും, ഇവൾക്കെന്നെ സംശയാ! ഞാനൊരു വിവാഹബ്യൂറോ ആണ് നടത്തുന്നത്. അപ്പോൾ പല സ്ത്രീകളുടെയും, പുരുഷൻമാരുടെയും, ഫോട്ടോ എന്റെ കയ്യിൽ ഉണ്ടാവും. അവരുടെ നമ്പറും. നിനക്ക് തന്നെ അറിയാലോ? ഇപ്പോ കൊറോണയൊക്കെ ആയോണ്ട് വാട്സപ്പ് വഴിയാണ് ഫോട്ടോകൾ അയക്കുന്നത്. അതൊക്കെ കണ്ട് നിന്റെ ഏച്ചി ഇങ്ങനെയൊക്കെ തൊടങ്ങിയാ ഞാനെന്തോ ചെയ്യാനാ! ഏത് സമയവും ക്യാമറ കണ്ണും കൊണ്ട് എന്റെ പിറകെയാ..'' പറഞ്ഞിട്ടും കലി തീരാതെ സേതു നിന്ന് കിതച്ചു.
സേതു പറഞ്ഞതിലും കാര്യമുണ്ടെന്ന് വിനയനും ഉറപ്പിച്ചു.
"നീയെന്തിനാ ഏത് സമയവും അയാളെ നിരീക്ഷിച്ച് കൊണ്ട് നിൽക്കുന്നത്. അങ്ങേരുടെ ജോലി അതല്ലേ..!"
"ആണ് അതെനിക്കും അറിയാം. മറ്റ് എല്ലാം തുറന്ന് സംസാരിക്കുന്ന ആളാണ് പക്ഷെ ഞാൻ വീട്ടിൽ നിന്ന് വന്നതിനു ശേഷം ഇയാക്ക് എന്നെ കാണുമ്പോ അത്തോം ചതുർത്ഥീം കാണുന്നതുപോലെയാ. ഫോൺ വിളിക്കുമ്പോ അടുത്തോട്ട് ചെന്നാ ഒന്നുകിൽ ഫോൺ കട്ട് ചെയ്യും, അല്ലെങ്കിൽ മാറി നിന്ന് സംസാരിക്കും. അത് മാത്രല്ല ഇവരൊക്കെ എന്തിനാ വീഡിയോ കോൾ ചെയ്യുന്നത്".
"ഞാനാരെയും വീഡിയോ കോൾ ചെയ്തിട്ടില്ല. എല്ലാം ഇവൾടെ തോന്നലാണ്, അല്ലെങ്കിൽ സംശയം. എന്റെ കയ്യിൽ അതിന് മരുന്നില്ല. നിന്റെ ഏച്ചിയെ വല്ല മനോരോഗ വിദഗ്ദനെയും കൊണ്ട് കാണിക്ക്".
" ദേ... അനാവശ്യം പറയര്ത് അളിയനാണെന്നൊന്നും നോക്കില്ല പറഞ്ഞേക്കാം". സേതു കേൾക്കാൻ മാത്രമായി അവൻ അടക്കം പറഞ്ഞു.
"ഊം.. നീ കൊർച്ച് ദെവസം ഇവിടെ നിന്ന് നോക്ക്. അപ്പൊ കാണാം നിന്റെ ഏച്ചിയുടെ തനികൊണം".
"അത് നിങ്ങടെ കയ്യിലിരിപ്പ് ശരിയല്ലാത്തത് കൊണ്ടല്ലേ?''
''ആ എന്റെ കയ്യിലിരിപ്പ് അത്ര ശരിയല്ല.ആർക്കാ അതില് ചേതം."
സേതുവിനോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്ന് വിനയന് തോന്നി. വർത്തമാനം കൊണ്ട് അവനോട് ജയിക്കാനും പറ്റില്ല. ഇത്തിരി മുഷിച്ചലോടെ 'അധികം ബഹളത്തിന് ഇടവരുത്തേണ്ടെന്ന് 'ശ്യാമയെ ഉപദേശിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി.
ഒരാഴ്ച ബഹളമില്ലാതെ കടന്നു പോയി. ഒരു ദിവസം അലനെയും കൂട്ടി റേഷൻ കടയിലേക്ക് അരി വാങ്ങാൻ ഇറങ്ങിയപ്പോഴാണ് അവൾക്ക് ഒരു ഉൾവിളി ഉണ്ടായത്. പറയാതെ സേതുവിന്റെ ബ്യൂറോ വരെ ഒന്ന് പോയാലോ? കുറേ നാളായി അങ്ങോട്ട് പോയിട്ട്. വാടകയ്ക്ക് ആയതിൽ പിന്നെ ഒരു വട്ടമാണ് അവിടെ പോയിട്ടുള്ളത്.
ഓട്ടോ പിടിച്ച് ബ്യൂറോയ്ക്ക് മുന്നിൽ പോയി ഇറങ്ങുന്നത് മുകളിലത്തെ ബാൽക്കണിയിൽ നിന്ന് സേതു കാണുന്നുണ്ടായിരുന്നു. അയാൾ ബദ്ധപ്പെട്ട് റൂമിലേക്ക് കയറി പോകുന്നത് ശ്യാമയും കണ്ടു. എന്തോ ഒരു പന്തികേട് ! അലന്റെ കൈകളും പിടിച്ച് സ്റ്റെപ്പുകൾ ഓടി കയറുകയായിരുന്നു. റൂമിനടുത്തേക്ക് എത്തിയപ്പോഴേക്കും സേതു ജാള്യത നിറഞ്ഞ ചിരിയോടെ വെളിയിലേക്കിറങ്ങി.
"നിങ്ങളെന്താ ഇവിടെ!"
"ഞങ്ങൾക്കെന്താ ഇങ്ങോട്ട് വന്നൂടെ..'' ചുറ്റിലും നിരീക്ഷിക്കുന്നതിനിടയിൽ അവൾ മറു ചോദ്യമെറിഞ്ഞു കൊണ്ട് റൂമു മുഴുവൻ ചുറ്റി നടന്നു. 'പകൽ വെട്ടത്തിൽ പോലും ജനാലകൾ തുറന്നിടാത്തത് എന്തേ!' എന്നവൾ ചോദിച്ചു.
"ജനലിന് അടുത്തുള്ള ഓടയിലെ അഴുക്ക് വെള്ളം പുറത്തേക്ക് പൊട്ടി ഒഴുകുന്നതു കൊണ്ട് വല്ലാത്ത സ്മെൽ ആണ് അതാണ് തുറക്കാത്തത്". അവൾക്കത് അത്ര വിശ്വാസം തോന്നിയില്ലെങ്കിലും, വിശ്വസിച്ച പോലെ മൂളി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
താഴത്തേക്ക് ഇറങ്ങുമ്പോൾ സേതു കൂടി വരുമെന്ന് അവർ പ്രതീക്ഷിച്ചു.പക്ഷെ അയാൾ അവിടെ തന്നെ നിൽക്കുകയായിരുന്നു. അച്ഛന്റെ ആ പെരുമാറ്റം അലന്റെ മനസ്സിനും വല്ലാത്ത മുറിവുണ്ടാക്കി. മറ്റൊക്കെ ഞങ്ങളുടെ തലവെട്ടം കണ്ടാൽ, കുഞ്ഞിക്കോഴികളെ കണ്ട തള്ളക്കോഴിയെ പോലെയായിരുന്നു.പാറി വന്ന് ചിറകിനുള്ളിലൊതുക്കും.പക്ഷെ ഇന്ന് കണ്ട അച്ഛൻ ഏതോ അപരിചിതനെ പോലെ! മനസ്സിലെ സങ്കടം പുറത്ത് പറയാതെ ശ്യാമയുടെ കൈകളിൽ അവനമർത്തി പിടിച്ചു.
റേഷൻ കടയിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകാൻ ഓട്ടോയ്ക്ക് കൈ കാണിക്കുമ്പോഴാണ് ഒരു വിളി കേട്ടത്.
"ഓയ് ശ്യാമേ... ഒന്നവിടെ നിക്ക് ഞാനും കൂടെ വരുന്നു". വീട്ടിനടുത്തുള്ള എൽസമ്മ ചേച്ചി! മിക്ക സമയങ്ങളിലും കാണും. പക്ഷെ കുറച്ചു ദിവസമായി കാണാറേയില്ലല്ലോ എന്ന് മനസ്സിൽ ആലോചിച്ചു. ഒന്നിച്ച് പോയാൽ ഓട്ടോ കാശ് പകുതി കൊടുത്താ മതിയല്ലോ അവൾ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"ആരിത് എൽസ ചേച്ചിയോ?കൊറേ ആയല്ലോ കണ്ടിട്ട്".
" ഞാനിവിടെ ഒണ്ടായിര്ന്നില്ല പെണ്ണേ!" ഓട്ടോയിലേക്ക് കയറുന്നതിനിടയിൽ അവർ വെളിപ്പെടുത്തി.
"ഞാനങ്ങ് മോൾടെ അട്ത്തായിരുന്നു''.
"എവ്ടെ മംഗലാപുരോ...?"
"ആ, പോയപ്പോ തൊട്ട് ലോക് ഡൗണും ആയി, വന്നപ്പോ ക്വാറന്റൈയിനിലും ആയി". അവർ ചിരിയോടെ അറിയിച്ചു.
"നിയമോള് എവിടെ?"
"വീട്ടിലുണ്ട്, ഓൺലൈൻ ക്ലാസ് നടക്കുവല്ലേ''.
"പത്തിലേക്ക് ആയില്ലേ അല്ലേ!"
"അതേ!"
"ആ ഇപ്പൾത്തെ പിള്ളേർടെ പഠിത്തൊക്കെ കണക്കന്നേ". ആത്മഗതമെന്നോണം അവർ അഭിപ്രായപ്പെട്ടു. ഇറങ്ങാൻ നേരം എന്തോ ഓർത്തപ്പോലെ.
"ആ.. പിന്നേ ശ്യാമേ, മംഗലാപുരത്തിന് പോന്ന അന്ന് ഞാൻ സേതൂനെ കണ്ടിരുന്നു. ആരെയോ കാണാൻ പോകുന്നെന്നാ പറഞ്ഞേ,ലോക്ഡൗണിന് മുന്നേ ആള് തിരിച്ചെത്തിയോ?"
"അതിന് അച്ഛൻ എറണാ...'' മുഴുമിപ്പിക്കുന്നതിനു മുന്നേ ശ്യാമ, അലന്റെ കൈകളിൽ ഒരു തട്ട് കൊടുത്തു. ബാക്കി പറയാതെ അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി അത് കാണാത്ത മട്ടിൽ ഇടർച്ചയോടെ ശ്യാമ മറുപടി പറഞ്ഞു.
"ആ .. ഏച്ചി സേതു വേട്ടൻ പിറ്റേന്ന് തന്നെ തിരിച്ചെത്തി."
"വർത്താനം പറഞ്ഞ് വീടെത്തിയതറിഞ്ഞില്ല. വീട്ടിലേക്ക് വരുന്നോ രണ്ടാളും, ഇച്ചിരി വെള്ളം കുടിച്ചേച്ചും പോവാം".
"വേണ്ട ഏച്ചി, മോള് ഒറ്റക്കല്ലേ ഉള്ളൂ, നേരത്തെ എറങ്ങിയതാ. പിന്നെ വെരാം."
"ആയിക്കോട്ടെ എന്നാ.''
ഏൽസ ചേച്ചി കണ്ണിൽ നിന്നും മറഞ്ഞ പാടെ അലൻ ചോദിച്ചു.
"അച്ഛൻ ശരിക്കും, നമ്മളെ മണ്ടൻമാരാക്കുകയാണല്ലോ അമ്മേ... എറണാകുളത്തെന്ന് പറഞ്ഞ് പോയത് മംഗലാപുരത്ത്. എന്താ ഇതിന്റെ സത്യാവസ്ഥ കണ്ടു പിടിക്കണം. വൈകുന്നേരം ആകട്ടെ!" വലിയ വായിലുള്ള ആ പന്ത്രണ്ടു വയസുകാരനു മുന്നിൽ മറുപടിയില്ലാതെ ശ്യാമ ഉഴറി. തല കറങ്ങുന്നതു പോലെ ഉള്ളിൽ എൽസമ്മ ചേച്ചിയുടെ വാക്കുകൾ ദഹിക്കാതെ കിടപ്പുണ്ട്... വീട്ടിലെത്തിയതും, അകത്തു പോലും കയറാതെ ഇറയത്തേക്ക് ശ്യാമ തളർന്നിരുന്നു. അതു കണ്ട് തന്റെ കുഞ്ഞു ദേഹത്തോട് അമ്മയെ ചേർത്തണച്ചു കൊണ്ട് അലൻ പറഞ്ഞു.
"അമ്മ പേടിക്കേണ്ട... ഞങ്ങൾ അമ്മയുടെ കൂടെയുണ്ട്. വൈകുന്നേരം അച്ഛൻ വരട്ടെ."
എന്താണ് ആ കുഞ്ഞു മനസ്സിലെന്നറിയാതെ നിറഞ്ഞ കണ്ണുകൾ അവൾ അമർത്തിയടച്ച് അവനെ ചേർത്തു പിടിച്ചു.
തുടരും....
ഭാഗം 8
അച്ഛൻ വന്നപാടെ ചാടിക്കേറി ഒന്നും ചോദിക്കരുതെന്ന് അലൻ ശ്യാമയെ ചട്ടം കെട്ടി. നിയയോടും അവനെല്ലാം പറഞ്ഞു. അവൾക്കും ഈയിടെയായി സേതുവിനോട് മനസ്സുകൊണ്ട് ഇത്തിരി അകലം
വന്നിട്ടുണ്ട്. അവർ കണ്ടു വളർന്ന അച്ഛനിൽ നിന്നും, ഇന്ന് കാണുന്ന അച്ഛനിലേക്ക് ഒരു പാട് ദൂരം യാത്ര ചെയ്യേണ്ടി വരുന്നുവെന്ന് രണ്ടു കുട്ടികൾക്കും മനസ്സിലായി തുടങ്ങിയിരുന്നു. ആ അകലം കുറച്ചു കൊണ്ടുവരാൻ പലപ്പോഴും ശ്യാമ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം പരാജയമാണ്. അടുപ്പം കൂട്ടുന്നതിനു പകരം അകലം കൂട്ടിയത് സേതു വേട്ടൻ തന്നെയാണ്. എന്തെങ്കിലും കാര്യം ചോദിക്കാൻ ചെന്നാൽ 'ഇത് വല്ലാത്ത ശല്ല്യാണല്ലോ ' എന്ന് പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പോവാറാണ് പതിവ്. താനടക്കം മൂന്ന് കുട്ടികളാണെന്ന് കാണുന്നവരോടൊക്കെ മേനിപറഞ്ഞ് നടന്ന ആളാണ്. ശരി തന്നെയായിരുന്നു അത്; കുട്ടിക്കളി മാറാതെ ഇടക്കിടെ പൊട്ടത്തരവും, വിഡ്ഢിത്തരവും വിളമ്പി നടക്കുന്നതു കൊണ്ടാവാം കുട്ടികളുടെ കൂട്ടത്തിൽ തന്നെ, തന്നെയും കൂട്ടിയത്. ആയ കാലത്തും, അല്ലാത്തപ്പോഴും വൈകുന്നേരം മക്കൾക്ക് കൊണ്ട് വരുന്ന പലഹാര പൊതിയിൽ ഒരു പങ്ക് തനിക്കും കൂടി ഉണ്ടാകുമായിരുന്നു. ഇപ്പോൾ തന്നെ കണ്ടു കൂടാത്തതുപോലെ മക്കളോടും അങ്ങനെ തന്നെ. 'ശ്യാമ' എന്ന് തികച്ചും വിളിക്കില്ല.' ശ്യാ' എന്നല്ലാതെ.. ഇപ്പൊ അത് മാറി പല ഭാഷകളും കൂടി വിളിയിൽ കടന്നു കൂടിയിട്ടുണ്ട്.
അടുക്കള പണിക്കിടയിലും, തനിച്ചിരിക്കുമ്പോഴും എല്ലാം അലന്റെ ശ്രദ്ധ ശ്യാമയ്ക്ക് ചുറ്റിലും ആയിരുന്നു. പന്ത്രണ്ടിൽ നിന്നും ഇരുപത്തിയൊന്നിന്റെ പക്വതയാണ് അവനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
സേതു വേട്ടൻ കടം വാങ്ങിയവർ വന്ന് പലപ്പോഴും വീട്ടിൽ കുത്തിയിരിപ്പ് സമരം പ്രഖ്യാപിക്കുമ്പോൾ മുതിർന്നൊരു ആളിനെ പോലെ തനിക്ക് സംരക്ഷണ കവചം ഒരുക്കിയത് അവനാണ്.
സമാധാനപരമായൊരു അന്തരീക്ഷം വീട്ടിൽ കിട്ടില്ലെന്നറിയാം. അതു കൊണ്ട് വീട്ടിലേക്ക് പോകാൻ എന്തോ മടുപ്പ് പോലെ സേതുവിന് തോന്നി. പ്രതീക്ഷിക്കാതെ അവളും, മോനും റൂമിലേക്ക് വരുമെന്ന് കരുതിയതേ ഇല്ലായിരുന്നു. എന്തായിരിക്കും ഇന്നത്തെ വരവിന്റെ ഉദ്ദേശം. അവൾക്ക് അത്രമേൽ സംശയമുണ്ടെന്നർത്ഥം. ദൂരേ നിന്നേ അവരെ കണ്ടത് നന്നായി. ഇല്ലെങ്കിൽ.... അതോർത്തപ്പോൾ സേതുവിന്റെ ഉള്ളിൽ ഒരു തണുപ്പ് അരിച്ചു കയറി. എങ്ങനെയെങ്കിലും അവളെ സന്തോഷിപ്പിക്കണം. നാളുകളായി മറന്നു പോയ വൈകുന്നേരം വാങ്ങി കൊണ്ടു പോകുന്ന പലഹാരം അവന്റെ മനസ്സിലുദിച്ചു. ശ്യാമയ്ക്ക് ഏറെ ഇഷ്ടമുള്ള മുളക് ബജി. പൊട്ടിയാണ് അതുകൊണ്ട് തന്നെ ഇത്തിരി സ്നേഹപ്രകടനം കാണിച്ച് വരുതിയിലാക്കാവുന്നതേ ഉള്ളു. അവന്റെ ചുണ്ടിലൊരു ചിരി മിന്നി മറഞ്ഞു.
വീട്ടിലെത്തി കാലു കഴുകി അകത്തേക്ക് കയറുമ്പോൾ നിയ വിളക്ക് കത്തിച്ച് നാമം ചൊല്ലുന്നുണ്ട്. അത് കേട്ടുകൊണ്ട് അലൻ അടുത്ത് നിൽക്കുന്നു. ശ്യാമയെ അവിടെയെങ്ങും കണ്ടില്ല. ചിലപ്പോൾ അടുക്കളയിലാവും.
"അമ്മയെവിടെ...'' അവളെ സന്തോഷിപ്പിക്കലായിരുന്നു ലക്ഷ്യം. പതിവിലും വിപരീതമായുള്ള അച്ഛന്റെ ചോദ്യം കേട്ട് അലനും, നിയയും ഒരു പോലെ ആശ്ചര്യപ്പെട്ടു. മറുപടി പറഞ്ഞത് അലനായിരുന്നു."അമ്മ..അടുക്കളയിൽ ഉണ്ട്".
കയ്യിലുള്ള ബാഗ് ടീപ്പോയിൽ വെച്ച് ബേക്കറിയിൽ നിന്നും വാങ്ങിയ പലഹാരപ്പൊതിയുമായി അടുക്കളയിലേക്ക് നടന്നു. അലനും ശബ്ദമുണ്ടാക്കാതെ അവനു പിറകെ ചെന്നു.
അടുക്കളയോട് ചേർന്നുള്ള വാതിലിനു ചാരി എന്തോ ആലോചിച്ച് നിൽക്കുകയാണ് അവൾ.
"ശ്യാ..." മറന്നു പോയ വിളി വിദൂരയിലെന്നോണം അവൾ കേട്ടു. താൻ സ്വപ്നം കാണുകയാണോ? സേതുവിന്റെ കൈത്തലം തോളിൽ അമർന്നപ്പോഴാണ്. അത് മിഥ്യയല്ല സത്യം തന്നെയാണെന്ന് അവൾക്ക് മനസ്സിലായത്.
"എന്താണിങ്ങനെ ആലോചിച്ച് കൂട്ടുന്നത്". മറുപടി പറയാതെ ഊമയെ പോലെ മിഴിച്ചു നിന്നതേ ഉള്ളൂ. സംശയത്തോടെ അലനപ്പൊഴും വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
"പെട്ടെന്ന് ചായ ഉണ്ടാക്ക് അപ്പോഴേക്കും ഞാൻ കുളിച്ചിട്ട് വരാം. ഉഴുന്നുവടയും, നിനക്ക് ഇഷ്ടമുള്ള മുളക് ബജിയും കൊണ്ട് വന്നിട്ടുണ്ട്. എല്ലാർക്കും ഒന്നിച്ചിരുന്ന് കഴിക്കാം". അവളുടെ കവിളിൽ ഒരു പിച്ച് കൊടുത്തുകൊണ്ട് റൂമിലേക്ക് പോവുന്നതിടയിൽ അലന്റെ മൂക്കിന് പിടിച്ച് ഓമനിക്കാനും മറന്നില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ശ്യാമ തരിച്ചു നിൽക്കുകയായിരുന്നു. പക്ഷെ അച്ഛന്റെ പെരുമാറ്റം എന്തുകൊണ്ടോ അലനെ അത്രയ്ക്കങ്ങ് തൃപ്തിപ്പെടുത്തിയിരുന്നില്ല.
അവനൊരു വേട്ടനായയെ പോലെ ശ്യാമയുടെ ഫോണും കൊണ്ട് സേതുവിനെ പിന്തുടർന്നു. മനസ്സിലുള്ളത് ലക്ഷ്യം കാണാൻ സേതു ബാത്റൂമിൽ കയറുന്നതു വരെ അവൻ കാത്തിരുന്നു. കുളിക്കാൻ കയറിയാൽ കുറച്ചു സമയമെടുക്കുമെന്ന് അവന് നന്നായി അറിയാം. ഡോറിന്റെ ലോക്ക് വീഴുകയും, അകത്തുനിന്ന് മൂളിപ്പാട്ട് പുറത്തേക്ക് കേൾക്കുകയും ചെയ്തതോടെ അലൻ സേതുവിന്റെ ഫോൺ തിരഞ്ഞു. അവസാനം ബാഗിൽ നിന്നും കിട്ടി. അടുത്തൊരു ദിവസം യാദൃശ്ചികമായി കണ്ട ഫോണിന്റെ സ്ക്രീൻ ലോക്ക് ഓർത്തെടുത്ത് ഓപ്പൺ ചെയ്തു.പിന്നെ കീശയിൽ നിന്നും ശ്യാമയുടെ ഫോണെടുത്ത് വാട്സപ്പ് എടുത്ത് വാട്സപ്പ് വെബ് ഓപ്പൺ ചെയ്ത് സേതുവിന്റെ ഫോണുമായി ബന്ധിച്ചു. അവനെന്താണ് ചെയ്യുന്നതെന്ന് നോക്കി കൊണ്ടാണ് നിയ അരികിലേക്ക് വന്നത്.ശബ്ദമുണ്ടാക്കരുതെന്ന് ചുണ്ടത്ത് വിരൽ ചേർത്ത് അവനവളെ നോക്കി ആംഗ്യം കാണിച്ചു. ചെയ്യുന്ന കള്ളം ഗൗരവമേറിയതായതു കൊണ്ടാവണം ക്രമാതീതമായി അവന്റെ ശ്വാസഗതികൾ ഉച്ഛസ്ഥായിയിൽ ആയിക്കൊണ്ടിരുന്നു. തെറ്റാണെന്ന് അറിയാമായിരുന്നുവെങ്കിലും, അച്ഛൻ തെറ്റിലേക്ക് പോവുന്നുവെങ്കിൽ അമ്മയ്ക്കും, ഞങ്ങൾക്കും വേണ്ടി അച്ഛനെ തിരിച്ചുപിടിക്കണമെന്ന വാശിയായിരുന്നു ആ കുട്ടി മനസ്സുനിറയെ! സേതുവിന്റെ ഫോൺ തിരികെ ബാഗിൽ തന്നെ വയ്ക്കുമ്പോഴേക്കും അവനാകെ വിയർപ്പിൽ കുളിച്ചിരുന്നു.
"എടാ അലൂ... നീയെന്താ ഈ കാണിക്കാൻ പോകുന്നേ!"നിയയുടെ സ്വരത്തിൽ വിറ പടർന്നിരുന്നു.
"ഏച്ചി പേടിക്കേണ്ട, അമ്മ സംശയിക്കുന്നതു പോലെ അച്ഛനെന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ നമുക്കത് കണ്ടു പിടിക്കണം. അച്ഛൻ വഴി തെറ്റി പോകുന്നുണ്ടെങ്കിൽ നമ്മളത് തിരുത്തി കൊണ്ടുവരണം. അതിനുള്ള ചെറിയ ശ്രമം നീ കൂടി എന്റൊപ്പം നിക്കണം".
"അതൊക്കെ നിക്കാം ഇത് ശരിയാവ്വോ!"
"നോക്കാം നമ്മക്ക്".
അപ്പോഴേക്കും ബാത്റൂമിന്റെ ഡോർ തുറന്ന് തല തുവർത്തിക്കൊണ്ട് സേതു പുറത്തേക്കിറങ്ങി.നിയയേയും, അലനെയും അവിടെ കണ്ട് "ആങ്ങളയും, പെങ്ങളും എന്താ ഇവിടെ പരിപാടി''.
"ഏയ് ഒന്നുല്ല". ഇരുവരും ചുമലുകൾ കുലുക്കി.
അപ്പോഴേക്കും ഇതൊന്നും അറിയാതെ ശ്യാമ നാലു പേർക്കുമുള്ള ചായ മേശപ്പുറത്ത് കൊണ്ടു വെച്ച് അവിടേക്ക് വന്നു.
മങ്ങിപ്പോയ സന്തോഷത്തിന്റെ തിരി ആളി കത്തുന്നതിനിടയിൽ സേതുവിന്റെ ഫോൺ ശബ്ദിച്ചു. ഇടവിട്ട് വരുന്ന മെസേജുകൾ അലോസരം സൃഷ്ടിച്ചു.
"അതൊന്ന് കുറച്ച് സമയത്തേക്ക് മാറ്റിവെക്ക് സേതുവേട്ടാ...''
" കസ്റ്റമറാണ്.. മറുപടി കൊടുത്തില്ലെങ്കിൽ വയറ് കാലിയായിരിക്കും".നിയയും, അലനും പരസ്പരം നോക്കി. ചായ പെട്ടെന്ന് കുടിച്ചു തീർത്ത് സേതു ഫോണും കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു. അലന്റെ കൈകൾ അപ്പോൾ കീശയിലുള്ള ശ്യാമയുടെ ഫോണിനെ തഴുകി കൊണ്ടിരിക്കുകയായിരുന്നു.
തുടരും....
ഭാഗം 9
സേതു പോയ വഴിയെ അലൻ നോക്കി. അയാൾ മുഖത്തൊരു മന്ദസ്മിതത്തോടെ ആരോടോ ചാറ്റു ചെയ്യുകയാണ്. അവൻ പതിയെ കീശയിൽ നിന്നും ശ്യാമയുടെ ഫോണെടുത്തു വാട്സപ്പ് ഓപ്പൺ ചെയ്യ്തു.
ഇടവിട്ട് വന്നു കൊണ്ടിരിക്കുന്ന സന്ദേശങ്ങൾ വായിച്ച അലന് തല കറങ്ങുന്നുണ്ടായിരുന്നു. അവൻ ഫോൺ നിയക്ക് കൈമാറി. അവളുടെ മുഖം വിളറുകയും, വിരലുകൾ വിറക്കുകയും ചെയ്തു.
"ഛേ..." അറിയാതെ അവളുടെ ഉള്ളിൽ നിന്നും ശബ്ദം പുറത്തുചാടി.ഒഴിഞ്ഞ കപ്പുകൾ അടുക്കളയിൽ കൊണ്ടു വെച്ച് തിരികെ വരികയായിരുന്ന ശ്യാമ കുട്ടികളുടെ മുഖഭാവം കണ്ട് ഫോൺ പിടിച്ചു വാങ്ങി.
" അമ്മ നോക്കണ്ട, അമ്മ വായിക്കണ്ട" എന്നു പറഞ്ഞ് രണ്ടു പേരും തട്ടിപ്പറിക്കാൻ നോക്കിയെങ്കിലും ശ്യാമ അത് വായിക്കുകയും മുന്നേയുള്ള മെസേജുകളിലേക്ക് വിരലോടിച്ച് സ്ക്രോൾ ചെയ്ത് പോവുകയും ചെയ്യ്തു.
പിന്നോട്ട് പോകും തോറും തല കറങ്ങുന്നതു പോലെയും ദേഹം തളരുന്നതു പോലെയും! നേരത്തെ കഴിച്ച ചായയുടെയും പലഹാരത്തിന്റെയും അവശിഷ്ടങ്ങൾ പുളിച്ചു തികട്ടി തൊണ്ടക്കുഴിയിൽ നിറഞ്ഞു.
ഏതോ പോൺ സൈറ്റ് ഓപ്പൺ ചെയ്തത് പോലെയായിരുന്നു യഥാർത്ഥ നാമധേയത്തിലല്ലാത്ത രണ്ടു മൂന്ന് പേരുടെ കോൺടാക്ട് ലിസ്റ്റിലെ ചാറ്റ്. അങ്ങോട്ടും, ഇങ്ങോട്ടും ഉള്ള സന്ദേശങ്ങൾ പിന്നെയും വന്നു കൊണ്ടേയിരിക്കുന്നു. ആ സന്ദേശങ്ങൾ അത്രയും തന്റെ ആത്മാഭിമാനത്തിന്റെ നെറുകയിൽ ആണിയടിക്കുന്നതിനു തുല്യമാണെന്നവൾക്ക് തോന്നി...'ചതി ' പ്രാണന്റെ പകുതിയുടെ ആ കൊടും വഞ്ചന അവൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഫോണും കൊണ്ട് സേതുവിന് മുന്നിലേക്ക് ഒരു കുതിപ്പിന് എത്തി. അവൾക്ക് പിറകെ മക്കളും
"സേതുവേട്ടാ...!''
അതൊരു അലർച്ചയായിരുന്നു. ചാറ്റിലുള്ളവൾക്ക് ഒരു സ്മൈലി ഉമ്മ! നൽകുകയായിരുന്ന സേതു അവളുടെ ശബ്ദത്തിൽ ഞെട്ടിത്തരിച്ചു.
ഫോണും ഉയർത്തി രുദ്രകാളിയെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള ശ്യാമയുടെ നിൽപ്പ് കണ്ടപ്പോൾ അവനെന്തോ പന്തികേട് തോന്നി. കയ്യിലുള്ള ഫോൺ ഓഫ് ചെയ്യുന്നതിടയ്ക്ക് തന്നെ ഒരു കുതിപ്പിന് അവൾ സേതുവിന്റെ ബനിയനിൽ കയറി പിടിച്ചു.
"ഇതാണ് നിങ്ങടെ കസ്റ്റമറ് അല്ലേ, നൂൽബന്ധം പോലും ഇല്ലാത്ത ഈ തേവിടിശ്ശികളാണ് അല്ലേ നിങ്ങൾടെയും, ഞങ്ങൾടെയും വയറ് നെറയ്ക്ക്ന്നത്!! ഇതൊക്കെ കൊണ്ടാണല്ലേ, ഞാനും, മക്കളും നിങ്ങൾക്ക് കൊർച്ച് നാളായിട്ട് അന്യമായി പോയത് അല്ലേ...? ശ്യാമയിൽ നിന്നുള്ള വാക്ശരങ്ങൾ!
എന്താണ് സംഭവം എന്ന് പിടികിട്ടാതെ മിഴിച്ച് നിൽക്കുകയായിരുന്നു സേതു. ഉയർത്തി പിടിച്ചിരിക്കുന്ന അവളുടെ കയ്യിലെ ഫോണിലേക്ക് ഒരു മാത്ര നോട്ടം പോയി. അതിലെ ചാറ്റ് ദൃശ്യങ്ങൾ കണ്ട് അവന്റെ ശ്വാസം വിലങ്ങി.
'ഇതെങ്ങനെ' അവനൊന്നും മനസ്സിലായില്ല.
ഒളിച്ചു കൊണ്ട് നടന്നതെല്ലാം വെളിപ്പെട്ടിരിക്കുന്നു. മക്കൾക്കു മുന്നിൽ അപഹാസ്യനായിരിക്കുന്നു. അവരുടെ മുന്നിൽ വച്ചുള്ള അവളുടെ ചോദ്യം ചെയ്യൽ ! തന്റെ പൗരുഷത്തിന് തന്നെ വെല്ലുവിളി നേരിട്ടപോലെ... അവളിൽ നിന്നും ആ ഫോൺ പിടിച്ചു വാങ്ങി.
"നീയെന്താ എന്നെ സംശയിച്ച് സംശയിച്ച്, സിഐഡി പണിയും തൊടങ്ങിയോ?" വാക്കുകൾ കൊണ്ട് അയാൾ കിതച്ചു.
"കള്ളം കണ്ടു പിടിക്കപ്പെട്ടപ്പോൾ സയിക്കുന്നില്ല അല്ലേ..? എറണാകുളത്തെന്ന് പറഞ്ഞ് പോയത് മംഗലാപുരം, ഏതവളെ കാണാനായിര്ന്നു എഴുന്നള്ളിയത്. എന്നേം മക്കളെയും എല്ലാ കാലത്തും മണ്ടൻമാരാക്കാമെന്ന് കര്തി അല്ലേ...! അന്തിക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നതിന്റെ പുണ്യം ഉള്ളതോണ്ട് ഇന്നെങ്കിലും നിങ്ങടെ ഒളി സേവ കണ്ണിപ്പെട്ടു".
"നിർത്തെടീ... നീയ്യ് " അത്യധികം ദേഷ്യത്തോടെയവൻ തല്ലാനായി കയ്യുയർത്തി.
അവളുടെ മുഖത്ത് പുച്ഛം വിരിഞ്ഞു.
"നിങ്ങക്കെന്നെ തല്ലണം അല്ലേ..? തല്ല് തല്ലി കൊല്ല് അതാ ഇതിലും ഭേദം.രാവിലെ ഉടുത്തൊരുങ്ങി വ്യഭിചരിക്കാൻ പോകുന്ന നിങ്ങളൊപ്പം ജീവിക്കുന്നതിനേക്കാളും നല്ലത് അത് തന്നാ..."
"ശ്യാമാ... നിന്നോടാ പറഞ്ഞത് നിർത്താൻ"
" ശ്യാമ നിർത്തുകയല്ല; തുടങ്ങുകയാ, നിങ്ങടെ സകല പിടിപ്പുകേടുകൾക്കും ചുക്കാൻ പിടിച്ച് നിന്ന ആ ശ്യാമ മരിച്ചു. ഓഹോ എന്തൊക്കെയായിരുന്നു ചാറ്റില് ചക്കര, മുത്ത്, കരള് ഒരിക്കലെങ്കിലും നീയെന്നെ അങ്ങനെയൊക്കെ വിളിച്ചിട്ടുണ്ടോടാ...കണ്ട എരണം കെട്ടവളെയൊക്കെ പോയി പുന്നാരിക്കുന്നു''.
ഒന്നും കേൾക്കാൻ വയ്യാത്ത മട്ടിൽ അലനും, നിയയും ചെവികൾ പൊത്തി.
"മോളേ.. ചക്കരേ.. മുത്തേ ഒറങ്ങിയോ, ഒണർന്നോ.. ഇന്നെന്താ യ്ര്ന്നു സ്പെഷ്യല്.പിന്നെ അവന്റെ ഒടുക്കത്തെ ഒരു ഉമ്മ! അതെന്താടാ എനക്ക് മാത്രം ഉമ്മ തരാൻ നെനക്ക് തോന്നാത്തേ... " അവനെ ആകമാനം പിടിച്ചുലച്ചു കൊണ്ട് അവളുടെ വാക്കുകൾ പരിധി വിട്ട് പുറത്തേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു.
അത്രമേൽ വിശ്വാസമുള്ളൊരാളിൽ നിന്നും പ്രതീക്ഷിക്കാത്തതു കാണേണ്ടി വരുന്ന മനസ്സിന്റെ വിഹ്വലതകൾ അവളെയും ഒരു ഉന്മാദത്തിൽ എത്തിച്ചിരുന്നു എന്നു വേണം പറയാൻ.
"മുടിയും താടിയും കറുപ്പിച്ച് നാപ്പതിനോടടുത്ത ഒരു കാമദേവൻ! ഇന്ന് ഞാൻ ശരിയാക്കിത്തരാം''. അവന്റെ കയ്യിൽ നിന്നും അവൾ ഫോൺ തട്ടിപ്പറിച്ചു.വിനയനെ വിളിച്ച് പറയാനായിരിക്കുമെന്നാണ് സേതു കരുതിയത് പക്ഷേ...
"പ് ഭാ... ഡാഷിന്റെ മോളേ നിനക്കൊന്നും കെട്ടിയോനും മക്കളും, കുടുംബോം ഒന്നും ഇല്ലെടി. മറ്റുള്ളവരുടെ കെട്ടിയോൻമാരെ വലവീശി പിടിക്കാൻ.... " മുഴുവനാക്കുന്നതിനു മുന്നേ സേതു ഫോൺ പിടിച്ചു വാങ്ങി വലിച്ചൊരേറ് കൊടുത്തു.
"നിന്റെയൊരു ഫോണ്, ബാക്കിയുള്ളോര് ടെ സമാധാനം കളയാൻ,കൊന്നു കളയും ഞാൻ!" പല്ലുകൾ ഇറുമ്മി കൊണ്ട് അവനവളുടെ കഴുത്തിന് പിടിച്ച് ചുമരിനോട് ചേർത്തു. കണ്ണുകൾ തുറിച്ച് ശ്വാസം കിട്ടാതെ പിടയുകയായിരുന്നു ശ്യാമ!
"അമ്മാ...'' അലനും, നിയയും അരികിലേക്ക് ഓടിയെത്തി.അലനവന്റെ കൈകളിൽ പിടിച്ചു വലിച്ചു.പക്ഷെ സേതുവിന്റെ പിടിയുടെ മുറുക്കം കൂടുകയായിരുന്നു. നിയ മറുത്തൊന്നും ചിന്തിക്കാൻ നിൽക്കാതെ ടീപ്പോയുടെ മുകളിൽ വെച്ചിരുന്ന ഫ്ലവർ വേയ്സ് എടുത്ത് സേതുവിന്റെ തല നോക്കി ഒറ്റയടി.ചെവിയിൽ നിന്നും ഈച്ച പറന്നു പോകുന്നതു പോലെയായിരുന്നു സേതുവിന് തോന്നിയത്.രണ്ടു കൈയ്യും കൊണ്ട് തലയ്ക്കു പിന്നിൽ പൊത്തിപ്പിടിച്ചു കൊണ്ട് അയാൾ നിലത്തേക്ക് കുഴഞ്ഞിരുന്നു.
തുടരും...
ഭാഗം 10
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിനയന്റെ ഫോൺ ശബ്ദിച്ചത്.സ്ക്രീനിൽ സേതുവിന്റെ നമ്പർ തെളിഞ്ഞു. എന്താണ് എന്ന് ഓർത്തുകൊണ്ടാണ് കോൾ അറ്റൻഡ് ചെയ്തത്.
"മാമാ ഞാനാ... നിയ"
"എന്താ മോളേ ഈ രാത്രിയിൽ"
"മാമനൊന്ന് സിറ്റി ഹോസ്പിറ്റൽ വരെയൊന്ന് വരുമോ, എല്ലാം വന്നിട്ട് പറയാം".
കൂടുതലൊന്നും പറയാതെ അവൾ ഫോൺ വെച്ചു.
ഒരു സുഹൃത്ത് വിളിച്ചിട്ട് പോവുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞ് ഡ്രസ്സ് മാറി വേഗത്തിൽ പുറപ്പെട്ടു.
നിയയും, അലനും ചേർന്നാണ് കാര്യങ്ങളെല്ലാം വിനയനോട് പറഞ്ഞത്.അടി കിട്ടിയ ഷോക്കിൽ ബി.പി ഇത്തിരി കുറഞ്ഞിട്ടുണ്ട് അതുകൊണ്ട് കാഷ്വാലിറ്റി റൂമിൽ ആയിരുന്നു എല്ലാവരും.സേതുവിന്റെ തലയ്ക്ക് ഡ്രസ് ചെയ്തിട്ടുണ്ട്. ബാത്റൂമിൽ നിന്ന് കാൽ തെന്നി വീണു എന്നാണ് ആസ്പത്രിയിൽ അവർ പറഞ്ഞിരുന്നത്.ആഴത്തിലുള്ള മുറിവ് അല്ലാത്തതു കൊണ്ട് ഡ്രിപ്പ് കഴിഞ്ഞാലുടനെ പോകാം.
"എന്നിട്ട് എങ്ങനെയാണ് ആസ്പത്രിയിൽ എത്തിച്ചത്".
"എൽസ ചേച്ചിയുടെ ഭർത്താവ് ടോണി ചേട്ടന്റെ ഓട്ടോയിൽ:.
"ഊം... "
തളർന്ന്, തകർന്ന് ഡ്രിപ്പിലെ തുള്ളികൾ ഇറ്റുവീഴുന്നതും നോക്കി ബെഢിന്റെ അരികിലായി ഇരിക്കുകയാണ് ശ്യാമ.
"ഏച്ചിയുടെ തീരുമാനം എന്താ! ഇത്രേം ആഭാസത്തരം കയ്യിലുള്ള ആളിന്റെ കൂടെ തന്നെയാണോ നിക്കാൻ ഉദ്ദേശിക്കുന്നത്".
"തീരുമാനം ഞങ്ങൾ പറയാം''. നിയയും, അലനും ഒന്നിച്ച് പറഞ്ഞു.
"മാമനൊന്ന് പൊറത്തോട്ട് വന്നേ!"
അവരുടെ ഒപ്പം മുന്നോട്ട് നടക്കുമ്പോൾ എന്തായിരിക്കും പിള്ളേരുടെ മനസ്സിൽ എന്നായിരുന്നു വിനയന്റെ ഉള്ളിൽ.
"എന്താണ് നിങ്ങൾടെ മനസ്സിൽ"
"ഞങ്ങൾക്ക് ഒന്ന് പോലീസ് സ്റ്റേഷൻ വരെയൊന്ന് പോണം".
"എന്തിന്!"
"ഒരു പരാതി കൊടുക്കണം, അച്ഛന്റെ പേരിൽ"
"കാര്യമൊക്കെ ശരി തന്നെ പക്ഷെ ഒരു പരാതി കൊട്ക്കാന്ന് വെച്ചാല്"
"മാമൻ പേടിക്കണ്ട ഒന്നും സംഭവിക്കില്ല, അച്ഛനെ എന്തായാലും ഒന്ന് പേടിപ്പിച്ച് നിർത്തണം. ഒന്നും ചെയ്യാതിരുന്നാല് ചിലപ്പോ അച്ഛനെ ഞങ്ങൾക്ക്...'' അലന്റെ സ്വരത്തിൽ സങ്കടം നിറഞ്ഞു.
"മക്കള് പേടിക്കേണ്ട, മാമൻ കൂടെ വരാം.പക്ഷേ ഈ രാത്രിയില് നേരം വെളുത്തിട്ട് പോയാ പോരെ"
"പോരാ ഇപ്പൊ തന്നെ പോകണം എന്നാലെ അതിനൊരു ഗൗരവം ഉണ്ടാവൂ''.
"അമ്മയോട് പറയണ്ടേ?"
"ആ... ഞാൻ പറഞ്ഞിട്ട് വെരാം" മറുപടിക്ക് കാത്തു നിൽക്കാതെ അലൻ ശ്യാമയുടെ അരികിലേക്ക് ചെന്നു.
വൈകിയ നേരത്ത് പോലീസ് സ്റ്റേഷനിലേക്ക് വന്ന കുട്ടികളെ കണ്ട് എസ്ഐ മാധവ രാമൻ അത്ഭുതപ്പെട്ടു. ചോദ്യങ്ങൾക്കുള്ള ഉത്തരമായി അവർ സേതുവിന്റെ ഫോൺ മേശപ്പുറത്ത് വെച്ചു.
ചുരുങ്ങിയ വാക്കുകളിൽ നടന്ന സംഭവങ്ങൾ പറഞ്ഞു കേൾപ്പിച്ചു. അയാൾക്ക് ഒരേ സമയം ആശ്ചര്യവും, അഭിമാനവും തോന്നി കുട്ടികളെ കുറിച്ച്.
"സർ അച്ഛനെതിരെ കേസൊന്നും എടുക്കരുത്, ഒന്ന് പേടിപ്പിച്ച് വിട്ടാ മതി. ഞങ്ങൾക്ക് ആ പഴയ അച്ഛനെ തന്നെ വേണം''. നിറഞ്ഞ കണ്ണുകളോടെയുള്ള അലന്റെയും, നിയയുടെയും അപേക്ഷ കേട്ടപ്പോൾ മാധവിന്റെയും കണ്ണുകൾ നിറഞ്ഞു. അയാൾ അവരുടെ ചുമലിൽ തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു.
"മക്കള് പേടിക്കേണ്ട കെട്ടോ, അച്ഛനെ നേരെയാക്കാൻ പറ്റുമോന്ന് ഞങ്ങളൊന്ന് നോക്കട്ടെ! ഇപ്പൊ സമാധാന പരമായിട്ട് പോകൂ. നാളെ രാവിലെ തന്നെ ഞങ്ങൾ വരും, ഓക്കെ..." അവരുടെ അഡ്രസും, ഫോൺ നമ്പറും കുറിച്ച് വെച്ച് എസ് ഐ മാധവ് അവരെ ആശ്വസിപ്പിച്ചു.
ശരിയെന്നർത്ഥത്തിൽ രണ്ടു പേരും തലയാട്ടി സമ്മതിച്ച് വിനയനൊപ്പം നടന്നു.
ഡ്രിപ്പ് കഴിഞ്ഞപ്പോൾ സമയം പതിനൊന്നു മണി ആയി. ടോണിച്ചേട്ടന്റെ ഓട്ടോയിൽ അവരെ കയറ്റി വിട്ട് നാളെ കാണാമെന്ന് പറഞ്ഞ് വിനയൻ വീട്ടിലേക്ക് പോയി. വീടെത്തിയിട്ടും ആരും ഒന്നും സംസാരിച്ചില്ല. ഡ്രിപ്പിന്റെ ക്ഷീണത്തിൽ സേതുമാത്രം കിടന്നപാടെ ഉറങ്ങി. കുട്ടികൾ രണ്ടു പേരും ഉണർന്നും, ഉറങ്ങിയും നേരം പുലർത്തി. ശ്യാമ ഒരു പോള കണ്ണു പൂട്ടിയില്ല. കണ്ണടയ്ക്കുമ്പോൾ അശ്ലീല ചുവയുള്ള ചാറ്റും, നഗ്നചിത്രങ്ങളും കണ്ട് ഞെട്ടിയുണർന്നു.
രാവിലെ രണ്ടു മൂന്ന് പോലീസുകാരെ കണി കണ്ടു കൊണ്ടാണ് സേതു ഉറക്കമുണർന്നത്. അവനൊന്ന് അന്ധാളിക്കാതിരുന്നില്ല. 'ഇന്നലെ ഉണ്ടായ സംഭവത്തിൽ താൻ പരാതിയൊന്നും കൊടുത്തിട്ടില്ലല്ലോ ' എന്നാണ് അവൻ ചിന്തിച്ചത്.
" മുറിവ് എങ്ങനെയുണ്ട്, വേദനയുണ്ടോ ഇപ്പോൾ...'' എസ് ഐ മാധവിന്റെ കൂടെയുള്ള കോൺസ്റ്റബിൾ ആണ് ചോദിച്ചത്. മുറിവ് ഡ്രസ്സ് ചെയ്തതിന് മുകളിലൂടെ വിരലോടിച്ചു കൊണ്ട്." കുറവുണ്ടെന്ന് " സേതു മറുപടി പറഞ്ഞു.
"അപ്പൊ നമ്മക്കങ്ങ് ഇറങ്ങിയാലോ..."
"സർ എങ്ങോട്ടാണ്"
"നമ്മക്കൊന്ന് മംഗലാപുരം വരെയൊന്ന് പോയാലോ, അവ്ടെയാണല്ലോ സാറിന് പാസുള്ളത് '' കളിയാക്കി കൊണ്ടുള്ള മാധവിന്റെ മറുപടിയിൽ സേതുവിന് അപകടം മണത്തു.
"തന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്. ഭാര്യയേയും, മക്കളെയും അനാവശ്യമായി ഉപദ്രപിക്കുന്നു. കണ്ട പെണ്ണുങ്ങളുടെ കൂടെ... " പൂർത്തിയാക്കാതെ മാധവ് അലനെയും, നിയയേയും നോക്കി കൊണ്ട് സേതുവിന് മാത്രം കേൾക്കാനായി
"ഐടി ആക്റ്റ് വകുപ്പ് അറുപത്തിയേഴ് പ്രകാരം പോൺ കേസില് പെടുത്തി അഞ്ചുവർഷം തടവും പത്ത്ലക്ഷം രൂപവരെ പിഴയും ചുമത്തി തരും ഞാൻ കേട്ടോടാ... അതു കൊണ്ട് അധികം വർത്താനത്തിന് നിക്കാതെ പോയി വണ്ടീ കേറ്."അതൊരു ആജ്ഞയായിരുന്നു. അവനിൽ നിന്നും ദയനീയമായൊരു നോട്ടം ശ്യാമയിലേക്ക് ചെന്നു. ശ്യാമയും മക്കളും ശില പോലെ നിൽപ്പുണ്ട്.
അന്നാദ്യമായി അവന്റെ കണ്ണുകൾ നിറഞ്ഞു. തലക്കുനിച്ചു കൊണ്ട് പോലീസ് വണ്ടിക്കുള്ളിൽ ചെന്നിരുന്നു.
"സർ... സ്റ്റേഷനിൽ ഞങ്ങൾ കൂടി വന്നോട്ടെ!" ശ്യാമയായിരുന്നു ചോദിച്ചത്.
"നിങ്ങൾ..." എസ് ഐ മാധവ് ഒന്ന് ആലോചിച്ചു.
"പ്ലീസ് സർ... ഞങ്ങൾ കൂടി" നിയയും അലനും അമ്മയുടെ വാക്കുകൾ ഏറ്റുപിടിച്ചു.
"അച്ഛനെ ഞാൻ ഉപദ്രവിക്കോന്ന് പേടിച്ചാണോ?" മറുപടി പറയാതെ രണ്ടു പേരും തല കുനിച്ചു.
"സാരില്ല നിങ്ങൾ കൂടി പോരൂ.. അച്ഛനെയൊന്ന് വിരട്ടണ്ടെ! ഇനി അങ്ങനെയൊന്നും ആവർത്തിക്കാതിരിക്കാൻ". മൂന്നു പേരും തല കുലുക്കി കൊണ്ട് സേതുവിന് അരികിലായി പോയി ഇരുന്നു.
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയ്ക്ക് മാധവ് സേതുവിനോടായി ചോദിച്ചു.
"എവ്ടെയാടാ... നിന്റെ ബ്യൂറോ!"
സേതു പറഞ്ഞു കൊടുത്ത വഴിയിലൂടെ പോലീസ് ജീപ്പ് കുതിച്ചു.
തുടരും....
ഭാഗം 11
ശ്യാമയോടും കുട്ടികളോടും താഴെ തന്നെ നിൽക്കാൻ പറഞ്ഞിട്ട് മാധവ് സേതുവിനെയും കൊണ്ട് റൂമിലേക്ക് നടന്നു. സ്റ്റൈപ്പുകൾ ഓരോന്നായി കയറുമ്പോഴും സേതുവിന് തല കറങ്ങുന്നതു പോലെ തോന്നി.
ഒന്നാമത് രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്നത്. രണ്ടാമത് രഹസ്യങ്ങളുടെ തുരുത്തിലേക്കുള്ള അപ്രതീക്ഷിതമായ ഇവരുടെ കടന്നുകയറ്റം. ചാടി പോയാലോ എന്നു പോലും തോന്നിപ്പോയി.
"തുറക്കെടാ...വാതിൽ" അക്ഷമയോടെ കോൺസ്റ്റബിൾ പറഞ്ഞു. ചാവിയിട്ട് തിരിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നത് സേതു അറിയുന്നുണ്ടായിരുന്നു. മുറിയിലേക്ക് കയറിയ മാധവ് ചുറ്റിലും നോക്കി നെറ്റി ചുളിച്ചു. മുറിയാകെ തുണിയും, പേപ്പറും കൊണ്ട് മറച്ചിരിക്കുന്നു. പുറത്ത് നിന്ന് നോക്കുമ്പോൾ അകത്ത് എന്താണ്, ആരാണ് എന്ന് പെട്ടെന്ന് മനസ്സിലാവില്ല.
"നീയാള് കൊളളാലോ? കുട്ടികൾ വന്ന് പറഞ്ഞിട്ട് ഞാനിത്രയും പ്രതീക്ഷിച്ചില്ല. എന്താടാ ഇത്; ഇവിടെ ബ്യൂറോ തന്നെയാണോ നീ നടത്തുന്നത്. അതോ പെൺവാണിഭമോ?" മറുപടി പറയാതെ സേതു തല കുനിച്ചു.
തിരച്ചലിനിടയിൽ അഞ്ചാറ് പെൻഡ്രൈവ്, വില കുറഞ്ഞ രണ്ട് ടച്ച് ഫോൺ, സ്ത്രീകളുടെ ഡ്രസ് എന്നിവയൊക്കെ കണ്ടു കിട്ടി. ഫോണുകളുടെ ലോക്കുകൾ അവനെ കൊണ്ട് തന്നെ തുറപ്പിച്ചു. കോൺടാക്റ്റ് ലിസ്റ്റിൽ എല്ലാം സ്ത്രീകളുടെ നമ്പർ പല പേരിൽ സേവ് ചെയ്തു വെച്ചിരിക്കുന്നു. വിശദമായ ചോദ്യം ചെയ്യലിനിടയിൽ അവൻ തന്നെ ഓരോന്നായി സമ്മതിച്ചു. വിവാഹം ശരിയാവാത്തവരുമായി ബന്ധം സ്ഥാപിക്കും പിന്നെ പതിയെ അവരുമായി അടുക്കും, മാന്യമായി ചാറ്റു തുടങ്ങും.പിന്നെ അത് മറ്റ് തലങ്ങളിലേക്ക് വഴിമാറും. കാശുകാരാണ് വരുന്ന കക്ഷികളെങ്കിൽ അവരോട് കാശും, സ്വർണ്ണവുമൊക്കെ വാങ്ങും. ചിലവര് ഡിവോഴ്സിന്റെ വക്കിൽ എത്തിയവരാവും.അവരോടും കുറച്ച് സ്നേഹം കാണിച്ച് വരുതിയിലാക്കും''.
"മൊത്തത്തിൽ നിന്റെ ചെലവൊക്കെ ഇതു വഴി അങ്ങ് നടക്കുന്നുണ്ട് അല്ലേ... അതിന്റെ കൂടെ ഇത്തിരി മസാലയും. നിനക്കെങ്ങനെ ആ പെണ്ണിനെയും, പിള്ളേരെയും ചതിക്കാൻ തോന്നുന്നെടാ! മക്കള് വളർന്ന് ഹൈടെക്കായെന്ന ബോധം നിനക്കില്ലാതെ പോയല്ലോടാ! ഛെ, വഴി തെറ്റി പോകുന്ന മക്കളെ നേരെ കൊണ്ടുവരാനാ പലരും സ്റ്റേഷനിൽ വരാറ്. ഇത് തിരിച്ചാണല്ലോടാ... നിനക്ക് വല്ല കൂലി പണിക്കും പോയ്ക്കൂടെ? ഇതിനേക്കാളും അന്തസ്സില്ലേടാ അതിന്"
അവനിട്ട് കൊടുക്കാൻ മാധവിന്റെ കൈ തരിച്ചു. പക്ഷെ കുട്ടികളുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ക്ഷമിച്ചു.
"സർ ഇതൊക്കെ!" കോൺസ്റ്റബിൾ കിട്ടിയ തെളിവുകൾ ഉയർത്തി കാട്ടി.
"അതെല്ലാം ഇവന്റെ തലേൽ കെട്ടിവച്ചിട്ട് റോഡ് മൊത്തം നടത്തിക്കാനാ എനിക്ക് തോന്നുന്നത്. പക്ഷെ താഴെ നിൽക്കുന്നില്ലേ മൂന്നാത്മാക്കൾ! അവർക്ക് ഒരു വാക്ക് കൊടുത്തിട്ടില്ലേ... അതോർക്കുമ്പോ, ഇവനിട്ട് ഒരെണ്ണം കൊടുക്കാതെ എനിക്ക് സമാധാനം കിട്ടില്ല". അതും പറഞ്ഞ് കൈ വീശി സേതുവിന്റെ കരണത്ത് തന്നെ ഒരെണ്ണം പൊട്ടിച്ചു. ആ അടിയിൽ അവൻ പിന്നോക്കം വേച്ചുപോയി. ആ ഒരെണ്ണം മാധവിന് അത്ര തൃപ്തി നൽകിയില്ലെങ്കിലും സേതുവിന്റെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചു കൊണ്ട് കലിപ്പ് തീർത്തു.
കിട്ടിയതെല്ലാം വാരിക്കെട്ടി താഴേക്കിറങ്ങുമ്പോൾ മാധവ്, ശ്യാമയ വിളിച്ച് പറഞ്ഞു.
"പെങ്ങളേ... റൂമ് ഞങ്ങള് പൂട്ടി സീല് വച്ചാലോന്നാ വിചാരിക്കുന്നത്".
ശ്യാമ യിൽ ഒരു ഞെട്ടൽ രൂപപ്പെട്ടു.
''അയ്യോ... സാറേ, ഇത് ഞങ്ങളുടെ ഉപജീവനമാണ്, സീല് വെച്ചാ പിന്നേ!''
''ങ്ഹും അതെനിക്കും അറിയാം. അപ്പൊ പിന്നെ എന്താ ചെയ്യാ ഇവനൊരു വെളഞ്ഞ വിത്താ... രണ്ടു ദിവസം അകത്തിട്ടാലോ?''
"സർ..." അലനും, നിയയും ഒന്നിച്ച് വിളിച്ചു. ആ വിളിയിൽ നിറഞ്ഞിരിക്കുന്ന യാചന അയാൾക്ക് മനസ്സിലായി. അയാൾ അവർക്കു നേരെ ചുമ്മാ എന്നർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു.
"ഏതായാലും നിങ്ങൾ സ്റ്റേഷൻ വരെയൊന്ന് വരൂ.പരാതി റജിസ്റ്ററിൽ വയ്ക്കാം. ഇനിയും ഇതുപോലെ എന്തെങ്കിലും ഉഡായിപ്പ് കാണിച്ചാ മേലും, കീഴും നോക്കില്ല പറഞ്ഞേക്കാം, എന്നാലും ഇവൻ ഭാഗ്യമുള്ളോനാ ഒറ്റൊരുത്തി ഇവനെതിരെ പരാതി കൊടുത്തോന്ന് നോക്കിയേ. എല്ലാറ്റിനേയും ഒരു പോലെ കൊണ്ടു പോകുന്നുണ്ടല്ലോ? അതിനെടയിൽ കുടുംബത്തിനേം. ഹോ സമ്മതിക്കണം''.
സ്റ്റേഷനിൽ പോയി പുറത്തേക്കിറങ്ങുമ്പോൾ മാധവും കൂടെ ചെന്നു.
"ഇനിയും ഇമ്മാതിരി പ്രോക്കിത്തരം കാണിക്കാന്ന് നീ മനക്കോട്ടയൊന്നും കെട്ടണ്ട. നീയും, നിന്റെ ഫോണും എല്ലായ്പ്പോഴും ഞങ്ങളുടെ നിരീക്ഷണത്തിൽ തന്നെ ആയിരിക്കും" രണ്ട് ഫോണിലെയും സിമ്മുകൾ ഊരിയെടുത്ത് മാധവ് വിരലുകൾക്കിടയിൽ അമർത്തി തവിടുപൊടിയാക്കി ഫോണ് ശ്യാമയ്ക്ക് കൊടുത്തു.
രാത്രിയിലാണ് മാധവ് വീട്ടിൽ എത്തിയത്. നീലിമ അപ്പോൾ മോന് ഓൺലൈൻ ക്ലാസിന്റെ നോട്ട് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.എന്നത്തേക്കാളും വിഷമം പിടിച്ചു കൊണ്ടുള്ള വരവ് കണ്ടപ്പോൾ തന്നെ മോനോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് അവിടെ നിന്നും എഴുന്നേറ്റു.
"എന്താ ഏട്ടാ...''
"ഏയ്യ് ഒന്നും ഇല്ലെടോ. ഞാനൊന്ന് കുളിച്ചിട്ട് വെരാം".
കുളി കഴിഞ്ഞ് വന്നിട്ടും, ഭക്ഷണം കഴിക്കാനിരുന്നിട്ടും അവന്റെ മുഖത്തെ സന്തോഷമില്ലായ്മ നീലിമയെ സങ്കടപ്പെടുത്തി.
മോൻ ഉറങ്ങിയതിനു ശേഷം അവൾ മാധവിനരികിലെത്തി. "എന്താ ഏട്ടാ ഒരു വിഷമം പോലെ!നേരത്തെ ചോയിക്കണംന്ന് വിചാരിച്ചതാ മോൻ കൂടെ ഉള്ളതോണ്ടാ പിന്നെ മിണ്ടാതിരുന്നത്". അവളുടെ വിരലുകളിൽ തലോടികൊണ്ട് അവൻ പറഞ്ഞു.
"ഇന്നൊരു സംഭവം ഉണ്ടായെടോ... അത് മനസ്സീന്ന് പോണില്ല".
"എന്താത് !'' അവളുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു.
"മിനിഞ്ഞാന്ന് രാത്രി സ്റ്റേഷനീന്ന് എറങ്ങാൻ നേരം രണ്ട് കുട്ടികൾ പരാതിയുമായി വന്നു".
"ങേ കുട്ടികളോ?"
"ആഹ്, ഒരു പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിയും, പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയും സഹോദരി സഹോദരൻമാർ.രണ്ടു പേരും വന്നത് അച്ഛനെതിരെ പരാതി കൊടുക്കാൻ വേണ്ടിയും".
"അയ്യോ അതെന്തിന് അച്ഛൻ കള്ളുകുടിയനോ മറ്റോ ആണോ?"
"അതാണ് പറഞ്ഞ് വരുന്നത് ഞാനും, മൂന്നാല് പോലീസുകാരും കൂടി ചെന്നന്വേഷിച്ചു. അയാളൊരു ബ്യൂറോ നടത്തുകയാണ്. അവിടെ വരുന്ന സ്ത്രീകളുമായി ചാറ്റും, ചീറ്റും അവിഹിതവും ഒന്നും പറയണ്ട. പിള്ളേര് വലുതായതും, ഹൈടെക്കായതും ഒന്നും അയാള് ഓർത്തില്ല. അമ്മയുടെ ഫോണുപയോഗിച്ച് അയാളുടെ ഫോണിലെ സന്ദേശമെല്ലാം പിള്ളേരങ്ങ് ചോർത്തി.അച്ഛൻ ഇനിയും അങ്ങനെ പോവാതിരിക്കാൻ ദയനീയമായി വന്നിട്ട് എന്നോട് പറഞ്ഞു. അച്ഛനെ ഒരു തരത്തിലും ഉപദ്രവിക്കരുതെന്ന്".
"എന്നിട്ട് "
" കേസ് രജിസ്റ്റർ ചെയ്തില്ല. ഭീഷണിപ്പെടുത്തി ഒപ്പു വെപ്പിച്ച് പറഞ്ഞയച്ചു".
"അയാള് ഇനിയും ഇത് ആവർത്തിക്കില്ലെന്ന് എന്താ ഉറപ്പ്". നീലിമയുടെ സ്വരത്തിൽ അരിശം നിറഞ്ഞു.
"ഒരു ഉറപ്പും ഇല്ല. എന്തായാലും നിലവിലൊരു പരാതിയുള്ളതുകൊണ്ട് വഴിമാറി ചിന്തിക്കില്ലെന്ന് വിചാരിക്കാം. ആ അത് പോട്ടെ നേരം ഒരു പാട് വൈകി. രാവിലെ ഉണരേണ്ടതാ... നീ കിടക്കാൻ നോക്ക്". നീലിമ മറുപടി പറയാതെ അയാളുടെ നെഞ്ചിലൂടെ വിരലോടിച്ചു. നേരിൽ കാണാത്ത ആ കുട്ടികളുടെ മുഖം അവളുടെ മനസ്സിൽ ഒരു നൊമ്പരമായി.
ഉറക്കത്തിനിടയിൽ നീലിമ അന്ന് ശ്യാമയെ സ്വപ്നം കണ്ടു.വിജനമായ ഒരു പാതയിൽ നിന്നു കൊണ്ട് കണ്ണീരോടെ തന്നെ മാടി വിളിക്കുന്നു. നടന്നിട്ടും, ഓടിയിട്ടും അവൾക്കരികിലേക്ക് എത്തുന്നതിനു മുന്നേ വഴി രണ്ട് കൈവഴികളായി മാറുന്നു.പിന്നെ കാഴ്ചയിൽ നിന്നും ശ്യാമയെ കാണുന്നേയില്ല. രണ്ടു മൂന്നാവർത്തി അവളുടെ പേര് വിളിച്ചു കൊണ്ട് നീലിമ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.മാധവിനെ നോക്കി നല്ല ഉറക്കം.ശബ്ദമുണ്ടാക്കാതെ കിടക്കയിൽ എഴുന്നേറ്റിരുന്നു.
'എന്തേയിപ്പോ ഇങ്ങനെയൊരു സ്വപ്നം കാണാൻ ! അന്ന് കണ്ടുമുട്ടിയതിന് ശേഷം വിളിക്കാമെന്ന് പറഞ്ഞ് പോയവളാണ്. പക്ഷെ ഇതുവരെയായിട്ടും അവളുടെ കോൾ തന്റെ ഫോണിലേക്ക് വന്നിട്ടില്ല. അന്വേഷിച്ച് വീട് വരെ പോകണമെന്ന് പലകുറി കരുതിയതാണ് പക്ഷെ തിരക്ക് ഒഴിഞ്ഞിട്ട് വേണ്ടെ, എന്തായാലും ഒരു ദിവസം അവളുടെ വീട്ടിലേക്ക് ചെല്ലണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് വീണ്ടുമവൾ കിടന്നു.
തുടരും...
ഭാഗം 12
ജീവിതത്തിന്റെ ഒഴുക്ക് എന്നും ഒരു പോലെയല്ല എന്നും അതിലിടയ്ക്ക് ആഴമേറിയ കയവും, ചുഴിയും നിറഞ്ഞതാണെന്നും അവസാനം മരണത്തോട് അടുക്കുമ്പോൾ പല അവസ്ഥാന്തരങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുമെന്നും കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ ശ്യാമയ്ക്ക് മനസ്സിലായി തുടങ്ങിയിരുന്നു. ദാമ്പത്യത്തിന്റെ നൈർമ്മല്യമാകെ കെട്ടുപോയിരിക്കുന്നു.
സേതു അടുത്ത് വരുമ്പോഴൊക്കെ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചോടി പോകുവാനുള്ള ഒരു വ്യഗ്രത അവളുടെ മനസ്സിൽ രൂപപ്പെട്ടു തുടങ്ങിയിരുന്നു. അവളെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുപോവാൻ വിനയൻ ഒരു പാട് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സേതുവെന്ന വൃക്ഷത്തിൽ അള്ളി പിടിച്ചു വളരുന്ന ഇത്തിൾക്കണ്ണിയാണ് അവളും, അവളുടെ മനസ്സും എന്ന് അവൻ തിരിച്ചറിഞ്ഞു.
ആ സംഭവം ശ്യാമയുടെ വീട്ടുകാരും,സേതുവിന്റെ വീട്ടുകാരും എല്ലാം അറിഞ്ഞു. 'ഇത്രേം ആഭാസത്തരം കയ്യിലുള്ള ഒരുവനെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്നും, അവനെ ഒഴിവാക്കി പിള്ളേരെയും കൂട്ടി രക്ഷപ്പെടാൻ നോക്ക് ' എന്ന ഉപദേശമായിരുന്നു അവർക്കെല്ലാം പറയാനുണ്ടായിരുന്നത്.
പക്ഷെ അവളതിനൊന്നും ചെവികൊടുക്കാതെ പഴയതുപോലെ ചോറും കറികളും ഉണ്ടാക്കി മക്കളെയും, ഭർത്താവിനെയും പരിപാലിക്കാനും മറ്റുമായിരുന്നു അവൾക്ക് ഉത്സാഹം അതിനിടയ്ക്കും ,കൺമുന്നിൽ കണ്ട സംശയത്തിന്റെ വേരുകൾ പൂർണ്ണമായും അവളുടെ ഉള്ളിൽ നിന്നും അഴുകി പോയിരുന്നില്ല.
'ഇനിയങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന്' പലയാവർത്തി അവൻ പറഞ്ഞുവെങ്കിലും
അവൾക്കത് പലപ്പോഴും വിശ്വാസമായി തോന്നിയില്ല. ഫോണും നോക്കിയിരിക്കുമ്പോൾ മറ്റവളുമാരായിരിക്കുമോ മറുപുറമെന്ന് വെറുതെ നിനയ്ക്കും. അവന്റെ യാത്രകളിലെല്ലാം സംശയത്തിന്റെ പായലിനെ കൂട്ടുപിടിച്ച് പറ്റികയറാൻ തുടങ്ങി. അതു കണ്ട് അലനും, നിയയും ഒരു പോലെ പറഞ്ഞു.
"അമ്മയ്ക്ക് ഭ്രാന്താണെന്ന് ", തെറ്റ് തിരിച്ചറിഞ്ഞ് നല്ല വഴിക്ക് വന്ന അച്ഛനെ വീണ്ടും സംശയത്തിന്റെ വാക്കുപയോഗിച്ച് തിരികെ പറഞ്ഞയക്കുമോ എന്ന പേടിയായിരുന്നു ഇരുവർക്കും.
മനസ്സിനെ പഴയ വഴിയെ നടത്തിക്കരുതെന്ന് ആയിരം വട്ടം ചിന്തിച്ചാലും, രാത്രികാലങ്ങളിൽ അവളോട് ചേർന്നു കിടക്കുന്ന സേതുവിൽ നിന്ന് അന്യ പെണ്ണിന്റെ ഗന്ധം പ്രസരിക്കുന്നതായി അവൾക്ക് തോന്നും. പിന്നെ ഒരു ഉന്മാദിയെ പോലെ എഴുന്നേറ്റിരുന്ന് അവനെ തട്ടിത്തെറിപ്പിച്ച് പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി നിൽക്കും. എല്ലാ ദിവസവും ഇത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.
വർത്തമാനം പറയാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നവൾ പതിയെ സംസാരം കുറച്ച്; നീണ്ടു നിൽക്കുന്ന ആലോചനകളിൽ മുഴുകി ഒരു തരം ആത്മ ലഹരി തിരയുകയായിരുന്നു.ഏത് സമയത്തും തുറിച്ചു നോക്കിയുള്ള അവളുടെ ചിന്ത കാണുമ്പോൾ സേതുവിന്റെ ഉള്ളിൽ ഭയം ചേക്കേറി തുടങ്ങി.
ഓരോ ദിവസം കഴിയും തോറും ശ്യാമ അവരിൽ നിന്നും ഒരു പാട് ദൂരം മനസ്സുകൊണ്ട് സഞ്ചരിക്കാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോഴാണ്
അവളെ ഡോക്ടറിനെ കാണിക്കാൻ സേതുവും, വിനയനും തീരുമാനിച്ചത്.കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന ശ്യാമ കടുത്ത ഡിപ്രഷനിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും നല്ലൊരു കൗൺസിലിംഗ് ആവശ്യമുണ്ടെന്നും ഡോക്ടർ നിർദ്ദേശിച്ചു.
"അതിപ്പോ" വിനയനും,സേതുവും ഒരു പോലെ ചോദിച്ചു.
"ഞങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ നല്ലൊരു മനശാസ്ത്രജ്ഞ ഉണ്ട്. എപ്പൊഴും തിരക്കാണ്.ഞാൻ തന്നെ വിളിച്ചു പറയാം''.ഡോക്ടർ ഫോൺ ചെയ്യുന്നതും നോക്കി അക്ഷമയോടെ അവർ കാത്തു നിന്നു.
"ഒരു അര മണിക്കൂർ കഴിഞ്ഞ് പോയാ മതി. ചീട്ടില് ഞാൻ എഴുതാം അപ്പൊ ടോക്കണൊന്നും എടുക്കണ്ട".
ഡോക്ടർ എഴുതിയ ചീട്ടുമായി 'മനോരോഗ വിദഗ്ദ ' എന്ന ബോർഡിന് കീഴിലിരിക്കുമ്പോൾ സേതുവിന്റെ ഉള്ളം വിങ്ങിപ്പൊട്ടി. അകത്തേക്ക് ചെല്ലാൻ നഴ്സ് വന്നറിയിച്ചപ്പോൾ വിനയനായിരുന്നു ആദ്യം കയറിയത്.
ഒരു വക്കീലിനു മുന്നിൽ ഇരിക്കുന്നതു പോലെയായിരുന്നു അവന് തോന്നിയത്.
''ഡോക്ടർ ഞാൻ പേഷ്യന്റിന്റെ അനിയനാണ് പേര് വിനയൻ".
" ആ വിനയൻ പറയൂ.."
"ഏച്ചിക്കു വേണ്ടിയിട്ടാണ് ഞാൻ വന്നത്".
"ആഹാ പേഷ്യന്റ് വന്നിട്ടില്ലേ?"
" ഉണ്ട്, ഏച്ചിയും, ഹസും പുറത്തിരിക്കുകയാണ്."
"അതെന്താ അവര് കയറാഞ്ഞത് ...?"
"അവര് കയറുന്നതിനു മുന്നേ എനിക്ക് കുറച്ച് കാര്യം ഡോക്ടറോട് പറയാനുണ്ടായിരുന്നു. അതാണ് മുന്നേ കയറിയത്.അങ്ങേര് കാരണാ.. എന്റെ ഏച്ചി, ഇന്നൊരു ഡിപ്രഷൻ സ്റ്റേജിൽ എത്തിയത്". അതിനു ശേഷം ശ്യാമയുടെ വിവാഹം കഴിഞ്ഞതു മുതൽ സേതുവിനെ പോലീസ് പിടിച്ചതു വരെയുള്ള കാര്യങ്ങൾ ഓരോന്നായി അവൻ പറഞ്ഞു കേൾപ്പിച്ചു.
നീലിമ എല്ലാം സാകൂതം കേട്ടിരുന്നു.വിനയൻ ഇടക്ക് പറഞ്ഞ കാര്യങ്ങളൊക്കെ താൻ വേറെ എവിടെ നിന്നൊക്കെയോ കേട്ടിട്ടുണ്ടല്ലോ എന്ന് അവൾ ആലോചിക്കുകയും ചെയ്തു. പക്ഷെ എവിടെ നിന്നെന്ന് പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞില്ല.
" ശരി വിനയൻ പുറത്തിരിക്കൂ, എന്നിട്ട് ഏച്ചിയോട് വരാൻ പറയൂ".
നഴ്സിന്റെ പിറകിലായി വന്ന യുവതിയെ കണ്ട് നീലിമ സ്തബ്ദയായി.
" ശ്യാമു...!"നീലിമയുടെ വിളിയിലാണ് ശ്യാമ മുഖമുയർത്തിയത്. അവളുടെ കണ്ണുകളിൽ അമ്പരപ്പും, ഞെട്ടലും ഒരു പോലെ പ്രകടമായി.
"മോളേ നീ.." നീലിമ അടുത്തേക്ക് ചെന്ന് ശ്യാമയെ ചേർത്തണച്ചു.
"സിതാര ഇപ്പോൾ ഒ.പിയിലേക്ക് പോയിക്കോളു ഞാൻ വിളിപ്പിക്കാം". റൂമിലുള്ള നഴ്സിനെ നോക്കി നീലിമ പറഞ്ഞു.
നഴ്സ് പോയതിനു ശേഷം ശ്യാമ പൊട്ടിക്കരഞ്ഞു പോയി. അത് തടയാൻ നീലിമ മിനക്കെട്ടില്ല. 'കരയട്ടെ, മനസ്സ് ഫ്രീ ആകുന്നതു വരെ കരയട്ടെ'. തെല്ലൊന്നടങ്ങിയപ്പോൾ ശ്യാമയുടെ മുടിയിഴകളിൽ അവൾ പതിയെ തഴുകി.
"റിലാക്സ്, ഡീയർ റിലാക്സ്... ഇനി പറയൂ നിന്റെ മനസ്സിൽ എന്താണെന്ന്. കുറേയൊക്കെ വിനയൻ പറഞ്ഞു. എന്നാലും നീ കൂടി പറയൂ"
"നീലൂ... എനിക്ക്"
"എവിടെ തുടങ്ങും എന്ന അങ്കലാപ്പ് വേണ്ട. നിനക്കെന്താണോ പറയാൻ തോന്നുന്നത്, അത്; അതു വെച്ച് തുടങ്ങിയാ മതി".
അവൾ പറഞ്ഞു തുടങ്ങിയ കാര്യങ്ങളെല്ലാം വിനയൻ പറഞ്ഞതുപോലെ തന്നെയായിരുന്നു.പക്ഷെ അതിൽ ഒരു ഭാര്യയുടെ അങ്കലാപ്പും, ആത്മസംഘർഷങ്ങളും ഇഴചേർന്നിരുന്നുവെന്ന് മാത്രം.
"നീലു എന്ത് തന്നെയായാലും സേതു വേട്ടൻ ഇല്ലാതെ പറ്റില്ലെനിക്ക് പക്ഷെ അദ്ദേഹത്തോടിപ്പോ അടുത്ത് ഇടപഴകാനും പറ്റുന്നില്ല. അരികെ വരുമ്പോ വേറെ ആരുടെയോ ഗന്ധമാ എനിക്ക് അനുഭവപ്പെടുന്നത്.വീണ്ടും പഴയ ചാറ്റും കാര്യങ്ങളുമൊക്കെ ഉണ്ടെന്ന് തന്നെയാ ഞാൻ സംശയിക്കുന്നത്".
" ശ്യാമൂ... നീയാദ്യം മനസ്സിൽ നിന്ന് ആ സംശയത്തിന്റെ വേരങ്ങ് പിഴുത് കളയ്".
"നീലൂ അതാണ് എനിക്ക് പറ്റാത്തത്''
" പറ്റണം" അതൊരു ഉറച്ച ശാസനയായിരുന്നു.
"ഇല്ലെങ്കിൽ ഇപ്പൊ നിന്റെ കൂടെയുള്ള സേതുവേട്ടനെ പിന്നെയൊരിക്കലും നിനക്ക് കിട്ടിയെന്ന് വരില്ല. വിനയനും, നീയും പറഞ്ഞ കാര്യം വച്ചു നോക്കുമ്പോൾ സേതുവേട്ടന് ഇടയ്ക്കൊരു അബദ്ധം പറ്റി, ആ അബദ്ധം ഒരു ഭാര്യക്കും അംഗീകരിക്കാൻ പറ്റാത്തതുമാണ്. പക്ഷെ അയാൾ തെറ്റ് തിരിച്ചറിഞ്ഞ് നിങ്ങടെ കൂടെ തന്നെയുണ്ടല്ലോ?. നഷ്ടപ്പെടാതിരിക്കാൻ ക്ഷമിച്ചു നിന്നേ പറ്റൂ".
"ക്ഷമിക്കുന്നു ഭൂമിയോളം;പക്ഷെ ഭാര്യയുടെ സ്ഥാനത്ത് ഭാര്യയെപ്പോലെ കണ്ട് ഒരാളെയല്ല മൂന്നു പേരെ അത് ഞാനെങ്ങനെ ഉൾക്കൊള്ളും".
"അതാണ് ശ്യാമു എനിക്കും അറിയാനുള്ളത് സേതുവേട്ടൻ അങ്ങനെയൊരു അവിഹിതത്തിലേക്ക് പോകാൻ ഒരു പരിധി വരെ നീയും കാരണമാണോ..! ഞാനുദ്ദേശിച്ചത് എന്താണെന്ന് വെച്ചാൽ നിങ്ങൾ തമ്മിൽ... ഭാര്യാഭതൃബന്ധം ഉണ്ടായിരുന്നില്ലേ?"
"നീ ചോദിച്ചത് ശരിയാ... ഞങ്ങൾക്കിടയിൽ ഒരു വലിയ ഗ്യാപ്പ് വന്നിരുന്നു.അമ്മയ്ക്ക് സുഖമില്ലാതിരുന്ന സമയത്ത് ഒരു മാസത്തോളം ഞാൻ വീട്ടിൽ പോയിരുന്നു. തിരികെ വന്നതിനു ശേഷമാണ് സേതുവേട്ടൻ ഒരു പാട് മാറിയതു പോലെ തോന്നിയത്. പക്ഷെ ആ ഒരു മാസം കൊണ്ടൊക്കെ...എനിക്കത് വിശ്വസിക്കാൻ പറ്റണില്ലെടി"
"സേതുവേട്ടന് ഇപ്പൊ എത്ര വയസ്സായി"
"നാൽപ്പത്"
"മോളേ... ശ്യാമൂ നിന്നോട് ഞാനൊരു സത്യം പറയട്ടെ?"എന്താണെന്നർത്ഥത്തിൽ അവൾ നീലിമയെ മിഴിച്ചു നോക്കി.
"ഈ നാൽപ്പത് എന്നു പറയുന്നത് ചെറിയ പ്രായല്ല. പുരുഷനായാലും, സ്ത്രീ ആയാലും ഇരുപതിലേക്ക് പോകുന്ന പ്രായമാണത്!.
ജീവിതത്തിന്റെ പാതിയും തീർന്നതിനാൽ, പുതിയ ഇഷ്ടങ്ങളും, പ്രണയവും എല്ലാം പൊട്ടി മുളയ്ക്കുന്നത് അപ്പോഴായിരിക്കും. നഷ്ടസ്വപ്നങ്ങളെ മറവിയുടെ ഗർത്തത്തിലേക്ക് വലിച്ചെറിഞ്ഞ് ജീവിതത്തിന്റെ പുതുവസന്തം തേടി അവർ യാത്രയാവും, അവിടെ അവർ ഒന്നും കാണില്ല അവരുടെ സുഖവും സന്തോഷവും അല്ലാതെ... ആ ഒരു അവസ്ഥയിൽ ആയിരുന്നിരിക്കണം സേതുവേട്ടനും വഴിമാറി പോയത്.ഭർത്താവിനും മക്കൾക്കും വേണ്ടി തന്നെയായിരുന്നു നിന്റെ ജീവിതം പക്ഷെ... ഭർത്താവിന്റെ കൂട്ടുകാരിയോ, കാമുകിയോ ആവാൻ നിനക്ക് സാധിച്ചില്ല. അവർക്കു വേണ്ടി വെച്ചു വിളമ്പി ഊട്ടി ഒരു ഭാര്യയുടെ റോള് നീ നന്നായി ചെയ്തു. പക്ഷെ അയാൾക്ക് വേണ്ടിയിരുന്നത്.അടുത്തിരുന്ന് കുറുമ്പും, പരിഭവവും, പറഞ്ഞ് പിണങ്ങി മാറി നിൽക്കുന്ന ഒരു കാമുകിയെ ആയിരുന്നു. ഭാര്യയിൽ നിന്ന് അത് കിട്ടാതായപ്പോൾ അയാൾ മറ്റ് വഴി തേടി. അതിൽ പെട്ട മറ്റൊരു ഭാഗം കിടപ്പറയാണ്. സ്ത്രീകളെ പോലെയല്ല പുരുഷന്മാർ തൊണ്ണൂറുകളിൽ എത്തിയാലും അവർക്ക് വികാരത്തിന് ഒരു കുറവും വരില്ല.കേട്ടിട്ടില്ലേ വയോധികർ പിഞ്ചു കുട്ടികളെ വരെ പീഡിപ്പിച്ചു എന്ന്. അതൊക്കെ ഇതിന് ഉദാഹരണമാണ്. കുട്ടികളൊക്കെ ഇത്തിരി മുതിർന്നാൽ പിന്നെ സ്ത്രീകൾ പൊതുവെ ഒതുങ്ങി ജീവിക്കാൻ തുടങ്ങും. ചുരുക്കം ചിലർ സ്വാതന്ത്ര്യം തേടി അലയും.അക്കൂട്ടത്തിൽ പെട്ടവരാ നമ്മളൊക്കെ, ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?" ഉണ്ടെന്നർത്ഥത്തിൽ ശ്യാമ തല കുലുക്കി.
" അപ്പോ മനസ്സിലുള്ള സംശയമൊക്കെ എടുത്ത് മാറ്റി പുതിയൊരു ജീവിതം തുടങ്ങ്, സേതുവിന്റെ ഭാര്യയായിട്ടല്ല, കാമുകിയായിട്ട്. ചെറുപ്പത്തിലെ വിവാഹം കഴിച്ചവരല്ലെ നിങ്ങള് ഇനിയൊന്ന് ഇരുപതിലേക്ക് തന്നെ തിരിച്ച് നടക്ക് ഓക്കെ... ആ പിന്നേ സ്നേഹം ഒരു പാടങ്ങ് അതിര് വിടരുത് അധികമായാൽ അമൃതും വിഷമാണെന്ന് അറിയാലോ?'' എല്ലാം ശരിയെന്നർത്ഥത്തിൽ ശ്യാമ തലയാട്ടി.
"എന്നാ മോള് പോയി സേതുവേട്ടനോട് വരാൻ പറ, പിന്നെ നമ്മൾ സുഹൃത്തുക്കൾ ആണെന്ന് പറയണ്ട കെട്ടോ, ആൾക്ക് ഞാനും കുറച്ച് ഉപദേശം കൊടുക്കട്ടെ".
കാർമേഘമൊഴിഞ്ഞ നീലാകാശം പോലെ മുഖത്തൊരു പുഞ്ചിരിയുമായി ശ്യാമ അവിടെ നിന്നും എഴുന്നേറ്റു.
സേതു അകത്തേക്ക് വരുമ്പോൾ നീലിമ കുറച്ച് ഗൗരവത്തിലായിരുന്നു.
"ഡോക്ടർ"
"ആ ഇരിക്കൂ.. പേര് "
"സേതുനാഥ് ''
"ഇപ്പൊ ഇവിടെ നിന്ന് ഇറങ്ങി പോയ ആളെ അറിയോ!"
"ആ.. എന്റെ ഭാര്യ"
"ഉറപ്പാണോ?''
''ഡോക്ടർ എന്തേ അങ്ങനെ ചോയിച്ചത് ".
"അല്ല കുറച്ചു കൂടി കഴിഞ്ഞാൽ ഒരു ഭ്രാന്തി എന്ന് പറയേണ്ടി വന്നേനേം"
" ഡോക്ടർ "
"ഉള്ള കാര്യം പറഞ്ഞതാ, നിങ്ങൾ അത്രയ്ക്കും അവൾക്ക് മെൻറൽ ഷോക്ക് കൊടുത്തിട്ടുണ്ട് അതോണ്ടാവും അവർക്ക് നിങ്ങളെ എങ്ങനെ എങ്കിലും ഒഴിവാക്കിയാ മതിയെന്നുണ്ട് ഇപ്പോ..?"
" പക്ഷെ ഡോക്ടർ എനിക്ക് അവളെ വേണം"
"എന്നിട്ടാണോ മിസ്റ്റർ നിങ്ങൾ കണ്ട പെണ്ണുങ്ങളെ തേടി പോയത്".
"അങ്ങനെയൊരു തെറ്റുപറ്റി, പോലീസ് പിടിച്ചതിനു ശേഷം ഞാനാ തെറ്റ് ആവർത്തിച്ചിട്ടില്ല".
"ആവർത്തിച്ചിട്ടില്ലെന്ന് നിങ്ങൾ പറയുന്നു.പക്ഷെ ആ പെണ്ണിന്റെ മനസ്സിൽ അതൊക്കെ ഇപ്പൊഴും ഉണ്ട്".
"അവൾക്കെന്നെ സംശയാ.."
"കല്ല്യാണം കഴിഞ്ഞിട്ട് എത്ര കൊല്ലായി!"
"പതിനാറ്"
"ആ പതിനാറ് വർഷത്തിനിടയ്ക്ക് എപ്പോഴെങ്കിലും അവൾ നിങ്ങളെ സംശയിച്ചിട്ടുണ്ടോ?"
"ഇല്ല"
"ഇല്ല അല്ലേ! അപ്പോ സംശയിക്കാനുള്ള അവസരം താങ്കൾ തന്നെയാണ് ഒരുക്കിയത്. നിങ്ങളെ കുറിച്ച് ആരെങ്കിലും പറഞ്ഞ് കൊടുത്ത വാർത്തയല്ല. അവൾ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ട കാര്യങ്ങളാണ് അത് അത്ര പെട്ടെന്നൊന്നും അവളുടെ മനസ്സീന്ന് പോവില്ല. പിന്നെ പഴയതിന്റെ ആവർത്തനം വല്ലതും ഇപ്പൊഴും ഉണ്ടെങ്കിൽ അതൊക്കെ ഇന്നത്തോടെ നിർത്തുക. അവളുടെ ലോകം നിങ്ങൾ മാത്രമാണ്. നിങ്ങക്ക് തന്നെ അറിയുന്ന കാര്യമല്ലേ, ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികൾ തരണം ചെയ്തു.ശ്രീരാമന്റെ കൂടെ വനവാസത്തിന് ഇറങ്ങി പുറപ്പെട്ട സീതയെ പോലെ ഏതെല്ലാം മുൾക്കാട്ടിലേക്ക് അവൾ നിങ്ങടെ കൂടെ വന്നു. ഒരു പരാതിയോ, പരിഭവമോ ഒരിക്കലെങ്കിലും ആ പാവം പറഞ്ഞിട്ടുണ്ടോ? എന്നിട്ട് നിങ്ങളോ ഒരു മാസം അവൾ കൂടെ ഇല്ലാതായപ്പോൾ സത്യവാന്റെ സ്വഭാവം കാണിച്ചില്ലേ...! അകലെയുള്ള മരുപച്ച തേടി ഇനിയും പോവാതിരിക്കുക".ഉള്ളിലെ ബാഷ്പധാര ഉരുകി സേതുവിന്റെ കണ്ണിനെ ഈറനണിയിച്ചു കൊണ്ടിരുന്നു.അതു കണ്ട് കൊണ്ട് നീലിമ പറഞ്ഞു. "ഈ കണ്ണീർ കണത്തിന് വല്ല സത്യവും ഉണ്ടെങ്കിൽ ദയവ് ചെയ്ത് പഴയതിലേക്ക് തിരിച്ച് നടക്കരുത് അപേക്ഷയാണ്''. അത്രയും പറഞ്ഞ് നീലിമ എഴുന്നേറ്റ് പോയി ശ്യാമയെ വിളിച്ചു.
മുന്നിലിരിക്കുന്ന ശ്യാമയേയും,സേതുവിനെയും മാറി മാറി നോക്കി നീലിമ സംസാരം തുടർന്നു.
"എന്നോട് സംസാരിച്ചു കഴിഞ്ഞതിനു ശേഷം രണ്ടു പേർക്കും എന്തു തോന്നുന്നു. മനസ്സിൽ എന്തെങ്കിലും ഇനിയും തങ്ങിനിൽപ്പുണ്ടോ..?"
ഇല്ലെന്ന് രണ്ടു പേരും തലയാട്ടി. സേതു ശ്യാമയുടെ കൈകളിൽ അമർത്തി പിടിച്ചു.അതിലൊരു കരുതലിന്റെയും, വാൽസല്യത്തിന്റെയും സ്നേഹലാളനം അവൾ തിരിച്ചറിഞ്ഞു.
"അപ്പൊ പുതിയൊരു ജീവിതം തുടങ്ങുവല്ലേ..?" പുഞ്ചിരിയോടെ പുറത്ത് ഇറങ്ങുമ്പോഴാണ് എസ് ഐ മാധവ് അങ്ങോട്ട് വന്നത്. ഉച്ചക്ക് ശേഷം ഷോപ്പിംങിന് പോവാൻ തീരുമാനിച്ചതായിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും നീലിമയെ കാണാത്തതു കൊണ്ട് അന്വേഷിച്ച് വന്നതാണ്.സേതുവിനെ കണ്ട് അയാളുടെ നെറ്റി ചുളിഞ്ഞു.
"എന്താടാ ഇവിടെ, പിന്നേം വല്ല പ്രശ്നോം ഉണ്ടാക്കിയോ?''
"ഇല്ല സർ ഞങ്ങളൊന്ന് ഡോക്ടറെ കാണാൻ വേണ്ടി'' പുറത്തെ സംസാരം കേട്ടാണ് നീലിമ പുറത്തേക്ക് വന്നത്.
"അല്ല നിങ്ങൾ പോയില്ലേ..?''
"ഇല്ല അപ്പോഴാണ് സർ"
"ആ നീലൂ ഞാനന്ന് രണ്ട് കുട്ടികളുടെ കാര്യം പറഞ്ഞില്ലേ, അതിലെ നായകനും, വില്ലനുമാ ഈ നിൽക്കുന്നത്".
"നീലൂ... അപ്പൊ ഇത് '' ശ്യാമ സംശയത്തോടെ ചോദിച്ചു.
"ഇതാണ് എന്റെ പുരുഷൻ! ഞാനറിയാതെ നിങ്ങളൊക്കെ എവിടെയൊക്കെ വച്ച് കണ്ടെന്ന് മനസ്സിലായത് ഇന്നാണ്. ആ മാധവേട്ടാ... ഇതാണ് എന്റെ ശ്യാമു അന്ന് പറഞ്ഞില്ലേ? യാദൃശ്ചികമായി കണ്ടു മുട്ടിയെന്ന് പിന്നെ കാണുന്നത്, ദാ ഈ കോലത്തിലാ".
"അപ്പൊ...'' മാധവ് പാതി നിർത്തി
"ഇപ്പൊ എല്ലാം കലങ്ങി തെളിഞ്ഞു അവരിപ്പോ നാൽപ്പതിൽ നിന്ന് ഇരുപതിലേക്ക് തിരിച്ചു നടക്കുകയാണ്. അതിന്റെ അർത്ഥം മനസ്സിലാവാതെ സേതുവും, മാധവും പരസ്പരം നോക്കി. നീലിമയുടെയും, ശ്യാമയുടെയും ചുണ്ടിൽ ഒരു ഗൂഢസ്മിതം മിന്നി മറഞ്ഞു.
അവസാനിച്ചു.