ഭാഗം 7
ആ സംശയം അതൊരിക്കലും യാഥാർത്ഥ്യമാവരുതേ എന്ന പ്രാർത്ഥനയായിരുന്നു അവളുടെ ഉള്ളിൽ. പക്ഷെ കണ്ണുകളും, മനസ്സും സദാ അവനെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. മാറി നിന്ന് ഫോൺ
ചെയ്യൽ, അടക്കിപിടിച്ച സംസാരം അവന്റെ ഇങ്ങനെയുള്ള പ്രവർത്തികൾ എല്ലാം തന്നെ സംശയത്തിന് വഴിവെക്കുന്ന തരത്തിലേക്ക് വഴിമാറി കൊണ്ടിരുന്നു. മനസ്സിൽ സംശയത്തിന്റെ വിത്ത് മുള പൊട്ടാൻ തുടങ്ങിയതിനു ശേഷം ചെയ്യാൻ തുടങ്ങിയ ജോലികളെല്ലാം യാന്ത്രികമായി തുടങ്ങി.
ഒരു ദിവസം അവളുടെ കണ്ണിൽ തന്നെ അത് പെടുകയും ചെയ്യ്തു. ഇരുളിന്റെ മറവിലിരുന്ന് ഒരു സ്ത്രീരൂപത്തിന്റെ ശൃംഗാര ഭാവം! അവിടെ അവളുടെ സമനില തെറ്റുകയായിരുന്നു. നിരന്തരമായ വഴക്കും, വക്കാണവും, ബഹളവും. വീട്ടിൽ നിരന്തരം അരങ്ങേറിക്കൊണ്ടിരുന്ന അപശബ്ദങ്ങളിൽ കുട്ടികളും ഭയചകിതരായി.അവർ വിനയനെ വിളിച്ച് കാര്യം പറഞ്ഞു. പക്ഷെ തന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലെന്നും, എല്ലാം ശ്യാമയുടെ സംശയമാണെന്നും സേതുവരുത്തി തീർത്തു.
"എങ്ങോട്ട് തിരിഞ്ഞാലും, ഇവൾക്കെന്നെ സംശയാ! ഞാനൊരു വിവാഹബ്യൂറോ ആണ് നടത്തുന്നത്. അപ്പോൾ പല സ്ത്രീകളുടെയും, പുരുഷൻമാരുടെയും, ഫോട്ടോ എന്റെ കയ്യിൽ ഉണ്ടാവും. അവരുടെ നമ്പറും. നിനക്ക് തന്നെ അറിയാലോ? ഇപ്പോ കൊറോണയൊക്കെ ആയോണ്ട് വാട്സപ്പ് വഴിയാണ് ഫോട്ടോകൾ അയക്കുന്നത്. അതൊക്കെ കണ്ട് നിന്റെ ഏച്ചി ഇങ്ങനെയൊക്കെ തൊടങ്ങിയാ ഞാനെന്തോ ചെയ്യാനാ! ഏത് സമയവും ക്യാമറ കണ്ണും കൊണ്ട് എന്റെ പിറകെയാ..'' പറഞ്ഞിട്ടും കലി തീരാതെ സേതു നിന്ന് കിതച്ചു.
സേതു പറഞ്ഞതിലും കാര്യമുണ്ടെന്ന് വിനയനും ഉറപ്പിച്ചു.
"നീയെന്തിനാ ഏത് സമയവും അയാളെ നിരീക്ഷിച്ച് കൊണ്ട് നിൽക്കുന്നത്. അങ്ങേരുടെ ജോലി അതല്ലേ..!"
"ആണ് അതെനിക്കും അറിയാം. മറ്റ് എല്ലാം തുറന്ന് സംസാരിക്കുന്ന ആളാണ് പക്ഷെ ഞാൻ വീട്ടിൽ നിന്ന് വന്നതിനു ശേഷം ഇയാക്ക് എന്നെ കാണുമ്പോ അത്തോം ചതുർത്ഥീം കാണുന്നതുപോലെയാ. ഫോൺ വിളിക്കുമ്പോ അടുത്തോട്ട് ചെന്നാ ഒന്നുകിൽ ഫോൺ കട്ട് ചെയ്യും, അല്ലെങ്കിൽ മാറി നിന്ന് സംസാരിക്കും. അത് മാത്രല്ല ഇവരൊക്കെ എന്തിനാ വീഡിയോ കോൾ ചെയ്യുന്നത്".
"ഞാനാരെയും വീഡിയോ കോൾ ചെയ്തിട്ടില്ല. എല്ലാം ഇവൾടെ തോന്നലാണ്, അല്ലെങ്കിൽ സംശയം. എന്റെ കയ്യിൽ അതിന് മരുന്നില്ല. നിന്റെ ഏച്ചിയെ വല്ല മനോരോഗ വിദഗ്ദനെയും കൊണ്ട് കാണിക്ക്".
" ദേ... അനാവശ്യം പറയര്ത് അളിയനാണെന്നൊന്നും നോക്കില്ല പറഞ്ഞേക്കാം". സേതു കേൾക്കാൻ മാത്രമായി അവൻ അടക്കം പറഞ്ഞു.
"ഊം.. നീ കൊർച്ച് ദെവസം ഇവിടെ നിന്ന് നോക്ക്. അപ്പൊ കാണാം നിന്റെ ഏച്ചിയുടെ തനികൊണം".
"അത് നിങ്ങടെ കയ്യിലിരിപ്പ് ശരിയല്ലാത്തത് കൊണ്ടല്ലേ?''
''ആ എന്റെ കയ്യിലിരിപ്പ് അത്ര ശരിയല്ല.ആർക്കാ അതില് ചേതം."
സേതുവിനോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്ന് വിനയന് തോന്നി. വർത്തമാനം കൊണ്ട് അവനോട് ജയിക്കാനും പറ്റില്ല. ഇത്തിരി മുഷിച്ചലോടെ 'അധികം ബഹളത്തിന് ഇടവരുത്തേണ്ടെന്ന് 'ശ്യാമയെ ഉപദേശിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി.
ഒരാഴ്ച ബഹളമില്ലാതെ കടന്നു പോയി. ഒരു ദിവസം അലനെയും കൂട്ടി റേഷൻ കടയിലേക്ക് അരി വാങ്ങാൻ ഇറങ്ങിയപ്പോഴാണ് അവൾക്ക് ഒരു ഉൾവിളി ഉണ്ടായത്. പറയാതെ സേതുവിന്റെ ബ്യൂറോ വരെ ഒന്ന് പോയാലോ? കുറേ നാളായി അങ്ങോട്ട് പോയിട്ട്. വാടകയ്ക്ക് ആയതിൽ പിന്നെ ഒരു വട്ടമാണ് അവിടെ പോയിട്ടുള്ളത്.
ഓട്ടോ പിടിച്ച് ബ്യൂറോയ്ക്ക് മുന്നിൽ പോയി ഇറങ്ങുന്നത് മുകളിലത്തെ ബാൽക്കണിയിൽ നിന്ന് സേതു കാണുന്നുണ്ടായിരുന്നു. അയാൾ ബദ്ധപ്പെട്ട് റൂമിലേക്ക് കയറി പോകുന്നത് ശ്യാമയും കണ്ടു. എന്തോ ഒരു പന്തികേട് ! അലന്റെ കൈകളും പിടിച്ച് സ്റ്റെപ്പുകൾ ഓടി കയറുകയായിരുന്നു. റൂമിനടുത്തേക്ക് എത്തിയപ്പോഴേക്കും സേതു ജാള്യത നിറഞ്ഞ ചിരിയോടെ വെളിയിലേക്കിറങ്ങി.
"നിങ്ങളെന്താ ഇവിടെ!"
"ഞങ്ങൾക്കെന്താ ഇങ്ങോട്ട് വന്നൂടെ..'' ചുറ്റിലും നിരീക്ഷിക്കുന്നതിനിടയിൽ അവൾ മറു ചോദ്യമെറിഞ്ഞു കൊണ്ട് റൂമു മുഴുവൻ ചുറ്റി നടന്നു. 'പകൽ വെട്ടത്തിൽ പോലും ജനാലകൾ തുറന്നിടാത്തത് എന്തേ!' എന്നവൾ ചോദിച്ചു.
"ജനലിന് അടുത്തുള്ള ഓടയിലെ അഴുക്ക് വെള്ളം പുറത്തേക്ക് പൊട്ടി ഒഴുകുന്നതു കൊണ്ട് വല്ലാത്ത സ്മെൽ ആണ് അതാണ് തുറക്കാത്തത്". അവൾക്കത് അത്ര വിശ്വാസം തോന്നിയില്ലെങ്കിലും, വിശ്വസിച്ച പോലെ മൂളി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
താഴത്തേക്ക് ഇറങ്ങുമ്പോൾ സേതു കൂടി വരുമെന്ന് അവർ പ്രതീക്ഷിച്ചു.പക്ഷെ അയാൾ അവിടെ തന്നെ നിൽക്കുകയായിരുന്നു. അച്ഛന്റെ ആ പെരുമാറ്റം അലന്റെ മനസ്സിനും വല്ലാത്ത മുറിവുണ്ടാക്കി. മറ്റൊക്കെ ഞങ്ങളുടെ തലവെട്ടം കണ്ടാൽ, കുഞ്ഞിക്കോഴികളെ കണ്ട തള്ളക്കോഴിയെ പോലെയായിരുന്നു.പാറി വന്ന് ചിറകിനുള്ളിലൊതുക്കും.പക്ഷെ ഇന്ന് കണ്ട അച്ഛൻ ഏതോ അപരിചിതനെ പോലെ! മനസ്സിലെ സങ്കടം പുറത്ത് പറയാതെ ശ്യാമയുടെ കൈകളിൽ അവനമർത്തി പിടിച്ചു.
റേഷൻ കടയിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകാൻ ഓട്ടോയ്ക്ക് കൈ കാണിക്കുമ്പോഴാണ് ഒരു വിളി കേട്ടത്.
"ഓയ് ശ്യാമേ... ഒന്നവിടെ നിക്ക് ഞാനും കൂടെ വരുന്നു". വീട്ടിനടുത്തുള്ള എൽസമ്മ ചേച്ചി! മിക്ക സമയങ്ങളിലും കാണും. പക്ഷെ കുറച്ചു ദിവസമായി കാണാറേയില്ലല്ലോ എന്ന് മനസ്സിൽ ആലോചിച്ചു. ഒന്നിച്ച് പോയാൽ ഓട്ടോ കാശ് പകുതി കൊടുത്താ മതിയല്ലോ അവൾ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"ആരിത് എൽസ ചേച്ചിയോ?കൊറേ ആയല്ലോ കണ്ടിട്ട്".
" ഞാനിവിടെ ഒണ്ടായിര്ന്നില്ല പെണ്ണേ!" ഓട്ടോയിലേക്ക് കയറുന്നതിനിടയിൽ അവർ വെളിപ്പെടുത്തി.
"ഞാനങ്ങ് മോൾടെ അട്ത്തായിരുന്നു''.
"എവ്ടെ മംഗലാപുരോ...?"
"ആ, പോയപ്പോ തൊട്ട് ലോക് ഡൗണും ആയി, വന്നപ്പോ ക്വാറന്റൈയിനിലും ആയി". അവർ ചിരിയോടെ അറിയിച്ചു.
"നിയമോള് എവിടെ?"
"വീട്ടിലുണ്ട്, ഓൺലൈൻ ക്ലാസ് നടക്കുവല്ലേ''.
"പത്തിലേക്ക് ആയില്ലേ അല്ലേ!"
"അതേ!"
"ആ ഇപ്പൾത്തെ പിള്ളേർടെ പഠിത്തൊക്കെ കണക്കന്നേ". ആത്മഗതമെന്നോണം അവർ അഭിപ്രായപ്പെട്ടു. ഇറങ്ങാൻ നേരം എന്തോ ഓർത്തപ്പോലെ.
"ആ.. പിന്നേ ശ്യാമേ, മംഗലാപുരത്തിന് പോന്ന അന്ന് ഞാൻ സേതൂനെ കണ്ടിരുന്നു. ആരെയോ കാണാൻ പോകുന്നെന്നാ പറഞ്ഞേ,ലോക്ഡൗണിന് മുന്നേ ആള് തിരിച്ചെത്തിയോ?"
"അതിന് അച്ഛൻ എറണാ...'' മുഴുമിപ്പിക്കുന്നതിനു മുന്നേ ശ്യാമ, അലന്റെ കൈകളിൽ ഒരു തട്ട് കൊടുത്തു. ബാക്കി പറയാതെ അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി അത് കാണാത്ത മട്ടിൽ ഇടർച്ചയോടെ ശ്യാമ മറുപടി പറഞ്ഞു.
"ആ .. ഏച്ചി സേതു വേട്ടൻ പിറ്റേന്ന് തന്നെ തിരിച്ചെത്തി."
"വർത്താനം പറഞ്ഞ് വീടെത്തിയതറിഞ്ഞില്ല. വീട്ടിലേക്ക് വരുന്നോ രണ്ടാളും, ഇച്ചിരി വെള്ളം കുടിച്ചേച്ചും പോവാം".
"വേണ്ട ഏച്ചി, മോള് ഒറ്റക്കല്ലേ ഉള്ളൂ, നേരത്തെ എറങ്ങിയതാ. പിന്നെ വെരാം."
"ആയിക്കോട്ടെ എന്നാ.''
ഏൽസ ചേച്ചി കണ്ണിൽ നിന്നും മറഞ്ഞ പാടെ അലൻ ചോദിച്ചു.
"അച്ഛൻ ശരിക്കും, നമ്മളെ മണ്ടൻമാരാക്കുകയാണല്ലോ അമ്മേ... എറണാകുളത്തെന്ന് പറഞ്ഞ് പോയത് മംഗലാപുരത്ത്. എന്താ ഇതിന്റെ സത്യാവസ്ഥ കണ്ടു പിടിക്കണം. വൈകുന്നേരം ആകട്ടെ!" വലിയ വായിലുള്ള ആ പന്ത്രണ്ടു വയസുകാരനു മുന്നിൽ മറുപടിയില്ലാതെ ശ്യാമ ഉഴറി. തല കറങ്ങുന്നതു പോലെ ഉള്ളിൽ എൽസമ്മ ചേച്ചിയുടെ വാക്കുകൾ ദഹിക്കാതെ കിടപ്പുണ്ട്... വീട്ടിലെത്തിയതും, അകത്തു പോലും കയറാതെ ഇറയത്തേക്ക് ശ്യാമ തളർന്നിരുന്നു. അതു കണ്ട് തന്റെ കുഞ്ഞു ദേഹത്തോട് അമ്മയെ ചേർത്തണച്ചു കൊണ്ട് അലൻ പറഞ്ഞു.
"അമ്മ പേടിക്കേണ്ട... ഞങ്ങൾ അമ്മയുടെ കൂടെയുണ്ട്. വൈകുന്നേരം അച്ഛൻ വരട്ടെ."
എന്താണ് ആ കുഞ്ഞു മനസ്സിലെന്നറിയാതെ നിറഞ്ഞ കണ്ണുകൾ അവൾ അമർത്തിയടച്ച് അവനെ ചേർത്തു പിടിച്ചു.
തുടരും....