ഭാഗം - 10
കവലയിലെ കുമാരൻ ചേട്ടന്റെ ചായക്കട. സ്ഥിരം പറ്റുപടിക്കാരെല്ലാം കടയിൽ ഇരിപ്പുണ്ട്. ഈ സമയം ബസ്സിറങ്ങി വലിയ ബാഗും തൂക്കി തുണികച്ചവടക്കാരനായ 'റഹീം' കടക്കു മുന്നിലെത്തി.
കടയുടെ മുന്നിൽ വഴിയരികിലായി ആളുകൾക്കിരിക്കാൻ പഴയ ഇലട്രിക്പോസ്റ്റുകൊണ്ട് നാട്ടിലെ യുവാക്കൾ ഒരു ബെഞ്ച് ഉണ്ടാക്കിയിട്ടുണ്ട്. കച്ചവടക്കാരൊക്കെ വരുമ്പോൾ അവിടെയാണ് ബാഗ് ഇറക്കിവെച്ചുകൊണ്ട് ആളുകളുമായി സംവദിക്കുക.
റഹീം എത്തുന്നത്തോടെ കവലയിലുള്ളവർ അയാളുടെ ചുറ്റും പൊതിയും. പ്രത്യേകിച്ച് പെണ്ണുങ്ങളും കുട്ടികളും. കാരണം... നല്ല തമാശകൾ പറഞ്ഞുകൊണ്ടും പാട്ട് പാടിക്കൊണ്ടുമൊക്കെയാണ് അയാൾ ആളുകളുടെ ശ്രദ്ധ കച്ചവടത്തിലേയ്ക്ക് തിരിക്കുക. പോരാത്തതിന് ആകർഷിക്കത്തക്ക സാധനങ്ങൾ അയാളുടെ കൈയിലുണ്ടാവുകയും ചെയ്യും. അവിടെ തടിച്ചുകൂടുന്ന ആളുകളിൽ കൂടുതൽപേരും ഇഷ്ടമുള്ളതൊക്കെ നോക്കി വാങ്ങും.
പലതരം മുണ്ടുകൾ, ഷർട്ട് പീസുകൾ, നൈറ്റി തുണികൾ, ബെഡ്ഡ് ഷീറ്റുകൾ, കർട്ടൻ തുണികൾ ഇങ്ങനെ ബാഗ് നിറയെ വിവിധതരം സാധനങ്ങളാണ്.
"കുമാരേട്ടാ ഒരു സ്പെഷ്യൽ ചായ എടുത്തോളൂ."
ബാഗ് സിമന്റുബെഞ്ചിൽ വെച്ചിട്ട് കടയിലേയ്ക്ക് കയറിക്കൊണ്ട് റഹീം ഓർഡർ കൊടുത്തു.
ഈ സമയം കടയിലിരുന്നവരിൽ ഓരോരുത്തരായി അയാളുടെ അടുത്ത് കൂടുകയായി. ആളുകൾ ചുറ്റുംകൂടിക്കഴിഞ്ഞാൽ പിന്നെ അയാൾ വിശേഷം പങ്കുവെക്കലായി.
ഈ കൂടിക്കാഴ്ചയിൽ വെച്ചാണ് മറുനാടുകളിലെ പല നല്ലതും ചീത്തയുമായ വാർത്തകൾ നാട്ടുകാർ അറിയുന്നത്.
വിശേഷം പങ്കുവെക്കലും ചായകുടിയും കഴിച്ചശേഷം കടയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു രണ്ട് പുകയെടുത്തുകൊണ്ട് അയാൾ വീണ്ടും പുറത്തേക്കിറങ്ങി.
"എല്ലാവരും പോന്നോളൂ... വേണ്ടുന്നതൊക്കെ എടുക്കൂ."
ആളുകൾ അയാൾ തുറന്നുവെച്ച ബാഗിനുചുറ്റും തടിച്ചുകൂടി. ഇന്നേദിവസം റഹീം എത്തുമെന്നറിഞ്ഞുകൊണ്ട് അവിടേയ്ക്ക് വന്ന തോട്ടം തൊഴിലാളികളായ സ്ത്രീകളും കുട്ടികളും അവിടെ ഓടിയെത്തി.
അടുത്തുവരുന്ന ഉത്സവത്തിന് ഉടുത്തുപോകാൻ പറ്റിയ വല്ലതും ഉണ്ടോ എന്നാണ് സ്ത്രീകളിൽ ചിലർക്ക് അറിയേണ്ടത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് തിക്കിതിരക്കി മുന്നോട്ടുവന്നുകൊണ്ട് ചോദ്യമുന്നയിച്ച പെണ്ണുങ്ങളെ നോക്കി അയാൾ ബാഗിൽ നിന്ന് ഏതാനും സാരികളെടുത്തു നീട്ടികാണിച്ചു.
"ഉത്സവത്തിനും പെരുന്നാളിനുമൊക്കെ ഉടുത്തുകൊണ്ടുപോകാൻ നല്ല അടിപൊളി ഐറ്റം ആണ്. കൊണ്ടുപോക്കോളൂ...പൈസ ഇപ്പോൾ ഇല്ലെങ്കിൽ അടുത്ത വരവിന് തന്നാൽ മതി."
ഏതാനും സമയം കഴിഞ്ഞപ്പോൾ അയാൾ ബാഗിലുള്ളതെല്ലാം വിറ്റഴിച്ചുകൊണ്ട് കുമാരൻ ചേട്ടന്റെ കടയിൽ നിന്ന് ഒരു ചായക്കൂടി കുടിച്ചിട്ട് ബസ്സുകയറി മലയിറങ്ങിപ്പോയി.
വൈകുന്നേരം മുറിയിലിരുന്ന് എന്തൊ എഴുതുകയായിരുന്നു ജയമോഹൻ. ഈ സമയത്താണ് മൊബൈൽ ബെല്ലടിച്ചത്.
"ഹലോ... എന്താ.?"
"ഹലോ ഇത് ഞാനാണ് ജിൻസി."
"അത് മനസ്സിലായി."
"എങ്ങനെ.?"
"ഈ നമ്പർ കണ്ടപ്പോൾ. പോരാത്തതിന് വീട്ടിൽ നിന്നല്ലാതെ പെണ്ണുണ്ടളാരും എന്നെ വിളിക്കാറുമില്ല."
"ആഹാ അതെന്താ നിങ്ങള് സ്ത്രീ വിരോധിയാണോ.?"
"അതുകൊണ്ടൊന്നുമല്ല... അതിനുള്ള ഇടവന്നിട്ടില്ല."
"എങ്കിൽ ഇനിമുതൽ അതിന് മാറ്റം വരാൻ പോവുകയാണ്."
"അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല."
"ഉണ്ടെന്ന് വെച്ചോളൂ."
"മനസ്സിലായില്ല."
"മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് നടിക്കുന്നതാണോ... ഇല്ലെങ്കിൽ വഴിയേ എല്ലാം മനസ്സിലാവും."
അവളുടെ അർത്ഥം വെച്ചുള്ള വാക്കുകൾ. ഒപ്പം ചിരിശബ്ദവും.
അവനൊന്നും മിണ്ടിയില്ല. ഏതാനുംനിമിഷത്തെ ഇടവേളക്കു ശേഷം അവൾ വീണ്ടും.
"അതെ ഇന്നാള് പറഞ്ഞ പുസ്തകങ്ങൾ വാങ്ങാൻ വരാൻ പറ്റിയില്ല. അടുത്തദിവസം വരാട്ടോ."
"അങ്ങനാവട്ടെ..."
"പിന്നെയെ വെക്കല്ലേ... ഒരുകാര്യം കൂടി പറയാനുണ്ട്."
"എന്താണ്.?"
"എന്നെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം. നല്ലതോ ചീത്തയോ.?"
"എന്താണിപ്പോ ഇങ്ങനെ ചോദിക്കാൻ."
"അതേയ് നിങ്ങളെ കണ്ടപ്പോൾ മുതൽക്ക് എനിക്ക് വല്ലാത്തൊരിഷ്ടം. നിങ്ങൾക്ക് എന്നെ ഇഷ്ടമാകുവോ എന്നൊരു സന്ദേഹവും."
ജയമോഹൻ ഒന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു.
"ജിൻസിക്ക് എന്തുപറ്റി... വട്ടായോ... എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത്.?"
"ആഹാ ഇതിന് വട്ടെന്ന് പറയാനാകുമോ അങ്ങനെയെങ്കിൽ അതുതന്നെയാണെന്ന് വെച്ചോളൂ. പറയൂ... താങ്കൾക്ക് എന്നെ ഇഷ്ടമായോ.?"
"കൊള്ളാം ഇത് വെറും വട്ടല്ല ഇത്തിരി മൂത്ത വട്ടുതന്നെ."
"ഓ ആയിക്കോട്ടെ... ഞാൻ ചോദിച്ചതിന് മറുപടി പറയൂ...എന്നെ ഇഷ്ടമായോ ഇല്ലയോ.?"
"അങ്ങനെ ചോദിച്ചാൽ ഞാനിപ്പോൾ എന്താണ് പറയുക. എനിക്കിപ്പോൾ ഒന്നുംതന്നെ പറയാനില്ല."
"ഞാൻ കാര്യമായിട്ട് ചോദിച്ചപ്പോൾ നിങ്ങൾ എന്നെ കളിയാക്കുവാണോ... ഒന്ന് ഓർത്തോളൂ... എത്രയൊക്കെ ഒഴിഞ്ഞുമാറിയാലും ഞാൻ നിങ്ങളെ വിട്ടുപോവില്ല."
ഉറച്ചശബ്ദത്തിൽ പറഞ്ഞിട്ട് അവൾ ദേഷ്യത്തോടെ ഫോൺ വെച്ചു.
ഒരുനിമിഷം ഫോണും കൈയിൽ പിടിച്ചുകൊണ്ട് ജയമോഹൻ സ്തംഭിച്ചിരുന്നു. എന്തൊക്കെയാണ് ഈ പെണ്ണ് പറഞ്ഞത്. അവന് അതൊന്നും ഒരു തമാശയായി തോന്നിയില്ല.
തുടരും...